A Unique Multilingual Media Platform

The AIDEM

Literature Politics Society

മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 6

  • September 14, 2022
  • 1 min read
മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ – 6

രണ്ടാം അങ്കം

രംഗം 1

(അശോകാ റോഡിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന്റെ മുമ്പിൽനിന്നുള്ള വീഡിയോ ദൃശ്യത്തിലേക്ക്. ഒരു പത്രസമ്മേളനത്തിനായി ഏഴ് കസേരകൾ അർദ്ധവൃത്താകൃതിയിൽ ഇട്ടിരിക്കുന്നു. നടുവിൽ വെച്ചിട്ടുള്ള മേശയിൽ ഒരു ഗുമസ്തൻ മൈക്ക് ഘടിപ്പിക്കുന്നു. കയറുകൾകൊണ്ട് വലിച്ചുകെട്ടിയ ഒരു സ്ഥലത്തിനകത്ത് പത്രപ്രവർത്തകരും ടിവി ചാനൽ പ്രവർത്തകരും തിക്കിത്തിരക്കുന്നു).

ഒരു ക്യാമറമാൻ (അക്ഷമയോടെയും ദേഷ്യത്തോടെയും): ദയവായി പത്രസമ്മേളനം തുടങ്ങൂ. ഞങ്ങൾക്ക് മുഴുവൻ ദിവസമൊന്നും കാത്തിരിക്കാൻ പറ്റില്ല. മാത്രമല്ല, ഞങ്ങളിൽ ചിലർക്ക് കുത്തബിലേക്കും മറ്റ് ചിലർക്ക് ചെങ്കോട്ടയിലേക്കും പോവേണ്ടതുണ്ട്.

മൈക്ക് ഘടിപ്പിക്കുന്നയാൾ: ചെങ്കോട്ടയും അപ്രത്യക്ഷമായോ? ഇല്ല, ദിവാൻ ഇ ഖാസിൽ മറ്റൊരു പത്രസമ്മേളനത്തിനുള്ള ഒരുക്കങ്ങൾ ചെയ്തുകഴിഞ്ഞതിനാൽ, അത് സാധ്യമല്ല.

(തിരഞ്ഞെടുപ്പ് കമ്മീഷൻ കെട്ടിടത്തിൽനിന്ന്, നെറ്റിയിൽ ഭസ്മം പൂശിയ ഒരാൾ പ്രത്യക്ഷപ്പെടുന്നു. കൈയ്യിൽ കുറിപ്പുകളുള്ള അയാളാണ് വക്താവ്).

വക്താവ് (കുറിപ്പുകൾ നോക്കി വായിക്കുന്നു): മാന്യന്മാരേ മഹതികളേ, ഞാൻ വിവരം അറിയിക്കാം (തൊണ്ട ശരിയാക്കുന്നു). ദേശീയ യജ്ഞ കമ്മിറ്റിയുടെ അഭ്യർത്ഥന തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചു, തിരഞ്ഞെടുപ്പ് കമ്മീഷൻ കെട്ടിടത്തിന്റെ മുമ്പിലുള്ള റോഡിൽ‌വെച്ച്, ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ യജ്ഞം നടത്താനുള്ള അനുവാദം നൽകാൻ തീരുമാനിച്ചിരിക്കുന്നു. പൂജ നടത്തുന്നതിനായി, റോഡ് അടയ്ക്കുകയും, അതിന്റെ ഒരു ഭാഗത്ത്, തീക്കുണ്ഡത്തിനുള്ള കുഴി കുഴിക്കുകയും ചെയ്യുന്നതായിരിക്കും. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്നുള്ള മൂവായിരം ആചാര്യന്മാർ എത്തിക്കഴിഞ്ഞു. തീക്കുണ്ഡം, അഥവാ, അതിനായി അടയാളപ്പെടുത്തിയ സ്ഥലം തയ്യാറാവുകയും ദിവ്യാഗ്നി കൊളുത്തുകയും ചെയ്താൽ, 500 കിലോഗ്രാം നെയ്യ്, ചന്ദനവിറകുകളിൽ തൂവുന്നതായിരിക്കും.

മുമ്പിലുള്ള ഒരു റിപ്പോർട്ടർ: ഈ യജ്ഞം എന്തിനുള്ളതാണ്?

വക്താവ്: തിരഞ്ഞെടുപ്പ് നീട്ടിവെച്ചതിനെ ആശീർവ്വദിക്കാനും, മുസ്ലിമുകൾ തിരിച്ചുവരാനും വേണ്ടിയുള്ളതാണ് ഇത്. യജ്ഞത്തിന്റെ അവസാനം നടത്തുന്ന അറിയിപ്പിൽ ബാക്കിയുള്ള വിവരങ്ങൾ പങ്കുവെക്കാം.

രണ്ടാമത്തെ റിപ്പോർട്ടർ: ഒരു സമാന്തര തിരഞ്ഞെടുപ്പ് കമ്മീഷൻ പത്രസമ്മേളനം ചെങ്കോട്ടയിലെ ദിവാൻ ഇ ഖാസിൽ നടക്കുന്നുണ്ടെന്ന് മനസ്സിലാക്കുന്നു. അതിന്റെ ഉദ്ദേശ്യങ്ങൾ എന്താണ്?

വക്താവ്: അതിനെക്കുറിച്ച് അഭിപ്രായം പറയാൻ എനിക്കാവില്ല.

പിന്നിലുള്ള ഒരു റിപ്പോർട്ടർ (ഉറക്കെ): തിരഞ്ഞെടുപ്പ് വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ അഭിപ്രായഭിന്നതയുണ്ടെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്.

രണ്ടാമത്തെ റിപ്പോർട്ടർ: ഇവിടെവെച്ച് യജ്ഞം നടത്താൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ നരസിംഹൻ അനുവാദം കൊടുത്തിട്ടുണ്ടെന്നും, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ അതിനെ എതിർത്തിട്ടുണ്ടെന്നും ഞാൻ കരുതുന്നു. അവർ യജ്ഞത്തിനും, ദില്ലിയിലെ ലുട്ടിയൻസിലുള്ള ഒരു പ്രധാന റോഡ് ഒരു മതചടങ്ങിനുവേണ്ടി കുത്തിക്കുഴിക്കുന്നതിനും എതിരാണ്.

ആദ്യത്തെ റിപ്പോർട്ടർ: ചെങ്കോട്ടയിലെ പത്രസമ്മേളനം എന്തെങ്കിലും വിധത്തിലുള്ള പ്രതിഷേധമാണോ?

വക്താവ്: ഒന്നും പറയാനില്ല. നന്ദി.

(റിപ്പോർട്ടർമാർ പോകാനൊരുങ്ങുന്നു. അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിന്റെ മുമ്പിലുള്ള അശോകാ റോഡിൽ കുത്തിക്കുഴിക്കാനുള്ള തുടക്കമായി. ചരിത്രത്തിലെ ഏറ്റവും വലിയ യജ്ഞകുണ്ഡം തയ്യാറാവുന്നതിന് ദൃക്‌‌സാക്ഷികളാവാൻ ഒരു വിഭാഗം മാധ്യമങ്ങൾ അവിടെത്തന്നെ നിൽക്കുന്നു. മറ്റുള്ളവർ അവരുടെ വാനുകളിൽ ചെങ്കോട്ടയിലേക്ക് പുറപ്പെട്ടുവെങ്കിലും, പത്രസമ്മേളനം തിരഞ്ഞെടുപ്പ് ആസ്ഥാനത്താണ് നടക്കുന്നത് എന്നുള്ള മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ നരസിംഹന്റെ പെട്ടെന്നുള്ള അറിയിപ്പിനെത്തുടർന്ന് തിരിച്ചുവരുന്നു).

രംഗം 2

(വീഡിയോ ദൃശ്യം തുടരുന്നു. സുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അകമ്പടിയോടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സി..സി) ഉപവിഷ്ടനായി. തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസ് സമുച്ചയത്തിൽ വമ്പിച്ച പൊലീസ് ബന്തവസ്സ് ഏർപ്പാടാക്കിയിട്ടുണ്ട്. അല്പം പരിഭ്രമിച്ചുകൊണ്ട്, നരസിംഹൻ എന്ന സി..സി. ഒരൊറ്റവരി പ്രസ്താവന വായിക്കുന്നു).

നരസിംഹൻ (ക്ഷമാപണത്തോടെ): ഞാൻ കാര്യം മാത്രം പറയാം. എന്നോട് ദയവായി ഇങ്ങോട്ട് ചോദ്യങ്ങൾ ചോദിക്കരുത്, കാരണം, ഞാൻ മറുപടി പറയാൻ പോവുന്നില്ല. അതുകൊണ്ട്, ഇതാ, ഏറ്റവും പ്രധാനപ്പെട്ട അറിയിപ്പ്. മുസ്ലിങ്ങളുടെ തിരിച്ചുവരവിനുശേഷം മാത്രമേ തിരഞ്ഞെടുപ്പ് നടത്തൂ. ഞാൻ ആവർത്തിക്കുന്നു. തിരഞ്ഞെടുപ്പ് നടത്തുന്നത്, മുസ്ലിങ്ങളുടെ തിരിച്ചുവരവിനുശേഷം മാത്രം ആയിരിക്കും. (എഴുന്നേറ്റ്, ചോദ്യങ്ങൾ അവഗണിച്ചുകൊണ്ട് സ്ഥലം വിടുന്നു. വീഡിയോ അവസാനിക്കുന്നു, രംഗത്ത് ഇരുട്ട് അവശേഷിക്കുന്നു).

ഒരു ടിവി അവതാരകന്റെ ശബ്ദം: പ്രധാനവാർത്ത! മുസ്ലിങ്ങൾ തിരിച്ചുവരുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവെക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ പ്രഖ്യാപിച്ചിരിക്കുന്നു. കൂടുതൽ വിശേഷങ്ങൾ അല്പസമയത്തിനകം.. എന്നാൽ, തിരഞ്ഞെടുപ്പുകൾ നീട്ടിവെച്ചതിൽ രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണർമാർ എതിർപ്പ് അറിയിച്ചിട്ടുണ്ട്. “ഇത് സവർണ്ണരുടെ ഒരു അട്ടിമറിയാണെന്ന്” ആ രണ്ട് കമ്മീഷണർമാരിൽ ഒരാൾ ഞങ്ങളുടെ ചാനലിനോട് പറഞ്ഞു.

(വീഡിയോ ദൃശ്യത്തിൽ ഇപ്പോൾ ക്യാമറ നമ്മെ ശുക്ലാജിയുടെ വീട്ടിലേക്ക് കൊണ്ടുപോവുന്നു. ബ്രജേഷ് അച്ഛനുമായി ചൂടുള്ള ഒരു ചർച്ചയിൽ ഏർപ്പെട്ടുകൊണ്ടിരിക്കുമ്പോൾ സത്യം തിരക്കിട്ട് വിരുന്നുമുറിയിലേക്ക് വരുന്നു. അനിത ബ്രജേഷ് പറയുന്നത് ശ്രദ്ധയോടെ കേട്ടുകൊണ്ടിരിക്കുന്നു).

സത്യം (ആവേശത്തോടെ): എല്ലാവരും ശ്രദ്ധിക്കൂ..നിങ്ങൾ വിശ്വസിക്കില്ല..ഒരത്ഭുതം സംഭവിക്കുന്നുണ്ട്. ടിവി തുറന്നുനോക്കൂ..ലൈവ് കാണിക്കുന്നുണ്ട്!

(അനിതയും ബ്രജേഷും ധൃതിയിൽ ടിവി ഓൺ‌ചെയ്യുന്നു. കുത്തബ് അപ്രത്യക്ഷമായ സ്ഥലം മാധ്യമങ്ങൾ വളയുന്നത് ദൃശ്യത്തിൽ കാണാം. ഭൂമിക്കടിയിൽനിന്ന് ഒരു മുഴക്കം കേൾക്കുന്നു..ഒരു മൂടൽമഞ്ഞ് പരിസരത്തെ പൊതിയുന്നു. പെട്ടെന്ന്, നാടകീയമായി, കുത്തബ് വീണ്ടും അതിന്റെ എല്ലാ പ്രൌഢിയോടെയും പ്രത്യക്ഷമാവുന്നു. ബ്രജേഷിലേക്ക് രംഗം തിരിയുന്നു).

ബ്രജേഷ്: അച്ഛാ, കുത്തബ് അത് നിന്നിരുന്ന സ്ഥലത്തേക്ക് തിരിച്ചെത്തിയിരിക്കുന്നു!

ശുക്ലാജി: ഞാൻ പറഞ്ഞില്ലേ, അത് തിരിച്ചുവരുമെന്ന്..ഇനി നമ്മുടെ മുസ്ലിം സുഹൃത്തുക്കൾ തിരിച്ചുവരുന്നതിന് നമുക്ക് കാത്തിരിക്കാം.

(വീഡിയോ സം‌പ്രേക്ഷണം അവസാനിക്കുന്നു). (വെളിച്ചം പരക്കുന്നു. ഇപ്പോൾ നമ്മൾ സ്റ്റേജിൽ ഒരുക്കിയ സ്റ്റുഡിയോയിലാണ്. ആനന്ദും ബ്രജേഷും ആ ദിവസത്തെ പ്രധാന സംഭവങ്ങൾ അനൗപചാരികമായി ചർച്ച ചെയ്യുന്നു).

ആനന്ദ്: ഇന്നത്തെ ദിവസം.. എന്താണ് പറയേണ്ടതെന്നുപോലും എനിക്കറിയില്ല. കുത്തബ് മിനാർ വീണ്ടും പൊന്തിവന്നതിനെ നിങ്ങൾ എങ്ങിനെയാണ് കാണുന്നത്?

ബ്രജേഷ്: ആർക്കറിയാം, ഒരുപക്ഷേ അതൊരു വ്യാജ വീഡിയോ ആവാനും സാധ്യതയുണ്ട്. ഞാനുദ്ദേശിച്ചത്, കുത്തബ് ശരിക്കും വന്നിട്ടുണ്ടെങ്കിൽ അത് മറ്റൊരു കഥയാണ്. അത് നമുക്കുള്ള ഒരു സൂചനയാണ്. അതിനെ അപ്രത്യക്ഷരാക്കിയവർ നമുക്ക് നൽകുന്ന ഒരു സൂചന.

ആനന്ദ്: എന്ത് സൂചന?

ബ്രജേഷ്: അതായത്, മുസ്ലിങ്ങൾ നമ്മോട് പറയുകയാണ്, അവരുടേതായ എല്ലാം അവർക്ക് തോന്നും‌പടി ഇല്ലാതാക്കാനോ തിരിച്ച് കൊണ്ടുവരാനോ കഴിയുമെന്ന്.

ആനന്ദ് (ആശയക്കുഴപ്പത്തിലായതുപോലെ): അവർക്ക് എന്ത് തിരിച്ചെടുക്കാൻ കഴിയുമെന്നാണ്?

ബ്രജേഷ്: ഉദാഹരണത്തിന്, അവർക്ക് അവരുടെ ഭാഷ കൊണ്ടുപോകാൻ കഴിയുകയാണെങ്കിൽ, ആ ഭാഷയിലെഴുതിയ ആളുകളുടെ പുസ്തകങ്ങളും അവർക്ക് പുല്ലുപോലെ കൊണ്ടുപോകാൻ കഴിയും.

ആനന്ദ് (അമ്പരപ്പൊടെ): പണ്ഡിറ്റ് ദയ ശങ്കർ നസീം, ബ്രിജ് നാരായൺ ചക്ക്ബസ്ത്, രഘുപതി സഹായ്, ഫിറാഖ് ഗോരഖ്പുരി…ഇവരുടെയൊക്കെ കൃതികൾ അവർക്ക് അപ്രത്യക്ഷമാക്കാൻ കഴിയുമെന്നാണോ പറഞ്ഞുവരുന്നത്? അതുപോലെ, ഏറ്റവുമാദ്യം ഉറുദു ഗദ്യമെഴുതിയ രത്തൻ നാഥ് സർഷാറിന്റെയും? അതവർക്ക് കൊണ്ടുപോകാനാവുമോ? അതുപോലെ, പരമ്പരാഗത ഹിന്ദു ആചാരങ്ങളുടേയും ഹിന്ദിയുടേയും പുനരുദ്ധാരണത്തിനുവേണ്ടി ഖരി ബോലി സ്ഥാപിച്ച ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ കൃതിയും? ഉറുദുവിലെ പേർഷ്യനിലും അദ്ദേഹം ഗസലുകൾ എഴുതിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സ്ഥാനം എവിടെയാണ്? നമ്മുടെ ഭാഗത്തോ, അവരുടെ ഭാഗത്തോ? ഞാൻ നിങ്ങൾക്ക് ചില രസകരമായ ദൃശ്യങ്ങൾ കാട്ടിത്തരാം (തന്റെ പിന്നിലുള്ള സ്ക്രീനിൽ ഒരു വീഡിയോ ദൃശ്യം കാട്ടാൻ‌വേണ്ടി അയാൾ ഒരു റിമോട്ട് കൈയ്യിലെടുക്കുന്നു.

ഇരുവരും കസേരകൾ തിരിച്ചിട്ട് സ്ക്രീൻ കാണാനിരിക്കുമ്പോൾ സ്റ്റേജിലെ വെളിച്ചം മങ്ങുന്നു.

(ഭക്ഷണം പാചകം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ സ്ക്രീനിൽ തെളിയുന്നു ചൂളയിൽ ചുടുന്ന മാരിനേറ്റ് ചെയ്ത ആട്ടിറച്ചി, കനലിലെരിയുന്ന കോഴിയിറച്ചി, വിവിധതരം കബാബുകൾമുസ്ലിം പേരുകളിലുള്ള വിവിധ മാംസാഹാരങ്ങൾ: മുഗളായ്, ജഫറാനി, ഹൈദരാബാദി, ലഖ്നോയി, കക്കോരി, സംഭാൽ, രോഘൻ ജോഷ്, ഗോഷ്താബ, രിഷ്ത.. രാഷ്ട്രപതി ഭവനിലെ തീൻ‌മുറിയിൽ വിളമ്പുന്ന മുഗളായ് ഭക്ഷണത്തിലേക്ക് ക്യാമറ തിരിയുന്നു)

ബ്രജേഷ്: ഒന്ന് നിർത്താമോ, ഇങ്ങനെ കൊല്ലല്ലേ.. എന്റെ വായിൽ വെള്ളമൂറുന്നു.

(വീഡിയോ അവസാനിക്കുന്നു. സ്റ്റേജിൽ സാധാരണ വെളിച്ചം പരക്കുന്നു).

ആനന്ദ്: ഇനി ഇത്തരം ഭക്ഷണങ്ങൾ നിങ്ങൾക്ക് മറക്കാമെന്ന് ഞാൻ കരുതുന്നു. ഇനി നിങ്ങൾക്ക് നിങ്ങളുടെ സസ്യാഹാരത്തിലേക്ക് തിരിച്ചുപോകാം.. ബിരിയാണിയും പുലാവുമൊന്നും ഇല്ല..

ബ്രജേഷ് (പരിഹാസത്തോടെ): പക്ഷേ ഇതൊക്കെ മുസ്ലിം വിഭവങ്ങളാണെന്ന് ആരാണ് നിങ്ങളോട് പറഞ്ഞത്? ഭക്ഷണപ്രിയരുടെ അഭിപ്രായത്തിൽ ലോകത്തെ ഏറ്റവും നല്ല തന്തൂരി ഭക്ഷണം വിളമ്പുന്നത്, മൗര്യ ഷെറാട്ടണിലെ ബുഖാര റസ്റ്ററന്റിലാണ്. അവിടത്തെ പാചകക്കാർ മിക്കവരും ഹിന്ദുക്കളോ സിക്കുകളോ ആണ്. പക്ഷേ നിങ്ങൾ പറഞ്ഞത് ശരിയാണ്, ശുദ്ധമായ മുസ്ലിം ഭക്ഷണം മുസ്ലിം വീടുകളിലും ചേരികളിലുമാണ് കിട്ടുക. മുസ്ലിം പ്രദേശത്തെ ഭക്ഷണശാലകളൊക്കെ അപ്രത്യക്ഷമായിരിക്കുന്നു.

ആനന്ദ്: ശരിക്കുള്ള പ്രത്യേക മസാലകളും സുഗന്ധദ്രവ്യങ്ങളുമില്ലെങ്കിൽ, ഇറച്ചിവിഭവങ്ങൾ വേണ്ടതുപോലെയാവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എന്നാൽ ഹിന്ദു, സിഖ് പാചകക്കാർ പാചകം ചെയ്യുകയാണെങ്കിൽ, രാഷ്ട്രപതിഭവനിൽ മുഗളായ് ഭക്ഷണം വിളമ്പാൻ സാധിക്കും.

ബ്രജേഷ്: പക്ഷേ ഇത് പറയൂ, മുസ്ലിമുകളില്ലാത്ത ഒരു ഭാരതത്തിന്, മുഗളന്മാരിൽനിന്ന് വരുന്ന മുഗളായ് എന്ന വാക്കിനോട് സഹിഷ്ണുതയുണ്ടാവുമോ? മുഗളായ് ഭക്ഷണം തുടർന്നും പ്രസിഡന്റിന് വിളമ്പാനാവുമോ?

ആനന്ദ്: പേരുകൾ മാറ്റാൻ പറ്റും. ബനാറസ് വിഭവം, ത്രിവേണി കബാബ്, കാൻപുർ കൊർമ, ബിരിയാണി

ബ്രജേഷ് (തടസ്സപ്പെടുത്തിക്കൊണ്ട്): നമ്മൾ ഭാവനയെ കാടുകയറാൻ വിടുകയാണെന്ന് തോന്നുന്നു..മുസ്ലിങ്ങൾ മടങ്ങിവരുമോ എന്ന് നമുക്ക് കാത്തിരുന്ന് കാണാം. കുത്തബ് തിരിച്ചുവന്നതുപോലെ, അവർ മടങ്ങിവരുമോ?

 (ആനന്ദിന്റെ മൊബൈൽ ശബ്ദിക്കുന്നു. ഫോണിലെ സംസാരം കേൾക്കുമ്പോൾ അയാൾക്ക് ചിരി വരുന്നുണ്ട്. ഒടുവിൽ അയാൾ ഫോണിലെ സംസാരം അവസാനിപ്പിച്ചു).

ആനന്ദ്: ഹൈക്കോടതിയിൽ മറ്റൊരു നാടകം. ജഡ്ജിക്ക് വിക്കലും നാക്കുവിറയും വന്നുവത്രെ..ശുചീകരണത്തൊഴിലാളിയെ വിളിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് കേൾക്കുന്നു.. കോടതിയിലെ ആ ജീവനക്കാരെ വിളിക്കാൻ ഉപയോഗിക്കുന്ന വാക്ക് എന്താണ്? എനിക്കും പെട്ടെന്ന് പറയാൻ പറ്റുന്നില്ല.. എന്റെ പദസമ്പത്തിൽനിന്ന് പെട്ടെന്ന് ആ വാക്ക് അപ്രത്യക്ഷമായതുപോലെ.. ഞാൻ എഴുതിക്കാണിക്കാം.. (ആനന്ദ് വെള്ള ബോർഡിൽ എഴുതുമ്പോൾ പിന്നിലുള്ള സ്ക്രീനിൽ ആ വാക്ക് തെളിയുന്നു, ‘ഫറാഷ്’..ആ..അതുതന്നെ..ഫറാഷ്..വേറെയും ചില വാക്കുകൾ പറയാൻ ജഡ്ജി ബുദ്ധിമുട്ടി. (‘ദീവാനി അദാലത്ത്’ എന്ന വാക്കും അതിന്റെ അർത്ഥമായ ‘സിവിൽ കോടതി’ എന്ന വാക്കും എഴുതുന്നു).

ബ്രജേഷ് (അത്ഭുതത്തോടെ): തലമുറകളായി നമ്മൾ ഉപയോഗിക്കുന്ന വാക്കുകൾ ഭാഷയിൽനിന്ന് അവർ കൊണ്ടുപോയി എന്നാണോ നിങ്ങൾ പറഞ്ഞുവരുന്നത്? ഇനി നമ്മൾ എങ്ങിനെയാണ്..(പറയാൻ ബുദ്ധിമുട്ട് തോന്നുന്നതുകൊണ്ട് ‘മുൻസിഫ്’ എന്ന വാക്ക് എഴുതിക്കാണിക്കുമ്പോൾ അത് സ്ക്രീനിൽ തെളിയുന്നു). കോടതിയിൽ മാത്രമല്ല അനിശ്ചിതാവസ്ഥ ഉണ്ടാവുക എന്ന് ഉറപ്പാണ്. ഉറുദുവിൽനിന്ന് വന്ന വാക്കുകളില്ലാത്ത ബോളിവുഡ്ഡ് പാട്ടുകൾ ഒന്ന് സങ്കല്പിച്ചുനോക്കൂ!

(ന്യൂസ് ഡെസ്കിൽനിന്നുള്ള പത്രറിപ്പോർട്ടർ ഓടിവരുന്നു).

പത്രപ്രവർത്തകൻ: ഒരു വലിയ വാർത്തയുണ്ട്..കോടതികൾ വൈകുന്നേരത്തോടെ വിധി പ്രസ്താവിക്കുമെന്ന്..ഉറുദു, പേർഷ്യൻ വാക്കുകൾ തിരിച്ചുവന്നിട്ടുണ്ട്.

ആനന്ദ് (ദേഷ്യത്തോടെ): സംശയമില്ല, മുസ്ലിങ്ങൾ നമ്മളെ കളിപ്പിക്കുകയാണ്. കുത്തബ് അപ്രത്യക്ഷമാവുന്നു, പിന്നീട് തിരിച്ചുവരുന്നു. ഉറുദു വാക്കുകൾ പോവുന്നു, പിന്നെ വരുന്നു.(ലാപ്ടോപ്പിൽ നോക്കിക്കൊണ്ട്), കൂടുതൽ വാർത്തകൾ വരുന്നുണ്ട്.. മ്യൂസിയത്തിലുള്ള മിനിയേച്ചർ മുഗൾ ചിത്രങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു..അതേസമയം, റാസയുടെ അപ്രത്യക്ഷമായ പെയിന്റിംഗുകൾ തിരിച്ചുവരികയും ചെയ്തിരിക്കുന്നു.

ബ്രജേഷ്: ഹുസ്സൈന്റെ ചിത്രങ്ങളെക്കുറിച്ച് നിങ്ങൾ വല്ലതും കേട്ടോ?

ബ്രജേഷ്: ഞാൻ കേട്ടത്, അദ്ദേഹത്തിന്റെ പെയിന്റിംഗുകളും ചുവർച്ചിത്രങ്ങളും തിരിച്ചുവന്നിട്ടില്ലെന്നാണ്. അദ്ദേഹത്തിന്റെ ആത്മാവ് ഒരു നിലപാടെടുത്തതുപോലെ എനിക്ക് തോന്നുന്നു. “നിങ്ങൾ എന്നെ അപമാനിച്ചു. ദുർഗ്ഗാദേവിയുടേയും സരസ്വതീദേവിയുടേയും ചിത്രങ്ങൾ ഞാൻ എത്രമാത്രം ആദരവോടെയാണ് വരച്ചത്“ എന്ന് അദ്ദേഹത്തിന്റെ ആത്മാവ് പറഞ്ഞിട്ടുണ്ടാവണം. എത്ര മോശമായിട്ടാണ് അദ്ദേഹത്തോട് പെരുമാറിയത്. അദ്ദേഹത്തിന്റെ വീടിന്റെ മുമ്പിൽ പ്രകടനം നടത്തി, അദ്ദേഹത്തിന്റെ ചിത്രങ്ങൾ കീറിയെറിഞ്ഞു. പൊലീസ് അവരെ തടഞ്ഞതേയില്ല. മനസ്സ് മടുത്ത് അദ്ദേഹം ദുബായിലേക്കും ലണ്ടനിലേക്കും ന്യൂയോർക്കിലേക്കും പലായനം ചെയ്തപ്പോൾ, അദ്ദേഹത്തിന്റെ സഹപ്രവർത്തകർ, ഇന്നത്തെ വലിയ ചിത്രകാരന്മാർ, അവർപോലും നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇന്ത്യയിലെ പിക്കാസോവിനെ നമ്മൾ ആട്ടിപ്പായിച്ചു.

ആനന്ദ് (എതിർപ്പ് പ്രകടിപ്പിക്കുന്നു): അദ്ദേഹത്തിനെതിരായുള്ള ആക്രമണങ്ങൾക്ക് എന്തെങ്കിലും തക്കതായ കാരണമുണ്ടാവും.

ബ്രജേഷ്: അതെ, എല്ലാം നമുക്ക് ന്യായീകരിക്കാമല്ലോ. ആൾക്കൂട്ടക്കൊലയെപ്പോലും വേണമെങ്കിൽ ന്യായീകരിക്കാനാവും.

(വെളിച്ചം മങ്ങി, സ്റ്റേജ് ഇരുട്ടിലാഴുന്നു. അദൃശ്യനായ ഒരു അനൗൺസറുടെ മുഴക്കമുള്ള ശബ്ദം ഹാളിൽ പ്രതിദ്ധ്വനിക്കുന്നു).

അനൗൺസറുടെ ശബ്ദം: ശ്രീമതി കിശോരി അമോങ്കർ എത്താത്തതിനാൽ, ഇന്ന് സായാഹ്നത്തിലെ പരിപാടി റദ്ദാക്കേണ്ടിവന്നതിൽ, ശങ്കർലാൽ മ്യൂസിക്ക് ഫെസ്റ്റിവലിന്റെ സംഘാടകർക്ക് ദുഖമുണ്ട് (പിന്നിലുള്ള സ്ക്രീനിൽ, കിശോരി അമോങ്കറും അമ്മ മോഘുബായിയും ജയ്പുർ അത്രൌലി ഘരാനയുടെ ഗുരുവായ ഉസ്താദ് അല്ലാദിയ ഖാന്റെ ശവകുടീരത്തിൽ പുഷ്പങ്ങൾ വെക്കുന്ന വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും കാണാം. പശ്ചാത്തലത്തിൽ, കിശോരി അമോങ്കർ ദുർഗാ രാഗം പാടുന്ന ഓഡിയോ ട്രാക്ക് ഉയരുന്നു).

അനൗൺസർ: പണ്ഡിറ്റ് ഭീംസെൻ ജോഷിയും ശ്രീമതി ഗംഗുഭായ് ഹങ്കാളും പങ്കെടുക്കുമോ എന്നതും സംശയത്തിലാണ്. (ഭീംസെൻ ജോഷിയും ശ്രീമതി ഗംഗുഭായ് ഹങ്കാളും ഉസ്താദ് അബ്ദുൽ കരിം ഖാന്റെ ഛായാചിത്രവുമായി നിൽക്കുന്നത് സ്ക്രീനിൽ കാണുന്നു. പശ്ചാ‍ത്തലത്തിൽ, ഉസ്താദ് രാഗ് സുധാ കല്യാൺ ആലാപനം).

അനൗൺസർ (സംഗീതം തീർന്നതിനുശേഷം): നിങ്ങൾക്കറിയാവുന്നതുപോലെ, ഹിന്ദുസ്ഥാനി സംഗീതലോകത്ത് ആകെ ആശയക്കുഴപ്പമാണ്. നിരവധി ഉസ്താദുമാർ അപ്രത്യക്ഷരായിരിക്കുന്നു. അവരുടെ ശിഷ്യർ ദു:ഖത്തിലാണ്. എല്ലാക്കാലത്തെയും മഹാന്മാരായ അവർ അവരുടെ സാന്നിധ്യംകൊണ്ട് നമ്മെ അനുഗ്രഹിക്കുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നതോടൊപ്പം, നിങ്ങൾക്ക് കാണുന്നതിനും, കേട്ട് ആനന്ദിക്കുന്നതിനുമായി ഒരു ലഘു അവതരണം ഇവിടെ കാഴ്ചവെക്കുന്നു.

(സ്ക്രീനിൽ ദില്ലി ഗോൾഫ് ക്ലബ്ബിന്റെ ഒരു വീഡിയോ ക്ലിപ്പ് സജീവമാവുന്നു. അതിന്റെ ചുറ്റുമുള്ള പച്ചപ്പിന്റേയും വിരുന്നുമുറിയുടേയും ഒരു ദീർഘദൃശ്യം. അതിനുശേഷം, ക്യാമറ മുഗൾ സാമ്രാജ്യത്തിന്റെ അവസാനദശകങ്ങളിൽ ജീവിച്ചിരുന്ന പ്രശസ്ത നർത്തകൻ ലാൽ കുൻ‌വറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന ചുവന്ന ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച ഒരു മന്ദിരത്തിലേക്ക് നീളുന്നു. പ്രഭാപൂരിതമായ അതിന്റെ അകത്തളം ഒരു നൃത്തശാലയായി പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ലാൽ കുൻ‌വറായി അഭിനയിക്കുന്ന ഒരു സ്ത്രീ, സാരംഗിയുടേയും ഹാർമ്മോണിയത്തിന്റേയും തബലയുടേയും ദ്രുതതാളത്തിനൊത്ത് കഥക് അവതരിപ്പിക്കുന്നു. പശ്ചാത്തലത്തിൽ, അദരംഗ് രചിച്ച ഒരു മധുരഗീതം ഭീംസെൻ ജോഷി ആലപിക്കുന്നത് കേൾക്കാം.

ദൃശ്യങ്ങൾക്ക് അകമ്പടിയായ ആഖ്യാനം: “ലാൽ കുൻ‌വറിന്റെ സഹോദരൻ നിയാമത് ഖാനും മരുമകൻ ഫിറോസ് ഖാനും സംഗീതകാരന്മാർക്കിടയിൽ അറിയപ്പെട്ടിരുന്നത് അദരംഗ് എന്നും സദാരംഗ് എന്നും ആയിരുന്നു. കലയേയും സംഗീതത്തേയും പരിപോഷിപ്പിച്ചിരുന്ന മുഗൾ ചക്രവർത്തി മൊഹമ്മദ് ഷാ രംഗീലയുടെ സദസ്സിലെ ഗായകരായിരുന്നു അവർ”.

പശ്ചാത്തലത്തിൽ, രംഗീല രചിച്ച രാഗ് ഷഹാനയിലും ദർബാരിയിലുമുള്ള രചനകൾ കേൾക്കാം.

ആഖ്യാനം തുടരുന്നു: “ചില ഘരാനകളിലും ഹിന്ദുസ്ഥാനി സംഗീതത്തിന്റെ പാരമ്പര്യവഴികളിലും ആലപിക്കപ്പെട്ടിരുന്ന ബാൻഡിഷുകളും രചനകളും രചിച്ചത് അദരംഗും സദാരംഗുമായിരുന്നു. അമീർ ഖുസ്രുവിനേക്കാളും ഒട്ടും പിന്നിലായിരുന്നില്ല ഹിന്ദുസ്ഥാനി സംഗീതത്തിന് സംഭാവന നൽകിയ ആ രണ്ടുപേരുടേയും സ്ഥാനം”. (നിസാമുദ്ദീൻ ഔലിയയിലെ ഖുസ്രുവിന്റെ മന്ദിരം സ്ക്രീനിൽ തെളിയുന്നു. പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്ത രചനയായ ‘ബഹുത് കഠിന് ഹൈ ഡഗറ്‌ പന്ഘട്ട് കീ’ ഉയരുന്നു. വീഡിയോ അവസാനിക്കുമ്പോൾ സ്റ്റേജിൽ ഇരുട്ട്).

അനൗൺസറുടെ ശബ്ദം: ഉറുദു കവിതയെ ആദരിക്കുന്നതിന് വർഷം‌തോറും നടക്കാറുള്ള ശങ്കർ-ശാദ് മുശായിര റദ്ദാക്കിയതായി അറിയിക്കുന്നു. ഖുലി കുത്തുബ് ഷാ, വാലി ദക്കനി, മിർ താഖി മിർ, മിർസാ ഗാലിബ്, മോമിൻ ഖാൻ മോമിൻ, ജോഷ്, മജാസ് എന്നിവരുടെ ആത്മാവും കൃതികളും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. ഈ വലിയ കവികളില്ലാതെ എങ്ങിനെയാണ് മുശായിര നടത്താനാവുക?

(കവികളുടെ പേരുകൾ വിളിക്കുമ്പോൾ, അവരുടെ ചിത്രങ്ങളും രേഖാചിത്രങ്ങളും സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു).

(അനൗൺസ്മെന്റ് അവസാനിച്ച്, വെളിച്ചം പരക്കുമ്പോൾ കാണികൾക്ക് സ്റ്റുഡിയോയിലിരിക്കുന്ന ആനന്ദിനേയും ബ്രജേഷിനേയും കാണാം).

ബ്രജേഷ്: ഉസ്താദ് ബുന്ദു ഖാന്റെ സാരംഗി വായിക്കുന്നതിന്റേയും, അഹമ്മദ് ജാൻ തിരഖ്‌വയുടെ തബല വായിക്കുന്നതിന്റേയും മറ്റ് ധാരാളം ഉസ്താദുമാരുടെ ഗാനങ്ങളുടെ റിക്കാർഡിംഗുകളാണ് നമ്മുടെ സംഗീതത്തെ സമ്പന്നമാക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു.

ആനന്ദ് (അസന്തുഷ്ടി പ്രകടിപ്പിക്കാൻ ശബ്ദമുയർത്തിക്കൊണ്ട്): മുസ്ലിമുകളുടെ സംഭാവനയെ നമ്മൾ അതിശയോക്തിയോടെയല്ലേ കാണുന്നത്? നമ്മുടെ പ്രാചീന ചരിത്രത്തെ തങ്ങളുടെ സംഗീതംകൊണ്ട് അനശ്വരമാക്കിയ സ്വാമി ഹരിദാസിനെക്കുറിച്ചും ബൈജു ബാവരയെക്കുറിച്ചും ആലോചിച്ചുനോക്കൂ. സമീപകാലത്താണെങ്കിൽ നമുക്ക് വിഷ്ണു നാരായൺ ഭട്ട്ഖാണ്ഡെയും ഗായകനും രചയിതാവുമായ വിഷ്ണു ദിഗംബർ പലുസ്കറുമുണ്ട്.

ബ്രജേഷ്(അവഗണിച്ചുകൊണ്ട്): അപ്പോൾ നിങ്ങൾ പറയുന്നത്, മുസ്ലിമുകളുടെ പങ്കാളിത്തമില്ലാതെ ശങ്കർ-ശാദ് മുശായിര നടത്താനാവുമെന്ന്, അല്ലേ? ഉർദുവിൽ കവിതകളെഴുതിയ ധാരാളം ഹിന്ദുക്കളുണ്ട് – ചുന്നിലാൽ ദിൽ‌ഗീർ, പണ്ഡിറ്റ് ദയ ശങ്കർ നസീം, പണ്ഡിറ്റ് ബ്രിജ് നാരായൺ ചക്ബസ്ത്, ഫിറാഖ് ഗോരഖ്പുരി എന്ന പേരിൽ അറിയപ്പെട്ടിരുന്ന രഘുപതി സഹായ്, ജോഷ് മൽ‌സിയാനി എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന ലഭു റാം, ജഗന്നാഥ് ആസാദ്, പണ്ഡിറ്റ് ഹരിചന്ദ് അഖ്തർ, നരേഷ് കുമാർ ശാദ്, ഇന്ന് ലഖ്നോവിൽ വളരെയധികം പ്രശസ്തനായ സഞ്ജയ് മിശ്ര. അവരെമാത്രം വെച്ചുകൊണ്ട് എന്തുകൊണ്ട് നമുക്ക് ശങ്കർ-ശാദ് മുശായിര നടത്തിക്കൂടാ?

ആനന്ദ്: സാധിക്കില്ല. കാരണം, അവർ വരില്ല. ഗാലിബിന്റെ ഏറ്റവും അടുത്ത സുഹൃത്ത് മുസ്ലിമായിരുന്നില്ല, മുൻഷി ഹർഗോപാൽ തുഫ്ത ആയിരുന്നു. ഗാലിബ് വന്നില്ലെങ്കിൽ, തുഫ്ത വരുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? ഇവരൊക്കെ സുഹൃത്തുക്കളോട് വിശ്വസ്തതയുണ്ടായിരുന്ന കലാകാരന്മാരായിരുന്നു. കച്ചവടക്കാരെയും രാഷ്ട്രീയക്കാരെയും പോലെ ആയിരുന്നില്ല.

 (സ്റ്റേജിലെ വെളിച്ചം മങ്ങുന്നു, പിന്നിലെ സ്ക്രീനിൽ വെളിച്ചം പരക്കുന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലെ മൈഹാർ കൊട്ടാരത്തിന്റെ ദൃശ്യം കാണാം. ക്യാമറ കൊട്ടാരത്തിലൂടെ ഒരു ദൃശ്യസഞ്ചാരം നടത്തുമ്പോൾ അകമ്പടിയോടെ ആഖ്യാനം കേൾക്കാം: “മഹർ മഹാരാജാവിന്റെ കൊട്ടാരത്തിലെ ആസ്ഥാനഗായകനായ ഉസ്താദ് അല്ലാവുദ്ദീൻ ഖാൻ മൈഹർ ഘരാന സ്ഥാപിച്ചത് ഇവിടെവെച്ചാണ്. ഒരു സംഗീതപ്രതിഭയായിരുന്നു അല്ലാവുദ്ദീൻ ഖാൻ. സംഗീതരചയിതാവും, സാരോദ്, സിത്താർ, ബാംസുരി, ഷെഹനായി എന്നിങ്ങനെ വിവിധ സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്തിരുന്ന പ്രതിഭ. കഴിഞ്ഞ നൂറ്റാണ്ടിലെ ഇന്ത്യൻ ക്ലാസ്സിക്കൽ സംഗീതത്തിന്റെ മഹാഗുരുക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം”. (ക്യാമറ നിരവധി ഫോട്ടോഗ്രാഫുകളിലേക്കും ഛായാചിത്രങ്ങളിലേക്കും സൂം ചെയ്യുന്നു). നിങ്ങൾ കാണുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ മകൻ, സുർബഹാർ (ബാസ് സിതാർ) പ്രതിഭയായ ഉസ്താദ് അലി അക്ബർ ഖാന്റേയും, മകൾ അന്നപൂർണ്ണയുടേയുമാണ്. അല്ലാവുദ്ദീൻ ഖാന്റെ നിരവധി ശിഷ്യരിൽ ഒരാളും സിത്താർ മേസ്ട്രോയുമായ പണ്ഡിറ്റ് രവി ശങ്കറിന്റെ ആദ്യഭാര്യയായിരുന്നു, അധികം വാഴ്ത്തപ്പെടാതെ പോയ അന്നപൂർണ്ണ. (ക്യാമറ അല്ലാവുദ്ദീൻ ഖാന്റെ മുറിയിലേക്ക് പ്രവേശിക്കുന്നു) ഇതാ ബാബ അല്ലാവുദീൻ ഖാന്റെ മുറി. ചുവരിലെ സരസ്വതീദേവിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കുക. ക‌അബയിലേക്ക് തിരിച്ചുവെച്ചിരിക്കുന്ന നിസ്കാരപ്പായയുമുണ്ട്. (ക്യാമറ ഒരു ദേവാലയത്തിലേക്ക് തിരിയുന്നു) ഇതാ, ഇതാണ് ശാരദാ മാ ക്ഷേത്രം. എല്ലാ ദിവസവും സരസ്വതീദേവിയുടെ അനുഗ്രഹം തേടി അല്ലാവുദ്ദീൻ ഖാൻ ഇവിടെ വരാറുണ്ടായിരുന്നു..”.

 (വീഡിയോ അവസാനിക്കുന്നു. സ്റ്റേജിൽ പ്രകാശം പരക്കുന്നു)

ബ്രജേഷ്: അദ്ദേഹത്തിന്റെ ദിനചര്യയായിരുന്നു അത്. കലകളുടെ ദേവതയായ ശാരദയുടെ – സരസ്വതീദേവിയുടെ ഭക്തനായിരുന്നു അല്ലാവുദ്ദീൻ ഖാൻ.

ആനന്ദ്: എന്നിട്ടും ആ മുറിയിൽ നമ്മൾ ഒരു നിസ്കാരപ്പായ കണ്ടു. അദ്ദേഹം ദിവസവും അഞ്ചുനേരം നിസ്കരിച്ചിരുന്നുവോ?

ബ്രജേഷ്: തീർച്ചയായും അദ്ദേഹം ചെയ്തിരുന്നു. മതവും സംസ്കാരവും തമ്മിലുള്ള വ്യത്യാസം ഈ മഹാന്മാരായ സംഗീതകാരന്മാർക്ക് അറിയാമായിരുന്നു.

(നേർത്ത ശബ്ദത്തോടെ ഹിന്ദുസ്ഥാനി സംഗീതം ഒഴുകുമ്പോൾ, വെളിച്ചം മങ്ങുന്നു)

 

തുടരും… അടുത്ത സീൻ സെപ്റ്റംബർ 29ന് വായിക്കുക.


തുടർ ഭാഗങ്ങൾ വായിക്കാം, മുസ്ലീം അപ്രത്യക്ഷമാവുമ്പോൾ

പരിഭാഷ – രാജീവ് ചേലനാട്ട് | സ്‌കെച്ചുകൾ – മിഥുൻ മോഹൻ

About Author

സയീദ് നഖ്‌വി

ഇന്ത്യൻ മാധ്യമ ചരിത്രത്തിലെ ജീവിക്കുന്ന ഇതിഹാസമാണ് സയീദ് നഖ്‌വി. അഞ്ചര പതിറ്റാണ്ടായി മാധ്യമ രംഗത്ത് സക്രിയമായ നഖ്‌വി, ഇന്ത്യയിലും വിദേശത്തുമുള്ള നിരവധി ലോകനേതാക്കളെയും വ്യക്തികളെയും അഭിമുഖം ചെയ്തിട്ടുണ്ട്. നെൽസൺ മണ്ടേല, ഫിഡൽ കാസ്ട്രോ, ഗോർബച്ചേവ്, അൻവർ സാദത്ത്, ഹെൻറി കിസിഞ്ജർ എന്നീ വിശ്വനേതാക്കൾ ഇതിൽ പെടും . ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർ ആയിരുന്ന ഇദ്ദേഹം ബിബിസി ന്യൂസ്, ദി സൺ‌ഡേ ഒബ്സർവർ, ദി സൺ‌ഡേ ടൈംസ്, ദി ഗാർഡിയൻ, വാഷിംഗ്ടൺ പോസ്റ്റ് തുടങ്ങി അന്താരാഷ്ട്ര മാധ്യമങ്ങൾക്കുവേണ്ടിയും എഴുതാറുണ്ട്.