A Unique Multilingual Media Platform

The AIDEM

Articles Politics Society

ബിൽക്കിസ് ബാനു കേസ്: നിയമം എങ്ങനെ അട്ടിമറിക്കപ്പെട്ടു

  • August 27, 2022
  • 1 min read
ബിൽക്കിസ് ബാനു കേസ്: നിയമം എങ്ങനെ അട്ടിമറിക്കപ്പെട്ടു

2002 ഇത് നടന്ന ഗുജറാത്ത് വർഗ്ഗീയ കലാപത്തിനിടയിൽ ബിൽക്കിസ് ബാനു എന്ന മുസ്‌ലിം വനിതയെ കൂട്ട ബലാത്സംഗം ചെയ്യുകയും, അവരുടെ മൂന്നു വയസ്സുള്ള കുഞ്ഞിനെ അവരുടെ മുന്നിലിട്ട് അടിച്ചു കൊല്ലുകയും, ബിൽക്കിസിന്റെ 14 കുടുംബാംഗങ്ങളെ ഒപ്പം കൊലപ്പെടുത്തുകയും ചെയ്തു ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ഗുജറാത്ത് സർക്കാർ ശിക്ഷ ഇളവ് ചെയ്തു വെറുതെ വിട്ടിരിക്കുകയാണ്. ഇതിൽ ഒരു പ്രതി തന്റെ ശിക്ഷ ഇളവ് ചെയ്യണം എന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ നൽകിയ അപേക്ഷയിന്മേൽ, സുപ്രീം കോടതി ഗുജറാത്ത് സർക്കാരിനോട് അഭിപ്രായം ആരായുകയാണ് ആദ്യം ഉണ്ടായത്. ഇത് പഴുതാക്കി ഇയാളെ മാത്രമല്ല, മുഴുവൻ പ്രതികളെയും വിട്ടയക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനിച്ചു. കേസ് പരിശോധിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച സമിതിയിൽ അംഗമായിരുന്ന ഗോധ്ര എം.എൽ.എ. സി.കെ. റാവുൽജി മാധ്യമങ്ങളോട് പറഞ്ഞത് പ്രതികൾ സംസ്കാരമുള്ള ബ്രാഹ്മണരായതു കൊണ്ടാണ് അവരെ വിട്ടയച്ചത് എന്നാണ്. രണ്ടു ജീവപര്യന്തമാണ്‌ ഇവരെ ശിക്ഷിച്ചപ്പോൾ സുപ്രീം കോടതി വിധിച്ചിരുന്നത്- ഒരെണ്ണം കൂട്ടബലാത്സംഗത്തിനും, ഒരെണ്ണം കൊലപാതകങ്ങൾക്കും. ഈ പ്രതികൾക്ക് നേരത്തെ തന്നെ പല തവണ വളരെ ഉദാരമായി പരോളും അനുവദിക്കപ്പെട്ടിരുന്നു.

 

രാജ്യ വ്യാപകമായി വലിയ പ്രതിഷേധം ഇതിനെതിരെ ഉയരുകയാണ്. തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയും സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിയും ഈ നടപടിക്കെതിരെ കൊടുത്ത പരാതിയിൽ സുപ്രീം കോടതി ഇപ്പോൾ കേന്ദ്രസർക്കാരിനും ഗുജറാത്ത് സർക്കാരിനും വിശദീകരണം ചോദിച്ചു നോട്ടീസ് അയച്ചിട്ടുണ്ട്. ബി.ജെ.പി. നേതാക്കളായ ഖുശ്‌ബു സുന്ദർ, പ്രമോദ് സ്വാമി, ലളിത കുമാരമംഗലം, മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും ബി.ജെ.പി. നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് തുടങ്ങിയവർ തന്നെ ഗുജറാത്ത് സർക്കാരിന്റെ ഈ നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ കണ്ണ് നിറഞ്ഞു കൊണ്ട് ഖുശ്‌ബു സുന്ദർ പറഞ്ഞത്, ഇപ്പോൾ ഞാൻ ഇതിനെതിരെ പ്രതികരിച്ചില്ലെങ്കിൽ, എന്റെ രണ്ടു പെണ്മക്കളുടെ മുഖത്ത് നോക്കാൻ എനിയ്ക്കാവില്ല” എന്നാണ്. ഈ കേസിൽ മുംബൈ സി.ബി.ഐ. പ്രത്യേക കോടതിയിൽ ജഡ്ജി ആയി ഇരുന്ന്, ഈ പ്രതികൾക്ക് ശിക്ഷ വിധിച്ച റിട്ട. ജസ്റ്റിസ് യു.ഡി. സാൽവി, പ്രതികളെ വെറുതെ വിട്ട നടപടി തെറ്റും, തെറ്റായ ഒരു കീഴ്വഴക്കം സൃഷ്ടിക്കുന്നതും ആണെന്ന് പ്രതികരിച്ചു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ, ഈ ലേഖനം പരിശോധിക്കുന്നത് ഈ സംഭവത്തിന് പിന്നിൽ നടന്ന നിയമവിരുദ്ധമായ നടപടികളുടെ ദുരൂഹമായ നീണ്ട ശൃംഖലയാണ്. നിരവധി ഉത്തരമില്ലാത്ത ചോദ്യങ്ങളാണ് അവ ഉയർത്തുന്നത്.

ഒന്ന്- സി.ആർ.പി.സി. നിയമമനുസരിച്ച് സി.ബി.ഐ. അന്വേഷിച്ച ഏതു കേസിലും കുറ്റവാളികളെ വിട്ടയക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഉപദേശം തേടണം. ഇങ്ങനെ ഉപദേശം തേടിയോ, പ്രതികളെ വിട്ടയക്കാൻ കേന്ദ്ര സർക്കാർ അനുമതി നൽകിയോ എന്നൊന്നും ഇപ്പോഴും വ്യക്തമല്ല. കേന്ദ്ര സർക്കാർ പുറത്തിറക്കിയ ബലാത്സംഗങ്ങളിലെ പ്രതികളെ സംബന്ധിച്ച നയമനുസരിച്ച്, ഒരു ബലാത്സംഗ പ്രതിയെയും ശിക്ഷാ കാലാവധി തീരുന്നതിനു മുൻപ് വിട്ടയക്കാൻ പാടില്ല. ഈ നയത്തിനു വിരുദ്ധമായ ഒരു തീരുമാനം കേന്ദ്ര സർക്കാർ തന്നെ കൈക്കൊണ്ടോ എന്നതാണ് ഒന്നാമത്തെ ചോദ്യം.

രണ്ട്- 1992 ൽ അംഗീകരിച്ച ഗുജറാത്ത് സർക്കാരിന്റെ നയം അനുസരിസിച്ചാണ് ഇപ്പോൾ പ്രതികളെ ശിക്ഷ തീരും മുൻപ് വിട്ടയച്ചിരിക്കുന്നത്. ഈ നയം ബലാത്സംഗ കേസുകളിലെ പ്രതികളെ നേരത്തെ വിട്ടയക്കുന്നതു സംബന്ധിച്ച് ഒന്നും പറയുന്നില്ല. ആകെ പറയുന്നത്, 14 വർഷം ജയിലിൽ കിടക്കുകയും, നല്ല പെരുമാറ്റം കാഴ്ച വെക്കുകയും ചെയ്ത തടവുകാരെ നേരത്തെ വിട്ടയക്കുന്ന കാര്യം പരിഗണിക്കാം എന്നാണ്. 2014 ൽ ഗുജറാത്ത് സർക്കാർ ഈ നയം പുതുക്കി നിശ്ചയിച്ചു. അതിൽ വ്യക്തമായി പറയുന്നുണ്ട്, ബലാത്സംഗം നടത്തിയ കുറ്റവാളികളെ ശിക്ഷാ കാലാവധി ഇളവ് നൽകി വിട്ടയക്കാൻ പാടില്ല എന്ന്. എന്നാൽ പഴയതും, ഇപ്പോൾ നിയമപരമായി ഉപയോഗിക്കാൻ പറ്റാത്തതുമായ 1992 ലെ നയപ്രകാരമാണ് ഇപ്പോൾ ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളെ വിട്ടയച്ചിരിക്കുന്നത്. ഇത് എങ്ങനെ നിയമപരമായി നിലനിക്കും?

മൂന്ന്- കേസിലെ ഒരു പ്രതി തന്റെ ശിക്ഷ ഇളവ് ചെയ്തു വിട്ടയക്കണം എന്ന് ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ നൽകിയ ഒരു അപേക്ഷയാണല്ലോ എല്ലാ പ്രതികളെയും വെറുതെ വിടുന്നതിലേക്കു നയിച്ചത്. ഈ അപേക്ഷ പരിശോധിച്ചാലും അതിൽ കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങൾ കാണാം. ഈ അപേക്ഷയിൽ എവിടെയും താൻ ഗുജറാത്ത് വർഗ്ഗീയ കലാപക്കേസിലെ പ്രതി ആണെന്നോ, ബിൽക്കിസ് ബാനുവിനെ കൂട്ട ബലാത്സംഗം ചെയ്ത കേസിലെ പ്രതിയാണെന്നോ പറയുന്നില്ല. ഇത് വ്യക്തമായും കോടതിയെ തെറ്റിദ്ധരിപ്പിക്കൽ എന്ന വകുപ്പിൽ വരുന്നു. അപ്പോൾ കോടതിയെ തെറ്റിദ്ധരിപ്പിച്ചല്ലേ ഈ വിടുതൽ നേടിയത്?

നാല്- പ്രതികളെ വെറുതെ വിട്ടിട്ട് 10 ദിവസത്തിലധികമായി. അവരെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് ഇതുവരെ ബിൽക്കിസ് ബാനുവിന്റെ വക്കീലിനോ, മാധ്യമ പ്രവർത്തകർക്കോ, പൊതു പ്രവർത്തകർക്കോ ആർക്കും ലഭിച്ചിട്ടില്ല. പ്രതിഭാഗം വക്കീലും, പ്രതികളെ വെറുതെ വിടാൻ തീരുമാനിച്ച, ഗുജറാത്ത് സർക്കാർ നിയോഗിച്ച സമിതിയിലെ അംഗങ്ങളും പറയുന്നത് അവരുടെയൊന്നും കയ്യിൽ പ്രതികളെ വെറുതെ വിട്ട ഉത്തരവിന്റെ പകർപ്പില്ല എന്നാണ്. ഉത്തരവ് എവിടെ എന്ന് എല്ലാവരും ചോദിച്ചു കൊണ്ടിരിക്കുന്നു.


 

വിരമിച്ച സുപ്രീം കോടതി ജഡ്ജി മദൻ ലോകുർ എൻ.ഡി.ടി.വി. യ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്, ഈ പ്രതികൾക്ക് നൽകിയ രണ്ടു ജീവപര്യന്തങ്ങൾ പുനരധിവാസത്തിന് വേണ്ടിയല്ല, മറിച്ച് ഇത്തരക്കാരെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താനും, അവർ ചെയ്ത അതിക്രൂരമായ കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ എന്ന നിലയ്ക്കുമാണ്, എന്നാണ്. സമൂഹത്തിൽ പുനരധിവസിപ്പിക്കപ്പെടേണ്ട പ്രതികളായി അവരെ കണക്കാക്കാനേ ആവില്ല എന്നും. ഒരു മോഷണക്കുറ്റം നടത്തിയ പ്രതിയെ പുനരധിവസിപ്പിക്കുന്നതിനെ പറ്റി നമുക്ക് ചിന്തിക്കാം, പക്ഷെ ബിൽക്കിസ് ബാനു കേസിൽ നടന്ന അചിന്തനീയമായ, അത്രത്തോളം ക്രൂരമായ, കുറ്റകൃത്യങ്ങളിൽ പുനരധിവാസം എന്ന വാക്കിനേ നിയമസാധുതയില്ല എന്നും അദ്ദേഹം പറഞ്ഞു.

പ്രതികൾ ജയിൽ മോചിതരായപ്പോൾ

ഈ പ്രതികളെ ശിക്ഷിച്ചു കൊണ്ടുള്ള മുംബൈ സി.ബി.ഐ. സ്‌പെഷൽ കോടതിയുടെ 2008 ലെ ഉത്തരവിന്റെ ചില ഭാഗങ്ങൾ നോക്കാം

(അന്ന് ബിൽക്കിസ് ബാനുവിന് വെറും 19 വയസ്സേ ആയിട്ടുള്ളൂ). കൂട്ടബലാത്സംഗത്തിന് ഇരയായ ബിൽക്കിസ് ബാനുവിന്റെ 3 വയസ്സായ കുട്ടി സലേഹയെ ബിൽക്കിസിന്റെ കയ്യിൽ നിന്ന് പിടിച്ചു വാങ്ങി ശൈലേഷ് ഭട്ട് എന്ന പ്രതി പാറയിൽ അടിച്ചു കൊന്നു എന്നാണ് ഈ വിധിന്യായം പറയുന്നത്. ആ അഭിനവ കംസനും ഇപ്പോൾ വിട്ടയക്കപ്പെട്ടിരിക്കുന്നു. ഭഗവാൻ കൃഷ്ണന്റെ അട്ടിപ്പേർ അവകാശം പറയുന്നവർ തന്നെയാണ് അയാളെ വിട്ടയച്ചിരുന്നത് എന്നത് മറ്റൊരു വിരോധാഭാസം!

ഗുജറാത്തിലെ ഗോധ്രയിൽ ഉണ്ടായ വർഗീയ സംഘർഷത്തിൽ 59 കർസേവകർ കൊല്ലപ്പെട്ടതിന് പിന്നാലെ, വി.എച്ഛ്.പി. ആഹ്വാനം ചെയ്ത ഗുജറാത്ത് ബന്ദാണ് 2000 ത്തോളം മുസ്ലീങ്ങൾ കൊല്ലപ്പെട്ട വർഗ്ഗീയ കലാപമായി പരിണമിച്ചത്. ഈ കലാപത്തിനിടയിൽ അഹമ്മദാബാദിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള റാന്ധിക്പുർ ഗ്രാമത്തിലെ 60 മുസ്‌ലിം വീടുകൾക്ക് അതേ ഗ്രാമത്തിലുള്ള ഹിന്ദുക്കൾ തീവെച്ചു. ആദ്യം ഒരു ഗ്രാമ പ്രമുഖന്റെ വീട്ടിലും, പിന്നെ ഒരു സ്‌കൂളിലും, പിന്നീട് മറ്റൊരു ഗ്രാമത്തിലെ മുസ്‌ലിം പള്ളിയിലും ഇവർ അഭയം തേടി. ബിൽക്കിസിന്റെ പൂര്ണഗര്ഭിണിയായിരുന്ന കസിൻ ആയ ഷമീം ഇതിനിടയിൽ ഒരു വയറ്റാട്ടിയുടെ വീട്ടിൽ വെച്ച് ഒരു കുഞ്ഞിന് ജന്മം നൽകി. പ്രതികളെ ശിക്ഷിച്ച കോടതി ഉത്തരവിൽ ജഡ്ജി പറയുന്നുണ്ട്, ഇങ്ങനെ ഓടിപ്പോകുന്നതിനിടയിൽ നിരവധി ഹിന്ദു കുടുംബങ്ങൾ ഇവർക്ക് സഹായവും അഭയവും നൽകിയിട്ടുണ്ട്. എല്ലാ മനുഷ്യരും വർഗ്ഗീയ വാദികളല്ല എന്നതിന് തെളിവായി ജഡ്ജി ഇത് ചൂണ്ടിക്കാട്ടുന്നു.

പന്നിവെൽ എന്ന ഗ്രാമത്തിലേക്കുള്ള മൺപാതയിൽ വെച്ചാണ് ബിൽക്കിസും കുടുംബവും ആക്രമിക്കപ്പെടുന്നത്. വാളുകളും അരിവാളുകളുമായി 20 നും 30 നും ഇടയിൽ ആളുകൾ രണ്ടു വാഹനങ്ങളിലായി ഇവരെ വളഞ്ഞു. “അവർ മുസ്ലീങ്ങളാണ്, അവരെ കൊല്ലൂ” എന്ന് ആ സംഘം ആർത്തട്ടഹസിച്ചു. ആ സംഘത്തിൽ ബിൽക്കിസിന്റെ പിതാവിനെ ചികിത്സിച്ചിരുന്ന അയൽക്കാരനായ ഡോക്ടറുടെ മകനും, ഗ്രാമത്തിൽ വളക്കച്ചവടം നടത്തിയിരുന്നയാളും, ഹോട്ടൽ നടത്തിയിരുന്നയാളും, അവരുടെ സ്വന്തം പഞ്ചായത്ത് അംഗത്തിന്റെ ഭർത്താവും ഉണ്ടായിരുന്നു. നിങ്ങളൊക്കെ എനിക്ക് ചെറുപ്പം മുതൽ അറിയാവുന്നവരും, എന്റെ ഉപ്പയെയും, അമ്മാമനെയും പോലെ ഉള്ളവരും അല്ലെ, ഞാൻ ഗർഭിണിയാണ് എന്നെ ഉപദ്രവിക്കരുതേ, എന്നെല്ലാം ബിൽക്കിസ് ബാനു അവരോടു യാചിച്ചു. പക്ഷെ അതൊന്നും ചെവിക്കൊള്ളാതെ അവർ മൂന്ന് പേര് ചേർന്ന് അവളെ ബലം പ്രയോഗിച്ചു തൊട്ടടുത്ത മരത്തിന്റെ അടുത്തേക്ക് കൊണ്ടുപോയി ഊഴമിട്ടു മറ്റുള്ളവരും ചേർന്ന് ബലാത്സംഗം ചെയ്തു. ഈ ക്രൂരമായ അക്രമത്തിനിടയിൽ ബോധരഹിതയായ ബിൽക്കിസ് ബാനുവിന് ബോധം വരുമ്പോൾ അവർ പൂർണ്ണ നഗ്നയായിരുന്നു. അവളുടെ കുടുംബത്തിലെ 14 പേർ കൊല്ലപ്പെട്ടു അവരുടെ മൃതദേഹങ്ങൾ അവിടെ ചിതറി കിടക്കുന്നത് അവൾ കണ്ടു. തലേദിവസം പ്രസവിച്ച ഷമീമിന്റെയും, അവളുടെ പിഞ്ചുകുഞ്ഞിന്റെയും ഉൾപ്പെടെ. അവിടെ കിടന്ന തന്റെ പെറ്റിക്കോട്ട് മാത്രമേ അവൾക്കു ധരിക്കാൻ കിട്ടിയുള്ളൂ. അതും ധരിച്ചു തൊട്ടടുത്ത് കണ്ട കുന്നിന്റെ മുകളിലേക്ക് ഓടിക്കയറി ബിൽക്കിസ് അവിടെ രാത്രി കഴിച്ചു കൂട്ടി. പിറ്റേന്ന് രാവിലെ പേടിയോടെ താഴെ ഇറങ്ങി വന്നപ്പോൾ കണ്ട ഒരു ആദിവാസി സ്ത്രീ അവൾക്കു ധരിക്കാൻ വസ്ത്രങ്ങൾ നൽകി. അധികം വൈകാതെ പോലീസ് ആ വഴി വരികയും ബിൽക്കിസിനെ അവർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും ചെയ്തു. തന്റെ കുടുംബങ്ങളായ 8 സ്ത്രീകളുടെ കൂട്ട ബലാത്സംഗത്തിനും 14 പേരുടെ കൊലയ്ക്കും പ്രധാന സാക്ഷി ബിൽക്കിസ് ആയിരുന്നു. 19 വയസ്സുള്ള ആ പെൺകുട്ടി ആ ചെറിയ പ്രായത്തിൽ എന്തൊക്കെ അനുഭവിച്ചു എന്ന് മനസ്സിലാക്കാൻ ഈ വസ്തുത മാത്രം മതിയാകും.

അവൾ എത്തിച്ചേർന്ന ലിംഖേഡാ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ. പോലും രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച ഹെഡ് കോൺസ്റ്റബിൾ സോംഭായ് ഗോരി അവളെ ഒരു അഭയാർത്ഥി ക്യാമ്പിലേക്ക് അയക്കുക മാത്രമാണ് ചെയ്തത്. അവിടെ അവളുടെ ഭർത്താവു യാക്കൂബ് റസൂലിനെ അവൾ കണ്ടെത്തി. അയാൾ ഭാര്യയെയും മറ്റു കുടുംബാംഗങ്ങളെയും തിരഞ്ഞു അഭയാർത്ഥി ക്യാമ്പുകൾ കയറി ഇറങ്ങുകയായിരുന്നു.

സംഭവം നടന്നു 2 ദിവസം കഴിഞ്ഞപ്പോഴാണ് ചില പ്രാദേശിക ഫോട്ടോഗ്രാഫർമാർ ബിൽക്കിസിന്റെ ബന്ധുക്കളുടെ 8 മൃതദേഹങ്ങൾ കണ്ടതും ഫോട്ടോ എടുത്തതും. അതോടെ നടപടി എടുക്കാൻ അധികൃതർ നിര്ബന്ധിതരായി. സംഭവം നടന്നു 4 ദിവസം കഴിഞ്ഞാണ് ബിൽക്കിസ് ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് തെളിയിക്കാൻ ആവശ്യമായ വൈദ്യ പരിശോധന നടക്കുന്നത്. മൃതദേഹങ്ങളുടെ പോസ്റ്റ് മോർട്ടം നടത്തിയ രണ്ടു ഡോക്ടർമാർ നിയമം അനുശാസിക്കുന്ന വിധത്തിൽ രക്തസാമ്പിളോ, സ്രവങ്ങളുടെ സാമ്പിളോ ശേഖരിച്ചില്ല. കുറെ മൃതദേഹങ്ങൾ അടയാളമൊന്നും വെക്കാതെ സംഭവം നടന്നതിന് ഒരു കിലോമീറ്റർ അകലെ കെഷാർപുർ എന്ന വനപ്രദേശത്ത് ഒരു കുഴിയിൽ ഒരുമിച്ചു കുഴിച്ചിട്ടതായാണ് കണ്ടെത്തിയത്. പ്രതികൾ തന്നെ പോലീസിന്റെ നിർദ്ദേശപ്രകാരമാണ് ഇത് ചെയ്തത് എന്ന് പിന്നീട് വിചാരണാ വേളയിൽ തെളിഞ്ഞു. ഇങ്ങനെ തെളിവ് നശിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളെയും നേരിട്ട് കൊണ്ട് വർഷങ്ങൾ നീണ്ട ഒരു നിയമ പോരാട്ടമാണ് ബിൽക്കിസ് ബാനു എന്ന ജീവിച്ച ഏക അതിജിവിത . മുഖ്യ സാക്ഷി നടത്തിയത്. കൂട്ടക്കൊലയിൽ നിന്ന് രക്ഷപ്പെട്ട മറ്റു രണ്ടുപേരും കുട്ടികളായിരുന്നു.

2004 ഇൽ ബിൽക്കിസ് ബാനുവിന്റെ പരാതിയിന്മേൽ സുപ്രീം കോടതി ഈ കേസ് സി.ബി.ഐ. യോട് ഏറ്റെടുക്കാൻ ആവശ്യപ്പെടും വരെ കേസ് എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങി. കേസിന്റെ വിചാരണ ഗുജറാത്തിൽ നടന്നാൽ ന്യായം നടപ്പാവില്ല എന്നതിനാൽ സുപ്രീം കോടതി വിചാരണ മുംബൈയിലേക്ക്‌ മാറ്റുകയും ചെയ്തു. 2004 കേസ് ഏറ്റെടുത്ത ശേഷം സി.ബി.ഐ. മൃതദേഹങ്ങൾ വീണ്ടും കുഴിച്ചെടുത്തു പരിശോധിച്ചപ്പോൾ പല മൃതദേഹങ്ങളിലും തല ഇല്ലായിരുന്നു. തെളിവ് നശിപ്പിക്കാനുള്ള മറ്റൊരു ശ്രമം! പോസ്റ്റ് മോർട്ടം നടത്തി കുഴിച്ചിട്ട മൃതദേഹങ്ങളാണ് ഇതെന്ന് ഓർക്കണം. മൃതദേഹങ്ങൾ കുഴിച്ചിടാൻ സഹായിച്ച പണിക്കാരൻ പ്രോസിക്യൂഷന്റെ സാക്ഷിയായി എത്തിയപ്പോൾ കുഴിച്ചിടുന്ന നേരത്തു 2 ഡോക്ടർമാർ കൂടി അവിടെ ഉണ്ടായിരുന്നു എന്ന് അയാൾ വെളിപ്പെടുത്തി. പെട്ടെന്ന് അഴുകി പോകാനായി മൃതദേഹങ്ങൾക്കു മുകളിൽ ഉപ്പ് വിതറിയിരുന്നു.

2004 മുതൽ 2008 വരെ തുടർച്ചയായ വിസ്താരവും, എതിർ വിസ്താരവും ഒക്കെയായി നാല് കഠിനവർഷങ്ങൾ ബിൽക്കിസ് ബാനു ജീവിച്ചു തീർത്തു. ഇതിനെല്ലാം ഒടുവിൽ ആയിരുന്നു, ഇന്ത്യയിൽ നീതി പൂർണ്ണമായും അസ്തമിച്ചിട്ടില്ല എന്ന് തെളിയിച്ച ആ ശക്തമായ കോടതി വിധി വന്നത്. ഒരു പക്ഷെ ഇന്ത്യയിലെ ബലാത്സംഗ ഇരയായ ഒരു സ്ത്രീയും കടന്നുപോയിട്ടില്ലാത്ത അഗ്നി പരീക്ഷകളിലൂടെ കടന്നുപോയ ബിൽക്കിസ് ബാനു ഒരു പക്ഷെ സമാധാനത്തിന്റെ ഒരു കണികയെങ്കിലും അനുഭവിച്ചത്‌ അന്നാവണം . 15 വര്ഷം കാത്തിരുന്ന് കിട്ടിയ നീതി! ആ സംഭവം നടക്കുമ്പോൾ ബിൽക്കിസിന്റെ കൂടെയുണ്ടായിരുന്ന കുടുംബങ്ങളുടെ പേരുകൾ കോടതി വിധിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു-ബിൽക്കിസുമായുള്ള അവരുടെ ബന്ധത്തിന്റെ അടിസ്ഥാനത്തിൽ.

(1) her daughter Saleha;
(2) her mother – Halimaben;
(3) & (4) her sisters – Mumtaz and Munni;
(5) & (6) her brothers – Aslam and Irfan;
(7) & (8) her uncles -Majidbhai & Yusuf Musa Patel;
(9) & (10) her aunts- Sugraben and Amina;
(11), (12) (13) her cousins – Shamimben, Mumtazben and Madinaben; (14) Hussain – son of her cousin Shamimben;
(15) Saddam – son of her aunt Amina; and
(16) a newborn female child of Shamim.

ഇതിൽ 7 പേരെ കൊന്നതിനു മാത്രമാണ് തെളിവ് കണ്ടെത്താനും, ശിക്ഷിക്കാനും കോടതിക്ക് കഴിഞ്ഞത്. ഉത്തരവിൽ ഇങ്ങനെ പറയുന്നു-

According to the prosecutrix, Saleha-her daughter, Halimaben, Mumtaz and Munni-her sisters, Aslam and Irfan-her brothers, Majidbhai and Yusuf Musa Patel-her uncles, Sugraben and Aminaben-her aunts, Shamimben, Mumtazben, Madinaben-her cousins, Hussain -son of Shamimben, Saddam- son of Aminaben, were accompanying her at the material time; and she did not see them, except Saddam and Hussain, again after the incident.

ജയിൽ മോചിതരായ പ്രതികൾക്ക് സ്വീകരണമൊരുക്കിയപ്പോൾ

അതായത് സംഭവം നടന്ന ശേഷം മേൽപ്പറഞ്ഞ 16 പേരിൽ ഹുസ്സൈൻ, സദ്ദാം എന്നിവരെ മാത്രമാണ് പിന്നീട് ബിൽക്കിസ് കണ്ടിട്ടുള്ളത് എന്ന് അവർ കോടതിയിൽ മൊഴി നൽകി. എന്നുവെച്ചാൽ 14 പേര് കൊല്ലപ്പെട്ടു. അതേസമയം യൂസുഫ്, മുംതാസ് മൂസ, മദിനാ ഗാഞ്ചി, മജീദ് പട്ടേൽ, മുംതാസ് ഗാഞ്ചി, തലേന്ന് ഷമീം പ്രസവിച്ച കുട്ടി എന്നിവരുടെ മൃതദേഹങ്ങൾ കണ്ടുകിട്ടിയില്ല.

കേസിൽ ബിൽക്കിസ് ബാനുവിനു വേണ്ടി സാക്ഷി പറഞ്ഞവർ, കേസ് അന്വേഷിച്ച സി.ബി.ഐ. ഉദ്യോഗസ്ഥർ, കേസിൽ ബിൽക്കിസിനു വേണ്ടി ഹാജരായ പ്രോസിക്യൂഷൻ വക്കീലുമാർ എന്നിവരിൽ വലിയൊരു പങ്ക് ഹിന്ദുക്കൾ ആയിരുന്നു. സി.ബി.ഐ. സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർമാരായ ആർ.കെ. ഷായും, നയനാ ബി. ഭട്ടും ഉൾപ്പെടെ. ഇന്ത്യ എന്ന മതേതര രാജ്യത്തിന്റെ സാമൂഹ്യ ഘടന ഇന്നും, ഈ തിരിച്ചടികൾക്കെല്ലാം അപ്പുറത്തും, മതേതരം തന്നയായി തുടരുന്നു എന്ന് തെളിയിക്കുന്നു, ഈ വസ്തുത. അത് അങ്ങനെയല്ല എന്ന് സ്ഥാപിക്കാൻ ഗൂഢാലോചനകൾ പരക്കെ നടക്കുന്നുണ്ടെങ്കിലും.

ബിൽക്കിസ് ബാനു കേസിലെ 11 പ്രതികളെ ഇരട്ട ജീവപര്യന്തത്തിനു ശിക്ഷിച്ചു കൊണ്ട് 2008 ഇൽ വന്ന മുംബൈ സി.ബി.ഐ. സ്‌പെഷൽ കോടതി വിധിയുടെ പൂർണ്ണരൂപം വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Bilkisbano Trial Court Jugement

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.