A Unique Multilingual Media Platform

The AIDEM

Articles International Politics

അമേരിക്കയുടെ ജൈവ”പ്രതിരോധ” പരീക്ഷണശാലകൾ

  • March 27, 2022
  • 0 min read
അമേരിക്കയുടെ ജൈവ”പ്രതിരോധ” പരീക്ഷണശാലകൾ

ഉക്രൈനിൽ അമേരിക്ക ജൈവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതായി റഷ്യ ആരോപിച്ചു
അമേരിക്കയുടെ നിയന്ത്രണത്തിലുള്ള ജൈവ പ്രതിരോധ പരീക്ഷണശാലകൾ ഉക്രൈനിലുള്ളതായി അമേരിക്കൻ അധികൃതർ സമ്മതിച്ചതിനു പിന്നാലെയാണ് റഷ്യ ഈ ആരോപണം ഉന്നയിച്ചത്. ഈ ജൈവപ്രതിരോധ പരീക്ഷണശാലകൾ റഷ്യയുടെ കൈകളിൽ എത്തിപ്പെട്ടേക്കാം എന്നും അതുവഴി റഷ്യ ഉക്രൈനെതിരായി ജൈവായുധങ്ങൾ പ്രയോഗിച്ചേക്കാമെന്നും ഭയക്കുന്നതായി അമേരിക്കൻ അധികൃതർ അഭിപ്രായപ്പെട്ടിരുന്നു.

ഇത് നമുക്കൊന്ന് വിശദമായി പരിശോധിക്കാം.

1972 ൽ ലോകരാജ്യങ്ങളെല്ലാം ജൈവായുധങ്ങളുടെ നിർമാണം നിരോധിച്ചുകൊണ്ടുള്ള ഐക്യരാഷ്ട്ര സഭയുടെ കൺവെൻഷൻ അംഗീകരിച്ചു. 183 രാജ്യങ്ങൾ ഇതിൽ ഒപ്പുവെച്ചു.
പക്ഷെ ഒരു പ്രശ്നം. ജൈവായുധങ്ങൾ നിർമ്മിക്കുന്നില്ല എന്ന് പരിശോധിച്ചുറപ്പിക്കുന്നതിന് ഇതിൽ വകുപ്പില്ലായിരുന്നു.
അതായത് കൺവെൻഷൻ ഒരു വാഗ്ദാനം മാത്രമാണ് നടത്തിയത്. അത് മാത്രമല്ല, ജൈവ പ്രതിരോധത്തിന് വേണ്ടി ഒരു രാജ്യത്തിനു ജൈവായുധങ്ങളെ പ്രതിരോധിക്കുന്നതിനായി ചെയ്യുന്ന പ്രവർത്തനങ്ങളെ ഈ കൺവെൻഷൻ അംഗീകരിച്ചു. മെറിലാൻഡിലെ ഫോർട്ട്‌ ഡെട്രികിൽ അമേരിക്ക 2002 ൽ ഒരു വമ്പൻ ജൈവ പ്രതിരോധ പരീക്ഷണശാല ആരംഭിച്ചിട്ടുണ്ട്. ഇവിടെ പ്രശ്നം എന്താണെന്ന് വെച്ചാൽ പ്രതിരോധത്തിൽ നിന്ന് ആക്രമണത്തിലേക്ക് നീങ്ങാൻ വലിയ പ്രയാസമൊന്നുമില്ല. അല്ലായിരുന്നെങ്കിൽ തങ്ങളുടെ പരീക്ഷണശാലകൾ റഷ്യയുടെ കൈകളിൽ എത്തുന്നതിൽ അമേരിക്ക ഇത്രയും ആശങ്കപ്പെടില്ലായിരുന്നു.

ഇനി അടുത്ത ചോദ്യം അമേരിക്ക രഹസ്യമായി 1972 ലെ കരാർ ലംഘിച്ചുകൊണ്ട് ഈ രോഗാണുക്കളുടെ ആക്രമണശേഷി വളർത്തിയെടുക്കുന്നുണ്ടോ എന്നതാണ്.
നമുക്ക് അറിയില്ല എന്നതാണ് അതിനുത്തരം. അറിയാൻ കഴിയുകയുമില്ല. കാരണം ഈ പരിപാടികൾ രഹസ്യസ്വഭാവമുള്ളതാണ്. അത് പരിശോധിക്കുന്നതിന് 1972 ലെ കരാറിൽ വകുപ്പുമില്ല. ആക്രമണത്തിനായുള്ള ആയുധങ്ങളൊന്നും വികസിപ്പിക്കുന്നില്ല എന്ന അമേരിക്കൻ ഭരണകൂടത്തിന്റെ വാക്ക് മാത്രമാണ് നമുക്ക് മുൻപിലുള്ളത്. ആത്യന്തികമായി നിങ്ങൾ അമേരിക്കൻ ഭരണകൂടത്തെ എത്രത്തോളം വിശ്വാസത്തിലെടുക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അത്. അവർ നമ്മോട് മുൻപും കളവ് പറഞ്ഞിട്ടുണ്ടെന്ന് ഓർക്കുക. 2003 ൽ ഇറാഖിലെ നടപടികൾ ഉദാഹരണം. ഞാൻ അവരെ വിശ്വസിക്കുന്നോ എന്നാണെങ്കിൽ ഇല്ല, വ്യക്തിപരമായി ഇല്ല. റഷ്യയുടെ അവകാശവാദങ്ങൾ ശരിയായേക്കാം. അത് വെറും ഊഹാപോഹമാണെന്ന് നിങ്ങൾ പറഞ്ഞേക്കാം. പക്ഷെ ഈയൊരു മേഖലയിൽ എല്ലാം അവ്യക്തമാണ്.

അമേരിക്ക യഥാർത്ഥത്തിൽ ജൈവായുധങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും റഷ്യ തങ്ങളുടെ പ്രതിരോധ സാങ്കേതിക വിദ്യ ആക്രമണത്തിനുള്ള ആയുധങ്ങൾ നിർമിക്കാൻ ഉപയോഗിച്ചേക്കും എന്ന അവരുടെ ഭീതി സൂചിപ്പിക്കുന്നത് അമേരിക്കക്കും തങ്ങളുടെ പ്രതിരോധ ശേഷി ഉപയോഗിച്ച് ജൈവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശേഷി ഉണ്ടെന്നാണ്.
ഒന്നാലോചിച്ചാൽ ഇതിലെ യുക്തി വളരെ ലളിതമാണ്.  ഒരു ജൈവായുധത്തെ പ്രതിരോധിക്കണമെന്നുണ്ടെങ്കിൽ ആദ്യം അത് നിങ്ങൾ ഉണ്ടാക്കിനോക്കണം. എന്നാൽ മാത്രമേ എങ്ങനെ അതിനെ തോൽപിക്കാമെന്ന് കണ്ടെത്താനാവൂ. ഏത് ജൈവ പ്രതിരോധ ഉപകരണവും അതോടൊപ്പം തന്നെ ജൈവയുധങ്ങൾ നിർമ്മിക്കാനുള്ള അറിവ് കൂടി ഉൾകൊള്ളുന്നതായിരിക്കണം. ഇന്ന് നിലവിലുള്ള ജൈവാണുക്കളെക്കുറിച്ച് ധാരണയുണ്ടായാലും മതിയാവില്ല. ശത്രു ഭാവിയിൽ നിർമിക്കാൻ സാധ്യതയുള്ള രോഗാണുക്കളെക്കുറിച്ച് മുൻകൂട്ടി കാണാനും നിങ്ങൾക്ക് കഴിയണം. ആദ്യം കൂടുതൽ അപകടകാരിയായ ഈ അണുക്കളെ നിങ്ങൾ തന്നെ സൃഷ്ടിച്ചാലേ അവയെ എങ്ങനെ പ്രതിരോധിക്കാമെന്ന് കണ്ടെത്താനാവൂ. മറ്റൊരു തരത്തിൽ പറഞ്ഞാൽ ജൈവ പ്രതിരോധ പരീക്ഷണശാലകൾ ജൈവായുധസാങ്കേതിക വിദ്യകൾ നിയമപരമായി വികസിപ്പിച്ചെടുക്കാനും 1972 ലെ കരാറിനെ മറികടക്കാനുമുള്ള എളുപ്പവഴിയാണ് എന്നർത്ഥം.

About Author

ശേഷാദ്രി കുമാർ

ആർ ആൻഡ് ഡി കെമിക്കൽ എഞ്ചിനീയർ, ഐഐടി ബോംബെയിൽ നിന്ന് ബിടെക്കും യുഎസിലെ യൂട്ടാ സർവകലാശാലയിൽ നിന്ന് എംഎസും പിഎച്ച്ഡിയും കരസ്ഥമാക്കി