ട്രംപ് 2.0 ഒരു നല്ല പ്രസിഡന്റാകുമോ?
അമേരിക്കയുടെ ഏറ്റവും മികച്ച പ്രസിഡൻറുമാരിൽ ഒരാളാകാനുള്ള ചരിത്രപരമായ അവസരമാണ് ട്രംപിന് വന്നുചേർന്നിരിക്കുന്നത്. ഈ അവസരം അദ്ദേഹം ഉപയോഗപ്പെടുത്തുമോ?
ജൂണിൽ ട്രംപുമായി നടന്ന സംവാദത്തിലെ മോശം പ്രകടനത്തിന് ശേഷം പ്രസിഡൻറ് ജോ ബൈഡൻ നിർദേശിച്ച ഡെമോക്രാറ്റിക് സ്ഥാനാർഥി കമല ഹാരിസിനെ സമഗ്രമായി പിന്നിലാക്കിയാണ്, 1905ൽ അമേരിക്കയിലേക്ക് കുടിയേറിയ ഒരു ബവേറിയക്കാരൻ്റെ ചെറുമകൻ ഡൊണാൾഡ് ജോൺ ട്രംപ് എന്ന 78 കാരൻ ജയിച്ചു കയറിയത്.
ഒരുപക്ഷേ, ട്രംപിനെതിരെ പരസ്യമായി പ്രവർത്തിക്കുന്ന മുഖ്യധാരാ മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിച്ചതുപോലെ മിക്ക തിരഞ്ഞടുപ്പ് പണ്ഡിതന്മാരും ഒരു കഠിനമേറിയ മത്സരം പ്രവചിച്ചത് കൂടി കണക്കിൽ എടുത്താൽ ട്രംപിൻ്റേത് വലിയ വിജയമാണ്. 52% ജനകീയ വോട്ടുകൾ അദ്ദേഹം നേടുകയും അദ്ദേഹത്തിൻറെ പാർട്ടി സെനറ്റിലും
ജനപ്രതിനിധിസഭയിലും വൻ മുന്നേറ്റം നേട്ടുകയും ചെയ്തിരിക്കുന്നു.
സുപ്രീംകോടതിയിൽ ആറിൽ മൂന്ന് ഭൂരിപക്ഷവും അദ്ദേഹത്തിനുണ്ട്.
എന്തുകൊണ്ട് ട്രംപ് വിജയിച്ചു?
ഒന്നാമതായി, റിപബ്ലിക്കൻ പാർട്ടിയിൽ ട്രംപ് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും ഈ വിജയം പാർട്ടിയേക്കാൾ തൻ്റെ വിജയമാണെന്ന് വരുത്തിതീർക്കുകയും ചെയ്തിട്ടുണ്ട്.
രണ്ടാമതായി, ട്രംപ് ബൈഡനോട് നന്ദി പറയണം. ഹാരിസിന്റെ ചുമലിലുണ്ടായിരുന്ന ബൈഡൻ പാരമ്പര്യത്തിൻ്റെ ഭാരം അവരുടെ തോൽവിയിൽ സ്വാധീനിച്ചിട്ടുണ്ട്. തൻ്റെ വോട്ടർമാരോട് എല്ലാ നയപരമായ കാര്യങ്ങളിലും താൻ ബൈഡനോട് യോജിക്കുന്നുവെന്ന് അവർ പറഞ്ഞത് വിവേകശൂന്യമായിപ്പോയി.
പെട്രോൾ പമ്പുകളിലും പലചരക്ക് കടകളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന പണപ്പെരുപ്പത്തെ കുറിച്ചുള്ള വോട്ടർമാരുടെ പ്രധാനപ്പെട്ട ആശങ്കകളെ നേരിടാൻ സ്വന്തം ആശയങ്ങളുള്ള ഒരു നേതാവായി തന്നെ സ്വയം പരിചയപ്പെടുത്തുന്നതിൽ അവർ പരാജയപ്പെട്ടു.
പണപ്പെരുപ്പം കൂടിക്കൊണ്ടിരിക്കുന്നത് കൊണ്ടു തന്നെ ജോ ബൈഡന്റെ കാലത്തെ പണപ്പെരുപ്പ നിരക്ക് ട്രംപിന്റെ കാലത്തേതിനേക്കാൾ കുറവാണെന്ന വാദമൊന്നും നിലനിൽക്കുന്നതല്ല.
മൂന്നാമതായി, ‘വിദേശികൾ’ അതിർത്തി കടന്നു വരുമെന്ന ഭീഷണിയെ ട്രംപ് ഊന്നിപ്പറയുകയും ഹാരിസിൻ്റെ നിഷ്ക്രിയത്വത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ കൊണ്ടുവരികയും ചെയ്തു.
നാലാമതായി, ട്രംപ് നന്നായി നുണ പറയുകയും ക്രൂരമായ അതിശയോക്തികളെ അവലംബിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ അനുയായികൾക്ക് ഇക്കാര്യം നന്നായി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു.
അഞ്ചാമതായി, ഗസ്സയെ കുറിച്ചുള്ള ബൈഡൻറെ നയങ്ങളിൽ നിന്ന് വ്യത്യസ്തയാകാതിരുന്നതോടെ, ഗണ്യമായ അറബ് അമേരിക്കൻ വോട്ടർമാരുള്ള, 15 ഇലക്ട്രൽ കോളേജ് വോട്ടുകളുള്ള മിഷിഗൺ ഹാരിസിന് നഷ്ടപ്പെട്ടു. ട്രംപാകട്ടെ, അവിടെ 2020ൽ 1,55,000 വോട്ട് നേടിയെടുത്തു നിന്ന് ഇത്തവണ 2,79,599 ആക്കി നില മെച്ചപ്പെടുത്തി.
രണ്ടാം ട്രംപും ഒന്നാം ട്രംപും
സ്ഥാനാർഥിയായപ്പോൾ ട്രംപ് നടത്തിയ പ്രഖ്യാപനങ്ങളിൽ നിന്നുതന്നെ പല വിദഗ്ധന്മാരും പ്രസിഡണ്ട് എന്ന നിലയിൽ അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അനുമാനിച്ചിട്ടുണ്ട്. അതുപോലെതന്നെ ആദ്യ തവണ അദ്ദേഹം ചെയ്ത കാര്യങ്ങളിൽ നിന്ന് രണ്ടാംഘട്ടത്തിലേക്ക് വരുമ്പോൾ സ്ഥിതിഗതികൾ വ്യത്യസ്തമാണെന്ന് കാണിക്കാനുള്ള ഒരു പ്രവണതയും ഉണ്ട്. അത്തരം അനുമാനങ്ങൾ എല്ലായിപ്പോഴും ശരിയാണെന്ന് നമുക്ക് ഊഹിക്കാൻ കഴിയില്ല.
ട്രംപിന്റെ തീരുമാനങ്ങൾ എടുക്കുന്ന ശൈലി ഒരുപക്ഷേ മാറിയേക്കില്ല. എന്നിരുന്നാലും, വീണ്ടുമൊരു തിരഞ്ഞെടുപ്പിനെ കുറിച്ച് അദ്ദേഹം ആശങ്കപ്പെടേണ്ടതില്ല. മാത്രമല്ല ഒരു നല്ല പാരമ്പര്യം ഉപേക്ഷിക്കാൻ അദ്ദേഹം പ്രലോഭിക്കപ്പെടാനും സാധ്യതയുണ്ട്.
ഒരു കൂട്ട നാടുകടത്തലിന് അദ്ദേഹം തയാറാകുമോ?
രേഖകളിൽ ഇല്ലാതെ അമേരിക്കയിൽ ജീവിച്ചുകൊണ്ടിരിക്കുന്ന, ഒട്ടുമിക്ക പേരും തൊഴിലെടുക്കുന്ന, ഏകദേശം 11 ദശലക്ഷം മനുഷ്യരെ അദ്ദേഹം എന്തുചെയ്യുമെന്നത് ഇപ്പോഴും അവ്യക്തമാണ്. ആദ്യമായി അവരെ എങ്ങനെ കണ്ടെത്തും? തൊഴിലിടങ്ങളെല്ലാം റൈഡ് ചെയ്ത് അവരെ കൊണ്ടുപോകുമോ?
അങ്ങനെ ചെയ്താൽ തൊഴിലാളികൾ കോടതിയെ സമീപിക്കുകയും ട്രംപിനെതിരെ ജനരോഷം ഉയരുകയും ചെയ്യും. അങ്ങനെയൊരു നാടുകടത്തൽ സംഭവിച്ചാലുണ്ടാകുന്ന തൊഴിലാളി ക്ഷാമം കാരണമായി വീണ്ടും വില വർധനവുണ്ടാകും.
രണ്ടാമതായി, ഏകദേശം 11 ദശലക്ഷം മനുഷ്യരെ പല രാജ്യങ്ങളിലേക്ക് നാടുകടത്തുക എന്നത് ഒരു പേടിസ്വപ്നം തന്നെയാണ്. പ്രത്യേകിച്ച് ആ രാജ്യങ്ങളൊന്നും സഹകരിക്കാൻ തയ്യാറായില്ലെങ്കിൽ.
ട്രംപ് ഒരു പ്രതീകാത്മക നാടുകടത്തൽ തെരഞ്ഞെടുത്ത് വിജയം പ്രഖ്യാപിക്കാനാണ് സാധ്യത.
ഒരു വാണിജ്യയുദ്ധം തിരിച്ചുകൊണ്ടുവന്നാൽ എങ്ങനെയിരിക്കും?
സ്ഥാനാർഥിയായിരിക്കെ ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 60 ശതമാനവും മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് 10 മുതൽ 20 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. നവംബർ 4ന് തങ്ങളുമായി പങ്കിടുന്ന അതിർത്തികൾ അടച്ചില്ലെങ്കിൽ 100% തീരുവ ചുമത്തുമെന്ന് അദ്ദേഹം മെക്സിക്കോയെ ഭീഷണിപ്പെടുത്തിയിരുന്നു.
ട്രംപിന് ഒരേ സമയം എല്ലാ കയറ്റുമതി രാജ്യങ്ങളുമായും വാണിജ്യയുദ്ധം തുടങ്ങാൻ കഴിയില്ല എന്നത് വ്യക്തമാണ്. കാരണം അവർ തിരിച്ചടിക്കാനും അതുവഴി കുഴപ്പങ്ങൾ ഉണ്ടാവുകയും അമേരിക്കയിൽ വീണ്ടും പണപ്പെരുപ്പം വർധിക്കുകയും ചെയ്യാനുള്ള സാധ്യതകൾ ഉണ്ട്. അതുകൊണ്ടുതന്നെ അദ്ദേഹം ഓരോരുത്തരെയായി പിന്തുടരാനാണ് സാധ്യത. എന്നാൽ പോലും അമേരിക്കൻ ഉപഭോക്താക്കളിൽ അതുണ്ടാക്കുന്ന സ്വാധീനം അദ്ദേഹം പരിഗണിക്കേണ്ടിയിരിക്കുന്നു.
താനൊരു അസാധാരണക്കാരനായ സമർഥനായ ഇടപാടുകാരനായാണ് ട്രംപ് സ്വയം കരുതുന്നത്. ഇങ്ങനെയൊക്കെ ഭീഷണിപ്പെടുത്തിയെങ്കിലും ഇതൊക്കെ നടപ്പിലാക്കുന്നത് ഒഴിവാക്കാൻ വേണ്ടിയുള്ള ചർച്ചകളും അദ്ദേഹം നടത്താൻ സാധ്യതയുണ്ട്.
ട്രംപിന് നാറ്റോയിൽ നിന്ന് പിൻവലിയാൻ കഴിയുമോ?
യൂറോപ്പ് കുറച്ചുകാലമായി ട്രംപ് പ്രൂഫിംഗിൻ്റെ പിടിയിലാണ്. ട്രംപ് നാറ്റോയിൽ നിന്ന് പിന്തിരിഞ്ഞേക്കുമോ എന്ന് യൂറോപ്പ് ഭയപ്പെടുന്നു. ഫ്രാൻസും പോളണ്ടും ലക്സംബർഗും യൂറോപ്പിനെ പ്രതിരോധിക്കാനുള്ള ഒരു യൂറോപ്യൻ സൈന്യത്തിനായുള്ള ആവശ്യകതയെ കുറിച്ച് ചർച്ച ചെയ്തിട്ടുമുണ്ട്.
അമേരിക്കയുടെ ശക്തമായ സൈനിക വ്യാവസായിക കോൺഗ്രസ് സമുച്ചയങ്ങളുടെ ഏറ്റവും ഊർജ്ജസ്വലനായ വില്പനക്കാരനായ ട്രംപ് നാറ്റോ വിടില്ലെന്ന് തന്നെയാണ് ഇതുവരെയുള്ള പ്രതിഫലനങ്ങൾ സൂചിപ്പിക്കുന്നത്. അങ്ങനെ ചെയ്യുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തിയേക്കാം. പക്ഷേ അതെല്ലാം യൂറോപ്പിനെ തങ്ങളുടെ പ്രതിരോധത്തിനു മേൽ കൂടുതൽ പണം ചെലവഴിക്കാൻ നിർബന്ധിപ്പിക്കുന്നതിന് വേണ്ടി മാത്രമാണ്. അമേരിക്കയിൽ നിന്ന് കൂടുതൽ ആയുധങ്ങൾ വാങ്ങാൻ വേണ്ടിയാണെന്നർത്ഥം. കാരണം ട്രംപ് നാറ്റോയിൽ നിന്ന് പുറത്തു പോയാൽ, യൂറോപ്പ് അമേരിക്കയിൽ നിന്ന് ആയുധം വാങ്ങുന്നത് നിർത്തേണ്ടിവരും.
യു.എസ്-റഷ്യ ബന്ധം പുനഃക്രമീകരിക്കുമോ?
ജയത്തിനുശേഷം ട്രംപിനെ അഭിനന്ദിക്കാൻ പുട്ടിൻ വിളിക്കാത്തത് ചില അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ ചൂണ്ടിക്കാണിച്ചിരുന്നു. ക്രെംലിൻ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് ബുധനാഴ്ച ട്രംപിനെ വിളിച്ച് അഭിനന്ദിക്കാനുള്ള പദ്ധതികളൊന്നും ഇതുവരെ തനിക്കറിയില്ല എന്ന് പറയുകയും അമേരിക്കയുമായുള്ള ബന്ധം ചരിത്രത്തിലെ തന്നെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
“റഷ്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾ മോഷമാക്കാൻ പ്രായോഗികമായി സാധ്യമല്ല. അത് നിലവിൽ തന്നെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണല്ലോ” റഷ്യയിലെ ഭരണകൂടം നിയന്ത്രിക്കുന്ന മാധ്യമമായ ടാസ് പറയുന്നത് പ്രകാരം പെസ്‌കോവ് പറഞ്ഞത് ഇങ്ങനെയാണ്.
2018ൽ പുട്ടിൻ വീണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ട്രംപ് അദ്ദേഹത്തെ പെട്ടെന്നൊന്നും വിളിച്ചിരുന്നില്ല.
ട്രംപും പുടിനും ഒരു കളിക്ക് മുതിരാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. സുരക്ഷിതമായ മറ്റു ചാനലുകളിലൂടെ അവർ ബന്ധപ്പെടുന്നുണ്ടാകും.
പെസ്കോവ് ഇത് പറഞ്ഞതിന് രണ്ട് ദിവസത്തിന് ശേഷം പുട്ടിൻ പരസ്യമായി തന്നെ ട്രംപിൻ്റെ വിജയത്തെ അഭിനന്ദിക്കുകയും തെരഞ്ഞെടുപ്പിനുശേഷം 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞതിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.
ഉക്രൈന്റെ ഭാവി എന്താകും?
ജനുവരി 20ന് ഔദ്യോഗികമായി പ്രസിഡൻ്റായി ചുമതല ഏൽക്കുന്നതിന് മുമ്പ് തന്നെ ഉക്രൈനുമായി ബന്ധപ്പെട്ട നയം ട്രംപ് പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. ഒരു പത്രസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം തന്നെ നയം വ്യക്തമാക്കിയേക്കാം.
ഇപ്പോൾ തന്നെ ഉക്രൈനിലേക്ക് ആയുധങ്ങൾ അയക്കുന്നതിനെ എതിർക്കുന്ന യൂറോപ്യൻ യൂണിയൻ അംഗങ്ങളായ ഹംഗറിയും സ്ലോവാക്യയും യുദ്ധം നിർത്തിവെക്കാൻ ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇത്രയും കാലം തങ്ങൾക്കു ലഭിച്ച എല്ലാ സഹായങ്ങൾ ഉപയോഗിച്ചിട്ടും ഇതുവരെ റഷ്യയെ ചെറുക്കാൻ ഉക്രൈന് സാധിച്ചിട്ടില്ല എന്നതാണ് കാതലായ കാര്യം. വെടിനിർത്തൽ ഇടപാടുകൾ ആരംഭിച്ചിട്ടില്ലെങ്കിൽ റഷ്യ ഇനിയും അതിർത്തികൾ പിടിച്ചടക്കികൊണ്ടേയിരിക്കും.
റഷ്യയെ അസ്ഥിരപ്പെടുത്തുമെന്ന് ബൈഡൻ കരുതിയിരുന്ന ഒരു യുദ്ധം ബൈഡൻ്റെ ഭാഗത്ത് നിന്നുള്ള ന്യായവിധിയുടെ വലിയ പിശകായി മാറാൻ സാധ്യതയുണ്ട്.
ചൈന-റഷ്യ കൂട്ടുകെട്ടോ?
തീരുവകൾ ഇനിയും വർധിപ്പിച്ച് ട്രംപ് ചൈനയെ ഭീഷണിപ്പെടുത്താൻ സാധ്യതയുണ്ട്. അതേസമയം അദ്ദേഹം ഒരു മധ്യസ്ഥ ചർച്ചയും പരീക്ഷിച്ചേക്കാം.
ചൈനയെയും റഷ്യയെയും ഒരേസമയം നേരിടുന്നതിൽ ബൈഡന് സംഭവിച്ച തെറ്റുകളും അതുവഴി അവർക്കിടയിൽ സംഭവിച്ച ആഴത്തിലുള്ള ബന്ധവും അദ്ദേഹം തിരിച്ചറിയുക തന്നെ ചെയ്യും.
അങ്ങനെ റഷ്യയും ചൈനയും തമ്മിലുള്ള കൂട്ടുകെട്ട് ദുർബലമാക്കാൻ ട്രംപ് ശ്രമിച്ചേക്കും. ക്രമേണ അമേരിക്കയുടെ നേട്ടത്തിന് വേണ്ടി അല്ലെങ്കിലും റഷ്യ-ചൈന-ഇറാൻ അച്ചുതണ്ട് കൂടുതൽ ശക്തമായേക്കാം.
ഇക്കാര്യത്തിൽ ട്രംപിന് വിജയിക്കാൻ ആകുമോ എന്നത് മറ്റൊരു കാര്യമാണ്.
മധ്യ-പൂർവ്വേഷ്യയുടെ കാര്യം എന്താകും?
ട്രംപ് ഒരു യുദ്ധക്കൊതിയനല്ല. യുദ്ധങ്ങൾ അവസാനിപ്പിച്ചതിനുള്ള ക്രെഡിറ്റ് എടുക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. ഇറാനുമായി യുദ്ധം തുടങ്ങരുതെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് അദ്ദേഹം ആവശ്യപ്പെട്ടേക്കാം.
മറ്റൊരു സാധ്യതയുള്ളത് ബന്ധികളെ മോചിപ്പിക്കുകയും പകരമായി വെടിനിർത്തലിന് സമ്മതിക്കാനും താൽക്കാലികമായി ഗസ്സയുടെ ഭൂരിഭാഗം ഭാഗങ്ങളിൽ നിന്ന് പിൻവലിയാൻ പോലും അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടേക്കാം. സൗദി അറേബ്യയുമായി സാധാരണ നിലയിൽ ആയതിനുശേഷം തൻ്റെ പദ്ധതികളുമായി പിന്നീട് മുന്നോട്ടു പോകാമെന്ന് നെതന്യാഹുവിനൊരു സൂചന നൽകൽ കൂടിയാകുമത്.
സ്ഥാനാർഥിയായിരിക്കെ ഇസ്രായേൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യം വെക്കണം എന്നെല്ലാം ട്രംപ് പറഞ്ഞിരുന്നുവെങ്കിലും പ്രസിഡണ്ട് ആകുമ്പോൾ ഇക്കാര്യത്തിലുള്ള അപകടങ്ങളെക്കുറിച്ച് ട്രംപിന് ഉപദേശം കിട്ടിയേക്കും.
കൊറിയൻ ഉപദ്വീപിലും ജപ്പാനിലും തായ്‌വാനിലും എന്തായിരിക്കും അദ്ദേഹത്തിൻറെ സമീപനം?
ദക്ഷിണ കൊറിയ, ജപ്പാൻ, തായ്‌വാൻ എന്നീ രാജ്യങ്ങൾക്ക് അമേരിക്ക നൽകുന്ന സംരക്ഷണത്തിന് പണം നൽകണമെന്ന് ട്രംപ് ചിലപ്പോൾ ആവശ്യപ്പെട്ടേക്കാം.
തായ്‌വാൻ പിടിച്ചെടുക്കുന്നതിനുള്ള സൈനിക നടപടികൾ സ്വീകരിച്ച് ട്രംപിനെ പ്രകോപിപ്പിക്കുന്നതിന് മുമ്പ് ചൈന രണ്ടുതവണ ചിന്തിച്ചേക്കും.
ഉത്തരകൊറിയയെ സംബന്ധിച്ചാണെങ്കിൽ പരസ്പര ബന്ധങ്ങൾ സാധാരണ നിലയിലാക്കാൻ ആണവായുധങ്ങൾക്കും മിസൈലുകൾക്കും പരിധി വെക്കാൻ കിം ജോങ് ഉന്നുമായി ഒരു കരാറിലെത്താൻ ട്രംപ് ശ്രമിച്ചേക്കാം.
ഉപരോധങ്ങളും ഒറ്റപ്പെടുത്തൽ നയങ്ങളും ഒന്നും തന്നെ ഫലവത്താവാത്തതിനാൽ ഈ സമീപനം യുക്തമാണെന്ന് പറയാം. കൂടാതെ, ഉത്തര കൊറിയ റഷ്യയോടും ചൈനയോടും കൂടുതൽ ചേർന്നു നിൽക്കുന്നതിനാൽ ഈ വിന്യാസത്തെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നതിലും ട്രംപ് ചില നേട്ടങ്ങൾ കണ്ടേക്കും.
യു.എന്നിൻ്റെ ഭാവി എന്ത്?
യു എന്നിനും ഏജൻസികൾക്കും കൂടുതൽ ദുഷ്‌കരമാകുന്ന നാളുകളായിരിക്കും വരാൻപോകുന്നത്. അതിൽ ട്രംപ് ഭാഗികമായി വിജയിച്ചേക്കും.
അവസാനമായി, ഇന്ത്യയോട് എങ്ങനെയായിരിക്കും?
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള അദ്ദേഹത്തിൻറെ വ്യക്തിഗത ബന്ധം വളരെ മികച്ചതാണ്. അതിനെയും മെച്ചപ്പെടാനാണ് സാധ്യത. പരസ്പരമുള്ള രസതന്ത്രത്തിന് രണ്ട് നേതാക്കളും പലപ്പോഴും അനാവശ്യമായാണെങ്കിലും വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.
എന്നിരുന്നാലും, ‘കച്ചവട ചതിയൻ’ എന്ന് ഇന്ത്യയെ വിശേഷിപ്പിച്ച ട്രംപ് പക്ഷേ വ്യാപാര വിഷയങ്ങളിൽ കർശനമായ നിലപാടെടുക്കാനാണ് സാധ്യത. 2019 ൽ അമേരിക്കയിൽ നിന്നുള്ള ഹാർലി ഡേവിഡ്സൺ ബൈക്കുകളുടെ നിരക്ക് വർധിപ്പിച്ചതിനെ തുടർന്ന് അദ്ദേഹം നടത്തിയ ബഹളങ്ങൾ ഇപ്പോൾ ഓർക്കുന്നത് നല്ലതാണ്.
മുംബൈയിലും പൂനെയിലും ഗുരുഗ്രാമിലും കൊൽക്കത്തയിലും എല്ലാം ട്രംപ് ടവറുകൾ ഉണ്ട്. അവ ഇനിയും കൂടിയേക്കാം.
പ്രതിരോധ സഹകരണം കൂടുതൽ ശക്തമാകാൻ ആണ് സാധ്യത. കൂടുതൽ ആയുധങ്ങൾ വിൽക്കാനും സങ്കേതികവിദ്യകൾ കൈമാറ്റം ചെയ്യാനും അദ്ദേഹം ഉത്സുകനായിരിക്കും. ഇന്ത്യയും കാനഡയും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ട്രംപ് ഇരുകക്ഷികളെയും പ്രേരിപ്പിച്ചേക്കും.
ഇത്രയും പറഞ്ഞത്, ഏറ്റവും മികച്ച പ്രസിഡണ്ടുമാരിൽ ഒരാളായി മാറാൻ ചരിത്രപരമായ ഒരു അവസരമാണ് ട്രംപിനുള്ളത് എന്നാണ്. ഈ അവസരം അദ്ദേഹം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുമോ എന്നതാണ് മറ്റൊരു ചോദ്യം.
അധികാരം പിടിക്കാനാവശ്യമായ രാഷ്ട്രീയ കഴിവ് പക്ഷേ നല്ല ഭരണം കാഴ്ചവെക്കുന്നതിന് ആവശ്യമായ കഴിവിൽ നിന്ന് വ്യത്യസ്തമാണ്.
പുരാതന ഗ്രീക്ക് നാടക പ്രവർത്തകർ പറയുന്നതുപോലെ “സ്വഭാവം തന്നെയാണ് വിധി”.
കടപ്പാട്: PressInsider
വിവർത്തനം: സാനിയ കെ.ജെ
കെ പി ഫാബിയൻ സാറിൻറെ അറിവും നയതന്ത്ര മേഖലയിലെഅനുഭവസമ്പത്തും തികച്ചും വെളിവാക്കിയ ,ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ, വസ്തുനിഷ്ഠവും വസ്തുതകൾ അക്കമിട്ട് നിരത്തിയുമുള്ള ലേഖനം. സാറിൻറെ സാന്നിദ്ധ്യം ഈ താളുകളിൽ ഇനിയും പ്രതീക്ഷിക്കുന്നു.