A Unique Multilingual Media Platform

The AIDEM

Articles Cinema

കുടയുണ്ടായിട്ടും നനയുന്ന ചില മനുഷ്യർ!

  • October 7, 2022
  • 1 min read
കുടയുണ്ടായിട്ടും നനയുന്ന ചില മനുഷ്യർ!
പന്ത്രണ്ടാം വയസ്സിൽ അച്ഛനും അമ്മയും നഷ്ടപ്പെട്ട ഒരു ബാലൻ തഞ്ചാവൂരിലെ പൊയ്യുണ്ടാർകുടിക്കാട് എന്ന ഗ്രാമത്തിൽ നിന്നും ഏഴാം ക്ലാസിൽ പഠനമവസാനിപ്പിച്ച് ചെന്നൈയിലേക്ക് വണ്ടി കയറിയപ്പോൾ എത്തിപ്പെട്ടത് മോഷണക്കേസ് കുറ്റമാരോപിക്കപ്പെട്ട് ഒരു ജുവനൈൽഹോമിൽ. സംശയത്തിൻ്റെ പേരിൽ മാത്രം നിരപരാധികൾ കുറ്റവാളികളാകുന്ന അവിടെ നിന്നും പതിനഞ്ചു ദിവസത്തെ തുടർച്ചയായ മർദ്ദനമേറ്റപ്പോഴും ആ കുട്ടി സത്യത്തെ കൈവിട്ടില്ല. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങളിലൊരാൾ ആ പയ്യനെ തിരികെ നാട്ടിലെത്തിച്ചു. പക്ഷെ നാട്ടിലേക്ക് തനിക്കൊപ്പം തിരുടൻ എന്ന വിളിയും കൂടെ വന്നു.!
ആ വിളി അവന് സഹിക്കാനായില്ല. ദിവസങ്ങൾക്കു ശേഷം ആ പയ്യൻ വീണ്ടും മദ്രാസിലേക്കുതന്നെ നാടുവിട്ടു. ആ പോക്കിൽ തീരുമാനിച്ചതാണ് ഇനിയൊരു വരവ് ഈ ഗ്രാമത്തിലേക്കുണ്ടെങ്കിൽ അത് മെഴ്സിഡസ് കാറിൽ രാജകീയമായിത്തന്നെയായാരിക്കണമെന്ന്. അല്ലെങ്കിൽ ശവപ്പെട്ടിയിൽ!
പക്ഷെ എങ്ങനെ.?പിന്നീട് ആ പയ്യൻ കണ്ടതുമുഴുവൻ സ്വപ്നങ്ങളായിരുന്നു. യാഥാർത്ഥ്യമാവുമെന്ന് ഒരിക്കലും നിശ്ചയമില്ലാത്ത സ്വപ്നങ്ങൾ. തൻ്റെമാത്രം സ്വപ്നങ്ങളോടൊപ്പം കടുത്ത ദാരിദ്യത്തെയും കൂടി ചേർത്തുപിടിച്ച നാളുകളിൽ ആ ബാലൻ രണ്ടുവട്ടം റെയിൽവേ ലൈനിൽ ആത്മഹത്യക്കു ശ്രമിക്കുകയുണ്ടായി. മരണം പക്ഷെ അവനെ കൈവിട്ടു. പിന്നീട് മദ്രാസ് തെരുവുകളിൽ രാത്രിയിലുള്ള മാറിമാറിയുള്ള ഉറക്കം. ഒടുവിൽ അവിടുന്ന് അപ്രതീക്ഷിതമായി വന്നുചേർന്ന ഒരു പരിചയത്തിൽ അച്ഛൻ്റെ അഭിഭാഷക സുഹൃത്തിൻ്റെ വീട്ടിൽ  ക്ലീനിംഗ് ജോലി തരപ്പെട്ടു. ദിവസങ്ങളോളം അവിടെക്കഴിഞ്ഞു. മടുപ്പേറിയ ഒരു ദിവസം ടോയ്ലറ്റ് ക്ലീൻ ചെയ്യുന്നതിനിടെ അവിടുന്നവൻ ഇറങ്ങിപ്പോന്നു. പിന്നീടുള്ള ഉറക്കം നഗരത്തിലെ ജെമിനി ഫ്ലൈഓവറിനു താഴെ. തുറന്നിടാൻ ജനാലകളോ വാതിലുകളോ ഇല്ലാത്ത ഉലകം. കൂട്ടിന് ഏകാന്തത മാത്രം. അവിടുന്നുണ്ടായ കഠിനമായ വിശപ്പുകാരണം ഹോട്ടൽ അമരാവതിയിൽ നൂറ്റമ്പതു രൂപ മാസശമ്പളത്തിൽ പിന്നെ ആറുമാസത്തോളം വെയ്റ്ററായി മറ്റൊരു ജോലിയിലേക്ക്. ആദ്യ ശമ്പളം കിട്ടിയപ്പോൾ വർണ്ണാഭമായ ഒരു സിംഗപ്പൂർകൈലിയും ടീ ഷർട്ടും വാങ്ങാൻ ഇറക്കുമതി സാധനങ്ങൾ നിറഞ്ഞ മൂർ മാർക്കറ്റിലേക്ക് പോയ ആ പയ്യനെ പക്ഷെ ആകർഷിച്ചത് ഒരു കടയിൽ നിരനിരയായി വെച്ചിരിക്കുന്ന റഷ്യൻ നിർമ്മിത ക്യാമറകളായിരുന്നു. അതിനൊരു കാരണവുമുണ്ടായിരുന്നു. നാടുവിടുമ്പോൾ ഒരു ലുങ്കിക്കും ഷർട്ടിനും പുറമെ അവൻ്റെ കയ്യിലുണ്ടായിരുന്നത് ഒരു ഫോട്ടോ മാത്രമായിരുന്നു. തൻ്റെ അയൽപക്കത്തുനിന്ന് വിവാഹ ഫോട്ടോഗ്രാഫർ പകർത്തിയ ഔട്ട് ഓഫ് ഫോക്കസ്ഡ് ആയ സ്വന്തം അമ്മയുടെ ചിത്രം. ആ ചിത്രം എൻലാർജ് ചെയ്ത് അമ്മയുടെ ഓർമ്മകൾ തിരിച്ചുപിടിക്കാനുള്ള ശ്രമം നിരുത്തരവാദപരമായ ഒരു ക്യാമറാ ക്ലിക്കിനെക്കുറിച്ച് അവനിൽ അവബോധമുണ്ടാക്കി. ഒരു ജീവിതത്തിൻ്റെ മുഴുവൻ ശേഷിപ്പും ചിലപ്പോൾ ഒരു ചിത്രമായിരിക്കും. അതാണ് ഉത്തരവാദിത്തമില്ലാത്ത ആ ക്യാമറാക്ലിക്കിലൂടെ അവന് നഷ്ടപ്പെടുത്തിയത്. ഒരു ഫോട്ടോയ്ക്ക് ഒരു ജീവൻ്റെ വിലയുണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷങ്ങൾ. ആ ചിത്രത്തിലേക്ക് നോക്കുമ്പോഴെല്ലാം അവനിൽ ഫോട്ടോഗ്രാഫിയിലേക്ക് കൂടി താൽപര്യമുണ്ടായി. ആ താൽപര്യമാണ് മൂർ മാർക്കറ്റിലെ അവൻ്റെ നോട്ടം Zenit 6 എന്ന ക്യാമറയിലേക്കെത്തിച്ചത്.
എസ് രവിവർമൻ

കടക്കാരൻ ആയിരം രൂപ വിലപറഞ്ഞ ക്യാമറയ്ക്ക് വിലപേശി വിലപേശി അവസാനം നൂറ്റമ്പതു രൂപയ്ക്ക് അവനത് സ്വന്തമാക്കി. പിന്നെ ഫിലിം റോൾ വാങ്ങാൻ തൊട്ടടുത്ത മാസം വരെ ശമ്പളത്തിനായുള്ള കാത്തിരിപ്പ്. അവിടുന്ന് തുടങ്ങിയതാണ് ക്യാമറയോടുള്ള അവൻ്റെ പ്രണയം.ആ പഴയ പയ്യനാണ് കമേഴ്സ്യൽ സിനിമയിൽ ഇന്ന് പൊന്നുംവിലയുള്ള ഇന്ത്യൻ സിനിമാട്ടോഗ്രാഫർ എസ്.രവിവർമ്മൻ. ഒരു ഫിലിം സ്കൂളിൻ്റേയും പ്രായോഗികാനുഭവങ്ങളില്ലാതെ ചിത്രങ്ങളെടുത്തെടുത്തും പുസ്തകങ്ങൾ വായിച്ചുകൂട്ടിയും തളർന്നും വളർന്നും ഉന്നതിയിലേക്കെത്തിയവൻ. സിനിമയിൽ ഓഫീസ് ബോയിൽ തുടങ്ങിയ ആ ജീവിതമാണ് ഇങ്ങേയറ്റത്ത് ഇന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്സ്റ്റ്മാൻ മണിരത്നത്തിൻ്റെ കോടികൾ ചിലവഴിച്ചിട്ടുള്ള പൊന്നിയൻ ശെൽവനിലെ ഛായാഗ്രഹകനിൽ എത്തിനിൽക്കുന്നത്.! ബോളിവുഡിൽ വമ്പൻതാരങ്ങൾവരെ രവിവർമ്മൻ എന്ന ഛായാഗ്രഹകൻ്റെ ഡെയ്റ്റിനനുസരിച്ച് കാൾഷീറ്റുകൾ ക്രമീകരിക്കാൻ തയ്യാറാവുന്ന കാലത്തിലേക്കെത്തിയ സ്വപ്നങ്ങൾ.! ഇപ്പോളയാൾ ഛായാഗ്രഹകൻ മാത്രമല്ല. സംവിധായകൻകൂടിയാണ്. ഷാറൂഖ്ഖാൻ്റെ മകൻ ആര്യൻ തനിക്ക് സിനിമ പഠിക്കണമെന്ന് അച്ഛനോട് പറഞ്ഞപ്പോൾ മകനോട് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേരാനുള്ള ഉപദേശമല്ല അദ്ദേഹം കൊടുത്തത്. പകരം രവിവർമ്മൻ്റെ കൂടെ കുറച്ചുദിവസം അസിസ്റ്റൻറായി പോകൂ എന്നാണ്. അതെ; എസ്.രവിവർമ്മൻ.! ഇന്ത്യൻചിത്രകലയിൽ കാലം രാജാരവിവർമ്മയെ കേൾക്കുന്നതുപോലെ ചലച്ചിത്രകലയിൽ രവിവർമ്മനെന്ന് ഇപ്പോൾ കേൾപ്പിക്കുന്ന മനുഷ്യൻ. വിജനമേകാന്തഭീകരരാത്രിയിൽ നിന്നും ഇന്ന് ചലച്ചിത്രവചനങ്ങളിൽ പെരുമയുള്ള പേരുകളിലൊന്നായി മാറിയതിൻ്റെ പാടുകൾ നിറഞ്ഞ ക്യാമറക്കണ്ണുകൾ. അഭിനിവേശത്തിൻ്റെ പിന്നാലെ പായുമ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നു എന്നത് യാദൃശ്ചികതയല്ല ചില മനുഷ്യരിൽ അത് യാഥാർത്ഥ്യം തന്നെയാണ്.!

1999ൽ ടി.കെ.രാജീവ്കുമാറിൻ്റെ ജലമർമ്മരം എന്ന മലയാള ചിത്രത്തിലാണ് രവിവർമ്മൻ്റെ കരിയർ ആരംഭിച്ചതെന്നതിൽ മലയാളിക്ക് അഭിമാനിക്കാം. ദീർഘദൂര ഓട്ടത്തിന് ഇവിടുന്നൊരു ചരിത്രസാക്ഷ്യം! പിന്നീടദ്ദേഹം തമിഴ് തെലുങ്ക് ഹിന്ദി ഭാഷകളിലെ നിത്യസാന്നിദ്ധ്യമായി. ശാന്തം, അന്യൻ, വേട്ടയാട് വിളയാട്, ദശാവതാരം, ബർഫി,രാംലീല ,തമാശ തുടങ്ങി അവിസ്മരണീയ ദൃശ്യങ്ങൾ സമ്മാനിച്ച നിരവധി സിനിമകൾ.
ടി കെ രാജീവ് കുമാർ

കഥപറയാൻ സംവിധായകർ രവിവർമ്മനെത്തന്നെ ആഗ്രഹിക്കുന്നതിന് കാരണം മറ്റൊന്നുമല്ല. ക്യാമറാമാൻ കഥ പറച്ചിലിനിടയിലുണ്ടാക്കുന്ന വിസ്മയകരമായ ദൃശ്യങ്ങൾ തന്നെയാണ്. 2001 ൽ ദേശീയ പുരസ്കാരങ്ങൾ കിട്ടിയ ജയരാജിൻ്റെ ‘ശാന്തം’ എന്ന സിനിമയിലെ ക്ലൈമാക്സ് ഷോട്ട് ഒന്നുമതിയാകും ഈ ക്യാമറാമാൻ്റ മനോധർമ്മമെന്തെന്നറിയാൻ. ആ സന്ദർഭത്തെക്കുറിച്ച് രവിവർമ്മൻ തന്നെ പറഞ്ഞിട്ടുണ്ട്.
”കഥയിൽ രണ്ട് കഥാപാത്രങ്ങളുണ്ട്; ഒരാളെ കൊലപ്പെടുത്തിയ ഒരാൾ, അവനെ അന്വേഷിക്കുന്ന മറ്റൊരാൾ. അവർ രണ്ടുപേരും ഒരു നദിയുടെ വ്യത്യസ്‌ത വശങ്ങളിലാണ്. അവസാന രംഗത്തിൽ അവർ നദിയിൽ കണ്ടുമുട്ടുന്നു. ആ ദൃശ്യം ചിത്രീകരിക്കാൻ ഞങ്ങൾ ലൊക്കേഷനിൽ ചെന്നപ്പോൾ അവിടെ ഒരുപാട് തുമ്പികൾ പറന്നു നടക്കുന്നത് കണ്ടു. നമ്മൾ മരിച്ചതിനുശേഷം നമ്മുടെ ആത്മാവ് തുമ്പികളായി മാറുമെന്ന് നാട്ടിലൊരു വിശ്വാസമുണ്ട്. അതെൻ്റെ ഓർമ്മയിലേക്കിറങ്ങി. ഷൂട്ടിംഗ് തുടങ്ങുമ്പോൾ ഫ്രെയിമിൽ ഒരു ഡ്രാഗൺഫ്ലൈ വന്ന് എവിടെയെങ്കിലും ഇരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് ഒരാളുടെ കൈയിൽ ഇരിക്കില്ലായിരിക്കാം, അവസാനം, ഞാൻ വെറുതെ കാത്തിരുന്നു, ഷോട്ടിൽ ദൃശ്യമായ ചില കൊടുവാളുകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ക്യാമറ റോളിംഗ് ചെയ്തു. ഒടുവിൽ, ഒരു ഡ്രാഗൺഫ്ലൈ ആ ഷോട്ടിലേക്ക് പറന്നുവന്ന് വാളിൽ തുമ്പിൽ ഇരുന്നു,! അത് കണ്ടപ്പോൾ സംവിധായകനും അത്ഭുതപ്പെട്ടു. അങ്ങനെയാണ് അത് ശാന്തം എന്ന സിനിമയുടെ അവസാന ഷോട്ടായി മാറിയത്”
സംവിധായകൻ്റെ ഭാവനയിലില്ലാത്ത ഒരു ചിന്തയിൽ രവിവർമ്മൻ്റെതു മാത്രമായ ക്യാമറാച്ചലനങ്ങൾ. മരിച്ചവർ തുമ്പികളായിത്തീരുന്നുവെന്ന പൂർവ്വികരുടെ വിശ്വാസത്തിനെ തൻ്റെ  ക്യാമറയിലൂടെ സാക്ഷാത്കരിച്ചപ്പോൾ സംവിധായകൻ ആ സർഗവൈഭവത്തിനു മുമ്പിൽ അൽപനേരം ശാന്തനായിട്ടുണ്ടാവുമെന്നുറപ്പ്.!

പിന്നീട് ഒരു ഫിലിം ഫെസ്റ്റിവലിൽ നിന്ന് ശാന്തത്തിലെ ഈ ദൃശ്യവിസ്മയങ്ങൾ കണ്ടാണ് രവിവർമ്മനിലേക്ക് സംവിധായകൻ മണിരത്നമെത്തുന്നത്. ഒരിക്കൽ മദ്രാസ് തെരുവിൽ കിടന്നുറങ്ങിയെണീറ്റു പോകുമ്പോൾ താൻ കിടന്ന സിനിമാ പോസ്റ്ററിൽ അയാളുടെ പേരുണ്ടായിരുന്നു. മണിരത്‌നം.! ചലച്ചിത്രലോകത്ത് ക്യാമറാമാനെ മാന്യനാക്കിയ സംവിധായകൻ.

തന്നെ നിരന്തരം പുതുക്കുകയും പരീക്ഷണങ്ങൾക്ക് വിധേയനാക്കുകയും ചെയ്യുന്ന
സഞ്ജയ് ലീലാ ബൻസാലിക്കും അനുരാഗ് ബസുവിനും ഗൗതം മേനോനുമൊക്കെയടങ്ങിയ പ്രമുഖരോടൊപ്പം ക്യാമറ ചെയ്തെങ്കിലും സമ്പന്നമായ വിഷ്വൽ ഇമേജുകൾക്ക് കഥ പറച്ചിലിന് എന്തു ചെയ്യാൻ കഴിയുമെന്ന് കമേഴ്സ്യൽ സിനിമയ്ക്ക് കാണിച്ചു തന്ന മണിരത്നം തന്നെയാണ് രവിയുടെ പ്രിയപ്പെട്ട സംവിധായകൻ. മണിരത്നത്തിൻ്റെ പൊന്നിയൻ സെൽവനിലും രവിവർമ്മൻ ഇന്ത്യൻ സിനിമകണ്ട അഴകുള്ള അനേകം ദൃശ്യങ്ങൾ സാധ്യമാക്കിയിട്ടുണ്ട്.
ഐശ്യര്യാ റായും തൃഷയും ഐശ്യര്യാ ലക്ഷ്മിയും നിറഞ്ഞാടിയ സിനിമയിൽ ഒരിടത്തുപോലും അവരുടെ ഉടലഴകുകളിലേക്കല്ല രവിയുടെ ക്യാമറാ നോട്ടങ്ങളൊന്നും. ഈ സിനിമ വർണ്ണങ്ങൾകൊണ്ട് അയാൾ തീർക്കുന്ന ലോകം കൂടിയാണ്. സിനിമകളിലെ സമ്പന്നമായ ഈ ദൃശ്യവിസ്മയങ്ങളെക്കുറിച്ച് രവിവർമ്മനോട് ചോദിക്കുമ്പോൾ അയാൾ എപ്പോഴും തൻ്റെ ചെറുപ്രായത്തിൽ മരിച്ചുപോയ അമ്മയെക്കുറിച്ചാണ് പറയുക.
”എൻറെ അമ്മ പുഞ്ചിരിക്കുന്നത് ഒരിക്കലും ഞാൻ കണ്ടിട്ടില്ല, അതുകൊണ്ട് ക്യാമറാ വ്യൂഫൈൻഡറിലേക്ക് നോക്കുന്നതിന് മുമ്പ്, ഓരോതവണയും ഞാൻ കണ്ണുകൾ അടയ്ക്കുമ്പോൾ, അമ്മയുടെ ക്ഷീണിച്ച മുഖം കാണും. അതിനപ്പുറം നിന്ന് അവർ എന്നെക്കുറിച്ച് ആകുലപ്പെടുന്നതുപോലെ തോന്നും. അതിനാൽ, എന്റെ ഫ്രെയിമിൽ എപ്പോഴും കൂടുതൽ പ്രകാശവും കൂടുതൽ നിറങ്ങളും കാണാൻ ഞാൻ  ആഗ്രഹിക്കുന്നു”
അങ്ങനെ നോക്കിയാൽ ഒരിക്കൽ ഭംഗിയിൽ ആവിഷ്കരിക്കപ്പെടാതെ പോയ തൻ്റെ അമ്മയെ സകലമാന നിറങ്ങളും കൊണ്ട് അങ്ങേയറ്റം ആഡംബരത്തോടു കൂടി ചിത്രീകരിക്കാൻ രവിവർമ്മൻ നടത്തിയ ശ്രമങ്ങളായിരുന്നു ഇന്ത്യൻ സിനിമയ്ക്ക് ഇന്നോളമയാൾ തന്ന സിനിമാക്കാഴ്ചകളത്രയും.
അതെ; അയാൾ ക്യാമറയിലേക്കല്ല നോക്കുന്നത്. മറിച്ച് അയാളുടെ അമ്മയിലേക്കാണ്. അതുകൊണ്ടുതന്നെ ‘ശാന്തം’ എന്ന സിനിമയിൽ വാൾത്തലയ്ക്കറ്റം വന്നുനിന്ന തുമ്പി രവിവർമ്മന് തൻ്റെ അമ്മ തന്നെയാകാം.! അയാൾക്ക് മാത്രം കാണാനാവുന്ന അയാളുടെ അമ്മ.  അമ്മയിലേക്കുള്ള ഈ നോട്ടം ദൃശ്യങ്ങളിൽ നമുക്കാനന്ദം നൽകുന്നുണ്ടെങ്കിലും അയാൾക്ക് അമ്മ പിടിയൊഴിയാത്ത കഠിനമായ വേദനകളിലൊന്നാണ്. അമ്മയുടെ മരണമുണ്ടായ ആ രാത്രി എന്നും അയാളോടൊപ്പമുണ്ട്. അതിനെക്കുറിച്ച് ആ മകനിങ്ങനെ പറയുന്നു.
“ആ രാത്രി എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ഞാൻ നേരത്തെ ഉറങ്ങാൻ കിടന്നു. തണുപ്പുള്ളതിനാൽ രാത്രിയിലെപ്പോഴോ അമ്മ എൻറെ പുതപ്പ് എടുത്തപ്പോൾ ഞാൻ കരഞ്ഞു നിലവിളിച്ചു, അമ്മയ്ക്ക് ആ പുതപ്പ് കൊടുത്തില്ല. പിറ്റേന്ന് രാവിലെ ഞാൻ കളിച്ചു കൊണ്ടിരിക്കുമ്പോൾ ചേട്ടനാണ് ഓടി വന്നു പറഞ്ഞത് അമ്മ ഉറക്കത്തിൽ തണുത്തു മരിച്ചിരിക്കുന്നു എന്ന്.! അതിനുശേഷം ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നത് നിർത്തി. ഇപ്പോഴും ആ കുറ്റബോധത്തോടെയാണ് ഞാൻ ജീവിക്കുന്നത്. അന്ന് രാത്രി ഞാൻ കരഞ്ഞില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഇന്ന് അമ്മ എൻറെ കൂടെ ഉണ്ടാകുമായിരുന്നു ”.
ഇങ്ങനെ ഏത് കോണിൽക്കൂടി എസ്.രവിവർമ്മൻ എന്ന ഇന്ത്യൻ ഛായാഗ്രഹകനിലേക്ക് നോക്കിയാലും വേദനകളുടെ കടലിരമ്പം തന്നെ കാണാം. സിനിമയുടെ ആഘോഷങ്ങൾക്കിടയിലൊക്കെ ഇടയ്ക്കയാൾ ആ ഭൂതകാലത്തിലേക്ക് ഓടിമറയാറുണ്ട്. ഗൗതം മേനോൻ്റെ വേട്ടയാട് വിളയാട് എന്ന സിനിമയുടെ പ്രിവ്യൂകണ്ട് തമിഴിലെ മുൻനിര സിനിമാക്കാരെല്ലാം ക്യാമറാമാനെ അന്വേഷിച്ചപ്പോൾ മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത് അയാൾ കുട്ടിക്കാലത്ത് പട്ടിണികിടന്നുറങ്ങിയ ജെമിനി ഫ്ലൈഓവറിനു കീഴെ കുപ്പായമഴിച്ചുവെച്ച് കിടന്നുറങ്ങുകയായിരുന്നു. ഒരു പക്ഷേ കഠിനമായി തണുക്കാനും ആ തണുപ്പുതരുന്ന വേദനയേറ്റുവാങ്ങി ആത്മപീഡയിലൂടെ തൻ്റെ അമ്മയോട് മാപ്പു പറയുകയാവാം ആ മനുഷ്യൻ.
വർണ്ണപ്പൊലിമയുള്ള സിനിമയുടെ വെള്ളിവെളിച്ചത്തിലാണയാളെ നാം കാണുന്നതെങ്കിലും അയാളെപ്പോഴും അയാളുടെ ഭൂതകാലത്തിൽത്തന്നെയാണ്.
രവിവർമ്മൻ എന്ന് ഇപ്പോൾ നാം കേൾക്കുന്ന പേര് അയാൾക്ക് അയാളുടെ അമ്മ നൽകിയതല്ല.രവിവർമ്മൻ എന്ന പേരിനും ചോള സാമ്രാജ്യത്തിലെ അരുൾ മൊഴിവർമ്മൻ, കുലോത്തുംഗ വർമ്മൻ തുടങ്ങിയ പേരുകളോട് കടപ്പാടുണ്ട്. ഈ പേരുകളും അവരുടെ ധീരതയും ചേർന്ന പ്രചോദനമാണ് പിൽക്കാലം രവിയെ രവിവർമ്മൻ എന്ന പേരു മാറ്റത്തിലേക്ക് സ്വയമെത്തിച്ചത്. ഒരിക്കൽ ഈ പേരു കേട്ടപ്പോൾ രാജാ രവിവർമ്മയാണോ എന്ന് കളിയാക്കിയവർ ഏറെ. പക്ഷെ ഒഴിവുനേരം  ലോകപ്രശസ്ത ചിത്രകാരൻമാരായ റംബ്രണ്ടിൻ്റെയും പിക്കാസോയുടെയുമൊക്കെ ചിത്രങ്ങളിൽ ധ്യാനിച്ചിരിക്കുന്ന രവിവർമ്മനെ അവരാരും കണ്ടിട്ടുണ്ടാവില്ല.!
അത്തരത്തിലുള്ള ധ്യാനം കൂടിയാവും പൊന്നിയൻ സെൽവനിലെ പ്രധാനകഥാപാത്രങ്ങളെ വ്യത്യസ്തങ്ങളായ കളർടോണുകളിൽ അവതരിപ്പിക്കാൻ കാരണം. ആദിത്യകരികാലൻറെ വന്യമായ സ്വഭാവത്തിനനുസരിച്ചുള്ള ലൈറ്റിംഗ് ക്രമീകരണമല്ല സന്തോഷത്തിൽക്കഴിയുന്ന അരുൾമൊഴി വർമ്മനെ കാണിക്കുമ്പോഴുള്ളതെന്ന് കാഴ്ചയിൽ എളുപ്പം മനസിലാവും. കഥാപാത്രങ്ങളുടെ വികാരങ്ങൾക്കനുസരിച്ചാണ് അയാൾ പ്രകാശത്തെ ക്രമീകരിക്കുന്നത്.

ക്യാമറക്കണ്ണുകൾക്ക് മാത്രം വഹിക്കാവുന്ന വാക്കിന്റെ ആഴം പൊന്നിയൻ സെൽവനിനിലാകെ കാണാം. നോക്കൂ, ”പോവുന്ന വഴികളിൽ നിധിക്കൂമ്പാരമുണ്ട്.അതുകണ്ട് മയങ്ങിപ്പോകരുത് ” എന്ന് കൊട്ടാരത്തിന് പുറത്തേക്ക് വാതിൽ തുറന്ന് വന്തിയത്തേവനോട് നന്ദിനി പറയുന്ന വാക്കുകളിൽത്തന്നെ ചുറ്റിവരുന്ന വന്തിയത്തേവൻ്റെ ഒരു മറുപടിയുമുണ്ട്. അതിങ്ങനെയാണ്. ”ഞാനൊരു വൈരക്കിഴി തന്നെ കണ്ടു കൊണ്ടിരിക്കുകയല്ലേ ” തിരിച്ചവർ “‘എന്തേ മയങ്ങിപ്പോയോ!'”എന്ന്. ദൃശ്യങ്ങളിലേക്കെത്തുമ്പോൾ പലപ്പോഴും അർത്ഥം നഷ്ടപ്പെട്ടുപോകുന്ന ആകർഷകമായ ഈ വാക്യങ്ങൾ തിരക്കഥയിലെഴുതിവെക്കാനെളുപ്പമാണ്. അവിടുന്നത് ദൃശ്യമായി പരിണമിക്കുന്നിടത്താണ് സംവിധായകനും പ്രേക്ഷകരുമൊക്കെ ക്യാമറാമാൻ കാണിക്കുന്ന വിസ്മയം തിരിച്ചറിഞ്ഞിട്ടുണ്ടാവുക. വൈരക്കിഴി എന്ന ധ്വനിക്ക് ഐശ്വര്യാറായുടെ ക്ലോസപ്പിലൊരു തീമിനുക്കം. അഴകേറിയ വാക്യത്തിന് അതിലുമഴകേറിയ രവി’വർണ്ണ’ൻദൃശ്യങ്ങൾ! “എന്തേ മയങ്ങിപ്പോയോ” എന്ന് ആത്മവിശ്വാസത്തോടെ ഐശ്വര്യാറായ്ക്ക് ചോദിക്കാൻ കഴിഞ്ഞിട്ടുണ്ടാവുക തന്നെ പകർത്തുന്നത് രവിവർമ്മനായതു കൊണ്ട് മാത്രമായിരിക്കും.!
തീർച്ചയായും ആ ചോദ്യത്തിനെ സാധൂകരിക്കുന്നത് രവി വർമ്മൻറെ ക്യാമറക്കണ്ണുകളാണ്. അല്ലായെങ്കിൽ ആ ചോദ്യത്തോളം മുഴച്ചു നിൽക്കുന്ന മറ്റൊന്ന് ആ സിനിമയിലുണ്ടായേക്കാനിടയില്ല.
നാൽപ്പത്തൊമ്പത് കടന്നൊരു സ്ത്രീയുടെ ധാർഷ്ട്യം കലർന്ന ഈ ചോദ്യം ട്രോളുകളായി മുറിച്ചെടുക്കപ്പെട്ട് ന്യൂജൻ മീഡിയകളിലൂടെ വിലസുന്ന പുതിയ സിനിമാക്കാലത്താണ് നമ്മളുടെ കാഴ്ചാജീവിതം. ആ കാലത്തെ തോൽപ്പിക്കാൻ മാത്രം  കരുത്തനാണ് രവി വർമ്മൻ എന്ന ക്യാമറാമാൻ.
അത്തരം ദൃശ്യങ്ങളുടെ അലവടിവുകളെത്രയോ ആണ് പൊന്നിയൻ സെൽവനെ  തിരയഴകാക്കിമാറ്റിയത്.രവിവർമ്മനെ ക്യാമറാമാനായി വിളിക്കുന്ന സംവിധായകരെല്ലാം സിനിമയുടെ തിരക്കഥ മാസങ്ങൾക്ക് മുമ്പ് അയാളെയുമേൽപ്പിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിൻ്റെ കാരണവും മറ്റൊന്നായിരിക്കില്ല. എഴുത്തുകാരൻ്റെയും സംവിധായകൻ്റെയും ഭാവനയെ ദൃശ്യങ്ങളിലൂടെ പതിൻമടങ്ങ്‌ സർഗാത്മമായി തിരിച്ചു കൊടുക്കുന്നതുകൊണ്ടാവാമത്. ഉദാഹരണത്തിന് ഐശ്വര്യാ ലക്ഷ്മി അവതരിപ്പിച്ച പൂങ്കുഴലി എന്ന കഥാപാത്രം പൊന്നിയം സെൽവന് ‘സമുദ്രകുമാരി’യാണ്. സമുദ്രകുമാരി എന്ന് കേൾക്കുമ്പോൾ കടലഴകിനെയും പെണ്ണാഴകിനെയും ഒരുമിച്ചു ചേർത്തൊരു ദൃശ്യം സംവിധായകനൊപ്പം ക്യാമറാമാനും കൂടി ഭാവന ചെയ്തതാകണം ഈ ചിത്രത്തിൽ. ഒരു പക്ഷെ പൊന്നിയൻ സെൽവനിലെ ഏറ്റവും മികച്ച ദൃശ്യങ്ങളിലൊന്ന് കാർമേഘങ്ങളും മഴയും നിറഞ്ഞ നിലാവുള്ള രാത്രിയിൽ കടൽക്കോളിൽ നിന്ന് പായ്ക്കപ്പലിലേക്ക് പിടിച്ചുകയറുന്ന പൂങ്കുഴലിയുടേതാണ്. ശരിക്കും ഒരു സമുദ്ര കുമാരി. അച്ചടിക്കപ്പെട്ട വാക്കിന് ദൃശ്യം കൊണ്ടൊരുന്നതശൃംഗം.!കരുത്ത് ഒരു മാനദണ്ഡമായി പരിഗണിക്കുന്ന ഒരു കാലത്താണ് പൊന്നിയൻ ശെൽവൻ വരുന്നത്. സമീപകാല ബ്രഹ്മാണ്ഡ പടങ്ങളിലെല്ലാം ക്യാമറാമാൻമാർ ക്ലോസപ്പുകൾ ഉപയോഗിച്ചത് നെഞ്ചളവും മസിലും  ആൺകരുത്തും കാണിക്കാനായിരുന്നു.എന്നാൽ പൊന്നിയൻ സെൽവനിൽ നായകൻമാരിലേക്കും വില്ലൻമാരിലേക്കും നോക്കിയപ്പോൾ ഇത്തരം ദൃശ്യങ്ങളല്ല രവിവർമ്മന്റെ ക്യാമറ കാണുന്നത്.
ഇങ്ങനെയൊക്കെ നോക്കുമ്പോഴാണ് പൊന്നിയം സെൽവൻ ഒരു മണിരത്നം ചിത്രം മാത്രമല്ലെന്ന് നാമറിയുക. അതുകൊണ്ടാണ് ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷനിലൊക്കെ ക്യാമറാമാന്റെയും നിത്യസാന്നിദ്ധ്യമുണ്ടായിട്ടുണ്ടാവുക.പൊന്നിയൻ സെൽവൻ ഷൂട്ട് ചെയ്യാൻ തഞ്ചാവൂരിൻ്റെ കൊത്തുപണികൾക്കിടയിലൂടെ നടക്കുമ്പോൾ എസ്.രവിവർമ്മൻ എന്ന ഛായാഗ്രഹകൻ എന്തായിരിക്കാം ആലോചിച്ചിട്ടുണ്ടാവുക.?
ആയിരംരൂപ വില പറഞ്ഞ ക്യാമറ നൂറ്റമ്പതു രൂപയ്ക്ക് ഒരു ഹോട്ടൽ തൊഴിലാളിക്കു കൊടുത്ത മൂർമാർക്കറ്റിലെ കടക്കാരനറിഞ്ഞിട്ടുണ്ടാവുമോ മുഷിഞ്ഞ വസ്ത്രം ധരിച്ച ആ തൊഴിലാളിയിപ്പോൾ ഇന്ത്യൻ സിനിമയിൽ പൊന്നും വിലയുള്ള ക്യാമറാമാനാണെന്ന്.!
തഞ്ചാവൂരിൻറെ ദേശചരിത്രത്തെ പുനരാവിഷ്കരിക്കാനുള്ള ദൗത്യം  തനിക്കായിരിക്കുമെന്ന് ഒരിക്കൽ ആ തെരുവിൽ നിന്ന് ഓടിപ്പോയ കാലം മുതൽ രവിവർമ്മൻ ചിന്തിച്ചിട്ടുണ്ടാവില്ല. അങ്ങനെ നോക്കിയാൽ തിരിച്ചു വരവുകളുടെ മനുഷ്യചരിത്രത്തിൽ രവിവർമ്മൻ ഒരു വലിയ അധ്യായമാണ്.
ഇങ്ങനെ ചിലതു കൂടിയാണ് എസ്.രവിവർമ്മൻ.

ഇന്ന് പൊന്നിയൻ സെൽവനെ ഓർമ്മിക്കുമ്പോൾ നാം രവിവർമ്മനെയുമോർമ്മിക്കും. മുങ്ങിപ്പോകുമെന്ന് കരുതി ഒരിക്കൽ അരുൾമൊഴിവർമ്മനെ കാവേരി നദിയിലേക്കെറിയുകയും അവിടുന്ന് പൊന്നി എന്ന സ്ത്രീ രക്ഷിച്ചെടുത്തിയതിനു ശേഷം പൊന്നിയൻ സെൽവനെന്ന ചരിത്രപുരുഷനായെന്നത് കൽക്കി കൃഷ്ണമൂർത്തിയുടെ ഭാവനയാണെങ്കിൽ ഒരിക്കൽ അച്ഛനുമമ്മയും നഷ്ടപ്പെട്ട് അനാഥത്വത്തിലേക്ക് വലിച്ചെറിയപ്പെട്ട മറ്റൊരാൾ കാലം കാത്തുവെച്ച അത്ഭുതകരമായ വഴികളിലൂടെ ഉയർന്നു വന്ന് പൊന്നിയൻ സെൽവനെ ദൃശ്യവൽക്കരിച്ചു എന്നിടത്തെത്തുമ്പോഴാണ് ഈ സിനിമ റിയലിസത്തിൻ്റെ മറ്റൊരു മാജിക് വേർഷനാകുന്നത്. അങ്ങനെ നോക്കിയാൽ യഥാർത്ഥ പൊന്നിയൻ സെൽവൻ എനിക്കതിൻ്റെ ഛായാഗ്രഹകൻ കൂടിയാണ്.


A Ponniyin Selvan Behind the Camera

Click here to read this article in English.


Subscribe to our channels on YouTube & WhatsApp


About Author

വി. കെ. ജോബിഷ്

അധ്യാപകൻ, എഴുത്തുകാരൻ

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
1 year ago

Goosebumps. Tears . Smiles.

Rajeendra Kumar
Rajeendra Kumar
1 year ago

അതി മനോഹരമായ എഴുത്ത്. പുതിയ അറിവുകൾക്ക് ഒരു പാട് നന്ദി. അഭിനന്ദനങ്ങൾ ജോബിഷ്

Venu Edakkazhiyur
Venu Edakkazhiyur
1 year ago

സംവിധായകൻ ദൃശ്യവൽക്കരിക്കാൻ ഉദ്ദേശിച്ചതിൽ അപ്പുറം ക്യാമറമാൻ ചെയ്യുമ്പോൾ സംവിധായകൻ അപ്രസക്തനാകുകയും സിനിമ സംവിധായകന്റെ കല അല്ലാതായി മാറുകയും ചെയ്യുന്നു. അത് നല്ല പ്രവണതയല്ല. രവിവർമ്മൻ ക്യാമറകൊണ്ട് അത്ഭുതങ്ങൾ കാണിക്കുന്ന ആളാകാം, അത് സിനിമ ആവശ്യപ്പെടുന്നതാണോ, സംവിധായൻ വിഭാവനം ചെയ്തിട്ടുള്ളതാണോ എന്നതാണ് കാതലായ ചോദ്യം. അല്ലാത്ത പക്ഷം ആ സിനിമ ഒരു പരാജയമാണ് എന്ന് ഞാൻ തീർത്തു പറയും. പഥെർ പാഞ്ചലിക്കു വേണ്ടി സുബ്രതോ മിത്ര എടുത്ത അതിമനോഹരമായ ഷോട്ടുകൾ സത്യജിത് റായ് വേണ്ടെന്ന് വെച്ചത് ഓർമിക്കുക. സംവിധായകന്റെ കലയായ സിനിമ സിനിമട്ടോഗ്രാഫറുടെ കലയായി മാറുന്നത് നല്ല പ്രവണതയല്ല.
രവിവർമ്മന്റെ അത്ഭുതപ്പെടുത്തുന്ന ജീവിതത്തേക്കുറിച്ച് പറയാം, പറയേണ്ടതുമാണ്. പക്ഷെ അയാളുടെ പേരിൽ പേരിൽ സിനിമ അറിയാൻ തുടങ്ങുമ്പോൾ സൂക്ഷിക്കണം, അതൊരു കയ്യേറ്റമാണ്!

Jeenamma Mathew
Jeenamma Mathew
1 year ago

എത്ര നന്നായി എഴുതിയിരിക്കുന്നു.!!! അദ്ദേഹത്തിന്റെ ജീവിതം സിനിമക്ക് പറ്റിയ വളരെ നല്ല subject ആണല്ലോ. ഉറപ്പായും supeർ hit ആകും.