A Unique Multilingual Media Platform

The AIDEM

Articles Politics

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ [SINGLE READ]

  • January 28, 2021
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ [SINGLE READ]

ലോകപ്രസിദ്ധ മാധ്യമപ്രവർത്തകൻ സയീദ് നഖ്‌വിയുടെ “ദി മുസ്‌ലിം വാനിഷസ്” എന്ന നാടകീയ ആവിഷ്കാരം. 14 ഭാഗങ്ങളിലായി ദി ഐഡം 2022 ആഗസ്ത് 15 മുതൽ പ്രസിദ്ധീകരിച്ചു തുടങ്ങിയ മലയാളം പരിഭാഷയുടെ പൂർണ രൂപം.


ഒന്നാം അങ്കം | രംഗം 1

(സം‌പ്രേഷണം ചെയ്യാൻ പോവുന്ന ഗൗരവമുള്ള ഒരു റിപ്പോർട്ടിനുവേണ്ടി ഒരുക്കിയ പ്രകാശപൂരിതമായ ഒരു ടെലിവിഷൻ ചാനലിന്റെ സ്റ്റുഡിയോ. മുഖ്യ അവതാരകരായ ആനന്ദും ബ്രജേഷും പരസ്പരം എട്ടടി അകലത്തിൽ ഇരിക്കുന്നു. അവരുടെ പിന്നിലായി, ചാനലിന്റെ പേര് പ്രദർശിപ്പിച്ചിരിക്കുന്ന പാനൽ കാണാം – ഇൻസൈറ്റ് ടുഡേ ടിവി. അവരുടെ മുമ്പിലായി, ലാപ്ടോപ്പുകളും, മൈക്കുകയും, ടി.വി. സ്റ്റുഡിയോയിലെ പതിവ് ഉപകരണങ്ങളും കാണാം. രംഗം ആരംഭിക്കുമ്പോൾ, അവതാരകർ അവരുടെ ലാപ്ടോപ്പിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ കൈകാര്യം ചെയ്യുകയാണ്. ന്യൂസ് ഡെസികിൽനിന്നുള്ള നീണ്ടുമെലിഞ്ഞ ചെറുപ്പക്കാരനായ ഒരു പത്രപ്രവർത്തകൻ ഏറ്റവും പുതിയ വാർത്തയുമായി തിരക്കിട്ട് കടന്നുവരുന്നു. പ്രക്ഷുബ്ധതയും ആവേശവും സന്ദേഹവും എല്ലാം ഒരേസമയം മുഖത്ത് പ്രകടിപ്പിsക്കാൻ അയാൾ ശ്രമിക്കുന്നതായി കാണാം)

പത്രപ്രവർത്തകൻ (കിതച്ചുകൊണ്ട്): ദൈവമേ! അവരു പോയോ? അവരത്..അത് കൂടെ കൊണ്ടുപോയി..ഇത് വലിയ ഒന്നാണല്ലോ! നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ന്യൂസ്!

ആനന്ദ് (അല്പം കടുപ്പിച്ച്): ഒന്നടങ്ങ് മനുഷ്യാ..(എന്നിട്ട് തുടരുന്നു) ആര് പോയി എന്ന്?

പത്രപ്രവർത്തകൻ: നഗരത്തിൽ ഒരാളുപോലും ബാക്കിയില്ലെന്നാണ് റിപ്പോർട്ടർമാർ പറയുന്നത്. ഒരൊറ്റയാളുപോലും. എല്ലാവരും പോയിരിക്കുന്നു. എല്ലാവരും..(സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്നവണ്ണം അയാളുടെ ശബ്ദം നേർത്തുവരുന്നു)

ആനന്ദ്: ഹേയ് മിസ്റ്റർ..ആരാണെന്ന് പറ..അവരെവിടെ പോയി എന്ന്? വളച്ചുകെട്ടി പറയല്ലെ. ആരെങ്കിലും എന്തെങ്കിലും കാണാതായതായി വാർത്തയൊന്നുമില്ലല്ലോ.

പത്രപ്രവർത്തകൻ: സർ, എന്നെ വിശ്വസിക്ക്, അവർ ഇപ്പോൾ പോയതേയുള്ളു. എല്ലാവരും. ദൈവത്തിനറിയാം എങ്ങോട്ടാണെന്ന്. ഇത് മാജിക്കാവണം സർ, ബ്ലാക്ക് മാജിക്ക്!

ആനന്ദ്: (ക്ഷമകെട്ട്) ആദ്യം നിങ്ങൾ പറഞ്ഞ്, ‘അത്’ പോയെന്ന്. ഇപ്പോൾ പറയുന്നു. ‘അവർ’ എന്ന്. ഒരു ആടായിരിക്കാം, ഒരു നവവധു ആയിരിക്കും. പക്ഷിയായിരിക്കാം. (ശബ്ദമുയർത്തി) എന്ത് പോയെന്നാണ്? ആര് പോയെന്നാണ്? ഞങ്ങളെ കുഴപ്പിക്കരുത്

പത്രപ്രവർത്തകൻ (ആകെ പരിഭ്രമിച്ച്): എനിക്ക് എങ്ങിനെ പറയണമെന്നറിയില്ല. ഇത്..ശരിക്കും അവിശ്വസനീയമാണ് സർ..ആരും ബാക്കിയില്ല..ഞാൻ ഉദ്ദേശിച്ചത് മുസ്ലിങ്ങൾ. മുസ്ലിങ്ങളെല്ലാം പോയിരിക്കുന്നു. ചിലർ പറയുന്നത് അവർ കുത്തബ് കൂടെ കൊണ്ടുപോയി എന്നാണ്. (കണ്ണടവെച്ച്, കൂടുതൽ ദൃഢശരീരമുള്ള മറ്റൊരു പത്രപ്രവർത്തകൻ – ഒരുപക്ഷേ ആദ്യത്തെയാളുടെ മേലുദ്യോഗസ്ഥനാവാം, രംഗത്തേക്ക് വന്ന്, ചർച്ചയിൽ ചേരുന്നു).

രണ്ടാമത്തെ പത്രപ്രവർത്തകൻ: മുസ്ലിങ്ങൾ എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്ന് വല്ല വിവരവും കിട്ടിയോ?

ആദ്യത്തെ പത്രപ്രവർത്തകൻ: ആർക്കുമറിയില്ല സർ. അഥവാ, എന്നോടൊന്നും പറഞ്ഞിട്ടില്ല. ഔദ്യോഗികമായ വിവരങ്ങളൊന്നുമില്ല.

ആനന്ദ് (തന്റെ ലാപ്ടോപ്പിലേക്ക് നോക്കുന്നു): ഹാ..ഇപ്പോൾ ചില പരാമർശങ്ങൾ വരുന്നുണ്ട്. പി.ടി.ഐ.യുടെ ഒരു സൂചന..പക്ഷേ വിശദാംശങ്ങളൊന്നുമില്ല.

രണ്ടാമത്തെ പത്രപ്രവർത്തകൻ ആദ്യത്തെയാളോട്: അവരെല്ലാവരും പോയി എന്ന് നിങ്ങൾക്ക് എങ്ങിനെയറിയാം? നിങ്ങളുടെ സ്രോതസ്സ് എന്താണ്?

ആദ്യത്തെയാൾ: നമ്മുടെ റിപ്പോർട്ടർമാരിൽ ഒരാൾക്ക് സ്ഥിരീകരണം കിട്ടിയിട്ടുണ്ട്. റഷീദ് ഘോസിയുടെ എരുമത്തൊഴുത്ത് പൂട്ടിയിരിക്കുന്നു (ഒന്ന് നിർത്തി)..അതുപോലെ ഖലീലിന്റെ തുന്നൽക്കട, സലാരുവിന്റെ ബാർബർഷോപ്പ്, അസ്ഗർ അലിയുടെ സെന്റ് കട, മൊഹമ്മദ് സിദ്ദിഖിന്റെ പുകയിലക്കട.. ലഖ്നോവിലെ നഖാസിലേയും അമീനാബാദിലേയും എല്ലാ മുസ്ലിങ്ങളുടേയും വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. മുസ്ലിങ്ങളും അവരുമായി ബന്ധമുള്ള എല്ലാം അപ്രത്യക്ഷമായതുപോലെ.

രണ്ടാമത്തെ പത്രപ്രവർത്തകൻ (കൈയ്യിലുള്ള മൊബൈൽ ഫോണിൽ ഒരു നമ്പർ വിളിച്ച് അതിലേക്ക്): കോടതിയോട് ഒന്നന്വേഷിക്കാൻ നമ്മുടെ ലീഗൽ കറസ്പോണ്ടന്റ് സുമീർ ലാലിനോട് പറയൂ. റെഹ്മാനി സഹോദരന്മാരുടെ കേസ് – നിനക്കറിയില്ലേ, ആ തീവ്രവാദ കേസ് – ഇപ്പോഴും നടക്കുന്നുണ്ടോ എന്ന്.

ആദ്യത്തെ പത്രപ്രവർത്തകൻ: ഞാൻ സുമീറിനോട് ചോദിച്ചിരുന്നു..(അയാളുടെ മൊബൈൽ ശബ്ദിക്കുന്നു)..ഹാ..അയാൾ മെസ്സേജയച്ചിരിക്കുന്നു..(മൊബൈലിലേക്ക് നോക്കി)..വാദം ഇന്ന് രാവിലെമുതൽ നടക്കുന്നുണ്ട്.

ആനന്ദ്: പക്ഷേ നിങ്ങളല്ലേ ഇപ്പോൾ പറഞ്ഞത് എല്ലാ മുസ്ലിങ്ങളും പോയിക്കഴിഞ്ഞുവെന്ന്. എന്നിട്ടെങ്ങിനെയാണ് ആ സഹോദരന്മാരെ കോടതിക്ക് പിടിച്ചുനിർത്താനായത്? മറ്റെല്ലാവരും പോയിക്കഴിഞ്ഞ സ്ഥിതിക്ക്, അവരെങ്ങിനെയാണ് ഇപ്പോഴും ഈ ചുറ്റുവട്ടത്ത് ബാക്കിയായത്? അതോ, നിങ്ങൾ വാട്ട്സാപ്പിൽനിന്ന് എന്തെങ്കിലും അസംബന്ധം പൊക്കിക്കൊണ്ടുവന്നതാണോ?

ബ്രജേഷ് (അവസാനം, അയാൾ ചർച്ചയിലേക്ക് പ്രവേശിച്ചു): നോക്കൂ, നമ്മൾ നിഗമനങ്ങളിലേക്ക് എടുത്തുചാടരുത്. ഒരുപക്ഷേ എല്ലാ മുസ്ലിമുകളും പോയിട്ടുണ്ടാവില്ല. ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നമ്മൾ സാമാന്യവത്ക്കരിച്ചാൽ, നമ്മളും ഇത്തരം അവ്യക്തമായ കാര്യങ്ങൾ കെട്ടിച്ചമക്കുന്നതിൽ കുറ്റക്കാരായിത്തീരും. ഔദ്യോഗികമായ എന്തെങ്കിലും സ്ഥിരീകരണത്തിന് നമ്മൾ കാത്തിരുന്നേ പറ്റൂ. അതേസമയം, ഈ കഥ നമ്മുടെ ന്യൂസ് ബുള്ളറ്റിനിൽ കൊടുക്കുകയും ചെയ്യാം. മറ്റ് ചാനലുകൾ ഈ വാർത്ത ഏറ്റെടുത്തതിനാൽ നമുക്ക് ഇത് അവഗണിക്കാനാവില്ല. ആരെങ്കിലും പോയി അർച്ചനയോട്– അവൾ രണ്ടാമത്തെ സ്റ്റുഡിയോയിലുണ്ടെന്ന് തോന്നുന്നു – അവളോട് പറയൂ, നിരവധി മുസ്ലിങ്ങൾ ദില്ലിയിൽനിന്ന് അപ്രത്യക്ഷരായെന്ന് കിംവദന്തികൾ വരുന്നുണ്ടെന്ന്.

ആദ്യത്തെ പത്രപ്രവർത്തകൻ (ഇടപെട്ടുകൊണ്ട്): സർ, നോക്കൂ, ആനന്ദ്ജി കുറ്റപ്പെടുത്തുന്നതുപോലെ ഞാൻ വാട്ട്സാപ്പ് ഫോർവേർഡുകളെ ആശ്രയിക്കുന്നൊന്നുമില്ല. നമ്മുടെ റിപ്പോർട്ടർമാർ തരുന്ന വിവരങ്ങളെയാണ് ഞാൻ കണക്കിലെടുക്കുന്നത്. ഇതാ, എന്റെ മൊബൈലിൽ ന്യൂസ് വരുന്നുണ്ട്, അകത്തേക്ക് വരുന്ന ട്രെയിനുകളിലൊന്നും മുസ്ലിം യാത്രക്കാർ ഇല്ലെന്ന്. ഇന്റലിജൻസ് ബ്യൂറോയും ശരിവെക്കുന്നുണ്ട് ഇത്. അവരുടെ വാർത്തകൾ മുഖവിലയ്ക്കെടുക്കാൻ പറ്റില്ലെന്ന് എനിക്കറിയാം. ഇന്നത്തെ കാലത്ത്, അവരും, ചില ന്യൂസ് ചാനലുകളെപ്പോലെ വ്യാജവർത്തകൾ പുറത്തുവിടുന്നുണ്ട്. പക്ഷേ ഇത് വളരെ കത്തിപ്പിടിക്കുന്ന ഒന്നാണ് തികച്ചും ഞെട്ടിപ്പിക്കുന്നത്. ഇങ്ങനെയൊരു കഥയൊക്കെ ആരെങ്കിലും കെട്ടിച്ചമയ്ക്കുമോ?

ആനന്ദ്: കോടതികളുമായി ഒന്ന് ഒത്തുനോക്കൂ. വിചാരണ റിപ്പോർട്ട് ചെയ്യുന്ന ആരെങ്കിലുമായി ബന്ധപ്പെടൂ. കുറ്റമാരോപിക്കപ്പെട്ടവരാങ്കിലും അപ്രത്യക്ഷരാവുന്നതിൽനിന്ന്..തടയപ്പെട്ടിട്ടുണ്ടോ എന്ന്..അവരെ കോടതിയിൽ കൊണ്ടുവന്നിട്ടുണ്ടോ?

ആദ്യത്തെ പത്രപ്രവർത്തകൻ (അല്പം തമാശയായി ആത്മഗതം): ഒരുപക്ഷേ അപ്രത്യക്ഷരായവർ സൌകര്യപൂർവ്വം, കൊലപാതകികളേയും, പിക്പോക്കറ്റുകാരേയും ബലാത്സംഗികളേയും കള്ളന്മാരേയും ഉപേക്ഷിച്ചുപോയിട്ടുണ്ടെങ്കിലോ?  ആവശ്യമില്ലാത്തവരെ ഒഴിവാക്കിയതാണെങ്കിലോ?

രണ്ടാമത്തെ പത്രപ്രവർത്തകൻ (ആദ്യത്തെയാളെ ദേഷ്യത്തോടെ തടയുന്നു): ഇത് നിങ്ങൾക്ക് തമാശകൾ എഴുന്നള്ളിക്കാനുള്ള സമയമല്ല. ഇത് സത്യമാണെങ്കിൽ, വളരെ ഗൌരവമുള്ള കാര്യമാണ്. രാഷ്ട്രീയമായ പ്രത്യാഘാതങ്ങളുള്ള ഒന്ന്. തിഹാർ ജെയിലിൽ നിങ്ങൾക്ക് പരിചയമുള്ളവരെ വിളിക്കൂ. മുസ്ലിം ക്രിമിനലുകൾ ഇപ്പോഴും ജയിലിലുണ്ടോ എന്ന് കണ്ടുപിടിക്കൂ.

ആദ്യത്തെ പത്രപ്രവർത്തകൻ (തിഹാർ ജയിലിലേക്ക് വിളിച്ച് ഫോൺ സ്പീക്കറിലിടുന്നു): ഞൻ ഇൻസൈറ്റിൽനിന്ന് വിളിക്കുകയാണ്. ഇതാരാ വാർഡനാണോ?

വാർഡൻ (സ്പീക്കറിൽ സംസാരിക്കുന്നു): അതെ, സർ. എനിക്ക് അങ്ങയുടെ ശബ്ദം മനസ്സിലായി. രാവിലെമുതൽ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാനെന്തെങ്കിലും പറയുന്നതിന് മുൻപ് ഒരു കാര്യം, ഈ പറയുന്നതെല്ലാം അനൌദ്യോഗികമായിരിക്കും. താങ്കളുടെ പത്രാധിപർ ഒരു പഴയ സുഹൃത്തായതുകൊണ്ട് നിങ്ങളെ വിശ്വസിക്കാമെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്.

ആദ്യത്തെ പത്രപ്രവർത്തകൻ: അതെ സർ, എനിക്ക് മനസ്സിലാവുന്നുണ്ട്.

വാർഡൻ: സത്യമെന്താണെന്നുവെച്ചാൽ, അവരെല്ലാവരും പോയിക്കഴിഞ്ഞു. എല്ലാ മുസ്ലിം കുറ്റവാളികളും. ചുമ്മാ അപ്രത്യക്ഷരായി. അവർ ഗുരുവിന്റെ (ഒന്ന് നിർത്തിയിട്ട്)..ഇത് ഞാൻ പറഞ്ഞതായി എഴുതരുത് കേട്ടോ – ആ തീവ്രവാദി ഗുരുവിന്റെ കുഴിമാടം പോലും മാന്തിക്കുഴിച്ചിട്ടുണ്ട്.. മണ്ണ് മാറ്റി അവർ അസ്ഥികൂടം കൊണ്ടുപോയിരിക്കുന്നു. അത് കാണാനില്ല.

രണ്ടാമത്തെ പത്രപ്രവർത്തകൻ (ഫോണിലേക്ക് സംസാരിക്കുന്നു): വാർഡൻ സാർ, ഞാൻ അർജ്ജുനനാണ്. അവർക്കെങ്ങിനെയാണ് കുഴിമാടവുമായി പോകാൻ കഴിയുക?

വാർഡന്റെ ശബ്ദം: കുഴിമാടമല്ല സർ. അസ്ഥികൂടം..അവർ… (ലൈൻ കട്ടാവുന്നു)

ആനന്ദ്: ഇത് കൂടുതൽ ഗൌരവമാവുകയാണല്ലോ. ഞാൻ എല്ലാ ബ്യൂറോയേയും അറിയിക്കട്ടെ. അടുത്ത കുറച്ച് ദിവസം നമുക്ക് പണി കൂടുമെന്ന് എനിക്കൊരു തോന്നൽ. അയാൾ (ലാപ്ടോപ്പിൽ സന്ദേശങ്ങളയയ്ക്കുന്നു). ഓ, മറക്കുന്നതിനുമുൻപ് ഒരു കാര്യം..ആ കുത്തുബ്, അത് അപ്രത്യക്ഷമായി എന്നത് സത്യമാണോ? അത് ബോംബായിരുന്നോ?

ബ്രജേഷ്: അല്ല, ഞാൻ മനസ്സിലാക്കിയത്, സ്ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്നാണ്.

ആനന്ദ്: പിന്നെ എങ്ങിനെയാണ് അത്തരമൊരു സ്മാരകം വീണത്?

ബ്രജേഷ്: അത് വീഴുകയായിരുന്നില്ല..അപ്രത്യക്ഷമായെന്നാന് കേൾവി. അതിന്റെ മുഴുവനായുംതന്നെ..

ആനന്ദ്: നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്?

ബ്രജേഷ്: അത് ഇപ്പോൾ അവിടെയില്ലെന്ന്.

ആനന്ദ്: (അവിശ്വാസത്തോടെ): പിന്നെ എവിടെയാണ് ഇപ്പോൾ അത്?

ബ്രജേഷ്: എനിക്കറിയില്ല. ആർക്കുമറിയില്ലെന്ന് തോന്നുന്നു. കുത്തുബ് അപ്രത്യക്ഷമായെന്നുള്ള വാർത്തകൾ ചുറ്റും പരക്കുന്നുണ്ട്. ഒരുസമയത്ത് അതവിടെ ഉണ്ടായിരുന്നു. പിന്നെ നോക്കുമ്പോൾ കാണുന്നില്ല. ചിലർ പറയുന്നു, ദൈവത്തിന്റെ പണിയാണെന്ന്, മറ്റ് ചിലർ ചെകുത്താന്റെ തലയിലാണ് കെട്ടിവെക്കുന്നത്. അതോ, ഇനി ഏതെങ്കിലും മാന്ത്രികന്റെ പണിയോ മറ്റോ ആണോ? ചിലപ്പോൾ, ഏതെങ്കിലും ഭ്രാന്തൻ ചാനലുകളിലെ ഏതെങ്കിലും റിപ്പോർട്ടർമാർ മയക്കുമരുന്നടിച്ചിരിക്കുമ്പോൾ തോന്നിയതുമാകാം

രണ്ടാമത്തെ പത്രപ്രവർത്തകൻ: ശരി, കുത്തബ് ചിലപ്പോൾ തിരിച്ചുവന്നേക്കാം, ഒരുപക്ഷേ അത് അപ്രത്യക്ഷമായി എന്നത് ഒരു വിഭ്രമമാകാം. പക്ഷേ എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരായത് എങ്ങിനെയാണ്? അവരൊക്കെ പറുദീസയിലേക്കോ, ജന്നത്തിലേക്കോ, ബിഹഷ്തിലേക്കോ പോയോ?

ആദ്യത്തെ പത്രപ്രവർത്തകൻ: ഇന്റലിജൻസിലെ ചിലർ സംശയിക്കുന്നത് അവർ കശ്മീരിലേക്ക് പോയെന്നാണ്.

രണ്ടാമത്തെ പത്രപ്രവർത്തകൻ: പക്ഷേ റിപ്പോർട്ടുകൾ പറയുന്നത് അവരെല്ലാവരും ഇന്ത്യ വിട്ടു എന്നാണല്ലോ?

ആദ്യത്തെ പത്രപ്രവർത്തകൻ: കശ്മീരിൽനിന്ന് എന്നല്ലല്ലോ.

രണ്ടാമത്തെ പത്രപ്രവർത്തകൻ: ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? നമ്മൾ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു-കശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞില്ലേ? മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യയിൽനിന്ന് നമ്മൾ രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ സൃഷ്ടിച്ചില്ലേ? കശ്മീർ ഇന്ത്യയിലാണ്, അല്ലേ? (ഒന്ന് നിർത്തുന്നു)..അല്ല..അല്ല..ഇത് ഭയങ്കരമായിപ്പോയി. ഒരു ജനസമുദായം മുഴുവൻ എങ്ങിനെയാണ് അപ്രത്യക്ഷമാവുക. ഇതൊരു സ്വപ്നമാണ്.

ആദ്യത്തെ പത്രപ്രവർത്തകൻ (ശബ്ദമുയർത്തിക്കൊണ്ട്): സ്വപ്നമല്ല. ദുസ്വപ്നം! 200 ദശലക്ഷം ആളുകൾ എങ്ങിനെയാണ് പെട്ടെന്ന് വിട്ടുപോവുക? അവരെ കശ്മീരിൽ‌പ്പോലും ഒതുങ്ങില്ലല്ലോ. ഇത് സത്യമായും ഒരു വ്യാജവാർത്തയാണ്.

ആനന്ദ്(ഇടപെട്ടുകൊണ്ട്): നോക്ക്, നമുക്ക് ഗൂഢാലോചനാസിദ്ധാന്തങ്ങൾ ചർച്ച ചെയ്ത് സമയം കളയാനില്ല. എനിക്ക് തോന്നുന്നത്, നിങ്ങൾ രണ്ടുപേരും ഡെസ്കിലേക്ക് പോയി, എന്തെങ്കിലും വാർത്തകൾ നമുക്ക് കിട്ടാതെ പോയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. പക്ഷേ ധൃതിപിടിച്ച് ഒന്നും ചെയ്യുകയുമരുത്. ബ്രജേഷും ഞാനും ഈ ന്യൂസെടുത്ത് പല കോണുകളിൽനിന്ന് അല്പസമയത്തിനകം അതിനെക്കുറിച്ച് ചർച്ച ചെയ്യും. ഇതിനെക്കുറിച്ച് അർത്ഥവത്തായ എന്തെങ്കിലും ചർച്ച ചെയ്യാനോ, സംവദിക്കാനോ സമയമായിട്ടില്ല.

(രണ്ട് പത്രപ്രവർത്തകരും രംഗത്തുനിന്ന് പോവുന്നു)

ആനന്ദ്: ബ്രജേഷ്ജി, നിങ്ങൾ എന്താണ് കരുതുന്നത്? ഇത് സത്യമാണോ? എല്ലാ മുസ്ലിങ്ങളും കെട്ടും കെട്ടി എന്തിന് പോവണം?

ബ്രജേഷ് (സമ്മതിച്ചുകൊണ്ട്): ഈ രഹസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതല്ലേ? നിങ്ങളവരെ ഷൂസുകൊണ്ട് തല്ലി അപമാനിക്കുന്നു; പട്ടാപ്പകൽ അവരെ നിങ്ങൾ കൊല്ലുന്നു; അവരുടെ അമ്മമാരേയും, പെണ്മക്കളേയും, സഹോദരിമാരേയും ബലാത്കാരം ചെയ്യുന്നു; പശുവിനെ കൊന്നു എന്ന കള്ളക്കഥ മിനഞ്ഞുണ്ടാക്കി ആൾക്കൂട്ടക്കൊല ചെയ്യുന്നു. ഇതൊക്കെ നടക്കുന്നതാകട്ടെ, ദില്ലിയുടെ തൊട്ടടുത്ത്, ഹരിയാനയിൽ. എന്നിട്ട് ഇതിന്റെ വീഡിയോകളെടുത്ത് ദിവസം മുഴുവൻ കാണിക്കുന്നു, വീണ്ടും വീണ്ടും ലൈവ് കാണിക്കാൻ നിർബന്ധിതരാവുന്നു. ആലോചിച്ചുനോക്കൂ, ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള ആഗ്രഹത്തിൽ, മുസ്ലിങ്ങളുടെ ഈ അപ്രത്യക്ഷമാവൽ, വലിയൊരു നാഴികക്കല്ലായിരിക്കും.

ആനന്ദ് (സംശയത്തോടെ): മുസ്ലിങ്ങൾക്ക് ഇതിൽ ഒരു കൈയ്യുമില്ല. നമ്മളൊരിക്കലും നമ്മുടെ വിശ്വാസങ്ങൾ അവരുടെമേൽ അടിച്ചേൽ‌പ്പിച്ചിട്ടില്ല. ഹിന്ദുക്കളാണ് വിദേശഭരണത്തിന്റെ കീഴിൽ ദുരിതമനുഭവിച്ചിട്ടുള്ളത്.

ബ്രജേഷ്: കാലം മാറിയിരിക്കുന്നു. ഇത് ഹിന്ദുക്കൾ ഉണരാൻ തുടങ്ങുന്ന കാലമാണ്. ഞാനൊരു പുരോഗമനസ്വഭാവക്കാരനാണെങ്കിലും, പുരാതനമായ ഹിന്ദു ആചാരങ്ങളുടെ മൂല്യങ്ങളോട് സത്യസന്ധത പുലർത്തണമെന്ന വിശ്വാസക്കാരനാണ്.

ആനന്ദ്: മുസ്ലിങ്ങൾ ഇവിടെയുണ്ടായിരുന്നപ്പോൾ അത് സാധ്യമായിരുന്നില്ലെന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്?

ബ്രജേഷ്: അവർക്ക് നമ്മുടെ പുരാതന സംസ്കാരത്തെക്കുറിച്ച് അറിയില്ല. എങ്ങിനെ പറ്റും? അവർ വരുന്നതിനും മുമ്പ് ഉണ്ടായിരുന്നതല്ലേ അത്? അക്ബർ മുതൽ ഏറ്റവും ഒടുവിലത്തെ മുഗൾ രാജാക്കന്മാർവരെയുള്ളവർ നമ്മുടെ സംസ്കാരത്തെ ആരാധിച്ചിരുന്നു എന്നതൊക്കെ ശരിയാണെങ്കിലും. പക്ഷേ ഇപ്പോൾ അതിലേക്കൊക്കെ എന്തിന് പോകണം? ഒരു സമുദായം മുഴുവൻ അപ്രത്യക്ഷമായ സ്ഥിതിക്ക് ഇനി അതൊക്കെ അപ്രസക്തമാണ് (ചുമൽ കുലുക്കുന്നു). (ഏകദേശം മുപ്പതോടടുത്ത ഉയരം കുറഞ്ഞ ഒരു ഓഫീസ് ഗുമസ്തൻ സ്റ്റുഡിയോയിലേക്ക് ധൃതിയിൽ കടന്നുവന്നതോടെ അവരുടെ സംഭാഷണം മുറിയുന്നു).

ഗുമസ്തൻ: ശല്യപ്പെടുത്തിയതിന് ക്ഷമിക്കണം. പക്ഷേ ഒരു ന്യൂസ് നിങ്ങളുമായി പങ്കുവെക്കണമെന്ന് ന്യൂസ് ഡെസ്കിൽനിന്ന് എന്നോട് പറഞ്ഞു.

ആനന്ദ്: വാർത്തകൾ വരാൻ തുടങ്ങിയാൽ‌പ്പിന്നെ പെരുമഴയാണ്. (ഗുമസ്തനുനേരെ തിരിഞ്ഞ്) എന്ത് വാർത്തയാണ് ഞങ്ങൾക്കായി കൊണ്ടുവന്നത്?

ഗുമസ്തൻ: സർ, എന്റെ വീടിന്റെയടുത്തുള്ള റഷീദിന്റെ എരുമത്തൊഴുത്തിന്റെ കാര്യമാണ്. ഇന്ന് രാവിലെ നോക്കിയപ്പോൾ അത് ഒഴിഞ്ഞുകിടക്കുന്നു. റഷീദും കുടുംബവും അപ്രത്യക്ഷരായിരിക്കുന്നു.

ആനന്ദ്: എരുമകൾ അവിടെ ഇപ്പൊഴുമുണ്ടോ?

ഗുമസ്തൻ: ഉണ്ട് സർ. അവ അവിടെത്തന്നെയുണ്ട്.

ആനന്ദ്: പിന്നെ നീയെന്തിനാ പരിഭ്രമിക്കുന്നത്? നിനക്ക് താത്പര്യം എരുമകളിലാണോ അതോ റഷീദിലോ?

ഗുമസ്തൻ: ഞങ്ങളെല്ലാം റഷീദിനെക്കുറിച്ചോർത്താണ് വിഷമിക്കുന്നത് സർ. എങ്ങിനെ വിഷമിക്കാതിരിക്കും. അയാൾ ഞങ്ങളുടെ അയൽക്കാരനല്ലേ? ഞങ്ങളുടെ വീട്ടിലെ പാൽ മുഴുവൻ അവന്റെ എരുമകളിൽനിന്ന് കിട്ടുന്നതല്ലേ? നല്ല കൊഴുപ്പുള്ള പാലാണ് സർ..നല്ല ശുദ്ധമായത്..അകിടിൽനിന്ന് നേരിട്ട് കറന്നെടുക്കുന്നത്..ഇപ്പോൾ അയാൾ പോയിരിക്കുന്നു.

ആനന്ദ്: പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. അതേ പാൽതന്നെ ഇനിയും നിങ്ങൾക്ക് കിട്ടും. ചിലപ്പോൾ, പാൽ വിറ്റ് അതിന്റെ ലാഭത്തിൽ ഒരോഹരിപോലും നിങ്ങൾക്ക് കിട്ടാനും മതി. എരുമകളിൽനിന്നുള്ള ലാഭം മുഴുവൻ ഇനി നമ്മൾതമ്മിൽ പങ്കിട്ടെടുക്കും.

ബ്രജേഷ് (അയാളുടെ കണ്ണുകളിൽ തിളങ്ങുന്നു): അനിത എപ്പോഴും സ്വപ്നം കാണും, സ്വന്തമായി പശുക്കളും എരുമകളും കോഴികളുമൊക്കെയുള്ള ഒരു കൃഷിസ്ഥലം.

ആനന്ദ്: ഇത് ഏത് അനിതയാണ്?

ബ്രജേഷ്: എന്റെ ഭാര്യ, അല്ലാതാരാ..നിനക്ക് അവളെ അറിയാമല്ലോ.

ആനന്ദ്: ഓ, അറിയാം..പക്ഷേ ഒരു തൊഴുത്തിൽനിന്ന് കൃഷിസ്ഥലമുണ്ടാക്കാൻ പറ്റില്ലല്ലോ..

ബ്രജേഷ്: ഞാനവളെ ഒന്ന് വിളിക്കട്ടെ (ഒരു മൂലയിൽ പോയി നമ്പർ കറക്കി, പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു. വിളിച്ചുകഴിഞ്ഞ് തിരിച്ചുവരുന്നു).

ആനന്ദ്: (ബ്രജേഷിനുനേരെ തിരിഞ്ഞ്): നിങ്ങൾ മിടുക്കനാണ്, സംശയമില്ല. പക്ഷേ റഷീദിന്റെ വഴിയിലൂടെ കുറച്ച് താഴേക്ക് പോയാൽ അവിടെ അൽതാഫ് ഭായിയുടെ ഒരു വലിയ ബംഗ്ലാവും അത് നിൽക്കുന്ന കുറേ ഏക്കർ സ്ഥലവുമുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ എരുമകളെ ആ ബംഗ്ലാവിലേക്ക് മാറ്റിപ്പാർപ്പിച്ചാൽ, നല്ല ഒരു കൃഷിസ്ഥലം തുടങ്ങുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

ബ്രജേഷ്: പക്ഷേ അൽതാഫ് ഭായ് അതിൽ അവകാശം ഉന്നയിക്കില്ലെന്ന് നിങ്ങൾക്കെങ്ങിനെയറിയാം?

ആനന്ദ്: നോക്കൂ, എല്ലാ മുസ്ലിങ്ങളും പോയിക്കഴിഞ്ഞുവെങ്കിൽ, അൽതാഫും പോയിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിച്ചുകൂടേ?

ഗുമസ്തൻ: അയാളും അപ്രത്യക്ഷനായോ സർ?

ആനന്ദ്: ഉവ്വ്, എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരായിട്ടുണ്ടെങ്കിൽ അയാളും പോയിട്ടുണ്ടാവുമെന്ന് കരുതാം (ആകാശത്തേക്ക് നോക്കി, കൈകളുയർത്തി, ദൈവത്തിന്റെ അനുഗ്രഹം പ്രതീക്ഷിക്കുന്നതുപോലെ നിൽക്കുന്നു)..എന്നോട് ചോദിച്ചാൽ ഞാൻ പറയും നമ്മൾ പൊട്ടന്മാരാണെന്ന്..200 ദശലക്ഷം മുസ്ലിങ്ങൾ പോയിക്കഴിഞ്ഞിട്ടും, നമ്മൾ റഷീദിനെയും അൽതാഫിനെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഗുമസ്തൻ: സർ പറഞ്ഞതുപോലെ, അവർ അപ്രത്യക്ഷരായിരിക്കുന്നു..

ആനന്ദ്: ഇടയിൽക്കയറി പറയുന്നത് നിർത്ത്..അതെ, അപ്രത്യക്ഷരായി..അപ്പോൾ അവരുടെ സ്വന്തമായിരുന്ന കച്ചവടങ്ങളും വ്യവസായങ്ങളുമോ?

ബ്രജേഷ്: അത്രയധികം വ്യവസായങ്ങൾ അവർക്ക് സ്വന്തമായുണ്ടായിരുന്നോ?

ആനന്ദ്: ആലോചിച്ചുനോക്ക്..200 ദശലക്ഷം ആളുകൾ അവരുടെ വീടുകളും, പറമ്പുകളും, കച്ചവടവും, പശുത്തൊഴുത്തുകളും, എരുമത്തൊഴുത്തുകളും, അങ്ങിനെ, കോടാനുകോടി രൂപയുടെ സാധനങ്ങൾ ഉപേക്ഷിച്ച് പോയിരിക്കുന്നു. ഇതെല്ലാം, ലാഭവിഹിതമാണ് മുസ്ലിം മുക്തമായ ഒരു ഭാരതത്തിൽനിന്ന് കിട്ടുന്ന ലാഭവിഹിതം.. ഈ വിഹിതം നമ്മൾ നമുക്കിടയിൽ വീതിച്ചെടുക്കണം. ആർക്ക് എന്തൊക്കെ കിട്ടുമെന്ന് കണ്ടറിയണം.

(സ്റ്റേജിലെ വെളിച്ചം മങ്ങിമങ്ങി, കെടുന്നു)

 

ഒന്നാം അങ്കം | രംഗം 2

ഇനി വരുന്ന രംഗം മുമ്പ് വീഡിയോയിൽ ചിത്രീകരിച്ച് സ്റ്റേജിന്റെ പിന്നിലുള്ള വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന മട്ടിലുള്ള ഒന്നാണ്. നാടകത്തിന്റെ ഇനിവരുന്ന വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഈ ലളിതമായ രീതി – നാടകത്തിനുള്ളിലെ സിനിമ – സംഭവങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാൻ മാത്രമല്ല, ഒരു സ്റ്റേജിന്റെ നിശ്ചലമായ പശ്ചാത്തലത്തിൽനിന്നും പരിമിതികളിൽനിന്നും ആശ്വാസം പകരാനും സഹായിക്കുന്നു. സിനിമയിൽ കാണുന്നതുപോലെ ഒരു ദൃശ്യത്തിൽനിന്ന് മറ്റൊരു ദൃശ്യത്തിലേക്ക് മാറുന്നതിനും ഇത് ഉപകരിക്കുന്നു.

(നിറയെ കുഴികളുള്ള ഒരു ഇടുങ്ങിയ തെരുവ് ദൃശ്യത്തിൽ തെളിയുന്നു. മുപ്പതിനോടടുത്ത് പ്രായവും ആരോഗ്യവുമുള്ള മിസ്സിസ് അനിത ബ്രജേഷ്, ജീൻസും കടുംചുവപ്പ് ഉടുപ്പുമിട്ട്, ഒരു സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനത്തിൽ ഡ്രൈവറുടെയടുത്ത് ഇരിക്കുന്നു. വാഹനത്തിൽ, അവരുടെ പിന്നിലായി, ഒരു ചെറിയ സംഘവുമുണ്ട്. അവരുടെ ഭർത്തൃസഹോദരന്മാരും, നാത്തൂന്മാരും, മരുമകളും, ശ്വശുരയും. റഷീദിന്റെ എരുമത്തൊഴുത്തിലേക്ക് കടക്കുന്ന മരംകൊണ്ടുള്ള ഗേറ്റിന് തൊട്ടുമുമ്പിലായി വാഹനം നിർത്തുന്നു).

അനിത (ഡ്രൈവറോട്): പോയി, എത്ര എരുമകളുണ്ടെന്ന് എണ്ണിനോക്കൂ..ശ്രദ്ധിച്ചുവേണം, എണ്ണാൻ.

(ഡ്രൈവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങി, ഗേറ്റ് തുറന്ന് അകത്തേക്ക് പോവുന്നു. എന്നാൽ പെട്ടെന്നുതന്നെ അയാൾ തിരികെ ഓടിവരുന്നു.

അനിത (ദേഷ്യത്തോടെ): എന്ത് പറ്റി? നായയോ മറ്റോ നിന്നെ ഓടിച്ചോ?

ഡ്രൈവർ (ക്ഷമാപണത്തോടെ): എനിക്കെന്തുചെയ്യാൻ പറ്റും മാഡം? അകത്തുള്ള ആളുകൾ എന്നെ തടഞ്ഞുനിർത്തി. തൊഴുത്തിലെ എരുമകളുടെ എണ്ണം പറയാൻ ഞാനവരോട് ആവശ്യപ്പെട്ടെങ്കിലും അവരതിന് സമ്മതിച്ചില്ല. ഭയങ്കര മോശം സ്വഭാവക്കാരാണ് മാഡം. ഇതൊക്കെ അന്വേഷിക്കാൻ ആരാണ് എനിക്കധികാരം തന്നതെന്ന് അവർക്ക് അറിയണമത്രെ. എന്നിട്ട് അവരെന്നെ ശരിക്കും ഉന്തി പുറത്താക്കി.

അനിത (ചിന്താക്കുഴപ്പവും ദേഷ്യവും പ്രകടിപ്പിച്ചുകൊണ്ട്): ദൈവമേ, ഇത് ഭയങ്കരമായിപ്പോയല്ലോ! അതിന്റെയർത്ഥം, റഷീദ് അവിടെത്തന്നെ ഉണ്ടെന്നാണ്. അവൻ ഇതുവരെ പോയിട്ടില്ല. എന്റെ ഭർത്താവിനെ ശരിക്കും പറ്റിച്ചിരിക്കുന്നു. എന്നെയും ഇതിലേക്ക് വലിച്ചിഴച്ചിരിക്കുന്നു.

ചെറിയ നാത്തൂൻ: ഏടത്തിയമ്മേ, പക്ഷേ വഴിയിലുള്ള മുസ്ലിങ്ങളുടെ കടകളൊക്കെ അടച്ചിരിക്കുകയാണല്ലോ.

അനിത: അതെ. ഞാനത് ശ്രദ്ധിച്ചു. തീർച്ചയായും എന്തോ ഒരു തിരിമറിയുണ്ട്. റഷീദ് അപ്രത്യക്ഷനായതിനെക്കുറിച്ച് എന്തൊക്കെയോ തെറ്റായ വിവരങ്ങളുണ്ടെന്ന് തോന്നുന്നു..ആരെങ്കിലുമൊന്ന് ബ്രജേഷിനെ വിളിക്കുമോ? (ഡ്രൈവറുടെ നേർക്ക് തിരിഞ്ഞ്), അൽതാഫിന്റെ ബംഗ്ലാവിലേക്ക് ഞങ്ങളെ കൊണ്ടുപോവൂ. നമുക്ക് അവിടെയുമൊന്ന് ചെന്ന് നോക്കാം. (ഡ്രൈവർ ഗിയർ മാറ്റുന്നു, വണ്ടി നീങ്ങാൻ തുടങ്ങുന്നു)

(ദൃശ്യം ടിവി സ്റ്റുഡിയോയിലേക്ക് തിരിയുന്നു. ബ്രജേഷ് ഒരു ഫോണിൽ സംസാരിക്കുകയാണ്. അങ്ങേത്തലയ്ക്കൽനിന്നുള്ള സംസാരം ശ്രദ്ധിക്കുമ്പോൾ അയാളുടെ മുഖം ഇരുളുന്നതും നോക്കി, ഓഫീസ് ഗുമസ്തൻ അയാളുടെ മുമ്പിൽ നിൽക്കുന്നതും കാണാം)

ബ്രജേഷ് (ദേഷ്യം മുഴുവൻ നിസ്സഹായനായ ഗുമസ്തനുനേരെ ചൊരിഞ്ഞുകൊണ്ട്): നീയെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? എന്നെ നീയൊരു വിഡ്ഢിയാക്കി എന്ന് അറിയാമോ? റഷീദ് അപ്രത്യക്ഷനായിട്ടില്ലെന്ന് തീർച്ചയാണ്. ഇപ്പോൾത്തന്നെ തൊഴുത്തിലേക്ക് നേരിട്ട് ചെന്ന് കൃത്യമായ വിവരങ്ങൾ കൊണ്ടുവരണം (ഗുമസ്തൻ തന്നോടുതന്നെ എന്തൊക്കെയോ മുറുമുറുത്ത്, ധൃതിപിടിച്ച് പോവുന്നു). ഈ കിംവദന്തികളൊക്കെ ആളുകൾ വന്ന് എന്നോട് പറയുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..നമ്മൾ വല്ലാത്തൊരു അവസ്ഥയിലായിപ്പോവുന്നു. (ഒന്ന് നിർത്തി, ഭാര്യയെ ഫോണിൽ വിളിക്കുന്നു) അനിതാ, റഷീദിനെക്കുറിച്ച് അന്വേഷിക്കാൻ ഞാനൊരാളെ വിട്ടിട്ടുണ്ട്..നിന്നെ ഇങ്ങനെയൊരു സ്ഥലത്തേക്ക് വിട്ടതിന് എന്നോട് ക്ഷമിക്ക്..സ്ഥിരീകരിച്ച വാർത്തയാണെന്നാണ് എന്നെ ധരിപ്പിച്ചത്..അതെ, എനിക്കറിയാം..ഞാനത് സ്ഥിരീകരിക്കേണ്ടതായിരുന്നു..നീ ഇപ്പോൾ എവിടെയാണ്?

(വിശാലവും, കൊളോണിയൽ മാതൃകയിലുള്ളതുമായ ഒരു ബംഗ്ലാവിന്റെ മുറ്റത്തേക്ക് എസ്.യു.വി. കടക്കുന്ന ദൃശ്യത്തിലേക്ക് ക്യാമറ നീങ്ങുന്നു. എസ്.യു.വി. ബംഗ്ലാവിന്റെ പോർച്ചിലെത്തി നിന്നു).

അനിത: (ഡ്രൈവറോട്), അൽതാഫ് ഭായ് പരിസരത്തുണ്ടോ എന്നൊന്ന് ചെന്ന് നോക്ക്..(ഒന്ന് നിർത്തി) ഈ ആളുകളൊക്കെ ആരാണ്?

 (ഡ്രൈവർ കാറിൽനിന്നിറങ്ങി, ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പോയി അവരോട് സംസാരിക്കുന്നു. ആ സ്ത്രീയുടെ അടുത്ത് ഒരു ചെറിയ ആൺകുട്ടിയും, പിന്നിലായി, ഹുക്ക വലിച്ചുകൊണ്ട് ഒരാളും ഇരിക്കുന്നുണ്ട്. വേറെ രണ്ട് മുതിർന്ന പുരുഷന്മാർ അവിടെ ചുറ്റിപറ്റി നിൽക്കുന്നുണ്ട്. ഡ്രൈവർ തിരിച്ചുവരുന്നു)

ഡ്രൈവർ: അവരിവിടെയാണ് താമസിക്കുന്നതെന്നാണ് അവർ പറയുന്നത്.

അനിത (ഞെട്ടിത്തരിച്ച്): ഇവിടെ താമസിക്കുന്നെന്നോ? എന്നുമുതൽ?

ഒരു ചെറിയ പെൺകുട്ടി (കാറിന്റെ പിൻസീറ്റിലിരുന്നുകൊണ്ട്): അവരുടെ വേഷം..വേഷമൊക്കെ കണ്ടാൽ, ന്യൂ സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗങ്ങളെപ്പോലെയുണ്ട്. ചേച്ചിക്ക് അവരെ അറിയാമായിരിക്കുമല്ലോ..ചേച്ചി ഇപ്പോഴും സെക്രട്ടറിയല്ലേ? അല്ലേ ചേച്ചീ?

അനിത (ദേഷ്യത്തോടെ അവളെ നോക്കിക്കൊണ്ട്): തമാശ പറയേണ്ട കാര്യമൊന്നുമില്ല..നീ വിഷമിക്കണ്ട..ഇനി അഥവാ അവർ അംഗങ്ങളല്ലെങ്കിൽത്തന്നെ, അവരെയൊക്കെ പാർട്ടിയിൽ ചേർക്കും.

(അനിത കാറിൽനിന്നിറങ്ങി പാചകം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീയെ സമീപിച്ച്, ബഹുമാനത്തോടെ ഉപചാരങ്ങൾ കൈമാറുന്നു. അതിനുശേഷം വിവരങ്ങൾ ആരായുന്നു)

അനിത: അൽതാഫ് ഭായ് എവിടെയാണ്? (സ്ത്രീയും കൂടെയുള്ള പുരുഷന്മാരും, അറിയില്ലെന്ന മട്ടിൽ തലകുലുക്കുന്നു)

അനിത (ഭവ്യതയോടെ): നിങ്ങളെങ്ങിനെ ഇവിടെയെത്തി?

ഹുക്ക വലിക്കുന്ന ആൾ: ഒരുപക്ഷേ നിങ്ങൾക്കറിയില്ലെന്നുവരാം, ഈ പ്രദേശത്തുള്ള നിരവധി വീടുകൾ വീടില്ലാത്തവർക്ക് പതിച്ചുനൽകിയിട്ടുണ്ട്.

അനിത: ആരാണ് പതിച്ചുനൽകിയത്?

ഹുക്ക വലിക്കുന്ന ആൾ (എഴുന്നേറ്റ്, സന്ദർശകയെ വന്ദിക്കുന്നു): ഭവതീ, ആ നല്ല കാര്യം ചെയ്തത് ദളിത് സമാജമാണ്. പക്ഷേ ഈ ബംഗ്ലാവ് വളരെ വലുതായിപ്പോയി. ഒമ്പത് മുറികളുണ്ട് ഇതിൽ. നിങ്ങൾക്കാവശ്യമുള്ള മുറികളെടുത്തോളൂ.

അനിത (സ്ത്രീയുടെ നേരെ തിരിഞ്ഞ് അവരുടെ ചുമലിൽ മൃദുവായി തട്ടുന്നു): സഹോദരി, ഇവിടെ അടുക്കളയുണ്ടാവും. ഇവിടെയെന്തിനാണ് തീകൂട്ടിയത്? (സ്ത്രീ പരിഭ്രമിച്ച് പുരുഷന്മാരുടെ നേരെ നോക്കി, ചപ്പാത്തിയുണ്ടാക്കൽ തുടരുന്നു)

രണ്ടാമത്തെ ആൾ: ഞങ്ങൾ ചെരുപ്പുകുത്തികളാണ് മാഡം. മൃഗങ്ങളുടെ തൊലിയുരിച്ച് ഷൂസുണ്ടാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളോട് ചെരുപ്പുണ്ടാക്കാൻ ഇപ്പോൾ ദളിത് സമാജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളോട് ഇങ്ങോട്ടുവരാൻ പറഞ്ഞു. പക്ഷേ നിങ്ങൾ വിഷമിക്കണ്ട മാഡം. വീടിന്റെ പകുതി നിങ്ങളെടുത്തുകൊള്ളു. മൂന്നോ, നാലോ, അഞ്ചോ, ആറോ മുറികൾ..എന്തുവെണമെങ്കിലും

(അനിതയുടെ നാത്തൂന്മാരിൽ ഒരു ചെറുപ്പക്കാരി, എസ്.യു.വി. തുറന്ന് മൊബൈൽ ഫോണുമായി ഓടിവരുന്നു).

ചെറുപ്പക്കാരി: ഭയ്യ ഫോണിലുണ്ട്.

അനിത: (മൊബൈലിൽ സംസാരിക്കുന്നു): അൽതാഫിന്റെ ബംഗ്ലാവിൽ ആളുകൾ താമസം തുടങ്ങി. തോലുമായി ബന്ധപ്പെട്ട എന്തോ പണി ചെയ്യാൻ ആരോ ഇവർക്ക് വീട് നൽകിയിട്ടുണ്ട്….എനിക്ക് തോന്നുന്നത്, എന്തോ ഷൂ ഫാക്ടറിയോ മറ്റോ ആണെന്നാണ്.(ഭർത്താവിൽനിന്നുള്ള വിവരങ്ങൾ ശ്രദ്ധിച്ചുകൊണ്ട്) എന്താണ് പറഞ്ഞത്? റഷീദ് എന്ന എരുമക്കാരൻ ശരിക്കും അപ്രത്യക്ഷമായെന്നോ? മറ്റാരോ അതിലേക്ക് താമസം മാറ്റിയെന്നോ? നിങ്ങൾ നേരിട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കലാണ് ശരിക്കും വേണ്ടത്. ആനന്ദിനേയും കൂടെക്കൊണ്ടുവരൂ..ഞങ്ങൾ അല്പസമയത്തിനകം നിങ്ങളുടെ കൂടെ കൂടാം. (എന്തോ ആലോചനയിൽ മുഴുകിയതുപോലെയോ തലയ്ക്കകത്ത് എന്തോ പദ്ധതിയിടുന്നതുപോലെയോ അനിതയുടെ കണ്ണുകൾ ചുരുങ്ങുന്നു)

അനിത (നാത്തൂനുനേരെ തിരിഞ്ഞ്): വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്. രാജ്യം പെട്ടെന്ന് സോഷ്യലിസത്തിന് പാകമായതുപോലെ.

(കാറിന്റെ മറുഭാഗത്തുനിന്ന് രണ്ട് പുരുഷന്മാർ ഇറങ്ങിവന്ന് നിശ്ശബ്ദരായി നോക്കിനിൽക്കുന്നു. അനിതയുടെ ഭർത്തൃസഹോദരന്മാരാണ് അവർ)

അനിത (അവരോട്): ഇതൊരുപക്ഷേ സോഷ്യലിസത്തിനുള്ള ദൈവത്തിന്റെ സമ്മാനമായിരിക്കണം

ആദ്യത്തെ ഭർത്തൃസഹോദരൻ (മദ്ധ്യവയസ്സുള്ള, കറുത്ത ട്രൌസറും വെളുത്ത ഷർട്ടുമിട്ടയാൾ): എന്തൊരാശ്വാസം! ഒടുവിൽ നമ്മുടെ ലോകത്തുനിന്ന് വർഗ്ഗീയഘടകം ഇല്ലാതായിരിക്കുന്നു. മുസ്ലിങ്ങളുമില്ല, സ്വത്വരാഷ്ട്രീയവുമില്ല..ഏടത്തിയമ്മേ, നിങ്ങൾ പറയുന്നത് ശരിയായിരിക്കണം..പക്ഷേ ഇതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല.

രണ്ടാമത്തെ ഭർത്തൃസഹോദരൻ (ജീൻസും ഡിസൈനർ ഷർട്ടുമിട്ടയാൾ): എന്തെങ്കിലും തീരുമാനത്തിലെത്തുന്നതിനുമുൻപ് കാര്യം സ്ഥിരീകരിച്ചേ പറ്റൂ. ഒരു സമുദായം മുഴുവൻ അപ്രത്യക്ഷമായി എന്ന സംസാരമൊക്കെ വ്യാജവാർത്തയാവാൻ സാധ്യതയുണ്ട്.

അനിത (എല്ലാ കാര്യങ്ങളും വ്യക്തമായി കാണുന്ന മട്ടിൽ, ആധികാരികമായി): നോക്കൂ, സംഗതി സത്യമാണെങ്കിൽ, രണ്ടുതരത്തിൽ ഇതിനെ കാണാവുന്നതാണ്. ഒന്ന്, മുസ്ലിങ്ങളുടെ അപ്രത്യക്ഷമാവൽ, സമൂഹത്തിൽ വലിയ ചലനമുണ്ടാക്കും – ഞാനുദ്ദേശിച്ചത്, ഓരോതവണയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഇനി വിരൽ ചൂണ്ടാൻ നമുക്ക് ആളില്ലാതെയാവും. നമ്മുടെ രാഷ്ട്രീയത്തിനെ വർഗ്ഗീയവത്ക്കരിച്ച എല്ലാം പെട്ടെന്ന്… ഇല്ലാതായി. പക്ഷേ മറ്റൊന്നുകൂടി ഉണ്ട്. ഒരുപക്ഷേ ആത്യന്തികമായി ഇത് സോഷ്യലിസത്തിന്റെ സമയമായിരിക്കാം..ആലോചിച്ചുനോക്കൂ..ഈ സ്ഥലങ്ങളും സമ്പത്തും തൊഴിലും എല്ലാം തുല്യമായി ആളുകൾക്കിടയിൽ പങ്കുവെക്കുകയും…(ഭാവിയിലേക്കെന്ന മട്ടിൽ വിദൂരതയിലേക്ക് നോക്കി, അവർ ഒന്ന് നിർത്തുന്നു).

ഇളയ യുവതി (അനിതയുടെ നാത്തൂൻ): ഏടത്തിയമ്മേ, അപ്പോൾ നിങ്ങൾ വിചാരിക്കുന്നത്, ഈ 200 ദശലക്ഷം മുസ്ലിങ്ങൾ അപ്രത്യക്ഷമായത് ഒരു വലിയ അവസരമാണെന്നാണോ?

അനിത: ഈ ഹിന്ദുത്വ പ്രോജക്ട് എന്നത് കൃത്യമായും അതുതന്നെയല്ലേ? ഹിന്ദുരാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞാൽ, തേനും പാലും ഒഴുകുന്ന രാജ്യമായി ഇന്ത്യ മാറുമെന്നല്ലേ അവർ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്? ആകെപ്പാടെ നോക്കുമ്പോൾ, ആ സ്വപ്നം യാഥാർത്ഥ്യമായതുപോലെ തോന്നുന്നു.

രണ്ടാമത്തെ ഭർത്തൃസഹോദരൻ: അനിതച്ചേച്ചീ, എങ്ങിനെയാണ് നിങ്ങൾക്ക് ഹിന്ദുത്വയും സോഷ്യലിസവും കൂട്ടിക്കലർത്താൻ കഴിയുന്നത്? എന്റെ യുക്തിക്ക് അത് തീരെ വഴങ്ങുന്നില്ല..

ആദ്യത്തെ ഭർത്തൃസഹോദരൻ (പരിഹാസത്തോടെ): ന്യൂ സോഷ്യലിസ്റ്റ് പാർട്ടിയും, ഹിന്ദുത്വയുടെ പേരിൽ പ്രതിജ്ഞയെടുക്കുന്നവരും തമ്മിലെന്താണ് വ്യത്യാസം?

അനിത (അൽതാഫ് ബംഗ്ലാവിലെ പുതിയ താമസക്കാരെ ചൂണ്ടി): ഇനി അവർക്ക് ന്യായമായ ഒരു പങ്ക് കിട്ടും. സോഷ്യലിസം എന്നുപറഞ്ഞാൽ ഇതുതന്നെയാണ്.

രണ്ട് സഹോദരന്മാരും (ഒറ്റസ്വരത്തിൽ): സോഷ്യലിസ്റ്റ് പറുദീസ ഉണ്ടാക്കാനാണ് ഹിന്ദുത്വം മുസ്ലിങ്ങളെ പുറത്താക്കിയത് എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്?

രണ്ടാമത്തെ ഭർത്തൃസഹോദരൻ (അനിതയോട്): വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ പൂർണ്ണമായും സോഷ്യലിസത്തിന്റെ പേരിലായിരിക്കും മത്സരിക്കുകയെന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ട്. (ബംഗ്ലാവിലെ ആളുകളെ ചൂണ്ടിക്കൊണ്ട്) ഈ ആളുകളായിരിക്കും നിങ്ങളുടെ വോട്ടർമാരെന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.

ഡ്രൈവർ (ഈ സംഭാഷണം കേട്ടുകൊണ്ട് ഇടപെടുന്നു): വലിയ ധാരണകളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ എന്ന് എനിക്കറിയാം..പക്ഷേ മാഡം, ആ ഇരിക്കുന്ന ആളുകൾ, അല്ലെങ്കിൽ, ദളിത് മണ്ഡലിനോട് ബന്ധമുള്ള മറ്റുള്ളവർ, അവരൊരുപക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാജ്യം ഭരിക്കാനുമുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടാവുമെന്ന് മാഡം എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?

അനിത (ആകെ വശംകെട്ട്): എന്നെ ആശയക്കുഴപ്പത്തിലാക്കല്ലേ..നിങ്ങൾ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചാൽ മതി..നമുക്ക് റഷീദിന്റെ തൊഴുത്തിലേക്ക് തിരിച്ചുപോകാം.

(റഷീദിന്റെ തൊഴുത്തിന്റെ പുറത്ത് നിൽക്കുന്ന ആനന്ദിലേക്കും ബ്രജേഷിലേക്കും  ഓഫീസ് ഗുമസ്തനിലേക്കും ദൃശ്യം തിരിയുന്നു. ഗുമസ്തൻ കരയുകയാണ്. കണ്ണുനീർ കവിളിലൂടെ ഒഴുകുന്നുണ്ട്. എസ്.യു.വി. വന്നുനിന്ന്, അനിതയും നാത്തൂന്മാരും ഭർത്തൃസഹോദരന്മാരും ഡ്രൈവറും പുറത്തിറങ്ങുന്നു).

ഓഫീസ് ഗുമസ്തൻ (ആരോടെന്നില്ലാതെ): നമ്മൾ തുലഞ്ഞു..എല്ലാം പോയി..നമുക്ക് ഇനി ഒന്നും ബാക്കിയില്ല..

അനിത: എന്തിനാണയാൾ കരയുന്നത്? അയാൾക്ക് എന്ത് നഷ്ടപെട്ടുവെന്നാണ്?

ബ്രജേഷ്: അവന്റെ സ്വപ്നം.. കുറച്ച് എരുമകളെ സ്വന്തമാക്കാമെന്നത്..ഒരുപക്ഷേ നമ്മുടെയും സ്വപ്നം..റഷീദിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങളയാളെ തൊഴുത്തിലേക്ക് അയച്ചപ്പോൾ ചില ആളുകൾ അവനെ കത്തിയും വടിയുമായി ആക്രമിച്ചു..അവരുടെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറി എന്ന് കുറ്റപ്പെടുത്തി…..എരുമകളെ അവർക്ക് സ്വന്തമായി കൊടുത്തതാണത്രെ…(ഗേറ്റിന് പുറത്തുള്ള എസ്.യു.വിയിൽ നിറയെ ആളുകളെ കണ്ടപ്പോൾ, എരുമത്തൊഴുത്തിൽനിന്ന് ഒരാൾ പുറത്തുവന്നു..മുഷിഞ്ഞ ഒരു ബനിയനും, കണങ്കാലിനുമീതെ ചുരുട്ടിവെച്ച് അയഞ്ഞ ഒരു പൈജാമയുമായിരുന്നു അയാളുടെ വേഷം).

അനിത (ആധികാരികമായ ശബ്ദത്തിൽ): ഇതാരാണാവോ?

ഗുമസ്തൻ: മാഡം, ഇത് ചോട്ടേലാൽ..അയാൾ പറയുന്നത്, മൃഗസംരക്ഷണവകുപ്പ് ഈ തൊഴുത്ത് അയാൾക്ക് എഴുതിക്കൊടുത്തുവെന്നാണ്.

അനിത: അതായത്, ഇയാളാണോ എരുമകളെ നോക്കുന്നത്?

ചോട്ടേലാൽ: ഞാൻ മറ്റ് മൃഗങ്ങളേയും നോക്കുന്നുണ്ട്.

ബ്രജേഷ്: എരുമകൾ, പശുക്കൾ, ആട്..അല്ലേ?

ചോട്ടേലാൽ: അല്ല സർ, ഞങ്ങൾ പന്നികളെ വളർത്തുന്നുണ്ട്

ബ്രജേഷ് (വെറുപ്പോടെ): അതുകൊണ്ട്, മാന്യന്മാരേ, മഹതികളേ..ഇനി നമുക്ക് നല്ല ശുദ്ധമായ പന്നിപ്പാലും ലഭിക്കും!

ഗുമസ്തൻ: സർ, കാര്യമെന്താണെന്നുവെച്ചാൽ, ചോട്ടേലാൽ ഈ തൊഴുത്തിന്റെ പിന്നിലായിരുന്നു താമസം. റഷീദ് രാവിലെ അപ്രത്യക്ഷമായപ്പോൾ, മുനിസിപ്പൽ കോർപ്പറേഷനിലുള്ള ഇയാളുടെ ഒരു ബന്ധുവും ദളിത് സമാജം കമ്മിറ്റിയിലെ ഒരംഗവും അയാളോട് പറഞ്ഞു, ഈ മൃഗങ്ങളെ ഇത്രകാലം പോറ്റിയ ആളെന്ന നിലയിൽ, അയാൾക്ക് തൊഴുത്ത് സ്വന്തമായി ഏറ്റെടുക്കാമെന്ന്.(അയാളൊന്ന് നിർത്തി, വികാരവിക്ഷോഭംകൊണ്ട് വിറച്ച ശബ്ദത്തിൽ തുടരുന്നു)..എത്ര പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിയത്..ഇനിമുതൽ, ഈ മനുഷ്യനിൽനിന്ന് എനിക്ക് പാൽ വാങ്ങാൻ പറ്റില്ല..ഞാൻ ദരിദ്രനായിരിക്കാം..പക്ഷേ ആചാരങ്ങളെ ഞാൻ ബഹുമാനിക്കുന്നു..ഒരു പന്നിസൂക്ഷിപ്പുകാരനിൽനിന്ന് പാൽ വാങ്ങി എന്റെ കുടുംബത്തിന് കൊടുക്കാൻ എനിക്ക് കഴിയില്ല..

ബ്രജേഷ്: നമ്മുടെയൊക്കെ തലയിൽ ആകാശം ഇടിഞ്ഞുവീണതുപോലെയായല്ലോ..റഷീദിന്റെ എരുമകളെ നമുക്കിടയിൽ എങ്ങിനെ പങ്കുവെക്കാമെന്നായിരുന്നു നമ്മൾ സ്വപ്നം കണ്ടത്..അതുകഴിഞ്ഞ്, നമുക്കിടയിൽ പങ്കുവെക്കാൻ, അൽതാഫ് ഭായിയുടെ ബംഗ്ലാവടക്കമുള്ള കോടിക്കണക്കിന് വിലവരുന്ന സ്വത്തുക്കളുണ്ടാവുമെന്ന് നമ്മൾ വെറുതെ വ്യാമോഹിച്ചു..പങ്കിട്ടെടുക്കാൻ എത്രയോ അധികമുണ്ടാവുമെന്ന് നമ്മൾ കരുതി..

അനിത: പക്ഷേ അതിനെന്താ..നമ്മൾ അപ്പോഴും പങ്കിട്ടെടുക്കും..തീർച്ചയായും നമ്മളത് ചെയ്യും..എന്തുകൊണ്ട് ആയിക്കൂടാ?

ആദ്യത്തെ ഭർത്തൃസഹോദരൻ: പാൽക്കാരൻ പന്നിവളർത്തുമ്പോൾ നമ്മൾ എങ്ങിനെ പാൽ പങ്കിട്ടെടുക്കുമെന്നാണ് പറയുന്നത്? ഇതല്ലല്ലോ നമ്മൾ ആഗ്രഹിച്ചത്..മുസ്ലിങ്ങൾ അപ്രത്യക്ഷമായതിൽ‌പ്പിന്നെ എല്ലാം തലകീഴായി മറിഞ്ഞുവെന്ന് തോന്നുന്നു.

ബ്രജേഷ് (പരിഹാസത്തോടെ): മറ്റെന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? നിങ്ങൾ മുസ്ലിങ്ങളെ തല്ലിക്കൊന്നു, തൊഴിലൊന്നും കൊടുക്കാതെ ചേരികളിൽ അടച്ചിട്ടു..അവരെക്കൊണ്ട് ജയിലുകൾ നിറച്ചു….തീവ്രവാദികളായി, അല്ലെങ്കിൽ പാക്കിസ്ഥാനികളായി മുദ്രകുത്തി..നമ്മുടെ ആ പാപത്തിന്റെ വില നമ്മൾ കൊടുക്കേണ്ടിവരില്ലേ?

അനിത (വിഷയം മാറ്റിക്കൊണ്ട്): പക്ഷേ എനിക്ക് പ്രശ്നം മനസ്സിലാവുന്നില്ല…ഒരു പന്നിവളർത്തലുകാരനായതുകൊണ്ട് (അവർ ആ വാക്കിന് ഊന്നൽകൊടുക്കുന്നതുപോലെ അന്തരീക്ഷത്തിൽ ഉദ്ധരണി ചിഹ്നം വരച്ചു) ശരിക്കും എന്താണ് പ്രശ്നം?.

ആനന്ദ്: അനിതാജി, നിങ്ങൾ മാത്രമാണ് ശരിക്കുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്! ജാതിവർഗ്ഗീകരണത്തിന്റെ നല്ല വശങ്ങൾ പഠിക്കാൻ നമ്മളെല്ലാം ഇനി സ്കൂളിലേക്ക് തിരിച്ചുപോകണമെന്നാണ് എനിക്ക് തോന്നുന്നത്. വർഗ്ഗീയതയുടെ സ്ഥാനം ഇനി ജാതീയത കൈയ്യടക്കും..നമ്മളെപ്പോലുള്ളവരെ സംബന്ധിച്ച്, അത് വറചട്ടിയിൽനിന്ന് തീയിലേക്ക് പോവുന്നതുപോലെയാവും.

അനിത: എനിക്ക് പിടികിട്ടുന്നില്ല..

ബ്രജേഷ്: മുസ്ലിം മുക്തമായ ഒരു ഇന്ത്യയിൽ‌പ്പോലും അവസാനത്തെ ചിരി അവരുടേതായിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. നമ്മളെപ്പോലെയുള്ള മുന്തിയ ജാതിക്കാർക്ക്, അവർണ്ണന്മാരിൽനിന്ന്, അഥവാ, ദളിതുകളിൽനിന്ന് ആക്രമണം നേരിടേണ്ടിവരുന്നതിനെക്കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?

 

ഒന്നാം അങ്കം | രംഗം 3

(സ്റ്റേജിൽ വെളിച്ചം തെളിയുന്നു. ആനന്ദും ബ്രജേഷും തമ്മിൽ, പതിവുമട്ടിലുള്ള ഒരു ടിവി ചർച്ച പുരോഗമിക്കുന്നു. എന്നാൽ, പതിവിന് വിപരീതമായി സ്റ്റുഡിയോയിൽ അതിഥികളൊന്നുമില്ല. പകരം, വിവിധ പാർട്ടികളുടെ, സ്ഥിരമായി സ്റ്റുഡിയോകളിൽ കയറിയിറങ്ങുന്ന രണ്ട് വക്താക്കളുടെ ചിത്രങ്ങൾ മാത്രം, ഒരു സാമൂഹികശാസ്ത്രജ്ഞനും ഒരു രാഷ്ട്രീയ നിരീക്ഷകനും)

ആനന്ദ്: ലോകത്തെ മുഴുവൻ ഞെട്ടിപ്പിച്ച ഒരു വാർത്തയെക്കുറിച്ചുള്ള ഇൻസൈറ്റ് ടിവിയുടെ തുടർച്ചയായ റിപ്പോർട്ടിലേക്ക് പ്രേക്ഷകർക്ക് വീണ്ടും സ്വാഗതം: ഇന്ത്യൻ മുസ്ലിമും സമുദായത്തിന്റെ അപ്രത്യക്ഷമാകൽ നാടകവും. നിങ്ങൾക്കേവർക്കും അറിയാവുന്നതുപോലെ, ഇത് വളരെ സങ്കീർണ്ണവും, ഗൗരവമേറിയ ചർച്ചയും വിവിധ വീക്ഷണകോണുകളിൽനിന്നുള്ള അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും ആവശ്യമുള്ള ഒരു വിഷയമാണ്. നിർഭാഗ്യവശാൽ, ഈ ചർച്ചയിൽ പങ്കെടുക്കാൻ വിവിധ വിദഗ്ദ്ധരും, വ്യാഖ്യാതാക്കളും രാഷ്ട്രീയനേതാക്കന്മാരും വിസമ്മതിച്ചു. അതിനാൽ, ഈ ചർച്ചയിൽ പങ്കെടുക്കേണ്ടിയിരുന്ന ആളുകളുടെ പ്രതീകാത്മകമായ രൂപങ്ങൾ തത്ക്കാലം ഇവിടെ വെക്കാൻ മറ്റ് ചാനലുകളെപ്പോലെ, ഇൻസൈറ്റ് ടി വിയും നിർബന്ധിതരായിരിക്കുകയാണ്.

മുസ്ലിം സമുദായം അപ്രത്യക്ഷമാവുന്നതിലേക്ക് – അതോ ഇന്ത്യ വിടുന്നതിലേക്കെന്നാണോ ഞാൻ പറയേണ്ടത് – നയിച്ച കാര്യങ്ങളെക്കുറിച്ച് സംസാരിക്കാൻ എന്റെ സഹപ്രവർത്തകൻ ബ്രജേഷിനെ ക്ഷണിച്ചുകൊണ്ട് ഞാൻ ആരംഭിക്കുകയാണ്.

ബ്രജേഷ്: നന്ദി ആനന്ദ്. താങ്കളുടെ ചോദ്യത്തിന് ഉത്തരം നൽകണമെങ്കിൽ, നമ്മുടെ ആളുകളും സംവിധാനവും മുസ്ലിങ്ങളോട് ഏതുവിധത്തിലാണ് പെരുമാറിയതെന്ന് പരിശോധിക്കേണ്ടിവരും. (ആനന്ദിനുനേരെ തിരിയുന്നു) ഒരു സമുദായമെന്ന നിലയ്ക്ക് അവരോട് മോശമായ വിധത്തിലാണ് പെരുമാറിയതെന്ന് നമ്മളെല്ലാം സമ്മതിക്കുമെന്ന് എനിക്കുറപ്പുണ്ട്. മഹാനഗരങ്ങളിൽനിന്ന് മാറി, ജില്ലാതലത്തിലെടുത്താൽ, ഏറ്റവും സാമ്പത്തികമായി സുസ്ഥിരമായ സമൂഹം ഇവരാണെന്നതാവാം ഒരുപക്ഷേ ഇതിനുള്ള കാരണം. മുസ്ലിമുകൾ ആട്ടിറച്ചിയും കോഴിയും വില്പന നടത്തി. പലരും സാധാരണക്കാരായ വ്യാപാരികളായിരുന്നു. പ്ലംബർമാരായും, ഇലക്ട്രീഷ്യന്മാരായും എ.സി മെക്കാനിക്കുകളായും, തുന്നൽക്കാരായും അങ്ങിനെ വിവിധ ചെറിയ തൊഴിലുകളായിരുന്നു അവർ ചെയ്തുവന്നത്. നമ്മുടെ രാജ്യം മൗലികമായ ഒന്നാണ്, ആന്തരികമായിത്തന്നെ അസമത്വം നിറഞ്ഞത്. വിരോധാഭാസങ്ങൾ നിരവധിയാണ്. ചില ഹിന്ദുക്കൾ ഇറച്ചി കഴിക്കുന്നവരാണെങ്കിലും, പ്രാദേശികമായ ഇറച്ചി വിൽ‌പ്പനയിൽ അവർ ഉൾപ്പെടുന്നില്ല. എന്നിരുന്നാലും, അവർ ഇറച്ചി കയറ്റുമതിയുടെ മൊത്തക്കച്ചവടത്തിൽ, മുസ്ലിം രാജ്യങ്ങളുമായി ഏർപ്പെടുന്നുമുണ്ട്. മദ്യം വിൽക്കാൻ രണ്ട് വ്യത്യസ്ത വില്പനകേന്ദ്രങ്ങളുള്ള ഒരേയൊരു രാജ്യമാണ് നമ്മുടേതെന്ന് നിങ്ങൾക്കറിയാമോ? പാവപ്പെട്ടവരും, താഴ്ന്ന ജാതിക്കാരും നാടൻ വാറ്റ് വിൽക്കുന്ന മദ്യക്കടകളിൽ പോവുന്നു. ദശലക്ഷക്കണക്കിന് രൂപ സംസ്ഥാനത്തിന് വരുമാനമുണ്ടാക്കിക്കൊടുക്കുന്ന കച്ചവടമാണത്. അതേസമയം, ‘ഇന്ത്യൻ നിർമ്മിത വിദേശമദ്യം’ എന്ന് നമ്മൾ വിളിക്കുന്ന മദ്യം വിൽക്കുന്ന സ്ഥാപനങ്ങളുമുണ്ട്. മുന്തിയതരം വിസ്കിയും, ഇറക്കുമതി ചെയ്ത മദ്യവും വാങ്ങാൻ ധനികർ പോകുന്നത് ഇവിടേക്കാണ്. ഇത് മൗലികമായ ഒന്നാണ്. 1980-കൾവരെ, ഇംഗ്ലണ്ടിൽ, ഒരേ പബ്ബിൽ വ്യത്യസ്ത ഭാഗങ്ങളുണ്ടായിരുന്നു. ഉപരിവർഗ്ഗക്കാർ പോയിരുന്ന സലൂണുകളും, ഡാർട്ടുകളും, സ്നൂക്കറുകളും പോലുള്ള ചെറിയ വിനോദങ്ങളിലേർപ്പെട്ട്, സാധാരണക്കാർക്ക് വിഷം മോന്താനുള്ള മറ്റൊരു ഭാഗവും. എന്നാൽ, രണ്ട് ഭാഗങ്ങളും ഒരേ പൊതുവിടത്തിന്റെ ഭാഗമായിരുന്നു. ഒരേ മദ്യവും ഇരുഭാഗത്തും ലഭ്യവുമായിരുന്നു. സലൂണുകൾ കുറേക്കൂടി ചിലവേറിയതാണെന്നുമാത്രം. വേർതിരിവ്, സ്വന്തമിഷ്ടപ്രകാരമായിരുന്നു. ഒരു ഭാഗത്തുള്ളവർ മറുഭാഗത്തേക്ക് പോവുന്നതിന് വിലക്കുകളൊന്നുമുണ്ടായിരുന്നില്ല. എവിടെയാണോ തങ്ങൾക്ക് സൗകര്യം തോന്നുന്നത്, ആ ഭാഗത്തേക്ക് പോകാം. എന്നാൽ, ഇന്ത്യയിൽ ഈ വേർതിരിവ് ഔപചാരികമായിത്തന്നെ സ്ഥാപനവത്ക്കരിച്ചു. രണ്ടുതരം മദ്യവില്പനശാലകൾ വ്യത്യസ്ത വിഭാഗക്കാർക്കുവേണ്ടിയാണെന്നുമാത്രമല്ല, ആ രണ്ടിലും വിൽക്കുന്ന മദ്യം തന്നെ വെവ്വേറെയായിരുന്നു. ഒന്ന്, ഇരട്ടിത്തവണ ശുദ്ധി ചെയ്തത്, മറ്റേത്, പ്രാകൃതവും ശുദ്ധി ചെയ്യാത്തതും. വിലകൂടിയ മദ്യം വാങ്ങാൻ പാവപ്പെട്ടവനെ നിയമപരമായി വിലക്കിയിട്ടൊന്നുമില്ലെങ്കിലും, വിലകൊണ്ട് അവർക്ക് അവിടേക്ക് അടുക്കാൻ പറ്റില്ല.

ആനന്ദ് (ആശയക്കുഴപ്പത്തിലായ മുഖഭാവത്തോടെ ഇടപെടുന്നു): പക്ഷേ, ഇന്ത്യയിലെ 200 ദശലക്ഷം മുസ്ലിങ്ങളുടെ അപ്രത്യക്ഷമാവലിന് ഇതുമായി എന്ത് ബന്ധമാണുള്ളത്?

ബ്രജേഷ്: ഞാനൊരു കാഴ്ചപ്പാട് അവതരിപ്പിച്ചു എന്നുമാത്രം. മദ്യത്തിനുള്ള വ്യത്യസ്ത കൌണ്ടറുകൾ ഞാൻ സൂചിപ്പിച്ചത്, നമ്മുടെ ഡി എൻ എ യിൽ വർഗ്ഗ-ജാതി വ്യത്യാസങ്ങൾ എങ്ങിനെ അടിസ്ഥാനപരമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നതിനെക്കുറിച്ച് ഒരു രൂപം നൽകുന്നതിനുവേണ്ടിയായിരുന്നു. ഇറച്ചിവില്പനകേന്ദ്രങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് നമ്മൾ ചെയ്തത് എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം. ഇറച്ചിക്കുവേണ്ടി മാത്രമുള്ള കടകളിൽ, നിങ്ങൾക്ക് മുറിച്ച് കഷണങ്ങളാക്കിയ ആട്ടിറച്ചിയും കോഴിയിറച്ചിയും കിട്ടും. പക്ഷേ പോത്തുകളുടെ ശവം മുസ്ലിം കോളനികളിൽ മാത്രമേ നിങ്ങൾക്ക് കാണാനാകൂ. കാരണം, ‘പശു ബെൽറ്റ്‘ എന്നറിയപ്പെടുന്ന സ്ഥലങ്ങളിൽ വിൽക്കുന്നത് പശുമാംസമല്ല. പോത്തിറച്ചി മാത്രമാണ്. പശുവിന്റെ കാര്യത്തിൽ, നമ്മൾ വിഭജിക്കപ്പെട്ട ഒരു രാഷ്ട്രമാണ്. ദില്ലിയിൽനിന്ന് അധികം ദൂരത്തല്ലാതെ, പെഹ്‌ലു ഖാൻ എന്നൊരാളെ, ആൾക്കൂട്ടം തല്ലിക്കൊന്നു. എന്തായിരുന്നു കാരണം? അയാൾ അയാളുടെ വീട്ടിലെ ഫ്രിഡ്ജിൽ, ഭക്ഷിക്കുന്നതിനായി പോത്തിറച്ചി വെച്ചു എന്ന കുറ്റത്തിന്. പൊലീസ് വന്നപ്പോൾ, പെഹ്‌ലു ഖാന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയക്കുകയല്ല ചെയ്തത്, പകരം, ഫ്രിഡ്ജിൽനിന്ന് ഇറച്ചിയെടുത്ത് ഫോറൻസിക് ലാബിലേക്ക് അയയ്ക്കുകയാണ് ചെയ്തത്. ഗോമാംസമാണോ അല്ലേ എന്നറിയാൻ!

ആനന്ദ്: പക്ഷേ ഇവിടുത്തെ വിഷയവുമായി ഇതിനെന്ത് ബന്ധമാണുള്ളത്? നമുക്കെല്ലാവർക്കും അറിയാം, പെഹ്‌ലു ഖാനെ കൊന്നത് തെറ്റായിപ്പോയെന്ന്

ബ്രജേഷ്:  പെഹ്‌ലു ഖാൻ ഒരു ഉദാഹരണം മാത്രമാണ്. വടക്കേ ഇന്ത്യയിൽ ആയിരക്കണക്കിന് പെഹ്‌ലു ഖാന്മാർ ഉണ്ട്. കന്നുകാലികളെ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് തെളിച്ചുകൊണ്ടുപോകുമ്പോൾ, തടയപ്പെടുകയും, ഉപദ്രവിക്കപ്പെടുകയും, മർദ്ദിക്കപ്പെടുകയും ചിലപ്പോൾ കൊല്ലപ്പെടുകപോലും ചെയ്യുന്നവർ. ചിലപ്പോൾ ഇതിലൊരു സാമ്പത്തികവശവും ഉണ്ടാകാറുണ്ട്- ഞങ്ങൾക്ക് പൈസ തന്നാൽ പശുക്കളെ കൊണ്ടുപോകാൻ സമ്മതിക്കാമെന്ന്.

ആനന്ദ് (ക്ഷമകെടുന്നതിന്റെ ലക്ഷണത്തോടെ): എന്തിനാണ് നിങ്ങൾ മുസ്ലിങ്ങളെക്കുറിച്ച് മാത്രം എടുത്തുപറയുന്നത്? ഉയർന്ന ജാതിക്കാരായ സ്ത്രീകളെ വിവാഹം ചെയ്തതിന് മർദ്ദിക്കപ്പെടുകയും, പീഡിപ്പിക്കപ്പെടുകയും, കൊല്ലപ്പെടുകയും ചെയ്യുന്ന ദളിതുകളില്ലേ? സ്ത്രീകളേയും വെറുതെ വിടാറില്ല. ഇനി, ആൾക്കൂട്ടക്കൊലയുടെ കാര്യമാണെങ്കിൽ, ഗുജറാത്തിലെ ഉനയിൽ ഒരുകൂട്ടം ദളിത് പുരുഷന്മാർക്ക് സംഭവിച്ചത് ഞാൻ പ്രത്യേകം ഓർമ്മിപ്പിക്കണോ?

ബ്രജേഷ് (കൂടുതൽക്കൂടുതൽ ആവേശത്തോടെ): തീർച്ചയായും, ഉന സംഭവം എനിക്കറിയാം. ഏഴ് ദളിത് പയ്യന്മാർ ചത്ത പശുവിന്റെ ശവം കൊണ്ടുപോവുകയായിരുന്നു. ദളിതുകളിൽത്തന്നെ ഒരു പ്രത്യേക ജാതിക്കാർ മാത്രമാണ് മൃഗങ്ങളുടെ ശവങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്തായാലും, ഗോസംരക്ഷകരെന്ന് സ്വയം ചമഞ്ഞ്, ലാത്തിയും, പൈപ്പും, കത്തികളുമൊക്കെയായി ചിലയാളുകൾ ഈ ചെറുപ്പക്കാരെ തടഞ്ഞുനിർത്തി. ഈ ഏഴ് ദളിതരും അവരോട് കെഞ്ചി. തങ്ങൾ ചാമറുകളാണെന്നും, ചത്ത മൃഗങ്ങളുടെ തൊലി ഉരിയുന്നത് തങ്ങളുടെ തൊഴിലാണെന്നും, അതിനുവേണ്ടിയാണ് ചത്ത പശുവിനെ കൊണ്ടുപോകുന്നതെന്നും ഒക്കെ. ആ ഏഴുപേരെ, കാറിൽ കെട്ടിവലിച്ച്, ഒരു ദാക്ഷിണ്യവുമില്ലാതെ തല്ലിച്ചതച്ച്, ഉനയിലേക്ക് കൊണ്ടുപോയി, ആൾക്കൂട്ടത്തിന്റെ മുമ്പിൽ‌വെച്ച്, ചാട്ടവാറുകൊണ്ടും ലാത്തികൊണ്ടും തല്ലി പതം വരുത്തി. പൊലീസ് വന്നപ്പോൾ അക്രമികൾ പുഷ്പം‌പോലെ ഊരിപ്പോവുകയും ചെയ്തു.

ആനന്ദ്: ഞാൻ ഇതുതന്നെയാണ് പറഞ്ഞുവന്നത് – മുസ്ലിങ്ങൾ മാത്രമല്ല അനുഭവിക്കുന്നവരെന്ന്. എല്ലായിടത്തും അക്രമങ്ങളുണ്ട്. പക്ഷേ അക്രമങ്ങളിൽ മുസ്ലിങ്ങൾ ഇരയാവുമ്പോൾ മാത്രം, അതിനെ വർഗ്ഗീയസംഘർഷമായി വിലയിരുത്തും.

ബ്രജേഷ്: സത്യമാണ്. പക്ഷേ വലിയൊരു വ്യത്യാസമുണ്ട്. ദളിതുകൾക്കുനേരെയുള്ള അക്രമങ്ങളുടെ വേരുകൾ സാമൂഹികമായ മുൻ‌വിധികളിലാണ് കിടക്കുന്നത്. ദളിതുകൾ അല്പം മുകളിലേക്ക് വളരാൻ ശ്രമിക്കുന്നതുപോലും വിദ്വേഷത്തോടെയാണ് നോക്കിക്കാണുന്നത്. ജാതിശ്രേണിയിൽ അവർക്ക് നിശ്ചയിച്ചിട്ടുള്ള സ്ഥാനത്ത് അവർ നിൽക്കണം. സവർണ്ണരുടെ ഔദാര്യത്തോടെ.

ആനന്ദ് (വിഷയവും ചർച്ചയും മാറിപ്പോവുന്നതിലുള്ള അസ്വസ്ഥതയോടെ): മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകലിലേക്ക് വരുമ്പോൾ, നമ്മൾ ഒരു വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണോ?

ബ്രജേഷ്: ഇത് വിപ്ലവംതന്നെയാണ്. മുസ്ലിങ്ങൾ അപ്രത്യക്ഷമായതിൽ‌പ്പിന്നെ, മുസ്ലിങ്ങളുടെ സ്വത്തുക്കളും കടകളും വ്യാപാരസ്ഥാപനങ്ങളും ഏറ്റെടുക്കാൻ മാത്രം ധൈര്യം താഴ്ന്ന ജാതിക്കാർക്ക് ഉണ്ടായിരിക്കുന്നു. മുസ്ലിങ്ങളുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു എരുമത്തൊഴുത്തും ബംഗ്ലാവും അവർ ഏറ്റെടുത്തതിന് ഞങ്ങൾ കുറച്ച് മുമ്പ് സാക്ഷികളാവുകയുണ്ടായി. ഇത് രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടക്കുന്നുണ്ടാവണം. ഇതെല്ലാം കൂട്ടിവായിക്കുമ്പോൾ ഒരു വിപ്ലവം നടക്കുന്നുണ്ടെന്നുവേണം പറയാൻ.

ആനന്ദ്: ഈ വിപ്ലവം വിജയിക്കുമോ?

ബ്രജേഷ്: മുസ്ലിങ്ങൾ തിരിച്ചുവരാതിരുന്നാൽ മാത്രം.

ആനന്ദ്: അവരോട് കാണിച്ച അതിക്രമങ്ങൾ കാരണം, സ്വന്തം നാട് ഉപേക്ഷിച്ചുപോകാൻ അവർ നിർബന്ധിതരായതെന്നും, അവരിനി തിരിച്ചുവരാൻ ഇടയില്ലെന്നും നിങ്ങൾ സൂചിപ്പിക്കുന്നതായി തോന്നുന്നു.

ബ്രജേഷ്: അതെ, അവർക്ക് തുല്യാവകാശങ്ങൾ ഉറപ്പുവരുത്തുന്ന ഒരു ഭരണഘടനയുണ്ടെങ്കിലും, അത് കടലാസ്സിൽ മാത്രമേയുള്ളു.

ആനന്ദ്(തന്റെ അസംതൃപ്തി പ്രകടിപ്പിച്ചുകൊണ്ട്): ബ്രജേഷ് ജി, താങ്കൾക്ക് സമനില നഷ്ടമാവുന്നു…

ബ്രജേഷ്: ഇല്ല. എനിക്ക് നഷ്ടപ്പെടുന്നില്ല. കുറേക്കാലമായി ഈ അനീതി നടന്നുകൊണ്ടിരിക്കുകയാണ്. 1947-ൽ വിഭജനം നടന്ന്, ഇന്ത്യ സ്വതന്ത്രമായത് മുതൽക്ക്. നമ്മുടെ ഭരണഘടന അതുണ്ടാക്കിയവരെപ്പോലെത്തന്നെ വളരെ നല്ല ഒന്നായിരുന്നു. നമ്മുടെ ഭരണഘടനയുടെ ആമുഖം നിങ്ങളേയും പ്രേക്ഷകരേയും വായിച്ചുകേൾപ്പിക്കേണ്ടിവരുന്നതിൽ എനിക്ക് ദു:ഖമുണ്ട്. പക്ഷേ അത് ചെയ്തില്ലെങ്കിൽ, ആർക്കുമത് മനസ്സിലാവില്ല.

(ഒരു ജഡ്ജി വിധി പ്രസ്താവിക്കുന്നതുപോലെ ഔപചാരികമായ ശൈലിയിലും ഉറക്കെയും വായിക്കുന്നു).

ഇന്ത്യയിലെ ജനങ്ങളായ നാം, ഇന്ത്യയെ ഒരു പരമാധികാര സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ളിക്കായി സംവിധാനം ചെയ്യുവാനും;

അതിലെ പൗരന്മാർക്കെല്ലാം സാമൂഹ്യവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും;

ചിന്തയ്ക്കും ആശയ പ്രകടനത്തിനും വിശ്വാസത്തിനും മതനിഷ്ഠയ്ക്കും ആരാധനയ്ക്കും ഉളള സ്വാതന്ത്ര്യവും;

പദവിയിലും അവസരത്തിലും സമത്വവും സംപ്രാപ്തമാക്കുവാനും;

അവരുടെയെല്ലാപേരുടെയുമിടയിൽ വ്യക്തിയുടെ അന്തസും രാഷ്ട്രത്തിൻറെ ഐക്യവും സുനിശ്ഛിതമാക്കിക്കൊണ്ട് സാഹോദര്യം പുലർത്തുവാനും

സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണ ഘടനാ നിർമ്മാണസഭയിൽ ഈ 1949 നവംബർ 26-ാം ദിവസം ഇതിനാൽ ഈ ഭരണ ഘടനയെ സ്വീകരിക്കുകയും അധിനിയമം ചെയ്യുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു.

ആനന്ദ് (പെട്ടെന്ന് വിഷയം മാറ്റി): നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യം എനിക്ക് മനസ്സിലായി. നമുക്ക് നമ്മുടെ നെഞ്ചിൽ കൈവെച്ച് പറയാൻ കഴിയുമോ നമ്മൾ ഭരണഘടനയോട് സത്യസന്ധത പുലർത്തുന്നു എന്ന്? ഇവിടെ നിയമത്തിന് എന്തെങ്കിലും വിലയുണ്ടോ? (ശബ്ദമുയർത്തി) കൊലപാതകികൾ, ബലാത്സംഗികൾ, ആൾക്കൂട്ടക്കൊലയാളികൾ, ഭൂമി പിടിച്ചെടുക്കുന്നവർ, അഴിമതിക്കാരായ രാഷ്ട്രീയക്കാർ, വിചാരണയില്ലാത്ത ജയിലുകൾ..ഒരു രാഷ്ട്രം എന്ന നിലയ്ക്ക് നമ്മൾ ഇതൊക്കെയായിക്കഴിഞ്ഞിരിക്കുന്നു. അതിനുശേഷം വേണം, വർഗ്ഗീയമായ അനീതി അനുഭവിക്കേണ്ടിവരുന്ന മുസ്ലിങ്ങളെക്കുറിച്ച് ആലോചിക്കാൻ. അവർ പോയതിൽ ഒരത്ഭുതവുമില്ല.

ബ്രജേഷ് (സഹപ്രവർത്തകന്റെ മാറിയ നിലപാട് കണ്ടുകൊണ്ട്): രാജ്യത്തിന്റെ മുകളിൽ ഒരു കറുത്ത മേഘം പ്രത്യക്ഷമായെന്നുവെച്ച് ഒരു വലിയ വിഭാഗം ജനസമുദായം പെട്ടെന്നങ്ങോട്ട് അപ്രത്യക്ഷമാവുമോ?

ആനന്ദ്: രാജ്യത്തിന്റെ മുകളിൽ മേഘങ്ങൾ തീർച്ചയായും പ്രത്യക്ഷപ്പെടുന്നുണ്ട്. പക്ഷേ കൂടുതൽ കറുത്ത മേഘങ്ങൾ മുസ്ലിങ്ങളുടെ മുകളിലും പ്രത്യക്ഷപ്പെടുന്നുണ്ട്. എന്തായാലും, വെറുതെ ഈ വിഷയത്തിൽ കിടന്ന് ചുറ്റിക്കളിക്കാതെ, നമുക്ക് വാർത്തയിലേക്ക് വരാം..ഒരത്ഭുതം സംഭവിച്ചിരിക്കുന്നു – ലോകത്ത് എവിടേയും നടന്നിട്ടില്ലാത്ത ഒരത്ഭുതം.

ബ്രജേഷ് (കുറച്ച് മുമ്പ് താൻ സൂചിപ്പിച്ച വിഷയം വീണ്ടും ഏറ്റെടുത്തുകൊണ്ട്): മുസ്ലിങ്ങൾ കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്ന് നമുക്കറിയാം. എന്നാലും, ആത്യന്തികമായ സത്യം നമ്മൾ വെളിവാക്കുകതന്നെ വേണം. ഇങ്ങനെ ഒന്നടങ്കം പലായനം ചെയ്തതുകൊണ്ട് അവർ എന്താണ് നേടിയത്?

ആനന്ദ് (ഇടപെട്ടുകൊണ്ട്): ബ്രജേഷ്, ഇടപെടുന്നതിൽ ക്ഷമിക്കണം. പക്ഷേ നമ്മുടെ സമയം അതിക്രമിച്ചതായി തോന്നുന്നു. ഏറ്റവും പുതിയ വാർത്തകളുമായി കാത്തിരിക്കുന്ന അർച്ചനയിലേക്ക് പോകാൻ നമുക്ക് സമയമായി.

(വെളിച്ചം മങ്ങി വീണ്ടും തെളിയുന്നു. നമ്മൾ ഇപ്പോൾ സ്റ്റുഡിയോയിലാണ്. എന്നാൽ, ആദ്യത്തെ പ്രൈം ചർച്ചയ്ക്ക് ശേഷം ഇപ്പോൾ അന്തരീക്ഷം കൂടുതൽ അനൗപചാരികമായിട്ടുണ്ട്. ന്യൂസ് ഡെസ്കിൽനിന്നുള്ള ഒരു പത്രപ്രവർത്തകൻ തിരക്കിട്ട് വന്ന്, ആവേശത്തോടെ, അടക്കിപ്പിടിച്ച് സംസാരിക്കുന്നു).

പത്രപ്രവർത്തകൻ: കോടതിയിൽ ആകെ ബഹളമാണ്. സാക്ഷിക്കൂട്ടിലേക്ക് കയറുന്നതിന് തൊട്ടുമുമ്പ്, റെഹ്മാനി സഹോദരന്മാരെ വെടിവെച്ചിരിക്കുന്നു.

ആനന്ദ്: ആരാണവരെ കൊന്നത്? കൊലപാതകികളെ അറസ്റ്റ് ചെയ്തോ?

ബ്രജേഷ് (ലാപ്ടോപ്പിൽനിന്ന് മുഖമുയർത്തിക്കൊണ്ട്): ന്യൂസ് വന്നിട്ടുണ്ട്. കൊല ചെയ്തയാൾ – ഒരാളേയുള്ളു – മുസ്ലിമാണെന്ന് അവർ പറഞ്ഞുകഴിഞ്ഞു.

പത്രപ്രവർത്തകൻ: കോടതിയിലുണ്ടായിരുന്ന എല്ലാവരും പറയുന്നത്, കൊലപാതകിയെ കാണാൻ മുസ്ലിമിനെപ്പോലെയുണ്ട് എന്നാണ്. പക്ഷേ സർ, രാജ്യത്ത് ഒരു മുസ്ലിമും ബാക്കിയില്ലെന്നാണല്ലോ എന്നോട് പറഞ്ഞിരുന്നത്?

ബ്രജേഷ്: എല്ലാ മുസ്ലിങ്ങളും പോയിട്ടില്ല. കുറ്റവാളികളേയും, കൊലപാതകികളേയും ബലാത്സംഗികളേയും അവർ അവശേഷിപ്പിച്ചിട്ടുണ്ട് (ഒന്ന് നിർത്തി) പക്ഷേ റഹ്മാനി സഹോദരന്മാർ….അവരെ കൊല്ലാൻ ആരാണ് ആഗ്രഹിക്കുക?

ആനന്ദ്: നിങ്ങൾ പറഞ്ഞുവരുന്നത് എന്താണ്?

ബ്രജേഷ്: എന്തെങ്കിലും മറച്ചുപിടിക്കാൻ, അവരുടെയിടയിലെ ആരെങ്കിലുമായിരിക്കും അത് ചെയ്തിരിക്കുക.

(പത്രപ്രവർത്തകന്റെ മൊബൈൽ ഫോൺ ശബ്ദിക്കുന്നു. അയാൾ ധൃതിയിൽ സന്ദേശം വായിക്കുന്നു).

പത്രപ്രവർത്തകൻ (ആവേശത്തോടെ): മാധ്യമങ്ങൾ കോടതിയുടെ പുറത്തുള്ള ഒരു ആംബുലൻസിനെ..പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽനിന്നുള്ളതാണ് – വളഞ്ഞിട്ടുണ്ട്.

ആനന്ദ്: പാക്കിസ്ഥാനികൾക്ക് എന്താണ് വേണ്ടത്?

പത്രപ്രവർത്തകൻ: അവരുടെ മൃതദേഹം, സർ. അവർ റഹ്മാനി സഹോദരന്മാരുടെ ശരീരത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.

(സമനില തെറ്റുന്നതുപോലെ ആനന്ദ് ചിരിക്കുന്നു)

ആനന്ദ്: ഇത് അതിശയകരമായിരിക്കുന്നല്ലോ..ഇനി ഇത് പാക്കിസ്ഥാന്റെ എന്തെങ്കിലും സമാധാനാശ്രമത്തിനുള്ള മുന്നൊരുക്കമോ മറ്റോ ആണോ?

ബ്രജേഷ്: എന്ത് സമാധാനം? എന്ത് മുന്നൊരുക്കം?

ആനന്ദ് (സാവധാനം, ആലോചിച്ചുറച്ച്): ഇന്ന്, അവർക്ക് ഒരു മുസ്ലിം വിമുക്ത ഇന്ത്യയെ കിട്ടിയിരിക്കുന്നു. അതായത്, ഒരു മുസ്ലിം പാക്കിസ്ഥാന് പകരമായുള്ള ഒരു ഹിന്ദു ഇന്ത്യ. അവരുടെ സ്വപ്നം സത്യമായിരിക്കുന്നു. മുമ്പ്, ഒരു മതേതര ഇന്ത്യയുടെ വിജയം, മതരാഷ്ട്ര പാക്കിസ്ഥാന് ഭീഷണിയായിരുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ച് കഴിയുന്നത്, പാക്കിസ്ഥാൻ എന്ന ആശയത്തിനുതന്നെ എല്ലാക്കാലത്തും വെല്ലുവിളി ഉയർത്തിയിരുന്നു.

ബ്രജേഷ്: അങ്ങിനെ അവസാനം, മതേതരമല്ലാത്ത, ഒരു ഹിന്ദു ഇന്ത്യയുമായി ഏർപ്പെടേണ്ടിവരുന്നതിൽ പാക്കിസ്ഥാന് ആശ്വാസം തോന്നുന്നുണ്ടാവണം. ഇതുകൊണ്ടായിരിക്കുമോ അവർ സമാധാനത്തിനുള്ള ശ്രമത്തിന് തയ്യാറാവുന്നത്?

ആനന്ദ്: രണ്ട് തീവ്രവാദികളുടെ ശരീരത്തിന് അവകാശം ഉന്നയിക്കുന്നതിലൂടെ, പാക്കിസ്ഥാൻ ഒരു കാര്യം തുറന്ന് സമ്മതിക്കുകയാണ്: റഹ്മാനി സഹോദരന്മാർ അവരുടെ ആളുകളാണെന്ന്. അവരുടെ ശരീരം ഞങ്ങൾക്ക് തരൂ എന്ന്. തീവ്രവാദത്തിൽ അവരുടെ പങ്കിന്റെ തുറന്നുപറച്ചിലാണത്.

പത്രപ്രവർത്തകൻ: ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങൾ അവർ കശ്മീരിലേക്ക് കൊണ്ടുപോയി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.

ബ്രജേഷ്: കശ്മീർ ഇപ്പോൾ പാക്കിസ്ഥാനികളുടെ ശ്മശാനമാണോ?

ആനന്ദ്: ഇത് ആകെ കുഴക്കുകയാണല്ലോ..ഹിന്ദു ഇന്ത്യയുടെ സൃഷ്ടിയിൽ അവർ ആനന്ദിക്കുകയാണെങ്കിൽ, അതിനർത്ഥം, ഇന്ത്യൻ മുസ്ലിമുകളോടൊപ്പം  മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരും  മൊത്തമായി അപ്രത്യക്ഷമായി എന്നാണ്.

ബ്രജേഷ്: ഒന്ന് വിശദമാക്കൂ..

ആനന്ദ്: അത്, പാക്കിസ്ഥാനുമായി ഭൂമിശാസ്ത്രപരമായി തുടർച്ചയുള്ള മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ കശ്മീരിൽ ഹിന്ദു ഇന്ത്യയ്ക്ക് അവകാ‍ശമുന്നയിക്കാൻ സാധിക്കുമോ?

ബ്രജേഷ്: നിങ്ങൾ..നിങ്ങൾ..ഇപ്പോൾ..ജിന്നയെപ്പോലെയാണല്ലോ വാദിക്കുന്നത്?

ആനന്ദ്: ജിന്നയുടെ ന്യായമനുസരിച്ചാണെങ്കിൽ, ഭൂമിശാസ്ത്രപരമായ തുടർച്ചയുടെ തത്ത്വത്തിൽ, കശ്മീർ പാക്കിസ്ഥാന്റെ കൂടെയായിരിക്കും. അതുകൊണ്ട് നമുക്ക് എളുപ്പവഴി എടുക്കാം..കശ്മീരും അപ്രത്യക്ഷമായെന്ന് നമുക്ക് അനുമാനിക്കാം.

ബ്രജേഷ്: എന്താണിതിന്റെയൊക്കെ അർത്ഥം..?

(വേദിയിലെ പ്രകാശം മങ്ങുന്നു)

 

ഒന്നാം അങ്കം | രംഗം 4

(ഒരു സാധാരണ ഉപരി മദ്ധ്യ-വർഗ്ഗ കുടുംബം. സ്റ്റേജിന്റെ മുമ്പിലായി വരാന്തയിലേക്ക് നയിക്കുന്ന ഒരു ചെറിയ പോർട്ടിക്കോയും, സ്വീകരണമുറിയിലേക്ക് തുറക്കുന്ന, ഇരുവശങ്ങളിലേക്ക് നീങ്ങുന്ന വാതിലുമുണ്ട്. വാതിലും കർട്ടണുകളും തുറക്കുമ്പോൾ കാണുന്ന സ്വീകരണമുറിയാണ് വേദിയിൽ നിറഞ്ഞുനിൽക്കുന്നത്. രംഗം തുടങ്ങുമ്പോൾ, സത്യം എന്ന വീട്ടുജോലിക്കാരൻ, വരാന്തയിലേക്കുള്ള രണ്ട് ചവിട്ടുപടികൾ കയറുകയാണ്. ചൂരൽക്കസേരകളും സോഫകളും പൊടിതട്ടി, അയാൾ ഇടതുഭാഗത്തേക്ക് മറയുന്നു. സാരി ധരിച്ച്, മുടി പിന്നിലേക്ക് കെട്ടിവെച്ച അനിത, പ്രധാനവാതിൽ തുറന്ന് വരാന്തയിലേക്ക് വരുന്നു)

(വെളിയിൽ, അല്പം ദൂരെനിന്ന് ഒരു ശബ്ദം കേൾക്കാം)

“നസീമുദ്ദീൻ നീ എവിടെയാണ്..നസീമുദ്ദീൻ”..പ്രായം ചെന്ന ഒരാൾ കരയുന്ന ശബ്ദം കേൾക്കുന്നുണ്ട്.

അനിത: സത്യം, അത് അച്ഛന്റെ ശബ്ദമാണോ?

(അവരുടെ ശ്വശുരൻ, ശുക്ലാജി, കഞ്ഞിപിഴിഞ്ഞ ധോത്തിയും, നെറ്റിയിൽ ഒരു പൊട്ടുമായി, സഹായിയുടെ കൈപിടിച്ച് പതുക്കെപ്പതുക്കെ നടന്നുവന്ന് ഇടതുഭാഗത്തുള്ള സോഫയിലിരിക്കുന്നു. സത്യം ഒരു സ്റ്റെയിൻലെസ്സ് സ്റ്റീൽ പാത്രത്തിൽ വെള്ളം കൊണ്ടുവന്ന്, സോഫയുടെ കൈപ്പിടിയിൽ വെക്കുന്നു).

അനിത ഒരു ഗ്ലാസ്സെടുത്ത് ശുക്ലാജിക്ക് നൽകുന്നു)

അനിത: എന്ത് പറ്റി അച്ഛാ?

ശുക്ലാജി: എല്ലാം നശിച്ചു മോളേ..നശിച്ചു..നസീം പോയി.

അനിത: അച്ഛാ, നസീം ചാച്ച അപ്രത്യക്ഷമായെന്നുവെച്ച് നമ്മൾ എങ്ങിനെയാണ് നശിക്കുന്നത്?

ശുക്ലാജി: നിനക്ക് മനസ്സിലാവുന്നില്ലേ..എല്ലാം മാറിക്കഴിഞ്ഞു.

അനിത: ഓ, ഇലക്ഷനുവേണ്ടി, നസീം ചാച്ച നമ്മുടെ പാർട്ടിയിൽ നിക്ഷേപിച്ച പണത്തിന്റെ കാര്യമോർത്താണോ അങ്ങ് പരിഭ്രമിക്കുന്നത്? (ഒന്ന് നിർത്തി), ശരിയാണ്, മറ്റ് മുസ്ലിങ്ങളെപ്പോലെ അദ്ദേഹവും പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ബേക്കറികളും ബിസ്ക്കറ്റ് ഫാക്ടറികളും നല്ല പൈസ വാരിക്കൂട്ടിയിട്ടുമുണ്ട്. പക്ഷേ അതിന്റെ നല്ലവശത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ..അദ്ദേഹത്തിന്റെ ബിസിനസ്സും, സ്വത്തും, ഭൂമിയുമെല്ലാം ഇനി നമ്മുടെ ന്യൂ സോഷ്യലിസ്റ്റ് പാർട്ടിയിലെ പാവങ്ങൾക്കിടയിൽ വിതരണം ചെയ്യാമല്ലോ.

സത്യം (ഇടയിൽക്കയറി): മാഡം പറഞ്ഞത് ശരിയാണ്. ഇനി അത് പാവങ്ങളുടെ കൈയ്യിലെത്തും.

അനിത: നോക്കൂ അച്ഛാ..സത്യം പോലും അക്കാര്യം സമ്മതിക്കുന്നു. മുസ്ലിങ്ങൾ ഉപേക്ഷിച്ചുപോയ എല്ലാ സ്വത്തും ഇനി നമ്മുടെ കൈയ്യിലെത്തും. നീതിപൂർവ്വമായി വിതരണം ചെയ്യാൻ.

ശുക്ലാജി (മരുമകളെ ദേഷ്യവും, വേദനയും, പരിഹാസവും കലർന്ന ഭാവത്തോടെ നോക്കിക്കൊണ്ട്): നീ പറയുന്നത്, നമ്മളെല്ലാവരും ഇനി അയാളെപ്പോലെ ആവണമെന്നാണോ..ഓ..എന്താണ് അയാളുടെ പേര്..(വിരൽ ഞൊടിക്കുന്നു)..മദ്ധ്യേന്ത്യയിലെ കൊള്ളക്കാരെയും നക്സലൈറ്റുകളെയും പോലെയുള്ളവൻ…ആ പേര് എന്റെ നാവിൻ‌തുമ്പത്തുണ്ട്..ഹാ..റോബിൻ‌ഹുഡ്..പണക്കാരെ കൊള്ളയടിച്ച് പാവപ്പെട്ടവരെ സഹായിക്കുന്നവൻ..

അനിത (ഭർത്തൃപിതാവിന്റെ പ്രതികരണം കണ്ട് അത്ഭുതത്തോടെ): നമ്മളാരേയും കൊള്ളയടിക്കുന്നില്ല. ഒരുപക്ഷേ നമ്മുടെ കൊള്ളരുതായ്മകൾകൊണ്ട് മുസ്ലിങ്ങൾ പോയി. അത് ലജ്ജാകരവും നാണക്കേടുമാണ്. പക്ഷേ ഇപ്പോൾ അവരിവിടെ ഇല്ലാത്ത സ്ഥിതിക്ക്, കഴിഞ്ഞുപോയതിനെക്കുറിച്ച് സങ്കടപ്പെടാതെ നമ്മൾ ഭാവിയിലേക്ക് നോക്കണം.

(ശുക്ലാജി എഴുന്നേറ്റ് ശക്തിയായി ചുമക്കുന്നു. അനിത അദ്ദേഹത്തിന്റെ ഒരു കൈപിടിച്ച് താങ്ങുന്നു. സത്യം മറുകൈയ്യും പിടിക്കുന്നു. അവർ അദ്ദേഹത്തെ പതുക്കെ വിരുന്നുമുറിയിലേക്ക് കൊണ്ടുപോകുന്നു. അവരകത്തേക്ക് പ്രവേശിച്ചയുടൻ ഡോർബെൽ മുഴങ്ങുന്നു. ആരാണെന്ന് നോക്കാൻ സത്യം പുറത്തേക്ക് പോവുന്നു. എരുമത്തൊഴുത്തിന്റെ അവകാശം കിട്ടിയ, പുതിയ ദളിത്  കൗൺസിലറായ ചോട്ടേലാലായിരുന്നു അത്).

ചോട്ടേലാൽ (വിനീതമായ കൈകൂപ്പിക്കൊണ്ട്): ശുക്ലാജി ഉണ്ടോ അകത്ത്?

സത്യം (പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ട് അത്ഭുതത്തോടെ): വെയ്റ്റ് ചെയ്യ് (അകത്തുപോവുന്നു. ചോട്ടേലാൽ വരാന്തയുടെ വലതുഭാഗത്തുള്ള സോഫയിൽ ഇരുന്നുകൊണ്ട് പരിഭ്രമിച്ച് ചുറ്റും നോക്കുന്നു. ഒരു കാർ വരുന്ന ശബ്ദം കേൾക്കാം. ബ്രജേഷ് രംഗത്തേക്ക് വന്ന് ചോട്ടേലാലിനെ അത്ഭുതത്തോടെ നോക്കുന്നു. ചോട്ടേലാലാകട്ടെ, പരിഭ്രമിച്ച് എഴുന്നേറ്റ് വീണ്ടും ഇരിക്കുന്നു. ബ്രജേഷ് വിരുന്നുമുറിയിലേക്ക് പോയി അച്ഛൻ ശുക്ലാജിയുടെയടുത്ത് ഇരിക്കുന്നത് കാണാം).

ബ്രജേഷ് (ശുക്ലാജിയോട്): കൗൺസിലർ പുറത്ത് കാത്തിരിക്കുന്നുണ്ട്.

ശുക്ലാജി: എന്താണയാളുടെ പേര്?

ബ്രജേഷ്: എനിക്കോർമ്മവരുന്നില്ല (സത്യത്തിനോട്) സത്യം, അച്ഛനെ കാണാൻ കാത്തിരിക്കുന്നയാളുടെ പേരെന്താണ്?

സത്യം: ചോട്ടേലാൽ.

(ആകെ രോഷംകൊണ്ടപോലെ ശുക്ലാജി എഴുന്നേൽക്കുന്നു)

ശുക്ലാജി: മരുമകളേ, നീ എന്നോട് ചോദിച്ചല്ലോ, എന്ത് മാറ്റമാണ് ഉണ്ടായതെന്ന്. ഞാൻ നിനക്ക് കാണിച്ചുതരാം. (സത്യത്തിനോട്) ചോട്ടേലാലിനോട് വരാൻ പറയൂ.

(ആകെ പരിഭ്രാന്തനായ ചോട്ടേലാൽ സംശയിച്ച് സംശയിച്ച് നടന്നുവരുന്നു. ബഹുമാനം കാണിക്കാനെന്നവണ്ണം അയാൾ തൊപ്പിയൂരുന്നു. ശുക്ലാജി സംസാരിക്കുന്നത് അതിഥിയോടാണെങ്കിലും, പുത്രവധു കേൾക്കാനെന്നവണ്ണമാണ് അദ്ദേഹത്തിൻ്റെ സംസാരം)

ശുക്ലാജി: കഴിഞ്ഞയാഴ്ച വരെ നീ ഗേറ്റിന് പുറത്തായിരുന്നു നിന്നിരുന്നത്. സത്യം വന്ന് വാതിൽ തുറന്നാലേ നീ അകത്ത് വരാൻ ധൈര്യപ്പെടുമായിരുന്നുള്ളു. അതായിരുന്നു പതിവ്. പക്ഷേ ഇപ്പോൾ എല്ലാം മാറിമറിഞ്ഞതായി ഞാൻ മനസ്സിലാക്കുന്നു. ഞാൻ നിന്നെ കുറ്റപ്പെടുത്തുകയല്ല. പക്ഷേ നീ അതിനെക്കുറിച്ച് ആലോചിച്ചുനോക്ക്. ശരിയാണ്, ഞാൻ നിന്നെ അകത്തേക്ക് വിളിച്ചു. പക്ഷേ, സത്യത്തിന്റെ അനുവാദം ചോദിക്കാതെതന്നെ നീ പുറത്തെ കസേരയിൽ ഇരുന്നില്ലേ? അനിതാ, കാണുന്നുണ്ടോ മാറ്റങ്ങൾ?

ബ്രജേഷ്(മൊബൈലിൽ തിരക്കിട്ട് ശ്രദ്ധിച്ചുകൊണ്ട്): അച്ഛാ, കോടതിയിൽ വലിയ നാടകങ്ങൾ നടക്കുന്നുണ്ട്..റഹ്മാനി സഹോദരന്മാർ..

ശുക്ലാജി (രൂക്ഷമായി ഇടപെട്ടുകൊണ്ട്): റഹ്മാനി സഹോദരന്മാരെ മറന്നുകള..നാടകം ഇവിടെയാണ് നടക്കുന്നത്. ചോട്ടേലാൽ എന്ന ഈ മനുഷ്യൻ, ഇന്നലെവരെ നമ്മുടെ വരാന്തയിൽ കയറാൻ ധൈര്യപ്പെടാതിരുന്ന മനുഷ്യൻ, ഇന്ന് എന്റെ എന്റെ കസേരയിലിരുന്നു..നിന്റെ അച്ഛന്റെ കസേരയിൽ. ഇപ്പോൾ നമ്മുടെ വിരുന്നുമുറിയിലും അയാളെത്തി.

ശുക്ലാജി (ചോട്ടേലാലിനുനേരെ തിരിഞ്ഞ്, പരിഹാസത്തോടെ): അങ്ങ് ദയവായി ഇരുന്നാലും..

ചോട്ടേലാൽ (വിനയം കാണിക്കാനെന്നവണ്ണം, കൂപ്പുകൈയ്യോടെ): ഇല്ല സർ..ഞാൻ അങ്ങയുടെ അനുഗ്രഹം വാങ്ങാൻ‌വേണ്ടി മാത്രം വന്നതാണ്. ഈ വാർഡിന്റെ കൗൺസിലറായി എന്നെ തിരഞ്ഞെടുത്ത കാര്യം അങ്ങ് അറിഞ്ഞുകാണുമല്ലോ.

ശുക്ലാജി: ആരാണ് തിരഞ്ഞെടുത്തത്?

ചോട്ടേലാൽ: ദളിത് സമാജം..

ശുക്ലാജി:ഓ…അതെ,,സമാജം..(‘ജം’ എന്ന വാക്ക് ഊന്നിപ്പറയുന്നു, സംസ്കൃതത്തിലെ അതിന്റെ അർത്ഥം സൂചിപ്പിക്കാൻ. ഒരു നീണ്ട അർത്ഥഗർഭമായ മൗനം വേദിയിൽ നിറയുന്നു)

ചോട്ടേലാൽ: എനിക്ക് അങ്ങയുടെ അനുഗ്രഹം വേണം സർ.

ശുക്ലാജി (രോഷത്തോടെ): എന്തിനുള്ള അനുഗ്രഹം..പോയി ആ കസേരയിലിരിക്ക്..ഞാനാണ് പറയുന്നത്..ആ കസേരയിലിരിക്ക്!

(ചോട്ടേലാൽ മരവിച്ചതുപോലെ കസേരയിലിരിക്കുന്നു. അനിതയും ബ്രജേഷും ചേർന്ന് ശുക്ലാജിയെ കൊണ്ടുപോവുന്നു. ചോട്ടേലാൽ ഒന്നും മനസ്സിലാകാതെ നോക്കുന്നു. മുറിയുടെ അറ്റത്തുള്ള ശുക്ലാജിയുടെ ഒരു ചിത്രത്തിൽ അയാളുടെ കണ്ണുകളുടക്കി. അയാൾ പ്രതിമപോലെ ഇരുന്നു. പതുക്കെ, വലതുകാൽ, ഇടതുകാലിന്റെ മുകളിൽ കയറ്റിവെച്ച് അയാൾ സ്വസ്ഥമായി ഇരിക്കാൻ തുടങ്ങി)

(ബ്രജേഷും അനിതയും വരാന്തയിലേക്ക് ഇറങ്ങുന്നു)

ബ്രജേഷ്: രണ്ടുപേർക്കും ഇത് ഒരുപോലെ ഒരു ദുരനുഭവമായി എന്നാണ് എനിക്ക് തോന്നുന്നത്.

അനിത: രണ്ടുപേരും മാറ്റങ്ങളുമായി പൊരുത്തപ്പെട്ടാൽ നന്നായിരുന്നു. നമ്മൾ അങ്ങിനെ പൊരുത്തപ്പെടണമെന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾക്കറിയാമോ, എന്റെ കൂട്ടുകാർ എന്നെ, വരുന്ന തിരഞ്ഞെടുപ്പിൽ, ന്യൂ സോഷ്യലിസ്റ്റ് പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ നിർബന്ധിക്കുന്നുണ്ട്. ഞാനത് ഏറ്റെടുത്താൽ, നമുക്ക് ചോട്ടേലാലിന്റെ പിന്തുണ വേണ്ടിവരും. അതുപോലെ, റഷീദ് ഘോസിയുടെ എരുമത്തൊഴുത്ത് ഏറ്റെടുത്ത ആളുടേയും, അൽതാഫ് ഭായിയുടെ ബംഗ്ലാവ് ഏറ്റെടുത്തയാളുടേയും പിന്തുണയും വേണ്ടിവരും. അവരെപ്പോലെയുള്ളവരെ നമുക്ക് സംഘടിപ്പിക്കണം.

(സത്യം വരാന്തയിലേക്ക് വരുന്നു. ബ്രജേഷ് അയാളുടെ നേരെ തിരിയുന്നു).

ബ്രജേഷ്: ആരാണ് മുൻ‌വശത്തെ വാതിൽ ചോട്ടേലാലിന് തുറന്നുകൊടുത്തത്?

സത്യം: ആരും തുറന്നുകൊടുത്തില്ല സർ. അയാൾ സ്വയം തുറന്നതാണ്. അയാൾ ആ താഴ് തുറന്നു…

ബ്രജേഷ്: ആ താഴ് അങ്ങോട്ട് തുറക്കുക. വളരെ നന്നായി..നസീം ചാച്ച അപ്രത്യക്ഷമായിട്ടില്ലായിരുന്നെങ്കിൽ, അയാൾ അങ്ങിനെ ചെയ്യില്ലായിരുന്നു.

അനിത: എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരാവാതിരുന്നെങ്കിൽ എന്നല്ലേ നിങ്ങൾ ഉദ്ദേശിച്ചത്?

ബ്രജേഷ്: മുസ്ലിങ്ങളൊന്നും ഇപ്പോൾ ഇവിടെയില്ലാത്ത സ്ഥിതിക്ക്, എന്തൊക്കെ മാറ്റങ്ങളാണ് സംഭവിച്ചതെന്ന് നോക്കൂ. ഇന്ന് ചോട്ടേലാൽ വാതിൽ തുറന്ന്, ക്ഷണിക്കപ്പെടാതെതന്നെ പോർട്ടിക്കോവിലെത്തി. ഇന്നലെവരെ, അയാൾ ഷൂസ് ഊരാതെ വരാന്തയിലേക്ക് കാൽ കുത്തുകപോലുമില്ലായിരുന്നു. ഇന്ന്, അയാൾ ഷൂസ് ഊരിവെച്ചില്ല. ഞാൻ വന്നപ്പോൾ (കസേരയിലേക്ക് ചൂണ്ടിക്കൊണ്ട്) അയാളവിടെ, ഷൂസും ഇട്ടുകൊണ്ട് ഇരിക്കുന്നു.

അനിത: നസീം ചാച്ച ഉണ്ടായിരുന്നെങ്കിൽ എന്ത് വ്യത്യാസമാണ് ഉണ്ടാവുക?

ബ്രജേഷ്: അധികാരത്തിന്റെ സമവാക്യങ്ങൾ മാറിയത് നിനക്ക് കാണാൻ കഴിയുന്നില്ലേ? പഴയ അവസ്ഥയായിരുന്നെങ്കിൽ, അടുത്ത വർഷത്തെ തിരഞ്ഞെടുപ്പിൽ, നസീമിന്റെ ധനവും, അച്ഛന്റെ ആഭിജാത്യവും, മുസ്ലിമുകളുടേയും ചില ദളിതുകളുടേയും പിന്തുണയോടെ അച്ഛന്റെ വിജയം ഉറപ്പാക്കാമായിരുന്നു. ഇന്ന്, മുസ്ലിങ്ങളില്ലാതെ വന്നതോടെ, ഏറ്റുമുട്ടൽ പുതിയ വഴിത്തിരിവിലെത്തിയിരിക്കുന്നു. ഇനി, സവർണ്ണരും അവർണ്ണരും തമ്മിൽ നേരിട്ടുള്ള യുദ്ധമാണ്. ഉയർന്ന ജാതിക്കാരും താഴ്ന്ന ജാതിക്കാരും. നിനക്കറിയില്ലേ, എണ്ണത്തിന്റെ കാര്യമെടുത്താൽ, ഉയർന്ന ജാതിക്കാരേക്കാൾ എത്രയോ അധികമാണ് അവർ.

അനിത (വല്ലാത്ത അസ്വസ്ഥതയോടെ): ഇത്തരം ചിന്തകളുംവെച്ച് എങ്ങിനെയാണ് സോഷ്യലിസം വരിക?

ബ്രജേഷ് (ശബ്ദമുയർത്തിക്കൊണ്ട്): വിഡ്ഢിത്തം പറയാതെ. അടുത്ത തിരഞ്ഞെടുപ്പിൽ ഭരണവർഗ്ഗത്തിനെതിരെ വോട്ടുകൾ തിരിഞ്ഞാൽ, ഭരണഘടനയ്ക്കെതിരേ കലാപം ചെയ്യുകയല്ലാതെ നമുക്ക് മറ്റൊരു മാർഗ്ഗവുമുണ്ടാവില്ല.

(സ്റ്റേജിൽ വെളിച്ചം മങ്ങുന്നു)

ഒന്നാം അങ്കം | രംഗം 5

(തൊട്ടടുത്ത ദിവസം. സ്റ്റേജിൽ ഒരുക്കിയ സ്റ്റുഡിയോയിൽ ആനന്ദും ബ്രജേഷും. മറ്റൊരു ചർച്ചയ്ക്ക് തയ്യാറെടുക്കുകയാണ് അവർ. തോറ്റ മട്ടിൽ, തല താഴ്ത്തിയിരിക്കുന്ന ബ്രജേഷ്. ന്യൂസ് ഡെസ്കിലെ യുവ പത്രപ്രവർത്തകൻ കടന്നുവരുന്നു)

പത്രപ്രവർത്തകൻ: പുതിയൊരു സംഭവവികാസമുണ്ട് സർജി, പാക്കിസ്ഥാൻ ഹൈക്കമ്മീഷനിൽനിന്നുള്ള ആംബുലൻസ് സ്പെഷ്യൽ കോർട്ടിലേക്ക് തിരിച്ചുവന്നതായി റിപ്പോർട്ടുണ്ട്. റെഹ്മാനി സഹോദരന്മാരുടെ മൃതദേഹം അവർ കോടതിക്ക് പുറത്ത് ഉപേക്ഷിച്ചിരിക്കുന്നുവെന്ന്.

ആനന്ദ് (അമ്പരപ്പോടെ): എന്ത്? മൃതദേഹം തിരിച്ചുകൊണ്ടുവെന്നോ പക്ഷേ ഇവിടെ ഇനി മുസ്ലിം സെമിത്തേരികളൊന്നും ബാക്കിയില്ല. പ്രാർത്ഥിക്കാൻ പുരോഹിതന്മാരുമില്ല. ആരാണ് ആ മൃതദേഹങ്ങൾ കുളിപ്പിക്കുകയും അടക്കുകയും ചെയ്യുക? പിന്നെ, ശവപ്പെട്ടികളോ?

ബ്രജേഷ് (ലാപ്ടോപ്പിൽനിന്ന് മുഖമുയർത്തിക്കൊണ്ട്): റഹ്മാനി സഹോദരന്മാർ മുസ്ലിമുകളല്ലെന്ന് പോസ്റ്റ് മോർട്ടത്തിലും ഫോറൻസിക്ക് പരിശോധനയിലും കണ്ടെത്തിയെന്ന് പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ പ്രസ്താവനയിറക്കിയിട്ടുണ്ട്. (ഭയപ്പെടുത്തുന്ന ഒരു നിശ്ശബ്ദതയോടെയാണ് വാർത്ത ശ്രവിക്കുന്നത്).

ആനന്ദ് (അവസാനം): റഹ്മാനി സഹോദരന്മാർ സുന്നത്ത് ചെയ്തിട്ടില്ലെന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്?

ബ്രജേഷ്: നോക്കൂ, പാക്കിസ്ഥാനിലെ സാമൂഹികമാധ്യമങ്ങൾ ആഞ്ഞടിക്കാൻ തുടങ്ങിയിരിക്കുന്നു. നമ്മുടെ പൊലീസിന്റെ കൈയ്യിലുള്ള, വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും ലിസ്റ്റിലുള്ളവർക്ക് പൊലീസ് പുതിയ സ്വത്വം കൊടുക്കുകയും, കെട്ടിച്ചമച്ച കേസുകളിൽ കുറ്റക്കാരായി അവതരിപ്പിക്കുകയും ചെയ്യുന്നു എന്നാണ് അവർ പറയുന്നത്. അതല്ലെങ്കിൽ, അത്തരമാളുകളെ തീവ്രവാദികളായി മുദ്രകുത്തി, വ്യാജ ഏറ്റുമുട്ടലുകളിൽ കൊല്ലുന്നു.

ആനന്ദ്: പാക്കിസ്ഥാനെ കുറ്റപ്പെടുത്തിയാൽ രാഷ്ട്രീയമായ ഗുണമുണ്ടാവുമെന്ന് തോന്നുമ്പോൾ അവർക്കെതിരേ പുതിയ തീവ്രവാദപ്രവർത്തനങ്ങൾ ചുമത്തുകയാണെന്നാണോ ഉദ്ദേശിച്ചത്? എന്നുവെച്ചാൽ, വധശിക്ഷ അനുഭവിക്കുന്ന മുഷ്താഖ് എന്നോ മറ്റോ പേരുള്ള ഒരാൾ, കശ്മീരിൽ ബോംബുവെക്കുമ്പോൾ പിടിക്കപ്പെട്ട, അതിർത്തിക്കപ്പുറത്തുനിന്നുള്ള തീവ്രവാദിയായ ഇംതിയാസായി പെട്ടെന്നൊരു ദിവസം മാറുമെന്നാണോ ഉദ്ദേശിച്ചത്?

ബ്രജേഷ്: എല്ലാം വിചിത്രമായി തോന്നുന്നു.. ആദ്യം പാക്കിസ്ഥാൻ ആ സഹോദരന്മാരുടെ മൃതദേഹത്തിന് അവകാശമുന്നയിക്കുന്നു, അത് ഹൈക്കമ്മീഷനിലേക്ക് കൊണ്ടുപോകുന്നു.. പിറ്റേന്ന് രാവിലെ, അവർ മുസ്ലിമുകളല്ലെന്ന് പറഞ്ഞ് മൃതദേഹങ്ങൾ തിരിച്ചയയ്ക്കുന്നു.. മാത്രമല്ല, അവരെ പാക്കിസ്ഥാനിൽനിന്നുള്ള തീവ്രവാദികളായി പൊലീസിന്റെ സ്പെഷ്യൽ സെൽ തെറ്റായി അവതരിപ്പിക്കുന്നുവെന്നും പറയുന്നു.

ആനന്ദ്: ആ വധശിക്ഷ നടപ്പാക്കിയിരുന്നെങ്കിൽ, സ്പെഷ്യൽ സെൽ രണ്ട് ഹിന്ദു കുറ്റവാളികളെ ബലി കൊടുത്തേനേ.

ബ്രജേഷ്: എന്തായാലും അവർ വധശിക്ഷ കാത്ത് കിടക്കുകയായിരുന്നില്ലേ? അതുകൊണ്ട്, ദേശത്തിന്റെ ഒരു ആവശ്യത്തിനുവേണ്ടി, അവരെ ബലികഴിച്ചാൽ, സ്പെഷ്യൽ സെല്ലിനെ കുറ്റം പറയാൻ പറ്റില്ല.

(ആനന്ദിന്റെ മൊബൈൽ ശബ്ദിക്കുന്നു..കുറച്ച് നിമിഷങ്ങൾ അയാൾ അതിൽ സംസാരിക്കുന്നു).

ആനന്ദ് (ബ്രജേഷിനോട്): തീർച്ചയായും കണക്കുകൂട്ടലിൽ ഒരു വലിയ പിഴവ് സംഭവിച്ചിട്ടുണ്ട്. സ്പെഷ്യൽ സെൽ തെറ്റായ ചുവടാണ് വെച്ചത്. എല്ലാ ഇന്ത്യൻ മുസ്ലിമുകളും അപ്രത്യക്ഷമാകാനുള്ള സാധ്യത അവർ കണക്കുകൂട്ടിയില്ലെന്നാണ് എനിക്ക് തോന്നുന്നത്. അറിഞ്ഞിരുന്നെങ്കിൽ, അവർ റെഹ്മാനികളേയും അപ്രത്യക്ഷമാക്കിയേനേ..അവരിനി വേഷപ്രച്ഛന്നരായ ഹിന്ദുക്കളാണെങ്കിൽ‌പ്പോലും..

ബ്രജേഷ്: സ്പെഷ്യൽ സെല്ലുകാർ കുശാഗ്രബുദ്ധികളായിരുന്നെങ്കിൽ, മുസ്ലിങ്ങളുടെ കൂട്ടമായ അപ്രത്യക്ഷമാകലിനെ മുതലെടുത്തുകൊണ്ട് ഈ രണ്ട് സഹോദരന്മാരേയും അപ്രത്യക്ഷരാക്കിയേനേ. അതിനുപകരം, കോർട്ടിന്റെ മുമ്പിൽ‌വെച്ച് അവർക്ക് നാടകീയമായി വെടിയേറ്റു.

ആനന്ദ്: പക്ഷേ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ ഇത്രപെട്ടെന്ന് നടപടിയെടുക്കുമെന്ന് ആരെങ്കിലും പ്രതീക്ഷിച്ചോ? അവർ മൃതദേഹത്തിൽ അവകാശമുന്നയിക്കുകയും, അന്വേഷണം നടത്തുകയും പിന്നീട് ഇപ്പോൾ, അവർ മുസ്ലിമുകളാണെന്നത് സ്ഥാപിക്കാൻ തെളിവൊന്നുമില്ലെന്ന് പറയുകയും ചെയ്തിരിക്കുന്നു. നമ്മുടെ റിപ്പോർട്ടർമാർ പറഞ്ഞതിനനുസരിച്ച്, പാക്കിസ്ഥാന്റെ വഞ്ചനയെക്കുറിച്ച് സ്പെഷ്യൽ സെൽ ഇപ്പോൾ കഥകൾ പുറത്ത് വിട്ടുകൊണ്ടിരിക്കുകയാണ്.

ബ്രജേഷ്: എന്ത് ഗൂഢാലോചനയാണ് ഇത്?

ആനന്ദ്: മുസ്ലിങ്ങളെ, കാഴ്ചയിൽ, ഹിന്ദുക്കളെപ്പോലെ തോന്നിപ്പിക്കാൻ പാക്കിസ്ഥാൻ എന്തൊക്കെയോ സൂത്രപ്പണികൾ ചെയ്യുന്നുണ്ടെന്നാണ് സ്പെഷ്യൽ സെൽ പറയുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, റെഹ്മാനി സഹോദരന്മാർ ശരിക്കും പാക്കിസ്ഥാനികളാണെങ്കിലും, പാക്കിസ്ഥാനികൾ അവരെ ഹിന്ദുക്കളാക്കി അവതരിപ്പിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ പൊതുസഭാ സമ്മേളനത്തിൽ നമ്മളെ നാറ്റിക്കാൻ.

ബ്രജേഷ്(അത്ഭുതം നടിച്ചുകൊണ്ട്): അതൊരു വലിച്ചുനീട്ടലല്ലേ? സുന്നത്ത് ചെയ്തത് ഇല്ലാതാക്കാൻ പറ്റുമോ? പറ്റുമെങ്കിൽത്തന്നെ, അതിന് വിശദമായ പ്ലാസ്റ്റിക്ക് സർജറിയൊക്കെ ആവശ്യമായി വരില്ലേ? അതൊക്കെ ഈ 24 മണിക്കൂറിനുള്ളിൽ ചെയ്യാൻ പറ്റുമോ. (ഉറക്കെ ആത്മഗതം) പാക്കിസ്ഥാൻ ഇനി വരുന്ന എല്ലാ ലോക സമ്മേളനങ്ങളിലും ഇതുവെച്ച് കളിക്കും. റെഹ്മാനി സഹോദരന്മാരുടെ ചിത്രങ്ങൾ, അവരുടെ യഥാർത്ഥ പേരോടെ പ്രചരിക്കാൻ തുടങ്ങും. ഇനി, അവരുടെ ശരിക്കുള്ള പേര് രാം ഭരോസെ എന്നോ ശ്യാം ഭരോസെ എന്നോ ആണെങ്കിലോ..(മൊബൈൽ ഫോൺ ശബ്ദിക്കുന്നു..ബ്രജേഷ് ശ്രദ്ധയോട് അതിലേക്ക് ചെവി കൂർപ്പിച്ച് പിന്നീട് ആനന്ദിലേക്ക് തിരിയുന്നു). മുസ്ലിമുകൾ അപ്രത്യക്ഷമായതിനുശേഷം, ഇന്നലെ നടത്തിയ പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഫലങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ഫലം പ്രഖ്യാപിച്ച 40 സീറ്റിൽ, മുഴുവനും ദളിതുകളും താഴ്ന്ന ജാതിക്കാരുമാണ് ജയിച്ചിട്ടുള്ളത്. ഒരൊറ്റ, ബ്രാഹ്മണനോ, താക്കൂറോ ബനിയയോ ഇല്ല.

ആനന്ദ്: കഴിഞ്ഞ തവണ, ഒരൊറ്റ ദളിതൻപോലും ജയിച്ചിട്ടുമുണ്ടായിരുന്നില്ല!

ബ്രജേഷ് (പെട്ടെന്ന് വല്ലാതായി): കാവിക്ക് ഒരുമിക്കാൻ, മുസ്ലിങ്ങൾ ആവശ്യമാണോ? നമുക്ക് പോയി പിതാജിയെ കാണണം. അദ്ദേഹം ആകെപ്പാടെ അസ്വസ്ഥനാണ്. ഈ ഫലങ്ങൾ താങ്ങാൻ അദ്ദേഹത്തിനാവുമെന്ന് എനിക്ക് തോന്നുന്നില്ല.

(വെളിച്ചം മങ്ങി, രംഗം ഇരുട്ടിലാഴുന്നു)

(സ്റ്റുഡിയോയിൽനിന്ന്, ശുക്ലാജിയുടെ ബംഗ്ലാവിന്റെ പുറത്തുള്ള ഒരു വീഡിയോ പ്രക്ഷേപണത്തിലേക്ക് രംഗം മാറുന്നു. അവിടെ, ഒരുകൂട്ടം അനുയായികൾ വീട്ടിലേക്കുള്ള പ്രവേശനസ്ഥലം തടസ്സപ്പെടുത്തിക്കൊണ്ട് നിൽക്കുന്നു. പോർട്ടിക്കോയിൽ‌പ്പോലും അവർ തിങ്ങിക്കൂടിയിരിക്കുന്നു. ഒരുവിഭാഗം ആളുകൾ മുദ്രാവാക്യം വിളിക്കുന്നു, “മുസ്ലിങ്ങൾ വേണ്ട, തിരഞ്ഞെടുപ്പ് വേണ്ട!”, “ശുക്ലാജി സിന്ദാബാദ്!”. മറ്റുചിലർ വിചിത്രമായ മൗനം പുലർത്തുന്നു. ചുക്കിച്ചുളിഞ്ഞ വെളുത്ത ഖാദി വസ്ത്രം ധരിച്ച ഒരു നേതാവ്, കൈയ്യിൽ മെഗാഫോണുമായി ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്യുന്നു).

നേതാവ്: അടുത്ത വർഷത്തെ തിരഞ്ഞെടുപ്പ്, വിചാരിച്ചതുപോലെ, നേരത്തേ നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. പക്ഷേ, ഇത്രയധികം വോട്ടർമാർ അപ്രത്യക്ഷമായതിനാൽ എങ്ങിനെയാണ് നമുക്ക് വിശ്വസനീയമായ ഒരു തിരഞ്ഞെടുപ്പ് നടത്താനാവുക? അവർക്ക് തിരിച്ചുവരാനുള്ള സമയം നമ്മൾ തീർച്ചയായും നൽകണം. ഇനി, അവർ തിരിച്ചുവരുന്നില്ലെങ്കിൽ, മണ്ഡലങ്ങളൊക്കെ പുനർനിർണ്ണയിക്കുകയും വേണം. അതിനൊക്കെ സമയമെടുക്കും.

(ആൾക്കൂട്ടത്തിന്റെ ഒരു മൂലയിലുള്ള പത്രപ്രവർത്തകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ ആഗ്രഹമുണ്ട്. അതിലൊരാൾ കൈയ്യുയർത്തുന്നു)

റിപ്പോർട്ടർ 1: മുസ്ലിമുകൾ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് നടത്തരുതെന്നാണോ പറയുന്നത്? അവരെന്ന് തിരിച്ചുവരുമെന്ന് വല്ല ധാരണയുമുണ്ടോ?

നേതാവ്: ആർക്കുമറിയില്ല. എല്ലാം തകിടം മറിഞ്ഞിരിക്കുന്നു. പക്ഷേ ഈ റിപ്പബ്ലിക്കിന്റെ മതേതരസ്വഭാവം നിലനിർത്തിയേ പറ്റൂ എന്ന് നമുക്കറിയാം. മതേതരസ്വഭാവം നിലനിർത്തുകയും, സാംസ്കാരികവൈവിദ്ധ്യവും വിവിധമതങ്ങളുള്ളതായ രാജ്യവുമായി നിലനിൽക്കുകയും ചെയ്യണമെങ്കിൽ നമ്മൾ മുസ്ലിങ്ങൾക്കുവേണ്ടി കാത്തിരുന്നേ പറ്റൂ.

റിപ്പോർട്ടർ 2: പക്ഷേ തല്ലിക്കൊല്ലപ്പെടുകയും ലവ് ജിഹാദ് ആരോപിക്കപ്പെടുകയും ചെയ്ത സ്ഥിതിക്ക്, അവരിനി എന്തിന് തിരിച്ചുവരണം?

നേതാവ്: നിങ്ങൾ പറയുന്നതിൽ കാര്യമുണ്ട്. അവരൊട് മോശമായി പെരുമാറിയിട്ടുണ്ട്. 2005-ലെ സച്ചാർ കമ്മീഷൻ റിപ്പോർട്ട്, അവരുടെ ദുരിതങ്ങൾക്കുനേരെ തിരിച്ചുവെച്ച ഒരു കണ്ണാടിയായിരുന്നു. സ്വാതന്ത്ര്യത്തിനുശേഷം നമ്മൾ നമ്മുടെ മുസ്ലിം സഹോദരന്മാരോട് എന്തൊക്കെയാണ് ചെയ്തുകൂട്ടിയത് എന്ന് അത് നമുക്ക് കാണിച്ചുതന്നു. നമ്മളവരെ ചേരിയിലേക്ക് തള്ളിമാറ്റുകയും അവിടെ നിലനിർത്തുകയും ചെയ്തു. സമൂഹത്തിലെ ഏറ്റവും വിലകുറഞ്ഞ വർഗ്ഗമായി – ചിലപ്പോൾ ഒരുപക്ഷേ ദളിതുകളേക്കാളും – നമ്മളവരെ ചുരുക്കിക്കളഞ്ഞു. 1947-ലെ കൂട്ടക്കൊല വിഭജനത്തോടെ അവസാനിച്ചില്ല. ജമ്മുവിലേയും ഹൈദരബാദിലേയും വംശഹത്യകൾ പിന്നാലെ വന്നു. അതിനുശേഷം, കലാപത്തോട് കലാപമായിരുന്നു. 1969-ൽ അഹമ്മദാബാദിൽ. ഭഗൽ‌പുരിൽ, മുസഫർനഗറിൽ, ദില്ലിയിൽ, ഗുജറാത്തിൽ.. പക്ഷേ ഈ അനീതി അനന്തമായി തുടരുന്നത് നമുക്ക് അനുവദിക്കാൻ പറ്റില്ല. നമ്മുടെ വോട്ടർപട്ടികയിൽനിന്ന് മുസ്ലിമുകളെ മായ്ച്ചുകളയാൻ പറ്റില്ല. നമുക്ക് കാത്തിരിക്കാം. നമ്മുടെ മുസ്ലിം സഹോദരന്മാരെ തിരികെ കൊണ്ടുവരണം.

ഒരു വനിതാ റിപ്പോർട്ടർ: അവരെ തിരിച്ചുകൊണ്ടുവന്ന് തിരഞ്ഞെടുപ്പുകളെ നിങ്ങൾക്ക് വർഗ്ഗീയവത്ക്കരിക്കണം, അല്ലേ? നിങ്ങൾക്ക് മറ്റൊന്നും വിഷയമല്ല. അവർ മാത്രമാണ് ഒരേയൊരു വിഷയം. ഇപ്പോൾ അവർ പോവുകയും ചെയ്തിരിക്കുന്നു.

(നേതാവ് നിശ്ശബ്ദമായി ആ റിപ്പോർട്ടറെ നോക്കുന്നു. ബ്രജേഷ് തിരക്കിനിടയിലൂടെ ചെന്ന്, മെഗാഫോൺ കൈയ്യിലെടുക്കുന്നു).

ബ്രജേഷ്: തിരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് നമുക്കിപ്പോൾ വിവരം കിട്ടിയിട്ടുണ്ട്.

ഒരു മതേതര, സാംസ്കാരികവൈവിധ്യമുള്ള ഇന്ത്യയെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പിന്തുണയ്ക്കുന്നു. തിരഞ്ഞെടുപ്പ് നീട്ടിവെക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

ഒന്നാമത്തെ റിപ്പോർട്ടർ: സർ, ഞങ്ങൾക്ക് അതറിയാം. പക്ഷേ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താനാണ് രണ്ട് ഡെപ്യൂട്ടി തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ആഗ്രഹിക്കുന്നത്. (ഒന്ന് നിർത്തിയതിനുശേഷം) തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പ്രസ്സ് കോൺഫറൻസിൽ നമുക്ക് പങ്കെടുക്കേണ്ടതുണ്ട്.

(റിപ്പോർട്ടർമാരും ടിവി ക്യാമറാമാന്മാരും ആൾക്കൂട്ടത്തിൽനിന്ന് തിരക്കി പുറത്തുപോവുന്നു. അനിത, പ്രധാന വാതിൽക്കൽ വന്ന് എത്തിനോക്കുന്നു).

ബ്രജേഷ് (അനിതയോട്): അച്ഛനോട് പുറത്തുവരാൻ നമുക്ക് പറയാം. അനുയായികളോട് അദ്ദേഹത്തിന് എന്തെങ്കിലും പറയാനുണ്ടാവും.

(അനിതയും ബ്രജേഷും ശുക്ലാജിയെ കൈപിടിച്ച് കൊണ്ടുവരുന്നു. സത്യം അദ്ദേഹത്തിനായി വരാന്തയുടെ നടുവിൽ ഒരു കസേര വെച്ചു. ശുക്ലാജി അതിലിരുന്ന്, മുമ്പിലുള്ള ആൾക്കൂട്ടത്തെ നോക്കുന്നു)

ശുക്ലാജി (സത്യം പിടിച്ചുകൊടുത്ത മെഗഫോണിൽ സംസാരിക്കുന്നു): സഹോദരീസഹോദരന്മാരേ, കഴിഞ്ഞ ഇരുപത് വർഷമായി, ഈ മുനിസിപ്പൽ കോർപ്പറേഷനിലും നിയമസഭാ, പാർലമെന്റ് മണ്ഡലങ്ങളിലുമുള്ള ജനങ്ങളെ പ്രതിനിധീകരിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. നിങ്ങളിൽ, എല്ലാ ജാതിയിലും സമുദായത്തിലുമുള്ള ആളുകൾ എന്നെ പിന്തുണച്ചിട്ടുമുണ്ട്. 10 വർഷമായി, എന്റെ അസംബ്ലി സീറ്റ്, ഞാൻ എന്റെ സഹോദരൻ നസീമുദ്ദീനുമായി പങ്കുവെച്ചു. ഒരു തിരഞ്ഞെടുപ്പിൽ അദ്ദേഹം എന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. മറ്റൊന്നിൽ അദ്ദേഹം ജയിക്കുമെന്ന് ഉറപ്പാക്കാൻ ഞാനും അദ്ധ്വാനിച്ചു. വലിയൊരു താങ്ങായിരുന്നു എനിക്കദ്ദേഹം. ഇന്ന് നമ്മൾ അസാധാരണമായ ഒരു പ്രതിസന്ധി നേരിടുകയാണ്. നമ്മുടെ നസീം പോയി എന്നതുമാത്രമല്ല അത്. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്ലിം ജനസംഖ്യ, ഈ രാജ്യത്തുനിന്ന് വെറുതേയങ്ങ് അപ്രത്യക്ഷമായിരിക്കുന്നു. ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, അത്, നസീമും, നമ്മുടെ മുസ്ലിം സഹോദരന്മാരും സഹോദരിമാരുമില്ലാതെ ഒറ്റയ്ക്ക് നടത്തുന്ന ഒരു തിരഞ്ഞെടുപ്പാവും. അവരില്ലാതെ നമുക്ക് തിരഞ്ഞെടുപ്പ് നടത്താനാവില്ല. (ആൾക്കൂട്ടത്തിൽ ചിലർ “ശുക്ലാജി സിന്ദാബാദ്” മുദ്രാവാക്യം വിളിച്ചപ്പോൾ അദ്ദേഹം സംസാരം ഒന്ന് നിർത്തി). ഇപ്പോൾ പന്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കോർട്ടിലാണ്. അദ്ദേഹം എന്ത് തീരുമാനിക്കുമെന്ന് നമുക്ക് നോക്കാം…

അനിത: പക്ഷേ അച്ഛാ, തിരഞ്ഞെടുപ്പ് കമ്മീഷന് ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമാണ്. (ആൾക്കൂട്ടത്തിലെ ഒന്നുരണ്ടുപേർ അനിതയോട് സംസാരിക്കാൻ അഭ്യർത്ഥിക്കുന്നു. അവർ അനിതയെ ബഹുജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. ആശയക്കുഴപ്പത്തിലായതുപോലെ, ബ്രജേഷ്, ഭാര്യയുടെ മുഖത്തേക്ക് നോക്കുന്നു. ആളുകളുടെ ‘ബഹുജി, ബഹുജി’ വിളി ശക്തിപ്രാപിക്കുന്നു).

അനിത (ആൾക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട്): ഇതൊരു നശിച്ച കാലമാണ്. ചരിത്രത്തിൽ ഇതിനുമുമ്പൊരിക്കലും, ഇത്തരമൊരു സാഹചര്യത്തെ നേരിടാൻ പാകത്തിൽ നമ്മെ ബാക്കിയാക്കിക്കൊണ്ട് നമ്മുടെ ഇത്രയധികം സഹോദരന്മാർ പെട്ടെന്ന് അപ്രത്യക്ഷരായിട്ടില്ല. കടലിൽനിന്ന് കോടാനുകോടി വെള്ളം പുറത്തേക്കൊഴുക്കിക്കളഞ്ഞാൽ, ഭീകരമായ ഒരു ശൂന്യത സൃഷ്ടിക്കപ്പെടുമെന്ന് പറയാറുണ്ട്. ആ ശൂന്യതയെ നിറയ്ക്കാൻ വീണ്ടും വെള്ളം അകത്തേക്കൊഴുക്കിയാൽ, കടലിന്റെ അഗാധതയിൽനിന്ന്, സുനാമിക്ക് മുമ്പുള്ള ഒരു വലിയ മുഴക്കം കേൾക്കാം. ഭൂമി അക്ഷരാർത്ഥത്തിൽ പൊങ്ങിവരും. സർവ്വനാശമുണ്ടാവും. നിലവിലുള്ള ദ്വീപുകളെ വെള്ളം മുക്കിക്കളയുകയും, പുതിയ ദ്വീപുകൾ ഉയർന്നുവരികയും ചെയ്യും. അച്ഛൻ പറഞ്ഞത് ശരിയാണ്. ഇപ്പോൾ നടത്തുന്ന തിരഞ്ഞെടുപ്പ് അതുപോലൊരു സുനാമിയായി ഇപ്പോഴത്തെ സാഹചര്യത്തെ മൂർച്ഛിപ്പിക്കുകയേ ഉള്ളൂ. പുതിയ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടാൻ നമുക്ക് സമയം വേണം. നസീം ചാച്ചയും 200 ദശലക്ഷം മുസ്ലിമുകളും തിരിച്ചുവരുമോ എന്ന് നമുക്കറിയണം.

(ആൾക്കൂട്ടത്തിലെ ഒരു വിഭാഗം അസ്വസ്ഥരാവുന്നു. ഒരാൾ ശബ്ദമുയർത്തുന്നു):

ശബ്ദമുയർത്തിയ ആൾ: എന്നോട് ചോദിച്ചാൽ, ഇത് പ്രഹസനമാണെന്നേ ഞാൻ പറയൂ. ഒന്നുകിൽ ഇന്നലെ നമുക്ക് തെറ്റ് പറ്റി. അല്ലെങ്കിൽ ഇന്ന് തെറ്റ് പറ്റി. ഇന്നലെ മുസ്ലിമുകൾ തീവ്രവാദികളും പശുവിറച്ചി കഴിക്കുന്നവരുമായിരുന്നു. ഇന്ന് അവർ അപ്രത്യക്ഷരായപ്പോൾ, പാർലമെന്ററി ജനാധിപത്യത്തിന് അവർ വേണ്ടപ്പെട്ടാവരായി.

അനിത (അഭ്യർത്ഥിച്ചുകൊണ്ട്): ശാന്തരാവൂ..ദയവായി ശാന്തരാവൂ..(ആളുകൾ ആ ശബ്ദമുയർത്തിയ ആളിന്റെ ഭാഗം ഏറ്റെടുത്തപ്പോൾ ആൾക്കൂട്ടം നിയന്ത്രണാതീതമായി).

ആനന്ദ് (ബ്രജേഷിനോട്): ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് വരുന്നുണ്ട്. അതുകൊണ്ട്, ദയവായി ശാന്തരാവുക. അവരെ പ്രകോപിപ്പിക്കാതിരിക്കുക.

ശബ്ദമുയർത്തിയ ആൾ: (അനിതയിൽനിന്ന് മെഗാഫോൺ തട്ടിപ്പറിച്ച് ബഹളം വെക്കുന്നു): ശുക്ലാജി, നസീമുദ്ദീനോട് താങ്കൾക്ക് പെട്ടെന്ന് തോന്നുന്ന ഈ ഗൃഹാതുരത്വം എനിക്ക് മനസ്സിലാവുന്നില്ല. ഇന്നലെവരെ അവർ തീവ്രവാദികളും, ജിഹാദിസ്റ്റുകളും, രാജ്യദ്രോഹികളും പാക്കിസ്ഥാൻ ചാരന്മാരുമായിരുന്നു. വിശുദ്ധപശുവിനെ അശുദ്ധമാക്കിയ ഗോമാംസാഹാരികളുമായിരുന്നു. അതുകൊണ്ടാണ്, നമ്മുടെ ചെറുപ്പക്കാർ അവരെ തടയാൻ ശ്രമിച്ചത്. ആ മുസ്ലിങ്ങളിൽ ചിലർ നിഷ്കളങ്കരായിരുന്നേക്കാം. പക്ഷേ അതൊക്കെ യാദൃശ്ചികമായി സംഭവിച്ച നാശനഷ്ടമായി കാണാനേ കഴിയൂ. ഈ മുസ്ലിം വ്യക്തിനിയമവും, ഈ മജ്‌ലിസും ആ മജ്‌ലിസും, നമ്മുടെ പണം ഉപയോഗിച്ചുള്ള ഹജ്ജ് യാത്രയും ഒക്കെ മതിയായി. പോരാത്തതിന്, അവർ അധിനിവേശക്കാരുമായിരുന്നു! എന്നിട്ടിപ്പോൾ നിങ്ങൾ നസീം ചാച്ചയ്ക്കുവേണ്ടി കരയുന്നു.. നസീമില്ലെങ്കിൽ തിരഞ്ഞെടുപ്പില്ലെന്ന്!

(തിരക്കിൽനിന്ന് “തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്, തിരഞ്ഞെടുപ്പ്..” എന്ന വിളികൾ മുഴങ്ങുന്നു. അനിത കൈകളുയർത്തി, ആളുകളോട് ശാന്തമായിരിക്കാൻ അഭ്യർത്ഥിക്കുന്നു. പോർട്ടിക്കോയിൽ അടുത്ത് നിൽക്കുന്ന ചിലർ അനിതയോട് സംസാരിക്കാൻ ആവശ്യപ്പെടുന്നു).

അനിത (മെഗാഫോൺ എടുത്തുകൊണ്ട്): ഇവിടെ കൂടിയിരിക്കുന്നവരിൽ പലരുടേയും കൂടെ അക്ഷരാർത്ഥത്തിൽ കളിച്ചുവളർന്നയാളാണ് ഞാൻ. അതിൽ ചിലർ ഒന്നും മിണ്ടാതെ നിൽക്കുന്നത് എനിക്ക് കാണാൻ കഴിയുന്നുണ്ട്. എന്തുകൊണ്ടാണ് അവർ നിശ്ശബ്ദരായിരിക്കുന്നത്? നമ്മൾ സംസാരിക്കേണ്ട സമയമാന് ഇത്. മുസ്ലിങ്ങൾക്ക് നമ്മെ ഉപേക്ഷിച്ചുപോകേണ്ടിവന്നു എന്നത് നിർഭാഗ്യകരമായിപ്പോയി. പക്ഷേ ഈ സങ്കടകരമായ കാര്യത്തിൽനിന്ന് നല്ല ചില കാര്യങ്ങൾ ഉരുത്തിരിക്കാൻ നമുക്ക് ശ്രമിക്കാം. ശരിയാണ്, അവർ അവരുടെ, ഭൂമിയും, ഫാകടറികളും, ഫാം ഹൗസുകളും, കയറ്റുമതി-ഇറക്കുമതി വ്യാപാരങ്ങളും എല്ലാം. പക്ഷേ ഈ നഷ്ടവുമായി പൊരുത്തപ്പെട്ട്, അതിന്റെ ഗുണവശങ്ങളെക്കുറിച്ച് നമുക്ക് ചിന്തിക്കാം. ഇനിമുതൽ വർഗ്ഗീയ രാഷ്ട്രീയം ഉണ്ടാവില്ല. ആരെയും വെറുക്കാനുള്ള കാരണങ്ങളില്ല. മുസ്ലിങ്ങളെ വെറുക്കാനാണ് രാഷ്ട്രീയക്കാർ നമ്മെ പഠിപ്പിച്ചത്. ഇപ്പോൾ അവർ പോയ സ്ഥിതിക്ക്, വെറുക്കാൻ ഇനിയാരും അവശേഷിക്കുന്നില്ല.

ആൾക്കൂട്ടത്തിൽനിന്നുള്ള ശബ്ദം: പക്ഷേ തിരഞ്ഞെടുപ്പ് നടത്തുന്നതിനുമുൻപ്, മുസ്ലിങ്ങൾ തിരിച്ചുവരാൻ നമ്മൾ കാത്തിരിക്കണമെന്നാണല്ലോ ശുക്ലാജി പറഞ്ഞത്? ഭവതി അദ്ദേഹം പറഞ്ഞതിനെ എതിർക്കുകയാണോ?

അനിത: അല്ല, ഞാൻ അതിനെ എതിർക്കുകയല്ല. ഞങ്ങളുടെ നിലപാടുകൾ തമ്മിൽ ചെറിയൊരു വ്യത്യാസമുണ്ടെന്ന് മാത്രം (ബഹുമാനം കാണിക്കുന്നതിനുവേണ്ടി ശുക്ലാജിയുടെ കാൽ വന്ദിക്കുന്നു). ഞാൻ എല്ലാം അദ്ദേഹത്തിൽനിന്നാണ് പഠിച്ചത്. രാഷ്ട്രീയത്തിൽ അദ്ദേഹം എന്നും സ്ഥൈര്യം കാണിച്ചുവെന്ന് ഞാൻ പറയും. ഒരു മതേതര ഇന്ത്യയിൽ, മുസ്ലിമുകൾക്ക് പ്രധാന പങ്കുണ്ടെന്ന് അദ്ദേഹം പറയുമ്പോൾ അത് ശരിയാണ്. പക്ഷേ അവർക്കും  ഭൂരിപക്ഷസമുദായത്തിനുമിടയിൽ വലിയ രീതിയിലുള്ള അവിശ്വാസവും വെറുപ്പും വിടവും നിലനിൽക്കുന്നുമുണ്ട്. അത് നിർഭാഗ്യകരമാണ്.

ആൾക്കൂട്ടത്തിൽനിന്നൊരാൾ (അനിതയെ തടസ്സപ്പെടുത്തിക്കൊണ്ട്): മുസ്ലിങ്ങളുടെ കാര്യത്തിൽ നിങ്ങളുടെ ഇപ്പോഴത്തെ നിലപാട് എന്താണ്?

അനിത: അവർ തിരിച്ചുവരാൻ കാത്തിരിക്കണമെന്നാണ് അച്ഛൻ പറയുന്നത്.  എനിക്കൊരുപക്ഷേ അല്പം അക്ഷമയുണ്ട്. ഈ അധികം വരുന്ന സമ്പത്തും, കുറവ് വന്ന ജനസംഖ്യയും വെച്ച്, നമുക്ക് ഒരു സോഷ്യലിസ്റ്റ് സമൂഹം നിർമ്മിക്കാമെന്നാണ് ഞാൻ കരുതുന്നത്. എല്ലാവർക്കും സാമൂഹികനീതിയും, വിദ്യാഭ്യാസവും, പ്രാഥമിക ആരോഗ്യപരിരക്ഷയും, തൊഴിലുമൊകെ കിട്ടുന്ന ഒരു ഇന്ത്യ. സമൂഹത്തിന്റെ താഴേക്കിടയിലുള്ള ആളുകളെ നമുക്ക് സാമൂഹികസുരക്ഷാവലയത്തിനകത്ത് കൊണ്ടുവരണം.

(ആൾക്കൂട്ടം അസ്വസ്ഥമാവുന്നു. ആളുകൾ വിഭജിതരായപ്പോൾ അപസ്വരങ്ങൾ പുറത്തുവന്നു. ഒരു വിഭാഗം, പ്രത്യേകിച്ചും പ്രായമായ ആളുകൾ, മുസ്ലിങ്ങളുടെ തിരിച്ചുവരവിനുശേഷം മതി തിരഞ്ഞെടുപ്പ് എന്ന അഭിപ്രായക്കാരായി. ചെറുപ്പക്കാരായ വിഭാഗമാകട്ടെ, ഉടനടി തിരഞ്ഞെടുപ്പ് വേണമെന്നും സോഷ്യലിസത്തിലേക്ക് നീങ്ങണമെന്നുമുള്ള അഭിപ്രായക്കാരും. ഈ ആശയക്കുഴപ്പത്തിനിടയ്ക്ക്, ശുക്ലാജി, അനിത, ആനന്ദ് ബ്രജേഷ് എന്നിവർ ആൾക്കൂട്ടത്തെ ശാന്തരാക്കാൻ ശ്രമിക്കുന്നുമുണ്ട്. ഒരുകൂട്ടം പൊലീസുകാർ – സ്ത്രീ-പുരുഷ കോൺസ്റ്റബിൾമാരോടൊപ്പം ഒരു ഓഫീസർ – രംഗത്തേക്ക് വരുന്നു).

ശുക്ലാജി (ദേഷ്യപ്പെട്ട് ഓഫീസറുടെ നേർക്ക് തിരിയുന്നു): എന്താണ് ഇത്ര കാലതാമസം?

പൊലീസുദ്യോഗസ്ഥൻ: സർ, ആകെ തിരക്കാണ് സർ. ഒരേസമയം പലതും സംഭവിക്കുന്നു. ഞങ്ങളിൽ ചിലരെ കുത്തബിലേക്ക് അയച്ചു.

ശുക്ലാജിയും ആനന്ദും ബ്രജേഷും അനിതയും ആൾക്കൂട്ടത്തിലെ ചിലരും ചേർന്ന് ഒരുമിച്ച്: കുത്തബിന് എന്തുപറ്റി?

പൊലീസുദ്യോഗസ്ഥൻ: കുത്തബ് മിനാർ അവിടെയില്ല.

ശുക്ലാജി: അതെ, ഈ കിംവദന്തികൾ ഇന്നലെമുതൽ ഞാൻ കേൾക്കുന്നതാണ്. അതിന്റെ അവശിഷ്ടങ്ങൾക്കടിയിൽ‌പ്പെട്ട് നൂറുകണക്കിനാളുകൾ ജീവനോടെ മരിച്ചിട്ടുണ്ടാവും. ഒരു പർവ്വതം ഇടിയുന്നതുപോലെയുള്ള കാഴ്ചയായിരുന്നിരിക്കും അത്, അല്ലേ?

പൊലീസുദ്യോഗസ്ഥൻ: ഇല്ല സർ, അവശിഷ്ടങ്ങളൊന്നുമില്ല.

ശുക്ലാജി: ബോംബ് വെക്കുകയോ, വെടിവെക്കുകയോ, അതോ അകത്തേക്ക് തകർന്നുവീഴുകയോ എന്താണുണ്ടായത് ശരിക്കും?

പൊലീസുദ്യോഗസ്ഥൻ: ഇതൊന്നുമല്ല സർ, അത് ചുമ്മാതങ്ങ് അപ്രത്യക്ഷമായി.

ശുക്ലാജി (ഉറക്കെ ആത്മഗതം ചെയ്യുന്നു): അവർ അവരുടെ സ്മാരകങ്ങളൊക്കെ കൂടെ എടുത്തിട്ടുണ്ടാവും.

പൊലീസുദ്യോഗസ്ഥൻ (ശബ്ദം താഴ്ത്തി): ആഭ്യന്തരമന്ത്രാലയത്തിന്റെ കല്പനപ്രകാരം, ഇത് ഞാൻ താങ്കളോടോ മറ്റാരോടെങ്കിലുമോ പറയാൻ പാടുള്ളതല്ല. പക്ഷേ, കുത്തബ് എങ്ങിനെയാണ് അപ്രത്യക്ഷമായതെന്ന് ആർക്കുമറിയില്ല.

ബ്രജേഷ്(അപായസൂചന നൽകിക്കൊണ്ട്): ആ ക്യാമറമാനെ തടയൂ..നിങ്ങൾ പറഞ്ഞത് അയാൾ റിക്കാർഡ് ചെയ്തു. കൂടെയുള്ള റിപ്പോർട്ടർ നോട്ടുകൾ കുത്തിക്കുറിക്കുന്നുണ്ടായിരുന്നു..(കോൺസ്റ്റബിൾമാർ പ്രവർത്തനക്ഷമമാവുന്നു. പക്ഷേ റിപ്പോർട്ടർ ക്യാമറമാനെയും കൂട്ടി, പുറത്ത് പാർക്ക് ചെയ്ത ഒ.ബി. വാനിലേക്ക് രക്ഷപ്പെടുന്നു).

സത്യം (വീട്ടിൽനിന്ന് പുറത്തേക്ക് ധൃതിയിൽ വന്ന്): സർ, കുത്തബ് അപ്രത്യക്ഷമായതിനെക്കുറിച്ച് ടിവിയിലൊക്കെ വാർത്ത വരുന്നു.

ശുക്ലാജി: വേറെ എന്തൊക്കെയുണ്ട്..ന്യൂസിൽ?

സത്യം: പാക്കിസ്ഥാനുമായുള്ള അതിർത്തികളൊക്കെ പൂട്ടി മുദ്രവെച്ചു.

അനിത: എന്തുകൊണ്ട് അതിർത്തികൾ?

പൊലീസുദ്യോഗസ്ഥൻ: മാഡം, ഏറ്റവും മോശമായത് സംഭവിക്കുമെന്ന് സർക്കാർ ഭയപ്പെടുന്നു. പാക്കിസ്ഥാന് എന്തു ചെയ്യാൻ സാധിക്കും.

(ആൾക്കൂട്ടം പിരിഞ്ഞുപോവുന്നു, ഒരുപക്ഷേ, കുത്തബിന് എന്തുപറ്റിയെന്ന് അറിയാൻ. അനിത, ആനന്ദ്, ശുക്ലാജി, ബ്രജേഷ്, സത്യം എന്നിവർ, വരാന്തയിൽ ഒരു ഫോട്ടോയ്ക്ക് പോസുചെയ്യാനെന്നവണ്ണം നിൽക്കുന്നു)

പൊലീസുദ്യോഗസ്ഥൻ (ശുക്ലാജിയോട്): സർ, അങ്ങ് ഇപ്പോൾ പോണം. കൺ‌‌ട്രോൾ റൂം ഞങ്ങളോട് തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കുന്നു. അവിടെ ഒരു മഹായജ്ഞൻ നടത്താൻ മൂവായിരം ബ്രാഹ്മണന്മാരെ ക്ഷണിച്ചിട്ടുണ്ട്.

(ഉദ്യോഗസ്ഥനും കോൺസ്റ്റബിൾമാരും പുറത്തേക്ക് പോവുന്നു.

 

രണ്ടാം അങ്കം | രംഗം 1

(അശോകാ റോഡിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന്റെ മുമ്പിൽനിന്നുള്ള വീഡിയോ ദൃശ്യത്തിലേക്ക്. ഒരു പത്രസമ്മേളനത്തിനായി ഏഴ് കസേരകൾ അർദ്ധവൃത്താകൃതിയിൽ ഇട്ടിരിക്കുന്നു. നടുവിൽ വെച്ചിട്ടുള്ള മേശയിൽ ഒരു ഗുമസ്തൻ മൈക്ക് ഘടിപ്പിക്കുന്നു. കയറുകൾകൊണ്ട് വലിച്ചുകെട്ടിയ ഒരു സ്ഥലത്തിനകത്ത് പത്രപ്രവർത്തകരും ടിവി ചാനൽ പ്രവർത്തകരും തിക്കിത്തിരക്കുന്നു).

ഒരു ക്യാമറമാൻ (അക്ഷമയോടെയും ദേഷ്യത്തോടെയും): ദയവായി പത്രസമ്മേളനം തുടങ്ങൂ. ഞങ്ങൾക്ക് മുഴുവൻ ദിവസമൊന്നും കാത്തിരിക്കാൻ പറ്റില്ല. മാത്രമല്ല, ഞങ്ങളിൽ ചിലർക്ക് കുത്തബിലേക്കും മറ്റ് ചിലർക്ക് ചെങ്കോട്ടയിലേക്കും പോവേണ്ടതുണ്ട്.

മൈക്ക് ഘടിപ്പിക്കുന്നയാൾ: ചെങ്കോട്ടയും അപ്രത്യക്ഷമായോ? ഇല്ല, ദിവാൻ ഇ ഖാസിൽ മറ്റൊരു പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതിനാൽ, അത് സാധ്യമല്ല.

(തിരഞ്ഞെടുപ്പ് കമ്മീഷൻ കെട്ടിടത്തിൽനിന്ന്, നെറ്റിയിൽ ഭസ്മം പൂശിയ ഒരാൾ പ്രത്യക്ഷപ്പെടുന്നു. കൈയ്യിൽ കുറിപ്പുകളുള്ള അയാളാണ് വക്താവ്).

വക്താവ് (കുറിപ്പുകൾ നോക്കി വായിക്കുന്നു): മാന്യന്മാരേ മഹതികളേ, ഞാൻ വിവരം അറിയിക്കാം (തൊണ്ട ശരിയാക്കുന്നു). ദേശീയ യജ്ഞ കമ്മിറ്റിയുടെ അഭ്യർത്ഥന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചു, തിരഞ്ഞെടുപ്പ് കമ്മീഷൻ കെട്ടിടത്തിന്റെ മുമ്പിലുള്ള റോഡിൽ‌വെച്ച്, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ യജ്ഞം നടത്താനുള്ള അനുവാദം നൽകാൻ തീരുമാനിച്ചിരിക്കുന്നു. പൂജ നടത്തുന്നതിനായി, റോഡ് അടയ്ക്കുകയും, അതിന്റെ ഒരു ഭാഗത്ത്, തീക്കുണ്ഡത്തിനുള്ള കുഴി കുഴിക്കുകയും ചെയ്യുന്നതായിരിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള മൂവായിരം ആചാര്യന്മാർ എത്തിക്കഴിഞ്ഞു. തീക്കുണ്ഡം, അഥവാ, അതിനായി അടയാളപ്പെടുത്തിയ സ്ഥലം തയ്യാറാവുകയും ദിവ്യാഗ്നി കൊളുത്തുകയും ചെയ്താൽ, 500 കിലോഗ്രാം നെയ്യ്, ചന്ദനവിറകുകളിൽ തൂവുന്നതായിരിക്കും.

മുമ്പിലുള്ള ഒരു റിപ്പോർട്ടർ: ഈ യജ്ഞം എന്തിനുള്ളതാണ്?

വക്താവ്: തിരഞ്ഞെടുപ്പ് നീട്ടിവെച്ചതിനെ ആശീർവ്വദിക്കാനും, മുസ്ലിമുകൾ തിരിച്ചുവരാനും വേണ്ടിയുള്ളതാണ് ഇത്. യജ്ഞത്തിന്റെ അവസാനം നടത്തുന്ന അറിയിപ്പിൽ ബാക്കിയുള്ള വിവരങ്ങൾ പങ്കുവെക്കാം.

രണ്ടാമത്തെ റിപ്പോർട്ടർ: ഒരു സമാന്തര തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം ചെങ്കോട്ടയിലെ ദിവാൻ ഇ ഖാസിൽ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. അതിന്റെ ഉദ്ദേശ്യങ്ങൾ എന്താണ്?

വക്താവ്: അതിനെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്കാവില്ല.

പിന്നിലുള്ള ഒരു റിപ്പോർട്ടർ (ഉറക്കെ): തിരഞ്ഞെടുപ്പ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായഭിന്നതയുണ്ടെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ റിപ്പോർട്ടർ: ഇവിടെവെച്ച് യജ്ഞം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നരസിംഹൻ അനുവാദം കൊടുത്തിട്ടുണ്ടെന്നും, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ അതിനെ എതിർത്തിട്ടുണ്ടെന്നും ഞാൻ കരുതുന്നു. അവർ യജ്ഞത്തിനും, ദില്ലിയിലെ ലുട്ടിയൻസിലുള്ള ഒരു പ്രധാന റോഡ് ഒരു മതചടങ്ങിനുവേണ്ടി കുത്തിക്കുഴിക്കുന്നതിനും എതിരാണ്.

ആദ്യത്തെ റിപ്പോർട്ടർ: ചെങ്കോട്ടയിലെ പത്രസമ്മേളനം എന്തെങ്കിലും വിധത്തിലുള്ള പ്രതിഷേധമാണോ?

വക്താവ്: ഒന്നും പറയാനില്ല. നന്ദി.

(റിപ്പോർട്ടർമാർ പോകാനൊരുങ്ങുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ മുമ്പിലുള്ള അശോകാ റോഡിൽ കുത്തിക്കുഴിക്കാനുള്ള തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ യജ്ഞകുണ്ഡം തയ്യാറാവുന്നതിന് ദൃക്‌‌സാക്ഷികളാവാൻ ഒരു വിഭാഗം മാധ്യമങ്ങൾ അവിടെത്തന്നെ നിൽക്കുന്നു. മറ്റുള്ളവർ അവരുടെ വാനുകളിൽ ചെങ്കോട്ടയിലേക്ക് പുറപ്പെട്ടുവെങ്കിലും, പത്രസമ്മേളനം തിരഞ്ഞെടുപ്പ് ആസ്ഥാനത്താണ് നടക്കുന്നത് എന്നുള്ള മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നരസിംഹന്റെ പെട്ടെന്നുള്ള അറിയിപ്പിനെത്തുടർന്ന് തിരിച്ചുവരുന്നു)

 

രണ്ടാം അങ്കം | രംഗം 2

(വീഡിയോ ദൃശ്യം തുടരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി.ഇ.സി) ഉപവിഷ്ടനായി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് സമുച്ചയത്തിൽ വമ്പിച്ച പൊലീസ് ബന്തവസ്സ് ഏർപ്പാടാക്കിയിട്ടുണ്ട്. അല്പം പരിഭ്രമിച്ചുകൊണ്ട്, നരസിംഹൻ എന്ന സി.ഇ.സി. ഒരൊറ്റവരി പ്രസ്താവന വായിക്കുന്നു).

നരസിംഹൻ (ക്ഷമാപണത്തോടെ): ഞാൻ കാര്യം മാത്രം പറയാം. എന്നോട് ദയവായി ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കരുത്, കാരണം, ഞാൻ മറുപടി പറയാൻ പോവുന്നില്ല. അതുകൊണ്ട്, ഇതാ, ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്. മുസ്ലിങ്ങളുടെ തിരിച്ചുവരവിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്തൂ. ഞാൻ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നത്, മുസ്ലിങ്ങളുടെ തിരിച്ചുവരവിനുശേഷം മാത്രം ആയിരിക്കും. (എഴുന്നേറ്റ്, ചോദ്യങ്ങൾ അവഗണിച്ചുകൊണ്ട് സ്ഥലം വിടുന്നു. വീഡിയോ അവസാനിക്കുന്നു, രംഗത്ത് ഇരുട്ട് അവശേഷിക്കുന്നു).

ഒരു ടിവി അവതാരകന്റെ ശബ്ദം: പ്രധാനവാർത്ത! മുസ്ലിങ്ങൾ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചിരിക്കുന്നു. കൂടുതൽ വിശേഷങ്ങൾ അല്പസമയത്തിനകം.. എന്നാൽ, തിരഞ്ഞെടുപ്പുകൾ നീട്ടിവെച്ചതിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. “ഇത് സവർണ്ണരുടെ ഒരു അട്ടിമറിയാണെന്ന്” ആ രണ്ട് കമ്മീഷണർമാരിൽ ഒരാൾ ഞങ്ങളുടെ ചാനലിനോട് പറഞ്ഞു.

(വീഡിയോ ദൃശ്യത്തിൽ ഇപ്പോൾ ക്യാമറ നമ്മെ ശുക്ലാജിയുടെ വീട്ടിലേക്ക് കൊണ്ടുപോവുന്നു. ബ്രജേഷ് അച്ഛനുമായി ചൂടുള്ള ഒരു ചർച്ചയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ സത്യം തിരക്കിട്ട് വിരുന്നുമുറിയിലേക്ക് വരുന്നു. അനിത ബ്രജേഷ് പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്നു).

സത്യം (ആവേശത്തോടെ): എല്ലാവരും ശ്രദ്ധിക്കൂ..നിങ്ങൾ വിശ്വസിക്കില്ല..ഒരത്ഭുതം സംഭവിക്കുന്നുണ്ട്. ടിവി തുറന്നുനോക്കൂ..ലൈവ് കാണിക്കുന്നുണ്ട്!

(അനിതയും ബ്രജേഷും ധൃതിയിൽ ടിവി ഓൺ‌ചെയ്യുന്നു. കുത്തബ് അപ്രത്യക്ഷമായ സ്ഥലം മാധ്യമങ്ങൾ വളയുന്നത് ദൃശ്യത്തിൽ കാണാം. ഭൂമിക്കടിയിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു..ഒരു മൂടൽമഞ്ഞ് പരിസരത്തെ പൊതിയുന്നു. പെട്ടെന്ന്, നാടകീയമായി, കുത്തബ് വീണ്ടും അതിന്റെ എല്ലാ പ്രൌഢിയോടെയും പ്രത്യക്ഷമാവുന്നു. ബ്രജേഷിലേക്ക് രംഗം തിരിയുന്നു).

ബ്രജേഷ്: അച്ഛാ, കുത്തബ് അത് നിന്നിരുന്ന സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു!

ശുക്ലാജി: ഞാൻ പറഞ്ഞില്ലേ, അത് തിരിച്ചുവരുമെന്ന്..ഇനി നമ്മുടെ മുസ്ലിം സുഹൃത്തുക്കൾ തിരിച്ചുവരുന്നതിന് നമുക്ക് കാത്തിരിക്കാം.

(വീഡിയോ സം‌പ്രേക്ഷണം അവസാനിക്കുന്നു). (വെളിച്ചം പരക്കുന്നു. ഇപ്പോൾ നമ്മൾ സ്റ്റേജിൽ ഒരുക്കിയ സ്റ്റുഡിയോയിലാണ്. ആനന്ദും ബ്രജേഷും ആ ദിവസത്തെ പ്രധാന സംഭവങ്ങൾ അനൗപചാരികമായി ചർച്ച ചെയ്യുന്നു).

ആനന്ദ്: ഇന്നത്തെ ദിവസം.. എന്താണ് പറയേണ്ടതെന്നുപോലും എനിക്കറിയില്ല. കുത്തബ് മിനാർ വീണ്ടും പൊന്തിവന്നതിനെ നിങ്ങൾ എങ്ങിനെയാണ് കാണുന്നത്?

ബ്രജേഷ്: ആർക്കറിയാം, ഒരുപക്ഷേ അതൊരു വ്യാജ വീഡിയോ ആവാനും സാധ്യതയുണ്ട്. ഞാനുദ്ദേശിച്ചത്, കുത്തബ് ശരിക്കും വന്നിട്ടുണ്ടെങ്കിൽ അത് മറ്റൊരു കഥയാണ്. അത് നമുക്കുള്ള ഒരു സൂചനയാണ്. അതിനെ അപ്രത്യക്ഷരാക്കിയവർ നമുക്ക് നൽകുന്ന ഒരു സൂചന.

ആനന്ദ്: എന്ത് സൂചന?

ബ്രജേഷ്: അതായത്, മുസ്ലിങ്ങൾ നമ്മോട് പറയുകയാണ്, അവരുടേതായ എല്ലാം അവർക്ക് തോന്നും‌പടി ഇല്ലാതാക്കാനോ തിരിച്ച് കൊണ്ടുവരാനോ കഴിയുമെന്ന്.

ആനന്ദ് (ആശയക്കുഴപ്പത്തിലായതുപോലെ): അവർക്ക് എന്ത് തിരിച്ചെടുക്കാൻ കഴിയുമെന്നാണ്?

ബ്രജേഷ്: ഉദാഹരണത്തിന്, അവർക്ക് അവരുടെ ഭാഷ കൊണ്ടുപോകാൻ കഴിയുകയാണെങ്കിൽ, ആ ഭാഷയിലെഴുതിയ ആളുകളുടെ പുസ്തകങ്ങളും അവർക്ക് പുല്ലുപോലെ കൊണ്ടുപോകാൻ കഴിയും.

ആനന്ദ് (അമ്പരപ്പൊടെ): പണ്ഡിറ്റ് ദയ ശങ്കർ നസീം, ബ്രിജ് നാരായൺ ചക്ക്ബസ്ത്, രഘുപതി സഹായ്, ഫിറാഖ് ഗോരഖ്പുരി…ഇവരുടെയൊക്കെ കൃതികൾ അവർക്ക് അപ്രത്യക്ഷമാക്കാൻ കഴിയുമെന്നാണോ പറഞ്ഞുവരുന്നത്? അതുപോലെ, ഏറ്റവുമാദ്യം ഉറുദു ഗദ്യമെഴുതിയ രത്തൻ നാഥ് സർഷാറിന്റെയും? അതവർക്ക് കൊണ്ടുപോകാനാവുമോ? അതുപോലെ, പരമ്പരാഗത ഹിന്ദു ആചാരങ്ങളുടേയും ഹിന്ദിയുടേയും പുനരുദ്ധാരണത്തിനുവേണ്ടി ഖരി ബോലി സ്ഥാപിച്ച ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ കൃതിയും? ഉറുദുവിലെ പേർഷ്യനിലും അദ്ദേഹം ഗസലുകൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണ്? നമ്മുടെ ഭാഗത്തോ, അവരുടെ ഭാഗത്തോ? ഞാൻ നിങ്ങൾക്ക് ചില രസകരമായ ദൃശ്യങ്ങൾ കാട്ടിത്തരാം (തന്റെ പിന്നിലുള്ള സ്ക്രീനിൽ ഒരു വീഡിയോ ദൃശ്യം കാട്ടാൻ‌വേണ്ടി അയാൾ ഒരു റിമോട്ട് കൈയ്യിലെടുക്കുന്നു.

ഇരുവരും കസേരകൾ തിരിച്ചിട്ട് സ്ക്രീൻ കാണാനിരിക്കുമ്പോൾ സ്റ്റേജിലെ വെളിച്ചം മങ്ങുന്നു.

(ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിയുന്നു – ചൂളയിൽ ചുടുന്ന മാരിനേറ്റ് ചെയ്ത ആട്ടിറച്ചി, കനലിലെരിയുന്ന കോഴിയിറച്ചി, വിവിധതരം കബാബുകൾ… മുസ്ലിം പേരുകളിലുള്ള വിവിധ മാംസാഹാരങ്ങൾ: മുഗളായ്, ജഫറാനി, ഹൈദരാബാദി, ലഖ്നോയി, കക്കോരി, സംഭാൽ, രോഘൻ ജോഷ്, ഗോഷ്താബ, രിഷ്ത.. രാഷ്ട്രപതി ഭവനിലെ തീൻ‌മുറിയിൽ വിളമ്പുന്ന മുഗളായ് ഭക്ഷണത്തിലേക്ക് ക്യാമറ തിരിയുന്നു)

ബ്രജേഷ്: ഒന്ന് നിർത്താമോ, ഇങ്ങനെ കൊല്ലല്ലേ.. എന്റെ വായിൽ വെള്ളമൂറുന്നു.

(വീഡിയോ അവസാനിക്കുന്നു. സ്റ്റേജിൽ സാധാരണ വെളിച്ചം പരക്കുന്നു).

ആനന്ദ്: ഇനി ഇത്തരം ഭക്ഷണങ്ങൾ നിങ്ങൾക്ക് മറക്കാമെന്ന് ഞാൻ കരുതുന്നു. ഇനി നിങ്ങൾക്ക് നിങ്ങളുടെ സസ്യാഹാരത്തിലേക്ക് തിരിച്ചുപോകാം.. ബിരിയാണിയും പുലാവുമൊന്നും ഇല്ല..

ബ്രജേഷ് (പരിഹാസത്തോടെ): പക്ഷേ ഇതൊക്കെ മുസ്ലിം വിഭവങ്ങളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഭക്ഷണപ്രിയരുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും നല്ല തന്തൂരി ഭക്ഷണം വിളമ്പുന്നത്, മൗര്യ ഷെറാട്ടണിലെ ബുഖാര റസ്റ്ററന്റിലാണ്. അവിടത്തെ പാചകക്കാർ മിക്കവരും ഹിന്ദുക്കളോ സിക്കുകളോ ആണ്. പക്ഷേ നിങ്ങൾ പറഞ്ഞത് ശരിയാണ്, ശുദ്ധമായ മുസ്ലിം ഭക്ഷണം മുസ്ലിം വീടുകളിലും ചേരികളിലുമാണ് കിട്ടുക. മുസ്ലിം പ്രദേശത്തെ ഭക്ഷണശാലകളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു.

ആനന്ദ്: ശരിക്കുള്ള പ്രത്യേക മസാലകളും സുഗന്ധദ്രവ്യങ്ങളുമില്ലെങ്കിൽ, ഇറച്ചിവിഭവങ്ങൾ വേണ്ടതുപോലെയാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഹിന്ദു, സിഖ് പാചകക്കാർ പാചകം ചെയ്യുകയാണെങ്കിൽ, രാഷ്ട്രപതിഭവനിൽ മുഗളായ് ഭക്ഷണം വിളമ്പാൻ സാധിക്കും.

ബ്രജേഷ്: പക്ഷേ ഇത് പറയൂ, മുസ്ലിമുകളില്ലാത്ത ഒരു ഭാരതത്തിന്, മുഗളന്മാരിൽനിന്ന് വരുന്ന മുഗളായ് എന്ന വാക്കിനോട് സഹിഷ്ണുതയുണ്ടാവുമോ? മുഗളായ് ഭക്ഷണം തുടർന്നും പ്രസിഡന്റിന് വിളമ്പാനാവുമോ?

ആനന്ദ്: പേരുകൾ മാറ്റാൻ പറ്റും. ബനാറസ് വിഭവം, ത്രിവേണി കബാബ്, കാൻപുർ കൊർമ, ബിരിയാണി

ബ്രജേഷ് (തടസ്സപ്പെടുത്തിക്കൊണ്ട്): നമ്മൾ ഭാവനയെ കാടുകയറാൻ വിടുകയാണെന്ന് തോന്നുന്നു..മുസ്ലിങ്ങൾ മടങ്ങിവരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. കുത്തബ് തിരിച്ചുവന്നതുപോലെ, അവർ മടങ്ങിവരുമോ?

 (ആനന്ദിന്റെ മൊബൈൽ ശബ്ദിക്കുന്നു. ഫോണിലെ സംസാരം കേൾക്കുമ്പോൾ അയാൾക്ക് ചിരി വരുന്നുണ്ട്. ഒടുവിൽ അയാൾ ഫോണിലെ സംസാരം അവസാനിപ്പിച്ചു).

ആനന്ദ്: ഹൈക്കോടതിയിൽ മറ്റൊരു നാടകം. ജഡ്ജിക്ക് വിക്കലും നാക്കുവിറയും വന്നുവത്രെ..ശുചീകരണത്തൊഴിലാളിയെ വിളിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കേൾക്കുന്നു.. കോടതിയിലെ ആ ജീവനക്കാരെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്ക് എന്താണ്? എനിക്കും പെട്ടെന്ന് പറയാൻ പറ്റുന്നില്ല.. എന്റെ പദസമ്പത്തിൽനിന്ന് പെട്ടെന്ന് ആ വാക്ക് അപ്രത്യക്ഷമായതുപോലെ.. ഞാൻ എഴുതിക്കാണിക്കാം.. (ആനന്ദ് വെള്ള ബോർഡിൽ എഴുതുമ്പോൾ പിന്നിലുള്ള സ്ക്രീനിൽ ആ വാക്ക് തെളിയുന്നു, ‘ഫറാഷ്’..ആ..അതുതന്നെ..ഫറാഷ്..വേറെയും ചില വാക്കുകൾ പറയാൻ ജഡ്ജി ബുദ്ധിമുട്ടി. (‘ദീവാനി അദാലത്ത്’ എന്ന വാക്കും അതിന്റെ അർത്ഥമായ ‘സിവിൽ കോടതി’ എന്ന വാക്കും എഴുതുന്നു).

ബ്രജേഷ് (അത്ഭുതത്തോടെ): തലമുറകളായി നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ഭാഷയിൽനിന്ന് അവർ കൊണ്ടുപോയി എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്? ഇനി നമ്മൾ എങ്ങിനെയാണ്..(പറയാൻ ബുദ്ധിമുട്ട് തോന്നുന്നതുകൊണ്ട് ‘മുൻസിഫ്’ എന്ന വാക്ക് എഴുതിക്കാണിക്കുമ്പോൾ അത് സ്ക്രീനിൽ തെളിയുന്നു). കോടതിയിൽ മാത്രമല്ല അനിശ്ചിതാവസ്ഥ ഉണ്ടാവുക എന്ന് ഉറപ്പാണ്. ഉറുദുവിൽനിന്ന് വന്ന വാക്കുകളില്ലാത്ത ബോളിവുഡ്ഡ് പാട്ടുകൾ ഒന്ന് സങ്കല്പിച്ചുനോക്കൂ!

(ന്യൂസ് ഡെസ്കിൽനിന്നുള്ള പത്രറിപ്പോർട്ടർ ഓടിവരുന്നു).

പത്രപ്രവർത്തകൻ: ഒരു വലിയ വാർത്തയുണ്ട്..കോടതികൾ വൈകുന്നേരത്തോടെ വിധി പ്രസ്താവിക്കുമെന്ന്..ഉറുദു, പേർഷ്യൻ വാക്കുകൾ തിരിച്ചുവന്നിട്ടുണ്ട്.

ആനന്ദ് (ദേഷ്യത്തോടെ): സംശയമില്ല, മുസ്ലിങ്ങൾ നമ്മളെ കളിപ്പിക്കുകയാണ്. കുത്തബ് അപ്രത്യക്ഷമാവുന്നു, പിന്നീട് തിരിച്ചുവരുന്നു. ഉറുദു വാക്കുകൾ പോവുന്നു, പിന്നെ വരുന്നു.(ലാപ്ടോപ്പിൽ നോക്കിക്കൊണ്ട്), കൂടുതൽ വാർത്തകൾ വരുന്നുണ്ട്.. മ്യൂസിയത്തിലുള്ള മിനിയേച്ചർ മുഗൾ ചിത്രങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു..അതേസമയം, റാസയുടെ അപ്രത്യക്ഷമായ പെയിന്റിംഗുകൾ തിരിച്ചുവരികയും ചെയ്തിരിക്കുന്നു.

ബ്രജേഷ്: ഹുസ്സൈന്റെ ചിത്രങ്ങളെക്കുറിച്ച് നിങ്ങൾ വല്ലതും കേട്ടോ?

ബ്രജേഷ്: ഞാൻ കേട്ടത്, അദ്ദേഹത്തിന്റെ പെയിന്റിംഗുകളും ചുവർച്ചിത്രങ്ങളും തിരിച്ചുവന്നിട്ടില്ലെന്നാണ്. അദ്ദേഹത്തിന്റെ ആത്മാവ് ഒരു നിലപാടെടുത്തതുപോലെ എനിക്ക് തോന്നുന്നു. “നിങ്ങൾ എന്നെ അപമാനിച്ചു. ദുർഗ്ഗാദേവിയുടേയും സരസ്വതീദേവിയുടേയും ചിത്രങ്ങൾ ഞാൻ എത്രമാത്രം ആദരവോടെയാണ് വരച്ചത്“ എന്ന് അദ്ദേഹത്തിന്റെ ആത്മാവ് പറഞ്ഞിട്ടുണ്ടാവണം. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ പ്രകടനം നടത്തി, അദ്ദേഹത്തിന്റെ ചിത്രങ്ങൾ കീറിയെറിഞ്ഞു. പൊലീസ് അവരെ തടഞ്ഞതേയില്ല. മനസ്സ് മടുത്ത് അദ്ദേഹം ദുബായിലേക്കും ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും പലായനം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ, ഇന്നത്തെ വലിയ ചിത്രകാരന്മാർ, അവർപോലും നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇന്ത്യയിലെ പിക്കാസോവിനെ നമ്മൾ ആട്ടിപ്പായിച്ചു.

ആനന്ദ് (എതിർപ്പ് പ്രകടിപ്പിക്കുന്നു): അദ്ദേഹത്തിനെതിരായുള്ള ആക്രമണങ്ങൾക്ക് എന്തെങ്കിലും തക്കതായ കാരണമുണ്ടാവും.

ബ്രജേഷ്: അതെ, എല്ലാം നമുക്ക് ന്യായീകരിക്കാമല്ലോ. ആൾക്കൂട്ടക്കൊലയെപ്പോലും വേണമെങ്കിൽ ന്യായീകരിക്കാനാവും.

(വെളിച്ചം മങ്ങി, സ്റ്റേജ് ഇരുട്ടിലാഴുന്നു. അദൃശ്യനായ ഒരു അനൗൺസറുടെ മുഴക്കമുള്ള ശബ്ദം ഹാളിൽ പ്രതിദ്ധ്വനിക്കുന്നു).

അനൗൺസറുടെ ശബ്ദം: ശ്രീമതി കിശോരി അമോങ്കർ എത്താത്തതിനാൽ, ഇന്ന് സായാഹ്നത്തിലെ പരിപാടി റദ്ദാക്കേണ്ടിവന്നതിൽ, ശങ്കർലാൽ മ്യൂസിക്ക് ഫെസ്റ്റിവലിന്റെ സംഘാടകർക്ക് ദുഖമുണ്ട് (പിന്നിലുള്ള സ്ക്രീനിൽ, കിശോരി അമോങ്കറും അമ്മ മോഘുബായിയും ജയ്പുർ അത്രൌലി ഘരാനയുടെ ഗുരുവായ ഉസ്താദ് അല്ലാദിയ ഖാന്റെ ശവകുടീരത്തിൽ പുഷ്പങ്ങൾ വെക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കാണാം. പശ്ചാത്തലത്തിൽ, കിശോരി അമോങ്കർ ദുർഗാ രാഗം പാടുന്ന ഓഡിയോ ട്രാക്ക് ഉയരുന്നു).

അനൗൺസർ: പണ്ഡിറ്റ് ഭീംസെൻ ജോഷിയും ശ്രീമതി ഗംഗുഭായ് ഹങ്കാളും പങ്കെടുക്കുമോ എന്നതും സംശയത്തിലാണ്. (ഭീംസെൻ ജോഷിയും ശ്രീമതി ഗംഗുഭായ് ഹങ്കാളും ഉസ്താദ് അബ്ദുൽ കരിം ഖാന്റെ ഛായാചിത്രവുമായി നിൽക്കുന്നത് സ്ക്രീനിൽ കാണുന്നു. പശ്ചാ‍ത്തലത്തിൽ, ഉസ്താദ് രാഗ് സുധാ കല്യാൺ ആലാപനം).

അനൗൺസർ (സംഗീതം തീർന്നതിനുശേഷം): നിങ്ങൾക്കറിയാവുന്നതുപോലെ, ഹിന്ദുസ്ഥാനി സംഗീതലോകത്ത് ആകെ ആശയക്കുഴപ്പമാണ്. നിരവധി ഉസ്താദുമാർ അപ്രത്യക്ഷരായിരിക്കുന്നു. അവരുടെ ശിഷ്യർ ദു:ഖത്തിലാണ്. എല്ലാക്കാലത്തെയും മഹാന്മാരായ അവർ അവരുടെ സാന്നിധ്യംകൊണ്ട് നമ്മെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നതോടൊപ്പം, നിങ്ങൾക്ക് കാണുന്നതിനും, കേട്ട് ആനന്ദിക്കുന്നതിനുമായി ഒരു ലഘു അവതരണം ഇവിടെ കാഴ്ചവെക്കുന്നു.

(സ്ക്രീനിൽ ദില്ലി ഗോൾഫ് ക്ലബ്ബിന്റെ ഒരു വീഡിയോ ക്ലിപ്പ് സജീവമാവുന്നു. അതിന്റെ ചുറ്റുമുള്ള പച്ചപ്പിന്റേയും വിരുന്നുമുറിയുടേയും ഒരു ദീർഘദൃശ്യം. അതിനുശേഷം, ക്യാമറ മുഗൾ സാമ്രാജ്യത്തിന്റെ അവസാനദശകങ്ങളിൽ ജീവിച്ചിരുന്ന പ്രശസ്ത നർത്തകൻ ലാൽ കുൻ‌വറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചുവന്ന ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച ഒരു മന്ദിരത്തിലേക്ക് നീളുന്നു. പ്രഭാപൂരിതമായ അതിന്റെ അകത്തളം ഒരു നൃത്തശാലയായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ലാൽ കുൻ‌വറായി അഭിനയിക്കുന്ന ഒരു സ്ത്രീ, സാരംഗിയുടേയും ഹാർമ്മോണിയത്തിന്റേയും തബലയുടേയും ദ്രുതതാളത്തിനൊത്ത് കഥക് അവതരിപ്പിക്കുന്നു. പശ്ചാത്തലത്തിൽ, അദരംഗ് രചിച്ച ഒരു മധുരഗീതം ഭീംസെൻ ജോഷി ആലപിക്കുന്നത് കേൾക്കാം.

ദൃശ്യങ്ങൾക്ക് അകമ്പടിയായ ആഖ്യാനം: “ലാൽ കുൻ‌വറിന്റെ സഹോദരൻ നിയാമത് ഖാനും മരുമകൻ ഫിറോസ് ഖാനും സംഗീതകാരന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നത് അദരംഗ് എന്നും സദാരംഗ് എന്നും ആയിരുന്നു. കലയേയും സംഗീതത്തേയും പരിപോഷിപ്പിച്ചിരുന്ന മുഗൾ ചക്രവർത്തി മൊഹമ്മദ് ഷാ രംഗീലയുടെ സദസ്സിലെ ഗായകരായിരുന്നു അവർ”.

പശ്ചാത്തലത്തിൽ, രംഗീല രചിച്ച രാഗ് ഷഹാനയിലും ദർബാരിയിലുമുള്ള രചനകൾ കേൾക്കാം.

ആഖ്യാനം തുടരുന്നു: “ചില ഘരാനകളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പാരമ്പര്യവഴികളിലും ആലപിക്കപ്പെട്ടിരുന്ന ബാൻഡിഷുകളും രചനകളും രചിച്ചത് അദരംഗും സദാരംഗുമായിരുന്നു. അമീർ ഖുസ്രുവിനേക്കാളും ഒട്ടും പിന്നിലായിരുന്നില്ല ഹിന്ദുസ്ഥാനി സംഗീതത്തിന് സംഭാവന നൽകിയ ആ രണ്ടുപേരുടേയും സ്ഥാനം”. (നിസാമുദ്ദീൻ ഔലിയയിലെ ഖുസ്രുവിന്റെ മന്ദിരം സ്ക്രീനിൽ തെളിയുന്നു. പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത രചനയായ ‘ബഹുത് കഠിന് ഹൈ ഡഗറ്‌ പന്ഘട്ട് കീ’ ഉയരുന്നു. വീഡിയോ അവസാനിക്കുമ്പോൾ സ്റ്റേജിൽ ഇരുട്ട്).

അനൗൺസറുടെ ശബ്ദം: ഉറുദു കവിതയെ ആദരിക്കുന്നതിന് വർഷം‌തോറും നടക്കാറുള്ള ശങ്കർ-ശാദ് മുശായിര റദ്ദാക്കിയതായി അറിയിക്കുന്നു. ഖുലി കുത്തുബ് ഷാ, വാലി ദക്കനി, മിർ താഖി മിർ, മിർസാ ഗാലിബ്, മോമിൻ ഖാൻ മോമിൻ, ജോഷ്, മജാസ് എന്നിവരുടെ ആത്മാവും കൃതികളും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഈ വലിയ കവികളില്ലാതെ എങ്ങിനെയാണ് മുശായിര നടത്താനാവുക?

(കവികളുടെ പേരുകൾ വിളിക്കുമ്പോൾ, അവരുടെ ചിത്രങ്ങളും രേഖാചിത്രങ്ങളും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു).

(അനൗൺസ്മെന്റ് അവസാനിച്ച്, വെളിച്ചം പരക്കുമ്പോൾ കാണികൾക്ക് സ്റ്റുഡിയോയിലിരിക്കുന്ന ആനന്ദിനേയും ബ്രജേഷിനേയും കാണാം).

ബ്രജേഷ്: ഉസ്താദ് ബുന്ദു ഖാന്റെ സാരംഗി വായിക്കുന്നതിന്റേയും, അഹമ്മദ് ജാൻ തിരഖ്‌വയുടെ തബല വായിക്കുന്നതിന്റേയും മറ്റ് ധാരാളം ഉസ്താദുമാരുടെ ഗാനങ്ങളുടെ റിക്കാർഡിംഗുകളാണ് നമ്മുടെ സംഗീതത്തെ സമ്പന്നമാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

ആനന്ദ് (അസന്തുഷ്ടി പ്രകടിപ്പിക്കാൻ ശബ്ദമുയർത്തിക്കൊണ്ട്): മുസ്ലിമുകളുടെ സംഭാവനയെ നമ്മൾ അതിശയോക്തിയോടെയല്ലേ കാണുന്നത്? നമ്മുടെ പ്രാചീന ചരിത്രത്തെ തങ്ങളുടെ സംഗീതംകൊണ്ട് അനശ്വരമാക്കിയ സ്വാമി ഹരിദാസിനെക്കുറിച്ചും ബൈജു ബാവരയെക്കുറിച്ചും ആലോചിച്ചുനോക്കൂ. സമീപകാലത്താണെങ്കിൽ നമുക്ക് വിഷ്ണു നാരായൺ ഭട്ട്ഖാണ്ഡെയും ഗായകനും രചയിതാവുമായ വിഷ്ണു ദിഗംബർ പലുസ്കറുമുണ്ട്.

ബ്രജേഷ്(അവഗണിച്ചുകൊണ്ട്): അപ്പോൾ നിങ്ങൾ പറയുന്നത്, മുസ്ലിമുകളുടെ പങ്കാളിത്തമില്ലാതെ ശങ്കർ-ശാദ് മുശായിര നടത്താനാവുമെന്ന്, അല്ലേ? ഉർദുവിൽ കവിതകളെഴുതിയ ധാരാളം ഹിന്ദുക്കളുണ്ട് – ചുന്നിലാൽ ദിൽ‌ഗീർ, പണ്ഡിറ്റ് ദയ ശങ്കർ നസീം, പണ്ഡിറ്റ് ബ്രിജ് നാരായൺ ചക്ബസ്ത്, ഫിറാഖ് ഗോരഖ്പുരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രഘുപതി സഹായ്, ജോഷ് മൽ‌സിയാനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ലഭു റാം, ജഗന്നാഥ് ആസാദ്, പണ്ഡിറ്റ് ഹരിചന്ദ് അഖ്തർ, നരേഷ് കുമാർ ശാദ്, ഇന്ന് ലഖ്നോവിൽ വളരെയധികം പ്രശസ്തനായ സഞ്ജയ് മിശ്ര. അവരെമാത്രം വെച്ചുകൊണ്ട് എന്തുകൊണ്ട് നമുക്ക് ശങ്കർ-ശാദ് മുശായിര നടത്തിക്കൂടാ?

ആനന്ദ്: സാധിക്കില്ല. കാരണം, അവർ വരില്ല. ഗാലിബിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മുസ്ലിമായിരുന്നില്ല, മുൻഷി ഹർഗോപാൽ തുഫ്ത ആയിരുന്നു. ഗാലിബ് വന്നില്ലെങ്കിൽ, തുഫ്ത വരുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇവരൊക്കെ സുഹൃത്തുക്കളോട് വിശ്വസ്തതയുണ്ടായിരുന്ന കലാകാരന്മാരായിരുന്നു. കച്ചവടക്കാരെയും രാഷ്ട്രീയക്കാരെയും പോലെ ആയിരുന്നില്ല.

 (സ്റ്റേജിലെ വെളിച്ചം മങ്ങുന്നു, പിന്നിലെ സ്ക്രീനിൽ വെളിച്ചം പരക്കുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാർ കൊട്ടാരത്തിന്റെ ദൃശ്യം കാണാം. ക്യാമറ കൊട്ടാരത്തിലൂടെ ഒരു ദൃശ്യസഞ്ചാരം നടത്തുമ്പോൾ അകമ്പടിയോടെ ആഖ്യാനം കേൾക്കാം: “മഹർ മഹാരാജാവിന്റെ കൊട്ടാരത്തിലെ ആസ്ഥാനഗായകനായ ഉസ്താദ് അല്ലാവുദ്ദീൻ ഖാൻ മൈഹർ ഘരാന സ്ഥാപിച്ചത് ഇവിടെവെച്ചാണ്. ഒരു സംഗീതപ്രതിഭയായിരുന്നു അല്ലാവുദ്ദീൻ ഖാൻ. സംഗീതരചയിതാവും, സാരോദ്, സിത്താർ, ബാംസുരി, ഷെഹനായി എന്നിങ്ങനെ വിവിധ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്തിരുന്ന പ്രതിഭ. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിന്റെ മഹാഗുരുക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം”. (ക്യാമറ നിരവധി ഫോട്ടോഗ്രാഫുകളിലേക്കും ഛായാചിത്രങ്ങളിലേക്കും സൂം ചെയ്യുന്നു). നിങ്ങൾ കാണുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ മകൻ, സുർബഹാർ (ബാസ് സിതാർ) പ്രതിഭയായ ഉസ്താദ് അലി അക്ബർ ഖാന്റേയും, മകൾ അന്നപൂർണ്ണയുടേയുമാണ്. അല്ലാവുദ്ദീൻ ഖാന്റെ നിരവധി ശിഷ്യരിൽ ഒരാളും സിത്താർ മേസ്ട്രോയുമായ പണ്ഡിറ്റ് രവി ശങ്കറിന്റെ ആദ്യഭാര്യയായിരുന്നു, അധികം വാഴ്ത്തപ്പെടാതെ പോയ അന്നപൂർണ്ണ. (ക്യാമറ അല്ലാവുദ്ദീൻ ഖാന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു) ഇതാ ബാബ അല്ലാവുദീൻ ഖാന്റെ മുറി. ചുവരിലെ സരസ്വതീദേവിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കുക. ക‌അബയിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന നിസ്കാരപ്പായയുമുണ്ട്. (ക്യാമറ ഒരു ദേവാലയത്തിലേക്ക് തിരിയുന്നു) ഇതാ, ഇതാണ് ശാരദാ മാ ക്ഷേത്രം. എല്ലാ ദിവസവും സരസ്വതീദേവിയുടെ അനുഗ്രഹം തേടി അല്ലാവുദ്ദീൻ ഖാൻ ഇവിടെ വരാറുണ്ടായിരുന്നു..”.

 (വീഡിയോ അവസാനിക്കുന്നു. സ്റ്റേജിൽ പ്രകാശം പരക്കുന്നു)

ബ്രജേഷ്: അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു അത്. കലകളുടെ ദേവതയായ ശാരദയുടെ – സരസ്വതീദേവിയുടെ ഭക്തനായിരുന്നു അല്ലാവുദ്ദീൻ ഖാൻ.

ആനന്ദ്: എന്നിട്ടും ആ മുറിയിൽ നമ്മൾ ഒരു നിസ്കാരപ്പായ കണ്ടു. അദ്ദേഹം ദിവസവും അഞ്ചുനേരം നിസ്കരിച്ചിരുന്നുവോ?

ബ്രജേഷ്: തീർച്ചയായും അദ്ദേഹം ചെയ്തിരുന്നു. മതവും സംസ്കാരവും തമ്മിലുള്ള വ്യത്യാസം ഈ മഹാന്മാരായ സംഗീതകാരന്മാർക്ക് അറിയാമായിരുന്നു.

(നേർത്ത ശബ്ദത്തോടെ ഹിന്ദുസ്ഥാനി സംഗീതം ഒഴുകുമ്പോൾ, വെളിച്ചം മങ്ങുന്നു)

 

രണ്ടാം അങ്കം | രംഗം 3

സ്റ്റേജിന്റെ പിന്നിലുള്ള സ്ക്രീനിൽ പുതിയ വാർത്തകൾ കാണുകയാണ് ആനന്ദും ബ്രിജേഷും. അവരുടെ രൂപം നിഴലായി സദസ്സിലുള്ളവർക്ക് കാണാം. ദില്ലിയിലെ അശോകാ റോഡാണ് രംഗം. യജ്ഞത്തിനുവേണ്ടി 50X50 അടി വലിപ്പമുള്ള ഒരു കുണ്ഡം കുഴിച്ചിരിക്കുന്നു. ചന്ദനവിറകുകൾ കെട്ടുകെട്ടായി കുഴിയിലേക്ക് വെച്ച് രണ്ട് പുരോഹിതന്മാർ തീ കൊടുക്കുന്നു. അതിനുശേഷം നെയ്യൊഴിക്കുമ്പോൾ തീ ആളിക്കത്തുന്നു. ക്യാമറയുടെ കണ്ണെത്തുന്ന ദൂരത്തോളം യജ്ഞത്തിൽ പങ്കെടുക്കാനെത്തിയ രുദ്രാക്ഷമാലയണിഞ്ഞ കാവിവസ്ത്രമണിഞ്ഞ സന്ന്യാസികളെ കാണാം. തീ ആളിക്കത്തുന്നതോടെ ദൃശ്യങ്ങൾ അവസാനിക്കുകയും സ്റ്റേജിൽ സാധാരണ വെളിച്ചം നിറയുകയും ചെയ്യുന്നു)

ആനന്ദ് (ബ്രജേഷിനുനേരെ തിരിഞ്ഞ്):  അത് കാണാൻ ഗംഭീരമായിട്ടുണ്ട്‌! പക്ഷേ നമ്മുടെ മുമ്പിലുള്ള വലിയ ചോദ്യം, എന്നാണ് തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ്. താങ്കളുടെ അച്ഛനെപ്പോലെയുള്ള മുതിർന്ന നേതാക്കൾ, തിരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്ന അഭിപ്രായക്കാരാണ്.

ബ്രജേഷ്: മുസ്ലിങ്ങൾ തിരിച്ചുവന്ന് വോട്ടർമാരുടെ എണ്ണം പഴയതുപോലെയാവാൻ അവർ കാത്തിരിക്കുകയാണെന്ന് ഞാൻ ഊഹിക്കുന്നു.

ആനന്ദ്: മുസ്ലിങ്ങൾ തിരിച്ചുവരാൻ പോവില്ലെന്ന് അവർക്കറിയാം. തിരഞ്ഞെടുപ്പ് ആവുന്നതും നീട്ടിവെപ്പിച്ച്, ആ സമയത്തിനുള്ളിൽ പുതിയ തന്ത്രങ്ങൾ കണ്ടുപിടിക്കുകയാണ് അവരുടെ മനസ്സിലിരിപ്പ്. ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് നേരിടാൻ അവർക്കാവില്ല. അവരുടെ നിർഭാഗ്യത്തിന് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ജാതീയമായി മറുഭാഗത്തായിപ്പോയി. വേഗം തിരഞ്ഞെടുപ്പ് നടത്തണമെന്നതാണ് അവരുടെ ആവശ്യം.

ബ്രജേഷ്: നേരത്തേ നടത്തിയാൽ എന്ത് ഗുണമാണ് അവർ പ്രതീക്ഷിക്കുന്നത്?

ആനന്ദ്: അത് വ്യക്തമല്ലേ? മുസ്ലിങ്ങൾ പോയതോടെ, ത്രികോണ, ചതുഷ്കോണ, ബഹുകോണമത്സരങ്ങൾക്ക് അർത്ഥമില്ലാതായി. നോക്കൂ, ജനസംഖ്യയുടെ 30 ശതമാനം ഉയർന്ന ജാതിക്കാരാണെങ്കിൽ, 70 ശതമാനം ദളിതരും ആദിവാസികളും മറ്റ് പിന്നാക്കജാതിക്കാരുമാണ്. എണ്ണത്തിന്റെ കണക്കെടുത്താൽ ഉപരിവർഗ്ഗക്കാർ എത്രയോ പിന്നിലാണ്.

ബ്രജേഷ് (ശബ്ദത്തിൽ ആകാംക്ഷയോടെ): അച്ഛനും അനിതയ്ക്കും എന്ത് സംഭവിക്കുമെന്ന് എനിക്കറിയില്ല. നിലവിലെ സാഹചര്യത്തിൽനിന്ന് എന്തെങ്കിലും ഗുണം കൊയ്യാമെന്നും, മുസ്ലിങ്ങളുടെ സ്വത്ത്, ദരിദ്രരുടേയും അധസ്ഥിതരുടേയും ഉന്നമനത്തിനായി ഉപയോഗിക്കാമെന്നുമാണ് അനിത ഇപ്പോഴും വിശ്വസിക്കുന്നത്. ഒരു പുതിയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കുണ്ടാക്കാൻ ദളിതരും, ആദിവാസികളും പിന്നാക്കജാതികളും മാത്രമല്ല, സവർണ്ണരും ഒരുമിച്ച് ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നാണ് അവളുടെ വിശ്വാസം.

ആനന്ദ് (കൗതുകത്തോടെ): ഒരു ഹിന്ദു സോഷ്യലിസ്റ്റ് സമൂഹമോ? സ്വപ്നം നല്ലതാണ്, സംശയമില്ല. പക്ഷേ അത് സ്വപ്നമായിത്തന്നെ അവശേഷിക്കുകയേ ഉള്ളു.

(ഡെസ്കിൽനിന്നുള്ള ഒരു പത്രപ്രവർത്തകൻ ഓടിവരുന്നു).

പത്രപ്രവർത്തകൻ: സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നമ്മുടെ ബ്യൂറോ ഒരു എക്സ്ക്ലൂസിവ് വാർത്ത ഫ്ലാഷ് ചെയ്യുന്നുണ്ട്. പ്രധാനമന്ത്രി സ്ഥാനർത്ഥിയായി, ദളിത് സമാജ് അവരുടെ നേതാവിനെ പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന്. അടുത്ത ഏതാനും മണിക്കൂറിനുള്ളിൽ പ്രഖ്യാപനമുണ്ടാവും. ഇത് കലിയുഗമാണ് സർ, കലിയുഗം!

ബ്രജേഷ്: ഇതൊരിക്കലും സാധ്യമല്ല.

ആനന്ദ്: ഭാരതം ഒരു ദളിത് പ്രധാനമന്ത്രിയെ സ്വീകരിക്കുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?

(സ്റ്റേജിലെ വെളിച്ചം കെടുന്നു. പുതിയ വാർത്തകളുമായി ഒരു വനിതാ ന്യൂസ് അവതാരകയുടെ ശബ്ദം കേൾക്കാം).

ന്യൂസ് വായനക്കാരിയുടെ ശബ്ദം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തീവെപ്പിലേക്കും പൊതുമുതൽ നശിപ്പിക്കലിലേക്കും നയിക്കുന്നവിധത്തിൽ പ്രതിഷേധങ്ങൾ നടക്കുന്നതായി വാർത്തയുണ്ട്. രാജ്യതലസ്ഥാനത്ത് ക്രമസമാധാനപാലനത്തിനായി പൊലീസിനെ വിന്യസിച്ചിരിക്കുന്നു. അധസ്ഥിതി ജാതിക്കാരുടെ ഒരു മുന്നണിയാണ് പ്രതിഷേധിക്കാരെ നയിക്കുന്നതെന്ന് പൊലീസ് വൃത്തങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. നിഗൂഢമായ സാഹചര്യത്തിൽ മുസ്ലിങ്ങൾ അപ്രത്യക്ഷമായതിനെത്തുടർന്ന്, അവർ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ, സുപ്രീം കോടതിയുമായി ചർച്ച ചെയ്ത് തീരുമാനിച്ചതിനെത്തുടർന്നാണ് അവർ പ്രതിഷേധം ആരംഭിച്ചത്.

പ്രതിഷേധങ്ങൾ ആളിപ്പടരുന്നതിനാൽ, സാഹചര്യങ്ങൾ നിയന്ത്രണാതീതമാകുമെന്ന് പൊലീസ് ഭയക്കുന്നു. മുസ്ലിങ്ങളുടെ തിരിച്ചുവരവിനും, തിരഞ്ഞെടുപ്പിന്റെ സമാധാനപൂർണ്ണമായ നീട്ടിവെക്കലിനും സഹായിക്കുന്നതിനായി ഗംഭീരമായ ഒരു യജ്ഞം തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുമ്പിൽ നടക്കുന്നതിനാൽ, പ്രതിഷേധം കൊണ്ടുണ്ടായേക്കാവുന്ന അടിയന്തിര സാഹചര്യങ്ങൾ നിയന്ത്രിക്കുന്നതിനായി സൈന്യത്തെ വിളിക്കാനിടയുണ്ടെന്ന് ഒരു ഉന്നത പൊലീസുദ്യോഗസ്ഥൻ അറിയിച്ചു.

ആരാധനാസ്ഥലങ്ങളെ സംരക്ഷിക്കുന്നതിനായി സൈന്യത്തോടും അർദ്ധസൈനികവിഭാഗത്തിനോടും അഭ്യർത്ഥിച്ചിട്ടുണ്ട്. സ്ത്രീകൾ ശിവലിംഗപൂജ ചെയ്യുന്ന ലഖ്‌നോവിലെ പഡായിൻ കീ മസ്ജിദിലേക്ക് പൊലീസ് പോയിട്ടുണ്ട്. മുസ്ലിങ്ങൾ രാജ്യത്തില്ലാത്തതിനാൽ, കലാപമൊന്നും ഉണ്ടാവില്ലെന്ന ധാരണയിൽ മസ്ജിദിൽ പൊലീസിന്റെ സാന്നിധ്യം ആവശ്യമില്ലെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ, മുസ്ലിങ്ങൾ തിരിച്ചുവന്നാൽ, ഒരു മസ്ജിദിൽ നടക്കുന്ന പൂജ കലാപത്തിലേക്കും വർഗ്ഗീയതയിലേക്കും നയിച്ചേക്കാമെന്ന് ആഭ്യന്തരമന്ത്രാലയം മുന്നറിയിപ്പ് നൽകിയിരിക്കുന്നു. മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകൽ, അവരുടെ സ്വത്തുക്കളും കച്ചവടങ്ങളും വീടുകളും കൈയ്യടക്കാനുള്ള ശ്രമങ്ങളിലേക്ക് വ്യാപിച്ചിരിക്കുന്നു. ദളിതരും മറ്റ് പിന്നാക്കവിഭാഗങ്ങളുമാണ് ആദ്യം ആ സ്വത്തുക്കളിൽ അവകാശവാദമുന്നയിച്ചതെങ്കിലും, അധികം താമസിയാതെ, ഉയർന്ന ജാതിക്കാരും ആ വഴി പിന്തുടർന്നുകഴിഞ്ഞിരിക്കുന്നു.

പലയിടങ്ങളിലും തീ വളരെ വേഗം പടർന്നുപിടിച്ചുകൊണ്ടിരിക്കുന്നതിനാൽ ആകാ‍ശത്തുനിന്ന് അഗ്നിശമനജലം തളിക്കാൻ വായുസേനയുടെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. വലിയ ഓഫീസ് സമുച്ചയങ്ങൾക്കും കെട്ടിടങ്ങൾക്കും തീ ഭീഷണിയാവുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി അടിയന്തര ക്യാബിനറ്റ് സമ്മേളനം വിളിച്ചിരിക്കുന്നു.

അതേസമയം, കശ്മീരിൽ, സമ്പൂർണ്ണ വാർത്താവിനിമയ നിരോധം ചുമത്തിയിട്ടുണ്ടെങ്കിലും വിദേശലേഖകരുടെ ഒരു ചെറിയ സംഘം ശ്രീനഗറിലുണ്ട്. പാർലമെന്റ് ആക്രമണത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തി വധിക്കപ്പെട്ട ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങൾ ശ്രീനഗറിലുള്ള രക്തസാക്ഷികളുടെ ശ്മശാനമായ ഈദ്ഗാഹിൽ സംസ്കരിച്ചുവെന്ന് അവർ റിപ്പോർട്ട് ചെയ്യുന്നു. ദു:ഖമാചരിക്കുന്നവർ കറുത്ത വസ്ത്രമണിഞ്ഞ്, ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങൾ ഒരു ജാഥയായി കൊണ്ടുപോവുകയും ഔപചാരികമായി അടക്കംചെയ്യുകയും ചെയ്തിരിക്കുന്നു.

മുസ്ലിങ്ങൾ ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായത്, താഴ്വരയിൽ നിയോഗിച്ചിരിക്കുന്ന സൈന്യ-അർദ്ധസൈനിക വിഭാഗങ്ങൾക്കിടയിൽ അനിശ്ചിതാവസ്ഥ വ്യാപിപ്പിച്ചിരിക്കുന്നു. തങ്ങളുടെ സഹോദരന്മാരുടെ കൂടെ അപ്രത്യക്ഷരാകാതിരുന്ന താഴ്വരയിലെ സമുദായാംഗങ്ങൾ, അവർ അവകാശപ്പെടുന്നതുപോലെ ഇന്ത്യൻ മുസ്ലിങ്ങളാണോ, കശ്മീരി മുസ്ലിങ്ങളാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

(ന്യൂസ് റീഡറുടെ ശബ്ദം താഴ്ന്ന് സ്റ്റേജിൽ വെളിച്ചം വരുന്നു. ആനന്ദും ബ്രജേഷും വാർത്തകളെക്കുറിച്ച് അനൗപചാരികമായ സംസാരത്തിൽ)

ആനന്ദ് (തന്നോടുതന്നെ): ഞാൻ പറയുന്നത് എഴുതിവെച്ചോളൂ. ഈ രാജ്യം ഇനിയൊരിക്കലും പഴയതുപോലെ ആവില്ല. മുസ്ലിങ്ങൾ തിരികെ വന്നാൽ‌പ്പോലും.

ബ്രജേഷ്: സുഖകരമായ സമയമല്ല വരാൻ പോകുന്നതെന്ന് എനിക്കറിയാം. സത്യത്തിൽ, ഓരോ നിമിഷവും പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാവുകയാണ്. എന്നാലും, ഈ ആശയക്കുഴപ്പത്തിനിടയിലും ഒരു ചെറിയ പ്രതീക്ഷയുണ്ട്. ഞാൻ താങ്കളുമായി പങ്കുവെക്കാൻ പോവുന്ന കാര്യങ്ങൾ വിചിത്രമായി നിങ്ങൾക്ക് തോന്നിയേക്കാം. പക്ഷേ ഇന്നത്തെ ഈ അയഥാർത്ഥ സാഹചര്യത്തിൽ എന്തും സംഭവിക്കാവുന്നതേയുള്ളു. (അല്പസമയത്തിനുശേഷം, ഒരു രഹസ്യം പങ്കിടുന്നതുപോലെ ശബ്ദം താഴ്ത്തിക്കൊണ്ട്) സർക്കാരിലെ എന്റെ സ്രോതസ്സുകൾ പറയുന്നത്, മതേതര, സാംസ്കാരികസമന്വയ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച പഴയ മൈഹാർ രാജാവിന്റെ ദർബാറും ബാരാബങ്കിയിലെ ദർഗ്ഗയിൽ അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ സൂഫി ആചാര്യൻ ബൻസയിലെ ഷാ അബ്ദുൾ റസാഖിന്റെ ആത്മാവും തമ്മിൽ ഒരു ചർച്ച നടന്നിട്ടുണ്ടെന്നാണ്.

ആനന്ദ് (അവിശ്വാസത്തോടെ): അത് അത്ഭുതമായിരിക്കുന്നു. മൈഹർ രാജവംശം ഏതാണ്ട് സമകാലികമാണെങ്കിലും ഷാ അബ്ദുൾ റസാഖ് 17-ആം നൂറ്റാണ്ടിലെയല്ലേ? അതുമാത്രമല്ല, എന്തുകൊണ്ട് മൈഹാർ രാജവംശം? മാത്രമല്ല മധ്യപ്രദേശിലെ മൈഹാർ ദർബാറും ഉത്തർ പ്രദേശിലെ ബാരാബങ്കിയിലുള്ള ഒരു ദർഗ്ഗയും തമ്മിൽ എങ്ങിനെയാണ് പരസ്പരം ബന്ധപ്പെട്ടത്?

ബ്രജേഷ്: ബൻസയും മൈഹാറും തമ്മിലുള്ള ബന്ധം മനസ്സിലാവണമെങ്കിൽ അല്പം പിന്നോട്ടു പോകണം. താങ്കൾക്കറിയാവുന്നതുപോലെ, മൈഹാറിലെ ആസ്ഥാനഗാ‍യകനായിരുന്നു ബാബ അലാവുദ്ദീൻ ഖാൻ. മൈഹാറിലെ പ്രധാന മൂർത്തിയായ മാ ശാരദ, അഥവാ സരസ്വതീ ദേവിയുമായി അദ്ദേഹത്തിന് ആത്മീയമായ ഒരു ബന്ധമുണ്ടായിരുന്നു. ഇനി, ബൻസയിലെ കാര്യമാണെങ്കിൽ, ഷായുടെ അടുത്ത ശിഷ്യനായിരുന്നു കവിയും, കൃഷ്ണഭക്തനുമായ മൗലാനാ ഹസ്രത്ത് മൊഹാനി. മുഷായിര അവതരിപ്പിക്കുന്നതിനായി മൈഹർ സന്ദർശിക്കുന്നതിനിടയിൽ ഒരിക്കൽ അദ്ദേഹം അലാവുദ്ദീൻ ഖാൻ സാഹേബുമായി കണ്ടുമുട്ടുകയുണ്ടായി. അതിനുശേഷം, മൈഹാറും ബൻസയും തമ്മിൽ ഒരു ആത്മീയബന്ധം രൂപപ്പെട്ടു എന്ന് പറയപ്പെടുന്നു.

ആനന്ദ്: ദർബാറിൽ എന്തായിരുന്നു ചർച്ച ചെയ്യപ്പെട്ടത്?

ബ്രജേഷ്: മുസ്ലിങ്ങൾ പോയതിനുശേഷം, ഇന്ത്യയിലുള്ള സൂഫി ദേവാലയങ്ങളിൽ ഒരു അസ്വസ്ഥത ഉണ്ടായിട്ടുണ്ടെന്ന് (ഒന്ന് നിർത്തി) ഷാ റസാഖ് ബാബ, മൗലാനാ ഹസ്രത്ത് മൊഹാനിയെ കൺ‌വീനറായി നിയമിച്ചിട്ടുണ്ടെന്ന്.

ആനന്ദ്(ആശയക്കുഴപ്പത്തിലായപോലെ): എന്തിന്റെ കൺ‌വീനർ?

ബ്രജേഷ്: മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് ഒരു പ്രത്യേക കോടതി നിലവിൽ വന്നിട്ടുണ്ടെന്ന് അറിയില്ലേ? ഒരുപക്ഷേ നിങ്ങൾ ആ വാർത്ത കാണാൻ വിട്ടുപോയിട്ടുണ്ടാവും. എന്തായാലും, ആ കോടതി ആവശ്യപ്പെട്ട ഒരു കാര്യം, ഒരു പതിനൊന്നംഗ ജൂറിയെ നിയമിക്കണമെന്നാണ്. ഹസ്രത്ത് മൊഹാനി അതിന്റെ കൺ‌വീനറുമായിരിക്കും.

ആനന്ദ്: അത് വിചിത്രമായിരിക്കുന്നു. ഞാൻ ഉദ്ദേശിച്ചത്, ഈ ജൂറികളുള്ള ഒരു പ്രത്യേക കോടതി വിചിത്രമായിരിക്കുന്നു എന്നാണ്..ഈ ജൂറി സംവിധാനം 1950-ൽത്തന്നെ എടുത്തുകളഞ്ഞിട്ടുണ്ടെന്നുള്ളത് അറിയാമായിരിക്കുമല്ലോ. അതിനെ പുനരുജ്ജീവിപ്പിക്കുക എന്നത് വിചിത്രമായിരിക്കുന്നു. അതുപോട്ടെ, ആരാണ് ഈ പ്രത്യേക കോടതി സ്ഥാപിച്ചത്? മാത്രമല്ല, ഈ ജൂറി എങ്ങിനെയുള്ളതായിരിക്കും? (ഒന്ന് നിർത്തി) അത്, വിട്ടുപോയവരുടെ ഭാഗത്തേക്ക് ചായുന്ന ഒന്നായിരിക്കുമോ? (ന്യൂസ് ഡെസ്കിൽനിന്നുള്ള ഒരു പത്രപ്രവർത്തകന്റെ വരവ് ആനന്ദിനെ തടസ്സപ്പെടുത്തുന്നു)

പത്രപ്രവർത്തകൻ: പ്രത്യേക കോടതിയിലെ ജൂറി സമതുലിതമായ ഒന്നായിരിക്കുമെന്ന് വാർത്തയുണ്ട്. മുസ്ലിമുകളും ഹിന്ദുക്കളും അടങ്ങിയ ഒന്ന്. ഒരേയൊരു ഉപാധി മാത്രമേയുള്ളു. ഒരു ബഹുസ്വര ഇന്ത്യയിൽ വിശ്വസിക്കുന്നവരും, ഇതരമതങ്ങളോട് പരസ്പര ബഹുമാനവുമുള്ളവരാവണമെന്ന്.

ആനന്ദ് (ഉപേക്ഷയോടെ): അസംബന്ധം..മതേതര വിഭ്രമം..അഴുകിയ സാധനം.

ബ്രജേഷ് (മൊബൈലിലെ ഒരു സന്ദേശം വായിക്കുന്നു): സുപ്രീം കോടതി സ്ഥാപിച്ചിരിക്കുന്ന പ്രത്യേക കോടതി ജനങ്ങളുടെ കോടതിയായിരിക്കില്ല. സർക്കാരിന്റെ കരാറിനെക്കുറിച്ച് എനിക്ക് കിട്ടിയ സന്ദേശത്തിൽ പറയുന്നത്, മൈഹർ ദർബാർ റസാഖ് ബാബയുടെ ഭക്തരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും ജൂറിയിലേക്ക് സാൽ‌ബെഗിനെപ്പോലെയുള്ളവരുടെ പേര് നിർദ്ദേശിക്കുന്നുണ്ടെന്നുമാണ്. 17-ആം നൂറ്റാണ്ടിലെ ഒരു കവിയാണ് സാൽ‌ബെഗ്. പോരാത്തതിന് ജഗന്നാഥ ഭഗവാന്റെ ഒരു ഭക്തനും.

ആനന്ദ്: സാൽബെഗിന്റെ ഭക്തിഗീതങ്ങൾ എനിക്ക് പരിചിതമാണ്. അദ്ദേഹത്തിന്റെ അച്ഛൻ ഒരു മുഗൾ പ്രമുഖനായിരുന്നു, അമ്മ ഒരു ബ്രാഹ്മണസ്ത്രീയും. അമ്മയുടെ സ്വാധീനമായിരുന്നു അദ്ദേഹത്തിൽ കൂടുതലായും ഉണ്ടായിരുന്നത്. സാൽബെഗിന്റെ പാട്ടുകളില്ലാതെ ഒരു ജഗന്നാഥ യാത്രയും പൂർണ്ണമാവില്ല (ഒന്ന് നിർത്തി).. ആ പാട്ടുകൾക്ക് ഏറ്റവുമധികം പ്രചാരം കിട്ടിയത് സിക്കന്ദർ ആലമിലൂടെയാണ്. അദ്ദേഹം 2010-ൽ മരിച്ചു. സാൽബെഗിന്റെ പാട്ടുകൾ സിക്കന്ദറിനേക്കാൾ ഭംഗിയിൽ ആരും പാടിയിട്ടില്ല. അദ്ദേഹത്തിന്റെ മകൾ നസിയ ആ പാരമ്പര്യം തുടർന്നുപോരുന്നു.

ബ്രജേഷ് (മൊബൈൽ വീണ്ടും ശബ്ദിച്ചപ്പോൾ അയാൾ സന്ദേശം വായിക്കുന്നു): ബൻസ നിർദ്ദേശിച്ച ജൂറിയുടെ ലിസ്റ്റ് വന്നിട്ടുണ്ട്. ഞാനത് വായിക്കാം. (തൊണ്ട ശരിയാക്കുന്നു) സാൽബെഗ്, റാസ്ഖാൻ, അല്ലാഹ്ദിയാ ഖാൻ, മൊഹ്സിൻ കകോർവി, സന്ത് കബീർ, മുൻഷി ചന്നുലാൽ ദിൽഗിർ, ഗുരു നാനാക്ക് മഹാരാജിന്റെ അജ്ഞാതനായ ഒരു പ്രതിനിധി, അബ്ദുൾ റഹിം ഖാൻ-ഇ-ഖാന, തുളസീദാസ്, മഹാത്മാ ഫൂലെ, അമീർ ഖുസ്രു.

ആനന്ദ് (കളിയാക്കിക്കൊണ്ട്): ലിസ്റ്റിലുള്ളവരൊക്കെ മഹാന്മാർതന്നെ..ഒരു സംശയവുമില്ല..പക്ഷേ അവരൊക്കെ വർഷങ്ങൾക്കുമുമ്പ്, നൂറ്റാണ്ടുകൾക്കുമുമ്പുതന്നെ, മരിച്ചവരല്ലേ.

ബ്രജേഷ്: ഞാൻ മനസ്സിലാക്കിയത്, പുരോഹിതന്മാർ, ആദ്ധ്യാത്മിക ശക്തിയുപയോഗിച്ച് ഈ ആത്മാവുകളെയൊക്കെ വിളിച്ചുവരുത്തുന്നു എന്നാണ്. ഡോക്ടർമാരും, ജഡ്ജിമാരും പുരോഹിതന്മാരും ചേർന്ന് ആദ്യം ഈ ജൂറികളെയൊക്കെ അംഗീകരിക്കുകയും അവരുടെ ആധികാരികത സാക്ഷ്യപ്പെടുത്തുകയും ചെയ്യും. ആനന്ദ്ജി, ഇതൊക്കെ അശാസ്ത്രീയവും യുക്തിക്ക് നിരക്കാത്തതുമായി തോന്നാം. പക്ഷേ ഇപ്പോൾ സംഭവിച്ചതിനും – ഒരു സമുദായം ഒന്നടങ്കം അപ്രത്യക്ഷമായതിന് – അതിനും വിശദീകരണമൊന്നുമില്ലല്ലോ. നമ്മുടെ അവിശ്വാസം തത്ക്കാലം മാറ്റിവെക്കുക. അതേ നമുക്ക് ചെയ്യാനുള്ളു. മുസ്ലിങ്ങളുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട ചരിത്രപ്രധാനമായ ഈ കോടതിയിലെ ഏറ്റവും വലിയ ആകർഷണകേന്ദ്രം ഈ ജൂറിയായിരിക്കുമെന്നതിന് ഒരു സംശയവുമില്ല.

ആനന്ദ്: ജൂറിയിലെ പേരുകൾ ഇന്ത്യയുടെ വിജ്ഞാനത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. കൺ‌വീനർതന്നെയായിരിക്കുമോ വക്താവും?

ബ്രജേഷ്: ജൂറി അംഗങ്ങൾ ഒരു രഹസ്യബാലറ്റിലൂടെ അവരുടെ വക്താക്കളെ തിരഞ്ഞെടുക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആനന്ദ്: ഇത് സത്യമാണെങ്കിൽ വലിയ താത്പര്യത്തൊടെയായിരിക്കും കോടതി നടപടികൾ വീക്ഷിക്കപ്പെടുക. ലൈവായി കാണിക്കുകയാണെങ്കിൽ, ഏറ്റവും വലിയ റിയാലിറ്റി ഷോ ആയിരിക്കും ഇത്..

(വെളിച്ചം മങ്ങുന്നു)

 

മൂന്നാം അങ്കം | രംഗം 1

(പ്രത്യേക കോടതി. പതിനൊന്നംഗ ജൂറിയേയും അതിന്റെ കൺ‌വീനർ മൌലാനാ ഹസ്രത്ത് മൊഹാനിയേയും ഉൾക്കൊള്ളിക്കാൻ പറ്റുന്നവിധത്തിലുള്ള സെറ്റ് തയ്യാറാക്കിയിരിക്കുന്നു. ജൂറി അംഗങ്ങളുടെ വസ്ത്രധാരണവും ചമയങ്ങളും അവർ ജീവിച്ചിരുന്ന കാലത്തിനനുസൃതമാകാൻ പ്രത്യേകശ്രദ്ധ വേണം. ഇത്ര മഹത്തായ ഒരു കോടതിയുടെ അദ്ധ്യക്ഷപദവി അലങ്കരിക്കാൻ പാകത്തിൽ അസാധാരണമായ വ്യക്തിത്യവും ആവശ്യത്തിനുള്ള പ്രായവുമുള്ള ആളാണ് ജഡ്ജി. കോടതിയുടെ നടുവിലായി, ഹിന്ദുക്കളേയും മുസ്ലിങ്ങളേയും പ്രതിനിധീകരിക്കാൻ കോടതി നിയോഗിച്ച അഭിഭാഷകർ ഇരിക്കുന്നു. കോടതി നിയോഗിച്ച ഒരു  എതിർവിസ്താരകനും അവരൊടൊപ്പമിരിക്കുന്നുണ്ട്. പരസ്പരം അഭിമുഖീകരിച്ച് നിൽക്കുന്ന രണ്ട് സാക്ഷികൾ നിൽക്കുന്നു. കോടതി നടപടികൾ ചിത്രീകരിക്കുന്ന ഒരു വീഡിയോ ക്യാമറയുണ്ട്. പ്രധാന വേഷത്തിൽ അഭിനയിക്കുന്നവർ സദസ്സിനെ അഭിമുഖീകരിക്കുന്ന തരത്തിൽ വേണം സെറ്റ് തയ്യാറാക്കാൻ. സ്റ്റേജിന്റെ ഇടത്തേയറ്റത്ത് ഒരു ഉയർന്ന ഭാഗത്താണ് ജഡ്ജിയുടെ ബെഞ്ച്. കോടതി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ താഴെയായി ഇരിക്കുന്നു. ഗാലറി നിറഞ്ഞുകവിഞ്ഞിരിക്കുന്നു)

ജഡ്ജി: ഒരു ചെറിയ അറിയിപ്പിനുശേഷം, ചരിത്രപ്രധാനമായ ഈ കേസിലെ നടപടികൾ നമ്മൾ ആരംഭിക്കും. കോടതി കൂടുന്നതിനുമുമ്പ്, ജൂറി അവരുടെ വക്താവിനെ ഒരു രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുത്തിട്ടുണ്ട്. ഐകകണ്ഠ്യേനയുള്ള തിരഞ്ഞെടുപ്പില്ലെങ്കിൽ അത് സങ്കീർണ്ണമാകുമെന്ന് ഹിന്ദുക്കളുടെ പ്രതിനിധിയുടെ ആശങ്കയറിയിച്ചുവെങ്കിലും ജൂറി ഒറ്റക്കെട്ടായി ബഹുമാന്യനായ കവി അമീർ ഖുസ്രു ദെഹ്ലാവിയെ അതിന്റെ വക്താവായി തിരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്. (ഒന്ന് നിർത്തി). രണ്ട് സമുദായങ്ങളുടേയും – അതായത്, ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും – പ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാൻ  എതിർവിസ്താരകനെ ക്ഷണിക്കുന്നു. രണ്ട് പ്രതിനിധികളും, സാക്ഷിക്കൂട്ടിൽ, അവരവർക്ക് നീശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വന്നുനിൽക്കാൻ ഞാൻ ആവശ്യപ്പെടുന്നു. മറ്റ് കോടതികളുടെ പതിവുചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ കോടതിയെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആദ്യമേ ഞാൻ അറിയിക്കട്ടെ. (ഒരു നീണ്ട മൌനത്തിനുശേഷം).. നടപടികൾ ആരംഭിക്കട്ടെ.

(രണ്ട് പ്രതിനിധികളും അവരവർക്ക് നിശ്ചയിച്ചിട്ടുള്ള – ‘ഹിന്ദു’വെന്നും ‘മുസ്ലി’മെന്നും അടയാളപ്പെടുത്തിയിട്ടുള്ള – സാക്ഷിക്കൂടുകളിലേക്ക് നീങ്ങുന്നു. ഹിന്ദു കാവിവസ്ത്രവും മുസ്ലിം ഒരു ഷെർവാണിയുമാണ് ധരിച്ചിട്ടുള്ളത്. ഒരഭിഭാഷകൻറെ വേഷമണിഞ്ഞ എതിർവിസ്താരകൻ, ഉയരവും ഗാംഭീര്യവുമുള്ള ഒരാളാണ്). 

ജഡ്ജി (എതിർവിസ്താരകനോട്): ജൂറിയെ തിരഞ്ഞെടുത്തതിൻറെ അടിസ്ഥാനം വിശദമാക്കാൻ താങ്കൾക്ക് താത്പര്യമുണ്ടാവും. ഇത്തരം കാര്യങ്ങളിൽ ഏറ്റവും പ്രധാനം സുതാര്യതയാണ്.

എതിർവിസ്താരകൻ: യുവർ ഓണർ, വിവിധ വിശ്വാസങ്ങളിലെ യോഗിവര്യന്മാരുടെ ആത്മാക്കളുമായും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പുകൾപെറ്റവരായ ബുദ്ധിജീവികളുമായും ദീർഘമായ പര്യാലോചനകൾക്കുശേഷമാണ് ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൻറെ അനുബന്ധം 1-ൽ വിവരിച്ചിരിക്കുന്നതുപ്രകാരമാണ് ആത്മാക്കളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ജൂറി അംഗങ്ങളുടെ യോഗ്യത കോടതിയുടെ മുമ്പിലുണ്ടെന്ന് ചുരുക്കം. ആത്മാക്കളുടെ പേരുകൾ വെളിപ്പെടുത്തുന്നതിനുമുമ്പ് പൌരസമൂഹത്തിന്റേയും ഡോക്ടർമാർ, ജഡ്ജിമാർ, മതനേതാക്കൾ എന്നിവരുടേയും പ്രതിനിധികളടങ്ങുന്ന ഒരു കമ്മിറ്റിയാണ് അവരുമായി സംവദിച്ചത്.

ജഡ്ജി: വളരെ നല്ലത്. നിങ്ങൾക്ക് തുടങ്ങാം

എതിർവിസ്താരകൻ: (ഹിന്ദു പ്രതിനിധിയോട്): താങ്കളിൽനിന്ന് ആരംഭിക്കാം. മുസ്ലിങ്ങൾ പെട്ടെന്ന് ഇന്ത്യ വിട്ടുപോകാൻ എന്തെങ്കിലും കാരണം താങ്കൾ കാണുന്നുണ്ടോ?

ഹിന്ദുവിൻറെ പ്രതിനിധി (ഹി.പ്ര): മുസ്ലിങ്ങൾ ഇന്ത്യയിൽ കാലെടുത്തുവെച്ചതുമുതൽ ഒരു പ്രശ്നമുണ്ടായിരുന്നുവെന്ന് രേഖയിൽ സൂചിപ്പിക്കേണ്ടതുണ്ട്. (ഒരുനിമിഷം നിർത്തി). അത് പ്രധാനമായും മതവും അതിന്റെ പ്രചാരവുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമും ക്രിസ്ത്യാനിറ്റിയും, എന്തിന് കമ്മ്യൂണിസംപോലുള്ള ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം പോലും, രേഖീയമായും, മറ്റുള്ളവരെ സ്വന്തം പക്ഷത്തേക്ക് മതപരിവർത്തനം ചെയ്തുമാണ് വളരുന്നത്. അങ്ങിനെ മതപരിവർത്തനം ചെയ്യാത്ത, വർത്തുളമായ ഒരു സംവിധാനവുമായി അത് കൂട്ടിമുട്ടുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഹിന്ദുയിസത്തിൽ മതപരിവർത്തനമില്ല. അതിലെ അംഗങ്ങൾ ജനിക്കുന്നതുതന്നെ അതിലാണ്. ജനനസമയത്ത്, ജാതിയാൽ അവർ വിവിധ വിഭാഗങ്ങളായിത്തീരുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാക്കൾ ബ്രാഹ്മണന്മാരാണെങ്കിൽ, നിങ്ങൾ ജനിക്കുന്നതും ബ്രാഹ്മണനായിട്ടായിരിക്കും. അതുപോലെ, ഒരു ശൂദ്രന്റെ സന്തതിപരമ്പര ശൂദ്രരായിരിക്കും. മരണത്തിൻറേയും പുനർജ്ജനനത്തിൻറേയും അനുസ്യൂതമായ ശൃംഖലയാണ് ആ സംവിധാനത്തെ നിലനിർത്തുന്നത്. മരണത്തിൻറെ കടമ്പ കടക്കാതെ, സാമൂഹികമായ ഉയർച്ച അതിൽ സാധ്യമല്ല. ഈ വിധത്തിലാണ് ഹിന്ദുസമൂഹം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ സംവിധാനം ഒരുപരിധിവരെ ഇല്ലാതായി. മുസ്ലിങ്ങൾക്കും മറ്റുള്ളവർക്കും ഹിന്ദു ജാതി പിരമിഡിലെ അടിത്തട്ടിനെ സ്വാധീനിക്കാൻ സാധിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇന്ന് അപ്രത്യക്ഷരായ 200 ദശലക്ഷം മുസ്ലിങ്ങളിലെ 80 ശതമാനം മുതൽ 90 ശതമാനംവരെയുള്ളവരുടെ പൈതൃകം അന്വേഷിച്ചുപോയാൽ അത് ഹിന്ദുവിൻറേതായിരിക്കും എന്നത് ആരെയും അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും.

മുസ്ലിം പ്രതിനിധി (മു.പ്ര) (ഇടയിൽക്കയറി): ഇടപെടുന്നതിൽ ക്ഷമിക്കണം. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ 629 എ.ഡിയിൽ ചേരമാൻ പെരുമാളിൻറെ പള്ളി പണിഞ്ഞപ്പോൾ അപായമണിയൊന്നും പക്ഷേ മുഴങ്ങിയില്ലല്ലോ. പ്രവാചകൻ നബി മരിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് ആ പള്ളി പണിഞ്ഞത്. ഇപ്പോഴും ആരാധന നടക്കുന്ന ഒന്നാണത്. മുസ്ലിം വ്യാപാരികൾക്കുവേണ്ടി ഈ സൌകര്യം ചെയ്തുകൊടുത്ത ചേരമാൻ പെരുമാൾ ഒരു ഹിന്ദു രാജാവായിരുന്നു; ഇസ്ലാമിനും ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയതാണ് കേരളവും അറബ് തീരങ്ങളുമായുള്ള വ്യാപാരബന്ധം. സത്യം പറഞ്ഞാൽ, ഈ വഴിയിലൂടെയാണ് മുസ്ലിങ്ങൾ മലേഷ്യയിലേക്കും ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലേക്കും യാത്ര ചെയ്തത്. ഇസ്ലാം വരുന്നതിനും മുൻപ് ചോളരാജാക്കന്മാർ ഈ സ്ഥലങ്ങളിലെത്തിയിരുന്നു. ഇസ്ലാമിനും വളരെ മുമ്പുതന്നെ ഹിന്ദുയിസവും ബുദ്ധിസവും ഇന്തോനേഷ്യയിലെത്തി. പിന്നീട് ഇസ്ലാം വന്നപ്പോഴും ഇന്തോനേഷ്യയുടെ സംസ്കാരത്തിന് മാറ്റം വന്നില്ല. ഇന്തോനേഷ്യയുടെ സംസ്കാരത്തെ ഈ കാലത്തുപോലും നിർണ്ണയിക്കുന്നത് രാമായണവും മഹാഭാരതവുമാണ്. വ്യാപാരികൾ ഇസ്ലാമിനെ ലോകത്തിൻറെ ഏതുഭാഗത്തേക്ക് കൊണ്ടുപോയപ്പോഴും അവർ പ്രാദേശിക സംസ്കാരം സ്വീകരിച്ചു. ഉദാഹരണത്തിന്, ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ ഹൃദയഭാഗത്ത്, രഥത്തിൽ, കൃഷ്ണൻറെ സമീപത്തിരിക്കുന്ന അർജ്ജുനൻറെ ഒരു പ്രതിമയുണ്ട്. മഹാഭാരതത്തിൽനിന്നുള്ള ഒരു രംഗമാണത്.

ജഡ്ജി (ഇടപെട്ടുകൊണ്ട്): നമ്മുടെ സമയപരിമിതി മൂലം, താങ്കൾ ഇന്ത്യയിൽ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും.

മു.പ്ര: യുവർ ഓണർ, ഒരു കാഴ്ചപ്പാട് പ്രധാനമാണ്. എങ്കിലും ഞാൻ ചുരുക്കിപ്പറയാം. പറഞ്ഞുവന്നത്, ഖുർ‌ആൻ എഴുതപ്പെട്ടത് അറബിയിലായതിനാൽ, ഇസ്ലാമിൻറെ ഭാഷ അറബിയാവണമെന്ന കീഴ്വഴക്കമുണ്ടാക്കിയത്, മുസ്ലിം പുരോഹിതന്മാരായിരുന്നു. പ്രവാചകൻറെ കാലത്തിനും എത്രയോ ശേഷം. ഈ വിലക്ക് ആദ്യം ലംഘിച്ചത്, ഖുർ‌ആനെ മലയാളത്തിലേക്കാക്കിയ കേരളത്തിലെ സി.എൻ. മൌലാനയായിരുന്നു. ഇസ്ലാം സ്വയം പുതുക്കിപ്പണിഞ്ഞതിൻറേയും പ്രാദേശിക സംസ്കാരവുമായി ഇടപഴകിയതിൻറേയും ഉദാഹരണമാണ് ഇത്. പ്രമുഖ കഥകളി ഗായകനായ കലാമണ്ഡലം ഹൈദരാലി ഒരു മുസ്ലിമായിരുന്നു. താങ്കൾക്കറിയാവുന്നതുപോലെ, കഥകളി എന്നത്, പ്രധാനമായും ഹിന്ദു പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒന്നാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേപ്പോലെ, കേരളത്തിൽ മുസ്ലിങ്ങൾ പ്രാദേശിക സംസ്കാരം സ്വാംശീകരിച്ചു.

ഹി.പ്ര: പക്ഷേ കേരളത്തിലെ മലബാർ ഭാഗത്ത് മുഴുവൻ മേൽക്കൈയ്യുള്ളത് മുസ്ലിങ്ങൾക്കാണ്. അതുകൊണ്ട്, മതപരിവർത്തനം നടന്നുവെന്നത് നിങ്ങൾക്ക് നിഷേധിക്കാനാവില്ല.

മു.പ്ര: തീർച്ചയായും, മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അവയെല്ലാം സ്വമേധയാ ആയിരുന്നു. ചിലപ്പോൾ വിവാഹങ്ങളിലൂടെയും മറ്റ് ചിലപ്പോൾ നിർബന്ധത്തിലൂടെയും. ഒരു ദീർഘമായ ചരിത്രത്തിൽ, ഓരോ ഇഞ്ചും അളക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ, അവിസ്മരണീയമായ ചില നാഴികക്കല്ലുകളുണ്ട്. മുസ്ലിം പുണ്യവാളന്മാരെ ഹിന്ദുക്കളും സ്വീകരിച്ചിട്ടുണ്ട്. അയ്യപ്പഭഗവാൻറെ ശിഷ്യനായ വാവരുസ്വാമിയുടെ പള്ളി സന്ദർശിക്കാതെ ശബരിമല തീർത്ഥാടനം ഒരിക്കലും പൂർത്തിയാവില്ല. ഈ പറഞ്ഞത് നുണയാണോ എന്ന് ഏതെങ്കിലും ഹിന്ദുവിനോട് ചോദിച്ചുനോക്കൂ.

എതിർവിസ്താരകൻ: അത് സത്യമല്ലെന്ന് തോന്നിയിരുന്നെങ്കിൽ അയാൾ എതിർത്തേനേ.

ഹി.പ്ര: ഇന്ത്യയിലെ ഇസ്ലാമിൻറെ ചരിത്രം 1300 വർഷം പഴക്കമുള്ളതാണ്. ഇസ്ലാമിനോളംതന്നെ. ഒത്തൊരുമയുടെ ഒരു നീണ്ടകാലം ഉണ്ടായിരുന്നുവെങ്കിലും, വടക്കേന്ത്യയിലെ മുസ്ലിം അധിനിവേശം വ്യത്യസ്തമാണ്. മതപരമായ ഉന്മൂലനങ്ങളും, ക്ഷേത്രവിധ്വംസനങ്ങളും നിർബന്ധിത മതപരിവർത്തനവുമൊക്കെയാണ് ആ കഥയിലുള്ളത്.

എം.ആർ: ഒബ്ജക്ഷൻ സർ.

ജഡ്ജി: എന്താണ് നിങ്ങളുടെ എതിർപ്പ്?

മു.പ്ര: അദ്ദേഹം നടത്തിയ ഈ സാർവ്വത്രീകരണത്തിൽ, ഒരുമയുടേയും സൌഹാർദ്ദത്തിൻറേയും സാംസ്കാരികവിനിമയത്തിൻറേയും വലിയൊരു ഭാഗം കുഴിച്ചുമൂടിയിട്ടുണ്ട്. ചരിത്രപ്രധാനമായ ഇത്തരമൊരു വിചാരണയിൽ, എൻറെ പണ്ഡിതനായ ഹിന്ദു സുഹൃത്ത്, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളുടേയും, സാക്ഷിമൊഴി വിവരണങ്ങളുടേയും നിർബന്ധിത മതപരിവർത്തനത്തിൻറേയും പട്ടിക ഹാജരാക്കേണ്ടതാണ്.

ഹി.പ്ര (ദേഷ്യത്തോടെ): സോമനാഥ ക്ഷേത്രം കവർച്ച നടത്തിയത് ഗസ്നിയിലെ മെഹ്മൂദ് അല്ലെന്നാണോ നിങ്ങൾ പറയുന്നത്?

മു.പ്ര: ഇതിനെക്കുറിച്ച് പ്രമുഖ ചരിത്രപണ്ഡിതയായ റൊമീലാ ഥാപ്പർ, അവരുടെ ഹിസ്റ്ററി ഓഫ് ഏളി ഇന്ത്യ: ഉത്ഭവം മുതൽ എ.ഡി.1300 വരെ എന്ന പുസ്തകത്തിൽ എന്താണ് എഴുതിയിട്ടുള്ളതെന്ന് നോക്കാം (പുസ്തകത്തിൽനിന്ന് വായിക്കുന്നു). “ഒരു ജൈന പുസ്തകത്തിലെ ആനുഷംഗികമാ‍യ പരാമർശമല്ലാതെ, സമകാലീകമോ, ഏകദേശം സമകാലികമോ ആയ ഒരു വിവരണത്തിലും സോമനാഥയ്ക്കുനേരെ ഉണ്ടായ ആക്രമത്തെക്കുറിച്ച് പരാമർശങ്ങളില്ല. ഹിന്ദുക്കൾക്ക് ഇക്കാര്യത്തിലുണ്ടായേക്കാവുന്ന മാനസികാഘാതം പോയിട്ട്, അവരുടെ പ്രതികരണത്തെക്കുറിച്ചുപോലും ഒരു ചർച്ചയും അതിൽ കാണുന്നില്ല. ചാലൂക്യ രാജാവായ കുമാരപാലൻ ക്ഷേത്രം പുനരുദ്ധരിച്ചതിനെക്കുറിച്ച് ജൈനസ്രോതസ്സുകൾ വിവരിക്കുന്നുണ്ട്. ക്ഷേത്രോദ്യോഗസ്ഥരുടെ അലംഭാവപരമായ മേൽനോട്ടവും കാലങ്ങൾകൊണ്ട് ക്ഷേത്രത്തിന് സംഭവിച്ച കേടുപാടുകളുമായിരുന്നു പുനരുദ്ധരിക്കാനുള്ള കാരണമെന്ന് അതിൽ എഴുതിയിരിക്കുനു. ആക്രമണം നടന്ന്, രണ്ട് നൂറ്റാണ്ടുകൾക്കുശേഷം, പതിമൂന്നാം നൂറ്റാണ്ടിൽ, സോമനാഥയിൽ വ്യാപാരംനടത്തിയിരുന്ന, ഹോർമൂസ് പേർഷ്യയിൽനിന്നുള്ള കപ്പലുടമസ്ഥനായ ഒരു വ്യാപാരിക്ക്, ക്ഷേത്രത്തിനടുത്ത് ഒരു പള്ളി പണിയാനും, പള്ളിയുടെ കാര്യങ്ങൾ നോക്കിനടത്താനുള്ള സ്ഥലവും വസ്തുക്കളും, സോമനാഥപട്ടണത്തിലെ അധികാരികൾ അനുവദിക്കുകയും ചെയ്തു. ചാലൂക്യവഗേല ഭരണകൂടവും, പ്രാദേശിക പ്രഭുക്കളായ താക്കൂറന്മാരും റാനകന്മാരും, ശിവക്ഷേത്രത്തിലെ പൂജാരികളും അദ്ദേഹത്തെ സ്നേഹോഷ്മളമായി സ്വീകരിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു’, സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടു എന്നതിന് ഇതുപോലുള്ള തെളിവുകൾ എൻറെ ഹിന്ദു സുഹൃത്ത് ഹാജരാക്കുകയാണെങ്കിൽ അദ്ദേഹത്തിൻറെ വാദത്തോട് യോജിക്കാൻ എനിക്ക് സന്തോഷമേയുള്ളു.

 ഹി.പ്ര: അത് വിജയിയുടെ വ്യാഖ്യാനമാണ്. മുസ്ലിം ഭരണകാലത്തെ മുസ്ലിം അതിക്രമങ്ങൾക്കുള്ള ചരിത്രപരമായ തെളിവുകൾ അന്വേഷിക്കുകയാണ് നിങ്ങൾ. എന്നാൽ സോമനാഥക്ഷേത്രം കൊള്ളയടിച്ചതിനെക്കുറിച്ചുള്ള വ്യാഖ്യാനത്തിന് വേറെ ചില വശങ്ങൾകൂടിയുണ്ട്. എന്തൊക്കെയായാലും, സ്വാതന്ത്ര്യാനന്തരം, കോൺഗ്രസ്സ് സർക്കാർ സ്വീകരിച്ച ആദ്യത്തെ നടപടികളിൽ ഒന്ന്, സോമനാഥിന്റെ സുവർണ്ണകാലം പുന:സ്ഥാപിക്കുക എന്നതായിരുന്നു.

മു.പ്ര: എന്നാൽ ജവഹർലാൽ നെഹ്രു എതിർത്തു.

ഹി.പ്ര: നെഹ്രു ചെയ്ത നിരവധി കൊള്ളരുതായ്മകളിൽ ഒന്നാണത്.

ജഡ്ജി (അക്ഷമയോടെ): നമ്മൾ 1300 കൊല്ലത്തെ മുഴുവൻ ചരിത്രത്തിലേക്കും പോവുകയാണെങ്കിൽ ഈ വിചാരണ ഒരിക്കലും അവസാനിക്കില്ല. വിഭജനത്തിന് ശേഷമുള്ള കാലത്തേക്ക് നമ്മൾ കേന്ദ്രീകരിക്കണം.

മു.പ്ര: ഞാൻ കോടതിയുടെ അനുവാദം പ്രതീക്ഷിക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചുചേർന്ന 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഒരു കാര്യം ഞാനൊന്ന് സൂചിപ്പിച്ചുകൊള്ളട്ടെ. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരത്തിന്റെ അടിസ്ഥാനമായ ‘വിഭജിച്ച് ഭരിക്കുക’ എന്ന പാവനമായ തത്ത്വം ലംഘിച്ച കൊളോണിയൽ ഭരണകൂടത്തിനെ, ബ്രിട്ടീഷ് പൊതുജനസഭയിലെ ബെഞ്ചമിൻ ഡിസ്രായേലി ശകാരിക്കുകയുണ്ടായി. ‘വിഭജിച്ച് ഭരിക്കുക’ എന്ന നയത്തെ അവഗണിച്ചതിനെച്ചൊല്ലിയുള്ള ഡിസ്രായേലിയുടെ ദേഷ്യം തെളിയിക്കുന്നത്, 1857-ൽ ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു എന്ന യാഥാർത്ഥ്യത്തെയാണ്. അതിനാൽ, ഇരുസമുദായങ്ങളേയും വിഭജിച്ചുനിർത്തുക എന്നത് ബ്രിട്ടീഷ് നയമായിത്തീർന്നു. ആ വിത്താണ് 1947-ലെ വിഭജനത്തിലേക്ക് നയിച്ചത്.  

ജഡ്ജി (ഹിന്ദു പ്രതിനിധിയോട്): ഇത് ന്യായമായ ഒരു നിരീക്ഷണമാണെന്ന് തോന്നുന്നുണ്ടോ?

ഹി.പ്ര: ബെഞ്ചമിൻ ഡിസ്രായേലിയോ? ഇല്ല, എതിർപ്പില്ല.

(ജഡ്ജിക്കുള്ള ഒരു സന്ദേശവുമായി ഒരു കോടതിയുദ്യോഗസ്ഥൻ ശബ്ദമുണ്ടാക്കാതെ വരുന്നു)

ജഡ്ജി (സന്ദേശം വായിച്ചതിനുശേഷം): ഈ കേസ് വളരെ അടിയന്തിരമാണ്. നമുക്ക് നടപടികൾ വേഗമാക്കേണ്ടതുണ്ട്.

 എതിർവിസ്താരകൻ (ഹിന്ദു പ്രതിനിധിയെ നോക്കി): മുസ്ലിങ്ങളുടെ അപ്രത്യക്ഷമാവലിലേക്ക് നയിക്കാൻ പാകത്തിൽ, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘർഷം വർദ്ധിച്ചിരുന്നോ? ഇത്തരമൊന്നിലേക്ക് നയിക്കുന്ന എന്തെങ്കിലും?

എച്ച്.ആർ: ഞാനാദ്യം സൂചിപ്പിച്ചതുപോലെ, ചരിത്രപരമായിത്തന്നെ ഇരുസമുദായങ്ങൾക്കിടയിൽ ചില അവിശ്വാസങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും മുസ്ലിം ആക്രമണത്തിൻറെ ഭൂരിഭാഗവും അനുഭവിക്കേണ്ടിവന്ന വടക്കേന്ത്യയിൽ. വിഭജനത്തിനുശേഷം, എല്ലാക്കാലത്തും, അധിനിവേശകരുടെ കഴിഞ്ഞകാല അതിക്രമങ്ങളെക്കുറിച്ചുള്ള സ്മരണകൾ നിലനിന്നിരുന്നു. “ആയിരത്തി ഇരുന്നൂറ് കൊല്ലത്തെ അടിമത്തത്തിൻറെ ’ ദൂഷ്യഫലങ്ങൾ നമ്മൾ കുടഞ്ഞെറിയണമെന്ന് 2014 മേയ് മാസം പാർലമെൻറിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്, ഇതിനെ ഉദ്ദേശിച്ചായിരുന്നു. ഇനി, സമീപകാലചരിത്രം നോക്കുകയാണെങ്കിൽ, 1947-ൽ പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രം നിലവിൽ വരികയും (ഒന്ന് നിർത്തി) പകുതിയോളം വരുന്ന മുസ്ലിങ്ങൾ ഇവിടെത്തന്നെ തുടരുകയും ചെയ്തതൊടെ, ഈ അപമാനം കൂടുതൽ അസഹ്യമായിത്തീർന്നു. തങ്ങളുടെ മുമ്പിൽ ഒരു ബദൽമാർഗ്ഗമുണ്ടെന്ന് അവർക്ക് തോന്നി. ഇന്ത്യയെ അവർക്ക് തങ്ങളുടെ വീടെന്ന് വിളിക്കുകയും ചെയ്യാം. ജീവിതം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് തോന്നിയാൽ പാക്കിസ്ഥാനിലേക്ക് പോവുകയും ചെയ്യാം…കേക്ക് ഒരേസമയം കൈവശം വെക്കുകയും തിന്നുകയും ചെയ്യുക എന്ന് പറയില്ലേ, അതുപോലൊന്ന്.. 

മു.പ്ര: ഒബ്ജക്ഷൻ. വിഭജനാനന്തരം എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ഇന്ത്യയിലെ ഒട്ടുമിക്ക മുസ്ലിങ്ങൾക്കും അറിയുമായിരുന്നില്ല. കോൺഗ്രസ്സും മുസ്ലിം ലീഗും മൌണ്ട്ബാറ്റൻ പ്രഭുവുമാണ് പഞ്ചാബിനേയും ബംഗാളിനേയും വിഭജിച്ചത്. അതിൻറെ ഫലമായി ലാഹോറിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്കും, അമൃത്സർ, ലുധിയാന, ജലന്ധർ എന്നിവിടങ്ങളിലെ മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്കും ജീവൻ കൈയ്യിലെടുത്ത് പലായനം ചെയ്തു. കിഴക്കൻ, പശ്ചിമബംഗാളിനിടയ്ക്ക്, ധാക്കയും കൽക്കട്ടയ്ക്കുമിടയിലും സമാനമായ ഒരു പലായനമുണ്ടായി.

ഹി.പ്ര: വിഭജനം, ബിഹാറിനേയും ഉത്തർപ്രദേശിനേയും ദക്ഷിണേന്ത്യയേയും ബാധിച്ചില്ലെന്നാണ് എൻറെ പണ്ഡിതനായ സുഹൃത്ത് സൂചിപ്പിക്കുന്നതെന്ന് കോടതി ദയവായി മനസ്സിലാക്കണം. താലൂക്കുദാറുമാരിലും, ഇന്ത്യയിലെ ഭരണവർഗ്ഗത്തിലും അവധിലെ മുസ്ലിം രാജാക്കന്മാരിലും മുസ്ലിം ലീഗിന് ഗണ്യമായ പിന്തുണയുണ്ടെന്നായിരുന്നു ഞാൻ കരുതിയത്. 

ജഡ്ജി (മുസ്ലിം പ്രതിനിധിയോട്): അതിനോട് പ്രതികരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? പക്ഷേ കഴിയുന്നത്ര ചുരുക്കി പറയുക.

മു.പ്ര: 1947-ലെ ഏതാനും ആയിരങ്ങളുടെ കഥ പറയാൻ എന്നെ അനുവദിക്കുക. യു.പി.യിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായിരുന്നു കാസിം റാസ. മറ്റ് നിരവധി മുസ്ലിങ്ങളെപ്പോലെ അദ്ദേഹവും ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ചു. ഇൻസ്പെക്ടർ ജനറലാകേണ്ട ഊഴം അയാൾക്കായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിനെ സന്ദർശിച്ചു. അടുത്ത ഇൻസ്പെക്ടർ ജനറൽ താനാണെന്ന് ഔപചാരികമായി മുഖ്യമന്ത്രിയെ അറിയിക്കാനായിരുന്നു അദ്ദേഹം പോയത്. പന്ത്ജി റാസയോട് നയത്തിൽ പറഞ്ഞു, “പാക്കിസ്ഥാൻ എന്ന പേരിൽ പുതിയൊരു രാജ്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ രാജ്യം അഭിവൃദ്ധിയും സ്ഥിരതയും പ്രാപിക്കണമെന്നുള്ളത് നമ്മുടെ താത്പര്യമാണ്. കാസിം റാസയെപ്പോലെ പരിചയസമ്പന്നനായ ഒരാളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ അവർക്ക് സാധിക്കും”. അക്കാലത്ത് പാക്കിസ്ഥാന്റെ സെക്രട്ടേറിയറ്റ് കറാച്ചിയിലായിരുന്നു. കാസിം റാസ അങ്ങോട്ട് പോയി. പാക്കിസ്ഥാന്റെ ഇന്റലിജൻസ് ചീഫായി അദ്ദേഹം ഉയർന്നു. പക്ഷേ അദ്ദേഹത്തിൻറെ ആദ്യാനുരാഗം ഇന്ത്യയോടായിരുന്നു. മൊഹാജിർ അഥവാ, അഭയാർത്ഥി എന്ന് നിങ്ങൾ കറാച്ചിയിൽ‌വെച്ച് കേൾക്കുകയാണെങ്കിൽ മനസ്സിലാക്കിക്കൊള്ളുക, ഈ വിധത്തിലാണ് പാക്കിസ്ഥാനിൽ ആ വിഭാഗം ഉണ്ടായിട്ടുള്ളത്.

ജഡ്ജി (എതിർവിസ്താരകനോട് അഭ്യർത്ഥിക്കുന്നു): ദയവായി വേഗത്തിലാക്കുക. രണ്ട് സമുദായക്കാരുടേയും പ്രതിനിധികൾ ഇങ്ങനെ വളഞ്ഞ് മൂക്ക് പിടിക്കുന്നത് കോടതിക്ക് അനുവദിക്കാനാവില്ല.

എതിർവിസ്താരകൻ(ഹി.പ്ര.യോട്): മുസ്ലിങ്ങൾക്കെതിരേ ഹിന്ദുക്കൾ മനസ്സിൽ സൂക്ഷിച്ചിരുന്ന അനിഷ്ടത്തെക്കുറിച്ചാണ് നിങ്ങൾ പറഞ്ഞുവന്നത്.

ഹി.പ്ര: അതെ. ആയിരക്കണക്കിന് വർഷങ്ങളായി തങ്ങളെ മുസ്ലിം രാജാക്കന്മാരാണ് ഭരിച്ചുകൊണ്ടിരുന്നത് എന്നത് അവർക്കിടയിൽ അനിഷ്ടമുണ്ടാക്കിയിട്ടുണ്ടെന്ന് ഞാൻ ആവർത്തിക്കുന്നു.

മു.പ്ര: ഒരു വിശദീകരണം അവതരിപ്പിക്കാൻ എന്നെ അനുവദിക്കണം.

ജഡ്ജി (മടുപ്പ് പ്രകടിപ്പിച്ചുകൊണ്ട്): ഇക്കണക്കിന് പോയാൽ സമയത്തിന് മുമ്പ് ഈ വാദം പൂർണ്ണമായി കേൾക്കാൻ നമുക്ക് സാധിക്കില്ല (മു.പ്രതിനിധിയോട്), ശരി, നിങ്ങളുടെ എതിർപ്പ് കേൾക്കട്ടെ. ചുരുങ്ങിയ വാക്കുകളിൽ പറയണം.

മു.പ്ര: കഴിയുന്നത്ര ചുരുക്കാൻ ഞാൻ ശ്രമിക്കാം. 18-ആം നൂറ്റാണ്ടിൽ, മുഗളന്മാരുടെ കാലത്ത്, നമ്മുടെ ജി.ഡി.പി. ആഗോളനിരക്കിൻറെ 25% ആയിരുന്നു. 200 വർഷങ്ങൾക്കുശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ അത് 1.6% ആയി കുറഞ്ഞിരുന്നു. എൻറെ ഹിന്ദു സുഹൃത്ത് ഇത്തരം വിശദാംശങ്ങളൊക്കെ മറക്കുന്നു.

ഹി.പ്ര: ബ്രിട്ടീഷുകാർ നമ്മുടെ അമ്പലങ്ങൾ നശിപ്പിച്ചിട്ടില്ല.

മു.പ്ര: ബ്രിട്ടീഷ് ഭരണം നല്ലതായിരുന്നുവെന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്? എങ്കിൽ സ്വാതന്ത്ര്യസമരവും സ്വാതന്ത്ര്യവുമൊക്കെ എന്തിനുവേണ്ടിയായിരുന്നു?

എതിർവിസ്താരകൻ: നമ്മൾ ഭൂതകാലത്തേക്ക് ആവശ്യത്തിലധികം പോവുന്നു. നമുക്ക് വർത്തമാനകാലത്തിൽ ഊന്നാം.

(ഇത്രനേരവും ക്ഷമയോടെ കേട്ടുകൊണ്ടിരുന്ന ജൂറി അംഗങ്ങൾ പെട്ടെന്ന് അക്ഷമരായതുപോലെ തോന്നിച്ചു. അവരുടെ വക്താവായ അമീർ ഖുസ്രു എഴുന്നേറ്റ്, ജൂറികൾക്കുവേണ്ടി സംസാരിക്കാൻ തുടങ്ങി)

അമീർ ഖുസ്രു: മനസ്സിന് സ്ഥാനം കൊടുക്കാതെ വളരെ അയഞ്ഞ മട്ടിൽ ഹിന്ദു-മുസ്ലിം പ്രശ്നങ്ങൾ ചർച്ചചെയ്യാനാണ് നിങ്ങളുടെ ഭാവമെങ്കിൽ, ഞങ്ങളെ എന്തിനാണ് അനശ്വരമായ ഉറക്കത്തിൽനിന്ന് വിളിച്ചുകൊണ്ടുവന്നത്? ഞങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് ആയിരക്കണക്കിന് വർഷങ്ങളായി ഈ പരിഷ്കൃതിയെ ഒരുമിച്ചുകൂട്ടി നിർത്തിയത്. അതൊക്കെ വെറുതെ കിട്ടിയതുപോലെയാണല്ലോ നിങ്ങളുടെ ഭാവം?

ജഡ്ജി (ജൂറിയെ അഭിസംബോധന ചെയ്തുകൊണ്ട്): നമ്മുടെ പരിഷ്കൃതിയും ധർമ്മചിന്തയും രൂപപ്പെടുന്നതിൽ ഈ ജൂറി അംഗങ്ങൾ വഹിച്ച പങ്ക് നമുക്കറിയാം. മുസ്ലിങ്ങൾ ഇന്ത്യയെ അവരുടെ വീടുപോലെ കരുതിയിരുന്നുവെന്നും നമുക്കറിയാം. മറിച്ച്, ബ്രിട്ടീഷുകാരാകട്ടെ, ഇവിടെ വന്നത്, അധിനിവേശകരെന്ന മട്ടിലാണ്. അവരുടെ വീട് ബ്രിട്ടനായിരുന്നു. നമുക്കതൊക്കെ അറിയാമെങ്കിലും നമ്മൾ മനസ്സിലാക്കാൻ ശ്രമിക്കുന്നത് ഇതാണ്: 1300 വർഷങ്ങളായുള്ള ഈ സംസ്കൃതിയുടെ കൊടുക്കൽ-വാങ്ങലുകൾ എന്തുകൊണ്ടാണിന്ന് ചോദ്യം ചെയ്യപ്പെടുന്നത്? 200 ദശലക്ഷം മുസ്ലിങ്ങൾ ഇന്ത്യ വിട്ടുപോകാൻ മാത്രം എന്താണ് സംഭവിച്ചത്? രണ്ട് ചോദ്യങ്ങളാണ് കോടതിയുടെ മുമ്പിലുള്ളത്. എന്തുകൊണ്ട് അവർ ഒഴിഞ്ഞുപോയി? രണ്ടാമത്തേത്, എന്ത് സാഹചര്യത്തിലാണ് ഇനിയവർ തിരിച്ചുവരിക?

അമീർ ഖുസ്രു: മുസ്ലിങ്ങളുടെ തിരിച്ചുവരവിനെപ്പറ്റി ഇന്ത്യയിലെ ജനങ്ങൾ തീരുമാനിച്ചുകഴിഞ്ഞു എന്ന് ഞങ്ങൾക്ക് അനുഭവപ്പെടുന്നു. അവരുടെ സ്വത്തുവകകളെല്ലാം കയ്യേറിയിരിക്കുന്നു. മുസ്ലിങ്ങളില്ലാത്ത ഒരു തിരഞ്ഞെടുപ്പിനെക്കുറിച്ച് ആലോചിക്കുകയും ചെയ്യുന്നുണ്ട്. അർത്ഥശൂന്യമായ ഒരു ദൌത്യത്തിലായിരിക്കും കോടതി എന്ന് ഞാൻ സൂചിപ്പിക്കുന്നു.

ഹി.പ്ര: മുസ്ലിങ്ങളില്ലാത്തതിനാൽ, ഈ രാജ്യത്ത് സർവ്വത്ര കുഴപ്പമായിരിക്കുന്നു. അവർ തിരിച്ചുവന്നില്ലെങ്കിൽ ഭാവി അസ്ഥിരമായേക്കും.

എതിർവിസ്താരകൻ (ഹി.പ്ര.യോട്): ഇതൊരസാധാരണ സാഹചര്യമാണ്. മുസ്ലിം ഭരണാധികാരികളുടെ അതിക്രമങ്ങൾ നിരത്തിക്കൊണ്ട്, വിഭജനത്തിൻറെ കാലത്ത് ആ സമുദായം പാക്കിസ്ഥാനിലേക്ക് പോകേണ്ടതായിരുന്നുവെന്ന് നിങ്ങൾ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു. എന്നിട്ട് ഇപ്പോൾ നിങ്ങൾ പറയുന്നു, അവരില്ലാതെ രാജ്യത്തിന് പ്രവർത്തിക്കാനാവില്ലെന്ന്.

ഹി.പ്ര: തിരഞ്ഞെടുപ്പിൻറേയും ഭരണഘടനയുടേയും സന്തുലനത്തിന് മുസ്ലിങ്ങൾ അനുപേക്ഷണീയമാണ്.

മഹാത്മാ ഫൂലെ: നിങ്ങൾക്ക് സത്യം പറഞ്ഞുകൂടേ? നൂറ്റാണ്ടുകളായി അധസ്ഥിതജാതിയോട് മാനുഷികതയില്ലാതെ പെരുമാറിയ നിങ്ങൾ ഇപ്പോൾ ഭയക്കുന്നു, ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ, അവർ മുകളിലെത്തുമെന്ന്.

ജഡ്ജി: എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ, മഹാത്മാ ഫൂലെജി, അതാണോ താങ്കൾക്ക് ആവശ്യം?

ഫൂലെ: അല്ല, എല്ലാവർക്കും നീതി കിട്ടുകയാണ് ആവശ്യം. ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാവരും ദൈവത്തിന്റെ മക്കളാണ്. അവർക്കെല്ലാവർക്കും തുല്യമായ അവകാശങ്ങളുണ്ടാവണം.

ഹി.പ്ര (ജഡ്ജിയുടെ അനുവാദത്തിനായി കൈകളുയർത്തി, സംസാരിക്കുന്നു): മഹാത്മജി, തിരഞ്ഞെടുപ്പ് നേരത്തേ നടത്തിയാൽ, സവർണ്ണജാതികൾക്കെതിരേ എല്ലാവരും ഒരുമിക്കുന്ന വിധത്തിൽ ജാതികൾ ഇന്നത്തെ സാഹചര്യത്തിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. എണ്ണമെടുത്താൽ, അധസ്ഥിതർക്ക് മുൻ‌തൂക്കമുണ്ട്. എല്ലാക്കാലത്തേക്കും അവർക്ക് അവരുടെ പ്രധാനമന്ത്രിയുണ്ടാവും.

ഫൂലെ: എന്നന്നേക്കുമായി നിങ്ങളുടെ പ്രധാനമന്ത്രിയെയാണോ ആഗ്രഹിക്കുന്നത്?

ഹി.പ്ര: അല്ല മഹാത്മാവേ, ഞങ്ങൾക്കും നീതിയാണ് വേണ്ടത്.

ഫൂലെ: ഏത് ‘ഞങ്ങൾ’ക്കുവേണ്ടിയാണ് നിങ്ങൾ സംസാരിക്കുന്നത്?

ഹി.പ്ര: ഹിന്ദു സമുദായത്തിന്റെ ഒന്നടങ്കം പ്രതിനിധിയാണ് ഞാൻ.

എതിർവിസ്താരകൻ: മുൻപ് സൂചിപ്പിച്ച ആ പ്രധാന കാര്യങ്ങളിലേക്ക് നമുക്ക് തിരിച്ചുപോകാം. എങ്ങിനെയാണ് നമുക്കിത് സംഭവിച്ചത്? തത്‌സ്ഥിതിക്ക് മുമ്പുള്ള അവസ്ഥ എങ്ങിനെ തിരിച്ചുപിടിക്കും? (ഹി.പ്രതിനിധിയുടെ നേരെ നോക്കുന്നു).

മു.പ്ര (ഇടയിൽക്കയറി): ഇതൊരു ഹിന്ദുവിന്റെ കഥയോ മുസ്ലിമിന്റെ കഥയോ അല്ല. എന്റെ ഹിന്ദു സുഹൃത്ത് അദ്ദേഹത്തിന്റെ വ്യാഖ്യാനം നൽകും. ഞാൻ കാര്യങ്ങളെ മറ്റൊരുവിധത്തിലും കണ്ടേക്കാം. എന്നാൽ, വർഷങ്ങളായുള്ള എന്റെ അയൽക്കാരൻ എനിക്കെതിരേ തിരിഞ്ഞാൽ, അതെന്നെ വേദനിപ്പിക്കും. പക്ഷേ എന്റെ അയൽക്കാരൻ എന്തുകൊണ്ട് മാറി എന്നത് എനിക്കും വിശകലനം ചെയ്യേണ്ടിവരും. ഇന്ത്യ ഒരിക്കലും വിഭജിക്കപ്പെടാൻ പാടില്ലായിരുന്നു. എന്നാൽ, ഹിന്ദുക്കൾക്കും മുസ്ലിങ്ങൾക്കും വെവ്വേറെ രാജ്യമെന്ന ജിന്നയുടെ ദ്വിരാഷ്ട്രസിദ്ധാന്തം സ്വീകരിക്കപ്പെട്ട സ്ഥിതിക്ക്, അതിന്റെ അനന്തരഫലത്തിൽ ഇത്ര അസന്തുലിതത്വം ഉണ്ടാവാൻ പാടില്ലായിരുന്നു. ദ്വിരാഷ്ട്രസിദ്ധാന്തത്തിലെ ഒരു ഭാഗത്തെ മാത്രം സ്വീകരിച്ച്, മറുഭാഗത്തെ അവ്യക്തമായ ഒരു മതേതര മേലാപ്പിൽ കൊണ്ടുവരാൻ എങ്ങിനെ കഴിയും? വിഭജനത്തിന്റെ അനന്തരഫലം, ഒരു മുസ്ലിം രാഷ്ട്രമായ പാക്കിസ്ഥാനാണെങ്കിൽ, സ്വാഭാവികമായും ഇന്ത്യ ഒരു ഹിന്ദുസ്ഥാൻ ആകേണ്ടതാണ്. മറ്റൊരുതരത്തിൽ പറഞ്ഞാൽ, ഭൂരിപക്ഷ സമുദായത്തിന്റെ കൈയ്യിൽ അധികാരമുള്ള രണ്ട് രാഷ്ട്രങ്ങളെന്ന നിലയ്ക്കായിരുന്നു, പാക്കിസ്ഥാനും ഹിന്ദുസ്ഥാനും യഥാക്രമം പരസ്പരം അഭിമുഖീകരിക്കേണ്ടിയിരുന്നത്.

(ജൂറിയിൽ ഒരു മുറുമുറുപ്പ് ഉയരുന്നു. അവർ പരസ്പരം, അനുകൂലിച്ചും പ്രതികൂലിച്ചും തലകുലുക്കി സംസാരിക്കുന്നു)

എതിർവിസ്താരകൻ: ഇന്ത്യ ഹിന്ദുസ്ഥാനായിരുന്നെങ്കിൽ, ന്യൂനപക്ഷത്തിന് എന്ത് സംഭവിക്കുമായിരുന്നു?

മു.പ്ര: ബ്രിട്ടനിലുള്ളത് ക്രിസ്ത്യൻ ആംഗ്ലിക്കൻ രാജ്യാധിപത്യമാണ്. എന്നാൽ ഒരുഘട്ടത്തിൽ, ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിൽ നാല് മുസ്ലിങ്ങളുണ്ടായിരുന്നു. ക്യാബിനറ്റിൽ ശക്തരായ ഹിന്ദു മന്ത്രിമാരും. വർഷങ്ങളോളം, ലണ്ടനിലെ ഏറ്റവും സ്വാധീനമുള്ള മേയർ ഒരു മുസ്ലിമായിരുന്നു. നിയമം അനുശാസിക്കുന്നത്, എല്ലാവർക്കും തുല്യമായ അവസരം എന്നാണ്. അതുപോലെ, ഹിന്ദുസ്ഥാനും മുസ്ലിം വിരുദ്ധമാകരുതായിരുന്നു. അധികാരത്തിന്റെ സന്തുലനം ഹിന്ദുക്കൾക്ക് അനുകൂലമായേക്കാം, എന്നാൽ, മുസ്ലിങ്ങൾക്ക് ഒരനീതിയും ഉണ്ടാവുമായിരുന്നില്ല. ഒന്നുമില്ലെങ്കിൽ, നൂറ്റാണ്ടുകളായി നമ്മൾ ഈ രാജ്യത്ത് ഒരുമിച്ച് ജീവിച്ചിരുന്നതല്ലേ? ഹിന്ദുവാണെന്നതുകൊണ്ട് മുസ്ലിംവിരുദ്ധൻ എന്ന് അർത്ഥമില്ല.

എതിർവിസ്താരകൻ (ഹി.പ്ര.യോട്): എന്തെങ്കിലും എതിർപ്പുണ്ടോ?

(ജൂറികൾക്കിടയിൽ മുറുമുറുപ്പ്. പലരും അനുകൂലിച്ച് തല കുലുക്കുന്നു)

ഹി.പ്ര: മനസ്സിലാക്കാവുന്നതാണ്. എന്നാൽ ഇന്ത്യൻ റിപ്പബ്ലിക്കിന്റെ സ്ഥാപകർക്ക് മറ്റ് പരിഗണനകളുമുണ്ടായിരുന്നു. അവർ ഒരു ഹിന്ദു ഹിന്ദുസ്ഥാൻ സൃഷ്ടിച്ചിരുന്നെങ്കിൽ, കശ്മീരിനെ ഇന്ത്യയിൽ നിലനിർത്താനുള്ള ന്യായം നഷ്ടമയേനേ.

എതിർവിസ്താരകൻ: ഒന്ന് വിശദമാക്കൂ.

ഹി.പ്ര: കൂടുതൽ എന്താണ് ഞാൻ പറയേണ്ടത്?

മു.പ്ര (അല്പം കുസൃതിയോടെ): അദ്ദേഹം കള്ളി വെളിച്ചത്താക്കി. വിഭജനകാലത്തെ ബ്രാഹ്മണ മനസ്ഥിതി കോടതി മനസ്സിലാവുന്നതിനായി അല്പം കൂടി വിശദമാക്കൂ.

ജൂറി ഒന്നടങ്കം: ഒന്ന് വിശദമാക്കൂ. ഈ രാജ്യത്തെ ജനങ്ങളോട് നിങ്ങൾക്കതിനുള്ള ബാധ്യതയുണ്ട്.

‘ജഡ്ജി (ഹി.പ്ര.യോട്): കശ്മീരിനെകുറിച്ചുള്ള ആ ഭാഗം ഒന്ന് വ്യക്തമാക്കൂ.

ഹി.പ്ര (അല്പം സംശയിച്ച്): സ്വാതന്ത്ര്യത്തിന്റെ സമയത്ത് ഏതാണ്ട് 584 നാട്ടുരാജ്യങ്ങളുണ്ടായിരുന്നു. ചിലർ ഇന്ത്യയുടെ കൂടെയും മറ്റ് ചിലർ പാക്കിസ്ഥാന്റെ കൂടെയും പോകാൻ ആഗ്രഹിച്ചു. എന്നാൽ, നിങ്ങൾക്കറിയാവുന്നതുപോലെ, കശ്മീരിലെ സ്ഥിതി വ്യത്യസ്തമായിരുന്നു.പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന, മുസ്ലിമുകൾക്ക് ഭൂരിപക്ഷമുള്ള, ഹിന്ദു രാജാവിന്റെ കീഴിലായിരുന്നു അത്. ജനാധിപത്യനിയമങ്ങൾ ബാധകമാക്കേണ്ടതായിരുന്നു. ഇത്തരം കാര്യങ്ങളിൽ ജനങ്ങളുടെ ഇഷ്ടം പ്രധാനമാണ്. ഇന്ത്യൻ നേതാക്കൾക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടായിരുന്നു: ഇന്ത്യ ഹിന്ദുരാജ്യമായിരുന്നെങ്കിൽ, മുസ്ലിം ഭൂരിപക്ഷമുള്ള പ്രവിശ്യ എന്ന നിലയ്ക്കും, പാക്കിസ്ഥാനോട് ചേർന്നുകിടക്കുന്ന സ്ഥലമെന്ന നിലയ്ക്കും കശ്മീർ പാക്കിസ്ഥാനിലേക്ക് പോവുമായിരുന്നു. മറിച്ച്, മതേതരമായ ഒരു ഇന്ത്യയ്ക്ക്, അതിന്റെ മതേതരത്വത്തെ ബലപ്പെടുത്താൻ കശ്മീരിനെ ആവശ്യവുമായിരുന്നു. മതേതര, ജനാധിപത്യ ഇന്ത്യയിൽ, കശ്മീരിലെ ജനങ്ങൾ സന്തുഷ്ടരാണെങ്കിൽ..

മു.പ്ര (അക്ഷരാർത്ഥത്തിൽ അത് പൂർത്തിയാക്കുന്നു); എങ്കിൽ, മുസ്ലിം മതാധിഷ്ഠിത പാക്കിസ്ഥാൻ രാജ്യത്തിന് അതിന്റെ അവകാശം നഷ്ടപ്പെടുമായിരുന്നു.

എതിർവിസ്താരകൻ: ഞാൻ മനസ്സിലാക്കിയത് ശരിയാണെങ്കിൽ, നിങ്ങൾ പറഞ്ഞുവരുന്നത്, ഇന്ത്യയെ ഒരു മതനിരപേക്ഷ രാജ്യമായി പ്രഖ്യാപിച്ചതിന്റെ പിന്നിൽ, റിപ്പബ്ലിക്കിന്റെ സ്ഥാപകനേതാക്കൾക്ക് ഉന്നതമായ മൂല്യങ്ങളും, അതോടൊപ്പം, പ്രായോഗികമായ രാഷ്ട്രീയ കാരണങ്ങളും ഉണ്ടായിരുന്നു എന്നല്ലേ? മുസ്ലിം മതാധിഷ്ഠിത രാജ്യമായ പാക്കിസ്ഥാന് തുല്യമാവണമെങ്കിൽ ഒരു ഹിന്ദു ഇന്ത്യ ആവശ്യമായിരുന്നു. എന്നാൽ ഒരു ഹിന്ദു ഇന്ത്യയ്ക്ക് മുസ്ലിം ഭൂരിപക്ഷമുള്ള കശ്മീരിനെ – ഇന്ത്യയുമായി തുടർച്ചയായ അതിർത്തികളുള്ള കശ്മീരിനെ – കൈയ്യിൽ വെക്കാനുള്ള ന്യായങ്ങളൊന്നും ഉണ്ടാവുമായിരുന്നില്ല. മറ്റ് ചില കാരണങ്ങളുമുണ്ടായിരുന്നു. നെഹ്രുവിന്റെ വ്യക്തിത്വത്തിലുണ്ടായിരുന്ന ‘പാശ്ചാത്യ’ഘടകം, ഒരുകൂട്ടം ഇന്ത്യൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥരെ അദ്ദേഹത്തിലേക്ക് ആകർഷിക്കുകയും ചെയ്തു. അദ്ദേഹത്തിനെപ്പോലെത്തന്നെ ഒക്സ്ഫോർഡിലും കേംബ്രിഡ്ജിലുമൊക്കെ പഠിച്ചുവന്ന ചിലരെ..മുണ്ടുടുത്ത, നാടൻ ഇന്ത്യയോട് അവർക്കൊരുതരം വെറുപ്പാണ് ഉണ്ടായിരുന്നത്.

(ജൂറി അംഗങ്ങൾ പരസ്പരം അതിശയത്തോടെ നോക്കുന്നു)

എതിർവിസ്താരകൻ: നമുക്ക് അല്പം മുന്നോട്ട് വേഗത്തിൽ പോയി, എന്തുകൊണ്ടാണ് നെഹ്രുവിന്റേയും ഗാന്ധിയുടേയും മതേതര ഇന്ത്യയെക്കുറിച്ചുള്ള സ്വപ്നം മാഞ്ഞുപോയതെന്ന് പരിശോധിക്കാം.

മു.പ്ര: ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട്. മതേതരമായ ഒരു ഹിന്ദു ഇന്ത്യയെയാണ് ഗാന്ധി ആഗ്രഹിച്ചിരുന്നത്. അങ്ങിനെയൊരു ഇന്ത്യ ദീർഘകാലം നിലനിൽക്കുന്നതും പരക്കെ അംഗീകരിക്കപ്പെടുന്നതും ആവുമായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. മതേതര ഇന്ത്യയെക്കുറിച്ചുള്ള നെഹ്രുവിന്റെ സങ്കല്പം, ‘താഴ്ന്ന മധ്യവർഗ്ഗക്കാർ’ അദ്ദേഹം‌തന്നെ കത്തുകളിൽ വിശേഷിപ്പിച്ച ജനങ്ങളോട് സഹതാപത്തോടെ പെരുമാറുന്ന ഒന്നായിരുന്നു. ഈ സങ്കല്പം ഇന്ത്യയിൽ വേരുള്ള ഒന്നല്ല. അത്, തുർക്കിയിലെ അതാതുർക്കിന്റെ മതേതരത്വം പോലെയുള്ള ഒന്നാണ്. ഭരണവർഗ്ഗം ആ മതേതരത്വത്തെ പിന്തുണയ്ക്കുന്നതുവരെ മാത്രമേ അതിന് നിലനിൽ‌പ്പുള്ളു.

അനിത (സദസ്സിൽനിന്ന് ചാടിയെഴുന്നേറ്റ്): നെഹ്രു ആഗ്രഹിച്ചത് ഒരു മതനിരപേക്ഷ, സോഷ്യലിസ്റ്റ് ഇന്ത്യയെയാണ്.

(തടസ്സപ്പെടുത്തിയത് ഇഷ്ടപ്പെടാത്ത മട്ടിൽ ജഡ്ജി ചുറ്റികയെടുത്ത് മേശയിലടിക്കുന്നു)

എതിർവിസ്താരകൻ: ക്ഷമിക്കണം, ഗാലറിയിൽനിന്നുള്ള ഇടപെടലുകൾ പാടില്ല.

ജഡ്ജി(എതിർവിസ്താരകനോട്): ഒന്ന് വേഗമാക്കൂ..നമ്മുടെ നിഗമനങ്ങൾ ഇന്ത്യയുടെ ചീഫ് ജസ്റ്റീസിന് അടിയന്തരമായി സമർപ്പിക്കേണ്ടതുണ്ട്.  

എതിർവിസ്താരകൻ: രണ്ട് പ്രതിനിധികളും എന്നെ അതിനനുവദിച്ചാൽ, ഞാൻ ചുരുക്കിപ്പറയാം. കൂട്ടത്തിൽ എന്റെ ചില ചിന്തകളും കൂട്ടിച്ചേർത്തിട്ടുണ്ട്. നിങ്ങൾ ഇതുവരെ പറഞ്ഞതിൽനിന്ന് അത് വ്യതിചലിച്ചിട്ടുണ്ടെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ എതിർപ്പ് അറിയിക്കാവുന്നതാണ്. മുസ്ലിങ്ങൾ നീണ്ടകാലം രാജ്യം ഭരിച്ചതിനെക്കുറിച്ചുള്ള അമർഷം പൊട്ടിപ്പുറപ്പെടാൻ കാത്തിരിക്കുകയായിരുന്നു. മുസ്ലിം ഭരണത്തിനുമുൻപ് ഇന്ത്യയ്ക്ക് ഒരു സുവർണ്ണകാലമുണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നുണ്ട്. അതിനാൽ, ഹിന്ദുക്കളുടേയും മുസ്ലിമുകളുടേയുമിടയിൽ ഈ ദ്വിരാഷ്ട്രവാദത്തിന് ധാരാളം അനുയായികളുണ്ടായിരുന്നിരിക്കണം. മുസ്ലിം പാക്കിസ്ഥാന്റെ സൃഷ്ടി മുസ്ലിമുകൾക്കിടയിൽ എങ്ങിനെയായിരിക്കും പ്രതിധ്വനിച്ചിട്ടുണ്ടാവുക എന്ന സങ്കല്പിച്ചുനോക്കൂ. എന്നാൽ മതേതര ഇന്ത്യ ഒരു ഉന്നതമായ സങ്കല്പമായിരുന്നു. ബ്രിട്ടീഷ് ഭരണവർഗ്ഗത്തിന് അത് നന്നായി ഇഷ്ടപ്പെടുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുന്നോടിയായി നടന്ന പൊതുജനസഭയിലെ ചർച്ചകൾ നോക്കിയാൽ അത് മനസ്സിലാവും. വിഭജനം മൂലം തങ്ങൾ ചതിക്കപ്പെട്ടുവെന്ന് ഹിന്ദു വലതുപക്ഷത്തിന് അനുഭവപ്പെട്ടു. അത് മനുഷ്യസ്വഭാവമാണ്. 1947-നുശേഷം, ഹിന്ദു-മുസ്ലിങ്ങൾ പരസ്പരവൈരം മറന്ന്, രാഷ്ട്രനിർമ്മാണത്തിൽ മുഴുകി. തീർച്ചയായും സംഘർഷങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലത് വളരെ രൂക്ഷവുമായിരുന്നു. എന്നാൽ, ക്രമേണ, ഹിന്ദു-മുസ്ലിം സംഘർഷത്തിന്റെ സ്ഥാനത്ത് പുതിയ ചിലത് വന്നു: രാജ്യത്തിന്റെയും പൊലീസിന്റേയും സഹായത്തോടെ ഹിന്ദുപ്രക്ഷോഭകർ മുസ്ലിമുകൾക്കുനേരെ തിരിഞ്ഞു. ഉദാഹരണത്തിന്, അതിർത്തിഗാന്ധിയായ ഖാൻ അബ്ദുൾ ഗാഫർ ഖാൻ, ഒരുവർഷം നീണ്ടുനിന്ന യാത്രയ്ക്കായി ഗുജറാത്തിന്റെ തലസ്ഥാനത്തെത്തിയപ്പോൾ പൊട്ടിപ്പുറപ്പെട്ട 1969-ലെ അഹമ്മദാബാദ് ലഹള. 600-ലേറെ ആളുകളാണ് അന്ന് കൊല്ലപ്പെട്ടത് “മഹാത്മാ ഗാന്ധിയുടേയും സർദാർ വല്ലഭായി പട്ടേലിന്റേയും നഗരത്തിൽ എന്താണ് നടക്കുന്നതെന്ന് നോക്കൂ” എന്ന് അദ്ദേഹം പറയുകയുണ്ടായി. തീവെപ്പിൽ നശിച്ച മുസ്ലിങ്ങളുടെ വീടുകൾ അദ്ദേഹം സന്ദർശിച്ചു.

ഹി.പ്ര (എതിർവിസ്താരകനോട് ദേഷ്യപ്പെട്ട്): സർ, നിങ്ങൾ ഹിന്ദു-വിരുദ്ധമായ ഒരു ഭാഷ്യമാണ് നൽകുന്നത്.

മു.പ്ര (കളിയാക്കിക്കൊണ്ട്): സത്യം പറയാൻ എന്റെ സുഹൃത്തിനെ അനുവദിക്കൂ..

ജഡ്ജി: തടസ്സപ്പെടുത്തരുത് (എതിർവിസ്താരകനോട്) ദയവായി തുടരൂ.

എതിർവിസ്താരകൻ: ശരി, വർഗ്ഗീയതയെ അവസാനിപ്പിച്ചുവെങ്കിലും നിഷേധിക്കാനാവാത്ത ഒരു അമർഷം എന്നും ഇവിടെ ഉണ്ടായിരുന്നു. സൌഹാർദ്ദത്തിനും സംഘർഷത്തിനുമിടയിലൂടെയാണ് ഇന്ത്യ എന്നും തിളച്ചുകൊണ്ടിരുന്നത്. പ്രധാനമന്ത്രി വി.പി.സിംഗ് എരിതീയിൽ എണ്ണയൊഴിക്കുന്നതുവരെ. ഇതരപിന്നാക്കജാതികൾക്ക് സർക്കാർ ജോലികളിലുള്ള സംവരണം വർദ്ധിപ്പിച്ച മണ്ഡൽ കമ്മീഷൻ നടപ്പാക്കിയത് അദ്ദേഹമായിരുന്നു. ദളിതുകൾക്കും ആദിവാസികൾക്കും കൊടുത്തിരുന്ന പങ്കിന് പുറമേയായിരുന്നു അത്. വലിയ ബഹളമുണ്ടായി. സവർണ്ണജാതിക്കാരുടെ വലിയ കലാപം. സവർണ്ണവിദ്യാർത്ഥികൾ ആത്മാഹുതി ചെയ്തു. ഹിന്ദുക്കളുടെ ഒത്തൊരുമയ്ക്ക് ഇത് ഭീഷണിയാവുമെന്ന് ഹിന്ദു വലതുപക്ഷം കരുതി. ജാതിവ്യത്യാസങ്ങൾ എന്നും നിലനിന്നിരുന്നു എന്ന് ഞാൻ അറിയിക്കട്ടെ – പത്രങ്ങളിൽ വിവാഹപ്പരസ്യം വായിച്ചാൽ മാത്രം മതി, അത് മനസ്സിലാക്കാൻ. അവ വായിച്ചാൽ ഒന്നുകിൽ നിങ്ങൾ കരയും, അല്ലെങ്കിൽ ചിരിച്ചുചിരിച്ചു ചാവും.

(ജൂറി അംഗങ്ങൾക്കിടയിൽ ഒരു ഇളക്കം. അമീർ ഖുസ്രു എഴുന്നേൽക്കുന്നു)

അമീർ ഖുസ്രു: ഈ അനാവശ്യമായ ചരിത്രത്തിലേക്ക് എന്തിനാണ് ഞങ്ങളെ വലിച്ചിഴയ്ക്കുന്നത്. ഞങ്ങളെല്ലാവരും (ജൂറി അംഗങ്ങളെ ചൂണ്ടിക്കാട്ടി) ഈ രാജ്യത്തിനെ അവരവരുടേതായ വിധത്തിൽ സ്നേഹിക്കുന്നു. എന്നാൽ ഇന്ന് നിങ്ങൾ അവതരിപ്പിക്കുന്ന ചരിത്രത്തിന്റെ ഭാഗവുമായി ഞങ്ങൾക്കൊരു ബന്ധവുമില്ല. നിങ്ങളെന്തിനാണ് ഈ കോമാളിത്തരം കാണാൻ ഞങ്ങളെ ഇടയാക്കുന്നത്? ഈ കോടതിവിചാരണയിൽ പങ്കെടുക്കാൻവേണ്ടി നടത്തിയ സമയയാത്ര അത്ര എളുപ്പമൊന്നുമായിരുന്നില്ല.

ജഡ്ജി (ക്ഷമാപണത്തോടെ): അതിന് ഞങ്ങളെല്ലാവരും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളെപ്പോലെയുള്ള ആളുകൾ കാരണമാണ് ഈ രാജ്യം ഇത്ര മഹത്തരമായ ഒന്നായത്. ഈ രാജ്യം ഇതിനുമുമ്പൊരിക്കലും കടന്നുപോയിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽപ്പെട്ടതുകൊണ്ടുമാത്രമാണ് നിങ്ങളെ ഇവിടെ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കേണ്ടിവന്നത്. എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. അവരിനി തിരിച്ചുവരികയാണെങ്കിൽ, അത് നിങ്ങളെല്ലാവരുംചേർന്നുണ്ടാക്കിയ ആ പഴയ അഭിപ്രായ ഐക്യത്തിനെ മാത്രം അടിസ്ഥാനപ്പെടുത്തിയിട്ടായിരിക്കും. ഈ രാജ്യം ദീർഘകാലം നിലനിന്നതുതന്നെ ആ ഐക്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. നിങ്ങളുടെ സാന്നിധ്യം ഒന്നുമാത്രമാണ് ഈ നടപടികൾക്ക്, അതിനില്ലാതിരുന്ന ഒരു അന്തസ്സ് പ്രദാനം ചെയ്യുന്നത്.

(അമീർ ഖുസ്രു ഇരിക്കുന്നു. ജൂറി അംഗങ്ങൾ പരസ്പരം സംസാരിക്കുന്നു)

ജഡ്ജി (എതിർവിസ്താരകനോട്); ദയവാ‍യി തുടരൂ

എതിർവിസ്താരകൻ: അങ്ങിനെ, ജാതിയും സമുദായവും അടിസ്ഥാനപ്പെടുത്തി സ്വന്തം വോട്ടുബാങ്കുണ്ടാക്കാനായി രാഷ്ട്രീയക്കാർ വർഗ്ഗീയതയുടെ കുട്ടകം ഇളക്കാൻ തുടങ്ങി. യഥാർത്ഥവും ഭാവനാ‍പരവുമായ മുസ്ലിം അതിക്രമങ്ങളുടെ പ്രതീകങ്ങളെ ഹിന്ദു വലതുപക്ഷം ഉപയോഗിച്ചു. ഭാരതീയ ജനതാ പാർട്ടിയുടെ പ്രസിഡന്റായ എൽ.കെ.അദ്വാനി രഥയാത്ര നടത്തി, സോമനാഥ ക്ഷേത്രത്തെക്കുറിച്ചും, മഹമൂദ് ഗസ്നി ആ ക്ഷേത്രം ആവർത്തിച്ചാവർത്തിച്ച് കൊള്ളയടിച്ചതിനെക്കുറിച്ചും പറഞ്ഞ് ഹിന്ദുക്കളെ പ്രകോപിതരാക്കി.

മു.പ്ര (പ്രതിഷേധിക്കുന്നു): ചരിത്രപരമായ തെളിവ്? തെളിവുണ്ടോ?

ജഡ്ജി: ദയവായി തടസ്സപ്പെടുത്തരുത്.

എതിർവിസ്താരകൻ: തിരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി രാഷ്ട്രീയപ്പാർട്ടികൾ ജാതികളേയും സമുദായങ്ങളേയും വിഭജിക്കുകയാണ് ചെയ്തുകൊണ്ടിരുന്നതെങ്കിൽ, ബാബറി മസ്ജിദ്-രാമ ജന്മഭൂമി പ്രക്ഷോഭമാകട്ടെ, അവർക്ക് ഒരു സുവർണ്ണാവസരമുണ്ടാക്കിക്കൊടുക്കുകയാണ് ചെയ്തത്. ഹിന്ദുദൈവമായ രാമന്റെ ജന്മസ്ഥലം ബാബർ നശിപ്പിച്ചു എന്നായിരുന്നു ആരോപണം. രാമൻ ജനിച്ചത് അയോദ്ധ്യയിൽത്തന്നെയായിരുന്നോ, ആ ജന്മസ്ഥലത്തുതന്നെയാണോ ബാബർ മനപ്പൂർവ്വം പള്ളി പണിതത് എന്നീ വസ്തുതകളൊന്നും വേണ്ടവിധത്തിൽ അന്വേഷിക്കപ്പെട്ടിരുന്നില്ല. വെറും ഊഹാപോഹങ്ങൾ ഹിന്ദുക്കളുടെ അമർഷത്തെ ആളിക്കത്തിക്കുകയായിരുന്നു. വിശ്വാസത്തിന്റെ പ്രശ്നമായി മാറി അത്. 1992 ഡിസംബർ 6-ന് ഹിന്ദു സന്നദ്ധസേനകൾ ബാബറി മസ്ജിദ് തല്ലിത്തകർത്തതോടെ, വിഷയം മൂർദ്ധന്യത്തിലെത്തി.

മു.പ്ര: എന്റെ കൈയ്യിൽ ചിത്രങ്ങളുണ്ട്. മുസ്ലിങ്ങൾക്കുമേലുള്ള ഹിന്ദുക്കളുടെ വിജയം എന്ന രീതിയിലാണ് ചില ഹൈന്ദവനേതാക്കന്മാർ അതിനെ ആഘോഷിച്ചത് (മുസ്ലിം വക്താവിനെ നിശ്ശബ്ദനാക്കാനെന്നപോലെ ജഡ്ജി ചുറ്റികയെടുത്ത് നിഷ്ഫലമായി മേശയിലടിക്കുന്നു) ബാബറെ തോൽ‌പ്പിച്ചതുപോലെ, മുസ്ലിം സാമ്രാജ്യത്തിനെയാണ് തോൽ‌പ്പിച്ചതെന്ന് തോന്നും.

(ബഹളം വെച്ച മുസ്ലിം പ്രതിനിധിയെ കോടതിയുദ്യോഗസ്ഥർ കോടതിയുടെ പുറത്തേക്ക് അനുഗമിക്കുന്നു)

എതിർവിസ്താരകൻ: ഞാൻ തുടർന്നോട്ടെ?

ജഡ്ജി: ദയവായി തുടരൂ

എതിർവിസ്താരകൻ: അതുകൊണ്ട്, മുസ്ലിംവിരോധത്തിന്റെ കലം വേവിക്കാൻ ഹിന്ദു വലതന്മാർ അയോദ്ധ്യയെ ആശ്രയിച്ചു. പക്ഷേ മറ്റ് ചിലതുകൂടി ആവശ്യമായിരുന്നു. ദേശീയതയുമായി കൂട്ടിക്കെട്ടിയാലേ വർഗ്ഗീയത കൊയ്യാൻ പറ്റൂ എന്ന് നേതൃത്വത്തിന് ബോധമുണ്ടായി. അങ്ങിനെ, പാക്കിസ്ഥാനുമായി സ്ഥിരമായ ശത്രുത ആ തന്ത്രത്തിന്റെ ഭാഗമായി. 9/11-ന് ശേഷമുള്ള ഇസ്ലാമോഫോബിയ സ്വാഭാവികമായും അതിനെ സഹായിക്കുകയും ചെയ്തു.

ഹി.പ്ര(പ്രതിഷേധിച്ചുകൊണ്ട്): ഇത് അനുവദിക്കാനാവില്ല. ഹിന്ദുവിരുദ്ധ ശൈലി അനുവദിക്കുകയാണ് കോടതി. കോടതി ഹിന്ദുവിരുദ്ധമാണോ?

ജഡ്ജി: ഈ പ്രസ്താവന താങ്കൾ പിൻ‌വലിക്കുന്നുവെന്ന് കോടതി കരുതുന്നു, അതല്ലെങ്കിൽ അത് കോടതിയലക്ഷ്യമായി കണക്കാക്കപ്പെടും (ഒന്ന് നിർത്തി), ഞങ്ങൾക്ക് എതിർവിസ്താരകനിൽ പരിപൂർണ്ണവിശ്വാസമുണ്ട് (എതിർവിസ്താരകനെ നോക്കി), ദയവായി തുടരൂ.

എതിർവിസ്താരകൻ: താമസിയാതെ, മുസ്ലിങ്ങളും തീവ്രവാദികളും എന്നത് പരസ്പരം വെച്ചുമാറാവുന്ന ഘടകങ്ങളായി. ഇനി കോടതിയുടെ അനുവാദത്തോടെ, എന്റെ മനസ്സിലാക്കലുകളെ ഈ ജൂറി അംഗങ്ങൾക്ക് ഒരു ചിത്രത്തിലൂടെ വ്യക്തമാക്കിക്കൊടുക്കാനാവുമെന്ന് കരുതുന്നു.

ജഡ്ജി: അനുവാദം തന്നിരിക്കുന്നു.

(കോടതിമുറിയിൽ വെച്ചിരിക്കുന്ന ഒരു സ്ക്രീനിൽ ഒരു ത്രികോണം പ്രദർശിപ്പിക്കുന്നു)

എതിർവിസ്താരകൻ (സ്ക്രീനിലേക്ക് ചൂണ്ടിക്കൊണ്ട്): ആ ത്രികോണത്തിലെ ഒരു ലൈൻ ന്യൂദില്ലി-ശ്രീനഗർ എന്ന് അടയാളപ്പെടുത്തിയിരിക്കുന്നു. വളരെ അസ്വസ്ഥമായ ഒന്നായി നമുക്കതിനെ വിശേഷിപ്പിക്കാം. (പിന്നീട്, ഇന്ത്യ-പാക്കിസ്ഥാൻ എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന വര കാണിക്കുന്നു..ഈ രണ്ടാമത്തെ വര അത്യധികം പുകഞ്ഞുകൊണ്ടിരിക്കുന്ന ഒന്നാണ്..പാക്കിസ്ഥാനെ ഒരു സ്ഥിരം ശത്രുവായി എണ്ണിയിരിക്കുന്നു (ഹിന്ദു-മുസ്ലിം എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ത്രികോണത്തിലെ മൂന്നാമത്തെ വരയിലേക്ക് ചൂണ്ടി) സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങളുള്ള മൂന്നാമത്തെ വരയാണ് ഇത്. മറ്റ് രണ്ട് വരകളേയും ബാധിക്കാതെ ഇതിൽ ഒരു വരയേയും നിങ്ങൾക്ക് സ്പർശിക്കാനാവില്ല. (സ്ലൈഡ് പ്രൊജക്റ്റർ ഓഫ് ആവുന്നു) അതുകൊണ്ട്, കശ്മീർ പ്രശ്നം പരിഹരിക്കാൻ കശ്മീരിലേക്ക് പോവുകയാണെന്ന് ഒരാൾ/ഒരുവൾ പറയുന്നുവെങ്കിൽ അത് നുണയാണ്. കാരണം, നിങ്ങൾ കശ്മീർ പ്രശ്നത്തെ അഭിസംബോധന ചെയ്യാൻ തുടങ്ങുമ്പോഴേ, ത്രികോണത്തിലെ മൂന്നാമത്തെ വരയെ – പാക്കിസ്ഥാനെ – ചർച്ചയിലേക്ക് കൊണ്ടുവരേണ്ടിവരും. ഇപ്പോൾ കശ്മീർ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായതിനാൽ, സമാധാനത്തിലേക്കുള്ള വഴി കൂടുതൽ സങ്കീർണ്ണമായിത്തീർന്നിരിക്കുന്നു. കാരണം, ഈ ത്രികോണത്തിൽ ഇപ്പോൾ രണ്ട് വ്യത്യസ്ത സത്തകൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ജമ്മു-കശ്മീർ എന്നും ലഡാക്ക് എന്നും പേരുള്ള രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ. ഇനി എങ്ങിനെയാണ് നിങ്ങൾ പാക്കിസ്ഥാനെ കൊണ്ടുവരിക? ഇനി, എന്തെങ്കിലും ദിവ്യാത്ഭുതംകൊണ്ട് നിങ്ങൾ പാക്കിസ്ഥാനുമായി ര‌മ്യതയിലാവുകയും ഇന്ത്യാ-പാക്കിസ്ഥാൻ ബന്ധം ഹാർദ്ദവമാവുകയും ചെയ്താൽ, ഇന്ത്യയിലെ ഹിന്ദു-മുസ്ലിം ബന്ധവും സൌഹാർദ്ദപരമാവും. അങ്ങിനെ സംഭവിക്കുകയാണെങ്കിൽ, ഇന്ന് ഹിന്ദുത്വശക്തികൾ കഠിനമായി അദ്ധ്വാനിച്ചുകൊണ്ടിരിക്കുന്ന ഹൈന്ദവ ഐക്യത്തിന് എന്ത് സംഭവിക്കും?

ഹി.പ്ര (ദേഷ്യത്തോടെ ചാടിയെഴുന്നേറ്റ്): ഇത് ഹിന്ദുവിരുദ്ധമാണ്!

ജഡ്ജി (വളരെ അസന്തുഷ്ടിയോടെ): ഇത് കോടതിയലക്ഷ്യമാണ്. അത് അവസാനത്തെയും ഒടുവിലത്തെയും മുന്നറിയിപ്പാണ്.

ഹി.പ്ര (ലജ്ജയോടെ ഇരുന്ന്): ഞാൻ ക്ഷമ ചോദിക്കുന്നു..ക്ഷമ ചോദിക്കുന്നു.

ജഡ്ജി: ഈ വിചാരണയുടെ പ്രാധാന്യത്തെക്കുറിച്ച് കോടതിയേയും ജൂറി അംഗങ്ങളേയും ഓർമ്മിപ്പിക്കാൻ എന്നെ അനുവദിക്കുക. ആരാണ് തെറ്റുകാരൻ, ആരുടെ ഭാഗത്താണ് ശരി എന്ന് നിശ്ചയിക്കാനല്ല ഈ പ്രത്യേക കോടതി കൂടിയിരിക്കുന്നത്. അപ്രത്യക്ഷരാവാൻ തീരുമാനിച്ച നമ്മുടെ മുസ്ലിം സഹോദരന്മാർക്കും സഹോദരിമാർക്കും വിശ്വാസം തോന്നുന്ന മട്ടിൽ അവരോട് സംസാരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനായാണ് നമ്മൾ കൂടിയിരിക്കുന്നത്. തിരിച്ചുവരാൻ അവരെ പ്രേരിപ്പിക്കണം. ഈയൊരു ലക്ഷ്യത്തിനായി, മറ്റൊരു ലോകത്തിൽനിന്ന് ഇവിടേക്ക് വന്ന വിശിഷ്ടരായ നമ്മുടെ ജൂറി അംഗങ്ങൾക്ക് ഇക്കാര്യത്തിൽ എന്തെങ്കിലും ഒരു വഴി നമുക്ക് പറഞ്ഞുതരാൻ കഴിയുകയാണെങ്കിൽ ഹാർദ്ദമായി അവരെ സ്വാഗതം ചെയ്യുന്നു.

അമീർ ഖുസ്രു (എഴുന്നേറ്റ് ഓരോരോ വാക്കും അളന്നുമുറിച്ച് സംസാരിക്കാൻ തുടങ്ങുന്നു): തിരിച്ചറിയുന്നതിനുള്ള ഒരു മാർഗ്ഗമെന്ന നിലയ്ക്ക് എതിർവിസ്താരകൻ ഇവിടെ വരച്ചുകാണിച്ച ത്രികോണം വളരെ സഹായകമാണ്. പക്ഷേ, ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നിരുന്ന സാംസ്കാരികവിനിമയത്തിനും സാംസ്കാരികപങ്കാളിത്തത്തിനും എല്ലാ സമുദായങ്ങളും ഒരുമിച്ച് പങ്കെടുത്തിരുന്ന ജീവിതരീതിക്കും വന്ന തടസ്സമാണ് ഇവിടെ പരാമർശിക്കപ്പെടാതെ പോയത്. മറ്റൊരു ലോകത്തിൽനിന്ന് വന്ന (ആകാശത്തേക്ക് ചൂണ്ടിക്കൊണ്ട്) ഞങ്ങൾക്ക് വെറുപ്പിന്റെ ഈ വർത്തമാനകാല സാഹചര്യം മനസ്സിലാവുന്നതേയില്ല. ദൈവഭയമുള്ള മുസ്ലിമാണെങ്കിലും, ഭഗവാൻ രാമനെ പ്രകീർത്തിച്ചുകൊണ്ടുള്ള കവിതകൾ സംസ്കൃതത്തിലെഴുതിയിട്ടുള്ള ഒരു കവിയാണ് ഞാൻ. എന്റെ സുഹൃത്ത് ഹസ്രത്ത് മൊഹാനി ഹജ്ജ് കർമ്മം കഴിഞ്ഞ് വരുമ്പോഴൊക്കെ, രാധയെ സന്ദർശിക്കാനായി ബർസാനയിൽ പോകുമായിരുന്നു. അതിനൊരു കാരണമുണ്ട്. പ്രവാചകൻ മുഹമ്മദാണ് അന്ത്യപ്രവാചകനെന്ന് ഖുർ‌ആനിൽ എഴുതപ്പെട്ടിരിക്കുന്നു. എന്നാൽ ഖുർ‌ആൻതന്നെ പറയുന്നുണ്ട്, ആദികാലം മുതൽക്കേ –ആദമിലേക്കും ഹവ്വയിലേക്കും നമുക്ക് പോകാം – ഒരുലക്ഷത്തി ഇരുപതിനായിരം പ്രവാചകന്മാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്ന്. ഇന്ത്യയെപ്പോലെ മഹത്തായ ഒരു സംസ്കാരത്തിലും അതുണ്ടാവാതിരിക്കാൻ തരമില്ല. ഇതാണ് ഞങ്ങളുടേയും ഹസ്രത്ത് മൊഹാനിയുടെ ഗുരുവായ ബൻസാ ഷെരീഫിലെ ബാബാ റസാക്കിന്റേയും വിശ്വാസം. ഭഗവാൻ രാമനും ഭഗവാൻ കൃഷ്ണനും രണ്ട് പ്രവാചകന്മാരായിരുന്നു എന്ന് ഞങ്ങളുടെ വിശ്വാസം ഞങ്ങളോട് പറയുന്നു. ഇത് ഞങ്ങളുടെ വിശ്വാസമാണ്. രാമനോടും കൃഷ്ണനോടുമുള്ള ഞങ്ങളുടെ ആരാധനയ്ക്ക് പുറമേ, ഈ രാജ്യത്ത് ആരാധിക്കപ്പെടേണ്ട ധാരാളം മറ്റ് കാര്യങ്ങളുമുണ്ട്. മഹാനായ സാൽബെഗ് ഭഗവാൻ ജഗന്നാഥന്റെ ശിഷ്യനായിരുന്നു. ഭഗവാനോടുള്ള അദ്ദേഹത്തിന്റെ ഗാനങ്ങൾ നിങ്ങൾ കേട്ടിട്ടുണ്ടോ? അദ്ദേഹത്തിന്റെ ഭക്തിഗാനങ്ങളുടെ ഏറ്റവും വലിയ ഗായകൻ മുസ്ലിമായിരുന്ന സിക്കന്തർ ആലം ആയിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? (ഒന്ന് നിർത്തി, ഇ ഖാനയിലെ, അബ്ദുൾ റഹിം ഖാനുനേരെ വിരൽചൂണ്ടിക്കൊണ്ട്), ഇവിടെ നിങ്ങളുടെ മുമ്പിൽ ഇതാ ഒരു രാജ്യതന്ത്രജ്ഞനും, ഭടനും, ഗായകനും, എല്ലാറ്റിലുമുപരി, ഹസ്രത്ത് നിസാമുദ്ദീൻ ഔലിയയുടെ ശിഷ്യനുമായ ഒരാൾ ഇരിക്കുന്നു. പക്ഷേ, ഭഗവാൻ രാമനെ ആരാധിച്ചുകൊണ്ട് സംസ്കൃതത്തിൽ അദ്ദേഹമെഴുതിയ കവിതകൾ സമാനമില്ലാത്തതാണെന്ന് അറിയുന്ന എത്രപേരുണ്ട് നിങ്ങളിൽ? ഇനി, എന്റെ സഹോദരൻ മൊഹ്സിൻ കക്കോർവി. പ്രവാചകൻ മുഹമ്മദിനോട് അതിരറ്റ ആരാധനയുള്ളയാൾ. പക്ഷേ അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും കാശിയിലേയും മഥുരയിലേയും വൃന്ദാവനത്തിലേയും മൂർത്തികളെക്കുറിച്ചുള്ളതാണ്. (തുളസീദാസിനെ ചൂണ്ടിക്കൊണ്ട്), പിന്നെ, ഇതാ, അവധിലെ ഏറ്റവും വലിയ കവി.

(കോടതിമുറിയിൽ കരഘോഷം മുഴങ്ങുന്നു. ജഡ്ജി, സംയമനത്തിനായി അഭ്യർത്ഥിക്കുന്നു)

ജഡ്ജി: ദയവായി കോടതിയിൽ അച്ചടക്കം പാലിക്കണം. (അമീർ ഖുസ്രുവിനോട്), ദയവായി തുടരുക.

അമീർ ഖുസ്രു (തൊണ്ട ശരിയാക്കുന്നു): നന്ദി..ഇനി, അല്ലാവുദ്ദീൻ ഖാൻ സാഹേബുമുണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിനും മറാത്തി നാട്യസംഗീതത്തിനും അദ്ദേഹം നൽകിയ സംഭാവനകൾക്ക് താരത‌മ്യങ്ങളില്ല. അദ്ദേഹത്തിന്റെ ശിഷ്യരിൽ, കേസർ ഭായി കേർക്കറും, മല്ലികാർജ്ജുൻ മൻസൂറും ഉൾപ്പെടുന്നു. പിന്നെ, തന്റെ ഗുരുവിനെ ഒരിക്കലും മറന്നിട്ടില്ലാത്ത, നമ്മുടെ ഏറ്റവും വലിയ ഗായകരിൽ ഒരാളായ മൊഗുബായിയും. എല്ലാ വർഷവും മാർച്ച് 14-ന്, മൊഗൂബായിയും അവരുടെ മകൾ കിഷോരി അമോങ്കറും ആ വലിയ സംഗീതജ്ഞന്റെ ശവകുടീരത്തിൽ പോയി പൂക്കളർപ്പിക്കാറുണ്ട്. നമ്മുടെ ക്ലാസ്സിക്കൽ സംഗീതത്തിലെ വലിയ ഗായകരും അവതാരകരും എല്ലാം അവരുടെ ഹിന്ദുക്കളും മുസ്ലിമുകളുമായ ഗുരുക്കന്മാരെ വന്ദിക്കുന്നു. ഏത് ബാന്ദിഷും രാഗവും കേട്ടുനോക്കൂ, അതിലെല്ലാം, മൊഹമ്മദ് ഷാ രംഗീലയുടെ ആസ്ഥാനഗായകരായ ആദരംഗിന്റേയും സദാരംഗിന്റേയും കൈയ്യൊപ്പുകൾ നിങ്ങൾക്ക് കാണാം.

വിശേഷപഠനം അർഹിക്കുന്ന, ശ്രദ്ധേയമായ ഒരു അസന്തുലിതത്വം ചൂണ്ടിക്കാണിക്കാൻ ഞാനാ‍ഗ്രഹിക്കുന്നു. മുസ്ലിമുകളിലെ ഉന്നതകുലരായവർ ഹിന്ദു സംസ്കാരത്തെ പൂർണ്ണമനസ്സോടെ ഉൾക്കൊണ്ടിട്ടുണ്ടെങ്കിലും, തിരിച്ച് ഹിന്ദുക്കളുടെ ഭാഗത്തുനിന്ന് അത്രതന്നെ ആവേശം കാണാൻ കഴിഞ്ഞിട്ടില്ല. തീർച്ചയായും ഇക്കാര്യത്തിൽ ദരിദ്രവിഭാഗങ്ങൾ വ്യത്യസ്തമായിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും ഒരുപോലെ സന്ദർശിക്കുന്ന ധാരാളം മന്ദിരങ്ങളുണ്ട് – ഉദാഹരണത്തിന് ഗംഗാനഗറിലെ ഗോഗാമേദി പോലെയുള്ളവ..ഗോഗാമേദിയിലെ പൂജാരി, ഒരു മുസ്ലിമായ ഖുശി മുഹമ്മദാണ്.

പക്ഷേ ഹിന്ദുക്കളിലെ സവർണ്ണജാതിക്കാരാകട്ടെ, മുസ്ലിം ബിംബങ്ങളെ, ഉദാഹരണത്തിന്, പ്രവാചകൻ മുഹമ്മദിനെപ്പോലെയുള്ളവരെ ഏറ്റെടുക്കാൻ വൈമനസ്യം കാണിച്ചു. മതപരിവർത്തനത്തിന്റെ മൊത്തത്തിലുള്ള വ്യവഹാരമാണ് മുഖ്യപ്രശ്നം ഇവിടത്തെ പ്രശ്നം. അവർ മതപരിവർത്തനം നടത്താൻ ആഗ്രഹിച്ചിട്ടില്ല. അവർ പ്രവാചകനെ ബഹുമാനിക്കുകയും, ചന്ദ്രഭാൻ ബ്രാഹ്മണിനെപ്പോലെയുള്ള ചില കവികൾ ചിലപ്പോൾ, പ്രവാചകന്റെ മേൽ സ്വാതന്ത്ര്യമെടുക്കുകപോലും ചെയ്തിട്ടുണ്ട്. ഹിന്ദുദേവതകളിലേക്ക് ആത്മീയമായും സൌന്ദര്യാത്മകമായും ആകർഷിക്കപ്പെട്ട എം.എഫ്.ഹുസൈനെപ്പോലെയുള്ളവർ എടുത്തതിന് സമാനമായ സ്വാതന്ത്ര്യം. അദ്ദേഹം തെറ്റിദ്ധരിക്കപ്പെടുകയും അവസാനകാലം പ്രവാസത്തിൽ കഴിയേണ്ടിവരികയും ചെയ്തു. പ്രവാചകന്റെ ചെറുമകൻ ഇമാം ഹുസൈനെക്കുറിച്ചും, അദ്ദേഹത്തിന്റെ കുടുംബത്തിനെക്കുറിച്ചും, കർബലയിലെ യുദ്ധത്തെക്കുറിച്ചും ഹൃദയസ്പൃക്കായ വിലാപകാവ്യങ്ങൾ എഴുതിയ മുൻഷി ചുനിലാൽ ദിൽഗിർ ഹിന്ദുക്കളിലെ ഒന്നാന്തരം ഉദാഹരണമാണ്. കഴിഞ്ഞ കാലങ്ങളിൽ, ഹിന്ദുക്കൾ വലിയ രീതിയിൽ മുഹറം ആചരിച്ചിരുന്നു. മുഹറമെന്നത്, ആഗോളമായ ഒരു വലിയ ദുരന്തമായിരുന്നു. നന്മയും തിന്മയും തമ്മിലുള്ള ഇതിഹാസ പോരാട്ടം. എല്ലാ വിശ്വാസങ്ങളും പങ്കെടുത്തു. ഇരുസമുദായങ്ങളേയും ഒരുമിച്ച് കൊണ്ടുവരുന്നതിൽ, മഹത്തുക്കളുടെ വലിയ പങ്കിനെ ഒരിക്കലും കുറച്ച് കാണരുത്. അവരുടെ പട്ടിക അനന്തമാണ് – ഗുരു നാനാക്ക് മഹാരാജിന്റേയും അദ്ദേഹത്തെക്കുറിച്ച് ആരാധനയോടെ എഴുതിയ നസീർ അക്ബറാബാദിയെപ്പോലെയുള്ള മുസ്ലിം കവികളുടേയും സംഭാവനകളേയും സൂചിപ്പിക്കാതെ എങ്ങിനെയാണ് ഇന്ത്യയുടെ മഹത്ത്വത്തെക്കുറിച്ച് നിങ്ങൾക്ക് പറയാനാവുക?

ഞങ്ങൾ ഈ കോടതിയോടും എതിർവിസ്താരകനോടും നന്ദിയുള്ളവരാണ്. അദ്ദേഹം സൂചിപ്പിച്ച ആ ത്രികോണം കാര്യങ്ങളെ ലളിതവത്ക്കരിക്കുന്നു. ഭൂമിയിൽ വന്നപ്പോൾ പത്രങ്ങളിലും ടിവിയിലും ഞങ്ങൾ കണ്ട അതേ സാധനങ്ങളാണ് അത്. പക്ഷേ, ആ ത്രികോണവും അത് പ്രതിനിധീകരിക്കുന്നത് എന്താണെന്നും മനസ്സിലാക്കിയാൽ, ഇന്നത്തെ ഈ വർഗ്ഗീയതാപത്തെ കുറയ്ക്കാൻ സാധിക്കുമെന്നത് ഒരു വാസ്തവമാണ്. പണ്ടാരോ പറഞ്ഞതുപോലെ, നമുക്ക് നമ്മുടെ അയൽക്കാരെ മാറ്റിത്തീർക്കാൻ കഴിയില്ല. അവരുടെ കൂടെ നമുക്ക് ജീവിക്കേണ്ടതുണ്ട്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ ബന്ധത്തെ സാധാരണമാക്കുകയും, പാക്കിസ്ഥാനിലേയും ബംഗ്ലാദേശിലേയും ജനങ്ങളുമായുള്ള കൂടുതൽ ബന്ധവും പ്രദേശത്തെ താപത്തെ തണുപ്പിക്കാൻസഹായിക്കും. എന്നാൽ, സമാധാനം പുലർന്നാൽ അസ്വസ്ഥരാകുന്ന തീവ്രവാദികൾ ഇരുഭാഗത്തുമുണ്ടെന്നത് നമുക്കോർമ്മ വേണം.

അവർ ഉപജീവിക്കുന്നത് സംഘർഷത്തിലും അസ്വാരസ്യത്തിലുമാണ്. അവരെ ഉപയോഗിക്കുന്ന ലോകശക്തികളുമുണ്ട്. ജനങ്ങൾക്കിടയിലുള്ള സ്നേഹവും പരിചരണവും, തീവ്രവാദ പ്രവൃത്തികൾകൊണ്ട് ഇല്ലായ്മ ചെയ്യാൻ നമ്മൾ അനുവദിക്കില്ലെന്ന് അവരെ അറിയിക്കാനുള്ള ധൈര്യം നമുക്കുണ്ടാ‍യേ തീരൂ. അത് ചെയ്യാൻ സാധിക്കും. ആരും ജയിക്കുകയോ തോൽക്കുകയോ ചെയ്യാത്തവിധം, ഇന്ത്യയിലേയും കശ്മീരിലേയും പാക്കിസ്ഥാനിലേയും ജനങ്ങൾക്കുവേണ്ടി, കശ്മീരിലെ ജനതയുടെ ദുരിതങ്ങൾക്ക് പരിഹാരം കാണണം.

ഈ പ്രശ്നം സൃഷ്ടിച്ചത് നമ്മളാണ്. അതിന് അവസാനം കാണേണ്ടതും നമ്മൾതന്നെയാണ്.

എന്റെ ഈ വിടുവായത്തരം, മറ്റ് ചില മേഖലകളിലേക്ക് എന്റെ ശ്രദ്ധയെ കൊണ്ടുപോവുന്നു. രാജ്യതന്ത്രജ്ഞന്മാരുടേയും രാഷ്ട്രീയക്കാരുടേയും ഉത്തരവാദത്തിന്റെ മേഖലകളിലേക്ക്. എന്തായാലും, ഒരു കാര്യം പറയാൻ എന്നെ അനുവദിക്കുക. കമ്പോളത്തിന്റെ മന്ത്രം നമ്മെ ബധിരരാക്കുന്നു എന്ന് ഞാൻ ഇവിടെ രേഖപ്പെടുത്തട്ടെ. കുട്ടികൾക്ക് കളിപ്പാട്ടം കൊടുക്കുന്നതുപോലെയാണ് രാജ്യത്തിന് ടെലിവിഷൻ കിട്ടിയിരിക്കുന്നത്. രാജ്യം മുഴുവൻ ടിവിയുടെ മുമ്പിൽ ഇരിപ്പുറപ്പിച്ചിരിക്കുന്നു. പ്രോഗ്രാമുകളുടെ കാര്യമോ? സരസ്വതീ ദേവിക്കും അവരുടെ മേഖലയ്ക്കും എത്ര സമയം അനുവദിക്കുന്നുണ്ട്? സംഗീതം, പുസ്തകം, കവിത, ചിത്രകല, ശില്പം, നൃത്തം, എന്തിന് സിനിമപോലും – ഇവയ്ക്കുവേണ്ടിയുള്ള എത്ര പ്രോഗ്രാമുകളുണ്ട് നമുക്ക്? അഥവാ, മതപഠനത്തിനുള്ളത്? ഒന്നുമില്ല. എല്ലാം നിങ്ങൾ കമ്പോളത്തിനുവേണ്ടി വിറ്റഴിച്ചു. ചെറുക്കാനാവാത്ത പ്രലോഭനങ്ങൾകൊണ്ട് കമ്പോളം നമ്മുടെ ജനങ്ങളുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരിക്കുന്നു – കാറുകൾ, ചിലവേറിയ വിനോദയാത്രകൾ, കപ്പൽ‌യാത്രകൾ, ഷോപ്പിംഗ് മോളുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, അങ്ങിനെയങ്ങിനെ പലതും. അടുത്ത തലമുറയുടെ ശ്രദ്ധ ഇവയിലൊക്കെയാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത്. ഇന്ത്യയിലെ സാധാരണക്കാരായ ആളുകളിൽനിന്നും അവരുടെ ആവശ്യങ്ങളിൽനിന്നും അഭീഷ്ടങ്ങളിൽനിന്നും അവർ പൂർണ്ണമായി വിച്ഛേദിക്കപ്പെട്ടിരിക്കുന്നു. ഈ അസമത്വം നിലനിൽക്കുന്നിടത്തോളം, സമ്പന്നർ കൂടുതൽ സമ്പത്തിലേക്കും ദരിദ്രർ കൂടുതൽ ദാരിദ്ര്യത്തിലേക്കും തള്ളപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, ജനങ്ങളുടെ അമർഷവും, അവരുടെ സാമ്പത്തികാവശ്യങ്ങളും കൂടുതൽ വൈകാരികമായ കാര്യങ്ങളിലേക്ക് ആകർഷിക്കപ്പെടും. ഹിന്ദുവും മുസ്ലിമും എന്നതിലേക്ക്, മുന്നാക്ക-പിന്നാക്കങ്ങളിലേക്ക്, ദളിത്-ദളിതേതര, ബ്രാഹ്മണൻ-ബ്രാഹ്മണേതര വിഷയങ്ങളിലേക്ക്. വലുതായിക്കൊണ്ടിരിക്കുന്ന ഈ അവ്യവസ്ഥയിൽ നമ്മൾ എന്നന്നേക്കുമായി മുങ്ങിക്കിടക്കും. അസമത്വമാണ് നമ്മുടെ ശാപം. ഇതിൽനിന്ന് എങ്ങിനെയാണ് പുറത്ത് വരിക? എല്ലാവർക്കും ആവശ്യത്തിന് ലഭിക്കുവാൻ പാകത്തിൽ എങ്ങിനെ അതിനെ വിതരണം ചെയ്യും? സമ്പൂർണ്ണമായ സാംസ്കാരിക സൌഹാർദ്ദം സ്ഥാപിക്കുന്നതിനുമുൻപ്, നമ്മൾ പരിഹരിക്കേണ്ടുന്ന വിഷയം ഇതാണ്. നമ്മുടെ വേറിട്ട ജീവിതങ്ങളിൽനിന്ന് നമുക്ക് പുറത്ത് വരണം. തുളസീദാസനേയും സുർദാസനേയും മാലിക്ക് മൊഹമ്മദ് ജയാസിയേയും അറിയാത്ത ഹിന്ദു – ഏതൊരു ഹിന്ദുവുമായിക്കൊള്ളട്ടെ, ഷേക്സ്പിയറിനെ അറിയാത്ത ഇംഗ്ലീഷുകാരനെപ്പോലെയാണ്. തഞ്ചാവൂരിലെ ബൃഹദേശ്വരക്ഷേത്രമോ, ഹാലേബിദിലേയോ ബേലൂരിലേയോ, ശ്രാവണ ബെലഗൊളയിലേയോ അനുപമമായ ശില്പങ്ങളെ പരിചയമില്ലാത്ത ഒരു മുസ്ലിം, അഥവാ ഒരു ഹിന്ദു, സെന്റ് പീറ്റർ ബസലിക്ക കാണുകയോ, സിസ്റ്റീൻ ചാപ്പലിലെ അത്ഭുതങ്ങൾ ആസ്വദിക്കുകയോ ചെയ്യാത്ത ഒരു റോമനെപ്പോലെയാണ്.

ഞാൻ പറഞ്ഞുവന്നത്, നമ്മുടെ വിദ്യാർത്ഥികളുടെ ജിജ്ഞാസ ഉണർത്താൻ പാകത്തിലുള്ളതായിരിക്കണം നമ്മുടെ വിദ്യാഭ്യാസം എന്നതാണ്. സ്കൂളുകളിൽനിന്ന് അവൻ ഈ നാടിന്റെ അത്ഭുതങ്ങളെക്കുറിച്ച് പഠിക്കണം. അത് കേവലം ഹിന്ദു-മുസ്ലിം-സിഖ്-ക്രിസ്ത്യൻ സ്വത്വങ്ങളുടെ രൂപത്തിലാവരുത്. മറിച്ച്, സാംസ്കാരികമായ ഒരു ഐക്യത്തിന്റെ തലത്തിലായിരിക്കണം. വർണ്ണവിവേചനത്തിന്റെ ചെറിയ ദ്വീപുകളെ നമുക്ക് തകർക്കണം. ഇവിടെനിന്ന് അപ്രത്യക്ഷരായവർ, അതായത് മുസ്ലിങ്ങൾ തിരിച്ചുവരണമെന്നതായിരിക്കരുത് പ്രധാനം. ആർക്കും ഇവിടെനിന്ന് പോകാൻ തോന്നാത്തവിധം, എല്ലാവരേയും ഉൾക്കൊള്ളാൻ പാകത്തിലുള്ള ഒരു രാജ്യമാക്കി എങ്ങിനെ ഈ നാടിനെ മാറ്റിയെടുക്കാമെന്നതാവണം. 

(കോടതിയിൽ കരഘോഷം)

ഹി.പ്ര: ഒരു ചെറിയ സംശയം അങ്ങുന്നേ..സംസാരസ്വാതന്ത്ര്യം നിയന്ത്രിക്കണമെന്നാണോ ജനാബ് അമീർ ഖുസ്രു സൂചിപ്പിക്കുന്നത്?

അബ്ദുൾ റഹിം ഖാൻ ഇ ഖാന (ജൂറിയിലെ ഒരു അംഗം എഴുന്നേൽക്കുന്നു): ജനാബ് അമീർ ഖുസ്രു ഞങ്ങൾക്കെല്ലാം വേണ്ടിയാണ് സംസാരിച്ചത്. ആവിഷ്കാരസ്വാതന്ത്ര്യം പരിമിതപ്പെടുത്തണമെന്നല്ല ഞങ്ങൾ ഉദ്ദേശിക്കുന്നത്. കൂടുതൽ നിർമ്മാണാത്മകമായ, സൃഷ്ടിപരമായ പ്രോഗ്രാമുകൾ വേണമെന്നേ ഞങ്ങൾ പറയുന്നുള്ളു. അത്രമാത്രം. കമ്പോളത്തെ കേന്ദ്രീകരിച്ചുള്ള പ്രോഗ്രാമുകൾക്കുപകരം, നമ്മുടെ സംസ്ക്കാരമൂല്യങ്ങളിൽ കേന്ദ്രീകരിച്ചുള്ള സൃഷ്ട്യുന്മുഖമായ, സംവേദാത്മകമായ പ്രോഗ്രാമുകൾ. കഴിയുമെങ്കിൽ, ഞങ്ങളുടെ കാലത്ത്, ഗോസ്വാമി തുളസീദാസ്ജിയും എനിക്കും തമ്മിൽ ബന്ധമുണ്ടാക്കാൻ സഹായിച്ച അതേ മൂല്യങ്ങൾ. ശരിയാണ്, 21-ആം നൂറ്റാണ്ട് 16-ആം നൂറ്റാണ്ടല്ല എന്നറിയാം. പഴയ കാലത്തെ ചെറുക്കുന്ന വിധം സാങ്കേതികവിദ്യയും ചരിത്രത്തിന്റെ ഒഴുക്കും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടാവാം. അവയെ ബഹുമാനിക്കുകതന്നെ വേണം. കുഞ്ഞിനെ തൊട്ടിയോടൊപ്പം എറിയണമെന്നല്ല പറഞ്ഞത്, മറിച്ച്, അഴുക്കുപിടിച്ച വെള്ളം ഒഴുക്കിക്കളഞ്ഞ്, വെള്ളത്തെ ശുദ്ധീകരിക്കണമെന്ന് മാത്രം.

(പൊതുജനങ്ങൾക്കുള്ള ഗാലറിയിൽ ഒരു ഇളക്കം. കോടതിയിൽ സന്നിഹിതയായിരുന്ന അനിത എഴുന്നേറ്റ് ജഡ്ജിയെ അഭിസംബോധന ചെയ്യുന്നു)

അനിത (കോടതിയുടെ മുമ്പാകെ ഒരു എളിയ അഭ്യർത്ഥന സമർപ്പിക്കുന്നു. രവി പ്രസാദ് ശുക്ല എന്ന മുതിർന്ന ഒരു പൌരന് ഒന്ന് ചെറുതായി ഇടപെടാൻ കഴിയുമോ?

ജഡ്ജി (ഒന്നാലോചിച്ച്): ഒരു ചെറിയ ഇടപെടൽകൊണ്ട് കുഴപ്പമൊന്നുമില്ലെന്ന് ഞാൻ കരുതുന്നു.

ശുക്ലാജി (മുന്നോട്ട് വന്ന് ജഡ്ജിയെ അഭിമുഖീകരിക്കുന്നു): മഹത്തായ ഈ കോടതിയും, (ജൂറിയെ നോക്കി) വിശിഷ്ടരായ ഈ ജൂറിയും ചേർന്ന്, 5000 വർഷം പഴക്കമുള്ള ഒരു സംസ്കാരത്തിന്റെ എല്ലാ ദോഷങ്ങളും ബാലിശമായ ചില ടിവി ചാനലുകളുടെ തലയിൽ കെട്ടിവെച്ചിരിക്കുകയാണ്.

അമീർ ഖുസ്രു: കാര്യങ്ങൾ വിശദീകരിക്കാൻ, പൊതുജനങ്ങളുടെ ഗാലറിയോട് ചില ചോദ്യങ്ങൾ ഹോദിക്കാൻ ഞാൻ കോടതിയുടെ അനുവാദം അഭ്യർത്ഥിക്കുന്നു.

ജഡ്ജി: ഞങ്ങൾക്ക് സന്തോഷമേയുള്ളു. തീർച്ചയായും അനുവദിച്ചിരിക്കുന്നു.

അമീർ ഖുസ്രു: വളരെയധികം പരിണമിക്കുകയും അഗാധതകളുള്ളതുമായ ഒരു സംസ്കാരമാണ് നമ്മുടേത്. എന്നാൽ നമ്മുടെ മനസ്സുകളെ ഒരു ബൌദ്ധികവിരുദ്ധതയും ഇന്ദ്രിയസംവേദനരാഹിത്യവും ഗുരുതരമായി ബാധിച്ചിരിക്കുന്നു. ഗൌരവമുള്ള വിഷയങ്ങളെ ചർച്ച ചെയ്യാതെ കാഴ്ചവട്ടത്തിൽനിന്ന് ഒളിപ്പിച്ചുവെക്കുകയാണ് നമ്മൾ.

നിങ്ങളുടെ കാലത്തിന് അനുയോജ്യമായ ഒരുദാഹരണം പറയാം. ഈയിടെ അമേരിക്കയിൽ ജോർജ്ജ് ഫ്ലോയിഡ് എന്ന കറുത്തവർഗ്ഗക്കാരനായ അമേരിക്കക്കാരനെ പൊലീസ് ശ്വാസം മുട്ടിച്ച് കൊന്നത്, ഇതിനുമുമ്പൊരിക്കലും ഒരു ജനകീയപ്രക്ഷോഭങ്ങളിലും ബൌദ്ധിക ഇടപെടലുകളിലും കാണാത്തവണ്ണം, അമേരിക്കയിലും ലോകമൊട്ടാകെത്തന്നെയും ഒരു വലിയ സംവാദത്തിന് ഇടയാക്കി. വംശമഹിമ, സാമ്രാജ്യത്വത്തിന്റെ പങ്ക്, ഈ വിഷയത്തിലെ കൊളോണിയലിസം തുടങ്ങിയ എല്ലാ വിഷയങ്ങളും ഇഴകീറി പരിശോധിക്കപ്പെട്ടു. പക്ഷേ ഇന്ത്യയിലാകട്ടെ, അടിസ്ഥാനപ്രശ്നങ്ങൾ, ചില ആളുകളുടെ വികാരത്തെ അത് വ്രണപ്പെടുത്തുമെന്നതിനാലോ, പൊതിഞ്ഞുവെക്കാൻ അവരിഷ്ടപ്പെടുന്നതിനാലോ ചർച്ച ചെയ്യപ്പെടുന്നതേയില്ല. നമ്മുടെ നല്ല വശങ്ങളും ദോഷവശങ്ങളും ചർച്ച ചെയ്യാനുള്ള ഒരവസരമാണ് ഈ പ്രതിസന്ധി എന്നാണ് എനിക്ക് ഉണർത്തിക്കാനുള്ളത്. ശുക്ലാജി, മുസ്ലിമുകൾ പോയതോടെ, ഇനി അധസ്ഥിത ജാതികളും മറ്റ് പിന്നാക്കജാതികളും, ദളിതരും ആദിവാസികളും അധികാരം കൈക്കലാക്കുമോ എന്നതുമാത്രമാണ് താങ്കളുടേയും മറ്റ് സവർണ്ണവിഭാഗങ്ങളുടേയും ഒരേയൊരു ആശങ്ക എന്ന് ഞാൻ ഊഹിക്കുന്നു. ഒരു ചോദ്യം മറയില്ലാതെ ഞാൻ ചോദിക്കട്ടെ ശുക്ലാജി. ഒരു ദളിതൻ ഷൂസൂരാതെ നിങ്ങളുടെ വീട്ടിൽ കയറിയാൽ, അത് നിങ്ങളെ അസ്വസ്ഥമാക്കില്ലേ? സത്യം പറയൂ.

ശുക്ലാജി: ശരിയാണ്. അതുപോലെ ചിലത് സംഭവിച്ചിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി.

അമീർ ഖുസ്രു: ഉയർന്ന ജാതിക്കാർക്കുമാത്രമേ ഷൂസ് ധരിച്ച് നിങ്ങളുടെ വീട്ടിനകത്ത് കയറാൻ അവകാശമുള്ളൂ എന്ന് നിങ്ങൾ വിശ്വസിച്ചതുകൊണ്ടാണ് നിങ്ങൾ അസ്വസ്ഥനായത്.

ശുക്ലാജി: അത് ശരിയാണ്.

അമീർ ഖുസ്രു: അത്തരം വിവേചനം കാണിക്കുന്നത് ജനാധിപത്യപരമാണോ?

ശുക്ലാജി: പക്ഷേ അതൊക്കെ പൂർവ്വാചാരങ്ങളാണ്.

അമീർ ഖുസ്രു: ആചാരങ്ങൾ ജനാധിപത്യ തത്ത്വങ്ങളും ഇന്ത്യൻ ഭരണഘടനയുമായി സംഘർഷത്തിലാണെങ്കിൽ ഏതാണ് നിലനിൽക്കുക?

ശുക്ലാജി: ഞാനെന്ത് പറയാനാണ്?

അമീർ ഖുസ്രു: പ്രശ്നം വളരെ വ്യക്തമാണ്. മനുഷ്യരെ തുല്യമായി കാണാൻ കഴിയാത്ത ഒരു പാരമ്പര്യത്തെയാണ് നിങ്ങൾ വിലമതിക്കുന്നതെങ്കിൽ, തുല്യത വിഭാവനം ചെയ്യുന്ന ഒരു മതേതര ഭരണഘടന നിങ്ങളുടെ പാരമ്പര്യവുമായി ഒത്തുപോവില്ല. അതല്ലേ നിങ്ങൾ സൂചിപ്പിച്ചതിന്റെ അർത്ഥം? നിങ്ങൾ പറഞ്ഞത് ഞാൻ വളച്ചൊടിച്ചിട്ടുണ്ടോ?

ശുക്ലാജി: ജനാബ് അമീർ ഖുസ്രു, ജനാധിപത്യവും പാരമ്പര്യവും തമ്മിൽ ഒരിക്കലും പൊരുത്തപ്പെടില്ല എന്നാണോ പറഞ്ഞുവരുന്നത്?

അമീർ ഖുസ്രു: ഒരിക്കലുമല്ല. സമൂഹത്തെ ഉറപ്പിച്ചുനിർത്തുന്ന നിലമാണ് പാരമ്പര്യം. എന്നാൽ, ആ പാരമ്പര്യം, ആളുകളെ വിവിധ തട്ടുകളിലാക്കുന്ന ഒന്നാണെങ്കിൽ അത് ജനാധിപത്യപരമല്ല. എന്താണ് ഈ വർണ്ണവിവേചനം? വംശത്തിന്റേയും നിറത്തിന്റേയും അടിസ്ഥാനത്തിലുള്ള വിവേചനം. ദക്ഷിണാഫ്രിക്കയിൽ, വർണ്ണവിവേചനം സ്ഥാപനവത്ക്കരിക്കപ്പെട്ടിരുന്നു. പാർലമെന്റുണ്ടായിരുന്നുവെങ്കിലും വെള്ളക്കാർ മാത്രമാണ് സീറ്റുകളിലേക്ക് മത്സരിച്ചിരുന്നത്. ജൊഹന്നസ്ബർഗ് പോലുള്ള പട്ടണങ്ങളിലെ ഏറ്റവും മുന്തിയ ഭാഗത്തായിരുന്നു വെള്ളക്കാരുടെ വീടുകൾ. ജനസംഖ്യയിൽ ഭൂരിപക്ഷമായിരുന്ന കറുത്ത വർഗ്ഗക്കാരാകട്ടെ, സൊവെറ്റൊ പോലുള്ള താരത‌മ്യേന താഴ്ന്ന വിഭാഗക്കാരുടെ ടൌൺഷിപ്പുകളിലായിരുന്നു ജീവിച്ചിരുന്നത്. ഇന്ത്യയിൽ ഇത് ഇത്രയ്ക്ക് സ്ഥാപനവത്ക്കരിക്കപ്പെട്ടിട്ടില്ലെങ്കിലും, വ്യത്യാസങ്ങൾ കൂടുതൽ ആഴമുള്ളതാണ്. ദളിതനോ മുസ്ലിമിനോ ഉയർന്ന വർഗ്ഗക്കാരുടെ കോളനികളിൽ വീടുവെക്കാൻ പറ്റില്ലെന്ന് ഒരു നിയമവും നിലവിലില്ല. പക്ഷേ ഒരു ദളിതൻ അവിടെ വീട് വെക്കില്ല. കാരണം, അതാണ് പാരമ്പര്യം. ശുക്ലാജി, മുസ്ലിങ്ങൾ പോയ സ്ഥിതിക്ക് നിങ്ങൾക്ക് അധികാരം നഷ്ടമാവുമെന്നതാണ് താങ്കളുടെ അടിസ്ഥാന ഭയം. ത്രികോണ- ബഹുകോണ രൂപത്തിലുള്ള രാഷ്ട്രീയമായ കളികൾ ഈ സൂത്രവാക്യത്തിൽ ലളിതവത്ക്കരിക്കാവുന്നതാണ്:

ഇന്ത്യയിലെ 70% ഹിന്ദുക്കൾ അധസ്ഥിത വിഭാഗമാണ്. ബ്രാഹ്മണന്മാർ, ക്ഷത്രിയന്മാർ, വൈശ്യന്മാർ, കച്ചവടക്കാർ തുടങ്ങിയവരെ മൊത്തമായെടുത്താൽ 30 ശതമാനവും. ഒരു ന്യൂനപക്ഷമായതുകൊണ്ട്, സവർണ്ണവിഭാഗത്തിന് അധികാരം നഷ്ടപ്പെടും. അതല്ലേ നിങ്ങളുടെ ഭയം ശുക്ലാജീ?

ശുക്ലാജി: ഞങ്ങളുടെ പാരമ്പര്യത്തിൽ ധാരാളം വൈയക്തികമായ വിശ്വാസങ്ങളുണ്ട്. അതൊന്നും പൊതുസ്ഥലത്ത് ചർച്ച ചെയ്യാറില്ല.

അമീർ ഖുസ്രു: അതുതന്നെയാണ് വിഷയത്തിന്റെ കാതൽ. അവയെല്ലാം ഇഴകീറി പരിശോധിക്കപ്പെടണം.

ശുക്ലാജി: ഒറ്റരാത്രികൊണ്ട് ഞങ്ങൾക്ക് അടിമുടി മാറാനൊന്നും പറ്റില്ലെന്ന് എനിക്ക് തോന്നുന്നു.

അമീർ ഖുസ്രു: ഒറ്റരാത്രി കൊണ്ട് മാറ്റങ്ങളുണ്ടാവില്ലെന്ന് എനിക്കറിയാം. എന്നാൽ, ദരിദ്രരോട് പ്രതിബദ്ധതയുള്ള ഒരു രാഷ്ട്രമാവണമെങ്കിൽ, സാമ്രാജ്യത്വ, കൊളോണിയൽ, നവ ഉദാരവത്ക്കരണ സാമ്പത്തിക ഘടനയാകെ, സമ്പൂർണ്ണമായി പൊളിച്ചെഴുതേണ്ടിവരും. ഒരു പുതിയ ഇന്ത്യയെത്തന്നെ നമുക്ക് സൃഷ്ടിക്കേണ്ടിവരും. പ്രാഥമിക വിദ്യാഭ്യാസം മുതൽക്ക്. പക്ഷേ വിദ്യാഭ്യാസനയം രൂപപ്പെടുത്തുന്നതിനുമുൻപ്, വിഭാഗീയതകളില്ലാത്ത ഒരു ജനാധിപത്യ, സോഷ്യലിസ്റ്റ്, മതേതര റിപ്പബ്ലിക്കിനെക്കുറിച്ചുള്ള കൃത്യമായ കാഴ്ചപ്പാട് ആവശ്യമാണ്. ഇതെല്ലാം കണക്കിലെടുക്കേണ്ടിവരും.

സോഷ്യലിസത്തെ ഉയർത്തിപ്പിടിച്ച് കുറച്ചുമുൻപ് സംസാരിച്ച അനിതയിലേക്ക് ഞാൻ വരാം. മുസ്ലിങ്ങളുടെ സാന്നിധ്യമാണ് ഇവിടെ വർഗ്ഗീയതയും സ്വത്വരാഷ്ട്രീയവും ഉണ്ടാവാൻ കാരണമെന്ന് അവർ വിശ്വസിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ഇപ്പോൾ മുസ്ലിങ്ങൾ പോയ സ്ഥിതിക്ക്, ഹിന്ദു സമൂഹത്തിന് ഒരു പുതിയ സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രം നിർമ്മിക്കാനാവുമെന്ന് അവർ കരുതുന്നു.

അനിത: അതെ സർ, ഇപ്പോൾ അത് എളുപ്പമാണ്.

അമീർ ഖുസ്രു: ഇവിടെ ഈ ജൂറിയിലിരിക്കുന്ന എല്ലാവരുടേയും – ഇന്ത്യയുടെ സൌന്ദര്യം അതിന്റെ വിശാലമായ സാംസ്കാരിക, പൈതൃകമാണെന്ന് കരുതുന്ന ഈ ആളുകളുടെ – പ്രവൃത്തിയെല്ലാം ധാരാളിത്തമായിരുന്നു എന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്. ഒഴിവാക്കാമായിരുന്ന പ്രവൃത്തിയായിരുന്നോ അവരുടേത്?

അനിത: ഖേദകരമായ പല കാര്യങ്ങളും ചരിത്രത്തിൽ സംഭവിച്ചിട്ടുണ്ടെന്ന്, അങ്ങയോടുള്ള എല്ലാ ബഹുമാനത്തോടെയും ഞാൻ അറിയിക്കട്ടെ. കാ‍ലഗണനയ്ക്കനുസരിച്ച് നടന്ന സംഭവങ്ങളല്ല ചരിത്രമെന്നത്. 19-ആം നൂറ്റാണ്ടുവരെ പാശ്ചാത്യരാജ്യങ്ങളിൽ അടിമത്തം നിലനിന്നിരുന്നു. അതിനുമുൻപ്, അമേരിക്ക, ഓസ്ട്രേലിയ, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ തദ്ദേശീയരെ നിഷ്കാസനം ചെയ്തിരുന്നു. മനുഷ്യചരിത്രത്തിലെ സങ്കടകരമായ ഒരു ഘട്ടമാണത്. എന്നാൽ കാലക്രമേണ, അമേരിക്കക്കാരും ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും അവരുടെ കൊളോണിവത്ക്കരണത്തോടൊപ്പം സമഗ്രമായ ജനാധിപത്യസ്ഥാപനങ്ങൾ സ്ഥാപിച്ചു. അവരുടെ സാമ്പത്തിക മാതൃകകൾ ഇന്ന്, പരിഷ്കൃത ലോകത്തിന്റെ അസൂയയ്ക്ക് പാത്രമായിരിക്കുന്നു.

നമ്മൾ ഇന്ത്യക്കാർ ഒരു വംശഹത്യയും നടത്തിയിട്ടില്ല. 200 ദശലക്ഷം മുസ്ലിങ്ങൾ പോകാൻ തീരുമാനിച്ചത് ദൈവാനുഗ്രഹമാണെന്ന് തോന്നുന്നു. ഇനി നമുക്ക് തുല്യവിതരണത്തോടും സോഷ്യലിസത്തൊടുമുള്ള നമ്മുടെ പ്രതിബദ്ധത പുതുക്കാൻ കഴിയും.

അമീർ ഖുസ്രു (അനിതയുടെ വാചകം പൂർത്തിയാക്കുന്നു)..സോഷ്യലിസമെന്നത് പൂർണ്ണമായും ഒരു ഹിന്ദു ചട്ടക്കൂടാണോ? ശുക്ലാജിയോട് ചോദിക്കൂ, അദ്ദേഹം സോഷ്യലിസത്തെ അംഗീകരിക്കുന്നുണ്ടോ? ബ്രാഹ്മണന്മാർക്കും ക്ഷത്രിയർക്കും വൈശ്യർക്കും, മറ്റ് പിന്നാക്കജാതിക്കാർക്കും ദളിതർക്കും മറ്റുള്ളവർക്കും തുല്യാവകാശമെന്നത്?

അനിത (ശുക്ലാജിയോട്): പിതാജീ?

ശുക്ലാജി: അത് പ്രശ്നമാവില്ലേ?

അനിത: എന്ത് പ്രശ്നം?

ശുക്ലാജി: ആ ദളിതൻ ചോട്ടേലാൽ നമ്മുടെ സ്വീകരണമുറിയിൽ കടന്നുവന്ന്, കസേരയിൽ കാലിന്മേൽ കാലുകയറ്റിവെച്ച് ഇരുന്നത് നീ കണ്ടതല്ലേ?

(ഗാലറിയിൽനിന്ന് ചോട്ടേലാൽ എഴുന്നേൽക്കുന്നു)

ചോട്ടേലാൽ (കൈകൂപ്പിക്കൊണ്ട്): എനിക്ക് പണ്ഡിറ്റ്ജിയോട് മാപ്പ് ചോദിക്കണം. അദ്ദേഹത്തിന്റെ അനുവാദമില്ലാതെ ആ വീട്ടിൽ ഞാൻ കടന്നുചെന്നത് അദ്ദേഹത്തെ ഇത്രമാത്രം കുപിതനാക്കുമെന്ന് ഞാൻ അറിഞ്ഞിരുന്നില്ല. ഇനി അങ്ങിനെ ഒരിക്കലും സംഭവിക്കില്ല. മുസ്ലിങ്ങൾ പോയതോടെ, ഇനി നമ്മുടെ പഞ്ചായത്തിലേയും കോർപ്പറേഷനിലേയും. സംസ്ഥാന നിയമസഭകളിലേയും പാർലമെന്റിലേയും രാഷ്ട്രീയത്തിന് മാറ്റം വന്നിട്ടുണ്ടാകുമെന്നാണ്  ഞാൻ കരുതിയത്. എന്നെപ്പോലെയുള്ളവർക്ക് അധികാരഘടനയിൽ പുതിയ അവസരങ്ങളുണ്ടാകുമെന്ന് ഞാൻ കരുതി.  അതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ പിന്തുണ അഭ്യർത്ഥിക്കാൻ ഞാൻ അങ്ങയുടെ വീട്ടിലേക്ക് വന്നത്.

ശുക്ലാജി (വെറുപ്പ് മൂടിവെക്കാൻ കഴിയാതെ): തിരഞ്ഞെടുപ്പിൽ എന്നെ പുറത്താക്കാൻ എന്റെതന്നെ പിന്തുണയോ? ആയിരക്കണക്കിന് വർഷങ്ങളായി അധികാരം കൈവശം വെച്ചവരാണ് ഞങ്ങൾ.

അമീർ ഖുസ്രു (അനിതയോട്): ഒരു ഡയറി ഫാം തുടങ്ങുക എന്നത് നിങ്ങളുടെ സ്വപ്നമായിരുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു. അതിനല്ലേ നിങ്ങൾ റഷീദ് ഘോസിയുടെ തൊഴുത്തിലേക്ക് തിരക്കിട്ട് ചെന്നത്? അത് ഏറ്റെടുക്കാൻ.

അനിത (അമ്പരപ്പോടെ): അങ്ങയ്ക്ക് അതെങ്ങിനെ മനസ്സിലായി?

അമീർ ഖുസ്രു (പുഞ്ചിരിച്ചുകൊണ്ട്): ആകാശത്ത് താമസിക്കുന്നതുകൊണ്ടുള്ള ഒരു ഗുണം, ഭൂമിയിലുള്ളവരുടെ മനസ്സ് വായിക്കാമെന്നതാണ്.

അനിത: ശരി, എനിക്കൊന്നും മറച്ചുവെക്കാനില്ല. ഞാൻ ആ തൊഴുത്തിൽ ചെന്നപ്പോൾ, ചുന്നിലാൽ അത് അതിനകംതന്നെ ഏറ്റെടുത്തുവെന്ന് മനസ്സിലായി.

അമീർ ഖുസ്രു: അത് നിങ്ങളെ അത്ഭുതപ്പെടുത്തിയോ?

അനിത: താഴ്ന്ന ജാതിക്കാർ ഇത്രപെട്ടെന്ന് നീങ്ങുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.

അമീർ ഖുസ്രു: അതിനുശേഷം, അൽതാഫിന്റെ വലിയ ബംഗ്ലാവ് മറ്റുള്ളവർ ഏറ്റെടുത്തതും നിങ്ങൾക്ക് കാണേണ്ടിവന്നു.

അനിത: താഴ്ന്ന ജാതിക്കാരായ ആളുകൾ – ദളിതുകൾ. അവിടെ ഒരു ഷൂ ഫാക്ടറി തുടങ്ങാമെന്ന് അവരോട് ആരോ പറഞ്ഞിരുന്നുവത്രെ.

അമീർ ഖുസ്രു: അപ്പോൾ എവിടെയാണ് പ്രശനം? പാവപ്പെട്ടവർ സാമൂഹികമായി ഉയർച്ച നേടണമെന്ന് നിങ്ങൾ ആഗ്രഹിച്ചു. അതൊക്കെ പോട്ടെ, എന്തായാലും, കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് നിങ്ങളെ ഞാൻ ബുദ്ധിമുട്ടിക്കില്ല. (ജഡ്ജിയുടെ നേരെ തിരിഞ്ഞ്), അങ്ങുന്നേ, റഹ്മാനി സഹോദരന്മാരുടെ കേസ് കൈകാര്യം ചെയ്യുന്ന പൊലീസിൽനിന്നുള്ള ഒരാൾ ഇവിടെയിരിക്കുന്നുണ്ട്. അദ്ദേഹത്തോട് ചില ചോദ്യങ്ങൾ ചോദിക്കണമെന്നുള്ളതുകൊണ്ട് ആ ഉദ്യോഗസ്ഥനോട് മുന്നോട്ട് വരാൻ ഞാൻ ആവശ്യപ്പെടട്ടേ?

(മഫ്ടിയിലുള്ള പൊലീസ് കമ്മീഷണർ എഴുന്നേറ്റ് കോടതിയേയും ജൂറി അംഗങ്ങളേയും വന്ദിക്കുന്നു)

ജഡ്ജി (അമീർ ഖുസ്രുവിനോട്): ജനാബ്, ഇതാ നിങ്ങളുടെ ആൾ. സാക്ഷാൽ പൊലീസ് കമ്മീഷണർതന്നെ.

അമീർ ഖുസ്രു (പൊലീസ് കമ്മീഷണറോട്): താങ്കൾക്ക് അറിയാവുന്നതുപോലെ, റഹ്മാനി സഹോദരന്മാർ വെടിയേറ്റ് കൊല്ലപ്പെട്ടത്, അവരെ വിചാരണ ചെയ്യുന്ന അതേ കോടതിയിൽ‌വെച്ചാണ്. ആരാണ് അവരെ വെടിവെച്ചത്? കൊലപാതകി മുസ്ലിമായിരുന്നു എന്നതാണ് ഔദ്യോഗിക ഭാഷ്യമെന്ന് ഞാൻ മനസ്സിലാക്കുന്നു.

പൊലീസ് കമ്മീ: താങ്കൾ മനസ്സിലാക്കിയത് ശരിയാണ് സർ.

അമീർ ഖുസ്രു: ആ രണ്ടുപേരെ വെടിവെക്കാൻ മുസ്ലിങ്ങൾ തങ്ങളിലൊരാളെ ഇവിടെ ബാക്കിനിർത്തി എന്നത് വിചിത്രമായി തോന്നുന്നില്ലേ?

പൊലീസ് കമ്മീ: ശരിയാണ് സർ. വളരെ വിചിത്രമായി തോന്നുന്നു..വളരെ വിചിത്രം.

അമീർ ഖുസ്രു (അല്പനേരം മൌനമായി): അങ്ങുന്നേ, ഞാൻ എതിർവിസ്താരകന്റെ ചെരുപ്പണിയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ അദ്ദേഹം ഈ ജൂറിയിൽ അംഗമായ എന്റെ സുഹൃത്ത് മൌലാനാ ഹസ്രത്ത് മൊഹാനിയോട് ചില ചോദ്യങ്ങൾ ചോദിക്കുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു.

ജഡ്ജി (അമീർ ഖുസ്രുവിനോട്): ഈയൊരു വിചാരണയ്ക്ക് അങ്ങ് വലിയ ആഴവും പരപ്പും നൽകിയതുകൊണ്ട് അങ്ങുതന്നെ ജനാബ് മൊഹാനിയെ വിസ്തരിക്കണമെന്ന് ഞാൻ കരുതുന്നു. മാത്രമല്ല, എതിർവിസ്താരകൻ ഇവിടെ ഹാജരായിരിക്കുന്നത് ഹിന്ദു-മുസ്ലിം പ്രതിനിധികളെ വിസ്തരിക്കുന്നതിന് മാത്രമാണ്.

(ഹസ്രത്ത് മൊഹാനി ചോദ്യങ്ങൾ നേരിടാൻ തയ്യാറായി എഴുന്നേൽക്കുന്നു)

അമീർ ഖുസ്രു: ജനാബ് മോഹാനി, റഹ്മാനി സഹോദരന്മാരുമായി ബന്ധപ്പെട്ട സംഭവത്തെക്കുറിച്ച് എന്ത് വിചാരിക്കുന്നു?

ഹസ്രത്ത് മൊഹാനി: ഔദ്യോഗിക ഭാഷ്യത്തിൽ പ്രത്യക്ഷമായ ഒരു തെറ്റുണ്ട്. ഒന്നാമതായി, എല്ലാവരേയും കൂടെ കൊണ്ടുപോയ മുസ്ലിങ്ങൾ എന്തുകൊണ്ടാണ് റഹ്മാനി സഹോദരന്മാരെ ബാക്കിവെച്ചത്?

പൊലീസ് കമ്മീ (പ്രതിരോധത്തിലായപോലെ): അത് വിശദീകരിക്കാൻ ബുദ്ധിമുട്ടാണ്. പക്ഷേ ഞാൻ റഹ്മാനി സഹോദരന്മാരുടെ കാര്യത്തിൽ എനിക്കൊരു ബന്ധവുമില്ല. അവരുടെ സുരക്ഷ സ്പെഷ്യൽ സെല്ലിന്റെ ഉത്തരവാദിത്തമാണ്.

ഹസ്രത്ത്മൊഹാനി: സംഭവിച്ചത് എന്തായിരിക്കുമെന്നതിനെപ്പറ്റി ഇന്നത്തെ പത്രത്തിൽ ഇന്റലിജൻസ് ഉദ്യോഗസ്ഥരും മുൻ പൊലീസുദ്യോഗസ്ഥരും എഴുതിയിട്ടുണ്ട്. ഇന്ത്യയിൽ തീവ്രവാദം വളർത്തുന്നതിൽ പാക്കിസ്ഥാനെ കുറ്റപ്പെടുത്താൻ കഴിയുമെന്ന പ്രതീക്ഷയിൽ, സ്പെഷ്യൽ സെൽ റഹ്മാനി സഹോദരന്മാർക്കെതിരേ നടപടികൾക്കു തുടക്കമിട്ടു. വലിയ രീതിയിൽ ആസൂത്രണം ചെയ്ത ഒരു ഭീകരാക്രമണം നടന്നാൽ, പാക്കിസ്ഥാനെതിരെയുള്ള ഇന്ത്യൻ സൈനികനീക്കത്തിന് സാധുത ലഭിക്കും. സാധാരണ സമയത്താണെങ്കിൽ, ഇത് അവർതന്നെ കൈകാര്യം ചെയ്തേനേ. എന്നാൽ, മുസ്ലിങ്ങളെല്ലാവരും അപ്രത്യക്ഷമായപ്പോൾ തങ്ങൾ വിഡ്ഢികളായത് സ്പെഷ്യൽ സെൽ തിരിച്ചറിഞ്ഞു. മുസ്ലിമുകളെന്ന് പറയപ്പെടുന്ന ആ രണ്ടുപേരെ അവർ കോടതിയിൽ ഹാജരാക്കുകയും, എന്നാൽ, അവർ മുസ്ലിമുകളല്ലെന്ന് നാടകീയമായ ഒരു വഴിത്തിരിവിലൂടെ, പാക്കിസ്ഥാൻ ഹൈക്കമ്മീഷന് തെളിയിക്കാനാവുകയും ചെയ്തു. അത്രത്തോളമെങ്കിലും വ്യക്തമാണ്.

എന്തുകൊണ്ടാണ് ഇന്ത്യയ്ക്ക് തീവ്രവാദികളേയും തീവ്രവാദ സംഭവങ്ങളേയും നിർമ്മിക്കേണ്ടത് ആവശ്യമായി വന്നത്. ആ ചോദ്യത്തിനുള്ള ഉത്തരം ലളിതമാണ് – പാക്കിസ്ഥാനുമായുള്ള സംഘർഷം നിലനിർത്തേണ്ടത് ആവശ്യമാണ്. കശ്മീർ എന്നും തിളച്ചുമറിയേണ്ടത് പ്രധാനമാണ്, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ശത്രുത നിലനിൽക്കേണ്ടതും ആവശ്യമാണ്. ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ ശത്രുത ഉളവാക്കിയതുകൊണ്ട് മാത്രമായില്ല. പാക്കിസ്ഥാനും കശ്മീരും തിളയ്ക്കുകയും വേണം രാഷ്ട്രീയനേട്ടങ്ങൾ കൊയ്യാൻ, വർഗ്ഗീയതയെ ദേശീയതയുമായി കൂട്ടിക്കെട്ടണം.

അനിത: ജനാബ് അമീർ ഖുസ്രു, എനിക്കൊന്നും മനസ്സിലാവുന്നില്ല. അദ്ദേഹം എന്താണ് പറഞ്ഞുവരുന്നത് എന്നൊന്ന് വിശദീകരിക്കാമോ?

അമീർ ഖുസ്രു: അത് വളരെ ലളിതമാണ്. പ്രകൃത്യാ അസമത്വം നിലനിൽക്കുന്ന ഒരു സംവിധാനം പെട്ടെന്ന്, യഥാർത്ഥ ജനാധിപത്യത്തേയും സാമൂഹികമായ ഉയർച്ചയേയും, സാമൂഹികനീതിയേയും കുറിച്ചുള്ള സങ്കല്പത്തെ നേരിട്ടപ്പോൾ, രാഷ്ട്രീയപ്പാർട്ടികൾ, പ്രത്യേകിച്ചും അധികാരത്തിലുള്ളവർ ആശങ്കാകുലരായിരിക്കുന്നു. ഇതെല്ലാം സംഭവിക്കുന്നതാകട്ടെ, മുസ്ലിങ്ങൾ പോയതിനുശേഷവും. എണ്ണത്തിൽ തങ്ങൾക്കാണ് ശക്തിയെന്ന് താഴ്ന്ന ജാതിക്കാർ മനസ്സിലാക്കുകയും ചെയ്തിരിക്കുന്നു.

ഹിന്ദുസമൂഹത്തെ ഒരൊറ്റ കുടക്കീഴിൽ കൊണ്ടുവരുന്നതിന് മുസ്ലിങ്ങളെ വെറുപ്പിന് പാത്രമാക്കേണ്ടത് സവർണ്ണജാതിക്കാരുടെ ആവശ്യമാണെന്ന് ജനങ്ങൾ മനസ്സിലാക്കാനുള്ള സമയം അതിക്രമിച്ചു. ഒരു പൊതുവായ ശത്രുവിനെതിരേ – അതായത് മുസ്ലിമിനെതിരേ – ഒരുമിക്കണമെന്ന് വിശ്വസിക്കാൻ പാകത്തിൽ, ഹിന്ദുക്കളുടെ ഒരു വലിയ വിഭാഗത്തെ, മാസ് മീഡിയയുടെ സഹായത്തോടെ മസ്തിഷ്കപ്രക്ഷാളനം ചെയ്തിരിക്കുകയാണ്. പക്ഷേ ഇപ്പോൾ ആ പൊതുശത്രു അപ്രത്യക്ഷമാവുകയും ചെയ്തിരിക്കുന്നു.

ഹി.പ്ര (പ്രതിഷേധിക്കുന്നു): ജനാബ് അമീർ ഖുസ്രു ചർച്ചയുടെ ഗതിയെ ഞങ്ങൾ ഹിന്ദുക്കൾക്കെതിരേ തിരിച്ചുവിട്ടിരിക്കുന്നു. ജൂറിയിലും ഞങ്ങൾക്ക് ശക്തമായ പ്രാതിനിധ്യം വേണം.

ജഡ്ജി: ഗോസ്വാമി തുളസീദാസ്, മഹാത്മാ ഫൂലെ, മൊഗുബായി, മുൻഷി ചുന്നിലാൽ ദിൽഗിർ, സന്ത് കബീർ എന്നിവരെക്കൊണ്ട് നിങ്ങൾക്ക് തൃപ്തിയാവുന്നില്ലെന്നുണ്ടോ? വേറെ ആരെയെങ്കിലും മനസ്സിൽ കണ്ടിട്ടുണ്ടോ?

ഹി.പ്ര: ഉണ്ട്, ഒരാളെ കണ്ടിട്ടുണ്ട്.

ജഡ്ജി: പേർ പറയൂ.

ഹി.പ്ര: സ്വാമി വിവേകാനന്ദൻ.

ജഡ്ജി: സ്വാമി ഈ ജൂറിയുമായി വിയോജിക്കുമെന്നാണോ നിങ്ങൾ പറയുന്നത്?

ജൂറി (വിവിധ ശബ്ദത്തിൽ): സ്വാമിജിയെ ഞങ്ങൾക്കെല്ലാവർക്കും ഇവിടെ വേണം.

(ഒരു കോടതിയുദ്യോഗസ്ഥൻ പ്രിന്റ് ചെയ്ത സന്ദേശവുമായി വന്ന് ജഡ്ജിയെ കാണിക്കുന്നു)

ജഡ്ജി: സ്വാമി വിവേകാനന്ദനിൽനിന്നുള്ള വാക്കുകൾ എന്റെ കൈയ്യിൽ കിട്ടിയിട്ടുണ്ട്.ജൂറി അംഗങ്ങളുടെ ഇടപെടൽ‌വഴി, പ്രത്യേകിച്ചും ജനാബ് അമീർ ഖുസ്രുവിന്റെ ഇടപെടലിലൂടെ കോടതി നടപടികളെല്ലാം വളരെ ഫലപ്രദമായി നടക്കുന്നുണ്ടെന്നാണ് സ്വാമിജിയുടെ ഉറച്ച അഭിപ്രായം. കോടതി വിചാരണയിൽ പങ്കെടുക്കുന്ന എല്ലാവർക്കും (കടലാസ്സുനോക്കി), ജഡ്ജി, എതിർവിസ്താരകൻ, സാക്ഷികൾ, പൊതുജനങ്ങൾ..തുടങ്ങി എല്ലാവർക്കും അദ്ദേഹം തന്റെ ആശംസകൾ നേർന്നിട്ടുണ്ട്.

തുളസീദാസ്: തയ്യാറെടുപ്പ് നടത്താതെയല്ല ഞങ്ങൾ ഇവിടെ വന്നിട്ടുള്ളത്. കാര്യങ്ങൾ വിശദമായിത്തന്നെ ഞങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ വക്താവ് ജനാബ് അമീർ ഖുസ്രു ഞങ്ങളുടെ കാഴ്ചപ്പാട് ഇതുവരേക്കും വളരെ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങൾ ഉയർത്തിയിട്ടുള്ള ചില കാര്യങ്ങൾക്ക് നറുപടി നൽകണമെന്ന് ഞങ്ങൾ അദ്ദേഹത്തോട് അഭ്യർത്ഥിക്കുന്നു.

അമീർ ഖുസ്രു: ഹസ്രത്ത് മൊഹാനിയുടെ ഇടപെടൽ ഞാൻ വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

ഹസ്രത്ത് മൊഹാനി: ചില നിരീക്ഷണങ്ങൾ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു. മുസ്ലിമുകളുടെ വിഷയമാണ് നമ്മെ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം എന്നൊരു ധാരണ മാധ്യമങ്ങളിലെ വാർത്താ അവതരണം നൽകുന്നുണ്ട്. മാധ്യമങ്ങളുടെ വാർത്താ അവതരണം വളരെ പ്രാധാന്യമുള്ളതാണ്, കാരണം, ഇന്നത്തെ ലോകത്ത്, അത് ജീവിതത്തേക്കാൾ വലിയ ഒരു വിനിമയ മാധ്യമമായിട്ടുണ്ട്. ഞങ്ങളുടെ കാലത്ത്, പരിമിതമായ വായനക്കാരുള്ള ഏതാനും ചില ദിനപ്പത്രങ്ങളേ ഉണ്ടായിരുന്നുള്ളു.

നമ്മുടെ ഭരണഘടന എഴുതിയ കൊൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയെക്കുറിച്ച് ചില കാര്യങ്ങൾ പറയുന്നതിന് കോടതി എനിക്കനുവാദം കനിഞ്ഞുനൽകണം. ആ അസംബ്ലിയിൽ ഒരംഗമായിരുന്നു ഞാൻ. ലുട്ട്യൻസിന്റെ ദില്ലി എന്ന് വിളിക്കുന്ന സ്ഥലത്ത് ഞങ്ങൾക്കെല്ലാവർക്കും ബംഗ്ലാവുകൾ അനുവദിച്ചിരുന്നു. എന്നാൽ ഞാൻ താമസിച്ചിരുന്നത് ലിങ്ക് ഹൌസിന്റെ പിന്നിലുള്ള ബഹാദൂർഷാ സഫർ മാർഗ്ഗിലെ മസ്ജിദ് ഇ അബ്ദുൾ നബിയിലായിരുന്നു. എന്തിനാണ് ഞാൻ അങ്ങിനെ ചെയ്തത്? കാരണം, ഒരു നല്ല മുസൽമാൻ എന്ന നിലയ്ക്ക്, ഒരു ശരാശരി ഇന്ത്യക്കാരനായ എനിക്ക് അത് കൂടുതൽ സ്വീകാര്യമായി തോന്നി. എന്നാൽ നമ്മുടെ പല നേതാക്കൾക്കും താത്പര്യം തോന്നിയത്, സാമ്രാജ്യത്വം ഉപേക്ഷിച്ചുപോയ സൌകര്യങ്ങളിലും മന്ദിരങ്ങളിലുമായിരുന്നു. ഭരണഘടനയുടെ മാതൃകപോലും ബ്രിട്ടീഷ് ഭരണഘടനയിൽ വേരുകളുള്ള ഒന്നായിരുന്നു. 1935-ലെ ഇന്ത്യൻ സർക്കാർ ആക്ടിനെ അടിസ്ഥാനപ്പെടുത്തി സ്ഥാപിച്ച ഒന്നായിരുന്നു അത്.

കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ 10 ശതമാനം മാത്രമേ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുണ്ടായിരുന്നുള്ളു. ഭരണഘടന എഴുതിയവരിൽ പലരും പാശ്ചാത്യ വിദ്യാഭ്യാസം നേടിയവരായിരുന്നു. ജനങ്ങളിൽ വേരുകളുള്ളിടത്തോളം, അതിൽ തെറ്റൊന്നുമുണ്ടായിരുന്നില്ല. മഹാത്മാഗാന്ധിക്ക് അതുണ്ടായിരുന്നിട്ടും അദ്ദേഹം ഭരണഘടന എഴുതിയില്ല. ജനങ്ങളുടെ യഥാർത്ഥ പ്രതിനിധികൾ, ജനങ്ങളുമായി താദാത്മ്യം പ്രാപിച്ച ആളുകൾ വേണമായിരുന്നു ഭരണഘടന എഴുതാൻ എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, അത് ഇന്ത്യയിലെ ജനങ്ങൾക്കുവേണ്ടിയുള്ള ഒരു ഭരണഘടനയായിരുന്നില്ല. ഇന്ത്യയിലെ ഭരണവർഗ്ഗത്തിനുവേണ്ടിയുള്ളതായിരുന്നു. അതുകൊണ്ടാണ് ഞാനതിൽ ഒപ്പിടാതിരുന്നത്. ഇന്ന് 200 ദശലക്ഷം ആളുകൾ പോയതിനാൽ വലിയ ബഹളവും കലാപവുമൊക്കെ കാണുന്നു. രാജ്യത്തിനുനേരെ പുറം തിരിഞ്ഞുനിന്ന ആ 200 ദശലക്ഷം ആളുകൾ ആരായിരുന്നുവെന്ന് നിങ്ങൾ എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അവരിൽ ഏറ്റവും ചുരുങ്ങിയത് 85-90 ശതമാനം‌പേരുടെയെങ്കിലും പൂർവ്വികർ, മുസ്ലിമുകൾ വരുന്നതിനും നൂറ്റാണ്ടുകൾക്കുമുന്നേ ഈ നാടിനെ സ്വന്തം നാടായി കണക്കാക്കിയവരായിരുന്നു. അവരോട് നമ്മൾ എങ്ങിനെയാണ് പെരുമാറിയതെന്ന് ഒന്ന് ആലോചിച്ചുനോക്കുക. ലളിതമായി പറഞ്ഞാൽ, നമ്മൾ അവരോട് നല്ല രീതിയിലല്ല പെരുമാറിയത്.

അതുകൊണ്ടാണ് നിരവധിപേർ സൂഫി സന്ന്യാസികളിലേക്ക് തിരിഞ്ഞത്. അവരുടെ വഴികൾ കൂടുതൽ ജനാധിപത്യപരമാണെന്ന് അവർ മനസ്സിലാക്കി. ഉപഭൂഖണ്ഡത്തിലെ എല്ലാ മുസ്ലിമുകളും, പാക്കിസ്ഥാനിലും ബംഗ്ലാദേശിലും ഇന്നുള്ളവരടക്കം, നമ്മളുടെ സ്വന്തമാളുകളായിരുന്നു. അവർ പരിവർത്തനം ചെയ്യപ്പെട്ടു.

ഈ ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം മുസ്ലിമുകളും പരിവർത്തിതരാണ്.

അവർ അവരുടെ വിശ്വാസം ഉപേക്ഷിച്ച് മറ്റ് വിശ്വാസങ്ങളിലേക്ക് ചേക്കേറി. പക്ഷേ അവർ അവരുടെ സംസ്കാരം കൈവിട്ടില്ല.

ഹിന്ദു ഘടന ഉപേക്ഷിച്ചവർ നമ്മുടെ രാഷ്ട്രീയത്തിന്റെ ഇരകളായി. ഏകദേശം തുല്യമായ മൂന്ന് ഭാഗങ്ങളായി – ഇന്ത്യയിലേയും പടിഞ്ഞാറൻ പാക്കിസ്ഥാനിലേയും കിഴക്കൻ പാക്കിസ്ഥാനിലേയും – മുസ്ലിമുകളെ മുറിച്ചത് രാഷ്ട്രീയമായിരുന്നു. നമ്മുടെ നേതാക്കൾ ഒരേസമയം ദീർഘദർശികളും സങ്കുചിതവീക്ഷണക്കാരുമായിരുന്നു. വിഭജനം നടന്നില്ലായിരുന്നെങ്കിൽ അവിഭജിത ഇന്ത്യയിൽ 600 ദശലക്ഷം മുസ്ലിങ്ങളുണ്ടാവുമായിരുന്നു. ഇതിനെ ഇല്ലാതാക്കാൻ നമ്മുടെ നേതാക്കൾ ചെയ്തതെന്താണ്? അവർ സമുദായത്തെ വിഭജിച്ചു. അവിഭജിതമായ ഒരിന്ത്യയിൽ 600 ദശലക്ഷം മുസ്ലിമുകളുണ്ടായിരുന്നെങ്കിൽ, ജാതീയമായി വിഭജിതമായിരുന്ന ഈ സമൂഹത്തിൽ വിലപേശാൻ കഴിവുള്ള ഒരു ഒരു വലിയ വിഭാഗമായി അവർ മാറുമായിരുന്നു. അതുകൊണ്ട്, സുഹൃത്തുക്കളേ, നമ്മൾ അവരെ ജാതിയുടെ പിരമിഡിൽനിന്ന് ഇസ്ലാമെന്ന് പേരായ ഒരു മാർഗ്ഗത്തിലേക്ക് തള്ളിമാറ്റി. നമ്മുടെ രാഷ്ട്രീയ കെടുകാര്യസ്ഥതകൊണ്ട്, ഇപ്പോൾ 200 ദശലക്ഷത്തിനെ നമ്മൾ ഇവിടെനിന്ന് പറഞ്ഞയക്കുകയും ചെയ്തിരിക്കുന്നു – എവിടേക്കെന്ന് ദൈവത്തിനറിയാം.

ഗാലറിയിൽനിന്ന് ഒരു ശബ്ദം: അവർ എന്നന്നേക്കുമായി പോയതാണോ? ഇനിയൊരിക്കലും തിരിച്ചുവരില്ലേ?

(ജഡ്ജി ചുറ്റിക മേശയിലടിക്കുന്നു)

ജഡ്ജി: ജനാബ് അമീർ ഖുസ്രു, മൌലാനാ ഹസ്രത്ത് മൊഹാനി, ഭവാന്മാർ പറഞ്ഞുകഴിഞ്ഞോ?

അമീർ ഖുസ്രു: എതിർവിസ്താരകൻ വരച്ചുകാണിച്ച ത്രികോണം ഒരു ആരംഭബിന്ദു എന്ന നിലയ്ക്ക് ഉപയോഗപ്രദമാണ്.

എതിർവിസ്താരകൻ: എന്ത് ആരംഭത്തിന്?

അമീർ ഖുസ്രു: രാജ്യത്തെ വർഗ്ഗീയതാപം താഴ്ത്തുന്നതിനുള്ള തുടക്കത്തിന്. അതിന് നമ്മൾ കശ്മീർ പ്രശ്നത്തെ അഭിസംബോധന ചെയ്തേ പറ്റൂ. പക്ഷേ അത് അഭിസംബോധന ചെയ്യണമെങ്കിൽ പാക്കിസ്ഥാനെ ഇടപെടീക്കാതെ നമുക്ക് മറ്റൊരു മാർഗ്ഗമില്ല. 1972-ൽ ഇന്ദിരാഗാന്ധിയും സുൾഫിക്കർ അലി ഭൂട്ടോയും തമ്മിൽ നടന്ന സിം‌ല കരാർപോലെ ഒരു കരാർ കശ്മീരിൽ നടത്താവുന്നതാണ്. അതേപോലെ, ലോകത്തിലെ എല്ലാ മാധ്യമങ്ങളേയും സാക്ഷി നിർത്തിക്കൊണ്ട്, ഇന്ത്യയിൽനിന്നും പാക്കിസ്ഥാനിൽനിന്നും കശ്മീരിൽനിന്നുമുള്ള വിദഗ്ദ്ധരുടെ സംഘങ്ങൾക്ക് ശ്രീനഗറിൽ‌വെച്ചും ആലോചനകൾ നടത്താവുന്നതാണ്.

ഞങ്ങൾ കുറച്ചുമുമ്പ് വിമർശിച്ച മാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യാം. സമാധാനത്തിനുവേണ്ടിയുള്ള ഈ ശ്രമത്തെ ഇന്ത്യയും, പാക്കിസ്ഥാനും, ലോകം മുഴുവനും ശ്രദ്ധയോടെ വീക്ഷിക്കും. കശ്മീരിലെ ജനങ്ങളുടെ കണ്ണുകളിൽ, അല്ല, ഇന്ത്യയിലേയും പാക്കിസ്ഥാനിലേയും മുഴുവൻ ജനങ്ങളുടേയും കണ്ണുകളിൽ, ആനന്ദക്കണ്ണീർ നിറയും.

(പൊതുഗാലറിയിൽനിന്ന് വലിയ കരഘോഷം)

അമീർ ഖുസ്രു: അങ്ങുന്നേ, ഒരു ബ്രാഹ്മണസ്ത്രീ നിർമ്മിച്ച ആ പണ്ഡിതായിൻ കീ മസ്ജിദിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന ദുരന്തകോമാളിത്തരത്തിനെക്കുറിച്ച് ഞാൻ സ്പർശിച്ചിട്ടേയില്ല. ആ പള്ളിയിൽനിന്നുള്ള ആരെങ്കിലും ഇവിടെ ഹാജരുണ്ടോ?

(ഒരു മനുഷ്യൻ വിറച്ചുകൊണ്ട് എഴുന്നേറ്റ് കൈകളുയർത്തുന്നു)

അമീർ ഖുസ്രു: (എതിർവിസ്താരകനോട്): അവിടെ അരങ്ങേറിയ സംഭവങ്ങളെക്കുറിച്ച് താങ്കൾ ദയവായി അയാളിൽനിന്ന് ചോദിച്ച് മനസ്സിലാക്കാമോ?

എതിർവിസ്താരകൻ (മസ്ജിദിലെ ആ മനുഷ്യനോട്): ദയവായി, കോടതിയോട് ആ കഥ പറയൂ. ചുരുക്കിപ്പറയണം.

മനുഷ്യൻ: ഞങ്ങളുടെ ഏകദേശം 20-30 സഹോദരന്മാർ ആ പള്ളിയുടെ വരാന്തയിൽ കിടക്കുന്നുണ്ട്. അവരെ ലിംഗാഗ്രച്ഛേദം നടത്തിയെങ്കിലും, കലിമ ചൊല്ലുന്നതിനുമുൻപ്, ചുമതലയുണ്ടായിരുന്ന മുല്ല അപ്രത്യക്ഷനായി. ആ പുരുഷന്മാരുടെ ലിംഗാഗ്രം പഴയതുപോലെ ആവണമെന്ന് പ്രാർത്ഥിച്ച് അവരുടെ സ്ത്രീകൾ അവിടെ ഇപ്പോൾ ശിവലിംഗപൂജ ചെയ്യുകയാണ്. വല്ലാത്തൊരു അവസ്ഥയിലാണ് ആ പുരുഷന്മാർ. അവിടെയുമില്ല, ഇവിടെയുമില്ല എന്ന അവസ്ഥ. അവർ ‘മുഴുവൻ മുസ്ലിം’ ആയിട്ടില്ല. തങ്ങളുടെ പുരുഷന്മാർക്ക് ഹിന്ദു സ്വത്വവും പൌരുഷവും ഒരുപോലെ നഷ്ടമായി എന്നാണ് ആ സ്ത്രീകൾ ഭയപ്പെടുന്നത്.

അമീർ ഖുസ്രു: ഇതൊരു വിചിത്രമായ കേസാണെന്ന് കോടതി ശ്രദ്ധിക്കണം. വെറുതെ സുന്നത്ത് ചെയ്തതുകൊണ്ടുമാത്രം ഒരാൾ പൂർണ്ണമായി ഇസ്ലാമിലേക്ക് മാറുന്നതല്ല. ആരോഗ്യപരമായ കാരണങ്ങളാലാണ് നിരവധി ആധുനിക സമൂഹങ്ങളിൽ സുന്നത്ത് നടപ്പാക്കപ്പെടുന്നത്. എന്നാൽ എന്റെ ആശങ്ക മറ്റൊരു വലിയ പ്രശ്നത്തെക്കുറിച്ചുള്ളതാണ് – കൂടുതൽക്കൂടുതൽ ആളുകളെ അവരുടെ വിശ്വാസത്തിലേക്ക് ചേർത്താൽ സ്വർഗ്ഗത്തിൽ കൂടുതൽ ലാഭത്തിന്റെ പോയിന്റുകൾ ലഭിക്കുമെന്ന വിശ്വാസക്കാരാണ് നമ്മുടെ പുരോഹിതരും താഴെയുള്ള മുല്ലമാരും. ഇതിനേക്കാൾ ഹിന്ദുക്കളെ അസ്വസ്ഥരാക്കുന്ന മറ്റൊരു ഏർപ്പാ‍ടില്ല. പരിവർത്തനം ഇല്ലാത്ത, അതിന്റെ കച്ചവടമില്ലാത്ത ഒരു സമുദായമാണ് അവരുടേത്. അങ്ങിനെയുള്ള ഒരു സമുദായത്തിന് ഇതൊരു ഭീഷണിയായി തോന്നാം. തങ്ങളുടെ ജനസംഖ്യയെ വർദ്ധിപ്പിക്കാൻ കഴിയില്ലെന്നും അതിനെ ഇല്ലാതാക്കാൻ മാത്രമേ ഇത് സഹായിക്കൂ എന്നും അവർ ഭയപ്പെടും. കൂടുതൽക്കൂടുതൽ ഹിന്ദുക്കളെ മതപരിവർത്തനത്തിലൂടെ അവർക്ക് നഷ്ടപ്പെടാം. അത്തരമൊരു അവസ്ഥയിലുള്ള സമുദായത്തിന് ഭയപ്പാട് തോന്നാവുന്നതാണ്. അപ്രത്യക്ഷരായ 200 ദശലക്ഷം മുസ്ലിങ്ങൾ തിരിച്ചുവരുമോ എന്നതല്ല സുപ്രധാന വിഷയം. ആളുകളെ മുറിവേൽ‌പ്പിക്കാത്ത സ്വഭാവരീതികൾ നമ്മൾ നിർവ്വചിക്കണം.

മനുഷ്യൻ: സർ, ഞങ്ങൾക്കുവേണ്ടി മഹാത്മാ ഫൂലെ സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. മഹാത്മാവേ, തലമുറകളായി അടിച്ചമർത്തപ്പെടുന്നതുകൊണ്ട് ഹിന്ദുസമുദായത്തിലെ താഴേത്തട്ടിലുള്ള ആളുകൾ മറ്റ് വിശ്വാസങ്ങളിലേക്ക് മാറുന്നു എന്നത് സത്യമല്ലേ?

മഹാത്മാ ഫൂലെ: അതെ, ഹിന്ദുസമുദായത്തിൽ അസമത്വമുണ്ട്. സവർണ്ണരുടെ നീചമായ മനസ്ഥിതി താഴ്ന്ന ജാതിക്കാർക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഹിന്ദു സമുദായത്തിൽ നവോത്ഥാനം ആവശ്യമാണ്.

അമീർ ഖുസ്രു: നന്ദി മഹാത്മാവേ. (ജഡ്ജിയോട്) അതിനാൽ അങ്ങുന്നേ താഴേത്തട്ടിൽ ധാരാളം പ്രവർത്തനങ്ങൾ ആവശ്യമാണ്. നമുക്ക് എല്ലാം പുതുതായി ആലോചിക്കേണ്ടിവരും. കാരണം, ഭ്രഷ്ടരായവർക്ക് തുല്യതയോ നീതിയോ നൽകാൻ നമ്മുടെ കൈയ്യിലുള്ള സംവിധാനത്തിന് പ്രാപ്തിയില്ല. സ്വാമി വിവേകാനന്ദന്റെ കാഴ്ചപ്പാടുകൾ അത്യന്താപേക്ഷിതമാണ്.

എതിർവിസ്താരകൻ: ഉത്തരം ആവശ്യമായ ഒരു ചോദ്യത്തിലേക്ക് ഈ ജൂറി വെളിച്ചം വീശണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നു: മുസ്ലിങ്ങളുടെ തിരിച്ചുവരവ് സാധ്യമാക്കുന്ന എന്തെല്ലാം ഉപാധികളാണ് നമ്മൾ സൃഷ്ടിക്കേണ്ടത്?

അമീർ ഖുസ്രു: ഞാൻ പറഞ്ഞ കാര്യത്തോട് ഈ വിശിഷ്ടരായ ജൂറി യോജിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. വീണ്ടും ഒരിക്കൽക്കൂടി സമഗ്രമായ ഒരു രാജ്യമാകാനുള്ള പൊതുവായ ചട്ടക്കൂട് നമ്മൾ നൽകിക്കഴിഞ്ഞു. ഈ കോടതി സുപ്രീം കോടതിയിലേക്ക് അയയ്ക്കുന്ന ശുപാർശകളിൽ ഭരണാധികാരികൾ നടപടികളെടുക്കുകയും, നയങ്ങൾ നിർവ്വചിക്കാൻ കഴിവുള്ള പാർലമെന്റിൽ അവ സമർപ്പിക്കുകയുമാണ് ഇനി ചെയ്യാനുള്ളത്. നമ്മളെല്ലാം നശ്വരരായ മനുഷ്യരാണ്. ഞങ്ങൾ കാത്തിരുന്ന് കാണുന്നുണ്ടാവും.

ജഡ്ജി: സുപ്രീം കോടതിയിൽ ഞങ്ങളുടെ കണ്ടെത്തലുകൾ സമർപ്പിക്കാൻ കുറച്ച് ദിവസങ്ങളെടുത്തേക്കും. പാർലമെന്റ് ആ രേഖ പഠിച്ചുകഴിഞ്ഞാൽ, രാഷ്ട്രപതിഭവനിൽ‌വെച്ച് ഒരു പത്രസമ്മേളനം നടത്താൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്.

മു.പ്ര: ആരായിരിക്കും പത്രസമ്മേളനത്തെ അഭിസംബോധന ചെയ്യുക?

ജഡ്ജി: അർദ്ധരാതിയിൽ ഇന്ത്യൻ സ്വാതന്ത്ര്യച്ചടങ്ങുകൾ നടന്ന അതേ ദർബാർ ഹാളിൽ‌വെച്ച് ബഹുമാനപ്പെട്ട രാഷ്ട്രപതിയായിരിക്കും അത് നിർവ്വഹിക്കുക. (കറുത്ത സഫാരി സൂട്ടും കറുത്ത തലക്കെട്ടും കെട്ടിയ ആറുപേർ കോടതിയിലേക്ക് പെട്ടെന്ന് പ്രവേശിച്ചതോടെ കോടതിയിൽ ഒരു ചെറിയ ഇളക്കം. അവരുടെ നേതാവ്, അധികം ആരോഗ്യമില്ലാത്ത, കറുത്ത നിറമുള്ള ഒരാൾ കോടതിയെ അഭിസംബോധന ചെയ്യുന്നു).

നേതാവ്: മുസ്ലിങ്ങൾ പോയതോടെ, ഞങ്ങൾ ദളിതർക്കും പിന്നാക്കജാതികൾക്കും ഒരു പുതിയ സാഹചര്യം തുറന്നുകിട്ടി. സംഖ്യാപരമായ മേൽക്കോയ്മ. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ടിരുന്ന ഈ ഭൂരിഭാഗം, പുതിയ ഭരണഘടന അവതരിപ്പിക്കപ്പെട്ടിട്ടുപോലും പീഡിപ്പിക്കപ്പെട്ടിരുന്ന ഈ വിഭാഗം ആദ്യമായി, മുന്നാക്കവിഭാഗങ്ങളുമായി നേർക്കുനേരെ മത്സരിക്കാൻ പോവുന്നു. തിരഞ്ഞെടുപ്പുകൾ നീട്ടിവെക്കുന്നതിൽ ഹിന്ദു ഭരണവർഗ്ഗം വിജയിച്ചിരിക്കുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അവർക്കൊപ്പമാണ്. മറ്റ് രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചുവെങ്കിലും അവരെ കടത്തിവെട്ടി.

മുസ്ലിങ്ങൾ തിരിച്ചുവന്നതിനുശേഷമേ തിരഞ്ഞെടുപ്പ് നടത്താവൂ എന്ന അസാധ്യമായ ഒരു ഉപാധി മുന്നോട്ടുവെച്ചിരിക്കുന്നു. അവർ എന്നാണ് തിരിച്ചുവരിക എന്ന് അവർക്കറിയാമോ? തിരിച്ചുവരാൻ ഉദ്ദേശിച്ചുകൊണ്ടാവില്ല 200 ദശലക്ഷം ആളുകൾ അപ്രത്യക്ഷമാവുക. ഹിന്ദു ഭരണവർഗ്ഗത്തിന് തിരഞ്ഞെടുപ്പ് ഗൊദയിൽ സംഖ്യാപരമായി മേൽക്കോയ്മയുള്ള അവർണ്ണരോട് മത്സരിക്കേണ്ടിവരുന്നത് നീട്ടിവെക്കാനുള്ള ഒരു കുറുക്കുവഴിയാണ് ഈ ‘മുസ്ലിമുകൾ വരുന്നതുവരെ കാത്തിരിക്കുക- എന്ന പുതിയ തന്ത്രം. ആർക്കറിയാം, ഒരുപക്ഷേ ആ മത്സരത്തിൽ ഒരു ദളിത് പ്രധാനമന്ത്രിതന്നെ അധികാരത്തിൽ വരില്ലെന്ന്?

ശുക്ലാജി(എഴുന്നേറ്റ് നിന്ന്): എതിർപ്പുണ്ട് സർ, എതിർപ്പുണ്ട്. ആദ്യം ഞങ്ങൾക്കറിയേണ്ടത് ഇയാളാരാണെന്നാണ്. രണ്ടാമതായി, ഇത് ബഹുവംശ, ബഹുഭാഷാ, ബഹുമത രാഷ്ട്രമാണെന്നത് ഇയാൾ മറക്കുന്നു.

ജഡ്ജി (നേതാവിനോട്): ദയവായി സ്വയം പരിചയപ്പെടുത്തുക.

നേതാവ്: ചന്ദൻ മൊഹോത്തെ, ദളിത് യൂത്ത് ലീഗിന്റെ പ്രസിഡന്റ്. അങ്ങുന്നേ, ഹ്രസ്വമായ ഒരു കാര്യം അവതരിപ്പിക്കാൻ അനുവദിക്കുക. ലംബമാനമായ ഒരു അധികാരശ്രേണിയിലൂടെ ഞങ്ങളെ വിഭജിച്ചുനിർത്തുന്ന മനുസ്മൃതി….

ശുക്ലാജി (ഇടയിൽക്കയറി): അതിനെന്താണ് കുഴപ്പം. അതൊന്നും ഇവിടെ പ്രസക്തമല്ല. (നേതാവിന്റെ അതേ വസ്ത്രം ധരിച്ച നാലുപേർ, കോടതിമുറിയുടെ വലത്തേ കോണിൽ എഴുന്നേറ്റ് നിൽക്കുന്നു)

ഒരാൾ (ദേഷ്യത്തൊടെ): ചർച്ച ചെയ്യുന്നതിലൊന്നും കാര്യമില്ല. ഇത് അട്ടിമറിക്കപ്പെട്ട കോടതിയാണ്. നിലവിലുള്ള സ്ഥിതി നിലനിർത്താനുള്ള ഭരണവർഗ്ഗത്തിന്റെ പദ്ധതിയാണ് ഇത്. അധികാരം മറ്റവർക്ക് ലഭിക്കുമോ എന്ന് അവർ ഭയപ്പെടുന്നു.

അനിത: ആർക്ക്?

ഒരാൾ: ഞങ്ങൾക്ക്.

അനിത: ഞങ്ങൾക്ക് അധികാരം കിട്ടുന്നതും നഷ്ടപ്പെടുന്നതും മുസ്ലിങ്ങളെ ആശ്രയിച്ചാണോ? എന്തുതരം യുക്തിയാണത്? അധികാരത്തിലിരിക്കുന്ന പാർട്ടി മുസ്ലിങ്ങളെ ഗോമാംസം കഴിക്കുന്നതിന്റെയും ലവ് ജിഹാദിന്റെയും പേരിൽ വേട്ടയാടുന്നു എന്ന് ആദ്യം നിങ്ങൾ പുരപ്പുറത്തു കയറിനിന്ന് കരഞ്ഞു. കെട്ടിച്ചമച്ച തീവ്രവാദകേസുകൾ ചുമത്തി മുസ്ലിങ്ങളെ അറസ്റ്റ് ചെയ്യുന്നു എന്നായി പിന്നെ ആരോപണം. അവരെ ഞങ്ങൾ ഇത്രമാത്രം വെറുക്കുന്നുണ്ടെങ്കിൽ, അവർ തിരിച്ചുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്തിനാണ്? നിങ്ങൾ ആരോപിക്കുന്നതുപോലെ മുസ്ലിങ്ങളെ ഞങ്ങൾ വെറുക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിന് ഞങ്ങൾ അവരുടെ തിരിച്ചുവരവ് ആഗ്രഹിക്കണം?

ചന്ദൻ മൊഹൊത്തെ: പ്രകൃത്യാ നിങ്ങൾ മുസ്ലിങ്ങളെ വെറുക്കുന്നില്ല. രാഷ്ട്രീയകാരണങ്ങളാലാണ് മുസ്ലിങ്ങളോടുള്ള വെറുപ്പ് നിങ്ങൾ സൃഷ്ടിച്ചത്. ദളിതുകളെ അടിച്ചമർത്തുന്നതിന് സാമൂഹികമായ അംഗീകാരവുമുണ്ട്.

അനിത: വിചിത്രമായ ഈ യുക്തി ഒന്ന് വിശദീകരിക്കൂ.

ചന്ദൻ:നിങ്ങൾ മുസ്ലിമിനെതിരേ ഒരമ്പെയ്യുന്നു, അയാൾക്ക് വേദനിക്കുന്നു. അയാൾ പ്രതികരിക്കുമ്പോൾ അത് വർഗ്ഗീയമായ സംഘർഷത്തിലേക്ക് നയിക്കുന്നു. ബാബറിന്റെ മക്കളെന്നും, ഹിന്ദുക്ഷേത്രധ്വംസകരെന്നും, ഗോമാംസം ഭക്ഷിക്കുന്നവരെന്നും ലവ് ജിഹാദികളെന്നും നിങ്ങൾ വിശേഷിപ്പിക്കുന്ന ഈ ശത്രുവിനെതിരേ നിങ്ങൾ വലിയ ഹിന്ദുസമുദായത്തെ അണിനിരത്തുന്നു. അതോടെ ഒരു ഹിന്ദു ഐക്യമായി. ഈ വിധത്തിലാണ് നിങ്ങൾ ഹിന്ദുരാഷ്ട്രത്തിലേക്ക് തവളച്ചാട്ടം നടത്തുന്നത്.

(‘ഹിന്ദുരാഷ്ട്രം’ എന്ന ശബ്ദം പ്രതിദ്ധ്വനിച്ച് പതുക്കെപ്പതുക്കെ നേർക്കുമ്പോൾ കർട്ടൻ വീഴുന്നു)

 

മൂന്നാം അങ്കം | രംഗം 2

(സ്കൂപ്പ് ടിവിയുടെ ഒബി വാനിന്റെയകത്തുള്ള ഒരു കൂടിച്ചേരൽ സ്ഥലം പോലെയാണ് സ്റ്റേജ് ക്രമീകരിച്ചിരിക്കുന്നത്. മധ്യവയസ്കനും ക്ഷീണിതനുമായ പ്രോഗ്രാം ഡയറക്ടർ ശങ്കർ ജീൻസും ഡിസൈനർ കുർത്തയുമണിഞ്ഞ വനിതാ റിപ്പോർട്ടർ ചർഖ; അതികായനായ ഒരു ക്യാമറാമാൻ; രണ്ട് സാങ്കേതിക വിദഗ്ദ്ധർ എന്നിവർ സ്റ്റേജിലുണ്ട്. ചാനലിന്റെ പേർ സ്റ്റേജിന് കുറുകെ സ്റ്റിക്കറുകളുപയോഗിച്ച് പ്രദർശിപ്പിച്ചിരിക്കുന്നു. ‘സ്കൂപ്പ് ടിവി – ഏറ്റവും നല്ലത് ഞങ്ങൾക്ക് ലഭിക്കുന്നു, ബാക്കി മറ്റുള്ളവർക്കും’ എന്നൊരു സന്ദേശവും പേരിനോടൊപ്പം എഴുതിവെച്ചിരിക്കുന്നത് കാണാം)

ശങ്കർ(മുഖത്ത് ഒരു ദേഷ്യഭാവം): നമ്മുടെ ടീം മാറിയിരിക്കുന്നു. നമ്മൾ സ്കൂപ്പ് ടിവിയാകേണ്ടതായിരുന്നു. എന്നാൽ പല കഥകളിലും ഫാസ്റ്റർ ടിവി നമ്മെ കടത്തിവെട്ടി. കുത്തബ് മിനാർ അപ്രത്യക്ഷമാവുന്നത് അവർ ലൈവായി കാണിച്ചു. നേതാവ് ശുക്ലാജിയുടെ വീടിന് മുന്നിലെ പ്രതിഷേധം അവർ പിടിച്ചെടുത്തു. തിരഞ്ഞെടുപ്പ് വൈകിക്കണമെന്ന് പറഞ്ഞ് ഉയർന്ന ജാതിക്കാർ നടത്തിയ പ്രകടനത്തിന്റെ എക്സ്ക്ലൂസീവ്സ് അവർക്ക് കിട്ടി.

ചർഖ: എന്നോട് ചോദിച്ചാൽ, അത് നമ്മുടെ തെറ്റല്ലെന്ന് ഞാൻ പറയും. നമുക്ക് ആവശ്യത്തിനുള്ള ആളില്ല. നമ്മുടെ റിപ്പോർട്ടിംഗ് സംഘത്തിലെ പകുതിപേരെയും അനാവശ്യകാര്യത്തിനായി അയച്ചിരിക്കുകയാണ്. മുസ്ലിങ്ങളെയും, അവർ അപ്രത്യക്ഷരായത് കണ്ടവരേയും അഭിമുഖം ചെയ്യാൻ. ഇവിടെയില്ലാത്ത ആളുകളെ എങ്ങിനെയാണ് നിങ്ങൾ അഭിമുഖം ചെയ്യുക? എന്റെ പേര് ചർഖ എന്നാണെന്ന് എനിക്കറിയാം. എന്നുവെച്ച്, എനിക്ക് നൂൽ നൂറ്റുകൊണ്ടിരിക്കാൻ ആവില്ലല്ലോ.

ശങ്കർ: ഒരു സ്കൂപ്പെങ്കിലും നമുക്ക് കിട്ടിയിരുന്നെങ്കിൽ ബോസ്സിന് സന്തോഷമായേനേ. നമുക്ക് ആ രണ്ട് വിമത തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ ഒന്ന് നോക്കിവെക്കാം. അവർക്ക് തിരഞ്ഞെടുപ്പ് നേരത്തെ നടത്തണമെന്നാണ് ആഗ്രഹം

(ചർഖ ശങ്കറിനെ നോക്കുന്നു): എനിക്ക് നിന്നോട് സ്വകാര്യമായി ചിലത് പറയാനുണ്ട്.

ശങ്കർ (ക്യാമറക്കാരനേയും സാങ്കേതികവിദഗ്ദ്ധരേയും നോക്കി): ഒരു ബ്രേക്കെടുക്കൂ.. പോയി ചായയോ കാപ്പിയോ എന്തെങ്കിലും കുടിച്ചുവരൂ.. ഞങ്ങൾക്ക് ചിലത് സ്വകാര്യമായി സംസാരിക്കാനുണ്ട്.

(മൂന്നുപേരും പുറത്തേക്ക് പോവുന്നു)

ശങ്കർ (ദേഷ്യത്തോടെ): മഹാമോശമായിപ്പോയി അത്. നീയുമായി കുറച്ച് കഥകൾ ചർച്ച ചെയ്യാൻ തുടങ്ങിയപ്പോഴേക്കും എന്നെക്കൊണ്ട് അവരെ പറഞ്ഞയപ്പിച്ചത്..അവരെ വിശ്വാസമില്ലെന്ന് മുഖത്തുനോക്കി പറയുന്നതിന് തുല്യമാണത്. ഒന്നുമില്ലെങ്കിൽ അവർ അതിനെ ആ രീതിയിലായിരിക്കും കാണുക. നമ്മൾ പറയുന്ന കാര്യമൊക്കെ മറ്റുള്ളവരുമായി പങ്കുവെക്കാനുള്ള ഒരു മനോഭാവം ഇത് അവരിൽ ഉണ്ടാക്കും. അതൊക്കെ പോട്ടെ, എന്താണ് പറയാനുണ്ടെന്ന് പറഞ്ഞത്?

ചർഖ: ലോദി ഗാർഡൻ‌സിനെക്കുറിച്ച് എന്തെങ്കിലും നമുക്ക് ചെയ്താലോ; ആരാണ് ജയിച്ചത്? സവർണ്ണരോ ദളിതരോ?

ശങ്കർ: ‘ദളിത് പൂന്തോട്ടം’ എന്ന പേര് അവർക്ക് കൊടുത്തുകഴിഞ്ഞു. നമ്മൾ ചെയ്ത സ്റ്റോറിയാണെങ്കിലും ബോസ് അതിനെ നശിപ്പിച്ചു. ദളിത് വിജയത്തെക്കുറിച്ച് ഒന്നും ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നില്ല. ഫാസ്റ്റർ ടിവിയാണ് ആ സ്റ്റോറിയെ മുന്നോട്ട് കൊണ്ടുപോയത്. നമ്മുടെ ഉള്ളിലുള്ള ആരോ ആവണം അവർക്ക് ആ സ്റ്റോറി ചോർത്തിക്കൊടുത്തതെന്ന് എനിക്ക് തോന്നുന്നു.

ചർഖ: തിരഞ്ഞെടുപ്പ് നേരത്തെ നടത്താനായി ആ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാരും പഠിച്ച പണി പതിനെട്ടും നോക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് തീയതി കിട്ടിയാൽ അതൊരു ഭൂലോക സ്കൂപ്പായിരിക്കും (ഒന്ന് നിർത്തി) പക്ഷേ തിരഞ്ഞെടുപ്പ് നേരത്തെ നടത്തിയാൽ അതൊരു ദളിത് അനുകൂല സ്റ്റോറിയാവുകയും ചെയ്യും (ചുമൽ കുലുക്കുന്നു)

ശങ്കർ: ഒരു കാര്യം ഞാൻ പറയട്ടെ, കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ സംഭവിച്ചതുപോലെ, ഇത്തവണ മാധ്യമങ്ങൾക്ക് സ്വാധീനിക്കാനോ, സന്തുലനത്തെ അട്ടിമറിക്കാനോ കഴിയില്ല. അധസ്ഥിത ജാതിക്കാർ ഒരുമിക്കുന്നതിനെ തടയാൻ പത്രങ്ങൾക്ക് സാധിക്കില്ല. (ഒന്ന് നിർത്തി തുടരുന്നു). പക്ഷേ നമ്മൾ ഒന്ന് കരുതിയിരുന്നാൽ നല്ലതാണ്. ഒന്നുമില്ലെങ്കിൽ, നമ്മളും ബോസ്സും ഒക്കെ ഉയർന്ന ജാതിക്കാരാണല്ലോ.

ചർഖ: പ്രൊഫഷണലും അതേസമയം, രാഷ്ട്രീയമായി ശരിയുമായിരിക്കുക എന്നതല്ലാതെ നമുക്ക് മറ്റൊരു വഴിയില്ല. നിലവിലുള്ള അന്തരീക്ഷത്തിൽ ഒരയവ് വരുത്താൻ ഏത് സ്റ്റോറിക്കാവും കഴിയുക? തിരിച്ചുവരുന്ന ഒരു മുസ്ലിമുമായുള്ള ഇന്റർവ്യൂ ആയിരിക്കുമോ?

ശങ്കർ: അത് അസാധ്യമാണ്. ആരും തിരിച്ചുവരുന്നില്ല. ആരും തിരിച്ചുവരില്ല.

ചർഖ: പഡായീൻ കീ മസ്ജിദിനെക്കുറിച്ചുള്ള വാർത്ത അപകടം പിടിച്ചതാവും.

ക്യാമറാമാൻ (ഉള്ളിലേക്ക് എത്തിനോക്കിക്കൊണ്ട്): ഫാസ്റ്റർ ടിവി നമ്മളെ വീണ്ടും തോൽ‌പ്പിച്ചുകളഞ്ഞിരിക്കുന്നു..മോണിറ്റർ ഓൺ ചെയ്തുനോക്ക്.

(സ്റ്റേജിന് പിന്നിലുള്ള മോണിറ്ററിൽ, രണ്ട് വിമത തിരഞ്ഞെടുപ്പ് കമ്മീഷണർമാരിൽ ഒരാൾ, മോഹിത് കാംബ്ലെ ഒരു പ്രഖ്യാപനം വായിക്കുന്നത് കാണാം. “തിരഞ്ഞെടുപ്പ് വൈകിപ്പിക്കാനുള്ള മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വി. നരസിംഹന്റെ തീരുമാനത്തിനെതിരേ ഞങ്ങൾ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷനർമാർ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതി ഇക്കാര്യത്തിൽ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്”)

ശങ്കർ (മോണിറ്റർ ഓഫ് ചെയ്തുകൊണ്ട്): ഇത് വിചിത്രമായിരിക്കുന്നു. ആദ്യം സുപ്രീം കോർട്ട് നരസിംഹനോടൊപ്പമായിരുന്നു. സർക്കാർ തിരഞ്ഞെടുത്ത മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കൊപ്പം. മാത്രമല്ല, പരമോന്നത കോടതി ഉയർന്ന ജാതിക്കാരെ പിന്തുണയ്ക്കുന്നു എന്നൊരു പൊതുധാരണയുമുണ്ട്.

ചർഖ: അവർ സമയത്തിനനുസരിച്ച് മാറുകയാണ്. ദളിതുകളെ കൈവെടിയുന്നത് ബുദ്ധിമോശമാവുമെന്ന് ജഡ്ജിമാർക്ക് മനസ്സിലായിട്ടുണ്ടാവും.

ശങ്കർ (ക്ഷമ നശിച്ച്): അധസ്ഥിത ജാതിക്കാർക്കിടയിലെ ഈ അഹങ്കാരം മുളയിലേ നുള്ളിക്കളയണം. തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നത് ഭരണഘടനയുടെ ലംഘനമാവുമെങ്കിൽപ്പോലും സാരമില്ല എന്ന് കരുതണം.

ചർഖ (സ്വയം ആശ്വസിപ്പിക്കുന്ന മട്ടിൽ): ഒന്നും ചെയ്യാൻ പറ്റില്ല. അധസ്ഥിതജാതിക്കാർക്കും ദളിതർക്കും ഭൂരിപക്ഷമുണ്ട്. അവർ വിജയിക്കും. ഇനി ശാന്തമായിരുന്ന് യാഥാർത്ഥ്യത്തെ അംഗീകരിക്കുക. മുസ്ലിങ്ങൾ തിരിച്ച് വരാൻ പോവുന്നില്ല. കളി അവസാനിച്ചിരിക്കുന്നു.

ശങ്കർ (ശബ്ദമുയർത്തിക്കൊണ്ട്): ഇല്ല, അത് കഴിഞ്ഞിട്ടില്ല. സൈന്യവും, പൊലീസും, പാരാമിലിറ്ററിയും, സിവിൽ സർവ്വീസും എല്ലാം നമ്മളുടെകൂടെയാണ്. ഒരു അട്ടിമറിയുണ്ടാവും. പട്ടാളഭരണം വരട്ടെ. ഈ ആളുകളാൽ ഭരിക്കപ്പെടുന്നതിനേക്കാൾ നല്ലത് പട്ടാളഭരണം‌തന്നെയാണ്.

(ക്യാമറാമാൻ ആകാംക്ഷയോടെ എത്തിനോക്കുന്നു)

ക്യാമറാമാൻ: സംസാരം നിർത്തൂ. നിങ്ങൾ പറയുന്നത് റിക്കാർഡ് ചെയ്യുന്നുണ്ട്. അവർ നിങ്ങളുടെ മേൽ ഒരു ഒളിക്യാമറ പ്രവർത്തനം നടത്തിയിട്ടുണ്ട്. നിങ്ങളുടെ സംഭാഷണം മുഴുവൻ പുറത്ത് പ്രചരിക്കുന്നുണ്ട്.

ചർഖ: എവിടെ?

ക്യാമറമാൻ: ഒരു ദളിത് പോർട്ടലിൽ

(അതേസമയം പുറത്ത് ഭ്രാന്തിളകിയ ഒരാൾക്കൂട്ടം തടിച്ചുകൂടിയിരിക്കുന്നു. വാനിൽനിന്ന് ചർഖയ്ക്കും ശങ്കറിനും പുറത്ത് കടക്കാൻ പറ്റുന്നതിനുമുന്നേ ഒരു കല്ലുവന്ന് ജനലയിൽ അടിക്കുന്നു. ഡ്രൈവർ ഒ.ബി വാൻ സ്റ്റാർട്ട് ചെയ്യുന്നതും ഗിയർ മാറ്റുന്നതും ഇപ്പോൾ കേൾക്കാം. സ്റ്റേജിലെ വെളിച്ചം മങ്ങുന്നു)

 

മൂന്നാം അങ്കം | രംഗം 3

സ്റ്റേജിന് പിന്നിലുള്ള വീഡിയോ ദൃശ്യമാണ് രംഗത്ത് കാണുന്നത്. ഫാസ്റ്റർ ടിവിയുടെ രണ്ട് വാനുകൾ പഡായിൻ കീ മസ്ജിദിന്റെ പുറത്ത് നിൽക്കുന്നു. സുന്ദരനും ചെറുപ്പക്കാരനും ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രവുമണിഞ്ഞ നിധി എന്ന റിപ്പോർട്ടറെ പിന്തുടർന്ന് ക്യാമറ് മസ്ജിദിന്റെ പ്രധാന വളപ്പിലേക്ക് പ്രവേശിക്കുന്നു. ശിവലിംഗത്തിന് ചുറ്റും ഇരുന്നിരുന്ന സ്ത്രീകളേയോ, സ്ട്രെച്ചറിൽ കിടന്നിരുന്ന, സുന്നത്ത് ചെയ്ത പുരുഷന്മാരേയോ ഇപ്പോൾ അവിടെ കാണാനില്ല. അവരെല്ലാം പോയിക്കഴിഞ്ഞു. ചില റിപ്പോർട്ടർമാർ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട്. മറ്റ് ചിലർ മൊബൈലിൽ സംസാരിക്കുന്നു. ക്യാമറക്കാർ രംഗം പകർത്തുമ്പോൾ റിപ്പോർട്ടർമാർ അവരവരുടെ ഭാഗം ക്യാമറയിലേക്ക് നോക്കി പറഞ്ഞുകൊണ്ടിരിക്കുന്നു.

നിധി: സുന്നത്ത് ചെയ്ത് മതപരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിനായി ലഖ്നോവിലെ പഡായിൻ കീ മസ്ജിദിൽ കാത്തിരുന്നിരുന്ന ദളിതർ ഇപ്പോൾ പള്ളിയിൽനിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. മതപരിവർത്തന വിഷയത്തെ തുറന്നിടുകയാണ് അവർ ചെയ്തത്. സുന്നത്ത് ചെയ്ത ഹിന്ദുക്കളായി അവരെ കാണാനാവുമോ? തങ്ങളുടെ ഭർത്താക്കന്മാർ ഷണ്ഡന്മാരായിരിക്കുന്നു എന്ന സമൂഹത്തിന്റെ പരിഹാസത്തെ നേരിടുന്ന ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളമാകട്ടെ ഇത് വലിയൊരു വിഷമപ്രതിസന്ധിയാണ്.

(വെളിച്ചം സ്ക്രീനിൽ മങ്ങുകയും, വീണ്ടും വരുമ്പോൾ നമ്മൾ കോടതിമുറിയിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. ജഡ്ജി എതിർവിസ്താരകനുനേരെ തിരിയുമ്പോൾ അയാളാകട്ടെ, ജൂറിയുടെ അഭിപ്രായങ്ങൾ കേൾക്കാൻ അവരുടെനേരെ തിരിയുന്നു)

തുളസീദാസ് (ജൂറി അംഗം എന്ന നിലയിൽ സംസാരിക്കുന്നു): മാധ്യമങ്ങൾക്കുവേണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കഥയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം ആരായുന്നതിലൂടെ നിങ്ങൾ ഞങ്ങളെ കേവലം വഴിയാത്രക്കാരുടെ നിലവാരത്തിലേക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. അവ ഒരുപക്ഷേ പ്രധാനമായിരിക്കാം. എന്നാലും, ഈ ഘട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്താവുന്ന ഒരു വിഷയമല്ല അത്. ഉസ്താദ് അലാവുദ്ദീൻ ഖാനും എന്റെ സുഹൃത്ത് അബ്ദുൾ റഹീമും ഞങ്ങളൊട് സ്വകാര്യമായി പങ്കുവെച്ച ഹ്രസ്വമായ നിരീക്ഷണങ്ങൾ അവർ കോടതിമുമ്പാകെ ആവർത്തിക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ തോന്നൽ. ടിവിയിൽ നമ്മൾ കണ്ട കാര്യങ്ങളുമായി ബന്ധമില്ലാത്തതാണെങ്കിലും അത് അവർ നടത്തുന്ന സുപ്രധാനമായ ഇടപെടലായിരിക്കും.

(ജഡ്ജി ഉസ്താദ് അലാവുദ്ദീൻ ഖാനെ നോക്കുന്നു)

അലാവുദ്ദീൻ ഖാൻ (എഴുന്നേറ്റുനിന്ന്): സംഗീതത്തിലും, കവിതയിലും, വാസ്തുവിദ്യയിലും, ഭാഷയുടെ വികാസത്തിലും, പാചകത്തിലും, എന്തിലുമാവട്ടെ, ഏതെങ്കിലും ഒരു സമുദായം അതിന്റെ പരിപൂർണ്ണമായ ഉടമസ്ഥത അവകാശപ്പെടുന്നത് കുറ്റകരമാണ്. കുത്തബ് മിനാറും മറ്റ് സ്മാരകങ്ങളും, സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളും രാഗങ്ങളുമൊക്കെ മുസ്ലിങ്ങൾ അവകാശപ്പെടുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാരണം, കഴിഞ്ഞ 1,200 വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഈ വലിയ സംസ്കാരത്തിൽ, എല്ലാ സമുദായങ്ങളും തങ്ങളാലാവും വിധം, വിവിധ അനുപാതത്തിൽ അവരവരുടേതായ സംഭാവനകൾ നടത്തിയിട്ടുണ്ട്.

ശുക്ലാജി (ഗാലറിയിൽനിന്ന് എഴുന്നേറ്റ്); 200 ദശലക്ഷം മുസ്ലിങ്ങൾ അപ്രത്യക്ഷമായതിൽ താങ്കൾ ഏതെങ്കിലും ദൈവത്തിന്റെ പങ്ക് കാണുന്നുണ്ടോ?

എതിർവിസ്താരകൻ: അദ്ദേഹം സംസാരിക്കുന്നത് കുത്തബിനെയും, സ്മാരകങ്ങളെയും, ഭാഷയേയും സംഗീതത്തേയും കുറിച്ചാണ്. ഇവയെല്ലാം നമ്മുടെ പൊതുവായ സംസ്കൃതിയുടെ ഭാഗമാണെന്ന്. ഏതെങ്കിലും ഒരു സമുദായത്തിന്റേത് മാത്രമല്ലെന്ന്.

(കറുത്ത തുണികെട്ടിയ ദളിത് ഫോഴ്സിലെ അംഗങ്ങൾ എഴുന്നേൽക്കുന്നു. അവരുടെ നേതാവ് സംസാരിക്കുന്നു)

ദളിത് നേതാവ്: ഒരു ബ്രേക്കിംഗ് ന്യൂസിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു. സൈനികഭരണത്തിന്റെ സാധ്യതയെക്കുറിച്ച് സ്കൂപ്പ് ടിവിയുടെ ഊഹാപോഹങ്ങൾ സാമൂഹികമാധ്യമങ്ങൾ ഉദ്ധരിക്കുന്നുണ്ട്. ഈ വാർത്ത ശരിയാണെങ്കിൽ…

ശുക്ലാജി (അയാളെ തടസ്സപ്പെടുത്തിക്കൊണ്ട്): അത് സ്കൂപ്പ് ടിവിയുടെ കഥയല്ല. ഒരു സൈനിക ഭരണത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തിരുന്ന സ്കൂപ്പ് ടിവിയിലെ തൊഴിലാളികൾക്കിടയിൽ നടത്തിയ ഒരു ഒളിക്യാമറാ പ്രവർത്തനമായിരുന്നു അത്. ഇത് വാർത്തയല്ല!

ദളിത് നേതാവ്: ഒരു ഭരണവർഗ്ഗ ടിവി സൈനികഭരണത്തെക്കുറിച്ച് ഊഹാപോഹം നടത്തുന്നത് എന്തിനാണ്?

(സ്റ്റേജിലെ ലൈറ്റുകൾ മങ്ങുന്നു. വീണ്ടും പ്രകാശിക്കുമ്പോൾ ഫാസ്റ്റർ ടിവിയിലെ നിധി ക്യാമറയിലേക്ക് നോക്കി സംസാരിക്കുകയാണ്)

നിധി: മേയ് 2-ന് പൊതുതിരഞ്ഞെടുപ്പുകൾ നടക്കും. അതായത് ഇനി രണ്ടുമാസം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എടുത്ത നിലപാട് വിജയിച്ചിരിക്കുന്നു. സുപ്രീം കോടതി അവരെ പിന്താങ്ങിക്കൊണ്ട് മേയ് 2-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. അതും, മുസ്ലിങ്ങൾ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വി.നരസിംഹൻ ഒരു മഹായജ്ഞം നടത്തിക്കൊണ്ടിരിക്കുമ്പോൾത്തന്നെ. (സ്ക്രീനിലെ ദൃശ്യം മങ്ങുകയും കോടതിമുറിയിലേക്ക് മാറുകയും ചെയ്യുന്നു. അവിടെ ശുക്ലാജി തളർന്നുവീണിട്ടുണ്ട്. അനിതയും ബ്രജേഷും അദ്ദേഹത്തിന്റെയടുത്തേക്ക് കുതിക്കുന്നു. വെളിച്ചം അപ്രത്യക്ഷമാവുകയും പിൻ‌ഭാഗത്തുള്ള സ്ക്രീനിൽ പ്രകാശം നിറയുകയും ചെയ്യുന്നു)

ചർഖ (സ്കൂപ്പ് ടിവിയുടെ ക്യാമറയിലേക്ക് പറയുന്നു): സുപ്രീം കോടതി പ്രഖ്യാപിച്ചതുപോലെ മേയ് 2-ന് പൊതുതിരഞ്ഞെടുപ്പ് നടന്നാൽ, പിന്നാക്കജാതിക്കാരുടെ ഭരണത്തിന്റെ ഉദയം കാണാം. 200 ദശലക്ഷം മുസ്ലിമുകളുടെ അപ്രത്യക്ഷമാവലിനൊപ്പം ഇതും തീർച്ചയുള്ള ഒരു സാധ്യതയായിത്തീർന്നിരിക്കുന്നു. ഉയർന്ന ജാതിക്കാരും അധസ്ഥിതജാതിക്കാരും തമ്മിലുള്ള നേർക്കുനേർ യുദ്ധമായിരിക്കും ഇത്. രണ്ടാമത്തെ കൂട്ടർ മൃഗീയ ഭൂരിപക്ഷമാണ്. ഫലം നമുക്ക് പ്രവചിക്കാവുന്നതേയുള്ളു.

(സ്ക്രീനിലെ വെളിച്ചം മങ്ങുകയും സ്റ്റേജിലെ വെളിച്ചം പ്രകാശിക്കുകയും ചെയ്യുന്നു. സ്കൂപ്പ് ടിവിയുടെ കോൺഫറൻസ് മുറി. ഒരു വട്ടമേശയുടെ ഒരറ്റത്ത് ശങ്കറും ചർഖയും ഇരിക്കുന്നു. ചർച്ച തുടങ്ങുന്നതും കാത്തിരിക്കുമ്പോൾ അവർ സംഭാഷണത്തിലേർപ്പെടുന്നു)

ശങ്കർ: നിധി വീണ്ടും നമ്മളെ തോൽ‌പ്പിച്ചിരിക്കുന്നു. നമ്മൾ ചെയ്യേണ്ടിയിരുന്ന കഥയാണത്.

ചർഖ: എപ്പോഴും സംഭവിക്കുന്നതാണ് ഇത്. തിരഞ്ഞെടുപ്പ് നീട്ടിവെക്കില്ല എന്ന് അറിഞ്ഞയുടൻ നമ്മൾ ആ വിവരം പുറത്ത് വിടേണ്ടതായിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായ സ്ഥിതിക്ക്, അതിന്റെ ഫലം പകൽ‌പോലെ വ്യക്തമാണ്. പിന്നാക്കജാതിക്കാർ സർക്കാർ രൂപീകരിക്കും.

ശങ്കർ (ദേഷ്യത്തോടെ); ഏത് പിന്നക്കക്കാർ? മറ്റ് പിന്നാക്കജാതികൾ ദളിതുകളെ വെറുക്കുന്നു. ഹിന്ദുസമുദായത്തിലെ വേർതിരിവുകൾ നോക്കിയാൽ, കളി ഇപ്പൊഴും അവസാനിച്ച മട്ടില്ല.

(ഒരു ശിപായി പ്രവേശിക്കുന്നു)

ശിപായി: സേഠ്ജി ഏതുനിമിഷവും ഇവിടെയെത്തും. തയ്യാറായി ഇരുന്നോളൂ. വാർത്തകൾ ഒന്ന് വേഗത്തിൽ ഓടിച്ചുനോക്കാൻ അദ്ദേഹം നിങ്ങളോട് പറഞ്ഞിട്ടുണ്ട്.

(ശങ്കർ ടിവി ഫീഡ് തുറക്കുന്നു. സ്ക്രീനിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. അയാൾ ഫാസ്റ്റർ ടിവിയിൽ പരതുന്നു).

 നിധി (സ്ക്രീനിൽ ‘എക്സ്ക്ലൂസീവ് ബ്രേക്കിംഗ് ന്യൂസ്’ ഫ്ലാഷ് ചെയ്യുമ്പോൾ): പാഡായിൻ കി മസ്ജിദിലെ സുന്നത്ത് ചെയ്ത ദളിതർക്ക് അവരുടെ മാതൃഭാഷയിൽത്തന്നെ നമാസ് ചെയ്യാമെന്ന് നേപ്പാളിലെ മുസ്ലിം പുരോഹിതന്മാർ ദളിത് സമാജത്തെ അറിയിച്ചുവെന്ന് നമുക്ക് വിവരം കിട്ടിയിട്ടുണ്ട്. ഇനിമുതൽ നമാസ് ചെയ്യാൻ അവർക്ക് മൌലവിയുടെ ആവശ്യമില്ല.

(ശങ്കർ ടെലിവിഷൻ ഫീഡ് ഓഫ് ചെയ്യുമ്പോൾ, സ്കൂപ്പ് ടിവിയുടെ ഉടമസ്ഥൻ ചാണക്യ പുരി ന്യൂസ് എഡിറ്റർ ജാനകി ദ്വിവേദിയും മറ്റ് ചിലരുമായി അകത്തേക്ക് പ്രവേശിക്കുന്നു. അല്പം തടിച്ച്, മദ്ധ്യവയസ്കനായ അയാൾ ഒരു ബീജ് നിറമുള്ള സൂട്ടണിഞ്ഞ്, ചുണ്ടിൽ ഒരു ചുരുട്ടുമായാണ് പ്രത്യക്ഷപ്പെടുന്നത്. കടുത്ത നിറമുള്ള സാരിയാണ് ജാനകിയുടെ വേഷം. സംഘം കസേരകളിൽ ഉപവിഷ്ടരാവുന്നു. ഒരറ്റത്ത് സംഘത്തെ നയിച്ചുകൊണ്ട് ചാണക്യപുരിയും).

ചാണക്യ പുരി: എന്താണ് ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരായിരിക്കുന്നു. ഇപ്പൊൾ നമ്മുടെ ആളുകൾതന്നെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നു (ഭ്രാന്തെടുത്തതുപോലെ ചിരിച്ച്, പെട്ടെന്ന് നിശ്ശബ്ദനായി ഗൌരവം പാലിക്കുന്നു). മതപരിവർത്തനം അനുവദനീയമല്ലെന്നാണ്‌ ഞാൻ മനസ്സിലാക്കിയിരുന്നത്. പിന്നെ എങ്ങിനെയാണ് ഇതൊക്കെ നടക്കുന്നത്. ആരുടെ കൈയ്യിലും ഒരു മറുപടിയുമില്ല.

ചർഖ: സർ, മതപരിവർത്തനത്തിന് വിലക്കുണ്ട്. എന്നാൽ ഒരു വ്യക്തിയോ സംഘമോ, ബാഹ്യമായ പ്രേരണകളോ സമ്മർദ്ദങ്ങളോ ഇല്ലാതെ മറ്റൊരു മതത്തിലേക്ക് പോവുന്നത് ആർക്കും തടയാനാവില്ല. അതൊരു വ്യക്തിപരമായ തീരുമാനം മാത്രമാണ്.

ചാണക്യ പുരി (ശബ്ദത്തിൽ അത്യധികമായ വെറുപ്പോടെ): ഇതെന്ത് തമാശയാണ്? സ്വയം പരിവർത്തനമായിരിക്കുമല്ലേ! പുതുതായി മതം മാറുന്നവർ ഷിയകളായിരിക്കുമോ അതോ സുന്നികളോ?

ജാനകി ദ്വിവേദി (മൊബൈൽ ചെവിയിൽ വെച്ചുകൊണ്ട്): സർ, അവർ സ്വയം ‘മൊഹമ്മദി ഹിന്ദു’ എന്നാണ് വിളിക്കുന്നത് എന്നാണ് ഞാൻ കേട്ടത്.

ചാണക്യ പുരി (മേശമേൽ ഇടിച്ചുകൊണ്ട്): കാ‍ര്യങ്ങൾ ശരിക്കും കൈവിട്ട് പോയിരിക്കുന്നു. ഞാൻ ഒരു കാര്യം പറയാം. ഇത് ഭീകരമാണ്. എത്രപേർ ഇതുവരെയായി മതം മാറി?

ജാനകി: കൃത്യമായ എണ്ണം നമ്മുടെ കൈയ്യിലില്ല. എന്നാൽ, പഡായീൻ കീ മസ്ജിദിലുള്ള എല്ലാ പുരുഷന്മാരും മതം മാറി എന്നാണ് അറിവ്. 30 പേരോളം ഉണ്ടാവും. മൌലവിമാർ പോയപ്പോൾ എന്ത് ചെയ്യണമെന്ന് അവർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും, രണ്ട് മതങ്ങൾക്കുമിടയ്ക്ക്, ഹിന്ദുയിസത്തിനും ഇസ്ലാമിനുമിടയ്ക്ക് നിന്നോളാനാണ് അവരെ ഉപദേശിച്ചിരിക്കുന്നത്.

ചാണക്യ പുരി (ദേഷ്യംകൊണ്ട് വിറച്ച് തന്റെ സെക്രട്ടറിക്കുനേരെ തിരിയുന്നു): ആഭ്യന്തരമന്ത്രിയെ വിളിക്കൂ. ആരുടെ ആശയമാണ് ഇത്? എന്താണ് പറഞ്ഞത് നിങ്ങൾ..മൊഹമ്മദി ഹിന്ദു എന്നോ?

ജാനകി: ഭരണകക്ഷിയുടെ മുൻ പ്രസിഡന്റിന്റെ ആശയമാണ്. വലിയ ബഹളമൊന്നുമില്ലാതെ മുസ്ലിങ്ങളെ വളരെ പെട്ടെന്ന് ഹിന്ദു കുടുംബങ്ങളിലേക്കെത്തിക്കുക. മുസ്ലിങ്ങളെ ‘ശുദ്ധി’ ചെയ്ത്, അഥവാ വെള്ളം തെളിച്ച് ഹിന്ദുക്കളാക്കുന്ന ചടങ്ങൊക്കെ ക്ലേശകരമാണെന്ന് തോന്നിയത്രെ.

ചാണക്യ പുരി (സന്ദേഹത്തോടെ) ചടങ്ങ് എന്താണെന്ന്?

ജാനകി: ക്ലേശകരം.

ചാണക്യ പുരി: എന്തുകൊണ്ട് ചടങ്ങ് വേഗത്തിലാക്കിക്കൂടാ?

ചർഖ: അതല്ല വിഷയം. ശുദ്ധി ചെയ്ത് വന്നവരെ എവിടെ പ്രതിഷ്ഠിക്കുമെന്നതാണ് കാര്യം. ഹിന്ദു ശ്രേണിയുടെ ഏറ്റവും താഴേത്തട്ടിൽ അവരെ വെച്ചാൽ, മുസ്ലിം സമുദായത്തിലെ ക്രിമിനലുകൾ മാത്രമേ ഇതിൽ വരൂ. പകരം, സയ്യദുകൾ, ഷേക്കുകൾ, പത്താണികൾ എന്നിങ്ങനെയുള്ള സവർണ്ണ മുസ്ലിമുകൾ ഈ ‘മൊഹമ്മദി ഹിന്ദു’ ലേബൽ സ്വീകരിക്കാൻ തയ്യാറായാൽ, അത് മുസ്ലിം സമുദായത്തിലെ ഏറ്റവും മുന്തിയ ആളുകളെ ആകർഷിക്കും. ഹിന്ദു സംസ്കാരത്തെ പണ്ടേക്കുപണ്ടേ മുതൽ സ്വീകരിക്കുകയും അതിന്റെ ദൈവങ്ങളിൽനിന്നും ദേവതമാരിൽനിന്നും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്ത മുസ്ലിങ്ങൾക്ക് ഈ മൊഹമ്മദീയ ഹിന്ദുക്കൾ എന്ന പേരിനോട് ഒരു എതിർപ്പുമുണ്ടാവില്ല. ഭക്തരുടെ നിര വളരെ നീണ്ടതാണ്. അമീർ ഖുസ്രു, അബ്ദുൾ റഹിം ഖാൻ ഇ ഖാന, മൌലാന ഹസ്രത്ത് മൊഹാനി, ഉസ്താദ് അലാവുദ്ദീൻ ഖാൻ തൊട്ട് എം.എഫ്. ഹുസ്സൈൻ‌വരെയുള്ളവർ സയ്യദ് ഹൈദർ റാസ, ഫൈസ് അഹമ്മദ് ഫൈസ്, സിനിമാസംവിധായകൻ കബീർ ഖാൻ. പക്ഷേ ഒരുകാര്യമുണ്ട്. അവരൊന്നും മതപരിവർത്തനം നടത്തിയവരല്ല. അവരെല്ലാം ദൈവഭയമുള്ള മുസ്ലിമുകളും, നമ്മുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും ബഹുമാനിച്ചവരും, ഇന്ത്യൻ സംസ്കാരത്തിന് സംഭാവന ചെയ്തവരുമായിരുന്നു.

ചാണക്യ പുരി: ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇതാണ്. മുസ്ലിങ്ങൾ ഇവിടെ വന്നു, നമ്മുടെ അമ്പലങ്ങൾ കൊള്ളയടിച്ചു, നമ്മുടെ ആളുകളെ ഭീഷണിപ്പെടുത്തി പരിവർത്തനം ചെയ്യിപ്പിച്ചു.

(ശങ്കർ എന്തോ പറയാൻ വന്നെങ്കിലും ചാണക്യ പുരിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ പിൻ‌വലിഞ്ഞു. ചാണക്യ പുരി കുറച്ചുനേരം ഫോണിൽ ശ്രദ്ധിച്ചതിനുശേഷം ടിവി ഫീഡ് തുറന്നു. ഫീഡിലെ ദൃശ്യങ്ങൾ സ്റ്റേജിന്റെ പിന്നിലെ സ്ക്രീനിൽ തെളിഞ്ഞു. തിരക്ക് പിടിച്ച ഒരു നിർമ്മാണ സൈറ്റിലൂടെ ഫാസ്റ്റർ ടിവിയുടെ നിധി നടക്കുന്ന ദൃശ്യം സ്ക്രീനിൽ കാണാം).

നിധി (ക്യാമറയിലേക്ക് നോക്കി): ദളിതുകാരുടെ മതപരിവർത്തനം അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. പുതിയതായി വളരുന്ന സുന്നത്ത് വ്യവസായത്തിന് ഇത് വലിയ സമ്മർദ്ദം സൃഷ്ടിക്കുകതന്നെ ചെയ്യും. സുന്നത്ത് ചെയ്യാൻ തയ്യാറായി വരുന്നവരെ ഉൾക്കൊള്ളണമെങ്കിൽ കൂടുതൽ സൌകര്യങ്ങളുള്ള സംവിധാനങ്ങൾ വേണ്ടിവരും. ഇസ്രായേലിന്റെ സഹായത്തോടെ പണിയുന്ന പുതിയ കെട്ടിടങ്ങളുടെ സൈറ്റിലാണ് ഞാനിപ്പോൾ നിൽക്കുന്നത് (ഇരുവശത്തുനിന്നും ഭീമാകാരമായ പെൻഡുലങ്ങളാടുന്ന ഒരു ക്ലോക്ക് ടവർ മോഡലിന്റെ ദൃശ്യത്തിലേക്ക് ക്യാമറ നീങ്ങുന്നു). നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾ എങ്ങിനെയായിരിക്കുമെന്നതിന്റെ മറ്റാർക്കും കിട്ടാത്ത ദൃശ്യങ്ങളാണ് ഇപ്പോൾ കാണുന്നത്. ഇസ്രായേലിലും ന്യൂയോർക്കിലും മറ്റിടങ്ങളിലും ജൂതന്മാർ ഇത്രകാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ലേസർ സാങ്കേതികവിദ്യ ഇതിലുണ്ടായിരിക്കും. സുന്നത്തിന് മതപരമായ അംഗീകാരമുള്ള രണ്ട് സമുദായങ്ങളാണ് ജൂതന്മാരും മുസ്ലിങ്ങളും. ഇന്ത്യയുടെ വിവിധ മെട്രോകളിൽ സ്ഥാപിതമാവാൻ പോവുന്ന ഈ അത്യന്താധുനിക സംവിധാനങ്ങൾ സവിശേഷമായ ഒരു പരീക്ഷണമായിരിക്കും. യന്ത്രം ഉപയോഗിച്ച് മുസ്ലിങ്ങളെ സുന്നത്ത് ചെയ്യുന്നത് ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കും. സാധാരണയായി, പുരോഹിതന്മാരുടെ മേൽ‌നോട്ടത്തിലാന് സുന്നത്തുകൾ നടക്കാറുള്ളത്. മാത്രമല്ല, ചരിത്രത്തിലാദ്യമായിട്ടാണ് മതപരിവർത്തനം ഇത്രയും ലളിതമായ പ്രക്രിയയാവുന്നതും. മതപരിവർത്തന പ്രക്രിയയിൽ പുരോഹിതന്മാരുടെ സാന്നിദ്ധ്യമേ ഇനി ആവശ്യമില്ല. പുത്തൻ‌കൂറ്റുകാർക്ക് ഇനിമുതൽ അവരവരുടെ മാതൃഭാഷയിൽത്തന്നെ ഖുർ ആൻ പാഠങ്ങൾ വായിക്കാം. എല്ലാറ്റിലുമുപരിയായി, ഇസ്ലാമിന്റെ ഈ നവരൂപം ഇസ്ലാമിനെ ഒരു ഹിന്ദു സാംസ്കാരിക ചട്ടക്കൂടിൽ സന്നിവേശിപ്പിക്കുകയും ചെയ്യും (സ്ക്രീൻ ഓഫാവുകയും അരങ്ങത്ത് പ്രകാശം നിറയുകയും ചെയ്യുന്നു. തടിച്ചുരുണ്ട, സഫാരി സ്യൂട്ടണിഞ്ഞ, മാർക്കറ്റിംഗ് മാനേജർ, കിതച്ചും പരിഭ്രമിച്ചും ഓടിവരുന്നു)

മാർക്കറ്റിംഗ് മാനേജർ: സർ, ഫാസ്റ്റർ ടിവി നമ്മെ വീണ്ടും തോൽ‌പ്പിച്ചിരിക്കുന്നു. നമ്മുടെ ടി.ആർ.പി. കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.(പോവാൻ തയ്യാറെടുക്കുന്നു)

ചാണക്യ പുരി: ദയവായി നിൽക്കൂ. എന്നിട്ട് ജനറൽ മാനേജരെ വിളിക്കൂ. ഒരു തീരുമാനമെടുത്തേ പറ്റൂ..ഇപ്പോൾ, ഇവിടെവെച്ചുതന്നെ.

(വിവരം മുൻ‌കൂട്ടി കിട്ടിയപോലെ, ബിസിനസ്സ് സൂട്ടണിഞ്ഞ ജനറൽ മാനേജർ ഓടിവരുന്നു. അയാളും മാർക്കറ്റിംഗ് മാനേജറും ചാണക്യ പുരിയുടെ സമീപത്ത് ഇരിക്കുന്നു)

ചാണക്യ പുരി: മാനേജർ സാബ്, നിങ്ങൾ എങ്ങിനെയാണ് ഇതിനെ കാണുന്നത്? നമ്മൾ മുങ്ങിക്കൊണ്ടിരിക്കുകയാണ്. ചാനൽ എന്ന നിലയ്ക്കും രാജ്യം എന്ന നിലയ്ക്കും. എന്താണ് ചെയ്യുക?

ജ.മാ: ഫാസ്റ്റർ ടിവിയുടെ പുതിയ റിപ്പോർട്ട് പുറത്തുവിട്ടത് ദളിത് സമാജമാണെന്നത് തീർച്ചയാണ്. സത്യം പറഞ്ഞാൽ, ലോകം വളരെ പെട്ടെന്നാണ് മാറിക്കൊണ്ടിരിക്കുന്നത്. നമ്മുടെ റിപ്പോർട്ടിംഗിലുള്ളവർക്കാർക്കും ദളിത് സമാജവുമായി ഒരു ബന്ധവുമില്ല.

ചാണക്യ പുരി: എങ്കിൽ റിപ്പോർട്ടിംഗ് സ്റ്റാഫിലെ പകുതി പേരെ ദളിതരിൽനിന്നും മറ്റ് പിന്നാക്കജാതികളിൽനിന്നും നിയമിക്കൂ.

ജ.മാ: നമ്മൾ എങ്ങിനെയാണ് ദളിതരേയും ഒ.ബി.സി.ക്കാരേയും എടുക്കുക? അവർക്ക് അത്രയ്ക്ക് വിദ്യാഭ്യാസമൊന്നുമില്ല. അവർ ഒരിക്കലും ജേണലിസം സ്കൂളുകളിൽ പോയിട്ടുമില്ല.

ചാണക്യ പുരി: പറയൂ, എങ്ങിനെയാണ് ഫാസ്റ്റർ ടിവി.ക്ക് ഇത്രവേഗം വാർത്തകൾ കിട്ടുന്നത്?

ജ.മാ: അവർ ഒരു സൂത്രം പ്രയോഗിക്കുന്നുണ്ട് സർ, അവർ ഝോലാവാലകളെ (തൂക്കുസഞ്ചിക്കാരെ – ആക്ടിവിസ്റ്റുകളെ കളിയാക്കിക്കൊണ്ട് വിളിക്കുന്ന ഒരു വാക്ക്) വാടകയ്ക്കെടുത്തിട്ടുണ്ട്.

ചാണക്യ പുരി: ഝോലാവാലകളോ?

ജ.മാ: കൂടുതലും ഉയർന്ന ജാതിക്കാർ. പക്ഷേ അവർ അവരുടെ ജാതിപ്പേര് ഒഴിവാക്കും. കമ്മ്യൂണിസ്റ്റുകളാണ് അവർ. ആ ജെ.എൻ.യു. ടൈപ്പുകൾ. അറിയാമല്ലോ, അർബൻ നക്സലുകൾ.

ചാണക്യ പുരി: ഈ ലോകത്തിന് ഇതെന്ത് പറ്റി? ഹിന്ദുക്കൾ മുസ്ലിമാവുന്നു. താഴ്ന്ന ജാതിക്കാരുമായി പൊരുത്തപ്പെട്ടുപോകുന്നതുകൊണ്ട് കമ്മ്യൂണിസ്റ്റുകാരെ ജോലിക്കെടുക്കേണ്ടിവരുന്നു..രാമരാമാ..(ഒന്ന് നിർത്തി), ശരി, നമ്മുടെ റിപ്പോർട്ടർമാരിൽ ഉയർന്ന ജാതിക്കാരെ ചിലരെ പിരിച്ചുവിട്ട്, ഝോലാവാലകളെ എടുക്ക്. നമ്മുടെ ചില റിപ്പോർട്ടർമാരെ അവരെപ്പോലെ വേഷം കെട്ടിച്ച് അഭിനയിപ്പിക്കാൻ പറ്റില്ലേ? ചർഖയ്ക്ക് തീർച്ചയായും അത് ചെയ്യാൻ പറ്റും. അവൾ നന്നായി അഭിനയിക്കും.

ജ.മാ: നമുക്ക് റിപ്പോർട്ടർമാരെ പിരിച്ചുവിടാനൊന്നും പറ്റില്ല. അവർക്ക് കൃത്യമായ കരാറൊക്കെയുണ്ട്.

ചാണക്യ പുരി: എങ്കിൽ അവരെ സ്ഥലം മാറ്റൂ. അവരെ സ്ഥലം മാറ്റാൻ പാടില്ലെന്നൊന്നും കരാറിലില്ലല്ലോ. മുംബൈയിലേക്ക് മാറ്റൂ.

ജ.മാ: ദളിതുകളുടെ ആവശ്യമുള്ള മുംബൈയിൽ അവർ എന്ത് ചെയ്യാനാണ്? പ്രത്യേകിച്ചും അവിടുത്തെ ഭീമാ കൊറേഗാംവ്, എൽ‌ഗാർ പരിഷദ് പ്രശ്നമൊക്കെ വാർത്തയിൽ നിറയുമ്പോൾ. ഇനി വരുന്ന ദിവസങ്ങളിൽ അത് കൂടുതൽ ചൂട് പിടിക്കും.

ചാണക്യ പുരി: എങ്കിൽ ദളിതുകളെ വാടകയ്ക്കെടുക്കൂ. ഝോലാവാലകളേയും ഝോലാവാലികളേയും. എന്തെങ്കിലും വേഗം ചെയ്യൂ.

ജ.മാ: വാടകയ്ക്കെടുക്കുന്നത് നടപ്പുള്ള കാര്യമല്ല. അത്തരം പത്രപ്രവർത്തകർ ജോയിൻ ചെയ്യില്ല.

ചാണക്യ പുരി:  എന്തുകൊണ്ട് ജോയിൻ ചെയ്യില്ല. അവർ ഇപ്പോൾ സമ്പാദിക്കുന്നതിന്റെ രണ്ടോ മൂന്നോ ഇരട്ടി ഞാൻ കൊടുക്കാം.

ജ.മാ:നിങ്ങൾ താങ്കളെ മുസ്ലിം വിരുദ്ധനും അർബൻവിരുദ്ധ-നക്സലും, അമേരിക്കൻ പക്ഷപാതിയും, മുതലാളിത്ത അനുകൂലിയും ഹിന്ദുത്വ അനുകൂലിയൂമായിട്ടാണ് കാണുന്നതെന്ന് അറിയാമോ? അവർ താങ്കളുടെയടുത്തേക്ക് ഓടിവരുമെന്ന് എങ്ങിനെയാണ് പ്രതീക്ഷിക്കുക?

ചാണക്യ പുരി: നമ്മൾ നിലപാട് മാറ്റും. മുൻപത്തെ സർക്കാർ മതേതര നാട്യങ്ങൾ പ്രദർശിപ്പിച്ചപ്പോൾ നമ്മളും മതേതരരായത് ഓർമ്മയില്ലേ?

ചീഫ് റിപ്പോർട്ടർ (ഇത്രനേരവും നിശ്ശബ്ദനായി ഇരുന്നിരുന്ന, നാൽ‌പ്പത് വയസ്സ് കഴിയാറായ കണ്ണടവെച്ച ഒരാൾ), നിങ്ങളിതെന്തൊക്കെയാണ് പറയുന്നത് മിസ്റ്റർ പുരി. സ്കൂപ്പ് ടിവിയുടെ മറ്റൊരു യൂണിറ്റിലേക്ക് പോവുനതിൽനിന്ന് ഞങ്ങളുടെ കരാർ ഞങ്ങളെ സംരക്ഷിക്കുന്നില്ല എന്ന ന്യായമുപയോഗിച്ച്, സാങ്കേതികമായി പിരിച്ചുവിടാതെതന്നെ മുഴുവൻ റിപ്പോർട്ടിംഗ് സ്റ്റാഫിനെയും പിരിച്ചുവിടാനാണോ നിങ്ങളുടെ ഭാവം? താങ്കളുടെ ചിന്തകൾ എനിക്ക് കാണാൻ കഴിയുന്നുണ്ട്: സ്കൂപ്പ് ടിവി നൽകുന്ന ശമ്പളം കൊണ്ട് റിപ്പോർട്ടർമാർക്ക് താമസച്ചിലവ് താങ്ങാൻ പറ്റില്ല, പ്രത്യേകിച്ചും മുംബൈയിൽ. അതുകൊണ്ട്, മുംബൈയിലേക്ക് മാറ്റുക എന്നുവെച്ചാൽ, പുറത്താക്കുക എന്നതുതന്നെയാണ് അർത്ഥം. എന്റെ ആളുകൾ ഇതറിഞ്ഞാൽ, കൂട്ടത്തോടെ രാജിവെക്കും. 

ചാണക്യ പുരി (ദേഷ്യംകൊണ്ട് വിറച്ച്, മേശപ്പുറത്തെ കടലാസ്സുകൾ വലിച്ചുകീറുന്നു): ബ്ലാക്ക്മെയിൽ ചെയ്യുന്നോ! ആ തെമ്മാടികൾ അധികാ‍രത്തിൽ വരുമെന്ന് കരുതി എന്നെ ഭീഷണിപ്പെടുത്താമെന്ന് കരുതിയോ കൃമികളേ?

(സ്റ്റേജിലെ വെളിച്ചം മങ്ങുന്നു. ടിവി സ്ക്രീൻ തെളിയുമ്പോൾ സ്കൂപ്പ് ടിവിയുടെ ചർഖ ദളിത് യൂത്ത് ലീഗ് പ്രസിഡന്റ് ചന്ദൻ മൊഹോതെയുമായി സംസാരിക്കുകയാണ്)

ചർഖ: ദളിത് യൂത്ത് ലീഗിന്റെ പ്രസിഡന്റ് ചന്ദൻ മൊഹോതെ നമ്മോടൊപ്പം ചർച്ചയിൽ പങ്കെടുക്കുന്നതിൽ വളരെയധികം സന്തോഷമുണ്ട്. (ഒന്ന് നിർത്തി), ഞാൻ നേരിട്ട് കാര്യത്തിലേക്ക് കടക്കാം. മിസ്റ്റർ മൊഹോതെ, ഇസ്ലാമിലേക്ക് സ്വമനസ്സാലെ പരിവർത്തനം ചെയ്യാൻ ദളിത് നേതൃത്വം ദളിതുകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

മൊഹോതെ: സ്വയം മൊഹമ്മദിയ ഹിന്ദുക്കൾ എന്ന് ചിലർ വിളിക്കാൻ തുടങ്ങിയിട്ടുണ്ട്.

ചർഖ: നിങ്ങൾ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു…

മൊഹോതെ: ഞങ്ങളുടെ പോളിറ്റ്ബ്യൂറൊ ഇതിൽ ഇടപെടേണ്ടെന്നാണ് തീരുമാനിച്ചിരിക്കുന്നത്. സ്വന്തം മതം തിരഞ്ഞെടുക്കാൻ ദളിതുകൾക്ക് സ്വാതന്ത്ര്യമുണ്ട്.

ചർഖ: സുന്നത്ത് പ്രക്രിയ വേഗത്തിലാക്കാൻ ആധുനിക സംവിധാനങ്ങൾ തയ്യാറാവുന്നു എന്ന് കേട്ടു. അതായത്, ഇസ്ലാമിലേക്കുള്ള മതപരിവർത്തനം. അതിനെക്കുറിച്ചെന്തെങ്കിലും കേട്ടിരുന്നോ?

മൊഹോതെ: ഞാൻ അതിനെക്കുറിച്ച് കേട്ടിരുന്നു. സുന്നത്ത് ഇപ്പോൾ ഏതാണ്ട് ഒരു ഫാഷനായി മാറിക്കഴിഞ്ഞിട്ടുണ്ട്. ആചാര്യ ഗിരിരാജ് കിഷോറിന്റെ പഴയൊരു പ്രസ്താവനയുടെ വീഡിയോ ഇപ്പോൾ വൈറലായിട്ടുണ്ട്. ഹിന്ദു സ്ത്രീകൾക്ക് കൂടുതൽ ലൈംഗികസുഖം നൽകാനും അവരെ ആകർഷിക്കാനുമാണ് മുസ്ലിം യുവാക്കൾ സുന്നത്തെ ചെയ്യുന്നതെന്ന് ഗിരിരാജ് ഒരിക്കൽ വനിതാ റിപ്പോർട്ടർമാരോട് പറയുകയുണ്ടായി. ലവ് ജിഹാദിനെതിരേ ഉയർന്ന ജാതിക്കാരായ സ്ത്രീകൾക്ക് മുന്നറിയിപ്പ് കൊടുക്കുകയായിരുന്നു അദ്ദേഹം. എന്നാൽ ഇന്ന് പല യുവാക്കളും സുന്നത്തിനെ കാണുന്നത്, അവരുടെ ആകർഷണം വർദ്ധിപ്പിക്കുകയും ലൈംഗിക പ്രാപ്തി വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒന്നായിട്ടാണ്. വ്യവസായികൾ പുതിയ വ്യാപാരത്തിൽ നിക്ഷേപിക്കുകയാണ് (ചെറുതായി ചിരിച്ചുകൊണ്ട്). അവർ ഇതിനെ വിളിക്കുന്നത് പുതിയ സൺ‌റൈസ് ഇൻഡസ്ട്രി എന്നാണ്.

ചർഖ: ഈ ട്രെൻഡ് വിജയിച്ചാൽ, മറ്റ് പിന്നാക്കജാതിക്കാരുപോലും മുന്നോട്ട് വന്നെന്ന് വരും.

മൊഹോതെ (ചർഖയുടെ മുഖത്ത് പ്രകടമാവുന്ന അസ്വസ്ഥതയിൽ സന്തോഷിച്ചുകൊണ്ട്): ഒ.ബി.സി.ക്കാർ മാത്രമല്ല. എല്ലാവരും. ഇതൊരു തരംഗമാണ്. ആ‍ർക്കറിയാം, കാഴ്ചയിൽ നിസ്സാരമെന്ന് തോന്നാമെങ്കിലും ഗുരുതരമായേക്കാം. നിങ്ങൾക്കറിയാവുന്നതുപോലെ, ബി.ജെ.പി.യും, കോൺഗ്രസ്സും ഒരു ലയനത്തിന്റെ സാധ്യതകൾ ആരായുകയാണ്. അവർ ഒരുമിച്ച് ചേർന്ന്  ബാക്ക്വേഡ് സമാജത്തിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെങ്കിൽ നമുക്കവരെ, ഇസ്ലാമിലേക്ക് മാറുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താം. അതോടെ, കാര്യങ്ങൾ ഒരു തീർപ്പീലെത്തും

(സ്ക്രീൻ മങ്ങി, സ്റ്റുഡിയോയിൽ വെളിച്ചം നിറയുന്നു. ചാണക്യ പുരി ഇപ്പോഴും ജനറൽ മാനേജരും മറ്റ് ചിലരുമൊന്നിച്ച് കോൺഫറൻസ് റൂമിൽത്തന്നെയാണ്. ഒറ്റനോട്ടത്തിൽത്തന്നെ ആകെ പരിക്ഷീണനായി തോന്നിക്കുന്ന ശുക്ലാജിയും മകൾ അനിതയും പ്രവേശിക്കുന്നു. അവരെ അനുഗമിച്ചുകൊണ്ട് മഞ്ഞയും നീലയും നിറമുള്ള ഓവറോൾ ധരിച്ച ഒരു ടെക്നീഷ്യനുമുണ്ട്).

ചാണക്യ പുരി: ശുക്ലാജി, നമ്മൾ ഹിന്ദുരാഷ്ട്രം ആഘോഷിക്കാൻ പോയതാണ്. പകരം നമുക്ക് കിട്ടുക മുസ്ലിം രാജായിരിക്കും. അപ്രത്യക്ഷമായതിലൂടെ മുസ്ലിങ്ങൾ നമ്മളെ നശിപ്പിച്ചുകളഞ്ഞു. എങ്ങിനെ നമുക്കവരെ തിരിച്ചുകൊണ്ടുവരാൻ കഴിയും? എത്ര കോടി പണം ചിലവഴിക്കാനും മാർവാഡി സമാജം തയ്യാറാണ്.

ശുക്ലാജി: ശ്രദ്ധയോടെ സംസാരിച്ചില്ലെങ്കിൽ കോടികൾകൊണ്ടൊന്നും ഒരു ഗുണവുമുണ്ടാവാൻ പോവുന്നില്ല. ഇന്നത്തെ കാലത്ത്, ചുമരുകൾക്കുപോലും കാതുകളുണ്ടെന്ന കാര്യം മറക്കരുത് 

(ശുക്ലാജി ടെക്നീഷ്യനുനേരെ ചൂണ്ടുന്നു). ഒരു സ്വകാര്യ ഡിറ്റക്ടീവ് ഏജൻസിയിൽനിന്നുള്ള വിശ്വസിക്കാവുന്ന ആളാണ് അയാൾ. നിങ്ങളുടെ ഓഫീസിൽനിന്ന് കാര്യങ്ങൾ ചോർന്നുപോകുന്നത് തടയാൻ ഞാൻ കൊണ്ടുവന്നതാണ് അയാളെ. നിങ്ങൾ പറയുന്നതൊക്കെ അവർ ചോർത്തിക്കൊണ്ടിരിക്കുകയാണ്. അങ്ങനെയാണ് ഫാസ്റ്റർ ടിവി ഓരോ വാർത്തയിലും നിങ്ങളെ കടത്തിവെട്ടുന്നത്.

(ചാണക്യ പുരിയും ജനറൽ മാനേജരും മറ്റുള്ളവരും അത്ഭുതത്തോടെ നോക്കിയിരിക്കുമ്പോൾ, ടെക്നീഷ്യൻ ഒരു ചെറിയ സ്കാനിംഗ് ഉപകരണമെടുത്ത് ചുമരിന്റെ ഉപരിതലത്തിലൂടെ നീക്കുന്നു. സീലിംഗിന്റെ ഒരു പ്രത്യേക ഭാഗത്തെത്തുമ്പോൾ, അയാൾ അത് നിർത്തുന്നു)

ടെക്നീഷ്യൻ: ഇതാ, ഇവിടെ (സീലിംഗിൽ ഘടിപ്പിച്ചുവെച്ച ഒരു സ്ഫടിക ഗോളം അയാൾ കാണിച്ചുകൊടുക്കുന്നു)

ശുക്ലാജി: ചാണക്യാ, അത് ഒരു ഒളിക്യാമറയാണ്. നിങ്ങളുടെ സ്റ്റാഫിലെ ആരോ ഒരാൾ എതിരാളുകളുമായി ഒത്തുകളിക്കുന്നുണ്ട്. സ്റ്റാഫ് കോൺഫറൻസിൽ‌വെച്ച് നിങ്ങൾ ദളിതുകൾക്കുനേരെ ശാ‍പവാക്കുകൾ പറഞ്ഞത് ഇപ്പോൾ ഒരു ദളിത് പോർട്ടലിൽ ലൈവായി സം‌പ്രേഷണം ചെയ്യുന്നുണ്ട്.

ചാണക്യ പുരി (പരിഭ്രമിച്ചുകൊണ്ട്): പക്ഷേ എന്റെ ജോലിക്കാരിൽ ദളിതുകളില്ലല്ലോ.

ശുക്ലാജി:ഇക്കാര്യങ്ങളിൽ ഏറ്റവും വലിയ വൃത്തികേട് ചെയ്യുന്നവർ എന്റെ മാന്യസമുദായക്കാർതന്നെയായിരിക്കും. ബ്രാഹ്മണന്മാർ. അവർക്കെന്തെങ്കിലും വ്യക്തിപരമായ താത്പര്യമുള്ള കാര്യമാണെങ്കിൽ ആരെ വേണമെങ്കിലും അവർ പിന്നിൽനിന്ന് കുത്തും.

ചാണക്യ പുരി: നമ്മുടെ ഉയർന്ന ജാതിക്കാരായ മിക്ക റിപ്പോർട്ടർമാരേയും നമ്മൾ പിരിച്ചുവിടാൻ പോവുകയാണ്.  ഞങ്ങളവരെ മുംബൈയിലേക്ക് സ്ഥലം മാറ്റുകയാണ്. പിരിച്ചുവിടൽ‌പോലെത്തന്നെയാണ് അതും. വാർത്താവിതരണവുമായി മെച്ചപ്പെട്ട രീതിയിൽ ബന്ധം പുലർത്താൻ കഴിയുന്ന ദളിത്, ഒ.ബി.സി. പത്രപ്രവർത്തകരെ നമുക്ക് വേണം. അത് കച്ചവടത്തിന് അത്യാവശ്യമാണ്.

(ഇതുകേട്ട് ശുക്ലാജി തല കൈകൊണ്ട് താങ്ങി, കസേരയിലേക്ക് കുഴഞ്ഞുവീഴുന്നു).

ജ.മാ: ദയവായി വെള്ളം കൊണ്ടുവരൂ. ശുക്ലാജി ബോധംകെട്ട് വീണിരിക്കുന്നു.

അനിത (ശുക്ലാജിയെ വീശിക്കൊണ്ട്): ചാണക്യ അങ്കിൾ, അങ്ങയെപ്പോലുള്ളവരും ഇങ്ങനെ ചെയ്യാൻ തുടങ്ങിയാൽ പിന്നെ എന്ത് പ്രതീക്ഷയാണ് ബാക്കിയുള്ളത്? ഒരു മഹത്തായ ഹിന്ദു സോഷ്യലിസ്റ്റ് രാജ് നിർമ്മിക്കാനുള്ള പദ്ധതി പിതാജിക്കുണ്ടായിരുന്നു. എണ്ണത്തിൽ കൂടുതലായ അവർണ്ണർ ജയിക്കുന്ന വിധത്തിൽ, സവർണ്ണരും അവർണ്ണരും തമ്മിലുള്ള ഒരു ബലാബലമല്ല അത്.

ശുക്ലാജി (അല്പം നില ഭേദപ്പെട്ടതുപോലെ എഴുന്നേറ്റിരുന്ന് ദുർബ്ബലമായ ശബ്ദത്തിൽ സംസാരിക്കുന്നു): പൊതുജീവിതത്തിൽ ജാതിയെക്കുറിച്ചുള്ള എല്ലാ പരാമർശവും വിലക്കാൻ പോവുന്നതായി, സുപ്രീം കോടതിയിൽനിന്ന് സൂചനകളുണ്ടെന്ന കാര്യം അങ്ങ് അറിഞ്ഞുകാണുമല്ലോ. ഈ വിഷയത്തെ അടിസ്ഥാനമാക്കി മാത്രമായിരിക്കും തിരഞ്ഞെടുപ്പുകൾ നടക്കുക

ശങ്കർ: ജാതി നിരോധിച്ചാൽ, വർഗ്ഗീയതയും നിരോധിക്കുമോ?

ശുക്ലാജി: മുസ്ലിങ്ങളില്ലാതെ എന്ത് വർഗ്ഗീയത?

ശങ്കർ (മൊബൈലിൽ വന്ന ഒരു സന്ദേശം വായിക്കുന്നു): പ്രവചനം ചിലപ്പൊൾ അപകടമാവും. ഞാൻ ടിവി ഓൺ ചെയ്യാം. ഫാസ്റ്റർ ടിവിയിൽ ബ്രേക്കിംഗ് ന്യൂസ് വരുന്നുണ്ട്.

(അയാൾ ടിവി ഓൺ ചെയ്യുമ്പോൾ സ്റ്റേജിലെ വെളിച്ചം മങ്ങുകയും സ്റ്റേജിന്റെ പിന്നിലെ സ്ക്രീൻ കാഴ്ചയിൽ വരികയും ചെയ്യുന്നു. നിധി ക്യാമറയിലേക്ക് നോക്കി സംസാരിക്കുകയാണ്).

നിധി: ഇതൊരു എക്സ്ക്ലൂസീവാണ്. പ്രൊട്ടോക്കോളുകൾ പൂർണ്ണമായി ലംഘിച്ചുകൊണ്ട്, ന്യൂദില്ലിയിലെ മുസ്ലിം അംബാസിഡർമാർ പുതിയ മൊഹമ്മദീയ ഹിന്ദു വിഭാഗത്തിലേക്ക് മതം മാറിയ ദളിതുകളെ ആദരിക്കുന്നു. ഈ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ പാക്കിസ്ഥാൻ ഹൈക്കമ്മീഷൻ മുഖ്യപങ്ക് വഹിച്ചതായി സൂചനകളുണ്ട്. പ്രധാനമന്ത്രിയേയും യൂണിയൻ ക്യാബിനറ്റിലെ മറ്റ് അംഗങ്ങളേയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും അവർ പങ്കെടുക്കുന്ന കാര്യം സംശയമാണ്. യു.എസ്, ചൈന, റഷ്യ, ഇസ്രായേൽ, യൂറോപ്പ്യൻ രാഷ്ട്രങ്ങൾ എന്നിവിടങ്ങളിലെ അംബാസ്സിഡർമാർ ചടങ്ങിൽ സംബന്ധിക്കും. മുസ്ലിം അംബാസിഡർമാരിൽനിന്ന്, മുസ്ലിം തലപ്പാവ് കൈപ്പറ്റുമോ എന്ന് ദളിത് സമാജം പ്രസിഡന്റ് മൊഹമ്മദി വാത്മീകി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മുസ്ലിം അംബാസിഡർമാർ കാണിക്കുന്ന ഈ തിടുക്കം കണ്ട് ഞെട്ടിയിരിക്കുകയാണ് നയതന്ത്രരംഗം. തിരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതുവരെയെങ്കിലും അവർക്ക് കാത്തുനിൽക്കാമായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം ഇന്ത്യയിലെ അധികാര, സാമൂഹികക്രമം ഏതുവിധത്തിലുള്ളതായിരിക്കുമെന്ന് ആർക്കും പറയാനാവില്ല.

(ടിവി ഫീഡ് ഓഫായി. കോൺഫറൻസ് മുറിയിൽ, ചാണക്യ പുരി, ജനറൽ മാനേജർ, ശുക്ലാജി എന്നിവർ കുഴഞ്ഞുവീഴുന്നു. ഒരു സഹായി വന്ന് അവരുടെ മുഖത്ത് വെള്ളം തളിക്കുന്നു. അടിയന്തിരഘട്ടം വന്നാൽ അവരെ കൊണ്ടുപോവുന്നതിനായി സ്ട്രെച്ചറുകൾ കൊണ്ടുവരുന്നു).

ചാണക്യ പുരി: മുസ്ലിം ഭരണം തിരിച്ചുവരികയാണോ?

ജ.മാ: ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം, ഈ സ്വയം പരിവർത്തനം ചെയ്യുന്നവർ നമ്മുടെ സ്വന്തം ആളുകളാണെന്നതാണ്. അവർ വിദേശികളല്ല. അതിനാൽ അവരെ അധിനിവേശകരെന്ന് വിളിക്കാനുമാവില്ല. നമ്മുടെ ക്ഷേത്രങ്ങൾ അവർ നശിപ്പിക്കുന്നു എന്ന് ആരോപിക്കുവാനും സാധിക്കില്ല.

ശങ്കർ: ക്ലോക്ക് ടവറിൽ സൗദി അറേബ്യ നിക്ഷേപിച്ചിട്ടുണ്ടെന്ന് കേൾക്കുന്നു. അറിയില്ലേ, ആ സുന്നത്ത് സമുച്ചയം, അഥവാ, സുന്നത്ത് പാർക്ക്.

മന്ദാകിനി (ഇത്രനേരവും നിശ്ശബ്ദമായി ഇരുന്നിരുന്ന, മുപ്പത് വയസ്സ് കഴിയാറായ ഒരു റിപ്പോർട്ടർ): സർ, എന്റെ അച്ഛൻ ഇസ്രായേലിൽ ജോലി ചെയ്തിട്ടുണ്ട്. എല്ലാ ജൂതന്മാരും സുന്നത്ത് ചെയ്തവരാണ്. ന്യൂയോർക്കിലും ഉണ്ട് അത്തരത്തിലുള്ളവർ. ലണ്ടനിലെ ഗോൾഡേഴ്സ് ഗ്രീനിലെ വലിയൊരു ശതമാനവും സുന്നത്ത് ചെയ്തവരാണ്. ഒരു നല്ല ആരോഗ്യശൈലിയായിട്ടാന് അത് കരുതപ്പെടുന്നത്. ആചാര്യ ഗിരിരാജ് കിഷോർ പറഞ്ഞത് ഒരുപക്ഷേ ശരിയായിരിക്കണം. ലൈംഗികസുഖം വർദ്ധിപ്പിക്കാൻ സഹായിക്കുന്നുണ്ടാവണം അത്.

ചാണക്യ പുരി: ശുക്ലാജിയുടേയും, എന്റെയും ജനറൽ മാനേജരുടേയും മുന്നിലിരുന്ന് സെക്സിനെക്കുറിച്ച് സംസാരിക്കുന്ന ഈ ധിക്കാരി ആരാണ്? (ജനറൽ മാനേജരോട്) ഇവൾ മുംബൈയിലേക്ക് പോവുന്നു.

മന്ദാകിനി (കൂസലില്ലാതെ): നിങ്ങൾ കണ്ണുവെച്ചിട്ടുള്ള എല്ലാ പുരോഗമന, ഇടതുപക്ഷ റിപ്പോർട്ടർമാരും ബ്രാഹ്മണന്മാരാണ്. മൂലധനവിരുദ്ധരും, മനുവാദിവിരുദ്ധരും, ദളിതനുകൂലരും, അർബൻ-നക്സൽ പക്ഷപാതികളുമാണ് അവരെല്ലാം. വെയിലത്തുവെച്ച ഐസ്ക്രീം പോലെ നിങ്ങളുടെ സ്കൂപ്പ് ടിവി ഉരുകിപ്പോവും.

ശുക്ലാജി (ആത്മഗതമെന്നവണ്ണം): മുസ്ലിങ്ങൾ പോയ സ്ഥിതിക്ക്, ഇനി പാക്കിസ്ഥാൻ വിരുദ്ധ നയം അർത്ഥശൂന്യമായിരിക്കുന്നു. ദളിതരോടും, ഒബിസിക്കാരോടും ആദിവാസികളോടും സംസാരിക്കാൻ ഇടനിലക്കാരായി ഇനി നമുക്ക് അർബൻ നക്സലുകളെ വേണ്ടിവരും. നമ്മുടെ ചൈനാവിരുദ്ധ നയത്തെ അവർ തീർച്ചയായും എതിർക്കും. ദൈവമേ, ഞങ്ങളെ കാത്തോളണമേ!

മന്ദാകിനി: ചൈനയേയും പാക്കിസ്ഥാനേയും സ്ഥിരമായി എതിർക്കുന്ന നയം നമുക്കെന്തിനാണ്? നമ്മുടെ മതേതരത്വം വിജയിച്ചിരുന്നെങ്കിൽ, പാക്കിസ്ഥാൻ എന്ന മതരാഷ്ട്രം തോറ്റുപോയേനേ. അർത്ഥരഹിതമായ ഒന്നായിത്തീർന്നേനേ. കശ്മീർ നമ്മുടെ മതേതര അന്തരീക്ഷത്തിൽ സമാധാനത്തോടെ കഴിയുമായിരുന്നു. എന്നാൽ, അതിന് വിരുദ്ധമായ വഴിയാണ് നിങ്ങൾ തിരഞ്ഞെടുത്തത്. ഒരു ഹിന്ദു പാക്കിസ്ഥാൻ രാജ്യമാകാൻ നിങ്ങൾ തീരുമാനിക്കുകയായിരുന്നു. 

(അസ്വസ്ഥത പ്രകടിപ്പിക്കുന്ന ശുക്ലാജിയെ സ്ട്രെച്ചറിൽ കിടത്തുന്നു. അനിതയോടൊപ്പം പുറത്തേക്ക് കൊണ്ടുപോവുമ്പോൾ അയാൾ നിലവിളിക്കുന്നു “ഹിന്ദു പാക്കിസ്ഥാനല്ല”, ഹിന്ദുസ്ഥാൻ. ഒരു ഹിന്ദു ജന്മഭൂമി).

മന്ദാകിനി: അതിന് ഹിന്ദു നേപ്പാളുണ്ടല്ലോ.

ശുക്ലാജി (വിതുമ്പിക്കൊണ്ട്), പക്ഷേ അവർ കമ്മ്യൂണിസ്റ്റായിരിക്കുന്നു.

മന്ദാകിനി (പുച്ഛത്തോടെ) ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഹിന്ദുരാഷ്ട്രം കിട്ടിയില്ലേ? നിറച്ചും ക്ലോക്ക് ടവറുകളുള്ള – അതായത്, സുന്നത്ത് കേന്ദ്രങ്ങളുള്ള ഹിന്ദു ജന്മഭൂമി. മുസ്ലിങ്ങൾ പോവുകയും ചെയ്തിരിക്കുന്നു. സഭാഷ്!!

ചാണക്യ പുരി: എവിടെ കാവൽക്കാർ? ഇവളെ പുറത്താക്കൂ (രണ്ട് മല്ലന്മാർ അകത്തേക്ക് വരുന്നു)

ശങ്കർ: റിപ്പോർട്ടിംഗ് സ്റ്റാഫിന് ഇത് ഇഷ്ടപ്പെടില്ലെന്ന് എനിക്ക് തോന്നുന്നു.

(മല്ലന്മാർ മന്ദാകിനിയെ പുറത്തേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുന്നു. ചാണക്യ പുരിയും ജനറൽ മാനേജരും ഇടപെടുന്നു. ആ ബഹളത്തിൽ അവർ വീഴുന്നു. ഒരു ഓഫീസ് ഗുമസ്തൻ ഓടിവരുന്നു).

ഓഫീസ് ഗുമസ്തൻ: ഈ തമാശയൊക്കെ ഫാസ്റ്റർ ടിവിയിലും, ദളിത് പോർട്ടലുകളിലും സാമൂഹികമാധ്യമങ്ങളിലും ലൈവായി കാണിക്കുന്നുണ്ട്.

ചാണക്യ പുരി (സീലിംഗിലെ രഹസ്യക്യാമറയിലേക്ക് ചൂണ്ടിക്കൊണ്ട് ടെക്നീഷ്യനോട്): എടാ തന്തയില്ലാത്തവനേ, നീയത് ഓഫാക്കിയിരുന്നില്ലേ?

ടെക്നീഷ്യൻ: അതിന്, അങ്ങ് എന്നോട് അത് മാറ്റാൻ പറഞ്ഞില്ലല്ലോ. ഓഫീസ് മുഴുവൻ ചോർത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് അങ്ങ് എന്നോട് ആവശ്യപ്പെട്ടതെന്ന് ഞാൻ കരുതി.

ജ.മാ: എന്താ പറഞ്ഞത്? ഓഫീസ് മുഴുവനുമെന്നോ? ആ നശിച്ച സാധനം ആരെങ്കിലുമൊന്ന് ഓഫ് ചെയ്യ്.

(മെക്കാനിക്ക് ഒരു മടക്കാവുന്ന ഏണിയിൽ കയറിനിന്ന് സീലിംഗിലെ ക്യാമറ ഓഫ് ചെയ്യുന്നു. സ്റ്റേജിൽ ഇരുട്ട് നിറയുന്നു)

 

മൂന്നാം അങ്കം | രംഗം 4

(പ്രത്യേക കോടതി വാദം കേൾക്കൽ തുടരുന്നു. സ്റ്റേജ് പഴയ രീതിയിൽത്തന്നെ. ജഡ്ജി പ്രവേശിക്കുമ്പോൾ എല്ലാവരും എഴുന്നേൽക്കുന്നു)

ജഡ്ജി:കോടതി രൂപവത്കരിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തമ്മിൽത്തമ്മിൽ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ജൂറി അംഗങ്ങളുടെ വിലയേറിയ അഭിപ്രായമറിയാനാണ് ഇപ്പോൾ കോടതി, മുമ്പത്തേക്കാൾ ഏറെയായി ആഗ്രഹിക്കുന്നത്. (ജഡ്ജി അമീർ ഖുസ്രുവിനുനേരെ നോക്കി വണങ്ങുന്നു).

അമീർ ഖുസ്രു (എഴുന്നേൽക്കുന്നു): നന്ദി. ആദ്യമായി ജൂറിയെക്കുറിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു. ശബരിമല സീസൺ കഴിഞ്ഞതുകൊണ്ട് നമ്മുടെ സുഹൃത്ത് വാവരുസ്വാമി ഞങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രാദേശികമായ കാഴ്ചപ്പാട് അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചിരിക്കുന്നു. കൂടുതൽ സമഗ്രമായ ഒരു ചിത്രം നൽകാൻ സഹായകമാവും വിധം, മറ്റ് പ്രദേശങ്ങളിൽനിന്നുള്ള വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മുസ്‌ലീം ജനത ഒന്നടങ്കം ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായതിനെത്തുടർന്നുണ്ടായ അസാധാരണ സാഹചര്യം വിലയിരുത്തുന്നതിനായിട്ടാണ് കോടതി സ്ഥാപിച്ചത്. മുസ്ലീങ്ങൾ ഈ രാജ്യം വിട്ടുപോവാനുണ്ടായ സാഹചര്യം അന്വേഷിക്കുകയായിരുന്നു കോടതിയുടെ ഉദ്ദേശ്യം. എന്തുകൊണ്ട് അവർ പോയി? പൂർവ്വസ്ഥിതി തിരിച്ചുപിടിക്കാനാവുമോ? ഈ ചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമാണെങ്കിലും സംഭവങ്ങൾ ഇവയെ കടത്തിവെട്ടിയിരിക്കുന്നു. കോടതിക്ക് അത് മുൻ‌കൂട്ടി കാണാൻ സാധിച്ചില്ല. ഉദാഹരണത്തിന്, പൊതുതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. 200 ദശലക്ഷം മുസ്ലീങ്ങൾ വോട്ടുചെയ്യാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് അനിതരസാധാരണമായ ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. അതുകൊണ്ട്, ഈ തിരഞ്ഞെടുപ്പ് അധസ്ഥിതജാതിയും സവർണ്ണജാതിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും. എണ്ണമെടുത്തുനോക്കിയാൽ, അധസ്ഥിതജാതിക്കാർക്കാണ് മൃഗീയഭൂരിപക്ഷം. അവർ എളുപ്പത്തിൽ ഭൂരിപക്ഷം നേടും. ആദ്യമായി, ഒരു ദളിതനോ, ആദിവാസിയോ പ്രധാനമന്ത്രിയായേക്കാം. എച്ച്.ഡി. ദേവഗൌഡ എന്ന ഒ.ബി.സി. ക്കാരൻ ഒരിക്കൽ പ്രധാനമന്ത്രിയായിട്ടുണ്ട് എന്നത് നേരുതന്നെ. പക്ഷേ അത് വെറും 10 മാസത്തേക്ക് മാത്രമായിരുന്നു. പക്ഷേ ഇത്തവണ, താഴ്ന്ന ജാതിക്കാരുടേയും ദളിതരുടേയും സമ്പൂർണ്ണമായ ആധിപത്യമായിരിക്കും. ഇത് പ്രശംസനീയമായ കാര്യമാണ്. പക്ഷേ ഇതിനൊരു മറുപുറവുമുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളെ തീരുമാനിക്കുന്നത് ജാതി എന്ന ഒരേയൊരു ഘടകം മാത്രമാണെങ്കിൽ, പ്രധാനമന്ത്രി പദവിയിൽ എല്ലാക്കാലത്തേക്കും ഇനി അവർ മാത്രമായിരിക്കും ഉണ്ടാവുക. അവർക്ക് അതിനുള്ള എണ്ണവുമുണ്ട്. പക്ഷേ നിങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ സംവിധാനത്തിന്, ഈ വിരസമായ ആവർത്തനം നല്ലതായിരിക്കുമോ?

(ഗാലറിയിൽ കറുത്ത തലക്കെട്ട് ധരിച്ച് ഇരുന്നിരുന്ന ദളിത് പ്രവർത്തകൻ എഴുന്നേൽക്കുന്നു)

ദളിത് പ്രവർത്തകൻ: എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ, ഞങ്ങളുടെ ജനാധിപത്യത്തെക്കുറിച്ച് താങ്കൾ എന്ത് ചിന്തിക്കുന്നു എന്നറിയാൻ താത്പര്യമുണ്ട്.

അമീർ ഖുസ്രു: രാഷ്ട്രീയസ്വഭാവമുള്ള ഈ വിഷയത്തിൽ സ്പർശിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടോ എന്ന് ഈ വിശിഷ്ടകോടതിയുടെ ജഡ്ജിയോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.

ജഡ്ജി: തീർച്ചയായും, നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെകൂടെയുള്ളത് ഒരു ഭാഗ്യമായി ഞങ്ങൾ കരുതുന്നു. ഇനി ഇതുപോലൊരു അവസരം ഉണ്ടാവാൻ സാധ്യതയില്ല. ഏതെല്ലാം വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിയുന്നുവോ, അത്രയധികം ഈ ലോകം ധന്യമാവുകതന്നെ ചെയ്യും. താങ്കൾ എന്ത് പറയുന്നതിലും ഞങ്ങൾക്ക് സന്തോഷമേയുള്ളു.

അമീർ ഖുസ്രു: നന്ദി. 1949 നവംബർ 26-ന് നിങ്ങൾ സ്വയം നിങ്ങൾക്ക് നൽകിയ ഭരണഘടന, ജനാധിപത്യം, സമത്വം, സാമൂഹികമായ മുന്നേറ്റം, സാമൂഹിക നീതി എന്നിവ വാഗ്ദാനം ചെയ്യുന്ന ഒന്നായിരുന്നു. ആന്തരികമായിത്തന്നെ അസമത്വം നിറഞ്ഞതും, അസമത്വത്തെ ആഘോഷിക്കുകപോലും ചെയ്യുന്നതായ, സഹസ്രാബ്ദങ്ങളോളം നീളുന്ന സംവിധാനത്തിന്മേലാണ് നിങ്ങൾ തുല്യതയുടെ ഈ മൂല്യങ്ങൾ സ്ഥാപിച്ചത്. (മൌലാനാ ഹസ്രത്ത് മൊഹാനിക്കുനേരെ തിരിഞ്ഞുകൊണ്ട്) മൌലാനാ, അങ്ങ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ അംഗമായിരുന്ന ആളല്ലേ. അങ്ങയുടെ കാഴ്ചപ്പാട് ഒന്ന് ഞങ്ങളോട് പറയാമോ?

ഹസ്രത്ത് മൊഹാനി (എഴുന്നേൽക്കുന്നു): ആ ഭരണഘടന, ദരിദ്രർക്ക് എതിരെയാണെന്ന് തോന്നിയതിനാൽ ഞാൻ ഒപ്പിട്ടില്ല. എന്റെ ഗുരു ബാലഗംഗാധര തിലകനായിരുന്നു എന്ന് ഞാൻ കോടതിയോട് പറയട്ടെ. അദ്ദേഹത്തിന്റെ ആവശ്യം പൂർണ്ണസ്വരാജ് ആയിരുന്നു. ബ്രിട്ടീഷുകാരിൽനിന്നുള്ള പൂർണ്ണമായ സ്വാതന്ത്ര്യം. ബൻസ ഷരീഫിലെ ഷാ അബ്ദുൾ റസാക്കായിരുന്നു എന്റെ ആത്മീയപ്രചോദനം. ഞങ്ങൾ ഭഗവാൻ കൃഷ്ണന്റെ ഭക്തന്മാരായിരുന്നു. അർജുനന് വഴികാട്ടിയതുപോലെ അദ്ദേഹം ഞങ്ങൾക്കും വഴികാട്ടിത്തന്നു. ഇനി വിഷയത്തിലേക്ക് വരികയാണെങ്കിൽ, ഈ ഭരണഘടനയിൽ പുതുതായി ഒന്നുമില്ലെന്നും, ബ്രിട്ടീഷുകാർ നമുക്ക് മുൻപിൽ വെച്ച കാര്യങ്ങൾ പ്രതിഫലിപ്പിക്കുക മാത്രമാണ്‌ അത് ചെയ്യുന്നതെന്നും ഞാൻ അംബേദ്ക്കറോട് പറഞ്ഞു. സോവിയറ്റ് ഭരണഘടനയോ മറ്റുള്ളവരുടെ ഭരണഘടനകളോ നോക്കാൻ നമ്മൾ മിനക്കെടാത്തത് വിചിത്രമായി തോന്നുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറയുകയുണ്ടായി. അതിനോടകംതന്നെ ബ്രിട്ടീഷുകാർ 1947-ലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട് തയ്യാറാക്കിയിരുന്നതിനാൽ, അതിന്റെ ആവശ്യമില്ലെന്നത് വ്യക്തമായിരുന്നു. കമ്മ്യൂണിസത്തിനെതിരാ‍യ ഒരു ശക്തിയായി നിലനിൽക്കുന്നതിനുവേണ്ടിയാണ് നമ്മുടെ ജനാധിപത്യം നിർമ്മിക്കപ്പെട്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. 1946 ഫെബ്രുവരിയിലെ റോയൽ ഇന്ത്യൻ നേവി മ്യൂട്ടിനിയെ സഹായിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന കാര്യം, ബ്രിട്ടീഷുകാർ ഒരിക്കലും മറന്നിട്ടുമില്ലായിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാവുന്നതാണ്. എന്നാൽ പിന്നീട്, അന്താരാഷ്ട്രീയമായ പലതും നടന്നു. 1949-ൽ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായി. 1950-ൽ 50,000 ചൈനീസ് സൈനികർ യാലു നദി കടന്ന് വടക്കൻ കൊറിയയിലേക്കെത്തി. അമേരിക്കയെ വെല്ലുവിളിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യയിലാകട്ടെ, 1957-ൽ ചരിത്രത്തിലാദ്യമായി, ബാലറ്റിലൂടെ, കേരളത്തിലെ ജനങ്ങൾ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു. ഫാബിയൻ സോഷ്യലിസ്റ്റായ നെഹ്രുവിന് അത് രുചിച്ചില്ല. അമേരിക്കൻ അംബാസിഡറായ എൽ‌സ്‌വർത്ത് ബങ്കർ രക്ഷക്കെത്തി. കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ നിശിതമായി വിമർശിച്ചിരുന്ന പുതിയ വിദ്യാഭ്യാസനയത്തിനെതിരേ സി.ഐ.എ.യുടെ സഹായത്തോടെ കേരളത്തിലെ തെരുവുകളിൽ അവർ പ്രക്ഷോഭം അഴിച്ചുവിട്ടു. ഇ.എം.എസ്സിന്റെ സർക്കാരിനെ പിരിച്ചുവിടാൻ നെഹ്രുവിനും അക്കാലമായപ്പോഴേക്കും കോൺഗ്രസ്സിന്റെ പ്രസിഡന്റായിക്കഴിഞ്ഞിരുന്ന മകൾ ഇന്ദിരയ്ക്കും സാധിച്ചു. (ശുക്ലാജിയെ വീൽ‌ച്ചെയറിൽ കൊണ്ടുവന്നപ്പോൾ ഗാലറിയിൽ ഒരു ചെറിയ ബഹളം അനുഭവപ്പെട്ടു).

ശുക്ലാജി: എനിക്ക് മൈക്ക് തരൂ, ഒരു മൈക്ക്.

എതിർവിസ്താരകൻ: നിങ്ങളുടെ കൈയ്യിൽ മൈക്കുണ്ടല്ലോ. നിങ്ങൾ അതിലാണ് ഇപ്പോൾ സംസാരിക്കുന്നത്.

ശുക്ലാജി (രോഷത്തോടെ): ബഹുമാനപ്പെട്ട കോടതിയെ, രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കുകയാണോ? മൌലാന കമ്മ്യൂണിസത്തെയും അർബൻ നക്സലുകളെയും ന്യായീകരിക്കുകയാണ്. ഇദ്ദേഹത്തെ ജൂറിയിൽനിന്ന് മാറ്റണമെന്ന ഒരു പ്രമേയം ഞാൻ അവതരിപ്പിക്കുന്നു. ജൂറി പക്ഷപാതപരമാണ്. ജൂറി അംഗങ്ങൾ കോടതിയെ അഭിസംബോധന ചെയ്യുന്നത് അസാധാരണമാണ്. എന്തായാലും, അവർ തുറന്ന് പറഞ്ഞ്, സ്വയം വെളിപ്പെടുത്തിയത് നന്നായി. പക്ഷേ രാഷ്ട്രം ഈ ജൂറിയെ അംഗീകരിക്കില്ല.

ജഡ്ജി (ചുറ്റികകൊണ്ട് മേശയിലടിച്ച്): ഓർഡർ, ഓർഡർ. ഈ കോടതി ബഹുമാനപ്പെട്ട ജൂറിക്ക് അത്യധികം ബഹുമാനം നൽകുന്നുണ്ട്. അവരെ വിമർശിക്കാനോ, അതിലെ അംഗങ്ങളെ ചോദ്യം ചെയ്യാനോ കോടതിക്ക് ഒരധികാരവുമില്ല.

(രാഷ്ട്രപതിഭവനിൽനിന്നുള്ള, പ്രത്യേക വേഷം ധരിച്ച ഒരു സന്ദേശവാഹകൻ വന്ന്, കോടതിയെ വണങ്ങി, കോടതിയിലെ ഉദ്യോഗസ്ഥന്റെ പക്കൽ ഒരു ചുരുൾ ഏൽ‌പ്പിക്കുന്നു. ഉദ്യോഗസ്ഥൻ അത് ജഡ്ജിയുടെ മുമ്പിൽ വെക്കുന്നു. അല്പനേരമെടുത്ത് അത് വായിച്ച് ജഡ്ജി നിശ്ശബ്ദത ഭഞ്ജിക്കുന്നു)

ജഡ്ജി: ഇന്ത്യൻ പ്രസിഡന്റിൽനിന്ന് ഇപ്പോൾ ഒരു സന്ദേശം ലഭിച്ചിട്ടുണ്ട്. അമീർ ഖുസ്രു സാഹിബ് അദ്ദേഹത്തിന്റെ വാദങ്ങൾ ക്രോഡീകരിച്ചതിനുശേഷം ഞാൻ ഈ സന്ദേശത്തിന്റെ ഉള്ളടക്കം അറിയിക്കാം.

അമീർ ഖുസ്രു (എഴുന്നേൽക്കുന്നു): ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ഞാൻ ഇപ്പോൾ പരാമശിക്കാം. പരിഷ്കാരങ്ങൾ വേണമെന്നാണ് ജൂറിയുടെ അഭിപ്രായമെങ്കിലും, ധൃതിപിടിച്ച് ഭരണഘടനയിൽ കൈവെക്കുന്നത് തെറ്റായ സന്ദേശം നൽകാൻ മാത്രമേ സഹായിക്കൂ. അധികാരത്തിൽ വരുന്നതിൽനിന്ന് തങ്ങളെ തടയാനുള്ള ശ്രമമായി അവർണ്ണർ അതിനെ തെറ്റിദ്ധരിച്ചേക്കും. ഈ ഘട്ടത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത്, തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിലേക്ക് നയിക്കുമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. അതൊരു ബുദ്ധിപരമായ നീക്കമായിരിക്കില്ല. അതിനുപകരം ഞങ്ങൾ ശുപാർശ ചെയ്യുന്നത് ഇതാണ്:

സർക്കാരിന്റെ അടുത്ത രണ്ട് പഞ്ചവത്സരക്കാലത്ത്, എല്ലാ പാർട്ടികളിൽനിന്നും ആനുപാതികമായ പ്രാതിനിധ്യമുള്ള ഒരു കമ്മീഷനെ, പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാനായി നിയോഗിക്കുക. ഈ ഭരണഘടന, പ്രാഥമികമായും, പ്രധാനമായും, എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഒന്നായിരിക്കണം. ജനനം മുതൽ മരണംവരേക്കുള്ള സമഗ്രമായ ആരോഗ്യപരിചരണ സംവിധാനം സ്ഥാപിക്കുക.

തൊഴിൽ ഉറപ്പുവരുത്താൻ സാധിക്കുന്നില്ലെങ്കിൽ, വരുമാനം ഉറപ്പുവരുത്തുന്ന രീതിയിൽ അടിസ്ഥാനസൌകര്യങ്ങൾ രാജ്യം സൃഷ്ടിക്കണം.

എല്ലാവർക്കും താമസിക്കാൻ ഒരിടം എന്നത് പ്രാഥമികമായ ആവശ്യമാണ്. ആ രണ്ട് പഞ്ചവത്സരക്കാലത്തിനുള്ളിൽ, മൂലധനമുപയോഗിച്ച്, എന്നാൽ മുതലാളിത്തത്തിന്റെ അത്യാഗ്രഹമില്ലാതെ ഒരു തുടക്കം കുറിക്കാൻ കമ്മീഷന് സാധിക്കും.

എല്ലാവർക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഒരു പുതിയ ഭരണഘടനയ്ക്ക് ചലനം പ്രദാനം ചെയ്യാൻ സാധിക്കും. അത് സരസ്വതിയെ അവരുടെ നാവിൽ വിളയിക്കും. ജനനം മുതൽ പട്ടടവരെ നീളുന്ന ആരോഗ്യപരിരക്ഷണം നൽകാൻ കഴിവും ധൈര്യവുമുള്ള കമ്മീഷൻ. സൌജന്യമോ, മിതമായ നിരക്കിലുള്ള വാടകയ്ക്കോ ഏവർക്കും പാർപ്പിടസൌകര്യം. ഒരൊറ്റ ഇന്ത്യക്കാരനും വിശന്ന് ഉറങ്ങേണ്ടിവരില്ലെന്ന വാഗ്ദാനം, അത് നടപ്പിലാക്കും.  അംബാനിയുമദാനിയും അവരെപ്പോലുള്ളവരും വേണമെങ്കിൽ പട്ടുകുപ്പായത്തിൽ കഴിയട്ടെ, സമ്പത്തുണ്ടാക്കുന്നവർ അവരാണല്ലോ. എങ്കിലും ആ സമ്പത്ത് പൊതുനന്മയ്ക്കായി വിതരണം ചെയ്യണം. ദരിദ്രർ അവരുടെ സമ്പത്തിനെതിരല്ല. ദരിദ്രന്റെ പെട്ടി കാലിയാക്കുന്നതിനോടും മോഷണത്തിലൂടെ അവ സ്വന്തമാക്കി വെക്കുന്നതിനോടും, മാത്രമേ അവർക്കെതിർപ്പുള്ളു ധനികർ അവരുടെ സ്വത്ത് കൈയ്യിൽ‌വെക്കട്ടെ. എന്നാൽ, വലിയ ഒച്ചയും ബഹളവുമില്ലാതെ മാന്യമായി ജീവിക്കാൻ മോഹിക്കുന്നവരോടും അവരല്പം കരുണ കാണിക്കട്ടെ. വിശ്വസിക്കൂ, ഒരു സാമൂഹിക ക്ഷേമസംവിധാനം അതുമാത്രം മതി അവർക്ക്. 

(സ്റ്റേജിലെ വെളിച്ചം മങ്ങുകയും, സ്കൂപ്പ് ടിവിയുടെ ഓഫീസിലേക്ക് കല്ലേറ്‌ നടക്കുന്നതിന്റെ ടിവി ദൃശ്യങ്ങൾ സ്റ്റേജിന്റെ പിന്നിലുള്ള സ്ക്രീനിൽ തെളിയുകയും ചെയ്യുന്നു. ചാണക്യ പുരിയും ജനറൽ മാനേജറും മേശയുടെ താഴെ ഒളിച്ചിരിക്കുന്ന ദൃശ്യത്തിലേക്ക് ക്യാമറ മാറുന്നു. ജനങ്ങളെ രോഷം പിടിപ്പിക്കാൻ കാരണമായ, ചാണക്യ പുരിയുടെ ദളിത്-വിരുദ്ധ പരാമർശങ്ങൾ വീണ്ടും വീണ്ടും സം‌പ്രേഷണം ചെയ്യപ്പെടുന്നു. സ്ക്രീൻ ഓഫായി, വെളിച്ചം വരുമ്പോൾ വാദം നടക്കുന്ന കോടതിമുറിയിലാണ് നമ്മൾ).

അമീർ ഖുസ്രു: ഇനി, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത തരാൻ എന്നെ അനുവദിക്കുക. അത്, മുസ്ലിമുകളുടെ വരവിനെക്കുറിച്ചാണ്. അവർക്ക് തിരിച്ചുവരാൻ പറ്റില്ലെന്നല്ല..!

ശുക്ലാജി (വീൽ‌ച്ചെയറിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അനിത വിലക്കുന്നു): കൂടുതൽ തെളിച്ച് പറഞ്ഞൂടേ? തിരഞ്ഞെടുപ്പിന് മുമ്പ് അവർ തിരിച്ചുവരുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

അമീർ ഖുസ്രു: ഇല്ല, ഇല്ല. തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ പറ്റില്ല. അത് നടക്കും. അതിന്റെ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. മുസ്ലിമുകളുടെ തിരിച്ചുവരവ് തീർത്തും വിഭിന്നമായ ഒരു സംഗതിയാണ്. മുസ്ലിമുകളുടെ വരവ് സ്വപ്നം മാത്രമല്ല. എതിർവിസ്താരകൻ വരച്ച ആ ത്രികോണം ഓർക്കുക. അത് സൂക്ഷ്മമായി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാര്യം പിടി കിട്ടും. ആ ഊരാക്കുടുക്ക് എങ്ങിനെ പതുക്കെ ഊരാമെന്ന്. അവരുടെ ഗൂഢമായ പ്രവാസം എങ്ങിനെ അവസാനിപ്പിക്കാമെന്ന്.

(പൊതുജനങ്ങൾക്കുള്ള ഗ്യാലറിയിൽ എന്തോ ബഹളം. കറുത്ത തലേക്കെട്ട് ധരിച്ച ദളിത് പുരുഷന്മാർ എഴുന്നേറ്റ് നിൽക്കുന്നു).

ദളിത് പുരുഷൻ: മുസ്ലീങ്ങളുടെ ഭൂമി, വീട്, ഫാമുകൾ, കച്ചവടങ്ങൾ എല്ലാം മറ്റുള്ളവർക്ക് വിതരണം ചെയ്യപ്പെട്ട് കഴിഞ്ഞു. ആ മുസ്ലീങ്ങൾ തിരിച്ചുവന്നാൽ ഇനി എങ്ങിനെ ജീവിക്കും?

അമീർ ഖുസ്രു: തിരിച്ചുവരുന്നവർക്ക് ആവശ്യത്തിനുള്ളത് കൊടുക്കാൻ ഉണ്ടാകും എന്ന് ബൻ‌സയിലെ ഷാ അബ്ദുൾ റസാക്കും നമ്മുടെ എല്ലാ സിദ്ധന്മാരും ഗുരുക്കന്മാരും ഉറപ്പ് പറഞ്ഞിട്ടുണ്ട്. അതൊരു പ്രശ്നമേയല്ല. പ്രതിസന്ധി പരിഹരിക്കണമെങ്കിൽ നമ്മൾ ആദ്യം, എതിർവിസ്താരകന്റെ ആ ത്രികോണത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തണം. ഇന്ത്യാ-പാക്കിസ്ഥാൻ എന്നീ തൂണുകളിൽ നിൽക്കുന്ന ആ ത്രികോണത്തെ ഒന്ന് സങ്കല്പിച്ചുനോക്കൂ. (അല്പം നിർത്തി തുടരുന്നു).

ആ തൂണുകളിൽ ഒന്ന് മാറ്റിയാൽ ത്രികോണം തകരും. ദില്ലി-ശ്രീനഗർ ഭാഗം, ഹിന്ദു-മുസ്ലിം ഭാഗത്തിന്റെ മുകളിലേക്ക് വീഴും. ലളിതമായി പറഞ്ഞാൽ, പരസ്പരം ഗുണം ചെയ്യുന്ന വിധത്തിലുള്ള ഇന്ത്യാ-പാക്ക് സൌഹൃദം സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങളെ പരിഹരിക്കും. ചില ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ, ലഘുവായ ചിലത്, ചില മറിച്ചിടലുകൾ, ആക്രമത്തിന്റെ നീണ്ട ചരിത്രത്തിനിടയിൽ സംഭവിച്ചിട്ടുണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥകൾ, മാറിമറിഞ്ഞ ഭാഗ്യങ്ങൾ, മുറിവേറ്റ താൻ‌പോരിമകൾ, എന്നിങ്ങനെ. കൂടുതലും വടക്കേ ഇന്ത്യയിൽ. തെക്ക്, അവർ വന്നത് കൂടുതലും വ്യാപാരികളായിട്ടായിരുന്നു, പ്രലോഭിപ്പിക്കാൻ, അടിച്ചേൽ‌പ്പിക്കാനല്ല. കൂടുതൽ സൌഹാർദ്ദപരമായ ഇഴുകിച്ചേരൽ അവർ നടത്തി.

ബ്രിട്ടീഷുകാരെ അത് അസ്വസ്ഥരാക്കുകയും അവർ അത് നശിപ്പിക്കുകയും ചെയ്തു.

വിഡ്ഢികളെ ചങ്ങലയ്ക്കിടാനായി, ബ്രിട്ടീഷുകാർ നടപ്പാക്കിയ വിഭജിച്ച് ഭരിക്കുക എന്ന കളി തകർക്കാൻ 1857-ൽ മുസ്ലിമുകളും ഹിന്ദുക്കളും ഒരുമിച്ചുചേർന്നു. ബ്രിട്ടീഷുകാരുടെ കളി ഒരു പരിധിവരെ വിജയിച്ചു. ഹിന്ദുക്കൾ ബ്രിട്ടീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷ് കളിപ്പാട്ടങ്ങളും സ്വീകരിച്ചു കൈവശമുണ്ടായിരുന്നവയിൽ അഭിരമിച്ചുകൊണ്ട് മുസ്ലിങ്ങളും അവരുടെ സംസ്കാരവും മാത്രം പഴയതുപോലെ നിന്നു. മധ്യകാലത്തെ പണ്ടത്തെ ആഭിജാത്യത്തിന്റെ തഴമ്പുകൊണ്ടുമാത്രം സമ്പത്തും തൊഴിലും കിട്ടില്ലെന്ന് അവർ ഓർത്തില്ല.

എന്നാൽ, വിഭജനത്തോടെ എല്ലാറ്റിനും ഒരു തീരുമാനമായി നിങ്ങളുടെ നേതാക്കൾ പാക്കിസ്ഥാനെ സ്വീകരിച്ചു, എല്ലാവർക്കും ഒരുമിച്ച് ജീവിക്കാവുന്ന ഹിന്ദുസ്ഥാനെ സ്വീകരിച്ചില്ല. മറ്റെല്ലാം തുല്യമായി പങ്കിടാമെന്ന് കരുതി. എന്നാൽ ഹിന്ദുവാകട്ടെ, ആയിരം വർഷങ്ങൾക്കിടയ്ക്ക് ഇതാദ്യമായി നിങ്ങൾക്ക് കടിഞ്ഞാൺ കൈയ്യിൽ വരേണ്ടതായിരുന്നു. പക്ഷേ, പേരിനെങ്കിലും ഒരു പദവി നൽകാതിരുന്നത് അവഗണിക്കപ്പെട്ടതുപോലെ തോന്നാൻ മുസ്ലിങ്ങളെ നിർബന്ധിതരാക്കി.

ഇത് പരിഹരിക്കാനാവും. നമ്മൾ ഇനിമേൽ, മതവും ജാതിയും സൂചിപ്പിക്കില്ല. പ്രത്യയശാസ്ത്രവും സാമ്പത്തിക-വിദേശനയങ്ങളും രാഷ്ട്രീയപ്പാർട്ടികളെ വ്യത്യസ്തരാക്കും. പാക്കിസ്ഥാനിലെ സിന്ധിലെ സെഹ്‌വാനിൽനിന്ന് ക്ഷണം കിട്ടാൻ, ജൂറിക്ക് ഭാഗ്യമുണ്ടായി വിഭാഗീയവും ദുർഗ്ഗന്ധപൂരിതവുമായ നുണകളുടെ ആവരണം മാറ്റാൻ ആഹ്വാനം ചെയ്ത ഗുരു നാനാക്കിന്റെ ദയാപൂർണ്ണമായ മേൽനോട്ടത്തിൽ നാൻ‌കന സാഹിബിൽ‌വെച്ച് ഒരു സമ്മേളനം കൂടാൻ ലാൽ ഷബാസ് കലന്ദർ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇത്തരം നുണപ്രചാരണങ്ങൾ ഉടനടി അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ, പുതിയ പ്രധാനമന്ത്രി പാക്കിസ്ഥാൻ, ചൈന, സാർക്ക് രാഷ്ട്രങ്ങൾ എന്നിവയിലേക്കും അതിനപ്പുറമുള്ള – അഫ്ഘാനിസ്ഥാനും ഇറാനും അടങ്ങുന്ന ഭാഗത്തേക്കും, മ്യാന്മറും തായ്‌ലൻഡും അടങ്ങുന്ന മറുഭാഗത്തേക്കും – സന്ദർശനം നടത്തുമെന്ന് ദളിത് സമാജത്തിന്റെ അദ്ധ്യക്ഷൻ ഞങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സന്തോഷപൂർവ്വം അറിയിക്കട്ടെ. മുസ്ലിങ്ങൾ തിരിച്ചുവരണമെന്നുണ്ടെങ്കിൽ, ചുരുങ്ങിയത്, ആ സംഭവത്തിന്റെ മുറിപ്പാടുകളെങ്കിലും മായ്ച്ചുകളയണമെങ്കിൽ, ഇവിടെനിന്ന് പലായനം ചെയ്യാൻ അവരെ നിർബന്ധിതരാക്കിയ അവസ്ഥകൾ എന്നന്നേക്കുമായി മായ്ച്ചുകളയുകതന്നെ വേണം.

ദളിത് പുരുഷൻ (ഇടപെട്ടുകൊണ്ട്): പുതിയ ഭരണഘടനക്ക് മാധ്യമങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? ഇക്കണ്ട വർഷങ്ങളത്രയും അവ വെറുപ്പ് പ്രചരിപ്പിക്കുകയായിരുന്നു.

അമീർ ഖുസ്രു: വാർത്താവിനിമയ സാങ്കേതികവിദ്യ മാധ്യമങ്ങളെ ഞങ്ങളുടെ പ്രധാന ആശങ്കകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ മാധ്യമങ്ങളിൽ നിക്ഷേപം ചെയ്യരുത്. മാധ്യമങ്ങൾ സ്വയം ഒരു വ്യവസാ‍യമായി മാറട്ടെ. പൊതുജനമാധ്യമമാവണം അവ. സ്വതന്ത്രവും നിർദ്ദയമായി വിമർശനാത്മകവും ആവണം. ജാതിയേയും വർഗ്ഗീയതയേയും, അഥവാ, മനുഷ്യരേയും രാഷ്ട്രങ്ങളേയും വിഭജിക്കാത്ത ഒന്ന്.

ദേശാഭിമാനം എന്നത്, രാജ്യത്തിനെക്കുറിച്ചുള്ള അപ്രഖ്യാപിത അഭിമാനമാണ്. അലറിവിളിക്കുന്ന മാധ്യമങ്ങളിൽ അത് ദേശഭ്രാന്തായി പരിണമിക്കുകയും അത് ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാനുമായുള്ള സമാധാനപരമായ ബന്ധങ്ങളിൽ വർഗ്ഗീയവ്യത്യാസങ്ങൾ ഉളവാക്കാൻ, ഒരൊറ്റ നീക്കം മാത്രം മതിയാവും. ഇരുഭാഗത്തും തീർച്ചയായും തെമ്മാടിസംഘങ്ങളുണ്ടാവും. സമാധാനത്തെ തകർക്കുന്ന വിധത്തിൽ, സംഘർഷങ്ങളേയും തീവ്രവാദപ്രവർത്തനങ്ങളേയും ഉപജീവിക്കുന്നവർ. അതിനാൽ, സമാധാനം എന്നത്, തിരിച്ചുപോക്കില്ലാത്ത ഒന്നായിരിക്കണം. പൊതുജീവിതത്തിലെ തെമ്മാടിത്തരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒന്ന്. (ഒന്ന് നിർത്തിക്കൊണ്ട്) നന്ദ് ഋഷിയിൽനിന്നും (നൂറുദ്ദീൻ വാലി), കശ്മീരിലെ ചരാർ-ഇ-ഷെരീഫിലെ ലാൽ ദേദ് അഥവാ ലല്ലേശ്വരിയിൽനിന്നും നമുക്ക് പുതുതായി ക്ഷണം കിട്ടിയിട്ടുണ്ട്. നാൻ‌കന സാഹിബിലെ സമ്മേളനത്തിൽ മാത്രമല്ല, കശ്മീരിലെ ചരാർ-ഇ-ഷെരീഫിലെ സമ്മേളനത്തിലും സന്നിഹിതനാകാമെന്ന് ഗുരു നാനാക്ക് മഹാരാജ് അറിയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി, ജൂറി അംഗങ്ങളായ ഞങ്ങൾ ബഹുമാനപ്പെട്ട ജഡ്ജിയോടും എതിർവിസ്താരകനോടും, ഇരുസമുദായങ്ങളിലെ പ്രതിനിധികളോടും, വിശിഷ്യ, സജീവമായി പങ്കെടുത്ത പൊതുഗ്യാലറിയിലെ ജനങ്ങളോടും ഞങ്ങൾക്കുള്ള നന്ദി അറിയിക്കുന്നു. നാൻ‌കന സാഹിബിലേയും ചരാർ-ഇ-ഷെരീഫിലേയും സമ്മേളനങ്ങൾക്കുശേഷം, ആവശ്യമെങ്കിൽ ഞങ്ങൾ വീണ്ടും വരുന്നതായിരിക്കും.

(ജൂറി അംഗങ്ങളെല്ലാവരും എഴുന്നേറ്റ്, ആകാശത്തേക്ക് കൈകളുയർത്തി, ഒരുമിച്ച് ആശീർവദിക്കുന്നു. “ദൈവം നിങ്ങളേയും ഹിന്ദുസ്ഥാനിലെ ജനങ്ങളേയും അനുഗ്രഹിക്കട്ടെ”. കോടതിമുറിയിൽ ഗംഭീരമായ കരഘോഷം മുഴങ്ങുമ്പോൾ…ജൂറി അംഗങ്ങൾ വായുവിൽ അപ്രത്യക്ഷരാവുന്നു! ഓരോ മിനിറ്റ് കഴിയുന്തോറും കരഘോഷം ഉച്ചത്തിലാവുന്നു. എന്നാൽ രാഷ്ട്രപതി അയച്ച ചുരുൾ വായിക്കുന്ന ജഡ്ജിയുടെ മുഖത്ത് ഗൌരവഭാവം പ്രത്യക്ഷമാവുന്നു. കൈയ്യടിച്ചുകൊണ്ടിരിക്കുന്ന ആളുകളെ നോക്കി, ആശങ്ക നിറഞ്ഞ മുഖഭാവത്തോടെ ഒടുവിൽ അദ്ദേഹം ചുറ്റികയെടുത്ത് മേശയിലടിക്കുന്നു)

ജഡ്ജി (രാഷ്ട്രപതിയുടെ കുറിപ്പ് സാവധാനം വായിക്കുന്നു): രാഷ്ട്രപതിഭവനിൽനിന്ന് ഒരു വിശേഷപ്പെട്ട അറിയിപ്പുണ്ട്. ഞാൻ വായിക്കാം: “യൂണിയൻ ക്യാബിനറ്റ് നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ, പ്രസിഡന്റ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു” (പൊതുഗ്യാലറിയിൽനിന്ന് ഉച്ചത്തിലുള്ള ശബ്ദങ്ങൾ. “അവർക്കത് ചെയ്യാൻ പറ്റില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ പറ്റില്ല”. വിളക്കുകൾ കെട്ട്, സ്റ്റേജ് ഇരുട്ടിലാവുന്നു. പിന്നിലുള്ള സ്ക്രീനിൽ ന്യൂസ് എഴുതിക്കാണിക്കുന്നു. ദില്ലിയിലെ തെരുവുകളിൽ റോന്തുചുറ്റുന്ന പട്ടാളക്കാരെ കാണാം. വെടിവെപ്പിന്റെ ശബ്ദങ്ങൾ മുഴങ്ങുന്നു. അവിടെനിന്ന് ദൃശ്യം ഓരോനിമിഷവും ഭീമമായിക്കൊണ്ടിരിക്കുന്ന ഒരു പ്രകടനത്തിലേക്ക് തിരിയുന്നു. ശാന്തിപഥത്തിലൂടെ രാഷ്ട്രപതിഭവനിലേക്കാണ് പ്രകടനം നീങ്ങുന്നത്. ആളുകളുടെ തലയ്ക്ക് മുകളിൽ, തോക്കുകളേന്തിയ ഹെലികോപ്ടർ പറക്കുന്നു. രാഷ്ട്രപതിഭവനിൽനിന്ന് ഒരു ഹെലികോപ്ടർ പറന്നുയരുന്നത് കാണാം)

നിധി (ക്യാമറിയിലേക്ക് നോക്കിക്കൊണ്ട്): രാജ്യതലസ്ഥാനത്ത് അരാജകത്വം വ്യാപിച്ചതോടെ, പ്രസിഡന്റിനെ രഹസ്യവും സുരക്ഷിതവുമായ ഒരു താവളത്തിലേക്ക് ഹെലികോപ്ടറിൽ മാറ്റി. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭയിലെ അംഗങ്ങളേയും അതേ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, തെരുവുകളിൽ സൈന്യത്തിന്റെ ടാങ്കുകൾ വന്നിരിക്കുന്നു. വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ തീവെപ്പ് തുടരുന്നു. (അഗ്നിക്കിരയായ ഒരു കെട്ടിടത്തിൽനിന്ന് പുക ഉയരുന്നു. സ്ക്രീൻ ശൂന്യമാണ്. ഭീമാകാരമായ അക്ഷരങ്ങൾ കറങ്ങിക്കറങ്ങി, ഒടുവിൽ, ആ പ്രശസ്തമായ വാക്ക് തെളിയുന്നതോടെ, ക്യാമറ അതിൽ നിശ്ചലമാവുന്നു)

“ഒരു കല്പിത കഥ”

(അവസാനിച്ചു)


പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.