മുസ്ലീം ലീഗിന് പണിയാവുമോ കോടതിയുടെ പ്രതികരണം തേടൽ?

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ ദേശീയ ഘടകത്തിൽ മുസ്ലിം ലീഗ് കേരള സംസ്ഥാന കമ്മിറ്റിയെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ (ഇ.സി.ഐ) ചട്ടങ്ങളും നിയമങ്ങളും അതിലംഘിച്ചു ലയിപ്പിച്ചാണ് പാർട്ടിയുടെ ചിഹ്നം നിലനിറുത്തിയത് എന്നാരോപിക്കുന്ന ഹർജിയിൽ ഡൽഹി ഹൈക്കോടതി കമ്മീഷന്റെ പ്രതികരണം തേടി. എം.എൽ.കെ.എസ്.സി (മുസ്‌ലിം ലീഗ് കേരള സ്റ്റേറ്റ് കമ്മിറ്റി) എന്ന സംഘടനയെ ഐ.യു.എം.എല്ലുമായി (ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്) ലയിപ്പിച്ചതിൻ്റെ അംഗീകാരം റദ്ദാക്കാനുള്ള നടപടിയെടുക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനെ നിർദേശിക്കണമെന്നതാണ് മുഖ്യ ആവശ്യം. ഈ ഹർജിയിന്മേലാണ് ഡൽഹി ഹൈക്കോടതി ജസ്റ്റിസ് സച്ചിൻ ദത്ത ബുധനാഴ്ച നോട്ടീസ് അയച്ചത്.
ഐ.യു.എം.എല്ലിൻ്റെ സജീവ പ്രവർത്തകനും തമിഴ്‌നാട് സംസ്ഥാന സെക്രട്ടറിയും ആയിരുന്ന എം.ജി ദാവൂദ് മിയാഖാൻ സമർപ്പിച്ചതാണ് ഹർജി. മുതിർന്ന അഭിഭാഷകൻ പ്രമോദ് കുമാർ ദുബെ, അഭിഭാഷകരായ ജി പ്രിയദർശിനി, രാഹുൽ ശ്യാം ഭണ്ഡാരി എന്നിവർ മിയാഖാനുവേണ്ടി ഹാജരായി. അഭിഭാഷകൻ സിദ്ധാന്ത് കുമാർ ഇസിഐയെ പ്രതിനിധീകരിച്ചു.
മിയാഖാൻ്റെ വാദങ്ങൾ നിരസിച്ചുകൊണ്ട് ഏപ്രിൽ 20ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പാസാക്കിയ ഉത്തരവിനെ ഹർജിയിൽ ചോദ്യം ചെയ്തു. വാദത്തിന്റെ ഗുണദോഷങ്ങളെക്കുറിച്ചും, ഐയുഎംഎലിനെ എംഎൽകെഎസ്‌സിയിൽ ലയിപ്പിച്ചതിലെ പ്രശ്‌നങ്ങളെക്കുറിച്ചും ഒരു നിരീക്ഷണവും നടത്താതെയാണ് തെറ്റായ ഉത്തരവ് പാസാക്കിയതെന്ന് അദ്ദേഹം ആരോപിച്ചു. 2012 മാർച്ച് മൂന്നാം തീയതിയിലെ ഇ.സി.ഐയുടെ ഉത്തരവിലൂടെ ലയനത്തെ അംഗീകരിക്കുകയോ സാധുവാക്കുകയോ ചെയ്തതിനെയും ഹർജി എതിർക്കുന്നു. തന്റെ വാദങ്ങളിൽ ഇ.സി.ഐ മിയാഖാനോട് വ്യക്തിപരമായി കാര്യങ്ങൾ ചോദിച്ചറിഞ്ഞില്ല എന്നും, അനധികൃതമായി നടത്തിയ ലയനവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിശോധന നടത്തിയിട്ടില്ല എന്നുമാണ് കേസ്.
“ഭരണഘടനാപരമായ അർദ്ധ ജുഡീഷ്യൽ സ്ഥാപനമായതിനാൽ എതിർകക്ഷിക്ക് സ്വകാര്യ സ്ഥാപനങ്ങളെ പോലെ പ്രവർത്തിക്കാൻ സാധ്യമല്ലാത്തതിനാലും ഈ കോടതിയുടെ മുമ്പിൽ വന്നിട്ടില്ലാത്ത പക്ഷം കൂടുതൽ വിശകലനങ്ങൾക്ക് വിധേയമാക്കാവുന്നതാണ് എന്നുമിരിക്കെ 03.03.2012-ൽ പാസ്സാക്കിയ ലയന ഉത്തരവ് പുന:പരിശോധിക്കുവാൻ ഇ.സി.ഐക്ക് എല്ലാ കാരണങ്ങളും ഉണ്ടായിരുന്നു” ഹർജിയിൽ വ്യക്തമാക്കുന്നു.
“27.09.2021ആം തീയതി W.P(C) No.1624/2012 കേസിൽ ഈ ബഹുമാനപ്പെട്ട കോടതി പാസാക്കിയ ഉത്തരവ് പ്രശ്നത്തിന്റെ ഗുണദോഷങ്ങളെ വിശകലനം ചെയ്ത് കണ്ടെത്തുലകൾ നടത്തിയിട്ടില്ല എന്നും അവ പുനപരിശോധിക്കേണ്ടതുണ്ട് എന്നും ഒന്നാം എതിർ കക്ഷിക്ക് നന്നായി അറിവുള്ളതും വ്യക്തവുമാണ്. അതുകൊണ്ട്, 29.01.2024 തീയതിയിലെ വാദങ്ങൾ ലളിതമായി നിരസിക്കുന്നത് വിഷയം പ്രാധാന്യമുള്ളതും ഇതുവരെ തീർപ്പാക്കാത്തതുമായതിനാൽ അംഗീകരിക്കാനാവില്ല.” ഹർജിയിൽ തുടർന്ന് പറയുന്നു.
ഐയുഎംഎല്ലിൻ്റെ ദേശീയ എക്‌സിക്യൂട്ടീവുകൾ, സ്റ്റേറ്റ് യൂണിറ്റുകൾ, ജനറൽ അംഗങ്ങൾ എന്നിവരെ കേൾക്കാതെയാണ് ഐയുഎംഎല്ലിനെ എം.എൽ.കെ.എസ്.സിയിൽ ലയിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം 2012ൽ ഇസിഐ നിയമവിരുദ്ധമായി അംഗീകരിച്ചതെന്നും ഹർജിയിൽ വാദിക്കുന്നു.” അതുകൊണ്ട്, ഒന്നാം എതിർകക്ഷിയുടെ നടപടി നിയമവിരുദ്ധവും ഏകപക്ഷീയവും നിയമത്തിൻ്റെ ദൃഷ്ടിയിൽ നിലനിൽക്കുന്നതുമല്ല,” ഹർജിയിൽ പറയുന്നു.
ഏതാണ്ട് ഒരു ദശാബ്ദത്തോളമായി തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ നിലനിൽക്കുന്ന ഈ കേസിൽ കഴിഞ്ഞ ഏപ്രിൽ 20നാണ് കമ്മീഷൻ ഉത്തരവിറക്കിയത്. അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ദാവൂദ് മിയ ഖാൻ കോടതിയെ സമീപിച്ചത്. ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായ ഖായിദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ കുടുംബത്തിലെ പുതിയ തലമുറക്കാരൻ ആണ് ദാവൂദ് മിയ ഖാൻ.

തമിഴ്നാട് മുസ്ലിം ലീഗിലെ ഒരു വിഭാഗത്തെ തടയാനും ഒതുക്കാനും വേണ്ടിയാണ് എം.എൽ.കെ.എസ്.സിയുമായി ഒരു ലയനം നടത്തിയത് എന്ന് ദാവൂദ് ഖാൻ കോടതിക്ക് പുറത്തുള്ള സംഭാഷണങ്ങളിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. എല്ലാ പക്ഷങ്ങളെയും കേൾക്കാതെ ഏകപക്ഷീയമായി തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തത് എന്ന പരാതിക്ക് മേലാണ് ഇപ്പോൾ കോടതി കമ്മീഷൻ്റെ പ്രതികരണം ആരാഞ്ഞിരിക്കുന്നത്. തീർച്ചയായും കമ്മീഷന്റെ പ്രതികരണവും അതിനുശേഷം ഉള്ള കോടതി നടപടികളും മുസ്ലിംലീഗിന്റെ ഭാവിക്ക് എന്ത് തരത്തിലുള്ള ദിശയും ദശയും ആണ് പ്രദാനം ചെയ്യുക എന്നത് ഏറെ താല്പര്യത്തോടെയാണ് നിരീക്ഷകർ നോക്കിക്കാണുന്നത്.