A Unique Multilingual Media Platform

The AIDEM

Articles Politics Society

ഹനുമാൻ ചാലിസ ഹിന്ദുത്വ ആയുധമാവുമ്പോൾ “കവി തുളസീദാസിൻ്റെ സന്ദേശം മറ്റൊന്ന്”- വാരണാസിയിലെ പൂജാരി

  • May 12, 2022
  • 1 min read
ഹനുമാൻ ചാലിസ ഹിന്ദുത്വ ആയുധമാവുമ്പോൾ “കവി തുളസീദാസിൻ്റെ സന്ദേശം മറ്റൊന്ന്”- വാരണാസിയിലെ പൂജാരി

മഹാരാഷ്ട്രയിൽ ഹനുമാൻ ചാലിസ എന്ന ഹനുമാൻ ഭജൻ ഒരു രാഷ്ട്രീയ ആയുധമായി മാറുകയാണ്. മുസ്‌ലിം പള്ളികളിൽ നിന്ന് മൈക്ക് വെച്ച് ബാങ്ക് വിളിക്കുന്നതിനെതിരെ പള്ളികൾക്കു മുന്നിൽ മൈക്കിലൂടെ ഹനുമാൻ ചാലിസ പാടുകയാണ് തീവ്ര ഹിന്ദുത്വ വാദികൾ. അതെ സമയം ഹനുമാൻ ചാലിസ എഴുതിയ ആത്മീയ കവി തുളസീദാസിന്റെ നാട്ടിൽ, വാരണാസിയിൽ, കവി സ്ഥാപിച്ച സങ്കട് മോചൻ ഹനുമാൻ ക്ഷേത്രത്തിലെ പൂജാരിയായ ഹിന്ദു പുരോഹിതൻ ഓർമ്മിപ്പിക്കുന്നത്, ഹനുമാൻ ചാലിസയുടെ ഉപജ്ഞാതാവായ തുളസീദാസന്റെ സർവ ധർമ സമഭാവനയെക്കുറിച്ചാണ്. ഇന്ത്യയുടേയും വാരാണസിയുടെയും ബഹുസ്വര സംസ്കാരത്തെക്കുറിച്ചാണ്. കവി തുളസിദാസ്‌, രാമചരിതമാനസ് എന്ന പ്രശസ്ത കൃതി ഇരുന്നെഴുതിയ ക്ഷേത്രമാണ് സങ്കട് മോചൻ ക്ഷേത്രം. പുരോഹിതനും മുഖ്യപൂജാരിയുമായ വിശ്വംഭർ നാഥ് മിശ്ര ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ ഇലക്ട്രോണിക് എൻജിനീയറിങ് പ്രൊഫസർ കൂടിയാണ്. ഫ്രണ്ട് ലൈൻ സീനിയർ അസോസിയേറ്റ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനും, ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ ചിത്രകലാ വിഭാഗത്തെ അധ്യാപകനായ സുരേഷ് കെ. നായരും ചേർന്ന് വിശ്വംഭർ നാഥ് മിശ്രയുമായി നടത്തിയ സംഭാഷണം.

വെങ്കിടേഷ് രാമകൃഷ്ണൻ- താങ്കൾ വളരെ സവിശേഷതകൾ ഉള്ള ഒരാൾ ആണ്. വാരണസിയുടെ ബഹുസ്വര സംസ്കാരത്തിന്റെ ഭാഗമാണ് താങ്കൾ. താങ്കളുടെ അച്ഛനും, ഇപ്പോൾ താങ്കളും സങ്കട് മോചന ക്ഷേത്രത്തിലെ പൂജാരികളാണ്. എന്നാൽ താങ്കൾ ഒരു ശാസ്ത്രജ്ഞനുമാണ്. ചിലരെങ്കിലും ഇതിനെ ഒരു വൈരുദ്ധ്യമായി കണ്ടേക്കാം

ഈ ക്ഷേത്രം മഹാനായ ഒരു സന്യാസി സ്ഥാപിച്ചതാണ്. സംത് ഗോസ്വാമി തുളസീദാസ്. ഇതിന് 500 വര്ഷം പഴക്കമുണ്ട്. ഈ ക്ഷേത്രത്തിനുതന്നെ ഒരു അക്കാദമിക പാരമ്പര്യമുണ്ട്. തുളസീദാസ് ഇവിടെ ഇരുന്നാണ് രാമചരിത മാനസവും, അദ്ദേഹത്തിന്റെ മറ്റു കൃതികളും രചിച്ചത്. ഹനുമാൻ ചാലിസയും ഇവിടെ ഇരുന്നാണ് അദ്ദേഹം രചിച്ചത്. എന്റെ കുടുംബമാവട്ടെ സംസ്കൃത പണ്ഡിതരും, ഒപ്പം ഗുസ്തിക്കാരുമായിരുന്നു. ഈ സ്ഥാപനത്തിന്റെ പേര് തന്നെ അഖാഡ സംത് ഗോസ്വാമി തുളസീദാസ് എന്നാണ്. അഖാഡ എന്നാൽ ഗുസ്തിക്കാരുടെ പരിശീലനസ്ഥലമാണ്. അഖാഡകൾ മനുഷ്യർക്ക് ആരോഗ്യം വളർത്താനുള്ള സ്ഥലമാണ് എന്നാണ് തുളസീദാസിന്റെ സങ്കല്പം. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം. ആ ആരോഗ്യം ഉപയോഗിച്ച് പാവപ്പെട്ടവരെയും, സമൂഹത്തിലെ പതിതരെയും സഹായിക്കാൻ. തുളസീദാസിന്റെ കാലത്തും ഇന്നത്തെ പോലെ ഒരു പകർച്ച വ്യാധി വന്നിരുന്നു. അന്ന് അദ്ദേഹം ഈ അഖാഡ ഉപയോഗിച്ചത് രോഗം വന്നവർക്കു അഭയം നൽകാനും അവരെ സഹായിക്കാനുമാണ്. എന്റെ മുത്തശ്ശൻ പ്രശസ്തനായ ഒരു സംഗീതകാരനായിരുന്നു. മൃദംഗം വാദകനായിരുന്നു. അദ്ദേഹം മഹാനായ അലാവുദ്ദീൻ ഖാന്റെ പാട്ടിന് മൃദംഗം വായിച്ചിട്ടുണ്ട്. പണ്ഡിറ്റ് രവിശങ്കർ, പണ്ഡിറ്റ് കിഷൻ മഹാരാജ് എന്നിവരോടൊക്കെ അദ്ദേഹത്തിന് വലിയ അടുപ്പമായിരുന്നു. ഞാൻ പഖാജ് (ഒരു തരം മൃദംഗം) വായിക്കാൻ പഠിച്ചത് മുത്തശ്ശനിൽ നിന്നാണ്. പക്ഷെ എന്റെ അച്ഛൻ മറ്റൊരു മേഖല തെരഞ്ഞെടുത്തു. ടെക്നോളജി. അച്ഛൻ സിവിൽ എൻജിനീയറിങ് പ്രൊഫസറായിരുന്നു. ഞാൻ ഇലക്ട്രോണിക്സ് എൻജിനീയറിങ് ആണ് പഠിച്ചത്. ഈ ക്ഷേത്രത്തിലെ മഹന്തുകൾ അക്കാദമിക രംഗത്ത് അറിവ് നേടുന്നതുകൊണ്ടു തന്നെ, ആധുനിക സമൂഹവുമായി നന്നായി സംവദിക്കാൻ ഞങ്ങൾക്ക് സാധിക്കുന്നു. എന്റെ അച്ഛൻ പറയാറുണ്ട്, “നിങ്ങൾ ഇവിടത്തെ ഗംഗാ നദിയെ നോക്കൂ. പടിഞ്ഞാറേ തീരത്ത് മതവും ആത്മീയതയും, കിഴക്കേ തീരത്ത് ടെക്നോളജി. അവ സമാന്തരമായി പോകുന്നു. അവയെ കൂട്ടികലർത്താൻ പറ്റില്ല. പക്ഷെ ശാസ്ത്രം നിങ്ങൾക്ക് യുക്തിസഹമായി ചിന്തിക്കാൻ കഴിവ് നൽകുന്നു. നിങ്ങളുടെ മതത്തെയും, ആത്മീയതയെയും വിശകലനം ചെയ്ത് കൂടുതൽ മനസ്സിലാക്കാൻ സഹായിക്കുന്നു. എനിക്ക് നിങ്ങളുമായും, സമൂഹവുമായും ഇങ്ങനെ സംവദിക്കാൻ പറ്റുന്നതിൽ സംതൃപ്തിയുണ്ട്. ഈ നാട് പണ്ഡിറ്റുകളുടെ, അതായത് അറിവ് നേടിയവരുടെ നാടാണ്. അക്കാദമിക് ആയും, സംഗീതത്തിലും, സാഹിത്യത്തിലും എല്ലാം. ആകാശമാണ് നമ്മുടെ പരിധി. നമുക്ക് എല്ലാം പഠിക്കുകയും, അന്വേഷിക്കുകയും ചെയ്യാനാവും.

വെങ്കിടേഷ് രാമകൃഷ്ണൻ- ഇപ്പോൾ ഈ പുതിയ കാശി കോറിഡോർ വന്നുവല്ലോ. അതിനെ താങ്കൾ എങ്ങനെയാണ് കാണുന്നത്? ഈ പുതിയ നിർമ്മിതിയും കാശിയുടെ നേരത്തെ പറഞ്ഞ സംസ്കാരവുമായി എങ്ങനെയാണ് ചേരുന്നത്?

ആ സംഭവം വളരെ നിർഭാഗ്യകരമായിപ്പോയി. കാശിയുടെ ഹൃദയം എന്ന് വിളിക്കപ്പെടുന്ന ഇടത്താണ് അത് പണിതത്. നമ്മൾ ഇപ്പോൾ ഇരിക്കുന്ന തുളസീ ഘാട്ട് എന്ന ഗംഗയുടെ കടവായിരുന്നു കാശിയുടെ നാഗരിക വികസനത്തിന്റെ അതിർ രേഖ. അതിനപ്പുറം ഇടതൂർന്ന കാടായിരുന്നു. സങ്കടമോചൻ ക്ഷേത്രം സ്ഥിതി ചെയ്തിരുന്നത് കാടിന്റെ നടുക്കായിരുന്നു. അവിടെയാണ് ഗോസ്വാമി തുളസീദാസിന് ആദ്യമായി ഹനുമാന്റെ ദർശനം സിദ്ധിച്ചത്. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ ശ്രീകോവിലിനു ചുറ്റും താമസിച്ചിരുന്നവർ കാശിയുടെ ആധ്യാത്മിക അന്തരീക്ഷത്തിന്റെ ഭാഗമായിരുന്നു. കാശി വിശ്വനാഥന് അറിയാമായിരിക്കുമല്ലോ, തന്റെ അയൽക്കാർ ആരൊക്കെയാകണം എന്ന്. അങ്ങനെ ആയിരിക്കുമല്ലോ അവരെ അവിടെ കുടിയിരുത്തിയതു തന്നെ. നിങ്ങളോടോ, നിങ്ങളുടെ അയൽക്കാരോടോ ഒരു സുപ്രഭാതത്തിൽ താമസിക്കുന്ന സ്ഥലത്തുനിന്ന് കുടിയൊഴിഞ്ഞു പോകാൻ പറഞ്ഞാൽ നിങ്ങൾക്ക് ആ സംവിധാനത്തോട് ന്യായമായും താൽപ്പര്യം ഉണ്ടാവില്ലല്ലോ. അവരെയെല്ലാം കുടിയൊഴിപ്പിച്ചു. 15 തലമുറകളായി അവിടെ നിലനിന്ന മുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ചു മാറ്റി. ഇതിലൊന്നും ബനാറസ്സിന്റെ അഭിപ്രായം തേടിയില്ല. നിങ്ങൾ ഇങ്ങനെ ഒരു കോറിഡോർ ഉണ്ടാക്കാൻ തീരുമാനിക്കുമ്പോൾ, അതിന്റെ പദ്ധതി രേഖ ബനാറസിലെ ജനങ്ങൾക്ക് മുന്നിൽ വെക്കണമായിരുന്നു. അവരുടെ അഭിപ്രായം തേടണമായിരുന്നു. അതൊന്നും ചെയ്തില്ല. ഗുജറാത്തിൽ നിന്നുള്ള ഒരാൾ വന്ന് ആരുടെയോ താല്പര്യപ്രകാരം അത് നടപ്പാക്കി. ഇതൊരു ജീവിക്കുന്ന പാരമ്പര്യമാണ്. വെനീസിൽ അവർക്കു അവരുടെ പുരാതന കെട്ടിടങ്ങളും മറ്റുമുണ്ട്. പക്ഷെ അവിടെ ആരും താമസിക്കുന്നില്ല. പക്ഷെ നമ്മുടേത് ലിവിങ് ഹെറിറ്റേജ് (living heritage) ആണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിളിച്ച യോഗത്തിൽ പോയി ഞാൻ പറഞ്ഞു, ഇതൊരു ദിവ്യമായ സ്ഥലമാണ്. അടിസ്ഥാന സൗകര്യം വികസിപ്പിക്കുമ്പോൾ, പറ്റാവുന്ന സ്ഥലങ്ങളിൽ നമുക്ക് വഴികൾക്കു വീതി കൂട്ടാം.

വെങ്കിടേഷ് രാമകൃഷ്ണൻ- പ്രധാനമന്ത്രിയുടെ കാശി റ്റു ക്യോട്ടോ (Kashi to Kyoto) പദ്ധതി ഉണ്ടല്ലോ..

വിശ്വംഭർ നാഥ് മിശ്ര- കാശിയെ ക്യോട്ടോയുമായി താരതമ്യം ചെയ്യുന്നതേ ശരിയല്ല. പടിഞ്ഞാറൻ ചരിത്രകാരന്മാർ പോലും പറയുന്നത് കാശി ചരിത്രാതീത കാലം മുതൽ നിലനിൽക്കുന്നുണ്ട് എന്നാണ്. ഈ സംസ്കാരം എത്ര പഴക്കമുള്ളതാണ് എന്ന് ആർക്കും നിർവചിക്കാൻ പോലും പറ്റില്ല. ശിവൻ ഇവിടെ വന്നു താമസിക്കാൻ തീരുമാനിച്ചപ്പോൾ ഉണ്ടായ സംസ്കാരമാണ് ഇത്. അതിപുരാതനമാണ് ഈ നഗരം. അതിൽ സംസ്കാരത്തിന്റെ പല അടരുകളുണ്ട്. അത്തരമൊരു സംസ്കാരം തന്നത്താൻ പരിണമിച്ചു വന്നതാണ്. അതിനെ ബലം പ്രയോഗിച്ചു മാറ്റുകയാണ് ഇപ്പോൾ ചെയ്യുന്നത്.

നിങ്ങൾ ഒരു പ്രത്യേക സ്ഥലം ഏറ്റെടുക്കുന്നു. അവിടെയുള്ള എല്ലാ പഴയ കെട്ടിടങ്ങളും പൊളിച്ചു മാറ്റുന്നു. എന്നിട്ടു നിങ്ങൾ ഒരു പുതിയ നിർമ്മിതി അവിടെ ഉണ്ടാക്കുന്നു. പക്ഷെ, അത് അവിടെ നിലനിൽക്കുന്ന സംസ്കാരവുമായി ഇഴ ചേരുകയില്ല. ബനാറസ്സിന്റെ പാരമ്പര്യം നശിപ്പിക്കപ്പെടുകയാണ്. ബനാറസ് അതിന്റെ സ്വന്തം ശക്തിയിൽ തന്നെ അതിജീവിക്കും എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഈ നഗരം, ബുദ്ധന്റെ കാലം കണ്ടിട്ടുണ്ട്, മുഗൾ ഭരണകാലം കണ്ടിട്ടുണ്ട്, ബ്രിട്ടീഷ് ഭരണകാലം കണ്ടിട്ടുണ്ട്, നമ്മുടെ ഈ കാലവും കാണുന്നുണ്ട്. ബനാറസ് മാറുകയില്ല. കാരണം ബനാറസ് എന്തിന്റെ പേരിലാണോ അറിയപ്പെടുന്നത്, അത് കണ്ണിനു മുന്നിൽ കാണുന്ന കാര്യങ്ങളല്ല. ബനാറസ്സിന്റെ ജ്ഞാന പാരമ്പര്യം, ഇവിടെ അലയടിക്കുന്ന ആത്മീയ തരംഗങ്ങൾ, ഇതൊന്നും ആർക്കും മാറ്റാനാവുകയില്ല. മാറുന്ന ജനങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ചു കാലമാണ് നമ്മളെ മാറ്റേണ്ടത്. ബലം പ്രയോഗിച്ചുള്ള മാറ്റങ്ങൾ നന്നാവുകയില്ല. നിങ്ങൾക്ക് അധികാരം ഉണ്ടെന്നു വെച്ച് നിങ്ങൾ ഒരു ബുൾഡോസർ കൊണ്ട് വന്നു ബനാറസ് മുഴുവൻ ഇടിച്ചു നിരത്തി ഒരു പുതിയ ബനാറസ് പണിയാം എന്ന് വിചാരിക്കരുത്. ഒരു കാര്യം ഓർക്കണം, വലിയ അടിസ്ഥാന സൗകര്യങ്ങളുടെ പേരിലല്ല ബനാറസ് അറിയപ്പെടുന്നത്. ഇത് ഗുഡ്ഗാവ് അല്ല. ഗുഡ്ഗാവ് തന്നെ 100 വർഷം മുൻപ് വിശാലമായ പാടങ്ങളായിരുന്നു. പക്ഷെ 1000-2000 വർഷങ്ങൾക്കു മുൻപ് പോലും ബനാറസ് ഒരു കൃത്യമായി വളർച്ച പ്രാപിച്ച നഗരമായിരുന്നു. ബ്രിട്ടീഷുകാർ ഇവിടെ നിർമ്മിച്ച മാലിന്യ നിർമ്മാർജ്ജന ചാലുകൾക്കു തന്നെ 100 വർഷത്തിലധികം പഴക്കമുണ്ട്.

സുരേഷ് കെ. നായർ-ഇവിടെ എല്ലാ വർഷവും താങ്കളുടെ നേതൃത്വത്തിൽ ധ്രുപദ് സംഗീതമേള നടക്കുന്നുണ്ടല്ലോ. സംഗീത മേളയിൽ എല്ലാ ജാതിമതസ്ഥരും പങ്കെടുക്കുമെന്ന് കേട്ടിട്ടുണ്ട്. മുസ്‌ലിം സംഗീതകാരന്മാരും ഇതിൽ പങ്കെടുക്കുന്നു. അതൊരു വലിയ കാര്യമാണ്.

എന്റെ മുത്തശ്ശൻ മൃദംഗ കലാകാരനായിരുന്നുവല്ലോ. പണ്ഡിറ്റ് രവിശങ്കറിന്റെ ഗുരുവായ, ഐതിഹാസിക സംഗീതകാരനായ ബാബ അലാവുദ്ദീൻ ഖാന്റെ കൂടെ വായിച്ചയാൾ. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ സംഗീത വിഭാഗം മേധാവിയായിരുന്ന പ്രൊഫസർ ലാൽ മണി മിശ്ര മുത്തശ്ശന്റെ അടുത്ത സുഹൃത്തായിരുന്നു. അവർ ഒരുമിച്ച് അലഹബാദിലും മറ്റും സംഗീതപരിപാടികൾക്ക് പോകാറുണ്ടായിരുന്നു. ഒരു ദിവസം മുത്തശ്ശൻ ചോദിച്ചു, “ഈ പരമ്പരാഗത സംഗീതമൊക്കെ അന്യം നിന്ന് പോകാതിരിക്കാൻ നമ്മൾ എന്താണ് ചെയ്യുക? നമുക്കൊരു സംഗീതമേള തുടങ്ങിയാലോ?” എന്ന്. ഈ മേളയിൽ പരമ്പരാഗത സംഗീതം മാത്രമേ അവതരിപ്പിക്കൂ എന്നും അന്ന് തീരുമാനിച്ചു. 1975 ൽ ആണ് മേള തുടങ്ങിയത്. അന്നൊക്കെ പരമ്പരാഗത സംഗീതത്തിൽ വളരെ കുറച്ചു ആളുകളെ ഉണ്ടായിരുന്നുള്ളൂ. പ്രത്യേകിച്ചും വിചിത്രവീണ, രുദ്ര വീണ, സരോദ് തുടങ്ങിയ ഉപകരണങ്ങൾ വായിക്കുന്നവർ വളരെ കുറവായിരുന്നു. അവരെയൊക്കെ ക്ഷണിച്ചു വരുത്തി ഇവിടെ കച്ചേരി നടത്തിച്ചു കൊണ്ടാണ് ഈ ധ്രുപദ് സംഗീതോത്സവം തുടങ്ങിയത്. കുറച്ചു കഴിഞ്ഞപ്പോൾ മേളക്ക് സാമ്പത്തിക പ്രതിസന്ധി വന്നപ്പോൾ ബനാറസിലെ മഹാരാജ ഞങ്ങളെ പിന്തുണക്കാനായി മുന്നോട്ടു വന്നു. അന്നുതൊട്ട് അദ്ദേഹം ഞങ്ങളുടെ പേട്രൺ ആണ്.

സുരേഷ് കെ. നായർ-തിരുവിതാംകൂർ കൊട്ടാരവും ഈ സംഗീത മേളക്ക് പിന്തുണ നൽകുന്നുണ്ട് എന്ന് കേട്ടിട്ടുണ്ട്

തിരുവിതാംകൂർ മഹാറാണി ബനാറസ് രാജാവിന്റെ ബന്ധുവാണ്. അവർ പല തവണ ഈ മേള കേൾക്കാൻ ഇവിടെ വന്നിട്ടുണ്ട്. അതുകൊണ്ട് സ്വാതിതിരുനാളിന്റെ പേരിൽ ഒരു പുരസ്‌കാരം ഇവിടെ പാടുന്നവർക്കായി അവർ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് വന്നപ്പോൾ അത് നിർത്തി വെച്ചിരുന്നു. ഈ വർഷവും മേള ഓഫ്‌ലൈൻ ആയി നടത്താനോ അതോ ഓൺലൈൻ ആക്കണോ എന്ന് ഞങ്ങൾ സംശയിച്ചിരുന്നു. പക്ഷെ ബനാറസ് മഹാരാജാവ് പറഞ്ഞു, നമുക്ക് ഓഫ്‌ലൈൻ ആയിത്തന്നെ നടത്താം എന്ന്. അങ്ങനെയാണ് ഇതാ ഇപ്പോൾ മേള നടക്കുന്നത്. 4 ദിവസങ്ങളിലായി 36 സംഗീത പരിപാടികൾ ഇത്തവണ നടക്കുന്നു. ഇത്തവണത്തെ സംഗീതമേള ഞങ്ങൾ ഉക്രൈനിലെ യുദ്ധം അവസാനിക്കട്ടെ എന്ന പ്രാർത്ഥനകളോടെ ആണ് തുടങ്ങിയത്.

വെങ്കിടേഷ് രാമകൃഷ്ണൻ- താങ്കളുടെ അച്ഛനും താങ്കളും നിരന്തരമായി ഗംഗയെ ശുദ്ധീകരിക്കാനുള്ള പ്രയത്‌നങ്ങളിൽ മുഴുകിയിരുന്നു. വാരണാസിയിലെ ഗംഗാ ശുദ്ധീകരണ പദ്ധതികൾക്ക് എന്താണ് സംഭവിച്ചത്?

അത് മനസ്സിലാക്കാൻ നമ്മൾ 1986 ലേക്ക് തിരിച്ചു പോകണം. അന്ന് വലിയ ഒരു ചടങ്ങിൽ രാജീവ് ഗാന്ധി ഗംഗാ ശുദ്ധീകരണ പദ്ധതി ഉത്‌ഘാടനം ചെയ്തു. അദ്ദേഹം കരുതിയത് ഈ പദ്ധതി വിജയിച്ചാൽ ഇന്ത്യയുടെ മറ്റു നദീതട നഗരങ്ങളിലും ഈ പദ്ധതി നടപ്പാക്കാം എന്നാണ്. 47 കോടി രൂപ അന്നാ പദ്ധതിക്കായി വകയിരുത്തി. പദ്ധതി പൂർത്തിയായപ്പോൾ, പണം തീർന്നപ്പോൾ, സർക്കാർ പ്രഖ്യാപിച്ചു, ഗംഗ ശുദ്ധിയായി എന്ന്. പണം തീർന്നു എന്നതായിരുന്നു അവരുടെ മാനദണ്ഡം. അതിനിടയിൽ, എന്റെ അച്ഛൻ വീർ ഭദ്ര മിശ്ര നേതൃത്വം നൽകിയ സങ്കട് മോചൻ ഫൗണ്ടേഷൻ ഒരു സ്വച്ഛ്‌ ഗംഗാ റിസർച്ച് ലബോറട്ടറി സ്ഥാപിച്ചു. തുളസീഘാട്ടിൽ നദീതീരത്തു തന്നെയാണത്. ദിവസേന നദിയുടെ ആരോഗ്യം മോണിറ്റർ ചെയ്യുക എന്നതായിരുന്നു ലക്‌ഷ്യം. അങ്ങനെ അച്ഛന്റെ കയ്യിൽ ധാരാളം ശാസ്ത്രീയമായ ഡേറ്റ ഉണ്ടായിരുന്നു. പക്ഷെ അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിയായ കമൽനാഥ് പറഞ്ഞു, ഈ ഡേറ്റയൊന്നും ശരിയല്ല എന്ന്. പ്രശനം എന്താണെന്ന് വെച്ചാൽ സർക്കാർ പദ്ധതികൾക്കായി ഉപയോഗിച്ച സാങ്കേതിക വിദ്യകൾ നദീജലത്തിൽ നിന്ന് ഫീക്കൽ കോളിഫോം ബാക്റ്റീരിയ (മലത്തിൽ നിന്നുണ്ടാകുന്ന ബാക്റ്റീരിയ) നീക്കാൻ പര്യാപ്തമായിരുന്നില്ല. എല്ലാ ജലജന്യ രോഗങ്ങളുടെയും അടിസ്ഥാന കാരണം ഫീക്കൽ കോളിഫോം ബാക്റ്റീരിയ ആണ്. പിന്നീട് ഗംഗാ ആക്ഷൻ പ്ലാൻ ഫേസ് 2 വന്നു.

നിങ്ങൾ ആദ്യം ഒരു ഗംഗാ ആക്ഷൻ പ്ലാൻ നടപ്പാക്കുന്നു, അത് പരാജയപ്പെട്ടാൽ നിങ്ങളതിനെ ഗംഗാ ആക്ഷൻ പ്ലാൻ ഫേസ് 1 എന്ന് വിളിച്ച്, ഒരു ഫേസ് 2 പ്ലാൻ അവതരിപ്പിക്കുന്നു. നടപ്പാക്കിയ കമ്പനിക്കു ഇങ്ങനെ ചീത്തപ്പേര് വരുമ്പോൾ, നിങ്ങൾ പദ്ധതിയുടെ പേര് മാറ്റി, ‘നമാമി ഗംഗേ’ എന്നാക്കുന്നു. അപ്പോൾ പദ്ധതിക്ക് ഒരു മതത്തിന്റെ നിറം കൈവരുന്നു. ആ പേരിനു അടിസ്ഥാനമായ ശ്ലോകം ഞാൻ ചൊല്ലാം, “നമാമി ഗംഗേ, തവ പാദപങ്കജം. സുരാസുരൈർ വന്ദിത ദിവ്യ രൂപം; ഭുക്തിമ് ച, മുക്തിമ് ച ദാദാസ നിത്യം, ഭാവാനുസാരേ, സദാ നരാണാം”. അതിൽനിന്ന് രണ്ടു വാക്കെടുത്ത്‌ പദ്ധതിക്ക് പേര് നൽകി. ഇതൊക്കെയായിട്ടും ഗംഗയുടെ സ്ഥിതി പരിതാപകരമാണ്. സർക്കാർ ഉദ്യോഗസ്ഥരും, മാധ്യമങ്ങളും പറയുന്നത്, ഈ പദ്ധതി നന്നായി നടപ്പാക്കിയാൽ തന്നെ ഗംഗയെ ഓർ ക്‌ളാസ് ബി നദിയാക്കി മാറ്റാൻ മാത്രമേ പറ്റൂ, എന്നാണ്. ക്‌ളാസ് ബി നദി എന്ന് പറഞ്ഞാൽ, ഒരു ലിറ്റർ നദീജലത്തിൽ, മലത്തിൽ നിന്നുള്ള കോളിഫോം ബാക്റ്റീരിയ തോത് 500 ൽ താഴെ ആയിരിക്കണം. അതുപോലെ ബയോളോജിക്കൽ ഡിസോൾവ്ഡ് ഓക്സിജൻ (BOD) ലെവൽ, 3 മില്ലിഗ്രാം/ ലിറ്റർ ആയിരിക്കണം. ഓക്സിജൻ ലെവൽ ലിറ്ററിൽ 5 മില്ലിഗ്രാമിൽ കൂടുതൽ ആയിരിക്കണം. അങ്ങനെ അയാളെ നദിയിലെ ജീവജാലങ്ങൾ അതിജീവിക്കുകയുള്ളൂ. ഇനി ശരിക്കുള്ള ഡേറ്റ പറയാം. ഇത് ജനുവരിയിൽ രേഖപ്പെടുത്തിയാണ്. ഗംഗ അസ്സി നദിയുമായി ചേർന്ന് ബനാറസ്സിലേക്ക് കടക്കുന്ന പോയിന്റിൽ മലത്തിൽ നിന്നുണ്ടാവുന്ന കോളിഫോം ബാക്റ്റീരിയയുടെ തോത്, 36 മില്യൺ ആണ്. നമ്മൾ ഇപ്പോൾ ഇരിക്കുന്ന തുളസീഘാട്ടിൽ 100 മില്ലിലിറ്റർ വെള്ളത്തിൽ 41000 ആണ് മലത്തിൽ നിന്നുണ്ടാവുന്ന കോളിഫോം ബാക്റ്റീരിയയുടെ തോത്. ക്‌ളാസ് ബി നദിയിൽ ഇത് 500 ൽ കുറവായിരിക്കണം. ഗംഗ ബനാറസ്സിൽ നിന്ന് പുറത്തുകടക്കുന്ന വരുണ സംഗമത്തിൽ ഇത്തിന്റെ കണക്ക് ലിറ്ററിൽ 67 മില്യനാണ്. എന്ത് നേടിയെന്നാണ് നമുക്ക് പറയാനാവുക? ഗംഗ വെറുമൊരു പുഴയല്ല. ഗംഗക്ക് നിശ്ചയിക്കപ്പെട്ട 4 ധർമ്മങ്ങളുണ്ട്. ദറസ്, ബറസ്, മജ്ജൻ, പാനാ. അതായത്, ചിലർ ഇവിടെ വന്ന് ഗംഗയെ ദർശിക്കുന്നു, ആരാധിക്കുന്നു. മറ്റു ചിലർ ഗംഗയെ തൊട്ടു നെറ്റിയിൽ പുരട്ടുന്നു. ഇനിയും ചിലർ ഗംഗയിൽ ഇറങ്ങി കുളിക്കുന്നു. നാലാമത്തെ കൂട്ടർ ഗംഗാജലം കുടിക്കുന്നു. അത് വളരെ പ്രധാനമാണ്. അപ്പോൾ ആ വെള്ളത്തിൽ മലത്തിൽ നിന്നുണ്ടാവുന്ന കോളിഫോം ബാക്റ്റീരിയയുടെ തോത് പൂജ്യം ആയിരിക്കണം. നിങ്ങൾ ഒരാളോട് ഈ വെള്ളത്തിൽ മലം ഉണ്ട് എന്ന് പറഞ്ഞാൽ അയാൾ ആ വെള്ളം കുടിക്കുമോ? ദിവസേന 45000 തൊട്ട് 50000 വരെ ആളുകൾ ഗംഗയിൽ കുളിക്കുന്നുണ്ട്. അവരുടെ ദിവസത്തിലെ ആദ്യത്തെ പ്രാർത്ഥന തന്നെ ഗംഗാ ജലം കുടിച്ചുകൊണ്ടാണ്. അവർക്കൊക്കെ എന്ത് സംഭവിക്കും? എന്റെ അച്ഛൻ പറയാറുള്ളതുപോലെ അവർ വംശനാശം നേരിടുന്ന വിഭാഗമാണ്. അവർക്കു വേണ്ടി ഗംഗ സംരക്ഷിക്കപ്പെടണം. ഗംഗ ഇല്ലെങ്കിൽ അവർക്ക് ജീവിക്കാനുമാവില്ല.

വെങ്കിടേഷ് രാമർകിഷ്‌ണൻ- എവിടെയാണ് ഗംഗാ ആക്ഷൻ പ്ലാൻ പരാജയപ്പെട്ടത്?

വിശ്വംഭർ നാഥ് മിശ്ര- ഗംഗാ ആക്ഷൻ പ്ലാനിനു 3 പ്രധാന ഘടകങ്ങൾ ആണ് ഉണ്ടായിരുന്നത്. ഒന്ന്, മലിനജലം ഗംഗയിൽ വന്നു ചേരുന്ന എല്ലാ അഴുക്കുചാലുകളും തടഞ്ഞു വഴി തിരിച്ചു വിടണം, രണ്ട്, ആ ജലത്തെ ശുദ്ധീകരിച്ച ശേഷം പുനരുപയോഗത്തിന് ലഭ്യമാക്കണം. പക്ഷെ അധികൃതർ ചെയ്തത് ഈ ജലം ഭാഗികമായി ശുദ്ധീകരിച്ച ശേഷം ഗംഗയിലേക്കു തന്നെ തിരിച്ചു വിടുകയാണ്. അതാണ് പ്രശനം. 2014 തൊട്ട് നമാമി ഗംഗേ എന്ന പേരിൽ പുതിയ പദ്ധതി വരുന്നു. അപ്പോൾ ദിനാപുരിലും, ചത്വായിലും പുതിയ സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നു. ഒന്നിന് 150 MLD ശുദ്ധീകരണ ശേഷിയുണ്ട്. മറ്റേതിന് 120 MLD ശുദ്ധീകരണ ശേഷിയുണ്ട്. പുഴയിലേക്ക് ദിവസവും 350 MLD മലിനജലമാണ് എത്തുന്നത്. എന്നാൽ 50 MLD മലിനജലം മാത്രമാണ് ദിനാപൂരിലെ പ്ലാന്റിലേക്ക് പ്രതിദിനം എത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്. അതുപോലെ 15 MLD യോളം മലിനജലം മാത്രമാണ് ചത്വായിലെ പ്ലാന്റിലേക്ക് പ്രതിദിനം എത്തിക്കാൻ കഴിഞ്ഞിട്ടുള്ളത്. ഇതൊരു പ്രശനം. രണ്ടാമതായി ‘നമാമി ഗംഗേ’ പദ്ധതിയിൽ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ സീക്വൻഷ്യൽ ബാച്ച് റിയാക്ടർ ടെക്നോളജി ആണ്. അത്, നേരത്തെ ഉപയോഗിച്ച സാങ്കേതിക വിദ്യയുടെ ഒരു പുതുക്കിയ രൂപം മാത്രമാണ്. അത് പൂർണ്ണമായും ഫലപ്രദമല്ല. ടെക്നോളജിയും, നടപ്പാക്കലും, രണ്ടും നേരാംവണ്ണമല്ല. പുഴ കാണുമ്പോൾ മുമ്പത്തേക്കാൾ കുറച്ചുകൂടി വൃത്തിയുണ്ട് എന്ന് തോന്നും എന്ന് മാത്രം. വെറും അസംബന്ധമാണ്. ആളുകളെല്ലാം വിഷ്വൽ ആണ് കാണാൻ ആഗ്രഹിക്കുന്നത്. ഒഴുകി നടക്കുന്ന മൃതദേഹങ്ങൾ ഉണ്ടെങ്കിൽ എല്ലാവര്ക്കും വലിയ മനഃപ്രയാസമായിരിക്കും. പക്ഷെ, സത്യം എന്താണ്, അത് വെറും ലമ്പ് മാസ് (lump mass) മാത്രമാണ്. അത് നീക്കം ചെയ്‌താൽ പുഴ വൃത്തിയാക്കും. പക്ഷെ മലിനജലത്തിന്റെ കാര്യം അങ്ങനെയല്ല. അത് പുഴയിൽ എത്തിയാൽ വൃത്തിയാക്കുക വളരെ ദുഷ്കരമാണ്. അസ്സീഘാട്ട് തൊട്ട് വരുണാഘാട്ട് വരെയുള്ള വാരണാസിയിലെ 5 കിലോമീറ്റർ ദൂരം വളരെ പ്രധാനമാണ്. കാരണം ആളുകൾ നദിയുമായി വളരെയധികം ഇടപഴകുന്നത് ഇവിടെയാണ്. ഞങ്ങൾ ഇതിന്റെ ഡേറ്റ അവതരിപ്പിക്കുമ്പോൾ, സർക്കാർ നദിയുടെ മധ്യഭാഗത്തു നിന്ന് കുറച്ചു സാമ്പിൾ എടുത്ത്, മറ്റൊരു ഡേറ്റ അവതരിപ്പിക്കും. മധ്യഭാഗത്തു മലിനീകരണം ഇത്തിരി കുറവായിരിക്കും. പക്ഷെ മധ്യഭാഗവുമായിട്ടല്ലല്ലോ ജനങ്ങൾ ഇടപഴകുന്നത്, പടിഞ്ഞാറൻ തീരത്തെ ജലമല്ലേ അവർ ഉപയോഗിക്കുന്നത്. അവിടെയാണ് എല്ലാ മലിനജലവും വന്നു ചേരുന്നതും.

വെങ്കിടേഷ് രാമകൃഷ്ണൻ: സങ്കട് മോചൻ ഫൗണ്ടേഷൻ ഗംഗ ശുദ്ധീകരിക്കാൻ ഒരു പദ്ധതി തയ്യാറാക്കി നൽകിയിരുന്നില്ല?

വിശ്വംഭർ നാഥ് മിശ്ര- ഞങ്ങൾ നൽകിയിരുന്നു. 2011 ലോ 12 ലോ, അത് പ്രധാനമന്ത്രി അധ്യക്ഷനായ നാഷണൽ മിഷൻ ഫോർ ക്‌ളീൻ ഗംഗയുടെ മീറ്റിങ്ങിൽ അംഗീകരിക്കപ്പെടുകയും ചെയ്തിരുന്നു. ഞങ്ങളോട് ഒരു DPR (Detailed Project Report) സമർപ്പിക്കാൻ പറഞ്ഞിരുന്നു. ഞങ്ങൾ അത് സമർപ്പിക്കുകയും ചെയ്തു. ഗംഗയിൽ വന്നു ചേരുന്ന അസ്സീ നദിയിൽ 37 MLD ശുദ്ധീകരിക്കാനായിരുന്നു ആ പദ്ധതി. അന്നുതന്നെ ഞാൻ അച്ഛനോട് പറഞ്ഞിരുന്നു, ഈ 37 MLD സർക്കാർ പറയുന്ന കണക്കാണ്. അത് ശരിയായിക്കൊള്ളണം എന്നില്ല എന്ന്. അങ്ങനെ ഞങ്ങൾ സ്വയം കണക്കെടുത്തപ്പോൾ അസ്സീ നദിയിലെ മലിനജലത്തിന്റെ അളവ്, 65 MLD ആണെന്ന് കണ്ടെത്തി. അപ്പോൾ നോക്കൂ, യഥാർത്ഥ ഡിസ്ചാർജ് ഇതാണ്, പക്ഷെ അവർ ഞങ്ങളോട് പറഞ്ഞത്, 37 MLD ശുദ്ധീകരിക്കാനുള്ള പ്ലാന്റ് സ്ഥാപിക്കാനാണ്. അഡ്വാൻസ്ഡ് വാട്ടർ പ്യുരിഫിക്കേഷൻ ടെക്നോളജി (AWPS) ആണ് ഞങ്ങൾ മുന്നോട്ടുവെച്ച സാങ്കേതികവിദ്യ. അത് ആദ്യം ഒരു ചെറിയ സെഗ്മെന്റിൽ, അസ്സീ നദിയിൽ ചെയ്തു നോക്കാം, എന്നിട്ടു വിപുലപ്പെടുത്താൻ എന്നായിരുന്നു ഞങ്ങളുടെ നിർദ്ദേശം. പക്ഷെ സർക്കാർ ആ DPR കുറേക്കാലം കയ്യിൽ വെച്ചു. ഒടുവിൽ വേറെ ആരെയോ ആ വർക്ക് ഏൽപ്പിച്ചു. ഇപ്പോൾ സർക്കാർ അസ്സീ നദിയിൽ പണി കഴിപ്പിച്ച മലിനജല ശുദ്ധീകരണ പ്ലാന്റിന് 50 MLD ശേഷിയേ ഉള്ളൂ. 10 വര്ഷം മുൻപ് നോക്കിയപ്പോൾ തന്നെ ഡിസ്ചാർജ് 65 MLD ആയിരുന്നുവല്ലോ. അപ്പോൾ ഈ പ്ലാന്റിന് എത്രത്തോളം ശുദ്ധീകരിക്കാൻ പറ്റും? മാത്രമല്ല, അവർ അസ്സീ നദിയുടെ അപ്സ്ട്രീം (upstream) ഭാഗത്താണ് പ്ലാന്റ് നിർമ്മിച്ചത്. അപ്പോൾ അങ്ങോട്ട് ഊർജ്ജം ഉപയോഗിച്ച് മലിനജലം പമ്പ് ചെയ്യണം. ഞങ്ങൾ ഡൌൺ സ്ട്രീം (downstream) ഭാഗത്തു പ്ലാന്റ് സ്ഥാപിച്ചു ഭൂഗുരുത്വബലത്തിന്റെ സഹായത്തോടെ, വലിയ ഊർജ്ജചെലവില്ലാതെ മലിനജലം കൊണ്ട് പോകാനുള്ള നിർദ്ദേശമായിരുന്നു വെച്ചത്. ഞങ്ങൾ ബിൽഡർമാർ അല്ല. ഞങ്ങൾ പുതിയ ടെക്നോളജി അവതരിപ്പിക്കുകയാണ് ചെയ്തത്. അത് ആർക്കും ഉപയോഗിക്കാമായിരുന്നു. പക്ഷെ അവർ പിന്നെയും പഴയ സാങ്കേതികവിദ്യ തന്നെ ഉപയോഗിക്കുന്നു.

വെങ്കിടേഷ് രാമകൃഷ്ണൻ- വരാണസിയുടെ ബഹുസ്വര സംസ്കാരത്തിന്റെ പ്രതിനിധിയാണ് വിശ്വംഭർ നാഥ് മിശ്ര. അദ്ദേഹം ഒരു ആഗോള പൗരൻ കൂടിയാണ്. നമ്മുടെ ചരിത്രത്തെയും, സമകാലിക ജീവിതത്തെയും ഉൾക്കൊള്ളുന്ന ഒരു സമഗ്ര കാഴ്ചപ്പാടിന്റെ ഉടമയാണ് അദ്ദേഹം. ഇതൊരു വളരെ ഉൾക്കാഴ്ച നൽകുന്ന സംഭാഷണമായിരുന്നു, നന്ദി മിശ്രാജി.

About Author

ദി ഐഡം ബ്യൂറോ