A Unique Multilingual Media Platform

The AIDEM

Articles Politics

ശുഭാപ്തി വിശ്വാസത്തിനു കിട്ടിയ തുരപ്പൻ പണികൾ 

  • November 25, 2022
  • 1 min read
ശുഭാപ്തി വിശ്വാസത്തിനു കിട്ടിയ തുരപ്പൻ പണികൾ 

ഇന്ത്യൻ ജനാധിപത്യത്തിന്റെ പ്രയാണത്തിലെ ഏറ്റവും ശുഭാപ്തിവിശ്വാസം നിറഞ്ഞ ഒരു തുടക്കമാണ് ആസാദിയുടെ നാലാം ദശകത്തിന് കൈവന്നത്. രാഷ്ട്രത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധികാര കുത്തക അവസാനിപ്പിച്ച്, അതുവരെ  പ്രതിപക്ഷത്തായിരുന്ന ഒരു കൂട്ടം രാഷ്ട്രീയ കക്ഷികളും കോൺഗ്രസിൽ നിന്ന് മാറി വന്ന ചില നേതാക്കളും ഒന്നിച്ചുണ്ടാക്കിയ ജനതാപാർട്ടി ഭരണം ഏറ്റെടുക്കുന്നത് കണ്ടുകൊണ്ടാണ് ദശകം ആരംഭിച്ചതു തന്നെ. ആ അധികാരാരോഹണം അടിയന്തരാവസ്ഥക്കാലത്തെ അടിച്ചമർത്തലിനും അതിനെതിരായ ജനകീയ പ്രതിരോധത്തിനും ശേഷമായിരുന്നു എന്നത്, ഈ മാറ്റത്തിന്റെ ജനാധിപത്യ മൂല്യങ്ങളുടെ മാറ്റ് കൂട്ടി.

പക്ഷെ, ആ പ്രതീക്ഷകൾ ദശകത്തിന്റെ അവസാനമാവുമ്പോഴേക്കും കീഴ്മേൽ മറിയുന്ന കാഴ്ചയും ഇന്ത്യ കണ്ടു. രാഷ്ട്രീയത്തിന്റെ തലത്തിൽ ഇങ്ങനെ ഒരു പ്രതിപക്ഷ സർക്കാരിന്റെ അകാലമൃത്യു കുറിച്ച അതേ ദശകത്തിൽ തന്നെയാണ്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രി കൊല്ലപ്പെടുന്ന അവസ്ഥയും ഉണ്ടായത്. അതും, സ്വന്തം അംഗരക്ഷകരുടെ കയ്യാൽ. ദാരുണമായ ആ അന്ത്യം ഇന്ദിരാ ഗാന്ധി ഏറ്റുവാങ്ങുന്നതിന് മുൻപ്, രാജ്യത്തിന്റെ പല ഭാഗങ്ങളിലും വിഭാഗീയ മുദ്രാവാക്യങ്ങൾ ഉയർത്തിയുള്ള തീവ്രവാദവും കൊടുമ്പിരിക്കൊള്ളുകയുണ്ടായി. പ്രത്യേകിച്ചും ഇന്ത്യയുടെ ധാന്യക്കലവറ എന്ന് എക്കാലത്തും വിശേഷിപ്പിക്കപ്പെട്ട പഞ്ചാബിലെ ഖാലിസ്ഥാൻ തീവ്രവാദ പ്രസ്ഥാനത്തിലൂടെ. ഖാലിസ്ഥാൻ തീവ്രവാദത്താൽ സ്വാധീനിക്കപ്പെട്ട അംഗരക്ഷകർ തന്നെയാണ് ഇന്ദിരാ ഗാന്ധിയെ വധിച്ചതും. 

ഇന്ദിരയുടെ കൊലപാതകത്തിനു ശേഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും, പ്രത്യേകിച്ച് തലസ്ഥാന നഗരിയായ ഡൽഹിയിലും ആളിക്കത്തിയ സിഖ് വിരുദ്ധ നരനായാട്ടിൽ 3000 ത്തിൽ പരം സിഖുകാർ കൊല്ലപ്പെട്ടു. അങ്ങനെ ഇന്ത്യാ വിഭജനത്തിനു ശേഷം രാഷ്ട്രം കണ്ട ഏറ്റവും ഭീകരമായ നരഹത്യക്കും ഈ ദശകം സാക്ഷ്യം വഹിച്ചു. 

പ്രത്യക്ഷ സംഭവവികാസങ്ങളുടെ തലത്തിൽ ഇങ്ങനെ ഭീഭത്സതയുടെ ഒരു പരമ്പര ഉണ്ടാകുന്നതിനിടയിൽ രാഷ്ട്രീയ കുത്തിത്തിരിപ്പുകളുടെയും, കുതന്ത്രങ്ങളുടെയും ഒരു മാസ്റ്റർ പ്ലാൻ പുറംലോകത്തിന് കൃത്യമായി മനസ്സിലാക്കാൻ പറ്റാത്ത വിധത്തിൽ മുന്നോട്ടു നീക്കിയ ഒരു രാഷ്ട്രീയ പ്രക്രിയക്കും ഈ ദശകത്തിൽ സ്ഥാനമുണ്ടായി. 1977 ലെ ജനതാ പാർട്ടി സർക്കാരിന്റെ രൂപീകരണവും തകർച്ചയും മുതൽ പിന്നീടുണ്ടായ വിഘടന വാദത്തിലധിഷ്ഠിതമായ ഭീകര പ്രവർത്തനത്തിന്റെയും ഒക്കെ ഇടയിലൂടെ ഘട്ടം ഘട്ടമായി മുന്നേറിയ ഒരു തുരപ്പൻ പണിയായിരുന്നു അത്. അതിന്റെ ചാലകശക്തി, പിൽക്കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പാരഡൈം ഷിഫ്റ്റുകളിൽ (അടിസ്ഥാനപരമായ ദിശാമാറ്റം) ഒന്നായി മാറിയ ഭൂരിപക്ഷ ഹിന്ദുത്വ സാമൂഹിക-രാഷ്ട്രീയ വ്യതിചലനത്തിന് വഴിയൊരുക്കിയ രാഷ്ട്രീയ സ്വയം സേവക് സംഘ് ഉം അതിന്റെ പ്രായോഗിക രാഷ്ട്രീയത്തിലെ ഉപകരണങ്ങളുമായിരുന്നു. ഒരർത്ഥത്തിൽ അദ്‌ഭുതകരമായ കുത്സിത രാഷ്ട്രീയ ക്രിയാത്മകതയുടെ നിദർശനം കൂടിയായി സംഘ പരിവാറിന്റെ ഈ തുരപ്പൻ പണികൾ. രാഷ്ട്രീയം മാത്രമല്ല, സാങ്കേതിക വിദ്യയും പിന്നീടുള്ള ദശാബ്ദങ്ങളിൽ സംഘ പരിവാർ ഈ തുരപ്പൻ പണിയുടെ ആയുധമാക്കി. ഇന്ത്യയിൽ ആദ്യമായി ഈ ദശകത്തിൽ ഉയർന്നു വന്ന കളർ ടെലിവിഷൻ പ്രസരണവും, ഇൻഫർമേഷൻ ടെക്‌നോളജിയുടെ ആദ്യ ചുവടുകളുമൊക്കെ തങ്ങളുടെ ആയുധപ്പുരയുടെ ഭാഗമാക്കി മാറ്റി, സംഘ പരിവാർ. 

1977 ൽ ജനതാ പാർട്ടിയുടെ രുപീകരണത്തിൽ തന്നെ ഈ കുത്സിത ക്രിയാത്മകത നടപ്പാക്കപ്പെട്ടു. ലോകത്തൊരു പക്ഷെ ഒരു കാഡർ പാർട്ടിക്കും ആലോചിക്കാൻ പറ്റാത്ത വിധം സ്വന്തം ഹിന്ദുത്വ രാഷ്ട്രീയ അസ്തിത്വം പാടെ ഉപേക്ഷിക്കുന്നു എന്ന മട്ടിൽ അക്കാലത്തെ സംഘപരിവാറിന്റെ രാഷ്ട്രീയ ഉപകാരണമായിരുന്ന ജനസംഘത്തെ പിരിച്ചുവിട്ടുകൊണ്ട് ജനതാ പാർട്ടിയിൽ ലയിപ്പിച്ചു. റാം മനോഹർ ലോഹ്യയുടെയും, ജയപ്രകാശ് നാരായണന്റെയും വഴികളിലൂടെ സഞ്ചരിച്ച സോഷ്യലിസ്റ്റ് പാർട്ടികൾക്കും, സ്വതന്ത്ര വിപണിയുടെയും, സാമ്പത്തിക യാഥാസ്ഥിതിക വാദത്തിന്റെയും വക്താക്കളായിരുന്ന സംഘടനാ കോൺഗ്രസ്സുകാർക്കും, ഇന്ദിരാ ഗാന്ധിയുടെ കോൺഗ്രസ്സിനകത്തു ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം നടത്തി പുറത്തുവന്ന ചന്ദ്രശേഖർ, ജഗജീവൻ രാം, ഹേമവതി നന്ദൻ ബഹുഗുണ എന്നിവർക്കും ഒപ്പം ചേർന്നാണ് ജന സംഘം എന്ന ഹിന്ദുത്വ പാർട്ടി സ്വയം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചുകൊണ്ട് ജനതാ പാർട്ടിയിൽ ലയിച്ചത്. 1977 ലെ ജനതാ മന്ത്രിസഭയിൽ നിർണ്ണായക വിഭാഗങ്ങളായ വിദേശകാര്യവും, വാർത്താവിതരണ പ്രക്ഷേപണവും ജനസംഘത്തിന്റെ രണ്ടു വലിയ നേതാക്കളുടെ – അടൽ ബിഹാരി വാജ്‌പേയിയും, ലാൽ കൃഷ്ണ അദ്വാനിയും- കൈകളിലേക്ക് വന്നുചേർന്നു. തുരപ്പൻ പണിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഈ മന്ത്രാലയങ്ങൾ സവിശേഷമായ രീതിയിൽ ആക്കം കൂട്ടി. പിൽക്കാലത്ത് ഇന്ത്യയിൽ അങ്ങോളമിങ്ങോളമുള്ള ആകാശവാണി നിലയങ്ങളിലും, പ്രധാനപ്പെട്ട മാധ്യമ സ്ഥാപനങ്ങളിലും ഒക്കെ ദശാബ്ദങ്ങളോളം സ്വാധീനം ചെലുത്തിയ നൂറുകണക്കിന് സംഘ പരിവാർ മാധ്യമ പ്രവർത്തകർ അദ്വാനിയുടെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രത്യേക നീക്കങ്ങളുടെ ഫലമായി നിയമിക്കപ്പെട്ടു. 

സർവീസിൽ ദശാബ്ദങ്ങൾ തന്നെ തുടരാനുള്ള പ്രായവും, പര്യാപ്തതയുമുണ്ടായിരുന്നവർ ആയിരുന്നു, 1977-79 കാലത്തെ ഈ റിക്രൂട്ടുകൾ. 1979 ൽ ജനസംഘക്കാരായ ജനതാ പാർട്ടിക്കാരുടെ ദ്വയാംഗത്വത്തിന്റെ (ഒരേ സമയം ജനതാ പാർട്ടിയിലും ആർ.എസ്.എസ്സിലുമുള്ള അംഗത്വം) പേരിൽ ഇന്ത്യയിലെ ആദ്യത്തെ പ്രതിപക്ഷ സർക്കാരും അതിനെ നയിച്ച പാർട്ടിയും പിളർപ്പുകളുടെ പരമ്പരയിലൂടെ കടന്നുപോകുമ്പോഴേക്കും ഈ റിക്രൂട്ടുകളെല്ലാം അവരുടെ സ്ഥാനങ്ങളിൽ ബലവാന്മാരും, ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണം പ്രത്യക്ഷമായും പരോക്ഷമായും മുന്നോട്ടു നീക്കാൻ കെൽപ്പുള്ളവരും ആയിക്കഴിഞ്ഞിരുന്നു. ജനതാ പാർട്ടി സർക്കാരിന്റെ പതനത്തിനു ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ, 1982 ൽ ഇന്ത്യയിൽ കളർ ടെലിവിഷൻ കടന്നുവരികയും ദൂരദർശൻ എന്ന സർക്കാർ ചാനൽ കുത്തക സ്ഥാപിക്കുകയും ചെയ്തപ്പോഴേക്കും ഈ റിക്രൂട്ടുകൾ തെളിഞ്ഞും ഒളിഞ്ഞും അവരുടെ പദ്ധതി മുന്നോട്ടുനീക്കി. 1987 ൽ രാമാനന്ദ സാഗർ എന്ന ചലച്ചിത്രനിർമ്മാതാവ് രാമായണ പരമ്പര ദൂരദർശനിൽ തുടങ്ങിയതോടുകൂടി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും പ്രത്യയ ശാസ്ത്രത്തിന്റെയും സാമൂഹിക മനശ്ശാസ്ത്രത്തിൽ അതിനുള്ള സ്വാധീനവും, ആഘാതവും പതിന്മടങ്ങു വർധിച്ചു. അതിന്റെ പരിണതഫലങ്ങൾ പിന്നീടുള്ള ദശകങ്ങളിൽ എല്ലാം ഇന്ത്യ എന്ന രാഷ്ട്രവും, അവിടത്തെ ജനങ്ങളും ഏറിയും കുറഞ്ഞുമുള്ള രീതിയിൽ അനുഭവിച്ചു. 

വിശാലമായ രാഷ്ട്രീയ പ്രത്യയശാസ്ത്രതലത്തിൽ മാത്രമല്ല ഈ കുത്തിത്തിരിപ്പൻ പ്രതിലോമത വെളിവായത്. ജനതാ പാർട്ടിയുടെ ആദ്യ വർഷത്തിൽ ശാസ്ത്ര രംഗത്ത് ഇന്ത്യയുടെ വമ്പൻ കുതിച്ചുചാട്ടങ്ങളിൽ ഒന്ന് അടയാളപ്പെടുത്തിക്കൊണ്ട്, ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവിന് ജന്മം നൽകാൻ വഴിയൊരുക്കിയ സുഭാഷ് മുഖർജി എന്ന ഡോക്ടർക്കും ഈ ദശകത്തിന്റെ സ്ഥായീഭാവം എന്ന് തന്നെ പറയാവുന്ന റോളർ കോസ്റ്റർ കയറ്റിറക്കങ്ങളിലൂടെ ദുരിതപൂർണ്ണമായി കടന്നുപോവേണ്ടി വന്നു. ദുർഗ അല്ലെങ്കിൽ കനുപ്രിയ അഗർവാൾ എന്ന് നാമകരണം ചെയ്യപ്പെട്ട ആ ടെസ്റ്റ് ട്യൂബ് ബേബിയെ ഉണ്ടാക്കാനുള്ള ശാസ്ത്രീയ നടപടികൾ എടുത്തതിന് മുഖർജി ശ്‌ളാഘിക്കപ്പെടുകയായിരുന്നില്ല മറിച്ച്, ദൈവഹിതമായ സ്വാഭാവിക ജൈവശാസ്ത്ര പദ്ധതിയെ തകിടം മറിച്ചു എന്ന കുപ്രചാരണത്തിന്റെ പേരിൽ ഭരണകൂടത്തിനകത്തു നിന്ന് തന്നെ അദ്ദേഹം വേട്ടയാടപ്പെട്ടു. മുഖർജിയുടെ പിൽക്കാല ഗവേഷണ പദ്ധതികൾ ആകെ താറുമാറായി. ഒടുവിൽ 1980 കളുടെ തുടക്കത്തിൽ ആത്മഹത്യ ചെയ്തു, ഈ മഹാ ശാസ്ത്രജ്ഞൻ. 

കപിൽ ദേവ് ഇന്ത്യക്കായി 1983 ലോകകപ്പ് ട്രോഫി സ്വീകരിക്കുന്നു

ഇങ്ങനെ ഒരു ശാസ്ത്രീയ നാഴികക്കല്ല് തച്ചുതകർക്കാൻ കളമൊരുക്കിയ സാമൂഹിക-രാഷ്ട്രീയ സാഹചര്യത്തിനിടയിൽ തന്നെയാണ് ഖാലിസ്ഥാൻ അടക്കമുള്ള വിഭാഗീയ പ്രവണതകളും വളർന്നു വന്നത്. അതിനിടെ 79 ലെ ജനതാ പാർട്ടി തകർച്ചക്ക് ശേഷം 1980 ൽ നടന്ന തെരഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിൽ തന്നെ കോൺഗ്രസ് അധികാരത്തിൽ തിരിച്ചുവന്നിരുന്നു. നാല് വർഷം മാത്രം നീണ്ടു നിന്ന ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിന്റെ ആദ്യ വർഷത്തിൽ തന്നെ ഈ വിഭാഗീയ പ്രവണതകൾ പഞ്ചാബിലും, ആസാമിലും, ചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഉയർന്നു വന്നിരുന്നു. ശ്രീലങ്കയിലെ തമിഴ് വംശജർ നേരിട്ട, അവിടത്തെ സർക്കാരിന്റെ കൊടിയ അടിച്ചമർത്തലിന്റെ പ്രതികരണമായി, തമിഴ്‌നാട്ടിലും അങ്ങിങ്ങു പ്രശ്നങ്ങൾ ഉണ്ടായിരുന്നു. 

1982 ലെ കളർ ടെലിവിഷന്റെ കടന്നുവരവും, 1983 ലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസികമായ ഏകദിന ലോക കപ്പ് വിജയവും 84 ലെ ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ യാത്രയും ഒക്കെ ഈ വിഭാഗീയ രാഷ്ട്രീയത്തിന്റെ കുതിച്ചുകയറ്റം തടയാനുള്ള ഉപാധികളായി ഉപയോഗിക്കാൻ ഇന്ദിരാ ഗാന്ധി ശ്രമിക്കുകയുണ്ടായി. 1984 ൽ ഒരു റഷ്യൻ റോക്കറ്റിൽ ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരനായ രാകേഷ് ശർമയുമായി പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നടത്തിയ സംഭാഷണത്തിൽ “അവിടെ നിന്ന് നോക്കുമ്പോൾ ഇന്ത്യ എങ്ങനെ കാണുന്നു?” എന്ന് ഇന്ദിരാ ഗാന്ധി ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി “സാരേ ജഹാൻ സെ അച്ഛാ” (മറ്റെല്ലാ നാടുകളെക്കാളും നല്ലത്) എന്നായിരുന്നു രാകേഷ് ശർമയുടെ മറുപടി. ആ സംഭാഷണത്തെ ഒരു വലിയ രാഷ്ട്രീയ പ്രതീകമായി ഉയർത്തിക്കൊണ്ടുവരാൻ ഇന്ദിരാ ഗാന്ധി ശ്രമിച്ചിരുന്നു. അതിനുമുമ്പുണ്ടായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ വിജയവും സമാനമായ രീതിയിൽ കൊണ്ടാടപ്പെടുകയും, ദേശത്തിന്റെ ശക്തിയുടെയും സ്ഥൈര്യത്തിന്റെയും പ്രതീകമായി ഉയർത്തിക്കാട്ടപ്പെടുകയും ചെയ്തു. 

രാകേഷ് ശർമ (നടുവിൽ)

പക്ഷെ, ഈ രാഷ്ട്രീയ നീക്കങ്ങളൊന്നും, വിഭാഗീയതയുടെ വേരോട്ടവും പടർച്ചയും തടയാൻ പര്യാപ്തമായിരുന്നില്ല. ആ അപര്യാപ്തത തന്നെയാണ് 1984 ഒക്ടോബർ 31 ന് ഇന്ദിരാ ഗാന്ധിയുടെ കൊലപാതകത്തിൽ കലാശിച്ചത്. ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം പ്രധാനമന്ത്രി പദത്തിലേക്ക് തള്ളിക്കയറ്റപ്പെട്ട രാജീവ് ഗാന്ധിക്ക് രാഷ്ട്രീയത്തിന്റെ അലകും പിടിയും കൃത്യമായി ഗണിച്ചെടുക്കാൻ അറിയില്ലായിരുന്നുവെന്ന് ഭരണത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ തന്നെ വ്യക്തമായിരുന്നു. സിഖ് വിരുദ്ധ നരനായാട്ട് തലസ്ഥാന നഗരിയിൽ അതിഭയങ്കരമായ അരക്ഷിതാവസ്ഥയും ദുരിതവും വ്യാപകമാക്കിയ സാഹചര്യത്തിലാണ് രാജീവ് പ്രധാനമന്ത്രിയാവുന്നത്. ലോകമെങ്ങും വിമർശന വിധേയമായ സിഖ് വിരുദ്ധ നരനായാട്ടിലും, സംഘ പരിവാർ സംഘടനകൾ സജീവ പങ്ക് വഹിച്ചു. അത് അവരുടെ ഹിന്ദു വർഗീയ അജണ്ടക്കും, അതുമായി ബന്ധപ്പെട്ട സംഘടനാ പദ്ധതികൾക്കും ആക്കം വർധിപ്പിച്ചു. പിന്നീട്, ഈ നരനായാട്ടിന്റെ ഇടയിൽ വളർന്നുവന്ന ഹിന്ദു ധ്രുവീകരണത്തിന്റെ പക്ഷം പരസ്യമായി തന്നെ ന്യായീകരിച്ചു കൊണ്ട് രാജീവ് ഗാന്ധി ഒരു പൊതുപ്രസംഗത്തിനിടെ പറഞ്ഞ വാചകം ഇന്നും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമാവുന്നുണ്ട്. “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങുന്നത് സ്വാഭാവികമാണ്” എന്നതായിരുന്നു കുപ്രസിദ്ധമായ ആ വാചകം.    

ഈ വിവാദ പ്രസംഗത്തിനു ശേഷമുള്ള കാലയളവിലും രാജീവ് ഗാന്ധി കാഴ്ച വെച്ചത്, വിചിത്രമായ ഒരു മിശ്രിതമായിരുന്നു. അതിൽ ഒരു വശത്ത് പുതിയ ആശയങ്ങൾ ഭരണതലത്തിൽ മുന്നോട്ടു നീക്കാനുള്ള വ്യഗ്രത ഉണ്ടായിരുന്നു. മറുവശത്ത്, യഥാതഥ രാഷ്ട്രീയത്തിന്റെ (realpolitik) നൂലാമാലകൾ കൈകാര്യം ചെയ്യുന്നതിലുള്ള ഭാവനാ ശൂന്യതയും വിവരക്കേടും ഉണ്ടായിരുന്നു. എങ്കിലും യുവത്വത്തിന്റെ – പ്രധാനമന്ത്രിയാകുമ്പോൾ അദ്ദേഹത്തിന് 39 വയസ്സേ ആയിരുന്നുള്ളൂ- പ്രസരിപ്പും അതിന്റെ എടുത്തുചാട്ടവും, അതോടൊപ്പം മറുവശത്തു നിലനിന്ന അപക്വതയും എല്ലാം കൂട്ടിച്ചേർത്ത്, തപ്പിത്തടഞ്ഞ് അദ്ദേഹം മുന്നോട്ടുപോയി. 1984 ൽ അദ്ദേഹം ഭരണം ഏറ്റെടുക്കുമ്പോൾ ആസാദിയുടെ നാലാം ദശകം പൂർത്തിയാവാൻ കഷ്ടിച്ച് മൂന്നു വർഷമേ ബാക്കിയുണ്ടായിരുന്നുള്ളൂ. പക്ഷെ നടേ പറഞ്ഞ വൈരുധ്യാധിഷ്ഠിതമായ വൈയക്തിക-രാഷ്ട്രീയ-സമ്മിശ്രണത്തിലൂടെ നടന്ന ആ തപ്പിത്തടഞ്ഞു പോക്കും ഇന്ത്യയുടെ ചരിത്രത്തിൽ സ്ഥായിയായ സ്വാധീനം ഉണ്ടാക്കിയ ഒരു പാരഡൈം ഷിഫ്റ്റിലേക്ക് വഴി വെച്ചു. അതോടൊപ്പം സംഘ പരിവാറിന്റെ 77 ൽ തുടങ്ങിയ കുത്തിത്തിരിപ്പൻ രാഷ്ട്രീയ-സാമൂഹിക കുതന്ത്രങ്ങൾക്കു മുൻപിൽ രാജീവ് ഗാന്ധിയുടെ നേതൃത്വം പതറുന്നതും, കീഴടങ്ങുന്നതും ഈ ദശകത്തിലെ സവിശേഷ കാഴ്ചകൾ തന്നെയായിരുന്നു.  

ഇന്ത്യയുടെ രാഷ്ട്രീയ ഭൂമികയിലുള്ള മറ്റെല്ലാ പാർട്ടികളുടെയും രാഷ്ട്രീയത്തെയും, ഭരണത്തെയും സംബന്ധിച്ച് നിരന്തരം അഭിപ്രായങ്ങൾ പറയുന്ന പണ്ഡിതശിരോമണികളുടെ ഒക്കെ എതിർപ്പിനെ സ്ഥൈര്യത്തോടെ അവഗണിച്ച്‌ രാജീവ് മുന്നോട്ടുകൊണ്ടുപോയ വിവരസാങ്കേതികവിദ്യാ വികസനമാണ് ദൂരവ്യാപകമായി രാജ്യത്തിന് ഗുണഫലങ്ങൾ ഉണ്ടാക്കിയ പാരഡൈം ഷിഫ്റ്റ്. ഇടത്തു നിന്നും വലത്തുനിന്നുമുള്ള രാഷ്ട്രീയ കക്ഷികളുടെ വിമർശന ശരങ്ങൾ, സാങ്കേതികവിദ്യാ വിദഗ്ധർ അടക്കമുള്ളവരുടെ താക്കീതുകൾ, ഇവയെ എല്ലാം തൃണവൽഗണിച്ചാണ്‌ രാജീവ് ഗാന്ധിയും, അദ്ദേഹത്തിന്റെ ടീമിലെ പ്രധാന സാങ്കേതികവിദ്യാ ഉപദേഷ്ടാക്കളായ സാം പിട്രോഡയും, അരുൺ സിങ്ങും, മണിശങ്കർ അയ്യരുമൊക്കെ കമ്പ്യൂട്ടർ യുഗത്തിലേക്ക് ഇന്ത്യയെ ഉന്തിനീക്കിയത്. ഇന്ത്യക്കിപ്പോൾ ആവശ്യം വിവര സാങ്കേതികവിദ്യയല്ല, മറിച്ച് ദാരിദ്ര്യ നിർമ്മാർജ്ജനം അടക്കമുള്ള കാര്യങ്ങൾ മുൻഗണനാ വിഷയമാക്കിക്കൊണ്ടുള്ള ഭരണ നിർവഹണമാണ് എന്നതായിരുന്നു എതിർപ്പുകാരുടെയെല്ലാം മുഖ്യ വായ്ത്താരി. വിവര സാങ്കേതികവിദ്യ മധ്യ-ദീർഘകാലാടിസ്ഥാനത്തിൽ ദാരിദ്ര്യ നിർമ്മാർജ്ജനത്തിനും സഹായിക്കും എന്ന് രാജീവും സംഘവും പ്രതിവാദവും ഉന്നയിച്ചു. തിരിഞ്ഞു നോക്കുമ്പോൾ രാജീവിന്റെ വിവര സാങ്കേതികവിദ്യാ സംബന്ധിയായ നിലപാടുകൾ ദീർഘദർശിത്വം ഉള്ളതായിരുന്നു എന്ന് തന്നെ പറയേണ്ടി വരും. 

പക്ഷെ, ഇന്ദിരാ ഗാന്ധിയുടെ വധത്തിനു ശേഷം നടന്ന തെരഞ്ഞെടുപ്പിൽ ഒരു വശത്തു സഹതാപ തരംഗത്തിന്റെയും, അതോടൊപ്പം ചേർന്ന് മറ്റു പല ഘടകങ്ങളുടെയും ശക്തിയിൽ കോൺഗ്രസ്സിനു ലഭിച്ച വമ്പൻ തെരഞ്ഞെടുപ്പു വിജയവും, അതിന്റെ രാഷ്ട്രീയ അടിത്തറയും എങ്ങനെ നിലനിർത്തണം എന്ന തിരിച്ചറിയായ്ക രാജീവിന്റെ ഭരണകാലത്തു മുഴുവൻ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുമായിരുന്നു. സഹതാപ തരംഗത്തിനൊപ്പം വന്ന മറ്റു ഘടകങ്ങളിൽ പ്രധാനം സിഖ് വിരുദ്ധ കലാപം ഉണ്ടാക്കിയ ഹിന്ദു ധ്രുവീകരണം ആയിരുന്നു. അങ്ങനെയൊരു മൃദു ഹിന്ദുത്വ ഘടകം തന്റെ അഭൂതപൂർവമായ വിജയത്തിനു പുറകിൽ ഉണ്ടെന്നു തിരിച്ചറിഞ്ഞ രാജീവ് ഈ ഘടകം മുസ്‌ലിം ന്യൂനപക്ഷങ്ങൾക്കു മേൽ ഉണ്ടാക്കിയ പ്രത്യാഘാതങ്ങളെ പറ്റിയും ബോധവാനായിരുന്നു. ഇതിന്റെ തുടർച്ചയായി അദ്ദേഹം സ്വീകരിച്ച രാഷ്ട്രീയ സമതുലന നീക്കം മുസ്‌ലിം പൗരോഹിത്യവുമായി ശരീഅത്ത് പോലുള്ള വിഷയങ്ങളിൽ ഒത്തുതീർപ്പുണ്ടാക്കിക്കൊണ്ടായിരുന്നു. ഭരണത്തിന്റെ ആദ്യവർഷങ്ങളിൽ തന്നെ ഷാ ബാനു കേസിലൂടെ ശരീഅത്ത് വിഷയം രാഷ്ട്രത്തിന്റെ ശ്രദ്ധയിലേക്ക് രൂക്ഷമായി കടന്നുവന്നു. മുസ്‌ലിം വനിതകൾക്ക് ജീവനാംശം അടക്കമുള്ള കാര്യങ്ങളിൽ ഏറെ സഹായകമാവുമായിരുന്ന ഷാ ബാനു കേസിലെ കോടതിവിധിയെ മറികടക്കാൻ ശരീഅത്ത് അനുകൂല നിയമനിർമ്മാണം പോലും നടത്തി, രാജീവ്. 

ഈ നീക്കം തന്റെ മൃദു ഹിന്ദുത്വ പിന്തുണാ സ്രോതസ്സിനെ പിണക്കുകയാണെന്ന വിലയിരുത്തലും തൊട്ടുപിറകെ ഉണ്ടായി. ആ തിരിച്ചറിവിൽ നിന്നാണ് അയോധ്യയിലെ ബാബ്‌റി മസ്ജിദിന്റെ വാതിലുകളും, മസ്ജിദിന്റെ വരാന്തയും, ഹിന്ദു ആരാധനക്കായി തുറന്നുകൊടുക്കാനുള്ള കോടതി നീക്കങ്ങൾക്ക് വഴിവെച്ചത്. ജുഡീഷ്യറിയെ പിൻവാതിലിലൂടെ സ്വാധീനിച്ചുകൊണ്ട് ഉണ്ടാക്കിയെടുത്ത കോടതി നിർദ്ദേശം എന്ന് വ്യാഖ്യാനിക്കപ്പെട്ട ആ നീക്കം ഉണ്ടായത് രാജീവ് ഭരണത്തിന് രണ്ടു വർഷം പോലും പൂർത്തിയാവുന്നതിന് മുൻപാണ്. ചുരുക്കി പറഞ്ഞാൽ ഒരു പെൻഡുലം പോലെ അങ്ങോട്ടുമിങ്ങോട്ടും ആടിക്കളിക്കുകയായിരുന്നു, രാജീവ് ഭരണത്തിന്റെ ആദ്യവർഷങ്ങളിലെ രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകൾ. 

ആസാദിയുടെ അഞ്ചാം ദശകത്തിന്റെ ആദ്യത്തെ രണ്ടു വർഷങ്ങളിലും ഇന്ത്യയുടെ പ്രധാനമന്ത്രി രാജീവ് ആയിരുന്നു. അപ്പോഴും ചാഞ്ചാട്ടങ്ങളുടെ തുടർക്കഥ തന്നെയാണ് ഇന്ത്യയും ലോകവും കണ്ടത്. ആത്യന്തിക വിശകലനത്തിൽ വിവര സാങ്കേതികവിദ്യയുടെ കാര്യത്തിൽ ഉണ്ടായിരുന്ന സൂക്ഷ്മതയും സ്പഷ്ടതയും ഈ യുവനേതാവിന് രാഷ്ട്രീയ പ്രത്യയശാസ്ത്ര കാര്യങ്ങളിൽ ഉണ്ടായിരുന്നില്ല. ആ വ്യക്തതയില്ലായ്മ ഉണ്ടാക്കിയ അനുരണനങ്ങൾ തന്നെയാണ് ആസാദിയുടെ അഞ്ചാം ദശകത്തിന്റെ തുടക്കത്തിൽ രാജീവ് സർക്കാരിന്റെ പതനത്തിലേക്കും നയിച്ചത്. കൂനിന്മേൽ കുരു എന്ന പോലെ, സ്വന്തം മന്ത്രിസഭയിലെ സീനിയർ അംഗമായ വിശ്വനാഥ് പ്രതാപ് സിംഗ് 1987 മുതൽ ഉയർത്തിക്കൊണ്ടുവന്ന അഴിമതി ആരോപണങ്ങൾ കോൺഗ്രസ്സിനകത്ത് ആഭ്യന്തര കലാപവും ഉണ്ടാക്കി. ഇതിന്റെയെല്ലാം പരിണതഫലമായി ആസാദിയുടെ അഞ്ചാം ദശകത്തിലേക്കുള്ള ഇന്ത്യയുടെ യാത്ര കലുഷിതമായിരുന്നു. ആ കലുഷിത യാത്ര കൂടുതൽ തീവ്രമാക്കിക്കൊണ്ട് രാജ്യത്തിന്റെ തെക്കും വടക്കും തീവ്രവാദ പ്രവണതകൾ രൂക്ഷമാവുകയും ചെയ്തു. ആ കലുഷിതകാലത്തെ പറ്റി അടുത്ത ലക്കത്തിൽ. 

 

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.