A Unique Multilingual Media Platform

The AIDEM

Articles International Minority Rights Politics Social Justice

ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദി ആരാണ്? എന്താണ് വാസ്തവമെന്നു കണ്ടെത്തൽ ദുഷ്കരമാവുന്നത് എന്തുകൊണ്ട്?

  • October 21, 2023
  • 1 min read
ഗാസയിലെ ആശുപത്രി സ്‌ഫോടനത്തിന്റെ ഉത്തരവാദി ആരാണ്? എന്താണ് വാസ്തവമെന്നു കണ്ടെത്തൽ ദുഷ്കരമാവുന്നത് എന്തുകൊണ്ട്?

തെറ്റായ വാർത്തകളുടെ പ്രളയം, വിഭാഗീയമായ വാദങ്ങൾ, ‘ആയുധവത്കരിക്കപ്പെട്ട’ വസ്തുതാ പരിശോധനകൾ, ഇതെല്ലാം ചേർന്നുണ്ടാക്കുന്ന ആശയക്കുഴപ്പങ്ങൾ ഗാസയിലെ ആശുപത്രിയിൽ നടന്ന സ്‌ഫോടനത്തിന്റെ ഉത്തരവാദികളെ കണ്ടെത്താനുള്ള പരിശ്രമങ്ങളെ മൂടിയിരിക്കുന്നു. 

2023 ഒക്ടോബർ 17 നു വൈകുന്നേരം പ്രാദേശിക സമയം ഏഴു മണിയോടെ, ഗാസ നഗരത്തിലെ അൽ അഹ്‍ലി ബാപ്റ്റിസ്റ്റ് ആശുപത്രിയെ പിടിച്ചുകുലുക്കിയ സ്ഫോടനം നടന്നു. ഏതാനും മിനിട്ടുകൾക്കകം തന്നെ, വിഭാഗീയമായ കഥനങ്ങളും, തെറ്റായ വിവരങ്ങളും, ഏറ്റവും ആദ്യം ഈ വാർത്തയോട് പ്രതികരിക്കാനുള്ള തിടുക്കവും മൂലം, യഥാർത്ഥത്തിൽ എന്ത് സംഭവിച്ചു എന്ന വസ്തുത വളച്ചൊടിക്കപ്പെട്ടു. ഔദ്യോഗിക പ്രസ്താവനകളെ അവയുടെ ശരിതെറ്റുകൾ പരിശോധിക്കാതെ മൊത്തത്തിൽ പകർത്തിയ മുഖ്യധാരാ മാധ്യമങ്ങളെ കൂടി ഈ കുഴഞ്ഞ വിഷയത്തിൽ ചേർത്തു കാണണം. എന്താണ് സംഭവിച്ചതെന്നോ, എങ്ങനെയാണ് സംഭവിച്ചതെന്നോ ആർക്കും ഉറപ്പു പറയാൻ പറ്റാത്ത കുഴഞ്ഞുമറിഞ്ഞ ഒരു വിവര വിനിമയ സാഹചര്യമാണ് പെട്ടെന്നുതന്നെ ഉണ്ടായിവന്നത്. 

ബോംബാക്രമണത്തിൽ തകർന്ന അൽ-അഹ്‌ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ കെട്ടിടത്തിൽ നിന്ന് ഉപയോഗയോഗ്യമായ വസ്തുക്കൾ പലസ്തീനികൾ കൊണ്ടുപോകുന്നു

“എങ്ങനെയെങ്കിലും ഉടൻ വാർത്താ ദൃശ്യങ്ങൾ പുറത്തു വിടാനുള്ള, നിങ്ങളുടെ നിലപാട് പറയാനുള്ള, വിശകലനങ്ങൾ സംപ്രേഷണം ചെയ്യാനുള്ള അതിഭയങ്കരമായ സമ്മർദ്ദമാണ് ഉണ്ടായത്. പൂർണ്ണമായ ആശയവിനിമയതകർച്ച സൃഷ്ടിക്കുന്ന ഏറ്റവും ശക്തമായ ഒരു കൊടുങ്കാറ്റു പോലെയാണ് അത് സംഭവിച്ചത്,” എന്നാണ് ഓപ്പൺ സോഴ്സ് ഇന്റെല്ലിജെൻസ് (OSINT) വാർത്താ സ്ഥാപനമായ ബെല്ലിങ് കാറ്റിന്റെ (Bellingcat) സീനിയർ റിസർച്ചർ ആയ കോളിനാ കോൾടായ്, WIRED പോർട്ടലിനോട് പറഞ്ഞത്. 

സ്ഫോടനം നടന്ന വാർത്ത വന്നു നിമിഷങ്ങൾക്കകം തന്നെ, നൂറുകണക്കിനാളുകൾ മരിച്ച ആ സ്ഫോടനത്തിനിടയാക്കിയത്, ഇസ്രയേലിന്റെ റോക്കറ്റാക്രമണമാണ് എന്ന് ഗാസയിലെ ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. ഇസ്രയേലും, ഇപ്പോൾ പലസ്തീൻ പ്രദേശത്തെ അധികാരം കയ്യാളുന്ന ഹമാസും തമ്മിൽ നടക്കുന്ന യുദ്ധത്തിലെ ഏറ്റവും ഭീകരമായ, മരണം വിതച്ച, സ്‌ഫോടനങ്ങളിൽ ഒന്നായിരുന്നു നടന്നത്. ന്യൂ യോർക്ക് ടൈംസും റോയിട്ടേഴ്സും പോലുള്ള വാർത്താ മാധ്യമങ്ങൾ ഗാസയിലെ ആശുപത്രിയിൽ അഭയം തേടിയ നൂറുകണക്കിന് പലസ്തീൻകാർ ഇസ്രായേലി റോക്കറ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്ന വാർത്തയുടെ നോട്ടിഫിക്കേഷൻ അലെർട്ടുകൾ വായനക്കാരുടെ മൊബൈൽ ഫോണുകളിലേക്ക് അയച്ചുകൊണ്ട് പലസ്തീൻ ആരോഗ്യമന്ത്രാലയം പറഞ്ഞതിനെ ഏറ്റുപിടിച്ചു. “ബ്രേക്കിംഗ് ന്യൂസ്: ഇസ്രായേൽ റോക്കറ്റ് ആക്രമണത്തിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടതായി പലസ്തീൻ ഉദ്യോഗസ്ഥർ പറഞ്ഞു” എന്നായിരുന്നു ടൈംസിന്റെ ന്യൂസ് അലർട്ട്. 

ന്യൂയോർക്ക് ടൈംസ് വ്യത്യസ്ത തലക്കെട്ടുകളിൽ ഒരേ വാർത്ത റിപ്പോർട്ട് ചെയ്തപ്പോൾ

ഈ വാർത്തയുടെ നോട്ടിഫിക്കേഷൻ അലർട്ടുകൾ എത്തിയതിനു തൊട്ടു പിന്നാലെ ഇസ്രായേലി മിലിട്ടറി പറഞ്ഞു- ചിലപ്പോൾ ഹമാസിനോടൊപ്പം നിൽക്കുകയും എന്നാൽ പലപ്പോഴും ഹമാസിന് നിന്ന് വേറിട്ട് തന്നെ പ്രവർത്തിക്കുകയും ചെയ്യുന്ന ഗാസയിലെ ഇസ്ലാമിക് ജിഹാദ് എന്ന സായുധ സേനയുടെ റോക്കറ്റുകളുടെ സഞ്ചാരപാത തങ്ങളുടെ ഇന്റലിജൻസ് വിഭാഗം കണ്ടെത്തിയിട്ടുണ്ട് എന്ന്. സ്ഫോടനം നടന്ന സമയത്ത്, ഇസ്ലാമിക് ജിഹാദിന്റെ റോക്കറ്റുകൾ ആശുപത്രിയുടെ മുകളിലേക്ക് നീങ്ങുന്നതായി കണ്ടെത്തിയതായും, ഇസ്രായേലി റോക്കറ്റല്ല, ഈ മിസൈലുകളിലൊന്നാണ് ആശുപത്രിയിലെ പാർക്കിങ് ലോട്ടിൽ (അവിടെയാണ് സ്ഫോടനം നടന്നത്) ഉണ്ടായ സ്‌ഫോടനത്തിനു കാരണമെന്നും ഇസ്രായേലി മിലിട്ടറി ഉദ്യോഗസ്ഥർ പറഞ്ഞു. 

ഇസ്രയേലിന്റെ ഈ മറുവാദം കൂടി പ്രതിഫലിപ്പിക്കുന്ന വിധത്തിൽ വാർത്താ മാധ്യമങ്ങൾ ഉടനെ തലക്കെട്ടുകൾ മാറ്റി. വായനക്കാർക്ക് പുതിയ നോട്ടിഫിക്കേഷനുകൾ അയക്കുകയും ചെയ്തു. ന്യൂ യോർക്ക് ടൈംസിന്റെ പുതിയ തലക്കെട്ട് ഇങ്ങനെയായിരുന്നു, “ആശുപത്രിയിലെ 500 പേരെങ്കിലും മരിച്ചിട്ടുണ്ട്, പലസ്തീൻകാർ പറയുന്നു.”

ആശയക്കുഴപ്പത്തിന്റെ തുടക്കം മാത്രമായിരുന്നു ഇത്. 

സ്ഫോടനം നടന്ന് ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ @israel എന്ന ഇസ്രയേലിന്റെ ഔദ്യോഗിക X (മുൻപ്, ട്വിറ്റർ) അക്കൗണ്ടിൽ അവർ ഒരു വീഡിയോ പോസ്റ്റ് ചെയ്തു- ഇസ്ലാമിക് ജിഹാദിന്റെ വഴിതെറ്റിയ റോക്കറ്റാണ് സ്‌ഫോടനത്തിനു കാരണം എന്നതിന്റെ തെളിവാണ് ഈ വീഡിയോ എന്ന അവകാശവാദത്തോടെ. പക്ഷെ ഏതാനും മിനിട്ടുകൾക്കകം ബെല്ലിങ്‌കാറ്റിന്റെ മുൻ റിസർച്ചർ ആയ, ഇപ്പോൾ ന്യൂ യോർക്ക് ടൈംസിൽ ജോലി ചെയ്യുന്ന അരിക് ടോളർ ഒരു കാര്യം ചൂണ്ടിക്കാണിച്ചു- ആ വീഡിയോവിൽ കാണുന്ന സമയം, ടൈം സ്റ്റാമ്പ്, പ്രാദേശിക സമയം എട്ടു മണിയാണ്. അതായത് സ്ഫോടനം നടന്നു ഒരു മണിക്കൂർ കഴിഞ്ഞുള്ള സമയം. 

“അവരെപ്പോലെ ഒരു സ്ഥാനത്തിരിക്കുന്നവർ അങ്ങനെ ഒരു അവകാശവാദം ഉന്നയിക്കുകയും, പിന്നീടത് പിൻവലിക്കുകയും, അതായത് ഒരു വീഡിയോ അപ്‌ലോഡ് ചെയ്ത ശേഷം അത് പിൻവലിക്കുകയും ചെയ്യുന്നത് കാണുമ്പോൾ, ആശയവ്യക്തത ഉണ്ടാക്കൽ കൂടുതൽ ദുഷ്കരമാകുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ ജോലി ചെയ്യാൻ മാത്രമല്ല, പൊതുജനത്തിന് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനും വളരെ പ്രയാസമായി മാറുന്നു,” കോൾടായ് പറഞ്ഞു. 

ഇസ്രയേലിന്റെ ഔദ്യോഗിക X അക്കൗണ്ടിൽ വന്ന പോസ്റ്റ്

ഇസ്രയേലിന്റെ ഔദ്യോഗിക അക്കൗണ്ടിലെ ആ വീഡിയോ ഡിലീറ്റ് ചെയ്തുകൊണ്ട് അക്കൗണ്ട് എഡിറ്റ് ചെയ്യപ്പെട്ടു. എന്നാൽ ഇസ്രയേലിന്റെ റോക്കറ്റല്ല സ്‌ഫോടനത്തിനു കാരണമായത് എന്ന വാദത്തിൽ അവർ അപ്പോഴും ഉറച്ചുനിന്നു.

ഇതിനിടയിൽ ആക്രമണത്തിന്റെ ഉറവിടം വെളിവാക്കുന്നതെന്നു അവകാശപ്പെടുന്ന വീഡിയോകളും ഫോട്ടോകളും സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ഈ പോസ്റ്റുകളിൽ ഒന്നിലും വ്യക്തമായ തെളിവുകൾ ഉണ്ടായിരുന്നില്ല. എന്നാൽ അവയിൽ പലതും ഇന്ന പക്ഷമാണ് ആക്രമണത്തിന് പിന്നിൽ എന്ന് അവരുടെ ഇഷ്ടാനുസാരം തറപ്പിച്ചു പറയുന്നുണ്ടായിരുന്നു. 

ഇത്തരം സംഭവങ്ങളെ സൂക്ഷ്മമായി പഠിച്ചു വസ്തുതകൾ പുറത്തുകൊണ്ടുവരുന്നതിൽ വർഷങ്ങളുടെ പരിചയസമ്പന്നത കൈമുതലായ ഓപ്പൺ സോഴ്സ് ഇന്റെല്ലിജെൻസ് (OSINT) പ്രവർത്തകർക്കു പോലും ഈ ആശയക്കുഴപ്പവും തെറ്റായ വാർത്തകളുടെ പ്രളയവും കടുത്ത ആത്മസംഘർഷം സൃഷ്ടിച്ചു. എന്താണ് സംഭവിച്ചത് എന്ന് കൃത്യമായി കണ്ടെത്താൻ സമയം എടുക്കും. എന്നാൽ വ്യാജ വാർത്താ ബാഹുല്യം ആ ജോലിയെ വളരെ ബുദ്ധിമുട്ടുള്ളതാക്കും. 

“രണ്ടു ലൈവ് സംപ്രേഷണങ്ങൾ, ഒരു സെക്യൂരിറ്റി ക്യാമറ, ഒരു ഫോൺ ക്യാമറ എന്നിവയിൽ നിന്നുള്ള ദൃശ്യങ്ങൾ ഉപയോഗിച്ച്, അതും രാത്രിയിൽ, ഒരു റോക്കറ്റിന്റെ സഞ്ചാരപാത നിർണ്ണയിക്കാനാണ് ഇവിടെ ഞങ്ങൾ ശ്രമിക്കുന്നത്,” OSINTtechnical എന്ന സോഷ്യൽ മീഡിയ ഹാന്റിലിൽ, താൻ ആരാണെന്നു വെളിപ്പെടുത്താതെ പോസ്റ്റ് ചെയ്യാറുള്ള ഒരു OSINT റിസർച്ചർ WIRED പോർട്ടലിനോട് പറഞ്ഞു. “അത് മാത്രമല്ല, കുളം കലക്കാൻ മാത്രം ഉദ്ദേശിച്ചു പ്രവർത്തിക്കുന്ന ‘bad actors’ ഇഷ്ടം പോലെ ഉണ്ട്. ഗാസയെ കൃത്യമായി നിരീക്ഷിക്കാൻ നമുക്ക് ആവശ്യത്തിന് ക്യാമറകളും മറ്റു സാങ്കേതിക സംവിധാനങ്ങളും ഉണ്ട് എന്നാണ് എന്റെ അഭിപ്രായം. പക്ഷെ, അതെല്ലാം ചേർത്തുവെച്ചു പരിശോധിച്ച് ഒരു നിർണ്ണയത്തിൽ എത്താൻ സമയമെടുക്കും.” 

ഇസ്രായേലാണ് ഉത്തരവാദികൾ എന്ന അവകാശവാദവും തോളിലേറ്റി മാധ്യമങ്ങൾ തിടുക്കത്തിൽ ഓടിയതും സത്യം കണ്ടെത്താനുള്ള തങ്ങളുടെ ജോലി കൂടുതൽ വിഷമമാക്കുന്നു എന്ന് ഈ റിസർച്ചർ കൂട്ടിച്ചേർത്തു. “അതോടെ എല്ലാ വസ്തുതകളും തലങ്ങും വിലങ്ങും ചിതറിപ്പോയി.”

അൽ-അഹ്‌ലി ഹോസ്പിറ്റലിലെ കാൻസർ ഡയഗ്‌നോസ്റ്റിക് സെന്റർ കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. 2021ൽ എടുത്ത ഫോട്ടോ.

യൂറോപ്പിലെ തന്റെ സഹപ്രവർത്തകർ ഈ സത്യാന്വേഷണം ഏറ്റെടുക്കുന്നതിന് മുൻപ്, സംഭവം നടന്ന് ഏതാനും മണിക്കൂറുകൾക്കകം തന്നെ, തനിക്കു ചിത്രം വ്യക്തമാവാൻ തുടങ്ങി എന്ന് കോൾടായ് പറയുന്നു. ഈ സംഭവത്തെ കുറിച്ച് ആദ്യം ആഴത്തിൽ അന്വേഷിക്കാൻ തുടങ്ങിയത് ബെല്ലിങ് കാറ്റ് (Bellingcat) ആയിരുന്നു. പക്ഷെ എങ്ങനെ ഈ സംഭവം നടന്നു എന്നോ, ആരാണ് ഉത്തരവാദികൾ എന്നോ, ഇതുവരെ അവർ വ്യക്തമാക്കിയിട്ടില്ല. 

സമാനമായ രീതിയിൽ, ലഭ്യമായ വിവരങ്ങൾ വെച്ച്, ‘ബിബിസി വെരിഫൈ‘, സ്‌ഫോടനത്തെ സംബന്ധിച്ചുള്ള അവരുടെ വിശകലനം പുറത്തുവിട്ടു. പക്ഷെ എന്താണ് ശരിക്കും നടന്നത് എന്ന് തീർത്തു പറയാൻ അവർക്കും കഴിഞ്ഞിട്ടില്ല. മൊബൈൽ ഫോണുകളിൽ എടുത്ത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നിരവധി വീഡിയോകൾ സ്‌ഫോടനത്തിന്റെ ആ നിമിഷം, പല ആംഗിളുകളിൽ റെക്കോഡ് ചെയ്തവയാണ്. ‘അൽ ജസീറ’യുടെ ഒരു ലൈവ് സംപ്രേഷണത്തിൽ രണ്ടു ഫ്ലാഷുകൾ കാണാം- ഒന്ന് ക്യാമറയ്ക്കടുത്തും, ഒന്ന് ക്യാമറക്കു ദൂരത്തായും. ചിലർ പറയുന്നു, ഈ ഫ്ലാഷുകളിൽ ഒന്ന് റോക്കറ്റ് ലോഞ്ച് ചെയ്യുന്നതിന്റെയും, രണ്ടാമത്തേത് സ്ഫോടനത്തിന്റെയും ആണ് എന്ന്. പിറ്റേ ദിവസം രാവിലത്തെ ടി വി മോണിങ് ഷോകളിൽ കാണുന്ന ഫുട്ടേജുകളിൽ ആശുപത്രിയുടെ പാർക്കിങ് ലോട്ടും അവിടെ കാണപ്പെടുന്ന, റോക്കറ്റ് വന്നു വീണതിന്റെ എന്ന് കരുതപ്പെടുന്ന, ഒരു ചെറിയ കുഴിയും കാണാം. കത്തിക്കരിഞ്ഞ, തകർന്ന നിരവധി കാറുകൾ കാണാം. എന്നാൽ ആശുപത്രിയുടെ പുറം ചുവരുകൾക്ക് ചെറിയ കേടുപാട് മാത്രമേ പറ്റിയിട്ടുള്ളൂ. 

ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെ റോക്കറ്റാണ് സ്‌ഫോടനത്തിനു കാരണം എന്ന് തെളിയിക്കുന്ന, ഇൻഫ്രാ റെഡ് സാറ്റലൈറ്റ് ഇമേജുകൾ ഉൾപ്പെടെയുള്ള “പല വിധത്തിലുള്ള തെളിവുകൾ” തങ്ങൾ ശേഖരിച്ചിട്ടുണ്ട് എന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ പറഞ്ഞതായി ടൈംസ് പിന്നീട് റിപ്പോർട്ട് ചെയ്തു. എന്നാൽ ഈ തെളിവുകൾ അമേരിക്ക ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഇസ്രായേലിൽ എത്തിയ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ സംസാരിച്ചപ്പോഴും, തങ്ങൾ അല്ല ആശുപത്രിയിലെ റോക്കറ്റ് ആക്രമണത്തിന് പിന്നിൽ എന്ന ഇസ്രായേലിന്റെ വാദത്തെ ശരി വെച്ചു. “ഞങ്ങൾ ഇന്ന് കണ്ട തെളിവുകൾ പ്രകാരം, ഗാസയിലെ ഒരു തീവ്രവാദി വിഭാഗത്തിന്റെ കേടായ റോക്കറ്റാണ് സ്‌ഫോടനത്തിനു കാരണമായി തോന്നുന്നത്” എന്നാണ് ബൈഡൻ പറഞ്ഞത്.   

യു.എസ് പിന്തുണ അറിയിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇസ്രയേൽ സന്ദർശിച്ചപ്പോൾ

ഒക്ടോബർ 7 നു ഹമാസ് ഇസ്രയേലിനെ ആക്രമിച്ച നാൾ തൊട്ട്, സോഷ്യൽ മീഡിയയിൽ തങ്ങൾ OSINT റിസർച്ചർമാർ ആണ് എന്ന അവകാശവാദവുമായി കുറെ പേർ ഇറങ്ങിയിട്ടുണ്ട്. എത്രയോ വർഷങ്ങളായി OSINT റിസർച്ച് നടത്തുന്ന ആളുകളേക്കാൾ എത്രയോ ലാഘവത്തോടെയും പെട്ടെന്നും ഒരു അന്തിമ തീർപ്പു കല്പിക്കുന്നവരാണ് ഇവരെല്ലാം. 

ഈ പുതിയ ഗ്രൂപ്പ് “പൊതുജനശ്രദ്ധക്ക് വേണ്ടി മത്സരിക്കുന്നതിന്റെ ഭാഗമായി ഒരു സംഭവം നടക്കുമ്പോൾ തന്നെ എത്രയും പെട്ടെന്ന് വിശകലനം പുറത്തുവിടാൻ ശ്രമിക്കുന്നവരാണ്” എന്ന് ഫോറൻസിക് ആർക്കിടെക്റ്റ് ആയ ഫ്രാൻസെസ്കോ സെബ്രഗോണ്ടി പറഞ്ഞു. ഫോറൻസിക് ആർക്കിടെക്ചർ എന്ന സങ്കേതം ഉപയോഗിച്ച് മനുഷ്യാവകാശ ലംഘനങ്ങൾ അന്വേഷിക്കാൻ സഹായിക്കുന്ന ആളാണ് സെബ്രഗോണ്ടി. “സ്വതന്ത്ര പൗരന്മാർ നടത്തുന്ന ഓപ്പൺ സോഴ്സ് അന്വേഷണങ്ങളുടെ അടിസ്ഥാന തത്വങ്ങൾക്ക് തുരങ്കം വെക്കുകയാണ് ഈ പുതിയ ശൈലിയിലൂടെ ഉണ്ടാവുന്നത്,” സെബ്രഗോണ്ടി പറഞ്ഞു. 

സ്വതന്ത്രമായി വസ്തുതകളെ പരിശോധിക്കുക എന്നതാണ് OSINT ഗവേഷണങ്ങളുടെ ലക്‌ഷ്യം. “വഴിതെറ്റിക്കുന്ന ഔദ്യോഗിക നിലപാടുകൾക്കും, അധികാരികമെന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന വിശകലനങ്ങൾക്കും ഒരു ബദൽ വാദമുഖം സാധ്യമാക്കുക എന്നതാണ് ഇത്തരം അന്വേഷണങ്ങളുടെ ലക്ഷ്യമെന്ന് സെബ്രഗോണ്ടി വിശദീകരിക്കുന്നു. 

“എന്നാൽ തിരക്ക് പിടിച്ചുള്ള, പൂർണ്ണമായും പഠിക്കാതെയുള്ള വിശകലനങ്ങൾ പലപ്പോഴും അവ വായിക്കുന്നവരെ വഴിതെറ്റിച്ചു വിടും. മാത്രമല്ല, ഒരു പ്രശ്നത്തിൽ ഉൾപ്പെട്ടിട്ടുള്ള രാഷ്ട്രീയ ചേരികളുടെ കയ്യിൽ ആയുധമാവും. ഒരു പുതിയ കോൺടെന്റ്, അഥവാ വിശകലനം, പുറത്തുവിടാനുള്ള ചില ഓപ്പൺ സോഴ്സ് ഗവേഷകരുടെ ആർത്തി മുതലാക്കി, അവർ പുറത്തുവിടുന്ന ഒരു ഇമേജോ, ഡേറ്റായോ, അവ തങ്ങൾക്കു അനുകൂലമാണെങ്കിൽ പ്രത്യേകിച്ചും, തല്പര രാഷ്ട്രീയ കക്ഷികൾ ചാടിവീണ് ഉപയോഗിക്കും.”

ആദ്യം തങ്ങളാണ് വിവരം പുറത്തുവിട്ടത് എന്ന് മേനി പറയാനുള്ള അവസരം മാത്രമല്ല ഇവിടെ ഈ ഗവേഷകരെ നയിക്കുന്നത്. X ന്റെ (പഴയ ട്വിറ്റർ) പുതിയ റവന്യു ഷെയറിങ് പദ്ധതി പ്രകാരം, “നിങ്ങളാണ് ആദ്യം ഒരു വിവരം പുറത്തു വിടുന്നതെങ്കിൽ, ആ വിവരം വസ്തുതാവിരുദ്ധം ആണ് എന്ന് പിന്നീട് തെളിയിക്കപ്പെട്ടാൽ പോലും, നിങ്ങൾക്ക് X ഇൽ നിന്ന് പണം ലഭിക്കും,” കോൾടായ് ചൂണ്ടിക്കാട്ടി. പുതിയ അപ്‌ഡേറ്റുകൾ ഏറ്റവും ആദ്യം പോസ്റ്റ് ചെയ്യാനുള്ള പ്രോത്സാഹനം ആയി ഇത് മാറുന്നു. 

പോസ്റ്റ് ചെയ്ത് 8 മണിക്കൂറിനുള്ളിൽ 16 ലക്ഷം പേർ കണ്ടതായി രേഖപ്പെടുത്തിയിരിക്കുന്ന ഒരു ട്വിറ്റർ പോസ്റ്റ്

“സോഷ്യൽ മീഡിയയിൽ നിർബാധം പ്രചരിക്കുന്ന വ്യാജ വാർത്തകളും വിവരങ്ങളും ഇഴപിരിച്ചു തെറ്റും ശരിയും വേർതിരിച്ച്, ഈ പ്ലാറ്റുഫോമുകളെ ഉത്തരവാദിത്വമുള്ളതാക്കി നിലനിർത്താൻ സഹായിക്കുന്നതാണ്, ഫാക്ട് ചെക്കിങ്ങും ഓപ്പൺ സോഴ്സ് അന്വേഷണങ്ങളും. എന്നാൽ ഓപ്പൺ സോഴ്സ് ഗവേഷകരുടെ ഭാഷാശൈലിയെ അനുകരിച്ചുകൊണ്ട് തല്പര കക്ഷികൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് ഇസ്രായേൽ-ഹമാസ് യുദ്ധം വെളിപ്പെടുത്തുന്നു.” ഓൺലൈൻ വ്യാജവാർത്താ പ്രചാരണത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, ബിഹേവിയറൽ സയന്റിസ്റ്റ്, മെരിലാൻഡ് സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ചർ, കാരലിൻ ഓറിന്റെ വാക്കുകളാണിത്.

“വ്യാജ വാർത്തകളെ പഠിക്കുമ്പോൾ നമുക്ക് മനസ്സിലാവുന്ന ഏറ്റവും ഭയപ്പെടുത്തുന്ന വശം ഇതാണ്- ഫാക്റ്റ് ചെക്കിങ് പോലും ആയുധവത്കരിക്കപ്പെട്ടു കഴിഞ്ഞു എന്ന് നിങ്ങൾ തിരിച്ചറിയുന്നു,” ഓർ X ൽ എഴുതി. “ഒരു ആശുപത്രിക്കു നേരെ ബോംബാക്രമണം ഉണ്ടായി എന്നത് ആരും കാര്യമാക്കുന്നില്ല. മറുപക്ഷത്തിന്‌ എതിരായി ഉപയോഗപ്പെടുത്താൻ പറ്റിയ ഒരു വസ്തുത കണ്ടെത്താൻ ഉള്ള വ്യഗ്രതയാണ് എല്ലാവർക്കും.”


(WIRED പോർട്ടലിനോട് കടപ്പാട്) WIRED റിപ്പോർട്ടർ ഡേവിഡ് ഗിൽബെർട്ട് ഇംഗ്ലീഷിൽ എഴുതിയ ലേഖനം ഇവിടെ വായിക്കാം. 

About Author

ദി ഐഡം ബ്യൂറോ