A Unique Multilingual Media Platform

The AIDEM

Articles National Politics

വെറുപ്പിന്റെ ഭൂപടം: ഇത് നോക്കി തടി കാത്തോളു, ഇന്ത്യാക്കാരെ..

  • March 28, 2023
  • 1 min read
വെറുപ്പിന്റെ ഭൂപടം: ഇത് നോക്കി തടി കാത്തോളു, ഇന്ത്യാക്കാരെ..

വെറുപ്പിനെ ഒരു ഭൂപടത്തിൽ അടയാളപ്പെടുത്താൻ പറ്റുമോ? രാജ്യത്തു നടക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ആഘോഷത്തെ ഒരു ഭൂപടത്തിൽ അടയാളപ്പെടുത്തിയാൽ അതുകൊണ്ട് എന്താണ് പ്രയോജനം? സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആൻഡ് പീസ് എന്ന സംഘടന ഇന്ത്യൻ ഭൂപടത്തിൽ വെറുപ്പിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്ന ദൗത്യമാണ് ഏറ്റെടുത്തത്. ആ ഭൂപടം കൊണ്ട് സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആൻഡ് പീസ് ഉദ്ദേശിച്ചത് ഇത്രമാത്രം –  ഒറ്റപ്പെട്ടതെന്നു തോന്നിക്കുന്ന ആയിരക്കണക്കിന് സംഭവങ്ങളിലൂടെ ഇന്ത്യൻ ജനത ദിനംപ്രതി അനുഭവിച്ചുകൊണ്ടിരിക്കുന്ന വെറുപ്പിന്റെ വ്യാപ്തിയും, അദൃശ്യമായ, പരസ്പരബന്ധമുള്ള വലക്കണ്ണികളും എത്രമാത്രം വലുതാണ് എന്ന് അസംഖ്യം വാക്കുകളിൽ പറയുന്നതിനു പകരം ഒരു ചിത്രത്തിലൂടെ വ്യക്തമാക്കുക. ഒരു ചിത്രം ആയിരം വാക്കുകൾക്ക് തുല്യമാണ് എന്നൊരു ചൊല്ലുണ്ടല്ലോ. ഈ ചിത്രം, ഈ ഭൂപടം, സമകാലിക ഇന്ത്യയെ അങ്ങനെ ആയിരം വാക്കുകളിൽ വായിക്കാൻ നമ്മെ സഹായിക്കുന്നു. 

‘നഫ്‌രത് കാ നക്ഷാ’ (വെറുപ്പിന്റെ ഭൂപടം). 2021 ഫെബ്രുവരി മുതൽ ഈ ഭൂപടം ഓൺലൈനിൽ ലഭ്യമാണ്. ഏഴു ഘട്ടങ്ങളായാണ് ഇത് തയ്യാറാക്കിയത്. ആദ്യം സമാധാനത്തിന്റെ ഭൂപടം എന്ന് പേരിട്ടുവെങ്കിലും പിന്നീട് കുറേക്കൂടി അർത്ഥവത്താകുന്നത് വെറുപ്പിന്റെ ഭൂപടം എന്ന പേരാണ് എന്ന് ഭൂപടം തയ്യാറാക്കിയവർ തിരിച്ചറിഞ്ഞു. സമാധാനത്തിനു വേണ്ടി പ്രവർത്തിക്കാൻ ഒരുങ്ങുമ്പോഴാണല്ലോ പലപ്പോഴും നമ്മൾ വെറുപ്പിനെ അടുത്തറിയുന്നത്. 

വെറുതെ വെറുപ്പിനെ രേഖപ്പെടുത്തുകയല്ല, മറിച്ച്, വെറുപ്പതിക്രമങ്ങളെ പറ്റി മുന്നറിയിപ്പ് നല്കുകയും, അത്തരം കുറ്റകൃത്യങ്ങളുടെ സാധ്യത പ്രവചിക്കുകയും, അതുവഴി തടയാൻ സഹായിക്കുകയും ചെയ്യുന്നതാണ് ഈ ഭൂപടം. ഈ മുന്നറിയിപ്പ് ഭരണാധികാരികൾ കേൾക്കുന്ന പതിവ്  അടുത്ത കാലത്ത് രാജ്യത്തില്ലെങ്കിലും സാധാരണ മനുഷ്യർക്ക് ഈ മുന്നറിയിപ്പ് സ്വന്തം തടി രക്ഷിക്കാൻ സഹായിച്ചേക്കും. 

മുംബൈ ആസ്ഥാനമായ സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആൻഡ് പീസ് എന്ന സംഘടനയുടെ സെക്രട്ടറി പ്രമുഖ പൗരാവകാശ പ്രവർത്ത തീസ്ത സെതൽവാദ് ആണ്. ഗുജറാത്തിൽ, 2002 ഇൽ, ഇന്നത്തെ പ്രധാനമന്ത്രി അവിടെ മുഖ്യമന്ത്രിയായിരുന്നപ്പോൾ നടന്ന വർഗ്ഗീയ നരഹത്യക്കെതിരെ ശബ്ദിച്ചതിന്റെ പേരിൽ, 2022 ജൂണിൽ തീവ്രവാദ വിരുദ്ധ സ്‌ക്വാഡിനാൽ അറസ്റ്റ് ചെയ്യപ്പെട്ട്, പ്രധാനമന്ത്രിക്കെതിരെ വ്യാജരേഖ ചമച്ചു എന്നാരോപിക്കപ്പെട്ട്, രണ്ടു മാസവും 10 ദിവസവും ജാമ്യം ലഭിക്കാതെ ജയിലിൽ കഴിഞ്ഞ അതേ തീസ്ത തന്നെ. 

തീസ്ത സെതൽവാദ്

ഇന്ത്യയിൽ നടക്കുന്ന വർഗ്ഗീയവും, ജാതീയവും, വംശപരവും, ലിംഗപരവുമായ വെറുപ്പതിക്രമങ്ങളാണ് സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആൻഡ് പീസ് അവർ തയ്യാറാക്കിയ ഭൂപടത്തിൽ രേഖപ്പെടുത്തുന്നത്. ഈ ഭൂപടം തയ്യാറാക്കുന്നതിന് വളരെ മുൻപു തന്നെ, അതായത് കഴിഞ്ഞ 25-30 വർഷങ്ങളായി ഈ സംഘടന മേൽപ്പറഞ്ഞ കുറ്റകൃത്യങ്ങളെ നിരീക്ഷിക്കുകയും, രേഖപ്പെടുത്തി വെക്കുകയും ചെയ്തിരുന്നു. ഈ ഗണത്തിൽ പെടുന്ന ചെറിയ പരാതികൾ പോലും രേഖപ്പെടുത്തുക, ഈ പരാതികളിൽ പോലീസ് എഫ്.ഐ.ആർ. ഇടുന്നു എന്ന് ഉറപ്പു വരുത്തുക, ഈ പരാതികൾ ജില്ലാ കളക്ടറുടെയും, ന്യൂസ് ബ്രോഡ്‌കാസ്റ്റിംഗ്‌ ആൻഡ് ഡിജിറ്റൽ സ്റ്റാൻഡേർഡ്‌സ് അതോറിറ്റിയുടെയും ശ്രദ്ധയിൽ കൊണ്ടുവരിക, കേസ് കാലതാമസമില്ലാതെ നടക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക, കേസിന്റെ പുരോഗതി നിരീക്ഷിക്കുക എന്നീ കാര്യങ്ങളാണ് ഓരോ വെറുപ്പുകുറ്റകൃത്യത്തിലും ഈ സംഘടന ചെയ്യുന്നത്. 

ഇത്രയും കാലം ഈ ഗണത്തിൽ പെട്ട കുറ്റകൃത്യങ്ങൾ നിരീക്ഷിച്ചതിലൂടെ സംഘടന ചില കാര്യങ്ങൾ മനസ്സിലാക്കി. ഓരോ കുറ്റകൃത്യവും നടക്കുന്നതിന് ഏതാണ്ട് ആറു മാസം മുൻപ് തൊട്ട് വെറുപ്പിന്റെ പ്രചാരണം വ്യക്തിപരമായ തലത്തിലും, സംഘടനകളുടെ തലത്തിലും നടക്കുന്നതായി കാണാം. ഉദാഹരണത്തിന് 1987 ലെ ഹാഷിംപുർ-മാലിയാന-മീററ്റ് വർഗ്ഗീയ കലാപം നടന്നപ്പോൾ ഇത് സംഭവിച്ചിരുന്നുവെന്ന് തീസ്ത സെതൽവാദ് പറയുന്നു. ഇങ്ങനെ പ്രചാരണം നടത്തുന്നതിലൂടെ നിഷ്പക്ഷരായ ആളുകളെ പോലും ക്രമേണ തങ്ങളോട് അനുഭാവമുള്ളവരാക്കി മാറ്റാൻ വെറുപ്പ് കുറ്റകൃത്യം ചെയ്യുന്നവർക്ക് കഴിയുന്നു. അങ്ങനെ വെറുപ്പിനിരയാവുന്ന ന്യൂനപക്ഷത്തിനെതിരെ ഒരു ഭൂരിപക്ഷം രൂപപ്പെടുന്നു. അപ്പോൾ അക്രമം ഉണ്ടാകുമ്പോൾ ആ ഭൂരിപക്ഷം നിശ്ശബ്ദരാവുന്നു, എതിർക്കാതിരിക്കുന്നു. അക്രമത്തിൽ നഷ്ടമാകുന്ന ജീവനുകൾ രക്ഷിക്കാൻ പോലും ഭൂരിപക്ഷം തയ്യാറാവാതെ ആകുന്നു. 

ഭരണകൂടം ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ വളരെ നിഷ്ക്രിയമായി തീരുമ്പോൾ, സാധാരണ പൗരന് വെറുപ്പ് കുറ്റകൃത്യങ്ങളെ പറ്റി മുൻകൂട്ടി  അറിയാൻ കഴിയുക എന്നത് വളരെ പ്രധാനമായി മാറുന്നു; ഒരു ജീവന്മരണ പ്രശ്നമായി മാറുന്നു. ഇതാണ് ഇത്തരം ഒരു ഭൂപടം തയ്യാറാക്കാൻ തീസ്തയുടെ സംഘടനയെ പ്രേരിപ്പിച്ചത്. ഇതിലൂടെ മാത്രമേ, സമൂഹത്തിലെ ഭൂരിപക്ഷം ആളുകൾ വെറുപ്പിന്റെ വഴിയിലാണ് എന്ന തെറ്റിദ്ധാരണ മാറ്റാൻ കഴിയുകയുള്ളൂ എന്ന് തീസ്ത ഓർമ്മിപ്പിക്കുന്നു; അത് പൗരധർമ്മമാണെന്നും. “സമൂഹത്തിലെ ബഹുഭൂരിപക്ഷവും ഇത്തരം വെറുപ്പ് കുറ്റകൃത്യങ്ങൾക്കെതിരാണ് എന്ന് തന്നെയാണ് എന്റെ വിശ്വാസം”, തീസ്ത പറയുന്നു. 

“ചില സമുദായങ്ങളെ, ജനവിഭാഗങ്ങളെ, തൊട്ടുകൂടാത്തവരാക്കുക, വെറുക്കപ്പെടേണ്ടവരാക്കുക, അതാണ് സംഭവിക്കുന്നത്. അത് ശരിയല്ലെന്ന് തന്നെയാണ് നമ്മളിൽ ബഹുഭൂരിപക്ഷവും വിശ്വസിക്കുന്നത്. അത്തരം ചെയ്തികൾ ജനാധിപത്യമെന്ന അടിസ്ഥാനമൂല്യത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ്. ഉദാഹരണത്തിന് ‘ലൗ ജിഹാദ്’ എന്ന പ്രചാരണം എടുക്കുക. മതം ഏതായാലും, ആത്യന്തികമായി സ്ത്രീകളുടെ സ്വയംനിർണ്ണയ അവകാശത്തെയാണ് അത് ഹനിക്കുന്നത്.”

വർഗ്ഗീയ അക്രമങ്ങളും, ആളുകളെ രണ്ടു ചേരിയിലാക്കി വിഭജിക്കുന്ന ഭാഷാ പ്രയോഗങ്ങളും പലപ്പോഴും വോട്ടുകൾ ഭിന്നിപ്പിക്കുക കൂടി ലക്ഷ്യമിട്ടുള്ള പ്രവർത്തികളാണ് എന്ന് നമുക്കറിയാം. പക്ഷെ, അത് എങ്ങനെ തെളിയിക്കും? അവിടെയാണ് ഇത്തരമൊരു വെറുപ്പിന്റെ ഭൂപടത്തിന്റെയും, അതിൽ തെളിയുന്ന വിവരങ്ങളുടെയും (ഡേറ്റ) പ്രസക്തിയും, മറ്റൊരു ഉപയോഗവും. ഈ ഡേറ്റയെയും, തെരഞ്ഞെടുപ്പ് സമയത്തെയും, ചേർത്തുവെച്ചാൽ ഡേറ്റ വിദഗ്ധർക്ക് എളുപ്പം അവ തമ്മിലുള്ള ബന്ധം സ്ഥാപിക്കാൻ വേണ്ട തെളിവ് ലഭിക്കും. 

ഈ വെറുപ്പിന്റെ ഭൂപടം നിരന്തരമായി പുതുക്കിക്കൊണ്ടിരിക്കണമല്ലോ. പ്രത്യേകിച്ചും ഇന്നത്തെ ഇന്ത്യയുടെ സാമൂഹ്യ അന്തരീക്ഷത്തിൽ പ്രതിദിനം ഇത് പുതുക്കേണ്ടി വരും. അതിനായി വലിയൊരു ടീം തന്നെ പ്രവർത്തിക്കുന്നുണ്ട്. മാധ്യമങ്ങളിൽ വരുന്ന ഇത്തരം വാർത്തകൾ ശേഖരിക്കുക, അതാത് സ്ഥലത്തെ ആളുകളുമായി സംസാരിക്കുക, ഭരണസ്ഥാപനങ്ങളുമായി സംസാരിക്കുക, ഇതിലൂടെയെല്ലാം കൃത്യമായ വിവരങ്ങൾ ശേഖരിക്കുക, തുടർന്ന് അത് ഭൂപടത്തിൽ രേഖപ്പെടുത്തുക. ഇതാണ് അടിസ്ഥാനപരമായി വെറുപ്പിന്റെ ഭൂപടം കൈകാര്യം ചെയ്യുന്നവരുടെ പ്രവർത്തനം. സകല ഹിന്ദു സമാജ് പോലുള്ള ചില സംഘടനകൾ ഇവരുടെ ജോലി എളുപ്പമാക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ഒരു തീവ്ര ഹിന്ദു സംഘടനയായ അവർ സ്വന്തം വെബ്‌സൈറ്റിൽ തങ്ങൾ നടത്തുന്ന എല്ലാ വെറുപ്പ് കുറ്റകൃത്യങ്ങളും, എല്ലാ വിശദാംശങ്ങളോടെയും, അപ്‌ലോഡ് ചെയ്യാറുണ്ട്. ഓരോ പുതിയ അപ്‌ലോഡ് വരുമ്പോഴും അതിനെപ്പറ്റി അധികൃതരെ അറിയിക്കാൻ സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആൻഡ് പീസ് ജാഗരൂകരാണ്. എന്നാൽ ഇത്തരം കുറ്റകൃത്യങ്ങളിൽ 10 ശതമാനമെങ്കിലും വിശദാംശങ്ങൾ കിട്ടാൻ പ്രയാസമുള്ളവയാണ് എന്ന് സംഘടന പറയുന്നു. കാരണം അവ നടക്കുന്നത്, ഇന്ത്യയുടെ വിദൂരകോണുകളിൽ ആണ്. മാധ്യമങ്ങളോ, ഭരണമോ, മനുഷ്യാവകാശ പ്രവർത്തകരോ, നിയമമോ എത്താത്ത, കാട്ടുനീതി ഇന്നും നിലനിൽക്കുന്ന കൂരിരുട്ടിന്റെ ഇന്ത്യയിൽ. അവിടെ വെറുപ്പുകുറ്റകൃത്യങ്ങളിൽ പൊലിയുന്ന ജീവനുകൾ കണക്കുകളിൽ നിന്ന് പോലും നിഷ്കാസിതരാണ്. 

ഈ ഭൂപടം കൊണ്ട് കുറ്റകൃത്യങ്ങൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടോ? മഹാരാഷ്ട്രയിൽ കുറച്ചെങ്കിലും, എന്നാണ് ഭൂപട നിർമ്മാതാക്കളുടെ മറുപടി. മഹാരാഷ്ട്രയിലെ പോലീസ് സ്റ്റേഷനുകളിൽ എഫ്.ഐ.ആർ. രെജിസ്റ്റർ ചെയ്യപ്പെടുന്നതിന്റെ വേഗം കൂടിയിട്ടുണ്ട് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. കാരണം സംഘടന തന്നെ മുൻകൈയെടുത്തു പരാതികൾ കൊടുക്കുന്നു, പോലീസ് സ്റ്റേഷനിൽ പോയി എഫ്.ഐ.ആർ. ഇട്ടു എന്ന് ഉറപ്പുവരുത്തുന്നു. പക്ഷെ, ഭരണാധികാരികളിൽ നിന്നുള്ള പ്രതികരണം തണുപ്പനാണ്. അഹമ്മദാബാദിലെ പിരാന ദർഗ എന്ന മുസ്‌ലിം ദേവാലയത്തിനടുത്ത്‌ വെറുപ്പിന്റെ അന്തരീക്ഷം ഉണ്ടായി വന്നപ്പോൾ സംഘടനയും പൗരപ്രമുഖരും മുൻകൂട്ടി നടത്തിയ ഇടപെടലിലൂടെ അതൊരു വർഗ്ഗീയ കലാപമായി വളരുന്നത് ഒഴിവാക്കാനായി. തീസ്തയെപ്പോലുള്ളവർക്ക് പലതരം വേട്ടയാടലുകൾക്കും, മാനസിക-ശാരീരിക സമ്മർദ്ദങ്ങൾക്കും ഇടയിലും അഭിമാനിക്കാനും, സന്തോഷിക്കാനും ഇങ്ങനെ കുറച്ചു ചെറിയ ഉദാഹരണങ്ങൾ ഓർക്കാനുണ്ട്. 

വെറുപ്പിന്റെ ഭൂപടം ആദ്യം ഒരാശയമായി രൂപപ്പെട്ടത് പ്രണയ സ്വാതന്ത്ര്യത്തിന്റെ ഭൂപടം എന്ന നിലയ്ക്കായിരുന്നു എന്നതും, ദേശത്തിന്റെ മോശം കാലാവസ്ഥയുടെ മറ്റൊരു സൂചികയാണ്. ‘ലൗ ജിഹാദ്’ ആരോപണങ്ങൾ നേരിടുന്ന, ഭീഷണി നേരിടുന്ന, ഭിന്നജാതി-ഭിന്നമത വിവാഹങ്ങളാണ് ആദ്യം ഈ ഭൂപടത്തിൽ സിന്ദൂരപ്പൊട്ടുകളായി ഇടം നേടിയത്. ആ വിവാഹങ്ങളിലെ സത്യാവസ്ഥ വിശദീകരിക്കാനാണ് ഭൂപടം ശ്രമിച്ചത്. അത് മനസ്സിലാക്കുമ്പോൾ പൗരസമൂഹത്തിന് അതുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയാനാകും എന്ന ജനാധിപത്യ വിശ്വാസമാണ് അന്ന് ഭൂപടത്തിന്റെ പിന്നണി പ്രവർത്തകരെ നയിച്ചത്. 

മഹാരാഷ്ട്രയിലെ മീര-ഭയന്തർ നിയോജകമണ്ഡലത്തിലെ എം.എൽ.എ. ഗീത ജെയിനിനെതിരെ മീര-ഭയന്തറിലെ സാമൂഹ്യപ്രവർത്തകരും, ജനങ്ങളിൽ ഒരു വലിയ വിഭാഗവും നടത്തിയ #GetWellSoonGeetaJain എന്ന കാമ്പെയിൻ വെറുപ്പിന്റെ ഭൂപടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ടായിരുന്നു. ഒരു സമുദായത്തിനെതിരെ വെറുപ്പ് പ്രസംഗങ്ങൾ നടത്തിയ ഒരു പൊതുപരിപാടിയിൽ ഗീത ജെയിൻ എം.എൽ.എ. പങ്കെടുത്തിരുന്നു. ആ വിവരം ഭൂപടത്തിൽ വന്നു. ഇതിനെ തുടർന്നാണ് വെറുപ്പ് വൈറസിൽ നിന്ന് നിങ്ങൾ സുഖം പ്രാപിക്കട്ടെ എന്നാശംസിച്ചുകൊണ്ട് #GetWellSoonGeetaJain എന്ന കാമ്പെയിൻ ആരംഭിച്ചത്. വെറുപ്പിനെതിരെ പൗരാവലിയുടെ ഒരു പ്രതി-സംവാദം എന്നാണ് ആ കാമ്പെയിൻ സംഘടിപ്പിച്ചവർ അതിനെ വിശേഷിപ്പിച്ചത്.  

അഖിലേന്ത്യാ കിസാൻ സഭയും വെറുപ്പിന്റെ ഭൂപടത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടു. അവർ ബാൻഡ് ഓഫ് ഫാർമേഴ്‌സ് എന്ന പേരിൽ വെറുപ്പ് കുറ്റകൃത്യങ്ങൾക്കെതിരെ കർഷകരുടെ സംഘങ്ങൾ രൂപീകരിച്ചു. അത്തരം കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായി പറയുന്ന ഒരു കർഷക പ്രസ്താവന മാർച്ചിൽ പുറത്തിറക്കി. 

പരിശീലനം നൽകി സമാധാന വളണ്ടിയർ സംഘങ്ങളെ ഉണ്ടാക്കാനും സിറ്റിസൺസ് ഫോർ ജസ്റ്റീസ് ആൻഡ് പീസ് പരിശ്രമം തുടങ്ങിക്കഴിഞ്ഞു. വർഗ്ഗീയ-ജാതീയ സംഘർഷങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലുള്ള ജില്ലകളിൽ ഗ്രാമതലത്തിൽ മൊഹല്ല കമ്മിറ്റികളുമായി ചേർന്നുകൊണ്ട് ഈ സംഘങ്ങൾ പ്രവർത്തിക്കും. 

 

Link of the map-  https://cjp.org.in/hate-hatao?fbclid=IwAR1KyXtsTTO76cwq6uV8qlP_ogJ0ooPi3S2p5oIRfnyZ_yzIIw394tR9S8A#hate-map

Farmers statement link- https://sabrangindia.in/article/farmers-long-march-condemns-right-wing-hate-morchas-maharashtra-calls-peace


Subscribe to our channels on YouTube & WhatsApp

  

 

About Author

ദി ഐഡം ബ്യൂറോ