A Unique Multilingual Media Platform

The AIDEM

Articles Kerala Politics

കേരളത്തിലെ ഇടത് സർക്കാർ എന്തിനാണ് 93 വയസ്സുള്ള ഒരു വൃദ്ധനെ പേടിക്കുന്നത്?

  • July 30, 2023
  • 1 min read
കേരളത്തിലെ ഇടത് സർക്കാർ എന്തിനാണ് 93 വയസ്സുള്ള ഒരു വൃദ്ധനെ പേടിക്കുന്നത്?

രണ്ടു മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട, ഏഴു കൊല്ലം മുൻപ് നടന്ന ഒരു പോലീസ് ഏറ്റുമുട്ടലിൽ പ്രതിഷേധിച്ചതിന് കേരള പോലീസ്, സാമൂഹ്യ പ്രവർത്തകനും, മുൻ നക്സലൈറ്റുമായ 93 വയസ്സുള്ള ഗ്രോ വാസുവിനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചിരിക്കുന്നു. ജാമ്യവ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ഗ്രോ വാസു ജയിലിൽ പോകേണ്ടി വന്നത് എന്ന് സാങ്കേതികമായി ന്യായീകരിക്കാമെങ്കിലും വളരെ പഴയ ഒരു അറസ്റ്റ് വാറണ്ട്, അതും ഒരു പ്രതിഷേധ സമരവുമായി ബന്ധപ്പെട്ടത്, പോലീസ് ഇപ്പോൾ പൊടിതട്ടിയെടുത്തതിന്റെ സാംഗത്യം വ്യക്തമല്ല. ഏഴു കൊല്ലം മുൻപ് നടന്ന ആ പോലീസ് ഏറ്റുമുട്ടൽ, ഗ്രോ വാസു സമരം ചെയ്യാൻ കാരണമായ ആ പോലീസ് കൊല, അന്നുതന്നെ നിയമവ്യവസ്ഥക്കു പുറത്തുനടക്കുന്ന ഭരണകൂട കൊലപാതകം (Extra Judicial Killing) എന്ന നിലയ്ക്ക് മാധ്യമങ്ങളാലും, സാമൂഹ്യപ്രവർത്തകരാലും വിമർശിക്കപ്പെട്ടിരുന്നു. കൊലചെയ്യപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സൂക്ഷിച്ച കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്കു മുന്നിലാണ് 2016 നവംബറിൽ ഗ്രോ വാസുവും മറ്റു സാമൂഹ്യപ്രവർത്തകരും പ്രതിഷേധ സമരം നടത്തിയത്. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേട്ട് കോടതി അന്നദ്ദേഹത്തിനെതിരെ ഒരു അറസ്റ്റ് വാറണ്ട് പുറത്തിറക്കി. ഇന്നലെ (2023 ജൂലൈ 29) അദ്ദേഹത്തിന്റെ അറസ്റ്റിലേക്ക് നയിച്ചത് ഏഴു വർഷം പഴക്കമുള്ള ആ അറസ്റ്റ് വാറണ്ടാണ്. പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, നിയമവിരുദ്ധമായി സംഘം ചേരൽ എന്നിവയാണ് അദ്ദേഹത്തിൽ ചാർത്തപ്പെട്ട കുറ്റങ്ങൾ. ജാമ്യ വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിച്ചതിനാൽ ഇപ്പോൾ അദ്ദേഹത്തെ കോഴിക്കോട് സബ് ജയിലിൽ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.

ഗ്രോ വാസു കോടതിയിൽ

2016 നവംബർ 24 നാണ് നിലമ്പൂർ കാട്ടിൽ കുപ്പു ദേവരാജൻ, അജിത (കാവേരി) എന്നീ മാവോയിസ്റ്റ് നേതാക്കളെ ഒരു ‘ഏറ്റുമുട്ടലി’ൽ കേരള പോലീസ് വെടിവെച്ചു കൊന്നത്. അവരുടെ മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ എത്തിച്ചപ്പോൾ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു ഗ്രോ വാസുവും സുഹൃത്തുക്കളും സമരം ചെയ്യുകയാണ് ഉണ്ടായത്.

പാർശ്വവത്‌കൃതരും ശബ്ദമില്ലാത്തവരുമായ മനുഷ്യരുടെ പ്രശ്നങ്ങളിൽ ഇടപെടാൻ സദാ സന്നദ്ധനായ ഒരു സാമൂഹ്യപ്രവർത്തകൻ എന്ന നിലയിൽ ഗ്രോ വാസു കോഴിക്കോട് നഗരവാസികൾക്ക് സുപരിചിതനാണ്. എന്റെ മാധ്യമപ്രവർത്തനജീവിതത്തിൽ ഓർമ്മയുള്ള നാളുകൾ തൊട്ടു ഒരു ചെറിയ പീടികമുറിയിൽ താമസിക്കുന്ന വാസുവേട്ടനെ കാണുന്നതാണ്. അദ്ദേഹത്തിന്റെ ഗംഭീരമായ കൊമ്പൻ മീശയും, അദ്ദേഹവുമായി ഇണങ്ങി അവിടെ ഓടിനടന്നിരുന്ന മലയണ്ണാനും, എപ്പോഴും പ്രകാശനിർഭരമായി ചിരിക്കുന്ന മുഖവും, ഏതെങ്കിലുമൊരു നീതിനിഷേധത്തിലോ, മനുഷ്യാവകാശ പ്രശ്നത്തിലോ അഭിപ്രായം തേടി അവിടെ ചെല്ലുന്ന എന്നെപ്പോലുള്ള മാധ്യമപ്രവർത്തകർക്ക് കൗതുകവും ലാഘവവുമുള്ള ചില നല്ല നിമിഷങ്ങൾ സമ്മാനിച്ചു. കാൾ മാർക്സിന്റേയും, ലെനിന്റേയും, ബി.ആർ. അംബേദ്കറിന്റെയും, പി. കൃഷ്ണപിള്ളയുടെയും ചിത്രങ്ങളും, വാസുവേട്ടൻ പങ്കെടുത്ത അസംഖ്യം സമരങ്ങളുടെ ചിത്രങ്ങളും കൊണ്ട് നിറഞ്ഞവയാണ് ആ പീടിക മുറി വീടിന്റെ ചുമരുകൾ. ഒരു പഴയ ടി.വി., ഒരു മേശ, ഒരു കട്ടിൽ, ഇത്രയുമായാൽ അദ്ദേഹത്തിന്റെ ഭൗതിക സ്വത്തുക്കളുടെ ഏറെക്കുറെ പൂർണമായ ചിത്രമായി. നീതിപൂർവകമായ ഒരു സമൂഹ സൃഷ്ടിയോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധത ഞങ്ങളെയൊക്കെ സ്പർശിക്കാതിരുന്നിട്ടില്ല.

ഗ്രോ വാസു

അദ്ദേഹം നക്സലൈറ്റായിരുന്നു; 1960 കളിൽ. തിരുനെല്ലി നക്സലൈറ്റ് ആക്രമണം എന്ന പേരിൽ അറിയപ്പെടുന്ന, ഒരു ജന്മിയുടെ കൊലപാതകത്തിൽ കലാശിച്ച നക്സലൈറ്റ് കലാപത്തിൽ അദ്ദേഹം പങ്കെടുത്തിരുന്നു. അതിന്റെ പേരിൽ ഏഴു വർഷം ജയിലിൽ പോയി. സായുധ മാർഗ്ഗത്തിലൂടെ ഒരു മാർക്സിസ്റ്റ്-മാവോയിസ്റ്റ് വിപ്ലവം കൊണ്ടുവരാം എന്ന അവരുടെ തീരുമാനത്തിന് പ്രധാനപ്പെട്ട പ്രചോദനമായത് മാവോയിസ്റ്റ് സിദ്ധാന്ത പുസ്തകങ്ങളും, പെക്കിങ് റേഡിയോയുമാണ്. സി അച്യുതമേനോന്റെ നേതൃത്വത്തിലുള്ള അന്നത്തെ സർക്കാർ ആ കലാപത്തെ (വിപ്ലവ പരിശ്രമത്തെ) അടിച്ചമർത്തുകയും നേതാക്കളെ വർഷങ്ങളോളം ജയിലിൽ അടയ്ക്കുകയും ചെയ്തു. പ്രത്യയ ശാസ്ത്രത്തിന്റെ വിപ്ലവപക്ഷത്തും മറുപക്ഷത്തും നിന്ന ചിലർക്ക്, നിരപരാധികൾ ഉൾപ്പെടെ, ജീവനും നഷ്ടമായി. യാഥാർഥ്യബോധമില്ലാത്ത കാല്പനിക വിപ്ലവകാരികളായാണ് കേരളം സമൂഹം ഒറ്റപ്പെട്ട പോലീസ് സ്റ്റേഷൻ ആക്രമണങ്ങൾ നടത്തിയ, ഗ്രാമങ്ങൾ നഗരങ്ങളെ വളയുമെന്നും അങ്ങനെ ഒരു തുല്യനീതിയിലൂന്നിയ കമ്മ്യുണിസ്റ്റ് സമൂഹം സൃഷ്ടിക്കാമെന്നും കരുതിയ, ആ ചെറുപ്പക്കാരെ കണ്ടത്. എന്നാൽ ആ സംഘത്തിലെ പലരും പിൽക്കാലത്ത് ജനാധിപത്യ പ്രതിഷേധത്തിന്റെയും, പ്രവർത്തനത്തിന്റെയും വഴി തെരഞ്ഞെടുക്കുകയും കേരള സമൂഹത്തിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തു. ഗ്രോ വാസു അതിൽ ഒരാളാണ്.

1980 കളിൽ ഗ്രോ വാസു കോഴിക്കോട് മാവൂരിലെ ഗ്വാളിയോർ റയോൺസ് ഫാക്ടറി തൊഴിലാളികളുടെ സംഘടനയായ ഗ്വാളിയോർ റയോൺസ് ഓർഗനൈസേഷൻ ഓഫ് വർക്കേഴ്സ് (ഗ്രോ) എന്ന, ഒരു പക്ഷെ ചരിത്രത്തിൽ ആദ്യമായി സ്വന്തം കമ്പനി പൂട്ടിക്കാൻ സമരം ചെയ്ത ട്രേഡ് യൂണിയന്റെ, സമരങ്ങളിൽ സജീവമായി; അവയ്ക്ക് നേതൃത്വം നൽകി. മുളയിൽ നിന്നുണ്ടാക്കുന്ന ഫൈബർ ആയ റയോൺ ആയിരുന്നു ഈ കമ്പനി ഉത്പാദിപ്പിച്ചിരുന്നത്. 1958 ൽ ബിർള ഗ്രൂപ്പും കേരള സർക്കാരും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് പ്രതിദിനം 100 ടൺ പൾപ്പ് സംസ്കരിച്ചു റയോൺ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള കമ്പനി മാവൂരിൽ പ്രവർത്തനം തുടങ്ങിയത്. അക്കാലത്തു സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ പദ്ധതി ആയിരുന്നു ഇത്. നിലമ്പൂർ കാടുകളിൽ നിന്ന് വളരെ തുച്ഛമായ വില സർക്കാരിന് നൽകി മുള വെട്ടാനും സർക്കാർ കമ്പനിക്ക് അനുമതി നൽകി. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചയെ ഇത്തരം വൻകിട കമ്പനികൾ സഹായിക്കും എന്ന ധാരണയിലാണ് സർക്കാർ ഇതെല്ലാം ചെയ്തത്.

ചാലിയാർ പുഴയുടെ തീരത്താണ് ഫാക്ടറി സ്ഥാപിക്കപ്പെട്ടത്. ഇരു കരയിലുമുള്ള നിരവധി ഗ്രാമങ്ങളിലെ മുഴുവൻ ജനങ്ങളുടെയും കുടിവെള്ളവും ഉപജീവനവും ഈ പുഴയിൽ നിന്നായിരുന്നു. മീൻപിടുത്തവും കക്കവാരലും പ്രധാന ഉപജീവന മാർഗ്ഗങ്ങളായിരുന്നു. ഫാക്ടറിയിൽ നിന്നുള്ള മലിനീകരണവും, കടുത്ത പുകയും ക്രമേണ സമീപവാസികളുടെയും പുഴയോര ഗ്രാമങ്ങളുടെ മുഴുവനായും, ജീവനും, ഉപജീവനത്തിനും ഭീഷണിയാവാൻ തുടങ്ങി. പുഴയോര ഗ്രാമങ്ങളിൽ ക്യാൻസറും ശ്വാസകോശ രോഗങ്ങളും അസാധാരണമായി വർധിക്കുക കൂടി ചെയ്തതോടെ ഈ പ്രദേശത്തെ ജനതയും, ഒപ്പം പൊതുസമൂഹവും ഫാക്ടറി അടച്ചുപൂട്ടണം എന്ന ആവശ്യത്തിലേക്ക് നീങ്ങി. സമരങ്ങൾ ശക്തമായി. കമ്പനി നടത്തിയ തൊഴിലാളി ചൂഷണത്തിനെതിരായ ഗ്രോയുടെ സമരം കമ്പനിക്കെതിരായ ജനവികാരത്തോടൊപ്പം കൂടിക്കലരുകയായിരുന്നു. ഒടുവിൽ ഫാക്ടറി ശാശ്വതമായി പൂട്ടാൻ ഇടയാക്കിയ ആ സമരങ്ങളിൽ ഫാക്ടറി തൊഴിലാളികളെ നയിച്ച നേതാക്കളിൽ ഒരാൾ ഗ്രോ വാസു ആയിരുന്നു. ഗ്രോ വാസു എന്ന പേരും അങ്ങനെയാണ് അദ്ദേഹത്തിന്റെ യഥാർത്ഥ പേരിനേക്കാൾ അറിയപ്പെടാൻ തുടങ്ങിയത്.

കേരളത്തിൽ പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടങ്ങിയതും നക്സലൈറ്റ് കലാപകാലത്തായിരുന്നു. നക്സലൈറ്റ് പ്രസ്ഥാനത്തിൽ ഗ്രോ വാസുവിന്റെ സഹപ്രവർത്തകനായിരുന്ന വർഗീസിന്റെ കൊലപാതകം ആയിരുന്നു അതിൽ ആദ്യത്തേത്. 1970 ഫെബ്രുവരി 18 ന് വയനാട്ടിലെ തിരുനെല്ലി കാട്ടിലാണ് പോലീസ് വർഗീസിനെ വെടിവെച്ചു കൊന്നത്. ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ ദരിദ്രരിൽ ദരിദ്രരായ മനുഷ്യർക്കിടയിൽ വർഗീസ് നേടിയ സ്വീകാര്യതയും സ്നേഹവും വലുതായിരുന്നു. വർഗീസിന്റെ കൊല നടന്നു വളരെ വർഷങ്ങൾക്കു ശേഷം രാമചന്ദ്രൻ നായർ എന്ന പോലീസ് കോൺസ്റ്റബിൾ താനാണ് വർഗീസിനെ വെടിവെച്ചതെന്നും, അതൊരേറ്റുമുട്ടൽ ആയിരുന്നില്ല, പിടികൂടി മേലുദ്യോഗസ്ഥന്റെ ഉത്തരവ് പ്രകാരം വെടി വെച്ച് കൊല്ലുകയായിരുന്നു എന്നും വെളിപ്പെടുത്തിയപ്പോൾ കേരള സമൂഹത്തിൽ അത് വലിയ കോളിളക്കം സൃഷ്ടിച്ചു. കേസ് വീണ്ടും വിചാരണക്ക് വരികയും സി.ബി.ഐ കോടതി, കൊല്ലാൻ ഉത്തരവ് നൽകിയ ഉയർന്ന പോലീസ് ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയും ചെയ്തു.

കേരള പോലീസ് തണ്ടർബോൾട്ട് വിഭാഗം

ഇനി 2016 ലേക്ക് വരാം. കേരളത്തിൽ വീണ്ടും പോലീസ് ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ ഒരു പരമ്പര അരങ്ങേറുന്നു. യഥാർത്ഥത്തിൽ കേരളത്തിൽ ഒരു സാന്നിധ്യം പോലും അല്ലാത്ത, ചിലപ്പോഴൊക്കെ കേരളത്തിന്റെ അതിർത്തി വനങ്ങളിൽ തങ്ങാറുണ്ട് എന്ന് വാർത്തകൾ മാത്രം വരാറുള്ള, ആദിവാസികളുമായി ചിലപ്പോൾ ഇടപെടാറുണ്ട് എന്ന് റിപ്പോർട്ട് ചെയ്യപ്പെടാറുള്ള മാവോയിസ്റ്റുകൾ പല സംഭവങ്ങളിലായി കേരള പോലീസുമായുള്ള ‘ഏറ്റുമുട്ടലുകളി’ൽ കൊല്ലപ്പെടാൻ തുടങ്ങുന്നു. ഈ മാവോയിസ്റ്റുകളെ കുറിച്ച് മാധ്യമങ്ങളിൽ വന്ന പല നേരിട്ടുള്ള അനുഭവ കഥനങ്ങളിലും ആദിവാസികൾക്ക്, ‘അവർ അരി ചോദിച്ചു വന്നു’ എന്നൊക്കെയാണ് ആകെ പറയാനുള്ളത് എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.

കേരളത്തിലെ ഈ ഏറ്റുമുട്ടൽ കൊലപാതകങ്ങൾ നടത്തുന്നത് കേരള തണ്ടർബോൾട്ട്സ് എന്ന പ്രത്യേക കമാൻഡോ പോലീസ് വിഭാഗമാണ്. ഈ വിഭാഗം രൂപം കൊണ്ടതും അതിനു ശേഷം മാത്രം ഏറ്റുമുട്ടൽ കൊലപാതകങ്ങൾ തുടർക്കഥയാവുന്നതും കേരളത്തിലെ മനുഷ്യാവകാശ പൗര സംഘടനകളുടെ സംശയങ്ങൾ ബലപ്പെടുത്താൻ കാരണമായിട്ടുണ്ട്. 2008 ലെ മുംബൈ തീവ്രവാദ ആക്രമണത്തിന് ശേഷം കേന്ദ്ര സർക്കാർ ഇത്തരം പോലീസ് സേനാവിഭാഗങ്ങൾ രൂപീകരിക്കാൻ സംസ്ഥാനങ്ങൾക്ക് ധാരാളം ഫണ്ട് നൽകുകയും ആ ഫണ്ട് തുടർന്നും ലഭിക്കണമെങ്കിൽ ഉള്ളതിലും അധികമായി പെരുപ്പിച്ചു കാട്ടി തീവ്രവാദ ഭീഷണി ഉണ്ടെന്നു വരുത്തിത്തീർക്കണമെന്നും അതാണ് കേരളത്തിലെ ഏറ്റുമുട്ടലുകൾക്കു പിന്നിലെന്നും വിമർശകർ ആരോപിച്ചു. ഗ്രോ വാസു പ്രതിഷേധിച്ച ആ ഏറ്റുമുട്ടൽ കൊലപാതകത്തിനു പിന്നാലെ 2019 ൽ സി.പി. ജലീൽ എന്ന മാവിയിസ്റ്റ് നേതാവിനെയും, അതെ വർഷം തന്നെ പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിൽ മൂന്നു മാവിയോസ്റ്റ് പ്രവർത്തകരെയും ‘ഏറ്റുമുട്ടൽ’ കൊലപാതകങ്ങളിൽ തണ്ടർബോൾട്ട്സ് കമാൻഡോ സംഘം വെടിവെച്ചു കൊന്നു. ഇവയിൽ ചിലതിനെപ്പറ്റി സർക്കാർ അന്വേഷണം പ്രഖ്യാപിച്ചുവെങ്കിലും അന്വേഷണ റിപ്പോർട്ടുകൾ ഇതുവരെ പൊതുജനമധ്യത്തിൽ വന്നിട്ടില്ല.

അടുത്ത കാലത്തായി ഗ്രോ വാസു ഒരു ചെറു സംരംഭകൻ കൂടിയാണ്. അദ്ദേഹം സ്വന്തം കൈ കൊണ്ടുണ്ടാക്കുന്ന, ‘മാരിവില്ല്’ എന്ന് പേരിട്ട കുടകൾ വിൽക്കുന്നുണ്ട്. ഒരു ദിവസം 20 കുടകൾ അദ്ദേഹം നിർമ്മിക്കുന്നു എന്നാണ് വാർത്ത വന്നത്. ഇത് അദ്ദേഹത്തിന് ഒരു ഹോബിയല്ല, ഉപജീവനമാർഗ്ഗമാണ്.

ഗ്രോ വാസു

കേരള പോലീസ് ഇപ്പോൾ പറഞ്ഞയച്ചിരിക്കുന്ന ജയിൽ മുറിയിൽ അദ്ദേഹം സ്വസ്ഥനായിരിക്കും എന്നതിൽ സംശയമില്ല; അദ്ദേഹം സ്വയം തെരഞ്ഞെടുത്ത വാസസ്ഥാനവും അതിലധികം സുഖസൗകര്യങ്ങൾ ഉള്ളതല്ല. 93 വയസ്സുള്ള ഒരു വൃദ്ധനെ ജയിലിൽ അടക്കുകയും, അദ്ദേഹത്തിന്റെ ശബ്ദം കേൾപ്പിക്കാതിരിക്കുകയും ചെയ്തില്ലെങ്കിൽ കേരള സർക്കാരിനും പോലീസിനും ഉറക്കം നഷ്ടപ്പെടുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യമാണ് ഉയരുന്നത്.


About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.