രണ്ടാം മോദി സർക്കാർ രാജ്യത്തിന്റെ അടിസ്ഥാന ഘടനയെ അട്ടിമറിക്കുന്നു
പ്രശസ്ത ഭരണഘടനാ നിയമ വിദഗ്ധനായ തരുണാഭ് ഖൈത്താനുമായി “ദി വയർ” വെബ്സൈറ്റിൽ കരൺ ഥാപ്പർ നടത്തിയ അഭിമുഖത്തിന്റെ മലയാളം പരിഭാഷയുടെ അവസാന ഭാഗമാണിത്. 2014 മുതൽ 2019 വരെ ഭരിച്ച ഒന്നാം നരേന്ദ്രമോദി സർക്കാർ ഇന്ത്യൻ ഭരണഘടനയ്ക്ക് മേൽ ഏൽപ്പിച്ച ആയിരം വെട്ടുകളുടെ ആഘാതത്തിന്റെ തുടർച്ചയായി ആ നശീകരണ പ്രക്രിയ കൂടുതൽ ആഴത്തിലും പരപ്പിലും നടത്തിക്കൊണ്ടിരിക്കുകയാണ് രണ്ടാം മോദി സർക്കാർ എന്ന് ഖൈത്താൻ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. ഈ നശീകരണം നടന്നുകൊണ്ടിരിക്കുമ്പോൾ നമ്മളിൽ പലരും ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ആയിരുന്നു എന്നും അദ്ദേഹം അടിവര ഇടുന്നു. ദി വയറിൻ്റെ സമ്മതത്തോടെ പ്രസിദ്ധീകരിക്കുന്നത്. പ്രശസ്ത പരിസ്ഥിതി, സാമൂഹിക പ്രവർത്തകൻ സി.ആർ നീലകണ്ഠന്റെ പരിഭാഷ.
ഥാപ്പർ: ഏറ്റവും പ്രധാനപ്പെട്ട ഒരു സ്ഥാപനമായ പാർലമെന്റിന്റെ വിലയിടിച്ചത് സെലക്ട് കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നിഷ്പ്രഭമാക്കികൊണ്ടാണല്ലോ. ഇതും ഇത്തരത്തിലുള്ള ഇടപെടലുകളുടെ ഒരു ഭാഗം തന്നെയല്ലേ?
ഖൈത്താൻ: തീർച്ചയായും. ഈയടുത്ത ദിവസങ്ങളിൽ പാർലമെന്റിന്റെ എത്തിക്സ് കമ്മിറ്റി ഒരു എം.പിയായ മഹുവ മൊയ്ത്രക്കെതിരെ എടുത്ത തീരുമാനം എത്രത്തോളം അധാർമ്മികമായിരുന്നു എന്ന് നമുക്കറിയാം.
ഥാപ്പർ: ഇത്തരം ജനാധിപത്യ വിരുദ്ധ ഇടപെടലുകളെ സാധൂകരിക്കുന്നതിനു ചില രീതികൾ കാണുന്നുണ്ട്. അതിൽ പ്രധാനമായ ഒന്നാണ് അതിദേശീയത എന്ന ഹൈപ്പർ നാഷണലിസം. സർക്കാരിന്റെ ധീരത, തീരുമാനങ്ങൾ എടുക്കാനുള്ള ശേഷി, പ്രവർത്തനമികവ് തുടങ്ങിയവയാണ് രണ്ടാമത്തേത്. മൂന്നാമതായി ക്ഷേമ വികസനപ്രവർത്തനങ്ങളെക്കുറിച്ചുള്ള വാഗ്ധോരണികളും ഇതിനുള്ള സാധൂകരണമായി ഉയർത്തിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ അതിദേശീയതയും ഹിന്ദുത്വവും വികസനക്ഷേമപ്രവർത്തനങ്ങളുടെ പ്രഖ്യാപനങ്ങളും മറയാക്കിയാണോ സർക്കാർ ജനാധിപത്യത്തെ അട്ടിമറിക്കുന്നത്? സ്ഥാപനങ്ങളെ തകർക്കുന്നത്?
ഖൈത്താൻ: ഞാൻ അതിനോട് പൂർണമായും യോജിക്കുന്നില്ല. മോദിയുടെ ഏകാധിപത്യവും ഉദാഹരണത്തിന് ട്രംപ് അമേരിക്കയിൽ ഏർപ്പെടുത്താൻ ശ്രമിച്ച ഏകാധിപത്യവും തമ്മിൽ അടിസ്ഥാനപരമായ ചില വ്യത്യാസങ്ങൾ ഉണ്ട്. ട്രംപിന്റെ ലക്‌ഷ്യം അധികാരം നിലനിർത്തുക എന്നതായിരുന്നു. അതിനു വേണ്ടി അദ്ദേഹം എന്തും ചെയ്യും. എന്നാൽ മോദിയുടെ കാര്യത്തിൽ ചില വ്യത്യാസങ്ങളുണ്ട്. മോദി സർക്കാരിന് ആ കക്ഷിക്ക് ഒരു പ്രത്യയശാസ്ത്രത്തോട് അങ്ങേയറ്റത്തെ പ്രതിബദ്ധതയുണ്ട്. ഹിന്ദുത്വ അഥവാ ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രം ആക്കുക എന്നത് അവരുടെ ആശയത്തിന്റെ കേന്ദ്രബിന്ദുവാകുന്നു.
അവർ പൂർണ്ണമായും പ്രതിബദ്ധരുമാണ്. അവരുടെ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം പരിമിതമായ ജനാധിപത്യത്തോട് കൂടിയുള്ളതുമാണ്. പൂർവ ദക്ഷിണ രാജ്യങ്ങളിലെന്ന പോലെ ഒരു നിയന്ത്രിതമായ ജനാധിപത്യം അവർ അനുവദിക്കുകയും ചെയ്യും. അങ്ങേയറ്റം തലക്കനമുള്ള ഒരു സർക്കാരിന് കീഴിൽ നിയന്ത്രിതമായ ഇടങ്ങളിൽ പ്രതിപക്ഷം പ്രവർത്തിക്കുന്നു. അമിത്ഷായുടെയും മറ്റും വാക്കുകൾ, വരുന്ന അമ്പത് വർഷക്കാലം ഇനി ബിജെപി തന്നെ ഭരിക്കും തുടങ്ങിയവ, കേവലം ഒരു രാഷ്ട്രീയ പ്രഖ്യാപനം മാത്രമായി കാണാൻ കഴിയില്ല. ഇതിനുവേണ്ടി ഏറെ കഠിനവും തന്ത്രപരവുമായ ശ്രമങ്ങൾ – ഹിന്ദു രാഷ്ട്രം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ പിന്നിലുണ്ട്. ജനാധിപത്യ സ്ഥാപനങ്ങളെ ഇടിച്ചു താഴ്ത്തലും ഹിന്ദുത്വയും ഒരു നാണയത്തിന്റെ തന്നെ രണ്ട് വശങ്ങളാണ്.
ഥാപ്പർ: താങ്കൾ പറയുന്നത് ജനാധിപത്യത്തെ ഇടിച്ചു താഴ്ത്തലും ഹിന്ദുത്വവും കേവലം അധികാരം നേടാനുള്ള മാർഗ്ഗങ്ങൾ അല്ല, അതാണ് അവരുടെ ലക്ഷ്യം എന്നാണ്. ജനാധിപത്യത്തെ ഇടിച്ചു താഴ്ത്തൽ എന്നത് അതിന്റെ ഫലമാണ് എന്നാണോ?
ഖൈത്താൻ: കൃത്യമായും അതാണ്. ഒരു ജനാധിപത്യ വ്യവസ്ഥയിൽ ഒരു രാഷ്ട്രീയ കക്ഷി ഏതു സമയത്തും പ്രതിപക്ഷത്തിരിക്കാനും ബാധ്യതയുള്ള ഒന്നാണ്. ഭരണത്തിൽ കയറുമ്പോൾ അവരുടെ
പ്രത്യയശാസ്ത്രത്തിലൂടെ മുന്നോട്ടു പോകാം. എന്നാൽ പ്രതിപക്ഷത്താകുമ്പോൾ അവരുടെ പ്രത്യയശാസ്ത്രമാകില്ല സർക്കാരിന്റേത് എന്നും ബോധ്യമുണ്ടാകണം. സോഷ്യലിസ്റ്റ് പാർട്ടികളുടെ അനുഭവം നമ്മുടെ മുന്നിലുണ്ട്. ചിലപ്പോഴൊക്കെ അവർ ഭരണത്തിൽ വരും അപ്പോൾ അവരുടെ നയങ്ങളാകും സർക്കാരിന്റെ നയം. അധികാരത്തിനു പുറത്താകുമ്പോൾ അതുണ്ടാകില്ല. എന്നാൽ ഹിന്ദുത്വ രാഷ്ട്രീയം പറയുന്നത് അതല്ല. ഭരിക്കുന്ന കക്ഷി മാറിയാലും ഭരണകൂടനയം ഹിന്ദുരാഷ്ട്രത്തിന്റേതായിരിക്കും അഥവാ ഇത് എന്നും ഒരു ഹിന്ദുരാഷ്ട്രമായിരിക്കും എന്നാണ്.
ഥാപ്പർ: ചുരുക്കത്തിൽ ജനാധിപത്യത്തിന് നേരെയുള്ള ഈ കടന്നാക്രമണം യഥാർത്ഥത്തിൽ ആസൂത്രണം ചെയ്യപ്പെട്ടതും ഹിന്ദുരാഷ്ട്രം എന്ന ലക്ഷ്യം നേടാൻ വേണ്ടി നിർമ്മിക്കപ്പെട്ടതുമാണ് എന്നാണ്. ഞാൻ താങ്കളെ ഉദ്ധരിക്കട്ടെ: ” രാഷ്ട്രീയ പ്രതിപക്ഷം പരിമിതമാക്കപ്പെടുന്നു, അതോടൊപ്പം സ്വതന്ത്രമായി പ്രവർത്തിക്കേണ്ട സ്ഥാപനങ്ങളെ അത് നിയന്ത്രിക്കുന്നു, അടിസ്ഥാനഘടനയെ തകർക്കുന്നു, രാജ്യസഭ, സംസ്ഥാന സർക്കാരുകൾ, ഗവർണ്ണറുടെ ഓഫിസ്, തുടങ്ങിയവയെല്ലാം സമ്പൂർണ്ണ നിയന്ത്രണത്തിലാക്കുന്നു. ഇതിനോടൊപ്പം തന്നെ കാണേണ്ടതല്ലേ ഇവരെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്റെ ശേഷിക്കുറവും. പ്രതിപക്ഷത്തിന്റെ മേലുള്ള കടന്നുകയറ്റവും അവരുടെ തന്നെ ശേഷിക്കുറവും മറ്റൊരു വിധത്തിൽ ഇവരുടെ നടപടികൾക്കു സഹായകമാകുന്നില്ലേ?
ഖൈത്താൻ: ഇവിടെ പ്രതിപക്ഷമെന്നതിനെ നമ്മൾ വ്യത്യസ്തമായി കാണേണ്ടതുണ്ട്. ഭരണ കക്ഷിക്കു പ്രതിപക്ഷത്തു നിന്നുള്ള ശക്തമായ തിരിച്ചടികൾ ലഭിക്കുന്നത് പ്രധാനമായും പ്രാദേശിക കക്ഷികളിൽ നിന്നാണ്. ഉദാഹരണം ബംഗാൾ. അതുപോലെ ആം ആദ്മി പാർട്ടി,അവരുടെ തന്നെ സഖ്യകക്ഷിയായിരുന്ന മഹാരാഷ്ട്രയിലെ ശിവസേന, തമിഴ്‍നാട്ടിലെ ദ്രാവിഡ കക്ഷികൾ, ഇവരൊക്കെ ശക്തമായി പ്രതികരിക്കുന്നതിനുള്ള കാരണം ഈ ഭരണകൂടം അവരുടെയൊക്കെ നിലനില്പിനെ സാരമായി ബാധിക്കുന്നതാണ് എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്. അതുകൊണ്ട് തന്നെ എത്രവലിയ വില കൊടുക്കേണ്ടി വന്നാലും അവരുടെ പ്രതിരോധം ശക്തമായി തുടർന്നുകൊണ്ടേയിരിക്കും.
പ്രതിപക്ഷത്തിന്റെ ഏറ്റവും വലിയ പരാജയമാകുന്നത് പ്രതിപക്ഷത്തെ ഏറ്റവും വലിയ കക്ഷിയുടെ പരാജയം തന്നെയാണ്. അനേക വർഷങ്ങളായി ചലനമറ്റു കിടക്കുന്ന ഒരു സംവിധാനം എന്ന നിലയിൽ സ്വയം അത് ദുർബലമായ അവസ്ഥയിൽ തുടരുന്നു.
ശരിയായ നേതൃത്വത്തിലേക്ക് എത്താൻ കഴിയാതെ അതിൽ ഇപ്പോഴുമുള്ള ജനങ്ങളുടെ വിശ്വാസത്തിൽ തകർച്ച വന്നുകൊണ്ടിരിക്കുന്നു. ഒപ്പം ശക്തമായ നയങ്ങളിലൂടെ, നടപടികളിലൂടെ പ്രതിപക്ഷ ഐക്യം സാധ്യമാക്കാനുള്ള ശ്രമങ്ങൾ തുടരുന്നതിൽ അത് വിജയിക്കുന്നില്ല. അതാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഒരു ഏകാധിപത്യ സ്വഭാവമുള്ള രാഷ്ട്രീയത്തെ നേരിടേണ്ടി വരുമ്പോൾ പ്രധാന പ്രതിപക്ഷ കക്ഷിയിൽ നിന്നും തുറന്ന മനസ്സോടെയുള്ള സമീപനം ഉണ്ടാവണം. ഏറ്റവും ക്രിയാത്മകമായ നിർദ്ദേശങ്ങൾ ഉണ്ടാകണം. ഇതുണ്ടാകേണ്ടിയിരുന്നത് 2019ലാണ്, 2023ൽ അല്ല. കോൺഗ്രസ് പ്രവർത്തിച്ചത് ശരിയായ രീതിയിലായിരുന്നെങ്കിൽ ഇന്ത്യയുടെ കഥ തന്നെ മറ്റൊന്നാകുമായിരുന്നു.
ഥാപ്പർ: കോൺഗ്രസിന്റെ പ്രതിസന്ധി ഇന്ത്യൻ ജനാധിപത്യത്തിന്റെ തന്നെ പ്രതിസന്ധിയായി മാറുന്നത് ഇങ്ങനെയാണല്ലേ?
ഖൈത്താൻ: തീർച്ചയായും ആ കക്ഷിയിലുണ്ടാകുന്ന തകരാറുകൾ കേവലം അതിലെ ചില നേതാക്കളുടെ വ്യക്തിപരമായ തകരാറുകളോ തകർച്ചയോ ആയി കാണാൻ കഴിയില്ല. ശക്തമായ ഒരു ജനാധിപത്യത്തിന് രാഷ്ട്രീയ കക്ഷികളുടെ ബലാബലം പ്രധാനമാണ്, പ്രത്യേകിച്ചും പ്രധാന പ്രതിപക്ഷ കക്ഷികളുടെ ബലാബലങ്ങൾ.
ഥാപ്പർ: താങ്കൾ തന്നെ പറഞ്ഞിട്ടുണ്ട് ഈ ഭരണഘടനയെ തകർക്കാനുള്ള ചില പിഴവുകൾ ഭരണഘടനക്കകത്തു തന്നെയുണ്ട് എന്നും അതുകൊണ്ട് തന്നെയാണ് ആയിരം മുറിവുകൾ കൊണ്ട് ഈ ഭരണഘടനയെ തകർക്കാൻ കഴിയും എന്ന തോന്നൽ ഇവർക്കു ഉണ്ടാക്കാൻ കഴിയുന്നതെന്നുമാണ്. എന്താണ് അതിനുള്ള വിശദീകരണം?
ഖൈത്താൻ: ഒരു ഭരണഘടനയും സമ്പൂർണ്ണമായ ഒന്നല്ല. എല്ലാത്തിലും അതിന്റെതായ പിഴവുകളും പഴുതുകളും ഉണ്ട്. വളരെ നല്ല ഒരു ഭരണഘടനയാണ് ഇന്ത്യയുടേത്. പക്ഷെ അതിലെ കുറവുകളിൽ ഒന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രം തെരഞ്ഞെടുത്തയക്കുന്ന ഗവർണർമാർ ആണ്. അത് ഒരു കേന്ദ്രീകൃത ഫെഡറലിസം ആക്കി ഈ സംവിധാനത്തെ താഴ്ത്തുന്നു. സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കുറക്കുന്നു. പല ഗവർണർമാരും പരിധി വിട്ടു ഇടപെടുന്നതായി നമ്മൾ കാണുന്നുണ്ടല്ലോ. രണ്ടാമത്തെ കുറവ് പ്രതിപക്ഷത്തിനുള്ള സംരക്ഷണം എന്നത് ഇന്ത്യൻ ഭരണഘടനയിൽ വളരെ ദുർബലമാണ് എന്നതാണ്.
പ്രതിപക്ഷനേതാവിനു ഒരു ഓഫീസും ക്യാബിനറ്റ് പദവിയുമൊക്കെ ഉണ്ടെന്നതിലല്ല കാര്യം. ആഴ്ചയിൽ ഒരു ദിവസമെങ്കിലും പാർലമെന്റിന്റെ അജണ്ടകൾ നിശ്ചയിക്കാനുള്ള അവകാശം അവർക്കുണ്ടാകണം. പല രാജ്യങ്ങളിലും അതുണ്ട്. വർഷത്തിൽ എത്ര ദിവസം പാർലമെന്റ് പ്രവർത്തിക്കണം എന്ന് നമ്മുടെ ഭരണഘടന പറയുന്നില്ല. എങ്കിലും പ്രതിപക്ഷത്തിനും അതിന്റെ നടത്തിപ്പിൽ ഒരു പങ്കു ഉണ്ടായിരിക്കണമല്ലോ. സത്യത്തിൽ ജനാധിപത്യസ്ഥാപനങ്ങൾ എങ്ങനെ പ്രവർത്തിക്കണം എന്ന് തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിനാണ്.
എന്നാൽ ഇപ്പോൾ പൂർണ്ണമായും അത് ചെയ്യുന്നത് എക്സിക്യൂട്ടീവ് തന്നെയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധ്യക്ഷനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടതടക്കം ചില തർക്കങ്ങൾ നമ്മൾ കണ്ടതാണല്ലോ. ഭരണഘടനയുടെ ഒരു പ്രധാന പ്രശ്നം അത് എക്സ്ക്ക്യൂട്ടീവിൽ വലിയ വിശ്വാസം അർപ്പിച്ചിരിക്കുന്നു എന്നതാണ്. ഒരു പക്ഷെ നെഹ്രുവിനെപ്പോലുള്ള ഒരു ഭരണാധികാരിയുടെ കാലത്തു രൂപപ്പെട്ടതാകാം ഈ സങ്കൽപം. നെഹ്രുവിന്റെ ജനാധിപത്യവീക്ഷണം എല്ലാക്കാലത്തെയും ഭരണാധികാരികൾക്ക് ഉണ്ടാകും എന്ന വിശ്വാസമാകാം ഇതിന് പിന്നിൽ. പക്ഷെ പിന്നീട് സംഭവിച്ചത് അങ്ങനെയല്ലല്ലോ. ഇത് ദക്ഷിണാഫ്രിക്കയുടെ കാര്യത്തിലും സംഭവിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ മെച്ചപ്പെട്ട ഒരു ഭരണഘടനയുണ്ടെങ്കിലും മണ്ടേലക്ക് ശേഷം അത് അട്ടിമറിക്കപ്പെടുകയുണ്ടായി.
ഥാപ്പർ: മെച്ചപ്പെട്ട, ബഹുമാന്യരായ വ്യക്തിത്വങ്ങൾ എന്ന് കണക്കാക്കിക്കൊണ്ട് എക്സിക്യൂട്ടീവിന് അധികാരങ്ങൾ നൽകിയതിന്റെ പ്രശ്ങ്ങളല്ലേ ഇവിടെയും കാണുന്നത്. ശരിയായ ഉദ്ദേശത്തോടെയല്ലാത്തവരും ബഹുമാന്യത കുറഞ്ഞവരുമായ വ്യക്തികൾ ഈ സ്ഥാനത്തു വരുകയും അത് ഈ ഭരണഘടനയെയും സ്ഥാപനങ്ങളെയും പരാജയപ്പെടുത്തുകയും ചെയ്യുന്നു എന്ന് പറയാൻ കഴിയില്ലേ? എത്രത്തോളം മോശമായ തരത്തിലാകാം നമ്മുടെ മനുഷ്യർ എന്നതാണല്ലോ നമ്മുടെ അനുഭവം സൂചിപ്പിക്കുന്നത്.
ഖൈത്താൻ: താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരു ഇന്ദിരാഗാന്ധിയോ, നരേന്ദ്രമോദിയോ, സുമോയോ പോലുള്ള ഭരണാധികാരികൾ ഒരു കാലത്തും ഈ രാജ്യങ്ങളിൽ അധികാരത്തിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അത് തന്നെയാണ് പ്രശ്‌നവും. ജനാധിപത്യത്തോട് എല്ലാവർക്കും മഹാന്മാരോളം തന്നെ പ്രതിബദ്ധത ഉണ്ടായിക്കൊള്ളണം എന്നില്ലല്ലോ.
ഥാപ്പർ: ഒന്നാം മോദി സർക്കാരിനെക്കുറിച്ച് താങ്കൾ പറഞ്ഞത്, എല്ലാവിധ ജനാധിപത്യ സ്ഥാപനങ്ങളുടെയും വേരറുക്കുന്ന വിധത്തിൽ അതിനകത്തു ഘടനാപരമായ മാറ്റങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾ അവർ നടത്തി എന്നാണ്. മുമ്പുള്ള സർക്കാരുകളും ഭരണഘടനയെ അട്ടിമറിക്കുന്നതിനുള്ള വികൃതികൾ ചെയ്തിട്ടുണ്ടെങ്കിലും അതിനെയെല്ലാം മറികടക്കുന്ന വിധത്തിൽ ഭരണഘടനാ സ്ഥാപനങ്ങളെ തന്നെ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങളാണ് ഇവർ നടത്തുന്നത്. അവയുടെ സുതാര്യത ഇല്ലാതാക്കുന്നതും വളരെ സൂക്ഷ്മമായ ഇടപെടലുകൾ നടത്തുന്നതും ഇതിനു മുമ്പുള്ള ഭരണഘടനാദത്തമായ അധികാരങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള അടിയന്തരാവസ്ഥയുടെ കാലത്തേക്കാൾ മോശമാണ് എന്നല്ലേ താങ്കൾ പറയാൻ ശ്രമിക്കുന്നത്. അതായത് ഇന്ത്യയിലെ മറ്റു മുൻകാല സർക്കാരുകളെക്കാൾ മോദി സർക്കാരാണ് ഇന്ത്യൻ ജനാധിപത്യത്തെ ഏറ്റവും അപകടകരമായ അവസ്ഥയിൽ എത്തിച്ചതെന്നും താങ്കൾ കരുതുന്നു.
ഖൈത്താൻ: ഇതല്പം ബുദ്ധിമുട്ടുള്ള ഒരു ചോദ്യമാണ്. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പിൻവലിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് ഇന്നും ദുരൂഹമാണ്. എന്തായിരുന്നു അതിന്റെ ലക്ഷ്യം എന്ന് അറിയാനാവുന്നില്ല. അവർക്കു മേൽ ഒരു വിധസമ്മർദങ്ങളും ഉണ്ടായിരുന്നില്ല. അവർക്കു അതെ നില തുടരാമായിരുന്നു. അവരുടെ കൈകൾ സ്വതന്ത്രമായിരുന്നു. ബാഹ്യമായ സമ്മർദ്ദങ്ങളൊന്നും അവരുടെ മേൽ ഉണ്ടായിരുന്നുമില്ല. ഇന്നത്തെ രീതി വച്ച് നോക്കിയാൽ വേണമെങ്കിൽ അവർക്കു മരണം വരെ അധികാരത്തിലിരിക്കാമായിരുന്നു. അതുകൊണ്ട് തന്നെ ഒരു തെരഞ്ഞെടുപ്പുണ്ടാകുകയും എത്ര കുറഞ്ഞ സാധ്യതയാണെങ്കിലും പ്രതിപക്ഷത്തിന് അധികാരം പിടിക്കാൻ കഴിയുകയും ചെയ്യുമെന്നത് ഒരു യാഥാർഥ്യമാണ്. അന്ന് ആ സാധ്യത അത്ര പ്രകടമായിരുന്നില്ലെങ്കിലും. എന്നാലിന്ന് പ്രതിപക്ഷത്തിന് അധികാരത്തിൽ വരാനുള്ള പ്രകടമായ സാധ്യതകൾ ഉണ്ട്. ഇന്ദിരാഗാന്ധിയുടെ ഭരണത്തിൽ നിന്നും ഇതിനുള്ള ഒരു വ്യത്യാസം നാം അറിയാതെ തന്നെ ഏകാധിപത്യത്തിലേക്കു കടന്നു കയറി എന്നതാണ്. നമ്മുടെ ജനാധിപത്യവും ഭരണഘടനയും എത്രമാത്രം അപകടത്തിലാണ് എന്നത് ഇപ്പോഴും നമുക്ക് മനസ്സിലായിട്ടില്ല എന്നതാണ് അതിന്റെ വലിയ അപകടം. ഇതാണ് ഈ ഭരണകൂടത്തെ കൂടുതൽ അപകടകരമാക്കുന്നത്. ഏതു തരത്തിലുള്ള അപകടമാണുള്ളതെന്നു അറിയാതിരുന്നാൽ അതിനെ നേരിടാൻ ഏതു തരത്തിൽ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുക പ്രയാസമാണ്. അതിനെതിരായ ജനങ്ങളുടെ സംഘാടനവും പ്രതികരണ രീതികൾ രൂപപ്പെടുത്തലും അന്നത്തേതു പോലെ ഇന്നുണ്ടാക്കാൻ കഴിയാതിരിക്കുന്നതും അതുകൊണ്ടാണ്.
ഥാപ്പർ: താങ്കൾ പറയുന്നത് നമ്മൾ ഇന്ത്യയിലെ ജനങ്ങൾ അറിയാതെ ഉറക്കത്തിലെന്നപോലെ ഏകാധിപത്യത്തിലേക്കു കടന്നു കയറി എന്നാണ്. ജനങ്ങൾ മാത്രമല്ല അതിലെ സ്ഥാപനങ്ങളും പ്രതിപക്ഷവും. ഈ മൂന്നു വിഭാഗങ്ങളും അങ്ങനെ ചെയ്തു എന്നാണോ? ജനാധിപത്യത്തിൽ ഏറ്റവും പ്രധാന പ്രതിരോധമാകണമല്ലോ രാഷ്ട്രീയ പ്രതിപക്ഷം. അവർക്കു പോലും എന്താണിവിടെ സംഭവിക്കുന്നതെന്ന് മനസ്സിലായില്ല എന്നാണോ? അവരുടെയെല്ലാം കണ്ണുകൾ അടക്കപ്പെട്ടിരുന്നുവോ?
ഖൈത്താൻ: ഒരു പരിധിവരെ അത് ശരിയാണ്. അതുമാത്രമല്ല. ഇന്നത്തെ ഏകാധിപതികൾ മുൻകാലങ്ങളേതിനേക്കാൾ ഏറെ ബുദ്ധിയുള്ളവരാണ്. സ്മാർട്ടാണ്. അവർ കാര്യങ്ങൾ ചരിത്രത്തിൽ നിന്നും ഉൾക്കൊണ്ടവരാണ്. അതുകൊണ്ട് തന്നെ അവർ പുതിയ തന്ത്രങ്ങൾ പ്രയോഗിക്കുന്നു. ജനാധിപത്യത്തെ കേവലം തെരഞ്ഞെടുപ്പുമായി മാത്രം ബന്ധപ്പെടുത്തുക വഴി നമ്മുടെ ഭരണഘടനാ സാക്ഷരത വളരെ താഴ്ന്ന തലത്തിലാണെന്നു പറയേണ്ടി വരുന്നു. ജനാധിപത്യത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും തലങ്ങൾ നമ്മൾ പലപ്പോഴും മറന്നു പോകുന്നു എന്നതാണ് പ്രശ്നം.
ഥാപ്പർ: രണ്ടാം മോദി സർക്കാരിന്റെ വിലയിരുത്തലിലേക്കു കടക്കുന്നതിനു മുമ്പ് ഇതുവരെ കേട്ടതിൽ നിന്നും കേൾക്കുന്നവർക്ക് കൃത്യമായ ചില സംശയങ്ങൾ ഉണ്ടാകാനിടയുണ്ട്. 2014-19 കാലത്തു മോദി സർക്കാർ ജനാധിപത്യതിനെ വിലകുറക്കാനും ഇടിച്ചു താഴ്ത്താനും ശ്രമിച്ചു കൊണ്ടിരുന്ന സമയമെല്ലാം അതിനെ എതിർക്കാൻ ബാധ്യതപ്പെട്ടവർ ഉറങ്ങുകയായിരുന്നു എന്നല്ലേ?
ഖൈത്താൻ: ഉറങ്ങുകയായിരുന്നു അല്ലെങ്കിൽ അതിനു അനുവദിക്കുകയായിരുന്നു എന്നത് അല്പം ലളിതമായ ഒരു ഭാഷ്യമാണ്. കാര്യങ്ങൾ അത്ര ലളിതമല്ല. ഭരണകൂടത്തിന്റെ വലിയ അധികാരങ്ങൾ പ്രയോഗിക്കാൻ അവർക്കു കഴിയുന്നു. പ്രതിപക്ഷമടക്കം പലർക്കും ഇക്കാര്യത്തിൽ ധാരണകൾ ഉണ്ടായിരുന്നു. എന്നാൽ പലരും അത് പറയാൻ ധൈര്യപ്പെട്ടില്ല. മറ്റു പലരും അതിനെ അവഗണിക്കുകയും ചെയ്തു. എന്തുകൊണ്ട് അവരങ്ങനെ ചിന്തിച്ചു എന്നത് നമുക്കിപ്പോൾ കണ്ടെത്താൻ കഴിയില്ല. അവരുടെ മനസ്സ് നമുക്ക് വായിക്കാനാകില്ലല്ലോ. ഭരണഘടനയോട് അവർ നീതി പുലർത്തിയില്ല, വരും തലമുറകളോട് അതിനവർ മറുപടി പറയേണ്ടി വരും എന്നത് തീർച്ച.
ഥാപ്പർ: മോദി ഭരണകൂടം കഴിഞ്ഞ പത്ത് വർഷമായി ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാൻ അവർ ശ്രമിക്കുമ്പോഴും വലിയൊരു വിഭാഗം ആളുകൾ ഉറങ്ങുകയോ ഉറക്കം നടിക്കുകയോ അതുവഴി മുന്നോട്ടു പോകാൻ ഭരണകൂടത്തെ അനുവദിക്കുകയോ ചെയ്യുകയായിരുന്നു എന്നാണു. ഈ വിനാശത്തിനു അവരും കാരണക്കാരാകുന്നു അറിഞ്ഞോ അറിയാതെയോ.
ഇനി നമുക്ക് രണ്ടാം മോദി സർക്കാരിനെ കുറിച്ച് സംസാരിക്കാം. ഇതുസംബന്ധിച്ചു താങ്കളുടെ തന്നെ ചില വിലയിരുത്തലുകൾ ഉണ്ടല്ലോ.
കഴിഞ്ഞ രണ്ട് മൂന്നു വർഷമായി അവസ്ഥ വളരെ വളരെ മോശമായിട്ടുണ്ടെന്നാണ് പൊതുവായ വിലയിരുത്തൽ. താങ്കളെ തന്നെ ഉദ്ധരിച്ചു കൊണ്ട് പറഞ്ഞാൽ ” 2019 ലെ ഉജ്ജ്വലമായ വിജയത്തെ തുടർന്ന് മോദി സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത് തങ്ങളുടെ ആശയത്തെ കൂടുതൽ കൂടുതൽ ശക്തിപ്പെടുത്താനായിരുന്നു. കേവലം ശക്തിപ്പെടുത്തുക എന്നതിനപ്പുറത്തേക്കു ആ സർക്കാർ കടന്നു പോയിട്ടുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഖൈത്താൻ: ഞാൻ അതെഴുതിയത് 2019 ലെ വിജയത്തെ തുടർന്നാണ്. പക്ഷെ അതിനു ശേഷമുള്ള കാലത്ത് കാര്യങ്ങൾ ഏറെ മുന്നോട്ടു പോയി. എന്നാൽ അന്ന് എന്റെ വിലയിരുത്തലിൽ ഉൾപ്പെടാതെ പോയ ഒരു കാര്യം ഇവരുടെ അന്തിമ ലക്ഷ്യമായ ഹിന്ദുരാഷ്ട്രം എന്ന സങ്കല്പത്തിന്റെ അടിവേരുകളാണ് അല്ലെങ്കിൽ ആഴമാണ്. 2019ൽ ഉണ്ടായ വിജയം അവർക്കു വലിയ തോതിലുള്ള ആത്മവിശ്വാസം പകരുകയും അവരുടെ നടപടികളുമായി മുന്നോട്ടു പോകാനുള്ള മാൻഡേറ്റ് ആണതെന്നു വ്യാഖ്യാനിക്കുകയും ചെയ്തു. അതുവരെ അവർ നടത്തിപ്പോന്ന സൂക്ഷ്മവും ശക്തവുമായ അജണ്ടക്കുള്ള അംഗീകാരം. പടിപടിയായുള്ള നടപടികൾ ഇനി ആവശ്യമില്ലായെന്നുംഅതിനു സൂക്ഷ്മവും പരോക്ഷവുമായ വഴികൾ വേണ്ട എന്നും നേരിട്ട് തന്നെ തങ്ങൾക്കു നടപ്പാക്കാൻ കഴിയുമെന്നുള്ള ആത്മവിശ്വാസമാണ് അവർക്കു ഇതിലൂടെ ഉണ്ടായത്.
അതിനെ തുടർന്നാണ് ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കുന്നതിനുള്ള നടപടികൾ എടുത്തത്. പൗരത്വ നിയമഭേദഗതി അവർ കൊണ്ട് വന്നു. മൂന്നു കാർഷിക നിയമങ്ങൾ പാസാക്കിയെടുത്തു. ഒന്നാം മോദി സർക്കാർ കാലത്തുണ്ടായതിനേക്കാൾ ശക്തമായിട്ടും തുറന്ന രീതിയിലും ആക്രമണം നടത്താൻ അവർക്കു ശക്തി നൽകി. ഇത് അന്ന് ഞാൻ വിലയിരുത്തിയതിൽ വന്ന കുറവായിരുന്നു. പൗരത്വ നിയമഭേദഗതിക്കെതിരായി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പതിനായിരക്കണക്കിന് മനുഷ്യർ ശക്തമായ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നതു നമ്മൾ കണ്ടു. മഹാമാരി വന്നില്ലായിരുന്നെങ്കിൽ ആ സമരം ഏറെക്കാലം ശക്തമായി തുടർന്ന് പോകുമായിരുന്നു. അഹങ്കാരത്തിനടുത്ത ആത്മവിശ്വാസത്തോട് കൂടിയ സർക്കാർ നേരിട്ട് തന്നെ ഇത്തരം കടന്നു കയറ്റങ്ങൾ നടത്താൻ ശക്തിപ്പെട്ടു എന്നവർക്ക് ബോധ്യപ്പെട്ടു.അതുകൊണ്ട് തന്നെ ഇക്കാര്യത്തിൽ മുമ്പുണ്ടായിരുന്ന ശ്രദ്ധയും കരുതലും അവർ ഉപേക്ഷിച്ചു. അതേ സമയം തന്നെ തെരഞ്ഞെടുപ്പ് കമ്മീഷൻ, ജുഡീഷ്യറി മുതലായവയെ വിലയിടിക്കുന്ന പ്രവർത്തനം അവർ തുടർന്നുകൊണ്ടേയിരുന്നു. അവർ കൂടുതൽ കൂടുതൽ അക്രമോത്സുകരായി.
അവരുടെ ആത്യന്തിക ലക്ഷ്യമായ ഹിന്ദുരാഷ്ട്രം എന്നത് പ്രതിരൂപാത്മകമായ ഒന്ന് കൂടിയാണ്. അതിലേക്കെത്താൻ ഇനി പടിപടിയായുള്ളതോ സൂക്ഷ്മമായുള്ളതോ മറച്ചുപിടിക്കുന്നതോ ആയ നീക്കങ്ങൾ മതിയാകില്ലെന്നും അവർ കണക്കു കൂട്ടി. അത് മുകളിൽ നിന്ന് തന്നെ കൃത്യമായി കൊണ്ടു വരേണ്ടതുണ്ട്. അതാണ് രണ്ടാം മോദി സർക്കാരിന്റെ മുഖമുദ്ര.
ഥാപ്പർ: ഹിന്ദുത്വത്തെയും ഹിന്ദുരാഷ്ട്രത്തെയും പറ്റിയുള്ള വളരെ കൃത്യമായ ഒരു ചോദ്യം ഞാൻ താങ്കളോട് ചോദിക്കട്ടെ. രണ്ടാം മോദി സർക്കാരിന് ഒന്നാമത്തേതിനേക്കാൾ ശക്തിയേറിയ മാറ്റങ്ങൾ ഈ മേഖലയിൽ കൊണ്ടു വരാൻ കഴിഞ്ഞു. നേരത്തെ പറഞ്ഞതുപോലെ പൗരത്വ നിയമമായാലും കാശ്‌മീരിന്റെ വിഭജനമായാലും പലമേഖലകളിലെ മുസ്ലിം അന്യവൽക്കരണമായാലും ഏറ്റവുമൊടുവിൽ ഇന്ത്യയെ ഭാരത് എന്ന് മാറ്റിയതായാലും കേവലം ജനാധിപത്യത്തെ അപകടപ്പെടുത്തുക എന്ന ലക്ഷ്യത്തിനപ്പുറം നമ്മുടെ രാജ്യത്തിന്റെ സ്വഭാവത്തെ തന്നെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണോ ചെയ്യുന്നത്?
ഖൈത്താൻ: ഇതിലൂടെ ഇന്ത്യയെ ഇവർ പുനർനിർവചിക്കുകയാണ്. ഇന്ത്യയിലെ ജനങ്ങളായ നമ്മൾ ആരാണ് എന്നതിന്റെ നിർവചനം തന്നെ മാറ്റുകയാണ്. നമുക്ക് ആർ.എസ്.എസിനെ കുറിച്ച് നന്നായറിയാം. ഇതെല്ലാം അവരുടെ ലക്‌ഷ്യം നടപ്പാക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ തന്നെയാണ്. ഇതവർ ദശാബ്ദങ്ങളായി നടപ്പാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതാണ്. ഇപ്പോൾ അത് ലക്ഷ്യപ്രാപ്തിയിലെത്തുന്നു എന്ന തോന്നലാണ് അവർക്കുള്ളത്. നമ്മൾ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ല എന്ന് ആശ്വാസത്തിന് വേണ്ടി പറയാമെങ്കിലും ഫലത്തിൽ ഹിന്ദു രാഷ്ട്രത്തിനു വളരെ അടുത്തെത്തിയിരിക്കുന്നു എന്ന് കാണാം. ഔപചാരിക പ്രഖ്യാപനമൊക്കെ അല്പം വൈകിയേക്കാമെങ്കിലും. നോക്കു, മുസ്ലിം ന്യുനപക്ഷങ്ങളെ രണ്ടാം തരം പൗരന്മാരാക്കുക എന്ന ലക്ഷ്യം പൗരത്വ ഭേദഗതി നിയമത്തിലൂടെ ഒരു പരിധി വരെ കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ടല്ലോ. വലിയ തോതിലുള്ള ആൾക്കൂട്ട ആക്രമണം രാജ്യത്തിന്റെ പല ഭാഗത്തും നടന്നു കൊണ്ടിരിക്കുന്നു. ഇത് വരെ ഉണ്ടാകാത്തത് ഹിന്ദുത്വത്തിന്റെ അധികാര പ്രഖ്യാപനമാണ്. അതുകൊണ്ട് തന്നെയാണ് ഭാരത് ജോഡോ പോലുള്ള മുന്നേറ്റങ്ങൾ ഇന്നേറെ പ്രസക്തമാകുന്നതും. ഹിന്ദുത്വത്തിന്റെ ഈ ശ്രമങ്ങളെ തങ്ങളുടെ ഇടപെടലുകളിലൂടെ വെല്ലുവിളിക്കാൻ ശേഷി ഉണ്ടെന്നുള്ള പ്രഖ്യാപനമാണത്. പക്ഷെ അത്തരം പ്രവർത്തനങ്ങൾ കേവലം വാചകത്തിലൂടെ മാത്രം മതിയാകില്ല. ബിജെപിയെ സംബന്ധിച്ചിടത്തോളം വലിയ തോതിലുള്ള ജനകീയാടിത്തറയോടെ അവർ രൂപം നൽകുന്ന ആശയങ്ങളും ബിംബങ്ങളും വളരെ വേഗം പ്രയോഗവൽക്കരിക്കാൻ കഴിയുന്നുണ്ട്. ഇതിനെതിരെ മുന്നോട്ടു വയ്ക്കുന്ന ആശയങ്ങൾ പ്രധാനമാണ്. ഉദാഹരണത്തിന് ഹിന്ദുത്വക്കു പകരം ഹിന്ദുസ്ഥാൻ എന്ന ആശയം മുന്നോട്ടു വെക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നാണ് ഞാൻ കരുതുന്നത്. അതിൽ എല്ലാവരെയും ചേർത്ത് പിടിക്കുന്ന മതസഹിഷ്ണുതയുടെ രൂപങ്ങൾ വ്യക്തമായും ഉണ്ടാകണം. അത് കൂടുതൽ ഫലപ്രദമായേക്കാം. ഇതെല്ലം ഉൾക്കൊള്ളുന്ന ഒരു ബദൽ ആശയഗതി മുന്നോട്ടു വെക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. മറ്റൊരു രീതിയിൽ പറഞ്ഞാൽ ഹിന്ദുത്വ അജണ്ടയെ നേരിടുന്നതിൽ പ്രതിപക്ഷത്തിനുള്ള ദൗർബല്യമാണ് അവർക്കു സ്വന്തം അജണ്ട മുന്നോട്ടു കൊണ്ടുപോകാൻ സഹായകമാകുന്നത്. രാജ്യത്തിന്റെ സ്വഭാവവും ജനങ്ങളെ സംബന്ധിച്ച് ഇവർ ഉണ്ടാക്കാൻ ശ്രമിക്കുന്ന പുനർനിർവ്വചനവും തടയാൻ കഴിയുന്ന ഒരു ബദൽ ഉണ്ടാക്കാൻ പ്രതിപക്ഷത്തിന് കഴിയണം. ഹിന്ദുത്വ അജണ്ടയെ നേരിടുന്നതിൽ, അതിനു ബദലായി ഒരു പരിപ്രേക്ഷ്യം മുന്നോട്ടു വെക്കുന്നതിൽ പ്രതിപക്ഷം പരാജയപ്പെട്ടത് കൊണ്ടാണ് ബിജെപിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞതെന്നതല്ലേ സത്യം? ഇവിടെ രാജ്യത്തെ മാത്രമല്ല ജനങ്ങളെയും പുനർനിർവ്വചിക്കാനാണ് ശ്രമിക്കുന്നത് എന്നതിനാൽ ഏറെ ഗൗരവമുള്ളതാണ് ഈ അവസ്ഥ.
ഥാപ്പർ: മറ്റൊരു പ്രധാനവിഷയം ഉപരാഷ്ട്രപതിയടക്കം ഉന്നയിച്ച ചില ചോദ്യങ്ങളാണ്. സുപ്രീം കോടതി തന്നെ കൃത്യമായി നിർവ്വചിച്ച ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടന യഥാർഥത്തിൽ ഉണ്ടോ എന്നതാണത്. തന്നെയുമല്ല ഇന്നത്തെ ഭരണഘടനയിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാകണം അഥവാ പുതിയൊരു ഭരണഘടന തന്നെ ഉണ്ടാകണം എന്നുവരെ ഇവർ ആവർത്തിച്ചുകൊണ്ടിരിക്കുന്നു. കേവലം അദൃശ്യമായോ സൂക്ഷ്മമായോ അല്ല, പ്രകടമായി തന്നെ ഇത്തരം ചോദ്യങ്ങൾ നമ്മുടെ മുന്നിൽ ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. ഇത് ജനാധിപത്യത്തിനു നേരെയുള്ള വെല്ലുവിളിയായാണോ, ഭരണഘടനയുടെ നിലനില്പിനെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായാണോ താങ്കൾ കാണുന്നത്? ഭരണഘടനക്ക് അടിസ്ഥാന ഘടന ഇല്ലെന്നും ഭരണഘടന മാറ്റണമെന്നും പറയുന്നത് ജനാധിപത്യത്തിന് എതിരെയുള്ള വെല്ലുവിളിയാണെന്ന് നാം തെറ്റായി ധരിച്ചതാണോ?
ഖൈത്താൻ: ഈ സർക്കാർ പ്രവർത്തിക്കുന്നത് വളരെ വലിയ ചില മാറ്റങ്ങൾ ലക്ഷ്യമാക്കിയാണ്. കേവലം ഭരണത്തിൽ ചില മാറ്റങ്ങൾ ഉണ്ടാക്കുക എന്നതല്ല മറിച്ച് ഇന്ത്യൻ ജനതയെ തന്നെ അടിസ്ഥാനപരമായി മാറ്റുക എന്ന ലക്ഷ്യമാണ് ഇവർക്കുള്ളത്. ഇത്തരം ചില അപകടകരമായ ആശയങ്ങൾ കേവലം ചില വാദങ്ങൾ മാത്രമായി ആശയ ബലൂണുകളായി ആകാശത്തു പറത്തി വിടുകയാണ് ഇവർ ചെയ്യുന്നത്. കുറേപ്പേർ ഇത് അസാധ്യമാണെന്നും അപകടകരമാണെന്നും പറയുന്നു. ചുരുക്കം ചിലർ അതിനെ തീവ്രവാദപരമായി പിന്തുണക്കുന്നു. ആ ചർച്ചകൾ സമൂഹമാകെ നിറയുന്നു. ക്രമേണ അത് പ്രയോഗത്തിൽ കൊണ്ട് വരാനുള്ള ശ്രമങ്ങൾ താഴെ തട്ടിൽ നിന്നും ആരംഭിക്കുന്നു. ഇപ്പോൾ ഇത്തരം നിരവധി ചിന്താബലൂണുകൾ പുറത്തു വിട്ടുകൊണ്ടിരിക്കുന്ന കാലമാണ്. പുതിയ ഭരണഘടനയുണ്ടാക്കുക എന്നതൊക്കെ അങ്ങനെയുള്ള ബലൂണുകളാണ്. ഇത് അത്ര എളുപ്പമാകില്ല എന്ന് അവർക്കു തന്നെ അറിയാം. ഇന്ത്യൻ ജനതയുടെ ബാഹുല്യവും വൈവിധ്യവും അതിനു തടസമാണ്. ഡോക്ടർ അംബേദ്ക്കറെപ്പോലെ ഒരാൾ തയ്യാറാക്കിയ ഭരണഘടന അപ്പാടെ തൂത്തെറിയുക എന്നത് എളുപ്പമല്ല എന്നും അറിയാം. ഇപ്പോൾ ഇത്തരം ആശയങ്ങൾ അന്തരീക്ഷത്തിലേക്ക് വിടുകയും അത് വ്യാപകമായി ചർച്ച ചെയ്യപ്പെടുകയും ചെയ്യും. ഒരു പക്ഷെ 2024ലെ തെരഞ്ഞെടുപ്പിൽ അധികാരത്തിൽ തിരിച്ചെത്തുകയാണെങ്കിൽ അത് പ്രയോഗത്തിൽ കൊണ്ട് വരാൻ അവർ ശക്തമായി ശ്രമിക്കും എന്ന് തീർച്ച. അവർക്കിവിടെ വലിയ വിജയം ഉണ്ടായാൽ ഭരണഘടനയുടെ അന്തസ്സത്ത അവർ തകർക്കും. പക്ഷെ അപ്പോഴും അതിലെ ജനാധിപത്യ പുറംതോട് അവർ സംരക്ഷിക്കും. വളരെ കുറഞ്ഞ അളവിൽ പ്രതിപക്ഷത്തിന് പ്രവർത്തിക്കാൻ ഇടം കൊടുക്കുന്ന തരത്തിൽ ജനാധിപത്യമെന്ന പേര് നിലനിർത്താൻ കഴിയുന്ന വിധത്തിലുള്ള ഒരു ഭരണകൂടമായിരിക്കും അവർ രൂപപ്പെടുത്തുക. ജനാധിപത്യമെന്ന ആ പുറംതോട് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്വീകാര്യത തകരാതിരിക്കാൻ സഹായിക്കുമെന്നവർക്കറിയാം. ഇപ്പോൾ തന്നെ ഏകാധിപത്യത്തിനു കീഴിലുള്ള ഒരു നിയന്ത്രിത ജനാധിപത്യമായി നമ്മൾ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതാണ് സത്യം.
ഥാപ്പർ: ഇന്ത്യൻ ഭരണഘടനക്ക് അടിസ്ഥാനശിലകളുണ്ടോ, അത് പൂർണ്ണമായും മാറ്റേണ്ടതുണ്ടോ തുടങ്ങിയ ചോദ്യങ്ങൾ അന്തരീക്ഷത്തിൽ മാത്രമാണ്. എന്നാൽ വലിയ ഭൂരിപക്ഷം കിട്ടിയാൽ അതെല്ലാം നടപ്പാക്കാൻ അവർ ശ്രമിക്കും എന്നാണല്ലോ താങ്കൾ പറഞ്ഞു വരുന്നത്. അതുകൊണ്ട് തന്നെ മുന്നൂറിലധികം സീറ്റുകളോടെ അധികാരത്തിൽ തിരിച്ചെത്തുന്ന ഒരു സർക്കാർ എന്നതു രാജ്യത്തിന്റെ ഭാവി അങ്ങേയറ്റം അപകടത്തിലാക്കുന്ന ഒന്നാകും എന്ന് പറയേണ്ടി വരും
ഖൈത്താൻ: ശരിയാണ്. ഞാനും അങ്ങനെ തന്നെ കരുതുന്നു. പക്ഷെ അങ്ങനെ തിരിച്ചു വന്നാൽ പോലും നേരിട്ട് പുതിയ ഭരണഘടനാ ഉണ്ടാക്കാനാകില്ല അവർ ശ്രമിക്കുക. മറിച്ച് അടിയന്തരാവസ്ഥയിലെ നാല്പത്തിരണ്ടാം ഭരണഘടനാ ഭേദഗതി പോലെ ഇതിന്റെ അടിസ്ഥാന ഘടനയെ തന്നെ ഇല്ലാതാക്കുന്ന വിധത്തിലേക്ക് മാറ്റാൻ അവർ ശ്രമിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. കാരണം ഇപ്പോഴും വാക്കുകളിലെങ്കിലും ഡോക്ടർ അംബേദ്ക്കറെ ബഹുമാനിക്കുന്നതായി പറയുന്നു. ഫെഡറൽ ഘടന നിലനിർത്തുമെന്ന് ആവർത്തിക്കുന്നു. പ്രെസിഡൻഷ്യൽ സംവിധാനത്തിലേക്ക് തത്കാലമെങ്കിലും പോകുന്നില്ലെന്ന് പറയുന്നു. ഇതൊക്കെ ഒരു പുറം മോടിയെന്നു കാണാമെങ്കിലും ഒറ്റയടിക്ക് ഭരണഘടന മാറ്റുന്നതിന് പകരം മേൽ പറഞ്ഞ ഭേദഗതികൾ കൊണ്ടു വരിക ആയിരിക്കും ചെയ്യുക.
ഥാപ്പർ: പാർലമെന്ററി ജനാധിപത്യത്തിൽ നിന്നും പ്രെസിഡൻഷ്യൽ രീതിയിലേക്കുള്ള മാറ്റം എന്നത് ആദ്യമായി ചർച്ചക്ക് വരുന്ന ഒന്നല്ല. അടിയന്തരാവസ്ഥക്കാലത്ത് ബി.കെ നെഹ്രുവിനെപ്പോലുള്ള കോൺഗ്രസ് നേതാക്കൾ ഇന്ത്യ ഇനി ഒരു പ്രെസിഡൻഷ്യൽ സമ്പ്രദായത്തിലേക്കാണ് പോകേണ്ടതെന്ന നിർദേശം ശക്തമായി ഉന്നയിക്കുകയും ചെയ്തിട്ടുള്ളതാണ്. ആ നിർദ്ദേശത്തെ വച്ചയാൾ ഇന്ദിരാഗാന്ധിയുടെ അമ്മാവനായിരുന്നു എന്ന കാര്യവും മറന്നു കൂടാ.
ഖൈത്താൻ: ഇത് വാജ്‌പേയ് ഭരണകാലത്തും ഉയർന്നു വന്നതാണ്. ഇതിനു വേണ്ടി മാത്രമായി ഒരു ഭരണഘടനാ പരിശോധനാസമിതിയെ നിയോഗിക്കുകയും ചെയ്തതാണ്. ഇന്ത്യയുടെ ഭരണഘടന പരാജയപ്പെട്ടുവോ, അതിൽ കാര്യമായ മാറ്റങ്ങൾ ആവശ്യമാണോ എന്ന ചോദ്യങ്ങൾക്കു കൃത്യമായ മറുപടി പറഞ്ഞുകൊണ്ട് ആ ചർച്ച അവസാനിപ്പിച്ചത് രാഷ്ട്രപതിയായിരുന്ന കെ.ആർ നാരായണൻ ആയിരുന്നു. പക്ഷെ അന്ന് രാജ്യത്തു ചില പാർലമെന്ററി മര്യാദകൾ പാലിക്കപ്പെട്ടിരുന്നു. യഥാർത്ഥത്തിൽ പ്രെസിഡൻഷ്യൽ സമ്പ്രദായം എന്നത് തെരഞ്ഞെടുക്കപ്പെട്ട എല്ലാ ഏകാധിപതികൾക്കും താല്പര്യമുള്ള ഒന്നാണ്. അതിനായി അവർ പരമാവധി ശ്രമിക്കാറുമുണ്ട്.
ഥാപ്പർ: രണ്ടാം മോദി സർക്കാരിന്റെ മൂന്നാമത്തെ പ്രത്യേകത അത് എല്ലാ ഭരണഘടനാ സ്ഥാപനങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും ചിറകരിയുന്ന അല്ലെങ്കിൽ അവയെ ദുർബലമാക്കുന്ന ഒന്നായി മാറി എന്നതാണ്. ഞാൻ ഉദ്ദേശിക്കുന്നത്. തെരഞ്ഞെടുപ്പു കമ്മീഷൻ, ദില്ലി പോലുള്ള സംസ്ഥാന സർക്കാരുകൾ മുതലായവയോടുള്ള സമീപനം സംബന്ധിച്ചാണ്. പാർലമെന്റിലേക്കും നിയമസഭകളിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് എന്ന നിർദ്ദേശത്തിന്റെ സാധ്യത പരിശോധിക്കാനുള്ള ഒരു സമിതിയെ നിയോഗിക്കൽ, ഇതെല്ലാം സംഭവിച്ചാൽ സംസ്ഥാനങ്ങളുടെ സ്വയംഭരണാവകാശം എന്നത് ഇല്ലാതാകുന്നതിലേക്കു അത് നയിക്കും എന്ന് തീർച്ചയാണ്. ഇന്ത്യൻ ജനാധിപത്യത്തെ ദുർബലമാക്കുന്നതിൽ ഇവയെല്ലാം എത്രത്തോളം ഗൗരവതരമായ നീക്കങ്ങളാണ് എന്നാണ് താങ്കൾ കരുതുന്നത്?
ഖൈത്താൻ: ഒരു സംശയവുമില്ല, ഇതെല്ലം ജനാധിപത്യത്തിന്റെ ഭാവി സംബന്ധിച്ച് അതിഗുരുതരമായ അവസ്ഥയാണ് ഉണ്ടാക്കുക. ഭരണഘടനയെ ദുർബലമാക്കുന്നതും ഇപ്പോഴും പ്രതീക്ഷിക്കാവുന്ന ഹിന്ദുരാഷ്ട്രമെന്ന പ്രഖ്യാപനം എളുപ്പമാക്കുന്നതുമാണ് ഈ നീക്കങ്ങൾ. അമ്പത് വർഷത്തെ തുടർഭരണം, എക്കാലത്തേക്കും അവരുടെ ഭരണം ഉറപ്പാക്കൽ എന്നൊക്കെയുള്ള അമിത്ഷായെപ്പോലുള്ളവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാണ് വഴി. ഇത്തരം അപകടങ്ങളെ മുൻകൂട്ടിക്കാണുന്ന ശക്തമായ ഒരു നീതിന്യായ സംവിധാനം ഇല്ല എന്നത് തന്നെയാണ് പ്രശ്നം. തങ്ങളുടെ മുന്നിലെത്തുന്ന നിർണ്ണായക വിഷയങ്ങളിൽ തീരുമാനമെടുക്കാതെ വർഷങ്ങൾ നീട്ടിക്കൊണ്ട് പോകുന്നതു വഴി ഭരണകൂടത്തിന് കാര്യങ്ങൾ എളുപ്പമാകുന്നു. മുളയിലേ നുള്ളേണ്ടിയിരുന്ന കാര്യം ചെയ്തില്ല. ഇപ്പോൾ അത് മാറ്റാൻ ശ്രമിക്കുമ്പോഴാണ് ബുദ്ധിമുട്ടുണ്ടാകുന്നത്. ഇപ്പോൾ നീതിന്യായ സംവിധാനം തന്നെ ഭീതിയിലാണ്. അവർ ഏതു വിധത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറാണ്. നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത കാര്യങ്ങൾ കൊണ്ടാകാം എന്തും ചെയ്യാൻ തയ്യാറെന്ന അവസ്ഥയിൽ അവർ എത്തി നിൽക്കുന്നു. ഇതെല്ലം തന്നെ ആധുനിക ഇന്ത്യയുടെ ജനാധിപത്യത്തെ തകർക്കാനുള്ള വഴി ഒരുക്കുകയാണ്.
ഥാപ്പർ: എന്റെ അവസാനത്തെ ചോദ്യം. ഇന്ത്യൻ ജനാധിപത്യം അപകടത്തിലാവാനുള്ള സാധ്യതകൾ വർദ്ധിച്ചു എന്നാണോ അതിനെ തകർക്കാനുള്ള ശ്രമങ്ങൾ കൂടുതലാഴത്തിലേക്കു വ്യാപിക്കുകയും സമഗ്രമാവുകയും ചെയ്തു എന്നതാണോ രണ്ടാം മോദി സർക്കാരിന്റെ കാലത്തു സംഭവിച്ചത്? അല്ല ഇതെല്ലം നമ്മുടെ സാങ്കല്പിക ആധികൾ മാത്രമാണോ?
ഖൈത്താൻ: ഒരിക്കലും ഇത് സാങ്കല്പികമല്ല. ഒന്നാം മോദി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ഒരു ശ്രദ്ധയും കരുതലും മറയും രണ്ടാം സർക്കാരിന്റെ കാലത്തില്ല. അവരുടെ മുഖം മൂടി അഴിഞ്ഞു വീണു അഥവാ അഴിച്ചു കളഞ്ഞു എന്നും പറയേണ്ടി വരും. ആക്രമണം തുറന്നതായതിനാൽ തന്നെ അതിനെതിരായ എതിർപ്പുകളും ശക്തമായി എന്നതും കാണണം. നമുക്കറിയാം സി.എ.എ വിരുദ്ധ പ്രക്ഷോഭം വളരെ വ്യാപകമായിരുന്നു. ഒന്നാം മോദി സർക്കാരിന്റെ കാലത്തു ഇന്ത്യ വളരുന്നു, പുരോഗമിക്കുന്നു എന്നൊക്കെ കണ്ടിരുന്ന അന്താരഷ്ട്ര മാദ്ധ്യമങ്ങളും സർക്കാരുകളും സമൂഹങ്ങളും അവരുടെ നിലപാടിൽ മാറ്റം വരുത്താനും ഇത് വഴി വച്ചിരിക്കുന്നു എന്നത് നല്ലൊരു കാര്യമാണ്. പ്രധാന മാദ്ധ്യമങ്ങൾ കുറച്ചു കൂടി ശ്രദ്ധയോടെ, ഗൗരവത്തോടെ ഇതെല്ലാം റിപ്പോർട്ട് ചെയ്യാൻ തീരുമാനിക്കുന്നു.ആക്രമണം നേരിട്ടുള്ളതായതിനാൽ ആഭ്യന്തരമായും ജനങ്ങളിൽ നിന്നുള്ള എതിർപ്പ് ശക്തമാകുന്നു. രണ്ടാം മോദി സർക്കാരിന്റെ നയങ്ങൾ അടിസ്ഥാന ഘടനയെ തന്നെ മാറ്റി മറിക്കുന്നതാണ് എന്നതിനാൽ അതിനെ ഒരു സർക്കാരിന്റെ നയം മാത്രമായി നമുക്ക് കാണാൻ കഴിയില്ല. സർക്കാർ കൂടുതൽ തുറന്ന ആക്രമണം നടത്തുന്നു എന്നത് ശരിയാണ്. അതിനവർക്ക് കൂടുതൽ വില നൽകേണ്ടിവരുമെന്നതും സത്യമാണ്. ഇതുവരെ തിരശീലക്കു പിന്നിൽ നിന്നുകൊണ്ട് ക്രമത്തിൽ പടിപടിയായുള്ള ഇടപെടലുകളാണ് ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ അതിലേക്കു കൂടുതൽ സമൂഹത്തിന്റെ ശ്രദ്ധ പതിയാൻ ഇടയാക്കിയിരിക്കുന്നു.
ഥാപ്പർ: സർക്കാരിന്റെ ആയുധത്തിനു മൂർച്ച കൂടിയിരിക്കുന്നു, ഒപ്പം അതിന്റെ മുഖം മൂടി അഴിഞ്ഞു വീണിരിക്കുന്നു. അവർ കൂടുതൽ കൂടുതൽ തുറന്നു കാട്ടപ്പെടുന്നു എന്നതാണ്. താങ്കൾക്ക് വളരെ വളരെ നന്ദി. ഞങ്ങളുടെ പ്രേക്ഷകരുടെ കണ്ണ് തുറപ്പിക്കാൻ താങ്കളുടെ ഈ വിശകലനങ്ങൾ സഹായകമായി എന്ന് ഞാൻ കരുതുന്നു. എന്നാൽ മോദി സർക്കാർ താങ്കളെ ഇഷ്ടമുള്ള ഒരാളായി കാണാൻ സാധ്യതയില്ല എന്നും ഓർമിപ്പിക്കുന്നു. ഇന്ത്യയിൽ ഇത്തരത്തിൽ ചിന്തിക്കുന്ന ഒരുപാട് പേരിലേക്ക് ആശയങ്ങൾ പകരാനും ഈ അഭിമുഖം ഉപകരിച്ചു എന്നും ഞാൻ കരുതുന്നു. മോദി സർക്കാരിന്റെ ഒട്ടനവധി തകരാറുകൾ താങ്കൾ തുറന്നു കാണിച്ചു എന്നുള്ളത് കൊണ്ട് തന്നെ ഇന്ത്യയിലെ ഒട്ടനവധി ആളുകൾ താങ്കളോട് കടപ്പെട്ടിരിക്കുന്നു. ഇത് ഒട്ടേറെ വിവാദങ്ങൾക്കു വഴി വെക്കാനും സർക്കാരിന്റെ ഭാഗത്തു നിന്നും ശക്തമായ വിമർശനങ്ങൾ ഉയർന്നു വരാനുമുള്ള സാധ്യതയുമുണ്ട്. എന്നാൽ ധാരാളം പേർ അതിശയിക്കും, ദൈവമേ ഇത്ര അപകടകരമാണോ ഇന്ത്യയുടെ അവസ്ഥ എന്ന്.
(അവസാനിച്ചു)
To start reading the two earlier parts of the transcript, Click Here. To watch the original video of the interview, Please Click Here.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.