മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 14
ലോകപ്രസിദ്ധ മാധ്യമപ്രവർത്തകൻ സയീദ് നഖ്‌വിയുടെ “ദി മുസ്‌ലിം വാനിഷസ്” എന്ന നാടകീയ ആവിഷ്കാരം. ദി ഐഡം ആഗസ്ത് 15 ന് പ്രസിദ്ധീകരിച്ചു തുടങ്ങിയ മലയാളം പരിഭാഷയുടെ അവസാന ഭാഗം.
സീൻ 4
(പ്രത്യേക കോടതി വാദം കേൾക്കൽ തുടരുന്നു. സ്റ്റേജ് പഴയ രീതിയിൽത്തന്നെ. ജഡ്ജി പ്രവേശിക്കുമ്പോൾ എല്ലാവരും എഴുന്നേൽക്കുന്നു).
ജഡ്ജി:കോടതി രൂപവത്കരിച്ചപ്പോഴുണ്ടായിരുന്ന സാഹചര്യം ഇപ്പോൾ മാറിയിരിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി തമ്മിൽത്തമ്മിൽ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ജൂറി അംഗങ്ങളുടെ വിലയേറിയ അഭിപ്രായമറിയാനാണ് ഇപ്പോൾ കോടതി, മുമ്പത്തേക്കാൾ ഏറെയായി ആഗ്രഹിക്കുന്നത്. (ജഡ്ജി അമീർ ഖുസ്രുവിനുനേരെ നോക്കി വണങ്ങുന്നു).
അമീർ ഖുസ്രു (എഴുന്നേൽക്കുന്നു): നന്ദി. ആദ്യമായി ജൂറിയെക്കുറിച്ചുള്ള ഏറ്റവും പുതിയ കാര്യങ്ങൾ അറിയിക്കാൻ ആഗ്രഹിക്കുന്നു. ശബരിമല സീസൺ കഴിഞ്ഞതുകൊണ്ട് നമ്മുടെ സുഹൃത്ത് വാവരുസ്വാമി ഞങ്ങളോടൊപ്പം ചേർന്നിട്ടുണ്ട്. നമ്മുടെ മുമ്പിലുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രാദേശികമായ കാഴ്ചപ്പാട് അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചിരിക്കുന്നു. കൂടുതൽ സമഗ്രമായ ഒരു ചിത്രം നൽകാൻ സഹായകമാവും വിധം, മറ്റ് പ്രദേശങ്ങളിൽനിന്നുള്ള വിവരങ്ങളും ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. മുസ്‌ലീം ജനത ഒന്നടങ്കം ഇന്ത്യയിൽനിന്ന് അപ്രത്യക്ഷമായതിനെത്തുടർന്നുണ്ടായ അസാധാരണ സാഹചര്യം വിലയിരുത്തുന്നതിനായിട്ടാണ് കോടതി സ്ഥാപിച്ചത്. മുസ്ലീങ്ങൾ ഈ രാജ്യം വിട്ടുപോവാനുണ്ടായ സാഹചര്യം അന്വേഷിക്കുകയായിരുന്നു കോടതിയുടെ ഉദ്ദേശ്യം. എന്തുകൊണ്ട് അവർ പോയി? പൂർവ്വസ്ഥിതി തിരിച്ചുപിടിക്കാനാവുമോ? ഈ ചോദ്യങ്ങൾ ഇപ്പോഴും പ്രസക്തമാണെങ്കിലും സംഭവങ്ങൾ ഇവയെ കടത്തിവെട്ടിയിരിക്കുന്നു. കോടതിക്ക് അത് മുൻകൂട്ടി കാണാൻ സാധിച്ചില്ല. ഉദാഹരണത്തിന്, പൊതുതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. 200 ദശലക്ഷം മുസ്ലീങ്ങൾ വോട്ടുചെയ്യാത്ത ആദ്യത്തെ തിരഞ്ഞെടുപ്പ് എന്ന നിലയ്ക്ക് അനിതരസാധാരണമായ ഒരു തിരഞ്ഞെടുപ്പായിരിക്കും ഇത്തവണത്തേത്. അതുകൊണ്ട്, ഈ തിരഞ്ഞെടുപ്പ് അധസ്ഥിതജാതിയും സവർണ്ണജാതിയും തമ്മിലുള്ള നേരിട്ടുള്ള മത്സരമായിരിക്കും. എണ്ണമെടുത്തുനോക്കിയാൽ, അധസ്ഥിതജാതിക്കാർക്കാണ് മൃഗീയഭൂരിപക്ഷം. അവർ എളുപ്പത്തിൽ ഭൂരിപക്ഷം നേടും. ആദ്യമായി, ഒരു ദളിതനോ, ആദിവാസിയോ പ്രധാനമന്ത്രിയായേക്കാം. എച്ച്.ഡി. ദേവഗൌഡ എന്ന ഒ.ബി.സി. ക്കാരൻ ഒരിക്കൽ പ്രധാനമന്ത്രിയായിട്ടുണ്ട് എന്നത് നേരുതന്നെ. പക്ഷേ അത് വെറും 10 മാസത്തേക്ക് മാത്രമായിരുന്നു. പക്ഷേ ഇത്തവണ, താഴ്ന്ന ജാതിക്കാരുടേയും ദളിതരുടേയും സമ്പൂർണ്ണമായ ആധിപത്യമായിരിക്കും. ഇത് പ്രശംസനീയമായ കാര്യമാണ്. പക്ഷേ ഇതിനൊരു മറുപുറവുമുണ്ട്. തിരഞ്ഞെടുപ്പ് ഫലങ്ങളെ തീരുമാനിക്കുന്നത് ജാതി എന്ന ഒരേയൊരു ഘടകം മാത്രമാണെങ്കിൽ, പ്രധാനമന്ത്രി പദവിയിൽ എല്ലാക്കാലത്തേക്കും ഇനി അവർ മാത്രമായിരിക്കും ഉണ്ടാവുക. അവർക്ക് അതിനുള്ള എണ്ണവുമുണ്ട്. പക്ഷേ നിങ്ങൾ തിരഞ്ഞെടുത്ത ജനാധിപത്യ സംവിധാനത്തിന്, ഈ വിരസമായ ആവർത്തനം നല്ലതായിരിക്കുമോ?
(ഗാലറിയിൽ കറുത്ത തലക്കെട്ട് ധരിച്ച് ഇരുന്നിരുന്ന ദളിത് പ്രവർത്തകൻ എഴുന്നേൽക്കുന്നു)
ദളിത് പ്രവർത്തകൻ: എല്ലാ ബഹുമാനത്തോടെയും ചോദിക്കട്ടെ, ഞങ്ങളുടെ ജനാധിപത്യത്തെക്കുറിച്ച് താങ്കൾ എന്ത് ചിന്തിക്കുന്നു എന്നറിയാൻ താത്പര്യമുണ്ട്.
അമീർ ഖുസ്രു: രാഷ്ട്രീയസ്വഭാവമുള്ള ഈ വിഷയത്തിൽ സ്പർശിക്കാൻ എനിക്ക് സ്വാതന്ത്ര്യമുണ്ടോ എന്ന് ഈ വിശിഷ്ടകോടതിയുടെ ജഡ്ജിയോട് ഞാൻ ചോദിക്കാൻ ആഗ്രഹിക്കുന്നു.
ജഡ്ജി: തീർച്ചയായും, നിങ്ങളെപ്പോലുള്ളവർ ഞങ്ങളുടെകൂടെയുള്ളത് ഒരു ഭാഗ്യമായി ഞങ്ങൾ കരുതുന്നു. ഇനി ഇതുപോലൊരു അവസരം ഉണ്ടാവാൻ സാധ്യതയില്ല. ഏതെല്ലാം വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയാൻ കഴിയുന്നുവോ, അത്രയധികം ഈ ലോകം ധന്യമാവുകതന്നെ ചെയ്യും. താങ്കൾ എന്ത് പറയുന്നതിലും ഞങ്ങൾക്ക് സന്തോഷമേയുള്ളു.
അമീർ ഖുസ്രു: നന്ദി. 1949 നവംബർ 26-ന് നിങ്ങൾ സ്വയം നിങ്ങൾക്ക് നൽകിയ ഭരണഘടന, ജനാധിപത്യം, സമത്വം, സാമൂഹികമായ മുന്നേറ്റം, സാമൂഹിക നീതി എന്നിവ വാഗ്ദാനം ചെയ്യുന്ന ഒന്നായിരുന്നു. ആന്തരികമായിത്തന്നെ അസമത്വം നിറഞ്ഞതും, അസമത്വത്തെ ആഘോഷിക്കുകപോലും ചെയ്യുന്നതായ, സഹസ്രാബ്ദങ്ങളോളം നീളുന്ന സംവിധാനത്തിന്മേലാണ് നിങ്ങൾ തുല്യതയുടെ ഈ മൂല്യങ്ങൾ സ്ഥാപിച്ചത്. (മൌലാനാ ഹസ്രത്ത് മൊഹാനിക്കുനേരെ തിരിഞ്ഞുകൊണ്ട്) മൌലാനാ, അങ്ങ് കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിലെ അംഗമായിരുന്ന ആളല്ലേ. അങ്ങയുടെ കാഴ്ചപ്പാട് ഒന്ന് ഞങ്ങളോട് പറയാമോ?
ഹസ്രത്ത് മൊഹാനി (എഴുന്നേൽക്കുന്നു): ആ ഭരണഘടന, ദരിദ്രർക്ക് എതിരെയാണെന്ന് തോന്നിയതിനാൽ ഞാൻ ഒപ്പിട്ടില്ല. എന്റെ ഗുരു ബാലഗംഗാധര തിലകനായിരുന്നു എന്ന് ഞാൻ കോടതിയോട് പറയട്ടെ. അദ്ദേഹത്തിന്റെ ആവശ്യം പൂർണ്ണസ്വരാജ് ആയിരുന്നു. ബ്രിട്ടീഷുകാരിൽനിന്നുള്ള പൂർണ്ണമായ സ്വാതന്ത്ര്യം. ബൻസ ഷരീഫിലെ ഷാ അബ്ദുൾ റസാക്കായിരുന്നു എന്റെ ആത്മീയപ്രചോദനം. ഞങ്ങൾ ഭഗവാൻ കൃഷ്ണന്റെ ഭക്തന്മാരായിരുന്നു. അർജുനന് വഴികാട്ടിയതുപോലെ അദ്ദേഹം ഞങ്ങൾക്കും വഴികാട്ടിത്തന്നു. ഇനി വിഷയത്തിലേക്ക് വരികയാണെങ്കിൽ, ഈ ഭരണഘടനയിൽ പുതുതായി ഒന്നുമില്ലെന്നും, ബ്രിട്ടീഷുകാർ നമുക്ക് മുൻപിൽ വെച്ച കാര്യങ്ങൾ പ്രതിഫലിപ്പിക്കുക മാത്രമാണ് അത് ചെയ്യുന്നതെന്നും ഞാൻ അംബേദ്ക്കറോട് പറഞ്ഞു. സോവിയറ്റ് ഭരണഘടനയോ മറ്റുള്ളവരുടെ ഭരണഘടനകളോ നോക്കാൻ നമ്മൾ മിനക്കെടാത്തത് വിചിത്രമായി തോന്നുന്നു എന്നും ഞാൻ അദ്ദേഹത്തോട് പറയുകയുണ്ടായി. അതിനോടകംതന്നെ ബ്രിട്ടീഷുകാർ 1947-ലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ആക്ട് തയ്യാറാക്കിയിരുന്നതിനാൽ, അതിന്റെ ആവശ്യമില്ലെന്നത് വ്യക്തമായിരുന്നു. കമ്മ്യൂണിസത്തിനെതിരായ ഒരു ശക്തിയായി നിലനിൽക്കുന്നതിനുവേണ്ടിയാണ് നമ്മുടെ ജനാധിപത്യം നിർമ്മിക്കപ്പെട്ടത് എന്നാണ് എന്റെ കാഴ്ചപ്പാട്. 1946 ഫെബ്രുവരിയിലെ റോയൽ ഇന്ത്യൻ നേവി മ്യൂട്ടിനിയെ സഹായിച്ചത് കമ്മ്യൂണിസ്റ്റുകാരാണെന്ന കാര്യം, ബ്രിട്ടീഷുകാർ ഒരിക്കലും മറന്നിട്ടുമില്ലായിരുന്നു എന്ന് തിരിഞ്ഞുനോക്കുമ്പോൾ കാണാവുന്നതാണ്. എന്നാൽ പിന്നീട്, അന്താരാഷ്ട്രീയമായ പലതും നടന്നു. 1949-ൽ ചൈന ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രമായി. 1950-ൽ 50,000 ചൈനീസ് സൈനികർ യാലു നദി കടന്ന് വടക്കൻ കൊറിയയിലേക്കെത്തി. അമേരിക്കയെ വെല്ലുവിളിക്കേണ്ടതുണ്ടായിരുന്നു. ഇന്ത്യയിലാകട്ടെ, 1957-ൽ ചരിത്രത്തിലാദ്യമായി, ബാലറ്റിലൂടെ, കേരളത്തിലെ ജനങ്ങൾ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനെ അധികാരത്തിൽ കൊണ്ടുവന്നു. ഫാബിയൻ സോഷ്യലിസ്റ്റായ നെഹ്രുവിന് അത് രുചിച്ചില്ല. അമേരിക്കൻ അംബാസിഡറായ എൽസ്‌വർത്ത് ബങ്കർ രക്ഷക്കെത്തി. കേരളത്തിലെ ക്രിസ്ത്യൻ പള്ളികൾ നിശിതമായി വിമർശിച്ചിരുന്ന പുതിയ വിദ്യാഭ്യാസനയത്തിനെതിരേ സി.ഐ.എ.യുടെ സഹായത്തോടെ കേരളത്തിലെ തെരുവുകളിൽ അവർ പ്രക്ഷോഭം അഴിച്ചുവിട്ടു. ഇ.എം.എസ്സിന്റെ സർക്കാരിനെ പിരിച്ചുവിടാൻ നെഹ്രുവിനും അക്കാലമായപ്പോഴേക്കും കോൺഗ്രസ്സിന്റെ പ്രസിഡന്റായിക്കഴിഞ്ഞിരുന്ന മകൾ ഇന്ദിരയ്ക്കും സാധിച്ചു. (ശുക്ലാജിയെ വീൽച്ചെയറിൽ കൊണ്ടുവന്നപ്പോൾ ഗാലറിയിൽ ഒരു ചെറിയ ബഹളം അനുഭവപ്പെട്ടു).
ശുക്ലാജി: എനിക്ക് മൈക്ക് തരൂ, ഒരു മൈക്ക്.
എതിർവിസ്താരകൻ: നിങ്ങളുടെ കൈയ്യിൽ മൈക്കുണ്ടല്ലോ. നിങ്ങൾ അതിലാണ് ഇപ്പോൾ സംസാരിക്കുന്നത്.
ശുക്ലാജി (രോഷത്തോടെ): ബഹുമാനപ്പെട്ട കോടതിയെ, രാജ്യദ്രോഹപരമായ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള വേദിയാക്കുകയാണോ? മൌലാന കമ്മ്യൂണിസത്തെയും അർബൻ നക്സലുകളെയും ന്യായീകരിക്കുകയാണ്. ഇദ്ദേഹത്തെ ജൂറിയിൽനിന്ന് മാറ്റണമെന്ന ഒരു പ്രമേയം ഞാൻ അവതരിപ്പിക്കുന്നു. ജൂറി പക്ഷപാതപരമാണ്. ജൂറി അംഗങ്ങൾ കോടതിയെ അഭിസംബോധന ചെയ്യുന്നത് അസാധാരണമാണ്. എന്തായാലും, അവർ തുറന്ന് പറഞ്ഞ്, സ്വയം വെളിപ്പെടുത്തിയത് നന്നായി. പക്ഷേ രാഷ്ട്രം ഈ ജൂറിയെ അംഗീകരിക്കില്ല.
ജഡ്ജി (ചുറ്റികകൊണ്ട് മേശയിലടിച്ച്): ഓർഡർ, ഓർഡർ. ഈ കോടതി ബഹുമാനപ്പെട്ട ജൂറിക്ക് അത്യധികം ബഹുമാനം നൽകുന്നുണ്ട്. അവരെ വിമർശിക്കാനോ, അതിലെ അംഗങ്ങളെ ചോദ്യം ചെയ്യാനോ കോടതിക്ക് ഒരധികാരവുമില്ല.
(രാഷ്ട്രപതിഭവനിൽനിന്നുള്ള, പ്രത്യേക വേഷം ധരിച്ച ഒരു സന്ദേശവാഹകൻ വന്ന്, കോടതിയെ വണങ്ങി, കോടതിയിലെ ഉദ്യോഗസ്ഥന്റെ പക്കൽ ഒരു ചുരുൾ ഏൽപ്പിക്കുന്നു. ഉദ്യോഗസ്ഥൻ അത് ജഡ്ജിയുടെ മുമ്പിൽ വെക്കുന്നു. അല്പനേരമെടുത്ത് അത് വായിച്ച് ജഡ്ജി നിശ്ശബ്ദത ഭഞ്ജിക്കുന്നു)
ജഡ്ജി: ഇന്ത്യൻ പ്രസിഡന്റിൽനിന്ന് ഇപ്പോൾ ഒരു സന്ദേശം ലഭിച്ചിട്ടുണ്ട്. അമീർ ഖുസ്രു സാഹിബ് അദ്ദേഹത്തിന്റെ വാദങ്ങൾ ക്രോഡീകരിച്ചതിനുശേഷം ഞാൻ ഈ സന്ദേശത്തിന്റെ ഉള്ളടക്കം അറിയിക്കാം.
അമീർ ഖുസ്രു (എഴുന്നേൽക്കുന്നു): ഭരണഘടനയിൽ മാറ്റങ്ങൾ കൊണ്ടുവരുന്നതിനെക്കുറിച്ച് ഞാൻ ഇപ്പോൾ പരാമശിക്കാം. പരിഷ്കാരങ്ങൾ വേണമെന്നാണ് ജൂറിയുടെ അഭിപ്രായമെങ്കിലും, ധൃതിപിടിച്ച് ഭരണഘടനയിൽ കൈവെക്കുന്നത് തെറ്റായ സന്ദേശം നൽകാൻ മാത്രമേ സഹായിക്കൂ. അധികാരത്തിൽ വരുന്നതിൽനിന്ന് തങ്ങളെ തടയാനുള്ള ശ്രമമായി അവർണ്ണർ അതിനെ തെറ്റിദ്ധരിച്ചേക്കും. ഈ ഘട്ടത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുന്നത്, തിരഞ്ഞെടുപ്പ് നീട്ടിവെക്കുന്നതിലേക്ക് നയിക്കുമെന്നത് പ്രത്യേകിച്ച് പറയേണ്ടതില്ല. അതൊരു ബുദ്ധിപരമായ നീക്കമായിരിക്കില്ല. അതിനുപകരം ഞങ്ങൾ ശുപാർശ ചെയ്യുന്നത് ഇതാണ്:
സർക്കാരിന്റെ അടുത്ത രണ്ട് പഞ്ചവത്സരക്കാലത്ത്, എല്ലാ പാർട്ടികളിൽനിന്നും ആനുപാതികമായ പ്രാതിനിധ്യമുള്ള ഒരു കമ്മീഷനെ, പുതിയ ഭരണഘടനയുടെ കരട് തയ്യാറാക്കാനായി നിയോഗിക്കുക. ഈ ഭരണഘടന, പ്രാഥമികമായും, പ്രധാനമായും, എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഒന്നായിരിക്കണം. ജനനം മുതൽ മരണംവരേക്കുള്ള സമഗ്രമായ ആരോഗ്യപരിചരണ സംവിധാനം സ്ഥാപിക്കുക.
തൊഴിൽ ഉറപ്പുവരുത്താൻ സാധിക്കുന്നില്ലെങ്കിൽ, വരുമാനം ഉറപ്പുവരുത്തുന്ന രീതിയിൽ അടിസ്ഥാനസൌകര്യങ്ങൾ രാജ്യം സൃഷ്ടിക്കണം.
എല്ലാവർക്കും താമസിക്കാൻ ഒരിടം എന്നത് പ്രാഥമികമായ ആവശ്യമാണ്. ആ രണ്ട് പഞ്ചവത്സരക്കാലത്തിനുള്ളിൽ, മൂലധനമുപയോഗിച്ച്, എന്നാൽ മുതലാളിത്തത്തിന്റെ അത്യാഗ്രഹമില്ലാതെ ഒരു തുടക്കം കുറിക്കാൻ കമ്മീഷന് സാധിക്കും.
എല്ലാവർക്കു വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന ഒരു പുതിയ ഭരണഘടനയ്ക്ക് ചലനം പ്രദാനം ചെയ്യാൻ സാധിക്കും. അത് സരസ്വതിയെ അവരുടെ നാവിൽ വിളയിക്കും. ജനനം മുതൽ പട്ടടവരെ നീളുന്ന ആരോഗ്യപരിരക്ഷണം നൽകാൻ കഴിവും ധൈര്യവുമുള്ള കമ്മീഷൻ. സൌജന്യമോ, മിതമായ നിരക്കിലുള്ള വാടകയ്ക്കോ ഏവർക്കും പാർപ്പിടസൌകര്യം. ഒരൊറ്റ ഇന്ത്യക്കാരനും വിശന്ന് ഉറങ്ങേണ്ടിവരില്ലെന്ന വാഗ്ദാനം, അത് നടപ്പിലാക്കും. അംബാനിയുമദാനിയും അവരെപ്പോലുള്ളവരും വേണമെങ്കിൽ പട്ടുകുപ്പായത്തിൽ കഴിയട്ടെ, സമ്പത്തുണ്ടാക്കുന്നവർ അവരാണല്ലോ. എങ്കിലും ആ സമ്പത്ത് പൊതുനന്മയ്ക്കായി വിതരണം ചെയ്യണം. ദരിദ്രർ അവരുടെ സമ്പത്തിനെതിരല്ല. ദരിദ്രന്റെ പെട്ടി കാലിയാക്കുന്നതിനോടും മോഷണത്തിലൂടെ അവ സ്വന്തമാക്കി വെക്കുന്നതിനോടും, മാത്രമേ അവർക്കെതിർപ്പുള്ളു ധനികർ അവരുടെ സ്വത്ത് കൈയ്യിൽവെക്കട്ടെ. എന്നാൽ, വലിയ ഒച്ചയും ബഹളവുമില്ലാതെ മാന്യമായി ജീവിക്കാൻ മോഹിക്കുന്നവരോടും അവരല്പം കരുണ കാണിക്കട്ടെ. വിശ്വസിക്കൂ, ഒരു സാമൂഹിക ക്ഷേമസംവിധാനം അതുമാത്രം മതി അവർക്ക്.
(സ്റ്റേജിലെ വെളിച്ചം മങ്ങുകയും, സ്കൂപ്പ് ടിവിയുടെ ഓഫീസിലേക്ക് കല്ലേറ് നടക്കുന്നതിന്റെ ടിവി ദൃശ്യങ്ങൾ സ്റ്റേജിന്റെ പിന്നിലുള്ള സ്ക്രീനിൽ തെളിയുകയും ചെയ്യുന്നു. ചാണക്യ പുരിയും ജനറൽ മാനേജറും മേശയുടെ താഴെ ഒളിച്ചിരിക്കുന്ന ദൃശ്യത്തിലേക്ക് ക്യാമറ മാറുന്നു. ജനങ്ങളെ രോഷം പിടിപ്പിക്കാൻ കാരണമായ, ചാണക്യ പുരിയുടെ ദളിത്-വിരുദ്ധ പരാമർശങ്ങൾ വീണ്ടും വീണ്ടും സംപ്രേഷണം ചെയ്യപ്പെടുന്നു. സ്ക്രീൻ ഓഫായി, വെളിച്ചം വരുമ്പോൾ വാദം നടക്കുന്ന കോടതിമുറിയിലാണ് നമ്മൾ).
അമീർ ഖുസ്രു: ഇനി, നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്ത തരാൻ എന്നെ അനുവദിക്കുക. അത്, മുസ്ലിമുകളുടെ വരവിനെക്കുറിച്ചാണ്. അവർക്ക് തിരിച്ചുവരാൻ പറ്റില്ലെന്നല്ല..!
ശുക്ലാജി (വീൽച്ചെയറിൽനിന്ന് എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ അനിത വിലക്കുന്നു): കൂടുതൽ തെളിച്ച് പറഞ്ഞൂടേ? തിരഞ്ഞെടുപ്പിന് മുമ്പ് അവർ തിരിച്ചുവരുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
അമീർ ഖുസ്രു: ഇല്ല, ഇല്ല. തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ പറ്റില്ല. അത് നടക്കും. അതിന്റെ പ്രക്രിയ ആരംഭിച്ചുകഴിഞ്ഞു. മുസ്ലിമുകളുടെ തിരിച്ചുവരവ് തീർത്തും വിഭിന്നമായ ഒരു സംഗതിയാണ്. മുസ്ലിമുകളുടെ വരവ് സ്വപ്നം മാത്രമല്ല. എതിർവിസ്താരകൻ വരച്ച ആ ത്രികോണം ഓർക്കുക. അത് സൂക്ഷ്മമായി ശ്രദ്ധിച്ചാൽ നിങ്ങൾക്ക് കാര്യം പിടി കിട്ടും. ആ ഊരാക്കുടുക്ക് എങ്ങിനെ പതുക്കെ ഊരാമെന്ന്. അവരുടെ ഗൂഢമായ പ്രവാസം എങ്ങിനെ അവസാനിപ്പിക്കാമെന്ന്.
(പൊതുജനങ്ങൾക്കുള്ള ഗ്യാലറിയിൽ എന്തോ ബഹളം. കറുത്ത തലേക്കെട്ട് ധരിച്ച ദളിത് പുരുഷന്മാർ എഴുന്നേറ്റ് നിൽക്കുന്നു).
ദളിത് പുരുഷൻ: മുസ്ലീങ്ങളുടെ ഭൂമി, വീട്, ഫാമുകൾ, കച്ചവടങ്ങൾ എല്ലാം മറ്റുള്ളവർക്ക് വിതരണം ചെയ്യപ്പെട്ട് കഴിഞ്ഞു. ആ മുസ്ലീങ്ങൾ തിരിച്ചുവന്നാൽ ഇനി എങ്ങിനെ ജീവിക്കും?
അമീർ ഖുസ്രു: തിരിച്ചുവരുന്നവർക്ക് ആവശ്യത്തിനുള്ളത് കൊടുക്കാൻ ഉണ്ടാകും എന്ന് ബൻസയിലെ ഷാ അബ്ദുൾ റസാക്കും നമ്മുടെ എല്ലാ സിദ്ധന്മാരും ഗുരുക്കന്മാരും ഉറപ്പ് പറഞ്ഞിട്ടുണ്ട്. അതൊരു പ്രശ്നമേയല്ല. പ്രതിസന്ധി പരിഹരിക്കണമെങ്കിൽ നമ്മൾ ആദ്യം, എതിർവിസ്താരകന്റെ ആ ത്രികോണത്തിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തണം. ഇന്ത്യാ-പാക്കിസ്ഥാൻ എന്നീ തൂണുകളിൽ നിൽക്കുന്ന ആ ത്രികോണത്തെ ഒന്ന് സങ്കല്പിച്ചുനോക്കൂ. (അല്പം നിർത്തി തുടരുന്നു).
ആ തൂണുകളിൽ ഒന്ന് മാറ്റിയാൽ ത്രികോണം തകരും. ദില്ലി-ശ്രീനഗർ ഭാഗം, ഹിന്ദു-മുസ്ലിം ഭാഗത്തിന്റെ മുകളിലേക്ക് വീഴും. ലളിതമായി പറഞ്ഞാൽ, പരസ്പരം ഗുണം ചെയ്യുന്ന വിധത്തിലുള്ള ഇന്ത്യാ-പാക്ക് സൌഹൃദം സങ്കീർണ്ണമായ ഒട്ടനവധി പ്രശ്നങ്ങളെ പരിഹരിക്കും. ചില ഹിന്ദു-മുസ്ലിം സംഘർഷങ്ങൾ, ലഘുവായ ചിലത്, ചില മറിച്ചിടലുകൾ, ആക്രമത്തിന്റെ നീണ്ട ചരിത്രത്തിനിടയിൽ സംഭവിച്ചിട്ടുണ്ട്. ആയിരം വർഷങ്ങൾക്ക് മുമ്പുള്ള കഥകൾ, മാറിമറിഞ്ഞ ഭാഗ്യങ്ങൾ, മുറിവേറ്റ താൻപോരിമകൾ, എന്നിങ്ങനെ. കൂടുതലും വടക്കേ ഇന്ത്യയിൽ. തെക്ക്, അവർ വന്നത് കൂടുതലും വ്യാപാരികളായിട്ടായിരുന്നു, പ്രലോഭിപ്പിക്കാൻ, അടിച്ചേൽപ്പിക്കാനല്ല. കൂടുതൽ സൌഹാർദ്ദപരമായ ഇഴുകിച്ചേരൽ അവർ നടത്തി.
ബ്രിട്ടീഷുകാരെ അത് അസ്വസ്ഥരാക്കുകയും അവർ അത് നശിപ്പിക്കുകയും ചെയ്തു.
വിഡ്ഢികളെ ചങ്ങലയ്ക്കിടാനായി, ബ്രിട്ടീഷുകാർ നടപ്പാക്കിയ വിഭജിച്ച് ഭരിക്കുക എന്ന കളി തകർക്കാൻ 1857-ൽ മുസ്ലിമുകളും ഹിന്ദുക്കളും ഒരുമിച്ചുചേർന്നു. ബ്രിട്ടീഷുകാരുടെ കളി ഒരു പരിധിവരെ വിജയിച്ചു. ഹിന്ദുക്കൾ ബ്രിട്ടീഷ് വിദ്യാഭ്യാസവും ഇംഗ്ലീഷ് കളിപ്പാട്ടങ്ങളും സ്വീകരിച്ചു കൈവശമുണ്ടായിരുന്നവയിൽ അഭിരമിച്ചുകൊണ്ട് മുസ്ലിങ്ങളും അവരുടെ സംസ്കാരവും മാത്രം പഴയതുപോലെ നിന്നു. മധ്യകാലത്തെ പണ്ടത്തെ ആഭിജാത്യത്തിന്റെ തഴമ്പുകൊണ്ടുമാത്രം സമ്പത്തും തൊഴിലും കിട്ടില്ലെന്ന് അവർ ഓർത്തില്ല.
എന്നാൽ, വിഭജനത്തോടെ എല്ലാറ്റിനും ഒരു തീരുമാനമായി നിങ്ങളുടെ നേതാക്കൾ പാക്കിസ്ഥാനെ സ്വീകരിച്ചു, എല്ലാവർക്കും ഒരുമിച്ച് ജീവിക്കാവുന്ന ഹിന്ദുസ്ഥാനെ സ്വീകരിച്ചില്ല. മറ്റെല്ലാം തുല്യമായി പങ്കിടാമെന്ന് കരുതി. എന്നാൽ ഹിന്ദുവാകട്ടെ, ആയിരം വർഷങ്ങൾക്കിടയ്ക്ക് ഇതാദ്യമായി നിങ്ങൾക്ക് കടിഞ്ഞാൺ കൈയ്യിൽ വരേണ്ടതായിരുന്നു. പക്ഷേ, പേരിനെങ്കിലും ഒരു പദവി നൽകാതിരുന്നത് അവഗണിക്കപ്പെട്ടതുപോലെ തോന്നാൻ മുസ്ലിങ്ങളെ നിർബന്ധിതരാക്കി.
ഇത് പരിഹരിക്കാനാവും. നമ്മൾ ഇനിമേൽ, മതവും ജാതിയും സൂചിപ്പിക്കില്ല. പ്രത്യയശാസ്ത്രവും സാമ്പത്തിക-വിദേശനയങ്ങളും രാഷ്ട്രീയപ്പാർട്ടികളെ വ്യത്യസ്തരാക്കും. പാക്കിസ്ഥാനിലെ സിന്ധിലെ സെഹ്‌വാനിൽനിന്ന് ക്ഷണം കിട്ടാൻ, ജൂറിക്ക് ഭാഗ്യമുണ്ടായി വിഭാഗീയവും ദുർഗ്ഗന്ധപൂരിതവുമായ നുണകളുടെ ആവരണം മാറ്റാൻ ആഹ്വാനം ചെയ്ത ഗുരു നാനാക്കിന്റെ ദയാപൂർണ്ണമായ മേൽനോട്ടത്തിൽ നാൻകന സാഹിബിൽവെച്ച് ഒരു സമ്മേളനം കൂടാൻ ലാൽ ഷബാസ് കലന്ദർ ഏർപ്പാട് ചെയ്തിട്ടുണ്ട്. ഇരുരാജ്യങ്ങൾക്കുമിടയിൽ ഇത്തരം നുണപ്രചാരണങ്ങൾ ഉടനടി അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ, പുതിയ പ്രധാനമന്ത്രി പാക്കിസ്ഥാൻ, ചൈന, സാർക്ക് രാഷ്ട്രങ്ങൾ എന്നിവയിലേക്കും അതിനപ്പുറമുള്ള – അഫ്ഘാനിസ്ഥാനും ഇറാനും അടങ്ങുന്ന ഭാഗത്തേക്കും, മ്യാന്മറും തായ്‌ലൻഡും അടങ്ങുന്ന മറുഭാഗത്തേക്കും – സന്ദർശനം നടത്തുമെന്ന് ദളിത് സമാജത്തിന്റെ അദ്ധ്യക്ഷൻ ഞങ്ങളെ അറിയിച്ചിട്ടുണ്ടെന്ന് സന്തോഷപൂർവ്വം അറിയിക്കട്ടെ. മുസ്ലിങ്ങൾ തിരിച്ചുവരണമെന്നുണ്ടെങ്കിൽ, ചുരുങ്ങിയത്, ആ സംഭവത്തിന്റെ മുറിപ്പാടുകളെങ്കിലും മായ്ച്ചുകളയണമെങ്കിൽ, ഇവിടെനിന്ന് പലായനം ചെയ്യാൻ അവരെ നിർബന്ധിതരാക്കിയ അവസ്ഥകൾ എന്നന്നേക്കുമായി മായ്ച്ചുകളയുകതന്നെ വേണം.
ദളിത് പുരുഷൻ (ഇടപെട്ടുകൊണ്ട്): പുതിയ ഭരണഘടനക്ക് മാധ്യമങ്ങളെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ? ഇക്കണ്ട വർഷങ്ങളത്രയും അവ വെറുപ്പ് പ്രചരിപ്പിക്കുകയായിരുന്നു.
അമീർ ഖുസ്രു: വാർത്താവിനിമയ സാങ്കേതികവിദ്യ മാധ്യമങ്ങളെ ഞങ്ങളുടെ പ്രധാന ആശങ്കകളിലൊന്നാക്കി മാറ്റിയിട്ടുണ്ട്. വ്യവസായ സ്ഥാപനങ്ങൾ മാധ്യമങ്ങളിൽ നിക്ഷേപം ചെയ്യരുത്. മാധ്യമങ്ങൾ സ്വയം ഒരു വ്യവസായമായി മാറട്ടെ. പൊതുജനമാധ്യമമാവണം അവ. സ്വതന്ത്രവും നിർദ്ദയമായി വിമർശനാത്മകവും ആവണം. ജാതിയേയും വർഗ്ഗീയതയേയും, അഥവാ, മനുഷ്യരേയും രാഷ്ട്രങ്ങളേയും വിഭജിക്കാത്ത ഒന്ന്.
ദേശാഭിമാനം എന്നത്, രാജ്യത്തിനെക്കുറിച്ചുള്ള അപ്രഖ്യാപിത അഭിമാനമാണ്. അലറിവിളിക്കുന്ന മാധ്യമങ്ങളിൽ അത് ദേശഭ്രാന്തായി പരിണമിക്കുകയും അത് ഫാസിസത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പാക്കിസ്ഥാനുമായുള്ള സമാധാനപരമായ ബന്ധങ്ങളിൽ വർഗ്ഗീയവ്യത്യാസങ്ങൾ ഉളവാക്കാൻ, ഒരൊറ്റ നീക്കം മാത്രം മതിയാവും. ഇരുഭാഗത്തും തീർച്ചയായും തെമ്മാടിസംഘങ്ങളുണ്ടാവും. സമാധാനത്തെ തകർക്കുന്ന വിധത്തിൽ, സംഘർഷങ്ങളേയും തീവ്രവാദപ്രവർത്തനങ്ങളേയും ഉപജീവിക്കുന്നവർ. അതിനാൽ, സമാധാനം എന്നത്, തിരിച്ചുപോക്കില്ലാത്ത ഒന്നായിരിക്കണം. പൊതുജീവിതത്തിലെ തെമ്മാടിത്തരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്ന ഒന്ന്. (ഒന്ന് നിർത്തിക്കൊണ്ട്) നന്ദ് ഋഷിയിൽനിന്നും (നൂറുദ്ദീൻ വാലി), കശ്മീരിലെ ചരാർ-ഇ-ഷെരീഫിലെ ലാൽ ദേദ് അഥവാ ലല്ലേശ്വരിയിൽനിന്നും നമുക്ക് പുതുതായി ക്ഷണം കിട്ടിയിട്ടുണ്ട്. നാൻകന സാഹിബിലെ സമ്മേളനത്തിൽ മാത്രമല്ല, കശ്മീരിലെ ചരാർ-ഇ-ഷെരീഫിലെ സമ്മേളനത്തിലും സന്നിഹിതനാകാമെന്ന് ഗുരു നാനാക്ക് മഹാരാജ് അറിയിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി, ജൂറി അംഗങ്ങളായ ഞങ്ങൾ ബഹുമാനപ്പെട്ട ജഡ്ജിയോടും എതിർവിസ്താരകനോടും, ഇരുസമുദായങ്ങളിലെ പ്രതിനിധികളോടും, വിശിഷ്യ, സജീവമായി പങ്കെടുത്ത പൊതുഗ്യാലറിയിലെ ജനങ്ങളോടും ഞങ്ങൾക്കുള്ള നന്ദി അറിയിക്കുന്നു. നാൻകന സാഹിബിലേയും ചരാർ-ഇ-ഷെരീഫിലേയും സമ്മേളനങ്ങൾക്കുശേഷം, ആവശ്യമെങ്കിൽ ഞങ്ങൾ വീണ്ടും വരുന്നതായിരിക്കും.
(ജൂറി അംഗങ്ങളെല്ലാവരും എഴുന്നേറ്റ്, ആകാശത്തേക്ക് കൈകളുയർത്തി, ഒരുമിച്ച് ആശീർവദിക്കുന്നു. “ദൈവം നിങ്ങളേയും ഹിന്ദുസ്ഥാനിലെ ജനങ്ങളേയും അനുഗ്രഹിക്കട്ടെ”. കോടതിമുറിയിൽ ഗംഭീരമായ കരഘോഷം മുഴങ്ങുമ്പോൾ…ജൂറി അംഗങ്ങൾ വായുവിൽ അപ്രത്യക്ഷരാവുന്നു! ഓരോ മിനിറ്റ് കഴിയുന്തോറും കരഘോഷം ഉച്ചത്തിലാവുന്നു. എന്നാൽ രാഷ്ട്രപതി അയച്ച ചുരുൾ വായിക്കുന്ന ജഡ്ജിയുടെ മുഖത്ത് ഗൌരവഭാവം പ്രത്യക്ഷമാവുന്നു. കൈയ്യടിച്ചുകൊണ്ടിരിക്കുന്ന ആളുകളെ നോക്കി, ആശങ്ക നിറഞ്ഞ മുഖഭാവത്തോടെ ഒടുവിൽ അദ്ദേഹം ചുറ്റികയെടുത്ത് മേശയിലടിക്കുന്നു)
ജഡ്ജി (രാഷ്ട്രപതിയുടെ കുറിപ്പ് സാവധാനം വായിക്കുന്നു): രാഷ്ട്രപതിഭവനിൽനിന്ന് ഒരു വിശേഷപ്പെട്ട അറിയിപ്പുണ്ട്. ഞാൻ വായിക്കാം: “യൂണിയൻ ക്യാബിനറ്റ് നൽകിയ ഉപദേശത്തിന്റെ അടിസ്ഥാനത്തിൽ, പ്രസിഡന്റ് രാജ്യത്ത് അനിശ്ചിതകാലത്തേക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു” (പൊതുഗ്യാലറിയിൽനിന്ന് ഉച്ചത്തിലുള്ള ശബ്ദങ്ങൾ. “അവർക്കത് ചെയ്യാൻ പറ്റില്ല. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാൻ പറ്റില്ല”. വിളക്കുകൾ കെട്ട്, സ്റ്റേജ് ഇരുട്ടിലാവുന്നു. പിന്നിലുള്ള സ്ക്രീനിൽ ന്യൂസ് എഴുതിക്കാണിക്കുന്നു. ദില്ലിയിലെ തെരുവുകളിൽ റോന്തുചുറ്റുന്ന പട്ടാളക്കാരെ കാണാം. വെടിവെപ്പിന്റെ ശബ്ദങ്ങൾ മുഴങ്ങുന്നു. അവിടെനിന്ന് ദൃശ്യം ഓരോനിമിഷവും ഭീമമായിക്കൊണ്ടിരിക്കുന്ന ഒരു പ്രകടനത്തിലേക്ക് തിരിയുന്നു. ശാന്തിപഥത്തിലൂടെ രാഷ്ട്രപതിഭവനിലേക്കാണ് പ്രകടനം നീങ്ങുന്നത്. ആളുകളുടെ തലയ്ക്ക് മുകളിൽ, തോക്കുകളേന്തിയ ഹെലികോപ്ടർ പറക്കുന്നു. രാഷ്ട്രപതിഭവനിൽനിന്ന് ഒരു ഹെലികോപ്ടർ പറന്നുയരുന്നത് കാണാം).
നിധി (ക്യാമറിയിലേക്ക് നോക്കിക്കൊണ്ട്): രാജ്യതലസ്ഥാനത്ത് അരാജകത്വം വ്യാപിച്ചതോടെ, പ്രസിഡന്റിനെ രഹസ്യവും സുരക്ഷിതവുമായ ഒരു താവളത്തിലേക്ക് ഹെലികോപ്ടറിൽ മാറ്റി. പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിസഭയിലെ അംഗങ്ങളേയും അതേ ലക്ഷ്യസ്ഥാനത്തേക്ക് കൊണ്ടുപോയിട്ടുണ്ട്. അതേസമയം, തെരുവുകളിൽ സൈന്യത്തിന്റെ ടാങ്കുകൾ വന്നിരിക്കുന്നു. വാഹനങ്ങൾക്കും വ്യാപാരസ്ഥാപനങ്ങൾക്കും വീടുകൾക്കും നേരെ തീവെപ്പ് തുടരുന്നു. (അഗ്നിക്കിരയായ ഒരു കെട്ടിടത്തിൽനിന്ന് പുക ഉയരുന്നു. സ്ക്രീൻ ശൂന്യമാണ്. ഭീമാകാരമായ അക്ഷരങ്ങൾ കറങ്ങിക്കറങ്ങി, ഒടുവിൽ, ആ പ്രശസ്തമായ വാക്ക് തെളിയുന്നതോടെ, ക്യാമറ അതിൽ നിശ്ചലമാവുന്നു)
“ഒരു കല്പിത കഥ”
(അവസാനിച്ചു)
ആദ്യ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ
പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ