മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 12
മൂന്നാമങ്കം, രംഗം-3
സ്റ്റേജിന് പിന്നിലുള്ള വീഡിയോ ദൃശ്യമാണ് രംഗത്ത് കാണുന്നത്. ഫാസ്റ്റർ ടിവിയുടെ രണ്ട് വാനുകൾ പഡായിൻ കീ മസ്ജിദിന്റെ പുറത്ത് നിൽക്കുന്നു. സുന്ദരനും ചെറുപ്പക്കാരനും ഏറ്റവും പുതിയ ഫാഷനിലുള്ള വസ്ത്രവുമണിഞ്ഞ നിധി എന്ന റിപ്പോർട്ടറെ പിന്തുടർന്ന് ക്യാമറ് മസ്ജിദിന്റെ പ്രധാന വളപ്പിലേക്ക് പ്രവേശിക്കുന്നു. ശിവലിംഗത്തിന് ചുറ്റും ഇരുന്നിരുന്ന സ്ത്രീകളേയോ, സ്ട്രെച്ചറിൽ കിടന്നിരുന്ന, സുന്നത്ത് ചെയ്ത പുരുഷന്മാരേയോ ഇപ്പോൾ അവിടെ കാണാനില്ല. അവരെല്ലാം പോയിക്കഴിഞ്ഞു. ചില റിപ്പോർട്ടർമാർ എന്തൊക്കെയോ കുത്തിക്കുറിക്കുന്നുണ്ട്. മറ്റ് ചിലർ മൊബൈലിൽ സംസാരിക്കുന്നു. ക്യാമറക്കാർ രംഗം പകർത്തുമ്പോൾ റിപ്പോർട്ടർമാർ അവരവരുടെ ഭാഗം ക്യാമറയിലേക്ക് നോക്കി പറഞ്ഞുകൊണ്ടിരിക്കുന്നു.
നിധി: സുന്നത്ത് ചെയ്ത് മതപരിവർത്തനത്തിന്റെ അടുത്ത ഘട്ടത്തിനായി ലഖ്നോവിലെ പഡായിൻ കീ മസ്ജിദിൽ കാത്തിരുന്നിരുന്ന ദളിതർ ഇപ്പോൾ പള്ളിയിൽനിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. മതപരിവർത്തന വിഷയത്തെ തുറന്നിടുകയാണ് അവർ ചെയ്തത്. സുന്നത്ത് ചെയ്ത ഹിന്ദുക്കളായി അവരെ കാണാനാവുമോ? തങ്ങളുടെ ഭർത്താക്കന്മാർ ഷണ്ഡന്മാരായിരിക്കുന്നു എന്ന സമൂഹത്തിന്റെ പരിഹാസത്തെ നേരിടുന്ന ആ സ്ത്രീകളെ സംബന്ധിച്ചിടത്തോളമാകട്ടെ ഇത് വലിയൊരു വിഷമപ്രതിസന്ധിയാണ്.
(വെളിച്ചം സ്ക്രീനിൽ മങ്ങുകയും, വീണ്ടും വരുമ്പോൾ നമ്മൾ കോടതിമുറിയിലേക്ക് തിരിച്ചുവരികയും ചെയ്യുന്നു. ജഡ്ജി എതിർവിസ്താരകനുനേരെ തിരിയുമ്പോൾ അയാളാകട്ടെ, ജൂറിയുടെ അഭിപ്രായങ്ങൾ കേൾക്കാൻ അവരുടെനേരെ തിരിയുന്നു)
തുളസീദാസ് (ജൂറി അംഗം എന്ന നിലയിൽ സംസാരിക്കുന്നു): മാധ്യമങ്ങൾക്കുവേണ്ടി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കഥയെക്കുറിച്ചുള്ള ഞങ്ങളുടെ അഭിപ്രായം ആരായുന്നതിലൂടെ നിങ്ങൾ ഞങ്ങളെ കേവലം വഴിയാത്രക്കാരുടെ നിലവാരത്തിലേക്ക് താഴ്ത്തുകയാണ് ചെയ്യുന്നത്. അവ ഒരുപക്ഷേ പ്രധാനമായിരിക്കാം. എന്നാലും, ഈ ഘട്ടത്തിൽ ഞങ്ങളെ ഉൾപ്പെടുത്താവുന്ന ഒരു വിഷയമല്ല അത്. ഉസ്താദ് അലാവുദ്ദീൻ ഖാനും എന്റെ സുഹൃത്ത് അബ്ദുൾ റഹീമും ഞങ്ങളൊട് സ്വകാര്യമായി പങ്കുവെച്ച ഹ്രസ്വമായ നിരീക്ഷണങ്ങൾ അവർ കോടതിമുമ്പാകെ ആവർത്തിക്കുന്നത് നന്നായിരിക്കുമെന്നാണ് എന്റെ തോന്നൽ. ടിവിയിൽ നമ്മൾ കണ്ട കാര്യങ്ങളുമായി ബന്ധമില്ലാത്തതാണെങ്കിലും അത് അവർ നടത്തുന്ന സുപ്രധാനമായ ഇടപെടലായിരിക്കും.
(ജഡ്ജി ഉസ്താദ് അലാവുദ്ദീൻ ഖാനെ നോക്കുന്നു)
അലാവുദ്ദീൻ ഖാൻ (എഴുന്നേറ്റുനിന്ന്): സംഗീതത്തിലും, കവിതയിലും, വാസ്തുവിദ്യയിലും, ഭാഷയുടെ വികാസത്തിലും, പാചകത്തിലും, എന്തിലുമാവട്ടെ, ഏതെങ്കിലും ഒരു സമുദായം അതിന്റെ പരിപൂർണ്ണമായ ഉടമസ്ഥത അവകാശപ്പെടുന്നത് കുറ്റകരമാണ്. കുത്തബ് മിനാറും മറ്റ് സ്മാരകങ്ങളും, സാധാരണയായി ഉപയോഗിക്കുന്ന വാക്കുകളും രാഗങ്ങളുമൊക്കെ മുസ്ലിങ്ങൾ അവകാശപ്പെടുന്നത് ഞങ്ങളെ വേദനിപ്പിക്കുന്നു. കാരണം, കഴിഞ്ഞ 1,200 വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞുവന്ന ഈ വലിയ സംസ്കാരത്തിൽ, എല്ലാ സമുദായങ്ങളും തങ്ങളാലാവും വിധം, വിവിധ അനുപാതത്തിൽ അവരവരുടേതായ സംഭാവനകൾ നടത്തിയിട്ടുണ്ട്.
ശുക്ലാജി (ഗാലറിയിൽനിന്ന് എഴുന്നേറ്റ്); 200 ദശലക്ഷം മുസ്ലിങ്ങൾ അപ്രത്യക്ഷമായതിൽ താങ്കൾ ഏതെങ്കിലും ദൈവത്തിന്റെ പങ്ക് കാണുന്നുണ്ടോ?
എതിർവിസ്താരകൻ: അദ്ദേഹം സംസാരിക്കുന്നത് കുത്തബിനെയും, സ്മാരകങ്ങളെയും, ഭാഷയേയും സംഗീതത്തേയും കുറിച്ചാണ്. ഇവയെല്ലാം നമ്മുടെ പൊതുവായ സംസ്കൃതിയുടെ ഭാഗമാണെന്ന്. ഏതെങ്കിലും ഒരു സമുദായത്തിന്റേത് മാത്രമല്ലെന്ന്.
(കറുത്ത തുണികെട്ടിയ ദളിത് ഫോഴ്സിലെ അംഗങ്ങൾ എഴുന്നേൽക്കുന്നു. അവരുടെ നേതാവ് സംസാരിക്കുന്നു)
ദളിത് നേതാവ്: ഒരു ബ്രേക്കിംഗ് ന്യൂസിലേക്ക് കോടതിയുടെ ശ്രദ്ധ ക്ഷണിക്കാൻ ഞാനാഗ്രഹിക്കുന്നു. സൈനികഭരണത്തിന്റെ സാധ്യതയെക്കുറിച്ച് സ്കൂപ്പ് ടിവിയുടെ ഊഹാപോഹങ്ങൾ സാമൂഹികമാധ്യമങ്ങൾ ഉദ്ധരിക്കുന്നുണ്ട്. ഈ വാർത്ത ശരിയാണെങ്കിൽ…
ശുക്ലാജി (അയാളെ തടസ്സപ്പെടുത്തിക്കൊണ്ട്): അത് സ്കൂപ്പ് ടിവിയുടെ കഥയല്ല. ഒരു സൈനിക ഭരണത്തിന്റെ സാധ്യതകളെക്കുറിച്ച് ചർച്ച ചെയ്തിരുന്ന സ്കൂപ്പ് ടിവിയിലെ തൊഴിലാളികൾക്കിടയിൽ നടത്തിയ ഒരു ഒളിക്യാമറാ പ്രവർത്തനമായിരുന്നു അത്. ഇത് വാർത്തയല്ല!
ദളിത് നേതാവ്: ഒരു ഭരണവർഗ്ഗ ടിവി സൈനികഭരണത്തെക്കുറിച്ച് ഊഹാപോഹം നടത്തുന്നത് എന്തിനാണ്?
(സ്റ്റേജിലെ ലൈറ്റുകൾ മങ്ങുന്നു. വീണ്ടും പ്രകാശിക്കുമ്പോൾ ഫാസ്റ്റർ ടിവിയിലെ നിധി ക്യാമറയിലേക്ക് നോക്കി സംസാരിക്കുകയാണ്)
നിധി: മേയ് 2-ന് പൊതുതിരഞ്ഞെടുപ്പുകൾ നടക്കും. അതായത് ഇനി രണ്ടുമാസം. രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എടുത്ത നിലപാട് വിജയിച്ചിരിക്കുന്നു. സുപ്രീം കോടതി അവരെ പിന്താങ്ങിക്കൊണ്ട് മേയ് 2-ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. അതും, മുസ്ലിങ്ങൾ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കുന്നതിനായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വി.നരസിംഹൻ ഒരു മഹായജ്ഞം നടത്തിക്കൊണ്ടിരിക്കുമ്പോൾത്തന്നെ. (സ്ക്രീനിലെ ദൃശ്യം മങ്ങുകയും കോടതിമുറിയിലേക്ക് മാറുകയും ചെയ്യുന്നു. അവിടെ ശുക്ലാജി തളർന്നുവീണിട്ടുണ്ട്. അനിതയും ബ്രജേഷും അദ്ദേഹത്തിന്റെയടുത്തേക്ക് കുതിക്കുന്നു. വെളിച്ചം അപ്രത്യക്ഷമാവുകയും പിൻഭാഗത്തുള്ള സ്ക്രീനിൽ പ്രകാശം നിറയുകയും ചെയ്യുന്നു)
ചർഖ (സ്കൂപ്പ് ടിവിയുടെ ക്യാമറയിലേക്ക് പറയുന്നു): സുപ്രീം കോടതി പ്രഖ്യാപിച്ചതുപോലെ മേയ് 2-ന് പൊതുതിരഞ്ഞെടുപ്പ് നടന്നാൽ, പിന്നാക്കജാതിക്കാരുടെ ഭരണത്തിന്റെ ഉദയം കാണാം. 200 ദശലക്ഷം മുസ്ലിമുകളുടെ അപ്രത്യക്ഷമാവലിനൊപ്പം ഇതും തീർച്ചയുള്ള ഒരു സാധ്യതയായിത്തീർന്നിരിക്കുന്നു. ഉയർന്ന ജാതിക്കാരും അധസ്ഥിതജാതിക്കാരും തമ്മിലുള്ള നേർക്കുനേർ യുദ്ധമായിരിക്കും ഇത്. രണ്ടാമത്തെ കൂട്ടർ മൃഗീയ ഭൂരിപക്ഷമാണ്. ഫലം നമുക്ക് പ്രവചിക്കാവുന്നതേയുള്ളു.
(സ്ക്രീനിലെ വെളിച്ചം മങ്ങുകയും സ്റ്റേജിലെ വെളിച്ചം പ്രകാശിക്കുകയും ചെയ്യുന്നു. സ്കൂപ്പ് ടിവിയുടെ കോൺഫറൻസ് മുറി. ഒരു വട്ടമേശയുടെ ഒരറ്റത്ത് ശങ്കറും ചർഖയും ഇരിക്കുന്നു. ചർച്ച തുടങ്ങുന്നതും കാത്തിരിക്കുമ്പോൾ അവർ സംഭാഷണത്തിലേർപ്പെടുന്നു)
ശങ്കർ: നിധി വീണ്ടും നമ്മളെ തോൽപ്പിച്ചിരിക്കുന്നു. നമ്മൾ ചെയ്യേണ്ടിയിരുന്ന കഥയാണത്.
ചർഖ: എപ്പോഴും സംഭവിക്കുന്നതാണ് ഇത്. തിരഞ്ഞെടുപ്പ് നീട്ടിവെക്കില്ല എന്ന് അറിഞ്ഞയുടൻ നമ്മൾ ആ വിവരം പുറത്ത് വിടേണ്ടതായിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായ സ്ഥിതിക്ക്, അതിന്റെ ഫലം പകൽപോലെ വ്യക്തമാണ്. പിന്നാക്കജാതിക്കാർ സർക്കാർ രൂപീകരിക്കും.
ശങ്കർ (ദേഷ്യത്തോടെ); ഏത് പിന്നക്കക്കാർ? മറ്റ് പിന്നാക്കജാതികൾ ദളിതുകളെ വെറുക്കുന്നു. ഹിന്ദുസമുദായത്തിലെ വേർതിരിവുകൾ നോക്കിയാൽ, കളി ഇപ്പൊഴും അവസാനിച്ച മട്ടില്ല.
(ഒരു ശിപായി പ്രവേശിക്കുന്നു)
ശിപായി: സേഠ്ജി ഏതുനിമിഷവും ഇവിടെയെത്തും. തയ്യാറായി ഇരുന്നോളൂ. വാർത്തകൾ ഒന്ന് വേഗത്തിൽ ഓടിച്ചുനോക്കാൻ അദ്ദേഹം നിങ്ങളോട് പറഞ്ഞിട്ടുണ്ട്.
(ശങ്കർ ടിവി ഫീഡ് തുറക്കുന്നു. സ്ക്രീനിൽ ദൃശ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു. അയാൾ ഫാസ്റ്റർ ടിവിയിൽ പരതുന്നു).
നിധി (സ്ക്രീനിൽ ‘എക്സ്ക്ലൂസീവ് ബ്രേക്കിംഗ് ന്യൂസ്’ ഫ്ലാഷ് ചെയ്യുമ്പോൾ): പാഡായിൻ കി മസ്ജിദിലെ സുന്നത്ത് ചെയ്ത ദളിതർക്ക് അവരുടെ മാതൃഭാഷയിൽത്തന്നെ നമാസ് ചെയ്യാമെന്ന് നേപ്പാളിലെ മുസ്ലിം പുരോഹിതന്മാർ ദളിത് സമാജത്തെ അറിയിച്ചുവെന്ന് നമുക്ക് വിവരം കിട്ടിയിട്ടുണ്ട്. ഇനിമുതൽ നമാസ് ചെയ്യാൻ അവർക്ക് മൌലവിയുടെ ആവശ്യമില്ല.
(ശങ്കർ ടെലിവിഷൻ ഫീഡ് ഓഫ് ചെയ്യുമ്പോൾ, സ്കൂപ്പ് ടിവിയുടെ ഉടമസ്ഥൻ ചാണക്യ പുരി ന്യൂസ് എഡിറ്റർ ജാനകി ദ്വിവേദിയും മറ്റ് ചിലരുമായി അകത്തേക്ക് പ്രവേശിക്കുന്നു. അല്പം തടിച്ച്, മദ്ധ്യവയസ്കനായ അയാൾ ഒരു ബീജ് നിറമുള്ള സൂട്ടണിഞ്ഞ്, ചുണ്ടിൽ ഒരു ചുരുട്ടുമായാണ് പ്രത്യക്ഷപ്പെടുന്നത്. കടുത്ത നിറമുള്ള സാരിയാണ് ജാനകിയുടെ വേഷം. സംഘം കസേരകളിൽ ഉപവിഷ്ടരാവുന്നു. ഒരറ്റത്ത് സംഘത്തെ നയിച്ചുകൊണ്ട് ചാണക്യപുരിയും).
ചാണക്യ പുരി: എന്താണ് ലോകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്നത്? എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരായിരിക്കുന്നു. ഇപ്പൊൾ നമ്മുടെ ആളുകൾതന്നെ ഇസ്ലാമിലേക്ക് മതപരിവർത്തനം ചെയ്യുന്നു (ഭ്രാന്തെടുത്തതുപോലെ ചിരിച്ച്, പെട്ടെന്ന് നിശ്ശബ്ദനായി ഗൌരവം പാലിക്കുന്നു). മതപരിവർത്തനം അനുവദനീയമല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിരുന്നത്. പിന്നെ എങ്ങിനെയാണ് ഇതൊക്കെ നടക്കുന്നത്. ആരുടെ കൈയ്യിലും ഒരു മറുപടിയുമില്ല.
ചർഖ: സർ, മതപരിവർത്തനത്തിന് വിലക്കുണ്ട്. എന്നാൽ ഒരു വ്യക്തിയോ സംഘമോ, ബാഹ്യമായ പ്രേരണകളോ സമ്മർദ്ദങ്ങളോ ഇല്ലാതെ മറ്റൊരു മതത്തിലേക്ക് പോവുന്നത് ആർക്കും തടയാനാവില്ല. അതൊരു വ്യക്തിപരമായ തീരുമാനം മാത്രമാണ്.
ചാണക്യ പുരി (ശബ്ദത്തിൽ അത്യധികമായ വെറുപ്പോടെ): ഇതെന്ത് തമാശയാണ്? സ്വയം പരിവർത്തനമായിരിക്കുമല്ലേ! പുതുതായി മതം മാറുന്നവർ ഷിയകളായിരിക്കുമോ അതോ സുന്നികളോ?
ജാനകി ദ്വിവേദി (മൊബൈൽ ചെവിയിൽ വെച്ചുകൊണ്ട്): സർ, അവർ സ്വയം ‘മൊഹമ്മദി ഹിന്ദു’ എന്നാണ് വിളിക്കുന്നത് എന്നാണ് ഞാൻ കേട്ടത്.
ചാണക്യ പുരി (മേശമേൽ ഇടിച്ചുകൊണ്ട്): കാര്യങ്ങൾ ശരിക്കും കൈവിട്ട് പോയിരിക്കുന്നു. ഞാൻ ഒരു കാര്യം പറയാം. ഇത് ഭീകരമാണ്. എത്രപേർ ഇതുവരെയായി മതം മാറി?
ജാനകി: കൃത്യമായ എണ്ണം നമ്മുടെ കൈയ്യിലില്ല. എന്നാൽ, പഡായീൻ കീ മസ്ജിദിലുള്ള എല്ലാ പുരുഷന്മാരും മതം മാറി എന്നാണ് അറിവ്. 30 പേരോളം ഉണ്ടാവും. മൌലവിമാർ പോയപ്പോൾ എന്ത് ചെയ്യണമെന്ന് അവർക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. എന്തായാലും, രണ്ട് മതങ്ങൾക്കുമിടയ്ക്ക്, ഹിന്ദുയിസത്തിനും ഇസ്ലാമിനുമിടയ്ക്ക് നിന്നോളാനാണ് അവരെ ഉപദേശിച്ചിരിക്കുന്നത്.
ചാണക്യ പുരി (ദേഷ്യംകൊണ്ട് വിറച്ച് തന്റെ സെക്രട്ടറിക്കുനേരെ തിരിയുന്നു): ആഭ്യന്തരമന്ത്രിയെ വിളിക്കൂ. ആരുടെ ആശയമാണ് ഇത്? എന്താണ് പറഞ്ഞത് നിങ്ങൾ..മൊഹമ്മദി ഹിന്ദു എന്നോ?
ജാനകി: ഭരണകക്ഷിയുടെ മുൻ പ്രസിഡന്റിന്റെ ആശയമാണ്. വലിയ ബഹളമൊന്നുമില്ലാതെ മുസ്ലിങ്ങളെ വളരെ പെട്ടെന്ന് ഹിന്ദു കുടുംബങ്ങളിലേക്കെത്തിക്കുക. മുസ്ലിങ്ങളെ ‘ശുദ്ധി’ ചെയ്ത്, അഥവാ വെള്ളം തെളിച്ച് ഹിന്ദുക്കളാക്കുന്ന ചടങ്ങൊക്കെ ക്ലേശകരമാണെന്ന് തോന്നിയത്രെ.
ചാണക്യ പുരി (സന്ദേഹത്തോടെ) ചടങ്ങ് എന്താണെന്ന്?
ജാനകി: ക്ലേശകരം.
ചാണക്യ പുരി: എന്തുകൊണ്ട് ചടങ്ങ് വേഗത്തിലാക്കിക്കൂടാ?
ചർഖ: അതല്ല വിഷയം. ശുദ്ധി ചെയ്ത് വന്നവരെ എവിടെ പ്രതിഷ്ഠിക്കുമെന്നതാണ് കാര്യം. ഹിന്ദു ശ്രേണിയുടെ ഏറ്റവും താഴേത്തട്ടിൽ അവരെ വെച്ചാൽ, മുസ്ലിം സമുദായത്തിലെ ക്രിമിനലുകൾ മാത്രമേ ഇതിൽ വരൂ. പകരം, സയ്യദുകൾ, ഷേക്കുകൾ, പത്താണികൾ എന്നിങ്ങനെയുള്ള സവർണ്ണ മുസ്ലിമുകൾ ഈ ‘മൊഹമ്മദി ഹിന്ദു’ ലേബൽ സ്വീകരിക്കാൻ തയ്യാറായാൽ, അത് മുസ്ലിം സമുദായത്തിലെ ഏറ്റവും മുന്തിയ ആളുകളെ ആകർഷിക്കും. ഹിന്ദു സംസ്കാരത്തെ പണ്ടേക്കുപണ്ടേ മുതൽ സ്വീകരിക്കുകയും അതിന്റെ ദൈവങ്ങളിൽനിന്നും ദേവതമാരിൽനിന്നും പ്രചോദനം ഉൾക്കൊള്ളുകയും ചെയ്ത മുസ്ലിങ്ങൾക്ക് ഈ മൊഹമ്മദീയ ഹിന്ദുക്കൾ എന്ന പേരിനോട് ഒരു എതിർപ്പുമുണ്ടാവില്ല. ഭക്തരുടെ നിര വളരെ നീണ്ടതാണ്. അമീർ ഖുസ്രു, അബ്ദുൾ റഹിം ഖാൻ ഇ ഖാന, മൌലാന ഹസ്രത്ത് മൊഹാനി, ഉസ്താദ് അലാവുദ്ദീൻ ഖാൻ തൊട്ട് എം.എഫ്. ഹുസ്സൈൻവരെയുള്ളവർ സയ്യദ് ഹൈദർ റാസ, ഫൈസ് അഹമ്മദ് ഫൈസ്, സിനിമാസംവിധായകൻ കബീർ ഖാൻ. പക്ഷേ ഒരുകാര്യമുണ്ട്. അവരൊന്നും മതപരിവർത്തനം നടത്തിയവരല്ല. അവരെല്ലാം ദൈവഭയമുള്ള മുസ്ലിമുകളും, നമ്മുടെ പാരമ്പര്യത്തേയും സംസ്കാരത്തേയും ബഹുമാനിച്ചവരും, ഇന്ത്യൻ സംസ്കാരത്തിന് സംഭാവന ചെയ്തവരുമായിരുന്നു.
ചാണക്യ പുരി: ഞാൻ മനസ്സിലാക്കിയിട്ടുള്ളത് ഇതാണ്. മുസ്ലിങ്ങൾ ഇവിടെ വന്നു, നമ്മുടെ അമ്പലങ്ങൾ കൊള്ളയടിച്ചു, നമ്മുടെ ആളുകളെ ഭീഷണിപ്പെടുത്തി പരിവർത്തനം ചെയ്യിപ്പിച്ചു.
(ശങ്കർ എന്തോ പറയാൻ വന്നെങ്കിലും ചാണക്യ പുരിയുടെ ഫോൺ റിംഗ് ചെയ്തപ്പോൾ പിൻവലിഞ്ഞു. ചാണക്യ പുരി കുറച്ചുനേരം ഫോണിൽ ശ്രദ്ധിച്ചതിനുശേഷം ടിവി ഫീഡ് തുറന്നു. ഫീഡിലെ ദൃശ്യങ്ങൾ സ്റ്റേജിന്റെ പിന്നിലെ സ്ക്രീനിൽ തെളിഞ്ഞു. തിരക്ക് പിടിച്ച ഒരു നിർമ്മാണ സൈറ്റിലൂടെ ഫാസ്റ്റർ ടിവിയുടെ നിധി നടക്കുന്ന ദൃശ്യം സ്ക്രീനിൽ കാണാം).
നിധി (ക്യാമറയിലേക്ക് നോക്കി): ദളിതുകാരുടെ മതപരിവർത്തനം അപ്രതീക്ഷിതമായ ഒരു വഴിത്തിരിവിലെത്തിയിരിക്കുന്നു. പുതിയതായി വളരുന്ന സുന്നത്ത് വ്യവസായത്തിന് ഇത് വലിയ സമ്മർദ്ദം സൃഷ്ടിക്കുകതന്നെ ചെയ്യും. സുന്നത്ത് ചെയ്യാൻ തയ്യാറായി വരുന്നവരെ ഉൾക്കൊള്ളണമെങ്കിൽ കൂടുതൽ സൌകര്യങ്ങളുള്ള സംവിധാനങ്ങൾ വേണ്ടിവരും. ഇസ്രായേലിന്റെ സഹായത്തോടെ പണിയുന്ന പുതിയ കെട്ടിടങ്ങളുടെ സൈറ്റിലാണ് ഞാനിപ്പോൾ നിൽക്കുന്നത് (ഇരുവശത്തുനിന്നും ഭീമാകാരമായ പെൻഡുലങ്ങളാടുന്ന ഒരു ക്ലോക്ക് ടവർ മോഡലിന്റെ ദൃശ്യത്തിലേക്ക് ക്യാമറ നീങ്ങുന്നു). നിർമ്മാണം പൂർത്തിയായ കെട്ടിടങ്ങൾ എങ്ങിനെയായിരിക്കുമെന്നതിന്റെ മറ്റാർക്കും കിട്ടാത്ത ദൃശ്യങ്ങളാണ് ഇപ്പോൾ കാണുന്നത്. ഇസ്രായേലിലും ന്യൂയോർക്കിലും മറ്റിടങ്ങളിലും ജൂതന്മാർ ഇത്രകാലമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ലേസർ സാങ്കേതികവിദ്യ ഇതിലുണ്ടായിരിക്കും. സുന്നത്തിന് മതപരമായ അംഗീകാരമുള്ള രണ്ട് സമുദായങ്ങളാണ് ജൂതന്മാരും മുസ്ലിങ്ങളും. ഇന്ത്യയുടെ വിവിധ മെട്രോകളിൽ സ്ഥാപിതമാവാൻ പോവുന്ന ഈ അത്യന്താധുനിക സംവിധാനങ്ങൾ സവിശേഷമായ ഒരു പരീക്ഷണമായിരിക്കും. യന്ത്രം ഉപയോഗിച്ച് മുസ്ലിങ്ങളെ സുന്നത്ത് ചെയ്യുന്നത് ചരിത്രത്തിൽത്തന്നെ ആദ്യമായിട്ടായിരിക്കും. സാധാരണയായി, പുരോഹിതന്മാരുടെ മേൽനോട്ടത്തിലാന് സുന്നത്തുകൾ നടക്കാറുള്ളത്. മാത്രമല്ല, ചരിത്രത്തിലാദ്യമായിട്ടാണ് മതപരിവർത്തനം ഇത്രയും ലളിതമായ പ്രക്രിയയാവുന്നതും. മതപരിവർത്തന പ്രക്രിയയിൽ പുരോഹിതന്മാരുടെ സാന്നിദ്ധ്യമേ ഇനി ആവശ്യമില്ല. പുത്തൻകൂറ്റുകാർക്ക് ഇനിമുതൽ അവരവരുടെ മാതൃഭാഷയിൽത്തന്നെ ഖുർ ആൻ പാഠങ്ങൾ വായിക്കാം. എല്ലാറ്റിലുമുപരിയായി, ഇസ്ലാമിന്റെ ഈ നവരൂപം ഇസ്ലാമിനെ ഒരു ഹിന്ദു സാംസ്കാരിക ചട്ടക്കൂടിൽ സന്നിവേശിപ്പിക്കുകയും ചെയ്യും (സ്ക്രീൻ ഓഫാവുകയും അരങ്ങത്ത് പ്രകാശം നിറയുകയും ചെയ്യുന്നു. തടിച്ചുരുണ്ട, സഫാരി സ്യൂട്ടണിഞ്ഞ, മാർക്കറ്റിംഗ് മാനേജർ, കിതച്ചും പരിഭ്രമിച്ചും ഓടിവരുന്നു)
മാർക്കറ്റിംഗ് മാനേജർ: സർ, ഫാസ്റ്റർ ടിവി നമ്മെ വീണ്ടും തോൽപ്പിച്ചിരിക്കുന്നു. നമ്മുടെ ടി.ആർ.പി. കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുകയാണ്.(പോവാൻ തയ്യാറെടുക്കുന്നു)
(മൂന്നാമങ്കം, രംഗം 3 പൂർണ്ണമായിട്ടില്ല. അടുത്ത ലക്കത്തിൽ)
തുടരും… അടുത്ത സീൻ നവംബർ 19ന് വായിക്കുക.
തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ
പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ