A Unique Multilingual Media Platform

The AIDEM

Articles Minority Rights National Politics

അജ്ഞതയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ മണിപ്പൂർ കവറേജിന്റെ മുഖമുദ്ര

  • October 9, 2023
  • 1 min read
അജ്ഞതയാണ് മുഖ്യധാരാ മാധ്യമങ്ങളുടെ മണിപ്പൂർ കവറേജിന്റെ മുഖമുദ്ര

2023 മെയ് മാസത്തിന്റെ ആദ്യവാരം മുതൽ ആഭ്യന്തര കലഹത്തിന്റെയും കലാപത്തിന്റെയും പിടിയിൽ അമർന്ന മണിപ്പൂർ ഇന്നും ശാന്തമായിട്ടില്ല. സമാധാന ചർച്ചകൾ വേണമെന്ന ആവശ്യം പല തലങ്ങളിലും ഉയരുമ്പോഴും മൂർത്തവും ക്രിയാത്മകവുമായ രീതിയിൽ ചർച്ചകൾ തുടങ്ങാൻ അധികൃതർ തയ്യാറായിട്ടില്ല. ഈ പശ്ചാത്തലത്തിൽ മണിപ്പുരിനെ അടുത്തറിയുന്ന മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും, സംരംഭകനും, ഫെഡറൽ ബാങ്കിന്റെ മുൻ ചെയർമാനുമായ ബാലഗോപാൽ ചന്ദ്രശേഖർ മണിപ്പൂരിനെ കുറിച്ച് സംസാരിക്കുന്നു. വ്യക്തിപരമായ അനുഭവങ്ങളും ചരിത്രവീക്ഷണവും ഇടകലരുന്ന ഈ സംഭാഷണം “മനുഷ്യർ, സ്ഥലങ്ങൾ” എന്ന ദി ഐഡമിലെ പുതിയ പരമ്പരയിൽ നിന്നാണ്.


വെങ്കിടേശ് രാമകൃഷ്ണൻ (മാനേജിങ് എഡിറ്റർ, ദി ഐഡം):മനുഷ്യർ, സ്ഥലങ്ങൾ” എന്ന പുതിയ പരമ്പരയിലേക്ക് എല്ലാവർക്കും സ്വാഗതം. നാടിനും വ്യക്തികൾക്കും എല്ലാവരുടെയും ജീവിതത്തിൽ പ്രധാനസ്ഥാനമുണ്ട്. നമ്മുടെ എല്ലാവരുടെയും ജീവിതത്തെ നയിക്കുകയോ സ്വാധീനിക്കുകയോ ചെയ്ത പ്രത്യേക ഇടങ്ങളോ വ്യക്തികളോ ഉണ്ടായിരിക്കും. വളരെ കാലങ്ങൾക്ക് മുൻപേ നടന്ന ഒരു സംഭവമോ വ്യക്തിയോ നമ്മെ എന്നും സ്വാധീനിക്കുന്ന അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. ഈ പരമ്പരയുടെ തുടക്കം കുറിക്കാൻ ഇന്ന് എന്നോടൊപ്പമുള്ളത് വളരെ വിശിഷ്ടനായ ഒരു വ്യക്തിയാണ് – ബാലഗോപാൽ ചന്ദ്രശേഖർ 

തന്റെ ശിരസ്സിൽ ഒന്നല്ല, അനേകം പൊൻതൂവലുകൾ ചാർത്തിയിട്ടുള്ള ആളാണ് അദ്ദേഹം. ഒരു ബ്യൂറോക്രാറ്റ്, സംരംഭകൻ, നിരവധി സ്റ്റാർട്ടപ്പുകൾക്ക് വഴികാട്ടിയായ വ്യക്തി, ഫെഡറൽ ബാങ്ക് ചെയർമാൻ തുടങ്ങി കൈവച്ച മേഖലകളിലെല്ലാം വിജയിച്ചു. ബ്യൂറോക്രാറ്റ് എന്ന നിലയിലുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുന്ന ഒരു തെളിഞ്ഞ ദിവസം നിങ്ങൾക്ക് ഇന്ത്യയെ കാണുവാൻ സാധിക്കും” (ON A CLEAR DAY YOU CAN SEE INDIA) എന്ന തന്റെ ആദ്യപുസ്തകത്തിൽ അദ്ദേഹം പറയുന്നത് നോക്കൂ: “ഓരോ ഓർമകൾക്കും ഒപ്പം വിദൂരകാലത്തിൽ നിന്ന് അനേകം മുഖങ്ങളും കാഴ്ചകളും പ്രദേശങ്ങളും ഗന്ധങ്ങളും രുചികളും പൊങ്ങിവരുന്നു.”മനുഷ്യരും സ്ഥലങ്ങളും എന്നും താങ്കളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു. ഒരു പ്രത്യേകസാഹചര്യത്തിലാണ് ഇന്നു നമ്മൾ സംസാരിക്കുന്നത്. ഇന്ന് ലോകം ഉറ്റുനോക്കുന്ന മണിപ്പൂരിലാണ് ഒരു ബ്യൂറോക്രാറ്റായി താങ്കളുടെ സേവനം ആരംഭിക്കുന്നത്. ഒരു കൊടുങ്കാറ്റിന്റെ നടുക്കാണ് ആ പ്രദേശം എന്നുപോലും ഞാൻ പറയാം. 1980 കളിൽ അവിടെ പ്രവർത്തിക്കുകയും ദീർഘകാലം ആ പ്രദേശവുമായി ബന്ധം പുലർത്തുകയും ചെയ്ത വ്യക്തിയെന്ന നിലയിൽ അന്നത്തെ മണിപ്പൂരിനെക്കുറിച്ചും ഇന്നത്തെ മണിപ്പൂരിനെക്കുറിച്ചും എന്താണ് പറയാനുള്ളത് ?

ബാലഗോപാൽ ചന്ദ്രശേഖർ: ആദ്യമായി ഇത്ര മനോഹരമായ ഒരു ആമുഖത്തിന് നന്ദി. 1980 കളിൽ ഞാൻ ജോലി ചെയ്ത സമയത്തെ മണിപ്പൂരും ഇന്നത്തെ മണിപ്പൂരും തീർത്തും വ്യത്യസ്തമായ രണ്ടു സ്ഥലങ്ങളായിത്തന്നെ എനിക്ക് തോന്നുന്നു. അന്നത്തെ രണ്ടു ദശലക്ഷത്തിൽ നിന്ന് ജനസംഖ്യ ഒരല്പം ഉയർന്നിട്ടുണ്ട്. ഇന്ന് അത് മൂന്ന് ദശലക്ഷത്തിനടുത്താണ്. ഭരണപരമായും സംസ്ഥാനം വളർന്നിരിക്കുന്നു. അന്ന് നാല് ജില്ലകളായിരുന്നു ഉണ്ടായിരുന്നത് എങ്കിൽ ഇന്നത് 16 ആയി. രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമെന്നപോലെ ഭരണപരമായ വളർച്ച ഇവിടെയും സംഭവിക്കുന്നുണ്ട്.

മണിപ്പൂരിന്റെ ഭൂപടം

ചോദ്യം: അതേ. രാജ്യത്തുടനീളം അത് സംഭവിക്കുന്നുണ്ട്. പുസ്തകത്തിൽ അതിനെക്കുറിച്ച് പരാമർശിക്കുകയും ചെയ്തിട്ടുണ്ടല്ലോ.

ഉത്തരം: അത് ശരിയാണ്. ഏറ്റവും പ്രധാനപ്പെട്ട വ്യത്യാസമെന്തെന്നാൽ പണ്ടും കലാപങ്ങളും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങളും സാമാന്യം രൂക്ഷമായിരുന്നെങ്കിലും അവയൊക്കെ രാഷ്ട്രീയ പ്രശ്നമായിക്കണ്ട് സൈനിക ഇടപെടൽ കൂടാതെ പരിഹരിച്ചിരുന്നു. പ്രശ്നബാധിതപ്രദേശങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തേണ്ടി വന്നാൽ അവ അർദ്ധസൈനികവിഭാഗങ്ങളായ ബിഎസ്എഫ് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ്) ന്റെയോ സിആർപിഎഫ് (സെൻട്രൽ റിസേർവ്വ് പോലീസ് ഫോഴ്സ്) ന്റെയോ നേതൃത്വത്തിലായിരുന്നു. എപ്പോഴും ഒരു സൈനികവിഭാഗം ഉണ്ടായിരുന്നു. ഇംഫാലിന് പുറത്ത് ലെയ്മഖോങ്ങിൽ തമ്പടിച്ചിരിക്കുന്ന അവരെ പുറത്തിറങ്ങി കണ്ടിട്ടേയില്ല. എപ്പോഴും ബാരക്കുകളിൽ തന്നെയായിരിക്കും. മറ്റൊരു അർദ്ധസൈനികവിഭാഗം ഉണ്ടായിരുന്നത് ആസാം റൈഫിൾസാണ്. സൈന്യത്തിൽ നിന്നുള്ള ഓഫീസർമാരിൽ നിന്നും രൂപീകരിച്ചിട്ടുള്ള അർദ്ധസൈനികവിഭാഗമാണ് ആസാം റൈഫിൾസ്. സൈനികരെപ്പോലെ യൂണിഫോം ധരിച്ചിട്ടുള്ള അവർ യഥാർത്ഥത്തിൽ സൈനികരല്ല. ഞാൻ ഇത്രയും വിശദമായി പറയുന്നത് എന്തെന്നാൽ, ഒരു രാഷ്ട്രീയ ഇടപെടലാണ് അവിടെ ഫലപ്രദമായി തോന്നിയിട്ടുള്ളത്. മണിപ്പൂർ കലാപകാരികളുമായും നാഗ കലാപകാരികളുമായും നിരന്തരം സംവദിച്ചുകൊണ്ടിരിക്കുന്ന ചാനലുകളും അന്ന് സജീവമായിരുന്നു. എൺപതുകളുടെ മദ്ധ്യത്തിലും അന്ത്യത്തിലുമായി, ഞാൻ സംരഭകത്വത്തിലേക്ക് തിരിയുകയും സർക്കാർ സേവനം അവസാനിപ്പിക്കുകയും ചെയ്ത സന്ദർഭത്തിലാണ് ഡൽഹിയിൽ ആഭ്യന്തരമന്ത്രാലയം സ്ഥിതിചെയ്യുന്ന നോർത്ത് ബ്ലോക്കിൽ നിന്നും മണിപ്പൂരിലെ സൈനികസാന്നിധ്യം ശക്തമാക്കാനുള്ള തീരുമാനമുണ്ടായത്. ലെയ്മഖോങ്ങിൽ ഒരു സൈനികവിഭാഗത്തിന്റെ രൂപത്തിൽ അതിർത്തി സംസ്ഥാനത്തുണ്ടായിരുന്ന ടോക്കൺ ആർമി സാന്നിധ്യം ഒരു പൂർണ്ണ പർവ്വതവിഭാഗത്തിലേക്ക് മാറി. അന്ന് എന്നോടൊപ്പമുണ്ടായിരുന്ന ഒരു സുഹൃത്ത് തമാശയായി പർവ്വതവിഭാഗം വന്നതോടുകൂടി മണിപ്പൂരിലെ വാഹനങ്ങളുടെ എണ്ണം വർധിച്ചു എന്ന് എഴുതിയറിയിച്ചത് ഓർക്കുന്നു. അവർക്ക് നിരവധി വാഹനങ്ങളും ട്രക്കുകളും ആളുകളെ കൊണ്ടുപോകാനുള്ള കവചിത വാഹനങ്ങളും പീരങ്കി യൂണിറ്റുകളും ഉണ്ടായിരുന്നു.

ചോദ്യം: 1980 കളുടെ മദ്ധ്യത്തിലെ കാര്യങ്ങൾ തന്നെയല്ലേ താങ്കൾ പറയുന്നത്?

ഉത്തരം: അതേ. 1980 കളുടെ മദ്ധ്യത്തിലും അന്ത്യത്തിലുമായി. ആയിരത്തിൽ താഴെയുള്ള കലാപകാരികളുടെ എണ്ണത്തിന് അത്രയും സൈനികബലം ആവശ്യമില്ലായിരുന്നു. മണിപ്പൂരിലെ അവസ്ഥയെക്കുറിച്ചുള്ള ഭയാനകമായ കാഴ്ചപ്പാടിൽ നിന്നാണ് അതുണ്ടായത്.

മണിപ്പൂരിലെ സൈനിക സേന

ചോദ്യം: അങ്ങനെയൊരു ചിത്രീകരണത്തിന്റെ ആവശ്യമെന്തായിരുന്നു എന്നാണ് കരുതുന്നത്? താങ്കൾ ഇപ്പോൾ പറഞ്ഞത് തന്നെയായിരിക്കുമല്ലോ മറ്റ് ബ്യൂറോക്രാറ്റുകളുടെയും പോലീസുകാരുടെയും സുരക്ഷാവിദഗ്ധരുടെയും അഭിപ്രായം. (ആയിരത്തിൽ താഴെ ആളുകൾ മാത്രമാണ് വിവിധ വിമത-തീവ്രവാദ സംഘങ്ങളിൽ പ്രവർത്തിക്കുന്നത് എന്ന കാര്യം)

ഉത്തരം: അതൊരു നല്ല ചോദ്യമാണ്. ഞാൻ സബ് ഡിവിഷണൽ ഓഫീസറായി ഉഖ്രുളിലും പിന്നീട് ഇംഫാലിലും പ്രവർത്തിച്ച കാലത്തും ഞങ്ങൾക്ക് സൈനിക വിന്യാസം അമിതമായ പ്രതികരണമായി തോന്നിയിട്ടുണ്ട്. പ്രധാന ദിനപത്രങ്ങൾ വായിക്കുമ്പോൾ ഇവർ എന്തടിസ്ഥാനത്തിലാണ് ഇത്ര ഭയാനകമായ വിവരങ്ങൾ കൊടുക്കുന്നത് എന്ന് ഞങ്ങൾ അത്ഭുതപ്പെടാറുണ്ടായിരുന്നു. അവിടെയുള്ള ഞങ്ങൾക്ക് അപ്പോളത്തെ സാഹചര്യം അത്ര ഭയാനകമായ ചിത്രങ്ങൾ ആവശ്യപ്പെടുന്നതായി തോന്നിയില്ല. അതുകൊണ്ട് എനിക്ക് തോന്നുന്നത് കേട്ടുകേൾവികളിലെ അർദ്ധസത്യങ്ങളും ഒരിക്കൽപോലും വടക്കുകിഴക്കൻ മേഖലയോ മണിപ്പൂരോ സന്ദർശിച്ചിട്ടില്ലാത്ത ആഭ്യന്തരമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ അജ്ഞതയുമാണ് ഈ തെറ്റിദ്ധാരണകൾക്ക് കാരണം എന്നാണ്.അന്നും ഈ പ്രദേശത്തെ കാര്യങ്ങൾ ചെയ്യുന്ന ബഹുഭൂരിപക്ഷം ലേഖകരും ഇംഫാൽ സന്ദർശിക്കാറില്ല. അവർ ഗുവാഹത്തിയിലോ കൽക്കട്ടയിലോ ഇരുന്ന് വാർത്തകൾ തയ്യാറാക്കുകയാണ് ചെയ്യുന്നത്. ഇന്ന് പ്രത്യേകിച്ചും, ഇംഫാലിലെ പ്രശ്നബാധിത പ്രദേശങ്ങളിൽ പോകുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്നവർ വളരെ കുറവാണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ആഭ്യന്തര കലാപം കാരണം മാറ്റിപാർപ്പിക്കപ്പെട്ട പൗരന്മാർ

ചോദ്യം: കുക്കികൾ താമസിക്കുന്ന ലമ്പ്രദേശങ്ങളിലേക്ക് പോകുന്നത് ശാരീരികമായി വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ് എന്ന് ഞാൻ കേട്ടിട്ടുണ്ട്. വിരലിലെണ്ണാവുന്ന മാധ്യമപ്രവർത്തകർ മാത്രമാണ് അവിടെ പോയിട്ടുള്ളത്. വാസ്തവത്തിൽ, താങ്കളുടെ പുസ്തകം വളരെ മുന്നേ എഴുതിയതാണ്. പക്ഷെ അതിൽ തന്നെ, “മുഖ്യധാരാ ദേശീയമാധ്യമങ്ങളും അതിന്റെ ഭാഗമായി ഉയർന്നുവന്ന ജനാഭിപ്രായങ്ങളും ഭൂതകാലത്തിന്റെ തെറ്റിദ്ധാരണകളുടെ ചെളിയിൽ ആണ്ടുകിടക്കുന്നു” എന്ന് നിരീക്ഷിക്കുന്നുണ്ട്. ഇന്നും അത് തുടർന്നുപോരുന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ?

ഉത്തരം: വടക്കുകിഴക്കൻ സംസ്ഥാനങ്ങളെക്കുറിച്ചുള്ള അജ്ഞത പലപ്പോഴും സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കുന്നതിലൂടെ ഒരു തരം അർദ്ധ കോമഡിയായാണ് പുറത്തുവരുന്നത്. ഇതിനേക്കാൾ സങ്കടകരമാണ് അവിടെ യഥാർത്തിൽ നടക്കുന്ന കാര്യങ്ങളോട് മാധ്യമങ്ങൾ പുലർത്തുന്ന നിസ്സംഗത. ഉദാഹരണമായി, ഇന്ന് മാധ്യമങ്ങൾ നോക്കുകയാണെങ്കിൽ, മണിപ്പൂരിൽ നടക്കുന്നതിനെ ഹിന്ദുക്കളും ക്രിസ്ത്യാനികളും തമ്മിലുള്ള വർഗ്ഗീയസംഘർഷമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് കാണുന്നത്. എന്റെ അഭിപ്രായത്തിൽ ഇത് യാഥാർത്ഥ്യത്തിൽ നിന്നും വളരെയകലെയാണ്. മാധ്യമങ്ങൾ യഥാർത്ഥപ്രശ്നത്തെ വിട്ടുകളയുന്നു.

താഴ്വരയിലെയും മലകളിലെയും ആളുകൾ തമ്മിലുള്ള വംശീയസംഘർഷമാണ് ഇവിടുത്തെ അടിസ്ഥാന പ്രശ്നം.. കാലങ്ങളായി താഴ്വരയിൽ മെയ്തികളാണ് താമസിച്ചുവരുന്നത്. മലകളിലാവട്ടെ, നാഗാ,കുക്കി,മിസോ വിഭാഗങ്ങളും. മാത്രമല്ല, ബർമ്മയുടെയും മ്യാൻമറിന്റെയും കിഴക്കൻ പ്രദേശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന ഇവിടെ അന്താരാഷ്ട്ര അതിർത്തികൾ കടന്ന് ജനങ്ങൾ നിരന്തരം സഞ്ചരിക്കാറുണ്ട്. പ്രശ്നങ്ങളുടെ ശരിയായ കാരണം പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലും ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്നർ ലൈൻ നിയന്ത്രണങ്ങളാണ്. ഇത് എന്റെ ഏതെങ്കിലും പഠനങ്ങളുടെ അടിസ്ഥാനത്തിൽ പറയുന്നതല്ല. ഇംഫാൽ നിവാസിയായ പ്രഗത്ഭനായ മാധ്യമപ്രവർത്തകൻ പ്രദീപ് ഭഞ്ചൗബാമിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഞാൻ സംസാരിക്കുന്നത്.

മണിപ്പൂരിലെ ആഭ്യന്തര കലാപം (മെയ് 2023)

ഇന്നർ ലൈൻ എന്താണ് എന്ന് മനസിലാക്കേണ്ടത് അനിവാര്യമാണ്. ബ്രിട്ടീഷുകാർ മണിപ്പൂരിലെത്തിയപ്പോൾ അരക്കൻ രാജാക്കന്മാരെ പരാജയപ്പെടുത്താൻ അവർ മണിപ്പൂർ രാജാവിന്റെ പക്ഷം ചേർന്നു. മണിപ്പൂർ രാജാക്കന്മാരും അരക്കൻ രാജാക്കന്മാരും നിരന്തരം യുദ്ധത്തിലായിരുന്നു. കൂടാതെ മണിപ്പൂർ രാജാക്കന്മാർ അഹം രാജാക്കന്മാരുമായും യുദ്ധാവസ്ഥയിലായിരുന്നു. പരസ്പരയുദ്ധങ്ങളുടെ കാലം! ബ്രിട്ടീഷുകാർ മണിപ്പൂർ രാജാക്കന്മാരുടെ കൂടെക്കൂടി അരക്കന്മാരെ പരാജയപ്പെടുത്തുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തു.

എന്നാൽ ഇന്ത്യയിലെ മറ്റ് കോളനി പ്രദേശങ്ങളെപ്പോലെ അവർ ഇവിടെ തമ്പടിച്ചില്ല. പകരം ഒരു റസിഡന്റിനെ നിയമിച്ചു. സൈന്യത്തെ പിൻവലിച്ചെങ്കിലും അരക്കൻ രാജാക്കന്മാർക്ക് ഇത് ഒരു ബ്രിട്ടീഷ് ഭരണപ്രദേശമാണെന്ന കൃത്യമായ നിർദ്ദേശം നൽകുകയും ചെയ്തു. ആസാമിൽ സ്വീകരിച്ച നടപടി എല്ലാ ഇടങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് അവർ ശ്രമിച്ചത്. ഇതുപ്രകാരം മലകളുടെയും താഴ്വരകളുടെയും സംഗമസ്ഥാനങ്ങളിൽ ഒരു വര വരച്ചു (നിരപ്പായ ഇടങ്ങൾ മലകളെ സ്പർശിക്കുന്ന സ്ഥലങ്ങളിൽ). ഇതാണ് ഇന്നർ ലൈൻ. മലയോരപ്രദേശത്തെ ഭൂമിക്ക് റവന്യൂ ചട്ടങ്ങൾ ബാധകമായിരുന്നില്ല. കൂടാതെ മലയോരജനങ്ങളോട് വരയ്ക്കപ്പുറം കടക്കരുതെന്ന മുന്നറിയിപ്പും നൽകി.

പ്രദീപ് ഭഞ്ചൗബാം എഴുതുന്നതുപോലെ, മണിപ്പൂരിൽ മാത്രമല്ല, ലോകത്തെ എല്ലാ ഭൂപ്രദേശങ്ങളിലും മലകളിലെയും താഴ്വരകളിലെയും ജനങ്ങൾ തമ്മിൽ ഉറ്റബന്ധമാണുള്ളത്. അവരെ വേർപിരിക്കാൻ സാധ്യമല്ല. മലകളില്ലാത്ത താഴ്വരകളും താഴ്വരകളില്ലാത്ത മലകളും നിരർത്ഥകമാണ്. ഇവയ്ക്കിടയിൽ നിരന്തരമായ സഞ്ചാരങ്ങൾ എല്ലാക്കാലത്തും ഉണ്ടായിരുന്നു. എന്നാൽ ബ്രിട്ടീഷുകാരുടെ ഇന്നർ ലൈൻ പദ്ധതി മലയോരജനതയെ മലകളിലും, അതിനെക്കാൾ ക്രൂരമായി താഴ്വരയിലെ ജനങ്ങളെ താഴ്വരയിലും ബന്ധിച്ചുനിർത്തി. ക്രൂരമെന്ന് പറയാൻ കാരണം മണിപ്പൂരിന്റെ 90% പ്രദേശങ്ങളും മലകളാണ്. 10% മാത്രമാണ് താഴ്വര. അതേസമയം 60% ജനങ്ങളും താഴ്വരകളിൽ താമസിക്കുന്ന മെയ്തി വിഭാഗമാണ്. മറ്റ് ഗോത്രങ്ങൾ 40% മാത്രമാണ്. 60% വരുന്ന ജനങ്ങൾ, നിയമം മൂലം 10% വരുന്ന ഭൂപ്രദേശം കൊണ്ട് തൃപ്തിപ്പെടേണ്ട സാഹചര്യമാണ് ഇത് സൃഷ്ടിച്ചത്. എല്ലാ വിഷമങ്ങളുടെയും തുടക്കം ഇവിടെനിന്നാണെന്ന് ഞാൻ കരുതുന്നു.

ചോദ്യം: രാഷ്ട്രീയസമവാക്യങ്ങളിൽ, ജനസംഖ്യയുടെ ആനുകൂല്യം, പ്രത്യേകിച്ച് കഴിഞ്ഞവർഷങ്ങളിൽ, മെയ്തി വിഭാഗത്തിന് രാഷ്ട്രീയാധികാരം നേടിയെടുക്കാൻ സഹായകമായി. മലയോരജനതക്ക് ഭൂമിയും മറ്റ് വിഭവങ്ങളും കൂടുതലുണ്ടെങ്കിലും മെയ്തികളുടേതിന് സമാനമായ രീതിയിൽ അധികാരത്തിൽ പങ്കില്ല. കൂടാതെ, തദ്ദേശീയ സമൂഹങ്ങൾക്കിടയിൽ ആക്രമണോത്സുകമോ നിർബന്ധിതമോ ആയി ഹിന്ദു മതപരിവർത്തനം നടന്ന ഒരേ ഒരു സംസ്ഥാനം മണിപ്പൂരായിരിക്കും. ഇത് ഒരു ഹിന്ദു- ക്രിസ്ത്യൻ പ്രശ്നമല്ല എന്നുപറയുമ്പോൾ, പൂർണ്ണമായി അതിനെ തിരസ്കരിക്കാൻ പറ്റില്ല, അല്ലേ?

ഉത്തരം: അതേ. പക്ഷേ അത് മലകളുടെയും താഴ്വരകളുടെയും പ്രശ്നത്തോടൊപ്പം ആകസ്മികമായി സംഭവിക്കുന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. താഴ്വരയിലെ ജനങ്ങൾ മെയ്തികളാണ്. മലയോരത്തുള്ളവരാകട്ടെ നാഗകളും കുക്കികളും. കുറച്ചുവർഷങ്ങൾക്കുമുന്നേ താഴ്വരയിലെ ജനങ്ങളിൽ ഭൂരിഭാഗം ഹിന്ദുക്കളും മലയോരത്തുള്ളവർ ക്രിസ്ത്യാനികളുമായിരുന്നു. അതൊരു ആകസ്മികസംഭവം മാത്രമാണ്. മതം ഒരിക്കലും ഒരു പ്രേരണയായിരുന്നില്ല. അതിനുവേണ്ടി മുദ്രാവാക്യങ്ങളും ഇല്ലായിരുന്നു. മതം ഒരു പ്രാഥമികഘടകമല്ലായിരുന്നു.അധികാരത്തിലെ പങ്കിനെക്കുറിച്ച് നിങ്ങൾ പറഞ്ഞ കാര്യം ശരിയാണ്. ഭൂരിപക്ഷസംവിധാനത്തിൽ അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യവ്യവസ്ഥയുടെ ഫലമായി അധികാരത്തിൽ അസമത്വം ഉണ്ടാകുന്നു. കൂടുതൽ ആളുകളുള്ള സമുദായമോ, കക്ഷിയോ സ്വാഭാവികമായും ഭരണത്തിൽ വരുന്നു. ഇത് തന്നെയാണ് നാഗാലാന്റിലും മിസോറാമിലും ആസാമിലും മറ്റനേകം സ്ഥലങ്ങളിലും സംഭവിക്കുന്നത്. ഭൂരിപക്ഷം വരുന്ന വംശീയവിഭാഗത്തിന്റെ ഉത്തരവുകൾ സംസ്ഥാനത്തുടനീളം നടപ്പാക്കുന്നു.

മണിപ്പൂരിൽ ജനാധിപത്യം നിലവിൽ വരികയും തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിക്കുകയും ചെയ്തപ്പോൾ, ജനസംഖ്യയിൽ കൂടുതലുള്ള മെയ്തികൾ അധികാരത്തിൽ വന്നതിൽ അതിശയിക്കാനില്ല. പക്ഷെ ഇന്നർ ലൈൻ നിയന്ത്രണങ്ങൾ വരുന്നതുവരെ മലകളിലെയും താഴ്വാരത്തെയും ആളുകൾ തമ്മിലും വസ്തുക്കൾ തമ്മിലും ചലനവും കൈമാറ്റവും ഉണ്ടായിരുന്നു. ഇന്നർ ലൈൻ നിയന്ത്രണങ്ങൾ വ്യക്തമാക്കുന്നത് അതിന്റെ ക്രൂരമായ ഏകപക്ഷീയത കൂടിയാണ്. മെയ്തികൾക്ക് മലകളിൽ ഭൂമി വാങ്ങാൻ പറ്റില്ല. പക്ഷേ മലയോരപ്രദേശത്തുള്ളവർക്ക് താഴ്വരയിൽ വരികയും ഭൂമി വാങ്ങിക്കുകയും ചെയ്യാം. മെയ്തികൾക്കിടയിൽ പ്രശ്നങ്ങൾക്ക് ഇതും കാരണമായി. ഇതുകൂടാതെ, പല കാരണങ്ങൾകൊണ്ടും മെയ്തികൾക്ക് പട്ടികവർഗ്ഗസ്ഥാനം ലഘിക്കാതെപോകുകയും മലയോരത്തുള്ളവർക്ക് അത് ലഭിക്കുകയും ചെയ്തു. തന്മൂലം മലയോരത്തുള്ളവർക്ക് കേന്ദ്രസർവ്വീസുകളിലേക്കുള്ള നിയമനത്തിൽ മുൻഗണന ലഭിച്ചു. ആദ്യം താഴ്വരയിൽ താമസിക്കുന്നത് അഭിമാനത്തിന്റെ പ്രതീകമായിരുന്നു. എന്നാൽ ക്രമേണ അത് ഇരട്ടത്താപ്പും വിപരീതഫലം ഉളവാക്കുന്നതുമായി മാറി.

മണിപ്പൂരിന്റെ ടോപ്പോഗ്രാഫിക് ഭൂപടം

ചോദ്യം: മതപരിവർത്തനത്തിന്റെ ഭാഗമായി മെയ്തികൾ ജാതിയിലെ ശ്രേണീകരണം ഉൾപ്പെടെ ചാതുർവർണ്ണ വ്യവസ്ഥ സ്വീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തു എന്ന് താങ്കളുടെ പുസ്തകത്തിൽ വായിച്ചതോർക്കുന്നു. അതും സംവരണത്തിന്റെ അടിസ്ഥാനത്തിലുള്ള ആനുകൂല്യങ്ങൾ അവർക്ക് നിഷേധിക്കപ്പെടാൻ കാരണമായിരിക്കണം, അല്ലേ?

ഉത്തരം: അത് ശരിയാണ്. അവർ ശ്രേഷ്ഠരാണ് എന്ന തോന്നലുണ്ടായിരുന്നു. അത് ചാതുർവർണ്ണ്യ വ്യവസ്ഥമൂലം മാത്രമല്ല. അവരായിരുന്നു ഭരിച്ചിരുന്നത്. ആ മുഴുവൻ പർവ്വതനിരയിലും കൂടി നിലനിൽക്കുന്ന ഒരേയൊരു സൈന്യം താഴ്വരയിലാണ്. സ്ഥിരമായ സൈന്യത്തിന് കൃഷി ആവശ്യമാണ്. മണിപ്പൂരിൽ താഴ്വരകളിൽ മാത്രമാണ് കൃഷിയുണ്ടായിരുന്നത്. അവ ഫലഭൂയിഷ്ടമായിരുന്നു. അതിനാൽ സൈന്യത്തെ സംരക്ഷിക്കാൻ താഴ്വരകൾക്ക് കഴിയുമായിരുന്നു. അതുകൊണ്ടാണ് പ്രശ്നബാധിതമായ മണിപ്പൂർ മേഖലയെ കീഴടക്കാൻ പൊതുവേ താല്പര്യമില്ലാതിരുന്ന, കൂടുതൽ വലുതും ശക്തവുമായ അരക്കൻ രാജാക്കന്മാരെയും അഹം രാജാക്കന്മാരെയും അവർക്ക് ഒരുപോലെ തോൽപ്പിക്കാൻ സാധിച്ചത്.

പക്ഷെ, മറ്റ് കാര്യങ്ങൾ നോക്കിയാൽ അവ മെയ്തികളുടെ വിഷമങ്ങൾ ഇരട്ടിക്കുകയാണ് ചെയ്തത്. ഈ സമയത്ത്, വിഘടനപ്രസ്ഥാനങ്ങൾ, സ്വാതന്ത്യത്തിനുവേണ്ടിയുള്ള പോരാട്ടങ്ങൾ, സ്വയംഭരണത്തിനുവേണ്ടിയുള്ള ആവശ്യം, തുടങ്ങി നാഗാകൾക്കും മണിപ്പൂരിലെ മലയോരജനതയ്ക്കും ഇന്ത്യൻ യൂണിയനുമായി അവരുടേതായ പ്രശ്നങ്ങളുണ്ടായിരുന്നു. അവർ വ്യത്യസ്തമായ ഒരു സമരം നയിക്കുകയായിരുന്നു. പക്ഷെ മെയ്തികളിൽ ഉരുണ്ടുകൂടി വന്നിരുന്ന ഈ വ്യഥകൾ ആരാലും തിരിച്ചറിയപ്പെടാതെയും ശ്രദ്ധിക്കാതെയും കടന്നുപോയി. ആരും അതിന് പ്രാധാന്യം നൽകിയില്ല. കുട്ടിച്ചാത്തന് കുപ്പിയിൽ നിന്ന് പുറത്തുകടക്കാൻ എന്തെങ്കിലും ആവശ്യമായിരുന്നു. നിർഭാഗ്യവശാൽ, ഒരു ഹർജി പരിഗണിക്കാനും അസാധാരണമായ ഉത്തരവ് നടപ്പാക്കാനുമുള്ള മണിപ്പൂരിലെ ഹൈക്കോടതി ജഡ്ജിയുടെ തീർത്തും അനവസരത്തിലുള്ളതും വിവേകശൂന്യവുമായ ഒരു വിധിന്യായം, പിന്നീട് സുപ്രീം കോടതി അത് റദ്ദാക്കിയെങ്കിലും ആവശ്യത്തിലധികം നാശനഷ്ടം വിതച്ചുകഴിഞ്ഞിരുന്നു. ജഡ്ജിയുടെ ഉത്തരവുകൾ എല്ലാ പട്ടിക വർഗ്ഗ ആനുകൂല്യങ്ങളും മെയ്തികൾക്കും ലഭ്യമാകാൻ കാരണമാകും എന്ന് കുക്കികൾ ചിന്തിച്ചു. ഈ വിധിയോടുള്ള എതിർപ്പാണ് മലയോര വാസികളിൽ നിന്ന് രൂക്ഷമായ പ്രതികരണത്തിന് കാരണമായത്.

ചോദ്യം: അതിന് ഒരു തിരിച്ചടിയുണ്ടായി ?

ഉത്തരം: മെയ്തികൾക്കെതിരെയായി പ്രതിഷേധം വളർന്നു.

മണിപ്പൂർ ഹൈക്കോടതി

ചോദ്യം: ഭരണവർഗ്ഗത്തിൽ നിന്ന് രാഷ്ടീയമായ പ്രോത്സാഹനവും ഈ സംഘർഷത്തിന് ഇടയിൽ ചില വിഭാഗങ്ങൾക്ക് ലഭിച്ചിട്ടുണ്ടാവാം.

ഉത്തരം: തീർച്ചയായും. നമ്മെ ഭരിക്കുന്ന കക്ഷികളുടെ ഇത്തരം കളികളൊക്കെ കളിക്കാനുള്ള കഴിവിനെ പറ്റി എനിക്ക് സംശയങ്ങൾ ഇല്ല. പ്രദീപ് ഭഞ്ചൗബാം പറയുന്നതുപോലെ, “ഇത്തരത്തിൽ പേപ്പറുകളിൽ എഴുതിവയ്ക്കാൻ കഴിയുന്നതിനപ്പുറത്തുള്ള ആഴത്തിലുള്ള വിഷമങ്ങളെയും മുറിവുകളെയും കൈകാര്യം ചെയ്യുമ്പോൾ നമുക്ക് മുന്നിൽ ഒരു യഥാർത്ഥ പ്രശ്നവും യഥാർത്ഥ സാഹചര്യവുമുണ്ട് എന്ന് മറക്കരുത്.”

ചോദ്യം: സായുധസേനാ പ്രത്യോകാധികാര നിയമം (Armed Forces Special Powers Act) എടുത്തുകളഞ്ഞത് വലിയ തെറ്റായിപ്പോയി എന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും മണിപ്പൂരിലും സേവനമനുഷ്ടിച്ചിട്ടുള്ള സൈനികരും മുതിർന്ന ഉദ്യോഗസ്ഥരും പറയുന്നുണ്ടല്ലോ. താങ്കളുടെ അഭിപ്രായമെന്താണ്?

ഉത്തരം: ഞാൻ അതിനെക്കുറിച്ച് എന്റെ പുസ്തകത്തിൽ എഴുതിയിട്ടുണ്ട്. സൈന്യത്തെ അയക്കുന്നത് ഒരു രാഷ്ട്രീയതീരുമാനമാണ്. അതിലെ പ്രശ്നം സൈന്യം പോലീസല്ല എന്ന് നാം മറന്നുപോകുന്നു എന്നതാണ്. പോലീസിന് കൈകാര്യം ചെയ്യാൻ കഴിയാത്ത, രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന ബാഹ്യവും ആഭ്യന്തരവുമായ ഭീഷണികളെ പ്രതിരോധിക്കുകയാണ് സൈന്യത്തിന്റെ ദൗത്യം. അങ്ങനെ അത്യന്തം ഭീഷണമായ സാഹചര്യത്തിലാണ് സൈന്യത്തെ അയക്കുന്നത്.

അത്തരം സാഹചര്യങ്ങളിൽ ഉപയോഗിക്കുന്ന നിയമങ്ങളെപ്പറ്റി ഇന്ന് എനിക്ക് ശരിയായി അറിയില്ല. അസാധാരണമായ സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്ന സൈനികനിയമങ്ങളെക്കുറിച്ച് ഞങ്ങൾക്ക് പഠിക്കാനുണ്ടായിരുന്നു. എന്നാൽ ഇന്ന് അവ മറന്നുപോയി. ഞാൻ ഇപ്പോഴും ഓർമിക്കുന്നത് എന്തെന്നാൽ, അസാധാരണസാഹചര്യങ്ങളിൽ, പട്ടാളനിയമം പ്രഖ്യാപിച്ചിരിക്കുമ്പോൾ മാത്രമേ സൈന്യത്തെ ഉപയോഗിക്കാവൂ എന്നാണ്. പ്രശ്നങ്ങൾ സിവിലിയൻ ഭരണകൂടത്തിന്റെ കൈവിട്ടുപോകുമ്പോൾ എന്നാണ് ചട്ടത്തിൽ പറയുന്നത്. അപ്പോൾ പട്ടാളനിയമം പ്രഖ്യാപിക്കുകയും ക്രമസമാധാനം പു:നസ്ഥാപിച്ച് സിവിലിയൻ ഭരണകൂടത്തിന് തിരികെ നല്കുന്നതിനായി സൈന്യത്തിന് കൈമാറുകയും ചെയ്യുന്നു.

എനിക്ക് തോന്നുന്നത് സൈന്യത്തിനും, സൈനികയൂണിറ്റിന്റെ കമാൻഡിങ് ഓഫീസർമാർക്കും, സിവിലിയൻ ഭരണകൂടത്തിനും, സൈന്യത്തെ അയക്കാനുള്ള തീരുമാനമെടുത്ത രാഷ്ടീയപ്രതിനിധികൾക്കും ഇവിടെ നിലനിൽക്കുന്ന സാഹചര്യത്തിന്റെ വിവിധവശങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ലായിരുന്നു. പ്രശ്നബാധിതപ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന സൈനികരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന നിയമമാണ് സായുധസേനാ പ്രത്യേകാവകാശ നിയമം. അത് എല്ലാത്തിനും മതിയായ പരിഹാരമല്ല. മാത്രമല്ല, നേരത്തെ ഉണ്ടായിരുന്ന നിയന്ത്രണങ്ങളാണ് നല്ലത് എന്നാണ് എനിക്ക് തോന്നുന്നത്. പ്രശ്നങ്ങൾ പ്രാദേശികഭരണകൂടം നിയന്ത്രിക്കുകയും അവരുടെ കൈവിട്ട് പോകുന്ന അവസരങ്ങളിൽ സൈന്യം ഇടപെടുകയും ചെയ്യുക. അതുകൊണ്ട് ഈ ചോദ്യത്തിനുള്ള എന്റെ ഉത്തരം സായുധസേനാ പ്രത്യേകാധികാരനിയമം ആവശ്യമില്ലാത്തതാണ് എന്നാണ്. അനിശ്ചിതത്വത്തിന്റെ അവസരത്തിൽ അത് നിയമപരമായും രാഷ്ട്രീയമായും പ്രശ്നങ്ങളെ കൂടുതൽ വഷളാക്കുകയാണ് ചെയ്യുന്നത്.

സായുധസേനാ പ്രത്യോകാധികാര നിയമത്തെ കുറിച്ച്

ചോദ്യം: ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമാണ്. എന്നാൽ താങ്കൾ അവിടെയുണ്ടായിരുന്നപ്പോൾ ഒരു ബ്രിഗേഡ് മാത്രമാണ് ഉണ്ടായിരുന്നതെന്നും, മണിപ്പൂർ പോലെ ഒരു സംസ്ഥാനത്തിന് സായുധ സേനയ്ക്ക് പ്രത്യേകാധികാരം നൽകുന്ന നിയമം ആവശ്യമില്ലെന്നും വ്യക്തമമാക്കി. പക്ഷെ ഇപ്പോൾ അങ്ങനെ ഒരു സാഹചര്യമുണ്ട്. ഇത് എങ്ങനെ നിയന്ത്രിക്കാം എന്നാണ് താങ്കൾ കരുതുന്നത്?

ഉത്തരം: എനിക്ക് ഇപ്പോഴും തോന്നുന്നത് ഇത് ഒരു രാഷ്ട്രീയപ്രശ്നമാണ്, രാഷ്ട്രീയമായി പരിഹരിക്കണം എന്നാണ്. ഏറ്റവും ആത്യാവശ്യം ആളുകൾ ഇതിനെക്കുറിച്ച് സംസാരിക്കാൻ തയ്യാറാവണം. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ കാണുന്നില്ല. കഴിഞ്ഞ മാസങ്ങളിൽ നടന്ന ഭയാനകമായ സംഭവങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ മാത്രമാണ് നമുക്ക് മുന്നിലുള്ളത്. അവയൊക്കെ പതിയെ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ഈ വാർത്തകൾ വായിക്കുന്നവർ ഇത് മെയ് മൂന്നാം തീയതിയോ നാലാം തീയതിയോ നടന്നതാണ് എന്ന് മനസ്സിലാക്കുന്നുമില്ല. തീർച്ചയായും കുറ്റവാളികളെ നിയമത്തിനുമുന്നിൽ കൊണ്ടുവരണം. പക്ഷെ ഇത് ഇപ്പോൾ സംഭവിച്ച കാര്യമായാണ് മാധ്യമങ്ങൾ വായിക്കുമ്പോൾ ജനങ്ങൾക്ക് തോന്നുന്നത്. ഇവ അവതരിപ്പിക്കുന്ന രീതിയും ശരിയല്ല. കാര്യങ്ങൾക്ക് വ്യക്തതയില്ല.

ചോദ്യം: അതാണ് സംഭവിക്കുന്നത്. ദിവസേനയെന്നോണം ജനങ്ങൾ കൊല്ലപ്പെടുന്നതായാണ് നമുക്ക് ലഭിക്കുന്ന വിവരങ്ങൾ.

ഉത്തരം: മാധ്യമങ്ങളിൽ വരുന്നതിൽ കൂടുതൽ ഒന്നും എനിക്കും അറിയില്ല. താഴ്വരയിലും കുക്കി ആധിപത്യമുള്ള തെക്കുകിഴക്കൻ മണിപ്പൂരിലും പ്രത്യക്ഷത്തിൽ ഒരുതരം വംശീയ ഉന്മൂലനം നടന്നിട്ടുണ്ട്. തെക്കുകിഴക്കൻ മലയോരപ്രദേശങ്ങളിൽ താമസിച്ചിരുന്ന മെയ്തികൾ താഴ്വരയിലേക്ക് മടങ്ങുകയോ സൈനിക ക്യാമ്പുകളിൽ അഭയം പ്രാപിക്കുകയോ ചെയ്തു. സമാനമായി താഴ്വരയിലെ കുക്കികൾ(മെയ്തി ഭൂരിപക്ഷപ്രദേശം) ക്യാംപുകളിലോ സ്വന്തം പട്ടണങ്ങളിലേക്ക് പോകുകയോ ചെയ്തു. ഇത് വളരെ മോശമായ അടയാളമാണ്. ആളുകൾ തമ്മിൽ യാതൊരു തരത്തിലുമുള്ള ബന്ധമോ ആശയവിനിമയമോ ഇല്ല എന്നാണ് ഇത് കാണിക്കുന്നത്. ജനങ്ങൾ തങ്ങളുടെ ഉറ്റവരും ഉടയവരും, സ്വത്തും, തൊഴിലും നഷ്ടപ്പെട്ടതിന്റെ കയ്പ്പിറക്കി ജീവിക്കുന്നു. ഇത് കയ്പ്പിന്റെ കാഠിന്യം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്.

പ്രധാനമന്ത്രിയെപ്പോലെ ഉന്നതരായ ആളുകൾ മണിപ്പൂരിൽ പോവുകയും ആളുകളെ ഒന്നിച്ചിരുത്താൻ ശ്രമിക്കുകയും ചെയ്യണം. അദ്ദേഹത്തെപ്പോലെയുള്ള ആളുകളുടെ സാന്നിധ്യം ചർച്ചചെയ്ത് കാര്യങ്ങൾ പരിഹരിക്കുന്നതിലേക്ക് നയിക്കും. അതിനുപകരം ജനങ്ങൾക്ക് വിശ്വാസമില്ലാത്ത ഒരു മുഖ്യമന്ത്രിക്ക് കാര്യങ്ങൾ വിട്ടുകൊടുക്കുകയും അദ്ദേഹം പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് വിചാരിക്കുകയും ചെയ്യുന്നത് മണ്ടത്തരമാണ്. ഇരുഭാഗത്തും നിൽക്കുന്നവർ അദ്ദേഹത്തെ പ്രശ്നത്തിന്റെ ഭാഗമായാണ് കണക്കാക്കുന്നത്.

അതുകൊണ്ട് എനിക്കുതോന്നുന്നത്, ഒന്നാമതായി, ചർച്ചകൾ നടക്കുന്നില്ല, രണ്ടാമതായി, പ്രദേശത്തെക്കുറിച്ചും അതിന്റ ചരിത്രത്തെക്കുറിച്ചും നന്നായി അറിയാവുന്നവരെ അവിടെ സംഭാഷണങ്ങൾക്കായി നിയമിക്കണം. മുൻ ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള അതിന് യോജിച്ച വ്യക്തിത്വമാണ്. വടക്കുകിഴക്കൻ പ്രദേശത്തെക്കുറിച്ച് നല്ല ധാരണയുള്ളയാളാണ് അദ്ദേഹം. നാഗകളും, മെയ്തികളും, കുക്കികളും, ആസാമികളും അദ്ദേഹത്തെ നിഷ്പക്ഷനായി കണക്കാക്കുകയും അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. എല്ലാവർക്കും സ്വീകാര്യനായ വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലെയുള്ള ആളുകൾ ഇന്ന് വളരെ കുറവാണ്. വിരമിച്ചിട്ട് അധികകാലമായെങ്കിലും ദൽഹിയിൽ അദ്ദേഹം സജീവമാണെന്ന് എനിക്കറിയാം.

ചോദ്യം: താങ്കളുടെ പുസ്തകത്തിന്റെ പേര് “ഒരു തെളിഞ്ഞ ദിവസം നിങ്ങൾക്ക് ഇന്ത്യയെ കാണുവാൻ സാധിക്കും”. ഇതിലെ ഒരു അദ്ധ്യായത്തിൽ പറയുന്നത് RN എന്ന് പേരിട്ടിരിക്കുന്ന നിങ്ങളുടെ ആദ്യ ജോലിസ്ഥലത്തെ ജില്ലാ കളക്ടർ സ്ഥലങ്ങൾ സന്ദർശിക്കാൻ കൊണ്ടുപോയതിനെക്കുറിച്ചാണ്. അദ്ദേഹം കൈയിൽ ഒരു വടി ചുഴറ്റിക്കൊണ്ടു കിഴക്കും തെക്കും വടക്കും പടിഞ്ഞാറും കാണിച്ചുതന്നതായും “ഒരു തെളിഞ്ഞ ദിവസം നിങ്ങൾക്ക് ഇന്ത്യയെ കാണണുവാൻ സാധിക്കും” എന്ന് പറഞ്ഞതായും രേഖപ്പെടുത്തിയിരിക്കുന്നു. എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത്? ഒന്നു വിശദീകരിക്കാമോ?

ഉത്തരം: അദ്ദേഹം വളരെ മിതഭാഷിയായ, എന്നാൽ ഒരു പാട് കാര്യങ്ങളെ ആക്ഷേപഹാസ്യത്തിന്റെ തലത്തിൽ വീക്ഷിക്കുന്ന ഒരു വ്യക്തിയായിരുന്നു. ഒരു വരണ്ട നർമ്മബോധത്തിന് ഉടമയായിരുന്നു അദ്ദേഹം. വടക്കോട്ട് ചൂണ്ടിക്കൊണ്ട് “തെളിഞ്ഞ ഒരു ദിവസം നിങ്ങൾക്ക് ഇന്ത്യയെ കാണാൻ സാധിക്കും” എന്ന് പറഞ്ഞത് അങ്ങനെ ഒരു നർമപ്രയോഗത്തിന്റെ ഭാഗമായാണ്. മണിപ്പൂർ എത്ര അകലെയാണ് എന്ന് ആരും മനസ്സിലാക്കുന്നില്ല എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. ഇംഫാലിലെ എന്റെ ഓഫീസിൽ ചേരുന്ന സമയത്ത് എന്റെ ആദ്യ ടി.എ (ട്രാവൽ അലവൻസ്) തയ്യാറാക്കിയപ്പോൾ റെയിൽ മാർഗ്ഗം മൂവായിരത്തിനാനൂറോളം കിലോമീറ്ററുകളുണ്ട് എന്ന് കണ്ടുപിടിച്ചത് ഞാനോർക്കുന്നു.

നിങ്ങളിപ്പോഴും അതേ രാജ്യത്തിലാണ്. നിങ്ങളുടെ സ്വദേശത്തുനിന്ന് ഇവിടെയെത്തണമെങ്കിൽ ഇന്നും 3400 കിലോമീറ്റർ യാത്ര ചെയ്യണം. ഭൂമിശാസ്ത്രപരമായ അകലത്തിനപ്പുറമുള്ള ചില പ്രായോഗിക വിഷയങ്ങളുമുണ്ട്. ഏറ്റവും അസംബന്ധമായത് ഇന്ത്യക്ക് ഒരൊറ്റ സമയ മേഖലയാണ് ഉള്ളത് എന്നതാണ്. വെകുന്നേരം നാലു മണിയാകുമ്പോൾ തന്നെ മണിപ്പൂരിൽ ഇരുട്ടു പരക്കും. ആദ്യത്തെ കുറച്ചുമാസങ്ങൾ ഇതുമായി പൊരുത്തപ്പെടാൻ ഞങ്ങൾ വളരെ പ്രയാസപ്പെട്ടു. അതുപോലെ രാവിലെ 4.30 ആകുമ്പോളേക്ക് അവിടെ സൂര്യൻ ഉദിക്കും.

മണിപ്പൂർ സ്വദേശികൾ

അരുണാചൽ പ്രദേശിന്റെ ചിലഭാഗങ്ങളിലൂടെ കടന്നുപോകുന്ന രേഖാംശരേഖ തായ്ലാൻഡിലൂടെ കടന്നുപോകുന്ന അതേ രേഖാംശരേഖയാണെന്ന് പലരും മനസ്സിലാക്കുന്നില്ല.. അതുകൊണ്ട് സമയം ഒരു ഘടകമാണ്. മൂന്നാമത്തേത് മാനസികമായ അകലമാണ്. അത് വളരെ നിർണ്ണായകമാണ്. എന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുള്ള ആളുകൾ, ഉദാഹരണത്തിന് എന്റെ ഡ്രൈവർ ഒരിക്കൽ സംഭാഷണ മദ്ധേൃ “ഇന്ത്യയിൽ കല്യാണങ്ങൾ സാധാരണയായി എങ്ങനെയാണ് നടക്കാറുള്ളത്” എന്ന് ചോദിച്ചു. എനിക്ക് അപ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നി. ഞാൻ അന്ന് ചെറുപ്പമാണ്. 26-27 വയസ്സ്. എന്‌‍റെ ആദ്യ പോസ്റ്റിങാണ്. അദ്ദേഹം എന്നെ ബുദ്ധിമുട്ടിക്കാൻ വേണ്ടി ചോദിച്ചതല്ല, വളരെ സ്വാഭാവികമായി വന്നതാണ്. അവരുടെ വിചാരം നമ്മൾ വിദേശികളാണ് എന്നാണ്. വിദേശികളെ മണിപ്പൂരിൽ ‘മയാങു’കൾ എന്നാണ് വിളിക്കുന്നത്. അത് ഒരു ബഹുമാനസൂചകമായ പദമല്ല. ആക്ഷേപകരമാണ്. നമ്മളെ അവർ മയാങുകൾ എന്ന് വിളിക്കുമ്പോൾ ഭൂരിഭാഗം പേരും അതേ രീതിയിൽ തന്നെ തിരിച്ചും പെരുമാറുന്നു. മണിപ്പൂരികളുടെ മുന്നിൽ വച്ച് അവരെക്കുറിച്ച് മോശമായി സംസാരിക്കുന്നവരുണ്ട്. ഇതെല്ലാം മാനസികമായ അകൽച്ചയ്ക്ക് കാരണമായി. “ഒരു തെളിഞ്ഞ ദിവസം നിങ്ങൾക്ക് ഇന്ത്യയെ കാണുവാൻ സാധിക്കും” എന്ന് പറഞ്ഞപ്പോൾ എന്റെ ജില്ലാ കളക്ടർ ഇതാണ് അർത്ഥമാക്കിയത് എന്നു ഞാൻ കരുതുന്നു.

ബാലഗോപാൽ ചന്ദ്രശേഖറിന്റെ പുസ്തകത്തിന്റെ പുറംചട്ട

വെങ്കിടേശ് രാമകൃഷ്ണൻ: നമുക്ക് ‘മനുഷ്യരും സ്ഥലങ്ങളും’ എന്ന ഈ സംഭാഷണം ഇനിയും തുടരാം എന്ന് കരുതുന്നു. മണിപ്പൂരിനെക്കുറിച്ചുള്ള ഇന്നത്തെ സംഭാഷണത്തിന്റെ രത്നച്ചുരുക്കം അദ്ദേഹം അനുഭവിച്ച, അല്ലെങ്കിൽ അദ്ദേഹത്തിന്റെ ജില്ലാ കളക്ടർ പരാമർശിച്ച ഇന്ത്യയും മണിപ്പൂരും തമ്മിലുള്ള ഭൂമിശാസ്ത്രപരവും മാനസികവുമായ അകലമാണ്. സമീപകാല സംഭവങ്ങൾ കാണിക്കുന്നത് ആ ദൂരത്തെ നാമിനിയും ഫലപ്രദമായി മറികടക്കേണ്ടതുണ്ട് എന്നാണ്. കൂടുതൽ കൂടുതൽ അറിവുള്ള ആളുകൾ അധികാരസ്ഥാനങ്ങളിൽ വരികയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചർച്ചകൾ നടത്തുകയും ചെയ്യുന്നതിലൂടെ ഈ അവസ്ഥക്ക് മാറ്റം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. നന്ദി.


About Author

ദി ഐഡം ബ്യൂറോ