A Unique Multilingual Media Platform

The AIDEM

Articles National Politics

ഇന്ത്യ 2024: രാഷ്ട്രീയ വർത്തമാനം, ബലാബലങ്ങൾ, ഭാവി സൂചകങ്ങൾ

  • December 30, 2024
  • 1 min read
ഇന്ത്യ 2024: രാഷ്ട്രീയ വർത്തമാനം, ബലാബലങ്ങൾ, ഭാവി സൂചകങ്ങൾ

“ഇവന്മാർക്ക് ‘ഒവർടൺ വിൻഡോ’വിനെ (Overton Window) പറ്റി ഒന്നും അറിയില്ലേ?

സമകാലിക ഇന്ത്യൻ സാഹചര്യത്തിൽ ഏതു രാഷ്ട്രീയ പ്രൊജക്ടും അയോധ്യയിൽ നിന്ന് ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്ന ആശയങ്ങളെയും സാധ്യതകളെയും പിന്തുടർന്നേ പറ്റൂ. അതാണ് ‘ഒവർടൺ വിൻഡോ’വിൻ്റെ നിയമം. ഏറെക്കാലം ഡൽഹിയിലെ സംഘപരിവാർ തിങ്ക് ടാങ്കുകളിൽ പ്രധാനറോൾ ഉണ്ടായിരുന്ന എഴുത്തുകാരനും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഒരാൾ 2024ൻ്റെ ജനുവരി മാസത്തിൽ എന്നോട് പറഞ്ഞതാണ് ഇത്.

ഒന്നര പതിറ്റാണ്ട് മുമ്പ് രാഷ്ട്രീയ നിഘണ്ടുവിലേക്ക് കയറിയ പദപ്രയോഗമാണ് ‘ഒവർടൺ വിൻഡോ’. 2010ൽ പ്രസിദ്ധീകരിച്ച ഇതേപേരുള്ള ഒരു നോവലിൽ നിന്നാണ് ഉത്ഭവം. ഒരു സവിശേഷ ഘട്ടത്തിൽ മുൻതൂക്കം നേടുന്ന അല്ലെങ്കിൽ ജനങ്ങൾക്കിടയിൽ സ്വീകാര്യത നേടുന്ന രാഷ്ട്രീയ നയങ്ങളെയും ചിന്തകളെയും പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ ജാലകം ആണ് ‘ഒവർടൺ വിൻഡോ’.

ഓവർട്ടൺ വിൻഡോയുടെ ചിത്രീകരണം

ആ ഘട്ടത്തിൽ രാഷ്ട്രീയത്തിൽ ഇടപെടുന്ന എല്ലാ പക്ഷങ്ങളും (പാർട്ടികളും) ‘ഒവർടൺ വിൻഡോ’യുടെ നിയമങ്ങൾ അനുസരിക്കാൻ നിർബന്ധിതരാകും എന്നതാണ് ഈ സങ്കൽപ്പനത്തിന്റെ കാതൽ. ഈ ജാലകത്തിന് പുറത്തുള്ള ആശയങ്ങൾ മുന്നോട്ട് നീക്കാൻ ശ്രമിക്കുന്നവർ മുഖ്യധാരയിൽ നിന്ന് അകന്ന് പോവുകയും പാർശ്വവൽക്കരിക്കപ്പെടുകയും ചെയ്യുമെന്നുമുണ്ട്.

അയോധ്യയിലെ രാമജന്മ ഭൂമി മന്ദിരത്തിൻ്റെ ഉൽഘാടനത്തെ മുൻ നിർത്തിയാണ് തിങ്ക് ടാങ്ക് അംഗം ഇക്കാര്യം പറഞ്ഞത്. രാമമന്ദിരത്തിനും അതിൻറെ നിർമാണത്തിന് ചുക്കാൻ പിടിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സ്തുതി പാടിക്കൊണ്ട് വിവിധ തലങ്ങളിൽ സാന്നിധ്യം തെളിയിച്ച സെലിബ്രിറ്റികൾ – ഗായിക ചിത്ര, കർണാടക സംഗീതകാരൻ രവി കിരൺ, നടൻ രജനികാന്ത്, നടി രേവതി അങ്ങനെയുള്ളവർ – ചെയ്ത പ്രസ്താവനകൾ അദ്ദേഹം എടുത്തുപറഞ്ഞു.

ഇതിൻറെ തുടർച്ചയായി ഉയർത്തിയ വിശദീകരണങ്ങളുടെ സംക്ഷിപ്തം ഇങ്ങനെയാണ്. “മോദിയുടെ രണ്ടാം ഭരണം തുടങ്ങിയ 2019 മുതലുള്ള അഞ്ച് വർഷങ്ങളിൽ എക്സിക്യൂട്ടിവ്, ലെജിസ്ലേചർ, ജുഡീഷ്യറി എന്നിവയിൽ ഉണ്ടായിട്ടുള്ള പ്രധാനപ്പെട്ട സംഭവങ്ങളെല്ലാം അയോധ്യ എന്ന ‘ഒവർടൺ വിൻഡോ’വിനുള്ള ആധിപത്യം അടിവരയിടുന്നു. അയോധ്യ സംബന്ധിച്ച നിരവധി കേസുകളിൽ ജുഡീഷ്യറി സ്വീകരിച്ച സമീപനം ഇതിൻറെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ്.”

അയോധ്യ ഭൂമി പൂജ

തുടക്കത്തിൽ പറഞ്ഞ വാചകത്തിൽ അദ്ദേഹം പരാമർശിച്ച “ഇവന്മാർ” രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസും അഖിലേഷ് യാദവും തേജസ്വി യാദവും നയിക്കുന്ന സമാജ്‌വാദി പാർട്ടി, രാഷ്ട്രീയ ജനതാദൾ എന്നിവയും ഇടതുപക്ഷ കക്ഷികളും ആയിരുന്നു. 2024ൽ അയോധ്യയെ ഒഴിവാക്കി രാഷ്ട്രീയം മുന്നോട്ടു നീക്കാൻ ശ്രമിക്കുന്ന ഈ പാർട്ടികളും അതിൻറെ നേതാക്കളും ജനങ്ങൾക്കിടയിൽ പൂർണമായും തള്ളിക്കളയപ്പെടും എന്നും അദ്ദേഹം വാദിച്ചു.

2024 തിരഞ്ഞെടുപ്പ് നടക്കുന്നതിന് നാല് മാസം മുൻപാണ് ഈ വായ്ത്താരി. പിന്നീടുള്ള ആഴ്ചകളിൽ, തിരഞ്ഞെടുപ്പിലേക്ക് അടുത്ത് കൊണ്ടിരിക്കെ, അയോധ്യയാണ് “മുഖ്യധാര” എന്ന ആവർത്തനം മറ്റു സംഘപരിവാർ നേതാക്കളിൽ നിന്നും വക്താക്കളിൽ നിന്നും കേൾക്കാനായി. പക്ഷേ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം വന്നപ്പോൾ അയോധ്യ അടക്കമുള്ള നിരവധി ഉത്തരപ്രദേശ് മണ്ഡലങ്ങളിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടി ഈ വമ്പൻ വായ്ത്താരികൾ അസ്ഥാനത്താണ് എന്ന് തെളിയിച്ചു.

“അബ് കി ബാർ ചാർസോ പാർ” (ഇത്തവണ നാന്നൂറിലധികം) എന്ന മുദ്രാവാക്യം 2014ലെയും 2019ലെയും തിരഞ്ഞെടുപ്പ് വിജയങ്ങളെ മറികടക്കുന്ന നേട്ടമുണ്ടാക്കും എന്ന് പ്രചരിപ്പിച്ച ബിജെപിക്ക് ശ്രദ്ധേയമായ തിരിച്ചടി അടയാളപ്പെടുത്തിക്കൊണ്ട് ആ പാർട്ടിക്ക് സ്വന്തം നിലയിൽ ലോകസഭയിൽ കേവലഭൂരിപക്ഷം കിട്ടിയില്ല. ജനതാദൾ യുണൈറ്റഡ്, തെലുഗു ദേശം എന്നീ പാർട്ടികളുടെ പിന്തുണയോടെ ഭരിക്കേണ്ട സാഹചര്യത്തിലേക്ക് മുമ്പ് അടൽ ബിഹാരി വാജ്പേയിക്ക് എന്നപോലെ നരേന്ദ്ര മോദിയൂം എത്തി.

പുതിയ പാർലമെൻ്റ് മന്ദിരത്തിൻ്റെ ഉദ്ഘാടന വേളയിൽ മോദി

ബിജെപിയുടെ “ചാർസോ പാർ” മുദ്രാവാക്യം ഭരണഘടനയുടെ മൂർത്തമായ നിലനിൽപ്പിനും ജാതി സംവരണത്തിനും വെല്ലുവിളി ഉയർത്തുന്നു എന്ന പ്രതിപക്ഷ പാർട്ടികളുടെ പ്രചാരണം അമ്പേ പൊളിയുമെന്ന തിങ്ക് ടാങ്ക് പണ്ഡിതരുടെ പ്രവചനവും ഈ കൂട്ടത്തിൽ പരാജയപ്പെട്ടു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നീ വലിയ സംസ്ഥാനങ്ങളിൽ ദളിതർക്കും പിന്നോക്ക ജാതി വിഭാഗങ്ങൾക്കും ഇടയിൽ ഇന്ത്യ സഖ്യത്തിന് ലഭിച്ച പിന്തുണ പ്രതിപക്ഷ കൂട്ടായ്മയുടെ മുദ്രാവാക്യങ്ങൾക്ക് ലഭിച്ച സ്വീകാര്യതയുടെ നിദർശനമായി. ഭരണഘടന, സംവരണം എന്നീ വിഷയങ്ങൾക്ക് ഒപ്പം രാജ്യത്തെമ്പാടുമുള്ള ജനങ്ങൾ നേരിട്ട രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റം അടക്കമുള്ള അതിൻറെ പ്രത്യക്ഷ ഫലങ്ങളും സർക്കാർ വിരുദ്ധ വികാരത്തിന് ശക്തി പകർന്നു.

ലോകസഭയിലെ അംഗബലത്തിന്റെ ഏറ്റക്കുറച്ചിലുകൾക്ക് അപ്പുറം നരേന്ദ്രമോദിക്കും കൂട്ടർക്കും ഉണ്ടായ തിരിച്ചടിക്ക് ചരിത്രപരമായ മാനങ്ങളുണ്ട്. 2023-25 കാലഘട്ടത്തെ പറ്റി രാഷ്ട്രീയ സ്വയം സേവക് സംഘ് നയിക്കുന്ന ഹിന്ദുത്വ കൂട്ടുകെട്ടിനുള്ള ചരിത്രപരമായ പരിപ്രേക്ഷ്യവും പ്രതീക്ഷയുമായും, ഈ കാലഘട്ടത്തെപ്പറ്റി ആന്തരികമായി സംഘിനകത്ത് ദീർഘകാലമായി നടത്തപ്പെട്ടിട്ടുള്ള ചർച്ചകളും പ്രക്ഷേപിതങ്ങളും ഒക്കെയുമായും ബന്ധപ്പെട്ടതാണ് ഈ ചരിത്രമാനങ്ങൾ.

1923ൽ വിനായക് ദാമോദർ സാവർക്കർ എഴുതിയ, 1924ൽ പ്രസിദ്ധീകരിച്ച “ഹിന്ദുത്വ” എന്ന വിഭാഗീയ പ്രത്യയശാസ്ത്രത്തിൻ്റെ സംഘടനാപരമായ മുന്നോട്ടുപോക്കിന് ഉണ്ടാക്കിയ സംഘടനയായ ആർ.എസ്.എസിന് 100 വർഷം പൂർത്തിയാവുന്നത് 2025ലാണ്. “ഹിന്ദുത്വ”യുടെ പ്രസാധനത്തിന്റെയും അതിൻറെ ചാലകവാഹക സംഘടനയുടെയും നൂറാം വാർഷികം കടന്നുവരുന്ന 2023-25 ഘട്ടത്തിൽ സമ്പൂർണ്ണ ഹിന്ദു രാഷ്ട്രത്തിൻ്റെ സ്ഥാപനത്തിൻറെ ഒരു പ്രധാന ഘട്ടം പൂർത്തിയാക്കാൻ പറ്റും എന്നാണ്.

വി.ഡി സവർക്കർ

2014ലെയും 2019ലെയൂം വമ്പൻ തിരഞ്ഞെടുപ്പ് വിജയങ്ങൾക്ക് പിറകെ സംഘപരിവാർ പ്രതീക്ഷിച്ചിരുന്നത്.

മോദിയുടെ രണ്ടാം ഭരണം തുടങ്ങിയതിനു ശേഷം എക്സിക്യൂട്ടീവിലും പാർലമെൻറിൽ ജുഡീഷ്യറിയിലും ഒക്കെ ഉണ്ടായ ഒട്ടനവധി നീക്കങ്ങൾ ഈ പ്രതീക്ഷയ്ക്ക് ആക്കംകൂട്ടി. ഭരണഘടനയുടെ 370 അനുഛേദം റദ്ദാക്കി ജമ്മു കാശ്മീരിനെ സമഗ്ര നിയന്ത്രണത്തിൽ കൊണ്ടുവന്നത് മുതൽ അയോധ്യയിലെ ബാബരി മസ്ജിദ് സംബന്ധിയായ കേസുകളിലെ വിധി വരെയൂം പ്രതീക്ഷ വർദ്ധിപ്പിച്ച സംഭവങ്ങൾ ആയിരുന്നു.

അത്തരമൊരു പശ്ചാത്തലത്തിലാണ് 2024ലെ തിരഞ്ഞെടുപ്പിലേക്ക് ബിജെപി തയ്യാറെടുത്തത്. അയോധ്യ രാമ ക്ഷേത്രത്തിൻറെ ഉദ്ഘാടനം കൂടി തിരഞ്ഞെടുപ്പിന് മുമ്പ് നടത്തിയാൽ, അതുംനരേന്ദ്രമോദി തന്നെ മുഖ്യ പൂജാരിയായി സ്വയം അവതരിച്ചു നടത്തിയാൽ തിരഞ്ഞെടുപ്പ് എളുപ്പം ജയിച്ചു കയറാമെന്നും ഹിന്ദു രാഷ്ട്രത്തിൻ്റെ സ്ഥാപനത്തിലേക്കുള്ള വൻ കുതിച്ചുചാട്ടം സാധിക്കാമെന്നും കണക്ക് കൂട്ടലുണ്ടായി.

ആ കണക്കുകൂട്ടലുകൾക്കാണ് തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി നേരിട്ടത്. അടിസ്ഥാനപരമായും മതേതര രാഷ്ട്രീയത്തിന്റെ വക്താക്കളായ സത്യകക്ഷികളുടെ പിന്തുണയെ ആശ്രയിക്കുന്നതിനാൽ മോദി 3.0 വിലെ ഹിന്ദുത്വ പ്രകടനങ്ങൾക്ക് തീവ്രത കുറയും എന്ന പ്രതീക്ഷ ഈ തിരഞ്ഞെടുപ്പ് ഫലം ഒരു വലിയ വിഭാഗം മതനിരപേക്ഷ കക്ഷികളിലും അതിനെ പിന്തുണക്കുന്നവരിലും സൃഷ്ടിക്കുകയുമുണ്ടായി.

2018ൽ ‘രാമക്ഷേത്രം’ ആവശ്യപ്പെട്ട് കൊണ്ടുള്ള വിഎച്ച്പി റാലി

പക്ഷേ മോദി 3.0 തുടങ്ങി ഏഴുമാസത്തോളം പൂർത്തിയാവുമ്പോൾ തെളിയുന്ന ചിത്രം ഈ പ്രതീക്ഷകളെ സാധൂകരിക്കുന്നില്ല. പുതിയ രൂപങ്ങളിലും ഭാവങ്ങളിലും തീവ്രഹിന്ദുത്വ നീക്കങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും നാണം കെട്ട അദ്ധ്യായങ്ങളിൽ ചിലത് സൃഷ്ടിച്ച മുൻ ചീഫ്ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡിൻ്റെ ഒരു കോടതി നിരീക്ഷണത്തെ ആധാരമാക്കി ഉത്തരേന്ത്യയിൽ അങ്ങോളമിങ്ങോളം പള്ളി കുഴിച്ച് അടിയിൽ അമ്പലമുണ്ടോ എന്ന് നോക്കിപ്പിക്കാനുള്ള നിയമ നീക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് സംഘപരിവാർ ഇപ്പോൾ. “ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്” പോലുള്ള സങ്കീർണവും പ്രശ്‌നകലുഷിതവുമായ പരിപാടികളും മുന്നോട്ട് നീക്കുകയുമാണ് മോദി 3.0.

അയോധ്യയിലെ ബാബ്രി മസ്ജിദ് – രാമജന്മ ഭൂമി തർക്കത്തിൽ പെട്ട ദേവാലയങ്ങൾ ഒഴിച്ചുള്ള 1947 ഓഗസ്റ്റ് 15 ആം തീയതി ആരുടെ ഉടമസ്ഥതയിൽ ആയിരുന്നുവോ അതേപടി നിലനിൽക്കണം എന്ന 1991ലെ നിയമത്തെ അക്ഷരാർത്ഥത്തിൽ തുരങ്കം വെക്കുന്നതായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിൻ്റെ നിരീക്ഷണം. അയോദ്ധ്യാ കേസിലെ വിധി പറയുമ്പോഴാണ് ജുഗുപ്സാവഹമായ ഈ നിരീക്ഷണം ജസ്റ്റിസ് നടത്തിയത്. 1991 ലെ സ്റ്റാറ്റസ്കോ (Status Quo) നിയമം നിലനിൽക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഹിന്ദുക്കൾക്ക് അവരുടെതെന്ന് അവർ വിശ്വസിക്കുന്ന ആരാധനാലയങ്ങളുടെ പൂർവ ചരിത്രം എന്താണെന്ന് ചികഞ്ഞു പരിശോധിക്കുവാൻ ഉള്ള അവകാശം ആർക്കും തള്ളിക്കളയാൻ പറ്റില്ല എന്നായിരുന്നു ആ നിരീക്ഷണം. ഇതിൻറെ അടിസ്ഥാനത്തിലാണ് നിരവധി കോടതികളിൽ ഹിന്ദു തീവ്രവാദ സംഘടനകൾ പള്ളികൾക്കെതിരായ അന്വേഷണ ഹരജികൾ തുടരെത്തുടരെ സമർപ്പിച്ചു കൊണ്ടിരിക്കുന്നത്.

സംഘപരിവാറിൻ്റെ സ്ഥാപന കാലം മുതൽ പിന്തുടർന്ന “കാം ജാരി ഹേ” (എല്ലാ തിരിച്ചടികൾക്കമപ്പുറം നിരന്തരമായി സ്വന്തം ലക്ഷ്യം മുൻനിർത്തിയുള്ള പ്രവർത്തനം തുടരുന്ന പരിപാടി) പദ്ധതിയുടെ തുടർച്ച തന്നെയാണ് പുതിയ സംഘപരിവാർ പദ്ധതികളും. മറുവശത്ത് തിരഞ്ഞെടുപ്പ് കാലത്ത് കാണിച്ച രീതിയിലുള്ള ആശയ സ്ഥൈര്യവും ലക്ഷ്യബോധവും ഇന്ത്യാ സഖ്യത്തിൽ നിന്ന് ക്രമേണയായി കുറയുന്ന പ്രതിഭാസവും ഇന്ത്യൻ രാഷ്ട്രീയത്തിലെ സമകാലിക കാഴ്ചകളിൽ ഒന്നാണ്.

ചുരുക്കി പറഞ്ഞാൽ ‘ഒവർടൺ വിൻഡോ’യെ അടിസ്ഥാനമാക്കിയുള്ള വമ്പൻ പ്രവചനങ്ങൾ പൂർത്തിയാക്കാൻ സംഘപരിവാറിന് കഴിഞ്ഞില്ലെങ്കിലും ജുഡീഷ്യറിയെ ഉപയോഗിച്ചുകൊണ്ടുള്ള “കാം ജാരി ഹേ” പദ്ധതിയുടെ പുനരുദ്ധാരണത്തോടെ തങ്ങളുടെ ഹിന്ദുത്വ ധംഷ്ട്രങ്ങൾ വീണ്ടും പുറത്തെടുത്തിരിക്കുകയാണ് സംഘപരിവാർ.

നേതൃത്വ വ്യക്തിത്വങ്ങളുടെ തലത്തിലും മതനിരപേക്ഷ രാഷ്ട്രീയത്തിന് 2024ൽ നഷ്ടം സംഭവിച്ചു. ഇന്ത്യാ സഖ്യം എന്ന ആശയത്തിന് തന്നെ തീർച്ചയും മൂർച്ചയും നൽകിയ സിപിഐഎം നേതാവ് സീതാറാം യെച്ചൂരി, മുൻ കോൺഗ്രസ് പ്രധാനമന്ത്രി മൻമോഹൻസിംഗ് എന്നിവരുടെ നഷ്ടം തീർച്ചയായും നികത്താനാവാത്തത് തന്നെയാണ്.

അയോധ്യയിലെ രാമ ക്ഷേത്രത്തിൻ്റെ രാത്രി ദൃശ്യം

2025ലേക്ക് നോക്കുമ്പോൾ മരണത്തിന് ഏതാണ്ട് ഒന്നരമാസം മുമ്പ് ഈ ലേഖകനുമായുള്ള വ്യക്തിഗത കൂടിക്കാഴ്ചയിൽ സീതാറാം യെച്ചൂരി പറഞ്ഞത് ഇങ്ങനെയായിരുന്നു “കേവലമായ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ തലങ്ങളിൽ നിന്ന് ജനകീയമായ പ്രശ്നങ്ങൾ ഏറ്റെടുത്തു കൊണ്ടുള്ള സജീവമായ ആശയ സമരങ്ങൾക്കും സമൂഹത്തിൻറെ താഴെക്കിടയിലുള്ള പ്രക്ഷോഭങ്ങൾക്കും ഇന്ത്യസഖ്യം ഒന്നിച്ച് മുന്നേറണം. അതു മാത്രമാണ് 2024ലെ പരിമിതമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്ക് അപ്പുറം സ്ഥായിയായ ഫാസിസ്റ്റ് വിരുദ്ധ സമര വിജയത്തിലേക്ക് നയിക്കുകയുള്ളൂ.” അത്യന്തം പ്രസക്തമായ ഈ സന്ദേശം ഉൾക്കൊള്ളാൻ ഇന്ത്യയിലെ ജനാധിപത്യ ശക്തികൾക്ക് 2025ൽ കഴിയുമോ? 2024ന് തിരശ്ശീല വീഴുമ്പോളൂള്ള ഏറ്റവും വലിയ ചോദ്യം ഇതുതന്നെ…


ഈ ലേഖനം ദേശാഭിമാനി ദിനപത്രത്തിന്റെ ഡിസംബർ 30 ലക്കത്തിലാണ് ആദ്യം പ്രസിദ്ധീകരിച്ചത്.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x