ഹരിയാണ കലാപത്തിന് ഇടയിലെ വെള്ളിവെളിച്ചങ്ങൾ
ശക്തമായി തുടരുന്ന ജാട്ട്-മുസ്ലീം യോജിപ്പ് ബിജെപി യുടെ കടുത്തനൈരാശ്യത്തിന് തീവ്രത കൂട്ടുന്നു. ഒരു പരിധി വരെ ജൈവികം എന്ന് പറയാവുന്ന ജാട്ട്-മുസ്ലീം ബന്ധത്തിന്റെ പരിണാമം തടസ്സപ്പെടുത്തി മാത്രമേ ധ്രുവീകരണം സാധ്യമാകൂ. അത് കൊണ്ട് തന്നെ മുസ്ലീം-ജാട്ട് സംഘർഷത്തിനുള്ള ഊർജ്ജിതമായ ശ്രമങ്ങൾ നടന്നുവരുന്നു. പൽവലിലെ ഒരു ജാട്ട് വില്ലേജായ മണ്ട്കോലയിൽ ബജ്റംഗ്ദൾ ഹിന്ദുക്കളോട് മുസ്ലീങ്ങൾക്കെതിരെ ഒന്നിക്കുവാൻ ആഹ്വാനം ചെയ്തു.
പക്ഷെ ഈ വിഭജനശക്തിക്ക് അധികം മുന്നോട്ടുപോകാനായില്ല. അടുത്തുള്ള മുസ്ലീം വില്ലേജായ കോട്ടിലെ ഒരു പഞ്ചായത്ത് പൂർണ്ണമായും തങ്ങളുടെ ശ്രദ്ധ സാമുദായിക ഐക്യം നിലനിർത്തുവാൻ വേണ്ടിയാണ് ശ്രമിച്ചത്. അതുകൊണ്ടുതന്നെ കോട്ടിനെ ഒരു മുസ്ലീം വില്ലേജ് എന്ന്മുദ്ര കുത്തി തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തീവ്രമാണ്.
പാൽ എന്ന സമുദായം പ്രാദേശിക ഘടനയിൽ ഖാപ്പ് സമ്പ്രദായത്തിന്റെ ഭാഗമാണ്. വ്യത്യസ്തങ്ങളായ ജാട്ട് ഉപവിഭാഗങ്ങളുടെ പാരമ്പര്യ സാമൂഹിക അധികാരശ്രേണിയാണ് ഖാപ്പ്. ഖാപ്പിൽ ഹിന്ദു ജാതികളും ചരിത്രത്തിന്റെ പല ഘട്ടങ്ങളിലായി മതം മാറി മുസ്ലീം ആയ വിഭാഗങ്ങളും ഉണ്ട്. കോട്ടിലെ പഞ്ചായത്തിൽ മുസ്ലീം പാൽ വിഭാഗങ്ങളായ ഷിക്ലോട്ട്, മഗരിയ, ദാംറോത് എന്നിവയും ഹിന്ദു പാലുകളായ റാവത്, സൗഷീത്തി, സഹ്റാവത് എന്നീ ഉപജാതികളും ഒരേപോലെ എന്തുവില കൊടുത്തും ഐക്യം നിലനിർത്താൻ ശ്രമിച്ചു. കോട്ടിലും മഡ്കോലയിലും കാണുന്ന സ്ഥിതിവിശേഷം ഒരു “നല്ല” പകർച്ചവ്യാധിപോലെ പടരും എന്നാണ് സൂചന.
നാല്പതു വയസ്സിനു മുകളിലോട്ടുള്ളവർക്ക് ഏറ്റവും വലിയ പ്രഹേളികയായി നിൽക്കുന്നത് അത്രയും കാലം ഹിന്ദു-മുസ്ലീം സംഘർഷങ്ങൾ ശീലിച്ചുവന്നിരുന്ന ഒരു ജനത ബിജെപി ഭരണം സ്ഥാപിച്ചതിനുശേഷം സമാധാനം സൃഷ്ടിച്ചു എന്നുള്ളതാവും. പഴയ കാലങ്ങളിലുണ്ടായിരുന്ന ഐക്യത്തിന് കാരണം മിയോകൾ (മുസ്ലീം മതത്തിൽ ചേർന്ന ജാട്ടുകൾ) തങ്ങൾ ഹിന്ദുക്കളിൽ നിന്ന് മതംമാറിയതാണെന്ന ചിന്തയെ സ്വയം പ്രതിരോധിച്ചിരുന്നില്ല എന്നതാണ്. അവർ ഹിന്ദു പാരമ്പര്യത്തിൽ നിന്നും ലഭിച്ച സംസ്കാരത്തിൽ അഭിമാനം കൊള്ളുന്നവരാണ്.
ഞാൻ കണ്ടുമുട്ടിയ, തന്റെ പേര് നിലനിർത്തുന്ന, പുരോഗമനചിന്താഗതിക്കാരനായ ഒരു മിയോ, തന്റെ വംശം ശരിയായി വെളിപ്പെടുത്തി: “സഫർ മിയോ യദുവംശി. മതത്തിന്റെ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രമായ ഞങ്ങളുടെ ജാതിയിൽ, മിയോ സംസ്കാരത്തിന്റെ ഏകരൂപത്തെ ആരാധിക്കുന്നവർ ഇപ്പോൾ ചുരുക്കമാണ്.” മുസ്ലീം സമുദായത്തിലെ ചില പരിഷ്കരണങ്ങൾ ചരിത്രപരമായി വലിയ ആഘാതമുണ്ടായിക്കിയിരുന്നു. ചില മുല്ലാകൾ മിയോ സംസ്കാരത്തെയും ഹിന്ദു ആയി കണക്കാക്കി. ആര്യ സമാജത്തിന്റെയും പിന്നീട് രാഷ്ട്രീയമായ ഹിന്ദുത്വത്തിന്റെയും ഇടയിൽ വളർന്നുവന്ന ഹിന്ദുക്കളാവട്ടെ പരിഷ്കരിക്കപ്പെട്ട മിയോകളെ മുസ്ലീങ്ങളായി കണ്ടു. രണ്ടിടത്തുനിന്നും എതിർപ്പുകൾ നേരിട്ടതിനാൽ, കുറച്ച് മിയോകൾ മുസ്ലീ സ്വത്വത്തിലേക്ക് സ്വയം മാറുവാൻ തീരുമാനിച്ചു.
പ്രശസ്തനായ ഒരു മിയോ നിയമജ്ഞൻ, റംസാൻ ചൗധരി, തന്റെ അമ്മ ഗോവർദ്ധൻ പൂജ നടത്തിയപ്പോൾ ഞെട്ടിപ്പോയി എന്ന് തുറന്ന് സമ്മതിച്ചത് ഞാനോർക്കുന്നു. മിയോകളെ ഇസ്ലാമികവത്കരിക്കാനും ജാട്ടുകളെ ഹിന്ദുത്വവത്കരിക്കാനും നടത്തിയ കൊണ്ടുപിടിച്ച പ്രയത്നത്തിനപ്പുറം, രണ്ടു വിഭാഗങ്ങളും ഇപ്പോൾ ഒരേ വശത്ത് എത്തിച്ചേർന്നത് എങ്ങനെയാണ്? ജാട്ടുകൾ കേന്ദ്രത്തിന് എതിരാകാനുള്ള ഏറ്റവും ലളിതമായ കാരണം സംവരണത്തിനു വേണ്ടിയുള്ള ജാട്ട് പ്രക്ഷോഭത്തിനു നേരെ കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന അനാസ്ഥയാണ്.
രണ്ടാമതായി, ജാട്ടുകളും മുസ്ലീങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കിയത് കർഷകസമരമാണ്. അവിടെ മിയോകളും ജാട്ടുകളും ഒരുമിച്ചു നിന്നു. പൽവലിലെയും സോഹ്നയിലെയും ഗുഡ്ഗാവിലേയും ജാട്ടുകൾ തങ്ങളുടെ സിഖ് സഹോദരങ്ങളെ വികാരവായ്പ്പോടെ ഓർമിക്കുന്നു. എത്ര മഹാമനസ്കതയോടെയാണ് സിഖുകാർ അവരുടെ ഭോജനശാലകൾ തുറന്നിട്ടത്! അത് അവരുടെ മഹത്വത്തെ വെളിവാക്കുന്നു.
മാസങ്ങളോളം ഈ ഭോജനശാലകൾ പ്രവർത്തിക്കുന്നതിന് സിഖുകാർക്ക് പലപ്പോഴും ജാട്ടുകളുടെ സഹായം ആവശ്യമായി വന്നു. ചിലസന്ദർഭങ്ങളിൽ അവർക്ക് നൂറുകണക്കിന് ലിറ്റർ പാല് ആവശ്യമായി വന്നു. ഗുജ്ജറുകൾ പാൽ നൽകുന്ന മൃഗങ്ങളെ വളർത്തുന്നുണ്ടെങ്കിലും അവർ ജാട്ടുകൾക്ക് എതിരാണ്. ഈ സന്ദർഭത്തിൽ അവർ സഹായിക്കാൻ വിസമ്മതിച്ചു. അപ്പോൾ മിയോ മുസ്ലീങ്ങളായ പാൽ കർഷകർ പാലിന്റെ അളവിലെ കുറവ് പരിഹരിക്കാൻ സഹായിച്ചത് ജാട്ടുകൾ ഒരിക്കലും മറക്കാത്ത ഒന്നാണ്. വനിതാ ഗുസ്തിതാരങ്ങളുടെ പ്രക്ഷോഭത്തിലും ജാട്ടുകൾക്ക് മുസ്ലീങ്ങളിൽ നിന്നും കയ്യയച്ച പിന്തുണ ലഭിച്ചു.
മറ്റൊരു രീതിയിൽ പറഞ്ഞാൽ ജാട്ടുകളും മുസ്ലീങ്ങളും ചേർന്ന് ബജ്റംഗദളിന്റെ ഹിന്ദു ഐക്യം രൂപപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് എതിരെ അണിനിരക്കുകയാണ്. ബ്രാഹ്മൺ, താക്കൂർ, ഗുജ്ജർ വംശത്തിലുള്ളവർ എതിർ ചേരിയിലാണ്. മിയോ-ജാട്ട് ബന്ധത്തിൽ നിന്നും ഒരു വലിയ പാഠം പഠിക്കാനുണ്ട്. ഒരേ ലക്ഷ്യത്തിനു വേണ്ടി ഒന്നിച്ച് പൊരുതുന്നതിലൂടെ രൂപപ്പെടുന്ന മതനിരപേക്ഷത, പരസ്പരസഹനത്തിൽ നിന്നും ഉണ്ടാവുന്നതിനേക്കാൾ നീണ്ടുനിൽക്കുന്നതാണ്.
പക്ഷെ, ഇവിടെയും ചില പ്രശ്നങ്ങൾ ഉണ്ട്. കോവിഡിന്റെ സമയത്ത് മുസ്ലീങ്ങളാണ് നിസ്സാമുദ്ദീനിലെ മാർക്കസ്സിൽ രോഗം പരത്തുന്നത് എന്ന തെറ്റായ പ്രചരണം നടന്നു. ഇത് ഹരിയാണയിലേക്കും വ്യാപിച്ചു. മുസ്ലീമിനെപ്പോലെ തോന്നിയിരുന്ന എല്ലാവരെയും ഹിന്ദുക്കൾ ഒഴിവാക്കി. ജാട്ടുകളും അതുതന്നെ ചെയ്തു.
പക്ഷെ ഈ സംഭവവികാസങ്ങളുടെ മറ്റൊരു തലം ഗോസംരക്ഷണം എന്ന പേരിൽ ചില തീവ്ര ഹിന്ദു സംഘടനകൾ നടത്തുന്ന തീവ്രവാദ അഭ്യാസങ്ങളിലാണ്. ഇരുപതാം നൂറ്റാണ്ടിലെ സാഹിത്യ – സാമൂഹിക നിരീക്ഷണ ഇതിഹാസമായ ആൻഡി വാർഹോൾ പറയുന്നു: “എല്ലാവരും അവരവരുടേതായ നിലയിൽ കുറച്ച് നിമിഷത്തേക്ക് പ്രശസ്തരാകുന്ന ഒരു സ്ഥിതി ഇപ്പോൾ സമൂഹത്തിൽ ഉണ്ട്”. ആ തലത്തിൽ നിന്ന് പരിശോധിക്കുമ്പോൾ രാജസ്ഥാനിലേയും ഹരിയാണയിലെയും ഏറ്റവും കുപ്രസിദ്ധരായ ആളുകൾ ഇന്ന് മോനു മനേസറും പിന്റു ബജ്റംഗിയുമാണ്. കഴിഞ്ഞ മെയ് മാസം രാജസ്ഥാനിലെ രണ്ട് മിയോ മുസ്ലീങ്ങളെ ജീവനോടെ കത്തിച്ചതിൽ ആരോപിക്കപ്പെട്ടവരാണ് ഇവർ. ഈ സംഭവവും അതിനെത്തുടർന്നുണ്ടായ പോലീസിന്റെ നിസ്സംഗതയും മേവാത് പ്രദേശത്തെ മുസ്ലീങ്ങളുടെ രോഷം ആളിക്കത്തിച്ചു.
ആ രോഷം കുറഞ്ഞു വരുന്നതിനിടെ, ജൂലൈയിലെ ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മോനു മനേസറും ബജ്റംഗിയും സ്ഥിതി കൂടുതൽ കലുഷിതമാക്കാനുള്ള പണി തുടങ്ങി. ജൂലൈ 31 ന് വി.എച്ച്.പി സംഘടിപ്പിച്ച ഒരു യാത്രയിൽ, മിയോ സ്വാധീനമുള്ള നൂഹിലെ നൽഹാർ മഹാദേവക്ഷേത്രത്തിൽ നിന്നും പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചു. മോനുവിന്റെയും പിന്റുവിന്റെയും ഫേസ്ബുക്ക് പോസ്റ്റുകൾ, അവരെ ഹാരമണിയിക്കാൻ ജനങ്ങളോട് ഒത്തുചേരാൻ ആഹ്വാനം ചെയ്തു. അവർ മിയോകളോട്, തങ്ങളുടെ സഹോദരനെ, ആരാധനയോടെ സ്വീകരിക്കാൻ ആവശ്യപ്പെട്ടു.
പ്രകടനം പ്രകോപനപരമായിരുന്നു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മുസ്ലിം ചെറുപ്പക്കാരും തീവ്രമായി തന്നെയാണ് പ്രതികരിച്ചത്. പ്രകടനത്തിലെ മുദ്രാവാക്യങ്ങൾ പ്രകോപനകരമായപ്പോൾ അവർ കല്ലെറിയാൻ തുടങ്ങി. അവരുടെ യഥാർത്ഥ ലക്‌ഷ്യം മോനു മനേസറും പിന്റു ബജ്റംഗിയുമായിരുന്നു. അവർ എവിടെയാണ് ഒളിച്ചിരുന്നത്?
ഇതെല്ലാം കഴിഞ്ഞു ഒരു പ്രാദേശിക ജാട്ട് നേതാവിന്റെ വസതിയിൽ, ഹിന്ദുക്കളും മുസ്ലീങ്ങളുമായ നിയമജ്ഞരും, സാമൂഹ്യ പ്രവർത്തകരും, പഞ്ചായത്ത് അധികാരികളും അങ്ങോട്ടുമിങ്ങോട്ടും സംസാരിച്ചു. അവർ എല്ലാം ഒരേ കാര്യം തന്നെയാണ് പറഞ്ഞത്: ജാട്ടുകൾ യാത്രയിൽ പങ്കെടുത്തിട്ടില്ല. പക്ഷെ യാത്രയിൽ പങ്കെടുത്ത ജാട്ട് ഇതര വിഭാഗങ്ങൾ വാളുകളും വടികളുമായി ആയുധീകരിച്ചിരുന്നു. മുസ്ലിങ്ങളും വാളുകളും വടികളുമായി തന്നെ ആയുധീകരിച്ചിരുന്നു. തീവ്ര ഹിന്ദു പ്രകടനത്തിൽ പങ്കെടുത്ത കാറുകളെ ആയുധങ്ങളുമായി വളഞ്ഞ മുസ്ലീങ്ങൾ ആക്രമിക്കുകയായിരുന്നു. “നൂറു രക്തസാക്ഷികളെയെങ്കിലും സൃഷ്ടിച്ച് അവരുടെ ശരീരം ഹിന്ദി ബെൽറ്റിലൂടെ നടത്തിക്കൊണ്ടുപോവുകയായിരുന്നു ബജ്റംഗദളിന്റെ ലക്ഷ്യം” – കുറച്ചുകൂടി വലിയ ഒരു ഗോധ്ര.
മുസ്ലീങ്ങൾ, അവരുടെ വീടുകളും കടകളും ചുട്ടെരിച്ചപ്പോളും സംയമനം പാലിച്ചു. പല ജില്ലകളിലും കർഫ്യു നിലനിൽക്കുന്നുണ്ട്. പള്ളികൾ അഗ്നിക്കിരയാക്കി. സാമുദായിക വിഭജനത്തിന്റെ മേഘങ്ങൾ ഇന്നും തലയ്ക്കുമുകളിൽ വട്ടമിട്ടു പറക്കുകയാണ്. ഇതിനെല്ലാം ഇടയിൽ കൂടെ ബുൾഡോസർ പ്രധാന ആയുധമായ സർക്കാർ കലാപക്കളികൾ തുടരുകയുമാണ്. പക്ഷെ അപ്പോഴും ജാട്ട് – മിയോ സൗഹൃദത്തിന്റെ വെള്ളി വെളിച്ചം അണയാതെ നിൽക്കുന്നു. അത് മറ്റു ഇടങ്ങളിലേക്ക് പടരുന്നു.
പരിഭാഷ – സാമജ കൃഷ്ണ
പരിഭാഷ ചിലപ്പോൾ യന്ത്രികമായി എന്നതൊഴിച്ചാൽ നന്നായി, സാമാജ കൃഷ്ണക്ക് അഭിവാദ്യങ്ങൾ 🌹