ചിന്തൻ ശിബിര തീരുമാനങ്ങൾ കൊള്ളാം, പക്ഷെ നടപ്പിലാക്കുമോ?
എ.ഐ.സി.സിയുടെ ഉദയ്പൂർ ചിന്തൻ ശിബിരത്തിന്റെ ചുവടുപിടിച്ച് കോഴിക്കോട് നടന്ന കേരളത്തിലെ കോൺഗ്രസിൻറെ ചിന്തൻ ശിബിരം നിരവധി പദ്ധതികളും തീരുമാനങ്ങളും നിർദേശങ്ങളും പ്രഖ്യാപിച്ചാണ് പിരിഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പിന് പാർട്ടിയെ പൂർണസജജ്ജമാക്കുകയെന്നതിന് അപ്പുറം കേരളത്തിൽ നിലവിൽ പാർട്ടി നേരിടുന്ന പ്രതിസന്ധി മറികടക്കുകയെന്നത് തന്നെയാണ് ശിബിരതീരുമാനങ്ങളുടെ മുഖ്യലക്ഷ്യം. കാലത്തിനനുസരിച്ച് പാർട്ടിമാറണമെന്നതിൻറെ സൂചനകളും ചിന്തൻ ശിബിരത്തിലെ ചില തീരുമാനങ്ങൾ നൽകുന്നു. അതിൽ ഏറ്റവും പ്രതീക്ഷ നൽകുന്നത് പാർട്ടിയിലെ വനിത പ്രവർത്തകരുടെ പ്രശ്ന പരിഹാരത്തിനായി ആഭ്യന്തര പരാതി പരിഹാര സമിതി രൂപീകരിക്കുമെന്ന പ്രഖ്യാപനമാണ്. തൊഴിലിടങ്ങൾ സ്ത്രീകൾക്ക് എത്രമാത്രം സുരക്ഷിതമാണെന്ന ചർച്ചകൾ ശക്തമായിരിക്കുന്ന സമയത്ത്, അതിലുമുപരി വിവിധ പാർട്ടികളുടെ വേദികളിലും നേതാക്കളിൽ നിന്നും വനിത അംഗങ്ങൾക്ക് ലൈംഗികവും അല്ലാതെയുമുള്ള അതിക്രമങ്ങൾ നേരിടേണ്ടിവന്ന നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ തന്നെ, ഒരു രാഷ്ട്രീയപാർട്ടി ഇത്തരം പരാതികൾ പരിശോധിക്കാൻ സമിതി രൂപീകരിക്കാൻ തീരുമാനമെടുക്കുന്നുവെന്നത് ആശാവഹമാണ്. പുരോഗമനപ്രസ്ഥാനങ്ങൾ സംസ്ഥാനത്ത് ഏറെയുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു രാഷ്ട്രീയപാർട്ടി ഇത്തരത്തിൽ ഒരു ആഭ്യന്തര പ്രശ്ന പരിഹാര സമിതിക്ക് രൂപം നൽകുന്നത് എന്നതിനാൽ തന്നെ കോൺഗ്രസിൻറെ പ്രഖ്യാപനം ഒരു ചരിത്രം കുറിക്കലുമാണ്.
“സ്ത്രീപക്ഷ നിലപാട് ഉയർത്തിപിടിക്കുന്നതിന്റെ ഭാഗമായാണ് ഐ.സി.സി രൂപീകരിക്കാനുള്ള തീരുമാനം. ദളിതർ അടക്കം പാർശ്വവൽക്കരിക്കപ്പെട്ടവേരെയെല്ലാം ചേർത്തുപിടിക്കുന്ന സമീപനത്തിൻറെ തുടർച്ചയാണ് ഇതും. പൊളിറ്റിക്കൽ കറക്ടനസിന്റെ ഭാഗം കൂടിയാണ് ഇത്. ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് കെ.പി.സി.സി തലത്തിലും ഡി.സി.സി തലത്തിലും ഇൻറേണൽ കംപ്ലൈയിൻറ്സ് കമ്മിറ്റി രൂപീകരിക്കാനാണ്. സ്ത്രീകൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ടുള്ള ഈ നീക്കം മറ്റുള്ളവർക്കും ഒരു വഴികാട്ടിയാണ്”, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ‘ദി ഐഡ’ത്തോട് വിശദീകരിച്ചു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസിൻറെ ചിന്തൻ ശിബിരത്തിൽ സംസ്ഥാനനേതാവിനെതിരെ ലൈംഗീകപീഢന പരാതിയുമായി ഒരു ദളിത് അംഗം രംഗത്ത് വന്നതും അത് അട്ടിമറിക്കപ്പെട്ടതിനും പിന്നാലെയാണ് കോൺഗ്രസിൻറെ ഈ ചരിത്രപ്രഖ്യാപനമെന്നതും ശ്രദ്ധേയമാണ്.
സ്ത്രീവിരുദ്ധമായ പരാമർശങ്ങൾ അടക്കം സഭയ്ക്കകത്തും പുറത്തും നേതാക്കൾ വലിയതോതിൽ നടത്തുന്ന കാലത്തെ ഭാഷാപ്രയോഗങ്ങൾ നവീകരിക്കണമെന്ന ചിന്തൻ ശിബിരത്തിൻറെ നിർദേശവും ശ്രദ്ധേയമായി. വാക്കുക്കളും പ്രയോഗങ്ങളുമെല്ലാം കാലോചിതമായി പരിഷ്ക്കരിക്കപ്പെടേണ്ടതുണ്ടെന്ന് നിയമസഭയിൽ സ്പീക്കർ എം ബി രാജേഷ് അംഗങ്ങൾക്ക് റൂളിങ് നൽകിയതിനുപിന്നാലെ കോൺഗ്രസിൻറെ യോഗം ഇത്തരത്തിൽ നിർദേശം മുന്നോട്ടുവെച്ചത് പ്രതീക്ഷനൽകുന്നതാണ്. എന്നാൽ നിരന്തരം മോശം വാക്ക്പ്രയോഗങ്ങൾ വഴി വാർത്തകൾ സൃഷ്ടിക്കുന്ന കോൺഗ്രസിൻറെ നേതാക്കൾ തന്നെ ഇത് എത്രമാത്രം നടപ്പിലാക്കുമെന്നത് കണ്ടറിയണം.
“പുതിയ തലമുറ ചിന്തിക്കുന്നപലകാര്യങ്ങളും ഉൾപ്പെടുത്തിയാണ് നിർദേശങ്ങളും തീരുമാനങ്ങളും എടുത്തത്. പൊളിറ്റിക്കലി ഇൻകറക്ടറ്റായ പദങ്ങൾ ഉപയോഗിക്കാതിരിക്കുകയെന്നത് അതിലൊന്നാണ്. ഉദാഹരണത്തിന് ആണുങ്ങളോട് കളിക്കരുത്. പോയി ക്ഷൗരം ചെയ്യ് തുടങ്ങിയ പല പ്രയോഗങ്ങളും മുമ്പ് ഉപയോഗിച്ചിരുന്നു. അവയൊന്നും ഇന്ന് ഉപയോഗിക്കാൻ പാടില്ലാത്തതാണ്. മുൻ ശീലത്തിന്റെ പേരിൽ അബദ്ധത്തിൽ പോലും ഉപയോഗിച്ചാൽ അത് തിരുത്തപ്പെടണം. എല്ലാവർക്കും ഇത് ബാധകമാണ്”, വിഡി സതീശൻ കൂട്ടിച്ചേർത്തു.
ബിജെപിക്ക് പകരം സിപിഐഎമ്മിനെ മുഖ്യശത്രുവായി കണ്ടാണ് ചിന്തൻ ശിബിരത്തിലെ കോൺഗ്രസിന്റെ തീരുമാനങ്ങളെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം പാടെ തള്ളികളയുന്നു കോൺഗ്രസ് നേതൃത്വം.
“ബിജെപി തന്നെയാണ് കോൺഗ്രസിന്റെ മുഖ്യശത്രു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപി വളർത്തിക്കൊണ്ടുവരുന്നത്. അക്കാര്യം തന്നെയാണ് ചർച്ചചെയ്തത്. വിട്ടുവീഴ്ച്ചയില്ലാത്ത നിലപാട് തന്നെയാണ് ഭൂരിപക്ഷ തീവ്രവാദത്തോടും ന്യൂനപക്ഷ തീവ്രവാദത്തോടും ഉള്ളത്. അതിനെതിരെ സർവ്വശക്തിയുമെടുത്ത് കോൺഗ്രസ് നേരിടണം. നാല് വോട്ടിന് വേണ്ടി ഒരു വർഗീയകക്ഷിയുടേയും തിണ്ണനിരങ്ങില്ല.”, വി ഡി സതീശൻ പറഞ്ഞു.
അതേസമയം ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾ എത്രമാത്രം പ്രായോഗികമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉന്നയിക്കുന്ന ചോദ്യം. തീരുമാനങ്ങൾ എടുത്ത് യോഗം പിരിയുന്നതിനപ്പുറം അവ നടപ്പിലാക്കാതെ ഇരിക്കുന്ന പതിവ് ചിന്താ ശിബിരത്തിനും സംഭവിക്കുമോയെന്നതാണ് ഉന്നയിക്കപ്പെടുന്ന സംശയം.
“ചിന്തൻ ശിബിരത്തിലെ നിർദേശങ്ങളും തീരുമാനങ്ങളെല്ലാം സ്വാഗതാർഹമാണ്. എന്നാൽ കോൺഗ്രസിലെ പതിവനുസരിച്ച് എത്രത്തോളം പ്രായോഗികമാണ് എന്നതാണ് ഉയരുന്ന ചോദ്യം. സഹകരണസ്ഥാപനങ്ങളുമായി ബന്ധം ശക്തിപ്പെടുത്തുകയെന്നതും പൊളിറ്റിക്കൽ ഡസ്ക്ക് രൂപീകരിക്കുക തുടങ്ങിയ നല്ല നിർദേശങ്ങളെല്ലാം ചിന്തൻ ശിബിരം മുന്നോട്ട് വെക്കുന്നുണ്ട്. ഇതെല്ലാം നല്ല ആശയങ്ങളാണ്. എന്നാൽ ഇതിനുമുമ്പ് പറഞ്ഞതിനും പ്രഖ്യാപിച്ചതിനും എന്തുപറ്റിയെന്ന് പരിശോധിക്കുമ്പോളാണ് പ്രായോഗികത എത്രമാത്രമാണെന്ന് മനസിലാകുക.
സെമികേഡർ സ്വഭാവത്തിലേക്ക് പാർട്ടി മാറുമെന്ന പ്രഖ്യാപനം എവിടെയെത്തി, എല്ലായിടത്തും യൂണിറ്റ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് പറഞ്ഞെങ്കിലും പകുതിപോലും നടന്നിട്ടില്ല, 137 രൂപ ചലഞ്ച് വഴി പ്രവർത്തനഫണ്ട് സ്വരൂപിക്കൽ നാലിലൊന്ന് പോലും ഫലംകണ്ടില്ല, മെംമ്പർഷിപ്പ് ക്യാപെയിൻ പോലും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാൻ പാർട്ടിക്കായിട്ടില്ല. തൊലിപുറത്തുള്ള ചികിത്സയെന്നതിനപ്പുറം അടിസ്ഥാനപരമായ നടപടികളാണ് വേണ്ടത്.”, മുതിർന്ന മാധ്യമപ്രവത്തകനായ സണ്ണിക്കുട്ടി എബ്രഹാം നിരീക്ഷിക്കുന്നു.
എന്നാൽ ഇത്തവണ പതിവ് ആവർത്തിക്കില്ലെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വി പി സജീന്ദ്രൻ അവകാശപ്പെടുന്നു.
“സംഘടനസംവിധാനത്തിലെ പോരായ്മകൾ പരിഹരിക്കുകയെന്നതാണ് ചിന്തിൻ ശിബിരം ലക്ഷ്യമിടുന്നത്. സാധാരണ തീരുമാനങ്ങൾ എടുത്ത് പിരിയൽ ആണ് പതിവ്. എന്നാലിത്തവണ അങ്ങനെയല്ല. നീണ്ടചർച്ചകൾക്കുശേഷമെടുത്ത തീരുമാനങ്ങൾ സമയബന്ധിതമായി തന്നെ നടപ്പിലാക്കാൻ കലണ്ടർ നിശ്ചയിച്ചാണ് ചിന്തൻ ശിബിരം പിരിഞ്ഞത്.”, വി പി സജീന്ദ്രൻ വ്യക്തമാക്കി.
ലോക്സഭ തിരഞ്ഞെടുപ്പ് വിജയത്തിനായി മിഷൻ 24 എന്ന കർമ്മപദ്ധതിക്കും ചിന്താ ശിബിരം രൂപം നൽകിയിട്ടുണ്ട്. അതിന് മുന്നോടിയായി പാർട്ടിയുടെ താഴെ തട്ട് മുതലുള്ള പുനസംഘടനകൾ പൂർത്തിയാക്കും. ഒരു തരത്തിലുമുള്ള ഗ്രൂപ്പ് വീതം വെപ്പ് ഇനി കോൺഗ്രസിലുണ്ടാകില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി.
“ഓരോ കമ്മിറ്റിയ്ക്കും കൃത്യമായ അംഗസംഖ്യ തീരുമാനിച്ചിട്ടുണ്ട്. അതിൽ നിന്നൊരുതരത്തിലും കൂടാൻ അനുവദിക്കില്ല. ഒരു കാരണവശാലും ഗ്രൂപ്പ് അടിസ്ഥാനത്തിലുള്ള വീതം വെപ്പ് ഇനി പാർട്ടിയിലുണ്ടാകില്ല. ഗ്രൂപ്പുകളൊക്കെയുണ്ട്. ഗ്രൂപ്പ് നേതാക്കൾക്ക് പേരുകളും നിർദേശിക്കാം. എന്നാൽ പൂർണമായും അവരുടെ മെറിറ്റുകൾ നോക്കിമാത്രമേ നിയമിക്കലുണ്ടാകൂ. പഴയത് പോലെ ജംബോ കമ്മിറ്റികൾ ഇനി കോൺഗ്രസിലുണ്ടാകില്ല”, പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.
“വി.എം സുധീരനാണ് കോൺഗ്രസിലെ ജംബോ കമ്മിറ്റി സംസ്ക്കാരത്തിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയ നേതാവ്. എന്നിട്ട് സുധീരൻ പ്രസിഡൻറായപ്പോളാണ് കോൺഗ്രസിലെ ഏറ്റവും വലിയ ജംബോ കമ്മിറ്റി സംസ്ഥാനത്ത് ഉണ്ടായത് എന്നതാണ് വിരോധാഭാസം.” സണ്ണികുട്ടി എബ്രഹാം ചൂണ്ടിക്കാട്ടുന്നു.
മിഷൻ 24 താഴേതട്ടിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സജീവമാക്കുന്നതിനുമുള്ള പദ്ധതികളും നിർദേശങ്ങളും സമയബന്ധിതമായി നടപ്പാക്കാനായി പ്രത്യേകം പാർട്ടി കലണ്ടർ തയ്യാറാക്കിയിട്ടുണ്ട്. പാർട്ടി പ്രവർത്തകർക്ക് കൃത്യമായ ഇടവേളകളിൽ ക്ലാസുകൾ നൽകിയും വൈകാരിക വിഷയങ്ങൾക്കപ്പുറം ജനകീയ വിഷയങ്ങൾക്ക് ഊന്നൽ നൽകാനുമാണ് തീരുമാനം. ഇതിലൂടെ നിയമസഭ തിരഞ്ഞെടുപ്പിലെ തിരിച്ചടി മറികടന്ന് ലോക്സഭ തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ഫലം കാണണമെങ്കിൽ പാർട്ടിയെ കേഡർ സ്വഭാവമുള്ളതാക്കുന്നതിന് പകരം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന കേഡർ സ്വഭാവമുള്ള പാർട്ടിക്കാരെ ഉണ്ടാക്കുകയാണ് കോൺഗ്രസ് ചെയ്യേണ്ടതെന്നാണ് മാധ്യമപ്രവർത്തകനായ സണ്ണിക്കുട്ടി എബ്രഹാമിൻറെ നിരീക്ഷണം. ഗ്രൂപ്പുകളിയും ചക്കളത്തിപ്പോരും അവസാനിപ്പിച്ച് ഒന്നിച്ച് നിന്നില്ലെങ്കിൽ ചിന്തൻ ശിബിരത്തിലെ തീരുമാനങ്ങൾക്കും നിർദേശങ്ങൾക്കുമൊന്നും ഗുണംലഭിക്കില്ലെന്നുമാത്രം.