മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 2
സീൻ 2
ഇനി വരുന്ന രംഗം മുമ്പ് വീഡിയോയിൽ ചിത്രീകരിച്ച് സ്റ്റേജിന്റെ പിന്നിലുള്ള വലിയ സ്ക്രീനിൽ പ്രദർശിപ്പിക്കുന്ന മട്ടിലുള്ള ഒന്നാണ്. നാടകത്തിന്റെ ഇനിവരുന്ന വിവിധ ഭാഗങ്ങളിൽ ഉപയോഗിക്കുന്ന ഈ ലളിതമായ രീതി – നാടകത്തിനുള്ളിലെ സിനിമ – സംഭവങ്ങളെ കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവതരിപ്പിക്കാൻ മാത്രമല്ല, ഒരു സ്റ്റേജിന്റെ നിശ്ചലമായ പശ്ചാത്തലത്തിൽനിന്നും പരിമിതികളിൽനിന്നും ആശ്വാസം പകരാനും സഹായിക്കുന്നു. സിനിമയിൽ കാണുന്നതുപോലെ ഒരു ദൃശ്യത്തിൽനിന്ന് മറ്റൊരു ദൃശ്യത്തിലേക്ക് മാറുന്നതിനും ഇത് ഉപകരിക്കുന്നു.
(നിറയെ കുഴികളുള്ള ഒരു ഇടുങ്ങിയ തെരുവ് ദൃശ്യത്തിൽ തെളിയുന്നു. മുപ്പതിനോടടുത്ത് പ്രായവും ആരോഗ്യവുമുള്ള മിസ്സിസ് അനിത ബ്രജേഷ്, ജീൻസും കടുംചുവപ്പ് ഉടുപ്പുമിട്ട്, ഒരു സ്പോർട്ട്സ് യൂട്ടിലിറ്റി വാഹനത്തിൽ ഡ്രൈവറുടെയടുത്ത് ഇരിക്കുന്നു. വാഹനത്തിൽ, അവരുടെ പിന്നിലായി, ഒരു ചെറിയ സംഘവുമുണ്ട്. അവരുടെ ഭർത്തൃസഹോദരന്മാരും, നാത്തൂന്മാരും, മരുമകളും, ശ്വശുരയും. റഷീദിന്റെ എരുമത്തൊഴുത്തിലേക്ക് കടക്കുന്ന മരംകൊണ്ടുള്ള ഗേറ്റിന് തൊട്ടുമുമ്പിലായി വാഹനം നിർത്തുന്നു).
അനിത (ഡ്രൈവറോട്): പോയി, എത്ര എരുമകളുണ്ടെന്ന് എണ്ണിനോക്കൂ..ശ്രദ്ധിച്ചുവേണം, എണ്ണാൻ.
(ഡ്രൈവർ വാഹനത്തിൽനിന്ന് പുറത്തിറങ്ങി, ഗേറ്റ് തുറന്ന് അകത്തേക്ക് പോവുന്നു. എന്നാൽ പെട്ടെന്നുതന്നെ അയാൾ തിരികെ ഓടിവരുന്നു.
അനിത (ദേഷ്യത്തോടെ): എന്ത് പറ്റി? നായയോ മറ്റോ നിന്നെ ഓടിച്ചോ?
ഡ്രൈവർ (ക്ഷമാപണത്തോടെ): എനിക്കെന്തുചെയ്യാൻ പറ്റും മാഡം? അകത്തുള്ള ആളുകൾ എന്നെ തടഞ്ഞുനിർത്തി. തൊഴുത്തിലെ എരുമകളുടെ എണ്ണം പറയാൻ ഞാനവരോട് ആവശ്യപ്പെട്ടെങ്കിലും അവരതിന് സമ്മതിച്ചില്ല. ഭയങ്കര മോശം സ്വഭാവക്കാരാണ് മാഡം. ഇതൊക്കെ അന്വേഷിക്കാൻ ആരാണ് എനിക്കധികാരം തന്നതെന്ന് അവർക്ക് അറിയണമത്രെ. എന്നിട്ട് അവരെന്നെ ശരിക്കും ഉന്തി പുറത്താക്കി.
അനിത (ചിന്താക്കുഴപ്പവും ദേഷ്യവും പ്രകടിപ്പിച്ചുകൊണ്ട്): ദൈവമേ, ഇത് ഭയങ്കരമായിപ്പോയല്ലോ! അതിന്റെയർത്ഥം, റഷീദ് അവിടെത്തന്നെ ഉണ്ടെന്നാണ്. അവൻ ഇതുവരെ പോയിട്ടില്ല. എന്റെ ഭർത്താവിനെ ശരിക്കും പറ്റിച്ചിരിക്കുന്നു. എന്നെയും ഇതിലേക്ക് വലിച്ചിഴച്ചിരിക്കുന്നു.
ചെറിയ നാത്തൂൻ: ഏടത്തിയമ്മേ, പക്ഷേ വഴിയിലുള്ള മുസ്ലിങ്ങളുടെ കടകളൊക്കെ അടച്ചിരിക്കുകയാണല്ലോ.
അനിത: അതെ. ഞാനത് ശ്രദ്ധിച്ചു. തീർച്ചയായും എന്തോ ഒരു തിരിമറിയുണ്ട്. റഷീദ് അപ്രത്യക്ഷനായതിനെക്കുറിച്ച് എന്തൊക്കെയോ തെറ്റായ വിവരങ്ങളുണ്ടെന്ന് തോന്നുന്നു..ആരെങ്കിലുമൊന്ന് ബ്രജേഷിനെ വിളിക്കുമോ? (ഡ്രൈവറുടെ നേർക്ക് തിരിഞ്ഞ്), അൽതാഫിന്റെ ബംഗ്ലാവിലേക്ക് ഞങ്ങളെ കൊണ്ടുപോവൂ. നമുക്ക് അവിടെയുമൊന്ന് ചെന്ന് നോക്കാം. (ഡ്രൈവർ ഗിയർ മാറ്റുന്നു, വണ്ടി നീങ്ങാൻ തുടങ്ങുന്നു)
(ദൃശ്യം ടിവി സ്റ്റുഡിയോയിലേക്ക് തിരിയുന്നു. ബ്രജേഷ് ഒരു ഫോണിൽ സംസാരിക്കുകയാണ്. അങ്ങേത്തലയ്ക്കൽനിന്നുള്ള സംസാരം ശ്രദ്ധിക്കുമ്പോൾ അയാളുടെ മുഖം ഇരുളുന്നതും നോക്കി, ഓഫീസ് ഗുമസ്തൻ അയാളുടെ മുമ്പിൽ നിൽക്കുന്നതും കാണാം)
ബ്രജേഷ് (ദേഷ്യം മുഴുവൻ നിസ്സഹായനായ ഗുമസ്തനുനേരെ ചൊരിഞ്ഞുകൊണ്ട്): നീയെന്തിനാണ് ഇങ്ങനെ ചെയ്യുന്നത്? എന്നെ നീയൊരു വിഡ്ഢിയാക്കി എന്ന് അറിയാമോ? റഷീദ് അപ്രത്യക്ഷനായിട്ടില്ലെന്ന് തീർച്ചയാണ്. ഇപ്പോൾത്തന്നെ തൊഴുത്തിലേക്ക് നേരിട്ട് ചെന്ന് കൃത്യമായ വിവരങ്ങൾ കൊണ്ടുവരണം (ഗുമസ്തൻ തന്നോടുതന്നെ എന്തൊക്കെയോ മുറുമുറുത്ത്, ധൃതിപിടിച്ച് പോവുന്നു). ഈ കിംവദന്തികളൊക്കെ ആളുകൾ വന്ന് എന്നോട് പറയുന്നതെന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല..നമ്മൾ വല്ലാത്തൊരു അവസ്ഥയിലായിപ്പോവുന്നു. (ഒന്ന് നിർത്തി, ഭാര്യയെ ഫോണിൽ വിളിക്കുന്നു) അനിതാ, റഷീദിനെക്കുറിച്ച് അന്വേഷിക്കാൻ ഞാനൊരാളെ വിട്ടിട്ടുണ്ട്..നിന്നെ ഇങ്ങനെയൊരു സ്ഥലത്തേക്ക് വിട്ടതിന് എന്നോട് ക്ഷമിക്ക്..സ്ഥിരീകരിച്ച വാർത്തയാണെന്നാണ് എന്നെ ധരിപ്പിച്ചത്..അതെ, എനിക്കറിയാം..ഞാനത് സ്ഥിരീകരിക്കേണ്ടതായിരുന്നു..നീ ഇപ്പോൾ എവിടെയാണ്?
(വിശാലവും, കൊളോണിയൽ മാതൃകയിലുള്ളതുമായ ഒരു ബംഗ്ലാവിന്റെ മുറ്റത്തേക്ക് എസ്.യു.വി. കടക്കുന്ന ദൃശ്യത്തിലേക്ക് ക്യാമറ നീങ്ങുന്നു. എസ്.യു.വി. ബംഗ്ലാവിന്റെ പോർച്ചിലെത്തി നിന്നു).
അനിത: (ഡ്രൈവറോട്), അൽതാഫ് ഭായ് പരിസരത്തുണ്ടോ എന്നൊന്ന് ചെന്ന് നോക്ക്..(ഒന്ന് നിർത്തി) ഈ ആളുകളൊക്കെ ആരാണ്?
(ഡ്രൈവർ കാറിൽനിന്നിറങ്ങി, ചപ്പാത്തി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന സ്ത്രീയുടെ അടുത്തേക്ക് പോയി അവരോട് സംസാരിക്കുന്നു. ആ സ്ത്രീയുടെ അടുത്ത് ഒരു ചെറിയ ആൺകുട്ടിയും, പിന്നിലായി, ഹുക്ക വലിച്ചുകൊണ്ട് ഒരാളും ഇരിക്കുന്നുണ്ട്. വേറെ രണ്ട് മുതിർന്ന പുരുഷന്മാർ അവിടെ ചുറ്റിപറ്റി നിൽക്കുന്നുണ്ട്. ഡ്രൈവർ തിരിച്ചുവരുന്നു)
ഡ്രൈവർ: അവരിവിടെയാണ് താമസിക്കുന്നതെന്നാണ് അവർ പറയുന്നത്.
അനിത (ഞെട്ടിത്തരിച്ച്): ഇവിടെ താമസിക്കുന്നെന്നോ? എന്നുമുതൽ?
ഒരു ചെറിയ പെൺകുട്ടി (കാറിന്റെ പിൻസീറ്റിലിരുന്നുകൊണ്ട്): അവരുടെ വേഷം..വേഷമൊക്കെ കണ്ടാൽ, ന്യൂ സോഷ്യലിസ്റ്റ് പാർട്ടിയിലെ അംഗങ്ങളെപ്പോലെയുണ്ട്. ചേച്ചിക്ക് അവരെ അറിയാമായിരിക്കുമല്ലോ..ചേച്ചി ഇപ്പോഴും സെക്രട്ടറിയല്ലേ? അല്ലേ ചേച്ചീ?
അനിത (ദേഷ്യത്തോടെ അവളെ നോക്കിക്കൊണ്ട്): തമാശ പറയേണ്ട കാര്യമൊന്നുമില്ല..നീ വിഷമിക്കണ്ട..ഇനി അഥവാ അവർ അംഗങ്ങളല്ലെങ്കിൽത്തന്നെ, അവരെയൊക്കെ പാർട്ടിയിൽ ചേർക്കും.
(അനിത കാറിൽനിന്നിറങ്ങി പാചകം ചെയ്തുകൊണ്ടിരിക്കുന്ന സ്ത്രീയെ സമീപിച്ച്, ബഹുമാനത്തോടെ ഉപചാരങ്ങൾ കൈമാറുന്നു. അതിനുശേഷം വിവരങ്ങൾ ആരായുന്നു)
അനിത: അൽതാഫ് ഭായ് എവിടെയാണ്? (സ്ത്രീയും കൂടെയുള്ള പുരുഷന്മാരും, അറിയില്ലെന്ന മട്ടിൽ തലകുലുക്കുന്നു)
അനിത (ഭവ്യതയോടെ): നിങ്ങളെങ്ങിനെ ഇവിടെയെത്തി?
ഹുക്ക വലിക്കുന്ന ആൾ: ഒരുപക്ഷേ നിങ്ങൾക്കറിയില്ലെന്നുവരാം, ഈ പ്രദേശത്തുള്ള നിരവധി വീടുകൾ വീടില്ലാത്തവർക്ക് പതിച്ചുനൽകിയിട്ടുണ്ട്.
അനിത: ആരാണ് പതിച്ചുനൽകിയത്?
ഹുക്ക വലിക്കുന്ന ആൾ (എഴുന്നേറ്റ്, സന്ദർശകയെ വന്ദിക്കുന്നു): ഭവതീ, ആ നല്ല കാര്യം ചെയ്തത് ദളിത് സമാജമാണ്. പക്ഷേ ഈ ബംഗ്ലാവ് വളരെ വലുതായിപ്പോയി. ഒമ്പത് മുറികളുണ്ട് ഇതിൽ. നിങ്ങൾക്കാവശ്യമുള്ള മുറികളെടുത്തോളൂ.
അനിത (സ്ത്രീയുടെ നേരെ തിരിഞ്ഞ് അവരുടെ ചുമലിൽ മൃദുവായി തട്ടുന്നു): സഹോദരി, ഇവിടെ അടുക്കളയുണ്ടാവും. ഇവിടെയെന്തിനാണ് തീകൂട്ടിയത്? (സ്ത്രീ പരിഭ്രമിച്ച് പുരുഷന്മാരുടെ നേരെ നോക്കി, ചപ്പാത്തിയുണ്ടാക്കൽ തുടരുന്നു)
രണ്ടാമത്തെ ആൾ: ഞങ്ങൾ ചെരുപ്പുകുത്തികളാണ് മാഡം. മൃഗങ്ങളുടെ തൊലിയുരിച്ച് ഷൂസുണ്ടാക്കുകയാണ് ഞങ്ങൾ ചെയ്യുന്നത്. ഞങ്ങളോട് ചെരുപ്പുണ്ടാക്കാൻ ഇപ്പോൾ ദളിത് സമാജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. ഞങ്ങളോട് ഇങ്ങോട്ടുവരാൻ പറഞ്ഞു. പക്ഷേ നിങ്ങൾ വിഷമിക്കണ്ട മാഡം. വീടിന്റെ പകുതി നിങ്ങളെടുത്തുകൊള്ളു. മൂന്നോ, നാലോ, അഞ്ചോ, ആറോ മുറികൾ..എന്തുവെണമെങ്കിലും
(അനിതയുടെ നാത്തൂന്മാരിൽ ഒരു ചെറുപ്പക്കാരി, എസ്.യു.വി. തുറന്ന് മൊബൈൽ ഫോണുമായി ഓടിവരുന്നു).
ചെറുപ്പക്കാരി: ഭയ്യ ഫോണിലുണ്ട്.
അനിത: (മൊബൈലിൽ സംസാരിക്കുന്നു): അൽതാഫിന്റെ ബംഗ്ലാവിൽ ആളുകൾ താമസം തുടങ്ങി. തോലുമായി ബന്ധപ്പെട്ട എന്തോ പണി ചെയ്യാൻ ആരോ ഇവർക്ക് വീട് നൽകിയിട്ടുണ്ട്….എനിക്ക് തോന്നുന്നത്, എന്തോ ഷൂ ഫാക്ടറിയോ മറ്റോ ആണെന്നാണ്.(ഭർത്താവിൽനിന്നുള്ള വിവരങ്ങൾ ശ്രദ്ധിച്ചുകൊണ്ട്) എന്താണ് പറഞ്ഞത്? റഷീദ് എന്ന എരുമക്കാരൻ ശരിക്കും അപ്രത്യക്ഷമായെന്നോ? മറ്റാരോ അതിലേക്ക് താമസം മാറ്റിയെന്നോ? നിങ്ങൾ നേരിട്ട് പോയി കാര്യങ്ങൾ മനസ്സിലാക്കലാണ് ശരിക്കും വേണ്ടത്. ആനന്ദിനേയും കൂടെക്കൊണ്ടുവരൂ..ഞങ്ങൾ അല്പസമയത്തിനകം നിങ്ങളുടെ കൂടെ കൂടാം. (എന്തോ ആലോചനയിൽ മുഴുകിയതുപോലെയോ തലയ്ക്കകത്ത് എന്തോ പദ്ധതിയിടുന്നതുപോലെയോ അനിതയുടെ കണ്ണുകൾ ചുരുങ്ങുന്നു)
അനിത (നാത്തൂനുനേരെ തിരിഞ്ഞ്): വിചിത്രമായ കാര്യങ്ങളാണ് നടക്കുന്നത്. രാജ്യം പെട്ടെന്ന് സോഷ്യലിസത്തിന് പാകമായതുപോലെ.
(കാറിന്റെ മറുഭാഗത്തുനിന്ന് രണ്ട് പുരുഷന്മാർ ഇറങ്ങിവന്ന് നിശ്ശബ്ദരായി നോക്കിനിൽക്കുന്നു. അനിതയുടെ ഭർത്തൃസഹോദരന്മാരാണ് അവർ)
അനിത (അവരോട്): ഇതൊരുപക്ഷേ സോഷ്യലിസത്തിനുള്ള ദൈവത്തിന്റെ സമ്മാനമായിരിക്കണം
ആദ്യത്തെ ഭർത്തൃസഹോദരൻ (മദ്ധ്യവയസ്സുള്ള, കറുത്ത ട്രൌസറും വെളുത്ത ഷർട്ടുമിട്ടയാൾ): എന്തൊരാശ്വാസം! ഒടുവിൽ നമ്മുടെ ലോകത്തുനിന്ന് വർഗ്ഗീയഘടകം ഇല്ലാതായിരിക്കുന്നു. മുസ്ലിങ്ങളുമില്ല, സ്വത്വരാഷ്ട്രീയവുമില്ല..ഏടത്തിയമ്മേ, നിങ്ങൾ പറയുന്നത് ശരിയായിരിക്കണം..പക്ഷേ ഇതൊന്നും എനിക്ക് വിശ്വസിക്കാനാവുന്നില്ല.
രണ്ടാമത്തെ ഭർത്തൃസഹോദരൻ (ജീൻസും ഡിസൈനർ ഷർട്ടുമിട്ടയാൾ): എന്തെങ്കിലും തീരുമാനത്തിലെത്തുന്നതിനുമുൻപ് കാര്യം സ്ഥിരീകരിച്ചേ പറ്റൂ. ഒരു സമുദായം മുഴുവൻ അപ്രത്യക്ഷമായി എന്ന സംസാരമൊക്കെ വ്യാജവാർത്തയാവാൻ സാധ്യതയുണ്ട്.
അനിത (എല്ലാ കാര്യങ്ങളും വ്യക്തമായി കാണുന്ന മട്ടിൽ, ആധികാരികമായി): നോക്കൂ, സംഗതി സത്യമാണെങ്കിൽ, രണ്ടുതരത്തിൽ ഇതിനെ കാണാവുന്നതാണ്. ഒന്ന്, മുസ്ലിങ്ങളുടെ അപ്രത്യക്ഷമാവൽ, സമൂഹത്തിൽ വലിയ ചലനമുണ്ടാക്കും – ഞാനുദ്ദേശിച്ചത്, ഓരോതവണയും എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഇനി വിരൽ ചൂണ്ടാൻ നമുക്ക് ആളില്ലാതെയാവും. നമ്മുടെ രാഷ്ട്രീയത്തിനെ വർഗ്ഗീയവത്ക്കരിച്ച എല്ലാം പെട്ടെന്ന്… ഇല്ലാതായി. പക്ഷേ മറ്റൊന്നുകൂടി ഉണ്ട്. ഒരുപക്ഷേ ആത്യന്തികമായി ഇത് സോഷ്യലിസത്തിന്റെ സമയമായിരിക്കാം..ആലോചിച്ചുനോക്കൂ..ഈ സ്ഥലങ്ങളും സമ്പത്തും തൊഴിലും എല്ലാം തുല്യമായി ആളുകൾക്കിടയിൽ പങ്കുവെക്കുകയും…(ഭാവിയിലേക്കെന്ന മട്ടിൽ വിദൂരതയിലേക്ക് നോക്കി, അവർ ഒന്ന് നിർത്തുന്നു).
ഇളയ യുവതി (അനിതയുടെ നാത്തൂൻ): ഏടത്തിയമ്മേ, അപ്പോൾ നിങ്ങൾ വിചാരിക്കുന്നത്, ഈ 200 ദശലക്ഷം മുസ്ലിങ്ങൾ അപ്രത്യക്ഷമായത് ഒരു വലിയ അവസരമാണെന്നാണോ?
അനിത: ഈ ഹിന്ദുത്വ പ്രോജക്ട് എന്നത് കൃത്യമായും അതുതന്നെയല്ലേ? ഹിന്ദുരാഷ്ട്രം സ്ഥാപിച്ചുകഴിഞ്ഞാൽ, തേനും പാലും ഒഴുകുന്ന രാജ്യമായി ഇന്ത്യ മാറുമെന്നല്ലേ അവർ നമ്മളോട് പറഞ്ഞുകൊണ്ടിരിക്കുന്നത്? ആകെപ്പാടെ നോക്കുമ്പോൾ, ആ സ്വപ്നം യാഥാർത്ഥ്യമായതുപോലെ തോന്നുന്നു.
രണ്ടാമത്തെ ഭർത്തൃസഹോദരൻ: അനിതച്ചേച്ചീ, എങ്ങിനെയാണ് നിങ്ങൾക്ക് ഹിന്ദുത്വയും സോഷ്യലിസവും കൂട്ടിക്കലർത്താൻ കഴിയുന്നത്? എന്റെ യുക്തിക്ക് അത് തീരെ വഴങ്ങുന്നില്ല..
ആദ്യത്തെ ഭർത്തൃസഹോദരൻ (പരിഹാസത്തോടെ): ന്യൂ സോഷ്യലിസ്റ്റ് പാർട്ടിയും, ഹിന്ദുത്വയുടെ പേരിൽ പ്രതിജ്ഞയെടുക്കുന്നവരും തമ്മിലെന്താണ് വ്യത്യാസം?
അനിത (അൽതാഫ് ബംഗ്ലാവിലെ പുതിയ താമസക്കാരെ ചൂണ്ടി): ഇനി അവർക്ക് ന്യായമായ ഒരു പങ്ക് കിട്ടും. സോഷ്യലിസം എന്നുപറഞ്ഞാൽ ഇതുതന്നെയാണ്.
രണ്ട് സഹോദരന്മാരും (ഒറ്റസ്വരത്തിൽ): സോഷ്യലിസ്റ്റ് പറുദീസ ഉണ്ടാക്കാനാണ് ഹിന്ദുത്വം മുസ്ലിങ്ങളെ പുറത്താക്കിയത് എന്നാണോ നിങ്ങൾ ഉദ്ദേശിച്ചത്?
രണ്ടാമത്തെ ഭർത്തൃസഹോദരൻ (അനിതയോട്): വരുന്ന തിരഞ്ഞെടുപ്പിൽ നിങ്ങൾ പൂർണ്ണമായും സോഷ്യലിസത്തിന്റെ പേരിലായിരിക്കും മത്സരിക്കുകയെന്ന് എനിക്ക് കാണാൻ കഴിയുന്നുണ്ട്. (ബംഗ്ലാവിലെ ആളുകളെ ചൂണ്ടിക്കൊണ്ട്) ഈ ആളുകളായിരിക്കും നിങ്ങളുടെ വോട്ടർമാരെന്ന് നിങ്ങൾ വിശ്വസിക്കുകയും ചെയ്യുന്നു.
ഡ്രൈവർ (ഈ സംഭാഷണം കേട്ടുകൊണ്ട് ഇടപെടുന്നു): വലിയ ധാരണകളൊന്നുമില്ലാത്ത ഒരു സാധാരണക്കാരനാണ് ഞാൻ എന്ന് എനിക്കറിയാം..പക്ഷേ മാഡം, ആ ഇരിക്കുന്ന ആളുകൾ, അല്ലെങ്കിൽ, ദളിത് മണ്ഡലിനോട് ബന്ധമുള്ള മറ്റുള്ളവർ, അവരൊരുപക്ഷേ തിരഞ്ഞെടുപ്പിൽ മത്സരിക്കാനും രാജ്യം ഭരിക്കാനുമുള്ള ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്നുണ്ടാവുമെന്ന് മാഡം എന്നെങ്കിലും ആലോചിച്ചിട്ടുണ്ടോ?
അനിത (ആകെ വശംകെട്ട്): എന്നെ ആശയക്കുഴപ്പത്തിലാക്കല്ലേ..നിങ്ങൾ വണ്ടി ഓടിക്കുന്നതിൽ ശ്രദ്ധിച്ചാൽ മതി..നമുക്ക് റഷീദിന്റെ തൊഴുത്തിലേക്ക് തിരിച്ചുപോകാം.
(റഷീദിന്റെ തൊഴുത്തിന്റെ പുറത്ത് നിൽക്കുന്ന ആനന്ദിലേക്കും ബ്രജേഷിലേക്കും ഓഫീസ് ഗുമസ്തനിലേക്കും ദൃശ്യം തിരിയുന്നു. ഗുമസ്തൻ കരയുകയാണ്. കണ്ണുനീർ കവിളിലൂടെ ഒഴുകുന്നുണ്ട്. എസ്.യു.വി. വന്നുനിന്ന്, അനിതയും നാത്തൂന്മാരും ഭർത്തൃസഹോദരന്മാരും ഡ്രൈവറും പുറത്തിറങ്ങുന്നു).
ഓഫീസ് ഗുമസ്തൻ (ആരോടെന്നില്ലാതെ): നമ്മൾ തുലഞ്ഞു..എല്ലാം പോയി..നമുക്ക് ഇനി ഒന്നും ബാക്കിയില്ല..
അനിത: എന്തിനാണയാൾ കരയുന്നത്? അയാൾക്ക് എന്ത് നഷ്ടപെട്ടുവെന്നാണ്?
ബ്രജേഷ്: അവന്റെ സ്വപ്നം.. കുറച്ച് എരുമകളെ സ്വന്തമാക്കാമെന്നത്..ഒരുപക്ഷേ നമ്മുടെയും സ്വപ്നം..റഷീദിനെക്കുറിച്ച് അന്വേഷിക്കാൻ ഞങ്ങളയാളെ തൊഴുത്തിലേക്ക് അയച്ചപ്പോൾ ചില ആളുകൾ അവനെ കത്തിയും വടിയുമായി ആക്രമിച്ചു..അവരുടെ സ്ഥലത്തേക്ക് അതിക്രമിച്ചുകയറി എന്ന് കുറ്റപ്പെടുത്തി…..എരുമകളെ അവർക്ക് സ്വന്തമായി കൊടുത്തതാണത്രെ…(ഗേറ്റിന് പുറത്തുള്ള എസ്.യു.വിയിൽ നിറയെ ആളുകളെ കണ്ടപ്പോൾ, എരുമത്തൊഴുത്തിൽനിന്ന് ഒരാൾ പുറത്തുവന്നു..മുഷിഞ്ഞ ഒരു ബനിയനും, കണങ്കാലിനുമീതെ ചുരുട്ടിവെച്ച് അയഞ്ഞ ഒരു പൈജാമയുമായിരുന്നു അയാളുടെ വേഷം).
അനിത (ആധികാരികമായ ശബ്ദത്തിൽ): ഇതാരാണാവോ?
ഗുമസ്തൻ: മാഡം, ഇത് ചോട്ടേലാൽ..അയാൾ പറയുന്നത്, മൃഗസംരക്ഷണവകുപ്പ് ഈ തൊഴുത്ത് അയാൾക്ക് എഴുതിക്കൊടുത്തുവെന്നാണ്.
അനിത: അതായത്, ഇയാളാണോ എരുമകളെ നോക്കുന്നത്?
ചോട്ടേലാൽ: ഞാൻ മറ്റ് മൃഗങ്ങളേയും നോക്കുന്നുണ്ട്.
ബ്രജേഷ്: എരുമകൾ, പശുക്കൾ, ആട്..അല്ലേ?
ചോട്ടേലാൽ: അല്ല സർ, ഞങ്ങൾ പന്നികളെ വളർത്തുന്നുണ്ട്
ബ്രജേഷ് (വെറുപ്പോടെ): അതുകൊണ്ട്, മാന്യന്മാരേ, മഹതികളേ..ഇനി നമുക്ക് നല്ല ശുദ്ധമായ പന്നിപ്പാലും ലഭിക്കും!
ഗുമസ്തൻ: സർ, കാര്യമെന്താണെന്നുവെച്ചാൽ, ചോട്ടേലാൽ ഈ തൊഴുത്തിന്റെ പിന്നിലായിരുന്നു താമസം. റഷീദ് രാവിലെ അപ്രത്യക്ഷമായപ്പോൾ, മുനിസിപ്പൽ കോർപ്പറേഷനിലുള്ള ഇയാളുടെ ഒരു ബന്ധുവും ദളിത് സമാജം കമ്മിറ്റിയിലെ ഒരംഗവും അയാളോട് പറഞ്ഞു, ഈ മൃഗങ്ങളെ ഇത്രകാലം പോറ്റിയ ആളെന്ന നിലയിൽ, അയാൾക്ക് തൊഴുത്ത് സ്വന്തമായി ഏറ്റെടുക്കാമെന്ന്.(അയാളൊന്ന് നിർത്തി, വികാരവിക്ഷോഭംകൊണ്ട് വിറച്ച ശബ്ദത്തിൽ തുടരുന്നു)..എത്ര പെട്ടെന്നാണ് സ്ഥിതിഗതികൾ മാറിയത്..ഇനിമുതൽ, ഈ മനുഷ്യനിൽനിന്ന് എനിക്ക് പാൽ വാങ്ങാൻ പറ്റില്ല..ഞാൻ ദരിദ്രനായിരിക്കാം..പക്ഷേ ആചാരങ്ങളെ ഞാൻ ബഹുമാനിക്കുന്നു..ഒരു പന്നിസൂക്ഷിപ്പുകാരനിൽനിന്ന് പാൽ വാങ്ങി എന്റെ കുടുംബത്തിന് കൊടുക്കാൻ എനിക്ക് കഴിയില്ല..
ബ്രജേഷ്: നമ്മുടെയൊക്കെ തലയിൽ ആകാശം ഇടിഞ്ഞുവീണതുപോലെയായല്ലോ..റഷീദിന്റെ എരുമകളെ നമുക്കിടയിൽ എങ്ങിനെ പങ്കുവെക്കാമെന്നായിരുന്നു നമ്മൾ സ്വപ്നം കണ്ടത്..അതുകഴിഞ്ഞ്, നമുക്കിടയിൽ പങ്കുവെക്കാൻ, അൽതാഫ് ഭായിയുടെ ബംഗ്ലാവടക്കമുള്ള കോടിക്കണക്കിന് വിലവരുന്ന സ്വത്തുക്കളുണ്ടാവുമെന്ന് നമ്മൾ വെറുതെ വ്യാമോഹിച്ചു..പങ്കിട്ടെടുക്കാൻ എത്രയോ അധികമുണ്ടാവുമെന്ന് നമ്മൾ കരുതി..
അനിത: പക്ഷേ അതിനെന്താ..നമ്മൾ അപ്പോഴും പങ്കിട്ടെടുക്കും..തീർച്ചയായും നമ്മളത് ചെയ്യും..എന്തുകൊണ്ട് ആയിക്കൂടാ?
ആദ്യത്തെ ഭർത്തൃസഹോദരൻ: പാൽക്കാരൻ പന്നിവളർത്തുമ്പോൾ നമ്മൾ എങ്ങിനെ പാൽ പങ്കിട്ടെടുക്കുമെന്നാണ് പറയുന്നത്? ഇതല്ലല്ലോ നമ്മൾ ആഗ്രഹിച്ചത്..മുസ്ലിങ്ങൾ അപ്രത്യക്ഷമായതിൽപ്പിന്നെ എല്ലാം തലകീഴായി മറിഞ്ഞുവെന്ന് തോന്നുന്നു.
ബ്രജേഷ് (പരിഹാസത്തോടെ): മറ്റെന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്? നിങ്ങൾ മുസ്ലിങ്ങളെ തല്ലിക്കൊന്നു, തൊഴിലൊന്നും കൊടുക്കാതെ ചേരികളിൽ അടച്ചിട്ടു..അവരെക്കൊണ്ട് ജയിലുകൾ നിറച്ചു….തീവ്രവാദികളായി, അല്ലെങ്കിൽ പാക്കിസ്ഥാനികളായി മുദ്രകുത്തി..നമ്മുടെ ആ പാപത്തിന്റെ വില നമ്മൾ കൊടുക്കേണ്ടിവരില്ലേ?
അനിത (വിഷയം മാറ്റിക്കൊണ്ട്): പക്ഷേ എനിക്ക് പ്രശ്നം മനസ്സിലാവുന്നില്ല…ഒരു പന്നിവളർത്തലുകാരനായതുകൊണ്ട് (അവർ ആ വാക്കിന് ഊന്നൽകൊടുക്കുന്നതുപോലെ അന്തരീക്ഷത്തിൽ ഉദ്ധരണി ചിഹ്നം വരച്ചു) ശരിക്കും എന്താണ് പ്രശ്നം?.
ആനന്ദ്: അനിതാജി, നിങ്ങൾ മാത്രമാണ് ശരിക്കുള്ള ചോദ്യങ്ങൾ ചോദിക്കുന്നത്! ജാതിവർഗ്ഗീകരണത്തിന്റെ നല്ല വശങ്ങൾ പഠിക്കാൻ നമ്മളെല്ലാം ഇനി സ്കൂളിലേക്ക് തിരിച്ചുപോകണമെന്നാണ് എനിക്ക് തോന്നുന്നത്. വർഗ്ഗീയതയുടെ സ്ഥാനം ഇനി ജാതീയത കൈയ്യടക്കും..നമ്മളെപ്പോലുള്ളവരെ സംബന്ധിച്ച്, അത് വറചട്ടിയിൽനിന്ന് തീയിലേക്ക് പോവുന്നതുപോലെയാവും.
അനിത: എനിക്ക് പിടികിട്ടുന്നില്ല..
ബ്രജേഷ്: മുസ്ലിം മുക്തമായ ഒരു ഇന്ത്യയിൽപ്പോലും അവസാനത്തെ ചിരി അവരുടേതായിരിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. നമ്മളെപ്പോലെയുള്ള മുന്തിയ ജാതിക്കാർക്ക്, അവർണ്ണന്മാരിൽനിന്ന്, അഥവാ, ദളിതുകളിൽനിന്ന് ആക്രമണം നേരിടേണ്ടിവരുന്നതിനെക്കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?
തുടരും … അടുത്ത സീൻ ആഗസ്ത് 23 ന് വായിക്കുക
തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ
പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ