ചരിത്രവും, ഗോർബച്ചേവ് എന്ന തിരുത്തൽവാദിയും
1988-ൽ ആയിരിക്കണം. കോളേജിൽ പഠിക്കുന്നു. ഒരവധിക്കാലത്ത് ഹോസ്റ്റലിൽ നിന്നെത്തിയപ്പോൾ അച്ഛന്റെ മേശപ്പുറത്ത് ഒരു ചെറിയ പുസ്തകമിരിക്കുന്നതു കണ്ടു: മിഖായേൽ ഗോർബച്ചേവിന്റെ “ഒക്ടോബർ വിപ്ലവവും പെരസ്ത്രോയിക്കയും: വിപ്ലവം തുടരുന്നു”.
ഒക്ടോബർ വിപ്ലവത്തിന്റെ എഴുപതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന യോഗത്തെ അഭിസംബോധന ചെയ്ത് സോവിയറ്റ് കമ്മ്യൂണിസ്റ്റ്പാർട്ടിയുടെ ജനറൽ സെക്രട്ടറി ആയിരുന്ന ഗോർബച്ചേവ് 1987 നവംബർ 2-ന് ചെയ്ത പ്രസംഗത്തിന്റെ പുസ്തക രൂപമായിരുന്നു ആ പുസ്തകം. സി.പി.ഐ നേതാവും സൈദ്ധാന്തികനും ആയിരുന്ന സി. ഉണ്ണിരാജ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തി പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ചത്.
അത് ഉറച്ച രാഷ്രീയബോധ്യങ്ങളുടെ കാലമായിരുന്നു. ക്രൂഷ്ചേവ് റഷ്യൻ പാർട്ടിയുടെ ഇരുപതാം പാർട്ടി കോൺഗ്രസിൽ സ്റ്റാലിൻ ചെയ്ത കൊള്ളരുതാത്ത കാര്യങ്ങളെ കുറിച്ച് അറിയാമായിരുന്നു. മിലോവാൻ ജിലാസ് തൊട്ട് ഒ.വി. വിജയനും ചാത്തുണ്ണി മാസ്റ്ററും വരെയുള്ളവർ കമ്മ്യൂണിസ്റ്റ്പാർട്ടികളെ കുറിച്ച് വിമർശിക്കുന്ന കാര്യങ്ങളും ധാരാളമായി കേട്ടിരുന്നു. പക്ഷെ, അതൊക്കെ തിരുത്തൽവാദമുണ്ടാക്കിയ വ്യതിയാനങ്ങളാണെന്ന് ഉറച്ച് വിശ്വസിക്കാനാഗ്രഹിക്കുന്നതായിരുന്നു ആ കാലത്തെ ബോധ്യങ്ങൾ.
അതുകൊണ്ടുതന്നെ ആ പുസ്തകം വായിക്കാനെടുത്തത് കുറച്ച് ആശങ്കകളോടുകൂടെയായിരുന്നു. ഗ്ലാസ്‌നോസ്റ്റ്, പെരസ്ത്രോയിക്ക എന്നൊക്കെ നെറ്റിയിൽ ഭൂപടമുള്ള ഈ മനുഷ്യൻ പറഞ്ഞുനടക്കുന്നത് അത്ര ശരിയല്ല എന്നാണ് കേട്ടിട്ടുള്ളത്. പക്ഷെ, വായന കഴിഞ്ഞപ്പോൾ കാര്യമായ പ്രശ്നങ്ങളൊന്നും തോന്നിയില്ല. സ്റ്റാലിനടക്കമുള്ളവരുടെ ചില തെറ്റുകളെ വിമർശന വിധേയമാക്കിയിട്ടുണ്ട്. എന്നാലും ഒക്ടോബർ വിപ്ലവത്തിന്റെ മഹത്തായ പൈതൃകം ഉയര്ത്തിപ്പിടിച്ച് മുന്നോട്ട് പോകാനുള്ള ആഹ്വാനമായിരുന്നു പൊതുവേ ആ പുസ്തകം. മാർക്സിസം ലെനിനിസത്തിലുള്ള അചഞ്ചലമായ വിശ്വാസം ഉറച്ചുപറയുകയും ചെയ്തിട്ടുണ്ട്.
പ്രത്യാശയായിരുന്നു അതിൽ നിറയെ. ഗോർബച്ചേവ് പറയുകയാണ്: “ഇരുപതാം നൂറ്റാണ്ട് ഉദിക്കുന്നതിന് കഷ്ടിച്ച് പതിമൂന്ന് വർഷങ്ങളേ ബാക്കിയുള്ളൂ. 2017 -ൽ സോവിയറ്റ് ജനതയും പുരോഗമനേഛുക്കളായ മാനവരാശിയും മഹത്തായ ഒക്ടോബർ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കും.”
വിചാരിച്ചപോലെ അത്ര അബദ്ധമല്ല കാര്യങ്ങളെന്ന് ബോധ്യപ്പെട്ട് സമാധാനത്തോടെ കോളേജിലേക്ക് മടങ്ങി. പക്ഷെ, അത് താൽക്കാലികമായ ഒരു സമാധാനം മാത്രമായിരുന്നു. ഒരു വർഷത്തിനകം ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പോക്ക് അത്ര പന്തിയല്ലെന്ന് വ്യക്തമാക്കുന്ന വാർത്തകൾ വന്നു തുടങ്ങി. ചൈനയിൽ ടിയാനെമെൻ സ്‌ക്വയറിലെ വെടിവെപ്പ് സംശയങ്ങളുണ്ടാക്കി. സോവിയറ്റ് യൂനിയനിൽ എന്തൊക്കെയോ ചീഞ്ഞു നാറുന്നു എന്ന ധാരാളമായി കേട്ടു തുടങ്ങി. പിന്നീടെല്ലാം പെട്ടന്നായിരുന്നു. സോവിയറ്റ് യൂനിയനിലെയും കിഴക്കൻ യൂറോപ്പ്യൻ രാജ്യങ്ങളിലെയും കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞു. ചൈന ചൈനയുടേത് മാത്രമെന്ന് അവകാശപ്പെടുന്ന ‘സോഷ്യലിസവുമായി’ മുന്നോട്ട് പോയി. ലോകഭൂപടം തന്നെ മാറി.
പഴയ പുസ്തകങ്ങൾക്കിടയിൽ നിന്നും ഈ പുസ്തകം കിട്ടിയില്ലായിരുന്നെങ്കിൽ ഞാൻ ഗോർബച്ചേവിനെ ഓർക്കുമായിരുന്നോ? ഇല്ല. പൊതുബോധത്തിൽ നിന്ന് ഏറെകുറേ വിസ്മൃതനായിരിക്കുന്നു ആ മനുഷ്യനിന്ന്. 2017-ൽ ഒക്ടോബർ വിപ്ലവത്തിന്റെ ശതാബ്ദി ആഘോഷിക്കാനായി സോവിയറ്റ് യൂനിയനും കാത്തുനിന്നില്ല. എന്നാൽ, ഫ്രാൻസിസ് ഫുക്കുയാമയെപ്പോലുള്ള വലതുപക്ഷ ചിന്തകർ പ്രവചിച്ചപോലെ ചരിത്രം അവസാനിച്ചുമില്ല.
ചരിത്രം അങ്ങിനെയൊക്കെയാണ്. രണ്ടോ മൂന്നോ ചലനനിയമങ്ങളും ലളിത സമവാക്യങ്ങളും കൊണ്ട് നിർദ്ധാരണം ചെയ്യാവുന്ന പരീക്ഷാചോദ്യമല്ല അത്.
കുറച്ചു വർഷം മുൻപേ, ജോലിയാവശ്യത്തിന് റഷ്യയിലെ സെയിന്റ് പീറ്റേഴ്‌സ്ബർഗിൽപോകാനിടവന്നു. അവിടെ ഒരു ക്യൂരിയോ ഷോപ്പിൽ പഴയ സോവിയറ്റ് യൂണിയന്റെ കൊടിയടയാളമായ അരിവാൾ ചുറ്റികയുള്ള എന്തെങ്കിലും കിട്ടുമോ എന്ന് നോക്കുകയായിരുന്ന എന്നോട് എന്താണതിലിത്ര താല്പര്യം എന്ന് അന്നാട്ടുകാരനായ സഹപ്രവർത്തകൻ കൗതുകത്തോടെ തിരക്കി. ഇന്ത്യയിൽ എന്റെ നാട്ടിൽ കമ്മ്യൂണിസത്തിന് ഇപ്പോഴും വേരോട്ടമുണ്ടെന്ന് ഞാൻ പറഞ്ഞു. എൺപതുകളിൽ സോവിയറ്റ്‌കാലത്ത് വിദ്യാഭ്യാസം പൂർത്തിയാക്കിയ ഒരാളായിരുന്നു അവൻ. എന്റെ പ്രായം. അവനോട് പഴയ സോവിയറ്റ് യൂനിയനെയും ഇപ്പോഴത്തെ റഷ്യയെയും എങ്ങിനെയാകും താരതമ്യം ചെയ്യുകയെന്ന് ഞാൻ ചോദിച്ചു. കൃത്യമായി ഉത്തരം പറയാതെ, പറയാനാകാതെ, അവൻ ഒഴിഞ്ഞു.
ചരിത്രം പോലെ വഴുതിമാറി അവന്റെ ഉത്തരവും.
………
(രണ്ടു വർഷം മുൻപ് ലേഖകൻ തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചത്.)