
ഒരു വലിയവിഭാഗം നിരീക്ഷകരെ സംബന്ധിച്ച് 2024 തെരഞ്ഞെടുപ്പിലെ ഏറ്റവും ഞെട്ടിക്കുന്ന ഫലങ്ങൾ വന്നത് ഉത്തർപ്രദേശിൽ നിന്നാണ്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ് വാദി പാർട്ടി (എസ്.പി), 37 സീറ്റോടെ ഇന്ത്യയിലെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറി. പല തരത്തിലുള്ള, പാർട്ടിയെ സമഗ്രമായി തന്നെ ബാധിച്ചിരുന്ന, പ്രതിബന്ധങ്ങളെയും അതിജീവിച്ചാണ് ഈ വിജയം നേടിയത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ മുതൽ തന്നെ ബിജെപിയുടെ വിജയത്തിനായി ഒരുക്കിയിട്ടിരുന്ന അസമമായ കളിയിടത്തിൽ നിന്ന് നേടിയെടുത്ത അസാമാന്യമായ വിജയമാണ് ഇത്.
അസന്തുലിതമായ വിഭവലഭ്യത
തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ സമാജ് വാദി പാർട്ടിക്ക് ലഭിച്ചത് വെറും 14.05 കോടിയാണ്. ബിജെപിയ്ക്കാവട്ടെ 6986.5 കോടി രൂപയും. 29 സീറ്റ് നേടി പശ്ചിമബംഗാളിൽ സമഗ്രമായ വിജയം നേടിയ തൃണമൂൽ കോൺഗ്രസിന്(റ്റി എം സി )1397 കോടി രൂപ ലഭിച്ചു. തമിഴ്നാട് തൂത്തുവാരിയ ദ്രാവിഡ മുന്നേറ്റ കഴകത്തിന് (ഡി.എം.കെ) ലഭിച്ചത് 656.5 കോടി രൂപയാണ്. ഇരുകൂട്ടരും അതാത് സംസ്ഥാനങ്ങളെ ഭരിക്കുന്നു എന്നതും ശ്രദ്ധേയമായ ഘടകമാണ്. അതുകൂടാതെ, സമാജ് വാദി പാർട്ടി മത്സരിച്ചതിന്റെ പകുതി സീറ്റുകളിൽ മാത്രമാണ് ഈ രണ്ടു പാർട്ടികളും മത്സരിച്ചിരുന്നത്.

ഭരണകക്ഷിയുടെ തുടരാക്രമണങ്ങൾ
സമാജ്‌വാദി പാർട്ടിയുടെ നിരവധി നേതാക്കൾക്ക് നേരെ ഉത്തർപ്രദേശിലെ യോഗി ആദിത്യനാഥ് ബിജെപി സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ നിതാന്തമായ ആക്രമണങ്ങളെ അതിജീവിച്ചുമാണ് എസ് പി ഈ തിരെഞ്ഞെടുപ്പിൽ വിജയിച്ചു കയറിയത്.മുതിർന്ന നേതാവായ അസം ഖാൻ വിവിധ കേസുകളിൽനിരവധി തവണ ജയിലിനകത്ത് കഴിഞ്ഞിട്ടുണ്ട്. ഈ കേസുകൾ എല്ലാം രജിസ്റ്റർ ചെയ്തത് 2017 ന് ശേഷമാണ്. മറ്റൊരു എംഎൽഎയായ റഫീഖ് അൻസാരിയെ മെയ് 26 ന് അറസ്റ്റ് ചെയ്യുകയും 1995 ൽ രജിസ്റ്റർ ചെയ്ത കേസിന് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. സ്വാമി പ്രസാദ് മൗര്യക്ക് തന്റെ പരാമർശങ്ങളുടെ മേലുള്ള ക്രിമിനൽ നടപടികളിൽ ആശ്വാസത്തിനായി സുപ്രീം കോടതിയെ സമീപിക്കേണ്ട അവസ്ഥയുണ്ടായി.

ഭരണതലത്തിലുള്ള നീതിയെക്കുറിച്ചുള്ള വിശ്വാസം ഒട്ടും ഇല്ലാത്തത് കൊണ്ട് തന്നെയാണ് ഗാസിപ്പൂരിലെ എംപി ആയ അഫ്സൽ അൻസാരിയുടെ മകളും പിതാവിന്റെ ഡമ്മിയായി നാമനിർദ്ദേശം നൽകിയത്. ഗാസിപൂരിലെ വിചാരണ കോടതി നാലുവർഷത്തേക്ക് അഫ്സൽ അൻസാരിയെ ഗുണ്ടാനിയമപ്രകാരം ശിക്ഷിച്ചിരുന്നു. വിധിക്കെതിരെയുള്ള അപ്പീൽ അലഹബാദ് ഹൈക്കോടതിയിൽ നടന്നുവരികയാണ്.
മുൻകാല പങ്കാളികളുടെ പിരിഞ്ഞുപോകൽ
കഴിഞ്ഞ നിയമസഭാ തിരെഞ്ഞെടുപ്പ് നടന്ന 2022ൽ പൂർവാഞ്ചൽ എന്നറിയപ്പെടുന്ന കിഴക്കൻ യുപി മേഖലയിലെ സുഹൽദേവ് ഭാരതീയ പാർട്ടി പോലെയുള്ള ചെറു പാർട്ടികളുമായി സഖ്യമുണ്ടാക്കിയിരുന്നു സമാജ് വാദി പാർട്ടി. പിന്നോക്ക വിഭാഗത്തിൽ പെടുന്ന രാജ്ഭർ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു എന്നവകാശപ്പെടുന്ന ഒ പി രാജ്ഭർ നയിക്കുന്നതാണ് സുഹൽദേവ് ഭാരതീയ പാർട്ടി. 2022ലെ എസ്പിയുടെ മറ്റൊരു സഖ്യകക്ഷി പല്ലവി പട്ടേൽ നയിക്കുന്ന അപ്നാ ദൾ ( കമേരവാദി ) യായിരുന്നു. ബിജെപിയുടെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയെ 2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയിരുന്നു പല്ലവി പട്ടേൽ. രണ്ടു പാർടികളും ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് എസ്പിയെ ഉപേക്ഷിച്ചു. ഓം പ്രകാശ് രാജ്ഭർ 2023 ൽ ബിജെപിയിലേക്ക് മടങ്ങുകയും മന്ത്രിയാകുകയും ചെയ്തു.

പല്ലവി പട്ടേലിൻ്റെ നേതൃത്വത്തിലുള്ള അപ്നാ ദൾ(കെ), ആദ്യഘട്ട വോട്ടെടുപ്പിന് ഏതാനും ആഴ്ചകൾക്ക് മുമ്പ് ഇന്ത്യ സഖ്യം വിടുകയും ചെയ്തു.ലോക്‌സഭാ തെരഞ്ഞെടുപ്പിന് രണ്ട് മാസം മുമ്പ്, 2024 ഫെബ്രുവരിയിൽ നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ 7 സമാജ്‌വാദി പാർട്ടി എംഎൽഎമാർ ബിജെപി സ്ഥാനാർത്ഥിക്ക് തിരിച്ച് വോട്ട് ചെയ്തു. ഏഴ് എംഎൽഎമാരിൽ ഒരാൾ പാർട്ടിയുടെ നിയമസഭ ചീഫ് വിപ്പായ മനോജ് പാണ്ഡെ ആയിരുന്നു. അദ്ദേഹം മെയ് മാസം ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു.
വോട്ടെടുപ്പിലെ ക്രമക്കേടുകൾ
ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പിൻ്റെ വിവിധ ഘട്ടങ്ങളിൽ വോട്ടർമാരെ അടിച്ചമർത്തുന്നതായി പരാതികൾ ഉണ്ടായിരുന്നു, പ്രത്യേകിച്ച് മുസ്ലീം വോട്ടർമാർക്കിടയിൽ. ആദ്യഘട്ടത്തിൽ മുസഫർനഗറിൽ മത്സരിക്കുന്ന ഹരേന്ദ്ര മാലിക് ബൂത്ത് പിടിച്ചെടുക്കൽ ആരോപിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി. കൈരാനയിൽ നിന്നും മത്സരിച്ച ഇഖ്റ ഹസൻ അവരുടെ മണ്ഡലത്തിൽ വോട്ടെടുപ്പ് മന്ദഗതിയിലാണെന്ന് ചൂണ്ടിക്കാട്ടി. രാംപൂരിൽ മുസ്ലീം വോട്ടർമാരെ പോലീസ് പിന്തിരിപ്പിക്കുന്നതായി എസ്പി സ്ഥാനാർത്ഥിയും തെളിവുകൾ നിരത്തി കൊണ്ട് പറഞ്ഞു.
രണ്ടാം ഘട്ടത്തിൽ മഥുരയിലെ മുസ്ലീം വോട്ടർമാർ വോട്ടർ പട്ടികയിൽ പേരുകൾ നഷ്ടപ്പെട്ടതായി പരാതിപ്പെട്ടു. മൂന്നാം ഘട്ടത്തിൽ, സംബല് മണ്ഡലത്തിൽ, മുസ്ലീം വോട്ടർമാരെ പോലീസ് മർദിക്കുകയും അവരുടെ തിരിച്ചറിയൽ കാർഡുകൾ പിടിച്ചെടുക്കുകയും ചെയ്തതായി റിപ്പോർട്ടുകളുണ്ട്. സമാജ്‌വാദി പാർട്ടിയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ് സംബല്. ഇതെല്ലാം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ തന്നെ, ബിജെപിയുടെ ചിഹ്നമായ താമരയിൽ ഇവിഎം മെഷീനിൽ എട്ട് തവണ വോട്ട് ചെയ്യുന്ന ഒരു ആൺകുട്ടിയുടെ വീഡിയോ വൈറലായി.

ഇറ്റ മണ്ഡലത്തിൽ നടന്ന ഈ സംഭവത്തിൽ ഭരണകൂടം പിന്നീട് എഫ്ഐആർ ഫയൽ ചെയ്തു. നാലാം ഘട്ടത്തിലാണ് ഇറ്റയിൽ വോട്ടെടുപ്പ് നടന്നത്. അഞ്ചാം ഘട്ട വോട്ടെടുപ്പിൽ ലഭിച്ച 250 ൽ 150 പരാതികളും വോട്ടർമാരെ അടിച്ചമർത്തുന്നതുമായി ബന്ധപ്പെട്ടായിരുന്നു.
വിജയത്തിൻ്റെ വ്യാപ്തി
ഈ വെല്ലുവിളികൾക്കിടയിലും സമാജ്‌വാദി പാർട്ടി 37 സീറ്റുകളോടെ മികച്ച വിജയം നേടി. ഉത്തർപ്രദേശിന്റെ എല്ലാ പ്രാദേശിക മേഖലകളിലും പടർന്ന ഒരു സമഗ്ര വിജയമായിരുന്നു അത്. ഇന്ത്യ സഖ്യത്തിൽ എസ് പിയുടെ സഖ്യകക്ഷിയായ കോൺഗ്രസ് 6 സീറ്റുകളിൽ വിജയം നേടി. 50,000ൽ താഴെ വോട്ടിനാണ് ഇന്ത്യ സഖ്യത്തിന് 20 സീറ്റുകൾ നഷ്ടമായത്. ഒന്നരലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് നരേന്ദ്രമോദിക്ക് തന്റെ പരമ്പരാഗത മണ്ഡലമായ വാരാണസിയിൽ നേടാനായത്. വാരാണസിയിലെ ബിജെപിയുടെ പ്രത്യേക മുദ്രാവാക്യം “അബ്കി ബാർ 10 ലാഖ് പാർ” (10 ലക്ഷം ഭൂരിപക്ഷത്തിൽ വിജയിക്കുക) എന്നായിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 5 ലക്ഷം വോട്ടുകൾക്ക് അദ്ദേഹം വിജയിച്ചിരുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 3.5 ലക്ഷം വോട്ടുകൾക്ക് വിജയിച്ച മോദി സർക്കാരിലെ പ്രതിരോധ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ രാജ്‌നാഥ് സിംഗിൻ്റെ ഭൂരിപക്ഷം 1.35 ലക്ഷമായി കുറഞ്ഞതും കണ്ടു.
“അമ്പലരാഷ്ട്രീയത്തെ” തത്വാധിഷ്ഠിതമായി ചെറുത്തു നിന്നു
ബിജെപിയുടെ അമ്പലരാഷ്ട്രീയത്തിൻ്റെ പരീക്ഷണശാലയാണ് ഉത്തർപ്രദേശ്. ക്ഷേത്രനഗരങ്ങളായ കാശി, അയോധ്യ, മഥുര എന്നിവയുടെ സാമൂഹിക- സാംസ്കാരിക -രാഷ്ട്രീയ സ്വാധീനം സംസ്ഥാനത്തെ മുഴുവൻ ജനങ്ങളെയും ഒരറ്റം മുതൽ മറ്റേ അറ്റം വരെ ഉൾക്കൊള്ളുന്നതാണ്. ഈ നഗരങ്ങൾ ഔറംഗസേബിൻ്റെ ഭരണകാലത്ത് അശുദ്ധമാക്കിയതായി അവകാശപ്പെടുന്ന ക്ഷേത്രങ്ങളുടെ സ്ഥലങ്ങളാണ്. അയോധ്യയിലെ രാമക്ഷേത്രം തകർത്ത് പണിതതാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്ന ബാബറി മസ്ജിദ് 1992-ൽ തകർക്കപ്പെട്ടു. ബാബറി മസ്ജിദ് തകർത്ത കേസിൽ നിരവധി ബിജെപി നേതാക്കളെ പ്രതിചേർത്തു.
2019ൽ ഇന്ത്യൻ സുപ്രീം കോടതി, ഏകകണ്ഠമായി, ക്ഷേത്രത്തെ പിന്തുണയ്ക്കുന്ന ആളുകൾക്ക് അനുകൂലമായി വിധിക്കുകയും ക്ഷേത്രം പണിയുന്നതിനായി തർക്കഭൂമി കൈമാറുകയും ചെയ്തു. 2024 ജനുവരി 22 ന് ആ സ്ഥലത്ത് ഒരു പുതിയ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദി മതപരമായ ചടങ്ങുകളിൽ മുഖ്യസ്ഥാനം ഏറ്റെടുത്തു.

ഇന്ത്യൻ ഭരണഘടനയിലെ മതനിരപേക്ഷ മൂല്യങ്ങളുടെ ഈ നഗ്നമായ ലംഘനത്തോട് വിയോജിച്ച എല്ലാവരെയും ബി ജെപിയും അവരുടെ അനുഭാവികളും ശക്തമായി എതിർത്തു. അവരെ ഹിന്ദു വിരുദ്ധരായി മുദ്രകുത്തുകയും ചെയ്തു. പ്രമുഖ ഹിന്ദി ദിനപത്രങ്ങൾ ഉൾപ്പെടെയുള്ള മുഖ്യധാരാ മാധ്യമങ്ങൾ നിഷ്പക്ഷത വെടിഞ്ഞ് ബിജെപിക്കൊപ്പം നിന്നു.
ഇതൊക്കെയാണെങ്കിലും അഖിലേഷ് യാദവ് തൻ്റെ മതനിരപേക്ഷ മൂല്യങ്ങളിൽ ഉറച്ചുനിന്നു. രാമക്ഷേത്രത്തിൻ്റെ ഉദ്ഘാടനച്ചടങ്ങിൽ അദ്ദേഹം പങ്കെടുത്തില്ല. 2024 ആയപ്പോഴേക്കും അദ്ദേഹം തുടർച്ചയായി നാല് തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടുകഴിഞ്ഞിരുന്നു. എങ്കിലും ജനപിന്തുണക്കായുള്ള കുറുക്കുവഴികൾ തേടാതെ അദ്ദേഹം മതനിരപേക്ഷ തത്വങ്ങളിൽ ഉറച്ചുനിന്നു.
കേവല ജാതിസമവാക്യങ്ങൾക്ക് അപ്പുറം
ജാതി സ്വത്വത്തിന്റെ പ്രാമുഖ്യം ഉത്തർ പ്രദേശ് രാഷ്ട്രീയത്തിൽ പല നിരീക്ഷകരും എന്തിന് രാഷ്ട്രീയ പ്രവർത്തകർ പോലും ഉയർത്തിക്കാണിക്കാറുണ്ട്. 2017, 2019, 2022 തെരഞ്ഞെടുപ്പുകളിൽ ഹിന്ദുത്വ -അമ്പല രാഷ്ട്രീയത്തെ മുന്നോട്ട് വെച്ചുകൊണ്ടാണ് ബിജെപി വലിയ ലാഭം കൊയ്തത്. ഈ പ്രക്രിയയിൽ, കാവി പാർട്ടി ഹിന്ദു സമുദായത്തിലെ വിവിധ ഉപജാതികളുടെ ഒരു വിശാലസഖ്യം ഉണ്ടാക്കി. 2022 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ, വ്യക്തമായ ഉപജാതി ചായ്‌വുള്ള നിരവധി ചെറിയ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവന്ന് അഖിലേഷ് യാദവ് സമാനമായ രീതിയിൽ ഒരു തന്ത്രം പരീക്ഷിച്ചു. പാർട്ടിയുടെ വോട്ടും സീറ്റും ഗണ്യമായി വർധിച്ചെങ്കിലും എസ്പി നേതാവിന് തിരഞ്ഞെടുപ്പിൽ സമ്പൂർണ്ണ വിജയം നേടാൻ കഴിഞ്ഞില്ല.
തൊഴിൽ പ്രതിസന്ധി, തൊഴിലില്ലായ്മ, സർക്കാർ ജോലികളിലേക്കുള്ള പരീക്ഷകളിലെ ചോദ്യപേപ്പർ ചോർച്ച, കർഷകരെ ബാധിക്കുന്ന അലഞ്ഞുതിരിയുന്ന മൃഗങ്ങളുടെ പ്രശ്‌നങ്ങൾ എന്നിവയെല്ലാം ശക്തമായി വിശദീകരിച്ചുകൊണ്ട് ജനങ്ങളുടെ ഉപജീവന പ്രശ്‌നങ്ങളെ മുൻനിർത്തിയാണ് 2024-ൽ അദ്ദേഹം തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ കാമ്പെയ്ൻ ജനങ്ങളുടെ ഇടയിൽ വലിയ ചലനം ഉണ്ടാക്കി. അദ്ദേഹത്തിൻ്റെ തിരഞ്ഞെടുപ്പ് റാലികൾ വേനൽക്കാലത്തെ ഉച്ചവെയിലിൻ്റെ കൊടും ചൂടിനെ അതിജീവിച്ച, ആവേശഭരിതരായ ജനക്കൂട്ടത്തിൻ്റെ സാന്നിധ്യത്താൽ ശ്രദ്ധേയമായി. മറ്റ് ഉപ-പ്രാദേശിക ജാതി സംഘടനകളുമായി സഖ്യമുണ്ടാക്കാതെ അദ്ദേഹം തൻ്റെ സഖ്യം കോൺഗ്രസിൽ ഒതുക്കി. പകരം, പി.ഡി.എ-പിച്ച്‌ഡ (പിന്നാക്ക), ദളിത് (പട്ടികജാതി), അൽപസംഖ്യക്ക് (ന്യൂനപക്ഷം) എന്ന മുദ്രവാക്യം ഉയർത്തുകയും അതുമായി പൊരുത്തപ്പെടുന്ന വിധത്തിലുള്ള സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽശ്രദ്ധ കൊടുക്കുകയും ചെയ്തു. എല്ലാവരെയും, എല്ലാ ജാതിമത സമൂഹങ്ങളെയും ഉൾപ്പെടുത്തി കൊണ്ടുള്ള പാതയായിരുന്നു അത്.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അഖിലേഷ് യാദവും അവധേഷ് പ്രസാദുംരാമക്ഷേത്രം സ്ഥിതി ചെയ്യുന്ന ക്ഷേത്രനഗരമായ അയോധ്യ ഉൾക്കൊള്ളുന്ന ഫൈസാബാദ് നിയോജകമണ്ഡലം ഈ സമീപനത്തിന്റെ വിജയത്തിന്റെ മികച്ച ഉദാഹരണമാണ്. ഇവിടെ പൊതുവിഭാഗത്തിൽ മത്സരിക്കാൻ ദളിത് വിഭാഗത്തിൽപ്പെട്ട അവധേഷ് പ്രസാദിന് സമാജ്‌വാദി പാർട്ടി ടിക്കറ്റ് നൽകി. അത് തീർച്ചയായും ധീരവും അസാധാരണവുമായ ഒരു രാഷ്ട്രീയ പ്രയോഗമായിരുന്നു, അത്യപൂർവ്വമായി മാത്രം മുൻകാലങ്ങളിൽ നടന്നിട്ടുള്ളത്. രണ്ട് തവണ ബിജെപി എംപിയായ ലല്ലു സിങ്ങിനെ പരാജയപ്പെടുത്തിയാണ് അവധേഷ് പ്രസാദ് ഇവിടെ വിജയിച്ചത്.
പ്രൊഫഷണൽ രാഷ്ട്രീയ കൺസൾട്ടൻസികളെ ആശ്രയിക്കാത്ത സ്വകീയ മാർഗം
2014 മുതൽ, നരേന്ദ്ര മോദി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബാഹ്യ രാഷ്ട്രീയ പ്രൊഫഷണൽ ഉപദേഷ്ടാക്കളുടെ സേവനം വാടകയ്‌ക്കെടുത്തപ്പോൾ മുതൽ, ഇത് രാഷ്ട്രീയ പാർട്ടികൾ വ്യാപകമായി സ്വീകരിക്കുന്ന ഒരു സമ്പ്രദായമായി മാറിയിരുന്നു. ഒരു തരം പുതിയകാലരാഷ്ട്രീയനിയമം. 2019ൽ 60,000 കോടി രൂപയാണ് തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത്. ഒരു രൂപയ്ക്ക് 80 യു എസ് ഡോളർ വെച്ച് കണക്കാക്കിയാൽ ഇത് 7.5 മില്യൺ യു എസ് ഡോളർ വരും. യുഎസ്എയിലെ 2020 പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ, തിരഞ്ഞെടുപ്പ് ചെലവ് ഏകദേശം 6.6 ബില്യൺ യുഎസ് ഡോളർ ആയിരുന്നു. യുഎസ് ജിഡിപി ഇന്ത്യയുടെ ജിഡിപിയുടെ ഏകദേശം 8 മടങ്ങാണ്. എത്ര ഭീകരമായ തുകയാണ് ബി ജെ പി തിരെഞ്ഞെടുപ്പിൽ വിനിയോഗിക്കുന്നത് എന്ന് ഇത് കാണിക്കുന്നു.
പക്ഷെ, ഇത്തവണ അഖിലേഷ് യാദവ് തൻ്റെ രാഷ്ട്രീയ പ്രചാരണം ഏതെങ്കിലും ബാഹ്യ ഉപദേഷ്ടാക്കൾക്ക് നൽകേണ്ടതില്ല എന്ന് തീരുമാനിച്ചു. പകരം, ജനങ്ങളുമായി ആശയവിനിമയം നടത്താൻ പാർട്ടി സംവിധാനത്തെ ഉപയോഗിക്കുന്ന പരമ്പരാഗത രീതികളെ അദ്ദേഹം ആശ്രയിച്ചു. ഫണ്ടിൻ്റെ അഭാവം ഈ തീരുമാനത്തിന് കാരണമായിരിക്കാം. പക്ഷേ, രാഷ്ട്രീയ ഉപദേശകർക്കായി വലിയ തുക ചെലവഴിക്കാതെ ഒരു തിരഞ്ഞെടുപ്പിൽ നിർണായകമായവിജയം നേടാമെന്നു അദ്ദേഹം തെളിയിച്ചു. ഇതിലൂടെ അദ്ദേഹം മറ്റ് പാർട്ടികൾക്ക് പുതിയ വഴികാട്ടുകയാണ് ചെയ്യുന്നത്.

സമാജ്‌വാദി പാർട്ടിയുടെ ഈ അമ്പരപ്പിക്കുന്ന വിജയത്തിത്തോടെ 50 കാരനായ അഖിലേഷ് യാദവ് പുതിയ താരമായി ഉയർന്നു. സാമുദായികമായി ധ്രുവീകരിക്കപ്പെട്ട അന്തരീക്ഷത്തിൽ, അഖിലേഷ് യാദവിൻ്റെ മതനിരപേക്ഷതയോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ജനകീയപ്രശ്‌നങ്ങളിൽ ചെലുത്തിയ ശ്രദ്ധയും ജനങ്ങളെ സ്വാധീനിച്ചു. സാമുദായിക വോട്ടുകളുടെ തെരുവ് കച്ചവടക്കാരും വിലകൊടുത്ത് തെരഞ്ഞെടുപ്പ് ലാഭവിഹിതം വാങ്ങുന്നവരുമായ ഉപജാതി രാഷ്ട്രീയക്കാരുമായി സഖ്യം ചേരുന്ന 2022 ഇലെ തന്ത്രത്തിൽ നിന്നും അഖിലേഷ് യാദവ് പിന്തിരിഞ്ഞു. താരതമ്യേന ചെലവുകുറഞ്ഞ പ്രചാരണം നടത്തി, കുറഞ്ഞ പണം കൊണ്ട് തിരഞ്ഞെടുപ്പിനെ നേരിടാമെന്ന് അദ്ദേഹം തെളിയിച്ചു. നിർണായകമായ ഈ ജനവിധിയോടെ, അടുത്ത ദശകത്തിലെ ഉത്തർപ്രദേശ് രാഷ്ട്രീയം അദ്ദേഹം മാറ്റിയെഴുതിയേക്കാം.