ഈ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങളുടെ എണ്ണത്തിലെ പൊരുത്തക്കേട് ഒരു തിരഞ്ഞെടുപ്പ് അട്ടിമറിയുടെ സൂചനയാണോ? തിരഞ്ഞെടുപ്പ് നടത്തിപ്പിലെ സുതാര്യത ഇല്ലായ്മയിലേക്ക് വെളിച്ചം വീശുന്ന കണ്ടെത്തലുകളുമായി ദി ഐഡം മാനേജിംഗ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ്റെ അന്വേഷണ റിപ്പോർട്ട്.
മെയ് 13ന് 96 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് കൂടി നടന്നതോടെ ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ഇന്ത്യയുടെ പൊതുതിരഞ്ഞെടുപ്പ് പ്രക്രിയ നാലാം ഘട്ടം കടന്നിരിക്കുകയാണ്. പക്ഷേ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) ആകെയുള്ള പെരുമാറ്റത്തില്‍ – പ്രത്യേകിച്ച് തിരഞ്ഞെടുപ്പ് നിയന്ത്രണത്തില്‍ – ഗുരുതരമായ ആശങ്കകൾ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വീണ്ടും ഉയരുന്നു. ഈ ആശങ്കകള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യൻ സമൂഹത്തിന്റെ വിവിധ ധാരകള്‍ ആവർത്തിച്ച് പ്രകടിപ്പിക്കുന്നുണ്ട്.
മെയ് 11 ന്, പൗരസമൂഹവും സംഘടനകളും ചേർന്ന് ആയിരക്കണക്കിന് ആളുകളെ ഉൾപെടുത്തി ഇലക്ഷൻ കമ്മീഷനെ ഉദ്ബോധിപ്പിക്കുന്ന തരത്തിൽ ഒരു സംയുക്ത പ്രചാരണം നടത്തിയിരുന്നു. ‘നട്ടെല്ല് നിവർത്തുക അല്ലെങ്കിൽ രാജിവയ്ക്കുക’ എന്നായിരുന്നു അവരുയർത്തിയ മുദ്രാവാക്യം. ആയിരക്കണക്കിന് പൗരന്മാരും നിരവധി സിവിൽ സൊസൈറ്റി ഓർഗനൈസേഷനുകളും ഈ മുദ്രാവാക്യം രേഖപ്പെടുത്തിയ പോസ്റ്റ്കാർഡുകൾ കമ്മീഷന് അയച്ചുകൊടുത്തു.
തിരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക സൗഹാർദം തകർക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ പാർട്ടിയും അതിന്റെ പ്രചാരകരും നഗ്‌നമായ ഹിന്ദുത്വ വർഗീയ പ്രചാരണം നടത്തിയിട്ടും ഭരണനേതൃത്വത്തിലുള്ള ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള നേതാക്കൾക്കുമെതിരെ ഇ സി ഐ നടപടിയെടുക്കാത്തതാണ് ഈ പോസ്റ്റ്കാർഡ് പ്രചാരണം ഉയർത്തിക്കാട്ടുന്ന പ്രധാന വിഷയം.
തൊട്ടുതലേ ദിവസമായ മെയ് 10ന്, ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പുകളെ കുറിച്ച് പഠിക്കുന്നതിലും വിശകലനം ചെയ്യുന്നതിലും മികച്ച റെക്കോർഡുള്ള സർക്കാരിതര സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സുപ്രീംകോടതിയിൽ ഒരു ഇടക്കാല ഹർജി നൽകിയിരുന്നു. ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടു ഘട്ടങ്ങളിൽ പോൾ ചെയ്ത വോട്ടുകൾ പ്രസിദ്ധപ്പെടുത്തുന്നതിൽ ECIയുടെ ഭാഗത്തുനിന്ന് ഉണ്ടായ കാലതാമസത്തെ ചോദ്യം ചെയ്തു കൊണ്ടായിരുന്നു അപേക്ഷ. തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ മൂലം ജനാധിപത്യ പ്രക്രിയ അട്ടിമറിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഹർജി സമർപ്പിച്ചതെന്നാണ് എ.ഡി.ആർ വ്യക്തമാക്കിയത്.
എ.ഡി.ആർ ഹർജിയിൽ പ്രതിപാദിക്കുന്നത് ഇങ്ങനെയാണ്. ”ഏപ്രിൽ 30 നാണ് ഇലക്ഷൻ കമ്മീഷൻ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലെ വോട്ടിംഗ് ഡാറ്റ പ്രസിദ്ധീകരിച്ചത്. ഏപ്രിൽ 19ന് ആദ്യ ഘട്ടം കഴിഞ്ഞ് 11 ദിവസത്തിനു ശേഷവും ഏപ്രിൽ 26 ന് രണ്ടാം ഘട്ടം കഴിഞ്ഞ് 4 ദിവസത്തിനു ശേഷവുമാണത്. ഏപ്രിൽ 30 ലെ പത്രക്കുറിപ്പിൽ ECI പ്രസിദ്ധീകരിച്ച ഡാറ്റ, തിരഞ്ഞെടുപ്പിന്റെ അന്ന് വൈകുന്നേരം 7 മണിക്ക് പ്രഖ്യാപിച്ച പ്രാരംഭ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കുത്തനെയുള്ള വർധനവ് കാണിച്ചു (ഏകദേശം 5-6% അധികം).” ഏപ്രിൽ 30 ന് കമ്മീഷനിറക്കിയ വാർത്താ കുറിപ്പിലെ 5 ശതമാനത്തിന്റെ മാറ്റം പ്രസ്തുത ഡാറ്റയുടെ കൃത്യതയെക്കുറിച്ചുള്ള ആശങ്കകളും പൊതുജനങ്ങളുടെ സംശയവും ഉയർത്തിയിട്ടുണ്ട് എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പ്രസ് ക്ലബ് ഓഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്പ്, ഫോറിൻ കറസ്പോണ്ടന്റ്സ് ക്ലബ്, ഡൽഹി യൂണിയൻ ഓഫ് ജേർണലിസ്റ്റ്സ്, പ്രസ് അസോസിയേഷൻ എന്നീ അഞ്ച് പ്രമുഖ പത്രപ്രവർത്തക സംഘടനകൾ ഇ.സി.ഐക്ക് കത്തെഴുതിയിരുന്നു. ആദ്യ മൂന്ന് ഘട്ടങ്ങളിലും പോൾ ചെയ്ത വോട്ടുകളുടെ സമ്പൂർണ കണക്ക് പുറത്തുവിടാൻ സ്ഥാപനം തയ്യാറാകാത്തതിൽ ഞെട്ടലും ആശ്ചര്യവും പ്രകടിപ്പിച്ചാണ് കത്ത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് അയച്ച കത്തിൽ 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഓരോ ഘട്ടത്തിന് ശേഷവും ഇ.സി.ഐ ഒരു വാർത്താസമ്മേളനം നടത്തുന്നത് പതിവായിരുന്നു എന്ന് പത്രപ്രവർത്തക സംഘടനകളുടെ പ്രസിഡന്റുമാർ ചൂണ്ടിക്കാട്ടി. പത്രപ്രവർത്തകർക്ക് അവരുടെ സംശയങ്ങളും ആശയക്കുഴപ്പങ്ങളും അപ്പപ്പോൾ പരിഹരിക്കാനും വായനക്കാരെ കൃത്യമായ വിവരങ്ങൾ അറിയിക്കാനും വാർത്താ സമ്മേളനങ്ങൾ സഹായിച്ചിരുന്നു. ഇലക്ട്രോണിക് മാധ്യമങ്ങൾ വഴി തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് നേരിട്ട് വോട്ടർമാരോട് സംസാരിക്കാനും സാധിച്ചിരുന്നുവെന്ന് കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതൊന്നും ഇല്ലാതിരിക്കുന്നത്, തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യതയില്ലായ്മയെയാണ് അടിവരയിടുന്നത്. ഒരു ഭാഗത്ത് കമ്മീഷന്റെ ഇത്തരം പെരുമാറ്റത്തെക്കുറിച്ചുള്ള ഗുരുതരമായ സംശയങ്ങളും ആശങ്കകളും നിരവധി പൊതു ഇടങ്ങളിൽ പ്രകടമായികൊണ്ടിരിക്കെയാണ് മുംബൈ ആസ്ഥാനമായുള്ള വിവരാവകാശ പ്രവർത്തകൻ മനോരഞ്ജൻ എസ് റോയുടെ ചില വെളിപ്പെടുത്തലുകളുണ്ടാവുന്നത്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെ (ഇ.വി.എം) ഉപയോഗം തുടർച്ചയായി പഠിക്കുകയും പിന്തുടരുകയും ചെയ്യുന്ന ആക്ടിവിസ്റ്റായ അദ്ദേഹം വോട്ടിംഗ് മെഷീനുകളുടെ ടാബുലേഷന്റെയും വിന്യാസത്തിന്റെയും കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ സ്വീകരിച്ച നടപടികളിലെ ചില പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ദി ഐഡമിനോട് സംസാരിച്ച റോയ്, രണ്ട് നിർമാണ കമ്പനികളിൽ നിന്ന് (ഇലക്ട്രോണിക്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് -ECIL ഹൈദരാബാദ്, ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് -BEL ബെംഗളൂരു) തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിക്കുകയും വോട്ടിംഗിനായി വിന്യസിക്കുകയും ചെയ്ത ഇ.വി.എമ്മുകളുടെ കണക്കുകളിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടി. (ഈ വിഷയത്തിൽ അദ്ദേഹം 2018ൽ ഫയൽ ചെയ്ത പൊതു താൽപര്യ ഹർജി – PIL – ഇപ്പോഴും കോടതിയിൽ കെട്ടിക്കിടക്കുന്നു) 2019ലെയും 2024ലെയും ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഇ സി ഐ പത്രക്കുറിപ്പുകളുടെ ലളിതമായ താരതമ്യം കൂടുതൽ പൊരുത്തക്കേടുകൾ പുറത്തുകൊണ്ടുവരുന്നുവെന്ന് റോയ് ചൂണ്ടിക്കാട്ടി.
2019 നും 2024 നും ഇടയിൽ 7.2 കോടി വോട്ടർമാരുടെ വർധനവ് ഉണ്ടായതായാണ് ECI വാർത്താകുറിപ്പുകൾ കാണിക്കുന്നത്. ഇത് മൂലം 2024 ൽ പോളിംഗ് ബൂത്തുകളുടെ എണ്ണവും കൂടി. രാജ്യത്തുടനീളം 15,000 പോളിംഗ് സ്റ്റേഷനുകൾ കൂട്ടിച്ചേർത്തതോടെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 10.35 ലക്ഷത്തിൽ നിന്ന് 10.50 ലക്ഷമായി ഉയർന്നു. പക്ഷേ, പോളിംഗ് സ്റ്റേഷനുകളിൽ വിന്യസിക്കുന്ന ഇ വി എമ്മുകളുടെ എണ്ണത്തിൽ ആനുപാതികമായ വർധനയില്ല എന്നതാണ് വിചിത്രമായ കാര്യം.
ഇ വി എമ്മുകളുടെ ഉപയോഗത്തെക്കുറിച്ചുള്ള 2019 ലെ പത്രക്കുറിപ്പിൽ, ഒരു ഇ വി എമ്മിലുള്ള വിവിധ യൂണിറ്റുകളുടെ വിശദാംശങ്ങൾ കമ്മീഷൻ നൽകിയിരുന്നു. 2019 മാർച്ച് 10 ന് പുറത്തിറക്കിയ അന്നത്തെ പത്രക്കുറിപ്പിൽ മൊത്തം 57.05 ലക്ഷം മെഷീനുകൾ താഴെപ്പറയുന്ന രീതിയിൽ ലിസ്റ്റ് ചെയ്തിരുന്നു. ബാലറ്റ് യൂണിറ്റ് (BU) – 23.3 ലക്ഷം, കൺട്രോൾ യൂണിറ്റ് (CU) – 16.35 ലക്ഷം, വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽസ് (VVPAT) – 17.4 ലക്ഷം.
കമ്മീഷൻ പ്രസിദ്ധീകരിച്ച മാന്വൽ പ്രകാരം ഒരു ഇ.വി.എം എന്നാൽ ഓരോ ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ്, വിവിപാറ്റ് യൂണിറ്റ് എന്നിവ ചേർന്നതാണ് എന്ന് വ്യക്തമായി പറയുന്നുണ്ട്. അടുത്തിടെ സുപ്രീം കോടതിയിലും ഇത് ആവർത്തിച്ചിരുന്നു.
അതനുസരിച്ച്, 2019 ലെ തിരഞ്ഞെടുപ്പിൽ വിന്യസിച്ച ആകെ ഇ വി എമ്മുകളുടെ എണ്ണം 57.05 ലക്ഷം ആയിരുന്നു. എന്നാൽ, 2024ലെ തിരഞ്ഞെടുപ്പിൽ 55 ലക്ഷം ഇ വി എമ്മുകളാണ് ഉപയോഗിക്കുന്നതെന്ന് കമ്മീഷന്റെ 2024ലെ പത്രക്കുറിപ്പിൽ പറയുന്നു. കമ്മീഷന്റെ വിവിധ അറിയിപ്പുകളും പ്രസ് റിലീസുകളും പരിശോധിച്ചിട്ടും BU, CU, VVPAT എന്നിവ തരംതിരിച്ച് നൽകിയതായി കണ്ടില്ല.
2019 ലെയും 2024 ലെയും ഇ വി എം കണക്കുകൾ തമ്മിലുള്ള ഈ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ തനിക്ക് വളരെ ലളിതമായ കുറച്ച് ചോദ്യങ്ങളുണ്ടെന്ന് റോയ് ദ എയ്ഡമിനോട് പറഞ്ഞു. ‘2019 നെ അപേക്ഷിച്ച് 7.2 കോടി വോട്ടർമാരുടെ വർധനവും 15,000 പോളിംഗ് സ്റ്റേഷനുകളുടെ വർധനവും ഉണ്ടായിട്ടും കമ്മീഷൻ ഇപ്പോഴുള്ള തിരഞ്ഞെടുപ്പിൽ അനുവദിച്ചിരിക്കുന്ന വോട്ടിംഗ് മെഷീനുകളുടെ എണ്ണം മുൻ തിരഞ്ഞെടുപ്പിനെക്കാൾ ഏകദേശം 2.05 ലക്ഷം കുറവാണ്. ഇതിന് പിന്നിലെ യുക്തി എന്താണ്? ഇ വി എമ്മുകൾ പെട്ടെന്ന് മുമ്പത്തേക്കാൾ സ്മാർട്ടായി മാറിയോ? ഇ സി ഐക്ക് ഇതിന് എന്തെങ്കിലും വിശദീകരണമുണ്ടെങ്കിൽ, അത് പൊതുമണ്ഡലത്തിൽ വെളിപ്പെടുത്തണം. അത്തരത്തിലുള്ള സുതാര്യതയാണ് ഒരു ഭരണഘടനാ സ്ഥാപനത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.”
തിരഞ്ഞെടുപ്പ് കമ്മീഷനിൽ ലഭ്യമായ ഇ വി എമ്മുകളുടെ എണ്ണത്തെക്കുറിച്ച് വിവരാവകാശ അപേക്ഷയിലൂടെ കിട്ടിയ മറുപടിയിലെ കണക്കുകളും സംശയമുണർത്തുന്നുവെന്ന് റോയ് കൂട്ടിച്ചേർത്തു. RTI മുഖേന റോയ് കണ്ടെത്തിയ രേഖകൾ പ്രകാരം, EVMകൾ വിതരണം ചെയ്യാൻ 2021 ജൂൺ 21 ന് ഇലക്ഷൻ കമ്മീഷൻ ECIL, BEL എന്നിവയ്ക്ക് വർക്ക് ഓർഡർ നൽകിയിരുന്നു. 10,42,000 BU (BEL ൽ നിന്ന് 4,87,000, ECILൽ നിന്ന് 5,55,000), 97,000 CU (BELൽ നിന്ന് 4,08,500, ECILൽ നിന്ന് 2,88,500), 6,46,000 VVPAT (BELൽ നിന്ന് 3,24,000, ECILൽ നിന്ന് 3,22,000) എന്നിങ്ങനെയാണ് ഓർഡർ നൽകിയിരുന്നത്. രണ്ട് കമ്പനികൾക്കും നൽകിയ അറിയിപ്പ് പ്രകാരം 2023 മാർച്ചിൽ ഈ ഓർഡർ പൂർത്തിയാക്കേണ്ടതുമായിരുന്നു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള തിരഞ്ഞെടുപ്പുകളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ സംഭരണം എന്ന് വ്യക്തമാണല്ലോ.
2024 ഫെബ്രുവരി 6ന് റോയിക്ക് നൽകിയ വിവരാവകാശ മറുപടിയിലുള്ളത് ECIL 2022-2023 ൽ കമ്മീഷന് നൽകിയ മൊത്തം BU വിന്റെ എണ്ണം 4,18,590 ആണെന്നാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ECIL 68,410 മെഷീനുകൾ കുറവാണ് നൽകിയത്. അതിലേറെ വിചിത്രമായത് മറ്റൊന്നാണ്. CU വിനായി ECILന് നൽകിയ ഓർഡർ 2,88,500 യൂണിറ്റായിരുന്നു. എന്നാൽ റോയിക്കുള്ള വിവരാവകാശ മറുപടിയിൽ കമ്പനി 3,31,319 യൂണിറ്റുകൾ വിതരണം ചെയ്തതായാണ് പറയുന്നത്. അതായത് 42,819 യൂണിറ്റുകൾ അധികം. ആരെ സഹായിക്കാനാണിത് എന്നാണ് റോയ് അത്ഭുതപ്പെടുന്നത്.
2024 ഫെബ്രുവരി 1ന് BELൽ നിന്ന് തനിക്ക് ലഭിച്ച വിവരാവകാശ മറുപടിയിൽ Mk V (Mk 5) എന്ന പേരിലുള്ള ഇ വി എമ്മുകളുടെ ഒരു മാതൃകയെക്കുറിച്ച് പരാമർശമുണ്ടെന്ന് റോയ് ചൂണ്ടിക്കാട്ടി. വാസ്തവത്തിൽ, 2021 ജൂണിലെ ഓർഡർ അനുസരിച്ച് 2022-23 ൽ BEL കമ്മീഷന് വേണ്ടി വിതരണം ചെയ്ത എല്ലാ BU കളും CU കളും ഈ മോഡലാണ്. 4,87,000 BU വും 4,08,500 CU വും ഈ മാതൃകയിലുണ്ട്. തന്നെപ്പോലുള്ള പരിചയസമ്പന്നരായ ഇ വി എം നിരീക്ഷകർക്ക് പോലും ഈ മോഡലിന്റെ സാങ്കേതിക വിശദാംശങ്ങൾ അറിയില്ലെന്നും കമ്മീഷൻ ഒരു വിശദീകരണ കുറിപ്പിലൂടെ ഇതിന്റെ സവിശേഷതകൾ പൊതുജനങ്ങൾക്ക് വിശദീകരിക്കേണ്ടതുണ്ടെന്നും റോയ് ഐഡമിനോട് പറഞ്ഞു. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഇ വി എമ്മുകൾ M3, M2M3 മോഡലുകളുടേതാണ്. നേരത്തെ, M2 മോഡൽ ഇ വി എമ്മുകളും ഉപയോഗിച്ചിരുന്നു. എന്നാൽ ആ യന്ത്രങ്ങൾ കാലഹരണപ്പെട്ടതായി കണക്കാക്കുന്നതിനാൽ ഇപ്പോൾ പോളിംഗ് ആവശ്യങ്ങൾക്കായി വിന്യസിക്കുന്നില്ല എന്നാണ് റോയ് പറയുന്നത്.
രണ്ട് കമ്പനികളിൽ നിന്നും ലഭിച്ച പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത് അവർ കമ്മീഷന് കൈമാറിയ മെഷീനുകൾ സംഭരണ ഉത്തരവിൽ പറഞ്ഞിരിക്കുന്ന ഒരേ സവിശേഷതകൾ അനുസരിച്ചല്ല നിർമിച്ചിട്ടുള്ളത്. രണ്ട് കമ്പനികളുടെയും BUകൾക്കും CUകൾക്കും ഒരു മെഷീനിൽ 2000 ആണ് ശേഷി. പക്ഷേ, BELന്റെ VVPAT ശേഷി 1400 ഉം ECIL 1500 ഉം ആണ്. CUകളും VVPAT കളും തമ്മിൽ യഥാക്രമം 600 ന്റെയും 500 ന്റെയും പൊരുത്തക്കേടുള്ളപ്പോൾ വോട്ടെണ്ണൽ എങ്ങനെയാണ് യുക്തിസഹമാകുന്നത് എന്നാണ് റോയ് ഇലക്ഷൻ കമ്മീഷനോട് ചോദിക്കുന്നത്.
ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളെ നിരീക്ഷിക്കുന്ന, പ്രത്യേകിച്ച് ഇ വി എമ്മുകളുടെ ഉപയോഗത്തെ പിന്തുടരുന്ന ഒരു വ്യക്തിയെന്ന നിലയിൽ, കമ്മിഷന്റെ കണക്കുകളിലുള്ള പൊരുത്തക്കേടുകളും പിശകുകളും ജുഡീഷ്യറി ഉൾപ്പെടെയുള്ള പൊതുവേദികളിൽ 2018 ൽ തന്നെ ഉന്നയിച്ചിരുന്നു എന്ന് റോയ് പറയുന്നു. 2018 മാർച്ചിൽ ബോംബെ ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ, നിർമാതാക്കൾ ഡെലിവർ ചെയ്തതായി സ്ഥിരീകരിച്ച ലക്ഷക്കണക്കിന് ഇ വി എമ്മുകൾ കമ്മീഷന്റെ കൈവശം ”കാണാനില്ല” എന്ന് ചൂണ്ടിക്കാണിച്ചിരുന്നു. പൊതുതാൽപര്യ ഹർജി സമർപ്പിക്കുന്നതിന് മുമ്പ് റോയ് നടത്തിയ മാരത്തൺ വിവരാവകാശ പരിശോധനയിൽ, 1989 മുതൽ 2017 വരെയുള്ള കാലയളവിൽ വിവിധ സംസ്ഥാനങ്ങളിലേക്ക് വിതരണം ചെയ്ത ഇ വി എമ്മുകളുടെ (BU, CU, VVPAT ഉൾപ്പെടെ) തനത് ഐ ഡി നമ്പറും ഗതാഗതത്തിന്റെ ചലാൻ പകർപ്പും ട്രാൻസ്‌പോർട്ടറുടെ പേരും രീതിയും സംബന്ധിച്ച എല്ലാ ഡാറ്റകളും ഓരോ സംസ്ഥാനങ്ങൾ തിരിച്ചുള്ള വിവരങ്ങൾ അദ്ദേഹം കമ്മീഷനിൽ നിന്ന് ശേഖരിച്ച് വെച്ചിരുന്നു.
ഒറ്റപ്പെട്ട സ്വകാര്യ ഗോഡൗണുകളിലും വഴിയരികിലെ ഡസ്റ്റ്ബിന്നുകളിലും ഉൾപ്പെടെ ഇ വി എമ്മുകൾ ദുരൂഹമായി പ്രത്യക്ഷപ്പെടുന്ന സംഭവങ്ങൾ വർഷങ്ങളായി റിപ്പോർട്ട് ചെയ്യുന്നത് ഇ വി എമ്മുകൾക്ക് പിറകിലെ ഗൂഢാലോചനകളെ അടയാളപ്പെടുത്തുന്നുണ്ട് എന്നായിരുന്നു റോയിയുടെ അപേക്ഷയിൽ പറഞ്ഞത്. ഇ വി എമ്മുകളുടെ സംഭരണവും വിന്യാസവും സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആരംഭിക്കണമെന്നും അന്വേഷണത്തിൽ തെളിയുന്ന വസ്തുതകളുടെ സമഗ്രമായ റിപ്പോർട്ട് പൊതുജനങ്ങൾക്ക് മുന്നിൽ വെക്കണമെന്നും അദ്ദേഹം അതിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
2019 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് പൊതുതാൽപര്യ ഹർജി ഫയൽ ചെയ്തത്. ഇക്കാലത്തിനിടെ 20 ഓളം തവണ കോടതി ഹര്‍ജി പരിഗണിക്കുകയും നിരവധി തവണ മാറ്റിവെക്കുകയും ചെയ്തു. 2024ലെ തിരഞ്ഞെടുപ്പ് ഏതാണ്ട് പൂർത്തിയാകുമ്പോഴും ഇലക്ഷൻ കമ്മീഷൻ ഒരു അന്വേഷണത്തിനും തയ്യാറല്ല എന്ന് വ്യക്തമാണ്. കേസാകട്ടെ ഇഴഞ്ഞു നീങ്ങുകയും ചെയ്യുന്നു. തന്റെ ആറ് വർഷത്തെ കാത്തിരിപ്പ് തുടരുമ്പോഴും കൂടുതൽ പുതിയ പുതിയ പൊരുത്തക്കേടുകൾ റോയ് വെളിച്ചത്ത് കൊണ്ടുവരുന്നു. ഭരണകൂടത്തിന്റെ താൽപര്യങ്ങൾ ദൃഢമായി സംരക്ഷിക്കുന്നതായി തോന്നുമ്പോഴും, അതിനെതിരെ പൊതുജനങ്ങൾ ഉയർത്തുന്ന എല്ലാ ചോദ്യങ്ങളിലും വിമർശനങ്ങളിലും നിന്ന് ഒഴിഞ്ഞുമാറുന്ന നിലവിലെ ഇലക്ഷൻ കമ്മീഷനിൽ ഈ വെളിപ്പെടുത്തലെല്ലാം എന്ത് സ്വാധീനം ചെലുത്തുമെന്ന് കണ്ടറിയണം.