A Unique Multilingual Media Platform

The AIDEM

Articles Politics Saeed Naqvi Column

ദുഃഖിപ്പിക്കുന്ന വാർത്തകളുടെ നിത്യാഹാരക്രമം വിട്ട് മാറിനിൽക്കാൻ ഒരിടം- ‘കോട്ടക്കൽ ആര്യവൈദ്യശാല’

  • July 13, 2022
  • 1 min read
ദുഃഖിപ്പിക്കുന്ന വാർത്തകളുടെ നിത്യാഹാരക്രമം വിട്ട് മാറിനിൽക്കാൻ ഒരിടം- ‘കോട്ടക്കൽ ആര്യവൈദ്യശാല’

55 വർഷത്തെ മാധ്യമപ്രവർത്തന കാലത്തിനിടയിൽ 110-ഓളം രാജ്യങ്ങളിൽ സഞ്ചരിക്കുകയും, ലോകസംഭവങ്ങൾ റിപ്പോർട്ട് ചെയ്യുകയും, നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, മിഖായേൽ ഗോർബച്ചേവ്, ,മുഅമ്മർ ഗദ്ദാഫി, ഹെൻറി കിസിഞ്ചർ, ബേനസീർ ഭൂട്ടോ, ഹമീദ് കർസായി, ഷിമോൺ പെരെസ്, തുടങ്ങി നിരവധി ലോകനേതാക്കളുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട് സയീദ് നഖ്‌വി. എന്നാൽ കേരളത്തിന്റെ പ്രശസ്തമായ ആയുർവേദ സുഖചികിത്സ അദ്ദേഹം നേരിട്ടനുഭവിച്ചിട്ടില്ല. കുറച്ചു ദിവസം മുൻപ്, അദ്ദേഹം കോട്ടക്കലിൽ ചികിത്സ തേടുകയും, ആ ‘വിടവ്’ നികത്തുകയും ചെയ്തു. കോട്ടക്കലിൽ ചികിത്സായിൽ കഴിഞ്ഞ നാളുകളിൽ എഴുതിയ ഈ ലേഖനത്തിൽ അദ്ദേഹം ഇവിടെയിരുന്ന് കൊണ്ട്, ലോകത്തെയും, താൻ ജനിച്ചു വളർന്നതും, ഇപ്പോഴും ജീവിക്കുന്നതുമായ ഉത്തരേന്ത്യയെയും നോക്കിക്കാണുകയാണ്.ഉത്തരേന്ത്യയിലെ (രാഷ്ട്രീയ) വൈതാളികന്മാർക്ക് ദൂരങ്ങളെക്കുറിച്ചുള്ള വിവേചനബുദ്ധി നൽകുന്ന ഒരു വിളക്കുമാടമാണ്, കേരളത്തിൽ മലപ്പുറം ജില്ലയിലെ കോട്ടക്കൽ ആയുർവേദ ആശ്രമം. ഒരർത്ഥത്തിൽ അതൊരു ഇരട്ട ദൂരമാണ്- ഞാൻ കേരളത്തിലാണ്, ഒരു ആശ്രമത്തിലുമാണ്. ഈ ആശ്രമം കേരളത്തിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലപ്പുറം ജില്ലയിലാണ് എന്നത് ഒരു പ്രതീകാത്മകത്വം കൂടിയാണ്.

കോട്ടക്കൽ ആര്യ വൈദ്യശാല

ഒരു ദിവസം എന്റെ ഭാര്യ അരുണയോട് ഇവിടെയുള്ള വനിതാ ഉഴിച്ചിൽകാരിൽ ഒരാൾ പറഞ്ഞു, അവർ ഞായറാഴ്ച അവധി എടുക്കുകയാണെന്ന്. ഈദ് പെരുന്നാളിന് അവർക്ക് മുസ്‌ലിം വീടുകളിൽ പോകാനുണ്ട്. മലപ്പുറം ജില്ലയിൽ ഓണവും ഈദും പോലുള്ള ഉത്സവവേളകളിൽ ഉണ്ടാവുന്ന സർവ്വമതസ്ഥരുടെയും ആവേശം നിറഞ്ഞ പങ്കാളിത്തം, ഉത്തരേന്ത്യയിൽ ഞങ്ങൾക്കുള്ള അനുഭവങ്ങളുമായി താരതമ്യം ചെയ്യാൻ ആവതല്ല തന്നെ. ഒരുപക്ഷെ, തിരുവനന്തപുരത്തിന്റെ അനുഭവവുമായി പോലും അതിന് താരതമ്യം ഇല്ല.

തിരുവനന്തപുരം എല്ലായ്പ്പോഴും ഒരു നായർ മേധാവിത്വമുള്ള നഗരമായി, ഹിന്ദുക്കളുടെ ദൈനംദിന അനുഭവങ്ങളിൽ മുസ്‌ലിം സാന്നിധ്യം ഏറെ കടന്നുവരാത്ത ഒരിടമായി നിലനിന്നു. ദൈനികചര്യയിലെ ഈ അഭാവം, ഹിന്ദുവിന്റെ സാമൂഹ്യബോധത്തിൽ നിന്ന് മുസ്ലീമിനെ അദൃശ്യമാക്കുന്നു. ഞായറാഴ്ച്ച ഈദ് പെരുന്നാൾ ആണെന്ന് അയാൾ ഓർക്കുന്നില്ല, ഒരു മുസ്‌ലിം ഭൂരിപക്ഷ പ്രദേശത്തു ജീവിക്കുമ്പോൾ ഒഴികെ.

ഇന്ത്യാ വിഭജനത്തിനു ശേഷം എത്തിച്ചേർന്ന, ഭൂരിഭാഗവും പഞ്ചാബികളായവർ താമസിക്കുന്ന ഡൽഹിയിലെ ഞങ്ങളുടെ കോളനിയിൽ ഒരേയൊരു മുസ്‌ലിം വീട് ഞങ്ങളുടേതാണ്. ഓഗസ്റ്റ് 15 ന് ദേശീയ പതാക ഉയർത്താൻ ഞാൻ എപ്പോഴും അവിടെ ഒരു ക്ഷണിതാവായിട്ടുണ്ട്‌. അവരെന്റെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ്. എന്നാൽ, മുസ്‌ലിങ്ങൾ അവരുടെ നിത്യ ജീവിതത്തിന്റെ ഭാഗമല്ലാത്തതിനാൽ പൊടുന്നനെയുള്ള ഈദ് വിരുന്നുകാരൊന്നും എന്റെ വീട്ടിൽ വരാറില്ല.

ഹിന്ദു-മുസ്‌ലിം സമവാക്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ, ഈ പ്രകടവും, എന്നാൽ ഏറെ ശ്രദ്ധയിൽ പെടാത്തതുമായ വസ്തുത അതിപ്രധാനമാണ്. ഹിന്ദു, മുസ്ലീമിന്റെ നിത്യജീവിതത്തിന്റെ ഭാഗമാണ്- പത്രം കൊണ്ടുവരുന്ന കുട്ടി, കടന്നുപോകുന്ന പച്ചക്കറി വിൽപ്പനക്കാർ, ഷോപ്പിംഗ് മാളുകൾ, റസ്റ്റോറന്റുകൾ, എല്ലാറ്റിലുമുപരി, തന്റെ ജോലിസ്ഥലം. ഇതിന്റെ മറുവശം, ഒരു ഹിന്ദുവിന് ഒരു മുസ്ലീമുമായി ഇടപഴകാനുള്ള അവസരം തുലോം കുറവാണ് എന്നതാണ്. എന്റെ 60 വർഷത്തെ കൂട്ടുകാരനായ, ഹിന്ദുവാണെന്ന് ഞാൻ ഇപ്പോൾ നിങ്ങള്ക്ക് പരിചയപ്പെടുത്തുന്ന (കഷ്ടം, ഇക്കാലമത്രയും ഞങ്ങളുടെ മതപശ്ചാത്തലം ഒരു വിഷയമേ അല്ലായിരുന്നു) എന്റെ ഒരു സുഹൃത്ത് ഒരിക്കലൂം എന്നെയല്ലാതെ ഒരു മുസ്ലീമിനെ അറിഞ്ഞിട്ടില്ല.

ഒരു മുസ്ലീമിനെ അടുത്തറിഞ്ഞിട്ടില്ലാത്ത ഒരു ഹിന്ദുവിന്, മനസ്സിൽ അവരോടു ഒരുതരം വർണ്ണവിവേചന സമാനമായ അയിത്തം രൂപപ്പെടാൻ എളുപ്പമാണ്. എത്രയോ വർഷങ്ങളായി ഞാൻ, എന്റെ ഹിന്ദു സുഹൃത്തുക്കളെ, റംസാൻ കാലത്തുള്ള മുസ്‌ലിം പ്രാർത്ഥനാ സംഗമങ്ങൾ കാണാനും, ആ ജനസമുദ്രത്തിന്റെ ഭാഗമാകാനും, ആധികാരിക രുചിയോടെ പലതരം കെബാബുകൾ കഴിക്കാനും, ആ ജനത്തിരക്കിലും ഒരു സ്ത്രീക്കും ഒരു മോശം അനുഭവവും നേരിടേണ്ടി വരുന്നില്ല എന്ന് അറിയാക്കാനുമായി ജമാ മസ്ജിദിലേക്കു കൊണ്ടുപോകാൻ ശ്രമിക്കുന്നു. പക്ഷെ ഞാനതിൽ പരാജയം നേരിടുകയാണ്. രാഷ്ട്രീയക്കാരും മാധ്യമങ്ങളും മുസ്ലീങ്ങളെ കൊലപാതകികളും ഭീകരജീവികളുമായി ചിത്രീകരിച്ചുകൊണ്ടേയിരിക്കുന്നതിന്റെ ഫലമായി എന്റെ സുഹൃത്തുക്കൾ അപ്പോഴൊക്കെ ഒഴികഴിവുകൾ പറയുന്നു, ഒഴിഞ്ഞുമാറുന്നു.

കെ കരുണാകരൻ

ഒരു രാഷ്ട്രീയ പരിപാടി എന്ന നിലയിൽ വർഗ്ഗീയതക്ക് കേരളത്തിൽ വേര് പിടിക്കാതിരിക്കാൻ കാരണം, ആർ.എസ്.എസ്. കേഡറുകൾ ശ്രമിക്കാഞ്ഞിട്ടോ, കെ. കരുണാകരനെപ്പോലുള്ള മുൻ കോൺഗ്രസ് നേതാക്കൾക്കു പോലും താൽപ്പര്യം ഇല്ലാഞ്ഞിട്ടോ അല്ല. കോൺഗ്രസ്സിനകത്തു ആർ.എസ്.എസ്സിനോടും, ബി.ജെ.പി. യോടും രണ്ടു തരം സമീപനങ്ങൾ ഉണ്ടായിരുന്നു. ഉദാഹരണത്തിന് മധ്യപ്രദേശിൽ അർജുൻസിംഗ് ബി.ജെ.പി. യോട് നഖശിഖാന്തം പൊരുതി. കെ. കരുണാകരൻ, ഇടതുപക്ഷത്തെ തോൽപ്പിക്കാൻ ആർ.എസ്.എസ്സിന്റെ ഒരു ശതമാനം വോട്ട് കോൺഗ്രസ്സിന് കിട്ടാനായി അവരുമായി രഹസ്യ ധാരണകളിൽ ഏർപ്പെട്ടു. പ്രത്യയ ശാസ്‌ത്രപരമായി ലോകത്തു എല്ലായിടത്തുമുള്ള മധ്യത്തിൽ നിന്ന് വലത്തോട്ട് ചായുന്ന രാഷ്ട്രീയ പാർട്ടികളെ പോലെ, കോൺഗ്രസ്സിനും കമ്മ്യുണിസ്റ്റുകളെക്കാൾ ഹിതകരം ഹിന്ദു ദേശീയവാദികളുമായി ചേരുന്നതായിരുന്നു.

വടക്കേ ഇന്ത്യയിൽ നിത്യേനയെന്നോണം സൃഷ്ടിക്കപ്പെടുന്ന സംഭവങ്ങളിലൂടെ വർഗ്ഗീയതയുടെ തീ കെടാതെ താഴ്ത്തിവെച്ചിരിക്കുകയാണ്. ഒപ്പം എന്താകും ഭാവി എന്ന ചിന്തയിൽ ആളുകൾ സ്വന്തം തരക്കാരുമായി ചേർന്നുനിൽക്കാൻ ശ്രമിക്കുന്നു. അവരോടെല്ലാം എനിക്ക് ഒരു നല്ല വാർത്ത പറയാനുണ്ട്. ഉത്തരേന്ത്യയിലെ തങ്ങളുടെ അനുഭവം വെച്ച് മൊത്തം രാജ്യത്തിൻറെ ജാതകം കുറിക്കുന്ന സിദ്ധാന്തങ്ങൾ മെനയുക എന്ന വലിയ കുറ്റമാണവർ ചെയ്യുന്നത്. യു.പി., മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്രയുടെയും ബിഹാറിന്റെയും ഭാഗങ്ങൾ, എല്ലാം ബി.ജെ.പി. യുടെ അധികാരമുഷ്ടിക്കുള്ളിലാണ്. ആസാമിനെയും, ത്രിപുരയെയും ഞാൻ ഈ ഗണത്തിൽ പെടുത്തില്ല; കാരണം ആ തുരുത്തുകളിൽ വേറിട്ട ചില സാഹചര്യങ്ങളാണുള്ളത്.

ഇനി ആ രണ്ടെണ്ണം കൂടി കൂട്ടിച്ചേർത്താലും, 29 സംസ്ഥാനങ്ങളിലും, 8 കേന്ദ്രഭരണ പ്രദേശങ്ങളിലും ആകമാനം സംക്രമിക്കുന്ന ഒരു കാവിനിറം കൈവരാൻ, തല്ക്കാലം രാജസ്ഥാൻ ഉൾപ്പെടാത്ത 9 ബി.ജെ.പി. സംസ്ഥാനങ്ങൾ തികയാതെ വരും. ഉത്തരേന്ത്യയിൽ ജാതി രാഷ്ട്രീയമായിരുന്നു ബി.ജെ.പി. യുടെ വഴി മുടക്കിയതെങ്കിൽ, രാജ്യത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഭാഷാപരവും, പ്രാദേശികസംസ്കാരങ്ങളുടേതുമായ ചുഴലികൾ ബി.ജെ.പി. നേരിടേണ്ടി വരും. ഫെഡറലിസവും, അതുൾക്കൊള്ളുന്ന വൈവിധ്യങ്ങളും ഒരു വലിയ തടസ്സം തന്നെയാണ്.

സ്വത്വ രാഷ്ട്രീയത്താൽ ആഴത്തിൽ പരുവപ്പെട്ട രാഷ്ട്രീയ സംസ്കാരമാണ് ഉത്തരേന്ത്യക്കുള്ളത്. രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗമാവട്ടെ താരതമ്യേന ആധുനികമാണ്. എന്റെ മുൻവിധികൾ മാപ്പാക്കുക, കോട്ടക്കലിന്റെ ആകർഷണീയത ഉൾപ്പെടെ, കേരളം ശുദ്ധമായും ദൈവത്തിന്റെ സ്വന്തം നാട് തന്നെ. എല്ലാ അർത്ഥത്തിലും. ഉത്തരേന്ത്യയിൽ കാണാത്ത ഒരു ആത്മാഭിമാനം, ആഴത്തിൽ വേരിറങ്ങിയ ഇടതു മുന്നേറ്റത്തിലൂടെ, കേരളജനതയ്ക്ക് സ്വായത്തമാണ്. സംസ്ഥാനം വിദ്യാഭ്യാസ നിറവ് നേടിയതിന്റെ നേട്ടമാവട്ടെ, ക്രിസ്തീയ സഭകൾക്ക് ഏറെക്കുറെ സ്വന്തമാണെന്നഭിമാനിക്കാം.

കോട്ടക്കൽ ആര്യ വൈദ്യ ശാലയിലെ ചികിത്സാവിധികളിൽ ഏറ്റവും ഊർജ്ജം നൽകുന്ന ഒന്ന്, എണ്ണ ഉപയോഗിച്ചുള്ള ഉഴിച്ചിലാണ്. ഉഴിച്ചിൽ മേശയുടെ ഇരുവശത്തുമായി നാല് ഉഴിച്ചിൽകാർ നീല യൂണിഫോമിൽ ഇരിക്കും. ഒരു അടുപ്പിൽ ഔഷധക്കൂട്ടുകൾ ഇട്ട എണ്ണ ഇളം ചൂടേറ്റു കിടക്കും. ആ എണ്ണയിൽ അക്ഷരാർത്ഥത്തിൽ വേവിച്ച ടവ്വലുകൾ ഉഴിച്ചിൽകാർ പാത്രത്തിൽനിന്നും പുറത്തെടുക്കുകയും, ഈരണ്ടുപേർ ചേർന്ന്, ഇളം ചൂടുള്ള എണ്ണ അതിൽനിന്നു നമ്മുടെ ശരീരത്തിലേക്ക് പിഴിഞ്ഞൊഴിക്കുകയും ചെയ്യും. പിന്നെ അവർ അവരുടെ കയ്യോടുന്ന, അവർ പരസ്പരം പകുത്തെടുത്ത നമ്മുടെ ശരീരഭാഗങ്ങളിൽ, മുകളിലേക്കും താഴേക്കുമായി കൈകൾ കൊണ്ട് ഉഴിച്ചിൽ തുടങ്ങും.

ഏകതാനമായ ഉഴിച്ചിലിന്റെ മടുപ്പു മാറ്റാൻ ഞാൻ അവരോടു ചോദിച്ചു, അവരെല്ലാം സസ്യാഹാരികൾ ആണോ എന്ന്. കോട്ടക്കലിൽ ഉഴിച്ചിൽ കേന്ദ്രത്തിൽ ആകെ കിട്ടുന്നത് സസ്യാഹാരം മാത്രമാണ്. അവർ ഉടൻ പ്രതിഷേധിച്ചു. അങ്ങനെ ആ സംഭാഷണം, രാഷ്ട്രീയക്കാരെയും, അവർക്ക് പ്രിയപ്പെട്ട ഭക്ഷണശാലകളെയും പറ്റിയുള്ള സംസാരത്തിലേക്കുള്ള ഒരു മുന്നുരയായി. തന്റെ മണ്ഡലമായ വയനാട്ടിലേക്കുള്ള യാത്രക്കിടയിൽ നേരത്തെ കൂട്ടി നിനയ്ക്കാതെ എന്ന വ്യാജേന കോഴിക്കോട്ടെ പാരഗണിൽ നിന്ന് ഭക്ഷണം തരപ്പെടുത്താൻ രാഹുൽ ഗാന്ധി മറക്കാറില്ലെന്ന്. രാജ്യത്തെ തന്നെ ഏറ്റവും മികച്ച ഭക്ഷണശാലകളിൽ ഒന്നെന്ന എന്റെ വോട്ടും പാരഗണിനു തന്നെ. കേമന്മാരാണെന്ന കേരളീയരുടെ പൊതു അഭിമാനം ആ ഉഴിച്ചിൽകാർക്ക് പല രുചികളെക്കുറിച്ചുള്ള അവഗാഹത്തിൽ മാത്രമല്ല പ്രതിഫലിക്കുന്നത്! അവർ എല്ലാവരും സ്വാദിഷ്ടമായ പാരഗൺ ഭക്ഷണം കഴിച്ചിട്ടുണ്ട്!

ദക്ഷിണേന്ത്യയിൽ അഞ്ചു വർഷം ചെന്നൈ ആസ്ഥാനമായി ജോലി ചെയ്തപ്പോൾ ഞാൻ മനസ്സിലാക്കിയ ഒരു കാര്യം വീണ്ടും ഓർമ്മയിൽ വന്നു, 14 ദിവസം കോട്ടക്കലിൽ മലിനീകരണത്തിനും, ഉത്തരേന്ത്യയിലെ വൈകൃതം നിറഞ്ഞ രാഷ്ട്രീയസംഭവങ്ങൾക്കും, പോലീസ് അതിക്രമ കഥകൾക്കും അവധി നൽകി താമസിച്ചപ്പോൾ. ദക്ഷിണേന്ത്യയിലെ ആകെ മൊത്തം മുസ്‌ലിം അനുഭവം ഉത്തരേന്ത്യയിലേതിൽ നിന്ന് വളരെയേറെ മാറ്റമുള്ളതാണ്.

ചേരമാൻ പള്ളി, കൊടുങ്ങല്ലൂർ

ഉത്തരേന്ത്യയിൽ അധിനിവേശ സേനകളുടെ ഭാഗമായി വന്ന് സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തവരാണ് മുസ്ലീങ്ങൾ. ദക്ഷിണേന്ത്യയിൽ അവർ കച്ചവടത്തിനാണ് വന്നത്. പ്രാദേശിക സംസ്കാരങ്ങളെ ഉൾക്കൊള്ളുക എന്നത് നല്ല കച്ചവടരീതിയും, പൊതുസമ്മതി നേടാനുള്ള മികച്ച വഴിയുമാണ്. കച്ചവടക്കാരായി വന്ന മുസ്ലീങ്ങൾക്ക് അവരുടെ പുതിയ മതമനുസരിച്ചു നമാസ് നടത്താനായി ഹിന്ദു രാജാവായിരുന്ന ചേരമാൻ പെരുമാൾ എ.ഡി. 629- ൽ, പ്രവാചകന്റെ മരണത്തിനും മൂന്നു വർഷം മുൻപ്, കൊച്ചിക്കടുത്ത്‌ ഒരു പള്ളി നിർമ്മിച്ചപ്പോൾ അത് ഇന്ത്യയിലെ ആദ്യത്തെ മുസ്‌ലിം പള്ളിയായി മാറി. ഇസ്‌ലാമിന്റെ ചരിത്രത്തിലെ ആറാമത്തെ പള്ളിയുമായിരുന്നു അത്.

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.