A Unique Multilingual Media Platform

The AIDEM

Articles Interviews Politics

“പോപ്പുലർ ഫ്രണ്ട് നിരോധനം: സർക്കാർ തെളിവുകൾ ഹാജരാക്കേണ്ടി വരും”

  • October 8, 2022
  • 1 min read
“പോപ്പുലർ ഫ്രണ്ട് നിരോധനം: സർക്കാർ തെളിവുകൾ ഹാജരാക്കേണ്ടി വരും”

പോപ്പുലർ ഫ്രണ്ട് നിരോധനം: പ്രശസ്ത മാധ്യമപ്രവർത്തകൻ സയീദ് നഖ്‌വിയുമായി വെങ്കിടേഷ് രാമകൃഷ്ണൻ നടത്തിയ അഭിമുഖം   

വെങ്കിടേഷ് രാമകൃഷ്ണൻ: ലോകപ്രശസ്ത മാധ്യമ പ്രവർത്തകൻ സയീദ് നഖ്‌വി ഇന്ന് നമ്മോടൊപ്പമുണ്ട്. അടുത്തകാലത്തായി ഇന്ത്യയിലെ വർഗ്ഗീയ ധ്രുവീകരണത്തെ വളരെ ശ്രദ്ധയോടെ അദ്ദേഹം നിരീക്ഷിച്ചിട്ടുണ്ട്. അത് എങ്ങനെയൊക്കെ എല്ലാ സമുദായങ്ങളെയും, വിശിഷ്യാ ന്യൂനപക്ഷ സമുദായങ്ങളെയും ബാധിക്കുന്നു എന്നും. തീവ്ര ഇസ്ലാമിക കാഴ്ചപ്പാടുകൾ പുലർത്തുന്നു എന്ന് കരുതപ്പെടുന്ന, ജിഹാദിസ്റ്റ് സ്വഭാവമാണുള്ളത്‌ എന്നാരോപിക്കപ്പെടുന്ന, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന സംഘടനയെ കേന്ദ്ര സർക്കാർ നിരോധിച്ച പ്രത്യേക സാഹചര്യത്തിലാണ് അദ്ദേഹവുമായി ‘ദി ഐഡം’ ഇന്ന് സംസാരിക്കുന്നത്. ഈ സംഘടനയുടെ എല്ലാ പോഷക സംഘടനകളെയും നിരോധിച്ചിട്ടുണ്ട്. സംഘടനയാവട്ടെ, സ്വയം പിരിച്ചുവിട്ടതായി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. അതേസമയം, ഈ സംഘടനയുടെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ട് ഈ നിരോധനത്തിനെതിരെ കോടതിയിൽ പോകാൻ തീരുമാനിച്ചിട്ടുമുണ്ട്. ഇന്ത്യയിലെ വർഗ്ഗീയ ധ്രുവീകരണങ്ങളെ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചിട്ടുള്ള ഒരാളെന്ന നിലയിൽ സയീദ് സാബ്, താങ്കൾ എങ്ങനെയാണീ സംഭവങ്ങളെ കാണുന്നത്? 

സയീദ് നഖ്‌വി: വെങ്കിടേഷ്, ഇന്ത്യയിലെ ഇപ്പോഴത്തെ അന്തരീക്ഷം ഹിന്ദുക്കൾക്കും മുസ്ലീങ്ങൾക്കും ഇടയിലുള്ള വിശ്വാസരാഹിത്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. വർഗ്ഗീയത കൊണ്ട് നിറഞ്ഞിരിക്കുന്നു. ഈ പ്രത്യേക സംഭവത്തിന്റെ കാര്യത്തിൽ, സാധാരണ ഗതിയിലാണെങ്കിൽ നമ്മളെല്ലാവരും സർക്കാർ പറയുന്നതിനൊപ്പം നിൽക്കുമായിരുന്നു. ഒരു സംഘത്തെ തീവ്രവാദികൾ എന്നോ ജിഹാദിസ്റ്റുകൾ എന്നോ സർക്കാർ വിശേഷിപ്പിക്കുമ്പോൾ അത് സ്വീകരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ മുസ്‌ലിം സമുദായത്തിനകത്തു തന്നെ ഒരു ആശങ്കയുണ്ട്. സർക്കാർ എന്നെ വേട്ടയാടുകയാണ്, എന്നെ ദ്രോഹിക്കാൻ തക്കം പാർക്കുകയാണ് എന്ന്. ഈ പ്രത്യേക ഘട്ടത്തിൽ സമുദായത്തിലെ കുറച്ചുപേരെ പ്രതിനിധാനം ചെയ്യുന്ന മെറ്റഫർ അഥവാ രൂപകം ആയി ഞാൻ എന്നെത്തന്നെ അവതരിപ്പിക്കാം. ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു, ആരാണ് ഒരു ജിഹാദിസ്റ്റ്? ജിഹാദിസ്റ്റ് എന്ന് ഒരാൾ ആരോപിക്കപ്പെടുന്നു എന്ന് പറയുമ്പോൾ എന്താണ് നിങ്ങൾ അർത്ഥമാക്കുന്നത്? നിങ്ങൾക്കത് അറിയുമോ? പോലീസുകാർക്ക് അറിയുമോ? ഇന്റലിജൻസ് ഏജൻസികൾക്ക് അറിയുമോ? അൽ ഖയ്ദ ജിഹാദിസ്റ്റ് ആയിരുന്നു. ഇവർ അൽ ഖയ്ദ ആണോ? അവർ പോയി അമേരിക്കയിലെ ട്വിൻ ടവറുകൾ ബോംബ് വെച്ച് തകർത്തു. അതുപോലും പൂർണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ല. 

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രതിഷേധ പ്രകടനം

അഫ്ഗാനിസ്ഥാനിലെ പഞ്ച്ഷേർ താഴ്വരയിലെ മുഹമ്മദ് ഷാ മസൂദ് യൂറോപ്പിലെ പാർലിമെന്റിൽ ചെന്ന് പറഞ്ഞിരുന്നു, “എനിക്ക് ഊഹാപോഹങ്ങൾ കേൾക്കാൻ കഴിഞ്ഞു. അമേരിക്കയുടെ ഭൂമിയിൽ തന്നെ എന്തോ വലിയ സംഭവം നടക്കാൻ പോകുന്നുണ്ട്.” അദ്ദേഹം അന്നത് പറഞ്ഞു. പക്ഷെ അതിനെപ്പറ്റി പിന്നെ പൂർണ്ണ നിശ്ശബ്ദതയാണ്. സംഭവം നടക്കുന്നതിന് 4 ദിവസം മുൻപാണ് അദ്ദേഹം അത് പറഞ്ഞത്. പിന്നീട് ഇസ്ലാമിസ്റ്റുകൾ തന്നെ അദ്ദേഹത്തെ തീർത്തുകളഞ്ഞു. അദ്ദേഹത്തെ കൊന്നവരാണ് ജിഹാദിസ്റ്റുകൾ. നിങ്ങളെ പോലെ പേരുകേട്ട ഒരു മാധ്യമ പ്രവർത്തകനോട്, കസേരയിലിരുന്നു മാധ്യമപ്രവർത്തനം നടത്താതെ ഇത്രയും യാത്ര ചെയ്തു ജോലി ചെയ്യുന്ന നിങ്ങളോട്, എനിക്ക് ബഹുമാനം ഉണ്ട്. നമ്മൾ ഒരുമിച്ചും ധാരാളം യാത്ര ചെയ്തിട്ടുണ്ട്.  നിങ്ങൾ പറയൂ, എന്ത് വ്യക്തമായ തെളിവുകളാണ് ഇവരുടെ കയ്യിൽ ഉള്ളത്? ഞാൻ നേരത്തെ പറഞ്ഞതുപോലെ സാധാരണമായ ഒരു കാലഘട്ടത്തിൽ ആണെങ്കിൽ, ഞാൻ സർക്കാർ പറയുന്നതിനൊപ്പം നിൽക്കുമായിരുന്നു. എന്നാൽ ഇപ്പോൾ മുസ്‌ലിം സമുദായത്തിനകത്തു സംശയം ഉള്ള സമയമാണ്. സർക്കാർ നിങ്ങളെ പിടികൂടാൻ നടക്കുകയാണ് എന്ന്. എന്താണ് നടക്കുന്നതെന്ന് സർക്കാർ അതുകൊണ്ടുതന്നെ കൃത്യമായി വിശദീകരിക്കേണ്ടതുണ്ട്. 

പോപ്പുലർ ഫ്രണ്ട് എങ്ങനെ തുടങ്ങി എന്ന് എനിക്ക് അറിയാൻ കഴിഞ്ഞിട്ടില്ല. ഇൻഡോനേഷ്യയിലെ തീവ്ര ഇസ്ലാമിക പ്രസ്ഥാനവുമായി ബന്ധമുണ്ടായിരുന്ന അതേ ആളുകളാണോ ഇവർ എന്നും എനിക്ക് വ്യക്തമല്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു പുതിയ സംസ്കാരം ഉണ്ടായി വന്നിട്ടുണ്ട്, അത് നമ്മുടെ മാധ്യമ രംഗത്തേക്കും കടന്നുകയറിയിട്ടുണ്ട്. ഏറ്റവും ഉയർന്ന തലത്തിൽ ഉള്ളവർ പോലുമല്ലാത്ത ഇന്റലിജൻസ് ഉദ്യോഗസ്ഥർ, വളരെ താഴെ തട്ടിലുള്ള ഇന്റലിജൻസ് ഉദ്യോഗസ്ഥർ നിരന്തരമായി ബന്ധം വെക്കുകയും, വാർത്തകൾ കെട്ടിച്ചമച്ചു നൽകുകയും ചെയ്യുന്ന ഒരു പ്രത്യേക വിഭാഗം മാധ്യമപ്രവർത്തകർ ഇന്നുണ്ട്. ആ സംസ്കാരം വളരുകയാണ്. എനിക്ക് ആരോപണങ്ങൾ ഉന്നയിക്കാൻ താൽപ്പര്യമില്ല. പക്ഷെ പല ചോദ്യങ്ങൾക്കും ഉത്തരങ്ങൾ ലഭിക്കേണ്ടതുണ്ട്. 

വെങ്കിടേഷ് രാമകൃഷ്ണൻ: വളരുന്ന വർഗ്ഗീയ ധ്രുവീകരണത്തെ കുറിച്ചും, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള അവിശ്വാസം വളരുന്നതിനെക്കുറിച്ചും താങ്കൾ പറയുകയുണ്ടായി. ഇപ്പോൾ പോപ്പുലർ ഫ്രണ്ടിനെതിരെ പെട്ടെന്ന് ഉണ്ടായ കർശന നടപടിയുടെ പശ്ചാത്തലത്തിൽ വളരുന്ന ഒരു കാഴ്ചപ്പാട് ഉണ്ട്. അതായത്, മോദി സർക്കാരിന്റെ പിന്നിലുള്ള ആർ.എസ്.എസ്. പോലുള്ള പ്രത്യയ ശാസ്ത്ര നേതൃത്വം, രാജ്യത്തു വർഗ്ഗീയ ധ്രുവീകരണം ശക്തമാക്കാൻ ഒരു പുതിയ ഉപകരണം, രൂപപ്പെടുത്താൻ ശ്രമിക്കുകയാണ് എന്ന്. കാരണം രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാണ്. ജനങ്ങൾ കടുത്ത വിലക്കയറ്റം നേരിടുന്നു, പൊതുവെ ആളുകൾക്ക് ഒരു വിശ്വാസനഷ്ടം ഉണ്ട്, പ്രത്യേകിച്ചും രൂക്ഷമാവുന്ന തൊഴിലില്ലായ്‌മ പോലുള്ള വിഷയങ്ങളിൽ. ഇതിനെപ്പറ്റി എന്ത് തോന്നുന്നു? 

സയീദ് നഖ്‌വി: ഡൽഹിയിൽ ബാട്ല ഹൌസ്, ഷഹീൻ ബാഗ്, ജാമിയ മില്ലിയ തുടങ്ങിയ സ്ഥലങ്ങളുള്ള പ്രദേശത്ത് നവംബർ 17 വരെ, അതായത്, രണ്ടു മാസത്തേക്ക് കർഫ്യു ഏർപ്പെടുത്തിയിരിക്കുകയാണ്. അതായത് അവിടെ താമസിക്കുന്ന മുസ്ലീങ്ങൾ രണ്ടു മാസത്തേക്ക് കർഫ്യുവിൽ ജീവിക്കുകയാണ്. എന്തിനാണത്? എന്ത് കാരണത്താൽ? എന്ത് കുറ്റത്തിന്? എന്ത് ഭയത്തിന്റെ പേരിൽ? എന്താണ് ഇതിനെല്ലാം തെളിവുകൾ ഉള്ളതെന്ന് പറയു. അപ്പോൾ അവർ പറയുന്നു, ഇതെല്ലാം ദേശസുരക്ഷയുടെ കാര്യമാണ്, നിങ്ങൾക്ക് തെളിവുകൾ തരാൻ ഞങ്ങൾക്ക് കഴിയില്ല എന്ന്. എന്നാൽ ഞങ്ങളുടെ കയ്യിൽ ചിലതൊക്കെ ഉണ്ട് എന്ന്. അപ്പോൾ നിങ്ങൾ തുറന്നുകാട്ടപ്പെടുകയാണ്. നിങ്ങളുടെ വിശ്വാസ്യത ഇല്ലാതാവുകയാണ്. ഇതേപോലെ കാശ്മീരിനെപ്പറ്റിയും കഥകൾ ഉണ്ടായിരുന്നു. 

അഫ്‌ഗാനിസ്ഥാനിൽ നിന്ന് സോവിയറ്റുകളെ 1989 കാലത്ത് തുരത്തിയ മുജാഹിദീന്റെ ചരിത്രമുണ്ട്. അവിടെ അമേരിക്ക സ്ഥലം വിട്ടപ്പോൾ ബാക്കിയായ, അവർ സൃഷ്ടിച്ച ജിഹാദി മനുഷ്യ വിഭവശേഷി ബാക്കിയായി. അവർ പിന്നെ പുതിയ തൊഴിൽ കണ്ടെത്തി. കാരണം അമേരിക്ക ബാഗുമെടുത്തു സ്ഥലം വിട്ടല്ലോ. ആ കാലത്തു കശ്മീരിലെ പലതരം പ്രശ്നങ്ങൾ അവർ മുഖാന്തിരമായിരുന്നു. അവർ പിന്നെ ഈജിപ്തിലേക്കും അൾജീരിയയിലേക്കും പോയി. 2011-ഇൽ സിറിയയിലെ യുദ്ധത്തിന് വേണ്ടി വീണ്ടുമവർ ഉയർത്തെഴുന്നേല്പിക്കപ്പെട്ടു. അതൊക്കെ വലിയ പ്രശ്നങ്ങളായിരുന്നു. 

പോപ്പുലർ ഫ്രണ്ട് നേതാവ് അബ്ദുൾ സത്താറിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ

പക്ഷെ, ഇപ്പോൾ ഇവിടെ നടക്കുന്നത് എന്താണ്? നിങ്ങൾ കേരളത്തിൽ നിന്നാണ്, ഞാൻ അല്ല. പക്ഷെ കേരളത്തോട് എനിക്ക് വലിയ മതിപ്പുണ്ട്. കേരളം മുസ്ലീങ്ങൾക്ക് ഏറ്റവും സുരക്ഷിതമായ ഒരു ഭൂപ്രദേശമാണ് ഇന്ന്. ഏറ്റവും പരസ്പര സഹിഷ്ണുതയുള്ള സ്ഥലമാണ്. ‘മാധ്യമം’ എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി ഞാൻ എഴുതിയപ്പോൾ ഞാൻ അവരുമായി ഒരു മീറ്റിങ് നടത്തിയിരുന്നു. അവരൊക്കെ വളരെ ആത്മവിശ്വാസമുള്ളവരും, വളരെ മുസ്‌ലിം തനിമയുള്ളവരും, എന്നാൽ മതനിരപേക്ഷ നിലപാടുകൾ ഉള്ളവരും, ഇന്ത്യയെന്ന പൊതുബോധം ഉൾക്കൊള്ളുന്നവരുമാണ്. ഇപ്പോൾ മുസ്ലീങ്ങൾ വളരെ സുരക്ഷിതരായി ഇരിക്കുന്ന മലബാർ പോലുള്ള ഇത്തരം ചെറിയ പ്രദേശങ്ങളിൽ അതില്ലാതാക്കാനാണോ സർക്കാർ ശ്രമിക്കുന്നത്? അതാണോ അവരുടെ ഉദ്ദേശം? കാരണം ബി.ജെ.പി. യുടെ വാദമുഖങ്ങൾ തന്നെ ആ വിധമാണല്ലോ. തുകൽ വ്യവസായത്തിൽ ധാരാളം പണക്കാരായ മുസ്‌ലിം വ്യാപാരികൾ ഉള്ള, ലക്ഷാധിപതികൾ തന്നെ ഉള്ള, തമിഴ്നാട്ടിലേക്കും ഇനി ഈ നടപടികൾ നീളുമോ? മുസ്ലീങ്ങൾ സുരക്ഷിതരായി, ഗൾഫിൽ നിന്നൊക്കെയുള്ള വരുമാനത്തിലൂടെ അവർ പണം സമ്പാദിച്ചിട്ടുള്ള, അവർ അഭിവൃദ്ധി പ്രാപിച്ചിട്ടുള്ള ഇടങ്ങളെ കടന്നാക്രമിക്കാനാണോ പദ്ധതി? എന്റെ ചോദ്യങ്ങൾ മാത്രമാണിതെല്ലാം. എനിക്ക് ഉത്തരം അറിയില്ല. 

വെങ്കിടേഷ് രാമകൃഷ്ണൻ: ധാരാളം മറച്ചു വെക്കപ്പെട്ട താൽപ്പര്യങ്ങൾ കൂടിക്കലർന്ന സങ്കീർണ്ണമായ ഒരു പ്രശ്നമാണ് ഇത് എന്നാണ് താങ്കൾ പറയുന്നത്. 

സയീദ് നഖ്‌വി: അതെ. കാരണം ഇതിനെപ്പറ്റിയൊന്നും എനിക്കോ, നിങ്ങൾക്കോ ഒന്നും അറിയില്ല. നിങ്ങൾക്ക് അറിയുമെങ്കിൽ നിങ്ങൾ വിശദീകരിക്കൂ. 

വെങ്കിടേഷ് രാമകൃഷ്ണൻ: എനിക്കും അറിയില്ല. പക്ഷെ കേരളത്തിലെയും, ഉത്തർപ്രദേശിലെയും മുസ്‌ലിം ബുദ്ധിജീവികൾക്കിടയിൽ ശക്തമായ മറ്റൊരു കാഴ്ചപ്പാട് കൂടിയുണ്ട്. ഇന്നത്തെ ഈ ചർച്ചയിലേക്ക് ഞാൻ ഒന്ന് രണ്ടു പേരെ കൂടി വിളിച്ചിരുന്നു. മുസ്‌ലിം പ്രതിരോധവുമായി ബന്ധപ്പെട്ട നിരവധി കേസുകൾ കൈകാര്യം ചെയ്ത ലക്‌നോവിലെ ഒരു വക്കീലിനെയും വിളിച്ചിരുന്നു. അദ്ദേഹം ഈ ചർച്ചയിൽ വരാൻ വിസമ്മതിച്ചു കൊണ്ട് പറഞ്ഞു, “നിയമപരമായി നോക്കിയാൽ, പോപ്പുലർ ഫ്രണ്ട് കുറ്റക്കാരാണ് എന്നാണ് ഞാൻ വിചാരിക്കുന്നത്. പല കേസുകളിലും ഞാൻ അവർക്കെതിരെ നിലപാട് എടുത്തിട്ടുള്ളതാണ്. അതുകൊണ്ട് നിഷ്പക്ഷനായ ഒരാളായി എനിക്കീ ചർച്ചയിൽ പങ്കെടുക്കാൻ ആകില്ല.” ഇത് ഒരു അഭിപ്രായ ധാരയാണ്. മറ്റൊരു അഭിപ്രായം ഞാൻ കേട്ടത്, കേരളത്തിലെ വളരെ മുതിർന്ന ഒരു മുസ്‌ലിം സാമൂഹ്യ-സാംസ്‌കാരിക നേതാവിൽ നിന്നും, ഡൽഹിയിൽ കോളേജ് അധ്യാപകനായ മറ്റൊരു യുവ മുസ്‌ലിം ബുദ്ധിജീവിയിൽ നിന്നുമാണ്. പോപ്പുലർ ഫ്രണ്ട് നടത്തുന്ന പ്രവർത്തനങ്ങളും, അടുത്ത ദിവസം അവർ കേരളത്തിൽ നടത്തിയ ഹർത്താലിലെ അക്രമങ്ങളും ഇന്ത്യയിലെ മുസ്‌ലിം പ്രതിരോധ മുന്നേറ്റത്തെ തളർത്തുക മാത്രമാണ് ചെയ്യുക എന്നാണ് അവർ അഭിപ്രായപ്പെട്ടത്. മുസ്‌ലിം സമൂഹത്തിനകത്ത് അങ്ങനെയും ശക്തമായ ഒരു ചിന്താധാര ഉണ്ട്. 

സയീദ് നഖ്‌വി: നോക്കൂ, അക്രമം നടത്തുന്ന ഏതു മുസ്‌ലിം സംഘടനയും അപലപിക്കപ്പെടണം. അവർ നടത്തുന്ന അക്രമത്തെ നമ്മൾ അപലപിക്കുക തന്നെ വേണം. എന്നാൽ അവരെ ജിഹാദിസ്റ്റുകൾ എന്ന് മുദ്ര കുത്തണമെങ്കിൽ തെളിവുകൾ വേണം. അവർ ജിഹാദിസ്റ്റുകൾ ആണെങ്കിൽ അവരെ നിരോധിക്കണം. അവർ തീവ്രവാദികൾ ആണെങ്കിൽ അവരെ നിരോധിക്കണം. മാത്രമല്ല ഇതിലൊക്കെ ഒരു ഉത്തരേന്ത്യ, ദക്ഷിണേന്ത്യ വിഭജനം ഉണ്ട്. അതുപോലെ വടക്കു കിഴക്കൻ മേഖലയിലും, പശ്ചിമ ബംഗാളിലും നിങ്ങൾക്ക് വേറെ നിലപാട് ആയിരിക്കാം. എന്നാൽ ഹിന്ദി ബെൽറ്റ് എന്നറിയപ്പെടുന്ന, ഹിന്ദുത്വയുടെ ഭാഷ സംസാരിക്കുന്ന പ്രദേശങ്ങൾ ഉണ്ടല്ലോ, അവിടെ തെളിവുണ്ടോ, ഇല്ലയോ എന്നതല്ല വിഷയം. എന്നാൽ ദക്ഷിണേന്ത്യയിലോ, വടക്കു കിഴക്കൻ മേഖലയിലോ, ബംഗാളിലോ സ്ഥിതി വ്യത്യസ്തമാണ്. ഞാൻ പറഞ്ഞ ഹിന്ദി ബെൽറ്റിലെ ഈ 9 സംസ്ഥാനങ്ങളിൽ നേരത്തെ പറഞ്ഞ ഭീതി നിലനിൽക്കുന്നു. 

പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ അറസ്റ്റിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചിൽ നിന്ന്

ഈ പ്രത്യേക വിഷയത്തിൽ നിങ്ങൾ സംസാരിച്ചു എന്ന് പറയുന്ന ആളുകൾ ഏതു പക്ഷത്താണ് എന്ന് എനിക്കറിയില്ല. എനിക്കും ഒരു പക്ഷമില്ല. ഞാൻ സത്യം പുലരണം എന്ന് വിശ്വസിക്കുന്ന ഒരു മാധ്യമപ്രവർത്തകനാണ്. ഭരണകൂടത്തിന്റെ ഭാഗത്താണ് സത്യമെങ്കിൽ അത് ശക്തമായി പുലരട്ടെ. പക്ഷെ പോപ്പുലർ ഫ്രണ്ടിനെ മുസ്‌ലിം ആയതിന്റെ പേരിലാണ് അക്രമിക്കുന്നതെങ്കിൽ അവരെ സംരക്ഷിക്കണം. ഈ നടക്കുന്നതിനെല്ലാം പിന്നിൽ തെളിവുകൾ ഉണ്ട് എന്ന് കരുതാൻ തന്നെയാണ് എനിക്കും താൽപ്പര്യം. പക്ഷെ തെളിവുകൾ കാണുന്നില്ല. നിങ്ങൾ പറഞ്ഞു, ഈ ഹർത്താൽ വളരെ അക്രമാസക്തമായിരുന്നു എന്ന്. ഇതിനു മുൻപ് നടന്ന ഹർത്താലുകളെ പറ്റി കൂടി നിങ്ങൾ എന്നോട് പറയൂ. 

വെങ്കിടേഷ് രാമകൃഷ്ണൻ: കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ നടത്തിയ ഹർത്താലുകളിൽ അക്രമം ഇല്ലായിരുന്നു എന്നൊന്നും പറയാനാവില്ല. 

സയീദ് നഖ്‌വി: വേണമെങ്കിൽ നമുക്ക് തിരിഞ്ഞു നിന്ന് ചോദിക്കാം, അപ്പോൾ ‘ധർമ്മ സൻസദി’ന്റെ കാര്യമോ, എന്ന്. നമ്മൾ ഹിന്ദുത്വയുടെ പേരിൽ എന്ത് ചെയ്താലും കുഴപ്പമില്ല എന്ന കീഴ്വഴക്കം സൃഷ്ടിക്കാനാണോ ശ്രമിക്കുന്നത്? ഒരു കേന്ദ്ര മന്ത്രി, കേന്ദ്ര ക്യാബിനറ്റിലെ ഏറ്റവും ശ്രദ്ധിക്കപ്പെടുന്ന കേന്ദ്ര മന്ത്രി, പറയുന്നു, “ഈ അലവലാതികളെ വെടി വെച്ച് കൊല്ലൂ” എന്ന്. അയാൾക്ക്‌ അതും പറഞ്ഞു നിസ്സാരമായി പോകാം. അയാൾ അവിടെ തന്നെയുണ്ട്. പക്ഷെ ഞാൻ, “അയാൾക്ക് ചെകിടത്തു ഒരടി കൊടുക്കൂ” എന്ന് പറഞ്ഞാൽ എനിക്കങ്ങനെ ഒഴിവായി പോകാൻ കഴിയില്ല. ഈ വ്യത്യാസം ഉണ്ട് എന്ന് പറഞ്ഞുറപ്പിക്കുകയും, അതിനെതിരെ പോരാടുകയും വേണം. 

മറ്റൊരു ശ്രദ്ധേയമായ വശം കൂടിയുണ്ട്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത അതെ ദിവസം തന്നെയാണ് ആർ.എസ്.എസ്. നേതാവ് മോഹൻ ഭാഗവത് ഡൽഹിയിൽ ഒരു മുസ്‌ലിം പള്ളിയും, ഒരു മദ്രസ്സയും സന്ദർശിച്ചത്. ഡൽഹിയിലെ മുൻ ലഫ്റ്റനന്റ് ഗവർണറായ നജീബ് ജങ്, മുൻ തെരഞ്ഞെടുപ്പ് കമ്മീഷണറായ എസ്.വൈ. ഖുറൈശി, ഒരു ഉറുദു പത്രം പുറത്തിറക്കുന്ന എല്ലാറ്റിലും തലയിടുന്ന മാധ്യമപ്രവർത്തകനായ ഷാഹിദ് സിദ്ദിഖി, യോഗി ആദിത്യനാഥിന്റെ പ്രദേശത്തു നിന്നുള്ള മാന്യനും, ഹോട്ടൽ ഉടമയുമായ, സയീദ് ഷെർവാണി, ജനറലായിരുന്ന (പലപ്പോഴും നമ്മൾ അത്ര കാര്യമായി എടുക്കേണ്ടതില്ലാത്ത ഒരുപാടു കാര്യങ്ങൾ പറയുന്ന) സഹീറുദ്ദീൻ ഷാ എന്നിവരെല്ലാം കൂടി മോഹൻ ഭാഗവതിനെ കണ്ടതും അന്നാണ്. 

ആ കൂടിക്കാഴ്ചയെ പറ്റി വളരെ വലിയ പ്രചാരണകോലാഹലം നമ്മൾ നടത്തി. എവിടെ നിന്നെങ്കിലും ഒരു സിഗ്നൽ വരാതെ, ഇത്രയും വിപുലമായ പ്രചാരണ കോലാഹലം സാധാരണ നടക്കാറില്ല. മാധ്യമങ്ങൾ വരുതിയിലാണെങ്കിൽ, അവ വരുതിയിലാണ് എന്ന് തന്നെയാണ് അർഥം. ഈ കൂടിക്കാഴ്ച നടത്തിയവരെ പറ്റിയുള്ള ഒട്ടനേകം കഥകൾ വരുന്നു, അവർ തന്നെ എഡിറ്റോറിയൽ പേജുകളിൽ അവരെ പറ്റി തന്നെ ലേഖനങ്ങൾ എഴുതുന്നു. ഇതാ സമാധാനം വരുന്നു, ഹിന്ദു-മുസ്‌ലിം ഐക്യം വരുന്നു എന്നെല്ലാം വാർത്ത പരക്കുന്നു. അതെ ദിവസം തന്നെ പോപ്പുലർ ഫ്രണ്ട് അറസ്റ്റുകളും നടക്കുന്നു. ഇത് ഇരട്ട വർത്തമാനം അല്ലെ? പരസ്പരവിരുദ്ധമായ വർത്തമാനം അല്ലെ? അത് അങ്ങനെ ആണെന്ന് നമ്മൾ അവർത്തിച്ചുറപ്പിക്കണം. കാരണം അതെ ദിവസം, മോഹൻ ഭാഗവത് ഒരു മദ്രസ്സ സന്ദർശിക്കുന്നു. എന്തൊരു ശ്രദ്ധേയമായ നടപടി! മൗലാന ഇല്യാസി എന്നയാൾ നടത്തുന്ന മദ്രസ്സയാണ് സന്ദർശിച്ചത്. ആളുകൾക്ക് അദ്ദേഹത്തെ പറ്റി ഉള്ള അഭിപ്രായങ്ങളൊന്നും അത്ര സുഖമുള്ളതല്ല. പക്ഷെ അദ്ദേഹം മോഹൻ ഭാഗവതിനെ പോലുള്ളവരുടെ കണ്ണിലുണ്ണിയാണ്. ഇസ്രയേലികളുടെ അരുമയാണ്. മുസ്ലീങ്ങൾക്ക് തീരെ താൽപ്പര്യമില്ലാത്ത ഒരാളുമാണ്. ഒരു പക്ഷെ അദ്ദേഹം നല്ല ഒരാളായിരിക്കാം, എനിക്കറിയില്ല. 

ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത്

അങ്ങനെ മോഹൻ ഭാഗവത് മുസ്‌ലിം പള്ളിയിൽ പോയി. “ദേശത്തിന്റെ നേതാവ്” എന്നാണ് ഇല്യാസി അദ്ദേഹത്തെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ മദ്രസ്സയും ഭാഗവത് സന്ദർശിച്ചു. അതെ ദിവസം ഇന്ത്യയിൽ 2500 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്തു. 

വെങ്കിടേഷ് രാമകൃഷ്ണൻ: ഹിന്ദുത്വ ചായ്വുള്ള  ഉത്തർപ്രദേശിലെ സൈദ്ധാന്തികന്മാരിൽ നിന്ന് ഞാൻ കേട്ടത്, സംഘ പരിവാർ ഇപ്പോൾ പദ്ധതിയിടുന്നത്, ദേശസ്നേഹമുള്ള മുസ്ലീങ്ങൾ എന്നും, ജിഹാദിസ്റ്റും രാജ്യദ്രോഹികളുമായ മുസ്ലീങ്ങൾ എന്നും ഒരു തരംതിരിവ് സൃഷ്ടിക്കാനാണ്, എന്നാണ്. പോപ്പുലർ ഫ്രണ്ടിന് നേരെ നടക്കുന്ന നടപടികളും, അപ്പുറത്തു മോഹൻ ഭാഗവതിന്റെ മുസ്‌ലിം സമുദായ പ്രീണനവും ഈ കളിയിലെ തന്ത്രങ്ങളാണ് എന്നുമാണ്. ഇതിനെ താങ്കൾ എങ്ങനെ കാണുന്നു?

സയീദ് നഖ്‌വി: ഞാൻ പോപ്പുലർ ഫ്രണ്ട് അല്ല, ഞാൻ മോഹൻ ഭാഗവതിനെ കാണാൻ പോയ സംഘത്തിലുമില്ല. അപ്പോൾ ഞാൻ എവിടെയാണ് നിൽക്കുന്നത്? ഇതിനു രണ്ടിനും ഇടയിലുള്ള ആ വലിയ വെളുത്ത പ്രതലത്തിൽ ആണ് ഞാൻ നിൽക്കുന്നത്. ഭൂരിഭാഗവും ഇന്ത്യയിലെ മുസ്ലീങ്ങൾ അവിടെയാണ് നിൽക്കുന്നത്. 

ഞാൻ 1990 ഇൽ എന്റെ പുസ്തകത്തിന് വേണ്ടി ചെയ്ത, ആർ.എസ്.എസ്. നേതാവായിരുന്ന ഭാവുറാവു ദേവ്‌റസുമായുള്ള എന്റെ ഒരു പഴയ അഭിമുഖം നോക്കുകയായിരുന്നു. രണ്ടു മണിക്കൂർ നീണ്ട ഒരഭിമുഖമായിരുന്നു അത്. അദ്ദേഹം എന്നോട് ചോദിച്ചു, “എന്തിനാണ് നിങ്ങൾ ഞങ്ങളെ കാഫിർ എന്ന് വിളിക്കുന്നത്? ഞങ്ങൾക്കത് ഇഷ്ടമല്ല.” അങ്ങനെ ചോദിക്കുമ്പോൾ മറ്റൊരാൾ ചോദിക്കും, “എന്തിനാണ് നിങ്ങൾ ഞങ്ങളെ പാകിസ്ഥാനി എന്ന് വിളിക്കുന്നത്?” അപ്പോൾ അക്കാര്യത്തിൽ ഒരു തീരുമാനം ആയല്ലോ. 

കാഫിർ എന്ന് പറഞ്ഞാൽ അവിശ്വാസി എന്നാണ് അർഥം. പക്ഷെ ഉർദുവിൽ അതേപ്പറ്റി വിപുലമായ സാഹിത്യ സന്ദർഭങ്ങൾ തന്നെയുണ്ട്, “ഒരുവനെ കാഫിർ എന്ന് വിളിക്കാൻ നിങ്ങൾക്ക് എന്താണ് അവകാശം? നിങ്ങളാണോ എല്ലാം തികഞ്ഞവൻ? എപ്പോഴും ശരി മാത്രം ചെയ്യുന്നവൻ നിങ്ങളാണോ? മറ്റെല്ലാവരും തെറ്റിന്റെ ഭാഗത്താണ് എന്നാണോ നിങ്ങൾ പറയുന്നത്?” ഉറുദു സാഹിത്യം ചോദിക്കുന്നു. നിങ്ങളുടെ പ്രേക്ഷകർക്ക് മനസ്സിലാവാൻ ഇടയില്ലാത്തതിനാൽ ഞാൻ ആ കവിതകൾ ഇവിടെ ചൊല്ലുന്നില്ല. ഇന്ത്യൻ മുസ്‌ലിം എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു മുല്ലയുമായി എന്തിനാണ് ഇവിടുത്തെ രാഷ്ട്രീയക്കാരും, ബുദ്ധിജീവികളും താരതമ്യം കണ്ടെത്തുന്നത് എന്ന് എനിക്ക് ഒരിക്കലും മനസ്സിലായിട്ടില്ല. 

ഇവിടുത്തെ മുസ്ലീങ്ങളുടെ പ്രധാന ഭാഷയായ ഉർദുവിലെ സാഹിത്യത്തിൽ മുല്ലമാരെ വിമർശിക്കുകയും, കളിയാക്കുകയുമാണ് ചെയ്യുന്നത്. അടിമുടി മുല്ലയെ തള്ളിപ്പറയുകയാണ്. എന്നാൽ ഇവരൊന്നും കവിത വായിക്കുന്നില്ല. ആരും എന്നോട് പ്രശസ്ത ഉറുദു കവി മിർസാ ഗാലിബിനെപ്പറ്റി പറയുന്നതേ ഇല്ല. തികച്ചും ദേശീയവാദികളായിരുന്ന ആ മഹത്തായ കാവ്യപരമ്പരയെ ആരും കാണുന്നില്ല. ഉർദുവിൽ കവിത എഴുതിയ റാം പ്രസാദ് ബിസ്മിലിന്റെ കവിതകൾ ഇന്നും ദേശഭക്തി ഗാനങ്ങളായി നമ്മൾ ആലപിക്കാറുണ്ട്. ഇന്ത്യയിലെ ബുദ്ധിജീവികൾ എന്താണ് കുറച്ചെങ്കിലും ഗൃഹപാഠം ചെയ്യാത്തത്? വടക്കേ ഇന്ത്യയിൽ നിങ്ങൾ താഴ്ത്തിക്കെട്ടുന്ന മുസ്‌ലിം കവികളുടെ കവിത ഒന്ന് വായിച്ചു നോക്കൂ. എന്നാൽ ദക്ഷിണേന്ത്യയിൽ സ്ഥിതി വ്യത്യസ്തമാണ്. കാരണം, അവിടെ മുസ്ലീങ്ങൾ വളരെ, വളരെ സുരക്ഷിതരാണ്. ഡൽഹിയിൽ ചെയ്തത് പോലെ മലബാറിൽ രണ്ടു മാസം ഒരു കർഫ്യു നടത്താൻ ശ്രമിച്ചു നോക്കട്ടെ, അപ്പോൾ അറിയാം.   

വെങ്കിടേഷ് രാമകൃഷ്ണൻ: അങ്ങനെ ഒരു കർഫ്യു ഇവിടെ നടത്താൻ പറ്റും എന്ന് തോന്നുന്നില്ല.  

സയീദ് നഖ്‌വി: പക്ഷെ നിങ്ങൾ അങ്ങനെ ഒരു കർഫ്യു ജാമിയ മില്ലിയ, ബാട്ല ഹൌസ്, ഷഹീൻ ബാഗ് പ്രദേശത്തു നടപ്പാക്കിയിരിക്കുന്നു. അപ്പോൾ നിങ്ങൾക്ക് തോന്നിയ പോലെയൊക്കെ കളിക്കാൻ പാകത്തിൽ തടവുകാരായ കുറെ മനുഷ്യരെ ലഭിച്ചിരിക്കുന്നു. എന്നാൽ ഇതേ കാര്യം തമിഴ്‌നാട്ടിലെ സമ്പന്നരായ ലബ്ബായ് മുസ്‌ലിം സമുദായത്തോട് ചെയ്തു നോക്കൂ. അല്ലെങ്കിൽ രംഗനാഥപുരത്തെ കിലകരായ് മുസ്‌ലിം വിഭാഗത്തോട് ചെയ്തു നോക്കൂ. അപ്പോൾ ഹിന്ദുവും മുസ്ലീമും തമ്മിൽ മാത്രമല്ല വേർതിരിവ് ഉണ്ടാക്കുന്നത്, മുസ്ലീമും മുസ്ലീമും തമ്മിൽ കൂടിയാണ്. 

 വെങ്കിടേഷ് രാമകൃഷ്ണൻ: അത് തന്നെയാണ് ഞാൻ കൃത്യമായും പറയാൻ ആഗ്രഹിച്ചത്. സംഘ പരിവാറിന്റെ ഭാവി പരിപാടികളിൽ ഈ മുസ്‌ലിം-മുസ്‌ലിം വിഭജനം വളർത്തുക എന്നതിന് ഒരു രാഷ്ട്രീയ ലക്‌ഷ്യം എന്ന നിലയിൽ പ്രാധാന്യം കൈവരുന്നു എന്ന സംസാരം നടക്കുന്നുണ്ട്. പക്ഷെ, ആർ.എസ്.എസ്. രണ്ടു തവണ നിരോധിക്കപ്പെട്ടതും, എന്നിട്ടും അത് കൂടുതൽ കരുത്തോടെ വളർന്നതും മറ്റൊരു സംസാരവിഷയമാണ്. മഹാത്മാ ഗാന്ധിയുടെ കൊലയ്ക്കു ശേഷവും, ബാബ്‌റി മസ്ജിദ് തകർത്തതിന് ശേഷവും ആർ.എസ്.എസ്. നിരോധിക്കപ്പെട്ടിരുന്നുവല്ലോ. ഒരു രാഷ്ട്രീയ പാർട്ടിയെ നിരോധിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണം എന്നതിനാൽ, പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പാർട്ടിയായ എസ്.ഡി.പി.ഐ. യെ നിരോധിക്കാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ലല്ലോ. അപ്പോൾ ഇതുമായി ബന്ധപ്പെട്ടു ഞാൻ കേട്ട് ഒരു വാദം ഇതാണ്- ഇനിയുള്ള നാളുകളിൽ എസ്.ഡി.പി.ഐ. ശക്തി പ്രാപിക്കും, മാത്രമല്ല, ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ അതിനു മുഖ്യധാരയിൽ സ്വീകാര്യത വർധിക്കും എന്ന്. പക്ഷെ, അത് നമ്മൾ കാത്തിരുന്ന് കാണേണ്ട കാര്യമാണ്. താങ്കൾ കൃത്യമായും പറഞ്ഞത് പോലെ, ഇതൊരു സങ്കീർണ്ണമായ സാഹചര്യമാണ്, ഇവിടെ ഇന്ത്യയിലെ സാധാരണ മുസ്ലീങ്ങൾ പോപ്പുലർ ഫ്രണ്ടിനൊപ്പമല്ല, അവർക്ക് കേന്ദ്ര സർക്കാരിന്റെ നടപടികളിലും, ഉദ്ദേശശുദ്ധിയിലും സംശയങ്ങളുണ്ട്. അവർ ഇപ്പറഞ്ഞ, ഇടയിലുള്ള, കള്ളിതിരിക്കാൻ പറ്റാത്ത,  വലിയ വെളുത്ത പ്രതലത്തിലാണ് നിൽക്കുന്നത്. 

സയീദ് നഖ്‌വി: വളരെ അദ്‌ഭുതപ്പെടുത്തുന്ന മറ്റൊരു വശം കൂടി ഇതിനുണ്ട്. വളരെ കാലത്തിനിടയിൽ ഇതാദ്യമായി, ഉക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യ വളരെ നിർണ്ണായകമായ ഒരു സ്ഥലത്താണ് എത്തിനിൽക്കുന്നത്. വളരെ തന്ത്രപ്രധാനമായ ഒരിടത്ത്. നമുക്ക് ഈ പക്ഷത്തോടും വിലപേശാനാവില്ല, മറുപക്ഷത്തോടും വിലപേശാനാവില്ല. പക്ഷെ യുദ്ധം ഇരുപക്ഷത്തോടും വിലപേശുന്നു. കാരണം ഈ യുദ്ധം ഉക്രൈനിനെ ചൊല്ലിയുള്ളതല്ല. ലോക ക്രമത്തെ പറ്റിയുള്ളതാണ്. ഇപ്പോൾ മേൽക്കൈ ഉള്ളവർ അതുപോലെ തുടരുമോ, അതോ ആ മേൽക്കൈ പങ്കുവെക്കപ്പെടുമോ, ലോകം പല അച്ചുതണ്ടുശക്തികളുടേതായി മാറുമോ? എന്നതാണ് ചോദ്യം. ഇതിനെച്ചൊല്ലിയാണ് കൃത്യമായും ഇപ്പോൾ നടക്കുന്ന തർക്കം. ഇന്ത്യ ഇതിനിടയിൽ ഒരു തന്ത്രപ്രധാനമായ ബിന്ദുവിൽ നിൽക്കുന്നു. നമുക്ക് തോന്നിയ പോലെ എല്ലാവരുമായും വിലപേശാൻ കഴിയില്ല. നമുക്ക് വളരെ മിടുക്കനായ ഒരു വിദേശകാര്യ മന്ത്രിയുണ്ട്, ജയശങ്കർ. അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളിലേക്കു കടക്കാതെ തന്നെ, വളരെ അനായാസമായി അദ്ദേഹം ഇപ്പോഴത്തെ സ്ഥിതിവിശേഷം ഭംഗിയായി കൈകാര്യം ചെയ്യുന്നുണ്ട്. 

ഇത് ഇന്ത്യക്കു ഒരു വലിയ ലോകശക്തിയായി മാറാനുള്ള അവസരമാണ്, ഊഴമാണ്. അത് സാധിക്കും. പക്ഷെ ഇന്ത്യ മനുഷ്യാവകാശത്തിന്റെ കാര്യത്തിൽ 160 ആം സ്ഥാനത്താണെന്ന്, എല്ലാ മനുഷ്യാവകാശ സൂചികകളും നിങ്ങൾക്കെതിരാണെന്ന്, എല്ലാ തൊഴിൽ സൂചികകളിലും നിങ്ങൾ വളരെ പുറകിലാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയും സമാനമായ ഏജൻസികളും പറയുമ്പോൾ, നിങ്ങൾ നിങ്ങളുടെ സോക്സ് വലിച്ചുകയറ്റി ശരിയാക്കുകയും, സ്വയം വൃത്തിയായി നിൽക്കുകയും ചെയ്തേ മതിയാകൂ. ആ ഇമേജ് തിരിച്ചുപിടിക്കാനാണ് മോഹൻ ഭാഗവതിന്റെ മുസ്‌ലിം പള്ളി സന്ദർശനവും മറ്റും എന്ന് ഞാൻ കരുതുന്നു. ഇന്ത്യ ഇപ്പോൾ എത്തിപ്പെട്ടിട്ടുള്ള, ലോകശക്തിയാവാൻ ഉതകുന്ന ഒരു ബിന്ദുവിൽ നിൽക്കുമ്പോൾ, ആ ലക്‌ഷ്യം സഫലീകരിക്കണമെങ്കിൽ ആ ഇമേജ് തിരിച്ചു മിനുക്കിയെടുത്തേ മതിയാകൂ. അതോടൊപ്പം, ഇപ്പോഴത്തെ വർഗ്ഗീയ ധ്രുവീകരണ രാഷ്ട്രീയം നമ്മൾ കൂടെ കൂട്ടിയാൽ, അത് ഇന്ത്യയുടെ ഇമേജിന് ഒട്ടും നന്നാവില്ല. എങ്കിലും ഞാൻ കരുതുന്നു, 2014 ഇൽ ഒരു പുതിയ സൂര്യോദയത്തിനായി നമ്മെ കാത്തിരിക്കുന്ന ഒരു ചക്രവാളം, അകലെയല്ലാതെ ഉണ്ട് എന്ന്. 

വെങ്കിടേഷ് രാമകൃഷ്ണൻ: സയീദ് സാബ്, ഒരു അന്താരാഷ്ട്ര കാഴ്ചപ്പാടോടെ താങ്കൾ എത്ര മനോഹരമായി കാര്യങ്ങൾ ക്രോഡീകരിച്ചിരിക്കുന്നു. ആ നിഗമനങ്ങളിൽ നമുക്കീ ചർച്ച തല്ക്കാലം നിർത്താം. പക്ഷെ വിവിധ വിഷയങ്ങളിൽ താങ്കളുമായി ‘ദി ഐഡം’ ഇനിയും സംഭാഷണം തുടരും. ഒരിക്കൽ കൂടി ‘ദി ഐഡ’ ത്തിന്റെ ചീഫ് കണ്ടന്റ് അഡ്വൈസർ ആയിരിക്കാൻ തയ്യാറായതിൽ അങ്ങയോട് നന്ദി രേഖപ്പെടുത്തട്ടെ. 

അഭിമുഖത്തിൻറെ വീഡിയോ ഇവിടെ കാണാം

Interview with Saeed Naqvi


Subscribe to our channels on YouTube & WhatsApp

 

About Author

ദി ഐഡം ബ്യൂറോ