സമഗ്രാധിപത്യസ്വഭാവമുള്ള ഭരണകൂടങ്ങളും മതാഭിമുഖ്യമുള്ള തീവ്ര വലതുപക്ഷസംഘടനകളും വർഗ്ഗീയരാഷ്ട്രീയപ്പാർട്ടികളും തങ്ങൾക്ക് അനുകൂലമായവിധത്തിൽ ചരിത്രത്തെ തിരുത്തുകയും തമസ്കരിക്കുകയും പുനസൃഷ്ടിക്കുകയുമാണ് പതിവ്. അതാണിപ്പോൾ ഇന്ത്യയിലും നടന്നുകൊണ്ടിരിക്കുന്നതെന്നത് ഒരു രഹസ്യമല്ല. എന്നാൽ, വ്യാജചരിത്രനിർമ്മിതികൊണ്ട് ചരിത്രത്തെ തീർത്തും നിഷ്കാസനം ചെയ്യാനാവില്ലെന്നതാണ് ചരിത്രംതന്നെ നൽകുന്ന പാഠം. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ്, കോടതിവിധിയോടെ റദ്ദാക്കപ്പെട്ട ഗുജറാത്ത് കലാപത്തെസ്സംബന്ധിച്ച നിഗൂഢതകളെ മറനീക്കിക്കാണിക്കുന്ന ബിബിസിയുടെ (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ്ങ് കോർപ്പറേഷൻ) “ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ” എന്ന പുതിയ ഡോക്യുമെന്ററി. ഭരണകൂടത്തെ ഭയപ്പെടുന്ന ഇന്ത്യൻ മാദ്ധ്യമങ്ങൾക്ക് അസാദ്ധ്യമായൊരു ദൗത്യമാണ് ബിബിസി ഈ ഡോക്യുമെന്ററിയിലൂടെ നിർവ്വഹിക്കുന്നത്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഒരു ഔദ്യോഗിക രഹസ്യ റിപ്പോർട്ടിനെ ആസ്പദമാക്കിയാണ് ഈ ഡോക്യുമെന്ററിയെന്നതിനാൽ അതിന് അന്താരാഷ്ട്രതലത്തിൽത്തന്നെ പ്രചാരം ലഭിക്കുകയും ചെയ്തു. ഇന്ത്യയുടെ വിദേശകാര്യവകുപ്പ് ചിത്രത്തിനെതിരെ രംഗത്തുവന്നതോടെ രാജ്യത്തിനകത്തും പുറത്തും രണ്ട് പതിറ്റാണ്ടിനുമുമ്പുണ്ടായ ഗുജറാത്ത് വർഗ്ഗീയ കലാപം പുതിയ ചർച്ചകൾക്ക് വഴിതുറക്കുകയാണ്.
വാസ്തവത്തിൽ, കഴിഞ്ഞ ഇരുപതുവർഷത്തിനിടയിൽ ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് മാദ്ധ്യമങ്ങളിലൂടെയും മനുഷ്യാവകാശപ്രവർത്തകരുടെ അന്വേഷണ റിപ്പോർട്ടുകളിലൂടെയും റാണാ അയൂബിനെപ്പോലുള്ള ജേർണലിസ്റ്റുകളുടെ പുസ്തകങ്ങളിലൂടെയും പുറത്തുവന്ന കാര്യങ്ങൾതന്നെയാണ് ബിബിസി ഡോക്യുമെന്ററിയുടെ ഒന്നാം ഭാഗത്തിലുമുള്ളത്. പുതിയതായി അതിലൊന്നുമില്ലെന്നാണ് ഡോക്യുമെന്ററിയെ എതിർക്കുന്നവരും പറയുന്നത്. അത് വാസ്തവമാണുതാനും. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് തയ്യാറാക്കിയ രഹസ്യാന്വേഷണറിപ്പോർട്ടിനെ അവലംബിച്ചാണ് തങ്ങളുടെ ഈ ഡോക്യുമെന്ററിയെന്ന ബിബിസിയുടെ വെളിപ്പെടുത്തലാണ് വാസ്തവത്തിൽ നമുക്ക് ലഭിച്ച പുതിയ അറിവ്. അതായിരിക്കാം ഇന്ത്യാ ഗവൺമെന്റ് ഈ ഡോക്യുമെന്ററിക്കെതിരെ രംഗത്തുവരാനുണ്ടായ കാരണവും. യൂട്യൂബിലും ട്വിറ്ററിലും ലഭ്യമായിരുന്ന ഈ ഡോക്യുമെന്ററിയുടെ ലിങ്ക് സർക്കാർ നിർദ്ദേശപ്രകാരം പിൻവലിക്കപ്പെട്ടെങ്കിലും ഗൂഗിൾ ഡ്രൈവിലൂടെ അതിപ്പോഴും വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച് സ്വതന്ത്രമാദ്ധ്യമങ്ങളിലൂടെ ലോകമറിഞ്ഞ വസ്തുതകളുടെ ഒരു ക്രോഡീകരണമോ പുനരവലോകനമോ മാത്രമായ ഈ ഡോക്യുമെന്ററിക്കെതിരെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെയും ബിജെപി അനുകൂലികളുടെയും നിരോധന നടപടികളും പ്രതികരണങ്ങളുമാണ് ഗുജറാത്ത് വർഗ്ഗീയ കലാപത്തിലെ ഗൂഢാലോചനയെ വീണ്ടും ചർച്ചാവിഷയമാക്കിയത്.
ഗുജറാത്ത് കലാപകാലത്തെ ബിബിസിയുടെ തന്നെ പഴയ ഫൂട്ടേജുകളും എൻഡിടിവിപോലുള്ള ഇന്ത്യൻ ചാനലുകളുടെ ആർക്കൈവൽ ഫൂട്ടേജുകളും ഉപയോഗിച്ചുകൊണ്ട് അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് ആ കലാപത്തിൽ പങ്കാളിത്തമുണ്ടെന്ന് ബിബിസി ആരോപിക്കുന്നു. കലാപം നടക്കുമ്പോൾ നിഷ്ക്രിയരായ കാഴ്ച്ചക്കാരായി പൊലീസ് സംഘം നോക്കിനിൽക്കുന്നതിന്റെ ബിബിസി ദൃശ്യങ്ങളുടെ പിൻബലത്തിലാണ് ഈ ആരോപണം. നരേന്ദ്രമോദിതന്നെ തന്റെ നിരപരാധിത്വം പ്രകടിപ്പിക്കുവാനായി നൽകിയ ഏതാനും ടെലിവിഷൻ അഭിമുഖങ്ങളും മോദി അനുകൂലികളായ സ്വപൻദാസ് ഗുപ്തയെപ്പോലുള്ളവരുടെ പുതിയ അഭിമുഖങ്ങളും ഈ ഡോക്യുമെന്ററിയിലുണ്ട്. ഇന്ത്യാഗവൺമെന്റിന്റെ ഔദ്യോഗിക പ്രതികരണം തങ്ങൾ തേടിയിരുന്നുവെന്നും അത് നൽകാൻ അവർ തയ്യാറായില്ലെന്നും ഡോക്യുമെന്ററിയുടെ തുടക്കത്തിൽ രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇന്ത്യാഗവൺമെന്റ് മാത്രമല്ല, തങ്ങൾ സമീപിച്ച മുപ്പതോളം വ്യക്തികളും ജീവൻ അപകടത്തിലാവുമോ എന്ന ഭയംകൊണ്ട് പ്രതികരിക്കുവാൻ സന്നദ്ധമായിട്ടില്ലെന്നാണ് ആ കാർഡിൽ നാം വായിക്കുന്നത്. അതിനേക്കാൾ കൗതുകകരമായ സംഗതി, ഈ ഡോക്യുമെന്ററി നിർമ്മാണത്തിൽ ഇന്ത്യക്കാരാരുമില്ലെന്ന് ബിബിസി പരസ്യപ്പെടുത്തിയെന്നതാണ്. ഡോക്യുമെന്ററിയുടെ മാരകശേഷിയെക്കുറിച്ചറിയാവുന്നതുകൊണ്ടായിരിക്കണമല്ലോ ഈ പ്രഖ്യാപനം.
ബിബിസി അവകാശപ്പെടുന്നതുപോലെ ഉന്നതമായ എഡിറ്റോറിയൽ മാനദണ്ഡങ്ങൾ പാലിക്കുന്ന ഒരു ഡോക്യുമെന്ററിയാണിതെന്നതും നിസ്തർക്കമാണ്. ഇന്ത്യാ ഗവൺമെന്റ് പ്രതികരിച്ചില്ലെന്ന ബിബിസിയുടെ വാദം ശരിയായാലും തെറ്റായാലും ഈ ഡോക്യുമെന്ററിയിൽ കലാപത്തിലെ കുറ്റാരോപിതരെ അനുകൂലിക്കുന്ന അരഡസൻ പ്രമുഖ വ്യക്തികളെങ്കിലും അവരുടെ വാദം ഉന്നയിക്കുന്നുണ്ട്. അതിനേക്കാളെല്ലാം പ്രധാനം സാക്ഷാൽ നരേന്ദ്രമോദിതന്നെ കലാപത്തിനുശേഷം തന്നെ ന്യായീകരിച്ചുകൊണ്ടു ബിബിസി ലേഖികയ്ക്ക് നൽകിയ ഒന്നിലേറെ ടെലിവിഷൻ അഭിമുഖങ്ങൾ ഇതിലുണ്ടെന്നതാണ്. കുറ്റാരോപിതരുടെ ഭാഷ്യം കൂടി നൽകുകയെന്ന ജേണലിസത്തിന്റെ സാമാന്യമായ ഉത്തരവാദിത്വം സൂക്ഷ്മതയോടെ പാലിക്കപ്പെട്ട ഒരു ഡോക്യുമെന്ററിയാണിതെന്ന് തീർച്ച. ബ്രിട്ടീഷുകാർ തന്നെ മനുഷ്യാവകാശങ്ങളെക്കുറിച്ച് പഠിപ്പിക്കാൻ വരേണ്ട എന്ന് ബിബിസിയുടെ വനിതാ റിപ്പോർട്ടറോട് ക്ഷുഭിതനായിപ്പറയുന്ന മോദിയുടെ ദൃശ്യവുമുണ്ട്. ഡോക്യുമെന്ററിക്കെതിരെ പ്രതികരിച്ച വിദേശകാര്യ വക്താവും അതുതന്നെയാണിപ്പോൾ ആവർത്തിച്ചിരിക്കുന്നത്. കോടതിവിധിയെ ഈ ചിത്രം ചോദ്യംചെയ്യുന്നില്ലെന്നതും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് റിപ്പോർട്ടിനെ അവലംബിക്കുകമാത്രമാണവർ ചെയ്തിരിക്കുന്നത്. ബ്രിട്ടന്റെ കണ്ടെത്തൽ അവരുടെ പബ്ലിക് ബ്രോഡ്കാസ്റ്റർ പുറത്തുവിട്ടുവെന്ന സാധാരണ സംഗതിയായി അവഗണിച്ചിരുന്നുവെങ്കിൽ ഈ ഡോക്യുമെന്ററിക്ക് ഇത്രമാത്രം പ്രാധാന്യം കൈവരാനിടയാകുമായിരുന്നില്ല.
ഗുജറാത്ത് കലാപത്തിനുശേഷം രണ്ട് പതിറ്റണ്ടുകൾ പിന്നിടുമ്പോഴാണ് അധികാരത്തിന്റെയും നിയമത്തിന്റെയും രാഷ്ട്രീയ-സാമ്പത്തിക സ്വാധീനത്തിന്റെയും പിൻബലത്തോടെ വിസ്മൃതമാക്കപ്പെട്ട ഒരു ക്രൂരസംഭവത്തെ ബിബിസി ഡോക്യുമെന്ററി ചരിത്രത്തിലേക്ക് പുനരായിക്കുന്നത്. ഡോക്യുമെന്ററി സിനിമാ മാദ്ധ്യമത്തിന്റെ യഥാർത്ഥ ദൗത്യംതന്നെ മാറിനിന്ന് വസ്തുതകളെ യുക്തിഭദ്രമായി അപഗ്രഥിക്കുകയെന്നതാണല്ലോ. മതേതര ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ ഭീതിദമായ ഒരു കറുത്ത അദ്ധ്യായത്തിലേക്ക് വെളിച്ചംവീശുന്ന ഈ ഡോക്യുമെന്ററിയുടെ ആദ്യഭാഗം ജനുവരി 17-ന് ബ്രിട്ടനിൽ സംപ്രേഷണം ചെയ്തതിന്റെ തൊട്ടടുത്ത ദിവസംതന്നെ ഇന്ത്യയുടെ വിദേശകാര്യവകുപ്പ് സ്വാഭാവികമായും അതിനോടുള്ള വിയോജിപ്പും പ്രതിഷേധവും രേഖപ്പെടുത്തുകയുണ്ടായി. ഗുജറാത്ത് കലാപം തടയുവാൻ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദി ശ്രമിച്ചില്ലെന്നുമാത്രമല്ല, അതിലൂടെ വർഗ്ഗീയധ്രുവീകരണമുണ്ടാക്കി തിരഞ്ഞെടുപ്പ് വിജയം കൊയ്യാൻ ശ്രമിച്ചുവെന്നും സാക്ഷിമൊഴികളുടെയും റിപ്പോർട്ടുകളുടെയും പിൻബലത്തിൽ ആരോപിക്കുന്ന ഡോക്യുമെന്ററിയോടുള്ള വിയോജിപ്പ് ഇന്ത്യൻ വിദേശകാര്യ വക്താവ് അരീന്ദം ബാഗ്ചി പത്രസമ്മേളനത്തിലൂടെയാണ് വ്യക്തമാക്കിയത്. ഇന്ത്യയുടെ പരമോന്നത കോടതി വിശ്വാസത്തിലെടുക്കാതെ നിരാകരിച്ച ആരോപണങ്ങളെ വീണ്ടും കുത്തിപ്പൊക്കാനാണ് ബിബിസി ശ്രമിക്കുന്നതെന്ന ആരോപണമാണ് ബാഗ്ചി പ്രധാനമായും ഉന്നയിച്ചത്. ഡോക്യുമെന്ററി കണ്ടിട്ടില്ലെങ്കിലും മനസിലാക്കിയേടത്തോളം അത് ഇന്ത്യയെയും പ്രധാനമന്ത്രിയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും വിദേശകാര്യവകുപ്പിന്റെ ഔദ്യോഗികവക്താവ് പറഞ്ഞു. ഇന്ത്യൻ വംശജൻകൂടിയായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പാർലിമെന്റിലെ പ്രതികരണവും മോദിക്ക് അനുകൂലമായിരുന്നു. ഡോക്യുമെന്ററിയിൽപ്പറയുന്ന വസ്തുതകൾ ശരിയാണെങ്കിലും അല്ലെങ്കിലും ഗുജറാത്ത് കലാപത്തിന് പിന്നിൽ വലിയൊരു വർഗ്ഗീയ അജണ്ടയുണ്ടായിരുന്നുവെന്ന് അത് ഓർമ്മപ്പെടുത്തുന്നുവെന്നതാണ് പ്രധാനം.
ബിബിസി സംപ്രേഷണം ചെയ്ത ഡോക്യുമെന്ററിയുടെ ആദ്യഭാഗം കാണാനിടയായ ഒരു ഇന്ത്യക്കാരനെന്ന നിലയിൽ ഇന്ത്യൻ വിദേശകാര്യവകുപ്പിന്റെയും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഒഴുക്കൻമട്ടിലുള്ള നിലപാടുകളോട് ഇതെഴുതുന്നയാൾക്ക് യോജിക്കുക വയ്യ. പ്രധാനമന്ത്രി മോദിയെ സംരക്ഷിക്കേണ്ടത് സർക്കാരിന്റെയും, ഇന്ത്യൻ ഭരണകൂടവുമായുള്ള സൗഹൃദം നിലനിർത്തേണ്ടത് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെയും ഉത്തരവാദിത്വമാണെങ്കിലും മാദ്ധ്യമങ്ങളുടെ ചുമതല, മൂടിവെക്കപ്പെട്ട വാസ്തവങ്ങളെ സമൂഹത്തിനുമുന്നിൽ മറ നീക്കിക്കാണിക്കുകയാണെന്നതാണ് അതിനുകാരണം. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച എല്ലാ ഭാഷ്യങ്ങളും പരിഗണിച്ചുകൊണ്ടുനടത്തിയ നിഷ്പക്ഷമായ വസ്തുതാന്വേഷണമാണ് ഡോക്യുമെന്ററിയിലൂടെ നടത്തിയിരിക്കുന്നതെന്നാണ് ബിബിസി അവകാശപ്പെടുന്നത്. വസ്തുതാന്വേഷണത്തിലൂന്നുന്ന അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനത്തനത്തിന്റെയും ഇൻവെസ്റ്റിഗേറ്റീവ് ഡോക്യുമെന്ററി സിനിമയുടെയും ദൗത്യത്തെ സംബന്ധിച്ച് സാമാന്യധാരണയുള്ളവർക്കും ഗുജറാത്ത് കലാപത്തിന്റെ നാൾവഴിചരിത്രം പിന്തുടർന്നിട്ടുള്ളവർക്കും അനുകൂലിക്കാനാവാത്ത ബാലിശവാദങ്ങളാണ് ഡോക്യുമെന്ററിക്കെതിരെ പൊതുവെ ഇന്ത്യൻ മുഖ്യധാരാ മാദ്ധ്യമങ്ങളിലൂടെ ഉയർന്നുകേൾക്കുന്നത്. അതെന്തായാലും, അധികാരത്തിന്റെ തണലിലിരുന്നുകൊണ്ട് ബി.ജെ.പി സർക്കാർ നടത്തുന്ന പൗരാവകാശലംഘനങ്ങളുടെയും ജനാധിപത്യധ്വംസനങ്ങളുടെയും, അതിന് പൊതുസമ്മതിയുണ്ടാക്കുവാനായുള്ള വ്യാജചരിത്രനിർമ്മിതിയുടെയും വർത്തമാന സാഹചര്യത്തിലാണ് കുഴിച്ചുമൂടപ്പെട്ടതായിക്കരുതിയ ഒരു പാതകത്തിന്റെ പിന്നിലെ ഗൂഢാലോചനയിലേക്ക് വീണ്ടും പരിഷ്കൃതലോകത്തിന്റെ ശ്രദ്ധക്ഷണിക്കുവാൻ ബിബിസി സന്നദ്ധമായത്. മുഖ്യധാരാ ഇന്ത്യൻ മാദ്ധ്യമങ്ങൾ ഭരണകൂടദാസ്യത്താൽ സത്യം വെളിപ്പെടുത്താൻ ഭയപ്പെടുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഭരണകൂടാതിക്രമങ്ങളെ തുറന്നുകാട്ടുന്ന ശക്തമായ ഒരു മാദ്ധ്യമ ഇടപെടലാണിത്.
വസ്തുതകൾക്ക് നിരക്കാത്ത വാദങ്ങളാണ് ഈ ഡോക്യുമെന്ററി ഉയർത്തുന്നതെന്നും ഇന്ത്യയെ അപകീർത്തിപ്പെടുത്താനുള്ള ഒരു പ്രൊപ്പഗാണ്ട ഫിലിമാണിതെന്നുമുള്ള ഇന്ത്യയുടെ വിമർശനങ്ങളെ ഇന്ത്യയിലെ ഭരണകൂടാനുകൂല മാദ്ധ്യമങ്ങളെല്ലാം പിന്തുണക്കുന്നുമുണ്ട്. മോദിക്കെതിരായ വിമർശനങ്ങളെ രാജ്യത്തിനെതിരെയുള്ള ആക്രമണമായി ചിത്രീകരിക്കുന്ന സംഘപരിവാര അജണ്ടയെ പിന്താങ്ങുന്ന മുഖ്യധാരാ ടെലിവിഷൻ ചാനലുകൾ ബിബിസി ഡോക്യുമെന്ററിക്കെതിരെ വലിയ കാമ്പെയിൻതന്നെ ആരംഭിച്ചിട്ടുമുണ്ട്. ഇന്ദിരയാണ് ഇന്ത്യ, ഇന്ത്യയാണ് ഇന്ദിരയെന്ന അടിയന്തരാവസ്ഥക്കാലത്തെ കോൺഗ്രസുകാരുടെ മുദ്രാവാക്യത്തെ അനുകരിച്ച് മോദിയാണ് ഇന്ത്യയെന്നും മോദിയെ വിമർശിക്കുന്നവർ രാജ്യത്തെയാണ് വിമർശിക്കുന്നതെന്നും സ്ഥാപിക്കുന്ന ഗീബൽസിയൻ തന്ത്രമാണ് ഈ മാദ്ധ്യമങ്ങളുടേത്. മോദി വെറുമൊരു സംസ്ഥാന മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന സംഭവമാണ് വിമർശനവിധേയമായിരിക്കുന്നതെന്ന സംഗതിയും അവർ ബോധപൂർവ്വം വിസ്മരിക്കുന്നു. ബ്രിട്ടീഷ് മാദ്ധ്യമമായ ബിബിസിയുടെ കൊളോനിയൽ മനോഭാവമാണ് ഇതിനുപിന്നിലെന്നാണ് അവർ പറയുന്നത്. ഇന്ത്യയിലെ ഹിന്ദു- മുസ്ലീം സമുദായങ്ങൾക്കിടയിലെ സ്പർദ്ധ വർദ്ധിപ്പിക്കുവാനാണ് ഈ ഡോക്യുമെന്ററി ശ്രമിക്കുന്നതെന്ന ഒരാരോപണവും ഉയരുന്നുണ്ട്. ഹിന്ദു- മുസ്ലീം വർഗ്ഗീയതകളെ മുതലെടുത്തുകൊണ്ട് ഭൂരിപക്ഷസമുദായത്തെ ഏകോപിക്കുവാനും അതുവഴി രാഷ്ട്രീയാധികാരം നിലനിർത്താനുമായി സൃഷ്ടിക്കപ്പെട്ട ഒരു കലാപത്തെസ്സംബന്ധിച്ച വസ്തുതകൾ പുറത്തുകൊണ്ടുവരുന്നത് ഭാവിയിൽ അത്തരം അത്യാഹിതങ്ങൾ ഒഴിവാക്കാനാണ് ഉപകരിക്കുകയെന്ന വാസ്തവം ഈ മാദ്ധ്യമങ്ങൾ വിസ്മരിക്കുന്നു.
വിമർശനങ്ങളോട് കടുത്ത അസഹിഷ്ണുത പ്രകടിപ്പിക്കുകയും വിമർശകരെ ആക്രമിക്കുകയുംചെയ്യുന്നതിൽ മോദി സർക്കാർ രാജ്യാന്തരതലത്തിൽതന്നെ കുപ്രസിദ്ധി നേടിയിട്ടുണ്ട്. റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡർ പോലുള്ള അന്താരാഷ്ട്ര മാദ്ധ്യമ ഏജൻസികൾ മാദ്ധ്യമസ്വാതന്ത്ര്യം പലവിധത്തിൽ ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് ഇടംനൽകാൻ തുടങ്ങിയതും ഇക്കഴിഞ്ഞ വർഷങ്ങളിലാണ്. ബിബിസി ഡോക്യുമെന്ററിക്കെതിരെ രൂക്ഷമായി പ്രതികരിച്ച സർക്കാരും ഡോക്യുമെന്ററിക്കെതിരെ കാമ്പെയിൻ നടത്തുന്ന ഇന്ത്യാ ടുഡേയെപ്പോലുള്ള മാദ്ധ്യമങ്ങളും മാദ്ധ്യമസെൻസർഷിപ്പിനുവേണ്ടിയാണ് യഥാർത്ഥത്തിൽ വാദിക്കുന്നത്. ഇതിനിടയിലാണ് ഓൺലൈൻ മാദ്ധ്യമങ്ങളിലെ ഉള്ളടക്കം പരിശോധിക്കാനും സർക്കാരിന് അഹിതകരമായ വാർത്തകൾ നീക്കംചെയ്യാനുമുള്ള അധികാരം പ്രസ് ഇൻഫർമേഷൻ ബ്യൂറോയ്ക്ക് (പി.ഐ.ബി) നൽകുന്ന ഒരു കരിനിമയം കൊണ്ടുവരാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. അടിയന്തരാവസ്ഥക്കാലത്തെ വാർത്താമാദ്ധ്യമ സെൻസറിങ്ങാണ് 2021-ലെ ഐ.ടി. ഇന്റർമീഡിയറി ആക്ടിൽ ഭേദഗതി വരുത്തിക്കൊണ്ട് മോദി സർക്കാർ നടപ്പാക്കാൻ പോകുന്നത്. സർക്കാർ അനുകൂലമല്ലാത്ത മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുന്ന ഭരണകൂടം ഡിജിറ്റൽ മീഡിയയിലെ സ്വതന്ത്രമായ ആശയാവിശ്കാരങ്ങളെക്കൂടി നിരോധിക്കുവാൻ പോകുന്നുവെന്ന വാർത്ത അപ്രഖ്യാപിതമായ ഒരു അടിയന്തരാവസ്ഥയുടെ നിഴലിലാണ് രാജ്യം എന്നതിന്റെ തെളിവാണെങ്കിലും ജനാധിപത്യപ്പാർട്ടികളും, ഏത് ഭരണകൂടത്തിന്റെ കീഴിലും പ്രതിപക്ഷമായിരിക്കേണ്ട മാദ്ധ്യമങ്ങളും അത് തിരിച്ചറിയുന്നില്ലെന്നതാണ് ഭയാനകം. ജനാധിപത്യാവകാശങ്ങൾ ഓരോന്നായി കവർന്നെടുക്കപ്പെടുന്ന ഒരിരുണ്ട കാലത്തിലേക്കാണോ രാജ്യം ചുവടുവെക്കുന്നത്?
ഗുജറാത്ത് കലാപത്തിലെ കുറ്റാരോപിതർ കോടതിയിൽ കുറ്റവിമുക്തരാവുകയും അവർക്കെതിരെ തെളിവുകൾനിരത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥരായ ആർ. ബി. ശ്രീകുമാറും സഞ്ജയ് ഭട്ടും, പൗരാവകാശപ്രവർത്തകയും എഴുത്തുകാരിയും മാദ്ധ്യമപ്രവർത്തകയുമായ തീസ്ത സ്തെതൽവാദും ഉൾപ്പടെയുള്ളവർ ഭരണകൂടത്തിന്റെ പ്രതികാരനടപടികളുടെ ഭാഗമായി ജയിലിൽ അടയ്ക്കപ്പെടുകയുംചെയ്ത സാഹചര്യത്തിലാണ് ബിബിസിയുടെ വസ്തുതാന്വേഷണ ഡോക്യുമെന്ററി പുറത്തുവരുന്നതെന്നതും ചരിത്രത്തിലെ ഒരു കാവ്യനീതിയായിരിക്കാം. കാരണം, ആ പൊലീസുദ്യോഗസ്ഥരും തീസ്ത സ്തെതൽവാദുമെല്ലാം ഉന്നയിച്ച കാര്യങ്ങൾ വാസ്തവമായിരുന്നുവെന്നാണ് രേഖകളുടെയും സാക്ഷിമൊഴികളുടെയും സഹായത്തോടെ ഈ ഡോക്യുമെന്ററി സ്ഥാപിക്കുന്നത്. പരമോന്നത നീതിപീഠത്തിന്റെ വിധിതീർപ്പുകളെ തിരുത്താനാവില്ലെങ്കിലും വർഗ്ഗീയപ്രത്യയശാസ്ത്രത്തിന്റെ വ്യാജചരിത്രത്തെ തിരുത്താനാവുമെന്നതാണ് ഇത്തരം അന്വേഷണാത്മക മാദ്ധ്യമപ്രവർത്തനങ്ങളുടെ പ്രസക്തിയും സാഫല്യവും.
സമകാലിക മാധ്യമ പ്രവണതകളെ കുറിച്ച് എഴുത്തുകാരനും മാധ്യമപ്രവർത്തകനമുായ ഒ.കെ ജോണി എഴുതുന്ന പംക്തി ‘ഇവിടെ ഇപ്പോൾ’ ദി ഐഡം പ്രസിദ്ധീകരിക്കുന്നു. മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ ഇപ്പോൾ
Subscribe to our channels on YouTube & WhatsApp
നന്നായി, ജോണി. കേരളത്തിൽ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചിടത്തു സംഘപരിവാരുകാർ നടത്തിയ പ്രതിഷേധങ്ങളെ പർവ്വതീകരിച്ചു റിപ്പോർട്ട് ചെയ്തു അവർക്ക് മൈലേജ് ഉണ്ടാക്കാനാണ് മുഖ്യ ധാരാ മലയാള മദ്ധ്യഞങ്ങളുടെ അശ്ലീലം നിറഞ്ഞ ശ്രമം. സത്യം എന്നായാലും പുറത്തു വരും, അത് മറച്ചു വെക്കാൻ എത്രമേൽ ശ്രമിച്ചാലും.