തുര്‍ക്കിയിലും കുര്‍ദിസ്താനിലും സമാധാനത്തിന്റെ പുതിയ കാഹളം

ജനാധിപത്യത്തിനു പുറത്ത് വ്യവസ്ഥ ശക്തിപ്പെടുത്താനും നിര്‍വഹണത്തിനുമായി മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഉണ്ടാവാനും വഴിയില്ല. ഉണ്ടാവേണ്ടതുമില്ല. ജനാധിപത്യപരമായ അനുരഞ്ജനം എന്നതാണ് അടിസ്ഥാനപരമായ സമ്പ്രദായം – അബ്ദുള്ള ഓഹ്ജലാന്
ഇരുപത്താറു വര്‍ഷമായി തടവറയില്‍ കഴിയുന്ന കുര്‍ദിഷ് ജനകീയ നേതാവ് അബ്ദുള്ള ഓഹ്ജലാന്റെ നിരായുധീകരണത്തിനും സമാധാനത്തിനുമുള്ള മഹത്തായ ആഹ്വാനം; തുര്‍ക്കിയിലും പുറത്തുമുള്ള ജനങ്ങളില്‍ വന്‍ പ്രതീക്ഷയാണ് പകര്‍ന്നു നല്‍കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സമാധാന വാദികളും സ്വാതന്ത്ര്യ വാദികളും മറ്റും മറ്റും ഈ നീക്കത്തിനനുകൂലമായി അണിനിരന്നു കൊണ്ടിരിക്കുകയാണ്. തുര്‍ക്കി പ്രസിഡണ്ട് എര്ദോഗാന് ഏതു രീതിയിലാണ് പ്രതികരിക്കാന്‍ പോകുന്നത് എന്നാണ് ലോകം ഉറ്റു നോക്കിക്കൊണ്ടിരിക്കുന്നത്.
അനുരഞ്ജനത്തിലൂടെയും സംവാദത്തിലൂടെയും പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗമാണ് തെളിഞ്ഞിരിക്കുന്നത്. ഇസ്താന്ബുളിനടുത്തുള്ള ഇംറാലി ദ്വീപിലാണ് ഓഹ്ജലാനെ തടവിലിട്ടിരിക്കുന്നത്. തുര്‍ക്കിയിലെ കുര്‍ദ് അനുകൂല മുഖ്യധാരാ രാഷ്ട്രീയ കക്ഷിയായ പീപ്പിള്‍സ് ഇക്വാലിറ്റി ആന്റ് ഡെമോക്രസി (ഡിഇഎം)യുടെ ഏഴംഗ പ്രതിനിധി സംഘം കഴിഞ്ഞ ദിവസം ഓഹ്ജലാനെ നേരില്‍ സന്ദര്‍ശിച്ചു. അവര്‍ മുഖാന്തിരമാണ് നിരായുധീകരണത്തിനും സമാധാനത്തിനുമുള്ള ചരിത്രപരമായ ആഹ്വാനം ഓഹ്ജലാന് നടത്തിയിരിക്കുന്നത്. ഉടനെ തന്നെ ഇസ്താന്ബുളില് വിളിച്ചു കൂട്ടിയ സമ്മേളനത്തില്‍ വെച്ച് ഡിഇഎം നേതാക്കള്‍ ഇക്കാര്യം മാധ്യമങ്ങളോടും മറ്റുമായി വിശദീകരിച്ചു. ഈ സമ്മേളനത്തിന്റെ തത്സമയ സംപ്രേക്ഷണം തുര്‍ക്കിയിലെ കുര്‍ദ് നഗരങ്ങളായ ദിയാര്‍ ബക്കിര്, വാന്‍, മാര്‍ദിന്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ ആവേശത്തോടെ വീക്ഷിക്കുകയുമുണ്ടായി.
The call today by Abdullah Ocalan on PKK to lay down its arms and be dissolved is a historic step very much welcome. The best starting point for a potential political and inclusive process that will peacefully settle the Kurdish issue in 🇹🇷, based in dialogue & reconciliation.
— Nacho Sánchez Amor (@NachoSAmor) February 27, 2025
അഹ്മത്ത് തുര്‍ക്ക്, പെര്വിന് ബുല്‍ദാന്‍, സിറി സുരെയ്യ ഓണ്‍ഡര്‍, തുലെ ഹാത്തിമോഗുലാരി, തുണ്സര് ബാക്കിര്ഹാന്, ചെങ്കിസ് സിസെക്ക്, ഫൈക്ക് ഓസ്ഗുര് എറോള്‍ എന്നിവരാണ് ഓഹ്ജലാനെ സന്ദര്‍ശിച്ച ഡിഇഎം പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. 1999 മുതല്‍ തടവിലുള്ള ഓഹ്ജലാനെ 2021 മുതല്‍ ബന്ധുക്കള്‍ക്കും നിയമ ഉപദേശകര്‍ക്കും വരെ ബന്ധപ്പെടാനാവാത്ത നിലയിലാക്കിയിരുന്നു. അടുത്ത കാലത്തായി രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യങ്ങളാണ് അദ്ദേഹവുമായി പൊതു സമൂഹത്തിനുള്ള ബന്ധം പുന: സ്ഥാപിച്ചത്. അതിനെ തുടര്‍ന്ന് ലഭ്യമായ ആദ്യ അവസരത്തില്‍ തന്നെ ഓഹ്ജലാന് സമാധാനാഹ്വാനം പുറപ്പെടുവിച്ചു എന്നതും ശ്രദ്ധേയമാണ്.
നിരോധിക്കപ്പെട്ട കുര്‍ദിഷ് തൊഴിലാളി പാര്‍ടി (പികെകെ)യുടെ സ്ഥാപക നേതാവാണ് അബ്ദുള്ള ഓഹ്ജലാന്. പികെകെ തന്നെ പിരിച്ചുവിടുകയും ആയുധങ്ങള്‍ താഴെയിടുകയും ജനാധിപത്യപരമായ പരിഹാരം സാധ്യമാക്കുകയും ചെയ്യുക എന്ന ചരിത്രപരമായ പ്രഖ്യാപനമാണ് അദ്ദേഹം ഇന്നലെ നടത്തിയത്. ഇസ്താന്ബുളില് നടന്ന ഗംഭീരമായ സമ്മേളനത്തില്‍, മാധ്യമപ്രവര്‍ത്തകര്‍ക്കു പുറമെ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികളും സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും പങ്കെടുത്തു. ദിയാര്ബക്കിറിലും വാനിലും പടുകൂറ്റന്‍ സ്ക്രീനുകളിലൂടെ തത്സമയ സംപ്രേക്ഷണം നടത്തുകയും ചെയ്തു.
തുര്‍ക്കിയിലെ തീവ്ര വലതുപക്ഷ നേതാവായ ദെവ്ലേറ്റ് ബച്ചേലി (നാഷണലിസ്റ്റ് മൂവ്മെന്റ് പാര്‍ടി/എം എച്ച് പി) അടുത്ത ദിവസം ഡി ഇ എം പാര്‍ടി നേതാക്കള്‍ക്ക് ഹസ്തദാനം നടത്തുകയും രാജ്യത്ത് സമാധാനം കൊണ്ടുവരണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഭരണമുന്നണിയിലെ ഘടകക്ഷിയാണ് എം എച്ച് പി. പലസ്തീനിലെയും സിറിയയിലെയും ഉക്രൈനിലെയും സംഘര്‍ഷ സാഹചര്യങ്ങളിലുണ്ടായിരിക്കുന്ന മാറ്റങ്ങളും ഈ സമാധാന നീക്കങ്ങള്‍ക്ക് വഴി വെച്ചിട്ടുണ്ടാവാം.
അബ്ദുള്ള ഓഹ്ജലാന്റെ പ്രസ്താവനയുടെ സമ്പൂര്‍ണ പരിഭാഷ:
സമാധാനപരവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിനു വേണ്ടിയുള്ള ആഹ്വാനം.
ചരിത്രത്തിലെ ഏറ്റവും തീക്ഷ്ണമായ അക്രമങ്ങള്‍ നടന്ന ഒരു നൂറ്റാണ്ടിലാണ് -ഇരുപതാം നൂറ്റാണ്ട് – കുര്‍ദിഷ് തൊഴിലാളി പാര്‍ടി (പികെകെ) രൂപീകരിച്ചത്. രണ്ടു ലോകയുദ്ധങ്ങളും ശീതയുദ്ധവും സ്വാതന്ത്ര്യ പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും അടിച്ചമര്‍ത്തപ്പെട്ടതും എല്ലാത്തിനും ഉപരിയായി കുര്‍ദിഷ് സ്വത്വം നിഷേധിക്കപ്പെട്ടതുമാണ് ഇരുപതാം നൂറ്റാണ്ടിന്റെ സവിശേഷ സാഹചര്യം.
ഈ നൂറ്റാണ്ടിന്റെ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ യാഥാര്‍ത്ഥ്യത്തിന്റെ തീവ്രമായ സ്വാധീനമുള്ള സിദ്ധാന്തവും പ്രയോഗവും തന്ത്രങ്ങളും അടവുകളുമാണ് നമ്മുടേത്. 1990കളില്‍ യഥാര്‍ത്ഥ സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍ ആഭ്യന്തര കാരണങ്ങളാല്‍ നിലംപതിച്ചു. സ്വത്വപരമായ ആശയങ്ങളുടെ നിഷേധത്തിനെതിരും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു വേണ്ടിയുമുള്ള പികെകെയുടെ സമരങ്ങള്‍ അര്‍ത്ഥരാഹിത്യത്തിലേക്കും വര്‍ദ്ധിച്ച ആവര്ത്തനങ്ങളിലേയ്ക്കും പലപ്പോഴും വഴുതിമാറി. ഇതിന്റെ പരിണതഫലമെന്നത്, സമാനമായ മറ്റു പ്രസ്ഥാനങ്ങളെന്നതു പോലെ അതിന്റെയും ജീവിതചക്രം പൂര്‍ത്തിയായിരിക്കുന്നു. ഇനി അത് പിരിച്ചു വിടുന്നതാണ് നല്ലത്.
ആയിരം കൊല്ലത്തെ ചരിത്രമെടുത്താല്‍ ടര്‍ക്കുകളും കുര്‍ദുകളും ഒന്നിച്ചു തന്നെയാണ് ജീവിച്ചത്. മനപ്പൂര്‍വ്വമായ സഹകരണം തന്നെയായിരുന്നു അതിന്റെ അടിസ്ഥാനം. എല്ലാവര്ക്കും നിലനില്ക്കാനും അധിനിവേശങ്ങളെ അഭിമുഖീകരിക്കാനും അത് അത്യന്താപേക്ഷിതമായിരുന്നു.
കഴിഞ്ഞ ഇരുനൂറു വര്‍ഷത്തെ മുതലാളിത്ത ആധുനികത ഈ സഖ്യത്തെ തകര്‍ക്കുന്നതിനാണ് ലക്ഷ്യമിട്ടത്. വര്‍ഗപരമായ താല്പര്യങ്ങളുള്ള ശക്തികള്‍ ബാധിക്കപ്പെടുകയും ആ ലക്ഷ്യം നിറവേറ്റപ്പെടുകയും ചെയ്തു. തുര്‍ക്കി റിപ്പബ്ലിക്കിന്റെ ഉള്‍ച്ചേര്‍ക്കല്‍ പ്രക്രിയയെ ഇത് ത്വരിതപ്പെടുത്തി. ചരിത്രപരമായതും എന്നാല്‍ ശിഥിലമായതുമായ ഈ ബന്ധത്തെ പുന:സ്ഥാപിക്കുക എന്നതാണ് നമ്മുടെ മുമ്പിലുള്ള ഇന്നത്തെ അനിവാര്യമായ പോംവഴി. വിശ്വാസങ്ങള്‍ നമുക്ക് ഉപേക്ഷിക്കേണ്ടതില്ല, എന്നാല്‍ സാഹോദര്യത്തിന്റെ പ്രസക്തി ഉയര്‍ത്തിപ്പിടിക്കുകയും വേണം.
ജനാധിപത്യപരമായ രാഷ്ട്രീയ മാര്‍ഗങ്ങളുടെ നിഷേധം കൊണ്ടാണ് പികെകെയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പിന്തുണ ലഭിച്ചത്. റിപ്പബ്ലിക്കിന്റെ ചരിത്രത്തില്‍ അനേക മാനങ്ങളുള്ളതും ദീര്‍ഘമായതുമായ വമ്പിച്ച മുന്നേറ്റം തന്നെയാണ് അത്.
അമിത ദേശീയതാ വാദത്തിന്റെ സ്വഭാവങ്ങളുള്ള ആവശ്യങ്ങള്‍ക്ക് ഇതിനെ തുടര്‍ന്ന് പ്രാമുഖ്യം ലഭിച്ചു. വ്യത്യസ്തമായ ദേശ രാഷ്ട്രം, ഫെഡറലിസം, സ്വയം ഭരണാവകാശം, സാംസ്ക്കാരിക പരിഹാരങ്ങള്‍ എന്നിവയെല്ലാം സുപ്രധാന ലക്ഷ്യങ്ങളായി ഉയര്‍ന്നു വന്നു. എന്നാല്‍, ചരിത്രപരവും സാമൂഹികവുമായ സാമൂഹിക നീതി ശാസ്ത്രത്തിന് ഇതൊന്നും പരിഹാരമല്ല.
വിവിധ സാംസ്ക്കാരിക ഭാഷാ സ്വത്വങ്ങളെ ബഹുമാനിക്കുക, സ്വതന്ത്രമായ ആശയ ആവിഷ്ക്കാരങ്ങള്‍ പ്രകാശിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം വീണ്ടെടുക്കുക, ജനാധിപത്യപരമായി സംഘടിക്കുന്നതിനുള്ള ശേഷി നേടിയെടുക്കുക എന്നതായിരിക്കണം നമ്മുടെ മാര്‍ഗം. അതിലൂടെയായിരിക്കും സമൂഹത്തിലെ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് അവരുടേതായ സാമൂഹ്യ-സാമ്പത്തിക-രാഷ്ട്രീയ സംവിധാനങ്ങള്‍ രൂപപ്പെടുത്താന്‍ സാധിക്കുക. ജനാധിപത്യ സമൂഹവും രാഷ്ട്രീയ പ്രവര്‍ത്തന ഭൂമികയും നിലനിന്നാല്‍ മാത്രമേ ഇത് സാധ്യമാവൂ.
തുര്‍ക്കി റിപ്പബ്ലിക്കിന്റെ രണ്ടാം നൂറ്റാണ്ടിന് സാഹോദര്യപരമായി തുടര്‍ന്ന് നിലനില്ക്കണമെങ്കില് ജനാധിപത്യം അതിന്റെ കേന്ദ്രത്തില്‍ വരുക തന്നെ വേണം. ജനാധിപത്യത്തിനു പുറത്ത് വ്യവസ്ഥ ശക്തിപ്പെടുത്താനും നിര്‍വഹണത്തിനുമായി മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. ഉണ്ടാവാനും വഴിയില്ല. ഉണ്ടാവേണ്ടതുമില്ല. ജനാധിപത്യപരമായ അനുരഞ്ജനം എന്നതാണ് അടിസ്ഥാനപരമായ സമ്പ്രദായം.
സമാധാനപൂര്‍ണവും ജനാധിപത്യപരവുമായ സമൂഹത്തിന്റെ കാലഘട്ടവും ഭാഷയും യാഥാര്ത്ഥ്യത്തിനനുസൃതമായ വിധത്തില്‍ നാം വികസിപ്പിക്കേണ്ടിയിരിക്കുന്നു.
ദെവ്ലേറ്റ് ബച്ചേലി നടത്തിയ അഭ്യര്‍ത്ഥനയുടെയും പ്രസിഡണ്ട് (എര്ദോഗാന്) പ്രകടിപ്പിക്കുന്ന അനുകൂല സമീപനത്തിന്റെയും പശ്ചാത്തലത്തില്‍ രൂപപ്പെട്ട സാഹചര്യത്തോട് അനുകൂലമായിത്തന്നെയാണ് മറ്റു രാഷ്ട്രീയ കക്ഷികളും പ്രതികരിച്ചിട്ടുള്ളത്. ഈ പശ്ചാത്തലചത്തില്‍ നിരായുധീകരണത്തിനായുള്ള ആഹ്വാനം ഞാന്‍ പുറപ്പെടുവിക്കുന്നു. അത് നമ്മുടെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.
സമകാലികമായ എല്ലാ സംഘടനകളെയും പോലെ നമ്മുടെ പാര്‍ടിയും കോണ്‍ഗ്രസ് വിളിച്ചു കൂട്ടി ചര്‍ച്ച ചെയ്ത് ഇക്കാര്യം തീരുമാനിക്കുകയും സമൂഹവും ഭരണകൂടവുമായി സഹകരിക്കുകയും ഉദ്ഗ്രഥിതപ്പെടുകയും വേണ്ടതാണ്. എല്ലാവരും ആയുധങ്ങള്‍ ഉപേക്ഷിക്കണമെന്നും പികെകെ സ്വയം പിരിച്ചു വിടണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
എല്ലാവരുടെയും നിലനില്പ് എന്ന ആശയത്തിലും എന്റെ ആഹ്വാനത്തിലും വിശ്വസിക്കുന്ന സകലരോടുമുള്ള എന്റെ ആശംസകള്‍ അറിയിക്കുന്നു.
(അബ്ദുള്ള ഓഹ്ജലാന്/25 ഫെബ്രുവരി 2025).
Hundreds of Kurds took to the streets in celebration after imprisoned PKK leader Abdullah Ocalan called on his militant group to lay down its arms and disband pic.twitter.com/p3O8SII0pG
— The National (@TheNationalNews) February 28, 2025
തുര്‍ക്കിയിലും ഇറാക്കിലും യൂറോപ്പിലും വിവിധ വിഭാഗങ്ങളും നേതാക്കളും ഈ ആഹ്വാനത്തെ സ്വാഗതം ചെയ്തു. സിറിയയിലെ മാറ്റങ്ങളാണ് ഓഹ്ജലാനെ ഈ നിലപാടു മാറ്റത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക എന്നാണ് വിലയിരുത്തപ്പെടുന്നത്. സിറിയയിലെ കുര്‍ദിസ്താനായ റോജാവയിലെ സ്ഥിതിഗതികളും ഇതിലൂടെ പുനക്രമീകരിക്കപ്പെട്ടേക്കാം. എന്തൊക്കെയാണ് സംഭവിക്കുക എന്നത് വരും നാളുകളില്‍ നമുക്ക് മനസ്സിലാക്കാനാവും. ശുഭകരമായ കാര്യങ്ങള്‍ തന്നെ സംഭവിക്കട്ടെ.
(നന്ദി: മെഡിയ ന്യൂസ്, ഹരിത സാവിത്രി)
Related Article: അബ്ദുള്ള ഓഹ്ജലാൻ: ശൂന്യതയില്‍ ഒരഭയാര്‍ത്ഥി