ഇ എം എസ് നമ്പൂതിരിപ്പാടിനെക്കു
എഴുതിയിട്ടില്ലാത്ത, എന്നാൽ അടുത്ത സുഹൃത്തുക്കളിൽ ചിലരോടു പറഞ്ഞിട്ടുള്ള, ഒരു കഥ ഇവിടെ എഴുതാം. ‘രണ്ടാം ശങ്കരൻ്റെ’ താർക്കികബുദ്ധി അവിദഗ്ധമായി അനുകരിച്ചു പറഞ്ഞാൽ, കഥ തന്നെയും കാര്യമാണല്ലോ. ‘കഥ കഴിഞ്ഞു’ എന്നു പറഞ്ഞാൽ കാര്യം കഴിഞ്ഞു എന്നല്ലേ? എന്നാൽ ആളുകൾ കഥയെന്നു കേട്ടാൽ കെട്ടുകഥ എന്നേ വിചാരിക്കുകയുള്ളൂ. അതിനാൽ ഉറപ്പിച്ചുപറയട്ടെ, സംഭവകഥയാണ്. ഇ എം എസിൻ്റെ മരണദിവസത്തിലെ കഥ.
1998 മാർച്ച് 19 വ്യാഴം.
ആ ദിവസം ഞാൻ ഏഷ്യാനെറ്റ് ന്യൂസിൻ്റെ റിപ്പോർട്ടറായി ഡൽഹിയിലാണ്. വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുവിശേഷങ്ങൾ റിപ്പോർട്ട് ചെയ്തതിനുശേഷം മന്ത്രിസഭാ രൂപീകരണം വരെ ഡൽഹി ബ്യൂറോയിൽ അല്ലറ ചില്ലറ റിപ്പോർട്ടുകളുമായി തങ്ങിയതാണ്. മിടുക്കനായ റിപ്പോർട്ടർ ഉണ്ണി ബാലകൃഷ്ണനാണ് പ്രധാന കൂട്ട്. അക്കാലത്ത് ഞങ്ങൾ തുല്യദുഃഖിതരാണെന്ന വിശേഷവുമുണ്ട്.
അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായി, ദാ, അല്പം മുമ്പ് സത്യപ്രതിജ്ഞ ചെയ്തുകഴിഞ്ഞു. അതാണ് അഖിലേന്ത്യാതലത്തിൽ അന്നത്തെ പ്രധാനവാർത്ത എന്ന കാര്യത്തിൽ അരിയാഹാരം കഴിക്കുന്നവർക്കു മാത്രമല്ല, ഗോതമ്പാഹാരം കഴിക്കുന്നവർക്കും തർക്കമുണ്ടാവാനിടയില്ല. ആ വാർത്ത വിശദമായി ഉണ്ണി ചെയ്തുകൊള്ളും. ഉണ്ണിയുടെ പറച്ചിലിനും ശബ്ദത്തിനും ആവശ്യത്തിലും കൂടുതൽ ആധികാരികതയുണ്ട്. ഇനി, വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്തിട്ടില്ല എന്നുതന്നെ വയ്ക്കുക, ‘വാജ്‌പേയി സത്യപ്രതിജ്ഞ ചെയ്തു’ എന്ന് ഉണ്ണി പറഞ്ഞാൽ ആരും അവിശ്വസിക്കില്ല.
”അപ്പോൾ, ഉണ്ണീ, ഞാനെന്താണു ചെയ്യേണ്ടത്. ഉണ്ണിയെ പ്രോത്സാഹിപ്പിച്ചുകൊണ്ട് ചുമ്മാ ഇവിടെ ഇരുന്നാൽ പോരേ?”
”തമാശ കള, മാങ്ങാടേ, ഒ രാജഗോപാൽ മന്ത്രിയാകുമോ ഇല്ലയോ എന്നൊരു സ്റ്റോറി ചെയ്യൂ.”
കേട്ടപാതി, ഞാൻ വി പി ഹൗസിലേക്കു പുറപ്പെട്ടു, ഒ രാജഗോപാലിനെ കണ്ടു. അദ്ദേഹത്തിന് സ്വന്തമായി തീരുമാനിക്കാൻ കഴിയുന്ന കാര്യമല്ലല്ലോ. കേരളത്തിനു നിശ്ചയമായും മന്ത്രിസഭയിൽ പ്രാതിനിധ്യമുണ്ടാവുമെന്ന് ഉറപ്പുകിട്ടിയതായി ഒ രാജഗോപാൽ പറഞ്ഞു. അങ്ങനെയുണ്ടാവട്ടെ എന്ന് ഈ ലേഖകൻ ആശംസിച്ചു.
തിരിച്ച്, ഓഫീസിൽ. ആ റിപ്പോർട്ട് തയ്യാറാക്കാൻ എഡിറ്റ് മുറിയിൽ കയറി.
എഡിറ്റിംഗ് തീരാൻ ഏതാനും നിമിഷങ്ങൾ മതി. കാലാവസ്ഥാ പ്രവചനം പോലെ, മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട് എന്ന മട്ടിൽ ഒന്ന്. ഇതു തീർത്ത് അയച്ചുകഴിഞ്ഞാൽ വിശാലലോകത്തിലേക്ക് ഇറങ്ങാവുന്നതാണ്!
”മാങ്ങാട് നിർത്തൂ, ഉടനെ വരൂ,” ഉണ്ണി എഡിറ്റ് റൂമിൻ്റെ വാതിൽ ലേശം തുറന്ന്, എൻ എസ് മാധവൻ്റെ കഥയിലെ ചുല്യാറ്റിൻ്റെ മട്ടിൽ തല ഉള്ളിലേക്കിട്ട് പറഞ്ഞു.
”ഇതാ, തീർന്നു ഉണ്ണി, ഒരു മിനുട്ട്, കൂടിയാൽ രണ്ട്.”
”ഞാനല്ലേ പറയുന്നത് നിർത്താൻ….” ഉണ്ണി.
”ഇതാ തീർന്നു ഉണ്ണി, രണ്ടേ രണ്ടു ഷോട്ടുകൾ ഇട്ടാൽ മതി.”
”എൻ്റെ മാങ്ങാടേ,”
ഞാൻ ഉണ്ണിയെ ദേഷ്യം പിടിച്ച് നോക്കി.
”ഇ എം എസ് നോ മോർ.” ഉണ്ണിക്ക് ഇംഗ്ലീഷ് വന്നു.
”എന്നാൽ അതു ആദ്യമേ പറഞ്ഞാൽ പോരേ? വളച്ചുകെട്ടണോ?”
ഒ രാജഗോപാൽ സ്റ്റോറി, എഡിറ്റർ എന്തുവേണമെങ്കിലും ചെയ്‌തോട്ടെ, ഞാൻ ശരവേഗത്തിൽ ഓഫീസ് മുറിയിൽ ഉണ്ണിയോടൊപ്പം ചേർന്നു.
എ കെ ജി ഭവനിൽ പോയി സീതാറാം യെച്ചൂരിയുടെ പ്രതികരണം എടുക്കാൻ എന്നെ ഏല്പിച്ചു. ക്യാമറാമാൻ രാധാകൃഷ്ണനും ഞാനും അങ്ങോട്ടു പറന്നു.
തടഞ്ഞ സെക്യൂരിറ്റി ഗാർഡിനെ തള്ളിമാറ്റി യെച്ചൂരിയുടെ മുറിയിലേക്ക് ഇടിച്ചുകയറി. രാധാകൃഷ്ണൻ ക്യാമറ പ്രവർത്തിപ്പിച്ചുതുടങ്ങിയിരുന്നു. വല്ലഭനാണവൻ, ഉറക്കത്തിൽപ്പോലും ‘ബൈറ്റ്’ എടുക്കാൻ കഴിയും.
യെച്ചൂരി സംസാരിച്ചു. വികാരഭരിതമായ സംഭാഷണം. നന്ദിപോലും പറയാതെ പുറത്തേക്കോടി. അവിടെയതാ എൻ റാം വിഷണ്ണനായി നിൽക്കുന്നു. മൈക്ക് കാട്ടി. എന്താണു കാര്യം എന്ന് ഞങ്ങൾ പറയുകയോ അദ്ദേഹം ചോദിക്കുകയോ ചെയ്തില്ല. റാമിൻ്റെ പ്രതികരണവും പകർത്തി. സമയം ആറര. ഏഴുമണിക്കാണു വാർത്ത. നേരെ കോണോട്ട് പ്ലേസിലെ ഫീഡിംഗ് സെൻ്ററിലേക്ക്. തിരക്കുപിടിച്ച നേരമായതിനാൽ പത്തു മിനുട്ട് എടുത്തു. പടവുകൾ കയറി രണ്ടാം നിലയിലേക്ക്. അഞ്ചു മിനുട്ട്. ആറ് നാല്പത്തിയഞ്ച്. ബാക്കി സംവിധാനങ്ങൾക്ക് എല്ലാം കൂടി പത്തു മിനുട്ട്. ആറ് അമ്പത്തിയഞ്ച്. അതാ, യെച്ചൂരിയും റാമും ചൂടോടെ തിരുവനന്തപുരത്ത് എത്തിയിരിക്കുന്നു!
”ഹാവൂ!”
ഞാനും രാധാകൃഷ്ണനും ഒരേസമയത്ത് ഒരേപോലെ നിശ്വസിച്ചു.
ഒരു ‘കിഴവൻ സന്യാസി’യെയും കൂട്ടിയാണ് ഓഫീസിലേക്കു പോയത്.
ഏഴുമണി വാർത്തയിൽ ആദ്യ വാർത്ത വാജ്‌പേയിയുടെ സത്യപ്രതിജ്ഞയായിരുന്നില്ല, ഇ എം എസിൻ്റെ മരണമായിരുന്നുവെന്ന് ഉണ്ണി പറഞ്ഞു.
”കൊട് കൈ നമ്മുടെ ചാനൽ വാഴ്ത്തപ്പെടട്ടെ,” ഞാൻ ഉണ്ണിക്കു കൈകൊടുത്തു.
യെച്ചൂരിയുടേയും റാമിൻ്റെയും പ്രതികരണങ്ങൾ കാണിച്ചു എന്നു പറഞ്ഞ് ഉണ്ണി എനിക്കു കൈതന്നു.
വൈകാതെ മുറിയിലെത്തിയപ്പോൾ ‘സന്യാസി’യെ മൂന്നു ഗ്ലാസ്സുകളിലായി പകർന്നു.
”ഇ എം എസിനായി കുടിക്കുന്നതു ശരിയല്ലല്ലോ, നമ്മൾ എന്തുചെയ്യും?” ഞാൻ ചോദിച്ചു.
”അതാണ് ഞാനും ആലോചിക്കുന്നത്,” ഉണ്ണി പറഞ്ഞു.
”മഹാനായ ഇ എം എസിനെ സൃഷ്ടിച്ച കേരളത്തിനായി കുടിക്കാം,” ഞാൻ ഒരു തിയറി പറഞ്ഞു. ജീവിച്ചിരുന്നുവെങ്കിൽ ഇ എം എസ് പോലും ശരിവച്ചേക്കാവുന്ന ഒരു തിയറി. ആദ്യകാലത്ത് ചില കമ്മ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളുടെ കള്ളുകുടി കമ്മിറ്റിയിൽ ചർച്ചയായി വന്നപ്പോൾ ഇ.എം.എസ്. തീർപ്പുകല്പിച്ചത്രെ: ”കുടിക്കാം, പക്ഷേ, കൂത്താടരുത്.”
”അപ്പോൾ ആരും കൂത്താടരുത്,” ഉണ്ണി മുന്നറിയിപ്പുതന്നു.
”ചിയേർസ്,” ഞങ്ങളുടെ ഗ്ലാസ്സുകൾ കൂട്ടിമുട്ടി.
ഇ എം എസിൻ്റെ ഈ ഫോട്ടോഗ്രാഫുകളെക്കുറിച്ച് പുനലൂർ രാജൻ പലപ്പോഴായി എന്നോടുപറഞ്ഞ കാര്യങ്ങൾ ഓർമ്മയിൽ നിന്നും ഇങ്ങനെ അടുക്കിവയ്ക്കട്ടെ: ”കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ജനറൽ സെക്രട്ടറി പി സി ജോഷി തൊട്ട് വലിയ നേതാക്കളുടെയെല്ലാം ഫോട്ടോകൾ ഞാനെടുത്തിട്ടുണ്ട്.എസ് എ ഡാങ്കേ, സി രാജേശ്വരറാവു, ഇന്ദ്രജിത് ഗുപ്ത, എം എൻ ഗോവിന്ദൻനായർ, സി അച്യുതമേനോൻ അങ്ങനെ പലരുടെയും.
1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നത് ഹൃദയഭേദകമായ അനുഭവമായിരുന്നു. അതു പറഞ്ഞാൽ രത്‌നാകരനു മനസ്സിലാകുമോ എന്നറിയില്ല. എൻ്റെ മേഖല ഫോട്ടോഗ്രഫിയാണെങ്കിലും കെ പി എ സിയുമായും തോപ്പിൽ ഭാസി, കാമ്പിശ്ശേരി കരുണാകരൻ തുടങ്ങിയവരുമായും ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട്. എൻ്റെ ഗുരുഭൂതന്മാർ സി പി ഐയോടൊപ്പം നിന്നപ്പോൾ അനുഭാവവും ആ പാർട്ടിയോടായി എന്നേയുള്ളൂ.
പാർട്ടി പിളരുന്ന സമയത്ത് ഞാൻ ജോലി കിട്ടി കോഴിക്കോട്ടായിരുന്നു. മലബാറിൽ സി പി ഐക്ക് വിശേഷിച്ചൊരു സ്വാധീനവും ഉണ്ടായിരുന്നില്ല. എ കെ ജിയായിരുന്നല്ലോ അന്നു കൺകണ്ട നേതാവ്. പിന്നെ സി എച്ച് കണാരനും. എം കെ കേളുഏട്ടനാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി. കേളു ഏട്ടനുമായി വ്യക്തിബന്ധം ഉണ്ടായിരുന്നു. ഇ എം എസ് കോഴിക്കോട്ടു വരുന്നുണ്ടെങ്കിൽ കേളു ഏട്ടൻ അറിയിക്കും.
കോഴിക്കോട്ടു വന്നാൽ പാർട്ടി ഓഫീസ്, ദേശാഭിമാനി, പിന്നെ മുതലക്കുളം മൈതാനത്തെ പൊതുയോഗം. അങ്ങനെയൊക്കെയായിരുന്നു ഇ എം എസിൻ്റെ പരിപാടികൾ. സഖാവിനെ ഒറ്റയ്ക്കും പാർട്ടിപ്രവർത്തകർക്കൊപ്പവും ചിത്രീകരിച്ചിട്ടുണ്ട്. സ്റ്റിൽ ക്യാമറയിലും മൂവിയിലും. ഒരിക്കൽ തിരുവനന്തപുരത്ത് ചെന്നപ്പോൾ ശാന്തിനഗറിലെ വീട്ടിൽവച്ചും ധാരാളം ഫോട്ടോകൾ എടുത്തു.
ഒന്നിലും മുഴുകാത്ത പ്രകൃതമായിരുന്നു ഇ എം എസ്സിൻ്റേത്. ഒരു ഫോട്ടോഗ്രാഫറുടെ സാന്നിധ്യം പോലും സഖാവ് അറിയുന്നതായി തോന്നാറില്ല. സഹപ്രവർത്തകരോടൊപ്പം വർത്തമാനം പറഞ്ഞിരിക്കുമ്പോൾ ഞാൻ ശ്വാസം പിടിച്ചുനിൽക്കും-ചിന്താകുലനായ ഇ എം എസ്സിനെ ഒന്നു പൊട്ടിച്ചിരിച്ചുകാണാൻ വേണ്ടി! ഒടുവിൽ അങ്ങനെയൊരു മുഹൂർത്തം വീണുകിട്ടിയപ്പോൾ എടുത്ത ചിത്രവുമുണ്ട്.
ഒപ്പം അദ്ദേഹത്തിൻ്റെ ഒരു പാർട്ടി ക്ലാസിൻ്റെ ചിത്രവും. പിന്നെ പല പല മുഖഭാവങ്ങൾ.
ഞാൻ ഏറ്റവും കൂടുതൽ ഫോട്ടോകൾ എടുത്തിട്ടുള്ള കമ്മ്യൂണിസ്റ്റ് നേതാവ് സി അച്യുതമേനോനാണ്. അതു കഴിഞ്ഞാൽ, ഇ എം എസ്.”
ചിത്രങ്ങൾ : പുനലൂർ രാജൻ, മാങ്ങാട് രത്നാകരന്റെ സ്വകാര്യ ശേഖരത്തിൽ നിന്നും
What a riveting recount … salaams Rathnakaran Mangad 👍🏾✊🏿