A Unique Multilingual Media Platform

The AIDEM

Articles National Politics

ജമ്മു കാശ്മീർ സംസ്ഥാന പദവിയും തിരഞ്ഞെടുപ്പും: കേന്ദ്ര നിലപാടുകളിലെ വൈരുധ്യങ്ങൾ

  • September 2, 2023
  • 1 min read
ജമ്മു കാശ്മീർ സംസ്ഥാന പദവിയും തിരഞ്ഞെടുപ്പും: കേന്ദ്ര നിലപാടുകളിലെ വൈരുധ്യങ്ങൾ

ജമ്മു കാശ്മീരിന് സംസ്ഥാന പദവി എപ്പോൾ തിരികെ നൽകാനാവുമെന്നു പറയാൻ കഴിയില്ലെന്നും എന്നാൽ ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാണെന്നും സുപ്രീം കോടതിയിൽ കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത അറിയിച്ചിരിക്കുന്നു. സുപ്രീം കോടതിയുടെ ചോദ്യങ്ങൾക്കു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്. ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 പിൻവലിച്ച നടപടിയിൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിൽ നടക്കുന്ന വിചാരണക്കിടെ ആണ് കേന്ദ്രസർക്കാർ ഈ നിലപാട് അറിയിച്ചത്. ജമ്മു കശ്മീരിന്റെ കേന്ദ്രഭരണ പ്രദേശം എന്ന പദവി താൽക്കാലികം മാത്രമാണെന്നും കേന്ദ്രസർക്കാർ കോടതിയിൽ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ഇനി തീരുമാനം എടുക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷൻ ആണെന്നും കേന്ദ്രം അറിയിച്ചു. 

2014 ലാണ് ഏറ്റവും ഒടുവിൽ ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടന്നത്. കേന്ദ്ര സർക്കാർ ഈ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയതോടെ ജമ്മു കാശ്മീരിൽ സംസ്ഥാന പദവി തിരികെ നൽകാതെ തെരഞ്ഞെടുപ്പ് നടത്തുക എന്ന കുറുക്കുവഴി കേന്ദ്രം സ്വീകരിക്കാൻ പോകുന്നു എന്നാണ് വ്യക്തമാവുന്നത്. സംസ്ഥാനങ്ങളെ കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാൻ കേന്ദ്ര സർക്കാരിന് അധികാരമുണ്ടോ എന്ന് ആർട്ടിക്കിൾ 370 സംബന്ധിച്ച് ഇപ്പോൾ നടക്കുന്ന കേസിനിടയിൽ തന്നെ സുപ്രീം കോടതി ചോദിച്ചിരുന്നു. ജമ്മു കാശ്മീരിനെ അങ്ങനെ മാറ്റുമ്പോൾ അത് അപകടകരമായ ഒരു കീഴ്വഴക്കമായി മാറുകയും ഭാവിയിൽ മറ്റു സംസ്ഥാനങ്ങളുടെ കാര്യത്തിലും ബാധകമാവുകയും ചെയ്യില്ലേ, തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്. മാത്രമല്ല, ജമ്മുവിൽ നിയമസഭാ മണ്ഡലങ്ങളുടെ പുനർനിർണയം നടത്തി ബിജെപി തങ്ങളുടെ സീറ്റ് നില വർധിപ്പിക്കാൻ അണിയറയിൽ ശ്രമം തുടങ്ങി എന്നും വാർത്തയുണ്ട്. 

അഡ്വ.രവീന്ദ്ര കുമാറിനെ പോലുള്ള നിയമജ്ഞർ ചൂണ്ടിക്കാണിക്കുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. 200 ലേറെ മണിക്കൂറായി സുപ്രീം കോടതിയിൽ ആർട്ടിക്കിൾ 370 ന്റെ ചർച്ച നടക്കുന്നു, എന്നാൽ മൂന്നു മണിക്കൂർ പോലും പാർലമെന്റ് ഈ വിഷയം ചർച്ച ചെയ്തില്ല. ഇത് പാർലമെന്റിനുള്ള അധികാരങ്ങളെ ഇല്ലാതാക്കുന്ന കീഴ് വഴക്കമാണ് എന്ന വിമർശനമാണ് ഉയർന്നത്. 

ശൈവവിശ്വാസത്തിന്റെയും, സൂഫി ഇസ്ലാമിന്റെയും, ബുദ്ധിസത്തിന്റെയും നാടായിരുന്നു കശ്മീർ. മൗര്യ കുശാന രാജവംശങ്ങളുടെ ഭരണവും, പ്രാദേശിക ഇസ്ലാമിക ഭരണവും, പിൽക്കാലത്തു 16 ആം നൂറ്റാണ്ടോടെ മുഗൾ ഭരണവും കശ്മീർ കണ്ടു. മുഗൾ സാമ്രാജ്യത്തകർച്ചക്കൊപ്പം സിഖ് രാജാവ് രഞ്ജിത്ത് സിംഗിന്റെ കൈവശം വന്നുചേർന്ന കാശ്മീരിനെ, 1846 ലെ ആദ്യ ഇംഗ്ലീഷ്-സിഖ് യുദ്ധത്തിനൊടുവിൽ ഈസ്റ്റ് ഇൻഡ്യാ കമ്പനിക്കു കൈമാറ്റം ചെയ്തു. ലാഹോറിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ബിയാസ് നദിക്കും സിന്ധു നദിക്കും ഇടയിലുള്ള പ്രദേശങ്ങളാണ് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറിയത്. ഇതിൽ കാശ്മീരും ഉൾപ്പെട്ടിരുന്നു. 

കാശ്മീർ നാട്ടുരാജ്യത്തിന്റെ അതിർത്തികൾ കടും ചുവപ്പിൽ/Source: Wikipedia

1846 മാർച്ച് 16 ന് ബ്രിട്ടീഷ് സർക്കാർ മറ്റൊരു കരാറിൽ ഏർപ്പെട്ടു. അമൃത്സർ കരാർ. ഈ കരാർ പ്രകാരം സിന്ധു നദിയുടെ കിഴക്കും, റബിയുടെ പടിഞ്ഞാറുമുള്ള ചമ്പ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ, ലാഹോൾ പ്രദേശം മാത്രം ഒഴിവാക്കിക്കൊണ്ട്, ജമ്മുവിലെ മഹാരാജാവ്, ഗുലാബ് സിങ്ങിന് കൈമാറി. ഇതായിരുന്നു ജമ്മു കശ്മീരിലെ അവസാനത്തെ രാജവംശമായ ഡോഗ്ര രാജവംശത്തിന്റെ തുടക്കം. 1857 ഇൽ മഹാരാജ ഗുലാബ് സിങ് മരിച്ചപ്പോൾ മകൻ മഹാരാജാ രൺബീർ സിംഗ് അവിടെ രാജാവായി. 

1858 ഓഗസ്റ്റ് 2 ന് ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ടിലൂടെ ബ്രിട്ടന്റെ വിക്ടോറിയ റാണി ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ഏറ്റെടുത്തപ്പോൾ കാശ്മീരിനെയും ആ ഭരണത്തിന് കീഴിലുള്ള ഒരു നാട്ടുരാജ്യമാക്കി. 1885 ഇൽ മഹാരാജാ രൺബീർ സിങ് മരിച്ചു. മകൻ മഹാരാജാ പ്രതാപ് സിങ് കിരീടാവകാശിയായി. 1925 ഇൽ അദ്ദേഹത്തിന്റെ മകൻ മഹാരാജ ഹരി സിങ് കിരീടാവകാശിയായി. അദ്ദേഹമാണ് കശ്മീരിലെ അവസാനത്തെ രാജാവ്.

1934 ഇൽ പ്രജാസഭ എന്ന പേരിൽ ജമ്മു കശ്മീരിന് ഒരു ജനപ്രതിനിധി സഭ രൂപീകരിച്ചുകൊണ്ട് മഹാരാജ ഹരി സിങ് ഉത്തരവിറക്കി. അപ്പോഴും പരമാധികാരി രാജാവ് തന്നെയായിരുന്നു. അദ്ദേഹം ബ്രിട്ടീഷ് ഭരണത്തിന് വിധേയനായിരുന്നുവെങ്കിലും. 

1947 ഇൽ ബ്രിട്ടീഷ് വാഴ്ച അവസാനിച്ച ഉടനെ പാക്കിസ്ഥാന്റെ കൂലിപ്പട്ടാളം ജമ്മു കാശ്മീരിനെ ആക്രമിച്ചു. ജമ്മു കശ്മീർ ഇന്ത്യയുമായോ പാകിസ്ഥാനുമായോ ചേരാതെ മാറിനിൽക്കുകയായിരുന്നു. എന്നാൽ രാജ്യം മുഴുവൻ പാകിസ്താന്റെ മൗന സമ്മതത്തോടെ പഷ്‌തൂൺ ഗോത്ര വർഗ്ഗ പോരാളികകളാൽ നിറഞ്ഞിരുന്നു. മഹാരാജാ ഹരിസിംഗ് അപ്പോഴും ഇന്ത്യയുടെ ഗവർണർ ജനറലായിരുന്ന മൗണ്ട് ബാറ്റൺ പ്രഭുവിന് അന്നൊരു കത്തയച്ചു. ഇന്ത്യയുമായോ, പാകിസ്ഥാനുമായോ ചേരണോ, അതോ സ്വതന്ത്ര രാജ്യമായി നിൽക്കണോ എന്ന് തീരുമാനിക്കാൻ തനിക്കു സമയം വേണമെന്നും, അതിനായി തൽസ്ഥിതി നിലനിർത്തി ആക്രമണം തല്ക്കാലം നിർത്താൻ തയ്യാറാവണമെന്നുമുള്ള തന്റെ ആവശ്യം പാക്കിസ്ഥാൻ അംഗീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ ഗവണ്മെന്റ് കൂടുതൽ ചർച്ചകൾ ഈ വിഷയത്തിൽ ആവശ്യപ്പെട്ടുവെങ്കിലും പാകിസ്ഥാന്റെ കടന്നുകയറ്റം മൂലം ആ ചർച്ചകൾ നടത്താൻ തനിക്കു കഴിയുന്നില്ലെന്നും കത്തിൽ പറയുന്നു. രാജ്യത്തെ തപാൽ ടെലിഗ്രാഫ് സംവിധാനം ഇപ്പോൾ പാകിസ്ഥാനാണ് നിയന്ത്രിക്കുന്നത്. രാജ്യത്തേക്ക് വരുന്ന ഭക്ഷ്യവസ്തുക്കൾ, പെട്രോൾ, ഉപ്പ് എല്ലാം പാക് കൂലി പട്ടാളം തടഞ്ഞിരിക്കുന്നു. രാജ്യം മുഴുവൻ പഷ്‌തൂൺ ഗോത്ര പോരാളികകളാൽ നിറഞ്ഞിരിക്കുന്നു. വൈദ്യുതി നിലയങ്ങൾക്കു അവർ തീയിട്ടതിനാൽ രാജ്യത്തു വൈദ്യുതി നിലച്ചിരിക്കുന്നു. ആയുധങ്ങളുമായി അവർ ശ്രീനഗറിന് നേരെ നീങ്ങുകയാണ്. എന്റെ രാജ്യത്തെ മുസ്ലീങ്ങളോ, ഇതര മതക്കാരോ ഈ കലാപത്തിലൊന്നും പങ്കാളികൾ അല്ല. ഇന്ത്യയുടെ സഹായം തേടുകയല്ലാതെ എനിക്ക് മറ്റു മാർഗ്ഗമില്ല. ഇന്ത്യയുമായി ചേരാനുള്ള എന്റെ സമ്മതപത്രം ഇതോടൊപ്പം വെക്കുന്നു. എനിക്ക് ഇന്ത്യയുടെ പട്ടാളത്തിന്റെ സഹായം അടിയന്തിരമായി ആവശ്യമുണ്ട്. ഇതായിരുന്നു ജമ്മു കശ്മീർ രാജാവ് ഹരി സിങ് 1947 ഒക്ടോബർ 20 ന് മൗണ്ട് ബാറ്റണ് അയച്ച കത്ത്. 

ഇന്ത്യ സഹായം അയക്കുകയും 1948 മാർച്ച് 5 ന് ഒരു ഇടക്കാല സർക്കാർ ജമ്മു കാശ്മീരിൽ രൂപീകരിക്കുകയും ചെയ്തു. 

ഉടനെ ചേരാൻ പോകുന്ന കശ്മീരിന്റെ ഭരണഘടനാ നിർമ്മാണ സഭ തയ്യാറാക്കുന്ന ഭരണഘടന പ്രകാരമായിരിക്കും ജമ്മു കശ്മീർ സംസ്ഥാനവും ഇന്ത്യൻ ഭരണകൂടവും തമ്മിലുള്ള ബന്ധങ്ങൾ എന്ന് പ്രഖ്യാപിച്ചു കൊണ്ട് ജമ്മു കശ്മീർ സംസ്ഥാനം രൂപീകരിച്ചതായി യുവരാജാവ് കരൺ സിങ് 1949 നവംബർ 25 നു ഉത്തരവിറക്കി. 

ജമ്മുവിലെ ഹരി സിംഗ് പാർക്കിലെ മഹാരാജ ഹരി സിംഗിന്റെ പ്രതിമ

1949 നവംബർ 26 ന് ഇന്ത്യൻ ഭരണഘടന അംഗീകരിക്കപ്പെടുകയും 1950 ജനുവരി 26 ന് പ്രാബല്യത്തിൽ വരികയും ചെയ്തു. ഭരണഘടനയിൽ ഉൾപ്പെടുത്തിയ ആർട്ടിക്കിൾ 370 ജമ്മു കശ്മീർ സംസ്ഥാനത്തിന് മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത ഒരു പ്രത്യേക പദവി നൽകി. കശ്മീർ രാജാവുമായുണ്ടാക്കിയ കരാറിനെ മാനിച്ചായിരുന്നു ഇത്. 

മറ്റൊരു അധികാര കേന്ദ്രത്തിന് അധികാരം കൈമാറിയ ശേഷവും ഒരു ഭരണകൂടം സ്വയം കൈവശം വെക്കുന്ന അധികാരത്തെയാണ് റെസിഡ്യുവറി പവർ എന്ന് പറയുന്നത്. ജമ്മു കശ്മീർ രാജാവും, ഇന്ത്യക്കു വേണ്ടി മൗണ്ട് ബാറ്റൺ പ്രഭുവും ഒപ്പുവെച്ച, കാശ്മീരിനെ ഇന്ത്യയുമായി ചേർക്കുന്ന കരാറിൽ, റെസിഡ്യുവറി പവർ ജമ്മു കശ്മീർ സംസ്ഥാനത്തിനായിരിക്കും എന്ന് പറയുന്നുണ്ട്. അതായതു സംസ്ഥാനത്തിന് വേണ്ട നിയമങ്ങൾ ഉണ്ടാക്കാനുള്ള അധികാരം സംസ്ഥാന ഭരണഘടനാ നിർമ്മാണ സഭക്കായിരിക്കും. 

കാശ്മീരിന് ഒരു ഭരണഘടനാ നിർമ്മാണ സഭ ഇതിനിടെ രൂപീകരിക്കപ്പെട്ടിരുന്നു. 1951 ൽ രൂപീകൃതമായ കശ്മീർ ഭരണഘടനാ നിർമ്മാണ സഭയുടെ കാലാവധി 1957 ജനുവരി 26 നാണ് അവസാനിച്ചത്. ജമ്മു കശ്മീർ പ്രധാനമന്ത്രിയായിരുന്ന ഫാറൂഖ് അബ്ദുള്ളയും നെഹ്രുവും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കൊടുവിൽ സഭ സ്വയം പിരിച്ചുവിടുകയാണ് ഉണ്ടായത്. ആർട്ടിക്കിൾ 370 ന്റെ താൽക്കാലികം എന്ന പദവിയുടെ കാര്യത്തിൽ സ്ഥിരമായ ഒരു തീരുമാനം എടുക്കാതെ. ആർട്ടിക്കിൾ 370 ന്റെ വിവിധ വ്യാഖ്യാനങ്ങൾ ഉപയോഗപ്പെടുത്തി തുടർന്നുള്ള വർഷങ്ങളിൽ ഇന്ത്യൻ ഭരണകൂടം ജമ്മു കാശ്മീരിനെ ഇന്ത്യയുടെ പൊതു നിയമവ്യവസ്ഥക്കു കീഴിൽ കൊണ്ടുവരികയും ചെയ്തു. 

കശ്മീർ ഇന്ത്യയുമായി ചേർത്ത നടപടിയെ പാകിസ്ഥാൻ അംഗീകരിച്ചിരുന്നില്ല. ഈ പ്രദേശത്തിന്റെ അവകാശത്തെ ചൊല്ലി യുദ്ധങ്ങളും ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്നു. കാശ്മീരിലെ ജനങ്ങൾക്ക് ഏതു രാജ്യത്തോടൊപ്പം നിൽക്കാനാണ് താൽപ്പര്യമെന്ന് കണ്ടെത്താൻ ഒരു റഫറണ്ടം നടത്താമെന്ന 1947 നവംബറിൽ ഐക്യരാഷ്ട്ര സഭയിൽ നൽകിയ വാഗ്ദാനം ഇന്ത്യൻ പ്രധാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു നടപ്പാക്കിയില്ല. എന്നാൽ സ്വന്തം ഭരണഘടനയും, കൊടിയും, നിയമനിർമ്മാണം നടത്താനുള്ള അവകാശവും ആർട്ടിക്കിൾ 370 ലൂടെ കാശ്മീരിന് നൽകി. ആർട്ടിക്കിൾ 370 പ്രകാരം പ്രതിരോധം, വിദേശകാര്യം, കംമിണിക്കേഷൻ എന്നീ വിഷയങ്ങളിൽ മാത്രമാണ് ഇന്ത്യൻ പാർലമെന്റിന് ജമ്മു കശ്മീർ സംസ്ഥാനത്തിന് മുകളിൽ നിയമനിർമ്മാണാധികാരം ഉള്ളത്. ഇന്ത്യൻ ഭരണഘടനയുടെ മറ്റെന്തു വ്യവസ്ഥകൾ കാശ്മീരിന് ബാധകമാക്കണമെങ്കിലും സംസ്ഥാന നിയമ നിർമ്മാണസഭയുടെ അറിവോ, സമ്മതമോ വേണം. 

അതിനുശേഷം അഞ്ചു വര്ഷം കഴിഞ്ഞു പാസാക്കിയ ആർട്ടിക്കിൾ 35 A പ്രകാരം സംസ്ഥാനത്തെ സ്ഥിരതാമസക്കാർ ആരാണെന്നു നിശ്ചയിക്കാനും, അവർക്കു മാത്രമായി ഭൂ ഉടമസ്ഥത പരിമിതപ്പെടുത്താനും കശ്മീർ നിയമനിർമ്മാണ സഭക്ക് അധികാരം നൽകി. ഇന്ത്യൻ ഭരണഘടന കശ്മീർ ജനതക്കും അവിടം ഭരിച്ചിരുന്ന രാജാവിനും നൽകിയ വാഗ്ദാനമായിരുന്നു ആ പ്രത്യേക പരിഗണന.

ചൈനയുടെയും അമേരിക്കയുടെയും ഭരണഘടനയിലും, ആർട്ടിക്കിൾ 370 നു സമാനമായി ചില പ്രദേശങ്ങൾക്ക് സ്വയം നിർണയാവകാശം നൽകിയിട്ടുണ്ട് എന്ന് ഗവേഷകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. (Gazala Peer and Javedur Rahman). ജമ്മു കശ്മീരിലെ കൺസ്റ്റിറ്റ്യുവന്റ് അസംബ്ലി ഇന്ത്യൻ രാഷ്ട്രപതിയോട് ശുപാർശ ചെയ്‌താൽ ആർട്ടിക്കിൾ 370 റദ്ദാക്കാം എന്നതായിരുന്നു ഇന്ത്യൻ ഭരണഘടന അനുശാസിച്ചത്. നേരത്തെ വിവരിച്ച പ്രകാരം അത്തരമൊരു കോൺസ്റിറ്റുവന്റ് അസംബ്ലി രുപീകരിക്കപ്പെട്ടെങ്കിലും അതും തീരുമാനം എടുക്കാതെ സ്വയം പിരിഞ്ഞുപോയി. അതുകൊണ്ടു തന്നെ ആർട്ടിക്കിൾ 370 നു സ്ഥിര സ്വഭാവം കൈവന്നു. ഇന്ത്യൻ ഭരണഘടനയിലെ ഏതു വകുപ്പും സംസ്ഥാന നിയമസഭയുടെ അറിവോടെയും സമ്മതത്തോടെയും കശ്മീരിന് ബാധകമാക്കാൻ രാഷ്ട്രപതിക്ക് അധികാരം ഉള്ളതിനാൽ കശ്മീരിനുള്ള പ്രത്യേക പദവി ഒരു കാലത്തും ഇന്ത്യൻ ഫെഡറലിസത്തിന് ഒരു തടസ്സമായി മാറിയില്ല. 2019 വരെ ഈ സാഹചര്യത്തിന് മാറ്റമുണ്ടായില്ല. 

എന്നാൽ 2019 ൽ ഇന്ത്യൻ പാർലമെന്റിൽ ഉണ്ടായ മൃഗീയ ഭൂരിപക്ഷത്തിന്റെ ബലത്തിൽ രാഷ്ട്രപതിയോട് ശുപാര്ശ ചെയ്ത് കശ്മീരിന്റെ സ്വയംഭരണാവകാശവും പ്രത്യേക പദവിയും കേന്ദ്രസർക്കാർ റദ്ദാക്കി. അത് കശ്മീരിലെ ഒരു പ്രത്യേക ഭരണഘടനാനിർമ്മാണ സഭയുടെ ശുപാർശ പ്രകാരമല്ല നടന്നത്. എന്ന് മാത്രമല്ല, നിയമനിർമ്മാണ സഭയോടോ, പാർലമെന്റിനോടൊ ചർച്ച ചെയ്യാതെയും ആയിരുന്നു. ഗവർണർ നിയമനിർമാണ സഭ പിരിച്ചുവിട്ടിരുന്നു. സഭ നിലവിലില്ല എന്ന സാഹചര്യം മുതലാക്കി 2019 ഓഗസ്റ്റ് 6 ന് ദി ജമ്മു ആൻഡ് കശ്മീർ റി-ഡിസ്ട്രിബ്യൂഷൻ ബിൽ രാജ്യസഭയിൽ പാസാക്കി. അത് രാഷ്‌ട്രപതി അംഗീകരിച്ചു. അതോടെ ജമ്മു കശ്മീർ ഒരു സംസ്ഥാനമല്ലാതായി. രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കപ്പെട്ടു. അവയാണ് ലഡാഖും ജമ്മു ആൻഡ് കശ്മീരും. 

ജമ്മു കശ്മീർ എന്ന സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിച്ചു നൽകിയിരുന്ന ഭരണഘടനയിലെ ആർട്ടിക്കിൾ 370 ഇതോടെ പിൻവലിക്കപ്പെട്ടു. ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർ എന്ന നിർവചനത്തിനകത്തു വരുന്നവർക്ക് പ്രത്യേക അവകാശങ്ങൾ നൽകുന്ന ആർട്ടിക്കിൾ 35 A യും പിൻവലിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം കാശ്മീരിൽ കേന്ദ്ര സർക്കാർ, ജനകീയ പ്രതിഷേധങ്ങളെ കടുത്ത നടപടികളിലൂടെ അടിച്ചമർത്തി. മാസങ്ങളോളം മാധ്യമ സ്വാതന്ത്ര്യവും ഇന്റർനെറ്റ് സേവനവും തടഞ്ഞു. രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിൽ ആക്കി. ഈ നടപടിയുടെ പേരിൽ ഇന്നും കാശ്മീരിൽ അമർഷം പുകയുന്നുണ്ട്. ഈ നടപടിയെ സ്വാഗതം ചെയ്യുന്ന ഒരു വിഭാഗവും ഇന്ത്യയിൽ ഉണ്ട്. പ്രത്യേകിച്ചും അത് പ്രഖ്യാപിത ലക്ഷ്യമായി നേരത്തെ തന്നെ മുന്നോട്ടു വെച്ചിരുന്ന ബിജെപി യും അവർ പ്രതിനിധീകരിക്കുന്ന തീവ്ര വലതുപക്ഷവും. 

ജമ്മു കശ്മീരിലെ രാഷ്ട്രീയ പാർട്ടിയായ നാഷണൽ കോൺഫറൻസ് ഉൾപ്പെടെ പലരും ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെതിരെ പരാതിയുമായി സുപ്രീം കോടതിക്ക് മുന്നിലെത്തി. എന്നാൽ തുടർന്നുള്ള 5 വര്ഷം കോടതി ഈ കേസ് പരിഗണിച്ചില്ല. 2023 ഓഗസ്റ്റ് 2 നു സുപ്രീം കോടതിയിൽ കേസിന്റെ വാദം ആരംഭിച്ചു. 

1957 ൽ കശ്മീർ ഭരണ ഘടനാ നിർമ്മാണ സഭയുടെ കാലാവധി അവസാനിച്ചതോടെ ‘താൽക്കാലികം’ എന്ന വിശേഷണത്തോടെ പാസാക്കപ്പെട്ട ആർട്ടിക്കിൾ 370 ഒരു സ്ഥിരനിയമമായി മാറി എന്നാണ് അത് റദ്ദാക്കിയതിനെ എതിർക്കുന്നവർ പ്രധാനമായും വാദിക്കുന്നത്. മാത്രമല്ല, ഒരു വശത്തു പാക് കൂലിപ്പട്ടാളത്തിന്റെ കടന്നുകയറ്റവും മറുവശത്തു കശ്മീർ രാജാവിന്റെ ഇന്ത്യയോട് ചേരാനുള്ള മടിയും എല്ലാം പരിഗണിക്കുമ്പോൾ, അന്നത്തെ കലുഷിതവും അനിശ്ചിതവുമായ സാഹചര്യത്തിൽ, കശ്മീരിനെ ഇന്ത്യയോടൊപ്പം നിർത്താൻ ഇന്ത്യൻ ഭരണഘടനാ നിർമ്മാതാക്കൾ തയ്യാറാക്കിയ വളരെ മികച്ച ഒരു സമവായമായി ആർട്ടിക്കിൾ 370 നെ കാണണം എന്നും. 

ജമ്മു കശ്മീരിലെ രാഷ്ട്രീയ റാലി

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് എസ്.കെ. കൗൾ, ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സൂര്യകാന്ത് എന്നിവരടങ്ങിയ ഭരണഘടനാ ബഞ്ചാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ വിവിധ കക്ഷികൾ നൽകിയ പരാതികളിന്മേൽ വാദം കേൾക്കുന്നത്.

കശ്മീർ ഭരണഘടനാ നിർമ്മാണ സഭയുടെ ശുപാർശ ഇല്ലാതെ ആർട്ടിക്കിൾ 370 റദ്ദാക്കിയത് ഇന്ത്യൻ ഭരണഘടനക്കു വിരുദ്ധമാണ് എന്നാണ് പരാതിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഗോപാൽ സുബ്രഹ്മണ്യവും വാദിച്ചത്. ഇന്ത്യയുമായി ചേർന്ന മറ്റു നാട്ടുരാജ്യങ്ങൾക്കു വ്യത്യസ്തമായി ജമ്മു കാശ്മീരുമായി ഇന്ത്യാ സർക്കാർ ഉണ്ടാക്കിയത് സവിശേഷമായ ഒരു കരാർ ആണെന്നും ആ കരാറിനെ മാനിക്കാൻ നമ്മൾ ബാധ്യസ്ഥരാണ് എന്നും കപിൽ സിബൽ വാദിച്ചു. പാർലമെന്റിനു സ്വയം ഒരു ഭരണഘടനാ നിർമ്മാണ സഭയായി പ്രവർത്തിക്കാൻ അധികാരമില്ല എന്നും അദ്ദേഹം വാദിച്ചു. പ്രശസ്ത അഭിഭാഷകരായ കപിൽ സിബലും ഗോപാൽ സുബ്രഹ്മണ്യവും പരാതിക്കാരായ ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് പാർട്ടിക്ക് വേണ്ടിയാണ് ഈ കേസ് വാദിച്ചത്. 

സോളോസിറ്റർ ജനറൽ തുഷാർ മെഹ്ത

ഏതു സംസ്ഥാനത്തെയും കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താല്പര്യപ്രകാരം ഒരു കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റുക എന്ന ഒരു കീഴ്‌വഴക്കം കൂടി ജമ്മു കശ്മീർ രണ്ടു കേന്ദ്ര ഭരണപ്രദേശങ്ങളായി മാറ്റപ്പെടുമ്പോൾ സംഭവിക്കുന്നു എന്നാണ് പരാതിക്കാർക്കു വേണ്ടി പ്രശസ്ത അഭിഭാഷകൻ ദുഷ്യന്ത് ദവെ വാദിച്ചത്. ഇത്തരമൊരു കീഴ് വഴക്കം രാജ്യത്തിന് ഗുണകരമല്ല എന്നും. 

ജമ്മു കശ്മീരിലെ സ്ഥിര താമസക്കാർ എന്ന നിർവചനത്തിനകത്തു വരുന്നവർക്ക് പ്രത്യേക അവകാശങ്ങളും ആനുകൂല്യങ്ങളും നൽകുന്ന ഭരണഘടനയുടെ ആർട്ടിക്കിൾ 35 എ മറ്റു ഇന്ത്യക്കാരുടെ മൂന്നു മൗലിക അവകാശങ്ങളെ ഹനിക്കുന്നതായിരുന്നു എന്ന് വിചാരണക്കിടയിൽ സുപ്രീം കോടതി വാക്കാൽ അഭിപ്രായപ്പെട്ടു. ഇന്ത്യയിൽ എവിടെയും തൊഴിൽ എടുക്കാൻ ആർട്ടിക്കിൾ 16 (1) നൽകുന്ന അവകാശം, സ്ഥാവര സ്വത്തു സ്വന്തമാക്കാനുള്ള ആർട്ടിക്കിൾ 300 എ നൽകുന്ന അവകാശം, രാജ്യത്തെവിടെയും താമസിക്കാനുള്ള ആർട്ടിക്കിൾ 19 (1) ഇ നൽകുന്ന അവകാശം എന്നീ മൗലികാവകാശങ്ങളാണ് ഇവിടെ സുപ്രീം കോടതി പരിഗണിച്ചത്. അതേ സമയം കശ്മീരിൽ ജനാധിപത്യം പുനഃസ്ഥാപിക്കുക എന്നത് സുപ്രധാനമാണ് എന്നും സുപ്രീം കോടതി വിചാരണക്കിടെ അഭിപ്രായപ്പെട്ടിരുന്നു.


About Author

ദി ഐഡം ബ്യൂറോ