A Unique Multilingual Media Platform

The AIDEM

Articles Interviews Politics

ഇടത് വിജയത്തിനു ശേഷം ശ്രീലങ്കയിൽ ഇനിയെന്ത്?

  • September 25, 2024
  • 1 min read
ഇടത് വിജയത്തിനു ശേഷം ശ്രീലങ്കയിൽ ഇനിയെന്ത്?

ശ്രീലങ്കയിലെ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മാർക്‌സിസ്റ്റ് നേതാവ് അനുര കുമാര ദിസനായകെയുടെ വിജയവും തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലവും വിശദമായി വിശകലനം ചെയ്യുകയാണ് ശ്രീലങ്ക ആസ്ഥാനമായുള്ള ഇൻഡിപെൻഡൻ്റ് പോളിസി അനലിസ്റ്റും എഴുത്തുകാരിയുമായ അമിത അരുദ്പ്രഗാസം. ദി ഐഡം ഇന്ററാക്ഷഷൻസിന്റെ മലയാളം പരിഭാഷ.


വെങ്കിടേഷ് രാമകൃഷ്ണൻ: ദി ഐഡം – രിസാല അപ്ഡേറ്റ് ഇന്ററാക്ഷൻസിലേക്ക് സ്വാഗതം. നമ്മുടെ അയൽരാജ്യമായ ശ്രീലങ്കയിലുണ്ടായ പ്രധാനപ്പെട്ട രാഷ്ട്രീയ സംഭവവികാസത്തെക്കുറിച്ചാണ് നമ്മൾ ചർച്ച ചെയ്യുന്നത്. ഇടതുപക്ഷ മാർക്‌സിസ്റ്റ് സംഘടനയായ ജെ.വി.പി എന്ന് സാധാരണ വിളിക്കപ്പെടുന്ന ജനതാ വിമുക്തി പാർട്ടി (JVP) ശ്രീലങ്കയിലെ പരമ്പരാഗത പൈതൃക രാഷ്ട്രീയ പാർട്ടികളെ തോൽപ്പിച്ച് അധികാരത്തിലെത്തിയിരിക്കുന്നു. കുറച്ച് വർഷങ്ങളായി ശ്രീലങ്കയെ വിഴുങ്ങിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷമാണ് ഇത് സംഭവിച്ചിരിക്കുന്നത്. ഈ സാഹചര്യം ചർച്ചചെയ്യാൻ ശ്രീലങ്കയിലെ തന്നെ ഒരു സ്വതന്ത്ര പോളിസി അനലിസ്റ്റ് അമിത അരുദ്പ്രഗാസമുണ്ട് നമ്മോടൊപ്പം. അവർ പ്രിൻസ്റ്റൺ സർവ്വകലാശാലയിലാണ് പഠിച്ചത്. ഭരണനടപടികൾ മനസ്സിലാക്കുന്നതിൽ വൈദഗ്ധ്യവുമുണ്ട്. അമിതക്ക് ഈ സംഭാഷണത്തിലേക്ക് സ്വാഗതം.

അമിത അരുദ്പ്രഗാസം: വളരെയധികം നന്ദി.

വെങ്കിടേഷ്: നമുക്ക് നേരിട്ട് ചോദ്യത്തിലേക്ക് കടക്കാം. ഈ തിരഞ്ഞെടുപ്പ് ഫലത്തെ ചരിത്രപരമെന്നും വഴിത്തിരിവെന്നുമൊക്കെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്. ലോകമെമ്പാടുമുള്ള ചില രാഷ്ട്രീയക്കാരും രാഷ്ട്രീയ നിരീക്ഷകരും ഇതിനെ രാഷ്ട്രീയ സുനാമി എന്ന് വിളിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ വിദേശനയത്തെ കുറിച്ച് നിങ്ങളെഴുതിയ ലേഖനം ഞാൻ വായിച്ചിരുന്നു. സമ്പദ് വ്യവസ്ഥയാണ് തിരഞ്ഞെടുപ്പിൽ പ്രധാന ഘടകം എന്നും വിധി നിർണ്ണയിക്കുന്ന ശക്തി ഇക്കോണമി തന്നെ ആയിരിക്കും എന്നും നിങ്ങൾ എഴുതിയിരുന്നു. എന്നിട്ടും ശ്രീലങ്കൻ രാഷ്ട്രീയത്തിലെ നിരവധി നിരീക്ഷകർ പറഞ്ഞിരുന്നത് ഇടതുപക്ഷം തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ കേന്ദ്ര ഘട്ടത്തിലേക്ക് വന്നിട്ടുണ്ടെങ്കിലും വിജയിക്കാൻ മാത്രം പര്യാപ്തമല്ല എന്നൊക്കെയായിരുന്നു. ആത്യന്തികമായി ഈ ഫലത്തിലേക്ക് നയിച്ച ഘടകങ്ങൾ എന്തൊക്കെയാണ് എന്ന് വിശദീകരിക്കാമോ? 

അഭിമുഖത്തിൽ നിന്ന്

അമിത: ശരി, ആദ്യം ഇതൊരു ഞെട്ടിക്കുന്ന സംഭവമാണെന്ന, രാഷ്ട്രീയ സുനാമിയാണെന്ന, വിലയിരുത്തലുകളെ കുറിച്ച് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. 2019ൽ നടന്ന ഞങ്ങളുടെ അവസാന പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പ് നോക്കുകയാണെങ്കിൽ, അന്ന് വിജയിച്ച സ്ഥാനാർത്ഥിക്ക് നിലവിലെ വിജയി നേടിയതിനേക്കാൾ കൂടുതൽ വോട്ടുകൾ ലഭിച്ചിരുന്നു. 2019ൽ 35 സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നു. മുന്നിലെത്തിയ സ്ഥാനാർത്ഥി 6.9 ദശലക്ഷം വോട്ടുകളാണ് നേടിയത്. അതായത് മൊത്തം വോട്ടിന്റെ 52.25% നേടി വിജയിച്ചു. 2024ലെ പ്രസിഡൻഷ്യൽ വോട്ടെടുപ്പിൽ, വിജയിച്ച സ്ഥാനാർത്ഥിക്ക് 5.6 മില്യൺ വോട്ടുകളാണുള്ളത്. ആദ്യ വോട്ടെണ്ണലിൽ 42.31% വോട്ടുകൾ നേടിയാണ് അനര കുമാര ദിസനായക മുന്നേറിയത്. ഇത്തരമൊരു തിരഞ്ഞെടുപ്പ് ശ്രീലങ്കയ്ക്കും ഇതാദ്യമാണ്. കാരണം ആദ്യമായാണ് ഞങ്ങൾ രണ്ടാമത് വോട്ടെണ്ണുന്നത്. ഒരു സ്ഥാനാർത്ഥിക്കും ഭൂരിപക്ഷം നേടാനാകാത്തതിനാൽ ഞങ്ങൾ ആദ്യ സെറ്റ് വോട്ട് കൂടാതെ രണ്ടാം സെറ്റ് കൂടി എണ്ണി. അങ്ങനെയാണ് 50% തിലധികം എന്ന ഭൂരിപക്ഷം കിട്ടുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പിനെ ഒരു രാഷ്ട്രീയ സുനാമിയായോ ഭൂമിപിളർത്തുന്നതായോ ആയി ചിത്രീകരിക്കുന്നതിനോട് ഞാൻ യോജിക്കുന്നില്ല. കാരണം, സംഖ്യകൾ ഉപയോഗിച്ച് സന്ദർഭത്തെ വിലയിരുത്തിയാൽ യഥാർത്ഥത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് മാത്രമല്ല, അതിന് മുമ്പുള്ള എല്ലാ പ്രസിഡൻ്റ് തിരഞ്ഞെടുപ്പുകളെക്കാളും ഭൂരിപക്ഷം കുറവാണ്. സ്ഥാനാർത്ഥി വിജയിച്ചു. ഭൂരിപക്ഷം ഉറപ്പിച്ചെങ്കിലും ആദ്യ എണ്ണത്തിൽ ഭൂരിപക്ഷമില്ല. തീർച്ചയായും മറ്റ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് അദ്ദേഹം മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. പക്ഷെ ഈ വിജയം ഒരു സമ്പൂർണ്ണ തുടച്ചു നീക്കലൊന്നുമല്ല.

വെങ്കിടേഷ്: പക്ഷേ ഈ തിരഞ്ഞെടുപ്പ് ഫലം തൂത്തുവാരി എന്നൊക്കെ കരുതപ്പെടാനുള്ള ഒരു കാരണം JVP ഒരിക്കലും മുൻനിരയിലുള്ള ഒരു പാർട്ടിയായിരുന്നില്ല എന്നതാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അവർക്ക് മൂന്നു ശതമാനം വോട്ട് മാത്രമേയുള്ളൂ. ഇത്തവണ ലഭിച്ച 42% വോട്ടിനെ കുറിച്ച് താങ്കൾ പറഞ്ഞല്ലോ. മൂന്ന് ശതമാനത്തിൽ നിന്നും 42% ത്തിലേക്കുള്ള കുതിച്ചുചാട്ടം വലുതാണല്ലോ. അത് അംഗീകരിച്ചേ പറ്റൂ. എങ്ങനെ JVPക്ക് സാധിച്ചു എന്നൊന്ന് വിശദീകരിക്കാമോ? കാരണം JVPയുടെ തുടക്കകാലം നോക്കുകയാണെങ്കിൽ ഇന്ത്യയിലെ നെക്‌സൽബാരി പോലുള്ള തീവ്ര ഇടതുപക്ഷ പ്രസ്ഥാനമായിരുന്നു. ശ്രീലങ്കൻ സർക്കാരിനെ അട്ടിമറിക്കാൻ രണ്ട് തവണ ശ്രമിച്ചിട്ടുണ്ട്. അടുത്തകാലത്തായി അവർ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് വന്നു. മൂന്നു ശതമാനത്തിൽ നിന്നും 42% ത്തിലേക്കുള്ള ഈ ഒരു കുതിച്ചുചാട്ടം എങ്ങനെ സംഭവിച്ചു? ഇത്തരത്തിൽ ഒരു വലിയ ജനപിന്തുണ ലഭിക്കാൻ എന്ത് രാഷ്ട്രീയ തന്ത്രങ്ങൾ ഒക്കെയാണ് JVP സ്വീകരിച്ചിട്ടുള്ളത്?

അമിത: ശരിയാണ്. NPPയുടെ ജനപിന്തുണയുടെ കാര്യത്തിലുണ്ടായ ഈ വലിയ കുതിച്ചു ചാട്ടം ജനങ്ങൾ ഞെട്ടലോടെയാണ് കാണുന്നത്. JVP ഇപ്പോൾ 2019 ൽ രൂപീകൃതമായ NPP എന്ന വിശാല സഖ്യത്തിന്റെ ഭാഗമാണ്. NPP എന്നാൽ വിദ്യാർത്ഥി സംഘടനകളും സ്ത്രീസംഘടനകളും യുവാക്കളും അക്കാദമീഷ്യൻസും എല്ലാവരും ചേർന്ന വലിയൊരു വിശാലമായ കൂട്ടായ്മയാണ്. ഈ സംഘങ്ങൾക്കൊന്നും തന്നെ ഏതെങ്കിലും പ്രസിഡൻ്റ്  തിരഞ്ഞെടുപ്പ് വിജയിക്കാനോ ഒരു നിശ്ചിത ശതമാനത്തിനു മുകളിൽ പാർലമെൻറിൽ സീറ്റ് നേടാനോ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ഇത്തരം ഗ്രൂപ്പുകൾക്ക്, JVP ക്ക് പ്രത്യേകിച്ചും ഈ തിരഞ്ഞെടുപ്പിൽ ഉണ്ടായ ജന പിന്തുണ അത്രയധികം പ്രാധാന്യമുള്ള ഒന്നാണ്. ഇതിന് പ്രധാനമായും സഹായിച്ച ഒരു ഘടകം സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും രാജപക്‌സെ ഭരണകൂടത്തിന്റെ ദുർഭരണവുമാണ്.

sri lanka
ശ്രീലങ്കൻ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധിക്കുന്ന പൗരന്മാർ

അഭ്യന്തര യുദ്ധം അവസാനിക്കുന്നതുവരെ രാജപക്സെക്ക് സർക്കാരിൽ പ്രധാന സ്ഥാനങ്ങൾ ഉണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഈ ഭരണകൂടത്തിനു മേൽ കെട്ടിവച്ചതോടുകൂടി അവരുടെ ജനപ്രീതി ഇല്ലാതായി. പിന്നെ അവിടെ വലിയൊരു വിഭാഗം ജനം അവർക്ക് അനുയോജ്യനായ വ്യക്തിയെ തീരുമാനിക്കാൻ ശ്രമിക്കുകയായിരുന്നു. തങ്ങളുടെ ജീവിതോപാധികളും മറ്റു സാഹചര്യങ്ങളും മെച്ചപ്പെടുത്തുന്ന, സമ്പന്നമായ രാജ്യമാക്കി തിരിച്ചുകൊണ്ടുവരുമെന്ന് ഉറപ്പുള്ള ഒരു നേതാവിനെ ആയിരുന്നു അവർക്ക് വേണ്ടത്. നിങ്ങൾക്കറിയാമല്ലോ, 2021-22 കാലയളവിൽ ശ്രീലങ്ക വലിയ പ്രതിസന്ധിയാണ് അനുഭവിച്ചത്. ദാരിദ്ര്യം ഇരട്ടിക്കുന്നത് നമ്മൾ കണ്ടു. ഇപ്പോഴും വലിയൊരു വിഭാഗം ജനസംഖ്യ ഭക്ഷ്യ സുരക്ഷയില്ലാത്തവരാണ്. ശ്രീലങ്കക്കാർ ഇത്തരത്തിലുള്ള സാമ്പത്തിക ദുർനയങ്ങൾ ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയാണ് ഈ രാഷ്ട്രീയ മാറ്റങ്ങൾ സംഭവിക്കുന്നത്. ഞാൻ വിചാരിക്കുന്നത് അനുര കുമാര ദിസനായക ഉയർന്നു വരുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം മുൻനിരയിലുള്ള സ്ഥാനാർത്ഥി എന്ന നിലയിലാണ്. മറ്റുള്ള രണ്ട് പ്രധാന എതിർ സ്ഥാനാർത്ഥികളുമായി താരതമ്യം ചെയ്യുമ്പോൾ അദ്ദേഹം നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥകൾക്ക് പുറത്തുള്ള ഒരാളായി പരിഗണിക്കപ്പെടാവുന്ന വ്യക്തിയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ശ്രീലങ്കയിൽ വലിയ പ്രതിഷേധങ്ങൾ നമ്മൾ കണ്ടിരുന്നു. കൊളംബോയിൽ നടന്ന അത്ര വലിയ പ്രതിഷേധം ശ്രീലങ്കയുടെ ചരിത്രത്തിൽ എവിടെയും നമുക്ക് കാണാൻ കഴിയില്ല. ദിസനായക ഈ സിസ്റ്റത്തിന്റെ പുറത്തുനിന്ന് വന്ന സ്ഥാനാർത്ഥിയാണ്. അദ്ദേഹത്തിന് മാത്രമേ മറ്റുള്ളവർക്ക് ബോധ്യപ്പെടുന്ന തരത്തിൽ രാഷ്ട്രീയ വ്യവസ്ഥിതികളെ വെല്ലുവിളിക്കാനും ഇവിടുത്തെ രാഷ്ട്രീയ സംസ്‌കാരങ്ങളെ മാറ്റാനും കഴിഞ്ഞുള്ളൂ.

വെങ്കിടേഷ്: അതുപോലെതന്നെ ദസനായക അഴിമതിക്കെതിരെ എടുത്ത നിലപാട് പല രാഷ്ട്രീയ നിരീക്ഷകരും രാഷ്ട്രീയക്കാരും രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് അദ്ദേഹത്തിൻറെ ജനപിന്തുണ വർദ്ധിപ്പിച്ച പ്രധാന ഘടകമാണ്. ഈയൊരു വാദത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

അമിത: വളരെ ശരിയാണ്. 2015 പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിലും അഴിമതി ഒരു പ്രധാന വിഷയമായിരുന്നു. സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യത്തിൽ വോട്ടർമാർ അഴിമതി ഇല്ലാതാകേണ്ടതിന്റെ പ്രാധാന്യം നന്നായി മനസ്സിലാക്കുകയും ചെയ്യും. ഈയൊരു സാഹചര്യത്തിലാണ് അനുര കുമാര ദിസനായക സ്വയം തന്നെ പാരമ്പര്യ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് പുറത്തുള്ള ഒരാളായി സ്ഥാപിക്കുന്നത്. അദ്ദേഹത്തിന് ഭരണത്തിൽ ഇരിക്കുന്നവരെയും അഴിമതി ആരോപിതരെയും രാഷ്ട്രീയമായി വെല്ലുവിളിക്കാൻ സാധിച്ചു. ശ്രീലങ്കൻ രാഷ്ട്രീയത്തിലെ പരമ്പരാഗതമായ രണ്ട് വിഭാഗക്കാർക്കെതിരെയും അഴിമതി ആരോപണങ്ങൾ ഉണ്ടായിരുന്നു.

വെങ്കിടേഷ്: പ്രസിഡൻ്റ് ആയ ഉടനെയുള്ള അദ്ദേഹത്തിന്റെ സംസാരത്തിൽ അദ്ദേഹം വാഗ്ദാനം ചെയ്തത് ഒരു ശ്രീലങ്കൻ നവോത്ഥാനമാണ്. സമ്പദ് വ്യവസ്ഥയിലേ സമൂഹ ക്രമത്തേിലോ ഏത് വിധത്തിലാണ് അത് സംഭവിക്കുക എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ശ്രീലങ്കൻ നവോത്ഥാനം എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്നാണ് താങ്കൾക്ക് തോന്നുന്നത്?

അനുര കുമാര ദിസനായകെ

അമിത: യഥാർത്ഥത്തിൽ ഇത്തരം വാക്കുകൾ എല്ലാം പുതിയ പ്രസിഡൻ്റ് രാജ്യത്ത് കൊണ്ടുവരുന്ന പ്രതീക്ഷകളെയാണ് കാണിക്കുന്നത്. അദ്ദേഹം അഴിമതിക്കെതിരെ നിന്നയാളാണ്. അദ്ദേഹത്തിന് ഈ രാഷ്ട്രീയ സംസ്‌കാരം മാറണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ നിർഭാഗ്യവശാൽ ദിസനായകക്ക് വിവിധ കാരണങ്ങളാൽ ഒതുങ്ങേണ്ടി വരുമെന്ന് തോന്നുന്നു. ഒന്നാമതായി ഇതൊരു പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പാണെന്ന് നമുക്കറിയാം. പാർലമെൻറ് തിരഞ്ഞെടുപ്പ് അല്ല. അദ്ദേഹത്തിന് ഇപ്പോഴും പാർലമെൻറ് അംഗങ്ങളുടെ പിന്തുണയില്ല. രണ്ടാമതായി ഈ രാജ്യം ഇപ്പോഴും സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് പൊയ്‌ക്കൊണ്ടിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട ചില നയങ്ങൾ രാജ്യത്തെ തുലനപ്പെടുത്താനും വളർത്താനും എല്ലാം കൊണ്ടുവരേണ്ടിവരും. IMFന്റെ ചട്ടങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ നമ്മൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ദിസനായകക്ക് നയപരമായ തീരുമാനെടുക്കുന്നതിൽ പരിമിതികൾ ഉണ്ടാകും. IMF ചട്ടങ്ങളിലൂടെ തന്നെ തുടരും എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അദ്ദേഹം ചെറിയ ചില ഭേദഗതികൾ വരുത്തിയേക്കാം. പക്ഷേ അല്പകാലത്തേക്ക് IMF പറയുന്ന രീതിയിൽ നിൽക്കാൻ മാത്രമേ കഴിയൂ. സാമ്പത്തികമായി അദ്ദേഹത്തിന് എന്ത് ചെയ്യാൻ കഴിയും എന്നതിൽ സംശയങ്ങളുണ്ട്. പാർലമന്റ് അംഗങ്ങളെ പിരിച്ചു വിടുകയോ പിന്തുണ ഉറപ്പാക്കുകയോ ചെയ്യാത്ത കാലത്തോളം അദ്ദേഹം പരിമിതി അനുഭവിക്കും. ശ്രീലങ്കൻ നവോത്ഥാനം കൊണ്ടുവരും എന്നൊക്കെ അദ്ദേഹം പറയുന്നുണ്ട്. ഇത്തരത്തിലുള്ള മൂർച്ചയേറിയ രാഷ്ട്രീയ വാചകങ്ങൾ അദ്ദേഹം തന്റെ തിരഞ്ഞെടുപ്പ് പ്രചരണങ്ങളിൽ ഉപയോഗിച്ചിരുന്നു. അതെല്ലാം അഗലായര പൊതുജന പ്രക്ഷോഭം സമയത്ത് പ്രക്ഷോഭകാരികൾ ഉയർത്തിയ ആവശ്യങ്ങളെ പ്രതിനിധീകരിക്കുന്നത് തന്നെയാണ്. അതുകൊണ്ട് തന്നെ മികച്ചൊരു സംസ്‌കാരത്തിലേക്കുള്ള മാറ്റം എന്ന ശുഭപ്രതീക്ഷ അദ്ദേഹത്തിലുണ്ട്.

വെങ്കിടേഷ്: വസ്തുതകളേക്കാൾ അധികം അതൊരു വാഗ്മയം മാത്രമാണെന്നാണോ?

അമിത: നിലവിൽ അതെ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമ്പത്തിക പ്രതിസന്ധി മൂലം നശിപ്പിക്കപ്പെട്ട ശ്രീലങ്കയിൽ ഉള്ള ആരും എന്തൊക്കെയോ സംഭവിക്കുന്നുണ്ട് എന്ന് വിശ്വസിക്കാൻ തന്നെയാണ് ഇഷ്ടപ്പെടുന്നത്.

വെങ്കിടേഷ്: ചില പ്രധാനപ്പെട്ട സംഭവവികാസങ്ങൾ ഇന്ന് നടക്കാനിടയുണ്ട് എന്ന് നമ്മൾ നേരത്തെ സംസാരിച്ചപ്പോൾ താങ്കൾ പറയുകയുണ്ടായി. അതെന്തൊക്കെയാകും എന്നതിൽ എന്തെങ്കിലും വ്യക്തതയുണ്ടോ?

അമിത: അതെ. പ്രസിഡൻ്റ് ആയ ഉടനെ പാർലമെന്റ് പിരിച്ചു വിടുമെന്ന് ദിസനായിക പറഞ്ഞിരുന്നു. അങ്ങനെയെങ്കിൽ പാർലമെന്റ് ഇലക്ഷൻ വരാൻ പോകുന്നു. അദ്ദേഹം മന്ത്രിസഭ രൂപീകരിക്കേണ്ടി വരും. വിവിധ മന്ത്രാലയങ്ങളിലേക്ക് ഇപ്പോഴേ സെക്രട്ടറിമാരെ നിയമിക്കാൻ ആരംഭിച്ചിട്ടുണ്ട്. ഈ സംഭവങ്ങളെല്ലാം രാജ്യത്ത് എന്ത് സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് നിരീക്ഷിക്കുന്ന എല്ലാവർക്കും പ്രധാനപ്പെട്ടതാണ്. കാരണം, NPP ക്ക് ഒരു പ്രകടന പത്രികയുണ്ടല്ലോ. തിരഞ്ഞെടുക്കപ്പെട്ടവരും പൊതുജനങ്ങളും തമ്മിലുള്ള സാമൂഹിക ഉടമ്പടിയാണല്ലോ പ്രകടന പത്രിക. അത് സർക്കാരിന്റെ നയരൂപീകരണത്തിലേക്കുള്ള ഒരു സൂചന കൂടിയാണ്. NPP യുടെ പ്രകടന പത്രിക നീണ്ടതാണ്. അതിൽ പല സ്ഥലങ്ങളിലും വ്യത്യസ്ത നയങ്ങളെ പ്രതിപാദിക്കുന്നുണ്ട്. പക്ഷേ അതൊന്നും കൃത്യമായ മുൻഗണന ക്രമത്തിലല്ല. മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ഈ നിയമനങ്ങളെല്ലാം NPP യുടെ നയങ്ങളിലേക്കുള്ള മുൻഗണനകളെ കാണിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം JVP യുടെയോ NPP യുടെയോ ചരിത്രത്തിലേക്ക് നോക്കുന്നത് മാത്രമല്ല, പ്രകടന പത്രിക നോക്കുന്നതും പ്രചാരണങ്ങളിലെ വാഗ്ദാനങ്ങൾ നിരീക്ഷിക്കുന്നതും എല്ലാം പ്രധാനമാണ്. അതുപോലെ തന്നെ തിരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനേയുള്ള നിയമനങ്ങളും പ്രഥമ തീരുമാനങ്ങളും പ്രസംഗങ്ങളും വാക്കുകളും എല്ലാം സൂക്ഷ്മമായി വിലയിരുത്തിയാൽ ദിസനായക തന്റെ പ്രസിഡൻ്റ് കാലയളവിൽ എങ്ങനെ ഭരിക്കും എന്നറിയാൻ കഴിയും.

ശ്രീലങ്കയ്‌ക്കായുള്ള IMF പിന്തുണയുള്ള പ്രോഗ്രാമിൻ്റെ അവലോകനത്തെക്കുറിച്ചുള്ള പ്രസ് ബ്രീഫിംഗ് (Source: IMF)

വെങ്കിടേഷ്: ശ്രീലങ്കയിൽ സംഭവിച്ചതുമായി താരതമ്യം ചെയ്യാവുന്നത് ഗ്രീസിനെയാണ്. 2004ൽ സിറിസ അഴിമതി വിരുദ്ധ വികാരമുണ്ടാക്കുകയും സാമ്പത്തിക പ്രതിസന്ധിയുടെ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് വിജയിക്കുകയും ചെയ്തിരുന്നു. പക്ഷേ, അവസാനം സിറിസ വളരെ ദയനീയമായി പരാജയപ്പെട്ടു. നമുക്കു മുമ്പിൽ ആ അനുഭവം ഉണ്ട്. ഒരേ മുദ്രാവാക്യങ്ങൾ. ഒരേ രൂപം. പക്ഷേ അവസാനം ഭരണകാര്യങ്ങൾ ഏകോപിപ്പിക്കുന്ന വിഷയത്തിൽ സിറിസക്ക് വിജയിക്കാൻ സാധിച്ചില്ല. അതും ദിസനായകക്ക് ഒരു മുന്നറിയിപ്പാണ്. അവസാനമായി ഒരു ചോദ്യം കൂടി. ഒരുപക്ഷേ, ഒട്ടുമിക്ക ഇന്ത്യൻ രാഷ്ട്രീയക്കാരും ഇന്ത്യൻ രാഷ്ട്രീയവും ഭയപ്പെടുന്ന പോലെ ദിസനായക ഒരു മാർക്‌സിസ്റ്റ് ആണ്. അദ്ദേഹത്തിന് ചൈനയോടുള്ള അനുഭവമൊക്കെ വളരെ വ്യക്തമാണ്. ഇന്ത്യ സന്ദർശിക്കുകയും വിദേശ കാര്യ മന്ത്രി അടക്കമുള്ളവരോട് സംസാരിക്കുകയും ചെയ്ത് ഇന്ത്യയോട് അദ്ദേഹം നീതി കാണിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ഈ തിരിവ് ശ്രീലങ്കയെ എവിടേക്കാണ് കൊണ്ടുപോവുക? കൂടുതൽ ചൈന അനുകൂല രാജ്യമാകുമോ അതല്ല ഒന്നുകൂടി മധ്യവഴി സ്വീകരിക്കുമോ?

അമിത: അതൊരു നല്ല ചോദ്യമാണ്. ആദ്യം അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം സംസാരിച്ചത് മാർക്സിസ്റ്റ് പശ്ചാത്തലത്തെ കുറിച്ചാണ്. പക്ഷേ, ദിസനായകയുടെ പ്രത്യയശാസ്ത്ര അടിത്തറയെ ഞാൻ അല്പം കരുതലോടെയാണ് കാണുക. കാരണം JVP 2019ൽ മാത്രം രൂപീകരിക്കപ്പെട്ട NPP എന്ന വിശാല സഖ്യത്തിന്റെ ഭാഗമാണ്. JVP മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയത്തിൽ അധിഷ്ഠിതമായ പാർട്ടിയാണ്. മാത്രമല്ല JVP സ്വയം ഒരുപാട് പരിവർത്തനങ്ങൾക്ക് വിധേയമായിട്ടുണ്ട്. നയങ്ങളുടെ കാര്യത്തിൽ അവർക്ക് ഒട്ടേറെ വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ട്. NPP യുടെ പ്രകടന പത്രികയിലുള്ള നയങ്ങൾ നമ്മൾ ഒരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയിൽ നിന്നും പ്രതീക്ഷിക്കുന്ന നയങ്ങളല്ല. ഉദാഹരണത്തിന്, ദിസനായക ഇപ്പോൾ പറഞ്ഞ പോലെ IMF പോലുള്ള ഒരു നവ ഉദാരവാദ സ്ഥാപനവുമായി മുന്നോട്ട് പോകും എന്നതടക്കമുള്ള കാര്യങ്ങൾ. കയറ്റുമതി ലക്ഷ്യമിട്ടുള്ള വ്യാപാരങ്ങൾ വേണം, കമ്പോള ഗുണമേന്മയും മത്സരവും വർദ്ധിപ്പിക്കണം, പ്രത്യക്ഷ പരോക്ഷ നികുതികൾ കുറക്കണം എന്നെല്ലാം അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ നയങ്ങളെല്ലാം ശ്രീലങ്കയിലെ ഇടതു പാർട്ടികൾ മുന്നോട്ടു വെക്കുന്ന ഏകീകൃത, സംരക്ഷിത, ഇറക്കുമതി ബദൽ നയങ്ങളോട് എതിര് നിൽക്കുന്നവയാണ്. അതുകൊണ്ട് തന്നെ ദിസനായകക്ക് മേൽ പ്രത്യയശാസ്ത്രപരമായ വിശേഷണങ്ങൾ ചാർത്തുമ്പോൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. അദ്ദേഹത്തിന്റെ പാർട്ടിയല്ല, ദിസനായക എന്ന വ്യക്തിയാണ് ഇപ്പോൾ പ്രസിഡൻ്റ്. 

ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ് അനുര കുമാര ദിസനായകെയുമായി നടത്തിയ കൂടിക്കാഴ്ച (2022)

രണ്ടാമതായി ഇന്ത്യയെയും ചൈനയെയും സംബന്ധിച്ച് ഇപ്പോഴത്തെ സാഹചര്യത്തിൽ ദിസനായക എങ്ങനെ വിദേശ നയത്തിൽ മുന്നോട്ട് പോകും എന്ന് നമ്മൾക്ക് അത്ര വ്യക്തമല്ല. നമുക്കറിയാവുന്ന ഒരു കാര്യം, സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക എന്ന രാജ്യത്തെ രൂപപ്പെടുത്തുന്ന വ്യവഹാരങ്ങളിൽ ചൈനക്ക് ചെറിയ പങ്കെയുള്ളൂ. കഴിഞ്ഞ സർക്കാർ നിർമ്മിച്ച ചില വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ പേരിൽ ചൈന കുറേ പഴി കേട്ടതാണ്. അതുകൊണ്ടുതന്നെ ചൈന ഒന്ന് പിന്നിലേക്ക് നിന്നിട്ടുണ്ട്. മറിച്ച് ഇന്ത്യയാവട്ടെ, സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ശ്രീലങ്കയെ കൈ പിടിക്കുന്നതിൽ വ്യത്യസ്ത വഴികളിലൂടെ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്. അത് ഈ രണ്ടു രാജ്യങ്ങളെക്കുറിച്ചും അവരുമായുള്ള ശ്രീലങ്കയുടെ ബന്ധത്തെക്കുറിച്ചും പൊതുജനാഭിപ്രായം രൂപീകരിക്കുന്ന കാര്യത്തിൽ നല്ല സ്വാധീനമുണ്ടാക്കിയിട്ടുണ്ട്. അപ്പൊൾ പിന്നെ വരും നാളുകളിൽ ദിസനയാക എങ്ങനെ മുന്നോട്ടു പോകും എന്നതാണ് ചോദ്യം.

ഉദാഹരണത്തിന് അദാനി ഊർജ്ജ പദ്ധതി അടക്കമുള്ളവ കഴിഞ്ഞ കാലങ്ങളിൽ വല്ലാതെ വിമർശനം ഏറ്റുവാങ്ങിയതാണ്. ഈ കാര്യത്തിൽ പുനരവലോകനം നടത്തുമെന്നും അദ്ദേഹത്തിന് ഈ പദ്ധതിയിൽ താല്പര്യമില്ലെന്നും ദിസനായക പറഞ്ഞിരുന്നു. ഇന്ത്യയിലെ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടും പുനരവലോകനങ്ങളുണ്ടാകും എന്നും പറയുകയുണ്ടായി. എന്നിരുന്നാലും രാഷ്ട്ര തന്ത്രജ്ഞൻ എന്ന നിലയിൽ നോക്കിയാൽ നിക്ഷേപങ്ങൾ ഏത് രാജ്യത്ത് നിന്ന് വന്നാലും, ഇന്ത്യയോ ചൈനയോ ജപ്പാനോ ആവട്ടെ, അതിനെ വസ്തുനിഷ്ഠമായി സമീപിക്കാനും സുതാര്യമായി ഇടപെടാനും നിക്ഷേപങ്ങളുടെ സാധ്യതകളെയും പരിമിതികളെയും കുറിച്ച് ജനത്തെ ബോധ്യപ്പെടുത്താനും ജനങ്ങൾക്ക് ഉപകാരപ്പെടുന്ന, ശ്രീലങ്കയുടെ ദേശീയ തൽപര്യങ്ങളെ വളർത്തുന്ന മികച്ചൊരു പദ്ധതി കൊണ്ടുവരാനും മാത്രമേ ശ്രമിക്കൂ. ഇന്ത്യയും ചൈനയും ശ്രിലങ്കയുമായി എങ്ങനെ ഇടപെടണം എന്ന് നന്നായറിയുന്നവരാണ്. ശ്രീലങ്കക്കാരുടെ നിക്ഷേപങ്ങളെ കുറിച്ച് അവർ അത്ര ആശങ്ക പ്രകടിപ്പിക്കുന്നവരാകില്ല. വ്യക്തികൾ എന്ന നിലയിൽ ഓരോ പദ്ധതികളും ശ്രീലങ്കൻ തൽപര്യങ്ങളോട് യോജിക്കുന്നുണ്ടോ എന്നേ നോക്കേണ്ടതുള്ളൂ. അദാനി ഊർജ്ജ പദ്ധതി ആ താൽപര്യങ്ങൾക്ക് പറ്റുന്നതല്ലെങ്കിൽ, അല്ലെങ്കിൽ മറ്റെന്തെങ്കിലും പാരിസ്ഥിതിക ആശങ്കകൾ ഉണ്ടെങ്കിൽ, അല്ലെങ്കിൽ അത് ദേശാടന പക്ഷികളുടെ സഞ്ചാര പാതയിലാണെങ്കിൽ ശ്രീലങ്കയ്ക്ക് ഏറ്റവും നല്ലത് അക്കാര്യത്തിൽ പുനരവലോകനം നടത്തുക എന്നത് തന്നെയാണ്.

വെങ്കിടേഷ്: തീർച്ചയായും. താങ്കളുടെ അത്തരമൊരു വീക്ഷണം പങ്കുവെച്ചതിന് വളരെയധികം നന്ദി അമിത. ഞാൻ മറ്റൊരു കാര്യം കൂടി കൂട്ടിച്ചേർക്കാൻ ആഗ്രഹിക്കുന്നു. ഒരു രസകരമായ നിരീക്ഷണം ഇന്ത്യൻ ഇടതുപക്ഷത്ത് നടന്നുകൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബംഗ്ലാദേശിലും ശ്രീലങ്കയിലും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങൾ എല്ലാത്തിനും ഒരു അദാനി ബന്ധമുണ്ട്. ബംഗ്ലാദേശി ജനത നന്നായി വിമർശിച്ച ഒരു അദാനി പദ്ധതി അവിടെയുണ്ട്. ആ രാജ്യത്തുണ്ടായ മുഴുവൻ അശാന്തിക്കും കാരണമായ ഘടകങ്ങളിലൊന്നാണ് ആ പദ്ധതി. അതുപോലെ തന്നെ നിങ്ങളുടെ ശ്രീലങ്കയിലും ഒരു അദാനി പദ്ധതിയുണ്ട്. അതല്ല മുഖ്യ കാരണം എങ്കിലും ഇപ്പോഴുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾക്ക് അതും ഒരു കാരണമായിട്ടുണ്ട്. 

താങ്കളുടെ വിലപ്പെട്ട സമയം അനുവദിച്ചതിന് വളരെയധികം നന്ദി. ഇനിയും പരസ്പരം സംസാരിക്കാനുള്ള അവസരമുണ്ടാകും എന്നെനിക്കുറപ്പുണ്ട്. നമ്മൾ ഈ സംസാരം തുടരും. ദിസനായകയെ ഒരു മാർക്‌സിസ്റ്റ് ലെനിനിസ്റ്റ് ആയി നിർവചിക്കുന്ന കാര്യത്തിൽ താങ്കൾ പങ്കുവെച്ച ആശയങ്ങൾ വളരെ പ്രധാനമാണ്, എങ്കിലും അതിൽ എനിക്ക് കൂട്ടിച്ചേർക്കാനുള്ള ഒരു കാര്യം ചൈനീസ് മാർക്‌സിസം ലെനിനിസം പോലും ഇപ്പോൾ ക്ലാസിക്കൽ മാർക്‌സിസം ലെനിനിസം ഒന്നുമല്ലല്ലോ. വളരെ നന്ദി അമിത.


Watch the video interview here.

About Author

The AIDEM

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x