A Unique Multilingual Media Platform

The AIDEM

Articles Politics Society

ബൗദ്ധരും ജൈനരും ചോദിച്ചാൽ എത്ര ഹിന്ദു ക്ഷേത്രങ്ങൾ തിരികെ നൽകണം ?

  • September 28, 2022
  • 1 min read
ബൗദ്ധരും ജൈനരും ചോദിച്ചാൽ എത്ര ഹിന്ദു ക്ഷേത്രങ്ങൾ തിരികെ നൽകണം ?

മദ്രാസ് ഹൈക്കോടതിയുടെ അടുത്ത കാലത്തെ വിധി രാജ്യത്തെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ ദൂര വ്യാപകമായ ഫലങ്ങൾ ഉണ്ടാകാൻ ഇടയാക്കുന്നതാണ്. തമിഴ് നാട്ടിലെ സേലത്ത് കോട്ടൈ റോഡിലെ തലവെട്ടി മുനിയപ്പൻ ക്ഷേത്രവും ക്ഷേത്രം സ്ഥിതി ചെയ്യുന്ന 26 സെന്റ് സ്ഥലവും ആർക്കിയോളജിക്കൽ ഡിപ്പാർട്മെന്റ് ഓഫ് തമിഴ്നാടിന് കൈമാറാൻ കോടതി ഉത്തരവിട്ടു. 2011ൽ പി രംഗനാഥൻ മദ്രാസ് ഹൈക്കോടതിയിൽ ഫയൽ ചെയ്ത കേസിലാണ് കോടതിയുടെ വിധി ഉണ്ടായത്. ക്ഷേത്രം നിലനിൽക്കുന്ന 26 സെന്റ് സ്ഥലം ഒരു ബുദ്ധ ട്രസ്റ്റിന്റെ കീഴിൽ നിലനിന്നിരുന്നതിന് തെളിവായി പെറിയേരി പഞ്ചായത്ത് രജിസ്റ്ററിന്റെ കോപ്പിയും അദ്ദേഹം കോടതിയിൽ ഹാജരാക്കി. വിശദമായ പരിശോധനയിൽ ഈ ഹിന്ദു ക്ഷേത്രം യഥാർത്ഥത്തിൽ ഒരു ബുദ്ധിസ്റ്റ് ആരാധനാ കേന്ദ്രം ആയിരുന്നെന്നും പിന്നീട് ഹിന്ദുക്കൾ കൈവശപ്പെടുത്തുകയുമാണുണ്ടായത് എന്നും കോടതിക്ക് ബോധ്യപ്പെട്ടു. ആയതുകൊണ്ട് ഹിന്ദു ആചാര പ്രകാരമുള്ള കർമങ്ങൾ നിർത്തണമെന്നും കോടതി ഉത്തരവിലുണ്ട്.

തലവെട്ടി മുനിയപ്പൻ ക്ഷേത്രം

ഈ കോടതി വിധി നിരവധി ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്‌. ഇന്ത്യയിൽ ബുദ്ധ മതവും ജൈന മതവും പ്രബലമായിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. നമ്മുടെ കല-സാംസ്കാരിക-ബൗദ്ധിക മേഖലകളെ ഏറെ സ്വാധീനിച്ച/ ഇപ്പോഴും സ്വാധീനം ചെലുത്തുന്ന പ്രത്യയശാസ്ത്രമായിരുന്നു ബുദ്ധിസം. രാജ്യത്തുടനീളം ബുദ്ധ ജൈന മതസ്ഥരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നിലനിന്നിരുന്നു. എന്നാൽ ബ്രാഹ്മണിക്കൽ മതത്തിന്റെ ഉയർത്തെഴുന്നേൽപ്പിനു പിന്നാലെ ഈ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകർക്കപ്പെടുകയോ ഹിന്ദു ക്ഷേത്രങ്ങളായി തരം മാറ്റപ്പെടുകയോ ആണ് ഉണ്ടായത്. മൗര്യ കാലഘട്ടത്തിനു ശേഷം പുഷ്യ സുംഗന്റെ ഭരണകാലത്തു നിരവധി ബുദ്ധ വിഹാരങ്ങൾ തകർക്കപ്പെട്ടതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വിഖ്യാത ചരിത്രകാരൻ ഡി എൻ ഝായുടെ അഭിപ്രായത്തിൽ “ഭിന്ന മതക്കാരുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകർക്കുകയും അശുദ്ധി വരുത്തുകയും അവരുടെ വിഗ്രഹങ്ങൾ തങ്ങളുടേതാക്കി കൈവശപ്പെടുത്തുന്നതും ഇസ്ലാമിന്റെ വരവിനു മുൻപുള്ള കാലങ്ങളിൽ ഇന്ത്യയിൽ സാധാരണമായിരുന്നു”തെക്കേ ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും ഇത്തരം പ്രക്രിയകൾ നടന്നതായി മനസ്സിലാക്കാൻ കഴിയും. വടക്കേ ഇന്ത്യയിലെന്നപോലെ കേരളത്തിലും ബുദ്ധിസവും ജൈനിസവും ശക്തമായ വേരോട്ടം ഉണ്ടായിരുന്ന ഒരിടമായിരുന്നു. കേരളത്തിൽ കൊല്ലം, ആലപുഴ ജില്ലകളിലെ തീരപ്രദേശങ്ങളിൽ നിന്നും കണ്ടെടുത്ത തച്ചു തകർക്കപ്പെട്ട ബുദ്ധ വിഗ്രഹങ്ങൾ ബുദ്ധിസത്തിനു നേരെയും ബുദ്ധ വിഹാരങ്ങൾക്കു നേരെയും നടന്ന അക്രമങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. ഇന്നത്തെ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും ശബരിമല ക്ഷേത്രവുമടക്കം കേരളത്തിലെ പല ഹിന്ദു ക്ഷേത്രങ്ങളും ഒരുകാലത്ത് ബുദ്ധ വിഹാരങ്ങളോ ജൈന മത ദേവാലയങ്ങളോ ആയിരുന്നെന്ന് ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായമുണ്ട്.

കല്ലിൽ ഭഗവതി ക്ഷേത്രം

അന്യ മതക്കാരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്ത്‌ ബ്രാഹ്മണിക്കൽ മതക്കാർ തങ്ങളുടേതാക്കി മാറ്റിയതിന്റെ നിലനിൽക്കുന്ന ഉദാഹരണമാണ് പെരുമ്പാവൂരിനടുത്ത കല്ലിൽ ഭഗവതി ക്ഷേത്രം. ക്രിസ്തുവിന് 800 വർഷം മുൻപ് നിർമിച്ചതെന്ന് കരുതുന്ന ഈ ജൈന ക്ഷേത്രം കാടിന്റെ നടുവിൽ കുന്നിന്റെ നിറുകയിൽ പാറയിൽ കൊത്തിയെടുത്ത നിർമിതിയാണ്. ഇതിന്റെ മുകൾ ഭാഗത്ത് ജൈന ഗുരു 24-ആം തീർത്ഥങ്കരന്റെ രൂപം കൊത്തി വച്ചിരിക്കുന്നത് ഇപ്പോഴും കാണാം. എന്നാൽ ഇന്നതൊരു ഭഗവതി ക്ഷേത്രമായാണ് അറിയപ്പെടുന്നത്, ജൈന ഗുരു ബ്രഹ്‌മാവും.
എൺപതുകളുടെ ഉത്തരാർത്ഥം മുതൽ ഇന്ത്യയുടെ രാഷ്ട്രീയം മുന്നോട്ടു പോയത് അമ്പലത്തിന്റെയും പള്ളിയുടെയും പേരിലാണ് എന്ന് പറഞ്ഞാൽ അതിശയോക്തി ആകില്ല.1986ൽ ബാബരി പള്ളി ഹിന്ദുക്കൾക്ക് ആരാധനക്ക് തുറന്നു കൊടുത്തത് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ ദിശ മാറ്റത്തിന്റെ ആദ്യ പടിയായിരുന്നു. തുടർന്ന് ബിജെപി നേതാവ് എൽ കെ അദ്ധ്വാനിയുടെ നേതൃത്വത്തിൽ ഗുജറാത്തിലെ സ്വാമിനാഥ് ക്ഷേത്രത്തിൽ നിന്നും തുടങ്ങി വടക്കേ ഇന്ത്യയിൽ ആകെ നടത്തിയ രഥ യാത്രയും അതിനോട് അനുബന്ധിച്ചു നടമാടിയ വർഗീയ സംഘര്ഷങ്ങളും രാജ്യത്ത് ഹിന്ദുത്വ രാഷ്ട്രീയത്തിന് വളർന്നു പടരാനുള്ള നിലമൊരുക്കി. 1980ൽ കേവലം രണ്ടു സീറ്റുകൾ മാത്രം ഉണ്ടായിരുന്ന ബിജെപിക്ക് 1996 ഇലക്ഷനിൽ 161 സീറ്റ് നേടി പാർലമെൻറിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയാകാൻ കഴിഞ്ഞു.

വർഗീയ ദ്രുവീകരണം ലക്ഷ്യംവച്ച ബിജെപി പ്രചാരണങ്ങൾക്ക് അവർ ഉന്നയിച്ച പ്രധാന വിഷയം ബാബ്‌റി മസ്ജിദ് ആയിരുന്നു. പള്ളി നിന്നിടം രാമ ക്ഷേത്രം ആയിരുന്നെന്നും ആ ക്ഷേത്രം തകർത്ത് ആദ്യ മുഗൾ ചക്രവർത്തിയായ ബാബറുടെ ഭരണ കാലത്തു പണി കഴിപ്പിച്ചതാണ് ബാബ്‌റി പള്ളി എന്നതായിരുന്നു ആരോപണം. എന്നാൽ ഈ അവകാശവാദത്തിലെ പൊള്ളത്തരം ഇന്ത്യയിലും വിദേശത്തുമുള്ള പ്രശസ്തരായ ചരിത്രകാരന്മാർ അന്നേ തുറന്നു കാട്ടിയിരുന്നു. 1526ൽ മുഗൾ സാമ്രാജ്യ സ്ഥാപനം നടത്തിയ ബാബർ ആദ്യം ഇറക്കിയ ഉത്തരവുകളിലൊന്ന് തദ്ദേശീയരുടെ മത-സാമൂഹിക ജീവിതത്തിൽ യാതൊരു ഇടപെടലും ഉണ്ടാകാൻ പാടില്ല എന്നതാണ്. ബാബറിന്റെ പിൻഗാമികളായി അധികാരത്തിൽ വന്നവരും ഈ നിലപാടിൽ വെള്ളം ചേർത്തില്ലെന്നു മാത്രമല്ല ഹിന്ദു ക്ഷേത്രങ്ങൾക്കും സ്ഥാപനങ്ങൾക്കും സാമ്പത്തികം അടക്കമുള്ള സഹായങ്ങൾ എത്തിക്കുന്നതിലും ശ്രദ്ധാലുക്കളായിരുന്നു. ഹിന്ദു തീവ്ര വാദികളുടെ വിമർശനങ്ങൾക്ക് ഏറ്റവും അധികം വിധേയനായ ഔറംഗസേബ് പോലും വിവിധ ഘട്ടങ്ങളിൽ ക്ഷേത്രങ്ങൾക്ക് സംഭാവനകൾ നൽകി എന്നതിന് തെളിവ് ഉണ്ട്.
ബാബ്‌റി പള്ളി ഇഷ്ടികയോട് ഇഷ്ടിക തകർക്കപ്പെട്ടതു മൂലം രാജ്യത്തെ മുസ്ലിം മത വിശ്വാസികളുടെയും മതേതര മനസ്സുകളുടെയും ഉള്ളിൽ ഉണ്ടായ മുറിവ് ഉണങ്ങുന്നതിനു മുൻപേ ഹിന്ദുത്വ വാദികൾ അവരുടെ അജണ്ടയിലെ അടുത്ത അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു. കാശിയിലെ ഗ്യാൻവാപി പള്ളിയും മഥുരയിലെ പള്ളിയും ഇവരുടെ അടുത്ത ലക്‌ഷ്യമാണ്. ഇതാകട്ടെ ആർഎസ്എസ്സിന്റെ പ്രഖ്യാപിത നിലപാടും ആണ്.

1991 ൽ പാര്ലമെന്റ് പാസ്സാക്കിയ നിയമം അനുസരിച്ച് വിവിധ ആരാധനാലയങ്ങളെ സംബന്ധിച്ച് 1947 ഓഗസ്റ്റ് 15 വരെയുള്ള കാലയളവിൽ നിലനിന്നിരുന്ന സ്ഥിതി തുടർന്നും നിലനിൽക്കണമെന്നും ആരാധനാലയങ്ങളെ സംബന്ധിച്ച എല്ലാ തർക്കങ്ങളും ഈ തീയതിക്കപ്പുറത്തേക്ക് പരിഗണിക്കപ്പെടരുതെന്നും ഈ നിയമം അനുശാസിക്കുന്നു. ബാബ്‌റി മസ്ജിദ് – രാമക്ഷേത്ര വിഷയം ഈ നിയമ പരിധിയിൽ നിന്നും ഒഴിവാക്കിക്കൊണ്ട് പ്രത്യേക നിർദ്ദേശവും നിയമത്തിൽ ഉൾപ്പെടുത്തി. എന്നാൽ ഈ നിയമം പ്രാബല്യത്തിൽ ഉള്ളപ്പോൾ തന്നെയാണ് കാശിയിലെ ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് ആരാധനക്കായി സമർപ്പിക്കപ്പെട്ട കേസ് പരിഗണിക്കപ്പെടേണ്ടതാണെന്ന് കോടതി വിധി വന്നതും. അതുകൊണ്ട് ഇത്തരത്തിൽ ഉയർന്നു വരുന്ന വിഷയങ്ങളിൽ കോടതിക്ക് ഇടപെടേണ്ടി വരുന്ന സ്ഥിതിയും ഗ്യാൻവാപി കേസിലെ കോടതി തീരുമാനത്തോടെ സംജാതമായിട്ടുണ്ടെന്നു വേണം മനസ്സിലാക്കാൻ.

ഹിന്ദു വർഗീയവാദികളുടെ നിരന്തരമായ ഇത്തരം അവകാശവാദങ്ങളും നിലപാടുകളും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്കിടയിൽ വലിയ തോതിലുള്ള വിമർശനങ്ങൾക്കും അമർഷത്തിനും ഇടയാക്കുന്നുണ്ട്. ചെന്നൈ ഹൈക്കോടതിയുടെ ഈ വിധി ഇത്തരത്തിൽ പുതിയ ചർച്ചകൾക്ക് വഴി തെളിക്കാൻ പ്രചോദനമായേക്കാം.

About Author

ഹാൻസൻ ടി കെ

ഡൽഹിയിൽ നിന്ന് പ്രസിദ്ധീകരിച്ച 'പബ്ലിക് അജണ്ട' മാസികയുടെ ഓപ്പറേഷൻസ് മാനേജരായും, ഡി.വൈ.എഫ്.ഐ. സെൻട്രൽ കമ്മിറ്റി ഓഫീസ് സെക്രട്ടറി ആയും പ്രവർത്തിച്ചു. ഇപ്പോൾ ദി ഐഡം മാനേജിങ് ഡയറക്ടറുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആണ്.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
2 years ago

ശ്രദ്ധേയമായ ലേഖനം, ഹാൻസന് അഭിവാദ്യങ്ങൾ. ബുദ്ധ ജൈന സംസ്കൃതികൾ വീണ്ടെടുക്കപ്പെടട്ടെ 🌹

Narayanan I P
Narayanan I P
2 years ago

Good move

Narayanan A N
Narayanan A N
2 years ago

നല്ല നീരീക്ഷണം. Hansonji.