A Unique Multilingual Media Platform

The AIDEM

Articles National Politics

മാദ്ധ്യമവേട്ടയുടെ നാനാര്‍ത്ഥങ്ങള്‍

  • January 12, 2023
  • 1 min read
മാദ്ധ്യമവേട്ടയുടെ നാനാര്‍ത്ഥങ്ങള്‍

സമകാലിക മാധ്യമ പ്രവണതകളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനമുായ ഒ.കെ ജോണി എഴുതുന്ന പംക്തി ‘ഇവിടെ ഇപ്പോൾ’ ദി ഐഡം പ്രസിദ്ധീകരിക്കുന്നു. ദേശീയ, പ്രാദേശിക വാർത്താ മാധ്യമങ്ങൾ, സിനിമ, സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ ചലനങ്ങളെ വിലയിരുത്തുന്ന പംക്തിയുടെ ആദ്യലക്കം.


അധികാരത്തിലേറിയതോടെ രാഷ്ട്രപിതാവിന്‍റെ വധത്തെപ്പോലും ആഘോഷമാക്കിക്കൊണ്ടിരിക്കുന്ന സംഘപരിവാരം അതിന്‍റെ ഫാസിസ്റ്റ് അജണ്ടകള്‍ക്കായി ചരിത്രം തിരുത്തിയെഴുതുവാനാണ് ശ്രമിക്കുന്നതെന്നത് ഇന്നൊരു രഹസ്യമല്ല. ഹിന്ദുത്വ രാഷ്ട്രമെന്ന ആശയത്തിന്‍റെ സാക്ഷാത്കാരത്തിനുള്ള അവശ്യോപാധിയാണ് ഈ വ്യാജചരിത്രനിര്‍മ്മിതിയെന്നും എല്ലാവര്‍ക്കുമറിയാം. ഭരണഘടനാസങ്കല്‍പ്പങ്ങളും ഭരണഘടനാസ്ഥാപനങ്ങളും, വിയോജിക്കുന്ന വ്യക്തികളും സ്വതന്ത്രമാദ്ധ്യമങ്ങളുമെല്ലാം ആക്രമിക്കപ്പെടുന്നതിന്‍റെ സാഹചര്യവുമതാണ്. ജനാധിപത്യക്രമത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടംതന്നെ ഭരണഘടനാതത്വങ്ങളെ ഒന്നൊന്നായി അട്ടിമറിച്ചുകൊണ്ട് സമഗ്രാധിപത്യത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍, ജനാധിപത്യത്തിലും അതിന്‍റെ നെടുംതൂണുകളിലൊന്നായ മാദ്ധ്യമങ്ങളുടെ നിലനില്‍പ്പിലും ഉല്‍ക്കണ്ഠ പുലര്‍ത്തുന്നവരെ കൂടുതല്‍ ഭയപ്പെടുത്തുന്ന വൃത്താന്തങ്ങളുമായാണ് പുതുവര്‍ഷം കടന്നുവരുന്നത്.

ഒരുവശത്ത്‌, മതേതര ജനാധിപത്യമൂല്യങ്ങളിൻമേല്‍ പടുത്തുയര്‍ത്തപ്പെട്ട സര്‍വ്വകലാശാലകളെയും അക്കാദമികളെയും സാംസ്കാരികസ്ഥാപനങ്ങളെയുമെല്ലാം കാവിവല്‍ക്കരിക്കുവാനുള്ള ആസൂത്രിതപദ്ധതികള്‍ അരങ്ങേറുമ്പോള്‍ മറുവശത്ത് ഹിന്ദുത്വരാഷ്ട്രീയത്തിന്‍റെ പ്രത്യയശാസ്ത്രപദ്ധതികളോട് വിയോജിക്കുന്ന സ്വതന്ത്ര മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവര്‍ത്തകരെയും നിശ്ശബ്ദമാക്കുവാനുള്ള ശ്രമങ്ങളും ഊര്‍ജ്ജിതമാവുകയാണ്. ഈ പദ്ധതിയുടെ ഏറ്റവും പുതിയ രണ്ട്‌ ഉദാഹരണങ്ങളാണ്‌ നെഹ്രുവിയന്‍ പാരമ്പര്യത്തിന്‍റെ ഭാഗമായി നല്ല സിനിമയ്ക്കായി സങ്കല്‍പ്പിക്കപ്പെട്ട സിനിമാമേഖലയിലെ പൊതുസ്ഥാപനങ്ങളെ ഇല്ലാതാക്കുവാനുള്ള തീരുമാനവും, സ്വകാര്യ ഉടമസ്ഥതയിലായിരുന്ന സ്വതന്ത്ര മാദ്ധ്യമസ്ഥാപനമായ എന്‍ഡി ടിവിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം സര്‍ക്കാരിന്‍റെ സഹയാത്രികനായ ശതകോടീശ്വരന്‍റെ അധീനതയിലേക്ക്‌ മാറ്റപ്പെട്ട സംഭവവും.

സ്വതന്ത്രമായി പ്രവര്‍ത്തിച്ചിരുന്ന ഫിലിം ഫെസ്റ്റിവല്‍ ഡയരക്ടറേറ്റ്, ഫിലിംസ് ഡിവിഷന്‍, ദേശീയ ഫിലിം ആര്‍ക്കൈവ്സ്, ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി എന്നീ സ്ഥാപനങ്ങളെ ഇല്ലാതാക്കിക്കൊണ്ട്‌ അവയുടെ ചുമതല ഫിലിം ഡവലപ്മെന്‍റെ കോര്‍പ്പറേഷന്‍റെ കീഴിലാക്കിയ സര്‍ക്കാര്‍ നടപടി നെഹ്രുവിയന്‍ മതേതര ജനാധിപത്യം എന്ന സങ്കല്‍പ്പത്തെ നിശ്ശേഷം തുടച്ചുനീക്കുകയെന്ന സംഘപരിവാര അജണ്ടയുടെ ഭാഗമാണെങ്കില്‍, എന്‍ഡി ടിവിയെപ്പോലുള്ള സ്വതന്ത്ര മാദ്ധ്യമങ്ങളെ കൈവശപ്പെടുത്തുകയെന്നത് മോദി സര്‍ക്കാരിന്‍റെ ജനാധിപത്യവിരുദ്ധ ഹിന്ദുത്വ രാഷ്ട്രീയത്തിനുനേര്‍ക്കുള്ള വിമര്‍ശനങ്ങളെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ്. രണ്ടും സംഭവിച്ചുകഴിഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം.

ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെയും സെന്‍സര്‍ ബോര്‍ഡിന്‍റെയുമെല്ലാം നിയന്ത്രണം തീവ്രഹിന്ദുത്വവാദികളായ മൂന്നാംകിട സിനിമാ-സീരിയല്‍ നടീനടൻമാരെ ഏല്‍പ്പിക്കുവാന്‍ തുനിഞ്ഞ മോദി സര്‍ക്കാര്‍ ബഹുസ്വരതയെ മാനിച്ചിരുന്ന സാംസ്കാരികസ്ഥാപനങ്ങളെ ഒന്നൊന്നായി ഇല്ലാതാക്കുകയാണ്. അതിന്‍റെ തുടര്‍ച്ചയാണ് ഏഷ്യയിലെതന്നെ ഏറ്റവും വലിയ ഫിലിം ലൈബ്രറിയായ നാഷനല്‍ ഫിലിം ആര്‍ക്കൈവ് ഓഫ് ഇന്ത്യയെ ഒരു ചെറുകിട കോര്‍പ്പറേഷന്‍റെ കീഴിലാക്കി നിസ്സാരവല്‍ക്കരിക്കുവാനുള്ള നീക്കവും. മലയാളിയായ പി.കെ. നായരുടെ നേതൃത്വത്തില്‍ ലോകത്തിലെതന്നെ മികച്ച ഫിലിം ആര്‍ക്കൈവെന്ന ഖ്യാതി നേടിയ ദേശീയ ഫിലിം ആര്‍ക്കൈവിനെ ഇല്ലാതാക്കുവാനുള്ള പദ്ധതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി നിര്‍ദ്ദേശങ്ങള്‍ക്കായി നിയോഗിക്കപ്പെട്ട ഔദ്യോഗികസമിതിയിലെ അംഗങ്ങളിലൊരാള്‍ മലയാളിയായ ബി.ജെ.പി നേതാവ്‌ ഒ.രാജഗോപാലിന്‍റെ സിനിമാസംവിധായകന്‍കൂടിയായ മകനാണെന്നതും യാദൃച്ഛികമല്ല. ഈ മാറ്റമെല്ലാം നല്ല സിനിമയക്കുവേണ്ടിയാണെന്നാണ് അദ്ദേഹം ഒരു മലയാള മാദ്ധ്യമവുമായുള്ള അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടത്. അന്യമത വിദ്വേഷത്തിലും വര്‍ഗ്ഗീയതയിലും അധിഷ്ഠിതമായ സംഘപരിവാര പ്രത്യയശാസ്ത്രത്തിന് അനുകൂലമായ ഒരു സിനിമാസംസ്കാരത്തിനാണ് ഈ മാറ്റം ഉപകരിക്കുകയെന്നതാണ് വാസ്തവം.

ഫിലിം ആര്‍ക്കൈവ്സിനെ ഉപയോഗിച്ച്‌ ഇന്ത്യാചരിത്രത്തെയും സ്വാതന്ത്ര്യസമരചരിത്രത്തെയുമെല്ലാം തങ്ങള്‍ക്ക് അനുകൂലമാക്കിയെടുക്കുവാന്‍ കഴിയുമെന്ന്‌ മോദി സര്‍ക്കാരിനും സംഘപരിവാരത്തിനുമറിയാം. തങ്ങള്‍ക്ക്‌ പങ്കില്ലാത്ത ദേശീയസ്വാതന്ത്ര്യസമരചരിത്രവും നെഹ്റുവും ഗാന്ധിയുമെല്ലാം ആര്‍ക്കൈവില്‍നിന്ന് അപ്രത്യക്ഷമാവുന്ന കാലം വിദൂരമല്ല. ഫിലിം ആര്‍ക്കൈവ്സ് സ്വതന്ത്രസ്ഥാപനമല്ലാതായതോടെ ആ പഴയകാല ഫിലിം ഫൂട്ടേജുകളുടെ പുന:സ്സംയോജനത്തിലൂടെ സംഘപരിവാരത്തിന്‍റെയും സര്‍ക്കാരിന്‍റെയും നുണഫാക്ടറികള്‍ക്ക്‌ അവരാഗ്രഹിക്കുന്ന ചരിത്രനിര്‍മ്മിതിയും അനായാസം സാദ്ധ്യമാവും. കാഷ്മീര്‍ ഫയല്‍സ് പോലുള്ള സിനിമകളിലൂടെ ആരംഭിച്ച പുതുചരിത്രനിര്‍മ്മിതിക്ക്‌ ഔദ്യോഗിക പിന്‍ബലം നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് വ്യക്തം. ഭരണകൂടം നിയമിക്കുന്ന മോദിഭക്തരിലൂടെ ഈ സ്ഥാപനങ്ങളെയാകെ നേരിട്ട് നിയന്ത്രിക്കുകയാണ് ഭരണകൂടത്തിന്‍റെ ഉദ്ദേശ്യമെന്നത് പകല്‍പോലെ വ്യക്തമാണ്. സ്വതന്ത്ര സിനിമയെന്ന സങ്കല്‍പ്പത്തെ തുരങ്കംവെക്കുകയാണ് അതിന്‍റെ ആത്യന്തികലക്ഷ്യം. മുഖ്യധാരാ വാര്‍ത്താ മാദ്ധ്യമങ്ങളെയും സിനിമപോലുള്ള ബഹുജനമാദ്ധ്യമങ്ങളെയുമെല്ലാം സംഘപരിവാരപ്രത്യയശാസ്ത്രത്തിന്‍റെയും വര്‍ഗ്ഗീയതയുടെയും മാദ്ധ്യമങ്ങളാക്കുവാനുള്ള ഒരു ബൃഹദ്പദ്ധതിയാണിത്.

Films Division Logo

ഇന്ത്യയിലെ അപൂര്‍വ്വം മുഖ്യധാരാ സ്വതന്ത്ര വാര്‍ത്താ ചാനലുകളിലൊന്നായ എന്‍ ഡി ടിവിയുടെ ഉടമസ്ഥാവകാശക്കൈമാറ്റത്തെ സ്വതന്ത്ര മാദ്ധ്യമങ്ങളുടെ നിലനില്‍പ്പിനെതിരെയുള്ള എസ്റ്റാബ്ലിഷ്മെന്‍റിന്‍റെ ഒരു ‘ബ്ലഡ്ലെസ് കൂപ്പ്’ ആയി മാത്രമേ കാണാനാവൂ. ഓഹരിക്കമ്പോളത്തിലെ സാധാരണവും സ്വാഭാവികവുമായ വെറുമൊരു വ്യവഹാരം എന്നതിനേക്കാള്‍, കോര്‍പ്പറേറ്റുകളും ഭരണകൂടവുംതമ്മിലുള്ള അവിഹിതവേഴ്ച്ചയിലൂടെ ജനാധിപത്യത്തെത്തന്നെ അട്ടിമറിക്കുവാനുള്ള ഒരു പുതിയ യുദ്ധതന്ത്രത്തിന്‍റെ സാക്ഷാത്കാരമായാണ് ഈ പിടിച്ചെടുക്കലിനെ മനസിലാക്കേണ്ടത്. ഭരണകൂടത്തിന്‍റെ സ്വന്തം ഏജന്‍സികളെ ഉപയോഗിച്ച്‌ മാദ്ധ്യമസ്ഥാപനങ്ങളെയും ജേണലിസ്റ്റുകളെയും ഭയപ്പെടുത്തി സമ്മര്‍ദ്ദത്തിലാക്കുക എന്ന പതിവുതന്ത്രത്തിനൊപ്പം, വഴങ്ങാത്ത മാദ്ധ്യമങ്ങളെ തങ്ങളുടെ പങ്കാളികളും ഗുണഭോക്താക്കളുമായ കോര്‍പ്പറേറ്റുകളുടെ മൂലധനശക്തിയുപയോഗിച്ച്‌ സ്വന്തമാക്കുവാനും കഴിയുമെന്ന്‌ തെളിയിക്കുകയാണ് നരേന്ദ്ര മോദിയുടെ സര്‍ക്കാരും അതിനെ നയിക്കുന്ന സംഘപരിവാര ശക്തികളും. ജനാധിപത്യത്തിന്‍റെയും ജനങ്ങളുടെയും കാവല്‍നായ്ക്കളായി സങ്കല്‍പ്പിക്കപ്പെടുന്ന മാദ്ധ്യമങ്ങള്‍ ഭരണകൂടത്തിന്‍റെ തന്നെ ആയുധമായി മാറുന്ന ഈയവസ്ഥ രാജ്യം അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയിലാണെന്നതിന്‍റെ പ്രകടമായ സൂചനയാണ്. ഭരണകൂട-കോര്‍പ്പറേറ്റ് ബാന്ധവം ജനാധിപത്യത്തെ വരുതിയിലാക്കുന്നതിന്‍റെ പ്രത്യക്ഷമായ ഉദാഹരണമാണിത്. എന്നാല്‍, ഈ രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെ മാദ്ധ്യമലോകംപോലും ഗൗരവത്തോടെ കാണുന്നില്ലെന്നതാണ് വൈപരീത്യം.

ഒമ്പത് വര്‍ഷംമുമ്പ് നരേന്ദ്ര മോദി ആദ്യമായി പ്രധാനമന്ത്രിപദത്തിലെത്തിയതോടെ രാജ്യം ഒരു അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ നിഴലിലായിക്കഴിഞ്ഞുവെന്ന അസ്വസ്ഥജനകമായ യാഥാര്‍ത്ഥ്യത്തെ തീര്‍ത്തും സ്വാഭാവികവും അനിവാര്യവുമായ ഒരു രാഷ്ട്രീയപരിണാമമായി അവതരിപ്പിക്കുവാനും അതിന്‍റെ സമഗ്രാധിപത്യസ്വഭാവത്തെ സാധൂകരിച്ച് പൊതുസമ്മതിയുണ്ടാക്കുവാനുമാണ് മഹാഭൂരിപക്ഷം മുഖ്യധാരാ മാദ്ധ്യമങ്ങളും ഉത്സാഹിക്കുന്നതെന്നതും കാണാതിരുന്നുകൂടാ. ഈ സാഹചര്യത്തിലാണ് എന്‍ഡി ടിവിയെപ്പോലൊരു സ്വതന്ത്ര വാര്‍ത്താ ചാനല്‍ മോദി സര്‍ക്കാരിന്‍റെ വിശ്വസ്തനായ അദാനിയെന്ന വ്യവസായിയുടെ അധീനതയിലായെന്ന വാര്‍ത്ത ജനാധിപത്യവിശ്വാസികളില്‍ ആശങ്കയുണര്‍ത്തുന്നത്.

റേഡിയോയും ടെലിവിഷനും സ്വകാര്യമേഖലയ്ക്ക്‌ പ്രാപ്യമല്ലാതിരുന്ന കാലത്ത് ദൂരദര്‍ശനുവേണ്ടി അന്താരാഷ്ട്രവാര്‍ത്താവലോകനങ്ങള്‍ക്കായി ഒരു പ്രതിവാരപംക്തി നിര്‍മ്മിച്ചുകൊണ്ട്‌ ടെലിവിഷന്‍രംഗത്ത് പ്രവേശിച്ച ധനകാര്യ വിദഗ്ദനും അക്കാദമിക്കുമായ പ്രണോയ് റോയിയും അച്ചടി മാദ്ധ്യമപ്രവര്‍ത്തകയായ രാധികാ റോയിയും എളിയനിലയിലാരംഭിച്ച ന്യൂഡല്‍ഹി ടെലിവിഷന്‍ എന്ന കമ്പനിയാണ് സ്വകാര്യമേഖലയില്‍ സാറ്റലൈറ്റ് ടെലിവിഷന്‍ അനുവദിക്കപ്പെട്ടതോടെ ഇന്ത്യയിലെ ആദ്യത്തെ വാര്‍ത്താ ടെലിവിഷന്‍ ചാനലായ എന്‍ഡി ടിവിയായി രൂപാന്തരപ്പെട്ടത്. അതേ കാലത്തുതന്നെ തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലെ ആദ്യത്തെ സ്വകാര്യ ചാനലായ എഷ്യാനെറ്റും എന്‍ഡി ടിവിയുമാണ് ദൂരദര്‍ശനു ബദലായ സ്വതന്ത്ര ടെലിവിഷന്‍ വാര്‍ത്ത എന്ന സങ്കല്‍പ്പത്തെ യാഥാര്‍ത്ഥ്യമാക്കിയത്. ദൂരദര്‍ശനിലൂടെ പ്രശസ്തനായ ശശികുമാര്‍ എന്ന ടെലിവിഷന്‍ ജേണലിസ്റ്റിന്‍റെ ഉടമസ്ഥതയിലാരംഭിച്ച എഷ്യാനെറ്റ് അതിന്‍റെ വികാസദശയില്‍ത്തന്നെ പങ്കാളിയും വ്യവസായിയുമായ ബന്ധുവിന്‍റെ അധീനതയിലായെങ്കിലും ഏറെക്കാലം അതിന് ഒരു സ്വതന്ത്ര ചാനല്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞിരുന്നു. എന്നാല്‍ ഏഷ്യാനെറ്റ് എന്ന ബ്രാന്‍റ്‌ പിന്നീട് റൂപ്പെര്‍ട്ട് മര്‍ഡോക്കിലൂടെ ആഗോള മാദ്ധ്യമക്കമ്പോളത്തിലെ വന്‍ കോര്‍പ്പറേറ്റുകളുടെ അധീനതയിലാവുകയായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ്‌ എന്ന വാര്‍ത്താ ചാനലിന്‍റെ ഉടമസ്ഥാവകാശമാവട്ടെ ബിജെപിയുടെ എംപിയും മന്ത്രിയും എന്‍ഡിഎയുടെ കേരളത്തിന്‍റെ ചുമതലക്കാരനുമായ രാജീവ് ചന്ദ്രശേഖര്‍ എന്ന വ്യവസായിയുടെ അധീനതയിലുമാണ്. എന്‍ഡി ടിവിയും വൈകിയാണെങ്കിലും ബിജെപി സര്‍ക്കാര്‍ അനുകൂലിയായ വന്‍കിട കോര്‍പ്പറേറ്റിന്‍റെ വരുതിയിലായിരിക്കുന്നുവെന്നതാണ് കൗതുകകരമായ സംഗതി. മാദ്ധ്യമവിപണിയിലെ രാഷ്ട്രീയ-വാണിജ്യസമ്മര്‍ദ്ദങ്ങളെ, മാദ്ധ്യമധാര്‍മ്മികതയെസ്സംബന്ധിച്ച ഉന്നതമായ നിഷ്ഠകളോടെ രണ്ടു ദശകക്കാലം അതിജീവിക്കുവാന്‍ കഴിഞ്ഞ എന്‍ഡി ടിവി ഒരു വാര്‍ത്താ ചാനല്‍ എന്ന നിലയില്‍ രാജ്യത്തിനകത്തും പുറത്തും ആര്‍ജ്ജിച്ച വിശ്വാസ്യതയും സ്വീകാര്യതയും മോദി ഭരണകൂടത്തിന്‍റെ ഗീബല്‍സിയന്‍ നുണപ്രചരണങ്ങളെ അസാധുവാക്കുകയായിരുന്നു. ആ സാഹചര്യത്തെ ഇല്ലാതാക്കുവാന്‍ കഴിഞ്ഞുവെന്നതാണ് അദാനിയുടെയുടെയും മോദി സര്‍ക്കാരിന്‍റെയും വിജയം.

Modi with Adani

ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്ത്‌ മാദ്ധ്യമങ്ങളുടെ ദൗത്യം എന്തെന്ന ചോദ്യത്തിനുള്ള ഉത്തമദൃഷ്ടാന്തമായിരുന്നു എൻ ഡി ടി വി. ജനപക്ഷത്തുനിന്നുകൊണ്ട് ഭരണകൂടത്തോട് ചോദ്യങ്ങള്‍ ചോദിക്കുകയെന്ന മാദ്ധ്യമധര്‍മ്മം നിര്‍വ്വഹിക്കുന്നതിലൂടെ ഇന്ത്യയിലെ ഏക സ്വതന്ത്ര വാര്‍ത്താ ചാനലെന്ന് ഖ്യാതിനേടിയ എന്‍ ഡി ടിവിയുടെ നിയന്ത്രണം ഭരണകക്ഷിനേതാക്കളുടെയും ഭരണകൂടത്തിന്‍റെയും മുഖ്യ സഹകാരിയായ ഒരു ശതകോടീശ്വരന്‍റെ അധീനതയിലായി എന്നത്‌ വാസ്തവത്തില്‍ ഇന്ത്യയില്‍ സ്വതന്ത്രമാദ്ധ്യമങ്ങളുടെ നിലനില്‍പ്പ്‌ അസാദ്ധ്യമായിക്കഴിഞ്ഞുവെന്നതിന്‍റെ ദൃഷ്ടാന്തമാണ്.

സാമ്പത്തികക്കുറ്റങ്ങളാരോപിച്ച്‌ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ എന്‍ഡി ടിവിയെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പ്രണോയ് റോയിയുടെ വസതിയില്‍ നിരവധി തവണ റെയിഡുകള്‍ നടന്നത്. അംബാനിയുടെ ഉടമസ്ഥതയിലുള്ള ധനകാര്യസ്ഥാപനത്തില്‍നിന്ന്‌ എന്‍ഡി ടിവി കടമായി വാങ്ങിയ പണം ഷെയറുകളായി മാറ്റപ്പെട്ടെങ്കിലും ഇന്ത്യയിലെ ഏറ്റവും വലിയ മാദ്ധ്യമശ്രംഖല സ്വന്തമായുള്ള അംബാനി ആ ചാനല്‍ കൈവശപ്പെടുത്തുവാന്‍ ശ്രമിച്ചിരുന്നില്ലെന്നതും, അംബാനിയുടെ സാമ്പത്തികസ്ഥാപനത്തില്‍നിന്നാണ് അദാനി എന്‍ഡി ടിവിയുടെ ഓഹരികള്‍ കൈവശപ്പെടുത്തിയതെന്നതുമാണ് കൗതുകകരം. കോര്‍പ്പറേറ്റുകളുമായുള്ള പങ്കാളിത്തത്തോടെ ഭരണകൂടം നടത്തുന്ന അട്ടിമറികള്‍ സ്വതന്ത്രമാദ്ധ്യമങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കുമ്പോള്‍ നഷ്ടമാകുന്നത്‌ വിയോജിക്കുവാനുള്ള ജനാധിപത്യാവകാശംതന്നെയാണെന്ന് നാമറിയുന്നില്ല. ഏതെങ്കിലുമൊരു മാദ്ധ്യമസ്ഥാപനത്തിന്‍റെ മാത്രം നിലനില്‍പ്പിനെയല്ല, ജനാധിപത്യത്തിന്‍റെ നിലനില്‍പ്പിനെത്തന്നെയാണത് ബാധിക്കുക. മഹാഭൂരിപക്ഷം കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളും ഭരണകക്ഷിയുടെയും ഭരണകൂടത്തിന്‍റെയും വര്‍ഗ്ഗീയ-ഫാസിസ്റ്റ് പ്രചരണോപകരണങ്ങളായി മാറിക്കഴിഞ്ഞു. ഒരുപക്ഷെ, അടിയന്തരാവസ്ഥയേക്കാള്‍ ഭയാനകമായ ഒരു സാഹചര്യമാണ് ഇന്നത്തെ ഇന്ത്യ നേരിടുന്നത്.

Prannoy Roy and Radhika Roy

സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച്‌ തങ്ങള്‍ക്കെതിരായ മാദ്ധ്യമങ്ങളെ ഭീഷണിപ്പെടുത്തുവാനും ആ മാദ്ധ്യമങ്ങളെ വരുതിയിലാക്കാനുമുള്ള ശ്രമങ്ങള്‍ ഇന്ദിരാഗാന്ധിയാണ് തുടങ്ങിയത്. മാദ്ധ്യമങ്ങള്‍ക്ക് മുഴുവന്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി ഇന്ത്യന്‍ എക്സ്പ്രസ് പത്രത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡില്‍ വിശ്വസ്തരെ തിരുകിക്കയറ്റാന്‍ നടത്തിയ തന്ത്രങ്ങളെക്കുറിച്ച്‌ അരുണ്‍ ഷൂരി തന്‍റെ പ്രശസ്തമായ പുസ്തകത്തില്‍ ( The Commissioner for Lost Causes, 2022) വിശദമായി എഴുതിയിട്ടുണ്ട്‌. അടിയന്തരാവസ്ഥയുടെ കരിനിയമങ്ങളെ മറയാക്കി സാമ്പത്തികക്കുറ്റങ്ങള്‍ ആരോപിച്ച് മാദ്ധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുവാനും സമാന്തരമായി അവയെ വിഴുങ്ങാനുമുള്ള ഇന്ദിരയുടെ ഉദ്യമങ്ങള്‍ ഇപ്പോള്‍ കുറേക്കൂടി പ്രകടവും അക്രമാസക്തവുമായിട്ടുണ്ടെന്നുമാത്രം. ഔദ്യോഗിക മാദ്ധ്യമങ്ങളേക്കാള്‍ ശക്തമായി ഭരണകൂടാനുകൂല പ്രചരണം സ്വയം ഏറ്റെടുത്ത റിപ്പബ്ലിക്ക് ടിവി പോലുള്ള ചാനലുകളെ മാതൃകയാക്കുവാന്‍ മിക്ക സ്വകാര്യ വാര്‍ത്താ മാദ്ധ്യമങ്ങളും നിര്‍ബ്ബന്ധിതമായിരിക്കുന്നു. അതിന് സന്നദ്ധരല്ലാത്ത മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മാദ്ധ്യമസ്ഥാപനങ്ങളില്‍ തുടരാനാവില്ലെന്ന അവസ്ഥയുമുണ്ട്. ദേശീയ വാര്‍ത്താ ചാനലുകളില്‍ ഭരണകൂടവിമര്‍ശനങ്ങളിലൂടെ ശ്രദ്ധേയരായ പ്രമുഖ ജേണലിസ്റ്റുകളിലേറെപ്പേരും മുഖ്യധാരാ മാദ്ധ്യമങ്ങളില്‍നിന്ന് അപ്രത്യക്ഷരായിരിക്കുന്നു. സാഗരികാ ഘോഷ്, ബര്‍ക്കാ ദത്ത്, കരണ്‍ ഥാപ്പര്‍, രാജ്ദീപ് സര്‍ദേശായി, രവീഷ് കുമാര്‍…….ആ പട്ടിക ഇനിയും നീളുമെന്നുറപ്പാണ്. എന്‍ഡി ടിവിയുടെ ഓഹരികളിലേറെയും അദാനി ഗ്രൂപ്പ് കൈവശമാക്കിയതിന് തൊട്ടുപിന്നാലെ ധാര്‍മ്മികതയുടെപേരില്‍ സ്വയം രാജിവെച്ച രവീഷ് കുമാറിനെ സംഘപരിവാരത്തിന്‍റെ സൈബര്‍പ്പോരാളികള്‍ ഏതാനും വര്‍ഷങ്ങളായി വേട്ടയാടുകയായിരുന്നു. വധഭീഷണിയുണ്ടായിട്ടുപോലും മാദ്ധ്യമധാര്‍മ്മികതയില്‍ അടിയുറച്ചുനിന്ന രവീഷിന് ഒടുവില്‍ മാനേജ്മെന്‍റ് മാറ്റത്തോടെ രാജിവെക്കേണ്ടിവരികയായിരുന്നു. ഇന്ത്യയിലെ സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനം നേരിടുന്നത് സങ്കീര്‍ണ്ണവും ആപത്കരവുമായ വെല്ലുവിളികളാണെന്നതിന്‍റെ സൂചനയാണിത്.

Ravish Kumar

രാജ്യത്തെ സമഗ്രാധിപത്യത്തിലേക്ക്‌ നയിക്കുവാനുള്ള ഹന്ദുത്വരാഷ്ട്രീയത്തിന്‍റെ പദ്ധതികള്‍ അതിവേഗം നടപ്പിലാക്കപ്പെട്ടുതുടങ്ങിയെന്നതിന്‍റെ ലക്ഷണങ്ങളാണിതെല്ലാം. ജനാധിപത്യത്തിനും ജനഹിതത്തിനുംവേണ്ടി നില്‍ക്കുവാന്‍ പ്രാപ്തിയില്ലാത്തവിധം ശിഥിലവും ദുര്‍ബ്ബലവുമായ പ്രതിപക്ഷം ഭരണകൂടത്തിന്‍റെ സമഗ്രാധിപത്യപ്രവണതകള്‍ക്കുമുന്നില്‍ നിസ്സഹായതയോടെ നില്‍ക്കുമ്പോള്‍ പ്രതിപക്ഷധര്‍മ്മം നിര്‍വ്വഹിക്കുവാന്‍ ജാഗ്രതപാലിക്കുന്ന എന്‍ഡി ടിവിയെപ്പോലുള്ള അപൂര്‍വ്വം സ്വതന്ത്രമാദ്ധ്യമങ്ങള്‍കൂടി ഭരണാധികാരികളുടെ സാമ്പത്തികപങ്കാളികളായ വന്‍കിട കോര്‍പ്പറേറ്റുകളുടെ വരുതിയിലേക്ക് നീങ്ങുന്ന അവസ്ഥ മാദ്ധ്യമസ്വാതന്ത്ര്യത്തിനുമാത്രമല്ല, ജനാധിപത്യത്തിനുതന്നെ ഭീഷണിയായിരിക്കുന്നു. അതുകൊണ്ടാണ് എന്‍ഡി ടിവിയുടെ നിയന്ത്രണം അദാനി ഏറ്റെടുത്തുവെന്നത്‌ ഓഹരിക്കമ്പോളത്തിലെ വെറുമൊരു സാമ്പത്തിക ഇടപാടുമാത്രമല്ലെന്ന് പറയേണ്ടിവരുന്നത്. അതൊരു രാഷ്ട്രീയ അട്ടിമറിതന്നെയാണ്.

Sagarika Ghose

ദേശീയമാദ്ധ്യമങ്ങളെന്ന് മേനിനടിക്കുന്ന ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ അധികാരത്തിലിരിക്കുന്നവരുടെ നെറികേടുകളെ വിമര്‍ശിക്കുവാനല്ല, പ്രതിപക്ഷത്തെ വേട്ടയാടുവാനാണ് ഉത്സാഹിക്കുന്നതെന്നതാണ് വിചിത്രം. ഇതില്‍നിന്ന് വ്യത്യസ്തമായ സമാന്തര ഡിജിറ്റല്‍ മാദ്ധ്യമങ്ങളും ഭരണകൂടത്തിന്‍റെ ഭീഷണികളെ നേരിട്ടുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. സിദ്ധാര്‍ത്ഥ് വരദരാജനെപ്പോലുള്ള മികച്ച ജേണലിസ്റ്റുകളുടെ നേതൃത്വത്തിലാരംഭിച്ച ഡിജിറ്റല്‍ വാര്‍ത്താ പോര്‍ട്ടലായ ദ വയറിനെതിരെ നിരവധി വ്യാജകേസുകളാണിപ്പോഴുള്ളത്. ജസ്റ്റിസ് ലോയയുടെ മരണത്തെ സംബന്ധിച്ച റിപ്പോര്‍ട്ടുകളെഴുതിയ മലയാളിയായ കാരവന്‍ എഡിറ്റര്‍ വിനോദ് ജോസിനെതിരെ വിവിധ സംസ്ഥാനങ്ങളിലായി രണ്ട് ഡസനിലേറെ രാജ്യദ്രോഹക്കേസുകളാണ് ചുമത്തപ്പെട്ടിരിക്കുന്നത്. സ്വതന്ത്ര മാദ്ധ്യമപ്രവര്‍ത്തനത്തെ ഇന്ത്യയിലിപ്പോള്‍ രാജ്യദ്രോഹപ്രവര്‍ത്തനമായിട്ടാണ് ചിത്രീകരിക്കുന്നതെന്നോര്‍ക്കുക. അതുകൊണ്ടാണ് റിപ്പോര്‍ട്ടേഴ്സ് വിത്തൗട്ട് ബോര്‍ഡര്‍ എന്ന രാജ്യാന്തര മാദ്ധ്യമസംഘടനയുടെ മാദ്ധ്യമസ്വാതന്ത്ര്യത്തെസ്സംബന്ധിച്ച ഒടുവിലത്തെ റിപ്പോര്‍ട്ടില്‍ ഇന്ത്യയുടെ സ്ഥാനം ജനാധിപത്യം നിലവിലില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇടംനേടിയത്. നരേന്ദ്ര മോദി അധികാരത്തിലേറിയതുമുതല്‍ മഹാഭൂരിപക്ഷം കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളും കാവിവല്‍ക്കരണപ്രക്രിയക്ക് സ്വയം വിധേയമായ സാഹചര്യത്തിലാണ് അതിനു വഴങ്ങാതിരുന്ന മാദ്ധ്യമങ്ങളെ കോര്‍പ്പറേറ്റുകളുടെ സാമ്പത്തിക ശക്തിയുപയോഗിച്ച്‌ കയ്യടക്കുവാനുള്ള ശ്രമങ്ങളാരംഭിച്ചത്. ഭരണകൂടത്തിന്‍റെ നേരിട്ടുള്ള ഏജന്‍സികളെ ഉപയോഗിച്ച് വിയോജിക്കുന്ന മാദ്ധ്യമങ്ങളെ സമ്മര്‍ദ്ദത്തിലാക്കുവാനും ലക്ഷക്കണക്കിന്‌ വരുന്ന സ്വന്തം സൈബര്‍പോരാളികളെ ഉപയോഗിച്ച്‌ മാദ്ധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും അപകീര്‍ത്തിപ്പെടുത്താനും ശ്രമിക്കുന്ന സംഘപരിവാരരാഷ്ട്രീയത്തിന്‍റെ പുതിയൊരു തന്ത്രമാണ് കോര്‍പ്പറേറ്റുകള്‍വഴിയുള്ള പിടിച്ചെടുക്കല്‍. ആഗോള മാദ്ധ്യമ നിലവാര സൂചികയില്‍ ജനാധിപത്യ ഇന്ത്യ പരിതാപകരമാംവിധം താഴെയായതിന്‍റെ കാരണം അന്വേഷിക്കേണ്ടത്‌ ഈ മൂര്‍ത്ത രാഷ്ട്രീയപശ്ചാത്തലത്തിലാണ്.

Vinod K Jose

മാദ്ധ്യമങ്ങളെ വരുതിയില്‍ കൊണ്ടുവരാനുള്ള സംഘപരിവാരത്തിന്‍റെയും മോദി സര്‍ക്കാരിന്‍റെയും അജണ്ടകള്‍ കേരളത്തിലും പലമട്ടില്‍ പ്രവര്‍ത്തനസജ്ജമാണ്. മതത്തെയും മതാചാരങ്ങളെയും സംബന്ധിച്ച പരാമര്‍ശങ്ങളുടെപേരില്‍ മാദ്ധ്യമങ്ങള്‍ക്കുനേരെ ബഹിഷ്കരണഭീതിയുയര്‍ത്തിക്കൊണ്ടാണ് കേരളത്തില്‍ സംഘപരിവാര സംഘടനകള്‍ മാദ്ധ്യമവേട്ടയാരംഭിച്ചിരിക്കുന്നത്. എസ്. ഹരീഷിന്‍റെ നോവലിനെതിരെ ഒരു വിഭാഗമാളുകള്‍ രംഗത്തുവന്നത് ആ നോവലിനോടുള്ള പ്രതിഷേധമെന്നതിനേക്കാള്‍ അത് പ്രസിദ്ധീകരിച്ച മാദ്ധ്യമത്തെ ഭീഷണിപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെയായിരുന്നു. ദേശീയപ്രസ്ഥാനത്തിന്‍റെ മഹദ് പാരമ്പര്യമുള്ള, മഹാത്മാഗാന്ധിയുടെ ആശീര്‍വാദത്തോടെ പ്രസിദ്ധീകരണം ആരംഭിച്ച ഒരു പത്രസ്ഥാപനത്തെ സമ്മര്‍ദ്ദത്തിലാക്കി വരുതിയില്‍കൊണ്ടുവരികയെന്ന കുത്സിതനീക്കമായിരുന്നു അത്. ഏത് ഹീനകൃത്യങ്ങളിലൂടെയാണെങ്കിലും കേരളത്തെ വര്‍ഗ്ഗീയവല്‍ക്കുകയെന്ന രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണിതും. അത്‌ മാദ്ധ്യമങ്ങളെ മാത്രം ബാധിക്കുന്നതല്ല. ആത്യന്തികമായി ജനാധിപത്യത്തിനെതിരായ ഒരു വന്‍ഗൂഢാലോചനയുടെ ഭാഗമാണ് ഈ മാദ്ധ്യമവേട്ടകളെന്ന തിരിച്ചറിവാണ് നമുക്കില്ലാതെപോകുന്നതും. ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരായ ഭരണകൂടം ജനാധിപത്യവിരുദ്ധ ഭരണകൂടമാണെന്ന തിരിച്ചറിവാണ് നമുക്കില്ലാത്തതും.


സമകാലിക മാധ്യമ പ്രവണതകളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനമുായ ഒ.കെ ജോണി എഴുതുന്ന പംക്തി ‘ഇവിടെ ഇപ്പോൾ’ ദി ഐഡം പ്രസിദ്ധീകരിക്കുന്നു. മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ ഇപ്പോൾ

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
2 years ago

സത്യം വിളിച്ചുപ്രയുന്നവരുടെ നാവ് പിഴുതുമാറ്റിയിരുന്ന പഴയ കാലത്തിൽനിന്ന് സംഘപരിവാര കാലത്ത്വ വന്ന മാറ്റം അത്തരക്കാരെ ഉന്മൂലനം ചെയ്യുക എന്നതാണ്. അതാണ് ഇന്ന് ഇന്ത്യയിൽ ആകമാനം നടന്നുകൊണ്ടിരിക്കുന്നത്. അതിന്റെ സുഗമമായ പൂർത്തികരണത്തിന് വേണ്ടിയാണു മദ്ധ്യമങ്ങൾ ഉൾപ്പെടെയുള്ള സ്വതന്ത്ര സംവിധാനങ്ങളെ പിടിച്ചെടുക്കുന്നതും വരുതിയിലാക്കുന്നതും ഇല്ലാതാകുന്നതുമൊക്കെ.
ജോണിയുടെ ഈ പംക്തി The Aidem ത്തിന് പുതിയ ശോഭ പകരും എന്നാണ് എന്റെ തോന്നൽ. അഭിവാദ്യങ്ങൾ 🙏