പശ്ചിമേഷ്യയെ മൃതഭൂമിയാക്കുന്ന മുഖംമൂടിയിട്ട രാഷ്ട്രീയം
ഇസ്രായേല്‍ ഗാസയില്‍ നടത്തുന്ന അധിനിവേശ യുദ്ധം, നൂറു ദിവസം പിന്നിടുമ്പോള്‍ പശ്ചിമേഷ്യയാകെ പലതരത്തില്‍ ചെറുതും വലുതുമായ യുദ്ധങ്ങള്‍ കാട്ടുതീ പോലെ പടരുകയാണ്. ഈ മേഖലയിലെ ഇസ്ലാമിക് സ്‌റ്റേറ്റ് പോലുള്ള സര്‍ക്കാരിതര ഭീകര സേനകളുടെ സാന്നിദ്ധ്യവും അവര്‍ പല ലക്ഷ്യങ്ങള്‍ വെച്ച് നടത്തുന്ന ആക്രമണങ്ങളും മേഖലയെ കൂടുതല്‍ കലുഷിതമാക്കിയിരിക്കുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്ന നാറ്റോ എന്ന സൈനിക സഖ്യത്തില്‍ മുഖ്യ സ്ഥാനമുള്ള തുര്‍ക്കിയും അമേരിക്കയുടെ ശത്രുരാജ്യമായി കണക്കാക്കപ്പെടുന്ന ഇറാനും പാലസ്തീന്‍ പ്രശ്‌നത്തില്‍ ഇസ്രായേലിനും സിയോണിസ്റ്റുകള്‍ക്കും എതിരാണെന്നാണ് സാമാന്യമായി വിലയിരുത്തപ്പെടുന്നത്. അതു കൊണ്ടു തന്നെ, പാലസ്തീനെ അനുകൂലിക്കുന്ന ലോകത്തെങ്ങുമുള്ള മനുഷ്യസ്‌നേഹികളും വിമോചനാശയക്കാരും സ്വാഭാവികമായും ഇവര്‍ക്കനുകൂലമാകുമെന്നാണ് വിചാരിക്കുക. എന്നാല്‍, പാലസ്തീന്‍-ഇസ്രായേല്‍ സംഘര്‍ഷവുമായി ബന്ധമുള്ളതും അല്ലാത്തതുമായ പലതരം സായുധാക്രമണങ്ങളാണ് ഈ രണ്ടു ശക്തികളും അതിനു പുറമെ ഐ.എസ്സും നടത്തുന്നതെന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മാത്രമല്ല, ഇത്തരത്തില്‍ അനിയന്ത്രിതമായി യുദ്ധങ്ങളും സായുധാക്രമണങ്ങളും കാട്ടുതീ പോലെ പടരുന്നത്, പാലസ്തീന്‍ പ്രശ്‌നത്തിന്റെ പരിഹാരത്തിന് സഹായകമാകുമെന്ന് കരുതാനും വയ്യ.
ആയുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭാ ചാര്‍ട്ടര്‍ അംഗീകരിക്കുന്നില്ല. എന്നാല്‍, യു.എന്‍ ചാര്‍ട്ടര്‍ ആര്‍ട്ടിക്കിള്‍ 51ൽ സ്വയം പ്രതിരോധത്തിനായി സായുധാക്രമണങ്ങള്‍ നടത്താമെന്ന് പറയുന്നുമുണ്ട്. സിറിയയുടെ വടക്കും കിഴക്കും ഭാഗങ്ങളിലും ഇറാഖിലെ കുര്‍ദിസ്താനിലും തുര്‍ക്കിയും അതേ കുര്‍ദിസ്താന്‍ തലസ്ഥാനമായ എര്‍ബിലിലും പാക്കിസ്ഥാനിലും മറ്റും ഇറാനും നടത്തിയ ആക്രമണങ്ങള്‍ എല്ലാം ഈ സ്വയം പ്രതിരോധത്തിന്റെ നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവുമോ എന്നു സമാധാനവാദികള്‍ സംശയിക്കുന്നു.
1837ല്‍ അമേരിക്കയുടെ അതിര്‍ത്തിയ്ക്കകത്തേയ്ക്ക് കടന്ന് ബ്രിട്ടീഷ് കനേഡിയന്‍ സൈന്യം നടത്തിയ ആക്രമണത്തെത്തുടര്‍ന്ന് രൂപപ്പെട്ട ധാരണകള്‍, കരോലിന്‍ പ്രമാണം (കരോലിന്‍ ഡോക്ട്രിന്‍) എന്ന പേരില്‍ അറിയപ്പെടുന്നു. മറ്റു പരമാധികാര രാഷ്ട്രങ്ങളുടെ അതിര്‍ത്തികള്‍ കടന്നുള്ള ആക്രമണങ്ങളെ ആര്‍ടിക്കിള്‍ 51 അനുസരിച്ചുള്ള സ്വയം പ്രതിരോധം എന്നും കരോലിന്‍ പ്രമാണം എന്നും വ്യാഖ്യാനിക്കാനാണ് ആക്രമണം നടത്തിയവര്‍ തുനിയാറുള്ളത്. ഇത്തരത്തില്‍ മറ്റു രാജ്യങ്ങള്‍ക്കകത്ത് ഏറ്റവുമധികം ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളത് അമേരിക്കയും ഇസ്രയേലും തന്നെയാണ്. ഇപ്പോള്‍ അവരെ അനുകരിച്ച് മറ്റു പല രാജ്യങ്ങളും പ്രത്യേകിച്ച് തുര്‍ക്കിയും ഇറാനും ഇത്തരം കടന്നാക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിന്റെ പേരില്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. സെപ്റ്റംബർ 11നു ശേഷം, ഭീകരതയ്‌ക്കെതിരായ യുദ്ധം എന്ന പേരില്‍ ബുഷ് ഭരണകൂടം ലോകമാകെ വ്യാപിപ്പിച്ച സൈനിക മുന്നേറ്റമാണ് സമീപകാലത്ത് ഈ ന്യായീകരണ വാദത്തിന്റെ മറവില്‍ നടത്തിയ രൂക്ഷമായ യുദ്ധാക്രമണങ്ങള്‍. അതിനു മുമ്പ് ഇറാഖില്‍ അമേരിക്ക നടത്തിയ കടന്നാക്രമണവും സദ്ദാം ഹുസൈന്‍ ഭരണകൂടത്തിന്റെ തകര്‍ച്ചയും ഇതിന്റെ മുന്നൊരുക്കമായിരുന്നു.
ഇസ്രായേല്‍ ഏഴു പതിറ്റാണ്ടുകളായി നടത്തി വരുന്ന അധിനിവേശ യുദ്ധം സത്യത്തില്‍ ഏറ്റവും വലിയ അന്താരാഷ്ട്ര കുറ്റകൃത്യമാണ്. ദശലക്ഷക്കണക്കിന് ജൂതവംശജരെ കൊന്നൊടുക്കിയ നാസി ഭീകരതയെ വിചാരണ ചെയ്യുന്നതിനു വേണ്ടി രൂപീകരിച്ച ന്യൂറംബര്‍ഗ് ട്രിബ്യൂണലിന്റെ കണ്ടെത്തല്‍ അനുസരിച്ച് ഇത്തരം അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ ശക്തമായി അപലപിക്കപ്പെടേണ്ടതും അവസാനിപ്പിക്കേണ്ടതുമാണ്. യുദ്ധമാണ് സമാധാനം എന്ന ജോര്‍ജ്ജ് ഓര്‍വെല്ലിന്റെ (1984) നിര്‍വചനമാണ് സമകാലീന ലോകത്തിന് യോജിക്കുക.
ഗാസയില്‍ ഇതിനകം മുപ്പതിനായിരത്തോളം സാധാരണ ജനങ്ങള്‍- അതിലധികവും സ്ത്രീകളും കുട്ടികളും- കൊല്ലപ്പെട്ടു കഴിഞ്ഞു. ഇസ്രായേല്‍ ആകട്ടെ അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ പിന്തുണ ആര്‍ജ്ജിച്ചുകൊണ്ട് യുദ്ധം വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്.
ഒക്ടോബര്‍ ഏഴിനാണ് ഹമാസ് ആക്രമണത്തിന്റെ പേരു പറഞ്ഞ് ഇസ്രായേല്‍ ഗാസയില്‍ അധിനിവേശ യുദ്ധം ആരംഭിച്ചത്. തൊട്ടു മുമ്പ് സെപ്റ്റംബർ 19ന് യു.എന്‍ ജനറല്‍ അസംബ്ലി യോഗത്തിന്റെ ഇടവേളകളില്‍ തുര്‍ക്കി പ്രസിഡണ്ട് എര്‍ദോഗാനും ഇസായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ധിച്ചിരുന്നു. ഊര്‍ജ്ജം, സൈബര്‍ സുരക്ഷ, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള മേഖലകളില്‍ തുര്‍ക്കിയും ഇസ്രായേലും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കേണ്ടതുണ്ട് എന്നാണ് എര്‍ദോഗാന്‍ ഈ കൂടിക്കാഴ്ചകൾക്ക് ശേഷം പ്രതികരിച്ചത്.
2022ല്‍ മാത്രം ഒമ്പത് ബില്യന്‍ ഡോളറോളം വാണിജ്യമാണ് തുര്‍ക്കിയും ഇസ്രായേലും തമ്മില്‍ നടത്തിയത്. ഏഴു ലക്ഷം ഇസ്രായേലി വിനോദസഞ്ചാരികള്‍ ഈ വര്‍ഷം മാത്രം തുര്‍ക്കി സന്ദര്‍ശിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഡിപ്ലോമാറ്റിക് ബന്ധങ്ങളും പരിപൂര്‍ണമാക്കി. അതേ സമയം, ഹമാസിനെ അനുകൂലിച്ചു കൊണ്ട് പരസ്യ പ്രസ്താവനകള്‍ നടത്തി തുര്‍ക്കിയിലെ സാമാന്യ ജനതയുടെയും ലോകത്താകെയുള്ള വിമോചനാശയക്കാരുടെയും ജനപ്രിയത പിടിച്ചുപറ്റാന്‍ എര്‍ദോഗാന്‍ തുനിയുന്നുമുണ്ട്. ഇസ്രായേലുമായി തുര്‍ക്കിയ്ക്ക് സൈനിക സഹകരണം ധാരാളമായുണ്ട് എന്നു മാത്രമല്ല; ഇസ്രായേലി സൈനിക ടാങ്കുകള്‍ ഇപ്പോഴും ഇന്ധനം നിറയ്ക്കുന്നത്, തുര്‍ക്കിയില്‍ കൂടി കടന്നു പോകുന്ന ബാക്കു-തിബിലിസി-ജെയാന്‍ വാതക പൈപ്പ് ലൈനില്‍ നിന്നാണ്. ഇസ്രായേലി പട്ടാളക്കാര്‍ക്കുള്ള കമ്പിളിക്കുപ്പായങ്ങളും തുകല്‍ പാദരക്ഷകളും തുര്‍ക്കിയില്‍ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. രാഷ്ട്രീയവും സാമ്പത്തിക രംഗവും കച്ചവടങ്ങളും തമ്മില്‍ യാതൊരു ബന്ധവും നിലനില്ക്കുന്നില്ല എന്നാണ് ഇതു സംബന്ധമായി എര്‍ദോഗാന്‍ നടത്തിയ പരസ്യ ന്യായീകരണം. ആദം സ്മിത്തും ഡേവിഡ് റിക്കാര്‍ഡോയും കാള്‍ മാര്‍ക്‌സും രൂപപ്പെടുത്തിയ സാമ്പത്തിക രാഷ്ട്രീയ തത്വശാസ്ത്രങ്ങള്‍ ലോകമാകെ ചര്‍ച്ച ചെയ്യുകയും പ്രയോഗത്തില്‍ വരുത്തുകയും ചെയ്തതിനു ശേഷവും എര്‍ദോഗാന്‍ ഇത്തരം ഒരു പ്രസ്താവന നടത്തുന്നതിലെ പരിഹാസ്യത തുര്‍ക്കിയിലെ പ്രതിപക്ഷ കക്ഷികള്‍ തുറന്നുകാട്ടുന്നുണ്ട്. ഇസ്ലാമിക മൗലികവാദമാണ് തന്റെ അടിസ്ഥാന പ്രത്യയശാസ്ത്രമെന്നതിനാല്‍ ഹമാസിനെ അനുകൂലിക്കുന്നു എന്ന് തന്റെ ആരാധകരെയും അണികളെയും ബോധ്യപ്പെടുത്താതെ അധികാരാധിപത്യങ്ങള്‍ തുടരാന്‍ എര്‍ദോഗാന് ബുദ്ധിമുട്ടുമാണ്. ഈ വൈരുദ്ധ്യങ്ങളെ തന്നെ തന്റെ സൈനികാധിനിവേശങ്ങള്‍ക്ക് മറയാക്കുകയാണ് സത്യത്തില്‍ അദ്ദേഹം ചെയ്യുന്നത്.
സിറിയയിലെ തുര്‍ക്കിയുടെ കടന്നാക്രമണങ്ങള്‍ അവിടത്തെ സാധാരണക്കാരുടെ ജീവിതം അതിദുസ്സഹമാക്കിയിരിക്കുകയാണ്. വിദ്യുച്ഛക്തി നിലയങ്ങളിലും വടക്കും കിഴക്കും സിറിയയിലെ ഏക വാതക നിലയത്തിലും ഈയടുത്ത ദിവസം തുര്‍ക്കി സൈന്യം ബോംബിട്ടു. ശൈത്യകാലത്ത്, ഇരുട്ടിലും കൊടും തണുപ്പിലും കുടുങ്ങിയിരിക്കുകയാണ് ജനങ്ങള്‍. ഭക്ഷണം പാചകം ചെയ്യാനുള്ള വാതകം പോലും ലഭിക്കുന്നില്ല. ശുദ്ധജല വിതരണം നിലച്ചിരിക്കുന്നു; ആരോഗ്യസേവനങ്ങള്‍ നിലച്ചു; ധാന്യം പൊടിക്കുന്ന മില്ലുകള്‍ നശിപ്പിക്കപ്പെട്ടു; അതുകൊണ്ട് അടിസ്ഥാന ഭക്ഷണമായ റൊട്ടിയ്ക്ക് കടുത്ത ക്ഷാമമാണ് ഇവിടെ. വ്യവസായ-വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. പെട്രോളിയത്തിന്റെ ഉത്പാദനവും വിതരണവും താറുമാറാക്കിയതോടെ ഏക വരുമാനവും ഇല്ലാതായി. ഇറാഖി കുര്‍ദിസ്താനിലെ കുര്‍ദിഷ് തൊഴിലാളി പാർട്ടിയുടെ കേന്ദ്രങ്ങളിലും തുര്‍ക്കി സൈന്യം കടന്നാക്രമണം നടത്തി. ഇവിടെ തിരിച്ചുള്ള ആക്രമണം നേരിട്ട ഏതാനും തുര്‍ക്കി സൈനികരും കൊല്ലപ്പെട്ടു. ദശകങ്ങളായി തടവിലുള്ള മഹാനായ കുര്‍ദിഷ് തൊഴിലാളി നേതാവ് അബ്ദുള്ള ഓഹ്ജലാന്റെ പരിവര്‍ത്തനാത്മക ജനാധിപത്യം, സ്ത്രീ വിമോചനം, ദേശീയ വൈവിദ്ധ്യങ്ങളുടെ പരസ്പര സഹകരണവും സമ്മേളനവും എന്നിങ്ങനെയുള്ള ആധുനിക ആശയങ്ങളെ അടിസ്ഥാനമാക്കി ഏതു രാജ്യത്ത് ജനങ്ങള്‍ പ്രവര്‍ത്തിച്ചാലും അവരെ നേരിടുമെന്നാണ് സിറിയയിലും ഇറാഖിലും നടത്തിയ കടന്നാക്രമണങ്ങളിലൂടെ തുര്‍ക്കി പ്രഖ്യാപിക്കുന്നത്. സിറിയയിലെ കുര്‍ദിഷ് അര്‍ദ്ധ സ്വയം ഭരണപ്രദേശത്ത് ഇസ്ലാമിക് സ്റ്റേറ്റിനെ ഫലപ്രദമായി പ്രതിരോധിക്കുന്നത് കുര്‍ദിഷ് പാർട്ടിയായ സിറിയന്‍ ജനാധിപത്യ പ്രസ്ഥാനമാണെന്നതും(എസ്.ഡി.എഫ്) ശ്രദ്ധിക്കേണ്ടതുണ്ട്. ഐ.എസ്സിനെതിരെ പൊരുതാനെന്ന ഭാവേന വടക്കും കിഴക്കും സിറിയയില്‍ നിലനിര്‍ത്തിയിട്ടുള്ള അമേരിക്കയുടെ തൊള്ളായിരം ട്രൂപ്പുകള്‍, അവരുടെ നാറ്റോ സഖ്യ ശക്തിയായ തുര്‍ക്കിയുടെ കടന്നാക്രമണങ്ങളെ കണ്ടില്ലെന്നു നടിക്കുകയും ചെയ്യുന്നു.
ഇറാഖി കുര്‍ദിസ്താന്റെ തലസ്ഥാനമായ എര്‍ബിലില്‍ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ.ആർ.ജി.സി) നടത്തിയ കടന്നാക്രമണത്തില്‍, ധനികനായ ഒരു കുര്‍ദിഷ് ബിസിനസുകാരന്റെ വീടാണ് നശിപ്പിക്കപ്പെട്ടത്. പെഷ്‌റോ ഡിസായി എന്ന ബിസിനസുകാരന്റെ വീടിനെ മൊസാദിന്റെ രഹസ്യ കേന്ദ്രം എന്നാരോപിച്ചാണ് ഇറാന്‍ തകര്‍ത്തത്. മിസൈലാക്രമണത്തില്‍ പെഷ്‌റോ ഡിസായിയും അദ്ദേഹത്തെ സന്ദര്‍ശിച്ചിരുന്ന കറാം മിഖായേലും കൊല്ലപ്പെട്ടു. എന്നാല്‍, ഏറ്റവും ഹൃദയഭേദകമായത് പെഷ്‌റോയുടെ പതിനൊന്ന് മാസം പ്രായമുള്ള മകള്‍ ഷീനയുടെ മരണമാണ്.
ഇറാനിയന്‍ മതസാന്മാര്‍ഗിക പൊലീസിന്റെ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ഷീനാ (മഹ്‌സാ) അമീനിയുടെ സ്മരണയ്ക്കാണ് കുര്‍ദ് വംശജനായ പെഷ്‌റോ തന്റെ മകള്‍ക്ക് ഷീനാ എന്നു പേരിട്ടത്. ആ പേരിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഷീനാ (മഹ്‌സാ) അമീനിയുടെ മരണപ്പാതയിലേയ്ക്ക് കുഞ്ഞ് ഷീനയും പതിയ്ക്കുകയായിരുന്നു. 2020 ജനുവരിയില്‍ അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാനിയന്‍ നേതാവ് ജനറല്‍ ഖ്വാസം സൊലൈമാനിയുടെ അനുസ്മരണ ദിനത്തില്‍ തെക്കുകിഴക്കേ ഇറാനിലെ കെര്‍മാനില്‍ നടന്ന ആത്മഹത്യാ ബോംബിംഗില്‍ എണ്‍പത്തിനാലു പേര്‍ കൊല്ലപ്പെട്ടു. ഇസ്രായേല്‍ പിന്തുണയോടെ ഇസ്ലാമിക് സ്‌റ്റേറ്റാണ് ഈ ആക്രമണം നടത്തിയത് എന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. അഫ്ഗാനിസ്ഥാനില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഐ.എസ്-ഖൊറസാന്‍ എന്ന സംഘടന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തു. പാക്കിസ്ഥാനില്‍ ഇറാനും തിരിച്ചും നടത്തിയ ആക്രമണങ്ങളില്‍ ബലൂച്ചിസ്താന്‍ വിഘടനവാദികളുടെ കേന്ദ്രങ്ങള്‍ നശിപ്പിക്കപ്പെട്ടതായി ഇരുവരും അവകാശപ്പെടുന്നു.
സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനു ശേഷം, ലോകത്താകെ വലതുപക്ഷ ശക്തികള്‍ക്ക് പ്രാമുഖ്യവും നിര്‍ണായകത്വവും വ്യാപകാധികാരവും ലഭിച്ചിരിക്കുകയാണ്. ഈ പലതരം വലതുപക്ഷ ശക്തികള്‍, ആഭ്യന്തരവും ബാഹ്യവുമായ ആക്രമണങ്ങളിലൂടെ തദ്ദേശീയ ന്യൂനപക്ഷങ്ങള്‍ക്കും വിദേശ ജനതകള്‍ക്കും നിരന്തരം ഭീഷണികള്‍ സൃഷ്ടിക്കുന്നു. ഗാസയും പലസ്തീനും തന്നെയാണ് ഈ പ്രവണതയുടെ മകുടോദാഹരണം. ഇവിടെ ആരംഭിച്ച മനുഷ്യക്കുരുതിയുടെയും വംശഹത്യയുടെയും തീയിടല്‍ ലോകമാകെ വ്യാപിച്ചേക്കുമെന്നാണ് സമാധാനവാദികള്‍ ഭീതിപ്പെടുന്നത്. ഇതിന്റെ ലക്ഷണങ്ങള്‍ പശ്ചിമേഷ്യയില്‍ പലയിടത്തായി കാണുകയും കാണാതിരിക്കുകയും ചെയ്യുന്ന യുദ്ധങ്ങളിലൂടെ തെളിഞ്ഞു തുടങ്ങിയിരിക്കുന്നു.
(വിവിധ അന്താരാഷ്ട്ര/ പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ടുകളനുസരിച്ചാണ് ഈ അവലോകനം തയ്യാറാക്കിയിരിക്കുന്നത്. ദി ഹിന്ദു, അൽ ജസീറ, റുഡാ, മെഡിയ ന്യൂസ്, എൻ.എൽ.കെ.എ, എച്ച്.ആർ.എ.എൻ.എ, എന്നിവ ഇതില്‍ ചിലതു മാത്രം)
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.