A Unique Multilingual Media Platform

The AIDEM

Articles Law National Politics

ഇത് വായനക്കാരുടെയും പ്രേക്ഷകരുടെയും സ്വയം നിർണയാവകാശം സംരക്ഷിക്കാനുള്ള സമയം

  • November 11, 2023
  • 1 min read
ഇത് വായനക്കാരുടെയും പ്രേക്ഷകരുടെയും സ്വയം നിർണയാവകാശം സംരക്ഷിക്കാനുള്ള സമയം

‌പ്രശസ്ത മാദ്ധ്യമപ്രവർത്തകനായ രവീഷ് കുമാർ ഇന്ത്യയിലെ മാദ്ധ്യമങ്ങളെക്കുറിച്ചും ഭരണഘടനാരാഷ്ട്രമെന്ന നിലയിൽ നാം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു.

ഒക്ടോബർ 28ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ “ഭരണഘടനാരാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സെമിനാർ നടന്നു. കവിയും സാഹിത്യ-സാംസ്കാരിക നിരൂപകനുമായ അശോക് ബാജ്പേയ്, അക്കാദമീഷ്യൻ ആകൃതി ഭാട്ടിയ, അഡ്വക്കേറ്റ് കബീർ ശ്രീവാസ്തവ, ചലച്ചിത്ര സംവിധായകൻ നിഥിൻ വൈദ്യ, പ്രൊഫസർ രാജ്കുമാർ ജെയ്ൻ, മാദ്ധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇവിടെ രവീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ പരിഭാഷയുടെ എഡിറ്റ് ചെയ്ത രണ്ടാം ഭാഗം വായിക്കാം.


ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിൽ മാദ്ധ്യമങ്ങൾ ചിലപ്പോൾ സ്വതന്ത്രമായിരുന്നു, ചിലപ്പോൾ അല്ലായിരുന്നു. ചിലപ്പോൾ അവക്ക് തന്റേടം ഉണ്ടായിരുന്നു, ചിലപ്പോൾ അവ അടിമകളായിരുന്നു. പക്ഷെ, അവയുടെ വായനക്കാർ, പ്രേക്ഷകർ, ഒരിക്കലും അടിമകൾ ആയിരുന്നില്ല. അവർ ഒരു സ്വതന്ത്ര സംഘമായി നിലനിന്നു. എന്നാൽ ഇപ്പോൾ വായനക്കാരാവുക, പ്രേക്ഷകരാവുക എന്നതിൽ ഉൾച്ചേർന്നിരുന്ന സ്വാതന്ത്ര്യവും അസ്തമിച്ചിരിക്കുന്നു. മാദ്ധ്യമപ്രവർത്തകർ അവർക്കുള്ളിലെ മാദ്ധ്യമപ്രവർത്തകരെ എങ്ങനെ ഉന്മൂലനം ചെയ്തുവോ, അതെ പോലെ, വായനക്കാരും പ്രേക്ഷകരും അവർക്കുള്ളിലെ സ്വതന്ത്ര വായനക്കാരെയും, പ്രേക്ഷകരെയും കൊന്നിരുന്നു. ആ സ്ഥാനത്ത് മതത്തെ പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുന്നു. 

അവർക്കുള്ളിൽ മാനുഷികവികാരങ്ങൾ ഇല്ല എന്നല്ല. തീർച്ചയായും അവരിൽ വികാരങ്ങൾ ഉണ്ട്. പക്ഷെ, അവർ ഇപ്പോൾ ചിലരെ കൊല്ലുന്നത് കാണുമ്പോൾ ആഹ്ലാദിക്കുന്നു. ഒരു സമുദായത്തിന് ആവശ്യം ഒരു ശാശ്വത പരിഹാരമാണ് എന്ന് പറയുന്നതിൽ അവർ സ്വയം അഭിമാനം കണ്ടെത്തുന്നു. ഗോദി മീഡിയയും അവരുടെ വായനക്കാരും പ്രേക്ഷകരും തമ്മിൽ ഒരു പുതിയ ബന്ധം ഉണ്ടായിവന്നിരിക്കുന്നു. നിങ്ങളെപ്പോലുള്ള ഗവേഷകർ അത് ആഴത്തിൽ പഠിക്കണം. അതൊരു രാഷ്ട്രീയ താദാത്മ്യം മാത്രമല്ല, മനഃശാസ്ത്രപരമായ ഒരു ബന്ധം അതിൽ വികസിച്ചു വന്നിട്ടുണ്ട്. ഇപ്പോൾ അവർക്ക് ശരിയായ വാർത്ത വായിക്കാൻ/കാണാൻ പ്രാപ്തി ഇല്ല. തെറ്റായ വാർത്ത വായിക്കാൻ/കാണാൻ കിട്ടിയില്ലെങ്കിൽ അവർ അസ്വസ്ഥരാവുന്നു. തങ്ങൾ വായിച്ച/കണ്ട ശരിയായ വാർത്ത യഥാർത്ഥത്തിൽ തെറ്റാണ് എന്ന് അവർ വിശ്വസിക്കാൻ തുടങ്ങിയിരിക്കുന്നു. 

ഗോദി മീഡിയ എന്ത് കൊണ്ട് കാണാതിരിക്കണം എന്നതിനെ പറ്റി ഞാൻ പല തവണ സംസാരിച്ചിട്ടുണ്ട്. ഗോദി മീഡിയ കാണാതിരിക്കുക എന്നത് ഒരാൾക്ക് അത്ര എളുപ്പമുള്ള കാര്യമാണ് എന്നാണോ നിങ്ങൾ കരുതുന്നത്? റീൽസ് കാണുന്നവരോട് നിങ്ങൾ റീൽസ് കാണരുത് എന്ന് പറയുന്നതുപോലെ ആണത്. എല്ലാവർക്കും അങ്ങനെ എളുപ്പം പുറത്തുകടക്കാൻ പറ്റുന്ന ഒരു ശീലമല്ല അത്. മതേതര സ്വഭാവത്തിൽ നിന്ന് അത് പെട്ടെന്ന് നമ്മളെ വർഗീയ ചിന്തകളിലേക്ക് തള്ളിക്കൊണ്ടുപോകും. എന്നാൽ തിരിച്ചു വർഗ്ഗീയതയിൽ നിന്ന് മതേതരത്വത്തിലേക്ക് നടക്കുക, മനുഷ്യനാവുക, മാനുഷികമായ ധാർമികത ആർജ്ജിക്കുക എന്നതൊക്കെ വളരെ ദുഷ്കരമായ കാര്യങ്ങളാണ്. എല്ലാവർക്കും കയ്യെത്തിപ്പിടിക്കാവുന്ന കാര്യങ്ങളല്ല, അതൊന്നും. ഒരിക്കൽ വർഗീയവാദി ആവുന്ന ഒരാൾ വളരെക്കാലം അങ്ങനെ തന്നെ ആയിരിക്കും. വർഗീയവാദികൾ ആവുന്നതോടൊപ്പം അവർ കൊലയാളികളും കൂടി ആണ്. ഇനി അഥവാ അവർ കൊലയാളികൾ അല്ലെങ്കിൽ, അവർ തീർച്ചയായും കൊലയെ പിന്തുണയ്ക്കുന്നവർ ആണ്. അവരോട് നിങ്ങൾ ഗോദി മീഡിയ കാണരുത് എന്ന് വെറുതെ പറഞ്ഞാൽ അവർ അത് എളുപ്പം ചെയ്യുകയൊന്നുമില്ല.

അവർ എന്താണ് ചെയ്യുക? അവർ എങ്ങനെയാണ് അതിജീവിക്കുക? അതില്ലാതെ ജീവിക്കാൻ ഇപ്പോൾ അവർക്കറിയില്ല. ഗോദി മീഡിയക്കെതിരെ ഒരു ജനകീയ പ്രക്ഷോഭം വന്നാൽ അല്ലാതെ, ആളുകൾ ഓരോ വീട്ടിലും പോയി കാര്യങ്ങൾ വിശദീകരിച്ചു കൊടുത്താൽ അല്ലാതെ, ഇന്ത്യക്ക് ഇനി ജനാധിപത്യപരമായ, ജനാധിപത്യത്തിന് വേണ്ടി നിലകൊള്ളുന്ന, ഒരു മാദ്ധ്യമരംഗം ഉണ്ടാവുകയില്ല. 

ഇന്ത്യയുടെ ജനാധിപത്യത്തിലേക്കുള്ള യാത്രയിൽ നമ്മൾ പ്രസ് എന്ന് വിളിക്കുന്ന മാദ്ധ്യമങ്ങൾ ഒരു നല്ല പങ്കു വഹിച്ചിട്ടുണ്ട്. ഇന്ത്യാ വിഭജനത്തിന്റെ തീയിൽ എണ്ണ പകരുന്നതിലും അതേ മാദ്ധ്യമങ്ങൾ പങ്കെടുത്തിട്ടുണ്ട്. ഒരിക്കൽ ഗാന്ധിജി തന്നെ, പത്രങ്ങൾ വായിക്കരുത് എന്ന് ജനങ്ങൾക്ക് ഉപദേശം നൽകിയിരുന്നു. 1947 കാലഘട്ടത്തിൽ വളരെയധികം ആളുകൾ വിഭാഗീയമായ കമന്റുകൾ മാദ്ധ്യമങ്ങളിൽ നടത്തിയിരുന്നു. വർഗീയവാദികളായ ആ പത്രാധിപന്മാർക്കും മാദ്ധ്യമപ്രവർത്തകർക്കും പിൽക്കാലത്ത് എന്ത് സംഭവിച്ചു എന്ന് ഞാൻ അദ്‌ഭുതം കൊണ്ടിട്ടുണ്ട്. അവരുടെ പിന്നീടുള്ള മാദ്ധ്യമപ്രവർത്തനത്തിലും ജീവിതത്തിലും അവർ എന്താണ് ചെയ്തത്? അവർ എങ്ങനെയാണ് സമൂഹത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചത്? ഈ വഴിക്ക് എന്റെ ആലോചനകൾ പോകുമ്പോൾ ഞാൻ അറിയാൻ ആഗ്രഹിച്ചു, പല സ്ഥലങ്ങളിലും വർഗീയ കലാപങ്ങൾക്ക് വഴിമരുന്നിട്ട ആ വർഗീയ വാർത്തകൾ എഴുതിയവരും പ്രസിദ്ധം ചെയ്തവരും ആരൊക്കെ ആയിരുന്നു? അത്തരക്കാരോടുള്ള സർദാർ പട്ടേലിന്റെ അരിശം പലയിടത്തും നമുക്ക് കാണാം, വായിക്കാം. അപ്പോൾ അത്തരം മാദ്ധ്യമങ്ങൾക്കും മാദ്ധ്യമപ്രവർത്തകർക്കും എന്താണ് സംഭവിച്ചത്? അവർ പിന്നീടുള്ള രാഷ്ട്രീയത്തിൽ സുരക്ഷിതർ ആയിരുന്നുവോ? അവർ സമൂഹത്തിൽ അന്തസ്സുള്ളവരായി തുടർന്നുവോ? ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ എനിക്കറിയില്ല. വേറെ ആർക്കെങ്കിലും അറിയുമായിരിക്കും. പക്ഷെ, ഏതാണ്ട് അതേ കാലത്താണ് വർഗീയതയെ എതിർത്ത ഗണേഷ് വിദ്യാർത്ഥി കലാപത്തിൽ കൊല്ലപ്പെട്ടത്. ചോദ്യം ഇന്നും പ്രസക്തമാണ്. മാദ്ധ്യമപ്രവർത്തനത്തിൽ എക്കാലത്തും വർഗീയതയുടെ ഒരംശം ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ കാണുന്നത് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. ഇന്ന് മാദ്ധ്യമപ്രവർത്തനം ആകെ മൊത്തം വർഗീയതയാണ്. വർഗീയതയില്ലാത്ത മാദ്ധ്യമപ്രവർത്തനം സങ്കൽപ്പിക്കാൻ തന്നെ സാധ്യമല്ല. നിങ്ങൾ വർഗീയവാദി അല്ലെങ്കിൽ, നിങ്ങൾക്ക് മുസ്ലീങ്ങളോട് വെറുപ്പില്ലെങ്കിൽ, നിങ്ങൾ ഗോദി മീഡിയയിൽ എന്താണ് ചെയ്യുക? നിങ്ങൾ അവിടെ എങ്ങനെയാണ് നിങ്ങളുടെ ദിവസം ചെലവിടുക? 

ഇതും ആലോചിക്കേണ്ട കാര്യമാണ്. നിങ്ങൾക്ക് അവിടെ ഒരു ഇടം ഉണ്ടോ? അപ്പോൾ, ഇക്കാലത്ത് മാദ്ധ്യമപ്രവർത്തനം എന്നാൽ വർഗീയവാദി ആവുക, മുസ്‌ലിം വിരുദ്ധൻ ആവുക എന്നതൊക്കെയാണ് പ്രാഥമിക നിബന്ധനകൾ. നിങ്ങൾ വർഗീയവാദി ആവുമ്പോൾ നിങ്ങൾക്ക് പിന്നെ ജനാധിപത്യ വാദിയോ, ഭരണഘടനാപരമായ വീക്ഷണം ഉള്ളയാളോ ആവാൻ കഴിയില്ല. നിങ്ങൾക്കുള്ളിൽ ആ സാധ്യത തന്നെ അപ്രത്യക്ഷമാവുന്നു. ഒരു സ്ഥാപനത്തിനും പിന്നെ അത് നിങ്ങളുടെ ഉള്ളിൽ സൃഷ്ടിക്കാൻ കഴിയില്ല. ഞാൻ ഹിന്ദു-മുസ്ലിം എന്ന വാക്ക് ഇവിടെ ഉപയോഗിക്കുന്നില്ല. കാരണം, എല്ലാം ഇപ്പോൾ ഒരു പക്ഷം മാത്രം പിടിക്കുന്നതാണ്. അങ്ങനെ മാദ്ധ്യമപ്രവർത്തനം വർഗീയത നിറഞ്ഞതാകുമ്പോൾ, ആൾക്കൂട്ടക്കൊലകളെ മാദ്ധ്യമപ്രവർത്തക വൃന്ദം ആഘോഷിക്കാൻ തുടങ്ങുന്നു. അപ്പോൾ നിങ്ങൾക്കു നമ്മുടെ ഭരണഘടനയുടെ പാഠങ്ങൾ അവരെ പഠിപ്പിക്കാൻ കഴിയുമോ? 

ഇന്നത്തെ ഗോദി മീഡിയയിൽ എല്ലാ തരം ചീത്ത ശീലങ്ങളും കുടിയേറിക്കഴിഞ്ഞു. നന്മയുടെ ഉൾക്കാഴ്ച, നമ്മുടെ ഭരണഘടനയുടെ ഉൾക്കാഴ്ച, മാദ്ധ്യമങ്ങളിൽ നിന്ന് പാടെ വലിച്ചെറിയപ്പെട്ടിരിക്കുന്നു. ഇപ്പോൾ മാദ്ധ്യമ സ്ഥാപനങ്ങളിൽ റെയ്ഡ് നടന്നാൽ അത് മാദ്ധ്യമങ്ങൾക്ക് ഒരു വിഷയമല്ല. പല അവതാരകരും അതിനെ അപലപിക്കുകയില്ല. കുറച്ചുകാലം നിരോധിക്കപ്പെട്ട കേരളത്തിലെ മീഡിയ വൺ ചാനലിന്റെയും, ന്യൂസ് ക്ലിക്കിൽ ഇപ്പോൾ നടന്ന റെയ്ഡിന്റെയും കാര്യം നോക്കൂ. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) യുമായി ബന്ധപ്പെട്ടാണ് ഈ നടപടികൾ ഉണ്ടായത്. എത്ര മാദ്ധ്യമങ്ങൾ അത് ചർച്ച ചെയ്തു? ന്യൂസ് ക്ലിക്ക് ജേണലിസ്റ്റ് അഭിസാർ ശർമ ചൈനയിൽ നിന്ന് പണം വാങ്ങുന്നുണ്ടെന്ന് ഒരു എം പി, പേരെടുത്തു പറഞ്ഞു. എന്നാൽ എവിടെയും ഒരു തെളിവും ഇല്ല. മുഖ്യധാരാ ഗോദി മീഡിയ അത് ഏറ്റുപിടിച്ചു. അപ്പോൾ മാദ്ധ്യമപ്രവർത്തകനായ അഭിസാർ മിശ്രക്ക് തന്റെ നിലനിൽപ്പിനു വേണ്ടി മാദ്ധ്യമങ്ങളോട് തന്നെ പൊരുതേണ്ടി വന്നു. അപ്പോൾ സാധാരണ പൗരന്റെ സ്ഥിതി എന്താണ്? അവരുടെയെല്ലാം മതപരവും സാംസ്കാരികവുമായ ചിന്തകളിൽ നിന്ന് ഇത്തരം ഒരു മാദ്ധ്യമ മൂല്യവ്യവസ്ഥ ഉണ്ടായിവരുമെന്ന് നമ്മൾ മനസ്സിലാക്കിയില്ല. മതപരവും സാംസ്കാരികവുമായ അവരുടെ രാഷ്ട്രസങ്കല്പം ഇതാണ് എന്ന് ഇപ്പോൾ വ്യക്തമായിരിക്കുന്നു. 

അപ്പോൾ നിങ്ങൾ മാദ്ധ്യമപ്രവർത്തനം ചെയ്യുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ വർഗീയത കലരാതെ മാദ്ധ്യമപ്രവർത്തനം ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ഈ മാദ്ധ്യമങ്ങളുമായും രാപ്പകൽ നിങ്ങൾ പോരാടേണ്ടി വരും. അങ്ങനെ യുദ്ധം ചെയ്തുകൊണ്ടേ നിങ്ങൾക്ക് മാദ്ധ്യമപ്രവർത്തനം ചെയ്യാൻ ഇനി കഴിയുകയുള്ളൂ. ഈ മാദ്ധ്യമങ്ങൾ നിങ്ങളെ രാജ്യദ്രോഹി എന്ന് വിളിക്കും. 

ഈ മാദ്ധ്യമങ്ങളിൽ ഇപ്പോൾ മാദ്ധ്യമപ്രവർത്തകർക്കു തന്നെ സ്ഥാനമില്ല. നോയിഡയിലെ എത്ര ചാനലുകൾ ന്യൂസ് ക്ലിക്കിന് പിന്തുണ നൽകി പ്രസ് ക്ലബ്ബിലേ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തു? ആരും പിന്തുണയുമായി പോകില്ല. അതെല്ലാം മാദ്ധ്യമ ചർച്ചകൾ ആകേണ്ട വിഷയങ്ങൾ ആയിരുന്നു. അതൊന്നും ഇപ്പോൾ നടക്കുന്നേ ഇല്ല. മാദ്ധ്യമ മൂല്യങ്ങളെ ചിട്ടയായി തകർത്തുകളയുകയാണ് ഗോദി മീഡിയ ചെയ്യുന്നത്. നിയമപരമായ സുരക്ഷ ഉറപ്പാക്കാനുള്ള ഭരണഘടനയുടെ സുരക്ഷാ കവചത്തിൽ ഉണ്ടാകുന്ന മാറ്റങ്ങളെ പറ്റി അത് ചർച്ച ചെയ്യുന്നതുപോലുമില്ല. അത്തരം ചർച്ചകളെ തന്നെ അതുപേക്ഷിക്കുകയാണ്. 

ന്യൂസ് ക്ലിക്കിലെ റെയ്ഡിനെതിരെ നടന്ന പ്രതിഷേധം

ഇപ്പോൾ നിലവിലുള്ള പത്രങ്ങളും, ലാഭത്തിൽ ഓടിക്കൊണ്ടിരിക്കുന്ന ടി.വി. ചാനലുകളും ഇതെല്ലാം ചർച്ച ചെയ്യാൻ ബാധ്യസ്ഥരാണ്. അവരതു ചെയ്യുന്നില്ലെന്നതിൽ നിന്ന് നമുക്ക് മനസ്സിലാവുന്നത് ഇതാണ്- നിങ്ങൾക്ക് നിങ്ങളുടെ പക്ഷം ജനങ്ങളോട് പറയാനുള്ള എല്ലാ അവസരവും അസ്തമിച്ചിരിക്കുന്നു, പൂർണ്ണമായും ഇല്ലാതായിരിക്കുന്നു. ഇപ്പോൾ ഒരു സാധാരണ പൗരൻ ഒരു സമരത്തിനിറങ്ങുമ്പോൾ ചെയ്യുന്നത് എന്താണ്? അയാൾ ഒരു സോഷ്യൽ മീഡിയ പോസ്റ്റ് തയാറാക്കുന്നു. എന്നിട്ട്, ഡസൻ കണക്കിന്, അല്ലെങ്കിൽ നൂറുകണക്കിന് ജേണലിസ്റ്റുകളുടെ ട്വിറ്റർ ഹാൻഡിലുകളിൽ അതേ പോസ്റ്റ് ഇടുന്നു. കാരണം അല്ലെങ്കിൽ ആരും അയാളെ ശ്രദ്ധിക്കുകയില്ല. മുൻപൊക്കെ മാദ്ധ്യമങ്ങൾ ജനങ്ങളുടെ അടുത്തേക്ക് പോവുകയായിരുന്നു. ഇപ്പോൾ ജനങ്ങൾ മാദ്ധ്യമങ്ങളുടെ അടുത്തേക്ക് പോയിട്ടും ആരും അവരെ ശ്രദ്ധിക്കുന്നില്ല. 

2019ൽ ഓസ്‌ട്രേലിയയുടെ സെൻട്രൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി, എ ബി സി ന്യൂസ് ചാനലിന്റെ ഓഫീസും, അവരുടെ ഒരു മാദ്ധ്യമപ്രവർത്തകന്റെ വീടും റെയ്ഡ് ചെയ്തു. അതിനോടുള്ള പ്രതികരണമായി മിക്കവാറും എല്ലാ പത്രങ്ങളും ആദ്യത്തെ പേജിൽ കറുത്ത മഷി പുരട്ടി, ആർക്കും ഒന്നും വായിക്കാൻ പറ്റാത്ത വിധത്തിൽ. എല്ലാ പത്രങ്ങളും പ്രതിഷേധിച്ചു. സർക്കാർ ജനങ്ങളിൽ നിന്ന് സത്യം മറച്ചുവെക്കാൻ ശ്രമിക്കുകയാണ് എന്ന ഒരു പരസ്യം എല്ലാ ടി വി ചാനലുകളും ലൈവിൽ കൊടുത്തുകൊണ്ടിരുന്നു. ഇവിടെ നിങ്ങൾക്കത് ചെയ്യാനാവുമോ? സാധ്യമാണെന്ന് തോന്നുന്നില്ല. എ ബി സി യുടെ ജേണലിസ്റ്റുകൾ എന്ത് വാർത്ത പ്രസിദ്ധീകരിച്ചതിനായിരുന്നു സർക്കാരിന്റെ ഈ നടപടി? അഫ്ഗാനിസ്ഥാനിൽ ഓസ്‌ട്രേലിയൻ പട്ടാളം യുദ്ധ കുറ്റകൃത്യങ്ങൾ നടത്തി, യുദ്ധ നിയമങ്ങൾ ലംഘിച്ചു എന്നതായിരുന്നു ആ വാർത്ത. ഇന്നത്തെ ഇന്ത്യയിൽ അങ്ങനെ ഒരു വാർത്ത കൊടുക്കുന്നത് നിങ്ങൾക്ക് സങ്കല്പിക്കാനാവുമോ? ഇല്ല തന്നെ. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രിയായിരുന്ന സ്‌കോട്ട് മോറിസൺ വലിയ ഒരു പ്രശ്നമാണ് നേരിട്ടത്. അറിയാനുള്ള അവകാശത്തിനു വേണ്ടിയുള്ള ഒരു സഖ്യം തന്നെ രൂപീകരിക്കപ്പെട്ടു. നമുക്കുമുണ്ട് ഒരു വിവരാവകാശ നിയമം. അത് എങ്ങനെയാണ് നടപ്പാക്കപ്പെടുന്നത്? 

കോടിക്കണക്കിനു രൂപയുടെ പരസ്യം ലഭിക്കുന്ന ഇന്ത്യൻ മാദ്ധ്യമങ്ങളിൽ, ഒന്നോ രണ്ടോ മാദ്ധ്യമപ്രവർത്തകർ മാത്രമാണ് വിവരാവകാശ നിയമം ഉപയോഗിക്കുന്നത്. അതുതന്നെ കൂടുതലും പത്രങ്ങളിൽ ജോലി ചെയ്യുന്നവർ. മാദ്ധ്യമപ്രവർത്തകരാണ് വിവരാവകാശ നിയമം ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടിയിരുന്നത്. പക്ഷെ അവരാണ് ഏറ്റവും കുറച്ച് ഉപയോഗിക്കുന്നത്. 2014ന് മുൻപ് വിവരവകാശനിയമവുമായി ബന്ധപ്പെട്ടു മാദ്ധ്യമങ്ങളിൽ കുറച്ചു പ്രവർത്തനങ്ങൾ നടന്നിരുന്നു. 2014ന് ശേഷം മാദ്ധ്യമങ്ങൾ അത് ഉപയോഗിക്കുന്നേ ഇല്ല എന്ന് തന്നെ പറയാം. ഇനി ഒരാൾ അതുപയോഗിച്ചു, അതിൽ നിന്ന് ഒരു വാർത്ത കണ്ടെത്തി എന്ന് തന്നെ കരുതുക; അത് പ്രസിദ്ധം ചെയ്യുന്ന പതിവ് ഇല്ലാതായിരിക്കുന്നു. 2018ൽ ‘ബോസ്റ്റൺ സ്ട്രോളി’ന്റെ നേതൃത്വത്തിൽ അമേരിക്കയിലെ 300 ഓളം പത്രങ്ങൾ മാദ്ധ്യമസ്വാതന്ത്ര്യത്തിനു വേണ്ടി എഡിറ്റോറിയൽ എഴുതി. പടിഞ്ഞാറൻ മാദ്ധ്യമങ്ങളെ റോൾ മോഡൽ ആയി അവതരിപ്പിക്കാനല്ല, ഞാൻ ഇവിടെ ശ്രമിക്കുന്നത്. പ്രത്യേകിച്ചും ഇന്നത്തെ സാഹചര്യത്തിൽ ഞാൻ അതിനു മുതിരുകയേ ഇല്ല. ഇസ്രയേലിനെയും ഗാസയെയും കുറിച്ചുള്ള അവരുടെ റിപ്പോർട്ടുകൾ വളരെ മോശം രീതിയിലാണ്. പക്ഷെ, അതേ റിപ്പോർട്ടിങ്ങിനിടയിൽ, അതേ ചാനലുകളുടെ പ്രതിനിധികൾ ഗാസയിൽ കൊല്ലപ്പെടുന്നുമുണ്ട്. ഈ യുദ്ധത്തിൽ അവിടെ 28-29 മാദ്ധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അവരൊക്കെ തങ്ങളുടെ മാദ്ധ്യമപ്രവർത്തകരാണ് എന്ന് സമ്മതിക്കാനുള്ള മാന്യതയെങ്കിലും ആ ടി വി ചാനലുകൾ കാണിച്ചു. അവരുടെ ഫുൾ ടൈം ജേണലിസ്റ്റുകളാണോ, പാർട്ട് ടൈം ജേണലിസ്റ്റുകളാണോ എന്നൊന്നും എനിക്കറിയില്ല. എന്നാലും ഇവർ ഞങ്ങളുടെ റിപ്പോർട്ടർമാർ ആണ് എന്ന് അവർ പറഞ്ഞു. ഈ സമയത്തു നമ്മൾ കാണുന്നതിതാണ്- യുദ്ധമുഖത്തുനിന്നു റിപ്പോർട്ട് ചെയ്യുന്ന മാദ്ധ്യമപ്രവർത്തകരുടെ മക്കൾ കൊല്ലപ്പെടുന്നു, കുടുംബാംഗങ്ങൾ കൊല്ലപ്പെടുന്നു, എന്നിട്ടും അവർ മാദ്ധ്യമപ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. അവിടെ നിന്ന് ഡോക്ടർമാർ പോലും ഓടിപ്പോകുന്നില്ല. അവർ ആശുപത്രികളിൽ നിന്ന് ഓടിപ്പോകുന്നില്ല. അവർ അവിടെ തന്നെ നിൽക്കുന്നു. വാസ്തവത്തിൽ, ഇക്കാലത്തെ മാദ്ധ്യമരംഗത്ത്, സ്വന്തം പ്രിയപ്പെട്ടവരുടെ മരണം കണ്ടുനിൽക്കുന്ന അവരുടെ ധീരത ആഘോഷിക്കപ്പെടേണ്ടതാണ്. 

കഴിഞ്ഞ 10 വർഷമായി ഇന്ത്യൻ ജനാധിപത്യത്തിന് നേരെ വലിയ ആക്രമണങ്ങൾ നടന്നു. നമ്മൾ എന്താണ് ചെയ്യുക എന്ന് ആളുകൾ എന്നോട് ചോദിക്കുമ്പോൾ ഞാൻ പറയാറുണ്ട്- ശരി, ഞാൻ മറുപടി പറയാം… നിങ്ങൾ ധരിച്ച വസ്ത്രങ്ങൾ പോലും അഴുക്കാകാത്ത ഒരു പരിഹാരം ഞാൻ പറയാം. ഈ ഗോദി മീഡിയ പത്രങ്ങൾക്കും ടി വി ചാനലുകൾക്കും 250 രൂപ പ്രതിമാസം നൽകുന്നത് നിങ്ങൾ നിർത്തിയാൽ മാത്രം മതി. അത്രയുമെങ്കിലും ജോലി നിങ്ങൾക്ക് ചെയ്യാൻ കഴിയില്ലേ? ആർക്കെതിരെയാണോ അവർ വാർത്തകൾ നൽകുന്നത്, അവരും അത് തന്നെ വായിക്കുന്നു. കാരണം, പലപ്പോഴും അവരുടെ ഫോട്ടോ അവയിൽ ഉണ്ടാകും. ഇന്നത്തെ കാലത്ത്, ഗോദി മീഡിയ സൃഷ്‌ടിച്ച ‘മൂല്യക്കെണി’ യോട് പോരാടാതെ, ജനാധിപത്യത്തെയോ, ഭരണഘടനയെയോ സംരക്ഷിക്കാനുള്ള ഒരു സമരവും ഫലവത്താവുകയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും, രാഹുൽ ഗാന്ധിക്കും, എനിക്കും തമ്മിൽ പൊതുവായി ഒരു കാര്യമുണ്ട്. ഞങ്ങൾ മൂന്നുപേരും യൂട്യൂബർമാർ ആണ്. പക്ഷെ, ചില വ്യത്യാസങ്ങളുമുണ്ട്. “എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ” എന്ന് ഒരു പക്ഷെ രാഹുൽ ഗാന്ധി പറയുന്നുണ്ടാവില്ല. പക്ഷെ, പ്രധാനമന്ത്രി പറഞ്ഞു, “എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ” എന്ന്. അക്കാര്യത്തിൽ ഞാൻ അദ്ദേഹത്തേക്കാൾ സീനിയർ ആണ്. കാരണം ഞാൻ നേരത്തെ തന്നെ പ്രേക്ഷകരോട് എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ പറഞ്ഞിരുന്നു. ട്വിറ്ററിൽ പോലും ഞാൻ പ്രധാനമന്ത്രിയുടെ സീനിയർ ആണ്, ആ അർത്ഥത്തിൽ. അദ്ദേഹം ട്വിറ്ററിൽ വരുന്നതിനു മുൻപ് ഞാൻ ട്വിറ്ററിൽ വന്നിരുന്നു. ഞാൻ ട്വിറ്ററിൽ സബ്സ്ക്രൈബർമാരെ തേടുന്നു എന്നതിന്റെ പേരിൽ അദ്ദേഹത്തിന്റെ അനുയായികൾ എന്നെ കളിയാക്കിയിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പിരിച്ചുവിടണം എന്നും അവർ കൂട്ടിച്ചേർത്തു. 

ഞാൻ എന്ന മാദ്ധ്യമപ്രവർത്തകൻ സന്തോഷവാൻ ആണ്. ഒരു മാദ്ധ്യമപ്രവർത്തകൻ എന്ന നിലയിൽ എന്റെ ജോലി നഷ്ടപ്പെട്ട ശേഷമാണ് ഞാൻ ഇവിടെ വരുന്നത്. പക്ഷെ അവർ സബ്സ്ക്രൈബർമാരെ തേടാൻ തുടങ്ങിയപ്പോൾ, ചുരുങ്ങിയത് അക്കാര്യത്തിലെങ്കിലും ഞാൻ ജയിച്ചു എന്ന് ഞാൻ വിചാരിക്കുന്നു. 

രവീഷ് കുമാറിന്റെ യൂട്യൂബ് ചാനൽ

എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് യൂട്യൂബ് ചാനൽ തുടങ്ങേണ്ടി വന്നു എന്ന് നിങ്ങൾ മനസ്സിലാക്കണം. ഞാനും രാഹുൽ ഗാന്ധിയും എന്തുകൊണ്ട് യൂട്യൂബ് ചാനൽ തുടങ്ങി? രണ്ടു പേരുടെയും കാര്യത്തിൽ കാരണങ്ങൾ വ്യത്യസ്തമാണ്. പ്രധാനമന്ത്രിക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള മുഴുവൻ മാദ്ധ്യമങ്ങളും കയ്യിൽ ഉണ്ടെങ്കിലും, ദൂരദർശന്റെയും ആകാശവാണിയുടെയും അസംഖ്യം ചാനലുകൾ കയ്യിൽ ഉണ്ടെങ്കിലും, അദ്ദേഹത്തിന് യൂട്യൂബ് ചാനൽ തുടങ്ങി ജനങ്ങളോട് നിങ്ങൾ സബ്സ്ക്രൈബ് ചെയ്യണം എന്ന് പറയേണ്ടി വന്നു. അത് ടെലിവിഷന്റെ പ്രേക്ഷകർ കുറഞ്ഞത് കൊണ്ടല്ല. എന്തെങ്കിലും ഒരു കാരണം വേണമല്ലോ. ഒരു പക്ഷെ ഈ ചാനൽ അവതാരകരുടെ വിശ്വാസ്യത കുറഞ്ഞതുകൊണ്ടും, അവരിൽ നിക്ഷേപിച്ചതിനു വലിയ ലാഭമൊന്നും കിട്ടാത്തതുകൊണ്ടും ആകാം. പക്ഷെ, അത് ഒരു പ്രധാനപ്പെട്ട കാരണമാണ് എന്ന് എനിക്ക് തോന്നുന്നില്ല. യൂട്യൂബിലെ ഇടങ്ങൾ വർഗീയത ഇല്ലാത്തതാണ് എന്ന വ്യാമോഹമൊന്നും നമ്മൾ മനസ്സിൽ സൂക്ഷിക്കരുത്. മുഖ്യധാരാ മാദ്ധ്യമങ്ങളിൽ ഉള്ളതിനേക്കാൾ വർഗീയത അവയിൽ ഉണ്ട്. അത്തരം ചാനലുകളും, പരിപാടികളും അവിടെ സജീവമായി തന്നെ ഉണ്ട്. അപ്പോൾ പ്രധാനമന്ത്രി പറയുന്നത് ഇതാണ്- എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ; എന്നിട്ടു നിങ്ങളുടെ പരിപാടികളിൽ കുറച്ചു കുറച്ചായി എന്റെ കണ്ടന്റ് ഉപയോഗിക്കൂ. 

മുഖ്യധാരാ മാദ്ധ്യമങ്ങൾ രാഹുൽ ഗാന്ധിയെയും പ്രതിപക്ഷ നേതാക്കളെയും വിലക്കിയിരിക്കുന്നു എന്നതാണ് വസ്തുത. അദാനിയുമായി ബന്ധപ്പെട്ട ഒരു പ്രശ്നത്തിൽ രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയാൽ അതൊരിക്കലും മുഖ്യധാരാ മാദ്ധ്യമങ്ങൾ കാണിക്കാറില്ല. അത്തരം പ്രശ്നങ്ങളെ പറ്റി അവർ ചർച്ചകളൊന്നും നടത്താറുമില്ല. കാരണം ചർച്ച നടത്തിയാൽ അദാനിയെപ്പറ്റി പ്രസിദ്ധീകരിച്ചു വന്ന വാർത്തകളെല്ലാം അനുബന്ധമായി നടക്കുന്ന ഗവേഷണങ്ങളിൽ പൊങ്ങിവരും. അപ്പോൾ അത്തരം ചർച്ചകൾ നടത്തേണ്ട ആവശ്യം തന്നെയില്ല. നിങ്ങളുടെ കണ്മുന്നിലാണ് ഈ സാഹചര്യങ്ങൾ ഉണ്ടായിവരുന്നത്. 

സത്യപാൽ മാലിക്കിനെ രാഹുൽ ഗാന്ധി ഇന്റർവ്യൂ ചെയ്തപ്പോൾ എനിക്കത് ഇഷ്ടമായില്ല. പ്രതിപക്ഷ നേതാവ് ഒരു ജേണലിസ്റ്റ് ആയി മാറേണ്ടി വരുന്ന പതനത്തിലേക്ക് ഇന്ത്യൻ ജേണലിസം എത്തിച്ചേർന്നിരിക്കുന്നു. മാദ്ധ്യമ രംഗം അടക്കി വാഴുന്ന, ജേണലിസ്റ്റ് എന്നറിയപ്പെടുന്ന, അംഗീകരിക്കപ്പെടുന്ന ആളുകളാവട്ടെ പ്രതിപക്ഷത്തെ കൊല്ലാനുള്ള ശ്രമത്തിലാണ്. അതുകൊണ്ടാണ് അതെനിക്ക് ഇഷ്ടപ്പെടാതിരുന്നത്. മാദ്ധ്യമങ്ങൾ കളിയാക്കുകയും, ദുർബ്ബലനാണെന്നു വിധിയെഴുതുകയും ചെയ്ത ഒരു നേതാവ് തന്നെ, തന്റെ ആ ഇന്റർവ്യൂവിലൂടെ, ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന മാദ്ധ്യമങ്ങളെ എന്നെന്നേക്കുമായി നാണം കെടുത്തി എന്നാണ് എനിക്ക് തോന്നിയത്. നിങ്ങൾ മാദ്ധ്യമങ്ങൾ നിങ്ങളുടെ ജോലി ചെയ്യാതിരിക്കുമ്പോൾ, ഞാൻ പ്രതിപക്ഷ നേതാവാണെങ്കിലും, ഞാൻ അഭിമുഖങ്ങൾ നടത്താം എന്ന ഒരു പ്രസ്താവന പോലെയാണ് എനിക്കത് അനുഭവപ്പെട്ടത്. മാദ്ധ്യമരംഗത്തെ ഒരു ശൂന്യതയിലേക്ക് വിരൽ ചൂണ്ടുന്നതുപോലെ ആയിരുന്നു അത്. അതുകൊണ്ടാണ് ആ അഭിമുഖം കണ്ടപ്പോൾ എനിക്കത് വളരെ ദു:ഖകരമായ ഒരു നിമിഷമായി മാറിയത്. 

ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കുമായി രാഹുൽ ഗാന്ധി സംഭാഷണത്തിൽ ഏർപ്പെടുന്നു/ Source: Indian National Congress on YouTube

2023 ഫെബ്രുവരി 7 നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു, പ്രതിപക്ഷം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (EDയോട്) നന്ദി പറയണം, കാരണം, ഇ.ഡി കാരണമാണ് അവരെല്ലാം ഒരുമിച്ച് ഒരു വേദിയിൽ എത്തിയത്, എന്ന്. ഇ.ഡി യെ കേന്ദ്ര സർക്കാർ രാഷ്ട്രീയമായി ഉപയോഗിക്കുന്നു എന്ന് പലതവണ പ്രതിപക്ഷം ആരോപിച്ചിട്ടുള്ളതാണ്. ആ ആരോപണം ശരി വെക്കുകയാണ് ഒരർത്ഥത്തിൽ പ്രധാനമന്ത്രി ചെയ്തത്. വാർത്തകളിലെ തലക്കെട്ടുകളിൽ നിന്നോ, ടി വി ചാനലിലെ തിളങ്ങുന്ന മുഖങ്ങളിൽ നിന്നോ അല്ല, തന്നിൽ ജനങ്ങൾക്കുള്ള വിശ്വാസം ഉണ്ടായി വന്നത് എന്നും നരേന്ദ്ര മോദി പറഞ്ഞു. തന്നെ അത്രത്തോളം സേവിച്ചവരെ പറ്റിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞത് എന്നോർക്കുക. താൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട് എന്നും, ഓരോ അവസരവും ഉപയോഗിച്ചിട്ടുണ്ട് എന്നും അദ്ദേഹം തുടർന്നു പ്രസ്താവിച്ചു. 

ഒരു കാര്യം കൂടി പറഞ്ഞു ഞാൻ ഈ പ്രസംഗം അവസാനിപ്പിക്കാം. 2019 ലെ തെരഞ്ഞെടുപ്പ് കാലം. ഇന്ത്യൻ എക്സ്പ്രസ്സിന്റെ രാജ് കമൽ ഝ യും, രവീഷ് തിവാരിയും പ്രധാനമന്ത്രിയുടെ അഭിമുഖം നടത്തി. ഇത്രയും ഉന്നതമായ ആ പത്രം എന്തുകൊണ്ട് ഇത് തലക്കെട്ടാക്കിയില്ല എന്ന് ഞാൻ ചിന്തിച്ചുപോയ ഒരു വാചകം ആ അഭിമുഖത്തിൽ ഉണ്ടായിരുന്നു. അതൊരു വെറും എഡിറ്റോറിയൽ തെറ്റ് ആയിരുന്നുവോ? ഒരു വലിയ നേതാവിന്റെ അഭിമുഖം നടത്തുമ്പോൾ അദ്ദേഹം പറയുന്ന ഓരോ വാക്കും, വാചകവും നമ്മൾ വളരെ ശ്രദ്ധയോടെ പരിശോധിക്കുകയും അതിൽ ഏറ്റവും വാർത്താമൂല്യം ഉള്ള ഒരു കാര്യം തലക്കെട്ടാക്കുകയും ചെയ്യുമല്ലോ. ആ അഭിമുഖത്തിൽ അങ്ങനെ ഉണ്ടായോ? ഇതാണ് പ്രധാനമന്ത്രി പറഞ്ഞ ആ വാചകം- വാർത്ത പ്രസിദ്ധം ചെയ്തു വരുന്നുണ്ടോ, ഇല്ലയോ എന്നത് മാത്രമല്ല, ഒരു ജനാധിപത്യത്തിലെ ഒരേയൊരു കാര്യം.” അതെ… വാർത്ത പ്രസിദ്ധം ചെയ്തു വരുന്നുണ്ടോ, ഇല്ലയോ എന്നത് മാത്രമല്ല, ഒരു ജനാധിപത്യത്തിലെ ഒരേയൊരു കാര്യം.” നമസ്കാരം.


ഈ പരിഭാഷയുടെ ആദ്യ ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. രവീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണരൂപം കാണാം, ഈ ലിങ്കിൽ. | Click here to read in other languages.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here.

About Author

ദി ഐഡം ബ്യൂറോ