വിഭജനത്തിന്റെ ആഘാതം നേരിട്ട് അനുഭവിച്ചിട്ടില്ല. ചരിത്രത്തിൽ ഞാൻ ചികഞ്ഞപ്പോൾ കണ്ടെടുത്തത്, സുശീലാ ദേവി എന്ന അജ്ഞാതയായ ഒരെഴുത്തുകാരി, ‘അവരും മനുഷ്യരാണ്’ എന്ന തലക്കെട്ടിൽ എഴുതിയ മറക്കാനാവാത്ത ഒരു ഒഡിയ കഥയാണ്. ഒഡിഷയിൽ ഈ ഗണത്തിൽ പെട്ട സർഗ്ഗരചനകൾ ഏറെ ഉണ്ടായിട്ടില്ല: ഒഡിഷ, ഒരു അതിർത്തി പ്രവിശ്യയല്ല.
ഒഡിഷയുടെ ജനമനസ്സിൽ വിഭജനം ആഴത്തിൽ പതിഞ്ഞില്ല എങ്കിലും, വിഭജനത്തിന്റെ പ്രത്യാഘാതങ്ങൾ ആ സംസ്ഥാനത്തും പിന്നെയും പിന്നെയും അലയടിക്കുക തന്നെ ചെയ്തു; ആദ്യം കിഴക്കൻ ബംഗാളിൽ നിന്നും, പിന്നീട് ബംഗ്ലാദേശിൽ നിന്നും, കഴിഞ്ഞ നൂറ്റാണ്ടിന്റെ അൻപതും, അറുപതും ദശകങ്ങളിലൊക്കെ. മാനവികത എന്തെന്നറിയാത്ത ഉദ്യോഗസ്ഥപ്രഭുക്കന്മാർ വിഭജനത്തിന്റെ മനുഷ്യ വ്യഥകളെയും മുറിവുകളെയും മൂടിവെക്കാൻ അക്കങ്ങൾ കൊണ്ട് മാത്രം പേരിട്ടുവിളിച്ച കോളനികളിലേക്ക്, തീവണ്ടികളിൽ കുത്തിനിറച്ചെത്തിയ അഭയാർത്ഥികൾ വന്നടിഞ്ഞു. കൊറാപുട്ടിലെ ദണ്ഡകാരണ്യ പ്രദേശത്തും, മൽക്കൻഗിരിയിലും, അയൽപക്കത്ത് ചത്തീസ്ഗഢിലും, മധ്യപ്രദേശിലുമുള്ള ഗ്രാമങ്ങളിലും ഇന്നും അതിൽ ചില കോളനികൾ നിലനിൽക്കുന്നുണ്ട്.
ഞാൻ കൊറാപുട്ടിൽ ജോലി ചെയ്യുമ്പോൾ അഴുക്കിലും, പട്ടിണിയിലും, അവഗണനയിലും ആഴ്ന്നു കിടന്ന അത്തരമൊരു കോളനി സന്ദർശിച്ചിരുന്നു. അധികാര കേന്ദ്രങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായി ഏറെ ദൂരെ, ചരിത്രത്തിന്റെ ചുഴികളിൽ കുരുങ്ങിനിൽക്കുന്ന അത്തരം അഭയാർത്ഥി ക്യാമ്പുകൾ നമ്മുടെ കലുഷമായ രാഷ്ട്രീയ ഭൂതകാലത്തിന്റെ നിതാന്തമായ ഓർമ്മപ്പെടുത്തലുകളാണ്. പോസ്റ്റ് കൊളോണിയൽ കാലഘട്ടത്തിലെ പ്രമുഖ വിമർശകനായ ദിപേഷ് ചക്രവർത്തി വിശേഷിപ്പിച്ചതു പോലെ, ഈ കോളനിയിലെ എല്ലാ അന്തേവാസികളും, ഗൃഹാതുരത്വത്തിന്റെ വ്യഥകളും, പറിച്ചുനടലിന്റെ വേദനയും ആഘാതവും, വിട്ടുപോന്ന നാടിന്റെ നഷ്ടസ്മൃതികളും കൊണ്ട് വേട്ടയാടപ്പെടുന്നവരായിരുന്നു.
വൈയക്തികമായ ദുർവിധികളിൽ നാം ചെയ്യാറുള്ളതുപോലെ, എന്തേ ഈ ദുർഗതി വന്നു എന്ന് രാജ്യങ്ങളും പലപ്പോഴും അമ്പരന്നു പോകാറുണ്ട്. അവ ഒഴിവാക്കപ്പെടാമായിരുന്നോ? ഹിരോഷിമയെയും നാഗസാക്കിയെയും ആണവ ദുരന്തത്തിൽ നിന്ന് രക്ഷിക്കാൻ നമുക്ക് കഴിയുമായിരുന്നോ? അവക്ക് പകരം മറ്റു പോംവഴികൾ ഉണ്ടായിരുന്നുവോ? ഇന്ത്യാ വിഭജനത്തിന്റെ ഓർമ്മകളുമായി എങ്ങനെയാണ് നമ്മൾ ഇടപഴകേണ്ടത്? ചരിത്രപരമായ തെറ്റുകളെ നാം എങ്ങനെയാണ് കഴുകിക്കളയുക? അവയിൽ നിന്ന് ശുദ്ധരാവുക? അതിർത്തിയുടെ ഇരു വശത്തും കൃത്യമായ ഇടവേളകളിൽ അരങ്ങേറുന്ന, ആവർത്തനം കൊണ്ട് അർഥം നഷ്ടപ്പെട്ട ചിഹ്നങ്ങൾക്കും, അനുഷ്‌ഠാനങ്ങൾക്കും, ഓർമ്മ പുതുക്കലുകൾക്കും അപ്പുറത്തേക്ക് എങ്ങനെയാണ് നമുക്ക് കടക്കാനാവുക? പിൻവാതിൽ നയതന്ത്രം കൊണ്ട് മാത്രം സ്ഥിരതയുള്ള ഉത്തരങ്ങൾ നമുക്ക് ലഭിക്കുമോ?
നിശ്ചയമായും, വിഭജന മഹാദുരന്തത്തിന്റെ ശേഷമുള്ള 75 വർഷങ്ങളിൽ നമ്മൾ പലതും തിരിച്ചറിഞ്ഞവരായി മാറിയിട്ടുണ്ട്. വിവരണാതീതമായ ദുരനുഭവമായിരുന്നു വിഭജനം എന്നിരിക്കിലും ലോകത്ത് ഇങ്ങനെ ഒരനുഭവം മാത്രമല്ല ഉണ്ടായിട്ടുള്ളത്. ജർമ്മനിയുടെ പൊതുവെയും, ബെർലിന്റെ വിശേഷിച്ചുമുള്ള വിഭജനം, രണ്ടു കൊറിയകൾ രൂപപ്പെടുത്തിയത്, അമേരിക്കയിൽ ആഞ്ഞടിച്ച ആഭ്യന്തര യുദ്ധം- ഇതെല്ലാം ദശലക്ഷക്കണക്കിന് മനുഷ്യരുടെ ജീവിതങ്ങളിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. ചില പ്രശ്നങ്ങൾ യുദ്ധത്തിലൂടെയും, മറ്റു ചിലവ സമവായത്തിലൂടെയും അനുനയത്തിലൂടെയും പരിഹരിക്കപ്പെട്ടപ്പോൾ, ഇന്ത്യയിലേതു പോലെ ചിലത് ഉണങ്ങാത്ത വ്രണങ്ങളായി വിങ്ങുകയും, തുടരെ നടക്കുന്ന സംഘർഷങ്ങളായും, കലാപാഗ്നിയായും പൊട്ടിപ്പുറത്തുവരികയും ചെയ്യുന്നു- 1948, 1965, 1971, പിന്നെ കാർഗിൽ യുദ്ധം. അതെ, ഇന്നും അഫ്ഗാനിസ്ഥാൻ തൊട്ടു പാകിസ്ഥാനും, ബർമ്മയും, നേപ്പാളും, ശ്രീലങ്കയും, മാലിദ്വീപുകളും വരെ എല്ലാടവും സംഘർഷ മേഖലകളായി തുടരുന്നു.
ഭൗതികസ്മരണകൾ
ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ നിലനിൽക്കുന്ന പ്രതിസന്ധിയെ പറ്റി രാഷ്ട്രീയ വിശാരദന്മാർ ഉത്തരങ്ങൾ അന്വേഷിക്കുകയും, വിഭജനത്തിന്റെ പല കാരണങ്ങളുമായി ചരിത്രകാരന്മാർ ഗുസ്തി പിടിക്കുകയും ചെയ്യുമ്പോൾ, സ്ഥിരതയുള്ള ഉത്തരങ്ങൾ കണ്ടെത്താനാവുന്നത്, അടുത്തകാലത്ത് സാമൂഹ്യശാസ്ത്രജ്ഞർ ഭൗതിക സ്മരണകൾ എന്ന് വിളിച്ചു വിശേഷിപ്പിച്ച സാഹിത്യത്തിലും, സംസ്കാരത്തിലും, ഗവേഷണത്തിലും, രേഖപ്പെടുത്തിവെക്കലിലുമാണ്. ദു:ഖത്തിന്റെയും, വേദനയുടെയും, സഹനത്തിന്റെയും ലോകം കടന്നു മുന്നേറാമെന്ന പ്രതീക്ഷയെങ്കിലും ഉണരുന്നത് അപ്പോഴാണ്. എണ്ണം പറഞ്ഞു കുറിച്ച് വെക്കുക, തരം തിരിച്ച് എഴുതി വെക്കുക, ഓർമ്മയിൽ മാഞ്ഞുപോകാതെ സൂക്ഷിക്കുക; ജെറുസലേമിലെ നാസി വംശഹത്യാ മ്യുസിയങ്ങളിലേതു പോലെ. ഇന്ത്യാ വിഭജനത്തിന്റെ പേരറിയാത്ത ഇരകൾക്ക് വേണ്ടി സ്മരണാഞ്ജലി അർപ്പിക്കാനും, മുറിവുണക്കുന്നത്തിനുള്ള ചികിത്സ തുടങ്ങിവെക്കാനും അതാവും ഉചിതമായ വഴി.
ഭൂതകാലത്തിലേക്ക് തിരിച്ചുപോകാതിരിക്കൂ, അത് മുറിവുകളെ കുത്തിനോവിക്കലാവും എന്ന് നമ്മോടു പറയുന്നവർ തീർച്ചയായും ഉണ്ട്. എന്നാൽ ക്രൂരതയുടെ ഇരുണ്ട ഇടനാഴികളിൽ നാം കണ്ടതു പോലെ ഭൂതകാലത്തിന്റെ പ്രേതാത്മാക്കൾ മടങ്ങിപ്പോകാൻ വിസമ്മതിച്ചു കാത്തുനിൽക്കുന്നുണ്ട്.
ടാൽസ കൂട്ടക്കുരുതിയും, ‘കറുത്ത ജീവിതങ്ങളും വിലയുള്ളതാണ്’ എന്ന പ്രസ്ഥാനവും
ഈ വിഷയത്തിൽ നമുക്ക് പൂർവ്വമാതൃകകൾ ഇല്ലാതില്ല. ഒക്ലഹാമയിലെ ടാൽസയിൽ നടന്ന കറുത്ത വർഗ്ഗക്കാരുടെ കൂട്ടക്കുരുതിയുടെ നൂറാം വാർഷികത്തിൽ, 2020 ഇൽ അമേരിക്കയിൽ, നടന്ന പാതകങ്ങൾക്കു ക്ഷമ ചോദിക്കാനുള്ള ആത്മാർത്ഥമായ പരിശ്രമങ്ങൾ നടന്നു. ‘കറുത്ത ജീവിതങ്ങളും വിലയുള്ളതാണ്’ (Black Lives Matter) എന്ന മുന്നേറ്റത്തിന്റെ സമയത്തു തന്നെയാണ് ഈ നൂറാം വാർഷികവും വന്നത്.
1920 ഇൽ ഒക്ലഹാമയിലെ ടാൽസ പ്രവിശ്യയിൽ, ലിഫ്റ്റ് ഓപ്പറേറ്ററായ ഡിക്ക് റോളണ്ട് എന്ന കറുത്ത വർഗ്ഗക്കാരൻ സാറാ പേജ് എന്ന വെള്ളക്കാരി യുവതിയെ ബലാത്സംഗം ചെയ്തു എന്ന അടിസ്ഥാനമില്ലാത്ത അഭ്യൂഹത്തിന്റെ പേരിൽ, നൂറു കണക്കിന് നിരപരാധികളായ കറുത്തവരെ, ഉയരെ നിന്ന് പോലും മെഷീൻ ഗൺ ഉപയോഗിച്ചു വെടിയുതിർത്തുകൊണ്ട് കൂട്ടക്കൊല ചെയ്തു. അമേരിക്കൻ സാമൂഹ്യ വിമർശകനായ ലെസ്ലി ഫീൽഡർ ചൂണ്ടിക്കാണിച്ചിട്ടുള്ള, അന്യ വംശക്കാരിൽ നിന്ന് എപ്പോഴും ഒരു ബലാത്സംഗ ഭീഷണി ഉണ്ട് എന്ന ഭീതി, ഇതുകേൾക്കുമ്പോൾ ഓർമ്മ വരുന്നു. നാസികൾ സൃഷ്ടിച്ച വംശഹത്യയുടെ മഹാദുരന്തത്തിൽ ജർമ്മൻകാർ കാണിച്ച നിശ്ശബ്ദമായ എതിർപ്പില്ലായ്മക്കു ക്ഷമ ചോദിക്കാനായി ജർമ്മൻ ചാൻസലർ വില്ലി ബ്രാൻഡ് മുട്ടുകുത്തി നിന്നതു പോലെ തന്നെ, വെള്ളക്കാരുടെ മേധാവിത്വത്തിൽ വിശ്വസിക്കുന്ന കു ക്ലക്സ് ക്ലാൻ എന്ന വെള്ളക്കാരുടെ ഗൂഢ സംഘം ചെയ്തുകൂട്ടിയ വംശീയ കുറ്റകൃത്യങ്ങളും, ഡി.ഡബ്ലിയു. ഗ്രിഫിത്ത് സംവിധാനം ചെയ്ത ‘ദി ബർത്ത് ഓഫ് എ നേഷൻ’ എന്ന വംശവിദ്വേഷപരമായ സിനിമയും ഒക്കെ ചേർന്നുള്ള ഒരു പാരമ്പര്യത്തിൽ നിന്നുകൊണ്ടാണ് അമേരിക്ക കുറ്റവും ശിക്ഷയും എന്ന സങ്കൽപ്പനത്തെ കൈകാര്യം ചെയ്യാൻ ശ്രമിച്ചത്. സമാനമായി, ജപ്പാൻ സർക്കാർ തെക്കു കിഴക്കൻ ഏഷ്യയിലും, വിദൂര കിഴക്കൻ മേഖലകളിലും ജാപ്പനീസ് അധിനിവേശ സേനയുടെ ലൈംഗിക ഹിതനിവൃത്തിക്ക് നിർബന്ധപൂർവം വഴിപ്പെടേണ്ടി വന്ന, കൊറിയൻ കംഫർട്ട് വിമെൻ എന്നവർ പേരിട്ടു വിളിച്ച കൊറിയൻ സ്ത്രീകളോട്, യുദ്ധാനന്തര കുറ്റസമ്മതവും ക്ഷമാപണവും നടത്തി.
ദു:ഖകരമെന്നു പറയട്ടെ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഇതുവരെ പരസ്പരം ഏറ്റുമുട്ടുന്ന ശക്തികളാരും ആ വിധത്തിലുള്ള ഒരു ക്ഷമാപണമോ, പാപങ്ങൾ ഏറ്റുപറയലോ നടത്തിയിട്ടില്ല. നിഷ്പക്ഷമായി പരിശോധിച്ചാൽ പല മേഖലകളിലും കുറ്റം ചെയ്തവരെയും, അതിനുത്തരവാദികളായവരെയും കാണാം- രാഷ്ട്രീയത്തിൽ, സൈന്യത്തിൽ, കൊളോണിയൽ അധികാരികളിൽ, ദേശീയതാവാദികളിൽ, പൊതുസമൂഹത്തിൽ. സംരക്ഷകർ ആകേണ്ടിയിരുന്നിട്ടും കണ്ണടച്ചവരും, സംരക്ഷിക്കേണ്ട സമയത്തു കളം വിട്ടോടിയവരുമായ വ്യവസ്ഥാപിത കാവൽക്കാർ- അതായത്, പോലീസ്, സേനാ, ഭരണ മേധാവികൾ- ക്കും ഇത് ബാധകമാണ്.
ഇതൊക്കെയാണെങ്കിലും നമ്മൾ നേടിയ പല നേട്ടങ്ങളെ ഉയർത്തിപ്പിടിക്കുകയും, അവയെ കാത്തുവെക്കുകയും വേണം. അതിർത്തിയുടെ ഇരുപുറത്തുമായി ഉർവശി ബൂട്ടാലിയയെപ്പോലെ ഉള്ള ഗവേഷകർ വിഭജനത്തിന്റെ അനുഭവകഥനങ്ങളെ സംബന്ധിച്ചു നടത്തിയ, അതുവരെ മറ്റാരും ചെയ്തിട്ടില്ലാത്ത പഠനങ്ങൾ, സ്ത്രീകളുടെയും കുട്ടികളുടെയും ദുരനുഭവങ്ങൾ അവർ രേഖപ്പെടുത്തിയിട്ടുള്ളത്, വിഭജനത്തിന്റെ ഇരകൾ ശേഷിപ്പിച്ചുപോയ ഒരു സൂചിപ്പിന്നോ, അംഗവസ്ത്രമോ, ചിഹ്നമോ, അടയാളമോ, പോലുള്ള ഭൗതിക സ്മരണകളെ പഠിക്കുന്നതിലൂടെ നമുക്ക് കൈവരുന്ന ഉൾക്കാഴ്ചകൾ; എല്ലാം അതിൽ ഉൾപ്പെടും. ആർക്കൈവിസ്റ്റും വിമർശകനുമായ അഞ്ചൽ മൽഹോത്ര അതിഗംഭീരമായി ചൂണ്ടിക്കാണിച്ചതു പോലെ ഇത്തരം വസ്തുക്കൾ വരും തലമുറകൾക്ക് ഓർമ്മകൾ സൂക്ഷിക്കുന്ന ഇടങ്ങളായി മാറുന്നു. ഈ ഭൗതിക സ്മരണകൾ പവിത്രതയാർന്നതോ, സാധാരണമോ എന്തുമാകട്ടെ, പക്ഷെ കുറ്റബോധം നിറച്ചുവെച്ച ഓർമ്മകളാണവ; ഏറ്റുപറയാനും ക്ഷമ ചോദിക്കാനും അവ നമ്മോട് നിരന്തരം ആവശ്യപ്പെടുന്നു.
അവസാനമായി, എന്റെ മനസ്സിൽ, വിഭജനം എന്നത്, തെറ്റും മണ്ടത്തരവും പല അടരുകളായി നിറയുന്ന വിരോധാഭാസങ്ങളുടെ ഒരു സങ്കീർണ്ണ ചിത്രപടമായിട്ടാണ് തെളിയുന്നത്. ഒരു മതാധിഷ്ഠിത രാഷ്ട്രത്തിന്റെ അപ്പോസ്തലനായി രംഗത്ത് വരുന്ന സ്യൂട്ട് ധരിച്ച, പൈപ്പ് പുകയ്ക്കുന്ന മുഹമ്മദലി ജിന്ന, അങ്ങനെയൊരു ലക്ഷ്യത്തിന് (അത്തരമൊരു ലക്‌ഷ്യം ഉണ്ടായിരുന്നുവെങ്കിൽ തന്നെ) ഒട്ടും ചേരാത്ത ഒരു പ്രതിരൂപം. പാകിസ്ഥാൻ സ്ഥാപകനായ ജിന്നയെ കുറിച്ച്, സ്റ്റാൻലി വോപ്പർട്ട് ‘ജിന്ന ഓഫ് പാക്കിസ്ഥാൻ’ എന്ന പേരിൽ എഴുതിയ ഉജ്വലമായ ജീവചരിത്രത്തിൽ നമ്മൾ വായിക്കുന്ന, തന്റെ സഹോദരി ഫാത്തിമയുമായി 1948 ഇൽ ജിന്ന നടത്തുന്ന സംഭാഷണങ്ങൾ, ജിന്ന നേരത്തെ പ്രകടിപ്പിച്ചിരുന്ന വിജയീഭാവത്തിൽ നിന്ന് തുലോം വ്യത്യസ്തമാണ്.
ഈ വിരോധാഭാസം നമ്മൾ ആഴത്തിൽ പരിശോധിക്കണം. ജിന്ന നേരത്തെ പറഞ്ഞുകൊണ്ടിരുന്ന ‘വിശുദ്ധരുടെ നാടായ പാക്കിസ്ഥാൻ’ എന്ന വളരെ ശ്രദ്ധാപൂർവം വരച്ചെടുത്ത നിർമ്മിതിക്കു പകരം, പാകിസ്ഥാൻ നിയമനിർമ്മാണ സഭയിൽ, കടക വിരുദ്ധമായ പ്രസംഗ-നിർധാരണങ്ങളിലൂടെ അദ്ദേഹം അവതരിപ്പിച്ചത് ഒരു മതേതര രാഷ്ട്രത്തിന്റെ ആകൃതിവിശേഷങ്ങളാണ്. പുതിയ രാജ്യത്ത് ‘ഖായിദെ ആസം’ എന്ന് വാഴ്ത്തപ്പെട്ട ജിന്ന 1947 ഓഗസ്റ്റ് 11 ന് പാക്കിസ്ഥാൻ നിയമനിർമ്മാണ സഭയിൽ ഇങ്ങനെ പ്രഖ്യാപിച്ചു-
“ഇപ്പോൾ ഞാൻ നമുക്കു മുന്നിൽ വെക്കാൻ ആഗ്രഹിക്കുന്ന ഉദാത്ത പ്രത്യയശാസ്ത്രമിതാണ് – കാലക്രമേണ ഹിന്ദുക്കൾ ഹിന്ദുക്കളല്ലാതാവും, മുസ്ലീങ്ങൾ മുസ്ലീങ്ങളല്ലാതാവും, അത് മതപരമായ അർത്ഥത്തിലല്ല, കാരണം അത് ഓരോ വ്യക്തിയുടെയും വ്യക്തിഗതമായ വിശ്വാസമാണ്, പക്ഷെ രാജ്യത്തെ പൗരന്മാരെന്ന രാഷ്ട്രീയ അർത്ഥത്തിലാണ് ഞാൻ ഇത് പറയുന്നത്..”
തന്റെ തന്നെ ഈ പുരോഗമനപരമായ വാദത്തിന്റെ കരുത്തിനാൽ ആവേശഭരിതനായി, അതിൽ സ്വയം കുരുങ്ങി, ഒരു ഇസ്ലാമിക രാജ്യം നിർമ്മിച്ചതിനു പിന്നിലെ യുക്തിക്ക് ഒരുപക്ഷെ ഒരു വിശദീകരണം പ്രതീക്ഷിച്ചിരുന്ന തന്റെ ശ്രോതാക്കളിൽ താൻ പറയുന്നത് എന്ത് പ്രതികരണം സൃഷ്ടിക്കും എന്ന് ശ്രദ്ധിക്കാതെ ജിന്ന തുടർന്നു,
“ഇനി നമ്മൾ എന്താണ് ചെയ്യേണ്ടത്? പാക്കിസ്ഥാൻ എന്ന മഹത്തായ ഈ രാജ്യത്തെ അഭിവൃദ്ധിയുള്ള, സന്തോഷമുള്ള ഒരു രാഷ്ട്രമാക്കി നമുക്ക് മാറ്റാൻ കഴിയുന്നത്, നമ്മൾ പൂർണമായും ജനങ്ങളുടെ, പ്രത്യേകിച്ചും സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും, ക്ഷേമത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു പ്രവർത്തിക്കുമ്പോഴാണ്. ഭൂതകാലത്തെ മറന്നുകൊണ്ട്, പഴയ വൈരങ്ങൾ എന്നെന്നേക്കുമായി കുഴിച്ചിട്ടുകൊണ്ട് നിങ്ങൾ സഹകരിച്ചു പ്രവർത്തിക്കുമെങ്കിൽ, തീർച്ചയായും നിങ്ങൾ വിജയിക്കുക തന്നെ ചെയ്യും. നിങ്ങളിൽ ഓരോരുത്തരും, ഒന്നാമതായി നിങ്ങളുടെ ഭൂതകാലത്തെ മാറ്റിത്തീർക്കുകയും, ആളുകൾ ഏതു മതക്കാരാവട്ടെ, നിങ്ങൾ തമ്മിൽ നേരത്തെയുണ്ടായിരുന്ന ബന്ധങ്ങൾ എങ്ങനെയുമാവട്ടെ എന്ന ബോധ്യത്തോടെ പ്രവർത്തിക്കുകയും, രണ്ടാമതായി അപരന്റെ നിറമോ, ജാതിയോ, വിഭാഗമോ ഏതുമാവട്ടെ എന്ന് ചിന്തിക്കുകയും, അതുപോലെ അവസാനമായി അവർ ഈ രാജ്യത്ത് തുല്യ അവകാശങ്ങളും, ആനുകൂല്യങ്ങളും, ചുമതലകളും, ഉള്ള പൗരന്മാരാണ് എന്ന ബോധ്യത്തോടെ പ്രയത്നിക്കുകയും ചെയ്‌താൽ നിങ്ങൾ നേടാൻ പോകുന്ന പുരോഗതി അനന്തമായിരിക്കും”
1967 ഇൽ പാക് പട്ടാളം അധികാരം പിടിച്ചെടുക്കുന്നത് കാണാൻ ജിന്നയുടെ സഹോദരി ഫാത്തിമ ജീവിച്ചിരുന്നു. പാകിസ്ഥാൻ സൃഷ്ടിച്ചതിലൂടെ തന്റെ സഹോദരൻ കാണിച്ച അബദ്ധം അവർ അന്ന് തിരിച്ചറിഞ്ഞിരിക്കാം.
ഇസ്ലാമാബാദിലേക്കുള്ള യാത്ര
ഒരു അക്കാദമിക് ദൗത്യം ഏല്പിക്കപ്പെട്ടതിന്റെ ഭാഗമായി എനിക്ക് പാകിസ്താനിലേക്ക് പോകാൻ ക്ഷണം ലഭിച്ചപ്പോൾ വിഭജനത്തിന്റെ അപരിചിതമുഖം എനിക്ക് വെളിവായി. ഞാൻ ദുബായ് വഴി ചുറ്റിവളഞ്ഞാണ് പോയത്. (അക്കാലത്ത് പാകിസ്താനിലേക്ക് നേരിട്ട് വിമാനങ്ങൾ ഇല്ലായിരുന്നു). ഇസ്ലാമാബാദിൽ ഇസ്ലാമാബാദ് ക്ലബ്ബിന്റെ പ്രവർത്തകരായ എന്റെ ആതിഥേയർ പാകിസ്ഥാൻ സേനയെയോ, ഐ.എസ്.ഐ. യെയോ, ‘deep state’ നെയോ (ഭരണകൂടത്തിന്റെ ചൂഴ്ന്നുനോട്ടം) കൂസാതെ എന്നെ ആവേശപൂർവം വരവേറ്റു, പറഞ്ഞു, “ഇന്ത്യയിൽ നിന്നുള്ള സുഹൃത്തേ, നിങ്ങൾക്ക് ഹാർദ്ദമായ സ്വാഗതം!”. ഏറ്റവും മികച്ച പഞ്ചാബി ഭക്ഷണവും, മുഹമ്മദ് റാഫിയുടെ അതിമനോഹര ഗാനങ്ങളും കൊണ്ട് അവരെന്നെ സൽക്കരിച്ചു.
കുറച്ചു കഴിഞ്ഞു കോൺഫറൻസ് ഹാളിൽ ഒരു സംഘം വിദ്യാർത്ഥികൾ എന്നെ തടഞ്ഞുവെച്ചു. “ഞങ്ങൾക്ക് ഇന്ത്യയിലേക്ക് വരണം!”, അവർ കോറസ്സായി പറഞ്ഞു. അവരുടെ നേതാവ്, കണ്ണട വെച്ച കൊലുന്നനെയുള്ള ഒരു പെൺകുട്ടി ആയിരുന്നു. “ഞാൻ ഫിസ,” അവൾ പറഞ്ഞു, “ഫിസ എന്ന ഹിന്ദി സിനിമ ഓർമ്മയില്ലേ, അത് തന്നെയാണ് എന്റെ പേരും!”.
തിരിച്ചു ഇന്ത്യയിലെത്തിയാൽ അവരെ സഹായിക്കാമെന്നും, അവർ കാണിച്ച സൗഹൃദത്തെ പറ്റി താമസിക്കുന്ന ഹോട്ടലിൽ വെച്ച് തന്നെ ഇമെയിൽ ആയി ലോകത്തെ അറിയിക്കാമെന്നും ഞാൻ അവർക്ക് വാക്കുനല്കി. ഇന്നും ഫിസ വരച്ച ഗ്ലാസ് പെയിന്റിങ് എന്റെ പഠനമുറിയിൽ ഇരിക്കുന്നുണ്ട്.
ഹോട്ടൽ ലോബിയിൽ ഇസ്ലാമാബാദിലെ യൂണിവേഴ്സിറ്റി ഓഫ് മോഡേൺ ലാംഗ്വേജസിലെ ഒരു സംഘമാളുകൾ എന്റെ കൂടെ ഫോട്ടോകൾക്ക് പോസ് ചെയ്യുകയും, എന്റെ ഹൈദരാബാദിലെ വിദ്യാർത്ഥികൾക്ക് കൊടുക്കാനായി അവരുടെ സന്ദേശങ്ങളും ഇമെയിൽ വിലാസങ്ങളും നൽകുകയും ചെയ്തു.
പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനത്തിൽ ഇന്ത്യയിലേക്ക് മടങ്ങവേ, കറാച്ചിയിൽ അൽപ്പനേരം തങ്ങിയപ്പോൾ അവിടത്തെ ഹോട്ടൽ മാനേജരും എന്നെ കണ്ട് ആഹ്ലാദവാനായി. “എനിക്ക് മൊറാദാബാദിൽ ഡോക്ടറായ ഒരു സഹോദരനുണ്ട്,” ഉത്സാഹത്തോടെ അയാൾ എന്നോട് പറഞ്ഞു; അതുപോലെ തന്നെ, തന്റെ പിതാവിന്റെ ജന്മദേശം ഉത്തരേന്ത്യയിൽ ആണെന്ന് കറാച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫീസറും ഗൃഹാതുരനായി.
ഞാൻ നമ്മുടെ ശത്രുക്കളുമായി ‘പ്രണയത്തിൽ’ ആയോ? തന്നെ തട്ടിക്കൊണ്ടുപോയ/തടവിൽ പാർപ്പിക്കുന്ന ആളിനോട് സ്നേഹം തോന്നുന്ന, അയാളുടെ പെരുമാറ്റത്തിൽ മയങ്ങിപ്പോകുന്ന സ്റ്റോക്ക് ഹോം സിൻഡ്രോം എന്ന പേരിൽ ചിലർ വിശേഷിപ്പിക്കാനിടയുള്ള ഒരു പ്രതിഭാസമാണോ ഇത്?
ചിറ്റഗോങ്ങ് 1998
ബംഗ്ലാദേശിലേക്ക് 1998 ഇൽ നടത്തിയ ഒരു യാത്രയിൽ, ഹൈദരാബാദിൽ വെച്ച് ഞാൻ സന്ധിച്ചിട്ടുള്ള (അദ്ദേഹം മരിക്കുന്നതിന് തൊട്ടുമുൻപ്) ഇന്ത്യൻ കമ്മ്യുണിസ്റ്റ് നേതാവ് മോഹിത് സെന്നിന്റെ സുഹൃത്തായിരുന്ന റോബർട്ട് കാദിർ എന്നെ ചരിത്രപ്രസിദ്ധമായ ചിറ്റഗോങ്ങ് ക്ലബ്ബിലേക്ക് വരവേറ്റു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാളികൾ ചിറ്റഗോങ്ങിലെ ബ്രിട്ടീഷ് സൈനിക ആയുധപ്പുര കൊള്ളയടിക്കാൻ ശ്രമിച്ച, സുപ്രസിദ്ധമായ ചിറ്റഗോങ്ങ് ആർമറി റെയ്ഡിൽ പങ്കെടുത്ത, ധീരസ്വാതന്ത്ര്യ ഭടന്മാരായ സൂര്യ സെൻ, കൽപ്പന ദത്ത, എന്നിവർ നടന്ന വഴികൾ കണ്ടെത്താനാണ് ഞാൻ അവിടെ പോയത്. ആ പ്രാദേശിക ചരിത്രം വീണ്ടുമോർക്കുന്നത് പ്രസക്തമാണ്. 1947 ഓഗസ്റ്റ് 11 നു പാകിസ്ഥാൻ നിയമനിർമ്മാണ സഭയിൽ ഒരു പുരോഗമന ചിന്തകന്റെ പ്രസ്താവമായി അവതരിപ്പിച്ച തന്റെ പ്രസംഗത്തിന് ശേഷവും, ധാക്കയിൽ മുഹമ്മദലി ജിന്ന ഒരു ഭയങ്കര മലക്കം മറിച്ചിൽ നടത്തിക്കൊണ്ട്, ബംഗാളി പറയുന്നവർ ഭൂരിപക്ഷമായ കിഴക്കൻ പാകിസ്ഥാനിൽ ഉറുദു ഭാഷ അടിച്ചേൽപ്പിക്കാൻ ആഹ്വാനം നടത്തി- 1971 ഇൽ ആ പ്രദേശമൊട്ടാകെ മുറിഞ്ഞു മാറി സ്വാതന്ത്രമാവുന്നതിന് ഇടയാക്കിയ മാരകമായ നീക്കം.
1948 ഇൽ ധാക്ക യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളോട് സംസാരിക്കവെ ജിന്ന ഉറപ്പോടെ പറഞ്ഞു,
“പാകിസ്താന് ഒരു ഔദ്യോഗിക ഭാഷ എന്ന വിഷയത്തിൽ എന്റെ നിലപാട് ഞാൻ ഒരിക്കൽ കൂടി പറഞ്ഞുറപ്പിക്കട്ടെ. ഈ പ്രവിശ്യയിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി, ഇവിടെയുള്ള ജനങ്ങൾക്ക് ഏതു ഭാഷയും തെരഞ്ഞെടുക്കാം.
എന്നാൽ ഒരു പൊതു ഭാഷ മാത്രമേ രാഷ്ട്രത്തിനു പറ്റൂ. അതായത്, രാജ്യത്തെ വിവിധ പ്രവിശ്യകൾ തമ്മിൽ ആശയ വിനിമയം നടത്താൻ ഒരേയൊരു ഭാഷയെ പറ്റൂ, അത് നിസ്സംശയം ഉറുദു തന്നെ ആയിരിക്കണം. മറ്റൊന്നുമാകാൻ സാധ്യമല്ല.
ഈ ഉപഭൂഖണ്ഡത്തിലെ ശത ലക്ഷക്കണക്കിന് മുസ്ലീങ്ങൾ താലോലിച്ചു വളർത്തിയ, പാകിസ്താന്റെ ഒരറ്റം തൊട്ടു മറ്റേയറ്റം വരെ എല്ലാവര്ക്കും മനസ്സിലാവുന്ന, സർവോപരി, ഇസ്ലാമിക സംസ്കാരത്തെയും, മുസ്‍ലീം പാരമ്പര്യത്തെയും ഏറ്റവും നന്നായി ഉൾക്കൊള്ളുന്ന, മറ്റു ഇസ്ലാമിക രാജ്യങ്ങളിലെ ഭാഷകളോട് ഏറ്റവും അടുത്ത് നിൽക്കുന്ന ഉറുദു ഭാഷ തന്നെയാണ് വ്യക്തമായും രാഷ്ട്രഭാഷ.
ഭാഷാ വിവാദത്തെ കലക്കിമറിച്ചു കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിക്കുന്ന ആളുകൾക്കും ഇത് നന്നായി അറിയാം. ആ സമരത്തിന് പിന്നിൽ ഒരു ന്യായവും ഉണ്ടായിരുന്നില്ല, പക്ഷെ അത് സമ്മതിച്ചാൽ അവരുടെ ഉദ്ദേശം നടക്കില്ല.
ബംഗാളികളല്ലാത്ത മുസൽമാന്മാർക്കെതിരെ വെറുപ്പ് കുത്തിപ്പൊക്കാനുള്ള അവരുടെ ശ്രമങ്ങൾ അവർ മൂടിവെച്ചിട്ടില്ലെന്നിരിക്കെ, ഈ രാജ്യത്തിലെ മുസ്ലീങ്ങളെ ഭിന്നിപ്പിക്കാനാണ് ഈ വിവാദത്തിലൂടെ അവർ ശ്രമിക്കുന്നത് എന്ന് വ്യക്തം.
നിങ്ങൾക്ക് ഇക്കാര്യത്തിൽ സംശയമേ വേണ്ട. ഈ രാജ്യത്തെ എല്ലാ പ്രവിശ്യകളും ഒരുമിച്ചു മുന്നോട്ടു നീങ്ങണമെങ്കിൽ ഒരു രാഷ്ട്ര ഭാഷ ഉണ്ടായേ തീരൂ. ആ ഭാഷ, എന്റെ അഭിപ്രായത്തിൽ, ഉറുദു തന്നെ ആയെ തീരൂ.
പാകിസ്താന്റെ ശത്രുക്കളും, ചില അവസരവാദികളായ രാഷ്ട്രീയക്കാരും, ഈ രാജ്യത്തെ തകർക്കാനും, ഇവിടുത്തെ ഭരണകൂടത്തെ കരിതേച്ചു കാണിക്കാനും വേണ്ടി, എന്തെല്ലാം തരാം അടവുകളാണ് പയറ്റുന്നത് എന്ന് നിങ്ങള്ക്ക് മുന്നറിയിപ്പ് തരാനാണ് ഞാൻ ഇത്രയും വിശദമായി സംസാരിച്ചത്.”
കുറ്റം ഏറ്റുപറഞ്ഞു സ്വയം ശുദ്ധി നേടുന്നതിന്റെ മഹത്വം
അവസാനം മനസ്സിൽ താങ്ങി നിൽക്കുന്ന പാഠങ്ങൾ എന്തൊക്കെയാണ്? നമ്മൾ പുതിയ തുടക്കങ്ങൾ സൃഷ്ടിക്കാൻ സമയമായിരിക്കുന്നു. ഭൗതിക സ്മരണകൾ നമുക്ക് പശ്ചാത്തപിക്കാനും, കുറ്റമേറ്റു പറഞ്ഞു ക്ഷമ ചോദിക്കാനും അവസരം ഒരുക്കുന്നു. ദേശ-രാഷ്ട്രങ്ങൾക്കുള്ളിലും, അതിർത്തികൾക്കപ്പുറത്തേക്കും, പുതിയൊരു രാഷ്ട്രബോധത്തിന്റെ അധ്യായങ്ങൾ രചിച്ചു കൊണ്ട്, പരസ്പര സംവാദത്തിന്റെയും, മനസ്സിലാക്കലിന്റെയും സാദ്ധ്യതകൾ അവ ഉണ്ടാക്കിത്തരുന്നു. നല്ലതോ, ചീത്തയോ എന്ന രണ്ടു കള്ളികളിൽ മാത്രം എല്ലാത്തിനെയും പെടുത്തുന്ന മാനിക്കിയൻ മതവേർതിരിവുകൾക്കപ്പുറം പോകാൻ, പരസ്പരമുള്ള കുറ്റപ്പെടുത്തൽമത്സരങ്ങൾക്കും, പ്രതികാര ചരിത്രങ്ങൾക്കും അപ്പുറം കടന്നുചെല്ലാൻ നമുക്കാവണം. നമ്മുടെ രാഷ്ട്രീയ ശരീരത്തിനകത്തുള്ള ഭൂകമ്പ മേഖലകളെയും, സാംസ്‌കാരിക ഭിന്നിപ്പുകളെയും നമ്മൾ സൂക്ഷ്മമായി ശ്രദ്ധിക്കണം. ഭാഷയുടെയും, വംശീയതയുടെയും, ദേശീയതയുടെയും പേരിൽ പടർന്ന തീ അണയ്ക്കുകയും, അതിലൂടെ, ഭാവി തലമുറയ്ക്കായി ഒരു പുതിയ തെക്കൻ ഏഷ്യ സൃഷ്ടിക്കാൻ സഹായിക്കുകയും വേണം.