മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 8
മൂന്നാം അങ്കം
രംഗം 1
(പ്രത്യേക കോടതി. പതിനൊന്നംഗ ജൂറിയേയും അതിന്റെ കൺവീനർ മൌലാനാ ഹസ്രത്ത് മൊഹാനിയേയും ഉൾക്കൊള്ളിക്കാൻ പറ്റുന്നവിധത്തിലുള്ള സെറ്റ് തയ്യാറാക്കിയിരിക്കുന്നു. ജൂറി അംഗങ്ങളുടെ വസ്ത്രധാരണവും ചമയങ്ങളും അവർ ജീവിച്ചിരുന്ന കാലത്തിനനുസൃതമാകാൻ പ്രത്യേകശ്രദ്ധ വേണം. ഇത്ര മഹത്തായ ഒരു കോടതിയുടെ അദ്ധ്യക്ഷപദവി അലങ്കരിക്കാൻ പാകത്തിൽ അസാധാരണമായ വ്യക്തിത്യവും ആവശ്യത്തിനുള്ള പ്രായവുമുള്ള ആളാണ് ജഡ്ജി. കോടതിയുടെ നടുവിലായി, ഹിന്ദുക്കളേയും മുസ്ലിങ്ങളേയും പ്രതിനിധീകരിക്കാൻ കോടതി നിയോഗിച്ച അഭിഭാഷകർ ഇരിക്കുന്നു. കോടതി നിയോഗിച്ച ഒരു എതിർവിസ്താരകനും അവരൊടൊപ്പമിരിക്കുന്നുണ്ട്. പരസ്പരം അഭിമുഖീകരിച്ച് നിൽക്കുന്ന രണ്ട് സാക്ഷികൾ നിൽക്കുന്നു. കോടതി നടപടികൾ ചിത്രീകരിക്കുന്ന ഒരു വീഡിയോ ക്യാമറയുണ്ട്. പ്രധാന വേഷത്തിൽ അഭിനയിക്കുന്നവർ സദസ്സിനെ അഭിമുഖീകരിക്കുന്ന തരത്തിൽ വേണം സെറ്റ് തയ്യാറാക്കാൻ. സ്റ്റേജിന്റെ ഇടത്തേയറ്റത്ത് ഒരു ഉയർന്ന ഭാഗത്താണ് ജഡ്ജിയുടെ ബെഞ്ച്. കോടതി ഉദ്യോഗസ്ഥർ അദ്ദേഹത്തിന്റെ താഴെയായി ഇരിക്കുന്നു. ഗാലറി നിറഞ്ഞുകവിഞ്ഞിരിക്കുന്നു)
ജഡ്ജി: ഒരു ചെറിയ അറിയിപ്പിനുശേഷം, ചരിത്രപ്രധാനമായ ഈ കേസിലെ നടപടികൾ നമ്മൾ ആരംഭിക്കും. കോടതി കൂടുന്നതിനുമുമ്പ്, ജൂറി അവരുടെ വക്താവിനെ ഒരു രഹസ്യബാലറ്റിലൂടെ തിരഞ്ഞെടുത്തിട്ടുണ്ട്. ഐകകണ്ഠ്യേനയുള്ള തിരഞ്ഞെടുപ്പില്ലെങ്കിൽ അത് സങ്കീർണ്ണമാകുമെന്ന് ഹിന്ദുക്കളുടെ പ്രതിനിധിയുടെ ആശങ്കയറിയിച്ചുവെങ്കിലും ജൂറി ഒറ്റക്കെട്ടായി ബഹുമാന്യനായ കവി അമീർ ഖുസ്രു ദെഹ്ലാവിയെ അതിന്റെ വക്താവായി തിരഞ്ഞെടുത്തിരിക്കുന്നു എന്നറിയിക്കാൻ എനിക്ക് സന്തോഷമുണ്ട്. (ഒന്ന് നിർത്തി). രണ്ട് സമുദായങ്ങളുടേയും – അതായത്, ഹിന്ദുക്കളുടേയും മുസ്ലിങ്ങളുടേയും – പ്രതിനിധികളോട് ചോദ്യങ്ങൾ ചോദിക്കാൻ എതിർവിസ്താരകനെ ക്ഷണിക്കുന്നു. രണ്ട് പ്രതിനിധികളും, സാക്ഷിക്കൂട്ടിൽ, അവരവർക്ക് നീശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിൽ വന്നുനിൽക്കാൻ ഞാൻ ആവശ്യപ്പെടുന്നു. മറ്റ് കോടതികളുടെ പതിവുചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ ബഹുമാനപ്പെട്ട സുപ്രീംകോടതി ഈ കോടതിയെ അധികാരപ്പെടുത്തിയിട്ടുണ്ടെന്ന് ആദ്യമേ ഞാൻ അറിയിക്കട്ടെ. (ഒരു നീണ്ട മൌനത്തിനുശേഷം).. നടപടികൾ ആരംഭിക്കട്ടെ.
(രണ്ട് പ്രതിനിധികളും അവരവർക്ക് നിശ്ചയിച്ചിട്ടുള്ള – ‘ഹിന്ദു’വെന്നും ‘മുസ്ലി’മെന്നും അടയാളപ്പെടുത്തിയിട്ടുള്ള – സാക്ഷിക്കൂടുകളിലേക്ക് നീങ്ങുന്നു. ഹിന്ദു കാവിവസ്ത്രവും മുസ്ലിം ഒരു ഷെർവാണിയുമാണ് ധരിച്ചിട്ടുള്ളത്. ഒരഭിഭാഷകൻറെ വേഷമണിഞ്ഞ എതിർവിസ്താരകൻ, ഉയരവും ഗാംഭീര്യവുമുള്ള ഒരാളാണ്).
ജഡ്ജി (എതിർവിസ്താരകനോട്): ജൂറിയെ തിരഞ്ഞെടുത്തതിൻറെ അടിസ്ഥാനം വിശദമാക്കാൻ താങ്കൾക്ക് താത്പര്യമുണ്ടാവും. ഇത്തരം കാര്യങ്ങളിൽ ഏറ്റവും പ്രധാനം സുതാര്യതയാണ്.
എതിർവിസ്താരകൻ: യുവർ ഓണർ, വിവിധ വിശ്വാസങ്ങളിലെ യോഗിവര്യന്മാരുടെ ആത്മാക്കളുമായും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ പുകൾപെറ്റവരായ ബുദ്ധിജീവികളുമായും ദീർഘമായ പര്യാലോചനകൾക്കുശേഷമാണ് ജൂറി അംഗങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്. കോടതിക്ക് സമർപ്പിച്ച റിപ്പോർട്ടിൻറെ അനുബന്ധം 1-ൽ വിവരിച്ചിരിക്കുന്നതുപ്രകാരമാണ് ആത്മാക്കളുമായി ബന്ധപ്പെട്ടിട്ടുള്ളത്. ജൂറി അംഗങ്ങളുടെ യോഗ്യത കോടതിയുടെ മുമ്പിലുണ്ടെന്ന് ചുരുക്കം. ആത്മാക്കളുടെ പേരുകൾ വെളിപ്പെടുത്തുന്നതിനുമുമ്പ് പൌരസമൂഹത്തിന്റേയും ഡോക്ടർമാർ, ജഡ്ജിമാർ, മതനേതാക്കൾ എന്നിവരുടേയും പ്രതിനിധികളടങ്ങുന്ന ഒരു കമ്മിറ്റിയാണ് അവരുമായി സംവദിച്ചത്.
ജഡ്ജി: വളരെ നല്ലത്. നിങ്ങൾക്ക് തുടങ്ങാം
എതിർവിസ്താരകൻ: (ഹിന്ദു പ്രതിനിധിയോട്): താങ്കളിൽനിന്ന് ആരംഭിക്കാം. മുസ്ലിങ്ങൾ പെട്ടെന്ന് ഇന്ത്യ വിട്ടുപോകാൻ എന്തെങ്കിലും കാരണം താങ്കൾ കാണുന്നുണ്ടോ?
ഹിന്ദുവിൻറെ പ്രതിനിധി (ഹി.പ്ര): മുസ്ലിങ്ങൾ ഇന്ത്യയിൽ കാലെടുത്തുവെച്ചതുമുതൽ ഒരു പ്രശ്നമുണ്ടായിരുന്നുവെന്ന് രേഖയിൽ സൂചിപ്പിക്കേണ്ടതുണ്ട്. (ഒരുനിമിഷം നിർത്തി). അത് പ്രധാനമായും മതവും അതിന്റെ പ്രചാരവുമായി ബന്ധപ്പെട്ടതാണ്. ഇസ്ലാമും ക്രിസ്ത്യാനിറ്റിയും, എന്തിന് കമ്മ്യൂണിസംപോലുള്ള ഒരു രാഷ്ട്രീയപ്രത്യയശാസ്ത്രം പോലും, രേഖീയമായും, മറ്റുള്ളവരെ സ്വന്തം പക്ഷത്തേക്ക് മതപരിവർത്തനം ചെയ്തുമാണ് വളരുന്നത്. അങ്ങിനെ മതപരിവർത്തനം ചെയ്യാത്ത, വർത്തുളമായ ഒരു സംവിധാനവുമായി അത് കൂട്ടിമുട്ടുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. ഹിന്ദുയിസത്തിൽ മതപരിവർത്തനമില്ല. അതിലെ അംഗങ്ങൾ ജനിക്കുന്നതുതന്നെ അതിലാണ്. ജനനസമയത്ത്, ജാതിയാൽ അവർ വിവിധ വിഭാഗങ്ങളായിത്തീരുകയും ചെയ്യുന്നു. നിങ്ങളുടെ രക്ഷിതാക്കൾ ബ്രാഹ്മണന്മാരാണെങ്കിൽ, നിങ്ങൾ ജനിക്കുന്നതും ബ്രാഹ്മണനായിട്ടായിരിക്കും. അതുപോലെ, ഒരു ശൂദ്രന്റെ സന്തതിപരമ്പര ശൂദ്രരായിരിക്കും. മരണത്തിൻറേയും പുനർജ്ജനനത്തിൻറേയും അനുസ്യൂതമായ ശൃംഖലയാണ് ആ സംവിധാനത്തെ നിലനിർത്തുന്നത്. മരണത്തിൻറെ കടമ്പ കടക്കാതെ, സാമൂഹികമായ ഉയർച്ച അതിൽ സാധ്യമല്ല. ഈ വിധത്തിലാണ് ഹിന്ദുസമൂഹം സംഘടിപ്പിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞപ്പോൾ ഈ സംവിധാനം ഒരുപരിധിവരെ ഇല്ലാതായി. മുസ്ലിങ്ങൾക്കും മറ്റുള്ളവർക്കും ഹിന്ദു ജാതി പിരമിഡിലെ അടിത്തട്ടിനെ സ്വാധീനിക്കാൻ സാധിച്ചതുകൊണ്ടാണ് ഇത് സംഭവിച്ചത്. ഇന്ന് അപ്രത്യക്ഷരായ 200 ദശലക്ഷം മുസ്ലിങ്ങളിലെ 80 ശതമാനം മുതൽ 90 ശതമാനംവരെയുള്ളവരുടെ പൈതൃകം അന്വേഷിച്ചുപോയാൽ അത് ഹിന്ദുവിൻറേതായിരിക്കും എന്നത് ആരെയും അത്ഭുതപ്പെടുത്തുകതന്നെ ചെയ്യും.
മുസ്ലിം പ്രതിനിധി (മു.പ്ര) (ഇടയിൽക്കയറി): ഇടപെടുന്നതിൽ ക്ഷമിക്കണം. കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ 629 എ.ഡിയിൽ ചേരമാൻ പെരുമാളിൻറെ പള്ളി പണിഞ്ഞപ്പോൾ അപായമണിയൊന്നും പക്ഷേ മുഴങ്ങിയില്ലല്ലോ. പ്രവാചകൻ നബി മരിക്കുന്നതിന് മൂന്ന് വർഷം മുമ്പാണ് ആ പള്ളി പണിഞ്ഞത്. ഇപ്പോഴും ആരാധന നടക്കുന്ന ഒന്നാണത്. മുസ്ലിം വ്യാപാരികൾക്കുവേണ്ടി ഈ സൌകര്യം ചെയ്തുകൊടുത്ത ചേരമാൻ പെരുമാൾ ഒരു ഹിന്ദു രാജാവായിരുന്നു; ഇസ്ലാമിനും ആയിരക്കണക്കിന് വർഷങ്ങൾക്കുമുമ്പ് തുടങ്ങിയതാണ് കേരളവും അറബ് തീരങ്ങളുമായുള്ള വ്യാപാരബന്ധം. സത്യം പറഞ്ഞാൽ, ഈ വഴിയിലൂടെയാണ് മുസ്ലിങ്ങൾ മലേഷ്യയിലേക്കും ലോകത്തെ ഏറ്റവും വലിയ മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിലേക്കും യാത്ര ചെയ്തത്. ഇസ്ലാം വരുന്നതിനും മുൻപ് ചോളരാജാക്കന്മാർ ഈ സ്ഥലങ്ങളിലെത്തിയിരുന്നു. ഇസ്ലാമിനും വളരെ മുമ്പുതന്നെ ഹിന്ദുയിസവും ബുദ്ധിസവും ഇന്തോനേഷ്യയിലെത്തി. പിന്നീട് ഇസ്ലാം വന്നപ്പോഴും ഇന്തോനേഷ്യയുടെ സംസ്കാരത്തിന് മാറ്റം വന്നില്ല. ഇന്തോനേഷ്യയുടെ സംസ്കാരത്തെ ഈ കാലത്തുപോലും നിർണ്ണയിക്കുന്നത് രാമായണവും മഹാഭാരതവുമാണ്. വ്യാപാരികൾ ഇസ്ലാമിനെ ലോകത്തിൻറെ ഏതുഭാഗത്തേക്ക് കൊണ്ടുപോയപ്പോഴും അവർ പ്രാദേശിക സംസ്കാരം സ്വീകരിച്ചു. ഉദാഹരണത്തിന്, ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയുടെ ഹൃദയഭാഗത്ത്, രഥത്തിൽ, കൃഷ്ണൻറെ സമീപത്തിരിക്കുന്ന അർജ്ജുനൻറെ ഒരു പ്രതിമയുണ്ട്. മഹാഭാരതത്തിൽനിന്നുള്ള ഒരു രംഗമാണത്.
ജഡ്ജി (ഇടപെട്ടുകൊണ്ട്): നമ്മുടെ സമയപരിമിതി മൂലം, താങ്കൾ ഇന്ത്യയിൽ കേന്ദ്രീകരിക്കുന്നത് നന്നായിരിക്കും.
മു.പ്ര: യുവർ ഓണർ, ഒരു കാഴ്ചപ്പാട് പ്രധാനമാണ്. എങ്കിലും ഞാൻ ചുരുക്കിപ്പറയാം. പറഞ്ഞുവന്നത്, ഖുർആൻ എഴുതപ്പെട്ടത് അറബിയിലായതിനാൽ, ഇസ്ലാമിൻറെ ഭാഷ അറബിയാവണമെന്ന കീഴ്വഴക്കമുണ്ടാക്കിയത്, മുസ്ലിം പുരോഹിതന്മാരായിരുന്നു. പ്രവാചകൻറെ കാലത്തിനും എത്രയോ ശേഷം. ഈ വിലക്ക് ആദ്യം ലംഘിച്ചത്, ഖുർആനെ മലയാളത്തിലേക്കാക്കിയ കേരളത്തിലെ സി.എൻ. മൌലാനയായിരുന്നു. ഇസ്ലാം സ്വയം പുതുക്കിപ്പണിഞ്ഞതിൻറേയും പ്രാദേശിക സംസ്കാരവുമായി ഇടപഴകിയതിൻറേയും ഉദാഹരണമാണ് ഇത്. പ്രമുഖ കഥകളി ഗായകനായ കലാമണ്ഡലം ഹൈദരാലി ഒരു മുസ്ലിമായിരുന്നു. താങ്കൾക്കറിയാവുന്നതുപോലെ, കഥകളി എന്നത്, പ്രധാനമായും ഹിന്ദു പുരാണങ്ങളെ അടിസ്ഥാനപ്പെടുത്തിയ ഒന്നാണ്. ഇന്ത്യയിലെ മറ്റ് ഭാഗങ്ങളിലേപ്പോലെ, കേരളത്തിൽ മുസ്ലിങ്ങൾ പ്രാദേശിക സംസ്കാരം സ്വാംശീകരിച്ചു.
ഹി.പ്ര: പക്ഷേ കേരളത്തിലെ മലബാർ ഭാഗത്ത് മുഴുവൻ മേൽക്കൈയ്യുള്ളത് മുസ്ലിങ്ങൾക്കാണ്. അതുകൊണ്ട്, മതപരിവർത്തനം നടന്നുവെന്നത് നിങ്ങൾക്ക് നിഷേധിക്കാനാവില്ല.
മു.പ്ര: തീർച്ചയായും, മതപരിവർത്തനങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ അവയെല്ലാം സ്വമേധയാ ആയിരുന്നു. ചിലപ്പോൾ വിവാഹങ്ങളിലൂടെയും മറ്റ് ചിലപ്പോൾ നിർബന്ധത്തിലൂടെയും. ഒരു ദീർഘമായ ചരിത്രത്തിൽ, ഓരോ ഇഞ്ചും അളക്കുന്നത് ബുദ്ധിമുട്ടായിരിക്കും. എന്നാൽ, അവിസ്മരണീയമായ ചില നാഴികക്കല്ലുകളുണ്ട്. മുസ്ലിം പുണ്യവാളന്മാരെ ഹിന്ദുക്കളും സ്വീകരിച്ചിട്ടുണ്ട്. അയ്യപ്പഭഗവാൻറെ ശിഷ്യനായ വാവരുസ്വാമിയുടെ പള്ളി സന്ദർശിക്കാതെ ശബരിമല തീർത്ഥാടനം ഒരിക്കലും പൂർത്തിയാവില്ല. ഈ പറഞ്ഞത് നുണയാണോ എന്ന് ഏതെങ്കിലും ഹിന്ദുവിനോട് ചോദിച്ചുനോക്കൂ.
എതിർവിസ്താരകൻ: അത് സത്യമല്ലെന്ന് തോന്നിയിരുന്നെങ്കിൽ അയാൾ എതിർത്തേനേ.
ഹി.പ്ര: ഇന്ത്യയിലെ ഇസ്ലാമിൻറെ ചരിത്രം 1300 വർഷം പഴക്കമുള്ളതാണ്. ഇസ്ലാമിനോളംതന്നെ. ഒത്തൊരുമയുടെ ഒരു നീണ്ടകാലം ഉണ്ടായിരുന്നുവെങ്കിലും, വടക്കേന്ത്യയിലെ മുസ്ലിം അധിനിവേശം വ്യത്യസ്തമാണ്. മതപരമായ ഉന്മൂലനങ്ങളും, ക്ഷേത്രവിധ്വംസനങ്ങളും നിർബന്ധിത മതപരിവർത്തനവുമൊക്കെയാണ് ആ കഥയിലുള്ളത്.
എം.ആർ: ഒബ്ജക്ഷൻ സർ.
ജഡ്ജി: എന്താണ് നിങ്ങളുടെ എതിർപ്പ്?
മു.പ്ര: അദ്ദേഹം നടത്തിയ ഈ സാർവ്വത്രീകരണത്തിൽ, ഒരുമയുടേയും സൌഹാർദ്ദത്തിൻറേയും സാംസ്കാരികവിനിമയത്തിൻറേയും വലിയൊരു ഭാഗം കുഴിച്ചുമൂടിയിട്ടുണ്ട്. ചരിത്രപ്രധാനമായ ഇത്തരമൊരു വിചാരണയിൽ, എൻറെ പണ്ഡിതനായ ഹിന്ദു സുഹൃത്ത്, നശിപ്പിക്കപ്പെട്ട ക്ഷേത്രങ്ങളുടേയും, സാക്ഷിമൊഴി വിവരണങ്ങളുടേയും നിർബന്ധിത മതപരിവർത്തനത്തിൻറേയും പട്ടിക ഹാജരാക്കേണ്ടതാണ്.
ഹി.പ്ര (ദേഷ്യത്തോടെ): സോമനാഥ ക്ഷേത്രം കവർച്ച നടത്തിയത് ഗസ്നിയിലെ മെഹ്മൂദ് അല്ലെന്നാണോ നിങ്ങൾ പറയുന്നത്?
മു.പ്ര: ഇതിനെക്കുറിച്ച് പ്രമുഖ ചരിത്രപണ്ഡിതയായ റൊമീലാ ഥാപ്പർ, അവരുടെ ഹിസ്റ്ററി ഓഫ് ഏളി ഇന്ത്യ: ഉത്ഭവം മുതൽ എ.ഡി.1300 വരെ എന്ന പുസ്തകത്തിൽ എന്താണ് എഴുതിയിട്ടുള്ളതെന്ന് നോക്കാം (പുസ്തകത്തിൽനിന്ന് വായിക്കുന്നു). “ഒരു ജൈന പുസ്തകത്തിലെ ആനുഷംഗികമായ പരാമർശമല്ലാതെ, സമകാലീകമോ, ഏകദേശം സമകാലികമോ ആയ ഒരു വിവരണത്തിലും സോമനാഥയ്ക്കുനേരെ ഉണ്ടായ ആക്രമത്തെക്കുറിച്ച് പരാമർശങ്ങളില്ല. ഹിന്ദുക്കൾക്ക് ഇക്കാര്യത്തിലുണ്ടായേക്കാവുന്ന മാനസികാഘാതം പോയിട്ട്, അവരുടെ പ്രതികരണത്തെക്കുറിച്ചുപോലും ഒരു ചർച്ചയും അതിൽ കാണുന്നില്ല. ചാലൂക്യ രാജാവായ കുമാരപാലൻ ക്ഷേത്രം പുനരുദ്ധരിച്ചതിനെക്കുറിച്ച് ജൈനസ്രോതസ്സുകൾ വിവരിക്കുന്നുണ്ട്. ക്ഷേത്രോദ്യോഗസ്ഥരുടെ അലംഭാവപരമായ മേൽനോട്ടവും കാലങ്ങൾകൊണ്ട് ക്ഷേത്രത്തിന് സംഭവിച്ച കേടുപാടുകളുമായിരുന്നു പുനരുദ്ധരിക്കാനുള്ള കാരണമെന്ന് അതിൽ എഴുതിയിരിക്കുനു. ആക്രമണം നടന്ന്, രണ്ട് നൂറ്റാണ്ടുകൾക്കുശേഷം, പതിമൂന്നാം നൂറ്റാണ്ടിൽ, സോമനാഥയിൽ വ്യാപാരംനടത്തിയിരുന്ന, ഹോർമൂസ് പേർഷ്യയിൽനിന്നുള്ള കപ്പലുടമസ്ഥനായ ഒരു വ്യാപാരിക്ക്, ക്ഷേത്രത്തിനടുത്ത് ഒരു പള്ളി പണിയാനും, പള്ളിയുടെ കാര്യങ്ങൾ നോക്കിനടത്താനുള്ള സ്ഥലവും വസ്തുക്കളും, സോമനാഥപട്ടണത്തിലെ അധികാരികൾ അനുവദിക്കുകയും ചെയ്തു. ചാലൂക്യ–വഗേല ഭരണകൂടവും, പ്രാദേശിക പ്രഭുക്കളായ താക്കൂറന്മാരും റാനകന്മാരും, ശിവക്ഷേത്രത്തിലെ പൂജാരികളും അദ്ദേഹത്തെ സ്നേഹോഷ്മളമായി സ്വീകരിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തു’, സോമനാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടു എന്നതിന് ഇതുപോലുള്ള തെളിവുകൾ എൻറെ ഹിന്ദു സുഹൃത്ത് ഹാജരാക്കുകയാണെങ്കിൽ അദ്ദേഹത്തിൻറെ വാദത്തോട് യോജിക്കാൻ എനിക്ക് സന്തോഷമേയുള്ളു.
ഹി.പ്ര: അത് വിജയിയുടെ വ്യാഖ്യാനമാണ്. മുസ്ലിം ഭരണകാലത്തെ മുസ്ലിം അതിക്രമങ്ങൾക്കുള്ള ചരിത്രപരമായ തെളിവുകൾ അന്വേഷിക്കുകയാണ് നിങ്ങൾ. എന്നാൽ സോമനാഥക്ഷേത്രം കൊള്ളയടിച്ചതിനെക്കുറിച്ചുള്ള വ്യാഖ്യാനത്തിന് വേറെ ചില വശങ്ങൾകൂടിയുണ്ട്. എന്തൊക്കെയായാലും, സ്വാതന്ത്ര്യാനന്തരം, കോൺഗ്രസ്സ് സർക്കാർ സ്വീകരിച്ച ആദ്യത്തെ നടപടികളിൽ ഒന്ന്, സോമനാഥിന്റെ സുവർണ്ണകാലം പുന:സ്ഥാപിക്കുക എന്നതായിരുന്നു.
മു.പ്ര: എന്നാൽ ജവഹർലാൽ നെഹ്രു എതിർത്തു.
ഹി.പ്ര: നെഹ്രു ചെയ്ത നിരവധി കൊള്ളരുതായ്മകളിൽ ഒന്നാണത്.
ജഡ്ജി (അക്ഷമയോടെ): നമ്മൾ 1300 കൊല്ലത്തെ മുഴുവൻ ചരിത്രത്തിലേക്കും പോവുകയാണെങ്കിൽ ഈ വിചാരണ ഒരിക്കലും അവസാനിക്കില്ല. വിഭജനത്തിന് ശേഷമുള്ള കാലത്തേക്ക് നമ്മൾ കേന്ദ്രീകരിക്കണം.
മു.പ്ര: ഞാൻ കോടതിയുടെ അനുവാദം പ്രതീക്ഷിക്കുന്നു. ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചുചേർന്ന 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിലെ ഒരു കാര്യം ഞാനൊന്ന് സൂചിപ്പിച്ചുകൊള്ളട്ടെ. ഇന്ത്യയിലെ ബ്രിട്ടീഷ് അധികാരത്തിന്റെ അടിസ്ഥാനമായ ‘വിഭജിച്ച് ഭരിക്കുക’ എന്ന പാവനമായ തത്ത്വം ലംഘിച്ച കൊളോണിയൽ ഭരണകൂടത്തിനെ, ബ്രിട്ടീഷ് പൊതുജനസഭയിലെ ബെഞ്ചമിൻ ഡിസ്രായേലി ശകാരിക്കുകയുണ്ടായി. ‘വിഭജിച്ച് ഭരിക്കുക’ എന്ന നയത്തെ അവഗണിച്ചതിനെച്ചൊല്ലിയുള്ള ഡിസ്രായേലിയുടെ ദേഷ്യം തെളിയിക്കുന്നത്, 1857-ൽ ബ്രിട്ടീഷുകാർക്കെതിരെ ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുമിച്ചു എന്ന യാഥാർത്ഥ്യത്തെയാണ്. അതിനാൽ, ഇരുസമുദായങ്ങളേയും വിഭജിച്ചുനിർത്തുക എന്നത് ബ്രിട്ടീഷ് നയമായിത്തീർന്നു. ആ വിത്താണ് 1947-ലെ വിഭജനത്തിലേക്ക് നയിച്ചത്.
ജഡ്ജി (ഹിന്ദു പ്രതിനിധിയോട്): ഇത് ന്യായമായ ഒരു നിരീക്ഷണമാണെന്ന് തോന്നുന്നുണ്ടോ?
ഹി.പ്ര: ബെഞ്ചമിൻ ഡിസ്രായേലിയോ? ഇല്ല, എതിർപ്പില്ല.
(ജഡ്ജിക്കുള്ള ഒരു സന്ദേശവുമായി ഒരു കോടതിയുദ്യോഗസ്ഥൻ ശബ്ദമുണ്ടാക്കാതെ വരുന്നു)
ജഡ്ജി (സന്ദേശം വായിച്ചതിനുശേഷം): ഈ കേസ് വളരെ അടിയന്തിരമാണ്. നമുക്ക് നടപടികൾ വേഗമാക്കേണ്ടതുണ്ട്.
എതിർവിസ്താരകൻ (ഹിന്ദു പ്രതിനിധിയെ നോക്കി): മുസ്ലിങ്ങളുടെ അപ്രത്യക്ഷമാവലിലേക്ക് നയിക്കാൻ പാകത്തിൽ, ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ സംഘർഷം വർദ്ധിച്ചിരുന്നോ? ഇത്തരമൊന്നിലേക്ക് നയിക്കുന്ന എന്തെങ്കിലും?
എച്ച്.ആർ: ഞാനാദ്യം സൂചിപ്പിച്ചതുപോലെ, ചരിത്രപരമായിത്തന്നെ ഇരുസമുദായങ്ങൾക്കിടയിൽ ചില അവിശ്വാസങ്ങൾ ഉണ്ടായിരുന്നു. പ്രത്യേകിച്ചും മുസ്ലിം ആക്രമണത്തിൻറെ ഭൂരിഭാഗവും അനുഭവിക്കേണ്ടിവന്ന വടക്കേന്ത്യയിൽ. വിഭജനത്തിനുശേഷം, എല്ലാക്കാലത്തും, അധിനിവേശകരുടെ കഴിഞ്ഞകാല അതിക്രമങ്ങളെക്കുറിച്ചുള്ള സ്മരണകൾ നിലനിന്നിരുന്നു. “ആയിരത്തി ഇരുന്നൂറ് കൊല്ലത്തെ അടിമത്തത്തിൻറെ ’ ദൂഷ്യഫലങ്ങൾ നമ്മൾ കുടഞ്ഞെറിയണമെന്ന് 2014 മേയ് മാസം പാർലമെൻറിലെ തന്റെ ആദ്യത്തെ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോഡി പറഞ്ഞത്, ഇതിനെ ഉദ്ദേശിച്ചായിരുന്നു. ഇനി, സമീപകാലചരിത്രം നോക്കുകയാണെങ്കിൽ, 1947-ൽ പാക്കിസ്ഥാൻ എന്ന മുസ്ലിം രാഷ്ട്രം നിലവിൽ വരികയും (ഒന്ന് നിർത്തി) പകുതിയോളം വരുന്ന മുസ്ലിങ്ങൾ ഇവിടെത്തന്നെ തുടരുകയും ചെയ്തതൊടെ, ഈ അപമാനം കൂടുതൽ അസഹ്യമായിത്തീർന്നു. തങ്ങളുടെ മുമ്പിൽ ഒരു ബദൽമാർഗ്ഗമുണ്ടെന്ന് അവർക്ക് തോന്നി. ഇന്ത്യയെ അവർക്ക് തങ്ങളുടെ വീടെന്ന് വിളിക്കുകയും ചെയ്യാം. ജീവിതം കൂടുതൽ മെച്ചപ്പെടുത്തണമെന്ന് തോന്നിയാൽ പാക്കിസ്ഥാനിലേക്ക് പോവുകയും ചെയ്യാം…കേക്ക് ഒരേസമയം കൈവശം വെക്കുകയും തിന്നുകയും ചെയ്യുക എന്ന് പറയില്ലേ, അതുപോലൊന്ന്..
മു.പ്ര: ഒബ്ജക്ഷൻ. വിഭജനാനന്തരം എന്താണ് സംഭവിക്കാൻ പോവുന്നതെന്ന് ഇന്ത്യയിലെ ഒട്ടുമിക്ക മുസ്ലിങ്ങൾക്കും അറിയുമായിരുന്നില്ല. കോൺഗ്രസ്സും മുസ്ലിം ലീഗും മൌണ്ട്ബാറ്റൻ പ്രഭുവുമാണ് പഞ്ചാബിനേയും ബംഗാളിനേയും വിഭജിച്ചത്. അതിൻറെ ഫലമായി ലാഹോറിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്കും, അമൃത്സർ, ലുധിയാന, ജലന്ധർ എന്നിവിടങ്ങളിലെ മുസ്ലിങ്ങൾ പാക്കിസ്ഥാനിലേക്കും ജീവൻ കൈയ്യിലെടുത്ത് പലായനം ചെയ്തു. കിഴക്കൻ, പശ്ചിമബംഗാളിനിടയ്ക്ക്, ധാക്കയും കൽക്കട്ടയ്ക്കുമിടയിലും സമാനമായ ഒരു പലായനമുണ്ടായി.
ഹി.പ്ര: വിഭജനം, ബിഹാറിനേയും ഉത്തർപ്രദേശിനേയും ദക്ഷിണേന്ത്യയേയും ബാധിച്ചില്ലെന്നാണ് എൻറെ പണ്ഡിതനായ സുഹൃത്ത് സൂചിപ്പിക്കുന്നതെന്ന് കോടതി ദയവായി മനസ്സിലാക്കണം. താലൂക്കുദാറുമാരിലും, ഇന്ത്യയിലെ ഭരണവർഗ്ഗത്തിലും അവധിലെ മുസ്ലിം രാജാക്കന്മാരിലും മുസ്ലിം ലീഗിന് ഗണ്യമായ പിന്തുണയുണ്ടെന്നായിരുന്നു ഞാൻ കരുതിയത്.
ജഡ്ജി (മുസ്ലിം പ്രതിനിധിയോട്): അതിനോട് പ്രതികരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? പക്ഷേ കഴിയുന്നത്ര ചുരുക്കി പറയുക.
മു.പ്ര: 1947-ലെ ഏതാനും ആയിരങ്ങളുടെ കഥ പറയാൻ എന്നെ അനുവദിക്കുക. യു.പി.യിലെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലായിരുന്നു കാസിം റാസ. മറ്റ് നിരവധി മുസ്ലിങ്ങളെപ്പോലെ അദ്ദേഹവും ഇന്ത്യയിൽ ജീവിക്കാൻ തീരുമാനിച്ചു. ഇൻസ്പെക്ടർ ജനറലാകേണ്ട ഊഴം അയാൾക്കായിരുന്നു. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് വല്ലഭ് പന്തിനെ സന്ദർശിച്ചു. അടുത്ത ഇൻസ്പെക്ടർ ജനറൽ താനാണെന്ന് ഔപചാരികമായി മുഖ്യമന്ത്രിയെ അറിയിക്കാനായിരുന്നു അദ്ദേഹം പോയത്. പന്ത്ജി റാസയോട് നയത്തിൽ പറഞ്ഞു, “പാക്കിസ്ഥാൻ എന്ന പേരിൽ പുതിയൊരു രാജ്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആ രാജ്യം അഭിവൃദ്ധിയും സ്ഥിരതയും പ്രാപിക്കണമെന്നുള്ളത് നമ്മുടെ താത്പര്യമാണ്. കാസിം റാസയെപ്പോലെ പരിചയസമ്പന്നനായ ഒരാളെ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാൻ അവർക്ക് സാധിക്കും”. അക്കാലത്ത് പാക്കിസ്ഥാന്റെ സെക്രട്ടേറിയറ്റ് കറാച്ചിയിലായിരുന്നു. കാസിം റാസ അങ്ങോട്ട് പോയി. പാക്കിസ്ഥാന്റെ ഇന്റലിജൻസ് ചീഫായി അദ്ദേഹം ഉയർന്നു. പക്ഷേ അദ്ദേഹത്തിൻറെ ആദ്യാനുരാഗം ഇന്ത്യയോടായിരുന്നു. മൊഹാജിർ അഥവാ, അഭയാർത്ഥി എന്ന് നിങ്ങൾ കറാച്ചിയിൽവെച്ച് കേൾക്കുകയാണെങ്കിൽ മനസ്സിലാക്കിക്കൊള്ളുക, ഈ വിധത്തിലാണ് പാക്കിസ്ഥാനിൽ ആ വിഭാഗം ഉണ്ടായിട്ടുള്ളത്.
തുടരും… അടുത്ത സീൻ ഒക്ടോബർ 17ന് വായിക്കുക.
തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ
പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ