‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പിൽ’ ഖാരിഫ് വിളയ്ക്ക് എന്താണ് കാര്യം
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാഷ്ട്രീയ മണ്ഡലങ്ങളും മാധ്യമരംഗവും അടക്കമുള്ള വിവിധ പ്ലാറ്റ്ഫോമുകളിൽ, നരേന്ദ്രമോദി നയിക്കുന്ന ബിജെപി ഗവൺമെന്റിന്റെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന നിർദ്ദേശത്തിന്റെ യഥാർത്ഥ രാഷ്ട്രീയ (realpolitik) ഉദ്ദേശ്യങ്ങളും ആഘാതവും സംബന്ധിച്ച ചർച്ചകൾ ഉയർന്നുവരുന്നുണ്ട്. ഈ ചർച്ചകൾ പ്രധാനമായും രണ്ട് കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ഒന്ന്, ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളം രൂപം കൊണ്ടുവരുന്ന പ്രതിപക്ഷ പാർട്ടികളുടെ ഐക്യത്തെ തകിടംമറിക്കുക എന്നതാണ് ഇങ്ങനെയൊരു നിർദ്ദേശത്തിന്റെ യഥാർത്ഥ ലക്ഷ്യമെന്നത് വ്യാപകമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. 2024 മെയിൽ നടക്കേണ്ട തിരഞ്ഞെടുപ്പ് നേരത്തെയാക്കുന്നതാണ് തങ്ങൾക് നേട്ടം എന്ന് ബിജെപി കാണുന്നു എന്നതാണ് രണ്ടാമത്തെ കാര്യം. കഴിഞ്ഞ കുറച്ചു മാസങ്ങളായി പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഗവൺമെന്റിനും മേലുള്ള ജനങ്ങളുടെ പ്രതീക്ഷയും വിശ്വാസവും കുത്തനെ കുറയുകയാണ് എന്നതാണ് ദേശീയ ജനാധിപത്യ മുന്നണിക്ക് അകത്ത് തന്നെയുള്ള വിലയിരുത്തൽ.
കർണാടകയിൽ 2023 മെയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വ്യാപകമായ നഷ്ടവും അതുപോലെതന്നെ, ഈ വർഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പുകൾ നടക്കേണ്ട മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ പ്രതീക്ഷയ്ക്കു വിരുദ്ധമായ പ്രാദേശിക റിപ്പോർട്ടുകളുമാണ് പ്രധാനമായും ഈ വിലയിരുത്തലിലേക്ക് നയിച്ചത്.
കർണാടകയിലെ തിരഞ്ഞെടുപ്പ് തോൽവിക്കു തൊട്ടുപിന്നാലെ ജൂൺ ആദ്യം തന്നെ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുൻപ്രസിഡന്റായിരുന്ന രാംനാഥ് കോവിന്ദിനെ ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയവുമായി ബന്ധപ്പെട്ട് കൂടിയാലോചനകൾ നടത്തുവാൻ ചുമതലപ്പെടുത്തിയിരുന്നു എന്ന വസ്തുത ഈ വിലയിരുത്തലിനെ സ്ഥിരീകരിക്കുന്നു. പ്രസിഡൻഷ്യൽ കാലാവധി കഴിഞ്ഞശേഷം ജൂൺ തുടക്കത്തിനും ആഗസ്റ്റ് അവസാനവാരത്തിനുമിടയിൽ കോവിന്ദ് അധികസമയം വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു എന്നാണറിയാൻ കഴിഞ്ഞത് . ആഗസ്റ്റ് അവസാനവാരമാണ് ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന ആശയം യൂണിയൻ ഗവൺമെന്റ് ഔപചാരികമായി വെളിപ്പെടുത്തിയത്. ഈ കാലയളവിൽ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നയിക്കുന്ന സംഘപരിവാറിന്റെയും ബിജെപിയുടെയും മുതിർന്ന നേതാക്കൾക്കു പുറമേ ഏതാണ്ട് പത്തോളം ഗവർണർമാരുമായി കോവിന്ദ് കൂടിക്കാഴ്ച നടത്തി. ആർഎസ്എസിന്റെ സർ സംഘ ചാലക് ആയ മോഹൻ റാവു ഭഗവതിനേയും ഇക്കാലയളവിൽ അദ്ദേഹം കാണുകയുണ്ടായി.
എല്ലാ സൂചനകൾ പ്രകാരവും ആഭ്യന്തര ചർച്ചകളിൽ, പ്രത്യേകിച്ചും സംഘപരിവാറിന്റെ നേതൃതല ചർച്ചകളിൽ ഉയർന്നുവന്ന പ്രബലമായ അഭിപ്രായം, മധ്യപ്രദേശ്, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്കെതിരായ ഫലങ്ങളാണ് ഉണ്ടാകുന്നതെങ്കിൽ 2024 മെയിൽ നടക്കേണ്ട ദേശീയ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ അത് പ്രതികൂലമായി ബാധിച്ചേക്കുമെന്നതാണ്. മധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും പിന്നെ ദേശീയതലത്തിലെയും തിരഞ്ഞെടുപ്പു തിരിച്ചടികളെ ഒഴിവാക്കാൻ ഈ തിരഞ്ഞെടുപ്പുകളെല്ലാം ഒന്നിച്ചാക്കുന്നതുവഴി സാധിക്കുമെന്ന കാഴ്ചപ്പാടും ഈ കൂടിയാലോചനകളിൽ പ്രകടമായി.
ഇതിനെല്ലാമപ്പുറം, ഒന്നിച്ചുള്ള തിരഞ്ഞെടുപ്പുകൾ രാജ്യത്തുടനീളം ‘ഇന്ത്യ’ സഖ്യത്തിലെ ഘടകകക്ഷികൾക്കിടയിൽ വലിയ തോതിലുള്ള അവ്യക്തതയും തുറന്ന ഏറ്റുമുട്ടലുകളുമുണ്ടാക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നു. ദേശീയതലത്തിൽ സ്വന്തം രാഷ്ട്രീയ ഔന്നത്യം ഉയർത്തിക്കാട്ടുകയെന്ന ലക്ഷ്യം കോൺഗ്രസിനുള്ളപ്പോൾ പ്രാദേശിക കക്ഷികൾ ശ്രമിക്കുക അതാത് സംസ്ഥാനങ്ങളിലെ ശാക്തിക ബലാബലവും തങ്ങളുടെ ശക്തിയും സംരക്ഷിക്കാനും മുന്നോട്ടുപോകാനുമായിരിക്കുമെന്നും ബിജെപി കരുതുന്നുണ്ട്.
രാംനാഥ് കോവിന്ദിൽനിന്നും അദ്ദേഹത്തിന്റെ ടീമിൽനിന്നും എന്തൊക്കെ മൂർത്തമായ നിർദ്ദേശങ്ങളാണ് വരികയെന്നത് ഇപ്പോഴും വ്യക്തമല്ല. സെപ്റ്റംബർ 18 മുതൽ 22 വരെ ചേരുന്ന അഞ്ചുനാൾ നീളുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ കമ്മിറ്റിയുടെ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് കരുതുന്നത്. അമിത് ഷാ, മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുൻ ധനകാര്യ കമ്മീഷൻ ചെയർമാൻ എൻ കെ സിംഗ്, മുൻ ലോക്-സഭാ സെക്രട്ടറി ജനറൽ സുഭാഷ് സി കശ്യപ്, മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ, മുൻ വിജിലൻസ് ചീഫ് കമ്മീഷണർ സഞ്ജയ് കോത്താരി എന്നിവരാണ് കമ്മിറ്റിയിലുള്ളത്. കോൺഗ്രസ് എംപിയായ അധീർ രഞ്ജൻ ചൗധരിയെ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയെങ്കിലും അദ്ദേഹം അത് നിരസിച്ചു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതിനു ഒരു ദിവസം മുൻപ് സർവകക്ഷിയോഗം സർക്കാർ വിളിച്ചിട്ടുണ്ട് എന്നതാണ് പുതിയ വിവരം.
കമ്മിറ്റിയുടെ പ്രവർത്തനവും അതിന്റെ പ്രധാന ശുപാർശകളും സംബന്ധിച്ച വിവരങ്ങൾ പുകമറയ്ക്കുള്ളിലാണെങ്കിലും ഈ നിർദ്ദേശത്തിന്റെ യഥാർത്ഥ രാഷ്ട്രീയ ലക്ഷ്യങ്ങളും ആഘാതങ്ങളും സംബന്ധിച്ച് വ്യാപകമായ അനുമാനങ്ങൾ ഉയരുന്നുണ്ട്. ഇപ്പോൾ ഈ നിർദ്ദേശത്തെക്കുറിച്ച് പുതിയതും രസകരവുമായൊരു ചർച്ച ഉയർന്നുവന്നിരിക്കുന്നു; ആർഎസ്എസ്, ബിജെപി, പിന്നെ തിരഞ്ഞെടുപ്പടുത്തിരിക്കുന്ന മധ്യപ്രദേശിലെയും അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലെയും ഭാരതീയ കിസാൻ സംഘ് (ബികെഎസ്‍), ഭാരതീയ മസ്ദൂർ സംഘ് (ബിഎംഎസ്) എന്നിവയുൾപ്പെടെയുള്ള വിവിധ സംഘപരിവാർ സംഘടനകൾക്കുള്ളിൽനിന്നു തന്നെയാണ് ഈയൊരു രസകരമായ പുതിയ ചർച്ച ഉയർന്നുവന്നിരിക്കുന്നത്.
ഈ ചർച്ചകളുടെ കേന്ദ്രം വിവിധ സംസ്ഥാനങ്ങളിലെ പരിതാപകരമായ കാർഷിക സാഹചര്യമാണ്, പ്രത്യേകിച്ചും സെപ്റ്റംബർ അവസാനത്തോടെയും ഒക്ടോബർ ആദ്യത്തോടെയും നടക്കേണ്ട ഖാരിഫ് വിളവെടുപ്പുമായി ബന്ധപ്പെട്ടുള്ളതാണ്.
സംഘപരിവാർ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, ജൂലെെ–ആഗസ്ത് മാസങ്ങളിൽ വടക്കേ ഇന്ത്യയിൽ കാണപ്പെടുന്ന വരൾച്ചാ സമാനമായ സാഹചര്യം മധ്യപ്രദേശിലും ഉത്തർപ്രദേശിലും സംഘപരിവാർ സംഘടനകൾക്കുള്ളിൽ തന്നെ ആഭ്യന്തര ചർച്ചകളിൽ ഉയർത്തിക്കാണിക്കപ്പെട്ടിട്ടുണ്ട്. മെച്ചപ്പെട്ട ഖാരിഫ് വിളവെടുപ്പിന് ജൂലെെ–ആഗസ്ത് മാസങ്ങളിലെ വെള്ളത്തിന്റെ ലഭ്യത നിർണായകമാണ്. ഈ രണ്ടു വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെയും ബികെഎസിലും ബിഎംഎസിലുമുള്ള മുതിർന്ന പ്രവർത്തകർ ദി ഐഡത്തോട് പറഞ്ഞത്, രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നും അതായത് തിരഞ്ഞെടുപ്പടുത്തിരിക്കുന്ന രാജസ്ഥാനും അതുപോലെ തന്നെ മഹാരാഷ്ട്ര, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ തങ്ങൾക്കു ലഭിച്ച റിപ്പോർട്ടുകളിലും മഴയുടെ കുറവും മോശപ്പെട്ട ഖാരിഫ് വിളവെടുപ്പിനുള്ള സാധ്യതയും അടിവരയിട്ടു പറയുന്നുണ്ട് എന്നാണ്. വടക്കേ ഇന്ത്യയിലെ മറ്റു ചില ഭാഗങ്ങളിലെ വരൾച്ചാസമാനമായ സാഹചര്യത്തിനൊപ്പം ഹിമാചൽ പ്രദേശ്, പഞ്ചാബ് പോലുള്ള സംസ്ഥാനങ്ങൾ കാലംതെറ്റിയുള്ള മഴമൂലം ദുരിതമനുഭവിക്കുകയാണ് എന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
ഭോപ്പാലിലെ മുതിർന്ന ബികെഎസ് നേതാവ് ദി ഐഡത്തോട് പറയുന്നു, ‘‘മൊത്തത്തിൽ ഞങ്ങൾ നോക്കിക്കാണുന്നത് വിളവെടുപ്പ് കർഷകന് ഗുണകരമല്ലാത്തൊരു സാഹചര്യം, വരുംദിവസങ്ങളിൽ ഗുരുതരമായ ഭക്ഷ്യപ്രതിസന്ധിക്ക് വഴിവെക്കുമെന്നാണ്’’. ഈ ഘടകങ്ങളുടെയെല്ലാം ഫലങ്ങൾ പല മടങ്ങായി ഒക്ടോബറിൽ പ്രകടമായി തുടങ്ങുകയും പിന്നീടങ്ങോട്ടുള്ള അനേകം മാസങ്ങളിൽ അത് തുടരുകയും ചെയ്യുമെന്നുകൂടി നേതാവ് കൂട്ടിച്ചേർത്തു. 2024 ജനുവരിയിലേക്ക്, അതായത് ലോക്-സഭാ തിരഞ്ഞെടുപ്പ് നേരത്തെയാക്കാനും നിയമസഭാ തിരഞ്ഞെടുപ്പുകൾ അതിനൊപ്പം നടത്താനുമുള്ള തീരുമാനം – ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതി – നടപ്പാക്കാനായി കോവിന്ദിനെ ചുമതലപ്പെടുത്തിയ ജൂണിൽ മോദിയും ഷായും കണ്ട മാന്ത്രികവടി ആകാൻ സാധ്യതയില്ല എന്നും അദ്ദേഹം പരിതപിച്ചു.
പ്രത്യക്ഷത്തിൽ, ഈ വിലയിരുത്തലിന്റെ തുടർച്ചയായി സംഘപരിവാർ സംഘടനകൾക്കുള്ളിൽ നടക്കുന്ന ‘‘വലിയ ചിന്ത’’, ഈ വർഷം അവസാനം തിരഞ്ഞെടുപ്പു നടക്കുമെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകൾ നീട്ടിവെയ്ക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചാണ്. അതായത്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകൾ കുറഞ്ഞത് നാലു മുതൽ അഞ്ചു മാസം വരെ നീട്ടിവെക്കുക; അങ്ങനെ ചെയ്താൽ അവയും പൊതുതിരഞ്ഞെടുപ്പിനൊപ്പം നടത്താം. എന്തുതന്നെയായാലും നിലവിലുള്ള തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്കും നിയമങ്ങൾക്കുമുള്ളിൽനിന്നുകൊണ്ട് ഇത് നടപ്പാക്കുക സാങ്കേതികമായി സാധ്യമാണോ എന്ന കാര്യത്തിൽ ഈ നേതാവിനോ അദ്ദേഹത്തിന്റെ കൂട്ടാളികൾക്കോ യാതൊരു വ്യക്തതയുമില്ല.
ചുരുക്കി പറഞ്ഞാൽ, ഖാരിഫ് വിളവെടുപ്പ് എന്ന ഘടകവും അതിന്റെ രാഷ്ട്രീയവും തിരഞ്ഞെടുപ്പിൽ അതുണ്ടാക്കുന്ന ആഘാതവും, ‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ പദ്ധതിക്ക് കൂടുതൽ സങ്കീർണമായൊരു പുതിയ മാനം സൃഷ്ടിച്ചിരിക്കുന്നു. ഏതു വിധത്തിലായാലും ഈ പദ്ധതി സംബന്ധിച്ച് സംഘപരിവാറിനുള്ളിൽതന്നെ നടക്കുന്ന യഥാർത്ഥ രാഷ്ട്രീയ ചർച്ചകളെ ഖാരിഫ് ബന്ധം കൂടുതൽ രൂക്ഷമാക്കി. ഈ വിഷയം സംബന്ധിച്ച ചർച്ച സംഘപരിവാർ സംഘടനകൾക്കുള്ളിലും തത്-ഫലമായി പൊതു രാഷ്ട്രീയ മണ്ഡലത്തിലും വ്യാപകമാകുമ്പോഴും പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിലെ യഥാർത്ഥവും മൂർത്തവുമായ അജൻഡ എന്തായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ദുരൂഹത തുടരുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിൽ അധികാരത്തിൽ വന്നിട്ടുള്ള ഗവൺമെന്റുകളിൽ ഒന്നുപോലും ബിജെപി ഇപ്പോൾ ചെയ്തതുപോലെ അജൻഡ വ്യക്തമാക്കാതെ പാർലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടില്ലായെന്നും അവർ ചൂണ്ടിക്കാണിച്ചു.
To read this article in English, Click Here.