A Unique Multilingual Media Platform

The AIDEM

Articles National Politics

2024ലെ പ്രതിപക്ഷ പോരാട്ടത്തിന് കർണാടക നൽകുന്ന ലളിത പാഠങ്ങൾ

  • May 22, 2023
  • 1 min read
2024ലെ പ്രതിപക്ഷ പോരാട്ടത്തിന് കർണാടക നൽകുന്ന ലളിത പാഠങ്ങൾ

സാധാരണഗതിയിൽ ആലോചിച്ചാൽ 2024ലെ പൊതു തിരഞ്ഞെടുപ്പിൽ ബി.ജെ.പിയും സഖ്യകക്ഷികളും കേവല ഭൂരിപക്ഷം നേടി അധികാരത്തിൽ വരേണ്ടതാണ്. ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലെ വിജയവും ദേശീയ തലത്തിൽ പ്രതിപക്ഷം ഏകീകൃത പ്രതിഷേധ പരിപാടികളൊന്നും ഇതുവരെ ആവിഷ്‌കരിക്കാത്തതും ചേർത്തുവച്ചാൽ ബി.ജെ.പിയുടെ വിജയത്തെ തടയാനുള്ള സാധ്യത ഏതാണ്ട് ശൂന്യമായി തോന്നാം.

ഇത്തരം ഒരു ഘട്ടത്തിലാണ് കർണാടകയിൽ കോൺഗ്രസ് നിർണായക ഭരണം നേടുന്നത്. വലിയ അസ്വാഭാവികതകൾ ഒന്നും ഇല്ലാത്ത, പ്രതിപക്ഷത്തിന്റെ വിജയമാണിത്. വളരെ മോശം ഭരണമായിരുന്നു സംസ്ഥാനം ഭരിച്ചിരുന്ന ബി.ജെ.പിയുടേത്. കോൺഗ്രസാകട്ടെ കർണാടകയിൽ ഇക്കാലത്തെല്ലാം വളരെ ശക്തമായ നിലയിൽ തന്നെയുണ്ടായിരുന്നു. സിദ്ധരാമയ്യ, ഡി.കെ.ശിവകുമാർ എന്ന ശക്തരായ രണ്ട് നേതാക്കൾ സംസ്ഥാനത്ത് നിറഞ്ഞ് നിന്ന് പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും കർണാടകയിലെ ഈ കോൺഗ്രസ് വിജയത്തിൽ നിന്ന് 2024ലെ പൊതുതിരഞ്ഞെടുപ്പിനെ ഗൗരവത്തോടെ നേരിടാൻ തയ്യാറാകുന്ന പ്രതിപക്ഷത്തിന് ചിലത് പഠിക്കാനുണ്ട്.

മുതിർന്ന കോൺഗ്രസ് നേതാക്കൾ

അതിൽ പ്രധാനം 2019ലെ പൊതുതിരഞ്ഞെടുപ്പിലോ രാജ്യത്തുടനീളം നടന്നിരുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലോ കേന്ദ്രഭരണത്തെ കുറിച്ചോ സംസ്ഥാനങ്ങളിലെ ബി.ജെ.പി സർക്കാരുകളെ കുറിച്ചോ ചർച്ച ചെയ്യാനുള്ള അവസരം പ്രതിപക്ഷ കക്ഷികൾക്ക് ലഭിച്ചിരുന്നില്ല എന്നതാണ്. ഭരണ വിരുദ്ധ വികാരം എന്ന ജനാധിപത്യത്തിൽ പ്രതിപക്ഷമുയർത്തേണ്ട ഏറ്റവും അടിസ്ഥാന ചർച്ചവിഷയം ഈ തിരഞ്ഞെടുപ്പുകളിലൊന്നിലും ഉയർന്നിരുന്നില്ല എന്നത് പൊതുവേ കാണാം. തിരഞ്ഞെടുപ്പുകളുടെ അജണ്ടകൾ ബി.ജെ.പി നിശ്ചയിച്ചു. ദേശീയത, ജാതി സമവാക്യങ്ങൾ എന്നിങ്ങനെ അവർ ഉയർത്തിയ പ്രശ്‌നങ്ങളുടെ പുറകേ സഞ്ചരിക്കുകയായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് പ്രതിപക്ഷം ചെയ്തത്. അതിൽ പ്രതിപക്ഷത്തെ കുടുക്കിയിടാൻ ബി.ജെ.പിക്ക് കഴിയുകയും ചെയ്തു. തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി മാത്രമുള്ള സഖ്യങ്ങൾ പ്രതിപക്ഷത്തിന്റെ അണികളെ ആശയക്കുഴപ്പത്തിലാക്കി. ആ ആശയക്കുഴപ്പത്തിന്റെ ആഴം വർധിപ്പിക്കാൻ ബി.ജെ.പിയുടെ വൻ പ്രചരണ തന്ത്രങ്ങൾക്ക് കഴിഞ്ഞു. ഇതിൽ നിന്ന് എങ്ങനെയാണ് കർണാടക തിരഞ്ഞെുടുപ്പ് വ്യത്യസ്തമാകുന്നത്?

1. 2014ന് ശേഷം ആദ്യമായാണ് പ്രതിപക്ഷം ഒരു തിരഞ്ഞെടുപ്പിൽ അജണ്ട തീരുമാനിച്ചത്. ബി.ജെ.പി/ഹിന്ദുത്വ അജണ്ടകളിൽ കർണാടക തിരഞ്ഞെടുപ്പ് കുടുങ്ങിയില്ല. മൂന്നര വർഷത്തോളം ഭരിച്ച സർക്കാരിനെതിരെ കോൺഗ്രസ് നിരന്തരം സംസാരിച്ചു. ടിപ്പുവിനെ കൊന്നതാര്?, ജിഹാദ്, ബജ്‌രംഗ്ദൾ, ഹിജാബ്, ന്യൂനപക്ഷ സംവരണ നിഷേധം എന്നിങ്ങനെ ബി.ജെ.പി കുത്തിയ ഒരു ചതിക്കുഴിയിലും അവർ വീണില്ല. പക്ഷേ ഒരു സംശയവുമില്ലാതെ ഭരണം ലഭിച്ചാൽ ന്യൂനപക്ഷ സംരക്ഷണം പുനസ്ഥാപിക്കുമെന്ന് അറിയിച്ചു. ബജ്‌രംഗ്ദൾ എന്ന ക്രിമിനൽ കൂട്ടത്തെ നിരോധിക്കുമെന്നും പറഞ്ഞുവച്ചു. പക്ഷേ ഈ രണ്ട് കാര്യവുമല്ല തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ വലിയ കാര്യമായി അവർ ഉന്നയിച്ചത്. 40 ശതമാനം കമ്മീഷനാണ് കർണാടകയിലുടനീളം എന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു. മൂന്ന് സിലണ്ടറുകൾ സൗജന്യമായി നൽകുമെന്നുള്ള ബി.ജെ.പിയുടെ വാഗ്ദാനം പാലിക്കാത്തതിനെ നിരന്തരം ചോദ്യം ചെയ്തു. പാചകവാതക വില കൂടിയത്, നിത്യോപയോഗത്തിന് ഉള്ള സർവ്വതിനും വില കൂടുന്നത്, അഴിമതിയും സ്വജനപക്ഷവാദവും ക്രോണി കാപിറ്റിലസവും പ്രവർത്തിക്കുന്നതെങ്ങനെയെന്ന്, അവർ ജനങ്ങളെ ബോധ്യപ്പെടുത്തുന്ന തരത്തിൽ പറഞ്ഞു. ദേശിയതയും വർഗ്ഗീയതയും ഉയർത്തുന്ന ശബ്ദത്തിന് മുകളിലായിരുന്നു ഇത്.

അഥവാ അടുത്ത ലോകസഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഇതര രാഷ്ട്രീയ കക്ഷികൾ ചെയ്യേണ്ടത് ഇതാണ്. കർണാടക മോഡൽ. ബി.ജെ.പിയുടെ അജണ്ടയിൽ വീഴാതിരിക്കുക. 140 കോടി മനുഷ്യർക്ക് കേന്ദ്രഭരണം കൊണ്ടുണ്ടായ പ്രതിസന്ധികൾ പറയുക. അതിൽ നിത്യജീവിതത്തിൽ ഊന്നുക. എവിടെയാണ് തൊഴിലെന്നും ജീവിതമെന്നും ചോദിക്കുക. അടിസ്ഥാന ചോദ്യങ്ങളിൽ ഉറച്ച് നിൽക്കുക. ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്ത്യയിൽ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടം തുടങ്ങിയ ഗാന്ധിജി ആദ്യം നടത്തിയ സമരം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ട് പോകണമെന്നോ ഇന്ത്യ സ്വതന്ത്രപരാധികാര രാജ്യമാക്കി മാറ്റണമെന്നോ ആവശ്യപ്പെട്ടായിരുന്നില്ല, നീലം കർഷകർക്ക് വിളവിന് വില ലഭിക്കമെന്നാവശ്യപ്പെട്ടാണ് എന്നത് ചൂണ്ടിക്കാണിച്ച് ഇർഫാൻ ഹബീബ് പറയുന്നത് ശ്രദ്ധേയമാണ്. മൂർത്തമായ വിഷയങ്ങളിലൂന്നിയാകണം ഒരു പ്രതിരോധമാരംഭിക്കേണ്ടത് എന്നത് ഗാന്ധിജിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്നാണ് അത്. സത്യാഗ്രഹം എന്ന സമര രൂപത്തെ ഗാന്ധിജി അവതരിപ്പിക്കുന്നത് അങ്ങനെ ബീഹാറിന്റെ അതിർത്തിയിലെ ചമ്പാരൻ എന്ന പ്രദേശത്തെ നീലം കർഷകർക്ക് വേണ്ടിയാണ്.

മനുഷ്യരുടെ അടിസ്ഥാന പ്രശ്‌നങ്ങൾ ഊന്നിയാകണം ചർച്ചകൾ ആരംഭിക്കേണ്ടത് എന്നുള്ളതിന് ഇതിലും വലിയ ഉദാഹരണം വേറെയില്ല. ഒരോ പ്രദേശത്തും പ്രതിപക്ഷ കക്ഷികൾ ആ പ്രദേശത്തെ മനുഷ്യരുടെ പ്രശ്‌നങ്ങളിലൂന്നി അത് ഉറക്കെ പറയേണ്ടതെങ്ങനെ എന്ന് കർണാടക തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ചൂണ്ടിക്കാണിച്ചു.

2. തിരഞ്ഞെടുപ്പിന് മുമ്പുള്ള ഒരു സഖ്യവും ഗുണം ചെയ്യില്ല. തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാവുകയാണെങ്കിൽ അത് ദീർഘകാലമായി ഒരുമിച്ച് നിൽക്കുന്ന കക്ഷികൾ തമ്മിലായിരിക്കണം. അല്ലെങ്കിൽ അത് സ്വന്തം അണികളെ സംശയത്തിലും ആശയക്കുഴപ്പത്തിലും ആക്കാനെ സഹായിക്കൂ. ഉത്തർപ്രദേശ് അതിന് കൃത്യമായ ഉദാഹരണമാണ്. പരമ്പാരാഗത വൈരികൾ പൊടുന്നനെ കൂട്ടുചേർന്നാൽ, തിരഞ്ഞെടുപ്പ് പ്രചരണത്തെ ആ രീതിയിൽ വഴി തിരിച്ച് വിടാനും ബി.ജെ.പിക്ക് സാധിക്കും. കർണാടകയിൽ സഖ്യങ്ങളില്ലായിരുന്നതും ധാരണകളുണ്ടായതും ഗുണമായി.

അതേസമയം ബി.ജെ.പി ഇതരപ്രതിപക്ഷത്തെ പാർട്ടികൾക്കിടയിൽ ആശയവിനിമയവും ധാരണയും വേണം. കർണാടക സത്യപ്രതിജ്ഞയിൽ കോൺഗ്രസ് അത് പ്രകടിപ്പിച്ചു. സ്റ്റാലിനും യെച്ചൂരിയും നിതീഷും ഒമറും ലാലുവും മുതൽ ചന്ദ്രശേഖര റാവുവും ജഗനും നവീനും അഖിലേഷും മമതയും മായാവതിയും കെജ്‌രിവാളുമെല്ലാം ശക്തിയാർജ്ജിക്കണം. ഇവരാരും പരസ്പരം ഇഷ്ടപ്പെടേണ്ട കാര്യമൊന്നുമില്ല. അവരവരുടെ ശക്തികേന്ദ്രങ്ങളിൽ കൃത്യമായി വോട്ടുപിടിച്ചാൽ ഇല്ലാതാകുന്ന ചാണക്യതന്ത്രങ്ങളേ ബി.ജെ.പിക്കുള്ളൂ. കോൺഗ്രസിന് ശക്തിയുള്ള ഛത്തീസ്ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങൾ അവർ നിലനിർത്തണം. മധ്യപ്രദേശ് പിടിക്കണം. മഹാരാഷ്ട്ര തിരിച്ച് പിടിക്കുക അത്ര ബുദ്ധിമുട്ടല്ല. അവിടെ അടിയിളകിയിട്ടുണ്ട്.

3. വളരെ പ്രധാനപ്പെട്ട കാര്യം പിന്നാക്ക ഹിന്ദു സമുദായം എന്ന വോട്ട് ബാങ്കിന്റെ സാധ്യത ബി.ജെ.പിയെ പഠിപ്പിച്ചത് കർണാടകയാണ് എന്നതാണ്. ബില്ലവ, ബണ്ട്, ബ്രാഹ്മൺ എന്ന ട്രിപ്പിൾ ബി ഇക്വേഷനും ലിംഗായത്ത്-ബ്രാഹ്മൺ സഖ്യവും അവർ പരീക്ഷിച്ചു. ഹിന്ദു പിന്നാക്ക വിഭാഗത്തിന്റെ വോട്ട് ലഭിക്കുക എന്നത് സുരക്ഷിതമായ ഒരു വഴിയാണെന്ന് അവർക്ക് നേരത്തേ അറിയാമായിരുന്നു. സവർക്കർ മുതൽ ഗോൾവാൾക്കർ വരെ ലക്ഷ്യമിട്ടിരുന്ന ഹിന്ദുത്വ അജണ്ടയുടെ നിർവ്വാഹക ശേഷിയുള്ള ഭൂരിപക്ഷ സമൂഹത്തെ ബി.ജെ.പി അങ്ങനെ കർണാടകയിൽ കണ്ടെത്തി.

ജഗദീഷ് ഷെട്ടാർ

ഉത്തരേന്ത്യയിൽ തൊണ്ണൂറുകൾ മുതൽ പിന്നാക്ക വിഭാഗവും ദളിതരും സംഘടിത ശക്തിയായി നിന്ന് വിലപേശൽ നടത്തുകയും സാമൂഹിക ഉന്നമനവും രാഷ്ട്രീയാധികാരവും സാധ്യമാക്കുകയും ചെയ്തിരുന്നതിനാൽ അവർക്ക് അവിടെ കടന്ന് കയറൽ എളുപ്പമായിരുന്നില്ല. പക്ഷേ കർണാടകയിൽ ഈ വഴി കണ്ടെത്തിയ ശേഷമാണ് പിന്നാക്ക വിഭാഗങ്ങളെ ഒന്നായി സമീപിക്കുന്നതിന് പകരം ജാതിയടിസ്ഥാനത്തിൽ ഒരോ സമൂഹത്തിലും കടന്ന് കയറാൻ അവർ ശ്രമം ആരംഭിച്ചത്. അത് വിജയകരവുമായിരുന്നു. എന്നാൽ തൊഴിലും പ്രാതിനിധ്യവും സാമൂഹിക അംഗീകാരം നൽകാതെ ബ്രാഹ്മണിക്കൽ ഹിന്ദുത്വയുടെ അജണ്ട നടപ്പിക്കാനുള്ള ഉപകരണം മാത്രമായിരുന്നുവെന്ന് പിന്നാക്ക വിഭാഗങ്ങൾ അറിയുന്ന നിമിഷം തിരിച്ചടിക്കാനുള്ള സാമൂഹ്യനിർവ്വാഹകത്വം ഈ സമൂഹത്തിനുണ്ടെന്നുള്ള കാര്യം ഹിന്ദുത്വ സഖ്യം ഓർത്തിട്ടില്ല. കർണാടകയിൽ അതാണ് സംഭവിച്ചത്. ജഗദീഷ് ഷെട്ടാർ എന്ന ബി.ജെ.പിയുടെ ദീർഘകാല നേതാവ് സ്വയം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടുവെങ്കിലും അയാൾ ഉയർത്തിയ പ്രശ്‌നം കർണാടകയിൽ ദീർഘകാലമായി ബി.ജെ.പിക്ക് പിന്നിൽ അണിനിരന്നിരുന്ന പിന്നാക്ക വിഭാഗം ഹിന്ദുക്കൾക്കിടയിൽ പ്രവർത്തിച്ചു. രാഷ്ട്രീയാധികാരം വിതരണം ചെയ്യാതെ സവർണ സമൂഹത്തിന്റെ അജണ്ട നടപ്പാക്കാനുള്ള മാർഗ്ഗമായി പിന്നാക്ക വിഭാഗത്തെ ഉപയോഗിക്കുകയാണെന്ന് അവർ തിരിച്ചറിഞ്ഞു.

ഈ തിരിച്ചറിവ് ഉത്തരേന്ത്യയിലും വളർത്തിയെടുക്കാൻ എളുപ്പമാണ്. അതിനുള്ള പ്രധാന മാർഗ്ഗം നിലവിലുള്ള പ്രശ്‌നങ്ങളിൽ തന്നെ തിരഞ്ഞെടുപ്പ് കേന്ദ്രീകരിക്കണം എന്നുള്ളതാണ്. ബി.ജെ.പിയുടെ അജണ്ടകളാണ് തിരഞ്ഞെടുപ്പിൽ ഉയരുന്നതെങ്കിൽ മുസ്ലീം/മുഗൾ ചരിത്രവുമായി വിവിധ പിന്നാക്ക വിഭാഗങ്ങളെ ബന്ധിപ്പിച്ച് ഹിന്ദു-മുസ്ലീം വിഭജനങ്ങളിലൂന്നിയ പ്രചരണമായിരിക്കും ഉയരുക. അതിന് അനുവദിക്കാതിരിക്കുകയും സമൂഹത്തിലെ അടിസ്ഥാന പ്രശ്‌നങ്ങളിലൂന്നിയുള്ള പ്രചരണം ആരംഭിക്കുകയും ചെയ്താൽ സ്വഭാവികമായും വിവിധ വിഭാഗങ്ങളുടെ കാലാകാലങ്ങളായുള്ള രോഷം പുറത്ത് വരും എന്നുള്ളതാണ് കർണാടക പഠിപ്പിക്കുന്നത്. ടിപ്പു സുൽത്താനെ വധിച്ചത് വൊക്കലിഗ സമുദായാംഗങ്ങളാണ് എന്ന മട്ടിൽ ബി.ജെപി ആരംഭിച്ച പ്രചരണത്തിനെ വൊക്കലിഗ സമൂഹത്തിന് അകത്ത് നിന്ന് തന്നെ പ്രതികരണം ഉണ്ടാവുകയും അവരതിനെ തള്ളിക്കളയുകയും ചെയ്തത് അതീവ പ്രധാന്യമർഹിക്കുന്ന ഉദാഹരണമാണ്.

4. കർണാടകയിൽ മുസ്ലീം സമുദായ ഏകീകരണം കോൺഗ്രസിന് അനുകൂലമായി ഉണ്ടായത് പോലെ തന്നെ പ്രധാനമാണ് ദളിത് വോട്ടുകളുടെ ഏകീകരണമുണ്ടായതും. മല്ലികാർജ്ജുന ഖാർഗെയുടെ അധ്യക്ഷ പദവി അതിലൊരു പങ്ക് വഹിച്ചിരിക്കണം. അവിടെയും പ്രധാനമായി മാറുന്നത് രാഷ്ട്രീയാധികാരത്തിന്റെ വിതരണത്തിന്റെ ഗുണഫലം കാലങ്ങളായി പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന സമൂഹങ്ങൾക്ക് ലഭിക്കുമ്പോഴുണ്ടാകുന്ന ഗുണപരമായ മാറ്റമാണ്. കോൺഗ്രസ് വിജയിച്ച 135 സീറ്റുകളിൽ 97ഉം ഗ്രാമീണ മേഖലയിൽ നിന്നാണെന്നതും മൊത്തം ലഭിച്ച വോട്ടുകളിൽ 68 ശതമാനത്തോളം ഇതേ മേഖലയിൽ നിന്ന് തന്നെയാണെന്നതും മറന്നുപോകരുത്. 36 ദളിത് സംവരണ മണ്ഡലങ്ങളിൽ 21ലും 15 ആദിവാസി സംവരണ മണ്ഡലങ്ങളിൽ പതിന്നാലിലും കോൺഗ്രസ് ജയിച്ചു. ഗ്രാമീണ മേഖലയിലെ മിക്കവാറും സീറ്റുകളിൽ 10,000ത്തിന് മുകളിൽ ഭൂരിപക്ഷവും കോൺഗ്രസിനുണ്ട്. ഇത് ഗ്രാമീണ ഇന്ത്യ തീരുമാനിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ എന്തു ചെയ്യണമെന്നതിന്റെ ദിശാസൂചികയാണ്.

ഡി.കെ.ശിവകുമാർ സിദ്ധരാമയ്യ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ

സിദ്ധരാമയ്യ എന്ന സോഷ്യലിസ്റ്റും ഡി.കെ.ശിവകുമാർ എന്ന ക്യാപിറ്റലിസ്റ്റും ഒരു പോലെ പണിയെടുത്താണ് കർണാടകയിൽ ഈ നിർണായക വിജയം നേടിയത്. സ്വന്തമായി ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഉള്ളവരാണ് അവർ. ഒരേ പാർട്ടിയിലാണെങ്കിലും വ്യത്യസ്തർ. പക്ഷേ ബി.ജെ.പിയെ തോൽപ്പിക്കണമെന്ന പൊതു ലക്ഷ്യത്തിൽ അവർ ഒരുമിച്ച് നിന്നു. തങ്ങളുടേതായ തന്ത്രങ്ങൾ പ്രയോഗിച്ചു. അതിനെ ഒന്നിച്ച് ചേർത്തു. പല പാർട്ടികൾക്കും അത് മാതൃകയാണ്.

ഈ വെളിച്ചം കെടാതെ മുന്നോട്ട് കൊണ്ടുപോയാൽ 2024ൽ ഇന്ത്യൻ ജനാധിപത്യത്തെ നിലനിർത്താനുള്ള വഴികളിൽ ചിലത് തെളിഞ്ഞ് വരാൻ സാധ്യതയുണ്ട്.

About Author

ഡി ശ്രീജിത്ത്

പ്രമുഖ മാധ്യമ പ്രവർത്തകൻ. മാതൃഭൂമി പത്രത്തിന്റെയും മീഡിയ വൺ ചാനലിന്റെയും ഡൽഹി റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ദേശിയ തിരഞ്ഞെടുപ്പുകൾ ഉത്തരേന്ത്യയിൽ നിന്നും റിപ്പോർട്ട് ചെയ്തിട്ടുള്ള രാഷ്ട്രീയ ലേഖകൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ശ്രദ്ധേയമായ ചില നിരീക്ഷണങ്ങൾ ഈ കുറിപ്പിൽ ഉണ്ട്, ബി ജെ പി വിരുദ്ധ രാഷ്ട്രീയ കക്ഷികളുടേയും ഇന്ത്യ മതരാഷ്ട്രമാകരുത് എന്ന ആഗ്രഹിക്കുന്ന വോട്ടർമാരുടെയും ശ്രദ്ധ പതിയേണ്ടവ. ലേഖകന് അഭിവാദ്യങ്ങൾ….