A Unique Multilingual Media Platform

The AIDEM

Art & Music Articles Literature

1948 ജനുവരി 30

  • February 26, 2022
  • 1 min read
1948 ജനുവരി 30

ആ ശവശരീരം നോക്കി ജവഹർലാൽ
ചുമരും ചാരിയിരുന്നു.

തെറ്റിയിരിക്കുന്ന കണ്ണട
മനു
നേരെയാക്കി വെച്ചു.
ജീവിച്ചിരിക്കുമ്പോൾ സാധിക്കാത്ത
പരിപൂർണ്ണതയിൽ .

പുറത്ത് മുദ്രാവാക്യങ്ങൾ മുഴങ്ങുന്നുണ്ട്.
മിക്കവാറും
ഗാന്ധി അമരനായിരിക്കുന്നു എന്നാകും.
മരിച്ച ഗാന്ധിയ്ക്ക്
ഭാഷയുടെ ചികിത്സ.

വയറു നിറഞ്ഞ ഒരാൾ
ബാക്കി വെച്ച അപ്പക്കഷണം പോലെ
ആ മൃതശരീരം കാണപ്പെട്ടു.

ആരായിരിക്കും  വയറുനിറഞ്ഞ അയാൾ?
താൻ?
ജിന്ന ?
മൗണ്ട് ബാറ്റൺ ?
പട്ടേൽ?
റാഡ്ക്ലിഫ് ?
അപ്പോഴുണ്ടായ രണ്ട് പുതിയ രാജ്യങ്ങൾ?

നിമിഷങ്ങൾ
ഉറുമ്പുകളായി മാറിക്കൊണ്ടിരിക്കുന്നത്
ജവഹർലാൽ കണ്ടു.
അവ ആ അപ്പക്കഷണത്തെ
വലിച്ചുകൊണ്ട് പോകാൻ പാടുപെടുന്നു.

അതിലെന്താണ്
അവശേഷിക്കുന്നത്?
അഹിംസയുടെ മധുരം?
ചർക്ക നെയ്ത നാരുകൾ?
സ്നേഹത്തിൻ്റെ ഡി എൻ എ ?

നവഖാലിയിലും
ബീഹാറിലും
ഒഴുകിയ ചോരപ്പുഴകളെ
ആ അപ്പക്കഷണം
വലിച്ചെടുത്തിരുന്നു.
അതിൻ്റെ ഉപ്പിലാകണം
ഉറുമ്പുകളുടെ രുചി ഗവേഷണം.
അതോ
ദില്ലിയിൽ ഒഴുകാനിരുന്ന
ചോരക്കടലിനെ
ഒറ്റയ്ക്ക് തടഞ്ഞ
കയ്പൻ വീര്യത്തിലോ?

Painting: Death of Gandhi by Tom Vattakuzhy

കൊലയാളി ഹിന്ദുവെന്നറിഞ്ഞ
ആശ്വാസത്തിൽ
കസേരയിൽ മാത്രം ഇരുന്ന് ശീലിച്ച മൗണ്ട് ബാറ്റൻ
അപ്പുറത്തെ ചുമര് ചാരി ഇരിയ്ക്കുന്നുണ്ട്.
പത്തു മിനിറ്റ് മുമ്പ്
സംസാരിച്ചിറങ്ങിപ്പോയ ആൾ
മൃതശരീരത്തിൽ അടക്കം ചെയ്ത്
തിരികെ വന്നത്
വിശ്വസിക്കാനാകാതെ പട്ടേലും

ആകാശവാണിക്കാർ
മൈക്ക് ശരിയാക്കിക്കൊണ്ടിരുന്നു.
പോലീസ് സ്‌റ്റേഷനിൽ
കൊലയാളിയുടെ പ്രസ്താവന
കോൺസ്റ്റബിൾ എഴുതിക്കൊണ്ടിരിക്കുന്നു

ഒരു വഴിക്കണക്ക് ഇട്ടു തന്ന്
അദ്ധ്യാപകൻ മരിച്ചിരിക്കുന്നു.
ഇനി ഉത്തരം
താൻ തന്നെ കണ്ടെത്തണം .
എഴുപത്തെട്ട് വർഷം കൊണ്ട്
ഭൂമി എഴുതിയ ഈ പുസ്തകം
താൻ തന്നെ പ്രകാശനം ചെയ്യണം.

ജവഹർലാൽ  മൈക്ക്
കൈയ്യിലെടുത്തു.
താൻ പൊട്ടിക്കരയാൻ പോകുന്നു.
അയാൾ വിചാരിച്ചു.

മൈക്ക്
അപ്പോൾ സ്വയം സംസാരിക്കാൻ തുടങ്ങി.
” ആ വെളിച്ചം അസ്തമിച്ചിരിക്കുന്നു. ”

……………………….
കുറിപ്പ് :

1.മരണത്തിന് തൊട്ടുമുമ്പ് ഗാന്ധി ,പട്ടേലുമായി സംസാരിച്ചിരുന്നു
2 .ഗാന്ധിയുടെ മരണമറിഞ്ഞ് പാഞ്ഞെത്തിയ മൗണ്ട് ബാറ്റൺ ജനക്കൂട്ടത്തിൽ നിന്നൊരാൾ ” കൊലയാളി മുസ്ലീമാണ് ” എന്ന് വിളിച്ചു പറഞ്ഞത് കേട്ട് തിരിഞ്ഞു നിന്നു. ” അല്ല ,ഒരു ഹിന്ദുവാണത് ചെയ്തത് ” മൗണ്ട് ബാറ്റൺ ഉറ
ക്കെ പ്രതിവചിച്ചു. അന്നേരം അദ്ദേഹത്തിന് അറിയില്ലായിരുന്നു ,ശരിക്കും ഒരു ഹിന്ദുവാണത് ചെയ്തതെന്ന്

3. Image Courtesy: Look and learn history picture archive, painting by: Neville Dear

About Author

പി. എൻ. ഗോപീകൃഷ്ണൻ

മലയാളത്തിലെ ഉത്തരാധുനികകവിതയിൽ കൃത്യമായ രാഷ്ട്രീയവീക്ഷണങ്ങളോടെ നിരന്തരം വായനക്കാരെ അഭിസംബോധന ചെയ്തുപോരുന്ന കവിയാണ് പി.എൻ.ഗോപീകൃഷ്ണൻ. മടിയരുടെ മാനിഫെസ്റ്റോ, ദൈവത്തെ മാറ്റിയെഴുതുമ്പോൾ, ഇടിക്കാലൂരി പനമ്പട്ടടി, എന്റെ ജീവിതത്തിലെ ഏറ്റവും ആദ്യത്തെ സ്ത്രീ ഏറ്റവും അവസാനത്തെ സ്ത്രീയോട് പറയുന്നത്, ബിരിയാണിയും മറ്റു കവിതകളും, പ്രളയവാരിധി നടുവിൽ നാം എന്നിവ കവിതാസമാഹാരങ്ങൾ. ഇടിക്കാലൂരി പനമ്പട്ടടി 2014ലെ കേരളസാഹിത്യ അക്കാദമി അവാർഡിന് അർഹമായി. അയനം എ അയ്യപ്പൻ അവാർഡ്, മുല്ലനേഴി പുരസ്കാരം, കെ ദാമോദരൻ പുരസ്കാരം, സമഗ്രസംഭാവനക്കുള്ള കുഞ്ഞുണ്ണി സ്മൃതി പുരസ്കാരം, കണ്ണൂർ സർവകലാശാലയുടെ ഡോ.പി.കെ.രാജൻ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.