ഒരു പഴയ ഇംഗ്ലീഷ് ക്ലാസിക്കിൽ നിന്നുള്ള ഒരു ഫ്രീസ് ഫ്രെയിമിലേക്ക് നിങ്ങളുടെ ശ്രദ്ധ ഞാൻ ക്ഷണിക്കുന്നു – ചാൾസ് ഡിക്കൻസിന്റെ ഗ്രേറ്റ് എക്സ്പക്റ്റേഷൻസിൽ ( Great Expectations ) നിന്നുള്ള മിസ് ഹവിഷാമിന്റെതാണ് ആ ഫ്രെയിം. അൾത്താരയിൽ വഞ്ചിതയായ ഒരു വധു, തന്റെ ലോകം എന്നന്നേക്കുമായി നിലച്ചതായി മനസിലാക്കി, കാലത്തിൽ കുരുങ്ങി ശേഷിക്കുന്നകാലം മുഴുവനും വിവാഹവസ്ത്രത്തിൽ തന്നെ നിൽക്കുന്ന ഒരു ഫ്രീസ് ഫ്രെയിം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള ബിബിസിയുടെ രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററി കണ്ടപ്പോൾ ആ ചിത്രവും ചിന്തയുമാണ് എന്നിലേക്ക് എത്തിയത്. വെളുത്ത ലേസും നെറ്റും ഘടിപ്പിച്ച വിവാഹ വസ്ത്രത്തിൽ നിൽക്കുന്ന കാലത്തിന് ചേരാത്ത ആ വധുവിനെ കാണുന്നത് പോലെ. ഞാൻ വിശദമാക്കാം.
പുതിയ വിവരങ്ങൾ വെളിച്ചത്തുകൊണ്ടുവരാനും ഞങ്ങൾ മുമ്പ് കണ്ടിട്ടില്ലാത്ത ചിലത് കാണിച്ചു തരാനും സാധ്യതയുണ്ട് എന്ന പ്രതീക്ഷ നൽകിയ ഒരു അന്വേഷണമെന്ന നിലയിൽ, എന്നെപ്പോലുള്ളയുള്ള അധികാരകേന്ദ്ര വിരുദ്ധരും സ്ഥാപിത താല്പര്യ വിരുദ്ധരുമായ പ്രേക്ഷകർക്ക് ആകാംക്ഷയുണർത്തുന്നതായിരുന്നു ഡോക്യുമെന്ററി. ഞാൻ ധീരനായകരായി കാണുകയും കണ്ടുകൊണ്ടേയിരിക്കുകയും ചെയ്യുന്ന സ്വതന്ത്ര ഇടത് പ്രവർത്തകരും ഉൾപ്പടെയുള്ളവരാണ് ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നത്. അക്ഷരങ്ങളെ ഒരിക്കലും മയപ്പെടുത്താത്ത അരുന്ധതി റോയ്. ആക്ടിവിസ്റ്റും നല്ലതിനുവേണ്ടി തളരാതെ പോരാടികൊണ്ടേയിരിക്കുന്ന ആംനസ്റ്റി ഇന്റർനാഷണലിന്റെ ഇന്ത്യയിലെ ചീഫുമായിരുന്ന ആകർ പട്ടേൽ, എന്റെ പ്രിയപ്പെട്ട പത്രപ്രവർത്തകരിൽ ഒരാളും അവസാനമായി നിലകൊള്ളുന്ന സ്വതന്ത്ര പത്ര ഇടങ്ങളിലൊന്നിന്റെ സ്ഥാപകനുമായ സിദ്ധാർത്ഥ് വരദരാജൻ, കാരവനിലെ ഹർതോഷ് ബാൽ. ഹിന്ദു വലതുപക്ഷത്തെ കുറിച്ച് ധാരാളമായി ഗവേഷണം ചെയ്യുകയും എഴുതുകയും ചെയ്യുന്ന അറിയപ്പെടുന്ന അക്കാദമിക് വിദഗ്ധനായ ക്രിസ്റ്റോഫ് ജഫ്രെലോട്ട്. തങ്ങൾ ചിന്തിക്കുന്നത് ഭയക്കാെതെ തുറന്നുപറയാൻ ധൈര്യപ്പെടുന്നവരെ തന്നെ അഭിമുഖം നടത്തിയ ബിബിസി, പുതിയതൊന്നും പറയാതെ പഴയ വസ്തുതകൾ തന്നെ വീണ്ടും നിരത്തി വിവർണവും ക്ഷീണിതവുമായ ചിത്രം പുനരുജ്ജീവിപ്പിച്ചതിന് കുറ്റക്കാരാണ്. ഈ ചിത്രം തങ്ങളെ തന്നെ ഇരകളാക്കി ചിത്രീകരിച്ചുള്ള മറ്റൊരു പ്രൊപാഗണ്ടയ്ക്ക് തുടക്കമിടാൻ ഭരണത്തിലിരിക്കുന്നവർക്ക് ഒത്താശ ചെയ്യുന്നുണ്ട്. ഒപ്പം തന്നെ കാവി സംരക്ഷണത്തിന് തങ്ങളുടെ ഇടത് വിമർശകരെ തന്നെ ഉപയോഗിക്കാനും ഇത് അവർക്ക് വഴിയൊരുക്കുന്നു. ഫലത്തിൽ ബിബിസി ചെയ്തത് ചലനാത്മകതയുള്ള ഇന്ത്യയിലെ മികച്ച ആക്ടിവിസ്റ്റുകൾ, എഴുത്തുകാർ, പത്രപ്രവർത്തകർ എന്നിവരെ, അവർ നിസ്‌ചേഷ്ടരായി നിൽക്കുന്നതായി തോന്നിപ്പിക്കുന്ന തരത്തിൽ ഉപയോഗിക്കുകയായിരുന്നു. ചുരുക്കത്തിൽ, ബിബിസി മിസ് ഹവിഷാമിന്റെ ചിത്രം പകർത്തുകയും നല്ലത് ചെയ്യാൻ ഉദ്ദേശിച്ചിരുന്നിടത്ത് നാശം വിതയ്ക്കുകയുമാണ് ചെയ്തത്.
ആദ്യഭാഗം എടുക്കാം. ഗുജറാത്ത് മുഖ്യമന്ത്രിയായ മോദിയിലേക്കും മുസ്‌ലിംകൾക്കെതിരായ 2002-ലെ വംശഹത്യയിലേക്കും ചിത്രം പിന്നോട്ട് പോകുന്നു. ഭയപ്പെടുത്തുന്ന പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിയോടെ ഇരുണ്ട കമ്പ്യൂട്ടർ സ്‌ക്രീനിലേക്കും. മുസ്ലീങ്ങൾക്കെതിരായ അക്രമത്തിന് ഉത്തരവാദി മോദിയാണെന്ന് വിലയിരുത്തിയും പൊലീസിനോട് മാറിനിൽക്കാനും ആൾക്കൂട്ടം അവരുടെ കാര്യങ്ങൾ ചെയ്യട്ടെയെന്ന് മോദി നിർദേശിച്ചെന്നുമുള്ള ബ്രിട്ടീഷ് നയതന്ത്രജ്ഞന്റെ, ഇപ്പോൾ രഹസ്യ സ്വഭാവമില്ലാതായി മാറിയ, നയതന്ത്ര രേഖയിലെ വലിയ വെളിപ്പെടുത്തലിലേക്ക് അത് നയിക്കുന്നു. വിരമിച്ച നയതന്ത്രജ്ഞനും മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയുമായ ജാക്ക് സ്ട്രോയുടെ അഭിപ്രായമല്ലാതെ ഈ അവകാശവാദത്തെ പിന്തുണയ്ക്കാൻ പുതിയ തെളിവുകളൊന്നും ഹാജരാക്കാതെ ബി.ബി.സി, ബി.ജെ.പിക്കും അതിന്റെ വക്താക്കൾക്കും സന്തോഷിക്കാൻ ഒരു ദിനമൊരുക്കി. രണ്ട് പതിറ്റാണ്ട് മുമ്പ് വിരമിച്ച ഉദ്യോഗസ്ഥന്റെ ശബ്ദമെങ്ങനെ ദൈവത്തിന്റെ ശബ്ദമായെന്നും ഇത് ബിബിസിയുടെ അഹങ്കാരമല്ലേയെന്നുമുള്ള ചോദ്യം അവർക്ക് ഉയർത്താനായി. പകരം, ബിബിസി നയതന്ത്ര കേബിളുകൾ ഉപയോഗിച്ച്, മോദിയെ രക്തച്ചൊരിച്ചിലിന് കുറ്റപ്പെടുത്തിയ ബ്രിട്ടനും യൂറോപ്പും അഞ്ച് വർഷത്തിന് ശേഷം അദ്ദേഹത്തെ എങ്ങനെ വിട്ടയച്ചുവെന്ന് കാണിക്കാൻ ശ്രമിച്ചിരുന്നുവെങ്കിൽ, കഥയ്ക്ക് പുതിയൊരു വഴിത്തിരിവ് ആകുമായിരുന്നു. ബ്രിട്ടന്റെ ഇരട്ടത്താപ്പ് വിളിച്ചോതുന്ന ഒരു ഇരുണ്ട കണ്ണാടി ഉയർത്താമായിരുന്നു, പക്ഷേ അത്രത്തോളമൊന്നും ബിബിസി പോയില്ല.
ഗോധ്ര – ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
കൂടാതെ, 2002 ലെ കലാപത്തിന്റെ കാര്യത്തിൽ, അക്രമത്തിന്റെ ഉത്ഭവത്തിന് വേണ്ടത്ര പ്രാധാന്യം നൽകിയിട്ടില്ലെന്ന് ബി.ജെ.പി ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമുള്ള ലിബറൽ മാധ്യമങ്ങളെ എല്ലായ്‌പ്പോഴും കുറ്റപ്പെടുത്തിയിട്ടുണ്ട് – വംശഹത്യയുടെ തൊട്ടുതലേന്ന്, ഒരു ട്രെയിൻ കമ്പാർട്ടുമെന്റിന് തീയിട്ട് വിഎച്ച്പിയുടെ 59 ഹിന്ദു കർസേവകർ കത്തിചാരമായത്. ബിബിസിക്ക് ഇക്കാര്യത്തിൽ ചിലത് ചെയ്യാമായിരുന്നു. ഇത് ബിജെപിക്ക് ബുദ്ധിമുട്ടുള്ള ചില ചോദ്യങ്ങൾ ഉയർത്തിയേനെ. ആദ്യം, തീപിടിച്ച ട്രെയിനിൽ 59 കർസേവകരും ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു. ടിക്കറ്റ് എടുത്ത് ജീവനോടെ പുറത്തിറങ്ങിയവർ നിരവധിയാണ്. അവർ എന്താണ് കണ്ടത്? എന്തുകൊണ്ടാണ് അവരുടെ വിവരങ്ങൾ പൂഴ്ത്തിയത്? യഥാർത്ഥത്തിൽ മുസ്ലീങ്ങൾ ബോഗിക്ക് തീയിട്ടിട്ടുണ്ടെങ്കിൽ, അവരെ പുറത്തുകൊണ്ടുവരുന്നതിൽ ഭയക്കേണ്ടതില്ല. എന്തുകൊണ്ടാണ് നിശബ്ദത?
തീപിടിച്ച ട്രെയിൻ ബോഗിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കിൽ കൂടുതൽ അസ്വസ്ഥത സൃഷ്ടിക്കാമായിരുന്നു. അഗ്നിബാധയെക്കുറിച്ചുള്ള ഒരു അന്വേഷണം അന്നത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാരും മറ്റൊന്ന് ഏതാനും വർഷങ്ങൾക്ക് ശേഷം, പ്രതിപക്ഷത്തെ നേതാവ് ആയിരുന്ന ലാലു യാദവ് റെയിൽവേ മന്ത്രിയായിരിക്കെയും നടത്തി. അതിനാൽ തന്നെ രണ്ടും പക്ഷപാതപരമായാണ് കാണുന്നത്. ബിബിസിക്ക് ഇവിടെ പക്ഷപാതരഹിതമായ ഒരു പങ്ക് വഹിക്കാൻ കഴിയുമായിരുന്നില്ലേ? ശക്തമായ ചില അടിസ്ഥാന ചോദ്യങ്ങൾ ഉയർത്താൻ കഴിയുമായിരുന്നില്ലേ? മനസ്സിൽ വരുന്ന ചില ചോദ്യങ്ങൾ ഇതാണ്. നിയുക്ത സ്റ്റേഷന് മുന്നേ ചങ്ങല വലിച്ച് എന്താനാണ് ട്രെയിൻ നിർത്തിയത്? ഒരു മുസ്ലീം പെൺകുട്ടി പീഡിപ്പിക്കപ്പെട്ടോ? ആ കഥകൾക്ക് എന്ത് സംഭവിച്ചു? എന്തുകൊണ്ടാണ് അവ നമ്മുടെ ഇടയിൽ നിന്ന് അപ്രത്യക്ഷമായത്?
ബിബിസിക്ക് ഗൂഗിളിൽ വെറുതെ ഒന്ന് സെർച്ച് ചെയ്യാൻ താൽപ്പര്യമുണ്ടായിരുന്നെങ്കിൽ പോലും ഉത്തർപ്രദേശിലെ അയോധ്യയിൽ നിന്ന് ഗുജറാത്തിലേക്ക് മടങ്ങുന്ന ട്രെയിനിലുണ്ടായിരുന്ന വിഎച്ച്‌പി അംഗങ്ങളുടെ നിരവധി കഥകൾ ലഭിക്കുമായിരുന്നു. അന്നുമുതൽ, വിഎച്ച്‌പി അംഗങ്ങൾ ഒന്നുകിൽ സ്വയം നിരാശരാകുകയോ അല്ലെങ്കിൽ ഹിന്ദു പരിവാറിലെ തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് അതൃപ്തിയോ ആശയക്കുഴപ്പമുള്ളവരോ ആണ്. ഇത് നടന്ന സംഭവങ്ങളുടെ പുനരവലോകനത്തിന്റെ പഴയ കഥയാണെങ്കിൽ എന്തുകൊണ്ടാണ് അവരുടെ പ്രതികരണങ്ങൾ കൊണ്ടുവരാത്തത്?.
ബാലൻസിങ് ആക്ട് ( സന്തുലിത പ്രവർത്തനം )
ഇനി രണ്ടാം ഭാഗത്തിലേക്ക്. ഇതും ഒരു പുനരാഖ്യാനമാണെങ്കിലും, ആദ്യത്തേതിനേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. ഇന്ത്യയിലെ ആൾക്കൂട്ടക്കൊലകളിൽ നിന്നാണ് ഇത് ആരംഭിക്കുന്നത് – 2015-ൽ യുപിയിലെ ദാദ്രിയിൽ അഖ്‌ലാഖ്, 2017-ൽ ജാർഖണ്ഡിലെ അലിമുദ്ദീൻ അൻസാരി. മുസ്ലീങ്ങൾക്കെതിരായ ഈ വിദ്വേഷ കുറ്റകൃത്യങ്ങളിലെ മോഡിയുടെ മൗനം, 2019-ൽ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കാശ്മീരിനെ ശിഥിലമാക്കുന്നതിനോടും ഹിന്ദുക്കൾക്ക് ഗുണകരമായ 2019 ലെ പൗരത്വ ഭേദഗതി നിയമ (സിഎഎ) മായും CAA വിരുദ്ധ പ്രതിഷേധങ്ങൾ അക്രമാസക്തമായി അടിച്ചമർത്തുന്നതുമായും ബന്ധപ്പെടുത്തുന്നു. വിരോധാഭാസം കലർന്ന ഒരു തമാശയെന്നോണം എഴുത്തുകാരി അരുന്ധതി റോയി ഈ സിനിമയെക്കുറിച്ചു ഉയർത്തുന്ന വിമർശനം സിനിമയിൽ തന്നെ ഒരു പ്രതികരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. “ഞാൻ എന്തിനാണ് ഈ സിനിമയിൽ നിങ്ങളോട് സംസാരിക്കുന്നത്,” റോയ് പറയുന്നു. “ഞങ്ങൾ എല്ലാവരും ഇതിനെ ( 2002 ലെ ഗുജറാത്ത് കൂട്ടക്കൊല ) പിന്തുണച്ചിരുന്നില്ല എന്ന
ഈ സിനിമയുടെ ഏറ്റവും മോശമായതും കാണാൻ കഴിയാത്തതുമായ ഭാഗങ്ങൾ – ഹിന്ദു തീവ്രവാദികളുടെ അക്രമത്തിനും ബലാത്സംഗത്തിനുമുള്ള ആഹ്വാനങ്ങളും ഡൽഹി കലാപത്തിൽ മുസ്ലീങ്ങളെ പോലീസുകാർ ചവിട്ടി കൊല്ലുന്ന വീഡിയോയും – തയ്യാറാക്കിയിരിക്കുന്നത് എതിർസ്വരങ്ങളോടെയാണ്. ഇരയുടെ സാക്ഷ്യങ്ങളും മരിച്ച ആൺകുട്ടി ഫൈസാന്റെ അമ്മയുടെ പ്രതികരണത്തോടൊപ്പം ഡൽഹി കലാപത്തിലെ അക്രമങ്ങളെ പിന്തുണയ്ക്കുന്ന ബിജെപി നേതാവ് സ്വപൻ ദാസ് ഗുപ്തയുടെ നിന്ദ്യവും ആത്മസംതൃപ്തി നിറഞ്ഞതുമായ പ്രതികരണവുമായി പ്രതിതുലനം ചെയ്യാൻ ശ്രമിക്കുന്നു. അദ്ദേഹം പറയുന്നത് ഇതാണ്: “ വലിയ ചിത്രം ( Big picture ) നോക്കുമ്പോൾ, ഡൽഹി കലാപം പ്രധാനമായിരുന്നില്ല. എന്നാൽ ഇത് മാധ്യമങ്ങൾക്ക് പ്രധാനമായിരുന്നു, കാരണം കുറച്ച് പണിയെടുത്താൽ മതി, മാത്രമല്ല നിങ്ങളുടെ വാതിൽപ്പടിയിൽ തന്നെ നിങ്ങൾക്ക് നല്ല ദൃശ്യങ്ങൾ ലഭിക്കും”. ഇപ്പോൾ ഞാൻ ആണ് ഈ സിനിമ നിർമ്മിക്കുന്നത് എങ്കിൽ, ദാസ്ഗുപ്തയുടെ പ്രസ്താവന എന്താണെന്ന് അക്രമണത്തിന്റെ ദൃശ്യങ്ങളുമായി ചേർത്ത് ഞാൻ കാണിക്കും. പോലീസ് മുസ്ലീം പുരുഷന്മാരെ ചവിട്ടികൊല്ലുകയും ദേശീയ ഗാനം ആലപിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്ന ദൃശ്യങ്ങൾക്കൊപ്പം. അപ്പോൾ കാഴ്ചക്കാർക്ക് ദാസ്ഗുപ്തന്റെ തിളങ്ങുന്ന ഭീകരത തുറന്നുകാട്ടപ്പെടും. ഇത്തരമൊരു സാക്ഷ്യത്തിന് ശേഷം ‘ബാലൻസ്’ ചെയ്യാനുള്ള ബിബിസിയുടെ ശ്രമം ഭയത്തിന്റേയും പ്രതിരോധത്തിന്റേയും സൂചനയായി മാത്രമേ കാണാനാവൂ. റുവാണ്ടൻ വംശഹത്യയെക്കുറിച്ചോ ഓഷ്വിറ്റ്സിനെക്കുറിച്ചോ എസ്എസ്സിന്റെ വീക്ഷണകോണിൽ ഒരു സിനിമ നിർമ്മിക്കുന്നതിന് സമാനമായ ഒരു സന്തുലിത പ്രവർത്തനം ബിബിസി നടത്തുമോ എന്നചോദ്യമാണ് ഇത് ഉയർത്തുന്നത്.
ഈ സിനിമകൾ കൊണ്ട് എന്ത് ചെയ്യാനാണ് ശ്രമിച്ചത്? ഇരുണ്ട കണ്ണാടി ഉയർത്തിപ്പിടിക്കുക എന്നതാണ് ഇക്കാലത്ത് മാധ്യമങ്ങളുടെ ജോലിയെന്ന് നമുക്കറിയാം. സുരക്ഷിതമായി കളിക്കാൻ ശ്രമിക്കാതെ ബിബിസിക്ക് എങ്ങനെ അത് ചെയ്യാൻ കഴിയും? ലോകമെമ്പാടുമുള്ള നിരവധി നല്ല ഉദാഹരണങ്ങളുണ്ട്. പക്ഷേ, പെട്ടെന്ന് മനസ്സിൽ വരുന്നത് 1965-ൽ ഇന്തോനേഷ്യയിലെ വംശഹത്യയെക്കുറിച്ച് ജോഷ്വ ഓപ്പൺഹൈമർ നിർമ്മിച്ച രണ്ട് ഭാഗങ്ങളുള്ള സീരീസ് അല്ലെങ്കിൽ സിനിമകളാണ്. അവർ ചെയ്ത കാര്യങ്ങളിൽ ആഹ്ലാദിച്ച കുറ്റവാളികളെ അദ്ദേഹം ചിത്രീകരിച്ചു. അവരുടെ ആശയങ്ങളെ ഒരു തരത്തിലും ‘ബാലൻസ്’ ചെയ്യാൻ ശ്രമിക്കാതെ അവർ ആരാണെന്ന് കാണിച്ച് രണ്ട് സിനിമകൾ നിർമ്മിച്ചു. ‘ആക്ട് ഓഫ് കില്ലിംഗ്’, ‘ദ ലുക്ക് ഓഫ് സൈലൻസ്’ എന്നീ സിനിമകൾ ഇന്തോനേഷ്യൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി, വസ്തുത വെളിച്ചത്ത് കൊണ്ടുവരുന്നതിന്റെ ഭാഗമായിരുന്നു. അതാണ് നല്ല സിനിമനിർമാണം.
വർത്തമാനകാലത്ത്, ഇന്ത്യക്ക് അത്തരം നിർമാണവൈദഗ്ധ്യത്തിന്റെ ആവശ്യമുണ്ട്. എന്താണ് നേടാൻ ഉദ്ദേശിക്കുന്നതെന്ന് വ്യക്തമായി കാണാൻ അതിന് കഴിയേണ്ടതുണ്ട്. ബിബിസിയും ഇന്ത്യയിലെ ബാക്കിയുള്ളവരും പറയുന്നതാണ് സത്യമെങ്കിൽ, അത് ലഘൂകരിക്കാതെ, അഴുകാതെ, നഗ്നമായിരിക്കണം. വേദനിക്കുന്നിടത്ത് അടിക്കുക എന്ന ഉദ്ദേശത്തോടെ വേണം അതുണ്ടാവേണ്ടത്. അതിനാൽ, ഈ രണ്ട് ഭാഗങ്ങളുള്ള പരമ്പരയിലെ നായകന്മാരെ പോലെ – അരുന്ധതി റോയ്, ആകർ പട്ടേൽ, സഫൂറ സർഗർ – ഇത് സമഗ്രവും പുതുമയുള്ളതും ധീരവുമായിരിക്കണം . പൗരത്വ ഭേദഗതി നിയമം മുസ്‌ലിംകൾക്കെതിരെ പക്ഷപാതപരമാണെന്ന് കാണിച്ചാണ് സഫൂറ സർഗർ പ്രതിഷേധിച്ചത്. ഇതിനായി ഗർഭിണിയായിരിക്കെ 74 ദിവസം ജയിലിൽ കിടന്നു. ബിബിസി സംതുലനത്തിൽ ശ്രദ്ധിക്കുന്നു. എന്റെ കേസ് ഞാൻ ഇവിടെ അവസാനിപ്പിക്കുന്നു.
Read this article in English, Hindi.
രേവതി ലോളിന്റെ ലേഖനം ആരാണ് വിവർത്തനം ചെയ്തത് ? ഇതൊരു നല്ല വിവർത്തനമല്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണോ പേര് മറച്ചു വെച്ചത്!