A Unique Multilingual Media Platform

The AIDEM

Articles Culture Politics

ശാസ്ത്രജ്ഞന്മാര്‍ മന്ത്രവാദികളാകുമ്പോള്‍

  • July 5, 2024
  • 1 min read
ശാസ്ത്രജ്ഞന്മാര്‍ മന്ത്രവാദികളാകുമ്പോള്‍

മതാത്മകതയില്‍ സ്വാഭാവികമെന്നോണം വിജ്ഞാനവിരുദ്ധതയുണ്ട്. കേവലസത്യവിശ്വാസത്തില്‍ നില്‍ക്കുന്നവർക്ക് വിജ്ഞാനത്തിന്റെ തുറസ്സുകള്‍ അപ്രാപ്യമാണ്. ജ്ഞാനവൃക്ഷത്തിലെ ഫലം ഭക്ഷിക്കരുതെന്ന കല്‍പ്പന വിജ്ഞാനത്തില്‍ നിന്നും അകന്നു നില്‍ക്കാനുള്ള നിര്‍ദ്ദേശമാണ്. വിജ്ഞാനം കുഴപ്പങ്ങളിലേക്കു നയിക്കുമെന്ന ധാരണ ഈ കല്‍പ്പനയില്‍ അന്തര്‍ലീനമായിട്ടുണ്ട്. വിജ്ഞാനം കുഴപ്പങ്ങളിലേക്കു നയിക്കുമോ? ഇല്ലെന്നു പറയാന്‍ കഴിയില്ല. വിജ്ഞാനാര്‍ജ്ജനം മറ്റൊന്നിനേയും, മാനുഷികമൂല്യങ്ങളൊന്നിനേയും, പരിഗണിക്കുന്നില്ല. അതുകൊണ്ട്, വിജ്ഞാനത്തിന്റെ പ്രയോഗത്തില്‍ ധര്‍മ്മയുക്തി പ്രവര്‍ത്തനക്ഷമമാകേണ്ടതുണ്ട്. ധര്‍മ്മയുക്തിയെ ഉപേക്ഷിക്കുന്ന വിജ്ഞാനസങ്കേതങ്ങളുടെ പ്രയോഗങ്ങള്‍ നാശകാരിയായി തീര്‍ന്നതിന്റെ വലിയ ചരിത്രരേഖകള്‍ കഴിഞ്ഞ നൂറ്റാണ്ട് തന്നെ ധാരാളം നല്‍കുന്നുണ്ട്. വിജ്ഞാനപ്രയോഗത്തെ ധര്‍മ്മയുക്തിയോടു ബന്ധിപ്പിക്കുന്നത് വിജ്ഞാനത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമാണ്.

സമകാലത്ത്, വിജ്ഞാനാര്‍ജ്ജനത്തില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നത് ആധുനികശാസ്ത്രമാണ്. പാശ്ചാത്യപ്രബുദ്ധതയുടെ മൂല്യങ്ങളോടൊപ്പം അതിന്റെ ഒരു അടിസ്ഥാനപ്രമാണമെന്ന നിലയ്ക്കാണ് ആധുനികശാസ്ത്രം ഉയര്‍ന്നുവരുന്നത്. മതാത്മകതയ്ക്കു പകരം ശാസ്ത്രീയതയുടെ മൂല്യങ്ങളെ സ്ഥാപിക്കാനാണ് ആധുനികത ശ്രമിച്ചത്. ശാസ്ത്രീയതയെ ജ്ഞാനോല്‍പാദനത്തിന്റെ രീതിശാസ്ത്രമെന്ന നിലയ്ക്ക് ആധുനികത സ്വീകരിക്കുന്നു. അന്വേഷണതൃഷ്ണയും ചോദ്യം ചെയ്യുന്നതിനും ചോദ്യം ചെയ്യപ്പെടുന്നതിനുമുളള മനോഭാവവും ഇതിന്റെ ലക്ഷണങ്ങളായിരുന്നു. പില്‍ക്കാലത്ത് ശാസ്ത്രത്തിന്റെ സ്വയം അന്വേഷണങ്ങളിലൂടെ ശാസ്ത്രസിദ്ധാന്തങ്ങള്‍ പ്രയോഗത്തിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്ന് നിഷ്‌ക്കര്‍ഷിക്കുന്നതിലേക്ക് എത്തിച്ചേരുന്നു. അറിവ് അന്തിമമല്ലെന്നും നിരന്തരനവീകരണത്തിനു വിധേയമാകേണ്ടതാണെന്നും ശാസ്ത്രചിന്ത ഉറപ്പിച്ചു. വിജ്ഞാനം എല്ലാ വിഭാഗീയസമീപനങ്ങള്‍ക്കും എതിരാകണമെന്നും സാര്‍വ്വലൗകികവും സ്വതന്ത്രവുമായിരിക്കണമെന്നും കരുതി. ശാസ്ത്രജ്ഞാനത്തെ യഥാര്‍ത്ഥജ്ഞാനമായും ശാസ്ത്രത്തിന്റെ രീതിശാസ്ത്രത്തെ യഥാര്‍ത്ഥ ജ്ഞാനോല്‍പാദനരീതിയായും കണ്ടു. ഇതിന്റെ അടിസ്ഥാനത്തിലുളള സാങ്കേതികവിജ്ഞാനം ഉപയോഗിച്ച് പുതിയ നാഗരികത കെട്ടിപ്പടുക്കുകയെന്നത് ആധുനിക പ്രബുദ്ധതയുടെ ലക്ഷ്യമായിരുന്നു.

ഹിന്ദുത്വ v/s സയൻസ് പുസ്തകത്തിൻ്റെ പുറം ചട്ട

എന്നാല്‍, മുതലാളിത്തവ്യവസ്ഥയോടൊപ്പമാണ് ആധുനികശാസ്ത്രവും സുസ്ഥാപിതമാകുന്നതെന്ന കാര്യവും സുപ്രധാനമാണ്. ശാസ്ത്രത്തിന്റെ വളര്‍ച്ചയെ തടഞ്ഞിരുന്ന നാടുവാഴിത്തത്തിന്റെ ഋണാത്മകമായ സാമ്പത്തികാടിത്തറക്കും സാമൂഹിക സംവര്‍ഗങ്ങള്‍ക്കുമെതിരെ വലിയ കലാപങ്ങള്‍ നടത്തിയ ചരിത്രം മുതലാളിവര്‍ഗത്തിനുണ്ട്. ശാസ്ത്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ബ്രൂണോയോടും ഗലീലിയോവിനോടുമൊപ്പം അതു നിലകൊണ്ടിരുന്നു. മുതലാളിത്തത്തിന്റെ ഈ പുരോഗമനമുഖമാണ് ആ കാലഘട്ടത്തിലെ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്. മുതലാളിത്ത ഉല്‍പ്പാദനപ്രവര്‍ത്തനങ്ങളെ ത്വരിപ്പിക്കാന്‍ ആധുനികശാസ്ത്രവും അതിനെ ആധാരമാക്കുന്ന സാങ്കേതികവിദ്യയും ആവശ്യമായിരുന്നു. മുതലാളിത്തത്തിന്റെ ലക്ഷ്യവും അതു തന്നെയായിരുന്നു. എല്ലാ നല്ല വര്‍ത്തമാനങ്ങള്‍ക്കിടയിലും ശാസ്ത്രഗവേഷകനെ അതിന്റെ കൂലിപ്പണിക്കാരനാക്കി മുതലാളിത്തം മാറ്റിയിരുന്നു. പില്‍ക്കാലത്ത്, മുതലാളിത്തത്തിന്റെ സങ്കുചിതതാല്‍പ്പര്യങ്ങള്‍ മൂലം ശാസ്ത്രഗവേഷണം വികൃതമാക്കപ്പെടുന്നതും കാണാം. ഗാട്ട്കരാറില്‍ ബുദ്ധിസ്വത്തവകാശങ്ങളെക്കൂടി ഉള്‍പ്പെടുത്താനുളള തീവ്രശ്രമങ്ങള്‍ നടത്തിയത് ഫൈസര്‍, കാര്‍ഗില്‍, മൊന്‍സാന്റോ… തുടങ്ങിയ വന്‍ ബഹുരാഷ്ട്രക്കുത്തകകളായിരുന്നുവെന്നത് വളരെ വ്യക്തമായിരുന്നു. ഈ ബഹുരാഷ്ട്രക്കുത്തകകളുടെ മൂലധനതാല്‍പ്പര്യങ്ങളാണ് ഇത്തരം നിര്‍ദ്ദേശങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത.് ലോകബൗദ്ധികസമ്പത്തിനെ പൂര്‍ണ്ണമായും വരുതിയിലാക്കാനുള്ള അധീശത്വത്തിന്റെ ശ്രമങ്ങള്‍ ബഹുജനങ്ങളില്‍ നിന്നും ശാസ്ത്രബോധത്തെ അകറ്റുന്നതിനും പ്രതിലോമചിന്താധാരകള്‍ തിടം വയ്ക്കുന്നതിനും കൂടി കാരണമാകുന്നു.

കൊളോണിയല്‍ ആധുനികതയും പാരമ്പര്യവും തമ്മിലും വ്യത്യസ്ത ജ്ഞാനവ്യവസ്ഥകള്‍ തമ്മിലുമുള്ള സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ ജനതയുടെ ആധുനികശാസ്ത്രപ്രവേശത്തെ പല രീതികളിലും സങ്കീര്‍ണ്ണമായ ഒരു പ്രക്രിയയാക്കി മാറ്റുന്നുണ്ട്. ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌ക്കാരത്തില്‍ നിന്നും ശാസ്ത്രചിന്തയുടെ ആദര്‍ശവും ഭാഷയും കണ്ടെത്താനുളള ശ്രമങ്ങള്‍ തുടക്കത്തിലേ ഉണ്ടായിരുന്നു. പുനരുജ്ജീവനവാദത്തിന്റെ മൂലകങ്ങളും ഇവയോടൊപ്പം പ്രവര്‍ത്തിച്ചു തുടങ്ങുന്നു. വേദഗ്രന്ഥങ്ങള്‍ ശാസ്ത്രപുസ്തകങ്ങളാണെന്നു സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കു കീഴില്‍ ശക്തമായിരുന്നു. പഴയ സംസ്‌കൃതകൃതികളുടെ ശാസ്ത്രീയത തെളിയിക്കാനുള്ള ശ്രമങ്ങള്‍ പൗരാണികമായ ഹിന്ദുരാഷ്ട്രത്തെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളായി മാറിത്തീരുന്നുണ്ടായിരുന്നു. പൗരസ്ത്യവാദത്തിന്റെ ആശയലോകത്തോട് പെട്ടെന്നു കീഴ്‌പ്പെടാനുള്ള പ്രവണതകള്‍ ശക്തമായിരുന്നു.

ആഗോളവല്‍ക്കരണപദ്ധതികള്‍ ശക്തിപ്പെടുന്ന പില്‍ക്കാലത്തെ ഇന്ത്യയില്‍, ഹിന്ദുത്വശക്തികള്‍ മേല്‍ക്കൈ നേടുന്ന സന്ദര്‍ഭത്തില്‍ ഈ പ്രവണതകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ആധുനികശാസ്ത്രഗവേഷണഫലങ്ങള്‍ പൗരസ്ത്യ മിസ്റ്റിസിസത്തിന്റെ വെളിപാടുകളെ സാധൂകരിക്കുന്നുവെന്ന് വിശദീകരിക്കുന്ന ഫ്രിറ്റ്‌ജോഫ് കാപ്രയുടെ ഭൗതികശാസ്ത്രപുസ്തകം പുറത്തിറങ്ങിയ നാളുകളില്‍ ഹിന്ദുത്വശക്തികള്‍ ഹര്‍ഷാരവങ്ങളോടെ അതിനെ പ്രചരിപ്പിക്കുന്നതു കാണാം. വിവരസാങ്കേതികവിദ്യയിലും വാര്‍ത്താവിനിമയരംഗത്തും മറ്റും ഉണ്ടായ കുതിച്ചുചാട്ടങ്ങള്‍ ശാസ്ത്രാവബോധത്തിൻ്റെയോ ജ്ഞാനാര്‍ജ്ജനത്തിന്റെയോ മണ്ഡലങ്ങളിലല്ല, മറിച്ച്, മതാത്മകതയുടെ പ്രചാരണത്തിനാണ് കൂടുതലായി ഇന്ത്യയില്‍ ഉപയോഗിക്കപ്പെട്ടത്. സ്വാതന്ത്ര്യസമരകാലഘട്ടത്തിലുടനീളം വികസിച്ചു വന്ന സാമ്രാജ്യത്വവിരുദ്ധമായ ദേശഭാവനയുടെ അവശേഷിക്കുന്ന ഘടകങ്ങളെ പോലും പുതിയ ആഗോളവല്‍ക്കരണ പദ്ധതികള്‍ നിരുത്സാഹപ്പെടുത്തുന്നുണ്ടായിരുന്നു. സങ്കുചിതദേശീയവാദത്തിന് ഉത്സാഹപൂര്‍വ്വം കടന്നുവരാനുള്ള വാതിലുകള്‍ തുറക്കപ്പെടുകയായിരുന്നു. ടെലിവിഷന്‍ വ്യാപകമാകുന്ന ഒരു സന്ദര്‍ഭത്തില്‍, രാമായണത്തിൻ്റെയും മഹാഭാരതത്തിൻ്റെയും സോപ്പ് ഓപ്പറേകളുടെ പ്രക്ഷേപണങ്ങളിലൂടെ ജനങ്ങളില്‍ മതാത്മകതയുടെ മൂല്യങ്ങള്‍ നിറയ്ക്കാനാണ് ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മാധ്യമങ്ങള്‍ പോലും ഉത്സുകമായത്. മതാത്മകമായ ആശയങ്ങള്‍ കൊണ്ടു പൂരിതമായ ഈ സമൂഹത്തിലാണ് രാമജന്മഭൂമിപ്രശ്‌നത്തെ അവതരിപ്പിച്ചു കൊണ്ട് തീവ്രഹിന്ദുത്വം ശക്തമായ കടന്നുകയറ്റത്തിനു ശ്രമിക്കുന്നത്. ബാബറി മസ്ജിദ് തകര്‍ത്തുകൊണ്ട് ആക്രമണാത്മക ഹൈന്ദവദേശീയവാദത്തിന്റെ പ്രത്യയശാസ്ത്രത്തെ രാജ്യമെമ്പാടും പ്രേക്ഷിക്കാനും ഉറപ്പിക്കാനുമുള്ള അതിന്റെ ശ്രമങ്ങള്‍ ശക്തിയാര്‍ജ്ജിക്കുന്നു. മതസ്വത്വങ്ങളുടെ പേരില്‍ ജനതയെ ഭിന്നിപ്പിക്കുന്ന ആശയങ്ങളുടെ വ്യാപനത്തിന്റേയും ഇതു സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളുടേയും അസംതൃപ്തികളുടേയും അരക്ഷിതാവസ്ഥകളുടേയും മറവില്‍ ജനശ്രദ്ധ വ്യതിചലിക്കപ്പെടുമ്പോള്‍ ആഗോളീകരണപദ്ധതികള്‍ സുഗമമായി നടപ്പിലാക്കപ്പെടുന്നു. വര്‍ഗ്ഗീയകലാപങ്ങളിലൂടെയും കൂട്ടക്കൊലകളിലൂടെയും മറ്റും സൃഷ്ടിക്കുന്ന വ്യാജസമ്മതികളിലൂടെ ഹൈന്ദവദേശീയതയെ ഉദ്‌ഘോഷിക്കുന്ന രാഷ്ട്രീയകക്ഷി സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും അധികാരസ്ഥാനങ്ങളിലേക്കെത്തുന്നതാണ് പിന്നീടു നാം കാണുന്നത്.

ദൂരദർശൻ ലോഗോ (പുതിയ ലോഗോ വലത്)

സാംസ്‌ക്കാരികമായ ആധികാരികതയെ കുറിച്ച് നിരര്‍ത്ഥകമായി പുലമ്പിക്കൊണ്ട് ശാസ്ത്രത്തെ ഐതിഹ്യകഥകളാക്കി പരിവര്‍ത്തിപ്പിക്കുകയും തങ്ങളുടേതാക്കി ദുഷിപ്പിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനമാണ് സാംസ്‌കാരികദേശീയതയിലൂന്നുന്ന ഹിന്ദുത്വശക്തികള്‍ ചെയ്തു കൊണ്ടിരിക്കുന്നത്. സാംസ്‌കാരികമായ ആധികാരികതയും അധീശത്വവും സ്ഥാപിച്ചെടുക്കാനുള്ള അതിന്റെ ശ്രമങ്ങളില്‍ ആധുനികശാസ്ത്രത്തെ ഒരു ഉപകരണമാക്കി മാറ്റിത്തീര്‍ക്കുന്നു. ഉപഗ്രഹങ്ങളുടെ വിക്ഷേപണസമയത്ത് ഔദ്യോഗികമായ സമ്മതത്തോടെ മന്ത്രവാദികളായി ഗണപതിപൂജ നടത്തുന്ന ശാസ്ത്രജ്ഞന്മാരെ ഇവിടെയേ കാണാന്‍ കഴിയൂ. ആണവബോംബിന്റെ നിര്‍മ്മാണത്തിലൂടെ ഒരു ജനതയെ മുഴുവന്‍ ഹിസ്റ്റീരിയ ബാധിച്ചവരെ പോലെ തിമിര്‍ത്താടാന്‍ പ്രേരിപ്പിക്കുന്നവരും ഹിന്ദുത്വശക്തികളുടെ അയല്‍രാജ്യങ്ങളോടുള്ള അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രത്തേയും യുദ്ധക്കൊതിയേയും പ്രോത്സാഹിപ്പിക്കുന്നവരും നമ്മുടെ ശാസ്ത്രലോകത്തുണ്ട്. ചാണകത്തിന് ആണവവികിരണങ്ങളെ തടയാന്‍ കഴിവുണ്ടെന്നും നമ്മുടെ പുരാതനസംസ്‌ക്കാരം ഭൂമിക്കു പുറത്തുള്ള ഒരു ഉയര്‍ന്ന നാഗരികതയുമായി ബന്ധപ്പെട്ടിരുന്നുവെന്നും ശ്രീകൃഷ്ണന്‍ ഒരു അന്യഗ്രഹനാഗരികതയില്‍ നിന്നും വന്നതാണെന്നും മറ്റും പ്രസംഗിക്കുന്ന ശാസ്ത്രജ്ഞന്മാര്‍ മനുജോസഫിന്റെ നോവലിലെ കഥാപാത്രങ്ങള്‍ മാത്രമല്ല, ഇന്ത്യയിലെ ശാസ്ത്രസ്ഥാപനങ്ങളില്‍ അവരുണ്ട്. ജ്യോതിഷവും ഹസ്തരേഖാശാസ്ത്രവും മറ്റും ശാസ്ത്രത്തിന്റെ അന്തസ്സു നല്‍കി സര്‍വകലാശാലകളില്‍ പഠിപ്പിക്കാനാരംഭിക്കുന്നു. ആധുനികഭൗതികശാസ്ത്രത്തിലെ കണ്ടെത്തലുകള്‍ കോഡുകളുടെ രൂപത്തില്‍ വേദാന്തത്തില്‍ ദര്‍ശിക്കാമെന്ന സുഭാഷ് കാക്ക്. സുഭാഷ് കാക്കിനെ സംബന്ധിച്ചിടത്തോളം വേദങ്ങള്‍ ഭൗതികശാസ്ത്ര പുസ്തകങ്ങളാണ്.

വേദാന്തത്തിന്റെ അതിഭൗതികം സഹസ്രാബ്ദങ്ങള്‍ക്കു മുന്നേ ഗ്രഹിച്ചു കഴിഞ്ഞിരുന്ന കാര്യങ്ങളെ പാശ്ചാത്യവല്‍ക്കരിച്ചു വികൃതമാക്കി അവതരിപ്പിക്കുകയാണ് ആധുനികശാസ്ത്രം ചെയ്യുന്നതെന്നാണ് ഹിന്ദുത്വ ആരോപിക്കുന്നത്. ഈ ആരോപണത്തിന്റെ രാഷ്ട്രീയമായ നീതീകരണത്തിന് ഉത്തരാധുനികതയും അധിനിവേശാനന്തരതയും മറ്റും മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളില്‍ നിന്നും പകുതി വെന്ത ചില കാര്യങ്ങളെ സ്വീകരിക്കുന്നു. പ്രാന്തവല്‍ക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തെ കുറിച്ചോ നാനാത്വങ്ങളെ കുറിച്ചോ ഉത്തരാധുനികത മുന്നോട്ടു വയ്ക്കുന്ന പുരോഗാമിയും അനുലോമവുമായ കാര്യങ്ങളെ തള്ളിക്കളയുകയും ആപേക്ഷികതാവാദത്തിന്റേയും ഐകരൂപ്യവാദത്തിന്റേയും അയുക്തികതയേയും പ്രതിലോമപരതയേയും പുല്‍കുകയും ചെയ്യുന്ന സാംസ്‌കാരികദേശീയതയുടെ വക്താക്കള്‍ ആധുനികശാസ്ത്രത്തെ തങ്ങളുടെ പഴഞ്ചന്‍കഥ തന്നെയെന്ന് ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ്. ഉത്തരാധുനികതയുടെ പക്ഷത്തു നില്‍ക്കുന്നവര്‍ തന്നെ ഹിന്ദുത്വത്തിന്റെ ശക്തികള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിക്കാന്‍ സന്നദ്ധരാകുന്നുണ്ടെങ്കിലും ഉത്തരാധുനികതയുടെ ചില നിലപാടുകള്‍ (പല ഉത്തരാധുനികതകള്‍ ഉണ്ടല്ലോ!) ഹിന്ദുത്വത്തിന്റെ വക്താക്കളെ ത്വരിപ്പിക്കുന്നുണ്ട്. ഹിന്ദുത്വത്തിന്റെ പ്രതിലോമപരമായ ആശയലോകത്തെ വിവൃതമാക്കുന്നതില്‍ ബദ്ധശ്രദ്ധയായ മീരാനന്ദ എന്ന ശാസ്ത്രജ്ഞ സമകാലത്തെ ഹൈന്ദവവല്‍ക്കരണപ്രക്രിയയില്‍ പുത്തന്‍ ബുദ്ധിജീവിതം വഹിക്കുന്ന പങ്കിനെ കുറിച്ചു സൂചിപ്പിക്കുന്നുണ്ട്.

പദാര്‍ത്ഥത്തെ ആത്മാവില്‍ നിന്നും വേര്‍തിരിക്കാത്ത, ഭൗതികപ്രകൃതിയെ ധാര്‍മ്മികയാഥാര്‍ത്ഥ്യത്തില്‍ നിന്നും വേര്‍തിരിക്കാത്ത ഹിന്ദുത്വവാദം, ധാര്‍മ്മികപിഴവുകള്‍ ഭൗതികയാഥാര്‍ത്ഥ്യത്തില്‍ പ്രതികരണങ്ങള്‍ സൃഷ്ടിക്കുമെന്നു വാദിക്കുകയും കര്‍മ്മത്തിലേയും ധര്‍മ്മത്തിലേയും പിഴവുകളാണ് പ്രകൃതിദുരന്തങ്ങള്‍ക്കും അസ്പര്‍ശ്യതയ്ക്കും മറ്റും കാരണമെന്നു ഉറപ്പിക്കുകയും ചെയ്യുന്നു. അത് ജാതിവ്യവസ്ഥയുടെ ന്യായീകരണങ്ങള്‍ക്കു സഹായകമാകുന്നു. പ്രകൃതിയെ ധര്‍മ്മമൂല്യചിന്തകളില്‍ നിന്നും വിടര്‍ത്തുന്ന ആധുനികശാസ്ത്രചിന്തയുടെ രീതിശാസ്ത്രവും ദര്‍ശനവും ഇന്ത്യയിലെ അസ്പര്‍ശ്യരും നിന്ദിതരുമായ ജനകോടികള്‍ക്ക് ആശ്രയമാണെന്ന് മീരാനന്ദ എഴുതുന്നു.

മീരാ നന്ദൻ എഴുതിയ ലേഖനങ്ങൾ അടങ്ങിയ പ്രസിദ്ധീകരണം

ഹിന്ദുത്വശക്തികള്‍ പ്രകടിപ്പിക്കുന്നത് ഹിന്ദുത്വ നിലപാടുകള്‍ ശാസ്ത്രീയമാണെന്നു സ്ഥാപിക്കാനുള്ള ഔത്സുക്യമാണ്. ആധുനികശാസ്ത്രത്തിന്റെ നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്ന ഹിന്ദുത്വത്തിനു ആധുനികശാസ്ത്രത്തിന്റെ സംഭാവനകളെ നിഷേധിക്കാനോ അതു ജനതയെ ബോദ്ധ്യപ്പെടുത്താനോ കഴിയില്ല. ശാസ്ത്രനിയമങ്ങളും സിദ്ധാന്തങ്ങളും വേദപുസ്തകങ്ങളിലെ സൂക്തങ്ങള്‍ ഇതരരൂപത്തില്‍ എഴുതിയതാണെന്നു വാദിക്കുന്ന കൗശലം അങ്ങനെയാണ് സ്വീകരിക്കപ്പെടുന്നത്. നിരന്തരം പരിണമിക്കുകയും നവീകരിക്കുകയും ചെയ്യുന്ന ഒരു സാമൂഹികവ്യവഹാരം മുന്നോട്ടുവയ്ക്കുന്ന ജ്ഞാനത്തോട് സത്യപുസ്തകങ്ങളിലെ ശാശ്വതനിയമങ്ങളെ സമീകരിക്കുന്ന വിഡ്ഢിത്തത്തിന് ചില ലക്ഷ്യങ്ങളുണ്ട്. അത് ആധുനികമായ ജ്ഞാനത്തോടൊപ്പം ശ്രേഷ്ഠമാണെന്നു ഭാവിക്കുകയും ഒരു സുവര്‍ണ്ണ ഭൂതകാലത്തെ കുറിച്ചുള്ള ധാരണകളെ പകരുകയും നിഗൂഢതയുടെ മൂലകങ്ങളെ പ്രേക്ഷിക്കുകയും ചെയ്യുന്നു. നിഗൂഢമാക്കപ്പെടുന്ന ജ്ഞാനം മദ്ധ്യവര്‍ഗത്തിന്റെ സുരക്ഷിതത്വതാല്‍പ്പര്യങ്ങളോടൊപ്പം ചേര്‍ന്ന് അന്ധവിശ്വാസങ്ങളേയും ആചാരങ്ങളേയും, വിജ്ഞാനവിസ്‌ഫോടനങ്ങളുടെ കാലത്തു പോലും, പുനരുല്പാദിപ്പിക്കുന്നു. നിഗൂഢവല്ക്കരിക്കപ്പെട്ട ലോകം അധീശത്വത്തിനു പ്രിയങ്കരമാണ്. ശാസ്ത്രജ്ഞാനം പോലും നിഗൂഢവല്ക്കരിക്കപ്പെടുന്നതില്‍ അധീശത്വത്തിന്റെ അതിജീവനതാല്പര്യങ്ങള്‍ക്കു വലിയ പങ്കുണ്ട്. കോർപ്പറേറ്റുശക്തികളുടെ വിപണി താല്പര്യങ്ങളുമായി പോലും ഇതു ബന്ധപ്പെട്ടു നില്ക്കുന്നു.

ഹിന്ദുത്വവാദത്തിന്റെ സമീപനങ്ങള്‍ ശാസ്ത്രകോണ്‍ഗ്രസുകളിലും ശാസ്ത്രപ്രസിദ്ധീകരണങ്ങളിലും എത്തിച്ചേരുന്നിടത്തോളം വ്യാപകമായിട്ടുണ്ട്. ഗണപതി പൗരാണിക ജനിതകശാസ്ത്രത്തിന്റെ സൃഷ്ടിയാണെന്നു ശാസ്ത്രകോണ്‍ഗ്രസില്‍ പ്രസംഗിക്കുന്നത് രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെയാണ്. തുടര്‍ന്ന്, ഇതേ മാതൃകയിലുള്ള പ്രബന്ധങ്ങള്‍ ശാസ്ത്രജ്ഞവേഷം കെട്ടിയവര്‍ അവതരിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഹിന്ദുത്വത്തിന്റെ സമീപനങ്ങള്‍ക്കനുസരിച്ചു മാറ്റി നിര്‍മ്മിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. ശാസ്ത്രപ്രവര്‍ത്തനങ്ങള്‍ക്കല്ല, മറിച്ച് ഐതിഹ്യനിര്‍മ്മാണങ്ങള്‍ക്കും പ്രചാരണത്തിനുമാണ് സര്‍ക്കാര്‍ ഫണ്ടുകള്‍ മാറ്റിവയ്ക്കപ്പെടുന്നതും വിനിയോഗിക്കപ്പെടുന്നതും എന്ന സ്ഥിതി സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ആര്യശാസ്ത്രത്തിനു വേണ്ടിയുള്ള ഹിറ്റ്‌ലറുടെ വാദങ്ങള്‍ പോലെ ഹിന്ദുശാസ്ത്രത്തിനു വേണ്ടിയുള്ള മുറവിളികള്‍ ഉയരുന്നു. ഇന്ത്യയിലെ ശാസ്ത്രപ്രവര്‍ത്തനങ്ങളേയും ഗവേഷണങ്ങളേയും തകര്‍ക്കുന്നതിലേക്കാണ് ഇത് എത്തിച്ചേരുകയെന്നത് അനുമാനിക്കാവുന്നതേയുള്ളൂ.

ശാസ്ത്രാവബോധത്തില്‍ നിന്നും മാറി ഐതിഹ്യങ്ങളെയും മിത്തുകളെയും പകരം പ്രതിഷ്ഠിക്കുന്ന ഒരു ജനസമൂഹത്തിനു മുന്നില്‍ ആധുനിക സാങ്കേതികവിദ്യാനേട്ടങ്ങള്‍ മാന്ത്രികോപകരണങ്ങള്‍ പോലെയാണ് പ്രത്യക്ഷപ്പെടുന്നത്. ഇവര്‍ക്ക് ശാസ്ത്രജ്ഞന്‍ പുത്തന്‍ മന്ത്രങ്ങള്‍ ചൊല്ലി അത്ഭുതങ്ങള്‍ കാട്ടുന്ന മന്ത്രവാദിയോ ജാലവിദ്യക്കാരനോ സമാനമാണ്. ശാസ്ത്രം ജാലവിദ്യയായി മാറുന്നു. ജനങ്ങള്‍ക്ക് അപ്രാപ്യവും അപരിചിതവുമായ ഒരു സാങ്കേതികവിദ്യ അന്ധവിശ്വാസത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് അജ്ഞതയെയാണ് വളര്‍ത്തുന്നത്. ഈ അജ്ഞതയെ ചൂഷണം ചെയ്തുകൊണ്ട് അധികാരം കൂടുതല്‍ കേന്ദ്രീകൃതവും ക്രൂരവുമാകുന്നു. കല്‍ക്കിയും ബാഹുബലിയും പോലുള്ള ചലച്ചിത്രങ്ങള്‍ കാണുമ്പോള്‍, അന്ധവിശ്വാസവും മിത്തും വീരപൗരുഷവും വയലന്‍സും ശാസ്ത്രസാങ്കേതികവിദ്യയുടെ മേമ്പൊടി ചേര്‍ത്ത് ഏറ്റവും അധുനാതനമായ സങ്കേതങ്ങള്‍ ഉപയോഗിച്ച് വീരപുരുഷരൂപങ്ങളെ പ്രദര്‍ശിപ്പിക്കുന്നതു കാണുമ്പോള്‍, ആര്‍ത്തുവിളിച്ചെതിരേല്‍ക്കുന്നത് പുതിയ തലമുറയിലെ യുവജനങ്ങളാണ്. സാമാന്യജനവിഭാഗങ്ങള്‍ പോലും അല്ല. ശാസ്ത്രത്തിന്റെ വിവിധ മേഖലകളിലും എഞ്ചിനീയറിംഗിലും മറ്റും ബിരുദം നേടിയവരോ ആ വിഷയങ്ങള്‍ പഠിക്കുന്നവരോ അവരില്‍ ഏറെ ഉണ്ടാകും. തങ്ങളുടെ ശാസ്ത്രാവബോധത്തെ മുന്‍നിര്‍ത്തി വിമര്‍ശനകോണിലൂടെ ചലച്ചിത്രത്തെ കാണാനോ അത് സമകാല അധികാരവുമായി ചേര്‍ന്ന് ഫാസിസ്റ്റു പ്രത്യയശാസ്ത്രത്തിനു ത്വരകമാകുന്നതിനെ മനസ്സിലാക്കാനോ ശ്രമിക്കുന്നവര്‍ ഇങ്ങനെ ആര്‍ത്തുവിളിക്കില്ലല്ലോ?

കൽക്കി 2898 എ.ഡി സിനിമയിൽ പ്രദർശിപ്പിക്കുന്ന അതിനൂതന സാങ്കേതിക സംവിധാനങ്ങൾ

 

ഹിന്ദുത്വശക്തികള്‍ വ്യാപകമായി നടപ്പിലാക്കുന്ന ശാസ്ത്രത്തിന്റെ നിഗൂഢവല്‍ക്കരണവും ഐതിഹ്യവല്‍ക്കരണവും കേരളത്തെ പോലുള്ള ഒരു പ്രദേശത്തു തന്നെയും ചലച്ചിത്രത്തെ പോലുള്ള ഏറ്റവും ജനപ്രിയമായ മാധ്യമവും കോര്‍പ്പറേറ്റ് മൂലധനവും ഉപയോഗിച്ച് വലിയ തോതില്‍ സ്ഥാപിതമാകുന്നതിന്റെ പ്രത്യക്ഷലക്ഷണങ്ങളാണ് ഇതെല്ലാം. ഇത്തരം ചലച്ചിത്രങ്ങളും പുസ്തകശാലകളില്‍ നിറയുന്ന അമര്‍ചിത്രകഥയോടടുത്ത് നില്‍ക്കുന്ന പുരാണകഥാനോവലുകളും അന്ധഭക്തിമാര്‍ഗപുസ്തകങ്ങളും സംഘപരിവാറിനു വേണ്ടി ശാസ്ത്രത്തിന്റെ ലേബലില്‍ യുക്തിവാദപ്രചരണം നടത്തുന്ന രവിചന്ദ്രന്മാരുടെ സംഘടനകളും എല്ലാം ചേര്‍ന്ന് ബഹുരാഷ്ട്രഭീമന്മാര്‍ ഇറക്കുന്ന പുതിയ ബ്രാന്‍ഡ് വേഷങ്ങളും ന്യൂ ജനറേഷന്‍ ഡിഗ്രിയും കയ്യില്‍ ത്രിശൂലവുമായി ബാബരി മസ്ജിദുകള്‍ പൊളിക്കാന്‍ പോകുന്ന യുവതയെ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നു.

ബാബരി മസ്ജിദിൻ്റെ താഴികക്കുടങ്ങൾ തകർക്കുന്നു

ശാസ്ത്രവും സാങ്കേതിക വിദ്യയും അടക്കമുളള മുഴുവന്‍ മാനവിക വിജ്ഞാനവും സാമൂഹിക ഉത്തരവാദിത്തത്തിലൂന്നുന്ന നിലപാടുകളെ അടിസ്ഥാനപ്പെടുത്തി പരിവര്‍ത്തിപ്പിക്കുകയെന്ന ചരിത്രപരമായ ദൗത്യം നിര്‍വ്വഹിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകേണ്ടതുണ്ട്.

About Author

വി വിജയകുമാർ

പാലക്കാട് ഗവർമെന്റ് വിക്ടോറിയ കോളേജിൽ ഫിസിക്സ് വിഭാഗത്തിൽ അസ്സോസിയേറ്റ് പ്രൊഫസറായിരുന്നു. സാഹിത്യം, സിനിമ, സംസ്കാരം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ പഠന-നിരീക്ഷണ ലേഖനങ്ങളും പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. പ്രധാന പുസ്തകങ്ങൾ കാഴ്ച: ചലച്ചിത്രവും ചരിത്രവും, വെള്ളിത്തിരയിലെ പ്രക്ഷോഭങ്ങൾ, ക്വാണ്ടം ഭൗതികത്തിലെ ദാർശനിക പ്രശ്നങ്ങൾ, ഉത്തരാധുനിക ശാസ്ത്രം, ശാസ്ത്രവും തത്വചിന്തയും എന്നിവയാണ്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Radhika Menon
Radhika Menon
5 months ago

Please Publish an English translation as well. Clear thoughts are sharply written.