“ബിജെപി തുടച്ചു നീക്കപ്പെടും,” അഖിലേഷ് യാദവ്
പ്രശസ്ത മാധ്യമ പ്രവർത്തകൻ വെങ്കിടേഷ് രാമകൃഷ്ണൻ ദി ഐഡത്തിന് വേണ്ടി അഖിലേഷ് യാദവുമായി നടത്തിയ അഭിമുഖം
വെങ്കിടേഷ് രാമകൃഷണൻ : ഇന്ന് ദി ഐഡം ഉള്ളത് സമാജ്‌വാദി പാർട്ടിയുടെ ദേശീയ പ്രസിഡന്റും ഉത്തർ പ്രദേശ് മുൻ മുഖ്യ മന്ത്രിയുമായ അഖിലേഷ് യാദവിനൊപ്പമാണ്. അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഹെലികോപ്ടറിലാണ് ഇപ്പോൾ നമ്മൾ ഉള്ളത്. നേരിട്ട് ചോദ്യങ്ങളിലേക്ക് കടക്കാം. ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പിന്റെ ഘട്ടങ്ങൾ ഒന്നൊന്നായി അവസാനിച്ചിരിക്കുകയാണ്. സമാജ്‌വാദി പാർട്ടി 100 സീറ്റിന് അടുത്തെത്തിയിരുന്നു എന്ന് രണ്ടു ഘട്ടം വോട്ടെടുപ്പുകൾ കഴിഞ്ഞപ്പോൾ താങ്കൾ പറഞ്ഞിരുന്നു. എന്തൊക്കെയാണ് മുന്നേറാൻ പാർട്ടിയെ സഹായിച്ചു എന്ന് താങ്കൾ കരുതുന്ന ഘടകങ്ങൾ?
അഖിലേഷ് യാദവ് : കഴിഞ്ഞ 5 വർഷമായി സർക്കാർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ല. കരിമ്പ് കർഷകർക്ക് സർക്കാരിൽ നിന്ന് കരിമ്പ് സംഭരിച്ചതിനു കിട്ടാനുള്ള പണം കിട്ടിയിട്ടില്ല. എല്ലായിടത്തും തൊഴിലില്ലായ്‌മ രൂക്ഷമാണ്. വിലക്കയറ്റം ഭയങ്കരമാണ്. സി.എൻ.ജി. യുടെ പൈസ സിലിണ്ടറിന് 1000 രൂപയുടെ അടുത്താണ്. കറന്റ് ചാർജ് മറ്റേതു സംസ്ഥാനത്തുമുള്ളതിനേക്കാൾ വളരെ കൂടുതലാണ് ഇവിടെ. തൊഴിലില്ലായ്‌മ ഒരു പ്രശ്നമാണ്. കർഷകരാണെങ്കിൽ അവരുടെ സമരത്തോട് സർക്കാർ സ്വീകരിച്ച സമീപനത്തിൽ കടുത്ത അമർഷത്തിലാണ്. സർക്കാർ റോഡുകൾ ബാരിക്കേഡ് ചെയ്താണ് കർഷകരുടെ സമരത്തെ നേരിട്ടത്. അവർക്കെതിരെ സർക്കാർ കള്ളക്കേസുകൾ എടുത്തു. ഫാക്ടറികൾക്കു കരിമ്പ് നൽകിയതിന്റെ പണം കർഷകർക്ക് ഇതുവരെ കൊടുത്തിട്ടില്ല. സമയത്തിന് വളം കർഷകർക്കെത്തിക്കാൻ സർക്കാറിനായില്ല. കീടനാശിനിക്ക് വില കയറി നിൽക്കുന്നു. തൊഴിലില്ലായ്‌മ റെക്കോഡ് ശതമാനത്തിലെത്തിയിരിക്കുന്നു. ആർമിയിലും, പോലീസിലും റിക്രൂട്ട്മെന്റ് നടത്തിയില്ല. ചെറുപ്പക്കാർക്ക് തൊഴിലാണ് വേണ്ടത്. കർഷകപ്രശ്നവും, തൊഴിലില്ലായ്മയുമാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയങ്ങൾ.
വെങ്കിടേഷ് രാമകൃഷ്ണൻ : താങ്കൾ പറയുന്നത് ജനങ്ങളുടെ സുപ്രധാന ജീവിത പ്രശ്നങ്ങളാണ് ഈ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയം എന്നാണ്
അഖിലേഷ് യാദവ്: അതെ. ഈ തെരഞ്ഞെടുപ്പിൽ ഇതാദ്യമായി യഥാർത്ഥ ജീവിത പ്രശ്നങ്ങൾ അടിസ്ഥാനമാക്കിയാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത്. ബി.ജെ.പി. സർക്കാർ 70 ലക്ഷം പേർക്ക് ജോലി നൽകുമെന്ന് പറഞ്ഞിട്ട് 10 ലക്ഷം പോലും നൽകിയില്ല. എന്നാൽ ബി.ജെ.പി. മറുവശത്തു വർഗ്ഗീയ അജണ്ട വെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പക്ഷെ ഉത്തർ പ്രദേശിലെ ജനങ്ങൾ ഇത്തവണ അവരുടെ ജീവിതപ്രശ്നങ്ങളെ അടിസ്ഥാനമാക്കിയാണ് വോട്ട് ചെയ്യുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: ബി.ജെ.പി. വർഗ്ഗീയ അജണ്ട മുന്നോട്ടു വെക്കുന്നു എന്നത് സമ്മതിക്കാം. കാരണം മുഖ്യമന്ത്രി യോഗി ആദിത്യ നാഥ് തന്നെ 80 ശതമാനം, 20 ശതമാനം എന്ന മുസ്ലീങ്ങൾക്കെതിരായ വർഗ്ഗീയ പരാമർശം നടത്തി. പക്ഷെ ബി.ജെ.പി. സർക്കാർ അവകാശപ്പെടുന്ന വികസന കാര്യങ്ങളുമുണ്ട്. അവർ സംസ്ഥാനത്തെ ക്രമസമാധാന നില മെച്ചപ്പെടുത്തി എന്നതാണ് അതിൽ പ്രധാനം
അഖിലേഷ് യാദവ്: പക്ഷെ ഡേറ്റ പറയുന്നത് മറിച്ചാണ്. നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യുറോയുടെ കണക്കാണിത്. ഈ കണക്കുകൾ പറയുന്നത് മറ്റൊരു കഥയാണ്. ക്രമസമാധാന നില യു.പി. യിൽ വഷളായിരിക്കുകയാണ്. എല്ലാ കുറ്റകൃത്യവും കൂടിയിരിക്കുകയാണ്. 2015 നു ശേഷം പിടിച്ചുപറി, ബലാത്സംഗം, കൊലപാതകം, തട്ടിക്കൊണ്ടുപോകൽ എല്ലാം വളരെ കൂടിയിരിക്കുന്നു. ബലാത്സംഗവും കൊള്ളയും പോലുള്ള കുറ്റകൃത്യങ്ങൾ 152 എണ്ണമാണ് പ്രതിദിനം നടക്കുന്നത്. ദിവസവും 47 തട്ടിക്കൊണ്ടുപോകൽ കേസുകൾ ഇണ്ടാകുന്നു. 420 ബലാത്സംഗങ്ങൾ ദിവസവും നടക്കുന്നു. ഇതാണ് കണക്ക്. സർക്കാർ എത്രയോ വ്യാജ ഏറ്റുമുട്ടലുകൾ നടത്തി. ദേശീയ മനുഷ്യാവകാശ കമ്മീഷൻ സർക്കാരിന് പലതവണ നോട്ടീസ് നൽകിക്കഴിഞ്ഞു. ഒരു സർക്കാരിനെതിരെ കേന്ദ്ര സർക്കാരിലേക്ക് ഏറ്റവും പരാതികൾ ഉണ്ടായ സംസ്ഥാനമാണ് ഉത്തർ പ്രദേശ്. ഒരു ഐ.പി.എസ്. ഓഫിസർ ഇപ്പോൾ പിടികിട്ടാപ്പുള്ളിയാണ്. ജോൺപുരിൽ ഒരു മാഫിയ തലവനെ പിടിക്കാൻ സഹായിച്ചാൽ 25000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിട്ടും അയാൾ പരസ്യമായി ക്രിക്കറ്റ് കളിക്കുന്നു, പരസ്യമായി വോട്ട് ചെയ്യാൻ പോകുന്നു.പിടികൂടാൻ 25000 രൂപ പാരിതോഷികം പ്രഖ്യാപിക്കപ്പെട്ട ഇനാമി ബദ്മാശ്. എന്റെ മുഖ്യമന്ത്രിയുടെ കാര്യം തന്നെ നോക്കൂ. തനിക്കെതിരായ നിരവധി കേസുകളുടെ മേൽനോട്ടച്ചുമതല അദ്ദേഹം തന്നെ വഹിക്കുന്നു. തനിക്കെതിരായ പല കേസുകളും അദ്ദേഹം തന്നെ സ്വയം പിൻവലിച്ചിരുന്നു.
വെങ്കിടേഷ് രാമകൃഷ്ണൻ : താങ്കൾ പറയുന്നത് ഈ ക്രമസമാധാനം മെച്ചപ്പെട്ടു എന്ന വാദം തെറ്റായ പ്രചാരണമാണ് എന്നാണ്. ആ പ്രചാരണം ഫലിക്കുന്നില്ല എന്നാണോ താങ്കൾ പറയുന്നത്?
അഖിലേഷ് യാദവ്: അവർ അങ്ങനെ ഒരു തെറ്റായ പ്രചാരണം നടത്തുമ്പോഴും ജനങ്ങൾക്കറിയാം. ഹാത്രസിൽ നടന്നത് ജനങ്ങൾ മറന്നിട്ടില്ല. കൊല്ലപ്പെട്ട പെൺകുട്ടിയുടെ എല്ലാ മരണാനന്തര ചടങ്ങുകളും ആ രാത്രി തന്നെ നിർബന്ധപൂർവം നടത്തി മൃതദേഹം കത്തിച്ചു കളയുകയാണ് പോലീസും ഭരണാധികാരികളും ചെയ്തത്. ഗോരഖ്‌പൂരിൽ, മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ ഒരു ബിസിനസ്സുകാരൻ കാൺപൂരിൽ നിന്ന് ഗോരഖ്‌പൂർ കാണാൻ വന്നതാണ്. പോലീസ് അയാളിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു. അയാളെ മർദ്ദിച്ചവശനാക്കി. ഒടുവിൽ അയാൾ മരിച്ചു. ഇതൊക്കെ ജനങ്ങൾക്ക് നല്ല ഓർമ്മയുണ്ട്. പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടയിലാണ് ഒരു ബിസിനസ് കുടുംബത്തിലെ കുട്ടിയെ തട്ടിക്കൊണ്ടു പോയത്. 25 ലക്ഷം രൂപയാണ് കുട്ടിയെ തിരിച്ചു നൽകാൻ തട്ടിക്കൊണ്ടുപോയവർ ചോദിച്ചത്. ആ ബിസിനസ്സുകാരന് അത്രയും പണം നൽകാനായില്ല. രണ്ടാം നാൾ അവർ ആ കുട്ടിയെ കൊന്നുകളഞ്ഞു. ഇതൊക്കെയാണ് ഇന്ന് യു.പി. യിൽ നടക്കുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ : ഈ പ്രശ്നങ്ങളൊക്കെ ഓർത്തുകൊണ്ട് ജനങ്ങൾ വോട്ട് ചെയ്യും എന്നാണോ?
അഖിലേഷ് യാദവ് : കഴിഞ്ഞ അഞ്ചു കൊല്ലത്തെ ക്രമസമാധാനനില ജനങ്ങൾ കാണുകയല്ലേ. പത്രത്തിൽ വായിക്കുകയല്ലേ. ബി.ജെ.പി. പറയുന്നത് സത്യമല്ല എന്ന് ജനങ്ങൾക്കറിയാം.
വെങ്കിടേഷ് രാമകൃഷ്ണൻ: രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ ചർച്ചയാവുന്ന മറ്റൊരു കാര്യമുണ്ട്. കഴിഞ്ഞ 30 വര്ഷമായിട്ട് ബി.ജെ.പി. ഹിന്ദുക്കളെ മുഴുവൻ ഒരുമിപ്പിക്കാനുള്ള സോഷ്യൽ എഞ്ചിനീയറിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്നു എന്നും അവർക്കു യാദവരല്ലാത്ത മറ്റു പിന്നോക്ക ജാതികൾക്കിടയിലും, മഹാദളിത ജാതിവിഭാഗങ്ങൾക്കിടയിലും, ജാട്ടവ് അല്ലാത്ത ദളിതർക്കിടയിലും ആഴത്തിൽ പിന്തുണ നേടാൻ കഴിഞ്ഞിട്ടുണ്ട് എന്നുമാണ് ആ വാദം. ജനങ്ങളുടെ പൊതുവായ പ്രതികരണങ്ങൾക്കും, സമാജ്‌വാദി പാർട്ടിയുടെ പ്രചാരണത്തിൽ കാണുന്ന ആവേശത്തിനുമപ്പുറം ഈ ഘടകം പ്രവർത്തിക്കും എന്നും അങ്ങനെ വാദിക്കുന്നവർ പറയുന്നു.
അഖിലേഷ് യാദവ്: അവർ പറയുന്നത് തെറ്റാണ്. സ്വാമി പ്രസാദ് മൗര്യ ബി.ജെ.പി. വിട്ട് എസ്. പി. യിലേക്ക് വന്നത് നിങ്ങൾ കണ്ടതല്ലേ. അദ്ദേഹം കരുതിയത് പിന്നോക്ക ജാതിക്കാരെയും, മഹാ പിന്നോക്ക വിഭാഗങ്ങളെയും, ന്യൂനപക്ഷ വിഭാഗങ്ങളെയും എല്ലാം ബി.ജെ.പി. സംരക്ഷിക്കും എന്നാണ്. എന്നാൽ സർക്കാരിന്റെ ഭാഗമായി ഇരുന്നപ്പോൾ അദ്ദേഹം മനസ്സിലാക്കി, ഏറ്റവും അധികം അന്യായവും, അനീതിയും നടക്കുന്നത് ദളിതരോടാണ് എന്ന്. അദ്ദേഹം ബി.ജെ.പി. വിട്ടുപോന്നു. ബി.ജെ.പി. യോടൊപ്പം നിന്ന മറ്റൊരു പ്രമുഖനായ പിന്നോക്ക നേതാവായിരുന്നു ധാരാസിങ് ചൗഹാൻ. ബി.ജെ.പി. യുടെ പ്രവർത്തനത്തിൽ മനം മടുത്തു അദ്ദേഹവും ബി.ജെ.പി. വിട്ടു. ഓം പ്രകാശ് രാജ്ഭറിനെ നോക്കൂ. അദ്ദേഹവും മറ്റൊരു പിന്നോക്ക ജാതിയിൽ നിന്നുള്ളയാളാണ്. സഞ്ജയ് ചൗഹാനെ നോക്കൂ. അദ്ദേഹം ചൗഹാൻ എന്ന പിന്നോക്ക ജാതിയിൽ നിന്നുള്ളയാളാണ്. അപ്ന ദൾ എ.,പട്ടേൽ പാർട്ടി ഇവയൊന്നും അത്ര വലിയ പാർട്ടികളല്ല. എന്നാൽ ബി.ജെ.പി. പിന്നോക്ക ജാതിക്കാരെയും, മഹാ ദളിതരെയും വഞ്ചിക്കുകയാണ് എന്നവർ കരുതുന്നു. ഈ എല്ലാ ചെറു പാർട്ടികളുമായും സഖ്യമുണ്ടാക്കുകയാണ് ഞാൻ ചെയ്തത്. അതുകൊണ്ടാണ് ബി.ജെ.പി. ഇപ്പോൾ ഭയന്നിരിക്കുന്നത്. പിന്നോക്ക ജാതിക്കാരും ന്യൂനപക്ഷങ്ങളും ഇപ്പോൾ തിരിച്ചറിഞ്ഞിരിക്കുന്നു, അവരുടെ താൽപ്പര്യം ബി.ജെ.പി. യുടെ കരങ്ങളിൽ സുരക്ഷിതമല്ല എന്ന്. എല്ലാ സർക്കാർ സ്ഥാപനങ്ങളും സ്വകാര്യവത്കരിക്കുകയാണ്.
ഒരു വശത്തു സ്വകാര്യവത്കരണം. മറുവശത്തു സംവരണത്തിന് എന്താണ് സംഭവിച്ചത്. എല്ലാ പിന്നോക്ക വിഭാഗക്കാരും വിചാരിച്ചു ബി.ജെ. പി.അധികാരത്തിൽ വന്നാൽ അവരുടെ സമുദായങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഭരണ തലത്തിൽ ലഭിക്കുമെന്ന്. കേന്ദ്രത്തിൽ പിന്നോക്കവിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരെയും, ഐ.എ.എസ് ഓഫീസർമാരെയും ലഭിക്കുമെന്ന്. നിലവിൽ ആരും ദളിത് വിഭാഗങ്ങളിൽ നിന്ന് ഇല്ല. എത്രയോ ബൈ ലാറ്ററൽ എൻട്രി വഴിയുള്ള നിയമനം അവർ നടത്തി. പിന്നോക്ക വിഭാഗങ്ങളിൽ നിന്ന് ആരെയും നിയമിച്ചില്ല. വൈസ് ചാന്സലർമാർ ഒരാൾ പോലുമില്ല. ഭരണമേറ്റപ്പോൾ നിയമ മന്ത്രി പറഞ്ഞു, ഓ.ബി.സി. ജഡ്ജിമാരെ നിയമിക്കുമെന്ന്. ഓ.ബി.സി. യിൽ നിന്നോ, ന്യൂനപക്ഷങ്ങളിൽ നിന്നോ എത്ര ജഡ്ജിമാരുണ്ട്? ആളുകൾക്ക് ഇന്ന് നല്ല തിരിച്ചറിവുണ്ട്. ഒ.ബി.സി. വിഭാഗക്കാർ പോലും അവരുടെ പാർട്ടിയല്ല ബി.ജെ.പി. എന്ന് ഇപ്പോൾ നന്നായി മനസ്സിലാക്കുന്നുണ്ട്. അതുകൊണ്ടു എല്ലാ പിന്നോക്കവിഭാഗക്കാരും. ന്യൂനപക്ഷങ്ങളും ദളിതരും ബി.ജെ.പി. ക്കെതിരെയാണ് വോട്ട് ചെയ്യുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: പ്രചാരണത്തിന്റെ തുടക്കത്തിൽ ജാതി സംവരണ പ്രശനം താങ്കൾ വളരെ ശക്തമായി ഉന്നയിച്ചിരുന്നു. എന്നാൽ കർഷക പ്രശനം ഇപ്പോൾ താങ്കളുടെ പ്രചാരണത്തിൽ മുന്നോട്ടു വന്നിരിക്കുന്നു. സംവരണ പ്രശനം പാർശ്വവത്കരിക്കപ്പെട്ടതായി എനിക്ക് തോന്നുന്നു…
അഖിലേഷ് യാദവ്: തെരഞ്ഞെടുപ്പിന്റെ മൂന്നും നാലുമൊക്കെ ഘട്ടത്തിൽ ചർച്ച ചെയ്ത ഏറ്റവും വലിയ പ്രശനം കർഷക പ്രശനം തന്നെയാണ്. സംവരണവും വളരെ പ്രധാനപ്പെട്ട പ്രശ്നമാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളും നേരത്തെ ജാതി അടിസ്ഥാനമാക്കി സെൻസസ് ആവശ്യപ്പെട്ടിരുന്നു. ബി.ജെ.പി. അത് ചെയ്തില്ല. ഇതെല്ലാം പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്
വെങ്കിടേഷ് രാമകൃഷ്ണൻ: കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ വലിയ പാർട്ടികളുമായിട്ടാണ് താങ്കൾ സഖ്യം ഉണ്ടാക്കിയത്. പക്ഷെ ഇത്തവണ താങ്കൾ ആ സമീപനം മാറ്റിയിരിക്കുന്നു. ചിലർ പറയുന്നത്, താങ്കൾ ബി.ജെ.പി. യുടെ ശൈലി സ്വീകരിച്ചിരിക്കുന്നു എന്നാണ്. കാരണം താങ്കൾ പല ജാതികളെ സമാജ്‌വാദി പാർട്ടിയുടെ കുടക്കീഴിൽ കൊണ്ട് വന്ന് ഒരു മഴവിൽ സഖ്യം ഉണ്ടാക്കിയിരിക്കുന്നു. ഇതിനോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
അഖിലേഷ് യാദവ്: സബ്‌കാ സാഥ്, സബ്‌കാ വികാസ് എന്നതായിരുന്നു ബി.ജെ.പി. യുടെ മുദ്രാവാക്യം. എന്നിട്ടു അവർ എന്ത് തരം ഭരണമാണ് നടത്തിയതെന്ന് എല്ലാവരും കണ്ടുവല്ലോ. ഇപ്പോൾ ഞാൻ പുതിയൊരു മുദ്രാവാക്യം മുന്നോട്ടു വെക്കുകയാണ്. സബ്‌കോ സ്ഥാൻ, സബ്കോ സമ്മാൻ. എല്ലാവർക്കും അർഹിക്കുന്ന സ്ഥാനവും ബഹുമാനവും നൽകുക എന്നതാണത്. ഇപ്പോൾ നമ്മൾ ജാതി സെൻസസിനെപ്പറ്റി പറയുന്നതും അതുകൊണ്ടാണ്. ജാതി സെൻസസ് നടത്തിയാൽ ഇപ്പോൾ മുഖ്യധാരയിൽ ഇല്ലാത്ത മറ്റു പിന്നോക്ക ജാതി വിഭാഗങ്ങളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പറ്റും. ജനങ്ങൾ ഈ പാർട്ടികളെ വിശ്വാസത്തിലെടുക്കുന്നുണ്ട്. പിന്നെ സഖ്യത്തിന്റെ കാര്യം. വലിയ പാർട്ടികളായ കോൺഗ്രസ്സും, ബി.എസ്.പി. യും, ഒക്കെയായി സഖ്യം ഉണ്ടാക്കിയ കാലത്തു ഞാൻ കുറെ കാര്യങ്ങൾ പഠിച്ചു. വലിയ പാർട്ടികൾ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും. ഈ ചെറിയ പാർട്ടികൾ കുറച്ചു സീറ്റേ ആവശ്യപ്പെടുന്നുള്ളൂ. കാരണം അവർ അവർക്കു ശക്തിയുള്ള ഇടങ്ങളിൽ മാത്രമാണ് മത്‌സരിക്കാൻ അവർ ആഗ്രഹിക്കുന്നത്. ഈ ചെറുപാർട്ടികൾ ജനങ്ങളോട് കൂടുതൽ അടുത്ത് നിൽക്കുന്നവരാണ്. അപ്പോൾ അവർക്കു കൂടുതൽ പേരുടെ വോട്ടുകൾ കൊണ്ടുവരാൻ സാധിക്കും.
വെങ്കിടേഷ് രാമകൃഷ്ണൻ: താങ്കൾ മാനിഫെസ്റ്റൊവിൽ മൂന്നു കാര്യങ്ങൾ പറഞ്ഞിരുന്നു. സാമൂഹ്യനീതി, സാമ്പത്തിക സമത്വം, പുരോഗമനപരമായ ഒരു ഭാവി. ഇതെല്ലാം താങ്കളുടെ പ്രചാരണത്തിൽ എങ്ങനെയാണ് പ്രതിഫലിക്കുന്നത്?
അഖിലേഷ് യാദവ്: ബി.ജെ.പി. പറഞ്ഞതൊന്നും നടപ്പാക്കിയില്ല. അതുകൊണ്ടു ജനങ്ങൾ എന്റെ കഴിഞ്ഞ ഭരണത്തിലെയും, നേതാജിയുടെയും (മുലായം സിങ് യാദവ്) നേട്ടങ്ങൾ ഓർക്കുന്നു. സമാജ്‌വാദി പാർട്ടി എന്ത് പറഞ്ഞാലും അത് നടപ്പാക്കുന്നുണ്ട് എന്നവർ കാണുന്നു. സമാജ്‌വാദി മാനിഫെസ്റ്റൊവിൽ സാമൂഹ്യ നീതിക്കായി പല പദ്ധതികളും മുന്നോട്ടു വെച്ചിട്ടുണ്ട്. യു.പി. യിൽ സമഗ്രമായ അടിസ്ഥാന സൗകര്യ വികസനം നടത്തും എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. എക്സ്പ്രസ്സ് ഹൈവേ, നഗരങ്ങളെ തിരക്കില്ലാതെ യാത്ര ചെയ്യാൻ പറ്റുന്ന വിധത്തിൽ മാറ്റിയെടുക്കുക, സമാജ്‌വാദി പെൻഷൻ വീണ്ടും ഞങ്ങൾ നടപ്പാക്കും. പെൻഷൻ 500 ഉണ്ടായിരുന്നത് 1500 രൂപ ആക്കാനും ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങൾ സമാജ്‌വാദി പാർട്ടിയെ വിശ്വാസത്തിലെടുത്തിട്ടുണ്ട്.
വെങ്കിടേഷ് രാമകൃഷ്ണൻ: സമാജ്‌വാദി പാർട്ടിയുടെ സംഘടനാ പ്രശ്നങ്ങളിലേക്ക് വരാം. 2017 ഇൽ വളരെ പ്രകടമായ സംഘടനാപരമായ ബലഹീനതകൾ, പ്രത്യേകിച്ചും കുടുംബത്തിനകത്തെ വഴക്കുകൾ, ഇതെല്ലാം താങ്കൾക്ക് നിയന്ത്രണമില്ല എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു.
അഖിലേഷ് യാദവ്: അതെല്ലാം പഴങ്കഥയാണ്. ഇപ്പോൾ സമാജ്‌വാദി പാർട്ടിക്കകത്തു പുതിയ കാറ്റ് വീശുകയാണ്. പുതിയ സ.പ. (സമാജ്‌വാദി പാർട്ടി) ശക്തി പ്രാപിക്കുകയാണ്. പഴയ നേതൃത്വവും പുതിയ നേതൃത്വുവും, മുതിർന്നവരും ചെറുപ്പക്കാരും ഒന്നിച്ചു നീങ്ങുകയാണിപ്പോൾ പാർട്ടിയിൽ. മുതിർന്ന നേതാക്കളുടെ അനുഗ്രഹത്തോടെ തന്നെ ഒരു പുതിയ പാർട്ടിയായി സമാജ്‌വാദി പാർട്ടി മുന്നേറുകയാണ്.
വെങ്കിടേഷ് രാമകൃഷ്ണൻ: സംഘടനാ ഘടനയിൽ പുതുരക്തം കൊണ്ടുവരാൻ എന്ത് മൂർത്തമായ പരിപാടികളാണ് നിങ്ങൾക്കുള്ളത്?
അഖിലേഷ് യാദവ്: ഇപ്പോൾ തെരഞ്ഞെടുപ്പു രംഗത്തെ പ്രവർത്തനത്തിനാണ് മുൻതൂക്കം. തെരഞ്ഞെടുപ്പിന് ശേഷം പുനസ്സംഘടന ഉണ്ടാകും. അവിടെയും പഴയതിനെയും, പുതിയതിനെയും ഒന്നിച്ചു കൊണ്ടുവരാനാണ് ഞാൻ ആലോചിക്കുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: പ്രധാനമന്ത്രി നരേന്ദ്ര മോദി സമാജ്‌വാദി പാർട്ടിയെപ്പറ്റി പറയുന്ന ഒരു കാര്യം ഒറ്റ കുടുംബത്തിലെ 40 പേര് പല തലങ്ങളിൽ ഭാരവാഹികളായ പാർട്ടിയാണ് അത് എന്നാണ്.
അഖിലേഷ് യാദവ്: സ്വന്തം പാർട്ടിയിലേക്ക് ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെയാണ് പ്രധാനമന്ത്രി ഇങ്ങനെയൊക്കെ പറയുന്നത്. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങും, മകനും, ഒരേ സമയം സർക്കാരിലും പാർട്ടിയിലും ഉന്നത പദവികൾ വഹിക്കുന്നു. മറ്റൊരു മന്ത്രിയുടെ മകനും, മകന്റെ മകനും ബി.ജെ.പി. യിലെ ഉന്നത പദവികൾ വഹിക്കുന്നു. ജ്യോതിരാദിത്യ സിന്ധ്യയെപ്പോലെ ഒരാളെ പാർട്ടിയിലേക്ക് കൊണ്ടുവരുമ്പോൾ അയാളുടെ പശ്ചാത്തലമെന്താണെന്നു പറയാത്തതെന്ത്? അദ്ദേഹത്തിന്റെ കുടുംബത്തിലെ മറ്റു അംഗങ്ങളും ബി.ജെ.പി. യിൽ വലിയ നേതാക്കൾ തന്നെ. കർണാടക മുഖ്യമന്ത്രിയുടെ കാര്യവും ഇതുപോലെ തന്നെ. എന്തിനധികം, യോഗി ആദിത്യ നാഥിന്റെ കാര്യവും ഇതുപോലെ തന്നെയല്ലേ? ഗോരഖ്‌പൂർ മഠത്തിന്റെ പഴയ തലവൻ അദ്ദേഹത്തിന്റെ ബന്ധുവായിരുന്നു. അയാളിൽ നിന്നാണ് യോഗിയിലേക്കു മഠത്തിന്റെ നേതൃത്വ പദവി എത്തുന്നത്. അങ്ങനെ ഒരുപാട് ബി.ജെ.പി. നേതാക്കന്മാരുടെ നിരവധി ബന്ധുക്കൾ പല പദവികളിൽ ഉണ്ട്.
വെങ്കിടേഷ് രാമകൃഷ്ണൻ: മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രചാരണത്തിൽ അദ്ദേഹം ഉത്തർ പ്രദേശും മറ്റു സംസ്ഥാനങ്ങളുമായുള്ള താരതമ്യം ചെയ്യുന്നുണ്ട്. കശ്മീർ, കേരളം, പശ്ചിമ ബംഗാൾ എന്നിങ്ങനെയുള്ള സംസ്ഥാനങ്ങളുമായാണ് താരതമ്യം. ഉത്തർപ്രദേശ് ഈ സംസ്ഥാനങ്ങൾ പോലെയാവരുത് എന്ന് അദ്ദേഹം പറയുന്നു.
അഖിലേഷ് യാദവ്: നിർഭാഗ്യവശാൽ അദ്ദേഹത്തിന് പല കാര്യത്തെപ്പറ്റിയും ഒന്നും അറിയില്ല എന്നതാണ് വസ്തുത. ഇത്തരത്തിലുള്ള വിഷയങ്ങളിലല്ല ജനങ്ങൾക്ക് താൽപ്പര്യം. അദ്ദേഹം ഒരു പക്ഷെ തിരിച്ചറിഞ്ഞിട്ടുള്ള ഒരേയൊരു കാര്യം ഈ തെരഞ്ഞെടുപ്പ് തോൽക്കുകയാണ് എന്നതാവണം. ജനങ്ങൾക്ക് വേണ്ടത് തൊഴിലും പുരോഗതിയും, എക്സ്പ്രസ്സ് വേയും, തൊഴിലധിഷ്ഠിത പരിശീലനവും, ഒക്കെയാണ്. പക്ഷെ, യോഗിയുടെ നോട്ടം എപ്പോഴും സമൂഹത്തെ വിഭജിക്കാനാണ്. അതിൽ മാത്രമാണ് ഒരു സാധ്യത ഉള്ളത് എന്നൊരു ബോധ്യം കൊണ്ടാണ്, കാശ്മീരിനെപ്പറ്റിയും, പാക്കിസ്ഥാനെപ്പറ്റിയുമൊക്കെ, നിരന്തരം സംസാരിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തെ വിഭജിക്കാനുള്ള ഈ ശ്രമങ്ങൾ ഇത്തവണ ജനങ്ങൾ ശരിക്കും തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒറ്റക്കെട്ടായി ജനങ്ങൾ ഈ പ്രചാരണങ്ങൾക്ക് ചെവികൊടുക്കുന്നില്ല. സമൂഹത്തിന്റെ ഒരു വിഭാഗത്തിൽ നിന്നും അദ്ദേഹത്തിന് പിന്തുണ കിട്ടുന്നില്ല.
വെങ്കിടേഷ് രാമകൃഷ്ണൻ: ഈ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, രാഷ്ട്രീയ നിരീക്ഷകരും, പ്രവർത്തകർ തന്നെയും പൊതുവിൽ അംഗീകരിക്കുന്ന ഒരു കാര്യം സമാജ്‌വാദി പാർട്ടിയും, അഖിലേഷ് യാദവുമാണ് ഇത്തവണ തെരഞ്ഞെടുപ്പിന്റെ അജണ്ട നിശ്ചയിച്ചിരിക്കുന്നത് എന്നതാണ്. സാധാരണ 2014 മുതൽ ഇങ്ങോട്ടുള്ള തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. യും, സംഘ്പരിവാറുമാണ് അജണ്ട നിര്ണയിച്ചിരുന്നത്. പക്ഷെ എന്നാലും ബി.ജെ.പി. ക്കു ഇപ്പോഴത്തെ നിയമസഭയിൽ ബൃഹത്തായ ഭൂരിപക്ഷമാണുള്ളത്. 125 ഇൽ പരം സീറ്റുകൾ ഇപ്പോൾ ഉള്ളതിൽ നിന്ന് നഷ്ടപ്പെട്ടാൽ മാത്രമേ, ബി.ജെ. പി. ക്കു അധികാരം നഷ്ടമാവൂ. സമാജ്‌വാദി പാർട്ടിക്ക് വൻ നേട്ടങ്ങൾ ഉണ്ടാകുന്ന തെരഞ്ഞെടുപ്പാണെങ്കിലും, ഇത്രയും വലിയ വിടവ് നികത്താൻ അത് പര്യാപ്തമാകില്ല എന്നും ഒരുപാട് നിരീക്ഷകർ അഭിപ്രായപ്പെടുന്നു.
അഖിലേഷ് യാദവ്: ഞാൻ ഈ തെരഞ്ഞെടുപ്പിനെ കാണുന്നത് ഈ രീതിയിലല്ല. ഇത് ജനങ്ങളുടെ തെരഞ്ഞെടുപ്പാണ്. ജനങ്ങളുടെ മാറ്റത്തിനു വേണ്ടിയുള്ള തെരഞ്ഞെടുപ്പാണ്. അത്തരം തെരഞ്ഞെടുപ്പുകൾ നടന്നപ്പോഴൊക്കെ പ്രതിപക്ഷത്തു കുറഞ്ഞ സീറ്റുകൾ മാത്രമുണ്ടായിരുന്ന പാർട്ടികൾ പൂർണ ഭൂരിപക്ഷത്തിലേക്കു വന്നിട്ടുണ്ട്. 2007 ഇൽ ബഹുജൻ സമാജ് പാർട്ടിയും, 2012 ഇൽ ഞങ്ങളുടെ സമാജ്‌വാദി പാർട്ടിയും, ആ രീതിയിലുള്ള വൻ വിജയങ്ങളാണ് നേടിയത്. 2017 ഇൽ ബി.ജെ.പി. യും 47 സീറ്റിൽ നിന്നാണ് 325 ലേക്ക് എത്തിയത്. ഇത്തവണ ആ ഫലം വിപരീതദിശയിൽ ആയിരിക്കും. ബി.ജെ.പി. സമ്പൂർണ്ണമായി തുടച്ചുനീക്കപ്പെടാൻ പോവുകയാണ്.അവരുടെ പഴയ 47 എന്ന സംഖ്യയിലേക്കു അവർ തിരിച്ചു പോകാൻ പോവുകയാണ്. പോകുന്നേടത്തെല്ലാം ഭരണത്തിനെതിരെയുള്ള ശക്തമായ വികാരമാണ് കാണുന്നത്. അതുകൊണ്ടു തന്നെ, സമ്പൂർണ്ണ ഭൂരിപക്ഷം ആണ് എന്റെ കണ്മുന്നിൽ തെളിയുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: ഇത്രയും സമയം ദി ഐഡത്തിനൊപ്പം ചെലവിട്ടതിൽ നന്ദി
Good going