A Unique Multilingual Media Platform

The AIDEM

Articles National Politics

ലെറ്റ് അസ് സീ…

  • May 13, 2024
  • 1 min read
ലെറ്റ് അസ് സീ…

മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രിം കോടതി വിധിയുടെ ചരിത്ര പ്രസക്തിയും സി.എച്ച് കണാരൻ എന്ന കമ്യൂണിസ്റ്റ് നേതാവിനെ വർഗീയവാദിയായി അവതരിപ്പിക്കാൻ നടന്ന ശ്രമത്തിൻ്റെ അന്തസാര ശൂന്യതയും ഇവിടെ വിശകലനം ചെയ്യപ്പെടുന്നു.


ഡൽഹി മദ്യനയക്കേസിൽ കെ. കവിതയുടെ ജാമ്യാപേക്ഷ നിരസിക്കപ്പെട്ടപ്പോൾ അഭിഭാഷകൻ കപിൽ സിബൽ സുപ്രിംകോടതിയിൽ നടത്തിയ പ്രസ്താവന അസാധാരണവും അതിനാൽ അവിസ്മരണീയവുമാണല്ലോ. ഈ കോടതിയുടെ ചരിത്രമെഴുതുമ്പോൾ അതിൽ ഈ കാലത്തെ സുവർണകാലമെന്ന് രേഖപ്പെടുത്തില്ല എന്നാണ് സിബൽ പ്രസ്താവിച്ചത്. കേസ് പരിഗണിച്ച മൂന്നംഗ ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജീവ് ഖന്ന ‘ലെറ്റ് അസ് സീ’ എന്ന അർഥഗർഭമായ വാക്കോടെ ആ ഫയൽ മടക്കിവെക്കുകയായിരുന്നു.

കെ. കവിതയും കപിൽ സിബലും

ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന കെ. ചന്ദ്രശേഖര റാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമാണ് കവിത. മദ്യനയക്കേസിൽ അറസ്റ്റിലായ അവർ നേരിട്ട് സുപ്രിംകോടതിയെ ജാമ്യത്തിനായി സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ വിചാരണക്കോടതിയിലാണ് നൽകേണ്ടത്, സുപ്രിംകോടതിക്ക് പരിഗണിക്കാനാവില്ല എന്നാണ് ജസ്റ്റിസ് സുന്ദരേഷ്, ജസ്റ്റിസ് ബേലാ എം. ത്രിവേദി എന്നിവർകൂടി അംഗങ്ങളായ ബെഞ്ചിന് വേണ്ടി അധ്യക്ഷൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞത്. ഈ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ സുപ്രിംകോടതിയിൽ ജാമ്യാപേക്ഷ നൽകാതെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാട്ടി ഹരജി നൽകിയതും ജാമ്യാപേക്ഷ ആദ്യം സെഷൻസ് കോടതിയിലും പിന്നീട് ഹൈക്കോടതിയിലും നൽകിയതും.

ഇപ്പോൾ കെജ്‌രിവാൾ തിഹാർ ജയിലിൽ നിന്ന് താൽക്കാലിക ജാമ്യത്തിലിറങ്ങി തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് അഭൂതപൂർവമായ തരംഗം സൃഷ്ടിക്കുകയാണ്. അന്ന് കപിൽ സിബലിനോട് നമുക്ക് കാത്തിരുന്ന് കാണാം എന്ന് പ്രതിവചിച്ച ജസ്റ്റിസ് ഖന്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് കെജ്‌രിവാളിന് ഇടക്കാലജാമ്യം നൽകിയത്.

ഇടക്കാല ജാമ്യത്തിൽ ഇറങ്ങിയ അരവിന്ദ് കെജ്‌രിവാൾ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ

ഇവിടെയാണ് കപിൽ സിബലിന്റെ സുവർണകാല പ്രസ്താവനയും നമുക്ക് കാണാം എന്ന മറുപടിയും ശ്രദ്ധേയമാകുന്നത്. അരവിന്ദ് കെജ്‌രിവാളിന് ഇടക്കാലജാമ്യം നൽകിയത് കേസിൽ കുറ്റവിമുക്തനാക്കിയിട്ടല്ല എന്നും ഇപ്പോഴും കെജ്‌രിവാൾ, പ്രതിയാണ്, കുറ്റാരോപിതനാണ് എന്നും കേന്ദ്രഭരണകക്ഷിനേതാക്കൾ നൂറ്റൊന്നാവർത്തിച്ച് ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്. ഉപാധികളോടെയാണ് ജാമ്യമെന്നും. അതുകേട്ടാൽ തോന്നുക സാധാരണയായി ക്രിമിനൽ കേസുകളിൽ ജാമ്യം നൽകുന്നത് പ്രതിയെ കുറ്റവിമുക്തനായി പ്രഖ്യാപിച്ചുകൊണ്ടാണെന്നാണ്. ഏതുകേസിലും ജാമ്യം നൽകുന്നത് കുറ്റമുക്തനാക്കിയിട്ടല്ല, ഉപാധികളോടെ മാത്രമേ ജാമ്യം അനുവദിക്കാറുള്ളുതാനും.

എന്നാൽ കേസ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സുപ്രിംകോടതിയെ സമീപിച്ച കെജ്‌രിവാളിന് തിരഞ്ഞെടുപ്പ് പ്രചരണത്തിനായി വോട്ടെടുപ്പ് കഴിയുന്നതുവരെ ജാമ്യം നൽകാൻ സുപ്രിംകോടതി സ്വമേധയാ മുന്നോട്ടുവന്നുവെന്നത്- യാദൃഛികമെങ്കിലും കപിൽ സിബലിനോട് ജസ്റ്റിസ് ഖന്ന പറഞ്ഞ ‘ലെറ്റ് അസ് സീ’ എന്ന വാക്യത്തിന്റെ അർഥം- ജനാധിപത്യത്തെയും ഭരണഘടനയെയും തകർക്കുന്നതിന് കേന്ദ്രസർക്കാർതന്നെ ചില ഇത്തിൾകണ്ണികളായ ഏജൻസികളെ ഉപയോഗിച്ച് നടത്തുന്ന കൈവിട്ടകളികൾ അഭംഗുരം തുടരാൻ അനുവദിക്കില്ലെന്ന പ്രഖ്യാപനം ഉൾചേർന്നതാണ്. സുപ്രിംകോടതിയുടെ ചരിത്രമെഴുതുമ്പോൾ കാലം സുവർണമോ അല്ലയോ എന്നല്ല, സുവർണമായ ചില തേജപുഞ്ജങ്ങൾ കെടാതെ നിൽക്കുന്നുവെന്നതിന്റെ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്ന നടപടി. തിരഞ്ഞെടുപ്പുകൾ ജനാധിപത്യത്തിന്റെ ഊർജസ്രോതസ്സാണ്. അടുത്ത അഞ്ചുവർഷത്തേക്ക് ഇന്ത്യൻ ജനാധിപത്യത്തെ നയിക്കുന്നതിനുള്ള ഒരു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ തലസ്ഥാന സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും ദേശീയ രാഷ്ട്രീയനേതാവുമായ ഒരാളെ തടങ്കലിൽ വെച്ച് അയാളുടെ രാഷ്ട്രീയസ്വാതന്ത്ര്യത്തെ ഹനിക്കുന്നത് ശരിയല്ലെന്നാണ് ജസ്റ്റിസ് ഖന്ന പ്രഖ്യാപിച്ചത്. ഡൽഹി മദ്യനയക്കേസിൽ കെജ്‌രിവാളിനെ പ്രതിയായി ഇ.ഡി. ആരോപിക്കുന്നത് ഒന്നരക്കൊല്ലം മുമ്പാണ്. ഇത്രയും കാലമായിട്ടും, ആ കേസിൽ അര ഡസനിലേറെ അനുബന്ധകുറ്റപത്രങ്ങൾ നൽകിയിട്ടും കെജ്‌രിവാളിനെതിരെ കുറ്റം ചുമത്തിയിട്ടില്ല, എന്നിട്ടും തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് അഞ്ചുദിവസത്തിനുശേഷം കെജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. മുഖ്യമന്ത്രിസ്ഥാനം രാജിവെക്കാതെ അദ്ദേഹം ജയിലിൽ കഴിയുന്നു. കേസ് രജിസ്റ്റർചെയ്ത് ഒന്നരക്കൊല്ലം അറസ്റ്റ് ചെയ്യാതെ തിരഞ്ഞെടുപ്പുപ്രവർത്തനം മൂർധന്യത്തിലെത്തിയ ഘട്ടത്തിൽ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത് തികച്ചും രാഷ്ട്രീയപ്രേരിതമാണെന്നും അന്യായമാണെന്നും പറയാതെ പറയുകയാണ് പരമോന്നതനീതിപീഠം.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അമിതാധികാരപ്രയോഗം നടത്തുകയാണെന്ന് കോടതികൾ നേരിട്ടും പരോക്ഷമായും പലതവണ താക്കീത് നൽകിയതാണ്. എന്നിട്ടും കേന്ദ്രസർക്കാർ വിഷംപുരട്ടിയ ആ ആയുധം എതിരാളികൾക്കെതിരെ ദുരുപയോഗിക്കുകയായിരുന്നു. എന്തും ചെയ്യാനും എന്തും പറയാനും മടിയില്ലാത്ത ഒരു ഏജൻസിയെന്നാണ് പ്രതിപക്ഷവും ജനാധിപത്യവാദികളും ആ ഏജൻസിക്കെതിരെ ഉന്നയിക്കുന്ന ആരോപണം. ആധാരത്തിൽ പ്രശ്നമുള്ള സ്ഥലങ്ങൾ, തർക്കഭൂമികൾ എന്നിവ ചുളുവിലയിൽ തട്ടിയെടുക്കാൻ നോക്കുന്ന റിയൽ എസ്റ്റേറ്റ് മാഫിയകളുണ്ടല്ലോ. അവർക്ക് ക്വട്ടേഷൻ സംഘങ്ങളാണ് കൂട്ടിന്. പ്രതിപക്ഷത്തെ മുൻ ഭരണാധികാരികളായ നേതാക്കൾ ജനപ്രതിനിധികൾ എന്നിവരെ കേസുകാട്ടി ഭീഷണിപ്പെടുത്തി കേന്ദ്രഭരണകക്ഷിയിലേക്ക് കൂറുമാറ്റുക, കൂറുമാറുകയാണെങ്കിൽ കേസ് പിൻവലിക്കുകയോ അയച്ചുവിടുയോ ചെയ്യുക, കൂറുമാറുന്നില്ലെങ്കിൽ കേസുണ്ടാക്കുകയോ ഉള്ളത് മുറുക്കുകയോ ചെയ്യുക- ഇത്യാദി കാര്യങ്ങളിലാണ് ഈ ഏജൻസികളുടെ വമ്പെന്നാണല്ലോ പ്രതിപക്ഷത്തിന്റെ ആരോപണം.

ഏതായാലും കെജ്‌രിവാളിനെതിരെ ഇ.ഡി. കോടതിയിൽ ഉന്നയിച്ച ആരോപണം അദ്ദേഹം ജയിലിനകത്തിരുന്ന് മാങ്ങ തിന്നുകൊണ്ടേയിരിക്കുന്നുവെന്നാണ്. ജാമ്യം നിഷേധിക്കുന്നതിനുള്ള കാരണമായാണ് മാമ്പഴ പ്രശനം കോടതിമുമ്പാകെ എത്തിച്ചത്. ഒന്നരമാസത്തിനിടയിൽ മൂന്ന് ദിവസം കെജ്‌രിവാൾ ഊണിന്ശേഷം മാങ്ങാപ്പൂൾ തിന്നുവത്രെ… മാങ്ങ തിന്നത് അതിനോടുള്ള ഇഷ്ടംകൊണ്ടല്ല, പിന്നെയോ തന്റെ പ്രമേഹം വർധിപ്പിക്കാൻ. പ്രമേഹം വർധിച്ചാൽ ചികിത്സക്കുവേണ്ടിയെന്ന പേരിൽ ജാമ്യം കിട്ടിയേക്കാം… അതിനായി മാങ്ങ വാരിവലിച്ചുകയറ്റുകയാണ് കെജ്‌രിവാൾ… തിഹാർ ജയിലിൽ മാങ്ങയായിട്ട് നടക്കാനാവാത്ത അവസ്ഥയാണ്… ഇതാണ് ഇ.ഡി.യുടെ മാങ്ങാന്യായം. ഭാവിയിൽ ഇത് ഇന്ത്യൻ ജനാധിപത്യത്തിലെ മാങ്ങാ പ്രശ്നമായി അറിയപ്പെടാനും മതി. കെജ്‌രിവാളിനെ ഒരുകാരണവശാലും പുറംലോകം കാണിക്കരുതെന്ന വാശിയോടെയാണല്ലോ കേന്ദ്ര സർക്കാർ കളിച്ചത്. ഇ.ഡിയുടെ കേസിന് പുറമെ സി.ബി.ഐയുടെ കേസ്. ജാമ്യം ഏതെങ്കിലും വിധത്തിൽ കിട്ടുകയാണെങ്കിൽ ജയിലിന് പുറത്തുനിന്ന് വീണ്ടും അറസ്റ്റ് ചെയ്യാൻ എൻ.ഐ.എയുടെ കേസ്. ഖാലിസ്ഥാൻ വാദികളിൽ നിന്നുള്ള സംഭാവന ആപ്പിന് കിട്ടി, ആ പണത്തിൽ നിന്നുള്ള കുറെ രൂപയാണ് ഗോവയിൽ കുറേക്കാലം മുമ്പ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയപ്പോൾ കെജ്‌രിവാൾ താമസിച്ച ഹോട്ടലിൽ ബിൽ തുകയായി നൽകിയത്- അങ്ങനെ ആരോപിച്ചാണ് എൻ.ഐ.എ. കേസ്. സുപ്രിംകോടതി ഇടക്കാല ജാമ്യം നൽകിയേക്കാമെന്ന സൂചനലഭിച്ചപ്പോൾത്തന്നെ കേന്ദ്രഭരണകക്ഷി ഉണർന്നു പ്രവർത്തിച്ചു. ചൊല്പടിക്കാരനായ ലഫ്റ്റനന്റ് ഗവർണറെക്കൊണ്ട് കെജരിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ എൻ.ഐ.എ.ക്ക് അനുമതി നൽകിച്ചു.

പക്ഷേ കളികളെല്ലാം താൽക്കാലികമായെങ്കിലും പാളി. കെജ്‌രിവാൾ പുറത്തുവന്ന് ഒറ്റദിവസംകൊണ്ടുതന്നെ രംഗം കയ്യടക്കി. അമിത്ഷായെ പ്രധാനമന്ത്രിയാക്കാനാണ് ബി.ജെ.പി വോട്ടുചോദിക്കുന്നതെന്നും യോഗി ആദിത്യനാഥിനെ തഴയുമെന്നും അദ്വാനിയുടെയും മുരളീമനോഹർ ജോഷിയുടെയും അനുഭവം വിവരിച്ച് കെജ്‌രിവാൾ യുക്തിയുക്തം അടിച്ചപ്പോൾ കൊള്ളേണ്ടിടത്തുകൊണ്ടു. തിരഞ്ഞെടുപ്പ് പ്രചരണത്തിൽ അത് പുകഞ്ഞുകത്തുമെന്നാണ് തോന്നുന്നത്…

പറഞ്ഞുവന്നത് കപിൽ സിബലിന്റെ പ്രസ്താവനയെയും ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ പ്രതിവചനത്തെയും കുറിച്ചാണല്ലോ. സുപ്രിംകോടതിയിലെ ഈ സംഭവത്തിന് ശേഷം രണ്ടു ഒപ്പിയാൻ പ്രസ്ഥാനങ്ങളുണ്ടായി. ഹരീഷ് സാൽവെയടക്കമുള്ള 600 വക്കീലന്മാരാണ് ആദ്യത്തെ ഒപ്പിയാന്മാർ. നീതിപീഠത്തെ സ്ഥാപിതതാല്പര്യക്കാരിൽ നിന്നും ദുഷ്ട ശക്തികളിൽ നിന്നും സംരക്ഷിക്കാനെന്ന പേരിൽ ചീഫ് ജസ്റ്റിസിനാണ് കത്ത്. കോടതിവിധികളെ സെലെക്ടിവായി പ്രശംസിക്കുന്നുവെന്ന കൊടും അപരാധവും വക്കീലന്മാർ ഉന്നയിച്ചു. കത്തിന്റെ വിവരം പുറത്തവരേണ്ട താമസം സാക്ഷാൽ നരേന്ദ്രമോദി അത് വായിച്ച് തന്റെ അഭിനന്ദനപ്രസ്താവനയോടൊപ്പം നൂലിട്ടുകെട്ടി പ്രചരിപ്പിക്കുകയും… തീർന്നില്ല, അതാ വരുന്നൂ അടുത്ത കത്ത് സുപ്രിംകോടതിയിലെയും ഏതാനും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാരാണ് പുതിയ ഒപ്പിയാന്മാർ. 600 വക്കീലന്മാർ എന്ന ജനുസ്സിന്റെ അതേ വഴിക്കുതന്നെയാണ് മുൻ ജഡ്ജിമാരുടെ കത്തിലെ ഉള്ളടക്കവും. അതും ചീഫ് ജസ്റ്റിസിന്. സുപ്രിംകോടതിയെ സമ്മർദത്തിലാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നാരോപിച്ച് കടുത്ത സമ്മർദത്തിലാക്കാൻ നോക്കുക- അതായിരുന്നു ഒപ്പിയാന്മാരുടെ കത്തിലെ ശ്രമമെന്ന് നിരീക്ഷിക്കപ്പെട്ടു. ആരോപണമുയർന്നു. 600 വക്കീൽ കത്തിൽ ഒപ്പിടീക്കലിന് നേതൃത്വം നൽകിയവരിലൊരാൾ സുപ്രിംകോടതിയിലെ ബാർ അസോസിയേഷൻ തലവൻതന്നെയാണ്. അദ്ദേഹമാണ് കുറച്ചുനാൾ മുമ്പ് രാഷ്ട്രപതിക്ക് ഒരു കത്തയച്ചത്.

ഇലക്ടറൽ ബോണ്ടാണ് വിഷയം. ഇലക്ടറൽ ബോണ്ട് നിയമവിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാബെഞ്ച് വിധിച്ചപ്പോഴാണ് പലർക്കും പുകച്ചിൽ തുടങ്ങിയത്. സുപ്രിംകോടതിയുടെ ആ വിധി റദ്ദാക്കണമെന്ന വിചിത്രമായ ആവശ്യമുയർത്തിയാണ് സുപ്രിംകോടതിയിലെ ബാർ അസോസിയേഷൻ പ്രസിഡന്റ് രാഷ്ട്രപതിക്ക് കത്തെഴുതിയത്. അതിന്റെ തുടർച്ചയാണ് 600 വക്കീൽ കത്ത്- അതിന്റെ അനുബന്ധമാണ് മുൻ ജഡ്ജിമാരുടെ കത്ത്. ജഡ്ജിമാരുടെ കത്തെഴുത്തിന്റെ നേതാക്കൾ മുൻ ജസ്ററിസുമാരായ ദീപക് വർമ, കൃഷ്ണമുരാരി, ദിനേശ് മഹേശ്വരി, എം.ആർ. ഷാ എന്നിവരൊക്കെയാണ്. കൃത്യം ഒരുവർഷം മുമ്പുവരെ സുപ്രിംകോടതിയിലെ ജഡ്ജിയായിരുന്നു ജസ്റ്റിസ് എം.ആർ ഷാ.

ജസ്റ്റിസ് എം.ആർ ഷാ

സുപ്രിംകോടതിയിൽ നിയമിക്കപ്പെടുന്നതിന് ഏതാനും മാസം മുമ്പ് പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ മുക്തകണ്ഠം പുകഴ്ത്തി സവിശേഷ ശ്രദ്ധയിലെത്തുകയുണ്ടായി അദ്ദേഹം. പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട കേസുകളിൽ അദ്ദേഹത്തിന്റെ നിലപാടുകൾ വിമർശിക്കപ്പെട്ടിട്ടുണ്ട്. മാവോവാദിയെന്ന പേരിൽ ഭീമാ കൊറെഗാവ് കേസിൽ ജയിലിലടച്ച പ്രൊഫ. ജി.എൻ. സായിബാബയെ ബോംബെ ഹൈക്കോടതി ജയിൽ മുക്തനാക്കിയപ്പോൾ മഹാരാഷ്ട്ര സർക്കാർ സുപ്രിംകോടതിയെ സമീപിച്ചു. ജസ്റ്റിസ് എം.ആർ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഭിന്നശേഷിക്കാരനായ പ്രൊഫ. സായിബാബയെ വീണ്ടും കാരാഗൃഹത്തിലടച്ചത്.

ഏതായാലും തൽക്കാലം കപിൽ സിബലിന്റെ അഭിപ്രായം പിൻവലിക്കുകയല്ലെങ്കിൽ മാറ്റിവെക്കുകയെങ്കിലും ചെയ്യേണ്ടതാണ്. ഉഷ്ണതരംഗമാണ് ചുറ്റുമെങ്കിലും ശീതള ഛായയുമുണ്ടാകാം അതിനിടയിൽ. സ്ഫുടതാരകൾ കൂരിരുട്ടിലുണ്ടിടയിൽ ദ്വീപുകളുണ്ട് സിന്ധുവിൽ എന്ന് കുമാരനാശാന്റെ സീത ആശ്വസിച്ചുവല്ലോ… അതുപോലെ… പക്ഷേ ‘ലെറ്റ് അസ് സീ’ എന്ന സുപ്രിംകോടതിയുടെ വചനത്തിന്റെ അർഥതലങ്ങൾ ദൂരവ്യാപിയായതിനാൽ ഒരു നിശ്ചയമില്ലയൊന്നിനും വരുമോരോ ദശ വന്നപോലെ പോം എന്നേ പ്രതീക്ഷിക്കാനാവൂ. അവിടെയും സന്ദേഹമുണ്ടാകാം… വന്നപോലെതന്നെ പോകുമോ എന്നതിലെ സന്ദിഗ്ധത.

***

ജാതിക്കും മതവിദ്വേഷത്തിനുമെതിരെ പോരാടിക്കൊണ്ടാണ് സി.എച്ച്. കണാരൻ രാഷ്ട്രീയപ്രവർത്തനത്തിലേക്ക് വന്നത്. യുക്തിവാദ പ്രചരണമാണദ്ദേഹം ആദ്യകാലത്ത് നടത്തിയത്. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ യുദ്ധപ്രഖ്യാപനം നടത്തിക്കൊണ്ട് 1935-ൽ തലശ്ശേരിയിൽ നടത്തിയ, ചരിത്രപ്രസിദ്ധമായ യുവജനസാഹിത്യസമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്നു സി.എച്ച്. കണാരൻ. ജാതീയതക്കും വർഗീയതക്കുമെതിരെ, മതവുമായി ബന്ധപ്പെട്ട അനാചാരങ്ങൾക്കെതിരെ, ജീർണ വിശ്വാസങ്ങൾക്കെതിരെ പൊരുതിയ പ്രതിഭാശാലിയായ വിപ്ലവകാരിയാണ് സി.എച്ച് കണാരൻ.

സി.എച്ച് കണാരൻ

1952-ൽ മദിരാശി നിയമസഭയിൽ അഗമായിരുന്നു അദ്ദേഹം. അങ്ങനെയുള്ള സി.എച്ച് കണാരൻ 1957-ൽ നാദാപുരത്ത് മത്സരിക്കുമ്പോൾ തന്റെ ജാതി പറഞ്ഞ് പ്രചരണം നടത്തിയെന്ന അസംബന്ധം ചില ചാനലുകളിലെ അവതാരകർ ഇക്കഴിഞ്ഞദിവസം പ്രചരിപ്പിച്ചത് വലിയ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണല്ലോ. ആരാണ് സി.എച്ച്. എന്നറിയാത്ത പുതിയ തലമുറയിൽപ്പെട്ടവരെ തെറ്റിദ്ധരിപ്പിക്കാനാവണം ആ പ്രചാരണം. 1957-ൽ നിയമസഭയിലേക്ക് ജയിച്ച സി.എച്ചാണ് ഇന്ത്യക്കാകെ മാതൃകയായയതും കേരളത്തിലെ മാനവവികസനത്തിന്റെ ആണിക്കല്ലുമായ ഭൂപരിഷ്കരണത്തിന്റെയും കുടിയൊഴിപ്പിക്കൽ തടയുന്നതിന്റെയെല്ലാം നിയമമുണ്ടാക്കുന്നതിന് ഏറ്റവും വലിയ സംഭാവന ചെയ്തതെന്നറിയാത്തവരെ തെറ്റിദ്ധരിപ്പിക്കാൻ നടത്തിയ കുത്സിത ശ്രമം. 52 വർഷം മുമ്പ് അന്തരിച്ച സ്വാതന്ത്ര്യസമരനായകരിലൊരാളായ നേതാവിനെ അധിക്ഷേപിച്ചതിൽ ആ പ്രചാരകർ ഖേദം പ്രകടിപ്പിക്കാത്തത് മാധ്യമസംസ്കാരം എവിടെവരെയെത്തിയെന്നതിന്റെ സൂചനയാണ്. രണ്ട് ചാനലുകൾക്ക് ഈ അസംബന്ധം ചോർന്നുകിട്ടിയതല്ല, വടകരയിലെ ആർ.എം.പിയുടെ കൊയിലാണ്ടിയിലെ സഹയാത്രികനേതാവ് നവമാധ്യമത്തിൽ തുറന്നുവിട്ട കള്ളപ്രചരണം അതേപടി ഭക്ഷിച്ച് വിസർജിച്ചതാണ് വിനയായത്.

ഇപ്പോൾ ഒടുവിൽ ആർ.എം.പിയുടെ സൈദ്ധാന്തികനായ നേതാവ് യു.ഡി.എഫ്- ആർ.എം.പി സമ്മേളനത്തിൽ പോൺ വീഡിയോകളെക്കുറിച്ചുള്ള തന്റെ സൈദ്ധാന്തിക വെളിപാടുകൾ അവതരിപ്പിച്ചിരിക്കുകയാണ്. യു.ഡി.എഫിന്റെ പ്രമുഖ നേതാക്കളുടെ മുമ്പിൽ വെച്ചാണ് മനസ്സിലെ വൈകൃതം ബഹിർഗമിച്ചത്. കോൺഗ്രസ്സും യു.ഡി.എഫും തളളിപ്പറഞ്ഞു. സ്ഥാനാർഥി ഷാഫി പറമ്പിൽ തള്ളിപ്പറഞ്ഞു. യൂത്തുകോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാങ്കൂട്ടത്തിൽ പറഞ്ഞത് ഒരിക്കലും ഉണ്ടായിക്കൂടാത്ത വർത്തമാനം എന്നാണ്. പക്ഷേ ജല്പനം നടത്തിയ നേതാവ് പറയുന്നത് പ്രസംഗത്തിൽ വന്നുപോയ തെറ്റ് ആരൊക്കെയോ പറഞ്ഞറിഞ്ഞു. അതിനാൽ ഖേദിക്കുന്നുവെന്നാണ്. മലയാളികളാകെ ഇഷ്ടപ്പെടുന്ന ഒരു വനിതാരാഷ്ട്രീയ നേതാവിനെയും ഒരു നടിയെയുമാണ് ഏറ്റവും വൃത്തികെട്ട ഭാഷയിൽ അധിക്ഷേപിച്ചത്. രാഷ്ട്രീയത്തെയും സാംസ്കാരത്തെയും എത്ര ദൂഷിതമായ ഗർത്തത്തിലേക്കാണ് ഇക്കൂട്ടർ ചവിട്ടിത്തള്ളാൻ ശ്രമിക്കുന്നത്.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.