“ക്രിസ്ത്യാനിയായി മതം മാറിയെങ്കിലും ഇത്താപ്പിരിക്കൊരു തീണ്ടലുണ്ടിപ്പൊഴും” മലയാളത്തിന്റെ പ്രിയ കവി വയലാർ രാമവർമയുടെ കവിതയിലെ രണ്ടു വരികളാണ് മുകളിൽ ഉദ്ധരിച്ചത്. അയിത്ത ജാതിയിൽ നിന്നും മതം മാറി ക്രിസ്ത്യാനിയായ വലിയൊരു വിഭാഗത്തിന്റെ നേർക്കാഴ്ചയാണ് കവിയുടെ ഈ വരികളിൽ വെളിപ്പെടുന്നത്. കവിതയുടെ കാലഘട്ടത്തിൽ നിന്നും സാമൂഹിക സാമ്പത്തിക സാഹചര്യങ്ങളിൽ കാതലായ മാറ്റം സംഭവിച്ചിട്ടുണ്ടെങ്കിലും ഈ കാലത്തും സാമൂഹിക ഉച്ചനീചത്വങ്ങൾ ഏറിയും കുറഞ്ഞും ഇത്തരം സമൂഹങ്ങൾ നേരിടുന്നുണ്ട് എന്നത് സൂക്ഷ്മ നിരീക്ഷണങ്ങളിൽ വെളിപ്പെടും. ആരാധനാലയങ്ങളിലെ വേർതിരിവ്, വിവാഹ ബന്ധങ്ങളിൽ പാലിക്കപ്പെടുന്ന നിഷ്കർഷ എല്ലാം ഈ വേർതിരിവിന് ഉദാഹരണങ്ങളാണ്.
വയലാർ 1960 കളിൽ രചിച്ച ക്രാന്തദർശിത്വമുള്ള ഈ വാക്കുകൾ തീക്ഷണമായി വീണ്ടും ഓർമയിലെത്തിച്ചത്, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി -ദേശീയ ജനാധിപത്യ സർക്കാർ സുപ്രീം കോടതിയിൽ ഈയിടെ സമർപ്പിച്ച ഒരു സത്യവാങ്മൂലമാണ് (അഫിഡവിറ്റ്). ന്യൂനപക്ഷ വിഭാഗങ്ങളെ സംവരണത്തിന് പരിഗണിക്കുമ്പോൾ അവലംബിക്കേണ്ട മാനദണ്ഡങ്ങളെക്കുറിച്ചുള്ള ഒരു കേസിലായിരുന്നു ഈ സത്യവാങ്മൂലം. സിഖ്, ബൗദ്ധ വിഭാഗങ്ങളിലുള്ള ദളിത് വിഭാഗങ്ങൾക്ക് സംവരണം നൽകാമെന്നും എന്നാൽ മുസ്ലിം ക്രൈസ്തവ വിഭാഗങ്ങളിൽപെട്ട ദളിതർ ഈ പരിഗണനക്ക് അർഹരല്ല എന്നുമുള്ള നിലപാടാണ് സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ചത്. സിഖ് ബൗദ്ധ മതങ്ങൾ ഇന്ത്യയിൽ ജന്മമെടുത്തതാണെന്നും മുസ്ലിം ക്രൈസ്തവ മതങ്ങൾ വിദേശീയമാണ് എന്ന ന്യായമായിരുന്നു ഈ വാദത്തിന് പിന്നിൽ.
അക്ഷരാർത്ഥത്തിൽ ഇന്ത്യയുടെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ യാഥാർഥ്യങ്ങളെ വെല്ലുവിളിക്കുന്നതാണ് ഈ നിലപാട്. എന്ന് മാത്രമല്ല സംഘ പരിവാറിന്റെ ഇന്ത്യൻ പൗരത്വത്തെ പറ്റിയുള്ള വിവാദ നിലപാടിൽ നിന്ന് ധാരാളാമായി കടം കൊള്ളുകയും ചെയ്യുന്നു ഈ സത്യവാങ്മൂലം. ഇന്ത്യൻ പൗരത്വത്തിന് അർഹരാവാൻ പൗരന്മാർക്ക് മൂന്നു തരം പാരമ്പര്യ തുടർച്ച ആവശ്യമാണ് എന്നായിരുന്നു ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപകനായ വിനായക് ദാമോദർ സവർക്കരും പിനീട് ആ ആശയത്തിന്റെ വമ്പൻ പ്രചാരകനായി മാറിയ എം എസ് ഗോൾവാൾക്കറും 1920 കളുടെ മധ്യ വർഷങ്ങൾ മുതൽ തന്നെ വാദിച്ചു വന്നത്. അവർ അവശ്യം ആവശ്യമായി കണ്ട പൗരത്വ നിബന്ധനകൾ ‘മാതൃഭൂമി’, ‘പിതൃഭൂമി’, ‘പുണ്യഭൂമി’ എന്നീ സങ്കൽപ്പങ്ങളിൽ അധിഷ്ഠിതമായിരുന്നു. മാതൃഭൂമി എന്നാൽ ജനിച്ച നാട്, പിതൃഭൂമി എന്നാൽ പൂർവികരുടെ നാട്, പുണ്യഭൂമി എന്നാൽ മത വിശ്വാസത്തിന്റെ ഉദ്ഭവനാട്. ആദ്യത്തെ രണ്ടു മാനദണ്ഡങ്ങളുടെ അടിസ്ഥാനങ്ങളിൽ ഭാരതീയരായി കണക്കാക്കാമെങ്കിലും ക്രിസ്ത്യൻ മുസ്ലിം വിഭാഗങ്ങൾ പുണ്യഭൂമി സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ പൗരത്വത്തിനു അർഹരല്ല എന്നായിരുന്നു ഇവരുടെ വാദം.
സ്വാതത്ര്യ പ്രാപ്തിക്കു ശേഷം ഇന്ത്യൻ ഭരണഘടന രൂപീകരിക്കപ്പെട്ടപ്പോൾ നമ്മുടെ സാമൂഹിക സാംസ്കാരിക പൈതൃകത്തെപ്പറ്റി വർഷങ്ങളോളം ചർച്ച ചെയ്ത കോൺസ്റ്റിറ്റുവന്റ് അസംബ്ലി പാടെ നിരാകരിച്ച ഈ വാദത്തെ ഏതാണ്ട് പ്രത്യക്ഷമായി തന്നെ സാധൂകരിക്കുകയാണ് മോദി സർക്കാരിന്റെ ഈ സത്യവാങ്മൂലം.
മൂർത്തമായ സാമൂഹിക സാഹചര്യങ്ങളിൽ ന്യൂനപക്ഷങ്ങൾക്കിടയിൽ ജാതി നടത്തുന്ന വിളയാട്ടങ്ങൾ ഒരേ സമയം സങ്കീർണവും വിചിത്രവുമാണ്. ചരിത്രത്തിൽ തന്നെ സ്ഥാനം പിടിച്ചിട്ടുള്ള ചില ‘ജാതിക്കളികൾ ‘ ഒന്നോടിച്ചു നോക്കാം. ക്രിസ്ത്യാനികളിൽ ഒരു വിഭാഗം തങ്ങൾ നമ്പൂതിരി മാർഗം കൂടിയവരുടെ പിന്മുറക്കാരാണ് എന്ന അവകാശവാദം ഉന്നയിക്കുന്നത് തന്നെ തങ്ങളുടെ ജാതി മേൽക്കോയ്മയിലൂന്നിയ ആഢ്യത്വം ഉറപ്പിക്കുന്നതിനു വേണ്ടിയാണ്. (എ ഡി 52 -ആം ആണ്ടിൽ എത്തിയ തോമാ ശ്ലീഹ നേരിട്ട് നമ്പൂതിരിമാരെ മാർഗം കൂട്ടി എന്നാണ് പറയപ്പെടുന്നത്, എന്നാൽ എ ഡി ഒന്നാം നൂറ്റാണ്ടിൽ ബ്രഹ്മണ്യം കേരളത്തിൽ എത്തിയതിന് ചരിത്രത്തിന്റെ പിൻബലം ഇല്ല. ബ്രാഹ്മണ്യത്തിന്റെ കേരളത്തിലേക്കുള്ള കടന്നു വരവ് എ ഡി എട്ടാം നൂറ്റാണ്ടു മുതലാണെന്നതാണ് ചരിത്ര വസ്തുത).
ഹിന്ദുക്കളും ക്രിസ്ത്യാനികളുമായുള്ള താരതമ്യത്തിൽ മുസ്ലിം ജനവിഭാഗത്തിനിടയിൽ ജാതി വിവേചനം പ്രത്യക്ഷത്തിൽ പ്രകടമാകുന്നില്ലെങ്കിലും ജാതി വിവേചനത്തിൽ നിന്നും പൂർണമായി മോചിതമല്ല ഇസ്ലാമും. പുസാലർ (മീൻപിടിത്തക്കാർ), ഒസാൻ (ബാർബർ) തുടങ്ങിയ താഴെ തട്ടിലുള്ള വിഭാഗങ്ങൾ സാമൂഹിക വിവേചനത്തിന് വിധേയരാണ്. ഗൾഫ് ബൂം കൊണ്ടുണ്ടായ സാമ്പത്തിക വളർച്ച ഒരു പരിധിവരെ ഇത്തരം സാമൂഹിക ഒറ്റപ്പെടുത്തലുകളിൽ ഗണ്യമായ വ്യത്യാസം വരുത്തിയെന്നത് വസ്തുതയാണെങ്കിലും ഇത്തരം വിവേചനങ്ങൾ സമൂഹത്തിൽ ഇപ്പോഴും തുടരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്.
നവോതഥാന മുന്നേറ്റങ്ങളുടെയും പുരോഗമന പ്രസ്ഥാനങ്ങളുടെയും ഇടപെടലുകൾ വഴി കേരളത്തിലെ ജാതി തീക്ഷ്ണതയിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ടെങ്കിലും ജാതിയെ ഉന്മൂലനം ചെയ്യാൻ കഴിഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിൽ സ്ഥിതി കേരളത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്, കർണാടക അടക്കമുള്ള പ്രദേശങ്ങളിൽ ജാതീയമായ അടിച്ചമർത്തലുകളും വിവേചനങ്ങളും ഈ കാലഘട്ടത്തിലും ശക്തമായി തുടരുന്നുണ്ട്. തമിഴ് നാട്ടിലെ പല ജില്ലകളിലും അയിത്ത ജാതിക്കാരെ പൊതു വഴി ഉപയോഗിക്കുന്നതിൽ നിന്നും വിലക്കാറുണ്ട്. ഹോട്ടലുകളിലും ടീ ഷോപ്പുകളിലും താഴ്ന്ന ജാതിക്കാർക്ക് പ്രത്യേകം പാത്രങ്ങൾ കരുതുന്നതും ഈ സംസ്ഥാങ്ങളിൽ സാധാരണമാണ്. കർണാടകയിൽ ക്ഷേത്രങ്ങളിൽ ഉയർന്ന ജാതിക്കാർ ഭക്ഷണം കഴിച്ച ഇലകളിൽ അയിത്ത ജാതിക്കാർ ഉരുളുക ഉൾപ്പടെയുടെയുള്ള പ്രാചീനവും ക്രൂരവുമായ ആചാരം നിലനിൽക്കുന്നു. ദളിതരിൽ നിന്നും മതം മാറിയ വിഭാഗങ്ങളോടും പൊതു സമൂഹത്തിന്റെ സമീപനത്തിൽ വലിയ മാറ്റങ്ങളൊന്നും കാണാൻ കഴിയില്ല.
ഉത്തർ പ്രദേശിൽ സയ്യിദ്, അഷ്റഫിയ തുടങ്ങിയ വിഭാഗങ്ങൾ സമൂഹത്തിലെ ഉന്നത നിലകളിൽ പരിഗണിക്കപ്പെടുമ്പോൾ അൻസാരി പോലുള്ളവരുടെ സ്ഥാനം താഴെത്തട്ടിലാണ്. സമൂഹത്തിൽ ഉന്നത തലത്തിൽ പരിഗണിക്കപ്പെടുന്ന സയ്യദ് വിഭാഗം പ്രവാചകൻ മുഹമ്മദിന്റെ മരുമകൻ അലിയുടെ പിന്തുടർച്ചക്കാരായാണ് അവകാശപ്പെടുന്നത്. സയ്യദ്, ഷെയ്ഖ്, മുഗൾ, പട്ടാൻ തുടങ്ങിയ വിഭാഗങ്ങൾ സാമൂഹിക സാമ്പത്തിക സ്ഥിതിയിൽ മുന്നോക്കം നിൽക്കുന്നവരും രാഷ്ട്രീയ അധികാരത്തിന്റെ ഭാഗം ചേർന്ന് നിൽക്കുന്നവരുമാണ്. എന്നാൽ മഹാഭൂരിപക്ഷം വരുന്ന താഴെത്തട്ടിലുള്ള മുസ്ലിങ്ങൾ സമൂഹത്തിലെ കീഴാള ജാതികളിൽ നിന്നും മതം മാറിയവരുമാണ്. സമൂഹത്തിലെ മേൽഘടകങ്ങളിൽ നിന്നും മതം മാറി വരുന്ന വിഭാഗങ്ങൾക്ക് തങ്ങളുടെ സാമൂഹിക/സാമ്പത്തിക നിലവാരം പരിരക്ഷിക്കാൻ കഴിയുമ്പോൾ കീഴാളരായ വിഭാഗത്തിന് മതം മാറ്റത്തിന് ശേഷവും തങ്ങൾ തുടർന്ന് വന്നിരുന്ന തൊഴിലിലടക്കം യാതൊരു മാറ്റവും സംഭവിക്കുന്നില്ല. 1935-ൽ ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിൽ ഇന്ത്യയിലെ ജാതികളുടെ ലിസ്റ്റ് പ്രകാരം അലക്കുകാർ, ചെരുപ്പ് കുത്തികൾ, തൂപ്പുകാർ തുടങ്ങിയ ജോലികളിൽ ഏർപ്പെടുന്നവർ എല്ലാ മതത്തിലും പെട്ടവർ ആണ്. അടിസ്ഥാനപരമായി ദളിത് വിഭാഗത്തിൽ പെട്ടവർ. രാജ്യത്ത് തോട്ടിപ്പണി ചെയ്യുന്നവരിൽ വലിയൊരു വിഭാഗം ഹിന്ദു ദളിത് വിഭാഗങ്ങളെപോലെ ദളിത് ക്രിസ്ത്യൻ വിഭാഗത്തിൽപ്പെട്ടവരുമാണ്. അടുത്തകാലത്താണ് ബീഹാറിലെ പസ്മാൻഡ മുസ്ലിങ്ങൾ, സാമ്പത്തികവും സാമൂഹികവുമായി മുൻപിൽ നിൽക്കുന്ന മാലിക് മുസ്ലിങ്ങൾക്ക് പിന്നോക്ക സമുദായ പദവി അനുവദിച്ചതിനെതിരെ സമരരംഗത്ത് വന്നത്. സമൂഹത്തിൽ സാമ്പത്തികവും സാമൂഹികവും ആയി ഏറെ പിന്നോക്കം നിൽക്കുന്ന മതം മാറിയ മുസ്ലിം വിഭാഗങ്ങളെയാണ് പസ്മാൻഡ മുസ്ലിങ്ങൾ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഇന്ത്യയിൽ നൂറ്റാണ്ടുകളായി നിലനിന്നു പോരുന്ന വ്യവസ്ഥിതിയാണ് ചാതുർവർണ്യത്തിൽ അധിഷ്ഠിതമായ ജാതി വ്യവസ്ഥ. ഇതാകട്ടെ ലോകത്ത് ഇന്ത്യയിൽ മാത്രം കാണപ്പെടുന്ന പ്രതിഭാസവും. ജാതി വ്യവസ്ഥയുടെ ഫലമായി നേരിടേണ്ടി വന്ന ക്രൂരമായ സാമൂഹിക, സാമ്പത്തിക വിവേചനങ്ങളാണ് ഇന്ത്യയിലെ മതപരിവർത്തനങ്ങളുടെ കാരണങ്ങളിൽ ഏറ്റവും പ്രധാനം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഭരണഘടനാ ശില്പി ഡോക്ടർ അംബേദ്കർ ലക്ഷക്കണക്കായ അനുയായികൾക്കൊപ്പം ഹിന്ദു മതം വിട്ട് ബുദ്ധ മതം സ്വീകരിച്ചതിൽ കാണാനാവുക.
സംഘടിത മതങ്ങളായ ഇസ്ലാം, ക്രിസ്ത്യൻ, സിഖ്, ബൗദ്ധ മതങ്ങളൊന്നും തന്നെ ജാത്യാധിഷ്ഠിത വേർതിരിവ് വെച്ച് പുലർത്തുന്നവരല്ല. എന്നാൽ ഇന്ത്യയിൽ ഇത്തരം മതങ്ങളിലും ജാതി വ്യവസ്ഥ പല രീതിയിൽ നിലനിൽക്കുന്നു എന്നതാണ് വാസ്തവം. നൂറ്റാണ്ടുകളായി രാജ്യത്തു നിലനിന്നു പോരുന്ന ജാത്യാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥയുടെ സ്വാധീനത്തിൽ നിന്നും മുക്തരാകുവാൻ ഈ വിഭാഗങ്ങൾക്ക് സാധിക്കാത്തതിന്റെ കാരണവും ശ്രേണീബദ്ധ സാമൂഹ്യ ബോധത്തിന് സമൂഹത്തിലുള്ള ശക്തമായ വേരോട്ടം കൊണ്ടാണ് . അതുകൊണ്ടു തന്നെ മതം മാറി എന്നത് കൊണ്ട് മാത്രം ഒരു വ്യക്തിയുടെ സാമൂഹികവും സാമ്പത്തികവുമായ സ്ഥിതിയിൽ പ്രകടമായ മാറ്റം ഉണ്ടാകുന്നില്ല. 1950 ൽ പുറപ്പെടുവിച്ച പ്രെസിഡെൻഷ്യൽ ഓർഡർ പ്രകാരമാണ് ദളിത് വിഭാഗങ്ങൾക്ക് നൽകി വന്ന ആനുകൂല്യങ്ങൾ ഹിന്ദു മതത്തിലെ ദളിത് വിഭാഗങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തപ്പെട്ടത്.
ഇന്ത്യയിലെ ജീവിത യാഥാർഥ്യങ്ങളുടെ തലത്തിൽ ഹിന്ദുക്കളിലെ ദളിത് സമൂഹം നേരിടുന്ന സാമൂഹ്യ അവഗണയും സാമ്പത്തിക അസമത്വവും ബൗദ്ധ, സിഖ് സമൂഹങ്ങളിലെ താഴേക്കിടയിലുള്ളവരെ പോലെ തന്നെ ദളിത് ക്രിസ്ത്യൻ/മുസ്ലിം വിഭാഗങ്ങളിലെ താഴേക്കിടയിലുള്ളവരും അനുഭവിക്കുന്നുണ്ട്. അതിനിടയാക്കിയ സാമൂഹിക സാഹചര്യം ഇന്ത്യയിലെ ജാതി വ്യവസ്ഥയുമാണ്. നൂറ്റാണ്ടുകളായി സമൂഹത്തിൽ സാമൂഹികമായും സാമ്പത്തികമായും വിവേചനം നേരിടുന്ന വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടുവരാൻ ഭരണഘടന വിഭാവനം ചെയ്ത സംവരണ സംവിധാനത്തിൽ നിന്നും അർഹരായ ഒരു വിഭാഗത്തെ ബോധപൂർവം മാറ്റി നിർത്താനുള്ള ശ്രമമായേ ഈ സത്യവാങ്മൂലത്തെ കാണാൻ കഴിയൂ.
ലേഖനം ശ്രദ്ധേയം, എന്നാൽ അനുദിനം മതരാഷ്ട്രമായി പരിണമിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ഇതിൽ ഒരു മാറ്റവും ഉണ്ടാക്കാൻ ആർക്കാണ് കഴിയുക? ഈ ലേഖനം വ്യാപകമായി വായിക്കപ്പെടേണ്ടതാണ്
ഇന്ത്യയിലെ സാമൂഹിക പിന്നോക്ക സമുദായങ്ങളുടെ അവസ്ഥകൾ വരച്ചുകാണിക്കുന്നതിനും കേന്ദ്ര സർക്കാരിൻ്റെ സ്ഥാപിത താത്പര്യങ്ങൾ തുറന്നു കാട്ടുന്നതിനും ഈ ലേഖനത്തിനു സാധിച്ചിട്ടുണ്ട്. കൂടുതലെന്തൊക്കെയോ പറയാനുണ്ടെന്ന് ധ്വനിപ്പിച്ച ഈ ലേഖനത്തിൻ്റെ ബാക്കി കൂടി പ്രതീക്ഷിക്കുന്നു.