A Unique Multilingual Media Platform

The AIDEM

Interviews Politics

“കോൺഗ്രസ് ഉത്തർപ്രദേശിൽ നിലമെച്ചപ്പെടുത്തും” അനുഗ്രഹ് നാരായൺ സിങ്

  • March 5, 2022
  • 1 min read

അലഹബാദിലെ കോൺഗ്രസ് നേതാവ് അനുഗ്രഹ നാരായൺ സിംഗിന്റെ അഭിമുഖം

ഉത്തർപ്രദേശിൽ ഈ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. സർക്കാരിന്റെ സ്ഥിതി എന്തായിരിക്കും?

ഉത്തർപ്രദേശിൽ നിന്ന് ബി.ജെ.പി. സർക്കാർ തുടച്ചുമാറ്റപ്പെടാൻ പോവുകയാണ്. പശ്ചിമ ഉത്തർപ്രദേശിൽ പൂർണപരാജയം അവർ നേരിടും. പൂർവാഞ്ചലിലും നല്ല തിരിച്ചടി ലഭിക്കും

കോൺഗ്രസ്സിന്റെ കാര്യത്തിൽ താങ്കളുടെ പ്രതീക്ഷ എന്താണ്?

കോൺഗ്രസ് മുമ്പത്തേക്കാൾ നില വളരെ വളരെ മെച്ചപ്പെടുത്തും. കഴിഞ്ഞ 3 വർഷം പ്രിയങ്കാ ഗാന്ധിയും, കോൺഗ്രസ് നേതാക്കളും ഇവിടെ നന്നായി പ്രവർത്തനം നടത്തിയിട്ടുണ്ട്. അത് ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കോൺഗ്രസിന് മുന്നേറാനാവും.

പക്ഷെ ബി.ജെ.പി. സർക്കാർ ജനങ്ങൾക്ക് റേഷൻ നൽകി, ക്രമസമാധാനം മെച്ചപ്പെടുത്തി എന്നൊക്കെ അവകാശപ്പെടുന്നുണ്ടല്ലോ?

നോക്കൂ, ഏതൊരു പ്രദേശവും, സംസ്ഥാനവും നിയമവ്യവസ്ഥയെ അടിസ്ഥാനമാക്കി വേണം പ്രവർത്തിക്കാൻ. 2013 ലെ ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചാണ് മോദിജി 24 രൂപയുടെ റേഷൻ ഇതുവരെ നൽകിപ്പോരുന്നത്. കടുകെണ്ണ കൊടുക്കും എന്ന് പറഞ്ഞിട്ട് കേടായ പാമോയിലാണ് കൊടുക്കുന്നത്. ഉപ്പ് കൊടുത്തതിൽ നിറയെ കല്ലാണ്. ഉപ്പ് ആളുകൾ വെള്ളത്തിൽ ഇട്ടപ്പോൾ കല്ലൊക്കെ താഴെ അടിഞ്ഞു. ധാന്യമെറിഞ്ഞു കിളികളെ പിടിക്കുന്നതുപോലെ ആളുകളെ പിടിക്കാൻ നോക്കിയതാണ്. ഇതൊക്കെ പാവപ്പെട്ടവർ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുപോലെയാണ് ഇവരുടെ ജ്വാലാ ഗ്യാസ് പദ്ധതി. അത് സൗജന്യം ഒന്നും അല്ല എന്ന് ക്രമേണ ആളുകൾ മനസ്സിലാക്കി. ആളുകളെക്കൊണ്ട് ലോൺ എടുപ്പിച്ചിരുന്നു. എന്നിട്ട് അവർക്കു കിട്ടുന്ന സബ്‌സിഡി വഴി ലോൺ അടക്കാൻ അവരുടെ വിരലടയാളവും പതിപ്പിച്ചിരുന്നു. ഇപ്പൊ സബ്‌സിഡി തീർന്നിരിക്കുന്നു. ഈ സർക്കാരിന്റെ പെട്രോളിയം സബ്‌സിഡി വട്ടപ്പൂജ്യമാണ്. ബി.പി.എല്ലുകാർക്കോ, എ.പി.എല്ലു കാർക്കോ ഇപ്പൊ സബ്സിഡി കിട്ടുന്നില്ല. അങ്ങനെ ഇവരുടെ സൗജന്യ പദ്ധതികളുടെയെല്ലാം കള്ളി പൊളിഞ്ഞിരിക്കുന്നു. ജനങ്ങൾ അത് മനസ്സിലാക്കി ഇവരെ മാറ്റാൻ പോവുകയാണ്. സൗജന്യ റേഷൻ എന്ന ഇവരുടെ നാടകവും മാർച്ച് വരെ മാത്രമാണ്. കർഷക സമരം നടന്നില്ലായിരുന്നുവെങ്കിൽ, ഇതിനകം ഇന്ത്യയിൽ നിന്ന് പൊതുവിതരണ സംവിധാനം തന്നെ നാട് കടന്നേനെ. അത് രക്ഷിച്ചെടുത്ത് കർഷകരാണ്. കോർപ്പറേറ്റ് കമ്പനികളുമായി ഇവർക്ക് ധാരണയുണ്ട്. 2024 ആവുമ്പോഴേക്കും പൊതുവിതരണ സംവിധാനം അവസാനിപ്പിക്കാൻ. 2019-20 ഇൽ ഇവർ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കുള്ള ധനസഹായം നിർത്തി. എന്നിട്ട് അവരോട് കേന്ദ്ര സർക്കാരിന്റെ സ്മാൾ സ്കെയിൽ ഫണ്ടിൽ നിന്ന് ലോൺ എടുക്കാൻ നിർദ്ദേശിച്ചു. അവർ പലയിടത്തു നിന്നും ലോൺ എടുത്താണ് കാര്യങ്ങൾ നടത്തിക്കൊണ്ടുപോവുന്നത്. അതുകൊണ്ട് ഇപ്പോൾ എഫ്.സി.ഐ. കോടികളുടെ നഷ്ടത്തിലാണ്. അതിനെ അദാനി അഗ്രോ-യ്ക്ക് കൈമാറ്റം ചെയ്യാനായിരുന്നു പദ്ധതി. എന്നാൽ കർഷസമരം കാരണം ഇത് തടയപ്പെട്ടു. പാവങ്ങൾക്ക് പലതും നൽകി എന്ന ഇവരുടെ അവകാശവാദം വെറും നാടകമാണെന്ന് ഇന്ന് പാവപ്പെട്ടവർ തിരിച്ചറിഞ്ഞിട്ടുണ്ട്.

പക്ഷെ, ഒരു വാദം ഇങ്ങനെയുണ്ടല്ലോ. ഉത്തർപ്രദേശിൽ ഹിന്ദുത്വ വളരെ ആഴത്തിൽ വേരിറക്കിയിട്ടുണ്ട്. അതുകൊണ്ടു എന്തൊക്കെ ജീവിതപ്രശ്നങ്ങൾ ഉണ്ടെങ്കിലും ജനങ്ങൾ ബി.ജെ.പി. ക്കു തന്നെ വോട്ട് ചെയ്യും എന്ന്.

ഇതുവരെ വൈരാഗ്യത്തിന്റെ തീ പടർത്തി വോട്ടു വിഭജിക്കുന്ന ഇവർ ചെയ്തിരുന്നത്. ഇത്തവണ അതും ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തവണത്തെ ബി.ജെ.പി. യുടെ വിജയം തന്നെ പശ്ചിമ ഉത്തർപ്രദേശിൽ, മുസഫർനഗർ കലാപം നടത്തി, അതിലൂടെ വൈരാഗ്യം സൃഷ്ടിച്ചുകൊണ്ടായിരുന്നു. എന്നാൽ കർഷകസമരം വന്നതോടെ കർഷകർ പറഞ്ഞു, ഞങ്ങൾ ഹിന്ദുവോ, മുസ്ലീമോ, സിഖോ, ക്രിസ്ത്യാനിയോ അല്ല എന്ന്. അവർ അവരുടെ വർഗ്ഗത്തെ തിരിച്ചറിഞ്ഞു. അവർ പറഞ്ഞു, ഞങ്ങൾക്ക് വിലക്കയറ്റം വേണ്ട, തൊഴിലില്ലായ്‌മ വേണ്ട, അക്രമങ്ങൾ വേണ്ട. ശബ്ദം ഉയർത്തിയാൽ ഉണ്ടാവുന്ന അടിച്ചമർത്തലും അവരിപ്പോൾ സഹിക്കാൻ തയ്യാറല്ല.

താങ്കൾ ആദ്യം എസ്.എഫ്.ഐ. വിദ്യാർത്ഥി സംഘടനയിൽ ആയിരുന്നു. പിന്നീട് കോൺഗ്രസ്സിൽ ചേർന്നു. കമ്മ്യുണിസ്റ്റ് പാർട്ടിക്ക് ചെറിയ സാന്നിധ്യം ഉണ്ടായിരുന്നുവല്ലോ യു.പി.യിൽ. പിന്നീട് ഒട്ടും കാണുന്നില്ല. ഇവിടത്തെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിന് എന്താണ് സംഭവിച്ചത്?

നോക്കൂ, ഞാൻ എസ്.എഫ്.ഐ. യിൽ ആയിരുന്നു. ഞങ്ങൾ ചന്ദ്രശേഖർ ആസാദിന്റെയും, ഭഗത് സിംഗിന്റെയും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനാണ് ആഗ്രഹിച്ചിരുന്നത്. ഭഗത് സിംഗ് പറഞ്ഞിരുന്നു, ഒരു രൂപയ്ക്കു നാലണ കിട്ടുമെങ്കിൽ അത് വാങ്ങൂ, എന്നിട്ട് മുന്നോട്ട് നടക്കൂ എന്ന്. അതുകൊണ്ടാണ് കോൺഗ്രസിലേക്ക് വന്നത്. അത് കോൺഗ്രസ് ഭരിക്കുമ്പോൾ ആയിരുന്നില്ല. കമ്മ്യുണിസ്റ്റ് പാർട്ടികൾ ആവശ്യപ്പെട്ടിരുന്ന വിവരാവകാശം, തൊഴിലിനുള്ള അവകാശം (തൊഴിലുറപ്പ് പദ്ധതി) എല്ലാം കോൺഗ്രസ് നടപ്പാക്കി. വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശം ആക്കിയതും കോൺഗ്രസ്സാണ്. മൻമോഹൻ സിംഗിന്റെയും, സോണിയാ ഗാന്ധിയുടെയും നേതൃത്വത്തിൽ. ഇപ്പോൾ യഥാർത്ഥ സമരത്തിന്റെ രൂപം മാറിയിരിക്കുന്നു. ഇപ്പോൾ സമരം കമ്പനികളുമായിട്ടാണ്. കമ്പനികളുമായി സഖ്യത്തിലാണ് ബി.ജെ.പി.

ഇത്തവണ തെരഞ്ഞെടുപ്പിൽ ബി.ജെ.പി. യുടെ മുഖ്യ പ്രതിയോഗി കോൺഗ്രസ്സാണോ, എസ്.പി. യാണോ?

അതൊക്കെ ജനങ്ങളാണ് നിശ്ചയിക്കുന്നത്. ഓരോ സ്ഥലത്തും ബി.ജെ.പി. യെ ആര് തോൽപ്പിക്കുമോ, അവരോടൊപ്പമാണ് ജനം പോകുന്നത്. കോൺഗ്രസ്സിൽ ഉണ്ടായിരുന്ന കുഴപ്പക്കാരെ ഒഴിവാക്കി രാഹുലും, പ്രിയങ്കയും കോൺഗ്രസ്സിനെ വൃത്തിയാക്കി. അതുകൊണ്ടു കോൺഗ്രസ് ഇപ്പോൾ ശക്തമാണ്.

About Author

The AIDEM