A Unique Multilingual Media Platform

The AIDEM

Articles Politics

രാഷ്ട്രീയ ജന്മികളെ ആർക്കു വേണം?

  • February 27, 2023
  • 1 min read
രാഷ്ട്രീയ ജന്മികളെ ആർക്കു വേണം?

ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള മുസ്‌ലിം സംഘടനകളും ആർ എസ് എസ്സും തമ്മിൽ നടന്ന സമീപകാല ചർച്ചകളുടെ പശ്ചാത്തലത്തിൽ ‘ദി ഐഡത്തിന്റെ’  പ്രത്യേക ലേഖന പരമ്പര തുടരുന്നു.

പരമ്പരയിലെ  രണ്ടാമത്തെ ലേഖനം സി ദാവൂദ് എഴുതുന്നു. ജമാഅത്തെ ഇസ്ലാമി  ഹിന്ദിന്റെ സംസ്ഥാന കൂടിയാലോചന സമിതി അംഗവും മീഡിയവൺ മാനേജിങ് എഡിറ്ററുമാണ് സി ദാവൂദ് . മുസ്ലീം ജനവിഭാഗം 1947 ന് ശേഷം ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെട്ടത് കോൺഗ്രസും മറ്റ് മതേതരപാർട്ടികളും ഇന്ത്യ ഭരിക്കുമ്പോളായിരുന്നുവെന്ന് സി ദാവൂദ് വാദിക്കുന്നു. നരേന്ദ്രമോദി പ്രധാനമന്ത്രിയായ ശേഷം മുസ്ലീം നേതൃത്വവും മുസ്ലീം യുവത്വവും കൂടുതൽ കരുത്താർജിച്ച് സ്വന്തം നിലനിൽപ്പിനുവേണ്ടി ഏറ്റവും മുഴക്കത്തിൽ സംസാരിക്കുന്നുവെന്നും സി ദാവൂദ് എഴുതുന്നു.


2023 ജനുവരി 14ന് ഡൽഹി മുൻ ലഫ്റ്റനന്റ് ഗവർണർ നജീബ് ജംങിന്റെ വസതിയിൽ വെച്ച് ഇന്ത്യയിലെ പ്രബല മുസ്‌ലിം സംഘടനകളുടെയും ആർ.എസ്.എസിന്റെയും പ്രതിനിധികൾ തമ്മിൽ കൂടിക്കാഴ്ച നടത്തുകയുണ്ടായി. കൂടിക്കാഴ്ച ഡൽഹിയിലായിരുന്നെങ്കിലും സംഗതി വൻ ബഹളമായത് കേരളത്തിലാണ്. കേരളത്തിൽ അത് ബഹളമാക്കിയത് സി.പി. ഐ എമ്മുമാണ്. മുഖ്യമന്ത്രി തന്നെ നേരിട്ട് രംഗത്തെത്തി, ആ ചർച്ചയിൽ പങ്കെടുത്ത ജമാഅത്തെ ഇസ്‌ലാമിക്ക് നേരെയും തുടർന്ന് യു.ഡി.എഫിനെതിരെയും കടുത്ത വിമർശനങ്ങളുന്നയിച്ചു. ജമാഅത്തെ ഇസ്ലാമിയും യു.ഡി.എഫും തമ്മിലുണ്ടാക്കിയ ധാരണകളുടെ ഭാഗമാണോ ചർച്ച എന്നു വരെ അദ്ദേഹം ചോദിച്ചു.

ആർ.എസ്.എസ് – മുസ്ലിം സംഘടനാ ചർച്ച സി.പി.ഐ.എം കേരളത്തിൽ (മാത്രം) എന്തു കൊണ്ട് വിവാദമാക്കുന്നു എന്നതിനെ കുറിച്ച് ഞാൻ മുമ്പ് എഴുതിയിട്ടുണ്ട്. (ഓർക്കുക, ഇത്രയും സമയമായിട്ടും, ദേശീയ തലത്തിൽ നടന്ന ചർച്ചയെ കുറിച്ച് സി.പി.ഐ.എമ്മിന്റെ ദേശീയ നേതൃത്വം ഒരക്ഷരം ഇതുവരെ മിണ്ടിയിട്ടില്ല). ഒരു ഭാഗത്ത്, ആർ.എസ്.എസിനെ എതിർക്കുന്ന ഏറ്റവും ശക്തമായ ഏജൻസി തങ്ങളാണെന്ന പ്രതീതി മുസ്‌ലിംങ്ങളിൽ സൃഷ്ടിക്കുക, മറുഭാഗത്ത് മുസ്‌ലിം അപരത്വം സൃഷ്ടിക്കാൻ ആവശ്യമായ സാംസ്‌കാരിക ഉരുപ്പടികൾ നിരന്തരം ഉൽപാദിപ്പിച്ച് ഹിന്ദു വോട്ടുകൾ സമാഹരിക്കുക എന്ന ദ്വിമുഖ തന്ത്രമാണ് കേരളത്തിൽ സി.പി.ഐ.എം പലപ്പോഴും പയറ്റിക്കൊണ്ടിരിക്കുന്നത്. അതിന്റെ തുടർച്ചയിലാണ് ആർ.എസ്.എസ് – മുസ്‌ലിം സംഘടനാ ചർച്ച വിവാദമാക്കപ്പെടുന്നത്. 

ശ്രീ എം എന്ന സംഘപരിവാർ സഹയാത്രികനായ ആൾദൈവത്തിന്റെ മധ്യസ്ഥതയിൽ ആർ.എസ്.എസുമായി സി.പി.ഐ.എം നടത്തിയ ചർച്ചയെയും, ആ ചർച്ചക്ക് ശേഷം സി.പി.ഐ.എം നടത്തുന്ന കൊലപാതകങ്ങളിൽ വന്ന ദിശാ മാറ്റവുമൊക്കെ ചർച്ചയാക്കി കൊണ്ടാണ് ജമാഅത്തെ ഇസ്‌ലാമി സി.പി.ഐ.എം വിമർശനത്തെ എതിരിട്ടത്.  ഇത് തീർച്ചയായും സി.പി.ഐ.എമ്മിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പല സംഘടനകൾ പങ്കെടുത്ത ചർച്ചയായിട്ടും ജമാഅത്തെ ഇസ്‌ലാമിയെ മാത്രം, കേരളത്തിൽ മാത്രം, ആക്രമിക്കുന്നതിലെ വൈരുധ്യവും വിശദീകരിക്കാൻ സി.പി.ഐ.എമ്മിന് സാധിച്ചിട്ടില്ല. ഒടുവിൽ, ആർ.എസ്.എസുമായി ചർച്ച നടത്തുന്നതിൽ പ്രശ്‌നമില്ല, മറ്റ് മുസ്‌ലിം സംഘടനകൾ നടത്തുന്നതിലും പ്രശ്‌നമില്ല, ജമാഅത്തെ ഇസ്‌ലാമി നടത്തിയതിൽ മാത്രമാണ് പ്രശ്‌നമെന്ന വിചിത്ര വിശദീകരണവുമായാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി രംഗത്ത് വന്നത്.

ശ്രീ എം

ആർ.എസ്.എസ് നേതൃത്വത്തിലുള്ള തീവ്ര വലതുപക്ഷത്തിന്റെ ഹിംസയുടെ ഒന്നാമത്തെ ഇരയാണ് മുസ്‌ലിംങ്ങൾ. 2014 ൽ മോദി അധികാരത്തിൽ വന്നതു മുതൽ അല്ല അവർ ഇരകളായത്. 1947 ൽ ഇന്ത്യ സ്വതന്ത്രമായത് മുതൽ അവർ ഇത് അനുഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. 2002 ലെ ഗുജറാത്ത് വംശഹത്യയെ കുറിച്ച് നമ്മളെല്ലാം ഇന്നും സംസാരിക്കുന്നുണ്ട്. എന്നാൽ ഗുജറാത്ത് വംശഹത്യയിൽ കൊല്ലപ്പെട്ടതിന്റെ ഇരട്ടി ആളുകൾ ഒറ്റ ദിവസം കൊണ്ട് കൊല്ലപ്പെട്ട സംഭവമാണ് 1983 ലെ അസമിലെ നെല്ലി കൂട്ടക്കൊല. അന്ന് അസമും കേന്ദ്രവും ഭരിച്ചത് കോൺഗ്രസാണ്. 42 മുസ്‌ലിം യുവാക്കളെ പൊലീസ് നേരിട്ട് പിടിച്ചു കൊണ്ടുപോയി കനാൽ കരയിൽ നിർത്തി വെടിവെച്ച് വീഴ്ത്തിയ സംഭവമാണ് 1987 ലെ മീററ്റ് കുട്ടക്കൊല. അന്ന് ഉത്തർപ്രദേശും കേന്ദ്രവും ഭരിച്ചിരുന്നത് കോൺഗ്രസ് ആണ്. ചുരുക്കിപ്പറഞ്ഞാൽ, 1947 മുതലുള്ള ഇന്ത്യൻ മുസ്‌ലിം ചരിത്രം നൂറു കണക്കിന് കലാപങ്ങളുടെയും കൂട്ടക്കൊലകളുടേയുമാണ്. അതിൽ സിംഹ ഭാഗവും അവർ അനുഭവിച്ചത് കോൺഗ്രസ് എന്ന മതേതര പ്രസ്ഥാനം രാജ്യം അടക്കി ഭരിക്കുമ്പോഴാണ്. അതായത്, മുസ്ലിംങ്ങളെ സംബന്ധിച്ചിടത്തോളം, സർക്കാർ സംവിധാനങ്ങളുടെ അകമ്പടിയോടെയും പിന്തുണയോടെയുമുള്ള ഹിംസ എന്നത് 2014ന് ശേഷം മാത്രമുണ്ടായ പ്രതിഭാസമല്ല.

പിണറായി വിജയനും എം വി ഗോവിന്ദനും

ആർ.എസ്.എസും പൊലീസും ഭരണകൂട സംവിധാനങ്ങളും ചേർന്ന് നടപ്പിലാക്കിയ വ്യവസ്ഥാപിത ഹിംസയുടെ ഇരകളാണ് എക്കാലത്തും ഇന്ത്യയിലെ മുസ്ലിംങ്ങൾ. അതിനെ അതിജീവിച്ചുകൊണ്ടാണ് അവർ ഇവിടം വരെ എത്തിയത്. അവരുടെ ആ യാത്രയിൽ മതേതര രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ റോൾ, ലളിതമായി പറഞ്ഞാൽ തികഞ്ഞ വഞ്ചനയുടേത് മാത്രമായിരുന്നു. മുസ്ലിംങ്ങളെ പറഞ്ഞു പേടിപ്പിച്ച് നിർത്തി വോട്ടുകൾ സമാഹരിക്കാനുള്ള ഉപായം മാത്രമായിരുന്നു മതേതര പ്രസ്ഥാനങ്ങൾക്ക് ആർ.എസ്.എസ് എന്നത്. അതിലപ്പുറം മുസ്‌ലിം ജീവിതങ്ങളിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരാനോ അവർക്ക് സുരക്ഷയൊരുക്കാനോ കോൺഗ്രസിനോ ഇടതുപക്ഷത്തിനോ സാധിച്ചിട്ടില്ല. എൺപതുകൾക്ക് ശേഷം രൂപപ്പെട്ട സ്വത്വവാദത്തിലധിഷ്ഠിതമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് മുസ്‌ലിം പ്രശ്‌നത്തെ അൽപമെങ്കിലും ഗൗരവത്തിൽ അഭിമുഖീകരിച്ചത്.

2014 ന് ശേഷമുണ്ടായ വിശേഷമെന്തെന്ന് ചോദിച്ചാൽ, മുസ്‌ലിം ചെറുപ്പവും നേതൃത്വവും നേരിട്ട് തെരുവിൽ സംസാരിച്ചു തുടങ്ങി എന്നതാണ്. മോദി യുഗം ഇന്ത്യയിലെ മുസ്‌ലിംങ്ങൾക്ക് ഏറ്റവും അപകടകരമായ കാലമായിരിക്കും എന്ന നിരീക്ഷണം ശരിയായിരിക്കും. പക്ഷേ, അതേ മോദി കാലത്ത് തന്നെയാണ്, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും കനത്ത മുസ്‌ലിം സാന്നിധ്യവും തെരുവിലുണ്ടായത്. പൗരത്വ പ്രക്ഷോഭം ഓർക്കുക. മുസ്‌ലിം വിദ്യാർഥികളായിരുന്നു അതിന്റെ നിർമാതാക്കളും ചാലക ശക്തിയും. അതായത്, ഏറ്റവും പ്രതികൂലമായ കാലം എന്ന് വിലയിരുത്തപ്പെട്ട കാലത്ത് തന്നെയാണ് അവർ ഏറ്റവും മുഴക്കത്തിൽ സംസാരിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരർഥത്തിൽ തങ്ങളുടെ ശബ്ദം കേൾപ്പിക്കാൻ പുറംകരാർ കൊടുക്കേണ്ടതില്ല, കൊടുത്തത് കൊണ്ട് കാര്യമില്ല എന്ന തിരിച്ചറിവിൽ അവർ എത്തിയിട്ടുണ്ട്. അജണ്ട സ്വയം നിർണയിക്കാനുള്ള ആത്മവിശ്വാസം മുസ്‌ലിം നേതൃത്വവും ചെറുപ്പവും കാണിക്കുന്നുണ്ട്.

ആർ.എസ്.എസുമായി ചർച്ച നടത്തിയത് കൊണ്ട് എന്ത് കാര്യം എന്ന് ചോദിക്കുന്നവരുണ്ട്. ആർ.എസ്.എസിന്റെ തനത് സ്വഭാവം വെച്ച് ആ ചോദ്യത്തിൽ കാര്യവുമുണ്ട്. അതേ സമയം, ആർ.എസ്.എസ് ഇന്ന് ഇന്ത്യയെ നിയന്ത്രിക്കുന്ന സംവിധാന സമുച്ചയത്തിന്റെ പേരാണ്. അവർ മധ്യസ്ഥന്മാർ മുഖേന ഒരു ചർച്ചക്ക് മുൻകൈ എടുക്കുന്നു. അങ്ങിനെയൊരു ചർച്ചയിൽ, ഇന്ത്യയിൽ ഇരയാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ഒരു ജനതയുടെ പ്രതിനിധികൾ പങ്കെടുത്തില്ല എന്ന് വെക്കുക. ഞങ്ങൾ ചർച്ചക്ക് താൽപര്യം കാണിച്ചിട്ട് അതിന് പോലും മുസ്‌ലിംങ്ങൾ സന്നദ്ധമായില്ല എന്ന ന്യായം പറയാൻ ആർ.എസ്.എസിന് അവസരം നൽകുക എന്നതായിരിക്കും അതിലൂടെ സംഭവിക്കുക. അല്ലാതെ ചർച്ചയിലൂടെ എല്ലാമങ്ങ് പരിഹരിച്ചു കളയാം എന്ന് മുസ്‌ലിം നേതൃത്വം വിചാരിക്കുന്നേയില്ല. അതേ സമയം, ചർച്ചകളും ആശയവിനിമയങ്ങളും ജനാധിപത്യത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണെന്നും അവർ വിചാരിക്കുന്നു.

സി.പി.ഐ.എം ഇതിൽ അസ്വസ്ഥപ്പെടുന്നതിന് കാരണം ലളിതമാണ്. മുസ്‌ലിംങ്ങൾ  തങ്ങളുടെ രാഷ്ട്രീയ കുടിയാന്മാരായി എക്കാലവും കഴിയണം എന്നാണ് അവർ ആലോചിക്കുന്നത്. മുസ്‌ലിംങ്ങൾ അവരുടെ കർതൃത്വം സ്വയം ഏറ്റെടുക്കുന്നതിനെ സി.പി.ഐ.എമ്മിന്‌ അംഗീകരിക്കാൻ കഴിയില്ല. പൗരത്വ സമരങ്ങളുടെ കാലത്ത് കേരളത്തിൽ ഇത് കണ്ടതാണ്. പൗരത്വ നിയമത്തിനെതിരെ പിണറായി സർക്കാർ ശക്തമായ നിലപാട് സ്വീകരിച്ചപ്പോഴും പൗരത്വ സമരത്തിലേർപ്പെട്ട മുസ്‌ലിം സംഘടനകളോട് പ്രതികാര ബുദ്ധിയോടെയാണ് ഇടതു സർക്കാരിന്റെ പൊലീസ് പെരുമാറിയത്. തങ്ങളുടെ കുടിയാന്മാരായി നിന്നു കൊണ്ടുള്ള രാഷ്ട്രീയം മാത്രമേ പാടുള്ളൂ എന്ന നിലപാട് ഇനി നിലനിൽക്കില്ല. തെരുവിൽ പ്രക്ഷോഭം നടത്താനും ചർച്ച നടത്താനും ഒക്കെ ശേഷിയുള്ള, മുസ്‌ലിം മധ്യവർഗവും നേതൃത്വവും രൂപപ്പെട്ട കാലമാണിത്.

 

പരമ്പരയിലെ മറ്റ് ലേഖനങ്ങൾ താഴെ വായിക്കാം

മൌദൂദിസ്റ്റുകളുടെ ന്യായീകരണങ്ങൾ ആർ.എസ്.എസിന് അനുകൂലമായ പൊതുനിർമ്മിതിയാണ്


Subscribe to our channels on YouTube & WhatsApp

About Author

സി ദാവൂദ്

മാധ്യമപ്രവർത്തകൻ, എഴുത്തുകാരൻ. ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം. നിലവിൽ മീഡിയ വൺ ടി വി മാനേജിങ് എഡിറ്റർ ആണ്