A Unique Multilingual Media Platform

The AIDEM

Articles Politics Society

ലക്ഷദ്വീപിലെ ജനജീവിതത്തെ ഞെരുക്കുന്ന തുഗ്ലക്കിയൻ പരിഷ്‌കാരങ്ങൾ 

  • October 14, 2022
  • 1 min read
ലക്ഷദ്വീപിലെ ജനജീവിതത്തെ ഞെരുക്കുന്ന തുഗ്ലക്കിയൻ പരിഷ്‌കാരങ്ങൾ 

ലക്ഷദ്വീപ് വീണ്ടും അശാന്തമാവുകയാണ്. ഇന്ത്യയിലെ ഒരു പക്ഷെ ഏറ്റവും ശാന്തസ്വാഭാവികളായ ഒരു ജനസമൂഹം അവരുടെ സ്വൈര ജീവിതത്തിനുമേൽ ഭരണകൂടം നടത്തുന്ന കടന്നുകയറ്റങ്ങളുടെ പേരിൽ പ്രതികരിക്കാൻ വീണ്ടും നിർബന്ധിതരാവുകയാണ്. ഒരു ഡ്രാഫ്റ്റ് ഗുണ്ടാ ആക്ട് അവതരിപ്പിക്കാൻ, മൃഗ സംരക്ഷണ ചട്ടങ്ങളുടെ പേരിൽ ലക്ഷദ്വീപിലെ ജനങ്ങളുടെ ഭക്ഷണ ശീലങ്ങൾ മാറ്റാൻ, ലക്ഷദ്വീപിൽ മദ്യവിൽപ്പനക്ക് ലൈസൻസ് നൽകാൻ, എന്നിങ്ങനെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ അടുത്തകാലത്ത് എടുത്ത പല നടപടികളും എതിർപ്പ് നേരിട്ടിരുന്നു. 

ലക്ഷദ്വീപ് ഡെവലപ്പ്മെൻറ് അതോറിറ്റി റെഗുലേഷൻ എന്ന പേരിൽ ലക്ഷദ്വീപ് ഭരണകൂടം 2021 ഇൽ പുറത്തിറക്കിയ കരട് നയരേഖ അടിമുടി നാട്ടുകാർക്ക് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതായിരുന്നു. ഈ രേഖയുടെ ആദ്യത്തെ ഖണ്ഡികയിൽ തന്നെ പറയുന്നത്  ദ്വീപുകളിലെ ഏതു സ്ഥലത്തായാലും, മോശം സ്ഥലവിന്യാസവും, പഴഞ്ചൻ വികസനമാതൃകകളും നിലനിൽക്കുന്നുണ്ടെങ്കിൽ (bad layout or obsolete development) അതിൽ മാറ്റം വരുത്താൻ ലക്ഷദ്വീപ് ഭരണകൂടത്തിന് അധികാരം ഉണ്ടാവും എന്നാണ്. ദ്വീപിൽ എന്ത് വികസനപ്രവർത്തനം എവിടെ നടത്താനും ഭരണകൂടത്തിന് പൂർണ്ണ അധികാരം നൽകുന്നതാണ് ഈ രേഖ. ഇത് തടയാൻ ശ്രമിക്കുന്നവർക്ക് തടവുശിക്ഷ ലഭിക്കുമെന്നും പറയുന്നു. ഖനനവും, ക്വാറികളും, കെട്ടിടങ്ങളും, റോഡുകളും എന്തും ഈ രേഖയിൽ വികസനപ്രവർത്തനത്തിൻറെ പരിധിയിൽ വരുന്നു. മാത്രമല്ല, ഈ വികസന പ്രവർത്തനങ്ങളുടെ സാമ്പത്തിക ബാധ്യത ഒരു പരിധി വരെ ജനങ്ങളുടെ മുകളിൽ കെട്ടിവെക്കുകയും ചെയ്യുന്നു. 

സ്‌കൂളുകൾ അടച്ചു പൂട്ടൽ, ദ്വീപുകൾക്കിടയിലുള്ള സഞ്ചാരം നിയന്ത്രിക്കൽ, ദ്വീപുകാരുടെ മുഖ്യ വരുമാന സ്രോതസ്സായ താൽക്കാലിക സർക്കാർ തസ്തികകൾ റദ്ദാക്കൽ, എൽ.ഡി.-യു.ഡി. ക്ലർക്ക് തസ്തികകൾ കുറേക്കാലം നിയമനം നടത്താതെ ഇട്ട ശേഷം ആളില്ല എന്ന് പറഞ്ഞു റദ്ദാക്കൽ, കൃഷി വകുപ്പിനെ തന്നെ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കി അവിടത്തെ ജീവനക്കാരെ മറ്റു വകുപ്പുകളിലേക്കു മാറ്റി നിയമിക്കൽ, അടിയന്തര ചികിത്സാ സഹായം അവശ്യമുള്ള രോഗികളെപ്പോലും കേരളത്തിലെത്തിച്ചു ചികിത്സ നൽകാനുള്ള എയർ ആംബുലൻസിനു കവരത്തിയിൽ  നിന്ന് തന്നെ അനുമതി വാങ്ങണം എന്ന പുതിയ ഉത്തരവുകൾ, ഇങ്ങനെ ജനങ്ങളുടെ ജീവിതം ദുഷ്കരമാക്കുന്ന നടപടികൾ ദ്വീപ് ഭരണകൂടം തുടരുകയാണ്. ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസൽ അടുത്ത ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് പ്രശ്നങ്ങൾ അവതരിപ്പിച്ചുവെങ്കിലും ദ്വീപിൽ ഭരണകൂടത്തിൻറെ ജനങ്ങളോടുള്ള സമീപനത്തിൽ മാറ്റമൊന്നും കാണുന്നില്ല. 

ദ്വീപുകളിലെ പട്ടാള സാന്നിധ്യം വളരെ വർധിപ്പിച്ചിരുന്നു. കൊച്ചിയിലെ ദ്വീപിലേക്ക് പോകാനുള്ള ടിക്കറ്റ് വിൽക്കുന്ന കൗണ്ടറുകൾക്കുമുന്നിൽ സംഘർഷ സാഹചര്യം നിലനിൽക്കുന്നു. പല കാരണങ്ങളാൽ ദ്വീപിലേക്കുള്ള കപ്പലുകളുടെ എണ്ണം കുറഞ്ഞു. ആളുകൾ ദിവസങ്ങളോളം കാത്തുനിന്നു ടിക്കറ്റ് കിട്ടാതെ വലയുകയാണ്. 

2011 ലെ സെൻസസ് പ്രകാരം 94.8% ദ്വീപ് വാസികളും ഷെഡ്യുൾഡ് ട്രൈബ് വിഭാഗത്തിൽ പെടുന്ന മുസ്ലീങ്ങളാണ്. അവരുടെ ഭൂമി സംരക്ഷിക്കാൻ ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ശക്തമായ നിയമങ്ങളും ഉള്ളതാണ്. റിയൽ എസ്റ്റേറ്റ് -ടൂറിസം താല്പര്യങ്ങളാണോ, അതോ മറ്റെന്തെങ്കിലുമാണോ ഇതിനെല്ലാം പിന്നിൽ എന്ന് ദ്വീപ് വാസികൾ സംശയിക്കുന്നതിൽ അവരെ കുറ്റം പറയാനാവില്ല. ചുരുങ്ങിയത് ഭരണാധികാരികൾ അവരെ വിശ്വാസത്തിലെടുത്തു കാര്യങ്ങൾ വിശദീകരിക്കുകയെങ്കിലും ചെയ്യുന്നില്ലെങ്കിൽ. 

വരും ദിവസങ്ങളിലും ‘ദി ഐഡം’ പരിശോധിക്കാൻ പോകുന്നത് എന്താണ് ഈ പ്രശ്നങ്ങളുടെയെല്ലാം പിന്നിൽ യഥാർത്ഥത്തിലുള്ള കാരണങ്ങൾ എന്നാണ്. ലക്ഷദ്വീപ് എം.പി. പി.പി. മുഹമ്മദ് ഫൈസലുമായി ‘ദി ഐഡം’ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗമാണിത്. 

 

ചോദ്യം:  ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ പല വിധത്തിലുള്ള തലതിരിഞ്ഞ നടപടികൾ മൂലം ലക്ഷദ്വീപിലെ ജനതയുടെ നിത്യ ജീവിതം തന്നെ ദുസ്സഹമായിരിക്കുന്നു എന്നാണ് അറിയാൻ കഴിയുന്നത്. താങ്കളും അത് മറ്റു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുള്ളതാണ്. നമുക്ക് ഓരോ വിഷയമായി സംസാരിക്കാം. ആദ്യമായി എന്തുകൊണ്ടാണ് അടുത്തകാലത്തായി ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതം ഇത്രമേൽ വർധിച്ചിരിക്കുന്നത്? എന്തുകൊണ്ടാണ് ആളുകൾ കൊച്ചിയിലെ ടിക്കറ്റ് കൗണ്ടറുകൾക്കു മുന്നിൽ ദിവസങ്ങളോളം രാത്രി കിടന്നുറങ്ങി ടിക്കറ്റ് എടുക്കേണ്ട സ്ഥിതി വന്നിരിക്കുന്നത് എന്ന് വിശദീകരിക്കാമോ? 

പി.പി. മുഹമ്മദ് ഫൈസൽ: ലക്ഷദ്വീപിലേക്ക് കൊച്ചിയിൽ നിന്ന് പോകാൻ 7 യാത്രാക്കപ്പലുകൾ ഉണ്ടായിരുന്നതാണ്. ഇപ്പോൾ രണ്ടെണ്ണം മാത്രമേ സർവീസ് നടത്തുന്നുള്ളൂ. 2023 വരെ ഓടിക്കാൻ അനുവാദം ഉണ്ടായിരുന്ന രണ്ടു കപ്പലുകൾ ഒരു കാരണവുമില്ലാതെ outlived ആയി എന്ന് പറഞ്ഞു സർവീസ് നിർത്തി. ലക്ഷദ്വീപിന്‌ വേണ്ടിയുള്ള പ്രോസ്പെക്റ്റീവ് പ്ലാൻ കേന്ദ്ര മിനിസ്ട്രി ഓഫ് ഷിപ്പിംഗ് തത്വത്തിൽ അംഗീകരിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ പുതിയ കപ്പലുകൾ നിർമ്മിക്കാൻ വേണ്ടിയുള്ള ഫണ്ടുകൾ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിക്കുകയും ചെയ്തതാണ്. അതിന്റെ ഭാഗമായി 500 പേർക്ക് കയറാവുന്ന ഒരു കപ്പലിന് ടെണ്ടറും വിളിച്ചതാണ്. എന്നാൽ പുതിയ അഡ്മിനിസ്ട്രേറ്റർ വന്നപ്പോൾ ആ പ്രോസ്‌പെക്ടീവ് പ്ലാൻ റദ്ദാക്കി. അതോടെ ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ കാര്യത്തിൽ അനിശ്ചിതത്വം ഉണ്ടായി.

അതേസമയം ഇപ്പോൾ ഓടുന്ന കപ്പലുകളുടെ സമയബന്ധിതമായ അറ്റകുറ്റപ്പണി നടത്തണം. അതിനു വേണ്ട തുക കൊച്ചിൻ ഷിപ് യാഡിനു കൊടുക്കണം. നാലഞ്ച് മാസത്തേക്ക് ഈ തുക കൊടുക്കാതെ പിടിച്ചുവച്ചു. അപ്പോൾ ഓടുന്ന കപ്പലുകളുടെ എണ്ണം കുറഞ്ഞുവന്നു. ഞാൻ പാർലിമെന്റിൽ ഈ പ്രശനം ഉന്നയിച്ച ശേഷമാണ് അഡ്മിനിസ്ട്രേറ്റർ കൊച്ചിൻ ഷിപ് യാഡിന് അറ്റകുറ്റപ്പണിക്ക് പണം കൊടുക്കാനുള്ള ഉത്തരവിൽ ഒപ്പുവെച്ചത്. അപ്പോഴേക്കും കപ്പലുകളുടെ അവസ്ഥ കൂടുതൽ മോശമായിരുന്നു. ഒരു മാസം കൊണ്ട് ഇറങ്ങേണ്ട കപ്പലുകൾ അപ്പോൾ 6-7 മാസം അറ്റകുറ്റപ്പണി നടത്തേണ്ട സ്ഥിതി വന്നു. എം.വി. അറേബ്യൻ സീ, എം.വി. ലക്ഷദ്വീപ് സീ, എം.വി. ലഗൂൺ എന്നീ മൂന്നു കപ്പലുകൾ അങ്ങനെ കുറെയേറെ സമയം അറ്റകുറ്റപ്പണിക്കായി മാറ്റിനിർത്തേണ്ടി വന്നു. ഇപ്പോൾ എം.വി. അറേബ്യാൻ സീയും, എം.വി. ലഗൂണും മാത്രമാണ് തിരിച്ചു കിട്ടിയിരിക്കുന്നത്. എം.വി. ലക്ഷദ്വീപ് സീ ഇപ്പോഴും കിട്ടിയിട്ടില്ല. 

50% യാത്രക്കാർ യാത്രക്കായി ആശ്രയിച്ചിരുന്ന ഏറ്റവും വലിയ കപ്പലാണ് എം.വി. കവരത്തി. ആ കപ്പലിൽ ഒരു തീ പിടുത്തം ഉണ്ടായി. അതുണ്ടായിട്ട് ഈ ഡിസംബറിലേക്ക് ഒരു വർഷം തികയുകയാണ്. ഇപ്പോഴും അതിന്റെ പണി നടക്കുന്നു എന്നാണ് പറയുന്നത്. ഡെന്മാർക്കിൽ നിന്ന് ഉക്രൈൻ വഴിയാണ് സ്പെയർ പാട്ടുകൾ വരേണ്ടത്, ഉക്രൈൻ യുദ്ധമാണ് കാലതാമസത്തിനു കാരണം എന്നെല്ലാം പറയുന്നുണ്ട്. ഏതായാലും പണി തീരാൻ ഇനിയും ഒരു മാസം കൂടി എടുക്കും എന്ന് പറയുന്നു. ഈ വലിയ കപ്പൽ ഇല്ലാതായതിന്റെയും, നേരത്തെ പറഞ്ഞ മറ്റു കപ്പലുകളുടെയും ഒക്കെ പ്രശ്നമാണ് ലക്ഷദ്വീപിലേക്കുള്ള യാത്രാദുരിതം ഇത്ര രൂക്ഷമാക്കിയത്. അഡ്മിനിസ്‌ട്രേഷന്റെ കെടുകാര്യസ്ഥത ഇതിൽ ഒരു വലിയ ഘടകമാണ്. ഫണ്ട് സമയത്തിന് കൊടുത്തിരുന്നുവെങ്കിൽ ഈ കാലതാമസം വരില്ലായിരുന്നു. ഇതിനു മുൻപ് അറ്റകുറ്റപ്പണി നടത്തിയ കപ്പലുകൾക്കാവട്ടെ, വീണ്ടും ഗുരുതരമായ പ്രശ്നങ്ങൾ സംഭവിക്കുന്നുണ്ട്. അപ്പോൾ എന്ത് തരം അറ്റകുറ്റപ്പണിയാണ് നടത്തിയത് എന്ന ചോദ്യവും പ്രസക്തമാണ്. 

മറ്റൊരു പ്രധാനപ്പെട്ട കാര്യം നടന്നത്, ലക്ഷദ്വീപിലേക്കുള്ള കപ്പലുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും പുതിയ അഡ്മിനിസ്ട്രേറ്റർ ഇക്കഴിഞ്ഞ ജൂലൈയിൽ ലക്ഷദ്വീപിലെ പൊതുമേഖലാ സ്ഥാപനമായ ലക്ഷദ്വീപ് ഡെവലപ്പ്മെൻറ് കോർപ്പറേഷന്റെ കയ്യിൽ നിന്ന് ഷിപ്പിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യക്കു കൈമാറി എന്നതാണ്. ലക്ഷദ്വീപ് ഡെവലപ്പ്മെൻറ് കോർപ്പറേഷൻ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെ കീഴിലുള്ള ഒരു സ്ഥാപനമാണ്. അതിൽ നിന്ന് ഒരു കേന്ദ്ര സ്ഥാപനത്തിലേക്ക് ചുമതല കൈമാറിയപ്പോൾ അതിനു മുകളിൽ അഡ്മിനിസ്ട്രേഷന് നിയന്ത്രണം ഇല്ലാതെ വന്നു. ഷിപ്പിംഗ് കോർപ്പറേഷനാവട്ടെ അവരുടെ സ്വന്തം കപ്പലുകൾ തന്നെ ശരിയായി നടത്തിക്കൊണ്ടുപോകാൻ പറ്റാതെ സ്വകാര്യവത്കരിക്കാനുള്ള നീക്കത്തിലാണ്. അവർക്ക് ഈ കപ്പലുകൾ കൂടി ഏറ്റെടുക്കാൻ തന്നെ താല്പര്യം കുറവായിരുന്നു. മാത്രമല്ല, അവർ ഒരു വലിയ കമ്പനി ആയതിനാൽ എന്ത് കാര്യം ചെയ്യണമെങ്കിലും എഴുത്തുകുത്തുകൾ കുറെയേറെ നടക്കണം. അപ്പോൾ അതിന്റെ കാലതാമസവും വന്നു.  ഇതിന്റെയെല്ലാം ഫലമായിട്ടാണ് ആളുകൾക്ക് ടിക്കറ്റ് കിട്ടാതെ വരുന്നത്. കാരണം കുറച്ചു കപ്പലുകൾ അല്ലെ ഓടുന്നുള്ളൂ. 


Related Story: ദ്വീപിൽ നിന്ന് ദ്വീപിലേക്കുള്ള വഴിമുടക്കുന്ന ഉത്തരവ്


ചോദ്യം: അതുപോലെ നേരത്തെ പ്രാദേശിക മെഡിക്കൽ ഓഫീസർ അംഗീകരിച്ചാൽ എയർ ആംബുലൻസ് ഉപയോഗിച്ച് വിദഗ്ധ ചികിത്സക്കായി ആളുകളെ കൊച്ചിയിലേക്കു കൊണ്ടുപോകാം എന്ന വ്യവസ്ഥ ഉണ്ടായിരുന്നതിനു പകരം, ഇപ്പോൾ കവരത്തിയിൽ നിന്ന് ഉയർന്ന ഉദ്യോഗസ്ഥർ അനുമതി നൽകണം എന്ന് അറിയാൻ കഴിഞ്ഞു. ഇത് ജനങ്ങളുടെ ചികിത്സാ ലഭ്യതയെ ബാധിച്ചിട്ടുണ്ടോ? 

പി.പി. മുഹമ്മദ് ഫൈസൽ എം.പി. : പത്തു ദ്വീപുകളാണല്ലോ. ഈ പത്തു ദ്വീപിലും അതാതു സ്ഥലത്തെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ആ രോഗിയെ പരിശോധിച്ച ശേഷം ഇതിവിടെ ചികിത്സിച്ചാൽ പോരാ, വിദഗ്ധ ചികിത്സ വേണം എന്ന് തീരുമാനിച്ചാൽ, നേരത്തെ അഗത്തി ആശുപത്രിയിലോ, കവരത്തി ആശുപത്രിയിലോ അയക്കും. ഈ രണ്ടിടത്തും പറ്റാത്ത കേസ് ആണെങ്കിൽ കൊച്ചിയിലേക്ക് അയക്കും, ഇതായിരുന്നു രീതി. അന്നൊക്കെ അതാതു ദ്വീപിലെ മെഡിക്കൽ ഓഫീസർ തീരുമാനിച്ച് ഒരു എസ്.എം.എസ്. അയച്ചാൽ ഹെലികോപ്റ്റർ വരും. ഇപ്പോൾ മെഡിക്കൽ ഓഫീസർ മാത്രം തീരുമാനിച്ചാൽ പോരാ, ആ റിപ്പോർട്ട് കവരത്തിയിൽ ഇരിക്കുന്ന മെഡിക്കൽ സൂപ്രണ്ട് ഉൾപ്പെട്ട, നാല് ഡോക്ടർമാർ ഉൾപ്പെട്ട, കമ്മിറ്റി കാണണം. ആ കമ്മിറ്റി തീരുമാനിച്ചിട്ടേ രോഗിയെ കൊച്ചിയിലേക്ക് എയർ ആംബുലൻസിൽ അയക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവൂ.

 

ചോദ്യം: അത് വളരെ ഗുരുതരമായ ഒരു കാലതാമസം അല്ലെ? ആളുകൾക്ക് സമയത്തിന് ചികിത്സ ലഭിക്കുന്നതിൽ? 

പി.പി. മുഹമ്മദ് ഫൈസൽ എം.പി. : തീർച്ചയായും, കാലതാമസം വരുന്നുണ്ട്. ഇവിടെ നേരത്തെ 5 ദ്വീപുകളിലായി 35 സ്‌പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉണ്ടായിരുന്നതാണ്. പബ്ലിക്-പ്രൈവറ്റ് പാർട്ണർഷിപ്പ് മാതൃകയിൽ ആശുപത്രികൾ പ്രവർത്തിച്ചുകൊണ്ടിരുന്നതാണ്. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ആ സംവിധാനമേ നിർത്തലാക്കി. അപ്പോൾ ഇവിടെ തന്നെ ചികിത്സിക്കാൻ പറ്റുമായിരുന്ന നിരവധി രോഗികളെ കൊച്ചിയിലേക്ക് കൊണ്ടുപോകണം എന്ന സ്ഥിതി വന്നു. കൊണ്ടുപോകേണ്ട രോഗികളുടെ എണ്ണം വളരെയധികം കൂടി. പി.പി.പി. മാതൃക നിർത്തലാക്കിയിട്ടു നാഷണൽ ഹെൽത്ത് മിഷനിലൂടെ ഡോക്ടർമാരെ നിയമിക്കാൻ നോക്കി. അത് നേരത്തെ ചെയ്തു പരാജയപ്പെട്ട ഒരു മാതൃക കൂടിയാണ്. ഔദ്യോഗിക നടപടികളിലൂടെ എൻ.എച്ഛ്.എം. വഴി ഒരാളെ നിയമിച്ചു എന്ന് വെക്കുക. ഇവിടെ വന്നു ജോലിയിൽ പ്രവേശിച്ച ശേഷം അയാൾ ജോലി വിട്ടിട്ടു പോയാൽ പിന്നെ ഒരാളെ എടുക്കാൻ വീണ്ടും ഈ എല്ലാ ഔദ്യോഗിക നടപടികളും ആവർത്തിക്കണം. അത്രയും കാലതാമസം വരും. അപ്പോൾ സ്‌പെഷലിസ്റ്റ് ഡോക്ടർമാർ ഫലത്തിൽ ഇല്ലാതായി. കൊച്ചിയിലേക്ക് കൊണ്ട് പോകേണ്ട രോഗികളുടെ എണ്ണം അങ്ങനെ കൂടിയപ്പോൾ കാലതാമസം പതിവായി. ഒരു രോഗിയെയും കൊണ്ട് ഹെലികോപ്റ്റർ കൊച്ചിയിൽ പോയി തിരിച്ചു വരാൻ ചുരുങ്ങിയത് 6 മണിക്കൂർ എടുക്കും. കാലാവസ്ഥ മോശമാണെങ്കിൽ പിന്നെയും വൈകും. അപ്പോൾ പിന്നെ പിറ്റേ ദിവസം കൊണ്ടുപോകേണ്ടി വരും. 

 

ചോദ്യം: ലക്ഷദ്വീപിലെ സ്‌കൂളുകൾ പലതും അടുത്തകാലത്തായി അടച്ചു പൂട്ടി എന്നും അറിയാൻ കഴിഞ്ഞു. അത് എന്തുകൊണ്ടാണ്? 

പി.പി. മുഹമ്മദ് ഫൈസൽ എം.പി. : കഴിഞ്ഞ 15 മാസത്തിനുള്ളിൽ എട്ടു പ്രൈമറി സ്‌കൂളുകൾ അടച്ചുപൂട്ടി. ഇപ്പോൾ ലക്ഷദ്വീപിലുള്ള സ്‌കൂളുകൾ നടത്തിക്കൊണ്ടു പോകണമെങ്കിൽ 99 കരാർ അധ്യാപകരെ നിയമിക്കണം. പ്രൈമറി, ട്രെയിൻഡ് ഗ്രാജ്വെറ്റ്, പോസ്റ്റ് ഗ്രാജ്വെറ്റ്, ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാരാണ് വേണ്ടത്. വിദ്യാഭ്യാസ വകുപ്പ് തന്നെ പരിശോധിച്ച് നിശ്ചയിച്ചതാണ് ഇത്രയും കരാർ അധ്യാപകതസ്തികകൾ. ഒരൊറ്റ കരാർ തസ്തികയും ദ്വീപിൽ വേണ്ട എന്നതാണ് പ്രഫുൽ ഖോഡാ പട്ടേൽ അഡ്മിനിസ്ട്രേറ്ററായി വന്ന ശേഷമുള്ള നയം. ഒരു കാഷ്വൽ തൊഴിലാളിയും വേണ്ട എന്നും. അപ്പോൾ അധ്യാപകരുടെ നിയമനം നടക്കാതെ, സ്‌കൂളുകളിൽ വേണ്ടത്ര അധ്യാപകരില്ലാതെ വന്നപ്പോൾ, ചെരിപ്പിനനുസരിച്ചു കാൽ മുറിക്കുക എന്ന സമീപനമാണ് അഡ്മിനിസ്ട്രേറ്റർ സ്വീകരിച്ചത്. അങ്ങനെയാണ് സ്‌കൂളുകൾ അടച്ചു പൂട്ടാൻ തുടങ്ങിയത്. ഒരു സ്‌കൂളിലെ കുട്ടികളെ മറ്റൊന്നിലേക്കു മാറ്റുകയാണ് ചെയ്തത്. ഇന്ത്യൻ പാർലിമെൻറ് പാസാക്കിയ 2009 ലെ വിദ്യാഭ്യാസ അവകാശ നിയമം പറയുന്ന വ്യവസ്ഥകളുടെ ലംഘനമാണ് ഇത്. കാരണം ഒന്ന് മുതൽ അഞ്ച് വരെയുള്ള ക്‌ളാസുകളിലെ കുട്ടികൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ പ്രൈമറി വിദ്യാലയം നിർബന്ധമായും വേണം എന്ന് നിയമത്തിൽ പറയുന്നുണ്ട്. ഇവിടെ പൂട്ടിയ 8 സ്‌കൂളുകളും പ്രൈമറി സ്‌കൂളുകളാണ്. അതിനെതിരെ ഹൈക്കോടതിയിൽ നിന്ന് ഞങ്ങൾ സ്റ്റേ വാങ്ങിയിട്ടുണ്ട്. കടമത്ത് ദ്വീപിലെ സ്‌കൂൾ പൂട്ടിയതിന്. അധ്യാപകരുടെ ക്ഷാമം ഇല്ല എന്ന് വരുത്തി തീർക്കാനാണ് സ്‌കൂളുകൾ പൂട്ടിയത്. വൈസ് പ്രസിഡൻറ് കടമത്ത് ദ്വീപിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ വന്നപ്പോൾ ഈ വിഷയം ഞാൻ അവിടെ നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. അപ്പോൾ അഡ്മിനിസ്ട്രേറ്റർ പറഞ്ഞത് ഇവിടെ ടീച്ചർ-കുട്ടി അനുപാതം  ആവശ്യത്തിലും അധികമാണ്, ടീച്ചർമാർ അധികമാണ് എന്നാണ്. ലക്ഷദ്വീപ് ഒരൊറ്റ ദ്വീപായിരുന്നുവെങ്കിൽ, ഇവിടത്തെ ജനസംഖ്യ നോക്കിയാൽ ഈ പറഞ്ഞത് ശരിയായിരിക്കാം. പക്ഷെ ഇവിടെ ഓരോ ദ്വീപും കടലിൽ വെവ്വേറെയാണല്ലോ. അപ്പോൾ ജനസംഖ്യ അല്ലല്ലോ നോക്കേണ്ടത്. എല്ലാവരും ഒരു ദ്വീപിൽ താമസിക്കുകയാണെങ്കിൽ കുഴപ്പമില്ല, ഒരു സ്‌കൂൾ മതി. ഇവിടെ അതല്ലല്ലോ സ്ഥിതി. 

അധ്യാപകർ മാത്രമല്ല ഇവിടെ പല വകുപ്പുകളിലും തസ്തികകൾ അധികമാണ് എന്നും അതെല്ലാം റദ്ദാക്കണം എന്നുമാണ് പ്രഫുൽ ഖോഡാ പട്ടേൽ പറയുന്നത്. മന്ത്രാലയങ്ങൾ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി സാൻക്ഷൻ ചെയ്ത 1600 തസ്തികകൾ ആണ് അധികമാണ് എന്ന് പറഞ്ഞു റദ്ദാക്കാൻ തീരുമാനിച്ചത്. അപ്പോൾ എത്ര തൊഴിലവസരമാണ് നഷ്ടമാവുന്നത്. ഞാൻ ആഭ്യന്തര മന്ത്രാലയത്തെ അതിലുള്ള എതിർപ്പ് അറിയിച്ചിട്ടുണ്ട്. അവർ അത് പുനഃപരിശോധിക്കും എന്നാണ് എന്റെ പ്രതീക്ഷ. യു.ഡി.സി., എൽ.ഡി.സി. പരീക്ഷകൾ പാസ്സായി, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ജോലിയിൽ പ്രവേശിക്കാൻ പോയവരെ അതിനു അനുവദിക്കാതിരുന്ന സംഭവം വരെ നടന്നിട്ടുണ്ട്. 

 


‘ദി ഐഡം’ അന്വേഷണ പരമ്പര: ലക്ഷദ്വീപുകാർക്ക് ജീവിക്കണ്ടേ?


Subscribe to our channels on YouTube & WhatsApp

About Author

വി. എം. ദീപ

ദി ഐഡം എക്സിക്യൂട്ടീവ് എഡിറ്റർ. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം പ്രവർത്തിച്ചിട്ടിട്ടുണ്ട്.