A Unique Multilingual Media Platform

The AIDEM

Articles Culture History National Politics

അയോധ്യ: രാമക്ഷേത്ര സമർപ്പണത്തിലേക്കുള്ള അധാർമ്മികമായ നാൾവഴി (ഭാഗം 1)

  • January 20, 2024
  • 1 min read
അയോധ്യ: രാമക്ഷേത്ര സമർപ്പണത്തിലേക്കുള്ള അധാർമ്മികമായ നാൾവഴി (ഭാഗം 1)

ദി ഐഡം മാനേജിംഗ് എഡിറ്റർ ആയ വെങ്കിടേഷ് രാമകൃഷ്ണൻ 1986 മുതൽ അയോധ്യ കവർ ചെയ്യുന്ന മാധ്യമപ്രവർത്തകനാണ്. ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറന്ന് മസ്ജിദിന്റെ വരാന്തയോട് ചേർന്നുള്ള രാം ചബുത്രയിൽ ഹിന്ദു ആരാധന അനുവദിച്ച കാലഘട്ടം മുതൽ. അതിനുശേഷം, കഴിഞ്ഞ 38 വർഷമായി ക്ഷേത്രനഗരത്തിൽ അരങ്ങേറിയ നിരവധി സംഭവങ്ങൾ അദ്ദേഹം സ്ഥിരമായി കവർ ചെയ്തു.

ഹിന്ദുത്വ സംഘടനകളുടെ കർസേവകർ ബാബ്‌റി മസ്ജിദ് തകർത്ത ദിവസം, അതായതു 1992 ഡിസംബർ 6, വരെ മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുതന്നെ ഇപ്പോൾ രാമക്ഷേത്രത്തിന്റെ സമർപ്പണത്തിനുള്ള ഒരുക്കങ്ങൾ നടക്കുമ്പോൾ, ദി ഐഡം, മൂന്ന് ഭാഗങ്ങളുള്ള ഒരു പരമ്പര അവതരിപ്പിക്കുന്നു. ക്ഷേത്രനഗരത്തിൽ ഹിന്ദുത്വ മേധാവിത്വം നടപ്പാക്കാൻ സംഘപരിവാർ പ്രയോഗിച്ച വിവിധങ്ങളായ തന്ത്രങ്ങളിലേക്കു തിരിഞ്ഞുനോക്കുന്ന ഒരു പരമ്പര.

“സാമ-ദാന-ഭേദ-ദണ്ഡത്തിന്റെ ചാണക്യനീതി”, അനുനയിപ്പിക്കാനുള്ള സോപ്പിടലുകൾ, സൗജന്യങ്ങളുടെ വിതരണം, നഗ്നവും വഞ്ചനാപരവുമായ കുതന്ത്രങ്ങൾ, ക്ഷേത്രനഗരത്തിൽ മാത്രമല്ല, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ആളുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ശാരീരിക ആക്രമണങ്ങൾ എന്നിവ ഉൾപ്പെട്ട നിരവധി പ്രവർത്തനങ്ങളാൽ അടയാളപ്പെടുത്തിയ ഒരു ചരിത്രമാണിത്.  


2024 ജനുവരി 17 ന്, അയോധ്യയിലെ സരയൂ നദിയുടെ തീരത്ത് നിന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഭിമുഖ്യത്തിൽ ജനുവരി 22-ന് പ്രതിഷ്ഠിക്കാനിരിക്കുന്ന പുതിയ രാമക്ഷേത്രത്തിന്റെ പുറം വളപ്പിലേക്ക് 500 ഓളം സ്ത്രീകൾ ‘ജൽ കലശ് യാത്ര’ എന്ന പേരിൽ ഒരു ആചാരപരമായ ഘോഷയാത്ര നടത്തി. വർണ്ണാഭമായ വസ്ത്രങ്ങളണിഞ്ഞ സ്ത്രീകൾ അയോധ്യയിലെ തെരുവുകളിലൂടെ നൃത്തം ചെയ്തും, രാംഭജനും കീർത്തനങ്ങളും ഉച്ചഭാഷിണി ഘടിപ്പിച്ച വാഹനങ്ങളിലൂടെ അവതരിപ്പിച്ചും നടത്തിയ ആ ഘോഷയാത്ര ഒരു കാഴ്ച തന്നെ ആയിരുന്നു. ഘോഷയാത്രയിൽ സ്ത്രീകൾ സരയൂവിൽ നിന്ന് വെള്ളം നിറച്ച കലശങ്ങൾ ചുമന്നിരുന്നു; അത് പുതിയ രാമക്ഷേത്രത്തിന്റെ പരിസരത്ത് “ആചാരപരമായ ശുചീകരണത്തിന്” ഉപയോഗിക്കുവാൻ വേണ്ടി ആയിരുന്നു. അയോധ്യ മുനിസിപ്പാലിറ്റി മേയർ ഗിരീഷ് പതി ത്രിപാഠിയുടെ ഭാര്യ രാമലക്ഷ്മി ത്രിപാഠിയുടെ നേതൃത്വത്തിലായിരുന്നു യാത്ര. ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്കിന്റെ ഭാര്യ നമ്രത പഥകും യാത്രയിൽ പങ്കെടുത്തു.

ജൽ കലശ് യാത്ര

ഘോഷയാത്ര അയോധ്യയിലെ തെരുവുകളിലൂടെ നീങ്ങുമ്പോൾ, ക്ഷേത്രനഗരത്തിലെ ചില പഴയ നിവാസികൾ- അയോധ്യയുടെ 8 കിലോമീറ്റർ അകലെയുള്ള, അയോധ്യയുടെ ഇരട്ട നഗരമായ ഫൈസാബാദിൽ നിന്ന് 1958 മുതൽ പ്രസിദ്ധീകരിച്ച ഐതിഹാസിക ജനപക്ഷ പത്രം, ‘ജൻ മോർച്ച’യുമായി ബന്ധപ്പെട്ടവർ ഉൾപ്പെടെ- മറ്റൊന്ന് കൂടി ഓർമ്മിച്ചു; നാല് പതിറ്റാണ്ട് മുമ്പ് വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) നടത്തിയ ഒരു യാത്ര. അതായിരുന്നു രാം-ജാനകി രഥയാത്ര. രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നയിക്കുന്ന സംഘപരിവാറിന്റെ 1980 കളിൽ ആരംഭിച്ച, ആദ്യത്തെ രാമക്ഷേത്രം അടിസ്ഥാനമാക്കിയുള്ള നീക്കമായിരുന്നു, അത്. 1984 ഒക്ടോബറിലാണ് രാം-ജാനകി രഥയാത്ര ആദ്യം ആരംഭിച്ചത്, എന്നാൽ 1984 ഒക്ടോബർ 31-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് അത് പിൻവലിച്ചു. തുടർന്ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ, സംഘപരിവാറിന്റെ രാഷ്ട്രീയ ഘടകമായ ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി.) ലോക്‌സഭയിൽ ദയനീയ പരാജയം നേരിട്ടു. ആകെയുള്ള 543 സീറ്റിൽ വെറും രണ്ട് സീറ്റിൽ ഒതുങ്ങി.

ഈ സാഹചര്യത്തിലാണ് 1985ൽ രാം-ജാനകി രഥ യാത്ര പുനരുജ്ജീവിപ്പിക്കാൻ സംഘപരിവാർ തീരുമാനിച്ചത്. വിഎച്ച്പി നേതാവ് അശോക് സിംഗാളിന്റെ നേതൃത്വത്തിലാണ് യാത്ര ആരംഭിച്ചത്, സീതയുടെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന ബീഹാറിലെ സീതാമഡിയിൽ നിന്നാണ് യാത്ര ആരംഭിച്ചത്; അയോധ്യ രാമജന്മഭൂമിയെ “വിമോചിപ്പിക്കാൻ” നിരവധി പ്രക്ഷോഭങ്ങൾക്ക് യാത്ര തുടക്കമിടുമെന്ന പ്രഖ്യാപനത്തോടെ. യാത്രയുമായി ബന്ധപ്പെട്ട അയോധ്യയിലെ പ്രധാന ചടങ്ങ്, ബാബറി മസ്ജിദിന് മുന്നിൽ ഒത്തുകൂടി “പുറമെ നിന്ന് വന്ന ആക്രമണകാരികളുടെ പിടിയിൽ നിന്ന് കെട്ടിടത്തെ മോചിപ്പിക്കുമെന്ന്” പ്രതിജ്ഞയെടുക്കുക എന്നതായിരുന്നു. എന്നാൽ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ഈ പദ്ധതി നടപ്പായില്ല. ഹിന്ദു, മുസ്ലീം, സിഖ്, ജൈന എന്നീ എല്ലാ സമുദായങ്ങളിൽ നിന്നുമുള്ള ധാരാളം അയോധ്യ നിവാസികൾ ബാബറി മസ്ജിദിലേക്കുള്ള അപ്രോച്ച് റോഡിൽ യാത്രയെ ശാരീരികമായി തടയാൻ തയ്യാറായതിനാൽ സിംഗാളും കൂട്ടരും തിടുക്കപ്പെട്ട് പിൻവാങ്ങാൻ നിർബന്ധിതരായി. ഒടുവിൽ, ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തുനിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള സരയുവിന്റെ തീരത്തേക്ക് നീങ്ങാനും, അവിടെ നിന്നുകൊണ്ട് പ്രതിജ്ഞ ചൊല്ലാനും വിഎച്ച്പി സംഘം നിർബന്ധിതരായി.

അയോധ്യയിലെ കബീർ-പൻഥി സന്യാസി സമൂഹത്തിൽ പെട്ട ഒരു 70 വയസ്സുകാരൻ, സ്വയം ഉധാർ ദാസ് (യഥാർത്ഥ പേരല്ല) എന്ന് വിളിക്കാൻ ആഗ്രഹിക്കുന്ന അദ്ദേഹം, 1985-ലെ രാം-ജാനകി രഥയാത്രയ്ക്കും 2024-ലെ ‘ജൽ കലഷ് യാത്ര’യ്ക്കും സാക്ഷ്യം വഹിച്ചിരുന്നു. നീണ്ട 40 വർഷങ്ങളാലും, വളരെ പ്രക്ഷുബ്ധമായവ ഉൾപ്പെടെ നൂറുകണക്കിന് സംഭവങ്ങളാലും വേർതിരിക്കപ്പെട്ട ഈ രണ്ട് യാത്രകളെ, ക്ഷേത്രനഗരത്തിന്റെയും അതിന്റെ സമീപ പ്രദേശങ്ങളുടെയും തികച്ചും വ്യത്യസ്തമായ രണ്ട് സവിശേഷതകളെ സൂചിപ്പിക്കുന്ന, പരസ്പര വിരുദ്ധങ്ങളായ രൂപകങ്ങളായി മാത്രമേ കാണാൻ കഴിയൂ എന്ന് അദ്ദേഹം പറയുന്നു. “ആദ്യ സംഭവം, ഒരു വിഭാഗീയ വർഗീയ പ്രസ്ഥാനത്തിനെതിരെ ജീവിതത്തിന്റെ എല്ലാ തുറകളിൽ നിന്നുമുള്ള ആളുകളുടെ ആവേശകരമായ മതേതര പ്രതിരോധത്തെ പ്രതിനിധീകരിക്കുന്നു. ഈ ചെറുത്തുനിൽപ്പിന്റെ കീഴടങ്ങലും വിഭാഗീയതയുടെ വിജയത്തിന്റെ ആഘോഷവുമാണ്, രണ്ടാമത്തേതും സമീപകാലത്തേതുമായ സംഭവം പ്രതിനിധാനം ചെയ്യുന്നത്. കഴിഞ്ഞ അൻപത് വർഷമായി അയോധ്യയിൽ വന്നും പോയും താമസിച്ചുമിരുന്ന ഉധാർ ദാസ്, ഈ അഞ്ച് പതിറ്റാണ്ടിനിടെ ക്ഷേത്രനഗരത്തിന്റെ സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക തലങ്ങളിലുണ്ടായ മാറ്റത്തെ, ഇത് ഒരു കീഴ്മേൽ മറിയലിൽ കുറഞ്ഞ ഒന്നുമല്ല എന്ന് വിശേഷിപ്പിക്കുന്നു. “എന്നാൽ ഈ നഗരത്തിനും അതിന്റെ സംസ്‌കാരത്തിനുമെതിരെ സംഘപരിവാർ നടത്തിയ നിരന്തരമായ ആക്രമണങ്ങളുടെ ഫലമായിട്ടാണ് ഈ ലോകം അടിസ്ഥാനപരമായി തകിടം മറിഞ്ഞത്. ആക്രമണങ്ങളുടെ നിരന്തരമായ തിരമാലകൾ അങ്ങനെ ശക്തമായ ആധിപത്യത്തിൽ കലാശിച്ചതായി തോന്നുന്നു.”

മഹന്ത് രാമചന്ദ്ര പരമഹൻസ് (നടുവിൽ)  (Image: Twitter)

തീർച്ചയായും, ഉധാർ ദാസ്, കബീർ-പൻഥി-സൂഫി ഉൾക്കാഴ്ചയോടു കൂടിയാണ് സംസാരിച്ചത്. എന്നാൽ വളരെ വർഷങ്ങൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 31 വർഷങ്ങൾക്ക് മുമ്പ്, മറ്റൊരു വീക്ഷണകോണിൽ നിന്നാണെങ്കിലും, സമാനമായ രീതിയിൽ ആത്മീയ സാധകനെന്നു സ്വയം വിശേഷിപ്പിച്ച മറ്റൊരാളും എന്നോട് സംസാരിച്ചിരുന്നു. ആ കാഴ്ചപ്പാട് ഹിന്ദുത്വ പോരാളിയായ സന്യാസിയുടേതായിരുന്നു, 1990-കളുടെ തുടക്കത്തിൽ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്‌പി) രൂപീകരിച്ച ട്രസ്റ്റായ ശ്രീരാമജന്മഭൂമി ന്യാസിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന മഹന്ത് രാമചന്ദ്ര പരമഹൻസ് ആയിരുന്നു ഇതിനെ കുറിച്ച് വാചാലനായത്. രാമക്ഷേത്രം പണിയാനുള്ള “പ്രവർത്തന തരംഗങ്ങളെ”ക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം (ഉധാർ ദാസ് പറഞ്ഞതുപോലെ ആക്രമണങ്ങൾ, ആഘാതങ്ങൾ എന്നീ വാക്കുകൾ അദ്ദേഹം ഉപയോഗിച്ചില്ല), സംഘപരിവാറിന്റെ അയോധ്യാ പദ്ധതിയെ കബീർ-പൻഥി-സൂഫി പ്രയോക്താവ് മനസ്സിലാക്കിയ രീതിയിൽ നിന്ന് ഗുണപരമായി വ്യത്യസ്തമായിരുന്നു. ബാബറി മസ്ജിദ് തകർത്ത് കൃത്യം ഒരു വർഷം കഴിഞ്ഞ് ഡിസംബർ 6, 1993-ന് ഹിന്ദുത്വ പദ്ധതിയെക്കുറിച്ച് പരമഹൻസ് എന്നോട് സംസാരിച്ചിരുന്നു, “ഹിന്ദുത്വ പ്രവർത്തന തരംഗങ്ങൾ” എന്ന വാക് പ്രയോഗത്തിന് അദ്ദേഹം നൽകിയ വിശദീകരണം ഇങ്ങനെയായിരുന്നു, “അയോധ്യയിലെയും ഭാരതത്തിലെയും ഞങ്ങളുടെ ഹിന്ദു രാഷ്ട്ര ദൗത്യം കടലിലെ തിരമാലകളോട് വളരെ സാമ്യമുള്ളതാണ്. കടൽ തിരമാലകളുടെ വലിപ്പവും ശക്തിയും തീവ്രതയും കാലാകാലങ്ങളിൽ വ്യത്യാസപ്പെടുന്നു, പക്ഷേ അവ ഒരിക്കലും നിലയ്ക്കുന്നില്ല. അലസമായി നോക്കുന്നവർക്ക് ചിലപ്പോൾ ഇത് നിശ്ചലമായി തോന്നാം, പക്ഷേ തിരമാലകൾ നീങ്ങുകയും അടിയിൽ രൂപപ്പെട്ട് ഉയരുകയും ചെയ്തുകൊണ്ടേയിരിക്കുന്നുണ്ട്. അടുത്ത, പറ്റിയ അവസരത്തിൽ വലിയ പ്രഹരമേൽപ്പിക്കാൻ അവ തയ്യാറാണ്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, നമ്മുടെ ദൗത്യവും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും ഒരിക്കലും അവസാനിക്കുന്നില്ല. കാം ജാരി ഹേ (ജോലി തുടരുകയാണ്).”

വിഎച്ച്പിയിലെ അശോക് സിംഗാളും ബജ്‌റംഗ്ദളിലെ വിനയ് കത്യാറും പോലെയുള്ള മറ്റ് തീവ്ര ഹിന്ദുത്വ നേതാക്കളോടൊപ്പം, 1990 കളിൽ രാമക്ഷേത്രത്തിന്റെ പേരിലുള്ള സംഘപരിവാറിന്റെ അയോധ്യ പ്രക്ഷോഭത്തിന്റെ മുഖമായിരുന്നു പരമഹൻസ്. ഇടയ്ക്കിടെ വാചാടോപങ്ങളും ആലങ്കാരിക പദപ്രയോഗങ്ങളും നടത്തുന്ന ആളായിരുന്നു പരമഹൻസ്. എന്നാൽ 1993 ഡിസംബറിൽ ഹിന്ദുത്വ പ്രചാരണത്തിന്റെ സുസ്ഥിരവും അശ്രാന്തവുമായ സ്വഭാവത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം സവിശേഷവും സുപ്രധാനവുമായ ഒരു സന്ദർഭത്തിലാണ് ഉണ്ടായത്. ഞാൻ പരമഹൻസിനെ കാണുന്നതിന് കഷ്ടിച്ച് രണ്ട് ദിവസം മുമ്പ്, 1993 ഡിസംബർ 4 ന്, മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയും (എസ്പി) കാൻഷി റാമിന്റെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ് പാർട്ടിയും (ബിഎസ്പി) ഉത്തർപ്രദേശിൽ കോൺഗ്രസ് പിന്തുണയോടെ മന്ത്രിസഭ രൂപീകരിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ അപ്രതീക്ഷിത പരാജയമാണ് ഈ പുതിയ സർക്കാരിന്റെ കയറ്റത്തിന് മുന്നോടിയായത്. 1992 ഡിസംബർ 6-ന് ബാബറി മസ്ജിദ് അക്രമാസക്തമായി തകർത്തതിന് ശേഷം സംഘപരിവാറിനുള്ളിലെ പ്രതീക്ഷകൾ, ഹിന്ദുത്വ വർഗീയ ധ്രുവീകരണം, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ, ഒരു പുതിയ ഉയരത്തിലെത്തി എന്നും, തത്ഫലമായി ഇത് ബിജെപിക്ക് മേഖലയിൽ എളുപ്പവും വൻതോതിലുള്ളതുമായ തിരഞ്ഞെടുപ്പ് വിജയങ്ങൾ നൽകും എന്നുമായിരുന്നു. തീർച്ചയായും ബിജെപിക്കുണ്ടായത് ഞെട്ടിക്കുന്ന പരാജയമായിരുന്നു.

അശോക് സിംഗാൾ

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പതിറ്റാണ്ടുകളായി പ്രവർത്തിച്ചുണ്ടാക്കാൻ ശ്രമിച്ച പാൻ-ഹിന്ദു സാമൂഹിക രാഷ്ട്രീയ സ്വത്വത്തിന്റെ സൃഷ്ടി, കുറഞ്ഞത് ഉത്തരേന്ത്യയുടെ വലിയ ഭാഗങ്ങളിലെങ്കിലും യാഥാർത്ഥ്യമായിരിക്കുന്നു എന്നായിരുന്നു സംഘപരിവാറിനുള്ളിലെ വിശ്വാസം. എന്നാൽ ബിഎസ്പി-എസ്പി സഖ്യം രൂപപ്പെടുത്തിയ ദലിതുകളുടെയും മറ്റ് പിന്നാക്ക ജാതികളുടെയും (ഒബിസി) മുസ്ലീം ന്യൂനപക്ഷങ്ങളുടെയും സാമൂഹിക സംയോജനം, പാൻ-ഹിന്ദു സ്വത്വത്തിന്റെ സൃഷ്ടിയെക്കുറിച്ചുള്ള ഈ പ്രതീക്ഷകളെ തകിടം മറിച്ചു. ഈ വിസ്മയകരമായ തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് പരമഹൻസ് “കാം ജാരി ഹേ” എന്ന ആശയത്തെക്കുറിച്ച് സംസാരിച്ചത്. തിരിച്ചടിയുണ്ടെങ്കിലും സംഘപരിവാറിന്റെ പദ്ധതി തുടരുമെന്ന് അടിവരയിടാൻ.

കുറച്ച് ദിവസങ്ങൾക്ക് ശേഷം, വിഎച്ച്പിയുടെ മറ്റൊരു മുതിർന്ന നേതാവായ ആചാര്യ ഗിരിരാജ കിഷോർ പരമഹൻസിനോടൊപ്പം ചേരുകയും “കാം ജാരി ഹേ” എന്ന ആശയം എന്താണ് ഉദ്ദേശിച്ചതെന്ന് വിശദീകരിക്കാൻ ഒരു കൂട്ടം മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്യുകയും ചെയ്തു. രണ്ട് മുതിർന്ന നേതാക്കളുടെയും അഭിപ്രായത്തിൽ, 1993 ലെ ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ ഫലം വിപരീതമായെങ്കിലും, അയോധ്യ പട്ടണത്തിലും സമീപ ഗ്രാമങ്ങളിലും ഹിന്ദുത്വ സംഘടനകൾക്ക് പ്രബലമായ പ്രവർത്തന നിയന്ത്രണം ഉണ്ടായിട്ടുണ്ട്. “ഇന്ത്യയുടെ മുഖത്ത് 450 വർഷം പഴക്കമുള്ള കളങ്കം” എന്ന് ഇരുവരും വിശേഷിപ്പിച്ച ബാബറി മസ്ജിദ് നീക്കം ചെയ്ത നടപടി തന്നെ ഈ നിയന്ത്രണത്തെ സൂചിപ്പിക്കുന്നുവെന്ന് അവർ വാദിച്ചു.

ബാബരി മസ്ജിദിൻ്റെ മുകളിൽ കയറി നിൽക്കുന്ന പ്രവർത്തകർ (December 6, 1992)

സംഘപരിവാറിന് ഈ ആധിപത്യം നേടിയെടുക്കാൻ കഴിഞ്ഞത് ഒറ്റരാത്രികൊണ്ട് നടത്തിയ നീക്കത്തിലൂടെയല്ലെന്നും, പതിറ്റാണ്ടുകൾ നീണ്ടുനിന്ന ദേശീയ അന്തർദേശീയ പ്രവർത്തനങ്ങളുടെ ഫലമാണെന്നും പരമഹൻസും ഗിതിരാജ കിഷോറും കൂട്ടിച്ചേർത്തു. “ആ പ്രക്രിയയിൽ, ചെറുതും വലുതുമായ വിജയങ്ങളും വലിയതും പരിമിതവുമായ തിരിച്ചടികളും അടയാളപ്പെടുത്തുന്ന കാലഘട്ടങ്ങളുണ്ടായിരുന്നു. 1949-ൽ ബാബറി മസ്ജിദിനുള്ളിൽ രാം ലല്ലയുടെ വിഗ്രഹം പ്രത്യക്ഷപ്പെട്ടത് വലിയ വിജയമായിരുന്നു. 1985-ൽ രാമജന്മഭൂമിയുടെ വിമോചനം പ്രചരിപ്പിക്കുന്നതിനുള്ള ആദ്യ പ്രധാന നടപടികളിലൊന്നായ ‘രാം-ജാനകി യാത്ര’യെ അയോധ്യയിലെ ജനങ്ങൾ എതിർക്കുകയും നിരസിക്കുകയും ചെയ്ത രീതി വലിയ തിരിച്ചടിയായി. 1986-ൽ രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ ബാബറി മസ്ജിദിന്റെ പൂട്ട് തുറന്നത് കർസേവകൾ ഉൾപ്പെടെയുള്ള ഭാവി പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കിയത്, ഒരു ചെറിയ വിജയമായിരുന്നു. പക്ഷേ, 1990 നവംബറിൽ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സർക്കാർ അയോധ്യയിലെ ആദ്യത്തെ കർസേവയ്ക്ക് നേരെ വെടിയുതിർത്തത് ഒരു ചെറിയ തിരിച്ചടിയാണ്. ഇത് രാമജന്മഭൂമി പ്രശ്‌നത്തെ ആഗോളതലത്തിൽ ഉയർത്തിക്കാട്ടി; പ്രാദേശികമായി അത് തടയപ്പെട്ടുവെങ്കിലും. അതുപോലെ, 1992 ജൂലൈയിലെ കർസേവ നിർബന്ധിതമായി മാറ്റിവച്ചത്, ഒരു ചെറിയ തിരിച്ചടിയായിരുന്നു. പക്ഷെ, 1992 ഡിസംബറിൽ ബാബറി മസ്ജിദ് തകർത്തത് വൻ വിജയമായി,” ഗിരിരാജ കിഷോർ അന്ന് വിശദീകരിച്ചു.

 

പരമഹൻസ് ആ ദിവസം ഇങ്ങനെ കൂട്ടിച്ചേർത്തു: “വിഎച്ച്പി ആദ്യം അയോധ്യയെ ഒരു പ്രധാന സംഘടനാ ലക്ഷ്യസ്ഥാനമായി കേന്ദ്രീകരിക്കാൻ തുടങ്ങിയപ്പോൾ, അയോധ്യ പ്രഘോഷിക്കപ്പെട്ടിരുന്നത് ഫൈസാബാദിന്റെ ഇരട്ട നഗരമായും, അതിന്റെ മുഖമുദ്ര മതേതരത്വമായും ആയിരുന്നു. എന്നാൽ രണ്ടു ദശാബ്ദങ്ങൾ കൊണ്ട് ഞങ്ങൾ അത് മാറ്റി. ചിലപ്പോൾ ഘട്ടം ഘട്ടമായുള്ള പ്രവർത്തന രീതിയിലൂടെയും ചിലപ്പോൾ ഫാസ്റ്റ്-ഫോർവേഡ് ചലനങ്ങളുടെ ഒരു കുത്തൊഴുക്കിലൂടെയും. കൂടുതൽ കൂടുതൽ മതസ്ഥാപനങ്ങളെ ഞങ്ങളുടെ ബാനറിന് കീഴിൽ കൊണ്ടുവന്ന്, ഒന്നുകിൽ അവരുടെ സ്വത്ത് വാങ്ങിക്കൊണ്ടോ അല്ലെങ്കിൽ ഞങ്ങളുമായി സഖ്യമുണ്ടാക്കാൻ അവരെ പ്രേരിപ്പിച്ചുകൊണ്ടോ പട്ടണത്തിൽ ഞങ്ങളുടെ ഭൂമിശാസ്ത്രപരമായ ഇടം വർദ്ധിപ്പിക്കുന്നത് ഇതിൽ ഉൾപ്പെടുന്നു. സമരങ്ങൾ, പ്രചാരണങ്ങൾ, കർസേവകൾ, ഒടുവിൽ പൊളിക്കൽ എന്നിവയും നടന്നു. എന്നാൽ ഇതൊരു മുന്നേറിക്കൊണ്ടിരിക്കുന്ന പ്രവർത്തിയാണ്. ഹിന്ദുത്വ സ്വത്വവും മേൽക്കോയ്മയും കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ട്, ഞങ്ങൾ അതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വാസ്തവത്തിൽ, വിജയത്തിന്റെ ഈ പോയിന്റിൽ എത്തുന്നതിനുമുമ്പ്, വിജയം, ഭാഗിക വിജയങ്ങൾ, ഭാഗിക പരാജയങ്ങൾ, വലിയ വിപരീതങ്ങൾ എന്നിങ്ങനെയുള്ള നിരവധി പ്രവർത്തന തലങ്ങളിലൂടെ ഞങ്ങൾ കടന്നുപോയിട്ടുണ്ട്. എന്നാൽ പദ്ധതി മുന്നോട്ട് പോയി എന്നതാണ് ആകെത്തുക.

 

ഈ ആശയവിനിമയത്തിന് ശേഷം, ഫൈസാബാദിൽ ദീർഘകാലം ആസ്ഥാനമായുള്ള രണ്ട് മുതിർന്ന പത്രപ്രവർത്തകരായ സി.കെ.മിശ്രയും കെ.പി. സിംഗ്ദേവും, 1984-നും 1992-നും ഇടയിൽ അയോധ്യയിൽ നടന്ന സംഭവങ്ങളെക്കുറിച്ചും, ഈ സംഭവവികാസങ്ങൾ പരമഹൻസിന്റെയും ഗിരിരാജ കിഷോറിന്റെയും വിശദീകരണത്തിലുള്ള തരം നിയന്ത്രണത്തിലും ആധിപത്യത്തിലും കലാശിച്ചതെങ്ങനെയെന്നും എന്നോട് വിവരിച്ചു. രാം-ജാൻകി യാത്ര പരാജയപ്പെട്ടതിനെത്തുടർന്ന്, സംഘപരിവാർ വിഎച്ച്പിയെ അയോധ്യയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ നിയോഗിച്ചു. “സാമ-ദാന-ഭേദ-ദണ്ഡത്തിന്റെ ചാണക്യനീതി” ഉൾപ്പെട്ട നിരവധി പ്രവർത്തനങ്ങളിലൂടെ – അനുനയിപ്പിക്കാനുള്ള സോപ്പിടലുകൾ, സൗജന്യങ്ങളുടെ വിതരണം, നഗ്നവും വഞ്ചനാപരവുമായ കുതന്ത്രങ്ങൾ, ക്ഷേത്രനഗരത്തിൽ മാത്രമല്ല, രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലും ആളുകൾക്കും സ്ഥാപനങ്ങൾക്കും നേരെയുള്ള ശാരീരിക ആക്രമണങ്ങൾ – അയോധ്യയുടെ ഭൂമിശാസ്ത്രത്തിലെ വലിയ മേഖലകൾ നിയന്ത്രിക്കാൻ സംഘപരിവാറിന് കഴിഞ്ഞു. വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും ഉടമസ്ഥതയിലുള്ള വലിയ സ്വത്തുക്കളും സ്ഥാപനങ്ങളും, നൂറുകണക്കായ, അയോധ്യയിലെ ചെറിയ ക്ഷേത്രങ്ങളും, ഇതിൽ ഉൾപ്പെടുന്നു. അനുനയത്തിനു വഴങ്ങുകയോ, സംഘപരിവാർ വാഗ്ദാനം ചെയ്യുന്ന വൻതുക സ്വീകരിക്കുകയോ ചെയ്തവർ “സമാധാനപരമായ പരിവർത്തന” ഗ്രൂപ്പിന്റെ ഭാഗമായി. ഭീഷണിപ്പെടുത്തേണ്ടിവരികയോ ശാരീരികമായി കൈകാര്യം ചെയ്യേണ്ടിവരികയോ ചെയ്യേണ്ടി വന്നവർ “ശക്തിപൂർവ്വം ഏറ്റെടുക്കൽ” ഗ്രൂപ്പിന്റെ ഭാഗമായി. ഇവയ്‌ക്കൊപ്പം, വർഗീയ ധ്രുവീകരണം വഷളാക്കുക എന്ന ലക്ഷ്യത്തോടെയുള്ള തെറ്റായ വിവരങ്ങളും മാരകമായ പ്രചാരണങ്ങളും ആസൂത്രിതമായി പ്രചരിപ്പിക്കുന്ന പലതരം രാഷ്ട്രീയ കുതന്ത്രങ്ങളും ഈ പ്രവർത്തനത്തിന്റെ ഭാഗമായി നടന്നു.


“വഞ്ചനയുടെയും വ്യാജവാർത്താ പ്രചാരണത്തിന്റെയും ഇതിഹാസങ്ങൾ” എന്ന ഈ പരമ്പരയുടെ രണ്ടാം ഭാഗത്തിൽ, വൈവിധ്യമാർന്ന രാഷ്ട്രീയവും സംഘടനാപരവുമായ ഈ സംഘപരിവാർ തന്ത്രങ്ങളെക്കുറിച്ച് കൂടുതൽ വായിക്കാം.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.