A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 1

  • August 15, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 1

ഒന്നാം അങ്കം

രംഗം 1

(സം‌പ്രേഷണം ചെയ്യാൻ പോവുന്ന ഗൗരവമുള്ള ഒരു റിപ്പോർട്ടിനുവേണ്ടി ഒരുക്കിയ പ്രകാശപൂരിതമായ ഒരു ടെലിവിഷൻ ചാനലിന്റെ സ്റ്റുഡിയോ. മുഖ്യ അവതാരകരായ ആനന്ദും ബ്രജേഷും പരസ്പരം എട്ടടി അകലത്തിൽ ഇരിക്കുന്നു. അവരുടെ പിന്നിലായി, ചാനലിന്റെ പേര് പ്രദർശിപ്പിച്ചിരിക്കുന്ന പാനൽ കാണാം – ഇൻസൈറ്റ് ടുഡേ ടിവി. അവരുടെ മുമ്പിലായി, ലാപ്ടോപ്പുകളും, മൈക്കുകയും, ടി.വി. സ്റ്റുഡിയോയിലെ പതിവ് ഉപകരണങ്ങളും കാണാം. രംഗം ആരംഭിക്കുമ്പോൾ, അവതാരകർ അവരുടെ ലാപ്ടോപ്പിൽ പ്രത്യക്ഷപ്പെടുന്ന വാർത്തകൾ കൈകാര്യം ചെയ്യുകയാണ്. ന്യൂസ് ഡെസികിൽനിന്നുള്ള നീണ്ടുമെലിഞ്ഞ ചെറുപ്പക്കാരനായ ഒരു പത്രപ്രവർത്തകൻ ഏറ്റവും പുതിയ വാർത്തയുമായി തിരക്കിട്ട് കടന്നുവരുന്നു. പ്രക്ഷുബ്ധതയും ആവേശവും സന്ദേഹവും എല്ലാം ഒരേസമയം മുഖത്ത് പ്രകടിപ്പിക്കാൻ അയാൾ ശ്രമിക്കുന്നതായി കാണാം)

പത്രപ്രവർത്തകൻ (കിതച്ചുകൊണ്ട്): ദൈവമേ! അവരു പോയോ? അവരത്..അത് കൂടെ കൊണ്ടുപോയി..ഇത് വലിയ ഒന്നാണല്ലോ! നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ ന്യൂസ്!

ആനന്ദ് (അല്പം കടുപ്പിച്ച്): ഒന്നടങ്ങ് മനുഷ്യാ..(എന്നിട്ട് തുടരുന്നു) ആര് പോയി എന്ന്?

പത്രപ്രവർത്തകൻ: നഗരത്തിൽ ഒരാളുപോലും ബാക്കിയില്ലെന്നാണ് റിപ്പോർട്ടർമാർ പറയുന്നത്. ഒരൊറ്റയാളുപോലും. എല്ലാവരും പോയിരിക്കുന്നു. എല്ലാവരും..(സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയെന്നവണ്ണം അയാളുടെ ശബ്ദം നേർത്തുവരുന്നു)

ആനന്ദ്: ഹേയ് മിസ്റ്റർ..ആരാണെന്ന് പറ..അവരെവിടെ പോയി എന്ന്? വളച്ചുകെട്ടി പറയല്ലെ. ആരെങ്കിലും എന്തെങ്കിലും കാണാതായതായി വാർത്തയൊന്നുമില്ലല്ലോ.

പത്രപ്രവർത്തകൻ: സർ, എന്നെ വിശ്വസിക്ക്, അവർ ഇപ്പോൾ പോയതേയുള്ളു. എല്ലാവരും. ദൈവത്തിനറിയാം എങ്ങോട്ടാണെന്ന്. ഇത് മാജിക്കാവണം സർ, ബ്ലാക്ക് മാജിക്ക്!

ആനന്ദ്: (ക്ഷമകെട്ട്) ആദ്യം നിങ്ങൾ പറഞ്ഞ്, ‘അത്’ പോയെന്ന്. ഇപ്പോൾ പറയുന്നു. ‘അവർ’ എന്ന്. ഒരു ആടായിരിക്കാം, ഒരു നവവധു ആയിരിക്കും. പക്ഷിയായിരിക്കാം. (ശബ്ദമുയർത്തി) എന്ത് പോയെന്നാണ്? ആര് പോയെന്നാണ്? ഞങ്ങളെ കുഴപ്പിക്കരുത്

പത്രപ്രവർത്തകൻ (ആകെ പരിഭ്രമിച്ച്): എനിക്ക് എങ്ങിനെ പറയണമെന്നറിയില്ല. ഇത്..ശരിക്കും അവിശ്വസനീയമാണ് സർ..ആരും ബാക്കിയില്ല..ഞാൻ ഉദ്ദേശിച്ചത് മുസ്ലിങ്ങൾ. മുസ്ലിങ്ങളെല്ലാം പോയിരിക്കുന്നു. ചിലർ പറയുന്നത് അവർ കുത്തബ് കൂടെ കൊണ്ടുപോയി എന്നാണ്. (കണ്ണടവെച്ച്, കൂടുതൽ ദൃഢശരീരമുള്ള മറ്റൊരു പത്രപ്രവർത്തകൻ – ഒരുപക്ഷേ ആദ്യത്തെയാളുടെ മേലുദ്യോഗസ്ഥനാവാം, രംഗത്തേക്ക് വന്ന്, ചർച്ചയിൽ ചേരുന്നു).

രണ്ടാമത്തെ പത്രപ്രവർത്തകൻ: മുസ്ലിങ്ങൾ എങ്ങോട്ടാണ് അപ്രത്യക്ഷമായതെന്ന് വല്ല വിവരവും കിട്ടിയോ?

ആദ്യത്തെ പത്രപ്രവർത്തകൻ: ആർക്കുമറിയില്ല സർ. അഥവാ, എന്നോടൊന്നും പറഞ്ഞിട്ടില്ല. ഔദ്യോഗികമായ വിവരങ്ങളൊന്നുമില്ല.

ആനന്ദ് (തന്റെ ലാപ്ടോപ്പിലേക്ക് നോക്കുന്നു): ഹാ..ഇപ്പോൾ ചില പരാമർശങ്ങൾ വരുന്നുണ്ട്. പി.ടി.ഐ.യുടെ ഒരു സൂചന..പക്ഷേ വിശദാംശങ്ങളൊന്നുമില്ല.

രണ്ടാമത്തെ പത്രപ്രവർത്തകൻ ആദ്യത്തെയാളോട്: അവരെല്ലാവരും പോയി എന്ന് നിങ്ങൾക്ക് എങ്ങിനെയറിയാം? നിങ്ങളുടെ സ്രോതസ്സ് എന്താണ്?

ആദ്യത്തെയാൾ: നമ്മുടെ റിപ്പോർട്ടർമാരിൽ ഒരാൾക്ക് സ്ഥിരീകരണം കിട്ടിയിട്ടുണ്ട്. റഷീദ് ഘോസിയുടെ എരുമത്തൊഴുത്ത് പൂട്ടിയിരിക്കുന്നു (ഒന്ന് നിർത്തി)..അതുപോലെ ഖലീലിന്റെ തുന്നൽക്കട, സലാരുവിന്റെ ബാർബർഷോപ്പ്, അസ്ഗർ അലിയുടെ സെന്റ് കട, മൊഹമ്മദ് സിദ്ദിഖിന്റെ പുകയിലക്കട.. ലഖ്നോവിലെ നഖാസിലേയും അമീനാബാദിലേയും എല്ലാ മുസ്ലിങ്ങളുടേയും വീടുകൾ ഒഴിഞ്ഞുകിടക്കുകയാണ്. എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. മുസ്ലിങ്ങളും അവരുമായി ബന്ധമുള്ള എല്ലാം അപ്രത്യക്ഷമായതുപോലെ.

രണ്ടാമത്തെ പത്രപ്രവർത്തകൻ (കൈയ്യിലുള്ള മൊബൈൽ ഫോണിൽ ഒരു നമ്പർ വിളിച്ച് അതിലേക്ക്): കോടതിയോട് ഒന്നന്വേഷിക്കാൻ നമ്മുടെ ലീഗൽ കറസ്പോണ്ടന്റ് സുമീർ ലാലിനോട് പറയൂ. റെഹ്മാനി സഹോദരന്മാരുടെ കേസ് – നിനക്കറിയില്ലേ, ആ തീവ്രവാദ കേസ് – ഇപ്പോഴും നടക്കുന്നുണ്ടോ എന്ന്.

ആദ്യത്തെ പത്രപ്രവർത്തകൻ: ഞാൻ സുമീറിനോട് ചോദിച്ചിരുന്നു..(അയാളുടെ മൊബൈൽ ശബ്ദിക്കുന്നു)..ഹാ..അയാൾ മെസ്സേജയച്ചിരിക്കുന്നു..(മൊബൈലിലേക്ക് നോക്കി)..വാദം ഇന്ന് രാവിലെമുതൽ നടക്കുന്നുണ്ട്.

ആനന്ദ്: പക്ഷേ നിങ്ങളല്ലേ ഇപ്പോൾ പറഞ്ഞത് എല്ലാ മുസ്ലിങ്ങളും പോയിക്കഴിഞ്ഞുവെന്ന്. എന്നിട്ടെങ്ങിനെയാണ് ആ സഹോദരന്മാരെ കോടതിക്ക് പിടിച്ചുനിർത്താനായത്? മറ്റെല്ലാവരും പോയിക്കഴിഞ്ഞ സ്ഥിതിക്ക്, അവരെങ്ങിനെയാണ് ഇപ്പോഴും ഈ ചുറ്റുവട്ടത്ത് ബാക്കിയായത്? അതോ, നിങ്ങൾ വാട്ട്സാപ്പിൽനിന്ന് എന്തെങ്കിലും അസംബന്ധം പൊക്കിക്കൊണ്ടുവന്നതാണോ?

ബ്രജേഷ് (അവസാനം, അയാൾ ചർച്ചയിലേക്ക് പ്രവേശിച്ചു): നോക്കൂ, നമ്മൾ നിഗമനങ്ങളിലേക്ക് എടുത്തുചാടരുത്. ഒരുപക്ഷേ എല്ലാ മുസ്ലിമുകളും പോയിട്ടുണ്ടാവില്ല. ഇതുപോലെയുള്ള കാര്യങ്ങളൊക്കെ നമ്മൾ സാമാന്യവത്ക്കരിച്ചാൽ, നമ്മളും ഇത്തരം അവ്യക്തമായ കാര്യങ്ങൾ കെട്ടിച്ചമക്കുന്നതിൽ കുറ്റക്കാരായിത്തീരും. ഔദ്യോഗികമായ എന്തെങ്കിലും സ്ഥിരീകരണത്തിന് നമ്മൾ കാത്തിരുന്നേ പറ്റൂ. അതേസമയം, ഈ കഥ നമ്മുടെ ന്യൂസ് ബുള്ളറ്റിനിൽ കൊടുക്കുകയും ചെയ്യാം. മറ്റ് ചാനലുകൾ ഈ വാർത്ത ഏറ്റെടുത്തതിനാൽ നമുക്ക് ഇത് അവഗണിക്കാനാവില്ല. ആരെങ്കിലും പോയി അർച്ചനയോട്– അവൾ രണ്ടാമത്തെ സ്റ്റുഡിയോയിലുണ്ടെന്ന് തോന്നുന്നു – അവളോട് പറയൂ, നിരവധി മുസ്ലിങ്ങൾ ദില്ലിയിൽനിന്ന് അപ്രത്യക്ഷരായെന്ന് കിംവദന്തികൾ വരുന്നുണ്ടെന്ന്.

ആദ്യത്തെ പത്രപ്രവർത്തകൻ (ഇടപെട്ടുകൊണ്ട്): സർ, നോക്കൂ, ആനന്ദ്ജി കുറ്റപ്പെടുത്തുന്നതുപോലെ ഞാൻ വാട്ട്സാപ്പ് ഫോർവേർഡുകളെ ആശ്രയിക്കുന്നൊന്നുമില്ല. നമ്മുടെ റിപ്പോർട്ടർമാർ തരുന്ന വിവരങ്ങളെയാണ് ഞാൻ കണക്കിലെടുക്കുന്നത്. ഇതാ, എന്റെ മൊബൈലിൽ ന്യൂസ് വരുന്നുണ്ട്, അകത്തേക്ക് വരുന്ന ട്രെയിനുകളിലൊന്നും മുസ്ലിം യാത്രക്കാർ ഇല്ലെന്ന്. ഇന്റലിജൻസ് ബ്യൂറോയും ശരിവെക്കുന്നുണ്ട് ഇത്. അവരുടെ വാർത്തകൾ മുഖവിലയ്ക്കെടുക്കാൻ പറ്റില്ലെന്ന് എനിക്കറിയാം. ഇന്നത്തെ കാലത്ത്, അവരും, ചില ന്യൂസ് ചാനലുകളെപ്പോലെ വ്യാജവർത്തകൾ പുറത്തുവിടുന്നുണ്ട്. പക്ഷേ ഇത് വളരെ കത്തിപ്പിടിക്കുന്ന ഒന്നാണ് തികച്ചും ഞെട്ടിപ്പിക്കുന്നത്. ഇങ്ങനെയൊരു കഥയൊക്കെ ആരെങ്കിലും കെട്ടിച്ചമയ്ക്കുമോ?

ആനന്ദ്: കോടതികളുമായി ഒന്ന് ഒത്തുനോക്കൂ. വിചാരണ റിപ്പോർട്ട് ചെയ്യുന്ന ആരെങ്കിലുമായി ബന്ധപ്പെടൂ. കുറ്റമാരോപിക്കപ്പെട്ടവരാങ്കിലും അപ്രത്യക്ഷരാവുന്നതിൽനിന്ന്..തടയപ്പെട്ടിട്ടുണ്ടോ എന്ന്..അവരെ കോടതിയിൽ കൊണ്ടുവന്നിട്ടുണ്ടോ?

ആദ്യത്തെ പത്രപ്രവർത്തകൻ (അല്പം തമാശയായി ആത്മഗതം): ഒരുപക്ഷേ അപ്രത്യക്ഷരായവർ സൌകര്യപൂർവ്വം, കൊലപാതകികളേയും, പിക്പോക്കറ്റുകാരേയും ബലാത്സംഗികളേയും കള്ളന്മാരേയും ഉപേക്ഷിച്ചുപോയിട്ടുണ്ടെങ്കിലോ?  ആവശ്യമില്ലാത്തവരെ ഒഴിവാക്കിയതാണെങ്കിലോ?

രണ്ടാമത്തെ പത്രപ്രവർത്തകൻ (ആദ്യത്തെയാളെ ദേഷ്യത്തോടെ തടയുന്നു): ഇത് നിങ്ങൾക്ക് തമാശകൾ എഴുന്നള്ളിക്കാനുള്ള സമയമല്ല. ഇത് സത്യമാണെങ്കിൽ, വളരെ ഗൌരവമുള്ള കാര്യമാണ്. രാഷ്ട്രീയമായ പ്രത്യാഘാതങ്ങളുള്ള ഒന്ന്. തിഹാർ ജെയിലിൽ നിങ്ങൾക്ക് പരിചയമുള്ളവരെ വിളിക്കൂ. മുസ്ലിം ക്രിമിനലുകൾ ഇപ്പോഴും ജയിലിലുണ്ടോ എന്ന് കണ്ടുപിടിക്കൂ.

ആദ്യത്തെ പത്രപ്രവർത്തകൻ (തിഹാർ ജയിലിലേക്ക് വിളിച്ച് ഫോൺ സ്പീക്കറിലിടുന്നു): ഞൻ ഇൻസൈറ്റിൽനിന്ന് വിളിക്കുകയാണ്. ഇതാരാ വാർഡനാണോ?

വാർഡൻ (സ്പീക്കറിൽ സംസാരിക്കുന്നു): അതെ, സർ. എനിക്ക് അങ്ങയുടെ ശബ്ദം മനസ്സിലായി. രാവിലെമുതൽ കോളുകൾ വന്നുകൊണ്ടിരിക്കുകയാണ്. പക്ഷേ ഞാനെന്തെങ്കിലും പറയുന്നതിന് മുൻപ് ഒരു കാര്യം, ഈ പറയുന്നതെല്ലാം അനൌദ്യോഗികമായിരിക്കും. താങ്കളുടെ പത്രാധിപർ ഒരു പഴയ സുഹൃത്തായതുകൊണ്ട് നിങ്ങളെ വിശ്വസിക്കാമെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് ഞാനിത് പറയുന്നത്.

ആദ്യത്തെ പത്രപ്രവർത്തകൻ: അതെ സർ, എനിക്ക് മനസ്സിലാവുന്നുണ്ട്.

വാർഡൻ: സത്യമെന്താണെന്നുവെച്ചാൽ, അവരെല്ലാവരും പോയിക്കഴിഞ്ഞു. എല്ലാ മുസ്ലിം കുറ്റവാളികളും. ചുമ്മാ അപ്രത്യക്ഷരായി. അവർ ഗുരുവിന്റെ (ഒന്ന് നിർത്തിയിട്ട്)..ഇത് ഞാൻ പറഞ്ഞതായി എഴുതരുത് കേട്ടോ – ആ തീവ്രവാദി ഗുരുവിന്റെ കുഴിമാടം പോലും മാന്തിക്കുഴിച്ചിട്ടുണ്ട്.. മണ്ണ് മാറ്റി അവർ അസ്ഥികൂടം കൊണ്ടുപോയിരിക്കുന്നു. അത് കാണാനില്ല.

രണ്ടാമത്തെ പത്രപ്രവർത്തകൻ (ഫോണിലേക്ക് സംസാരിക്കുന്നു): വാർഡൻ സാർ, ഞാൻ അർജ്ജുനനാണ്. അവർക്കെങ്ങിനെയാണ് കുഴിമാടവുമായി പോകാൻ കഴിയുക?

വാർഡന്റെ ശബ്ദം: കുഴിമാടമല്ല സർ. അസ്ഥികൂടം..അവർ… (ലൈൻ കട്ടാവുന്നു)

ആനന്ദ്: ഇത് കൂടുതൽ ഗൌരവമാവുകയാണല്ലോ. ഞാൻ എല്ലാ ബ്യൂറോയേയും അറിയിക്കട്ടെ. അടുത്ത കുറച്ച് ദിവസം നമുക്ക് പണി കൂടുമെന്ന് എനിക്കൊരു തോന്നൽ. അയാൾ (ലാപ്ടോപ്പിൽ സന്ദേശങ്ങളയയ്ക്കുന്നു). ഓ, മറക്കുന്നതിനുമുൻപ് ഒരു കാര്യം..ആ കുത്തുബ്, അത് അപ്രത്യക്ഷമായി എന്നത് സത്യമാണോ? അത് ബോംബായിരുന്നോ?

ബ്രജേഷ്: അല്ല, ഞാൻ മനസ്സിലാക്കിയത്, സ്ഫോടനമൊന്നും ഉണ്ടായിട്ടില്ലെന്നാണ്.

ആനന്ദ്: പിന്നെ എങ്ങിനെയാണ് അത്തരമൊരു സ്മാരകം വീണത്?

ബ്രജേഷ്: അത് വീഴുകയായിരുന്നില്ല..അപ്രത്യക്ഷമായെന്നാന് കേൾവി. അതിന്റെ മുഴുവനായുംതന്നെ..

ആനന്ദ്: നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത്?

ബ്രജേഷ്: അത് ഇപ്പോൾ അവിടെയില്ലെന്ന്.

ആനന്ദ്: (അവിശ്വാസത്തോടെ): പിന്നെ എവിടെയാണ് ഇപ്പോൾ അത്?

ബ്രജേഷ്: എനിക്കറിയില്ല. ആർക്കുമറിയില്ലെന്ന് തോന്നുന്നു. കുത്തുബ് അപ്രത്യക്ഷമായെന്നുള്ള വാർത്തകൾ ചുറ്റും പരക്കുന്നുണ്ട്. ഒരുസമയത്ത് അതവിടെ ഉണ്ടായിരുന്നു. പിന്നെ നോക്കുമ്പോൾ കാണുന്നില്ല. ചിലർ പറയുന്നു, ദൈവത്തിന്റെ പണിയാണെന്ന്, മറ്റ് ചിലർ ചെകുത്താന്റെ തലയിലാണ് കെട്ടിവെക്കുന്നത്. അതോ, ഇനി ഏതെങ്കിലും മാന്ത്രികന്റെ പണിയോ മറ്റോ ആണോ? ചിലപ്പോൾ, ഏതെങ്കിലും ഭ്രാന്തൻ ചാനലുകളിലെ ഏതെങ്കിലും റിപ്പോർട്ടർമാർ മയക്കുമരുന്നടിച്ചിരിക്കുമ്പോൾ തോന്നിയതുമാകാം

രണ്ടാമത്തെ പത്രപ്രവർത്തകൻ: ശരി, കുത്തബ് ചിലപ്പോൾ തിരിച്ചുവന്നേക്കാം, ഒരുപക്ഷേ അത് അപ്രത്യക്ഷമായി എന്നത് ഒരു വിഭ്രമമാകാം. പക്ഷേ എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരായത് എങ്ങിനെയാണ്? അവരൊക്കെ പറുദീസയിലേക്കോ, ജന്നത്തിലേക്കോ, ബിഹഷ്തിലേക്കോ പോയോ?

ആദ്യത്തെ പത്രപ്രവർത്തകൻ: ഇന്റലിജൻസിലെ ചിലർ സംശയിക്കുന്നത് അവർ കശ്മീരിലേക്ക് പോയെന്നാണ്.

രണ്ടാമത്തെ പത്രപ്രവർത്തകൻ: പക്ഷേ റിപ്പോർട്ടുകൾ പറയുന്നത് അവരെല്ലാവരും ഇന്ത്യ വിട്ടു എന്നാണല്ലോ?

ആദ്യത്തെ പത്രപ്രവർത്തകൻ: കശ്മീരിൽനിന്ന് എന്നല്ലല്ലോ.

രണ്ടാമത്തെ പത്രപ്രവർത്തകൻ: ആ പറഞ്ഞതിന്റെ അർത്ഥമെന്താണ്? നമ്മൾ ആർട്ടിക്കിൾ 370 റദ്ദാക്കി, ജമ്മു-കശ്മീരിനുണ്ടായിരുന്ന പ്രത്യേകപദവി എടുത്തുകളഞ്ഞില്ലേ? മുസ്ലിങ്ങൾക്ക് ഭൂരിപക്ഷമുള്ള പ്രവിശ്യയിൽനിന്ന് നമ്മൾ രണ്ട് കേന്ദ്രഭരണപ്രദേശങ്ങൾ സൃഷ്ടിച്ചില്ലേ? കശ്മീർ ഇന്ത്യയിലാണ്, അല്ലേ? (ഒന്ന് നിർത്തുന്നു)..അല്ല..അല്ല..ഇത് ഭയങ്കരമായിപ്പോയി. ഒരു ജനസമുദായം മുഴുവൻ എങ്ങിനെയാണ് അപ്രത്യക്ഷമാവുക. ഇതൊരു സ്വപ്നമാണ്.

ആദ്യത്തെ പത്രപ്രവർത്തകൻ (ശബ്ദമുയർത്തിക്കൊണ്ട്): സ്വപ്നമല്ല. ദുസ്വപ്നം! 200 ദശലക്ഷം ആളുകൾ എങ്ങിനെയാണ് പെട്ടെന്ന് വിട്ടുപോവുക? അവരെ കശ്മീരിൽ‌പ്പോലും ഒതുങ്ങില്ലല്ലോ. ഇത് സത്യമായും ഒരു വ്യാജവാർത്തയാണ്.

ആനന്ദ്(ഇടപെട്ടുകൊണ്ട്): നോക്ക്, നമുക്ക് ഗൂഢാലോചനാസിദ്ധാന്തങ്ങൾ ചർച്ച ചെയ്ത് സമയം കളയാനില്ല. എനിക്ക് തോന്നുന്നത്, നിങ്ങൾ രണ്ടുപേരും ഡെസ്കിലേക്ക് പോയി, എന്തെങ്കിലും വാർത്തകൾ നമുക്ക് കിട്ടാതെ പോയിട്ടുണ്ടോ എന്ന് ഉറപ്പാക്കണം. പക്ഷേ ധൃതിപിടിച്ച് ഒന്നും ചെയ്യുകയുമരുത്. ബ്രജേഷും ഞാനും ഈ ന്യൂസെടുത്ത് പല കോണുകളിൽനിന്ന് അല്പസമയത്തിനകം അതിനെക്കുറിച്ച് ചർച്ച ചെയ്യും. ഇതിനെക്കുറിച്ച് അർത്ഥവത്തായ എന്തെങ്കിലും ചർച്ച ചെയ്യാനോ, സംവദിക്കാനോ സമയമായിട്ടില്ല.

(രണ്ട് പത്രപ്രവർത്തകരും രംഗത്തുനിന്ന് പോവുന്നു)

ആനന്ദ്: ബ്രജേഷ്ജി, നിങ്ങൾ എന്താണ് കരുതുന്നത്? ഇത് സത്യമാണോ? എല്ലാ മുസ്ലിങ്ങളും കെട്ടും കെട്ടി എന്തിന് പോവണം?

ബ്രജേഷ് (സമ്മതിച്ചുകൊണ്ട്): ഈ രഹസ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം അതല്ലേ? നിങ്ങളവരെ ഷൂസുകൊണ്ട് തല്ലി അപമാനിക്കുന്നു; പട്ടാപ്പകൽ അവരെ നിങ്ങൾ കൊല്ലുന്നു; അവരുടെ അമ്മമാരേയും, പെണ്മക്കളേയും, സഹോദരിമാരേയും ബലാത്കാരം ചെയ്യുന്നു; പശുവിനെ കൊന്നു എന്ന കള്ളക്കഥ മിനഞ്ഞുണ്ടാക്കി ആൾക്കൂട്ടക്കൊല ചെയ്യുന്നു. ഇതൊക്കെ നടക്കുന്നതാകട്ടെ, ദില്ലിയുടെ തൊട്ടടുത്ത്, ഹരിയാനയിൽ. എന്നിട്ട് ഇതിന്റെ വീഡിയോകളെടുത്ത് ദിവസം മുഴുവൻ കാണിക്കുന്നു, വീണ്ടും വീണ്ടും ലൈവ് കാണിക്കാൻ നിർബന്ധിതരാവുന്നു. ആലോചിച്ചുനോക്കൂ, ഹിന്ദുരാഷ്ട്രത്തിനുവേണ്ടിയുള്ള ആഗ്രഹത്തിൽ, മുസ്ലിങ്ങളുടെ ഈ അപ്രത്യക്ഷമാവൽ, വലിയൊരു നാഴികക്കല്ലായിരിക്കും.

ആനന്ദ് (സംശയത്തോടെ): മുസ്ലിങ്ങൾക്ക് ഇതിൽ ഒരു കൈയ്യുമില്ല. നമ്മളൊരിക്കലും നമ്മുടെ വിശ്വാസങ്ങൾ അവരുടെമേൽ അടിച്ചേൽ‌പ്പിച്ചിട്ടില്ല. ഹിന്ദുക്കളാണ് വിദേശഭരണത്തിന്റെ കീഴിൽ ദുരിതമനുഭവിച്ചിട്ടുള്ളത്.

ബ്രജേഷ്: കാലം മാറിയിരിക്കുന്നു. ഇത് ഹിന്ദുക്കൾ ഉണരാൻ തുടങ്ങുന്ന കാലമാണ്. ഞാനൊരു പുരോഗമനസ്വഭാവക്കാരനാണെങ്കിലും, പുരാതനമായ ഹിന്ദു ആചാരങ്ങളുടെ മൂല്യങ്ങളോട് സത്യസന്ധത പുലർത്തണമെന്ന വിശ്വാസക്കാരനാണ്.

ആനന്ദ്: മുസ്ലിങ്ങൾ ഇവിടെയുണ്ടായിരുന്നപ്പോൾ അത് സാധ്യമായിരുന്നില്ലെന്നാണോ നിങ്ങൾ സൂചിപ്പിക്കുന്നത്?

ബ്രജേഷ്: അവർക്ക് നമ്മുടെ പുരാതന സംസ്കാരത്തെക്കുറിച്ച് അറിയില്ല. എങ്ങിനെ പറ്റും? അവർ വരുന്നതിനും മുമ്പ് ഉണ്ടായിരുന്നതല്ലേ അത്? അക്ബർ മുതൽ ഏറ്റവും ഒടുവിലത്തെ മുഗൾ രാജാക്കന്മാർവരെയുള്ളവർ നമ്മുടെ സംസ്കാരത്തെ ആരാധിച്ചിരുന്നു എന്നതൊക്കെ ശരിയാണെങ്കിലും. പക്ഷേ ഇപ്പോൾ അതിലേക്കൊക്കെ എന്തിന് പോകണം? ഒരു സമുദായം മുഴുവൻ അപ്രത്യക്ഷമായ സ്ഥിതിക്ക് ഇനി അതൊക്കെ അപ്രസക്തമാണ് (ചുമൽ കുലുക്കുന്നു). (ഏകദേശം മുപ്പതോടടുത്ത ഉയരം കുറഞ്ഞ ഒരു ഓഫീസ് ഗുമസ്തൻ സ്റ്റുഡിയോയിലേക്ക് ധൃതിയിൽ കടന്നുവന്നതോടെ അവരുടെ സംഭാഷണം മുറിയുന്നു).

ഗുമസ്തൻ: ശല്യപ്പെടുത്തിയതിന് ക്ഷമിക്കണം. പക്ഷേ ഒരു ന്യൂസ് നിങ്ങളുമായി പങ്കുവെക്കണമെന്ന് ന്യൂസ് ഡെസ്കിൽനിന്ന് എന്നോട് പറഞ്ഞു.

ആനന്ദ്: വാർത്തകൾ വരാൻ തുടങ്ങിയാൽ‌പ്പിന്നെ പെരുമഴയാണ്. (ഗുമസ്തനുനേരെ തിരിഞ്ഞ്) എന്ത് വാർത്തയാണ് ഞങ്ങൾക്കായി കൊണ്ടുവന്നത്?

ഗുമസ്തൻ: സർ, എന്റെ വീടിന്റെയടുത്തുള്ള റഷീദിന്റെ എരുമത്തൊഴുത്തിന്റെ കാര്യമാണ്. ഇന്ന് രാവിലെ നോക്കിയപ്പോൾ അത് ഒഴിഞ്ഞുകിടക്കുന്നു. റഷീദും കുടുംബവും അപ്രത്യക്ഷരായിരിക്കുന്നു.

ആനന്ദ്: എരുമകൾ അവിടെ ഇപ്പൊഴുമുണ്ടോ?

ഗുമസ്തൻ: ഉണ്ട് സർ. അവ അവിടെത്തന്നെയുണ്ട്.

ആനന്ദ്: പിന്നെ നീയെന്തിനാ പരിഭ്രമിക്കുന്നത്? നിനക്ക് താത്പര്യം എരുമകളിലാണോ അതോ റഷീദിലോ?

ഗുമസ്തൻ: ഞങ്ങളെല്ലാം റഷീദിനെക്കുറിച്ചോർത്താണ് വിഷമിക്കുന്നത് സർ. എങ്ങിനെ വിഷമിക്കാതിരിക്കും. അയാൾ ഞങ്ങളുടെ അയൽക്കാരനല്ലേ? ഞങ്ങളുടെ വീട്ടിലെ പാൽ മുഴുവൻ അവന്റെ എരുമകളിൽനിന്ന് കിട്ടുന്നതല്ലേ? നല്ല കൊഴുപ്പുള്ള പാലാണ് സർ..നല്ല ശുദ്ധമായത്..അകിടിൽനിന്ന് നേരിട്ട് കറന്നെടുക്കുന്നത്..ഇപ്പോൾ അയാൾ പോയിരിക്കുന്നു.

ആനന്ദ്: പരിഭ്രമിക്കേണ്ട കാര്യമൊന്നുമില്ല. അതേ പാൽതന്നെ ഇനിയും നിങ്ങൾക്ക് കിട്ടും. ചിലപ്പോൾ, പാൽ വിറ്റ് അതിന്റെ ലാഭത്തിൽ ഒരോഹരിപോലും നിങ്ങൾക്ക് കിട്ടാനും മതി. എരുമകളിൽനിന്നുള്ള ലാഭം മുഴുവൻ ഇനി നമ്മൾതമ്മിൽ പങ്കിട്ടെടുക്കും.

ബ്രജേഷ് (അയാളുടെ കണ്ണുകളിൽ തിളങ്ങുന്നു): അനിത എപ്പോഴും സ്വപ്നം കാണും, സ്വന്തമായി പശുക്കളും എരുമകളും കോഴികളുമൊക്കെയുള്ള ഒരു കൃഷിസ്ഥലം.

ആനന്ദ്: ഇത് ഏത് അനിതയാണ്?

ബ്രജേഷ്: എന്റെ ഭാര്യ, അല്ലാതാരാ..നിനക്ക് അവളെ അറിയാമല്ലോ.

ആനന്ദ്: ഓ, അറിയാം..പക്ഷേ ഒരു തൊഴുത്തിൽനിന്ന് കൃഷിസ്ഥലമുണ്ടാക്കാൻ പറ്റില്ലല്ലോ..

ബ്രജേഷ്: ഞാനവളെ ഒന്ന് വിളിക്കട്ടെ (ഒരു മൂലയിൽ പോയി നമ്പർ കറക്കി, പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കുന്നു. വിളിച്ചുകഴിഞ്ഞ് തിരിച്ചുവരുന്നു).

ആനന്ദ്: (ബ്രജേഷിനുനേരെ തിരിഞ്ഞ്): നിങ്ങൾ മിടുക്കനാണ്, സംശയമില്ല. പക്ഷേ റഷീദിന്റെ വഴിയിലൂടെ കുറച്ച് താഴേക്ക് പോയാൽ അവിടെ അൽതാഫ് ഭായിയുടെ ഒരു വലിയ ബംഗ്ലാവും അത് നിൽക്കുന്ന കുറേ ഏക്കർ സ്ഥലവുമുണ്ടെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഈ എരുമകളെ ആ ബംഗ്ലാവിലേക്ക് മാറ്റിപ്പാർപ്പിച്ചാൽ, നല്ല ഒരു കൃഷിസ്ഥലം തുടങ്ങുന്നതിനെക്കുറിച്ച് നമുക്ക് ചിന്തിക്കാം.

ബ്രജേഷ്: പക്ഷേ അൽതാഫ് ഭായ് അതിൽ അവകാശം ഉന്നയിക്കില്ലെന്ന് നിങ്ങൾക്കെങ്ങിനെയറിയാം?

ആനന്ദ്: നോക്കൂ, എല്ലാ മുസ്ലിങ്ങളും പോയിക്കഴിഞ്ഞുവെങ്കിൽ, അൽതാഫും പോയിട്ടുണ്ടാവുമെന്ന് നമുക്ക് ഊഹിച്ചുകൂടേ?

ഗുമസ്തൻ: അയാളും അപ്രത്യക്ഷനായോ സർ?

 

ആനന്ദ്: ഉവ്വ്, എല്ലാ മുസ്ലിങ്ങളും അപ്രത്യക്ഷരായിട്ടുണ്ടെങ്കിൽ അയാളും പോയിട്ടുണ്ടാവുമെന്ന് കരുതാം (ആകാശത്തേക്ക് നോക്കി, കൈകളുയർത്തി, ദൈവത്തിന്റെ അനുഗ്രഹം പ്രതീക്ഷിക്കുന്നതുപോലെ നിൽക്കുന്നു)..എന്നോട് ചോദിച്ചാൽ ഞാൻ പറയും നമ്മൾ പൊട്ടന്മാരാണെന്ന്..200 ദശലക്ഷം മുസ്ലിങ്ങൾ പോയിക്കഴിഞ്ഞിട്ടും, നമ്മൾ റഷീദിനെയും അൽതാഫിനെയും കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഗുമസ്തൻ: സർ പറഞ്ഞതുപോലെ, അവർ അപ്രത്യക്ഷരായിരിക്കുന്നു..

ആനന്ദ്: ഇടയിൽക്കയറി പറയുന്നത് നിർത്ത്..അതെ, അപ്രത്യക്ഷരായി..അപ്പോൾ അവരുടെ സ്വന്തമായിരുന്ന കച്ചവടങ്ങളും വ്യവസായങ്ങളുമോ?

ബ്രജേഷ്: അത്രയധികം വ്യവസായങ്ങൾ അവർക്ക് സ്വന്തമായുണ്ടായിരുന്നോ?

ആനന്ദ്: ആലോചിച്ചുനോക്ക്..200 ദശലക്ഷം ആളുകൾ അവരുടെ വീടുകളും, പറമ്പുകളും, കച്ചവടവും, പശുത്തൊഴുത്തുകളും, എരുമത്തൊഴുത്തുകളും, അങ്ങിനെ, കോടാനുകോടി രൂപയുടെ സാധനങ്ങൾ ഉപേക്ഷിച്ച് പോയിരിക്കുന്നു. ഇതെല്ലാം, ലാഭവിഹിതമാണ് മുസ്ലിം മുക്തമായ ഒരു ഭാരതത്തിൽനിന്ന് കിട്ടുന്ന ലാഭവിഹിതം.. ഈ വിഹിതം നമ്മൾ നമുക്കിടയിൽ വീതിച്ചെടുക്കണം. ആർക്ക് എന്തൊക്കെ കിട്ടുമെന്ന് കണ്ടറിയണം.

(സ്റ്റേജിലെ വെളിച്ചം മങ്ങിമങ്ങി, കെടുന്നു)

 

തുടരും… അടുത്ത സീൻ ആഗസ്ത് 18 ന് വായിക്കുക.


പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

 

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.