A Unique Multilingual Media Platform

The AIDEM

Articles History Politics Society

മക്കാർത്തിയും ജനാധിപത്യത്തെ കുറിച്ച് ചില ചിന്തകളും

  • September 5, 2023
  • 1 min read
മക്കാർത്തിയും ജനാധിപത്യത്തെ കുറിച്ച് ചില ചിന്തകളും

ജോസഫ് ആർ. മക്കാർത്തി ലോകം കണ്ട കമ്മ്യൂണിസ്റ്റ് വിരുദ്ധരിൽ പ്രഥമ സ്ഥാനത്തുള്ള ആളായിരുന്നു എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. കമ്മ്യൂണിസ്റ്റ് വേട്ട അമേരിക്കൻ ചരിത്രത്തിലെ കറുത്ത അധ്യായങ്ങൾ ആയത് അദ്ദേഹത്തിൻറെ കാലത്താണ്. കമ്മ്യൂണിസ്റ്റുകാരൻ അല്ലാത്ത ബിൽ ബ്രൈസൺ തന്റെ കുട്ടിക്കാലത്തെ കുറിച്ച് എഴുതിയ “The Life and Times of the Thunderbolt Kid” എന്ന പുസ്തകത്തിന്റെ  വായന മക്കാർത്തിയൻ കാലത്തെ അമേരിക്കയിലെ കമ്മ്യൂണിസ്റ്റ് വേട്ടയുടെ ആഴങ്ങൾ വീണ്ടും കാണിച്ചു തരുന്നു. ആയിരത്തി തൊള്ളായിരത്തി അൻപതുകളിലെ അമേരിക്കൻ രാഷ്ട്രീയം ഈ പുസ്തകം വിശദമായും സരസമായും പറഞ്ഞു തരുന്നു.

ഓപ്പൺഹൈമർ സിനിമ അമേരിക്കയിലെ മക്കാർത്തിയൻ കാലത്തെ കമ്മ്യൂണിസ്റ്റ് വേട്ടയാടൽ വീണ്ടും ശ്രദ്ധയിൽ കൊണ്ടുവന്നിട്ടുണ്ട്.

ഏറ്റവും പ്രഖ്യാത ശാസ്ത്രജ്ഞനായിരുന്ന റോബർട്ട് ഓപ്പൺഹൈമർ പോലും തന്റെ വലിയ നേട്ടങ്ങൾക്കപ്പുറവും ഒരു കമ്മ്യൂണിസ്റ്റ് ചാരനായി വേട്ടയാടപ്പെട്ടു എന്നത് ചരിത്ര പഠിതാക്കൾ മറന്നുപോകരുതാത്ത കാര്യമാണ്.

എന്തായിരുന്നു അന്നത്തെ കമ്മ്യൂണിസ്റ്റ് ഭീതിയുടെ സ്വഭാവം?

കമ്മ്യൂണിസ്റ്കാരൻ അല്ലാത്ത ബിൽ ബ്രൈസൺ ഇക്കാര്യം ആഴത്തിലും സരസമായും തന്റെ പുസ്തകത്തിൽ വിശദീകരിക്കുന്നു.

അൻപതുകളിൽ കമ്മ്യൂണിസത്തെക്കുറിച്ച് വേവലാതിപ്പെടുക എന്നത് വളരെ വ്യാപകമായി നടന്നിരുന്നു. എവിടെയും, പുസ്തകങ്ങളിലും മാസികകളിലും ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റുകളിലും സ്കൂളുകളിലെ പഠന സാമഗ്രികളിലുമെല്ലാം എന്ന് വേണ്ട എല്ലാ പ്രവർത്തന മേഖലകളിലും  കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പതിയിരിക്കുന്നുണ്ടോ എന്ന അന്വേഷണം നടന്നു. ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടത് സിനിമ മേഖലയാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് യുഎസ്എയുടെ റാലി

House Un-American Activities Committee (HUAC) എന്ന സമിതിയ്ക്കായിരുന്നു ഇക്കാര്യത്തിൽ പൂർണമായ അധികാരം. ആയിരക്കണക്കിന് ആളുകളെയാണ് ഇവർ കമ്മ്യൂണിസ്റ്റ് എന്ന പേരിലോ കമ്മ്യൂണിസ്റുകാർക്കെതിരെ മൊഴി കൊടുത്തില്ല എന്ന പേരിലോ തടവിലിട്ടത്. 

ഹോളിവുഡിൽ നിന്ന് വരുന്ന ധാരാളം സിനിമകൾ കമ്മ്യൂണിസ്റ്റ് ആശയമാണ് പ്രചരിപ്പിക്കുന്നത് എന്ന് പറഞ്ഞത് HUAC യുടെ തലവനായിരുന്ന പാർണെൽ തോമസാണ്. എന്നാൽ ഇതിന് തെളിവൊന്നും ഇയാൾ കൊണ്ടുവന്നില്ല. ഇയാൾ മാർക്സിസ്റ്റ് സ്വാധീനമുള്ള ഏതു സിനിമയെക്കുറിച്ചാണ് പറയുന്നത് എന്ന് ആർക്കും ഒരു പിടിയുമുണ്ടായിരുന്നില്ല. തമാശ എന്താണെന്നു വച്ചാൽ അയാൾ തന്റെ മനസ്സിലിരുപ്പ് പുറത്ത് പറയുന്നതിന് മുൻപ് അയാളെ വലിയൊരു അഴിമതി കുറ്റത്തിന് ജയിലിലടയ്ക്കുകയും അവിടെ താൻ നേരത്തെ ജയിലിലാക്കിയ കമ്മ്യൂണിസ്റ്റ് ചാരന്മാർ എന്ന് സംശയിക്കുന്നവർക്കൊപ്പം ശിഷ്ടകാലം കഴിക്കേണ്ടി വരികയും ചെയ്തു.

ബിൽ ബ്രൈസൺ

ഇത്ര ഉച്ചത്തിൽ മണ്ടത്തരം പറയാൻ ഇതിനേക്കാൾ പറ്റിയ ഒരു കാലം ഇല്ലായിരുന്നു എന്നാണ് ബിൽ ബ്രൈസൺ ഇതേക്കുറിച്ച് എഴുതുന്നത്. 

Communism: The Total Lie, Is the Schoolhouse the Proper Place to Teach Raw Sex? എന്നീ പുസ്തകങ്ങൾ എഴുതിയ ഒരു വിദ്വാൻ അമേരിക്കയിലെ ഫെഡറൽ റിസർവും വിദ്യാഭ്യാസ വകുപ്പും പള്ളികളുമെല്ലാം കമ്മ്യൂണിസ്റ്റ്കാർ കയ്യേറി എന്ന് പ്രസംഗിച്ചപ്പോൾ അത് നൂറുകണക്കിന് റേഡിയോ ടെലിവിഷൻ സ്റേഷനുകളാണ് പ്രക്ഷേപണം ചെയ്തത്. നിർഭാഗ്യവശാൽ ഇയാളെ കുട്ടികളുമായി ലൈംഗിക ബന്ധമുണ്ടായി എന്നാരോപിച്ച് പുറത്താക്കുകയാണുണ്ടായത്.

അക്കാലത്തെ അമേരിക്കയിലെ ഒട്ടുമിക്ക സ്റ്റേറ്റുകളിലും എന്ത് തരം പെർമിഷനുകൾക്കും രാജ്യത്തോടുള്ള വിധേയത്വം സൂചിപ്പിക്കുന്ന പ്രതിജ്ഞ എടുക്കണമായിരുന്നു. മത്സ്യം പിടിക്കാനും ഗുസ്തി പരിശീലനത്തിനുമൊക്കെ ഇത്തരം സത്യം ചെയ്യൽ വേണം. സർക്കാരിനെ വിമർശിക്കുന്നതോ സൈന്യത്തെയോ ദേശീയ പതാകയെയോ നിന്ദിക്കുന്നതോ ശിക്ഷാർഹമായിരുന്നു. ചില സ്ഥലങ്ങളിൽ കമ്മ്യൂണിസ്റ്റ് ആണ് എന്ന് തെളിഞ്ഞാൽ ഇരുപത് വർഷം വരെ ജയിലിൽ അടയ്ക്കാൻ വ്യവസ്ഥ ഉണ്ടായിരുന്നു. കമ്മ്യൂണിസ്റ്റിനോട് സംസാരിക്കുന്നത് പോലും നിയമവിരുദ്ധമായ സ്ഥലങ്ങൾ ഉണ്ടായിരുന്നു.

ഈ കമ്മ്യൂണിസ്റ്റ് ഭയത്തെ ഏറ്റവും നന്നായി ചൂഷണം ചെയ്തത് ജോസഫ് ആർ. മക്കാർത്തിയാണ്. എല്ലാ ദിവസവും അയാൾ നൂറുകണക്കിന് ആളുകളെ കമ്മ്യൂണിസ്റ്റ് ചാരന്മാർ എന്ന് വിശേഷിപ്പിക്കും. ഒരു തെളിവും ഇല്ലെങ്കിലും. അങ്ങനെ അവരുടെയൊക്കെ തൊഴിലും ജീവിതവും നശിപ്പിക്കും. സിനിമ രംഗത്തെ പ്രമുഖരായിരുന്ന ലിയോണാർഡ് ബേൺസ്റ്റെയ്ൻ, ലീ ജെ കോബ്ബ്‌, ഓർസൺ വെൽസ്, ഡാൽട്ടൻ ട്രമ്പോ, ബർഗസ്സ് മെറഡിത്, എഡ്‌വേഡ്‌ റോബിൻസൺ എന്നിവരൊക്കെ കമ്മ്യൂണിസ്റ്റ് ആശയപ്രചരണം നടത്തി എന്ന പേരിൽ വേട്ടയാടപ്പെട്ടു.

ഡാൽട്ടൺ ട്രംബോയും ഭാര്യ ക്ലിയോയും HUA കമ്മിറ്റിക്ക് മുമ്പാകെ (1947)

ഫാഷിസത്തെ എതിർക്കുന്നതും ലോക സമാധാനത്തിന് വേണ്ടി വാദിക്കുന്നതും ജാതീയമായ വിവേചനങ്ങൾക്കെതിരെ സംസാരിക്കുന്നതുമൊക്കെ കമ്മ്യൂണിസ്റ്റ് പ്രചാരണമാണ് എന്ന് വ്യാഖ്യാനിച്ചു. ഇവരിൽ പലർക്കും തങ്ങളുടെ സിനിമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞില്ല. (ഡാൽട്ടൻ ട്രംബോയെക്കുറിച്ചുള്ള സിനിമയാണ് 2015ൽ പുറത്തുവന്ന Trumbo)

ഏതെങ്കിലും വിധത്തിൽ കമ്മ്യൂണിസ്റ്റുകാരെ സഹായിക്കുന്നത് നിയമവിരുദ്ധമായിരുന്നു. പെനിസിലിൻ വികസിപ്പിച്ചതിന് നോബൽ സമ്മാനം ലഭിച്ച ഏർണെസ്റ്റ് ചെയിനിന്‌ ചെക്കോസ്ലോവാക്യയിൽ പോയി എന്ന കാരണത്താൽ അമേരിക്കയിൽ പെനിസിലിൻ പ്ലാന്റ് സ്ഥാപിക്കാനായുള്ള സന്ദർശനത്തിന് അനുമതി നൽകിയില്ല. സ്വതന്ത്ര വിപണിയിൽ വിശ്വസിക്കുന്നവർക്ക്  മാത്രമേ  കാരുണ്യ പ്രവർത്തനങ്ങൾക്ക് അവകാശമുള്ളൂ എന്ന് തോന്നും എന്നാണ് ബ്രൈസൺ ഇതിനെ കളിയാക്കുന്നത്. പ്രശസ്ത ശാസ്ത്രജ്ഞൻ ആയിരുന്ന ലിനസ് പോളിംഗിന്‌ പോലും അമേരിക്കയിൽ പ്രവേശിക്കാൻ അനുമതി നിഷേധിച്ചു. പ്രശസ്ത നാടക കൃത്ത് ആർതർ മില്ലറിനോട് നടപടിയ്ക്ക് വിധേയൻ ആവാതിരിക്കാൻ അദ്ദേഹത്തിന്റെ ലോകപ്രശസ്തയായ ഭാര്യ മെർലിൻ മൺറോയ്ക്കൊപ്പം ഒരു ഫോട്ടോ ആണ് HUAC തലവൻ ഫ്രാൻസിസ് വാൾട്ടർ ആവശ്യപ്പെട്ടത്. മില്ലർ ഇത് നിരസിക്കുകയാണുണ്ടായത്.

ആർതർ മില്ലറും ഭാര്യ മെർലിൻ മൺറോയും

ഇങ്ങനെ ജീവിതങ്ങളെ ചവിട്ടിയരച്ച മക്കാർത്തിയ്ക്ക് ഒടുവിൽ എന്ത് സംഭവിച്ചു? അയാളുടെ അവസാനത്തെ പോരാട്ടം അമേരിക്കൻ സൈന്യവുമായിട്ടായിരുന്നു. മാർഷൽ പ്ലാനിലൂടെ പ്രശസ്തനായ ജനറൽ ജോർജ് മാർഷൽ അടക്കമുള്ള ഉയർന്ന സൈനിക മേധാവികൾക്കെതിരെ മക്കാർത്തി ആരോപണം ഉന്നയിച്ചു. ഇത് മാസങ്ങൾ നീണ്ടുനിന്ന വിചാരണയായി മാറി. ഒന്നിനും ഒരു തെളിവും ഹാജരാക്കാൻ അയാൾക്ക് കഴിഞ്ഞില്ല. ഒടുവിൽ അപമാനിതനായി നാണംകെട്ടു പുറത്തുപോയ മക്കാർത്തി മൂന്നു വർഷത്തിന് ശേഷം മരണമടഞ്ഞു. എന്നാൽ അമേരിക്കയുടെ കമ്മ്യൂണിസ്റ്റ് വേട്ട വീണ്ടും ഏറെക്കാലം തുടർന്നു. 

കമ്മ്യൂണിസ്റ്റ് വേട്ടയുടെ മറവിൽ അമേരിക്ക എന്തുചെയ്യുകയായിരുന്നു? ആധുനിക ചരിത്രത്തിൽ സമാധാന കാലത്ത് ഒരു യുദ്ധകാല സാമ്പത്തിക വ്യവസ്ഥ ഉണ്ടാക്കിയ രാജ്യമായിരുന്നു അമേരിക്ക എന്ന് ബിൽ ബ്രൈസൺ ചൂണ്ടിക്കാട്ടുന്നു. അക്കാലത്ത് മൊത്തമായി അമേരിക്ക ആയുധങ്ങൾക്കായി ചിലവഴിച്ചത് 350 ബില്യൺ ഡോളറാണ്. വിദേശ സഹായത്തിന്റെ 90 ശതമാനവും സൈനിക സഹായം ആയിരുന്നു. സ്വയം ആയുധവത്ക്കരിക്കുക മാത്രമല്ല ലോകത്തെയാകെ ആയുധവത്ക്കരിക്കുകയാണ് അമേരിക്ക അക്കാലത്ത് ചെയ്തത്.

ടൈം മാഗസിന്റെ കവറിൽ റോബർട്ട് ഓപ്പൺഹൈമർ

ഇതിനൊപ്പം സ്വന്തം വ്യാവസായിക സാമ്പത്തിക താത്പര്യങ്ങൾ സംരക്ഷിക്കാൻ മറ്റു രാജ്യങ്ങളുടെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചു. ഗ്വാട്ടിമാലയിൽ ജനകീയനായ ജേക്കബോ അർബെൻസിനെ മാറ്റി കാർലോസ് കാസ്റ്റിലോ എന്ന ഏകാധിപതിയെ കൊണ്ടുവന്നു. അമേരിക്കയുടെ നിർദേശ പ്രകാരം ആയിരക്കണക്കിന് വ്യക്തികളെയാണ് ഇയാൾ കൊലചെയ്തത്.

ലോക ഇടതുപക്ഷ രാഷ്ട്രീയം അറിയാവുന്നവർക്ക് അപരിചിതമല്ല ഈ കഥകൾ. എന്നാൽ ബിൽ ബ്രൈസനെ പോലെ ഒരു സ്വതന്ത്ര ചിന്തകൻ തന്റെ കുട്ടിക്കാലത്തെക്കുറിച്ചെഴുതുമ്പോൾ ഇക്കാര്യങ്ങൾ കൂടുതൽ പ്രസക്തമാകുന്നു.

കേരളത്തിലിരുന്ന് ഇത് വായിക്കുന്ന നമുക്കും ഇതിൽ ചെറിയ ഒരു താത്പര്യമുണ്ട്. കേരളത്തിൽ അൻപത്തിയേഴിൽ വന്ന കമ്മ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാൻ അമേരിക്ക സഹായിച്ചോ? ഇതേക്കുറിച്ച് പുതിയൊരു പുസ്തകം ഡോ. തോമസ് ഐസക്ക് എഴുതുന്നുണ്ട്. അത് വരട്ടെ. എന്തായാലും ജനാധിപത്യത്തെ കുറിച്ചുള്ള ചിന്തകളിൽ ഈ ചരിത്രം വീണ്ടും വീണ്ടും വായിക്കേണ്ടി വരും.

About Author

ജി. സാജൻ

അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും. ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ കാർഷിക വിഭാഗത്തിന്റെ പ്രൊഡ്യൂസർ ആയിരുന്ന ജി സാജൻ വികസനോന്മുഖ മാധ്യമ രംഗത്തു് നിർണായകമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പര കാർഷിക പരിപാടികളിൽ പുതിയ പാത തുറന്നു. കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കാനുള്ള സോഷ്യൽ റിയാലിറ്റി ഷോ ആയ ‘ഗ്രീൻ കേരള എക്സ്പ്രസ്’ ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള ‘ഇനി ഞങ്ങൾ പറയാം’ ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ കർഷകയെ കണ്ടെത്താനുള്ള ദേശീയ റിയാലിറ്റി ഷോ എന്നിവയുടെയെല്ലാം പ്രൊഡ്യൂസർ ആയിരുന്നു. ദൂരദർശന്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
ജി പി രാമചന്ദ്രൻ
ജി പി രാമചന്ദ്രൻ
7 months ago

നല്ല കുറിപ്പ്. അഭിനന്ദനങ്ങൾ

sajan
sajan
7 months ago

Thanks

Chandrababu
Chandrababu
7 months ago

നല്ല കുറിപ്പ്. Informative